Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്

Mary Had A Little Lambവളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍‌ Mary had a little lamb -എന്ന പേരില്‍‌ 1830 -ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.

കവിതയുടെ ഇതിവൃത്തം‌ ചുരുക്കത്തില്‍‌

മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന ആട്ടിന്‍‌കുട്ടിയെ സഹോദരന്റെ അഭ്യര്‍‌ത്ഥന പ്രകാരം‌ പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍‌ മേരിയെ പരിഹസിക്കുകയും‌ ആട്ടിന്‍‌കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക്‌ ഓടിച്ചു വിടുകയും‌ ചെയ്യുന്നു. വൈകുന്നേരം‌ പള്ളിക്കൂടം‌ വിട്ട് മേരി പുറത്തിറങ്ങുന്നതും‌ കാത്ത്‌ ആട്ടിന്‍‌ കുട്ടി മുറ്റത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍‌കുട്ടി അടുത്തേക്ക്‌ സ്നേഹത്തോടെ ഓടിയെത്തുന്നു.

കേള്‍‌ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും‌ സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും‌, മേരിയുടേയും‌ കുഞ്ഞാടിന്റേയും‌ കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും‌ കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്‌. ഒരു ചെറിയ സം‌ഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍‌ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും‌.

വിക്കിപീഡിയ പറയുന്നതു കേള്‍‌ക്കുക:

A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.

കവിതയുടെ മലയാള പരിഭാഷയും‌ ഒറിജിനലും‌‌

  • മേരിക്കുണ്ടൊരു കുഞ്ഞാട്
    മേനികൊഴുത്തൊരു കുഞ്ഞാട്
    പാല്‍നുരപോലെ വെളുത്താട്
    പഞ്ഞികണക്കുമിനുത്താട്

    തുള്ളിച്ചാടിനടന്നീടും
    വെള്ളത്തിരപോല്‍ വെള്ളാട്
    കിണുകിണിയെന്നു കിലുങ്ങീ‍ടൂം
    കിങ്ങിണി കെട്ടിയ കുഞ്ഞാട്

    മേരിയൊടൊത്തുനടന്നീടും
    മേരിയൊടത്തവനുണ്ടീടും
    മേരിക്കരികെയുറങ്ങീടും
    മേരിയെണീറ്റാലെഴുന്നേല്‍ക്കും.

    ഒരുനാള്‍ പള്ളിക്കൂടത്തില്‍
    മേരിയൊടൊപ്പം കുഞ്ഞാടും
    അടിവച്ചടിവച്ചകമേറി
    അവിടെച്ചിരിതന്‍ പൊടിപൂരം

    വെറിയന്മാരാം ചിലപിള്ളേര്‍
    വെളിയിലിറക്കീ പാവത്തെ
    പള്ളിക്കൂടപ്പടിവാതില്‍
    തള്ളിയടച്ചവര്‍ തഴുതിട്ടൂ

    പള്ളിക്കൂടം വിട്ടപ്പോള്‍
    പിള്ളേരിറങ്ങിനടന്നപ്പോള്‍
    മേരിവരുന്നതു കണ്ടപ്പോള്‍
    ഓടിയണഞ്ഞൂ കുഞ്ഞാട് !

  • Mary had a little lamb,
    little lamb, little lamb,
    Mary had a little lamb,
    whose fleece was white as snow.
    And everywhere that Mary went,
    Mary went, Mary went,
    and everywhere that Mary went,
    the lamb was sure to go.

    It followed her to school one day
    school one day, school one day,
    It followed her to school one day,
    which was against the rules.
    It made the children laugh and play,
    laugh and play, laugh and play,
    it made the children laugh and play
    to see a lamb at school.

    And so the teacher turned it out,
    turned it out, turned it out,
    And so the teacher turned it out,
    but still it lingered near,
    And waited patiently about,
    patiently about, patiently about,
    And waited patiently about
    till Mary did appear.

    “Why does the lamb love Mary so?”
    Love Mary so? Love Mary so?
    “Why does the lamb love Mary so,”
    the eager children cry.
    “Why, Mary loves the lamb, you know.”
    The lamb, you know, the lamb, you know,
    “Why, Mary loves the lamb, you know,”
    the teacher did reply.


ഈ കവിത വായിക്കുന്ന ഓരോ നിമിഷവും‌ മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്‌; ചെറുവത്തൂര്‍‌ കൊവ്വലിലെ (ഇപ്പോള്‍‌ വി.വി. നഗര്‍) എല്‍‌. പി. സ്‌കൂള്‍‌ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍‌ മാഷിനേയും‌ കപ്പടാമീശയും‌ വെച്ചുവരുന്ന ഭരതന്‍‌ മാഷിനേയും‌, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും‌ – പേരു മറന്നുപോയി! 1985 -ല്‍‌ ഒന്നുമുതല്‍‌ രണ്ടര വര്‍ഷം‌ ഞാനവിടെയായിരുന്നു പഠിച്ചത്‌. ടി.സി. വാങ്ങിച്ചുവരുമ്പോള്‍‌ “നന്നായി പഠിക്കണം‌ മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം‌ മാത്രമേ ഓര്‍‌ക്കുന്നുള്ളൂ. പിന്നീട്‌ ഓരോവട്ടം‌ ചെറുവത്തൂരു പോകുമ്പോഴും‌ ഗോപാലന്‍‌ മാഷിനെ കാണാന്‍‌ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍‌മ്മയ്‌ക്കു മുമ്പില്‍‌ ഈ പഴയ പാട്ടും‌ ഈ ലേഖനവും‌ സമര്‍‌പ്പിക്കട്ടെ!!

ഈ ലേഖനത്തില്‍‌ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍‌ക്കാനാഗ്രഹിക്കുന്നവര്‍‌ ദാ ഇവിടെ മലയാളം‌ വിക്കിപീഡിയയില്‍‌ ഇത്‌ അതേപടി ഉണ്ട്‌, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂

ഈ ലേഖനം‌ ഓര്‍‌മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍‌:

  • ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
  • കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…

    വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
    തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു

    പഞ്ചാര തിന്നു മടുത്തു കുഞ്ചു…
    ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
    കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..

  • റാകി പറക്കുന്ന ചെമ്പരുന്തേ,
    നീയുണ്ടോ മാമാങ്ക വേല കണ്ടു,
    വേലയും കണ്ടു വിളക്കും‌ കണ്ടു,
    കടലില്‍ തിര കണ്ടു കപ്പല്‍‌ കണ്ടു…
  • നാണു വിറകു കീറി, കൂലി നാലു രൂപ…

കൂട്ടുകാരാ ക്ഷമിക്കുക…!

My Dear Friend
മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങ‍‍‍ള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാ‍ന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) ക‍ണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ‌ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.

പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിന‌ക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!

നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇ‍ല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍‌ എന്നും‌ നിറഞ്ഞുനില്‍‌ക്കുന്നൊരു കൂട്ടുകാരന്‍‌‌) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ്‌ കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.

അവിടെ നിന്നും വ‌ന്ന്, അവ‌രെ റൂമിലാക്കി, ജോലിത‌പ്പി ഇവിടെ എത്തിയ‌ മൂന്നുകുട്ടിക‌ളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വ‌ണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവ‌ര്‍ക്കിന്റെ ബാല‌പാഠങ്ങളും പഠിച്ച് ജോലിത‌പ്പി ഇറ‌ങ്ങിയ‌താണു മൂവ‌രും. നേരാം‌വണ്ണം ഇംഗ്ലീഷറിയില്ല‌, ഹിന്ദിയ‌റിയില്ല, ന‌ല്ലൊരു സ‌ര്‍ട്ടിഫിക്കേറ്റില്ല‌, എക്സ്പീരിയ‌ന്‍സില്ല. ആഗോള‌സാമ്പ‌ത്തിക‌മാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. ന‌ല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത‌ അവ‌രെ എങ്ങനെ സ‌ഹായിക്കാന്‍ പ‌റ്റുമെന്ന‌ ആശ‌ങ്കയിലായിരുന്നു ഞാന്‍. ജോലി ത‌പ്പിയിറ‌ങ്ങുന്ന‌ പ്രിയ‌കൂട്ടുകാരുടെ ഓര്‍‍മ്മ‌യിലേക്കു കൂടി വേണ്ടിയാണിതെഴുതുന്ന‌ത്. ഒരുവെടിക്കുള്ള‌ ന‌ല്ലൊരായുധം ന‌മ്മുടെ കൈയില്‍ ഉണ്ടായിരിക്ക‌ണം. അതു ഭാഷയാവ‌ടെ ടെക്നോള‌ജിയാവ‌ടെ… അതില്‍ ന‌മ്മ‌ള്‍ മിടുക്ക‌രാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്ന‌യാളെ ബോധ്യപ്പെടുത്തിക്കൊടുക്ക‌നും ന‌മുക്കു ക‌ഴിയ‌ണം. കൊച്ചുക്ലാസ്സുക‌ളില്‍ ഭാഷ പ‌ഠിപ്പിക്കുന്ന‌ ന‌മ്മുടെ അദ്ധ്യാപ‌കര്‍ ത‌ന്നെയാണ് കുട്ടിക‌ളുടെ ഈ ദുര്‍വിധിക്കു കാര‌ണ‌ക്കാര്‍. അനാവ‌ശ്യകാര്യങ്ങള്‍ കുത്തിനിറ‌ച്ച് ത‌ല‌ച്ചുമ‌ടായി കൊണ്ടുന‌ട‌ക്കേണ്ടിവ‌രുന്ന‌ സില‌ബ‌സ്സ് മ‌റ്റൊരുകാര‌ണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.

K R Marcket Bangaloreആ കുട്ടിക‌ളെ പ‌റ‌ഞ്ഞുവിട്ടശേഷം വ‌ഴിയ‌രികില്‍ നിന്നും ര‌ണ്ടു ഗ്ലാസ്സു ക‌രിമ്പിന്‍ ജ്യൂസ്സും ക‌ഴിച്ച് (ഒരു ഗ്ലാസ്സു ക‌ഴിച്ച‌പ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും ക‌ണ്ടു ഞാന്‍ ന‌ട‌ക്കുക‌യായിരുന്നു. ത‌ന്നേക്കാള്‍ വ‌ലിയ‌ തൂമ്പ‌യുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന‌ അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായ‌ത്തില്‍ ഞാനൊന്നും ക‌ത്തിയെടുത്ത് ‌ഒരു വിറ‌കുക‌മ്പു പോലും വെട്ടിയിട്ടുണ്ടാവില്ല‍‍.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.

വ‌ഴിപോക്ക‌രുടെ സൗമ‌ന‌സ്യം കാത്ത് വഴിവാണിഭച്ച‌ര‌ക്കുക‌ളൊരുക്കി നിര‌ന്നിരിക്കുന്ന‌ നിറ‌യൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പ‌യില്‍ നായ്ക്ക‌ളോടു മ‌ല്ലി‌ട്ട് ആരൊക്കെയോ വ‌ലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുക‌വ‌റുക‌ള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന‌ വൃദ്ധമാതാവ്… ഈച്ച‌ക‌ളാര്‍ക്കുന്ന‌ ക‌റുത്ത‌മ‌ലിന‌ജ‌ല‌ത്തില്‍‍‍ കിട‌ന്നുരുളുന്ന‌ കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റ‌ര്‍ ചുറ്റ‌ള‌വിലും കാണാമിവിടെ ഇത്ത‌രം ക‌ഴ്ച‌ക‌ള്‍.‍ കേര‌ളം ദൈവ‌ത്തിന്റെ സ്വന്തം നാടാവുന്ന‌ത് ഈ ഒരര്‍‌ത്ഥത്തില്‍ ത‌ന്നെയാണ്. ഭിക്ഷയാചിക്കുന്ന‌ ഒരുമ‌ല‌യാളിയെപ്പോലും ഞാനിതുവ‌രെ കേര‌ള‌ത്തിലോ പുറ‌ത്തോ ക‌ണ്ടിട്ടില്ല‍. കേര‌ള‌ത്തിലെ യാച‌കരില്‍ പ‌ല‌രും ത‌മിഴ‌രോ തെലുഗ‌രോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.

ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി ന‌ട‌ക്കുമ്പോഴാണ് പുറ‌കിലൂടെ ആരോ ഓടിവ‌ന്നെന്റെ ക‌ഴുത്തില്‍ പിടിമുറുക്കിയ‌ത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശ‌മ‌നോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് ത‌ട്ടി-മുട്ടി ഡിഗ്രി ജ‌യിച്ച്; ന‌ട‌ത്തിക്കൊണ്ടിരുന്ന‌ സൈഡുബിസിന‌സ്സും നിര്‍ത്തി മൈസ്സൂരിലേക്കു വ‌ണ്ടിക‌യ‌റിയിരുന്നു‍. അവിടെ വ‌ന്നു നേഴ്സ്സിങ്ങും പ‌ഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ ത‌ന്നെ ക‌ഴിഞ്ഞുവ‌രിക‌യായിരുന്നു. തെര‌ക്കിലാണു മൂപ്പ‌ര്‍, ഭാര്യ ഗര്‍ഭിണിയാണ്‌. കുട‌കിലുള്ള‌ അവ‌ളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ട‌തുണ്ട്. ഞാന്‍ പ‌ഴ‌യ‌ ച‌രിത്രങ്ങള്‍ പ‌ല‌തും ഓര്‍‌ത്തുപോയി, എസ്. എഫ്. ഐക്കാരായ‌ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു ക‌ണ്ണൂരുപോയ‌തും അവിടെ ആളുക‌ളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പ‌ലം ബീച്ചില്‍ പോയി ക‌ട‌ലിലിറ‌ങ്ങിയ‌തും ഒക്കെ. സ‌ഹ‌യാത്രിക‌യോട് അപ‌മ‌ര്യാദ‌യായി പെരുമാറിയ‌തിന്റെ പേരില്‍ മ‌ന്ത്രിസ്ഥാനം രാജി വെക്കുക‌യും പിന്നീട് ആ ദിവ‌സം ത‌നിക്ക് ഇട‌തുകൈ ഒരുപ‌രിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോട‌തിയില്‍ തെളിയിച്ച് പൊടിയും ത‌ട്ടി ഇറ‌ങ്ങിവ‌ന്ന‌ നമ്മുടെ പി. ജെ. ജോസ‌ഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്‌. പയസ്സില്‍ ഇന്ന‌ങ്ങനെയൊരു സംഘടന‌ ഉണ്ടോ എന്നറിയില്ല‌.

മ‌നോജെനിക്കു അവ‌ന്റെ ഫോണ്‍ നമ്പ‌ര്‍ ത‌ന്നു. അവിടെ അടുത്തുള്ള‌ ചില‌ മ‌ല‌യാളിഹോട്ട‌ലുക‌ള്‍ പ‌രിച‌യ‌പ്പെടുത്തിത്ത‌ന്നു. ആരുടേയോ ന്ഴ്സിങ് സ‌ര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റ‌സ്റ്റേഷനുവേണ്ടി കൊണ്ടുവ‌ന്ന‌തായിരുന്നു അവ‌ന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മ‌നോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയ‌ര്‍ഫോഴ്സില്‍ വ‌ര്‍ക്കുചെയ്യുന്ന‌ സുഹൃത്തായ‌ സ‌തീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.

സംഭവമിതാണ്:
Apple Juice at Bangaloreമ‌നോജ് കാണിച്ചു ത‌ന്ന‌ ഹോട്ട‌ലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമ‌സ്സിക്കുന്ന‌ ജിജിമാഷിനും (ഞങ്ങള്‍ പ‌ര‌സ്പ‌രം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്ക‌റുള്ള‌ത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു ക‌രുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവ‌രെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുക‌യായിരുന്നു ഞാന്‍. നട്ടുച്ച‌വെയിലില്‍ സൂര്യന്‍ ത‌ന്റെ സ‌ക‌ല‌പ്രതാപ‌വും കാണിച്ച‌പ്പോള്‍ ഞാനാകെ ത‌ള‌ര്‍ന്നുപോയിരുന്നു, ഒരു ബേക്ക‌റിക്ക‌ട‌യില്‍ ക‌യ‌റി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡ‌ര്‍ കൊടുത്തു. അന്നേര‌മാണു ശ്രദ്ധിച്ച‌ത്, എന്നേക്ക‌ണ്ടിട്ടെന്ന‌പോലെ ഒരാള്‍ പെട്ട‌ന്ന് കടയുടെ ഉള്ളിലേക്കു മാറിയ‌തുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുക‌യും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുക‌യും ചെയ്യുന്ന‌ ആ വ്യക്തി ആരെന്ന‌റിയാന്നുള്ള‌ അദമ്യമായ‌ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവ‌ന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പ‌റ‌ഞ്ഞു. എന്നിട്ടു പുറ‌ത്തെക്കുമാറി ഒരു കോണ്‍‌ക്രീറ്റുതൂണിനുമ‌റ‌ഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സ‌പ്പോര്‍ട്ടിന് ഒരു മ‌നോര‌മ‌പേപ്പ‌റിന്റെ സ‌ഹായ‌വും തേടി.മ‌റ്റാരോ കൊടുത്ത‌ ബ‌ട്ട‌ര്‍ബ‌ന്നിന്റെ പ്രിപ്പ‌റേഷനുവേണ്ടി പുറ‌ത്തേക്കിറ‌ങ്ങിയ‌ ആ കൂട്ടുകാര‌നെ അവിശ്വസനീയ‌ത‌യോടെ ഞാന്‍ ക‌ണ്ടു. അവിടെത്ത‌ന്നെ മ‌റ‌ഞ്ഞിരിക്ക‌ണോ, അവ‌നേടു സംസാരിക്ക‌ണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പ‌ണ്ടുക‌ണ്ട‌മുഖമേ അല്ല‌. പാന്‍പ‌രാഗുപോലുള്ള‌ എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. ക‌ണ്ണുക‌ളില്‍ പ‌ഴ‌യ‌ തേജ‌സ്സില്ല‌. യാന്ത്രിക‌മായി പ്രവ‌ര്‍ത്തിക്കുന്ന‌ ഒരു മെഷ്യനെപ്പോലെ തോന്നി. അവ‌ന്‍ എന്നെ ക‌ണ്ടു!

നീ പോയിരുന്നില്ലേ?” ‍ നേരിയ‌ ചിരിവ‌രുത്തി അവ‌നെന്നോടു ചോദിച്ചു.

നീ എന്നെ ക‌ണ്ടിരുന്നേ?” എന്റെ മ‌റു ചോദ്യം.

ഹം, ഞാന്‍ ഒളിച്ചിരിക്കുക‌യായിരുന്നു. അറിയുന്ന‌വ‌ര്‍ വ‌രുമ്പോള്‍ ഒരു വ‌ല്ലായ്മ‌ തോന്നുന്നു.” അവ‌ന്‍ പ‌റ‌ഞ്ഞു തുട‌ങ്ങി. അവ‌ന്റെ കാക്കയുടെ ക‌ട‌യാണ‌ത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്ന‌താണ‌ത്രേ. നീയൊക്കെ ഉയ‌ര്‍ന്ന‌ നില‌യിലെത്തിക്കാണാന്‍ സാധിച്ച‌തില്‍ സ‌ന്തോഷമുണ്ടെടാ എന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌ന്റെ ശ‌ബ്ദ‌മിട‌റിയ‌തായി തോന്നി. അവ‌നെവിടെയോ ഒരു വ‌ലിയ‌ അബ‌ദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്ക‌തു ചോദിക്കാന്‍ തോന്നിയില്ല‌. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്ന‌വ‌ന്‍ ചോദിച്ചു. ക‌ഴിഞ്ഞ് ആഴ്ച‌ ഗോപാല‌കൃഷ്ണ‌നിവിടെ വ‌ന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം ക‌ഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മ‌നോജും ഞാനും ഇതു വ‌ഴിവ‌ന്നിരുന്നു എന്നും പ‌റ‌ഞ്ഞു. പക്ഷേ അവ‌ന്‍ മ‌നോജിനെ മ‌റ‌ന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ച‌വ‌നു നേരിയ‌ ഓര്‍‌മ്മപോലുമില്ല‌.

തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പ‌റ‌യേണ്ടാ‘ എന്ന‌വ‌ന്‍ ഇട‌യ്ക്കിട‌യ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.

അടുത്തുള്ള‌ മ‌ദ്യഷോപ്പു ചൂണ്ടി അവ‌ന്‍ ചോദിച്ചു ചീത്ത‌സ്വഭാവം വ‌ല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌നെന്നെ ക‌ളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വ‌ന്ന‌തെന്നും ആണുങ്ങളായാല്‍ അല്പ‌മ‌തൊക്കെ വേണ‌മെന്നുമൊക്കെ അവന്‍ പ‌റ‌യുന്ന‌ത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍‌ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍‌മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന‌ സാല‌റിയില്‍ പ‌കുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായ‌തില്‍ പ‌കുതികൊണ്ട് പെണ്‍കുട്ടിക‌ള്‍ക്ക് ചോക്ക‌ളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലട‌ക്കാന്‍ വ‌ഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ട‌പ്പിരിവു ന‌ട‌ത്തുന്നു ചില‌ കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക്‌ കൃത്യമായെത്തിക്കുന്നുണ്ട്‌.

വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ച‌ക‌ളിലെ മ‌റ്റൊരു മായ‌ക്ക‌ഴ്ച‌യായി ഇതിനെ തള്ളിക്ക‌ള‌യാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറ‌ഞ്ഞതാണു ജീവിത‌മെന്നു ഞാനോര്‍‌ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!

കൊതിപ്പിക്കും ക‌നിക്കിനാവുക‌ള്‍ക്കാട്ടി
ക്കൊതിപ്പിക്കും പ‌ക്ഷേ കൊടുക്ക‌യില്ലവള്‍
” ‍‍ -എന്നു വൈലോപ്പിള്ളിയോ മ‌റ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ള‌ട്ടേ, ന‌മുക്കു ജീവിതം ത‌രാന്‍ മ‌ടിക്കുന്ന‌തൊക്കെയും ജീവിത‌ത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള‌ ആര്‍‌ജ്ജ‌വം ന‌മുക്കുണ്ടാവ‌ണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവ‌രില്‍ നിന്നും ഒളിച്ച് ന‌മുക്കെത്രനാള്‍ ക‌ഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.

പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍‌ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.

എന്നോടു ക്ഷമിക്കുക…

എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…

എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…

എന്നോടു ക്ഷമിക്കുക…

ഒരു മെയിലിന്റെ വഴിയേ..!

  • കമ്പനിയിലെ ഉച്ചതിരിഞ്ഞുള്ള വിരസമായ സമയത്തെ അതിജീവിക്കാന്‍‌‌, ഒരു ഗ്ലാസ്‌ ബദാം‌മില്‍‌ക്കുമായി സല്ലപിച്ചിരിക്കുമ്പോഴാണ്‌ “വിക്കിപീഡിയ സം‌രംഭത്തില്‍ നിന്നുള്ള ഇമെയില്‍” എന്ന തലക്കെട്ടോടെ എനിക്കൊരു മെയില്‍‌ വന്നത്‌. വിക്കിപീഡിയയില്‍‌ നിന്നുള്ള മെയിലിനെയെല്ലാം‌ “വിക്കിപീഡിയ” എന്ന പ്രത്യേക ലേബലൊട്ടിച്ച്‌ മെയില്‍‌ബോക്സിന്റെ ലെഫ്‌റ്റ്‌സൈഡില്‍‌ ഭദ്രമായി വെച്ചിട്ടുള്ളതിനാല്‍‌ അവയൊന്നും‌ തന്നെ ഇന്‍‌ബോക്സില്‍‌ വന്നു നില്‍ക്കാറില്ലായിരുന്നു.
  • പതിവുതെറ്റിച്ച്‌ എന്റെ ഇന്‍‌ബോക്സിലെത്തിയ മെയിലിനെ‌ അല്പം‌ കൗതുകത്തോടുകൂടി തന്നെ തുറന്നു നോക്കി. ആ കൂട്ടുകാരന്റെ പേരു ഞാന്‍‌ തല്‍‌ക്കാലമൊന്നു മറച്ചുപിടിച്ചോട്ടേ.‌. അദ്ദേഹം‌ അന്നു വായിച്ച വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിലും‌, തുടര്‍‌ന്നുള്ള വരികളാണെന്നില്‍‌ അതീവ കൗതുകമുണര്‍‌ത്തിയത്‌. ഒട്ടൊന്നു ആലോചിച്ചു നോക്കി. എന്തിനായിരിക്കാം‌ മൂപ്പരിക്കാര്യങ്ങള്‍‌ എന്നോട്‌ പറഞ്ഞത്? ഞാനെന്റെ പ്രൊഫൈല്‍‌ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കി. അദ്ദേഹത്തെ ഇങ്ങനെ എഴുതാന്‍‌ പ്രേരിപ്പിക്കാന്‍‌ മാത്രം‌ അതിലൊന്നും‌ ഇല്ലായെന്നു തന്നെ ബുദ്ധി പറഞ്ഞു. ആ അജ്ഞാതകൂട്ടുകാരനെ ഒന്നു നുള്ളിനോക്കമെന്നു തന്നെ നിനച്ചു. അങ്ങനെ ഒരു മറുപടിയും‌ കൊടുത്തു. ആങ്ങോട്ടിമിങ്ങോട്ടുമായി ആറെഴുത്തുകള്‍‌..! അതിനിടയില്‍‌ ആരെന്നോ എന്തെന്നോ ചോദിക്കാന്‍‌ വിട്ടുപോയി. അദ്ദേഹം‌ ഇപ്പോള്‍‌ എന്തു കരുതുന്നുണ്ടാവുമോ എന്തോ?
  • വിഷയം‌ അല്പം‌ ഗഹനമാണെന്നു തന്നെ കരുതാം‌. മതങ്ങളും‌ ദൈവങ്ങളും ഒക്കെ കൂടി തെരുവില്‍‌ കിടന്നു മനുഷ്യരെ ചുട്ടെരിക്കുമ്പോള്‍‌ സ്നേഹത്തേയും‌ ധര്‍മ്മത്തേയും നന്മയേയുമൊക്കെ അളന്നു തിട്ടപ്പെടുത്താന്‍‌ അളവുകോലിനായി പരക്കം‌ പായുകയാണ് ഓരോരുത്തര്‍‌! എങ്ങനെ അളന്നു തിട്ടപ്പെടുത്തും‌ ഇതൊക്കെ? അമ്മയോടുള്ള സ്നേഹം‌ പത്തു കിലോ! അതോ നൂറു മീറ്റര്‍‌? ദു:ഖമനുഭവിക്കുന്നവനോടുള്ള അനുകമ്പ ഒന്നരക്കിലോ..! സഹാനുഭൂതി 25cm… രസമായിരിക്കുന്നു..!!
  • “ലേബലുകളില്ലാത്ത മനുഷ്യനായി തീരുക” എന്നു പണ്ട്‌ കുഞ്ഞുണ്ണിമാഷ്‌ തൃച്ചമ്പരം‌ അമ്പലത്തില്‍‌ വെച്ച്‌ ഓട്ടോഗ്രാഫ്‌ എഴുതി തന്നതിന്റെ അര്‍‌ത്ഥം‌ അന്നെനിക്കു മനസ്സിലാക്കാനായിരുന്നില്ല. ഇന്നു ഞാനതറിയുന്നു. ഒരു പ്രത്യേക frame-ല്‍‌ ഒതുങ്ങി നില്‍‌ക്കാതെ, ഒരു ലേബലും‌ നെറ്റിയില്‍‌ പതിക്കാതെ, പച്ചമനുഷ്യനായി ജീവിച്ചാല്‍‌ എന്താണു ഛേദം? മറ്റുള്ളവരെ നന്നാക്കല്‍‌ നടക്കില്ല… പറഞ്ഞാല്‍‌ പറഞ്ഞ അര്‍‌ത്ഥത്തിലായിരിക്കില്ല അവരതെടുക്കുക.. ഒരേയൊരു രക്ഷ സ്വയം‌ നന്നാവുക എന്നതാണ്. മതത്തിന്റെ പേരില്‍‌ ഞാന്‍‌ ഹിന്ദുവെന്നും‌ കൃസ്ത്യനെന്നും‌ മുസ്ലീമെന്നും‌ പറഞ്ഞ് വീരവാദം‌ മുഴക്കുന്ന ചിലരെ കണ്ടിട്ടുണ്ട്..! മൗനം‌ ഭൂഷണമായി കരുതി മിണ്ടാതിരിക്കുക തന്നെ കാമ്യം.ഇനി ആ അജ്ഞാതസുഹൃത്തിന്റെ ഇ‌മെയിലിലൂടെ നിങ്ങളൊന്നു പോയിനോക്കൂ. ആദ്യത്തെ മെയിലില്‍‌ പറഞ്ഞിരിക്കുന്ന “എന്നേക്കുറിച്ച്” എന്നത്‌ വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈല്‍‌ ആണ്.
  • ആദ്യത്തേ മെയില്‍‌
  • അതിനുള്ള എന്റെ മറുപടി 🙂
  • മറുപടിയില്‍‌ സന്തോഷം‌ പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടുകാരന്റെ മറുപടി
  • വീണ്ടും‌ ഞാന്‍‌
  • കൂട്ടുകാരന്‍‌ വിട്ടില്ല…
  • വീണ്ടും‌ ഞാന്‍‌
  • ആ കൂട്ടുകാരന്‍‌ ഇവിടം കൊണ്ട്‌ നിര്‍ത്തിക്കളഞ്ഞു. എങ്കിലും‌ ആ സുഹൃത്ത്‌ എന്നെ എന്തൊക്കെയോ ഇപ്പോള്‍‌ ചിന്തിക്കാന്‍‌ പ്രേരിപ്പിക്കുന്നു. നന്ദി സുഹൃത്തേ..എന്റെ അറിവു വളരെ പരിമിതമാണ്‌, അത്രയൊന്നും‌ ആലോചിച്ചിട്ടല്ല, ഇതൊന്നും‌ എഴുതിയതും‌. അപ്പോ തോന്നിയത്‌ എഴുതി എന്നു മാത്രം‌. കൂടുതല്‍‌ അറിവുള്ളവര്‍‌ ഇവിടെയുണ്ട്‌. താല്‍‌പര്യമുള്ളവര്‍‌ ഇവിടെ കുറിച്ചിടട്ടെ.

കേരള നവോത്ഥാനത്തിന്റെ നാൾവഴികൾ

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് പറയുമ്പോൾ സ്വാമി വിവേകാനന്ദൻ ഉപയോഗിച്ച ‘ഭ്രാന്താലയം’ എന്ന വാക്ക് വെറുമൊരു അധിക്ഷേപമായിരുന്നില്ല, മറിച്ച് അക്കാലത്തെ ജാതി-അനാചാരങ്ങളുടെ കൊടും ക്രൂരതയെ വിളിച്ചോതുന്ന ഒരു സാമൂഹിക സാക്ഷ്യപത്രമായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പോലും അനുവദിക്കാത്ത, ജാതിയുടെയും തൊഴിലിന്റെയും പേരിൽ വിഭജിക്കപ്പെട്ട ഒരു ജനതയുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. എന്നാൽ, ആ ഇരുളടഞ്ഞ കാലഘട്ടത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കേരളം നടത്തിയ ദൂരമാണ് നമ്മുടെ നവോത്ഥാന ചരിത്രത്തിന്റെ ഏറ്റവും വലിയ ആധികാരികത. അധികാര കേന്ദ്രങ്ങൾക്കും ജാതിപ്രമാണിമാർക്കും മുന്നിൽ മുട്ടുമടക്കാതെ, സ്വന്തം ആത്മാഭിമാനം ചോദിച്ചുവാങ്ങിയ തലമുറകളുടെ പോരാട്ടവീര്യമാണ് ഈ നാടിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ചരിത്രം വെറും സംഭവവികാസങ്ങളുടെ രേഖപ്പെടുത്തലല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദവും അതിജീവനത്തിന്റെ കരുത്തുമാണ്. കേരളത്തിന്റെ സവിശേഷമായ ഈ സാമൂഹിക ഘടന ഒരിക്കലും ആകാശത്തുനിന്ന് വീണുകിട്ടിയതല്ല; അത് സമരങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത ബൗദ്ധിക ഇടപെടലുകളുടെയും വിയർപ്പിൽ നനഞ്ഞതാണ്.

ഭൗതികമായ അതിരുകൾക്കപ്പുറം ബൗദ്ധികമായും സാമൂഹികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് കേവലം പ്രകൃതിയുടെ അനുഗ്രഹങ്ങളോ സാമ്പത്തികമായ മുന്നേറ്റങ്ങളോ മാത്രമല്ല. മറിച്ച്, നൂറ്റാണ്ടുകളായി ഈ മണ്ണിൽ പടർന്നുപിടിച്ച, മനുഷ്യന്റെ ആത്മാഭിമാനത്തിന് വേണ്ടി നടന്ന ആയിരക്കണക്കിന് സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും തിളക്കമാണ്. ഒരു കാലത്ത് അന്ധകാരത്തിൽ പുതഞ്ഞുകിടന്നിരുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ പോരാട്ടങ്ങളുടെ ഉജ്ജ്വലമായ പൈതൃകമാണ് ഇന്നത്തെ കേരളത്തെ നിർമ്മിച്ചത്. സ്വന്തം വേരുകളെക്കുറിച്ചും, തങ്ങൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ചും അറിവില്ലാതെ പോകുന്ന ഒരു ജനതയ്ക്ക് ഒരിക്കലും ശരിയായ ദിശയിലേക്ക് ചലിക്കാൻ കഴിയില്ല. നമ്മൾ ഇന്ന് ശ്വസിക്കുന്ന വായുവിനും, നടക്കുന്ന വഴികൾക്കും, നേടുന്ന അറിവിനുമെല്ലാം പിന്നിൽ ചോരയും നീരും നൽകി പൊരുതിയ അസംഖ്യം മനുഷ്യരുടെ ജീവന്റെ സ്പർശമുണ്ട്. ആ ചരിത്രസത്യങ്ങൾ അറിയാതെ പോകുമ്പോൾ, നാം അറിയാതെ തന്നെ അദൃശ്യമായ അടിമത്തങ്ങളിലേക്ക് വീണ്ടും വഴുതിവീഴാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ, നമ്മളെ നമ്മളാക്കി മാറ്റിയ ആ പാരമ്പര്യത്തിന്റെ ഊർജ്ജം ഓരോ കേരളീയന്റെയും ധമനികളിൽ ഒരു അഗ്നിയായി എരിയേണ്ടതുണ്ട്.

ഇന്ത്യൻ ഭൂപടത്തിൽ കേരളം കേവലമൊരു ഭൂപ്രദേശമല്ല; അതൊരു വലിയ ആശയമാണ്, നിരന്തരമായ പോരാട്ടങ്ങളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത മാനവികതാ ബോധത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത ഒരു ഉജ്ജ്വലമായ സാംസ്കാരിക സ്വത്വമാണ്. ഭൗതികമായ അതിരുകൾക്കപ്പുറം ബൗദ്ധികമായും സാമൂഹികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് കേവലം പ്രകൃതിയുടെ അനുഗ്രഹങ്ങളോ സാമ്പത്തികമായ മുന്നേറ്റങ്ങളോ മാത്രമല്ല. മറിച്ച്, നൂറ്റാണ്ടുകളായി ഈ മണ്ണിൽ പടർന്നുപിടിച്ച, മനുഷ്യന്റെ ആത്മാഭിമാനത്തിന് വേണ്ടി നടന്ന ആയിരക്കണക്കിന് സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും തിളക്കമാണ്. ഒരു കാലത്ത് അന്ധകാരത്തിൽ പുതഞ്ഞുകിടന്നിരുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ പോരാട്ടങ്ങളുടെ ഉജ്ജ്വലമായ പൈതൃകമാണ് ഇന്നത്തെ കേരളത്തെ നിർമ്മിച്ചത്.

ചരിത്രമെന്നത് കഴിഞ്ഞുപോയ കാലത്തിന്റെ വെറുമൊരു കണക്കെടുപ്പല്ല. അതൊരു ചൂണ്ടുപലകയാണ്, ഒരു ജനതയുടെ ഊർജ്ജസ്രോതസ്സാണ്. സ്വന്തം വേരുകളെക്കുറിച്ചും, തങ്ങൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ചും അറിവില്ലാതെ പോകുന്ന ഒരു ജനതയ്ക്ക് ഒരിക്കലും ശരിയായ ദിശയിലേക്ക് ചലിക്കാൻ കഴിയില്ല. നമ്മൾ ഇന്ന് ശ്വസിക്കുന്ന വായുവിനും, നടക്കുന്ന വഴികൾക്കും, ധരിക്കുന്ന വസ്ത്രത്തിനും, നേടുന്ന അറിവിനുമെല്ലാം പിന്നിൽ ചോരയും നീരും നൽകി പൊരുതിയ അസംഖ്യം മനുഷ്യരുടെ ജീവന്റെ സ്പർശമുണ്ട്. ആ ചരിത്രസത്യങ്ങൾ അറിയാതെ പോകുമ്പോൾ, നാം അറിയാതെ തന്നെ അദൃശ്യമായ അടിമത്തങ്ങളിലേക്ക് വീണ്ടും വഴുതിവീഴാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ, നമ്മളെ നമ്മളാക്കി മാറ്റിയ ആ പാരമ്പര്യത്തിന്റെ ഊർജ്ജം ഓരോ കേരളീയന്റെയും ധമനികളിൽ ഒരു അഗ്നിയായി എരിയേണ്ടതുണ്ട്.

മനുഷ്യനെന്ന പദവിയിലേക്കുള്ള യാത്ര

കേരളത്തിൽ നടന്ന സമരങ്ങൾ അധികാരത്തിനോ, സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാനോ വേണ്ടി നടന്നവയല്ല. അവ മനുഷ്യനെ മനുഷ്യനായി കാണാൻ വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു. സ്വന്തം ശരീരത്തെ മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി, പൊതുവഴിയിലൂടെ തലയുയർത്തി നടക്കാനുള്ള അവകാശത്തിന് വേണ്ടി, അക്ഷരങ്ങൾ പഠിക്കാനും അറിവ് നേടാനുമുള്ള അവകാശത്തിന് വേണ്ടി മനുഷ്യർ നടത്തിയ തീവ്രമായ പ്രക്ഷോഭങ്ങളായിരുന്നു അവ. ലോകചരിത്രത്തിൽ തന്നെ ഇത്രയധികം സൂക്ഷ്മമായ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ഇത്ര വലിയ ജനകീയ മുന്നേറ്റങ്ങൾ നടന്ന മറ്റൊരു പ്രദേശം ഉണ്ടാകാനിടയില്ല.

ഒരു വശത്ത് മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും തൊഴിലിന്റെയും പേരിൽ തരംതിരിച്ച്, അവരുടെ അടിസ്ഥാന അവകാശങ്ങളെപ്പോലും റദ്ദാക്കിയ ഒരു വ്യവസ്ഥിതി നിലനിന്നിരുന്നു. എന്നാൽ മറുവശത്ത്, ആ വ്യവസ്ഥിതിയുടെ അടിത്തറ തോണ്ടിക്കൊണ്ട്, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു കൊടുങ്കാറ്റ് ഈ മണ്ണിൽ ആഞ്ഞുവീശി. അറിവ് എന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കുത്തകയായിരുന്ന കാലത്ത്, അത് സാമാന്യ ജനങ്ങളിലേക്ക് ഒഴുകിയെത്തണമെന്നാഗ്രഹിച്ച ബൗദ്ധിക സമരങ്ങൾ ഇവിടെയുണ്ടായി. ശരീരത്തിന്റെ അധ്വാനത്തിന് വിലയില്ലാതിരുന്ന കാലത്ത്, തൊഴിലാളികൾ സംഘടിച്ച് തങ്ങളുടെ വിയർപ്പിന്റെ വില ചോദിച്ചുവാങ്ങിയ അവകാശപ്പോരാട്ടങ്ങൾ ഇവിടെയുണ്ടായി. ഈ സമരങ്ങളെല്ലാം കൂടിച്ചേർന്നാണ് കേരളീയന്റെ സാംസ്കാരികവും ബൗദ്ധികവുമായ ഔന്നത്യത്തെ രൂപപ്പെടുത്തിയത്.

ചരിത്രത്തിൽ രേഖപ്പെടുത്താത്ത കണ്ണീരുകൾ

ചരിത്രപുസ്തകങ്ങളിൽ നാം വായിക്കുന്ന നൂറോ നൂറ്റിയമ്പതോ സമരങ്ങൾക്കപ്പുറം, രേഖപ്പെടുത്താതെ പോയ, ആരും അറിയാതെ പോയ ആയിരക്കണക്കിന് ചെറുത്തുനിൽപ്പുകൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. അവരിലധികവും അക്ഷരങ്ങൾ അറിയാത്തവരായിരുന്നു, എന്നാൽ ആത്മാഭിമാനമെന്തെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അധികാരത്തിന്റെ കൊടിയ മർദ്ദനങ്ങളെ നേരിടുമ്പോഴും, ഒരു തുള്ളി കണ്ണീരോടെ, എന്നാൽ തോൽക്കാൻ മനസ്സില്ലാത്ത വീര്യത്തോടെ അവർ നിശബ്ദമായി പൊരുതിയിട്ടുണ്ട്.

പാടവരമ്പുകളിലും, ഇരുണ്ട അടുക്കളകളിലും, വിദ്യാലയങ്ങളുടെ പടിക്കലുകളിലും, തൊഴിലിടങ്ങളിലും സാധാരണക്കാരായ മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ നടത്തിയ ആ വലിയ പോരാട്ടങ്ങളാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ നവോത്ഥാനത്തിന് അടിത്തറ പാകിയത്. പേരില്ലാത്ത ആ മനുഷ്യരുടെ ത്യാഗങ്ങളെക്കൂടി ഉൾക്കൊള്ളുമ്പോഴാണ് നമ്മുടെ ചരിത്രം പൂർണ്ണമാകുന്നത്. അവർ സഹിച്ച അപമാനങ്ങളും വേദനകളുമാണ് പിന്നീട് ജനാധിപത്യ ബോധമുള്ള ഒരു ജനതയായി നമ്മെ മാറ്റിയെടുത്തത്. അവരുടെ വിയർപ്പാണ് ഇന്ന് നാം കാണുന്ന പുരോഗമന കേരളത്തിന്റെ വളക്കൂറുള്ള മണ്ണ്.

ബൗദ്ധികതയുടെ ജനാധിപത്യവൽക്കരണം

മറ്റ് പല നാടുകളിലും സാമൂഹിക മാറ്റങ്ങൾ കേവലം ഉപരിപ്ലവമായിരുന്നപ്പോൾ, കേരളത്തിൽ അത് വളരെ ആഴത്തിലുള്ളതും ബൗദ്ധികവുമായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കേവലം വൈകാരികമായി എതിർക്കുക മാത്രമല്ല ഇവിടെ ചെയ്തത്; മറിച്ച് യുക്തിയുടെയും അറിവിന്റെയും വെളിച്ചത്തിൽ അവയെ പൊളിച്ചെഴുതുകയാണ് ചെയ്തത്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്ന ഒരു ഉന്നതമായ സംവാദ സംസ്കാരം ഈ സമരങ്ങളിലൂടെ ഇവിടെ രൂപപ്പെട്ടു.

പത്രപ്രവർത്തനത്തിലൂടെയും, സാഹിത്യത്തിലൂടെയും, കലയിലൂടെയും മനുഷ്യന്റെ ചിന്തകളെ നവീകരിക്കാൻ ഈ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. വിദ്യാലയങ്ങൾ കേവലം അക്ഷരം പഠിപ്പിക്കുന്ന ഇടങ്ങൾ മാത്രമല്ല, അത് മനുഷ്യരെ തുല്യരായി കാണാൻ പഠിപ്പിക്കുന്ന കളരികൾ കൂടിയായി മാറി. ഒരു പന്തിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതും, ഒരുമിച്ച് യാത്ര ചെയ്യുന്നതും വലിയ സാമൂഹിക വിപ്ലവങ്ങളായി മാറിയത് ഈ ബൗദ്ധിക ഉണർവിലൂടെയാണ്. ചോദ്യം ചെയ്യാനുള്ള കഴിവാണ് മനുഷ്യന്റെ ഏറ്റവും വലിയ ആയുധമെന്ന് ഈ സമരങ്ങൾ കേരളീയരെ പഠിപ്പിച്ചു. അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശബ്ദമുയർത്താനുള്ള മലയാളി സമൂഹത്തിന്റെ ഇന്നത്തെ സഹജവാസന (Inherent nature) ഈ ബൗദ്ധിക സമരങ്ങളുടെ ബാക്കിപത്രമാണ്.

പാരമ്പര്യത്തിന്റെ ധമനികളിലെ ഊർജ്ജം

നമ്മളെ നമ്മളാക്കി മാറ്റിയത് എന്താണ്? നമ്മൾ ധരിക്കുന്ന വസ്ത്രമോ, നമ്മൾ സംസാരിക്കുന്ന ഭാഷയോ മാത്രമല്ല. അത് അനീതി കണ്ടാൽ സടകുടഞ്ഞെഴുന്നേൽക്കുന്ന, അസമത്വങ്ങളെ ചോദ്യം ചെയ്യാൻ മടിക്കാത്ത, ഏത് ഇരുട്ടിലും വെളിച്ചത്തിന്റെ ഒരു തിരി തെളിക്കാൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലെ ആ ബോധമാണ്. ഈ ബോധം നമുക്ക് ലഭിച്ചത് ആകാശത്തുനിന്നല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന സമരങ്ങളുടെ പാരമ്പര്യത്തിൽ നിന്നാണ്.

ഇന്ന് നാം അഭിമുഖീകരിക്കുന്ന ലോകം പുതിയ വെല്ലുവിളികൾ നിറഞ്ഞതാണ്. സാങ്കേതികവിദ്യയുടെയും ആഗോളവൽക്കരണത്തിന്റെയും കാലത്ത്, മനുഷ്യർ തമ്മിലുള്ള അകലങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. വർഗ്ഗീയതയുടെയും വിവേചനങ്ങളുടെയും പുതിയ മതിലുകൾ ഉയർന്നുവന്നേക്കാം. ഇത്തരം ഘട്ടങ്ങളിൽ നമ്മെ സംരക്ഷിക്കാനുള്ള ഒരേയൊരു കവചം ഈ ചരിത്രബോധമാണ്. നമ്മുടെ മുൻഗാമികൾ കൽത്തുറുങ്കുകളെയും മർദ്ദനങ്ങളെയും അവഗണിച്ച് എങ്ങനെയാണോ മനുഷ്യത്വത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചത്, അതേ ഊർജ്ജം നാളെയുടെ യാത്രകളിലും നമുക്ക് വഴികാട്ടിയാകണം.

നമ്മുടെ കുട്ടികൾ പഠിക്കേണ്ടത് യുദ്ധങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ചരിത്രം മാത്രമല്ല, സ്വന്തം ആത്മാഭിമാനത്തിന് വേണ്ടി ഒരു ജനത നടത്തിയ അതിജീവനത്തിന്റെ ചരിത്രം കൂടിയാണ്. ആ ചരിത്രം അവരിൽ അഭിമാനം നിറയ്ക്കണം, സഹജീവികളോടുള്ള കരുണയായി അത് മാറണം. ഓരോ കേരളീയന്റെയും സിരകളിൽ ഓടുന്നത് കീഴടങ്ങാൻ തയ്യാറാകാത്ത, മനുഷ്യത്വത്തിന് വേണ്ടി എക്കാലവും നിലകൊള്ളുന്ന ധീരന്മാരുടെ ചോരയാണെന്ന ബോധം അവരിലുണ്ടാകണം.

വെളിച്ചത്തിലേക്കുള്ള തീർത്ഥാടനം

കേരളത്തിന്റെ സമരചരിത്രം എന്നത് കഴിഞ്ഞുപോയ ഒരധ്യായമല്ല, അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രയാണമാണ്. പൂർണ്ണമായ മനുഷ്യനിലേക്കും, തികഞ്ഞ സമത്വത്തിലേക്കുമുള്ള ആ വലിയ തീർത്ഥാടനം ഇന്നും അവസാനിച്ചിട്ടില്ല. എന്നാൽ, ആ യാത്രയിൽ നമുക്ക് തിരിഞ്ഞുനോക്കാൻ വലിയൊരു ഭൂതകാലമുണ്ട്. അന്ധകാരത്തിന്റെ കോട്ടകൾ തകർത്തെറിഞ്ഞ വെളിച്ചത്തിന്റെ പ്രവാചകന്മാരായ ഒരുപാട് സാധാരണ മനുഷ്യരുടെ ഓർമ്മകളുണ്ട്.

ഈ പോസിറ്റിവിറ്റി, ഈ വലിയ ആത്മവിശ്വാസം നമ്മൾ നെഞ്ചോട് ചേർക്കണം. ലോകത്തിന്റെ ഏത് കോണിലായാലും ഒരു മലയാളി തലയുയർത്തി നിൽക്കുന്നത് അവനു പിന്നിലുള്ള ഈ ഉജ്ജ്വലമായ സാംസ്കാരിക മൂലധനം കൊണ്ടാണ്. വ്യത്യാസങ്ങളെ ആഘോഷിക്കാനും, വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും, മനുഷ്യനെന്ന ഒറ്റ പരിഗണനയിൽ എല്ലാവരെയും സ്നേഹിക്കാനും നമ്മെ പഠിപ്പിച്ച ആ സമരങ്ങളോട് നമുക്ക് എന്നും കടപ്പാടുണ്ട്. ഈ വലിയ പൈതൃകത്തിന്റെ ഊർജ്ജം നമ്മുടെ ധമനികളിൽ തുടിക്കുന്നിടത്തോളം കാലം, കേരളം ഇന്ത്യയുടെ ബൗദ്ധികവും സാമൂഹികവുമായ ഭൂപടത്തിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി തന്നെ നിലകൊള്ളും. ചരിത്രത്തിന്റെ ഈ മഹാപ്രവാഹത്തിൽ, ഒരുമയോടെ, സ്നേഹത്തോടെ, മനുഷ്യത്വത്തിന്റെ കൊടിയുമേന്തി നമുക്ക് മുന്നോട്ട് നടക്കാം. വെളിച്ചം നമ്മെ നയിക്കട്ടെ.

പിറക്കാത്ത മകന്‍‌

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങൾ
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
നാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യർ
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയിൽ
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകൾ
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരൽ, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകൾ
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാൽ
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകൾ
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകിൽ
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയിൽ
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകൾ.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാൽ, വെറും
ഹസ്തഭോഗങ്ങളിൽ, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളിൽ
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത

A New Birth…!

Hi friends, Welcome to my first post.

This is a first entry on my new site – Chayilyam.com, through this site I would be expressing my thoughts, the folk culture of Malabar (Kerala). In addition, I have also incorporated some cherished stories which touched my heart. Thus, Chayilyam.com will be a complete the portfolio of all my thoughts, ideas and visions which is spread across various web communities posted by me.

Rajesh K Odayanchal - A New Birth

Now let me tell you something about myself – I am a webmaster of a Bangalore based consulting company, having experience in designing and developing websites for various domains.  I have been fortunate to have a few years of business experience in the computer industry. As mentioned earlier, the origin of Chayilyam.com was to collate my thoughts at a single platform. However, while I was thinking about Chayilyam.com, I realized that this may be a good opportunity to create some personal pages about myself too. Well, everyone wants a little bit of attention and this created an urge in me to create a page dedicated for photographs of my beloveds and other social events etc. Maybe even my personal opinions about world around me…!  But that’s probably distant future, so don’t get freaked out now 🙂

Let me not bore you anymore, lastly I would love to add one more point – I always value the time someone takes to mail me privately about a post I’ve written in the blogs, whether it’s giving me a bit of encouragement or letting me know I’ve helped them in some way. I find this has nurtured a few nice relationships can be a lot more productive in gaining mind share of other people also.

In short I hope you have understood what is expected from you read Chayilyam.com, share your opinions on what I have to say, suggest something and spread the word about Chayilyam.com if it touches you.

ഇന്നു ഞാന്‍, നാളെ നീ

“ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ”
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!

പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്ക-
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,
ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍
ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,
താരകരത്നഖചിതമാം പട്ടിനാല്‍
പാരമലംകൃതമായ വിണ്‍പെട്ടിയില്‍
ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-
നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,
തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചു
കമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,
ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-
രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്‌.
പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-
യിക്ഷിതിതന്നെ മരവിച്ചപോലെയായ്‌!

അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍
പൊന്തി “ണാം-ണാം”മെന്നു ദീനം മണിസ്വനം.
രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-
ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴും
മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-
മേകമുഖമാം കുരിശിനെ മുത്തുവാന്‍
`ആരാലിറങ്ങി വരും ചില “മാലാഖ”-
മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാത കാണിക്കും കുരിശേ ജയിക്കുക!
ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-
ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്‌.
ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-
വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!
ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-
നിന്നുമാറക്ഷരം, “ഇന്നു ഞാന്‍, നാളെ നീ.”
ഒന്നു നടുങ്ങി ഞാ,നാ നടുക്കംതന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും!

മഹാകവി ജി. ശങ്കരക്കുറുപ്പ്‌

അഗസ്ത്യഹൃദയം

കവിത കേൾക്കുക

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുമ്പേ കനല്ക്കാടു താണ്ടാം
നോവിന്റെ ശൂല മുന മുകളില്‍‌ കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളിലെത്താൻ.

ഇപ്പൊള്‍‌ നാമെത്തിയീ വനപര്‍‌ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്‍‌ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍‌
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…?
വനപർണ്ണശാലയില്ലല്ലോ, മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളില്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൗമമൗഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..? രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കു കാണാമവിടെ
നീർക്കണിക തേടി ഞാനൊന്നുപോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൗഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള്‍‌ പെറ്റ മക്കള്‍‌ക്കു നീ കവചമിട്ടു
അന്യോന്യമെയ്യുവാന്‍‌ അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ടു മേനിക‌ള്‍‌ മെനഞ്ഞു
മോഹബീജം കൊണ്ടു മേടകള്‍‌ മെനഞ്ഞു
രാമന്നു ജയമെന്നു പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില്‍‌ ബിരുദം കൊടുത്തു
നായ്ക്കുരണ നാവില്‍‌ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന്‍‌‌ ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില്‍‌ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന്‍‌ ഒരുക്കി ക്കൊടുത്തു

ആപിഞ്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു –
മിന്റെ മൊഴി ചുറ്റും വിഷചൂരു തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല,
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ

സൗരസൗമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..?

കവിത കേൾക്കുക
വി. മധുസൂദനൻ നായരുടെ കവിത

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/enthinnadheeradha.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

നാളെ നേതാക്കളായി മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ… (2)

നിങ്ങള്‍ പഠിക്കുവിന്‍… നിങ്ങള്‍ പഠിക്കുവിന്‍…
ആദ്യക്ഷരം മുതല്‍ മേലോട്ട് (2)

ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ,
ആജ്ഞാശക്തിയായി മാറീടാൻ… (3)

നാടു കടത്തപ്പെട്ടവരേ…
തടവിലടയ്ക്കപ്പെട്ടവരേ…
എന്നും അടുക്കളക്കുള്ളില്‍
കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ…
വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും
വന്ദ്യവയോധികരേ…

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ… (2)

പാര്‍പ്പിടമില്ലാത്ത പാവങ്ങളേ…
മഞ്ഞില്‍ കോച്ചിയിരിപ്പവരേ…
വിദ്യാശാലയും വിജ്ഞാനങ്ങളും
അന്വേഷിക്കുവിന്‍ കൂട്ടരേ… (2)

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ…
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…

ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങള്‍ സഖാക്കളേ… (2)

ഓരോ ചെറുചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ!!
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്? (2)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…(2)