പകയുടെ കനലുകൾ

സൗഹൃദം എന്ന വാക്കിന് നാം നൽകുന്ന പവിത്രത ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണകളുടെ കരിനിഴലിലാകാറുണ്ട്. അധ്യാപന ജീവിതത്തിൽ നിന്നും ബാംഗ്ലൂർ ജീവിതം എന്ന പുതിയ ലോകത്തേക്ക് ചേക്കേറിയ ഒരാളുടെ ജീവിതത്തിലേക്ക് പ്രണയത്തിൻ്റെ മറവിൽ പകയും വഞ്ചനയും കടന്നുവരുന്നതാണ് ഈ കഥ. ഒരു പെൺകുട്ടിയുടെ ഭ്രാന്തമായ അഭിനിവേശം നിരസിച്ചതിൻ്റെ പേരിൽ, അവൾ നെയ്തെടുത്ത നുണക്കഥകൾ അയാളുടെ പ്രിയപ്പെട്ട ബന്ധങ്ങളെ തകർത്തു കളയുന്നു. കാലം കരുതിവെച്ച അപ്രതീക്ഷിതമായ ഈ ചതി ഒരു മനുഷ്യൻ്റെ മനസ്സിൽ ഏൽപ്പിച്ച മുറിപ്പാടുകൾ മായാതെ നിൽക്കുന്നു. ഒരു നിമിഷത്തെ പക എങ്ങനെ നിഷ്കളങ്കമായ ഒരു സൗഹൃദത്തിന് തിരശീലയിട്ടു എന്ന് ഈ കഥ വിവരിക്കുന്നു.

ബാംഗ്ലൂർ നഗരത്തിലെ തിരക്കുകൾക്കൊടുവിൽ എൻ്റെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ തനിച്ചിരിക്കുമ്പോൾ, പുറത്ത് പെയ്യുന്ന മഴയ്ക്ക് എൻ്റെ മനസ്സിലെ സങ്കടങ്ങളുടെ അതേ തണുപ്പും ഭാവവുമാണെന്ന് ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട്. താഴെ, നനഞ്ഞ റോഡിലൂടെ ഒഴുകിനീങ്ങുന്ന വാഹനങ്ങളുടെ ചുവന്ന വെളിച്ചങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ, ഞാനാ പഴങ്കഥകൾ ഓർക്കും. വളരെ മനോഹരമായിരുന്ന, സ്നേഹവും ഇഷ്ടങ്ങളും ആ ഒരു കാലം. അവിടെ നിന്നാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്നിൻ്റെ തുടക്കവും. ആ സങ്കടക്കഥ പറയാം. ഈയിടെയാണു കാര്യങ്ങൾ ഞാൻ പോലും അറിഞ്ഞത്. കേവലമൊരു തെറ്റിദ്ധാരണയുടെയും പകയുടെയും പേരിൽ, എനിക്ക് ജീവനേക്കാൾ പ്രിയപ്പെട്ടതായിരുന്ന ഒരു സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിൻ്റെ കഥയാണിത്.
the embers of hatred
ഞാനന്ന് നാട്ടിലെ ഒരു കോളേജിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു അത്. കുട്ടികൾക്ക് ഞാൻ വെറുമൊരു അധ്യാപകൻ മാത്രമായിരുന്നില്ല, അവരുടെ എല്ലാമെല്ലാമായ ഒരു ജ്യേഷ്ഠനെപ്പോലെയായിരുന്നു. വലിയ ബഹുമാനവും അതിലേറെ ഇഷ്ടവുമായിരുന്നു അവർക്ക് എന്നോട്. അവർക്കിടയിലൂടെ നടക്കുമ്പോൾ, അവരുടെ സ്നേഹം അനുഭവിക്കുമ്പോൾ കിട്ടിയിരുന്ന ഒരു സന്തോഷമുണ്ട്, അത് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലുതായിരുന്നു. അക്കാലത്താണ് ആ പെൺകുട്ടി എൻ്റെ ജീവിതത്തിലേക്ക് ഒരു പരിചയക്കാരിയായി കടന്നുവരുന്നത്. എൻ്റെയടുത്ത് പഠിച്ചിരുന്ന കുട്ടികളുടെ കൂട്ടുകാരിയായിരുന്നു അവൾ. അവളന്ന് ഹൈദരാബാദിൽ പഠിക്കുകയാണ്. എൻ്റെ വിദ്യാർത്ഥികൾ വഴിയാണ് ഞങ്ങൾ പരസ്പരം പരിചയപ്പെടുന്നത്. വളരെ യാദൃശ്ചികമായി തുടങ്ങിയ ആ പരിചയം പിന്നീട് സൗഹൃദമായി മാറി. എൻ്റെ കുട്ടികളെപ്പോലെ തന്നെ, ഒരു അനിയത്തിയെപ്പോലെയോ അല്ലെങ്കിൽ എൻ്റെയൊരു വിദ്യാർത്ഥിനിയെപ്പോലെയോ ആണ് ഞാൻ അവളെയും കണ്ടിരുന്നത്. ഞാനവളോട് സംസാരിച്ചിരുന്നതും ഇടയ്ക്ക് ചാറ്റ് ചെയ്തിരുന്നതുമെല്ലാം ആ ഒരു വാത്സല്യത്തോടെ മാത്രമായിരുന്നു.

കാലം പതിയെ മുന്നോട്ട് നീങ്ങി. എൻ്റെ കരിയറിലും വലിയ മാറ്റങ്ങളുണ്ടായി. അധ്യാപനത്തിൽ നിന്നും മാറി ഞാൻ സോഫ്റ്റ്‌വെയർ ഫീൽഡിലേക്ക് തിരിഞ്ഞു. നാട്ടിലെ ജോലി ഉപേക്ഷിച്ച് ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോഴും അവളുമായി ഫോണിലൂടെയും മറ്റും സംസാരിക്കാറുണ്ടായിരുന്നു. അവളപ്പോൾ ഹൈദരാബാദിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞ് മറ്റേതോ ഒരു ഷോർട്ട് ടേം കോഴ്സ് ചെയ്യുകയായിരുന്നു. ബാംഗ്ലൂരിലെ തിരക്കുകളിലേക്ക് ഞാൻ പതിയെ ഇഴുകിച്ചേർന്നു തുടങ്ങിയ കാലത്താണ് അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും വല്ലാത്ത മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. അതൊരു സാധാരണ സൗഹൃദമായിരുന്നില്ല. എനിക്കവളോട് തോന്നിയ ആ നിർമ്മലമായ വാത്സല്യത്തിന് പകരം, അവൾക്കെന്നോട് തോന്നിയത് വല്ലാത്തൊരു ഭ്രാന്തമായ പ്രണയമായിരുന്നു. ഒരുപക്ഷേ പ്രണയം എന്ന് പോലും അതിനെ വിളിക്കാൻ കഴിയില്ല, അതൊരുതരം അന്ധമായ അഭിനിവേശമായിരുന്നു. അവളുടെ ചിന്താരീതികളും വികാരപ്രകടനങ്ങളും സ്വഭാവസവിശേഷതകളും എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. എൻ്റെ സ്വകാര്യതകളിലേക്ക് അവൾ അനാവശ്യമായി കടന്നുകയറുന്നതുപോലെ എനിക്ക് തോന്നിത്തുടങ്ങി. ഇതൊട്ടും നല്ലതിനല്ലെന്നും, ഈ പോക്ക് ശരിയല്ലെന്നും, എനിക്കവളോട് അങ്ങനെയൊരു ഇഷ്ടം തോന്നാൻ കഴിയില്ലെന്നും ഞാൻ പലവട്ടം അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ എൻ്റെ വാക്കുകളൊന്നും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ.

അവളുടെ ആ ഭ്രാന്തമായ ഇഷ്ടം എന്നെ ശരിക്കും ഭയപ്പെടുത്തിത്തുടങ്ങിയത് അവളുടെ ആദ്യത്തെ ബാംഗ്ലൂർ യാത്രയോടെയാണ്. എന്നോടൊപ്പം ശാരീരികമായി അടുക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ, വീട്ടിൽ പല കള്ളങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ച് അവൾ ബാംഗ്ലൂരിലേക്ക് വണ്ടി കയറി. എനിക്കത് വലിയൊരു ഞെട്ടലായിരുന്നു. എൻ്റെ മുന്നിൽ വന്ന് നിന്ന അവളെക്കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുപോയി. എങ്ങനെയെങ്കിലും അവളെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നത് മാത്രമായിരുന്നു എൻ്റെ ലക്ഷ്യം. അവൾക്കൊപ്പം നിൽക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എൻ്റെ കയ്യിൽ ഒട്ടും പണമില്ലെന്നും, റൂമെടുക്കാൻ പോലും നിർവ്വാഹമില്ലെന്നും തുടങ്ങി പലതരം നുണകൾ പറഞ്ഞ്, ഒരുവിധത്തിൽ ഞാൻ അവളെ അന്ന് തിരികെ ബസ്സ് കയറ്റി വിട്ടു. ബസ്സ് കണ്ണിൽ നിന്നും മറയുന്നതുവരെ എൻ്റെ നെഞ്ചിടിപ്പ് വളരെ കൂടുതലായിരുന്നു. അന്ന് ഞാൻ രക്ഷപ്പെട്ടുവെന്ന് കരുതി സമാധാനിച്ചെങ്കിലും, അവൾ വീണ്ടും എൻ്റെ ജീവിതത്തിലേക്ക് കൂടുതൽ കുഴപ്പങ്ങളുമായി കടന്നുവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

കുറച്ചു കാലങ്ങൾക്ക് ശേഷം അവൾ വീണ്ടും ബാംഗ്ലൂരിലേക്ക് വന്നു. ഇത്തവണ നോവലിസ്റ്റ് ശ്രീ അംബികസുതൻ മാങ്ങാടിൻ്റെഎന്മഗജെ‘ എന്ന നോവൽ എനിക്ക് തരാനുണ്ടെന്ന വ്യാജേനയായിരുന്നു അവളുടെ വരവ്. ഇത്തവണ എങ്ങനെയെങ്കിലും അവളെ ഒഴിവാക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. അവൾ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, “നീ ബസ്സിറങ്ങി അവിടെ നിന്നാൽ മതി, ഞാൻ മജസ്റ്റിക്കിലേക്ക് വരുന്നുണ്ട്. പക്ഷേ എനിക്ക് നിൻ്റെ കൂടെ നിൽക്കാൻ കഴിയില്ല, ഞാൻ എൻ്റെയൊരു ഫ്രണ്ടിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവളുടെ വീട് ജാലഹള്ളിയിലാണ്.”

പുകയുന്ന പകമജസ്റ്റിക്കിലെ തിരക്കുകൾക്കിടയിൽ അവളെ കണ്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി. മുമ്പൊരിക്കൽ എനിക്ക് അവളെ ഒഴിവാക്കാൻ കഴിഞ്ഞത് ഇനി ആവർത്തിക്കാതിരിക്കാൻ അവൾ ബോധപൂർവ്വം തയ്യാറെടുത്തിരുന്നു. വളരെ ആകർഷകമായി, അല്പം സെക്സിയായിട്ടായിരുന്നു അവളുടെ വേഷവിധാനം. മുട്ടോളം എത്തുന്ന മുടിക്കെട്ടഴിച്ചിട്ട് പറത്തിക്കൊണ്ടായിരുന്നു നിൽപ്പ്. എന്നെ പ്രലോഭിപ്പിക്കാനും തന്നിലേക്ക് ആകർഷിക്കാനുമുള്ള അവളുടെ ശ്രമങ്ങൾ എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ജാലഹള്ളിയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു, “ജാലഹള്ളിയിൽ എൻ്റെ ഒരു റിലേറ്റീവ് ഉണ്ട്, ഞാനും അങ്ങോട്ട് വരട്ടെ?” അവളുടെ ആ ചോദ്യത്തിന് മുന്നിൽ എനിക്ക് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ ഒന്നിച്ചു യാത്ര തിരിച്ചു.

എ.സി ബസ്സിൽ അടുത്തടുത്തിരുന്ന് യാത്ര ചെയ്യുമ്പോൾ അവൾ ഞാൻ പോകാൻ ഉദ്ദേശിക്കുന്ന സുഹൃത്തിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. യാതൊരു ദുരുദ്ദേശവും ഇല്ലാതെ വളരെ നിഷ്കളങ്കമായിട്ടാണ് ഞാൻ മറുപടി പറഞ്ഞത്. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണെന്നും, അവൾക്കിപ്പോൾ ഒരു കുഞ്ഞുണ്ടെന്നും, അവളുടെ ഭർത്താവ് ബാംഗ്ലൂരിൽ തന്നെയാണ് വർക്ക് ചെയ്യുന്നതെന്നും ഞാൻ പറഞ്ഞു. ആ യാത്രയ്ക്കിടയിൽ എൻ്റെ ഫോണിലേക്കും സംസാരങ്ങളിലേക്കും അവൾ രഹസ്യമായി കണ്ണും കാതും തുറന്നു വെച്ചിരുന്നുവെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. എൻ്റെ പരിചയത്തിലുള്ള പല പെൺസുഹൃത്തുക്കളുടെയും വിവരങ്ങളും പേരുകളും അവൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. സ്ഥിരമായി വിളിച്ചുകൊണ്ടിരിക്കുമ്പോൾ കൂടെ വർക്ക് ചെയ്യുന്ന പെൺകുട്ടികളെ കൊണ്ടും മറ്റും ഇവളോടു സംസാരിപ്പിച്ച്, എന്തിനാടോ ഒരു നാണവും ഇല്ലാതെ ഇവനെ ശല്യം ചെയ്യുന്നത് എന്നു ഞാൻ പറയിപ്പിച്ചിരുന്നു. പിന്നീട് എന്നെ വിളിക്കുമ്പോഴൊക്കെ, “അവർക്ക് സുഖമാണോ, ഇവർക്ക് സുഖമാണോ” എന്നൊക്കെ അവൾ ചോദിക്കുമായിരുന്നു.  ആ പേരുകൾ ഓരോന്നും അവളുടെ ഓർമ്മയിൽ ഉണ്ടായിരുന്നു. (ഇന്നും അതുണ്ട്!)

അവളുടെ ശല്യം അവിടെയും തീർന്നില്ല. ഒരിക്കൽ ഞാൻ നാട്ടിലില്ലാത്ത സമയത്ത്, അവൾ തൻ്റെ ഒരു സുഹൃത്തിനെയും കൂട്ടി നാട്ടിലെ എൻ്റെ വീട് അന്വേഷിച്ചു ചെന്നു. വളരെ ഉൾനാട്ടിലെ ഒരു ഗ്രാമത്തിലാണ് എൻ്റെ വീട്. എന്നിട്ടും അവൾ അത് കണ്ടുപിടിച്ചു. എൻ്റെ ഒരു കസിൻ സിസ്റ്ററുടെ നമ്പറും അവൾ നാട്ടിൽ നിന്നാരോടോ വാങ്ങിച്ച് വിളിച്ചിരുന്നു എന്നും ഞാൻ ഈയിടെ അറിഞ്ഞിരുന്നു!!  വീട്ടിൽ ചെന്ന് എൻ്റെ അമ്മയോടും വല്യമ്മയോടും വളരെ സ്നേഹം അഭിനയിച്ച്, അവരെ സോപ്പിട്ട് കയ്യിലെടുത്തു. അവൾ എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്ന് വരുത്തിത്തീർക്കാനുള്ള അവളുടെ നാടകമായിരുന്നു അത്. അന്ന് വൈകുന്നേരം അമ്മ എന്നെ വിളിച്ച് വീട്ടിൽ വന്ന കുട്ടികളെക്കുറിച്ച് പറഞ്ഞപ്പോഴാണ് എൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടത്. ഇനിയും മിണ്ടാതിരുന്നാൽ അത് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും സമാധാനം കെടുത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

അപ്പോൾത്തന്നെ ഞാൻ അവളുടെ അമ്മയെ ഫോണിൽ വിളിച്ചു. ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും, അവളുടെ ബാംഗ്ലൂർ യാത്രകളും, എൻ്റെ പിന്നാലെ നടക്കുന്നതുമെല്ലാം ഞാൻ ഒട്ടും മറച്ചുവെക്കാതെ അവരോട് പറഞ്ഞു. “മറ്റേതെങ്കിലും ഒരു ആൺകുട്ടിയായിരുന്നെങ്കിൽ, ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ നിങ്ങളുടെ മകളെ ഒറ്റയ്ക്ക് കിട്ടിയാൽ അവളോട് ഇങ്ങനെ മാന്യമായി പെരുമാറി തിരികെ അയക്കുമായിരുന്നോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ ആ പാവം അമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നോട് ക്ഷമ ചോദിച്ചു. ആ സംഭവത്തിന് ശേഷം രണ്ട് മാസത്തിനുള്ളിൽ തന്നെ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നടത്തിക്കൊടുത്തു. അതോടെ അവളുടെ എല്ലാ നമ്പറുകളും ഞാൻ ബ്ലോക്ക് ചെയ്തു. എൻ്റെ ജീവിതത്തിലെ വലിയൊരു ബാധ ഒഴിഞ്ഞുപോയതിൻ്റെ ആശ്വാസത്തിലായിരുന്നു ഞാൻ.

പക്ഷേ, അവളുടെ ഉള്ളിൽ എനിക്കെതിരെ പുകയുന്ന പകയുടെ തീവ്രത ഞാൻ അറിഞ്ഞിരുന്നില്ല. തൻ്റെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്തതിൻ്റെയും, വീട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയതിൻ്റെയും വൈരാഗ്യം അവൾ മനസ്സിൽ കൊണ്ടുനടന്നു. ആ പകയും പേറിയാണ് അവൾ വിവാഹവേദിയിലേക്ക് പോയത്. അതിനുശേഷമാണ് എൻ്റെ ജീവിതലെ ഏറ്റവും വലിയ നഷ്ടബോധം തോന്നിച്ച  ആ വലിയ ചതിയുടെ തുടക്കം.

അവൾക്കൊരു കളിക്കൂട്ടുകാരനുണ്ടായിരുന്നു. അവനുമായി അവൾക്ക് വളരെ അടുത്ത ബന്ധമായിരുന്നു. നിർഭാഗ്യവശാൽ, ജാലഹള്ളിയിലുള്ള എൻ്റെ സുഹൃത്തിൻ്റെ ഭർത്താവും ഈ പയ്യനും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു; അവർ ഒന്നിച്ച് വർക്ക് ചെയ്യുന്നവരുമായിരുന്നു. അവരൊന്നിച്ച് കാറിൽ നാട്ടിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ അവൾ, തൻ്റെ പക തീർക്കാനായി ആ പയ്യനെ കരുവാക്കി. അവനോട് അവൾ എന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കി പറഞ്ഞു. ഞാൻ അവളുടെ അടുത്ത സുഹൃത്താണെന്നും, എനിക്ക് ബാംഗ്ലൂരിൽ ഒരു ‘ലൈൻ’ ഉണ്ടെന്നും അവൾ പറഞ്ഞു. ആ ലൈൻ മറ്റാരുമല്ല, അവൻ്റെ സുഹൃത്തിൻ്റെ ഭാര്യയാണെന്നും, അവളെ കാണാൻ ഞാൻ അവളുടെ വീട്ടിൽ സ്ഥിരമായി പോകാറുണ്ടെന്നും തുടങ്ങി കേട്ടാൽ അറയ്ക്കുന്ന കല്ലുവെച്ച നുണകൾ അവൾ ആ പയ്യനോട് പറഞ്ഞു ഫലിപ്പിച്ചു.

ഒരു സാധാരണ മനുഷ്യനായ ആ പയ്യൻ ഇത് കേട്ട് വിശ്വസിച്ചു. തൻ്റെ സുഹൃത്തിൻ്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണെന്നോർത്ത്, യാതൊരു വകതിരിവുമില്ലാതെ അവൻ ഈ വിവരങ്ങൾ ജാലഹള്ളിയിലുള്ള ആ ഭർത്താവിനെ അറിയിച്ചു എന്ന് തോന്നുന്നു. ഏതുവിധമാണത് അവൻ പറഞ്ഞിരിക്കുക എന്നറിയില്ല. എൻ്റെ കൂട്ടുകാരിയുടെ ഭർത്താവിന് എന്നെ വളരെ നന്നായി അറിയാവുന്നതാണ്. ഞങ്ങൾ തമ്മിൽ വലിയ സൗഹൃദത്തിലുമായിരുന്നു. എൻ്റെ കൂടെ പഠിച്ച കുട്ടിയുടെ ഭർത്താവ്, എന്നെ അവരുടെ  വീട്ടുകാർക്ക് തുല്യമായി കണ്ടിരുന്നവരാണ്. പക്ഷേ, ഒരു മൂന്നാമതൊരാൾ വന്ന് ഒരു കാരണവുമില്ലാതെ ഇങ്ങനെയൊരു അപഖ്യാതി പറഞ്ഞപ്പോൾ, ഒരു സാധാ ഭർത്താവിനെപ്പോലെ അയാൾക്കും പതർച്ചയുണ്ടായി. സത്യം എന്താണെന്നറിയാതെ, ഒരു അടിസ്ഥാനവുമില്ലാത്ത കള്ളം ഉയർന്നപ്പോൾ അത് അയാളെ വല്ലാതെ തളർത്തിക്കളഞ്ഞു. ആ തെറ്റിദ്ധാരണകൾക്കിടയിൽ എന്നോടതൊന്നു ചോദിച്ചിരുന്നെങ്കിൽ അല്പം ശമനമുണ്ടാകുമായിരുന്നു. അതുനടന്നില്ല.

അങ്ങനെ, എൻ്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു സൗഹൃദം തകർന്നുപോയി. പക്ഷേ, ഞാനാണെങ്കിൽ സത്യം അറിഞ്ഞതുമില്ല. അവരാണെങ്കിൽ, മിണ്ടാതെയുമായി. എനിക്കോർമ്മയുണ്ട്  അവസാനം വിളിച്ചിത് എന്തിനാണെന്നും അന്നവർ എവിടെ ആയിരുന്നെന്നും ഒക്കെ. എന്നെ ജീവനേക്കാൾ സ്നേഹിച്ചിരുന്ന എൻ്റെ കൂട്ടുകാരിയുടെയും കുടുംബത്തിൻ്റെയും മുമ്പിൽ, നിരപരാധിയായ ഞാൻ കള്ളനായി മാറി. അവർ തമ്മിലുള്ള ബന്ധത്തിൽ അവിശ്വാസം വിതച്ചു എന്നത് മാത്രമാണ് ആ പെൺകുട്ടി എന്നോട് ചെയ്ത ഏറ്റവും വലിയ ക്രൂരത. എൻ്റെ ഭാഗത്തു യാതൊരു തെറ്റുമില്ലാതിരുന്നിട്ടും, ഒരു നിർമ്മലമായ സൗഹൃദമാണ് അവിടെ നഷ്ടപ്പെട്ടത്. ഒരു കള്ളം എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ തീരാസങ്കടങ്ങളുടെ മുറിപ്പാടുകൾ ഇപ്പോഴും മാറിയിട്ടില്ല. ഒരിക്കലും അവൻ അവളെ സംശയിക്കില്ല; പകരം അവർ രണ്ടുപേരും എന്നെയാവും സംശയിക്കുന്നുണ്ടാവുക. ഞാൻ, ഇങ്ങനെ ഒരു ദുരുദ്ദേശം വെച്ചാണവരുടെ വീട്ടിൽ പോയതെന്നോ, അല്ലെങ്കിൽ, ഞാൻ എൻ്റെ കൂട്ടുകാരോടൊക്കെ ആ കൂട്ടുകാരിയെ പറ്റി അനാവശ്യം പറയുന്നു എന്നോ ഒക്കെ ആവണം അവർ കരുതുന്നുണ്ടാവുക. എന്തായാലും, ആ  പകമൂത്ത പെണ്ണു കാരണം, ഇവിടെ എൻ്റെ സൗഹൃദത്തിനു വിള്ളൽ വരുത്തിയതു പോലെത്തന്നെ ഒരു വിഷത്തീ ആയവൾ ആ കളിക്കൂട്ടുകാരൻ്റെ ജീവിതവും തകർത്തിട്ടുണ്ട്.അവൻ വേറെ വിവാഹം ചെയ്തിരുന്നെങ്കിലും, ഈ കരിങ്കാളി കാരണം, ആ പെണ്ണും അവനെ ഡിവേർസ് ചെയ്തു പോയത്രേ.

എത്രയൊക്കെ നമ്മൾ മനുഷ്യരെ സ്നേഹിച്ചാലും ബഹുമാനിച്ചാലും, ഒരാളുടെ പകയും ഒരു നുണക്കഥയും മതി ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെ നമ്മളിൽ നിന്നകറ്റാൻ എന്ന യാഥാർത്ഥ്യം ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് എൻ്റെ ബാംഗ്ലൂർ ജീവിതം ഇന്നും തുടരുന്നത്. ഈ ഒറ്റപ്പെടലിനും സങ്കടങ്ങൾക്കുമിപ്പുറം ആ നല്ല സൗഹൃദം ഇനിയും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ടെനിക്ക്.


സൗഹൃദത്തിൻ്റെ പേരിൽ ഞാൻ ചേർത്തുപിടിച്ചവർ എന്നെ ശത്രുവിനെപ്പോലെ അകറ്റിനിർത്തിയത് എന്തിനാണെന്ന് ഞങ്ങളുടെ ഒരു പൊതു സുഹൃത്തിലൂടെ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി!. എൻ്റെ സുഹൃത്തിൻ്റെ ഭർത്താവിനെ എനിക്ക് വിശ്വാസമാണ്; ചീപ്പായ കഥകൾ കേട്ട് സംശയിക്കുന്ന പ്രകൃതമല്ല അവന്റേത്. പക്ഷേ, ഈ കള്ളങ്ങൾ ഞാനാണ് പ്രചരിപ്പിച്ചത് എന്ന് അവർ വിശ്വസിച്ചു കാണില്ലേ എന്ന വേവലാതിയാണ് എനിക്കിപ്പോൾ. അവർ എന്നെ വെറുത്താലും വേണ്ടില്ല, അവരുടെ കുടുംബത്തിൽ അശാന്തി പടർത്തുന്ന ഒരു നിഴലായി മാറാൻ ഇനി ഞാൻ ആഗ്രഹിക്കുന്നില്ല.

മാസങ്ങൾക്ക് മുമ്പ് ആ ഹൈദരാബാദുകാരി എന്നെ വീണ്ടും വിളിച്ചു തുടങ്ങി. ഓരോതവണ വിളിക്കുമ്പോഴും എൻ്റെ പെൺസുഹൃത്തുക്കളുടെ പേരെടുത്ത് പറഞ്ഞവൾ സുഖമാണോ എന്നു തിരക്കും. അവരുടെ മക്കളുടെയും ഭർത്താക്കന്മാരുടെയും പേരുകൾ പോലും ഇന്നും അവളുടെ നാവിൻതുമ്പിലുണ്ട്. ആൺ സുഹൃത്തുക്കളെ കൊണ്ടും അവളുടെ കോൾ അന്നുഞാൻ അറ്റന്റ് ചെയ്യിപ്പിച്ച് വിലക്കിയതായിരുന്നു. റോണിയൊക്കെ അവളെ തെറിപറഞ്ഞതിനു കണക്കില്ലായിരുന്നു!! പക്ഷെ അവരെയൊന്നും ഇവൾ ഓർക്കുന്നില്ല. ഭാവിയിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലെന്ന വിശ്വാസവും ചെറുപ്പത്തിന്റെ ചുറുചുറുക്കും കാരണം അന്നിതൊക്കെ ഒരു രസമായി മാത്രമേ തോന്നിയിരുന്നുള്ളു.

പക്ഷെ, ഇന്നും ഇവൾ ആ കൂട്ടുകാരിയുടെ ഭർത്താവിന്റെയും മകന്റെയും പേരുവരെ ഓർത്തിരിക്കുന്നു!. ഇത്രയും കാര്യങ്ങൾ നീ എങ്ങനെ ഓർത്തിരിക്കുന്നു എന്ന് ഞാൻ ആശ്ചര്യപ്പെട്ടപ്പോഴാണ് അവൾ ആ ക്രൂരമായ സത്യം വെളിപ്പെടുത്തിയത്. അവളുടെ കളിക്കൂട്ടുകാരൻ വഴി അവൾ പടച്ചുവിട്ട നുണകൾ എൻ്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലേക്ക് വിഷം പോലെ പടർന്നുവെന്നും, ഒടുവിൽ ആ പഴി എൻ്റെ മേൽ ചാരപ്പെട്ടുവെന്നും. ഞാൻ കാര്യങ്ങൾ മനസ്സിലാക്കിയത് അങ്ങനെയാണ്. ഇവൾക്കാരണം തന്നെ ആ കളിക്കുട്ടുകാരന്റെ ഭാര്യയും അവനെ ഡൈവേഴ്‌സ് ചെയ്തു പോയി എന്നും അവൾ പറയുകയുണ്ടായി.

മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ…!

death of a person
താഴെ എഴുതുന്നത് 2014 ലെ ഒരു കുറിപ്പാണ്. രണ്ട് കൂട്ടുകാരുടെ മരണം തന്നെയാണു വിഷയം. ഇപ്പോൾ ഇതു ചികഞ്ഞെടുക്കാൻ കാരണമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 21 നു മരണത്തിൽ നിന്നും എന്നുതന്നെ പറയാവുന്ന തരത്തിൽ നിന്നും രക്ഷപ്പെട്ടവനാണു ഞാൻ. ആക്സിഡന്റ് ചെറുതെന്നു പറയാം; പക്ഷേ തലയ്ക്ക് ഏറ്റ പരിക്ക് അല്പം കൂടിയ തോതിലായിരുന്നു. താഴെ പറയുന്ന കഥയിലെ രണ്ടുപേരും എന്റെ പ്രിയ കൂട്ടുകാർ തന്നെയായിരുന്നു. വായിക്കുക…
… …. ….
മരണം എന്നും വല്ലാത്ത പ്രഹേളികയാണ്. ഇതുവരെ മരണത്തെ പറ്റിയുള്ള ചിന്തയോ മരിച്ചവരെ പറ്റിയുള്ള ദുഃഖമോ എന്നെ ഇത്രയധികം അലട്ടിയിരുന്നില്ല. ഈ വർഷം പക്ഷേ, മറിച്ചായിരുന്നു. വർഷാരംഭത്തിലാണ് ഒരു പ്രിയ കൂട്ടുകാരി എല്ലാം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. മരിക്കാൻ ഒരു കാരണം പത്രക്കാർ പറഞ്ഞെങ്കിലും അതിലേറെ, അവൾ മരണത്തെ സ്നേഹിക്കുകയായിരുന്നു എന്നതാണു സത്യം. ജീവിതത്തിൽ ഇനി ബാക്കിയൊന്നുമില്ലെന്നുള്ള തോന്നലോ, അവളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആലിംഗനങ്ങളിലെ വഴുവഴുക്കലുകളോ ജീവിത വിരക്തിക്കു കാരണമായിക്കാം. പണ്ടൊക്കെ മരണത്തെ പറ്റിയവൾ ഏറെ പറയുമായിരുന്നു… എങ്കിലും കേവലം ഇത്തരം സ്വപ്നങ്ങൾക്കു പിന്നിലേക്ക് ഓടുന്ന പതിവില്ലാത്തവളാണ് ഇവൾ. അനീതിക്കെതിരേ വരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ഇവൾ എന്തിനായിരിക്കണം മരണത്തിനു കീഴടങ്ങിയത്!!

ഒരിക്കലൊരു കടൽ തീരത്തിരിക്കുമ്പോൾ അവൾ വിചിത്രമായൊരു ഭാവന പങ്കു വെച്ചു! അലയടിക്കുന്ന ഈ കടലിന്റെ മേൽപ്പാളി ഒരുനിമിഷം തണുത്തുറഞ്ഞു പോയിരുന്നെങ്കിൽ ഞാനിവിടെ നിന്നെ വിട്ട് നടുക്കടലിലേക്ക് ഓടിപ്പോവും… ചില്ലുപാളികൾക്ക് താഴെ കടൽജീവികൾ ഓടിനടക്കുന്നിടത്ത് ഞാൻ ചാടി മറിയും… അങ്ങനെ ഓടിയോടി മടുക്കുമ്പോൾ പെട്ടന്ന്… വളരെ പെട്ടന്ന് കടൽ പഴയ പടിയാവണം!! എനിക്ക് കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകണം എന്ന്!! അന്നതൊരു രസകരമായ വിചിത്ര ഭാവനയായി ഞാൻ തള്ളിക്കളഞ്ഞു!!

പിന്നൊരിക്കൽ ഞങ്ങളൊരു റെയിൽവേ ട്രാക്കിനരികിലൂടെ നടന്നു വരികയായിരുന്നു… ദൂരെ ട്രൈനിന്റെ ചൂളം വിളി കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ പൂർവ്വാധികം തിളങ്ങി! ഞാനീ ട്രാക്കിൽ കേറി കണ്ണടച്ചു പിടിച്ച് അതിന്റെ മുന്നിലേക്ക് നടക്കട്ടെ. പെട്ടന്നായിരുന്നു അവൾ പറഞ്ഞത്! ഞാൻ പറഞ്ഞു ധൈര്യമുണ്ടെങ്കിൽ നടക്കൂ എന്ന്!! അവൾ ട്രാക്കിലേക്ക് കയറിയപ്പോൾ ഞാൻ ഭയന്നു. അവളുടെ കൈയ്യും പിടിച്ചു വലിച്ച് ഞാൻ മണൽ പരപ്പിലൂടെ ദൂരേയ്ക്ക് ഓടി!! അവൾ കിതയ്ക്കുകയായിരുന്നു… മുഖത്ത് വല്ലാത്ത വിവശത!! അവൾ തുടരുന്നു… എനിക്ക് വല്ലാത്ത കൊതിയാണ്… പുറകിൽ ട്രൈൻ വരുമ്പോൾ അതിന്റെ മുന്നിലൂടെ നടക്കണം… കണ്ണടച്ചുപിടിച്ച്… ഒരു നിമിഷത്തെ ഇടിയിൽ കഷ്ണങ്ങളായെനിക്ക് ചിതറി തെറിക്കണം എന്ന് – ഈ മണലിലൊക്കെ ചുവന്ന പൂക്കാളായി എനിക്കു പുൽകി കിടക്കണം… ഞാൻ അവളേയും കൊണ്ട് ഓടുകയായിരുന്നു, അവളുടെ കണ്ണിൽ കണ്ട ആ തിളക്കം ഒരു കൊച്ചു കുസൃതിയായി കാണാൻ ഞാൻ ശ്രമിച്ചു.

പിന്നെ ഒരു വലിയ ഗ്യാപ്പിൽ പെട്ട് ഞങ്ങൾ എവിടെയൊക്കെയോ ആയി. വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അവൾക്ക് ഒരു പെൺ കുഞ്ഞുണ്ട്; ഒരു കുടുംബമുണ്ട്. വിളിക്കുമ്പോൾ മോളെ പറ്റിയാവും സംസാരം; ഭർത്താവിനെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു ആദ്യമൊക്കെ… പലപ്പോഴും സംസാരിക്കുമ്പോൾ പുറകിൽ ഒരു ചൂളം വിളികേൾക്കാമായിരുന്നു. ഒരിക്കലവൾ പറഞ്ഞു, എടാ, നീ പണ്ട് എന്റെ കൈയ്യും പിടിച്ച് ഓടിയ മണൽ പരപ്പില്ലേ, എന്റെ വീടിപ്പോൾ ആ സ്ഥലത്താണ്… ഇതിലെ നടക്കുമ്പോൾ എന്നും ഞാൻ നിന്നെ ഓർക്കാറുണ്ട്. ഞാൻ ചോദിച്ചിരുന്നു, ഇപ്പോഴും ട്രാക്കിൽ കേറി നടക്കാൻ തോന്നാറുണ്ടോ നിനക്കെന്ന്… നേരിയൊരു ചിരി മാത്രമായിരുന്നു മറുപടി. ഇടയ്ക്കൊക്കെ ആ ചിരി ട്രൈനിന്റെ ചൂളം വിളിക്കിടയിൽ അലിഞ്ഞ് ചേർന്നില്ലാതാവും. കള്ളത്തരങ്ങൾ ഒന്നും സഹിക്കാത്ത പ്രകൃതം ആയിരുന്നു അവളുടേത്. നന്നായി പ്രസംഗിച്ചു ഫലിപ്പിക്കാനൊക്കെ മിടുക്കിയുമായിരുന്നു. അവളുടെ ചിരികളിൽ ചിലപ്പോൾ എന്തൊക്കെയോ മറച്ചുപിടിച്ചിരിക്കണം!

അവൾ മരിച്ചു. 2014 ജൂൺമാസത്തിൽ, ഞങ്ങൾ സേലത്തേക്കുള്ള യാത്രാമധ്യേ ഒരു കസിൻ വിളിച്ചു പറഞ്ഞു പത്രത്തിൽ അവളുടെ ഫോട്ടോയുണ്ടെന്ന്. ജൂൺ 13, 2014 – വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ഏറെ വർഷങ്ങൾക്കു ശേഷം അവൾ അവളുടെ മോഹം സഫലമാക്കി. ചിന്നിച്ചിതറിയിരുന്നു ശരീരം! ട്രാക്കിൽ കേറി അവൾ കണ്ണടച്ചു നടന്നിരിക്കണം. 50,000 രൂപയുടെ സാമ്പത്തിക ബാധ്യതയാണു പ്രശ്നമെന്നു പത്രക്കാർ പറയുമ്പോഴും എന്റെ ഓർമ്മയിലെത്തിയത്, അവളുടെ മനസ്സിൽ ഒരുപക്ഷേ ഉണ്ടായിരുന്നത് ചിന്നച്ചിതറി കഷണങ്ങളായി ദൂരേക്ക് തെറിക്കുന്ന അവളുടെ ശരീരമായിരിക്കണം എന്നായിരുന്നു, അതുമല്ലെങ്കിൽ സാമ്പത്തികമായി ഉണ്ടായ എന്തോ കള്ളത്തരത്തിൽ പെട്ടുലഞ്ഞ മനസ്സായിരിക്കണം – ഒരു വേള, ഒരുപക്ഷേ അവളെന്നെ ആ നിമിഷം ഓർത്തിരിക്കണം എന്നാശിക്കാനേ പറ്റുകയുള്ളൂ ആ സമയം!!

ഞാനാദ്യമായി മരണത്തിൽ ദുഃഖിക്കുകയായിരുന്നു അന്ന്. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ച് പടിഞ്ഞാറ്റയിൽ കിടക്കുമ്പോൾ ഞാൻ വീടിന്റെ പുറകിൽ ആരുടേയോ കൂടെ മണ്ണപ്പം ചുട്ടുകളിക്കുകയായിരുന്നു… അഞ്ചു വയസായിരുന്നു അന്നെനിക്ക്. മരണം എന്തെന്നു പോലും അറിയാത്ത പ്രായം. അച്ഛന്റെ കുഴിയിലേക്ക് മണ്ണുകോരിയിടുമ്പോൾ നാളെ അച്ഛനവിടെ നിന്നും എണീറ്റു വരുമെന്ന ചിന്തയായിരുന്നു ഉള്ളിൽ… അത് മരണമാണെന്നും മരണം ഓരോ ജീവിതത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. മരണത്തെ അംഗീകരിക്കാൻ ചെറുപ്പകാലത്തു തന്നെ പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപസ്ഥരോ കുടുംബക്കാരോ ആരുംതന്നെ മരിച്ചപ്പോൾ ദുഃഖം എന്നൊന്ന് ഉണ്ടായിട്ടേയില്ല.

പിന്നീട് രാഹുൽ മരിച്ചു! (ഒക്ടോബർ 18, 2014, ശനിയാഴ്ച 5 മണിക്കുശേഷം) അന്നു രാവിലെ വരെ ചാറ്റിൽ അവനുണ്ടായിരുന്നു. അവസാനചാറ്റായിരിക്കുമെന്ന് ആരറിഞ്ഞു! ഫെയ്സ്ബുക്കിലേക്ക് ഏറെ നാൾകൾക്ക് ശേഷം തിരിച്ചു വരികയായിരുന്നു ഞാൻ. മാറ്റിയ കവർ ഫോട്ടൊയ്ക്ക് അവൻ കമന്റും ഇട്ടിരുന്നു. തലേന്നു വിളിച്ചപ്പോൾ ഫോണ്ടുമായി ബന്ധപ്പെട്ട് ചില ഫയലുകൾ ഒക്കെ ഷെയർ ചെയ്യാമെന്നവൻ പറഞ്ഞിരുന്നു. എന്റെ മെയിൽ ബോക്സിൽ എത്തേണ്ടതായിരുന്നു അവ. രാഹുലിന്റെ മരണവും ഏറെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുവരെ സംസാരിച്ചു നിന്നിരുന്ന ആൾ ഒരു നിമിഷം കൊണ്ട് മാഞ്ഞതുപോലെ. ഒരിക്കൽ പോലും മരണത്തെ പറ്റിയുള്ള ഒന്നും സംസാരിച്ചിട്ടില്ല അവൻ. “ഒരു യാത്ര പോകാൻ തോന്നുന്നു” എന്നു പറഞ്ഞവൻ ഇറങ്ങിപ്പോയപ്പോൾ അതുൾക്കൊള്ളാനാവാതെ ഇരിക്കുന്ന ഒട്ടനവധി പേരുണ്ട്… എല്ലാവരുടെ മനസ്സിലും കാണും ഇതേ ചോദ്യം… എന്തിനായിരുന്നു രാഹുൽ ഈ പണി ചെയ്തത് എന്ന്!

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ജീവിതം അത്രയൊക്കെ വിരക്തമായി മാറുമോ? ഇപ്പോൾ അനുഭവിക്കുന്ന തീവ്രമായ മാനസ്സിക സംഘർഷങ്ങൾ നാളെ അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ ഒന്നുമല്ലാതെ ആവിയായി പോവുമെന്ന ചിന്തമാത്രം മതിയാവും ഒരു പക്ഷേ, ഒരാളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ! പക്ഷേ, കൃത്യസമയത്ത് അതോർമ്മിപ്പിക്കുവാൻ ഒരാൾ അടുത്തില്ലാതെ പോവുന്നതാണ് പലപ്പോഴും വിനയാവുന്നത്. അടുത്തിരിക്കുമ്പോഴും അകലായാവുകയാണോ നമ്മൾ ഓരോരുത്തരും? പങ്കാളിയെ, കൂട്ടുകാരനെ തിരിച്ചറിയാതെ വരുന്നത് മറ്റൊരു മരണം തന്നെയാണ്. അവരുടെ ചിന്തകളിൽ മൂളിപ്പറക്കുന്ന കരിവണ്ടിനെ യഥാസമയം മനസ്സിലാക്കാതെ, പുറം വാക്കുകളിൽ മാത്രം രമിച്ചിരുന്ന് ഞാനവന്റെ സുഹൃത്താണെന്നു പറയുന്ന മൂഢത്തരത്തിൽ ലജ്ജിക്കാതെ വകയില്ല. എംടിയുടെ മഞ്ഞിൽ എവിടെയോ സർദ്ദാർജി പറയുന്ന ഒരു വാക്യമുണ്ട്. “മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ” എന്ന്. എവിടേക്ക് എപ്പോൾ കയറി വരണമെന്ന് ആ കോമാളിക്കറിയില്ല! ആ കോമാളിക്കളിയിൽ നിന്നും നാളെ നമുക്കും രക്ഷയില്ല എന്നത് ഇപ്പോൾ ശരിക്കും എന്നെ പേടിപ്പിക്കുന്നുണ്ട്… മരണത്തെ ഞാനിപ്പോൾ ഭയക്കുന്നുണ്ട്!! എനിക്കു വേണ്ടപ്പെട്ടവരിൽ നിന്നും എന്റെ സുഹൃത്തുക്കളിൽ നിന്നും ഈ അസമയത്തെത്തുന്ന മരണമെങ്കിലും ഒന്നു മാറി നിന്നിരുന്നെങ്കിൽ!!

അനുബന്ധങ്ങൾ

1) 7th നവംബർ 2014 നു മലയാളം വാരികയിൽ രാഹുലിനെ പറ്റി പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ.
2) രാഹുലിനെ പറ്റി ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്ത ഇവിടെ
3) ഇതേ സൈറ്റിൽ രാഹുൽ

കൂട്ടുകാരാ ക്ഷമിക്കുക…!

My Dear Friend
മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങ‍‍‍ള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാ‍ന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) ക‍ണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ‌ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.

പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിന‌ക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!

നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇ‍ല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍‌ എന്നും‌ നിറഞ്ഞുനില്‍‌ക്കുന്നൊരു കൂട്ടുകാരന്‍‌‌) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ്‌ കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.

അവിടെ നിന്നും വ‌ന്ന്, അവ‌രെ റൂമിലാക്കി, ജോലിത‌പ്പി ഇവിടെ എത്തിയ‌ മൂന്നുകുട്ടിക‌ളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വ‌ണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവ‌ര്‍ക്കിന്റെ ബാല‌പാഠങ്ങളും പഠിച്ച് ജോലിത‌പ്പി ഇറ‌ങ്ങിയ‌താണു മൂവ‌രും. നേരാം‌വണ്ണം ഇംഗ്ലീഷറിയില്ല‌, ഹിന്ദിയ‌റിയില്ല, ന‌ല്ലൊരു സ‌ര്‍ട്ടിഫിക്കേറ്റില്ല‌, എക്സ്പീരിയ‌ന്‍സില്ല. ആഗോള‌സാമ്പ‌ത്തിക‌മാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. ന‌ല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത‌ അവ‌രെ എങ്ങനെ സ‌ഹായിക്കാന്‍ പ‌റ്റുമെന്ന‌ ആശ‌ങ്കയിലായിരുന്നു ഞാന്‍. ജോലി ത‌പ്പിയിറ‌ങ്ങുന്ന‌ പ്രിയ‌കൂട്ടുകാരുടെ ഓര്‍‍മ്മ‌യിലേക്കു കൂടി വേണ്ടിയാണിതെഴുതുന്ന‌ത്. ഒരുവെടിക്കുള്ള‌ ന‌ല്ലൊരായുധം ന‌മ്മുടെ കൈയില്‍ ഉണ്ടായിരിക്ക‌ണം. അതു ഭാഷയാവ‌ടെ ടെക്നോള‌ജിയാവ‌ടെ… അതില്‍ ന‌മ്മ‌ള്‍ മിടുക്ക‌രാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്ന‌യാളെ ബോധ്യപ്പെടുത്തിക്കൊടുക്ക‌നും ന‌മുക്കു ക‌ഴിയ‌ണം. കൊച്ചുക്ലാസ്സുക‌ളില്‍ ഭാഷ പ‌ഠിപ്പിക്കുന്ന‌ ന‌മ്മുടെ അദ്ധ്യാപ‌കര്‍ ത‌ന്നെയാണ് കുട്ടിക‌ളുടെ ഈ ദുര്‍വിധിക്കു കാര‌ണ‌ക്കാര്‍. അനാവ‌ശ്യകാര്യങ്ങള്‍ കുത്തിനിറ‌ച്ച് ത‌ല‌ച്ചുമ‌ടായി കൊണ്ടുന‌ട‌ക്കേണ്ടിവ‌രുന്ന‌ സില‌ബ‌സ്സ് മ‌റ്റൊരുകാര‌ണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.

K R Marcket Bangaloreആ കുട്ടിക‌ളെ പ‌റ‌ഞ്ഞുവിട്ടശേഷം വ‌ഴിയ‌രികില്‍ നിന്നും ര‌ണ്ടു ഗ്ലാസ്സു ക‌രിമ്പിന്‍ ജ്യൂസ്സും ക‌ഴിച്ച് (ഒരു ഗ്ലാസ്സു ക‌ഴിച്ച‌പ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും ക‌ണ്ടു ഞാന്‍ ന‌ട‌ക്കുക‌യായിരുന്നു. ത‌ന്നേക്കാള്‍ വ‌ലിയ‌ തൂമ്പ‌യുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന‌ അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായ‌ത്തില്‍ ഞാനൊന്നും ക‌ത്തിയെടുത്ത് ‌ഒരു വിറ‌കുക‌മ്പു പോലും വെട്ടിയിട്ടുണ്ടാവില്ല‍‍.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.

വ‌ഴിപോക്ക‌രുടെ സൗമ‌ന‌സ്യം കാത്ത് വഴിവാണിഭച്ച‌ര‌ക്കുക‌ളൊരുക്കി നിര‌ന്നിരിക്കുന്ന‌ നിറ‌യൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പ‌യില്‍ നായ്ക്ക‌ളോടു മ‌ല്ലി‌ട്ട് ആരൊക്കെയോ വ‌ലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുക‌വ‌റുക‌ള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന‌ വൃദ്ധമാതാവ്… ഈച്ച‌ക‌ളാര്‍ക്കുന്ന‌ ക‌റുത്ത‌മ‌ലിന‌ജ‌ല‌ത്തില്‍‍‍ കിട‌ന്നുരുളുന്ന‌ കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റ‌ര്‍ ചുറ്റ‌ള‌വിലും കാണാമിവിടെ ഇത്ത‌രം ക‌ഴ്ച‌ക‌ള്‍.‍ കേര‌ളം ദൈവ‌ത്തിന്റെ സ്വന്തം നാടാവുന്ന‌ത് ഈ ഒരര്‍‌ത്ഥത്തില്‍ ത‌ന്നെയാണ്. ഭിക്ഷയാചിക്കുന്ന‌ ഒരുമ‌ല‌യാളിയെപ്പോലും ഞാനിതുവ‌രെ കേര‌ള‌ത്തിലോ പുറ‌ത്തോ ക‌ണ്ടിട്ടില്ല‍. കേര‌ള‌ത്തിലെ യാച‌കരില്‍ പ‌ല‌രും ത‌മിഴ‌രോ തെലുഗ‌രോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.

ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി ന‌ട‌ക്കുമ്പോഴാണ് പുറ‌കിലൂടെ ആരോ ഓടിവ‌ന്നെന്റെ ക‌ഴുത്തില്‍ പിടിമുറുക്കിയ‌ത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശ‌മ‌നോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് ത‌ട്ടി-മുട്ടി ഡിഗ്രി ജ‌യിച്ച്; ന‌ട‌ത്തിക്കൊണ്ടിരുന്ന‌ സൈഡുബിസിന‌സ്സും നിര്‍ത്തി മൈസ്സൂരിലേക്കു വ‌ണ്ടിക‌യ‌റിയിരുന്നു‍. അവിടെ വ‌ന്നു നേഴ്സ്സിങ്ങും പ‌ഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ ത‌ന്നെ ക‌ഴിഞ്ഞുവ‌രിക‌യായിരുന്നു. തെര‌ക്കിലാണു മൂപ്പ‌ര്‍, ഭാര്യ ഗര്‍ഭിണിയാണ്‌. കുട‌കിലുള്ള‌ അവ‌ളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ട‌തുണ്ട്. ഞാന്‍ പ‌ഴ‌യ‌ ച‌രിത്രങ്ങള്‍ പ‌ല‌തും ഓര്‍‌ത്തുപോയി, എസ്. എഫ്. ഐക്കാരായ‌ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു ക‌ണ്ണൂരുപോയ‌തും അവിടെ ആളുക‌ളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പ‌ലം ബീച്ചില്‍ പോയി ക‌ട‌ലിലിറ‌ങ്ങിയ‌തും ഒക്കെ. സ‌ഹ‌യാത്രിക‌യോട് അപ‌മ‌ര്യാദ‌യായി പെരുമാറിയ‌തിന്റെ പേരില്‍ മ‌ന്ത്രിസ്ഥാനം രാജി വെക്കുക‌യും പിന്നീട് ആ ദിവ‌സം ത‌നിക്ക് ഇട‌തുകൈ ഒരുപ‌രിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോട‌തിയില്‍ തെളിയിച്ച് പൊടിയും ത‌ട്ടി ഇറ‌ങ്ങിവ‌ന്ന‌ നമ്മുടെ പി. ജെ. ജോസ‌ഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്‌. പയസ്സില്‍ ഇന്ന‌ങ്ങനെയൊരു സംഘടന‌ ഉണ്ടോ എന്നറിയില്ല‌.

മ‌നോജെനിക്കു അവ‌ന്റെ ഫോണ്‍ നമ്പ‌ര്‍ ത‌ന്നു. അവിടെ അടുത്തുള്ള‌ ചില‌ മ‌ല‌യാളിഹോട്ട‌ലുക‌ള്‍ പ‌രിച‌യ‌പ്പെടുത്തിത്ത‌ന്നു. ആരുടേയോ ന്ഴ്സിങ് സ‌ര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റ‌സ്റ്റേഷനുവേണ്ടി കൊണ്ടുവ‌ന്ന‌തായിരുന്നു അവ‌ന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മ‌നോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയ‌ര്‍ഫോഴ്സില്‍ വ‌ര്‍ക്കുചെയ്യുന്ന‌ സുഹൃത്തായ‌ സ‌തീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.

സംഭവമിതാണ്:
Apple Juice at Bangaloreമ‌നോജ് കാണിച്ചു ത‌ന്ന‌ ഹോട്ട‌ലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമ‌സ്സിക്കുന്ന‌ ജിജിമാഷിനും (ഞങ്ങള്‍ പ‌ര‌സ്പ‌രം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്ക‌റുള്ള‌ത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു ക‌രുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവ‌രെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുക‌യായിരുന്നു ഞാന്‍. നട്ടുച്ച‌വെയിലില്‍ സൂര്യന്‍ ത‌ന്റെ സ‌ക‌ല‌പ്രതാപ‌വും കാണിച്ച‌പ്പോള്‍ ഞാനാകെ ത‌ള‌ര്‍ന്നുപോയിരുന്നു, ഒരു ബേക്ക‌റിക്ക‌ട‌യില്‍ ക‌യ‌റി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡ‌ര്‍ കൊടുത്തു. അന്നേര‌മാണു ശ്രദ്ധിച്ച‌ത്, എന്നേക്ക‌ണ്ടിട്ടെന്ന‌പോലെ ഒരാള്‍ പെട്ട‌ന്ന് കടയുടെ ഉള്ളിലേക്കു മാറിയ‌തുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുക‌യും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുക‌യും ചെയ്യുന്ന‌ ആ വ്യക്തി ആരെന്ന‌റിയാന്നുള്ള‌ അദമ്യമായ‌ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവ‌ന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പ‌റ‌ഞ്ഞു. എന്നിട്ടു പുറ‌ത്തെക്കുമാറി ഒരു കോണ്‍‌ക്രീറ്റുതൂണിനുമ‌റ‌ഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സ‌പ്പോര്‍ട്ടിന് ഒരു മ‌നോര‌മ‌പേപ്പ‌റിന്റെ സ‌ഹായ‌വും തേടി.മ‌റ്റാരോ കൊടുത്ത‌ ബ‌ട്ട‌ര്‍ബ‌ന്നിന്റെ പ്രിപ്പ‌റേഷനുവേണ്ടി പുറ‌ത്തേക്കിറ‌ങ്ങിയ‌ ആ കൂട്ടുകാര‌നെ അവിശ്വസനീയ‌ത‌യോടെ ഞാന്‍ ക‌ണ്ടു. അവിടെത്ത‌ന്നെ മ‌റ‌ഞ്ഞിരിക്ക‌ണോ, അവ‌നേടു സംസാരിക്ക‌ണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പ‌ണ്ടുക‌ണ്ട‌മുഖമേ അല്ല‌. പാന്‍പ‌രാഗുപോലുള്ള‌ എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. ക‌ണ്ണുക‌ളില്‍ പ‌ഴ‌യ‌ തേജ‌സ്സില്ല‌. യാന്ത്രിക‌മായി പ്രവ‌ര്‍ത്തിക്കുന്ന‌ ഒരു മെഷ്യനെപ്പോലെ തോന്നി. അവ‌ന്‍ എന്നെ ക‌ണ്ടു!

നീ പോയിരുന്നില്ലേ?” ‍ നേരിയ‌ ചിരിവ‌രുത്തി അവ‌നെന്നോടു ചോദിച്ചു.

നീ എന്നെ ക‌ണ്ടിരുന്നേ?” എന്റെ മ‌റു ചോദ്യം.

ഹം, ഞാന്‍ ഒളിച്ചിരിക്കുക‌യായിരുന്നു. അറിയുന്ന‌വ‌ര്‍ വ‌രുമ്പോള്‍ ഒരു വ‌ല്ലായ്മ‌ തോന്നുന്നു.” അവ‌ന്‍ പ‌റ‌ഞ്ഞു തുട‌ങ്ങി. അവ‌ന്റെ കാക്കയുടെ ക‌ട‌യാണ‌ത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്ന‌താണ‌ത്രേ. നീയൊക്കെ ഉയ‌ര്‍ന്ന‌ നില‌യിലെത്തിക്കാണാന്‍ സാധിച്ച‌തില്‍ സ‌ന്തോഷമുണ്ടെടാ എന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌ന്റെ ശ‌ബ്ദ‌മിട‌റിയ‌തായി തോന്നി. അവ‌നെവിടെയോ ഒരു വ‌ലിയ‌ അബ‌ദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്ക‌തു ചോദിക്കാന്‍ തോന്നിയില്ല‌. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്ന‌വ‌ന്‍ ചോദിച്ചു. ക‌ഴിഞ്ഞ് ആഴ്ച‌ ഗോപാല‌കൃഷ്ണ‌നിവിടെ വ‌ന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം ക‌ഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മ‌നോജും ഞാനും ഇതു വ‌ഴിവ‌ന്നിരുന്നു എന്നും പ‌റ‌ഞ്ഞു. പക്ഷേ അവ‌ന്‍ മ‌നോജിനെ മ‌റ‌ന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ച‌വ‌നു നേരിയ‌ ഓര്‍‌മ്മപോലുമില്ല‌.

തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പ‌റ‌യേണ്ടാ‘ എന്ന‌വ‌ന്‍ ഇട‌യ്ക്കിട‌യ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.

അടുത്തുള്ള‌ മ‌ദ്യഷോപ്പു ചൂണ്ടി അവ‌ന്‍ ചോദിച്ചു ചീത്ത‌സ്വഭാവം വ‌ല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌നെന്നെ ക‌ളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വ‌ന്ന‌തെന്നും ആണുങ്ങളായാല്‍ അല്പ‌മ‌തൊക്കെ വേണ‌മെന്നുമൊക്കെ അവന്‍ പ‌റ‌യുന്ന‌ത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍‌ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍‌മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന‌ സാല‌റിയില്‍ പ‌കുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായ‌തില്‍ പ‌കുതികൊണ്ട് പെണ്‍കുട്ടിക‌ള്‍ക്ക് ചോക്ക‌ളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലട‌ക്കാന്‍ വ‌ഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ട‌പ്പിരിവു ന‌ട‌ത്തുന്നു ചില‌ കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക്‌ കൃത്യമായെത്തിക്കുന്നുണ്ട്‌.

വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ച‌ക‌ളിലെ മ‌റ്റൊരു മായ‌ക്ക‌ഴ്ച‌യായി ഇതിനെ തള്ളിക്ക‌ള‌യാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറ‌ഞ്ഞതാണു ജീവിത‌മെന്നു ഞാനോര്‍‌ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!

കൊതിപ്പിക്കും ക‌നിക്കിനാവുക‌ള്‍ക്കാട്ടി
ക്കൊതിപ്പിക്കും പ‌ക്ഷേ കൊടുക്ക‌യില്ലവള്‍
” ‍‍ -എന്നു വൈലോപ്പിള്ളിയോ മ‌റ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ള‌ട്ടേ, ന‌മുക്കു ജീവിതം ത‌രാന്‍ മ‌ടിക്കുന്ന‌തൊക്കെയും ജീവിത‌ത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള‌ ആര്‍‌ജ്ജ‌വം ന‌മുക്കുണ്ടാവ‌ണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവ‌രില്‍ നിന്നും ഒളിച്ച് ന‌മുക്കെത്രനാള്‍ ക‌ഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.

പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍‌ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.

എന്നോടു ക്ഷമിക്കുക…

എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…

എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…

എന്നോടു ക്ഷമിക്കുക…