അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ കണ്ടു. നല്ലൊരു സിനിമ; ഏതൊരാളും കാണേണ്ട സിനിമ തന്നെയാണിത്. പ്രണയവും ചരിത്രവും രാഷ്ട്രീയവുമൊക്കെ ഇടകലർത്തി ഒരു പുത്തൻ ദൃശ്യഭാഷ ഒരുക്കുകയായിരുന്നു ഫഹദ് ഫാസിലും കൂട്ടുകാരും. സമീപകാലത്ത് സിനിമ കണ്ട് തീയറ്റർ വിടുമ്പോൾ തോന്നുന്ന ഒരു വികാരമുണ്ട് – വേണ്ടായിരുന്നു എന്ന്. കാശുമുടക്കി കാണാനുള്ള വകയൊന്നും തന്നെ പലതിനും കാണാറില്ല; പക്ഷേ ഇയ്യോബിന്റെ പുസ്തകമങ്ങനെയല്ല. നിർബന്ധമായും നിങ്ങൾ ഇന്റെർവെൽ വരെയെങ്കിലും കണ്ടിരിക്കണം. ഇന്റെർവെൽ വരെ എന്നു പറയാൻ കാരണമുണ്ട് – അതുകഴിഞ്ഞ് നിങ്ങളുടെ വിവരവും ഭാവനയും .ഇടകലർത്തി പൂരിപ്പിച്ചെടുത്താലും കാശു മുതലാവും. അതുതന്നെ കാര്യം!
സമകാലിക സിനിമാക്കാരെ പരിഹസിച്ചുകൊണ്ട് അല്പം അഹങ്കാരത്തോടെ തന്നെയാണ് സിനിമ തുടങ്ങുന്നത് – അതെന്തിനാണെന്നു ചോദിക്കരുത്, എങ്കിലും ആ അഹങ്കാരത്തിൽ തെറ്റില്ല എന്നു സിനിമ തെളിയിക്കുന്നു. കെട്ടുറപ്പുള്ള തിരകഥയും മികച്ച ക്യാമറയും പഴയകാലത്തെ പുനഃസൃഷ്ടിച്ച വേഷവിധാനവും ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു. അഭിനയത്തിൽ ലാലും ഫഹദുമൊന്നും വലിയ അത്ഭുതമൊന്നും കാണിച്ചില്ലെങ്കിലും അവരുടെ കയ്യിൽ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു. ജയസൂര്യയും വില്ലൻ കഥാപാത്രങ്ങളായി എത്തിയവരും അതിലഭിനയിച്ച കുട്ടികൾ പോലും ഏറെ നന്നായി അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടേയും പത്മപ്രിയയുടേയും ഭാവഭേദങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒരു വാക്കുപോലും പറയാതെ പത്മപ്രിയയുടെ കഥാപാത്രം നമ്മോട് പറയേണ്ടതൊക്കെ കൃത്യമായി തന്നെ പറയുന്നുണ്ട്!! കേരളത്തിലെ പറയപ്പെടാതെ പോയ ചില ചരിത്രഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്. കമ്മ്യൂണിസം കപ്പലിറങ്ങി മല കേറുന്ന വരുന്നതും അത് തൊഴിലാളിവർഗത്തിനിടയിലേക്ക് നിശബ്ദം പടർന്നുകേറുന്നതും തൊഴിലാളിവർഗത്തിന്റെ വീര്യമായി മാറുന്നതും സിനിമയിൽ കാണാം. പോരായ്മകളേക്കാളേറെ മികച്ച ദൃശ്യവിരുന്നാണ് ഈ സിനിമ. മൂന്നാറിന്റെ സൗന്ദര്യം നിങ്ങളെ അങ്ങനെയങ്ങ് പിടിച്ചിരുത്തിക്കളയും. വലിയ സ്ക്രീനിൽ തന്നെ ഇതു കാണേണ്ടതുണ്ട്.
സിനിമ കാണാൻനുദ്ദേശിക്കുന്നവർ ഇനി താഴേക്ക് വായിക്കണമെന്നില്ല.
.
.
.
.
.
.
പറയാനുള്ളത് അല്പം കുറ്റം പറച്ചിലാണ്. കൊക്കയിലേക്ക് എറിയപ്പെട്ട നായകനെ കണ്ടപ്പോൾ തന്നെ കാണികൾക്ക് നിരൂപിക്കാനാവുന്നതാണ് ഒരു സാഗർ ഏലിയാസ് ജാക്കിയായി അവൻ തിരിച്ചു വരുമെന്ന്!; അതുകൊണ്ട് ഇന്റെർവെല്ലിൽ നായകനെ കൊന്നു കൊക്കയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ പ്രത്യേകിച്ച് സങ്കടമൊന്നും തോന്നിയില്ല. അവിടുന്നങ്ങോട്ട് കഥ ഊഹിക്കാവുന്നതാണ്. രണ്ടു പാട്ടുകൾ ഉള്ളത് തികച്ചും അനാവശ്യം തന്നെ. നായകന്റെ തിരിച്ചു വരവിനു ശേഷമുള്ള കൊലവിളികൾ നമ്മൾ കണ്ടു മടുത്തവ തന്നെയാണ്. ഇന്റെർവെല്ലിൽ ഇറങ്ങിവന്നാലും കുഴപ്പമില്ലെന്ന് മുകളിൽ പറഞ്ഞത് ഇതൊക്കെ കൊണ്ടാണ്. ഇങ്ങനെയൊക്കെയെങ്കിലും ആരും തന്നെ ഈ സിനിമ ഒഴിവാക്കി വിടരുത്. തീർച്ചയായും കാണുക; സോഷ്യോ-പൊളിറ്റിക്സിലൊക്കെ താല്പര്യമുണ്ടെങ്കിൽ നിർബന്ധമായും.
മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം
ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന യുവാവായിരുന്നു രാഹുൽ വിജയ്. പക്ഷേ, ആ ലളിത ജീവിതത്തിനു മരണം അപ്രതീക്ഷിതമായി തിരശ്ശീല ഇടുകയായിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടടുത്ത് അവൻ ജീവിതത്തോട് വിട പറയാൻ തുനിയുമ്പോൾ വാട്സാപ്പിൽ അവന്റെ അടുത്ത മെസേജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അന്നു രാവിലെ 9:18 ന് അവസാന മെസേജും അയച്ച് ഇറങ്ങിപ്പോയതായിരുന്നു രാഹുൽ! സന്തോഷത്തിന്റെ തുടര്‍സാധ്യതകള്‍ ഒളിപ്പിച്ചുവെച്ച നിറചിരിയും പരിചയപ്പെടുന്നവരിലെല്ലാം സന്തോഷം നിറയ്ക്കുന്ന ആ സാന്നിദ്ധ്യവും പെട്ടെന്ന് ഇല്ലാതായപ്പോൾ ഒട്ടൊന്നുമല്ല ഞങ്ങൾ പകച്ചു നിന്നത്! വെറും സൗഹൃദസംഭാഷണത്തിനപ്പുറം അവൻ ഞങ്ങൾക്കിടയിൽ പങ്കുവെച്ച മറ്റുചിലതുണ്ട്. രാഹുലുമൊന്നിച്ചുള്ള സൗഹൃദ നേരങ്ങളുടെ പച്ചപ്പും അവസാനം അവൻ തന്ന നൊമ്പരങ്ങളും ഓർത്തെടുക്കുകയാണിവിടെ.
ഓൺലൈൻ ലോകത്ത് രാഹുൽ ഒരു അന്തർമുഖനായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൗമുദി ഫോണ്ട് പരീക്ഷണാർത്ഥം പ്രസിദ്ധീകരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അതിലെ ബഗ്സ് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ബഗ്ഗുകളെ യഥാസമയം ഫിക്സ് ചെയ്യുകയും അതറിയിക്കുകയുമല്ലാതെ ഗൂഗിൾ പ്ലസ് പോലുള്ള സോഷ്യൽ മീഡിയയിൽ നടക്കുന്ന ആഘോഷങ്ങളിൽ (ഇതിനു വേണ്ടി ഗ്രൂപ്പുണ്ടാക്കുക, മെയിലിങ് ലിസ്റ്റ് തുടങ്ങുക, ദീർഘങ്ങളായ ചർച്ചയ്ക്ക് വഴിമരുന്നിടുക തുടങ്ങിയവയിൽ) നിന്നും രാഹുൽ വിട്ടു നിൽക്കുമായിരുന്നു. എന്നാൽ, ഈ ഒരു അന്തർമുഖത്വം നേരിട്ട് സംസാരിക്കുമ്പോൾ കണ്ടിരുന്നില്ല. മാത്രമല്ല, ഒരു സംശയം ചോദിക്കാനായി വിളിച്ചാൽ അതിന്റെ വേരിൽ നിന്നും തുടങ്ങി അവനത് വിശദീകരിക്കും. അറിവ് പങ്കുവെയ്ക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരു യോഗം വിളിച്ച് ചേർക്കാനോ, ഒരു പൊതു സഭയിൽ ഇതൊക്കെ വിശദീകരിക്കാനോ രാഹുലിന് അന്നു കഴിയുമായിരുന്നില്ല. അത് മിക്കവാറും ജോലിത്തിരക്കിനാൽ സാധിച്ചിരുന്നില്ല എന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ വ്യക്തമാക്കിയിരുന്നു.
ഫോണ്ടു നിർമ്മാണം
ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെയല്ല, ഏറെ സങ്കീർണമാണ് മലയാള അക്ഷരങ്ങൾ, മലയാളം പോലൊരു ഭാഷയ്ക്ക് കമ്പ്യൂട്ടറിൽ അക്ഷരരൂപം ഉണ്ടാക്കുക, അതും പഴയ ലിപിയിൽ എന്നത് അതിലേറെ സങ്കീർണമായ കാര്യമാണ്. ഏറെ ക്ഷമയും സമയവും ആവശ്യമുള്ള ജോലിയാണത്. അത് ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്താനായി എന്നതാണ് രാഹുലിന്റെ പ്രത്യേകത. ഇതിനായി ആയിരത്തോളം അക്ഷര രൂപങ്ങളെ വരച്ചെടുക്കേണ്ടതുണ്ട്. പിന്നെ അവയുടെ ഓരോന്നിന്റേയും പ്രോസസിങ്. സ്വതന്ത്ര്യമലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടും ചില വ്യക്തികളുടെ ശ്രമങ്ങളിലൂടെയും മലയാളത്തിൽ യുണീക്കോഡ് വ്യവസ്ഥയിൽ കുറച്ച് ഫോണ്ടുകൾ ഇറക്കിയിട്ടുണ്ട് എന്നല്ലാതെ വലിയൊരു സംഭാവന ഈ രംഗത്ത് ഇനിയും ഉണ്ടായിട്ടില്ല. ഫോണ്ടു നിർമ്മിച്ചെടുക്കാനുള്ള മെനക്കേടുമാത്രമല്ല അതിനുള്ള സാങ്കേതികവിദ്യ വശമില്ലാത്തതും മലയാളത്തിൽ യുണീക്കോഡു ഫോണ്ടുകളുടെ എണ്ണം കുറയുന്നതിനു കാരണമായി. നൂറു കണക്കിനു ആസ്കി ഫോണ്ടുകളുള്ള മലയാളത്തിൽ യുണീക്കോഡ് ഫോണ്ടുകളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്ക് ഏകാകിയായി കടന്നുവന്ന രാഹുൽ ശ്രദ്ധയർഹിക്കുന്നു.
എന്താണു ഫോണ്ട്? എന്താണ് ആസ്കി? എന്താണു യുണീക്കോഡ്?
കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തുക ബൈനറി(1,0 എന്നീ അക്കങ്ങളുടെ ശ്രേണി) രൂപത്തിലാണ്. അക്ഷരങ്ങളും ചിത്രവും ശബ്ദശകലവുമെല്ലാം സൂക്ഷിക്കുക ഇങ്ങനെ തന്നെ. ഇതിൽ തന്നെ അക്ഷരങ്ങൾ രേഖപ്പെടുത്തുക എൻകോഡിങ്ങ് രൂപത്തിലാണ്. ഓരോ അക്ഷരത്തിനും പ്രത്യേകം കോഡ് നല്കുക എന്നതാണ് ചെയ്യുക.
എൻകോഡ് ചെയ്യപ്പെട്ട വിവരം എങ്ങനെയാണു സ്ക്രീനിൽ കാട്ടേണ്ടതെന്നു കമ്പ്യൂട്ടറിനു പറഞ്ഞു കൊടുക്കുന്ന ഒരു ഫയലാണ് ഫോണ്ട്. ഇത് ഓരോ കോഡ്‌പോയിന്റുകളെയും ഓരോ ചിത്രരൂപങ്ങളുമായി മാപ്പ് ചെയ്യുന്നു. ഡോക്യുമെന്റിൽ ഒരു കോഡ്പോയിന്റ് കാണപ്പെടുമ്പോൾ കമ്പ്യൂട്ടർ ഫോണ്ട് ഫയൽ പരിശോധിക്കുകയും, പ്രസ്തുത കോഡ് പോയിന്റിനു നേരെയുള്ള അക്ഷരരൂപം പിക്സൽ എന്നറിയപ്പെടുന്ന ബിന്ദുക്കളുടെ കൂട്ടമായി സ്ക്രീനിൽ വരയ്ക്കുകയും ചെയ്യുന്നു.
എൻകോഡിങ്ങ് വ്യവസ്ഥകളിൽ ഏറ്റവും പ്രചാരമുള്ളത് ആസ്കിയാണ് (American Standard Code for Information Interchange). എട്ടു ബിറ്റുപയോഗിച്ച് നിർമ്മിക്കാവുന്ന 256 കോഡ് പോയിന്റുകളിൽ (28=256) ആദ്യ 128 എണ്ണം മാത്രമേ ഇംഗ്ലീഷും കീബോഡിൽ കാണുന്ന മറ്റു ചിഹ്നങ്ങളും എൻകോഡ് ചെയ്യാൻ ആസ്കി ഉപയോഗപ്പെടുത്തുന്നുള്ളൂ. ബാക്കി അവശേഷിക്കുന്ന 128 കോഡ്പോയിന്റുകളാണ് മലയാളമടക്കം എല്ലാ ഭാഷകളും ഒരേ സമയം ഉപയോഗിക്കുക. ഒരേ ഭാഷയിലുള്ള ഫോണ്ടുകളെല്ലാം കോഡ്‌പോയിന്റുകളിൽ ഒരു മാനകീകരണം പിന്തുടർന്നു വന്നിട്ടുമില്ല(ഉദാഹണത്തിന് ഒരു പ്രത്യേക മലയാള ഫോണ്ടിൽ ‘അ’ രേഖപ്പെടുത്താൽ ഉപയോഗിക്കുന്ന കോഡ് പോയിന്റ് മറ്റൊരു ഫോണ്ടിൽ ‘സ’ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന അവസ്ഥ). ഇത് പശ്ചാത്തല ആശ്രിതത്വത്തിനു (Platform Dependency) കാരണമാകുന്നു. അതായത് ഉള്ളടക്കം എഴുതുവാൻ ഉപയോഗിച്ച അതേ പശ്ചാത്തലങ്ങൾ (ഫോണ്ട്, ഓപറേറ്റിങ്ങ് സിസ്റ്റം, ഹാർഡ്‌വെയർ വ്യവസ്ഥ) ഇല്ലെങ്കിൽ മറ്റൊരാൾക്ക് ഇത് വായിക്കാൻ പറ്റില്ലെന്നു വരുന്നു. അല്ലെങ്കിൽ ഡോക്യുമെന്റിനൊപ്പം ഫോണ്ട് എംബഡ് ചെയ്യേണ്ടി വരും. ഇതെപ്പോഴും സാധിക്കണമെന്നില്ല. ഈ അവസ്ഥ, ഭാഷ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നതിനും , മറ്റു ഭാഷാകമ്പ്യൂട്ടിങ്ങ് സാധ്യതകൾക്കും (മെഷിൻ പരിഭാഷ, ലിപി മാറ്റം, ടെക്സ്റ്റ് റീഡിങ്ങ്, ബ്രെയിൽ ലിപിയിലേക്ക് മാറ്റുക മുതലായവ) തടസ്സമായി വരുന്നു.
ഇതിനൊരു പരിഹാരമായാണു യുണീക്കോഡ് (Unicode) നിർദ്ദേശിക്കപ്പെട്ടത്. ആസ്കിയെത്തന്നെ വിപുലപ്പെടുത്തിയ യുണീക്കോഡിൽ 16 ബിറ്റുപയോഗിച്ച് അറുപത്തയ്യായിരത്തോളം (216 = 65536) കോഡ്‌പോയിന്റുകൾ നിർമ്മിക്കാനാകും. ലോകത്തിലെ ഏതാണ്ട് പ്രധാന ഭാഷകളിലെ അക്ഷരങ്ങളെല്ലാം എൻകോഡ് ചെയ്യാൻ ഇത് മതിയാകും. അതിനാൽ ഓരോ ഭാഷയ്ക്കും വെവ്വേറെ കോഡ്പോയിന്റുകൾ നൽകപ്പെട്ടു(3328 മുതൽ 3455 വരെയുള്ള 128 കോഡ്പോയിന്റുകളാണു മലയാളത്തിനനുവദിച്ചിരിക്കുന്നത്.) വാക്കുകൾ ഏതുപ്രകാരം കാണിക്കണമെന്ന് എഴുതിയ ആൾ തീരുമാനിച്ചിരുന്ന ആസ്കിയിൽ നിന്നും വ്യത്യസ്തമായി കാഴ്ചക്കാരനാണ് എപ്രകാരം കാണണമെന്ന് യുണീക്കോഡിൽ തീരുമാനിക്കുക.
കേരളത്തിൽ 2006 മുതൽ തന്നെ ബ്ലോഗിങ്ങ്, വിക്കിപീഡിയ മുതലായവ വഴി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പരിചിതമായെങ്കിലും പ്രിന്റിങ് മേഖലയ്ക്ക് ഇപ്പോഴും യുണീക്കോഡ് അന്യമാണ്. നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ പലതും യുണീക്കോഡ് പിന്തുണയ്ക്കാത്തതും, അവ നവീകരിക്കാൻ വരുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയുമാണു പ്രസാധകരെ ഇതിൽ നിന്നും പിന്നോട്ടു വലിക്കുന്നത്.
ഒരു പത്രത്തിന് അതിന്റെ ഫോണ്ട് എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. മിക്കവാറും എല്ലാ പത്രങ്ങൾക്കും അവരുടെ അക്ഷരരൂപങ്ങൾ ഒരു ഐഡന്റിറ്റിയാണ്; മലയാള മനോരമ പോലുള്ള പത്രങ്ങൾ അവരുടെ പ്രിന്റിങ് ഫോണ്ട് ഉണ്ടാക്കാനായി ലക്ഷങ്ങൾ മുടക്കി വിദേശത്തുനിന്നും വിദഗ്ദരെ കൊണ്ടുവന്നിരുന്നു എന്നു വായിച്ചിട്ടുണ്ട്. അക്ഷരങ്ങളിലൂടെ ഓരോരുത്തരും അവരവരുടെ തനിമ നിലനിർത്തിപ്പോരുന്നു. അങ്ങനെയുള്ള ഐഡന്റിറ്റിയെ കൗമുദി പത്രവുമായി ബന്ധപ്പെട്ട് മാറ്റിമറിക്കാനും അവിടെ യുണീകോഡ് പ്രിന്റിങ് എന്ന വിപ്ലവകരമായൊരു മാറ്റത്തിനു തുടക്കം കുറിക്കാനും കഴിഞ്ഞത് രാഹുലിന്റെ കർമ്മകുശലതയെയാണു കാണിക്കുന്നത്. ഒറ്റയ്ക്കായിരുന്നു രാഹുലിന്റെ യാത്രയത്രയും. അവനത് പെട്ടെന്ന് ചെയ്തെടുക്കുകയായിരുന്നില്ല. പ്രതിസന്ധികളെ തരണം ചെയ്തുതന്നെയാണവൻ വിജയിച്ചത്.
മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ രാഹുൽ നൽകിയ ഏറ്റവും ശ്രദ്ധേയമായ സംഭാവാൻ ആസ്കിയിൽ (ASCII) കുരുങ്ങിക്കിടന്ന മലയാളം പ്രിന്റിങ്ങ് മേഖലയെ യുനീക്കോഡിലേക്കു പറിച്ചു നടുന്നതിൽ സാങ്കേതികപരമായ നേതൃത്വം വഹിച്ചു എന്നതാണ്. മുൻപും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ തോതിലുള്ള ഒരു മാറ്റം നടക്കുന്നത് രാഹുലിന്റെ മേൽനോട്ടത്തിലാണ്.
വയനാട് ബ്യൂറോ ചീഫായിരുന്ന രാഹുൽ കൗമുദിയിലുപയോഗിക്കുന്ന ഫോണ്ടിന്റെ പിഴവ് കാട്ടി മാനേജ്മെന്റിന് ഒരു കത്തെഴുതിയിരുന്നു. കൗമുദിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അവർ പത്രത്തിൽ സമൂല മാറ്റം ആലോചിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഇത്തരുണത്തിൽ രാഹുൽ നൽകിയ ഉറപ്പിനെത്തുടർന്നാണു കൗമുദി യുണീക്കോഡിനെ ആസ്പദമാക്കി വർക്ക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റം നിർമ്മിക്കാനാരംഭിക്കുന്നതും തുടർന്ന് പ്രിന്റിങ്ങ് യുണീക്കോഡിലേക്ക് മാറ്റുന്നതും.
കൗമുദിയിലെ രാഹുൽ
രാഹുലിന്റെ നേതൃപാടവം ഏറെ തെളിഞ്ഞുകണ്ട പ്രവർത്തനമാണ് 2012 മുതൽ കേരള കൗമുദി ദിനപത്രം യുണീക്കോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയെന്നത്. 1979-ലെ ലിപി പരിഷ്കരണത്തോടെ ഉപേക്ഷിക്കപ്പെട്ട മലയാളത്തിന്റെ തനതു ലിപിയിലേക്ക് കേരള കൗമുദിയെ തിരികെയെത്തിച്ചതും രാഹുലാണ്. ഇതിനായി അറുനൂറിലധികം ഗ്ളിഫുകൾ അടങ്ങിയ ‘അരുണ’ എന്ന തനതു ലിപി ഫോണ്ട് രാഹുൽ നിർമ്മിക്കുകയുണ്ടായി. കൌമുദി ഫ്ലാഷിലടക്കം ഉപയോഗിക്കാൻ പന്ത്രണ്ടോളം ഫോണ്ടുകളുടെ സെറ്റ് കൌമുദിക്കായി രാഹുൽ നിർമ്മിച്ചിരുന്നു.
കൗമുദിയില്‍ തന്നെ ജോലിയുടെ ഒഴുക്കിനെ ക്രമീകരിക്കാന്‍ ഒരു ഇന്റേണൽ വര്‍ക്ക് ഫ്ലോ മാനേജ്മെന്റ് സിസ്റ്റവും രാഹുലിന്റെ നേതൃത്വത്തില്‍ പിറന്നു. ന്യൂസ് അഗ്രിഗേഷന്‍ മുതല്‍ പ്രിന്റിങ്ങ് വരെയുള്ള ജോലികള്‍ കാര്യക്ഷമമായി ക്രമീകരിക്കാന്‍ ഇതു കൗമുദിയെ സഹായിച്ചു. മറ്റ് സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കി അഡോബി എക്സ്പീരിയൻസ് മാനേജർ, സി.ക്യു.5 മുതലായ പ്രൊഫഷനൽ സോഫ്റ്റ്‌വെയർ വാങ്ങുന്നയിടത്താണു രാഹുലും സുഹൃത്തുക്കളും ചുരുങ്ങിയ ചെലവിൽ വെബ് ഇന്റർഫേസായി ന്യൂസ് ട്രാക്ക് നിർമ്മിച്ചത്. ഇതിനോടനുബന്ധിയായി രൂപപ്പെടുത്തിയ ഇന്സ്ക്രിപ്റ്റ്, വെരിഫോണ്ട് സ്കീമുകൾ ഉൾക്കൊള്ളിച്ച ടൈപ്പിങ് ഉപകരണങ്ങൾ, ആസ്കി-യുണീക്കോഡ് കൺവെർട്ടർ (കൗമുദി കണ്‍വെർട്ടർ) എന്നിവയും രാഹുലിന്റെ സംഭാവനകളാണു്. ഇൻഡിസൈനിൽ മലയാളം പിന്തുണ പൂർണ്ണമായും ലഭ്യമാക്കാൻ ഒരു എക്സ്റ്റെൻഷനും രാഹുൽ നിർമ്മിച്ചിട്ടുണ്ട്. കൌമുദിയില്‍ വരുത്താനുദ്ദേശിക്കുന്ന സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ മാറ്റത്തെക്കുറിച്ചും ഒരിക്കല്‍ രാഹുല്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷണമായി കുറച്ചു കമ്പ്യൂട്ടറുകള്‍ വിന്‍ഡോസ് ഓപറേറ്റിങ്ങ് സിസ്റ്റം മാറ്റി ഉബുണ്ടു പരീക്ഷിച്ചതു വിജയമാണെന്നും കാലാന്തരേണ ഇതു മുഴുവനായി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും രാഹുല്‍ പങ്കുവച്ചിരുന്നു.
പിന്നീട് ഏഷ്യാനെറ്റിലെത്തിയ രാഹുൽ അവിടെ സോഷ്യൽ മീഡിയാ കോ- ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. വാർത്താപ്രൊമോഷനു വേണ്ടി ഉപയോഗിക്കാനായി ഹനിയ, മിഥുന എന്നിങ്ങനെ രണ്ടു ഫോണ്ടുകൾ രാഹുൽ ചെയ്തിരുന്നു. മികച്ച ഒരു സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് വിദഗ്ദനായ രാഹുലിന്റെ കഴിവ് ഏഷ്യാനെറ്റിനെ സോഷ്യൽ മീഡിയയിൽ മുൻപന്തിയിലെത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. നിലവിൽ ഏഷ്യാനെറ്റ് വെബ്‌സൈറ്റിന്റെ മൊബൈൽ ഇന്റർഫേസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രാഹുൽ. ഒപ്പം യുണീകോഡിലേക്കു മാറിയ ഏഷ്യാനെറ്റ് ചാനലിനായി ഒരു സ്ക്രീന്‍ഫോണ്ട് ചെയ്യാനും രാഹുല്‍ ഉദ്ദേശിച്ചിരുന്നു.
കൗമുദി എന്ന ഫോണ്ട്
‘കൗമുദി’ ഫോണ്ടിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഞങ്ങളിൽ പലരും രാഹുലിനെ പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്ക്രീനിനിണങ്ങിയ ഒരു പുതിയ ലിപി ഫോണ്ട് ഒറ്റയ്ക്ക് ഡിസൈൻ ചെയ്ത് സ്വതന്ത്രാനുമതിയിൽ രാഹുൽ പ്രസിദ്ധീകരിച്ചു. ഇതിലെ പിശകുകൾ മാറുന്നതിൽ ഗൂഗിൾ പ്ലസ്, ഫേസ്‌ബുക്ക് സുഹൃത്തുക്കൾ രാഹുലിനെ സഹായിച്ചിരുന്നു. റെഗുലര്‍ ഫോണ്ടായി ആദ്യം പുറത്തിറങ്ങിയ ‘കൗമുദി’യിൽ കൂടുതൽ ഗ്ളിഫുകൾ ഉൾപ്പെടുത്തി ബോള്‍ഡ്, ഇറ്റാലിക്സ്, ബോള്‍ഡ് ഇറ്റാലിക്സ് എന്നീ വകഭേദങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ രാഹുലിനു കഴിഞ്ഞു.
ഈ ഫോണ്ടാണു ഇപ്പോള്‍ കേരള കൗമുദി അവരൂടെ വെബ്സൈറ്റിനായി ഉപയോഗിക്കുന്നത്. രാഖി എന്ന പേരില്‍ ഒരു പഴയലിപി ഫോണ്ടിന്റെ കൂടി പണിപ്പുരയിലായിരുന്നു രാഹുല്‍. അധികം പേര്‍ കടന്നു വന്നിട്ടില്ലാത്ത മലയാളം യുണീകോഡ് ഫോണ്ട് നിര്‍മ്മാണത്തില്‍ പുതുമുഖങ്ങളെ സഹായിക്കാന്‍ ഒരു ബ്ലോഗ് രാഹുൽ എഴുതി വന്നിരുന്നു. ഒരു വര്‍ക്‌ഷോപ് സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം പലതവണ രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. പിന്നീട് രാഹുല്‍, ജീസ്‍മോന്‍ ജേക്കബ് എന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ സഹായത്തോടെ, മലയാളം പിന്തുണയില്ലാത്ത ആന്‍ഡ്രോയ്ഡ് 2.2 ശ്രേണിയിലുള്ള ഫോണുകള്‍ക്കായി തന്റെ കൗമുദി ഫോണ്ട് ഏ.പി.കെ രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ഫോണ്ടുണ്ടാക്കാൻ ഒരു ടെമ്പ്ലേറ്റ്
അവന്റെ മരണത്തിനു തലേന്ന് വൈകുന്നേരം വിളിച്ചപ്പോൾ മലയാളം പഴയ ലിപിയെ പറ്റിയായിരുന്നു ഞങ്ങൾ സംസാരിച്ചത്. സാധാരണഗതിയിൽ ആയിരത്തിൽ അധികം അക്ഷരരൂപങ്ങൾ പഴയ ലിപിയിൽ വരച്ചെടുക്കേണ്ടതുണ്ട്. അതിനായി അവൻ ഒരു ടെമ്പ്ലേറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. പരമാവധി അക്ഷരരൂപങ്ങളെ കൂട്ടിച്ചേർക്കാനും അക്ഷരങ്ങളെ ചെറുതാക്കാനും ഉള്ള നിരവധി സ്ക്രിപ്റ്റുകൾ അവൻ എഴുതിവെച്ചിട്ടുണ്ട്. അതുവഴി അക്ഷരരൂപങ്ങൾ വരച്ചുണ്ടാക്കുന്ന സമയം ഗണ്യമായി ലാഭിക്കാൻ പറ്റുമായിരുന്നു. ഈ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ വരച്ചെടുക്കേണ്ട അക്ഷരങ്ങളുടെ ചാർട്ടും അവൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. എത്ര അക്ഷരങ്ങളും ഏതൊക്കെ ചിഹ്നങ്ങളും വരച്ചെടുക്കണം, ഏതൊക്കെ അക്ഷരങ്ങളെ പരസ്പരം സ്ക്രിപ്റ്റുപയോഗിച്ച് കൂട്ടിച്ചേർക്കാം, തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഉൾപ്പെട്ട ഒരു സഹായി ആയിരുന്നു അത്. ഈ ലിസ്റ്റ് പഴയലിപിയുടെ നിർമ്മാണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അനാവശ്യമായി അക്ഷരരൂപങ്ങൾ വരച്ചെടുക്കുന്നതും അവയെ പ്രോസസ്സ് ചെയ്യുന്നതും ഇതുവഴി ഒഴിവാക്കാം. ഇതൊക്കെ തിങ്കളാഴ്ച ഷെയർ ചെയ്യാമെന്നു പറഞ്ഞിട്ടാണവൻ അന്നു ഫോൺ വെച്ചത്. അവന്റെ ഓഫീസിലെ കമ്പ്യൂട്ടറിൽ അതു കാണണം. അതു വെളിച്ചം കാണിക്കാൻ ഒരുപക്ഷേ ഏഷ്യാനെറ്റ് വിചാരിച്ചാൽ സാധിക്കുമായിരിക്കും. ഫോണ്ടുണ്ടാക്കാനിറങ്ങുന്ന മറ്റുള്ളവർക്ക് അത് ഏറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. മലയാളത്തിൽ ഇങ്ങനെയൊരു ലിസ്റ്റ് ചിലരുടെയെങ്കിലും കൈയ്യിൽ ഉണ്ടാവും, പക്ഷേ, അവരെ സമീപിക്കുക എന്നത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അതുവെച്ച് അവർ ചെയ്യുന്ന ഫോണ്ടുകൾ ഉപയോഗിക്കാമെന്നല്ലാതെ, അതിന്റെ രഹസ്യം പൊതുവിൽ പരസ്യപ്പെടുത്താൻ മടിക്കുന്നതായിരിക്കാം ഇത് ലഭ്യമാകാതിരിയ്ക്കാൻ കാരണം. നിലവിൽ മലയാളത്തിൽ യുണീക്കോഡു വ്യവസ്ഥയിലുള്ള ആലങ്കാരിക ഫോണ്ടുകൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരത്തിലുള്ള നിരവധി ഫോണ്ടുകൾ ഇനി മലയാളത്തിൽ വരേണ്ടിയിരിക്കുന്നു.
മൊബൈൽ റൂട്ടിങ്ങ്
മൊബൈൽ റൂട്ടിങ്ങിനെ പറ്റിയുള്ള ആദ്യചിന്ത തന്നത് രാഹുലായിരുന്നു. പഴയ ഒരു ഫോണിൽ മലയാളം കൃത്യമായി എങ്ങനെ വരുത്താം എന്ന ചിന്തയിൽ ഒരിക്കൽ അവനെ സമീപിച്ചിരുന്നു. കൗമുദി ഫോണ്ടിന് ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി എന്നത് ആ സമയത്ത് വലിയൊരു ആശ്വാസമായി തോന്നിയിരുന്നു. ഇന്നിപ്പോൾ ഏതൊരു ആൻഡ്രോയിഡ് ഫോണിലും മലയാളം നന്നായി വഴങ്ങുന്നുണ്ട്. ചില കൂട്ടുകാർ പറഞ്ഞതു കേട്ട് സയനോജെൻ മോഡിലേക്ക് മാറ്റി മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ചെറിയൊരു ധൈര്യക്കുറവ് ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ബ്രിക്ക് ആയിപ്പോവാൻ എല്ലാ സാധ്യതയും ഉണ്ട് എന്ന് നിർദ്ദേശങ്ങൾ എഴുതിയിരുന്ന സൈറ്റിൽ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിനെ വിളിച്ചപ്പോൾ അവൻ, “ഒന്നും സംഭവിക്കില്ല, നന്നായി ടെസ്റ്റ് ചെയ്ത സയനോജൻ മോഡ് റോം അതിലെ കമന്റൊക്കെ വായിച്ച് ഡൗൺലോഡ് ചെയ്തെടുത്തോളൂ – കുഴപ്പമൊന്നും വരില്ല” എന്നാണ് പറഞ്ഞത്. എനിക്കതിന് അവന്റെ സഹായം അധികമൊന്നും വേണ്ടി വന്നില്ലെങ്കിലും അവൻ പകർന്ന ഒരു ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു. ആൻഡ്രോയിഡ് 2.2 -ഇൽ തുടങ്ങി പിന്നീട് ആൻഡ്രോയ്ഡ് 4.2.2 വരെ വർക്ക് ചെയ്യിപ്പിക്കാൻ ഇത് സഹായകരമായി.
മറ്റു പ്രവർത്തനങ്ങൾ
ആൻഡ്രോയ്ഡിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ഓപറേറ്റിങ് സിസ്റ്റമായ സയനോജെന്‍ മോഡിന്റെയടക്കം ഒട്ടനവധി സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ പരിഭാഷയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളൊന്നും ഒരു സംഘടനയുമായും ബന്ധപ്പെട്ടല്ലായിരുന്നു ചെയ്തിരുന്നത്. പലപ്പോഴും ഞങ്ങള്‍ അതിനു നിര്‍ബന്ധിച്ചപ്പോഴും ഒരല്പം അന്തർമുഖത്വത്തോടെ ഒഴിഞ്ഞുമാറുകയായിരുന്നു രാഹുല്‍ ചെയ്തിരുന്നത്. ഫോണ്ടുമായി ബന്ധപ്പെട്ട് നിരവധി പ്രോജക്റ്റുകൾ അവൻ ഏറ്റെടുത്തതും വിനയായി മാറി.
അവന്റെ മരണം സൃഷ്ടിച്ച ശൂന്യത വിട്ടുമാറുന്നില്ല. മൊബൈലിൽ അവന്റെ നമ്പർ ഡിലീറ്റ് ചെയ്യാൻ ഇതുവരെ ഞങ്ങൾക്കു പറ്റിയിട്ടില്ല. പ്രിയങ്കരനായ ഒരു കൂട്ടുകാരന്റെ വിയോഗം ബാക്കിവെയ്ക്കുന്നത് നീറിപ്പുകയുന്ന കുറേ ഓർമ്മകളും വേദനയും മാത്രം.
പഞ്ചലിംഗദർശനത്തിനു പേരുകേട്ട നാടാണ് കർണാടകയിലെ തലക്കാട്. കാവേരി നദിയോടു ചേർന്ന് ഭൂതകാലത്തിലെന്നോ പ്രൗഡിയോടെ വരമരുളിയ ഒരു കൂട്ടം ദൈവങ്ങളുടെ നാട്. അജ്ഞാതമായ ഏതോ കാരണത്താൽ മണൽ വന്നു മൂടി മണ്ണിനടിയിലേക്ക് ആഴ്ന്നുപോയ നിരവധി അമ്പലങ്ങൾ! Continue reading →
ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പതിനൊന്നു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം Continue reading →
ആമി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഒരു പ്രധാനപ്പെട്ട സ്റ്റേജിലൂടെ ആണെന്നു തോന്നുന്നു. വാക്കുകൾ മനസ്സിലുണ്ടായിട്ടും അത് കൃത്യമായി പ്രകടിപ്പിക്കാനാവത്തതിന്റെ സങ്കടം പലപ്പോഴും കരച്ചിലായി വരുന്നു; അവൾ ഉദ്ദേശിച്ച കാര്യം നമ്മൾ മനസ്സിലാക്കിയെന്നറിയുമ്പോൾ ഒരു കുഞ്ഞു പൂപ്പുഞ്ചിരി ചുണ്ടിൽ വിരിയും! Continue reading →
ഏതാനും വാക്കുകൾ കൊണ്ട് എഴുതിത്തീർക്കാവുന്ന ഒരു ഭൂമികയല്ല മാടായിപ്പാറ. അത് കാലത്തിന്റെ വിവിധ അടരുകളിലൂടെ സഞ്ചരിക്കുന്ന ഒരു മഹാകാവ്യമാണ്. മഴമേഘങ്ങൾ അതിന്റെ നെറുകയിൽ ചുംബിക്കുന്നതും, കാക്കപ്പൂവുകൾ നീലപ്പട്ട് വിരിക്കുന്നതും, ചരിത്രത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന കാറ്റിൽ അലിഞ്ഞുചേരുന്നതും മാടായിപ്പാറയുടെ മാത്രം മാന്ത്രികതയാണ്. നിങ്ങൾ കുറിച്ച വരികളിലെ ആത്മബന്ധം ഉൾക്കൊണ്ട്, പ്രകൃതിയുടെ ഈ വിസ്മയത്തെക്കുറിച്ച് അല്പം കൂടി വിപുലമായി എഴുതട്ടെ. Continue reading →
ആഗസ്റ്റ് 15 നു ആമിക്കുട്ടിക്ക് ഒരു വയസ്സു തികയുകയാണ്! ഒരച്ഛനായതിന്റെ ഒരു വർഷം! മഞ്ജു ഒരമ്മയാതിന്റെ ഒരു വർഷം! ഒരു കുഞ്ഞു കളിക്കുടുക്കയായി അവൾ ഇപ്പോൾ പിച്ചവെച്ചു നടക്കാൻ തുടങ്ങിയിരിക്കുന്നു; പിഞ്ചിളം കാലടികളാൽ ചുവടുകൾ വെച്ച് അവൾ ഓടുകയാണെന്നു പറയണം! പതിയെ നടക്കുമ്പോൾ ബാലൻസുതെറ്റി വീണുപോവും. Continue reading →
ഭ്രാന്ത് പലർക്കും കാവ്യാത്മകമാണ്; ചിലർക്കതാണു പ്രണയം. എന്നാൽ കാവ്യാത്മകമാവാത്ത, കടുത്ത യാഥാർത്ഥ്യത്തിൽ ഭ്രാന്ത് എന്നത് ഏറെ ഭീകരമാണ്. സംസ്കാരശൂന്യരായി, വിശപ്പിനെ മാത്രം ഭയന്ന്, വിശപ്പിനെ മാത്രം പ്രണയിച്ച്, വിശപ്പിനുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ചിലരാണിവിടെ പറ്റയാളികൾ. Continue reading →
ഞാനൊരിക്കൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു! ചെറുപ്പത്തിലാണ്, അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ! ഒരു ദിവസം രാവിലെ അമ്മ എന്നെ പൊതിരെ തല്ലി! തല്ലിയതെന്തിനെന്ന് ഓർക്കുന്നില്ല! സ്കൂളിലേക്ക് പോകാൻ ഒരുങ്ങി നിന്നപ്പോൾ ആയിരുന്നുവത്. രക്ഷപ്പെടാനായി പുസ്തകക്കെട്ടുമെടുത്ത് ഞാനോടുകയായിരുന്നു. Continue reading →
പനിയുടെ നിറം മഞ്ഞയാണെന്നു തോന്നുന്നു!!
പനിയുണ്ട്, തലവേദനയുണ്ട്, ചുമയുണ്ട്, കണ്ണുകളും വേദനിക്കുന്നു – എങ്കിലും ഒരു സുഖമുണ്ട്!
ഒടയഞ്ചാലിൽ ഒരു ഫോറസ്റ്റുണ്ട്!!
പെരുമഴയത്ത് അതിനിടയിലൂടെ മഴ നനഞ്ഞ് നടക്കുമ്പോൾ ഒരു സുഖമുണ്ട്…
വൻ കാറ്റിൽ മരങ്ങൾ ഉലയുന്നതും Continue reading →
ID used to identify users for 24 hours after last activity
24 hours
_gat
Used to monitor number of Google Analytics server requests when using Google Tag Manager
1 minute
_ga_
ID used to identify users
2 years
__utmx
Used to determine whether a user is included in an A / B or Multivariate test.
18 months
_ga
ID used to identify users
2 years
_gali
Used by Google Analytics to determine which links on a page are being clicked
30 seconds
__utmz
Contains information about the traffic source or campaign that directed user to the website. The cookie is set when the GA.js javascript is loaded and updated when data is sent to the Google Anaytics server
6 months after last activity
__utmv
Contains custom information set by the web developer via the _setCustomVar method in Google Analytics. This cookie is updated every time new data is sent to the Google Analytics server.
2 years after last activity
__utmb
Used to distinguish new sessions and visits. This cookie is set when the GA.js javascript library is loaded and there is no existing __utmb cookie. The cookie is updated every time data is sent to the Google Analytics server.
30 minutes after last activity
__utmc
Used only with old Urchin versions of Google Analytics and not with GA.js. Was used to distinguish between new sessions and visits at the end of a session.
End of session (browser)
__utma
ID used to identify users and sessions
2 years after last activity
__utmt
Used to monitor number of Google Analytics server requests
10 minutes
_gac_
Contains information related to marketing campaigns of the user. These are shared with Google AdWords / Google Ads when the Google Ads and Google Analytics accounts are linked together.