തൃക്കരിപ്പൂരിലെ രജിസ്‌ട്രേഷൻ ഓഫീസിലെ തിരക്കുകൾക്കിടയിൽ, ഒരു പുതിയ സൗഹൃദം മൊട്ടിട്ടു. ആധാരമെഴുത്തുകാരനായ അമ്പാടി സാറുമായുള്ള സംഭാഷണങ്ങൾ പുസ്തകങ്ങളെയും കലകളെയും കുറിച്ചുള്ള പൊതുവായ ഇഷ്ടങ്ങളാൽ പെട്ടെന്ന് ഊഷ്മളമായി. കാര്യങ്ങളെല്ലാം ഭംഗിയായി പര്യവസാനിച്ച ശേഷം, ഞങ്ങൾ വെറുതെയിരിക്കുമ്പോൾ, ഒരു ശൂന്യമായ മുദ്രപ്പത്രവുമായി ഒരാൾ അവിടേക്ക് കടന്നുവന്നു.
അമ്പാടി സാർ കാര്യം തിരക്കിയപ്പോൾ, അയാൾ ഒരു ഫോൺ വിളിയിലൂടെ വിഷയം സാറിന് കൈമാറി. സംഭാഷണത്തിലെ ഓരോ വാക്കും അവിടെയിരുന്ന ഞാനും കേട്ടു. അതൊരു സ്ഥലത്തിന്റെയോ വസ്തുവിന്റെയോ തർക്കമായിരുന്നില്ല, മറിച്ച് ഒരു അമ്മയുടെ ‘ശരീരത്തിന്റെ’ അവകാശത്തെക്കുറിച്ചുള്ള കരാറിനെപ്പറ്റിയായിരുന്നു!
വിഷയം: ഒരമ്മ. അവർക്ക് രണ്ടും രണ്ടും നാലു മക്കളുണ്ട്; ഭർത്താവ് അരികിലില്ല. അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം നാലുപേരും തുല്യമായി വീതിച്ചെടുത്തിരുന്നു. എന്നാൽ, അമ്മയുടെ പേരിൽ ശേഷിച്ച ഒരല്പം സ്ഥലം, അമ്മയുടെ മരണശേഷം ഒരൊറ്റ മകൾക്ക് മാത്രമായി ലഭിക്കത്തക്കവിധം എഴുതിവെച്ചിട്ടുണ്ട്. പ്രശ്നം അതല്ല, ആ അവകാശം ലഭിക്കാനിരിക്കുന്ന മകൾ ഇപ്പോൾ അമ്മയെ വേണ്ടവിധം നോക്കുന്നില്ല.
‘പ്രായമായ അമ്മയെ ആരു നോക്കും?’ എന്ന ചോദ്യമാണ് ആ ശൂന്യമായ മുദ്രപ്പത്രത്തിന്റെ പിന്നിലുള്ള നിശ്ശബ്ദമായ നിലവിളി. ‘നാലു മക്കൾക്കും തുല്യ അവകാശപ്പെട്ടതല്ലേ ഈ ശരീരം? കാലം തികയ്ക്കാനായി ആ ശരീരത്തെ സംരക്ഷിക്കാൻ നാലുപേർക്കുമിടയിൽ ഒരു കരാർ വേണം’ – അതിനു വേണ്ടിയാണ്, ഒന്നും എഴുതാത്ത ആ കടലാസ്സ് ദൂതന്റെ കൈവശം എത്തിയിരിക്കുന്നത്.
അമ്പാടി സാർ അസ്വസ്ഥനായി. അദ്ദേഹം ചോദിച്ചു: “അവകാശം എഴുതി വാങ്ങിയ മകൾ നോക്കുന്നില്ലെങ്കിൽ, ആ സ്ഥലം തിരിച്ചെടുത്ത്, മറ്റൊരാൾക്ക് ആ ഉത്തരവാദിത്തം ഏറ്റെടുത്ത് അമ്മയെ നോക്കിക്കൂടേ? ഇതിനൊരു കരാറിന്റെ ആവശ്യമെന്താണ്? നിങ്ങൾ നോക്കുമെന്നതിന് എന്ത് ഉറപ്പാണുള്ളത്? വിലയുള്ള ഒരടിസ്ഥാന വസ്തു ഇല്ലാതെ എങ്ങനെയാണ് ഈ കരാർ നിലനിൽക്കുക?”
കൂടുതൽ നിയമവശങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് അദ്ദേഹം തൽക്കാലം ആ ദൂതനെ തിരിച്ചയച്ചു. എന്നാൽ, അവിടെയിരുന്നു ഞാനാകെ അസ്വസ്ഥനായി. ആ മുദ്രപ്പത്രം ഒരു സാധാരണ രേഖയായിരുന്നില്ല, അത് മനുഷ്യബന്ധങ്ങളിലെ ശൂന്യതയുടെ പ്രതീകമായിരുന്നു. ആ അമ്മ എവിടെയായിരിക്കും? അവരെവിടെയായിരിക്കും ഇപ്പോൾ കിടക്കുന്നത്? ഈ ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധം പോലും ‘നോക്കാനായി’ ഒരു കരാറിനെ ആശ്രയിക്കുന്ന ആ ഭീകരാവസ്ഥ, എന്റെയുള്ളിൽ ഒരു നീറ്റലായി അവശേഷിച്ചു. കരാറിനാൽ മാത്രം സംരക്ഷിക്കപ്പെടേണ്ടിവരുന്ന ആ ഏകാന്തമായ ജീവിതത്തെക്കുറിച്ചുള്ള ആലോചന, ഉള്ളിൽ ഭയം നിറച്ചു.
