Change Language

Select your language

കൊട്ടിയൂർ – വയനാട് യാത്രാവിശേഷങ്ങൾ

കൊട്ടിയൂർ - വയനാട് യാത്രാവിശേഷങ്ങൾയാത്രകൾ എപ്പോഴും പുതിയ അനുഭവങ്ങളും തിരിച്ചറിവുകളുമാണ് സമ്മാനിക്കാറുള്ളത്. എന്നാൽ ചില യാത്രകളുണ്ട്, അവിടെ വഴികാട്ടിയായും കാവൽക്കാരനായും പ്രകൃതി തന്നെ നമുക്കൊപ്പം കൂടും. വന്യമായ ഭാവങ്ങളെല്ലാം ഉള്ളിലൊതുക്കി, കഠിനമായ കാറ്റിന്റെയോ, മഴയുടെ അസ്വസ്ഥതകളുടെയോ, മണ്ണിടിച്ചിലിന്റെ ഭീതിയോ ഇല്ലാതെ, വഴിനീളെ സുരക്ഷിതത്വത്തിന്റെ പച്ചക്കുട നിവർത്തി പ്രകൃതി ഞങ്ങളെ വരവേറ്റു. പ്രകൃതിയെ തന്നെ ഒരു പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ഞങ്ങൾ നടത്തിയ മനോഹരമായ ഒരു യാത്രയുടെ ഓർമ്മക്കുറിപ്പാണിത്.

ഷഗിൽ ആയിരുന്നു ഞങ്ങളുടെ ഈ യാത്രയുടെ അമരക്കാരൻ. വെള്ളിയാഴ്ച രാത്രിയോടെ കൊട്ടിയൂരിൽ എത്തിച്ചേരുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ തീരുമാനം. അതനുസരിച്ച് വൈകുന്നേരം ആറുമണിയോടെ ഞാൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. സാനുമാഷിന്റെ വരവിനായുള്ള കാത്തിരിപ്പായിരുന്നു അടുത്തത്. മാഷും എത്തിയതോടെ ഞങ്ങൾ കൊട്ടിയൂരിലേക്ക് തിരിച്ചു. രാത്രി എട്ടരയോടെ ഞങ്ങൾ കൊട്ടിയൂരിൽ എത്തിച്ചേരുമ്പോൾ അവിടെ ടോണിമാഷും അഖിലും ഷഗിലും ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ നിന്നും സജൽ കൂടി എത്തിയതോടെ യാത്രികരുടെ എണ്ണം ആറായി. ആ ആറംഗ സംഘത്തിന്റെ ആവേശകരമായ വയനാടൻ യാത്രാവിശേഷങ്ങളിലേക്ക്…

കൊട്ടിയൂരിലെ ആത്മീയ ശാന്തത

അക്കരെ കൊട്ടിയൂർ അമ്പലം പ്രകൃതിയും ഈശ്വരനും ഒന്നായി ലയിക്കുന്ന കൊട്ടിയൂരിന്റെ പുണ്യഭൂമിയിൽ നിന്നായിരുന്നു ഞങ്ങളുടെ യാത്രയുടെ യഥാർത്ഥ തുടക്കം. പച്ചപ്പിന്റെ വന്യമായ സൗന്ദര്യം തുളുമ്പുന്ന കൊട്ടിയൂരിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ആത്മീയ ശാന്തത അനുഭവപ്പെട്ടിരുന്നു.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രം

ബാവലിപ്പുഴയുടെ തീരത്ത്, വൻമരങ്ങളുടെ തണലിൽ ശാന്തമായി സ്ഥിതി ചെയ്യുന്ന ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ദർശനത്തോടെയാണ് ഞങ്ങൾ തുടക്കം കുറിച്ചത്. ആ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഒരു രസകരമായ സംഭവവുമുണ്ടായി. തൊഴുകൈകളോടെ, തികഞ്ഞ പ്രാർത്ഥനാ നിരതനായി നിന്ന ഒരാൾക്ക് ശാന്തിക്കാരൻ പുണ്യാഹം തളിക്കുന്ന അതേ നിമിഷം! അയാളുടെ കീശയിൽ നിന്നും പെട്ടെന്ന് ഒരു അടിപൊളി സിനിമാപ്പാട്ടിന്റെ റിംഗ് ടോൺ ഉച്ചത്തിൽ മുഴങ്ങി. ഭക്തിയും ഗൗരവവും നിറഞ്ഞ ആ അന്തരീക്ഷത്തിൽ പൊട്ടിമുളച്ച, ചുണ്ടിൽ ഒതുക്കിപ്പിടിച്ച ആ പുഞ്ചിരിയിലായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം.

അക്കരെ കൊട്ടിയൂർ ക്ഷേത്രം

അക്കരെ കൊട്ടിയൂർ അമ്പലം

തൊട്ടപ്പുറത്ത്, പ്രകൃതിയുടെ മടിത്തട്ടിൽ തനതായ ആചാരപ്പൊലിമയോടെ വിളങ്ങിനിൽക്കുന്ന അക്കരെ ക്ഷേത്രം. സാധാരണയായി ഉത്സവകാലങ്ങളിൽ കടുത്ത മഴ പെയ്യാറുള്ള ഈ പുണ്യഭൂമിയിൽ, അന്ന് പ്രകൃതി തികച്ചും ശാന്തനായിരുന്നു. മഴയുടെ അസ്വസ്ഥതകളില്ലാതെ, ബാവലിപ്പുഴയിലെ തെളിഞ്ഞ വെള്ളവും തണുത്ത കാറ്റും ഞങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുന്നതുപോലെ തോന്നി. കൊട്ടിയൂരിന്റെ ഹൃദയത്തിലൂടെ പളുങ്കുമണികൾ പോലെ തെളിഞ്ഞു തുളുമ്പി ഒഴുകുന്ന ബാവലിപ്പുഴയുടെ ജലധാര കാണുമ്പോൾ തന്നെ മനസ്സും ശരീരവും ഒരുപോലെ തണുക്കും. ആ തെളിനീരിന്റെ കുളിർമയും ആസ്വദിച്ച്, ഞാനും അഖിലനും കൂടി പുഴ മുറിച്ചുകടന്നാണ് അക്കരെ കൊട്ടിയൂർ അമ്പലത്തിലേക്ക് പോയത്. ഉത്സവകാലം കഴിഞ്ഞ് അധികം നാളുകൾ ആകാത്തതുകൊണ്ട് തന്നെ, കഴിഞ്ഞുപോയ ആചാരപ്പൊലിമകളുടെയും ഉത്സവച്ചടങ്ങുകളുടെയും പഴയ ഒരുക്കങ്ങളുടെ ശേഷിപ്പുകൾ അങ്ങോളമിങ്ങോളം കാണാമായിരുന്നു.

വലിയ ജനത്തിരക്കില്ലാത്ത, തികച്ചും ശാന്തമായ ഒരന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യാതൊരു ധൃതിയുമില്ലാതെ അക്കരെ ക്ഷേത്രവും പ്രകൃതി കോരിയിട്ട അതിന്റെ മനോഹരമായ ചുറ്റുപാടുകളും മനസ്സ് നിറയെ കണ്ടുതീർക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. ഓടപ്പൂക്കളുടെ നേർത്ത മണവും കാടിന്റെ നിശ്ശബ്ദതയും ചേർന്നപ്പോൾ അതൊരു ദിവ്യാനുഭവമായി മാറി.

വഴിപാടായി സമർപ്പിച്ച ഓടപ്പൂക്കളുടെ മണവും, കാടിന്റെ നിശ്ശബ്ദതയും ചേർന്നപ്പോൾ അതൊരു ദിവ്യാനുഭവമായി മാറി. അലതല്ലിയൊഴുകുന്ന ബാവലിപ്പുഴയുടെ തീരത്ത് പ്രകൃതിയുടെ ആ ശാന്തതയും ആസ്വദിച്ച് ഞങ്ങൾ ഒത്തിരി സമയം ചിലവഴിച്ചു.

ഹരിതാഭമായ വയനാട് കോമാച്ചി പാർക്ക്

വയനാട് കോമാച്ചി പാർക്ക്

കൊട്ടിയൂരിന്റെ ആത്മീയ ശാന്തതയോട് വിടപറഞ്ഞ് ഞങ്ങളുടെ വണ്ടി നേരെ തിരിഞ്ഞത് കണ്ണൂരിന്റെയും വയനാടിന്റെയും അതിർത്തി പങ്കിടുന്ന പേരിയ റൂട്ടിലൂടെ പോയി എത്തിച്ചേരാവുന്ന ‘കോമാച്ചി പാർക്കി’ലേക്കായിരുന്നു. കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം സമയം ചെലവഴിക്കാൻ പറ്റിയ അതിമനോഹരമായ ഒരിടം! പച്ചപ്പുല്ല് വെച്ചുപിടിപ്പിച്ച നടപ്പാതകളും, മനോഹരമായ പൂന്തോട്ടങ്ങളും, കുട്ടികൾക്കായുള്ള വിനോദോപാധികളും നിറഞ്ഞ ഒരു പാർക്കാണിത്.

എന്നാൽ ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷത്തിയത് അവിടെ ഒരുക്കിയിരുന്ന പഴയകാല ക്യാമറകളുടെ അപൂർവ്വമായ ഗ്യാലറിയാണ്. വിന്റേജ് ക്യാമറകൾ നിരത്തിവെച്ച ആ ഗ്യാലറിയിൽ ഓരോ ക്യാമറയുടെയും പേരും അവ ഉപയോഗിച്ചിരുന്ന കാലഘട്ടവും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. കൂടാതെ, അവയെക്കുറിച്ച് വിശദമായി കാര്യങ്ങൾ പറഞ്ഞുതരാൻ അറിവുള്ള കുറച്ചാളുകളും അവിടെയുണ്ടായിരുന്നു.

മറ്റൊരു കൗതുകകരമായ കാഴ്ച, ലോകപ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങൾക്കും പ്രമുഖ ഫോട്ടോഗ്രാഫർമാരുടെ പ്രശസ്തമായ ഫോട്ടോകൾക്കുമൊപ്പം ഞങ്ങളുടെ യാത്രയുടെ അമരക്കാരനായ ഷഗിലിന്റെ കുറച്ച് ഫോട്ടോകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു എന്നതാണ്! അതൊരു അപ്രതീക്ഷിതവും സന്തോഷം നൽകിയതുമായ കാഴ്ചയായിരുന്നു.

ഞങ്ങൾ അവിടെ ചിലവഴിച്ച സമയത്ത് വെയിൽ അധികം കടുക്കാതെ, മേഘങ്ങൾ സൂര്യനെ മറച്ച് പാകത്തിനുള്ള ചൂടും തണുപ്പും പകർന്നുതന്നു. പ്രകൃതി ഒരുക്കിയ ആ സുഖകരമായ കാലാവസ്ഥയിൽ പാർക്കിലെ ഓരോ നിമിഷവും ഞങ്ങൾക്ക് നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. നഗരത്തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയോട് ഇണങ്ങി നിൽക്കാൻ കൊതിക്കുന്ന ഏതൊരാൾക്കും വയനാട്ടിലെ കോമാച്ചി പാർക്ക് പ്രിയപ്പെട്ട ഒന്നായി മാറും തീർച്ച. അവിടുത്തെ ഒരു ചെറിയ ഹോട്ടലിൽ നിന്ന് തന്നെയായിരുന്നു ഞങ്ങളുടെ ഉച്ചഭക്ഷണവും.

മലമുകളിലെ മരീചിക: പേരിയ – ഏലപീഡിക വ്യൂപോർട്ട്

ഏലപീഡിക വ്യൂപോർട്ട്

ഭക്ഷണത്തിന് ശേഷം ഞങ്ങൾ നേരെ പോയത് ഏലപ്പീഡിക വ്യൂപോർട്ടിലേക്കായിരുന്നു. മലയോര പാതകളിലൂടെയുള്ള ആ യാത്രയിൽ പ്രകൃതി അതിന്റെ മറ്റൊരു മനോഹരമായ മുഖമാണ് ഞങ്ങൾക്ക് കാട്ടിത്തന്നത്. സാധാരണയായി കട്ടിമഞ്ഞും ശക്തമായ കാറ്റും കൊണ്ട് പൊതിയാറുള്ള ഏലപീഡിക വ്യൂപോർട്ട്, അന്ന് ഞങ്ങൾക്കായി തെളിഞ്ഞ ആകാശവും അതിമനോഹരമായ ദൂരക്കാഴ്ചകളും ഒരുക്കി കാത്തുനിൽക്കുകയായിരുന്നു.

പേരിയ വഴിയുള്ള ഈ മലയോര യാത്രയിൽ മണ്ണിടിച്ചിലിന്റെ യാതൊരു ലക്ഷണവുമില്ലാതെ റോഡുകൾ തികച്ചും സുരക്ഷിതമായിരുന്നു. വ്യൂപോർട്ടിൽ എത്തി താഴേക്ക് നോക്കുമ്പോൾ പച്ചപ്പുതച്ചു കിടക്കുന്ന മലനിരകളും ദൂരെയുള്ള താഴ്‌വരകളും കാൻവാസിൽ വരച്ചതുപോലെ വ്യക്തമായി കാണാമായിരുന്നു. വഴിയിൽ ഒരിടത്തും ഒരു തടസ്സവും ഉണ്ടാക്കാതെ, ഒരു നല്ല സുഹൃത്തിനെപ്പോലെ പ്രകൃതി ഞങ്ങളെ മുന്നോട്ട് നയിച്ചു. ഞങ്ങൾ എല്ലാവരും ഒത്തുചേർന്ന് അവിടുത്തെ പുൽമേട്ടിലൂടെ ഏറെ ദൂരം നടന്നു. ആ നടത്തത്തിന് ശേഷം, അവിടെ ട്രെയിനിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു കൊച്ചു കടയിൽ നിന്നും ചൂടുചായയും കുടിച്ചാണ് ഞങ്ങൾ മലയിറങ്ങിയത്.

ചുരം വഴി തിരികെ യാത്ര

യാത്രയുടെ അവസാന ഭാഗം ആവേശം നിറഞ്ഞതായിരുന്നു—കേരളത്തിലെ പ്രശസ്തമായ മലയോര പാതകളിലൂടെയുള്ള ഞങ്ങളുടെ മടക്കയാത്ര! ഒട്ടേറെ ഹെയർപിൻ വളവുകളുള്ള ഏലപ്പീഡിക ചുരം യാത്ര പലപ്പോഴും കടുത്ത കോടമഞ്ഞും അപ്രതീക്ഷിത മഴയും കാരണം കഠിനമാകാറുണ്ട്. എന്നാൽ ഈ യാത്രയിൽ പ്രകൃതി ഞങ്ങൾക്ക് നൽകിയത് അതിശയകരമായ യാത്രാസൗകര്യമായിരുന്നു.

റോഡുകളിൽ ഒരിടത്തും ഗതാഗത തടസ്സങ്ങളോ മണ്ണിടിച്ചിലിന്റെ ഭീതിയോ ഉണ്ടായിരുന്നില്ല. വഴിയുടെ ഇരുവശങ്ങളിലെയും പച്ചപ്പും, മലമുകളിൽ നിന്ന് തുള്ളിത്തുളുമ്പി ഒഴുകിയിറങ്ങുന്ന ചെറിയ കാട്ടരുവികളും ചുരത്തിന്റെ ഭംഗി ഇരട്ടിയാക്കി. ഓരോ ഹെയർപിൻ വളവുകൾ തിരിയുമ്പോഴും താഴെ കാത്തിരുന്ന കാഴ്ചകൾ കണ്ണുകൾക്ക് വലിയൊരു വിരുന്നായിരുന്നു. അപകടങ്ങളൊന്നുമില്ലാതെ, തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ചുരമിറങ്ങുമ്പോൾ പ്രകൃതിയോട് മനസ്സുകൊണ്ട് നന്ദി പറഞ്ഞു. യാത്രയ്ക്കിടയിൽ, പണ്ട് നാടകം അവതരിപ്പിക്കാനായി പോയൊരു വാഹനം നിയന്ത്രണം വിട്ട് ചുരത്തിലെ തൊട്ടുതാഴത്തെ വളവിലേക്ക് മറിഞ്ഞു വീണ ഒരു പഴയ കഥ ഡ്രൈവർ ചേട്ടൻ ഞങ്ങളോട് പങ്കുവെക്കുകയും ചെയ്തു.

ഡ്രൈവർ ചേട്ടനും രാഷ്ട്രീയ ചർച്ചകളും

ഞങ്ങളുടെ യാത്രയിലുടനീളം നല്ലൊരു സഹായിയും മികച്ചൊരു സഹകാരിയുമായിരുന്നു ഡ്രൈവറേട്ടൻ. യാത്രയ്ക്കിടയിൽ വണ്ടിയിലെ ഞങ്ങളുടെ പ്രധാന ചർച്ചാവിഷയം കേരള രാഷ്ട്രീയവും ഭരണത്തെക്കുറിച്ചുള്ള താരതമ്യങ്ങളുമായിരുന്നു. സംസാരത്തിൽ നിന്ന് ഡ്രൈവറേട്ടൻ ഒരു കടുത്ത കോൺഗ്രസ്സ് അനുഭാവിയാണെന്ന് വ്യക്തമായി മനസ്സിലാക്കാമായിരുന്നു. എങ്കിലും അദ്ദേഹം ചർച്ചകളിൽ അധികം ഇടപെടാതെ ശാന്തനായി വണ്ടിയോടിച്ചു.

ചർച്ച മുറുകുന്നതിനിടയിൽ, ഒരു കാര്യം ഞാൻ ശക്തിയുക്തം വാദിച്ച് ഫലിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഡ്രൈവറേട്ടന്റെ മുഖത്ത് വിരിയുന്ന ആ മന്ദഹാസം മുൻസീറ്റിലിരുന്ന ഞാൻ കൗതുകത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ, കോടിയേരി കുടുംബം ആ മലമുകളിൽ പണിതുയർത്തിയ, എന്നാൽ ഇപ്പോൾ ഒന്നും ആവാതെ അവശനിലയിൽ കിടക്കുന്ന വലിയൊരു കെട്ടിട സമുച്ചയവും ഡ്രൈവറേട്ടൻ ഞങ്ങൾക്ക് കാണിച്ചുതന്നു.

ഒരു നല്ല യാത്രാവിവരണം എന്നത് കേവലം സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ച് മാത്രമല്ല, ആ യാത്രയിൽ നമുക്കുണ്ടായ അനുഭവങ്ങളെയും കൂടിച്ചേരലുകളെയും കുറിച്ച് കൂടിയാണ്. ഈ യാത്രയിൽ പ്രകൃതി വെറുമൊരു പശ്ചാത്തലമായിരുന്നില്ല, മറിച്ച് നമ്മെ സുരക്ഷിതമായി നയിച്ച വഴികാട്ടിയായ ഒരു ഉത്തമ കഥാപാത്രമായിരുന്നു. മഴയും കാറ്റും മണ്ണിടിച്ചിലും മാറ്റിനിർത്തി, പ്രകൃതി കനിഞ്ഞുനൽകിയ ആ സുരക്ഷിത പാതകളിലൂടെയുള്ള യാത്ര മനസ്സിൽ എന്നും ഒരു മധുരമുള്ള ഓർമ്മയായി അവശേഷിക്കും.

ഇങ്ങനെ പറയാൻ വ്യക്തമായൊരു കാരണമുണ്ട്. ഞങ്ങൾ യഥാർത്ഥത്തിൽ യാത്ര പ്ലാൻ ചെയ്തതും റൂം ബുക്ക് ചെയ്തതും വയനാട്ടിലെ മറ്റൊരു സ്ഥലത്തേക്കായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അവിടെ മണ്ണിടിഞ്ഞ് പണിക്കാർ മരണപ്പെടുന്ന സാഹചര്യം ഉണ്ടായി. അതോടെ ഞങ്ങളോടൊപ്പം വരാമെന്നു പറഞ്ഞ പലരും ഭയം കാരണം പെട്ടെന്ന് യാത്രയിൽ നിന്ന് പിൻവലിഞ്ഞു. എന്നാൽ ലീവെടുത്ത് കാത്തിരുന്ന ഞങ്ങൾക്ക് യാത്ര മാറ്റിവെക്കാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് സുരക്ഷിതമായ മറ്റൊരു വഴി തിരഞ്ഞ്, ഒടുവിൽ ഈ ശിവസന്നിധിയിൽ നിന്നുതന്നെ യാത്ര തുടങ്ങാൻ ഞങ്ങൾ പ്രേരിതരായത്. ആ തീരുമാനം എത്രത്തോളം ശരിയായിരുന്നു എന്ന് ഈ യാത്രയിലുടനീളം പ്രകൃതി ഞങ്ങൾക്ക് കാണിച്ചുതന്നു.

അന്ന് വൈകുന്നേരത്തോടെ ഞങ്ങൾ തിരികെ കൊട്ടിയൂരിലെ റൂമിലെത്തി. പേയിങ് ഗാസ്റ്റായി ഒരു വീടിയന്റെ രണ്ടാം നിലയിലായിരുന്നു ഞങ്ങളുടെ താമസം. തുടർന്ന് തിങ്കളാഴ്ച രാവിലെ ഞങ്ങൾ യാത്രപറഞ്ഞ് പിരിഞ്ഞു. ഞാൻ സജലിനൊപ്പം അവന്റെ കാറിൽ കയറി അവന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്നും ചായയും കുടിച്ച ശേഷം പറശ്ശിനിക്കടവിൽ വന്നിറങ്ങി. അവിടെ നിന്നും തളിപ്പറമ്പിലേക്കും, ഉച്ചയ്ക്ക് ഒരു മണിയോടെ സ്വന്തം വീട്ടിലേക്കും എത്തിച്ചേർന്നു. അന്നുതന്നെ രാത്രി 7 മണിയോടെ ബാംഗ്ളൂരിലേക്കുള്ള ബസ്സും കയറി, പുതിയൊരു ആഴ്ചയിലേക്ക് നടന്നു കയറുമ്പോഴും മനസ്സുനിറയെ കൊട്ടിയൂർ-വയനാട് യാത്രയുടെ കുളിരുള്ള ഓർമ്മകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>