കുടുംബകലഹം സ്പെഷ്യല്‍

കുടുംബകലഹം സ്പെഷ്യല്‍അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. ചാലിങ്കാലെത്തിയപ്പോള്‍ അവരുടെ കൂടെയിരുന്ന പെണ്‍‌കുട്ടി എണീറ്റുപോയി. നാഷണല്‍‌ ഹൈവേയിലെ കുഴികളില്‍ മാറിമാറി വീണുകൊണ്ടാ പ്രൈവറ്റ് ബസ്സ് പായുകയാണ്‌. തൊട്ടടുത്തുനില്‍ക്കുന്ന പുരുഷപ്രജകളാരും തന്നെ അവിടെ ഇരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ആ സീറ്റില്‍ സ്ഥലം പിടിച്ചു. തടുച്ചുകൊഴുത്ത കുലീനത തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ. അവരെന്നെ ഒന്നു നോക്കി. പിന്നെ യാതൊരു ഭാവഭേദവും കൂടാതെ എനിക്കിരിക്കാന്‍ പാകത്തിന്‌ ഒന്ന് ഒതുങ്ങിയിരുന്നുതന്നു. മുമ്പില്‍ അമ്മയുണ്ട്. അമ്മയ്‌ക്ക് സീറ്റ് കിട്ടിയിരുന്നില്ല. അമ്മയൊന്നു തിരിഞ്ഞു നോക്കിയാല്‍ വിളിച്ചിവിടെ ഇരുത്താം എന്നുണ്ടായിരുന്നു. പക്ഷേ, റോഡിലെ കുഴികളില്‍ വീണ് ചാഞ്ചാടുന്ന ബസ്സില്‍ അടിതെറ്റാതിരിക്കാന്‍ അടുത്തുള്ള സീറ്റില്‍ ചാരി ശ്രദ്ധയോടെ നില്‍ക്കുകയാണമ്മ.

ബസ്സില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ വലിയ തെരക്കില്ലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ചും ഒരിക്കലെങ്കിലും മുഖ്യമന്ത്രി അച്ചുമ്മവന്‍ ഈ വഴിയിലൂടെ യാത്ര ചെയ്യേണ്ട അവസരം വരുന്ന ഏതാനും മാസത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെങ്കിലെന്നും ഒക്കെയുള്ള വിഫലചിന്തകളില്‍ ഊളിയിട്ട് ആ സ്ത്രീയോടൊപ്പം ഞാനിരുന്നു. ഒരുപക്ഷേ അവരും ചിന്തിക്കുന്നത് ഈ റോഡിനെക്കുറിച്ചാവാം. കണ്ണൂര്‍ ബോര്‍ഡ് വെച്ച ഒരു കെ. എസ്. ആര്‍. ടി. സി ബസ്സ് ഞങ്ങളെ കടന്ന് ആ കുഴികള്‍ക്കു മുകളിലൂടെ പറന്നുപോയി. ഞങ്ങളിരുന്ന ബസ്സ് പൊടിയാല്‍ അഭിഷേകം ചെയ്യപ്പെട്ടു. അവര്‍ മുഖം തിരിച്ച് മൂക്കുപൊത്തിയപ്പോള്‍ മൂക്കില്‍ ഒരു സ്വര്‍‌ണമൂക്കുത്തി തിളങ്ങുന്നതു ഞാന്‍ കണ്ടു.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിനടുത്തുള്ള എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടന്റെ ഓഫീസില്‍ പോയതായിരുന്നു അമ്മയും ഞാനും. സമയം വൈകുന്നേരം മൂന്നുമണിയോടടുത്തിരുന്നു. ചാലിങ്കാല്‍ ഇറക്കം ഇറങ്ങിയപ്പോള്‍ മുതല്‍ വളരെ യാദൃശ്ചികമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. മുമ്പില്‍, ബസ്സിന്റെ ഡോറിനു പിന്നെലെ രണ്ടാമത്തെ സീറ്റിലിരുന്ന വളരേ ആഢ്യനായിരുന്ന ഒരു വൃദ്ധന്‍ കൂടെ കൂടെ എന്നെ തിരിഞ്ഞു നോക്കുന്നു. എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടനേക്കാള്‍ ഇയാള്‍ക്ക് പ്രായമുണ്ടെന്ന് ഞാന്‍ കണ്ടു പിടിച്ചു! ആരായിരിക്കും ഇയ്യാള്‍? ഇയാളെന്തിനായിരിക്കും എന്നെ നോക്കുന്നത്? എന്നെ അറിയുന്ന ആരെങ്കിലും? അല്ല, ആണെങ്കില്‍ ഒന്നു ചിരിച്ചു കാണിക്കില്ലേ… ഇനി, തൊട്ടടുത്തിരിക്കുന്ന ചേച്ചിയുടെ ഭര്‍‌ത്താവായിരിക്കുമോ? ആയിരിക്കുമോ?? എന്റെ സിരകളിലൂടെ ഒരു മിന്നല്‍ പിണര്‍‌ പാഞ്ഞുപോയി…
ആല്ല, ആവാന്‍ വഴിയില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ട്. അടുത്തിരിക്കുന്ന ചേച്ചിക്ക് ഒരു ചേരുന്നതല്ല, അച്ഛനായിരിക്കുമോ ഇനി? മകളുടെ അടുത്ത് ഒരുത്തന്‍ നാണമില്ലാതെ കേറിയിരിക്കുന്നത് കണ്ട് അയാള്‍ പ്രകോപിതനായി എണീറ്റു വന്നാല്‍ എന്തു ചെയ്യും? ഞാന്‍ രണ്ടു കൈയും പൊക്കി മുമ്പിലെ സീറ്റിന്റെ പുറകിലെ കമ്പിയില്‍ എല്ലാവരും കാണ്‍‌കെ തന്നെ വെച്ചു, ഇനി വയസ്സന്‍‌മൂപ്പര്‍ ഹാലിളകി വന്നാല്‍ എന്റെ കൈകള്‍ ഒരു കുരുത്തക്കേടിനും കൂട്ടുനിന്നിട്ടില്ലെന്ന് പറയാന്‍ ചുറ്റുവട്ടത്ത് നില്‍‌ക്കുന്നവരെങ്കിലും കൂടുമായിരിക്കില്ലേ…

ബസ്സ് മാവുങ്കാലെത്തി. വയോവൃദ്ധന്‍ കഷ്‌ടപ്പെട്ട് എണീക്കുന്നു. ഇപ്പോള്‍ ഈ ചേച്ചിയും ഇറങ്ങുമായിരിക്കും. ഞാന്‍ അവര്‍‌ക്കിറങ്ങാന്‍ പാകത്തിന്‌ സ്ഥലം ഒരുക്കി റെഡിയാക്കി വെച്ചു. പക്ഷേ, അവര്‍‌ക്കിറങ്ങാനുള്ള ഭാവമില്ല. ഓ! അയാളുടെ ആരുമാവില്ല ഇവര്‍. എന്തൊക്കെ പൊട്ടത്തരങ്ങളാണ്‌ ഞാന്‍ ചിന്തിച്ചു കൂട്ടിയത്. പാവം വൃദ്ധന്‍! എന്തൊക്കെയോ തെറ്റിദ്ധരിച്ചുപോയി. പ്രായത്തെ ബഹുമാനിക്കണമായിരുന്നു. ഞാന്‍ മനസ്സുകൊണ്ട് അയാളോട് ക്ഷമ ചോദിച്ചു.

ഇന്നിനി തിരിച്ച് ബാംഗ്ലൂരിനു പോകേണ്ടതാണ്‌. കാസര്‍ഗോഡ് നിന്നാണു ബസ്സ്. എന്റെ ചിന്തകള്‍ മറ്റേതൊക്കെയോ മേഖലകളിലേക്ക് വ്യാപിച്ചു. ദൂരെ, അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? ചുറ്റും ടെസ്റ്റ്യൂബുകളില്‍ നിറയെ ബാക്റ്റീരിയകളും വൈറസുമൊക്കെയായിട്ട്… ഈ പെണ്ണിന്‌ വേറെ വല്ല ജോലിക്കും പോകാന്‍ പാടില്ലയിരുന്നോ! എത്ര അപകടകരമാണ്‌ ഇത്തരം ജോലികള്‍! ഒന്നു തെറ്റിയാല്‍, അറിയാതെ ഒരു സൂചി തറച്ചു കയറിയാല്‍!! ഞാന്‍ മൊബൈല്‍ എടുത്ത് കലണ്ടര്‍ തുറന്നുവെച്ചു. അവള്‍ കാണാം എന്നു പറഞ്ഞിരിക്കുന്ന ദിവസത്തേക്ക് ഇനിയും പത്തിരുപതു ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. ആരോ ശക്തിയായി എന്റെ ചുമലില്‍ വന്ന് ചാരിയപ്പോള്‍ ഞാന്‍ ഓര്‍‌മ്മകളുടെ പിടിവിട്ട് ഞെട്ടിയറിഞ്ഞു. ദേ, ആ വയോവൃദ്ധന്‍ എന്റെ തൊട്ടരികില്‍!

ഇയാളപ്പോള്‍ മാവുങ്കാലില്‍ ഇറങ്ങിയില്ലേ! വെളുത്ത മുണ്ടും വെള്ള ഷര്‍‌ട്ടും വിലകൂടിയ കണ്ണടയും ഒക്കെ ഉള്ള അയാള്‍ ഒരു പക്കാ മാന്യന്‍ തന്നെ. അയാളുടെ ആ ചാരല്‍ എനിക്കത്ര ദഹിച്ചില്ല. ഞാന്‍ ഈര്‍‌ഷ്യയോടെ അയാളെ ഒന്നമര്‍‌ത്തി നോക്കി. അയാള്‍ അപ്പുറത്തെ സീറ്റിന്റെ കമ്പിയേലേക്കു ചാരാന്‍ തുടങ്ങി. ഇടയ്‌ക്കിടെ ഞെട്ടിത്തിരിഞ്ഞ് ഞാനിരിക്കുന്ന സീറ്റിലേക്കു നോക്കും. വെളുത്ത് സുന്ദരമായ ആ മുഖം വല്ലാതെ ചുളുക്കി വികൃതമാക്കി വെച്ചിരിക്കുന്നു. അയാള്‍‌ക്കവിടെ നില്‍‌ക്കാന്‍ പറ്റുന്നില്ല. മനസ്സില്‍ അയാളെന്നെ ആഞ്ഞടിക്കുന്നതും പുളിച്ച തെറിപറയുന്നതും ഞാന്‍ അറിഞ്ഞു. ഞാന്‍ പക്ഷേ ഒന്നുമറിയാത്ത പാവത്തെ പോലെ ചേച്ചിയോട് ചേര്‍ന്നിരുന്നു. ബസ്സില്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ നില്‍ക്കുന്നുള്ളൂ. കിഴക്കുംകര സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സ്ത്രീ റിസര്‍‌വേഷന്‍ സീറ്റുകള്‍ ഏകദേശം കാലിയായി. അയാള്‍ ആ സ്ത്രീയെ വല്ലാത്ത ശക്തിയില്‍ തോണ്ടി വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവര്‍ ഞെട്ടിയറിഞ്ഞു.

“ദാ ലേഡീസ് സീറ്റ് ഒഴിഞ്ഞിരിക്കുന്നു. അവിടെ പോയി ഇരുന്നോ…”
“ഇനി അത്രല്ലേ ഉള്ളൂ, സാരമില്ല”
അയാള്‍ വീണ്ടും അതേ വാക്യം ആവര്‍ത്തിച്ചു. അവരും അതേ ഉത്തരം വീണ്ടും ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞത് സത്യമായിരുന്നു. കിഴക്കുംകരയില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ഒരു കിലോമീറ്റര്‍ പോലും ദൂരമില്ല. പിന്നെ ഇയാള്‍ക്കിതെന്തിന്റെ കേട്? ഇന്നൊരു കുടുംബകലഹം ഉറപ്പ്! ബസ്സ് കാഞ്ഞങ്ങാടെത്തി. അയാള്‍ ആദ്യം ഇറങ്ങി, ബസ്സിന്റെ മുമ്പിലേക്ക് മാറി നിന്നു. ഞാന്‍ തൊട്ടുപിന്നലെ ഇറങ്ങി. അയാള്‍ എന്നെ നോക്കി. മുഖാമുഖം! ഞാന്‍ ഒന്നു ചിരിച്ചു. ഒരു കൊച്ചു കുസൃതിയോടെ ഒന്നു കണ്ണിറുക്കി കാണിച്ച് നേരെ നടന്നു. അമ്മ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു…

മംഗല്യം തന്തുനാനേന…

Inter Caste Marriage Problemsഞാന്‍ ആലോചിക്കുകയാണ്‌. 24 വയസ്സുവരെ പെണ്ണിനെ കണ്ണിലുണ്ണിയെ പോലെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും അവിടെ ഉണ്ട്. ആദ്യത്തെ കുട്ടിയായ അവളുടെ വിവാഹ കാര്യത്തില്‍ അവര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ കാണില്ലേ! സ്വപ്നങ്ങള്‍ ഉണ്ടാവില്ലേ!! ആ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നിന്നുവേണം എനിക്കവളെ പറിച്ചെടുക്കേണ്ടത്… ആ സങ്കടപ്പുഴയില്‍ നിത്യേന കുളിച്ചിട്ടാവണം ജീവിതകാലം മുഴുവന്‍ അവളെന്നോടൊപ്പം കഴിയേണ്ടത്. അവര്‍ എന്നിട്ടും മകളെ കുറ്റപ്പെടുത്തിയില്ല. “എന്തു കൈവിഷമാണ്‌ നിനക്കവന്‍ കലക്കിത്തന്നത്? അത്രയ്ക്കു പഞ്ചാരയാണോ അവന്‍” എന്നാണവര്‍ ചോദിച്ചത്.. (ഇവിടുത്തെ പഞ്ചാരയ്‌ക്ക് മധുരതരമായത് എന്ന അര്‍ത്ഥം മാത്രം കൊടുത്താല്‍ മതി). അവരറിയുന്നുണ്ടോ ഈ മകളെ പ്രാരംഭം മുതലേ പിന്തിരിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!

ഏട്ടന്‍ പറഞ്ഞത്രേ “മോളേ പ്രേമിക്കുന്നതില്‍ തെറ്റില്ല; പക്ഷേ, നീ ഓര്‍ക്കണം നമ്മുടെ കുടുംബത്തില്‍ ആരുമിങ്ങനെ ചെയ്തിട്ടില്ല..” എന്ന്. അവരെയൊക്കെ ഭരിക്കുന്നത് ഈ ചീഞ്ഞുനാറിയ ജാതീയതയാണ്‌. കുലീനമാണെന്ന് സ്വയം അങ്ങ് കല്പിച്ച് മൂഢസ്വര്‍ഗത്തിലെ തമ്പുരാന്മാരായി കഴിയുകയാണവര്‍… അവരിലേക്ക് എത്രമാത്രം കമ്യൂണിസം ഓതിക്കൊടുത്താലും കേറില്ല. ഈ കോവിലകത്ത് എങ്ങനെ ഇങ്ങനെയൊരു വിപ്ലവകാരി ഉണ്ടായി എന്നെനിക്കറിയില്ല. ജാതീയത എന്ന ദുര്‍ഭൂതത്തെ എന്നെന്നേക്കുമായി തീണ്ടാപാടകലെ നിര്‍ത്താന്‍ ഇനി എന്നാണു നമുക്കാവുക? നിയമം ഇത്തരം വിവാഹങ്ങള്‍ക്കു പച്ചക്കൊടി കാണിക്കുമായിരിക്കും – അതിലല്ലല്ലോ കാര്യം. എല്ലാവരുടേയും സന്തോഷത്തോടെ നടന്നാലല്ലേ അതൊരു മംഗളകാര്യമാവുകയുള്ളൂ.

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

അവള്‍ അച്ഛനോടൊഴിച്ച് എല്ലാവരോടും പറഞ്ഞു കഴിഞ്ഞു… അമ്മ പറഞ്ഞത്രേ നീ രണ്ടു ശവങ്ങള്‍ കാണേണ്ടി വരും എന്ന്. ഇതു നടന്നില്ലെങ്കില്‍ ഒരു ശവം നിങ്ങളും (എന്തോ ഭാഗ്യം അതില്‍ അവളെന്നെ ഉള്‍പ്പെടുത്തിയിട്ടില്ല) കാണേണ്ടി വരുമെന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു… അമ്മയ്‌ക്ക് അത്ഭുതമായി! ഇന്നുവരെ മറുത്തൊരുവാക്കു പറയാത്ത പെണ്ണു ഒരു സുപ്രഭാതത്തില്‍ വായില്‍കൊള്ളാത്ത വാക്കുകള്‍ പറയുന്നതുകേട്ടവര്‍ തേങ്ങി… അവള്‍ ചിന്തിക്കാന്‍ ശേഷിയുള്ള ഒരു പെണ്ണായി മാറിയത് അവര്‍ അറിഞ്ഞില്ല. അവളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയെങ്കിലും അവള്‍ക്കായി എന്നവര്‍ സമ്മതിച്ചു കൊടുക്കുന്നില്ല. അവര്‍ക്കിന്നും അവള്‍ കളിക്കൊഞ്ചല്‍ വിട്ടുമാറാത്ത കുഞ്ഞാണ്‌. വൈകുന്നേരം വിളിച്ച് ഒരുമ്മ കൊടുത്തില്ലെങ്കില്‍ അമ്മയ്ക്കുറക്കം വരില്ലത്രേ! പക്ഷേ, അതിനു ശേഷം മറ്റൊരാള്‍ക്കു കൂടി അവള്‍ മുത്തം കൊടുക്കുന്നുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ…

അച്ഛനൊരിക്കല്‍ പറഞ്ഞത്രേ “ജാതിയൊക്കെ രണ്ടാമത്, ആണിന്റേയും പെണ്ണിന്റേയും ഇഷ്ടം തന്നെയാണു മുഖ്യം” എന്ന്. അതു പക്ഷേ, അകന്ന ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുടെ കാര്യത്തിലാണ്‌. സ്വന്തം കാര്യം വരുമ്പോള്‍ സംഗതി എന്താവുമോ എന്നതു കണ്ടറിയണം. അച്ഛനങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കി.. അമ്മ കണ്ണുരുട്ടി!! എന്നിട്ടച്ഛനോടു പറഞ്ഞു: “പിള്ളേരുടെ മുമ്പില്‍ നിന്നും ഓരോ വിടുവായിത്തം പറഞ്ഞോ – അവസാനം അനുഭവിക്കേണ്ടി വരും” എന്ന്.

എന്തോ ആ അമ്മയുടെ മനസ്സമാധാനം പോയിരിക്കുകയാണ്‌. ഒരു കൊച്ചു തമാശ എന്ന രീതിയില്‍ വേണം കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ എന്നു ഞാനവളോടു പറഞ്ഞിരുന്നു. അവള്‍ തുടങ്ങിയതും അങ്ങനെ തന്നെയായിരുന്നുവത്രേ.. പക്ഷേ, സെക്കന്റുകള്‍ക്കകം സംഭവം പക്കാ സീരിയസ് ആയി – കരച്ചിലായി പിഴിച്ചിലായി ഉപവാസമായി! സഹോദരിപ്പെണ്ണിനോട് ന്യൂട്ടറില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവളുടെ സപ്പോര്‍ട്ട് വാങ്ങിച്ചാല്‍ വീട്ടിലെ രഹസ്യനീക്കങ്ങള്‍ അറിയാനാവുമമെന്ന് ഞാനവളോട് പറഞ്ഞിരുന്നു. സീരിയലിലും സിനിമയിലുമൊക്കെ കാണുന്നതുപോലെ വളരെ ഈസിയായി കാര്യം നടത്താമെന്ന് അവള്‍ കരുതിവശായി എന്നു തോന്നുന്നു.

ആലോചനകള്‍ തകൃതിയായി നടക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ദിവസം മൂന്നും നാലും വെച്ചു വന്നുപോയി. ഗള്‍ഫ്, അമേരിക്ക, സൗത്താഫ്രിക്ക, യൂണിവേഴ്‌സിറ്റി, പട്ടാളം, പ്ലസ്‌ടു ലിസ്റ്റിങ്ങനെ നീളുന്നു. ഇഷ്ടപ്പെട്ടവര്‍ തിരിച്ചു വിളിക്കുന്നു. മറ്റു ചില വിരുതന്‍‌മാര്‍ പെണ്ണ് പോകുന്നിടങ്ങളില്‍ കൂട്ടുകാരുമായി വന്ന് കാണിച്ചുകൊടുക്കുന്നു. ടൗണില്‍, അമ്പലത്തില്‍, … ലീലാവിലാസങ്ങള്‍ ഇങ്ങനെ അരങ്ങേറുമ്പോള്‍ അവളുടെ നിശബ്ദയാമങ്ങളില്‍ അവളെന്നോട് സല്ലപിച്ചുകൊണ്ടേയിരുന്നു…

എന്റെ ആത്മാവിപ്പോള്‍ ഇവിടെയണോ!പ്രണയം എനിക്കു പുത്തരിയല്ല. പ്രണയത്തിന്റെ പലമുഖങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടെ പഠിക്കുന്ന പെണ്ണിന്‌ പാട്ടുപുസ്തകം കൊടുത്ത് തുടങ്ങിയതാണെന്റെ പ്രണയം. തുടര്‍ന്നിങ്ങോട്ടുള്ള കാലം എനിക്കു ചാകര തന്നെയായിരുന്നു. പ്രേമിച്ച പല പെണ്‍‌കുട്ടികളേയും ഭംഗിയായി തന്നെ വിവാഹം കഴിപ്പിച്ചയച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല നിലയില്‍ ജീവിക്കുന്നു. അതുകൊണ്ടു തന്നെ പ്രണയം, വിവാഹം എന്നതിനെ കുറിച്ചൊക്കെ ഒരു സാമാന്യസങ്കല്പം എനിക്കുണ്ട്. പക്ഷേ, ഈ മണ്ടൂസാവട്ടെ ആദ്യപ്രണനയത്തിന്റെ ത്രില്ലിലാണ്‌. സ്നേഹം ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ളതാണെന്നവള്‍ പറയുന്നു. ഇനിയൊരാള്‍ക്കതു ഷെയര്‍ ചെയ്യാനവള്‍ക്കു വയ്യത്രേ! അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇത്രേം പ്രായമായ (24 വയസ്സ്) ഒരു പെണ്‍‌കുട്ടി ആദ്യമായാണ്‌ എന്നെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ് അടുത്തത്. കല്യാണക്കാര്യവുമായി അമ്മ നടന്നപ്പോഴൊക്കെ കിട്ടിയതാവട്ടെ പ്ലസ്‌റ്റു കഴിഞ്ഞിരിക്കുന്ന പതിനേഴുകാരികളെ ആയിരുന്നു. അതുവെച്ചു നോക്കുമ്പോള്‍ എനിക്കു യോജിച്ചവള്‍ ഇവള്‍ തന്നെയാണ്‌. എന്നിട്ടും അവളോട് ഒക്കെ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പലയാവര്‍ത്തി ശ്രമിച്ചതായിരുന്നു. എന്റെ ഉപദേശങ്ങള്‍ അവളിലെ എന്നോടുള്ള ഇഷ്ടം കൂട്ടുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാ പരിപാടി നിര്‍ത്തി…

ഒരു കവിതാശകലം
പരനിന്ദവീശുന്ന വാളിനാല്‍ ചൂളിപ്പോകാ
പരകോടിയില്‍ ചെന്ന പാവന ദിവ്യസ്നേഹം

മാംഗല്യമെന്നത് ഒരു ചരടിനാല്‍ മാത്രം തീരുന്ന ഒന്നാണോ? ആ ചരടില്‍ കോര്‍ത്തിണങ്ങുന്നത് രണ്ടു കുടുംബങ്ങള്‍ കൂടിയല്ലേ. അണുകുടുംബത്തിലേക്കു ചുരുങ്ങിയ ഇക്കാലത്ത് അതിനൊന്നും പ്രസക്തിയില്ലെന്നാണോ? ജതികോമരങ്ങളുടെ വിലക്കുകളൊന്നും വില പോവില്ല. ഒരു കാര്യം ഉറപ്പാണ്‌ ബന്ധുക്കളുടേയും ജാതിക്കരുടേയും ഇടയിലുണ്ടാവുന്ന നാണക്കേടാണ്‌ അച്ഛനമ്മമാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. കല്യാണം കഴിഞ്ഞ് ചോറുണ്ട് കൈയും കഴുകി ഏമ്പക്കം വിട്ടുപോകുന്ന ആ പാര്‍ട്ടീസിന്റെ വാക്കുകളല്ല മകളുടെ സന്തോഷമാണു വലുതെന്ന് ഇവര്‍ മനസ്സിലാക്കുമോ എന്തോ? എന്തായാലും എനിക്കിപ്പോള്‍ ഇങ്ങനെ പറഞ്ഞേ പറ്റൂ, മംഗല്യം തന്തുനാനേന… അതു രജിസ്‌ട്രാര്‍ തരുന്നതാവട്ടെ, അമ്പലത്തിലെ പൂജാരി തരുന്നതാവട്ടെ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തരുന്നതാവട്ടെ… വേറെ കല്യാണം കഴിക്കുന്നെങ്കിൽ നല്ലൊരു ജീവിതം ഇവൾക്ക് കിട്ടണം എന്നേ ആഗ്രഹമയി ശേഷിക്കുന്നുള്ളൂ. തന്നിലുറങ്ങിക്കിടക്കുന്ന കലാബോധത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന നല്ലൊരു ജീവിതം ഇവൾക്കും ഭാവിയിൽ കിട്ടണം – ഒരാഗ്രഹമാണത്.

ഒരു പിന്‍‌ കുറിപ്പുകൂടി:
ഇതു വായിക്കുന്ന നല്ലവരായ എന്റെ കൂട്ടുകാര്‍ നല്ല ശോകഗാനങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാലക്കേടിനിതെങ്ങാനും പൊട്ടിപ്പോയാല്‍ ഒന്നു രണ്ടാഴ്ചയെങ്കിലും ഇരുന്നു കേള്‍ക്കേണ്ടേ! ഇല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കില്ലെ എന്തു കോപ്പിലെ പ്രണയമാണെടാ ഇതെന്ന്!!
ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചാവിശേഷങ്ങളിലേക്കുകൂടി നിങ്ങളെ ക്ഷണിക്കുന്നു! ലിങ്കിവിടെ കൊടുത്തിരിക്കുന്നു. (ഗൂഗിൾ ബസ്സ് പ്ലാറ്റ്ഫോം ഇടയ്ക്കവർ നിർത്തിയതിനാൽ ലിങ്ക് ആക്റ്റീവല്ല ഇപ്പോൾ)

💫 പൊരുത്തമാണ് ജീവിതം

പ്രണയിക്കാനും ഇടയ്ക്കൊക്കെ ഒന്നു കൂടിച്ചേരാനും ഒരു ആണും ഒരു പെണ്ണും മാത്രം മതി. എന്നാൽ, വിവാഹം അങ്ങനെയല്ല. അത് രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ്, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പൊരുത്തമാണ്. ആ പൊരുത്തമാണ് ജീവിതത്തിന്റെ എല്ലാ തുറകളിലും നമുക്ക് വേണ്ടത്. ജീവിതം ഒരു നീണ്ടകഥ തന്നെയാണ്, സാന്ദർഭികമായി പലപല കടമ്പകളും ഇടയ്ക്കു വന്നേക്കും. കൂടെ നിൽക്കാൻ കുടുംബം തന്നെയുണ്ടെന്നുള്ള കാര്യം ഏറെ ഗുണകരമാവുന്നു.

ഞങ്ങൾ പ്രണയിച്ചു; പക്ഷെ ഞങ്ങളുടെ കുടുംബങ്ങളും സംസ്കാരങ്ങളും തമ്മിൽ പൊരുത്തമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആ സങ്കടപ്പുഴ അന്ന് അങ്ങനെ ഒഴുകിയത്. എല്ലാവരുടെയും സന്തോഷത്തോടെയും ആശീർവാദത്തോടെയും നടന്നാലേ അതൊരു മംഗളകാര്യമാവുകയുള്ളൂ. എന്റെ ഇപ്പോഴത്തെ വിജയങ്ങൾപോലും അന്നത്തെ കുടുംബത്തിന്റെ ചിന്താഗതികളെ മാറ്റുമായിരുന്നോ എന്ന് എനിക്കിപ്പോഴും ഉറപ്പില്ല. എന്തുതന്നെയായാലും അവളന്നു വേറെ വിവാഹം കഴിച്ചു; ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇടയ്ക്കൊക്കെ സുഖാന്വേഷണങ്ങൾ തിരക്കി അവളെത്താറുണ്ട്. അവൾക്ക്, എനിക്കും ആ പ്രണയം ഇന്നും മനസ്സിൽ അതേപോലെ ഉണ്ടെന്നറിയുക.

അതുകൊണ്ട്, പ്രണയം എത്ര തീവ്രമായാലും, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുടുംബങ്ങളുടെയും രണ്ടു കൂട്ടായ്മയുടേയും ചേർച്ച കൂടിയേ തീരൂ. ഈ തിരിച്ചറിവാണ്, എന്റെ ഈ വിഷാദകഥ വായിക്കുന്ന ഏതൊരാൾക്കും ലഭിക്കേണ്ട ഏറ്റവും വലിയ ഗുണപാഠം എന്നു ഞാൻ കരുതുന്നു.

ദി വ്യാജന്‍

കേരളത്തിലെ വിഷമദ്യ ദുരന്തം
ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍.
നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ – കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി.
“ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം …. ” എന്ന കവിതയും മൂളിപ്പോയ ഞാന്‍ Continue reading

തോന്ന്യാക്ഷരങ്ങള്‍

malayalam letters | മലയാളം അക്ഷരങ്ങള്‍

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്‌? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്‌ ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.

അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”

അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…

“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…

“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”

തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍‌മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍‌മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…

കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്‌. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍‌ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…

പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന്‌ തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…

പൊടുന്നനേ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലെ വരികള്‍ മനസ്സിലേക്കോടിയെത്തി:

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ –
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍‌മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!

അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍‌ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…

ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സം‌വൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍‌ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…

ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!

ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍‌ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്‌. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്‌. അവന്‍ മലയാളത്തെ സ്തുതിച്ചു…

പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

—————- * —————- * —————-

അല്പം അക്ഷരവിചാരം

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ്‌ ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.

സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ

  • അം
  • അഃ
  • സം‌വൃതോകാരം - ചന്ദ്രക്കല
  • മൊത്തം 19 എണ്ണം

വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ

  • ഖരം
  • അതിഖരം
  • മൃദു
  • ഘോഷം
  • അനുനാസികം
  • വര്‍ഗ്ഗം
  • കണ്ഠ്യം (കവര്‍ഗ്ഗം)
  • താലവ്യം (ചവര്‍ഗ്ഗം)
  • മൂര്‍ധന്യം (ടവര്‍ഗ്ഗം)
  • ദന്ത്യം (തവര്‍ഗ്ഗം)
  • ഓഷ്ഠ്യം (പവര്‍ഗ്ഗം)
  • മൊത്തം 25 എണ്ണം
  • മധ്യമം അഥവാ അന്തസ്ഥങ്ങള്‍
  • നാലെണ്ണം
  • ഊഷ്മാക്കള്‍
  • മൂന്നെണ്ണം
  • ദ്രാവിഡമധ്യമം
  • മൂന്നെണ്ണം
  • ഘോഷി
  • ഒരെണ്ണം
  • ല്‍
  • ന്‍
  • ണ്‍
  • ര്‍
  • ള്‍
  • ചില്ലക്ഷരങ്ങള്‍
  • അഞ്ചെണ്ണം
  • വിസര്‍ഗം
  • അനുസ്വാരം
  • വിരാമം
  • ി
  • ചിഹ്നങ്ങള്‍

ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന്‌ ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സം‌രക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.

കൂട്ടിവായിക്കാൻ

1) സ്വല്പം ലിപിചിന്തകൾ അഥവാ മലയാളം ലിപിവ്യവസ്ഥയുടെ ചരിത്രം

സൗഹൃദം

പെണ്ണിന്റെ സൗഹൃദം!
ഒരു രാത്രിയില്‍ അവള്‍ വീട്ടിലേക്കു വന്നില്ല;
അതിരാവിലെ എത്തിയ അവളോട് അവന്‍ ചോദിച്ചു “ഇന്നലെ നീഎവിടെ പോയി?
ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!”
അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവന്‍ അന്വേഷിച്ചു…
ആര്‍ക്കും അതിനേക്കുറിച്ചറിയില്ലായിരുന്നു…!

ആണിന്റെ സൗഹൃദം!
ഒരു രാത്രിയില്‍ അവന്‍ വീട്ടിലേക്കു വന്നില്ല;
അതിരാവിലെ എത്തിയ അവനോട് അവള്‍ ചോദിച്ചു “ഇന്നലെ രാത്രിയില്‍ എവിടെ പോയി?
ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!
അവന്റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവള്‍ അന്വേഷിച്ചു…
പത്തില്‍ എട്ടുപേരും പറഞ്ഞു ‘അവനിന്നലെ എന്റെ വീട്ടിലായിരുന്നു‘ എന്ന്! രണ്ടുപേര്‍ പറഞ്ഞത് ‘അവനിപ്പോഴും വീട്ടില്‍ തന്നെ ഉണ്ട് – എണീറ്റിട്ടില്ല‘ എന്നും!!

ഓജോബോര്‍ഡ് റീലോഡഡ്!

ഓജോ ബോര്‍ഡ് | ouija-boardഎനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭമുണ്ടെന്ന്. ആദ്യമായി ഓജോബോര്‍ഡിനെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് Continue reading

കോവലനും കണ്ണകിയും

Kannaki - chilappathikaram, കണ്ണകി ചിലപ്പതികാരത്തിലെ നായിക

കണ്ണകിയുടെ ചരിതം ഇവിടെ…

കോവലനും കണ്ണകിയും പ്രേമമോടെ തമ്മിൽ
ചോളനാട്ടിൽ യൗവനത്തിൻ തേൻ നുകർന്നേ വാണു
മാധവിയിൽ കോവലനു സ്നേഹമുണ്ടായ് തീർന്നു
ജായയെയും വേർപിരിഞ്ഞു പാവമായ് ദേവി Continue reading

ചന്ദ്രഗിരിക്കോട്ട

chandragiri fort - fort district of kerala, kasaragodകേരളത്തിലെ കോട്ടകളുടെ നാടെന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിൽ, ചന്ദ്രഗിരിപ്പുഴ അറബിക്കടലുമായി ചേരുന്ന മനോഹരമായ ഒരു തുരുത്തിൽ തലയുയർത്തി നിൽക്കുന്ന ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. പതിനേഴാം നൂറ്റാണ്ടിൽ, വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം ഈ പ്രദേശം ഭരിച്ചിരുന്ന ബദനൂർ അഥവാ ഇക്കേരി രാജവംശത്തിലെ നായകന്മാർ നിർമ്മിച്ചതാണ് ഈ കോട്ട. മലബാർ തീരത്തെ വ്യാപാര ബന്ധങ്ങൾ സംരക്ഷിക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ഈ കോട്ട പണിതത്. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ഒരു ചെറിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് പുരാതനമായ ഒരു ചരിത്രമുണ്ട്.. രണ്ട് ഗുഹാകവാടങ്ങൾ അടക്കം മൂന്നു വഴികൾ ഉണ്ട് കോട്ടയ്ക്ക് അകത്തേക്കു കടന്നു ചെല്ലാൻ. തകർന്നു കിടക്കുന്ന ഈ കോട്ട, മുന്നിലുള്ള പുഴയിലേക്കും, അടുത്തുള്ള അറബിക്കടലിലേക്കും, ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളിലേക്കും മനോഹരമായ കാഴ്ചയൊരുക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു. കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല. കൃത്യമായി കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ല. ബേക്കല്‍ കോട്ടയില്‍ നിന്നും 10 കി.മീ. അകലെയാണ് ചന്ദ്രഗിരിക്കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴ് ഏക്കറോളം വിസ്തൃതിയുണ്ട്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും ഏഴോളം കി.മീ. മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്. പുരാതനമായ കീഴൂര്‍ ക്ഷേത്രം ഉള്ളത് സമീപത്താണ്.

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഈ കോട്ട നിർമ്മിച്ചത് ശിവപ്പ നായകനാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ശക്തി നേടിയ ഇക്കേരി നായകന്മാർ, അവരുടെ സാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയായി ചന്ദ്രഗിരിപ്പുഴയെ നിശ്ചയിച്ചു. അതുപോലെ, ചന്ദ്രഗിരിപ്പുഴയുടെ വടക്കേ തീരത്ത്, അക്കാലത്ത് കോലത്തിരിമാരുടെ ഭരണത്തിലായിരുന്ന കാസർഗോഡ്, ബേക്കൽ എന്നിവിടങ്ങളെ വേർതിരിക്കുന്ന അതിർത്തി കൂടിയായിരുന്നു ഈ കോട്ട. ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യ സുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. തൊട്ടടുത്തായുള്ള ബേക്കലം കോട്ട പണിതതും ശിവപ്പ നായിക്ക് തന്നെ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിരവധി കൈകൾ മറിഞ്ഞെത്തിയ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചരിത്ര സ്മാരകം എന്നൊക്കെ പറയാമെങ്കിലും യാതൊരുവിധ ശ്രദ്ധയും കിട്ടാതെ നശിച്ചുകൊണ്ടിരിക്കുകയാണിന്നു കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.

സമചതുരാകൃതിയിൽ നിർമ്മിച്ചിട്ടുള്ള ഈ കോട്ടയുടെ ചുറ്റളവ് ഏകദേശം ഒരു ഹെക്ടറോളം വരും. ഈ കോട്ടയുടെ ഭിത്തികൾ കരിങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ചതാണ്. കോട്ടയ്ക്കുള്ളിൽ ഒരു ക്ഷേത്രവും കിണറും ഉണ്ടായിരുന്നു. പടിഞ്ഞാറ് ഭാഗത്താണ് കോട്ടയുടെ പ്രധാന കവാടം. ഈ കവാടത്തിലൂടെ അകത്ത് കയറിയാൽ, ചരിത്രത്തിന്റെ ശേഷിപ്പുകളായി കോട്ടയുടെ ഭിത്തികളും അവശിഷ്ടങ്ങളും കാണാം. ഈ കോട്ട ഇന്ന് പ്രധാനമായും ചരിത്ര വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും ഒരുപോലെ ആകർഷകമായ സ്ഥലമാണ്.

ഈ കോട്ടയ്ക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. പ്രധാനമായും, ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങളിൽ ഈ കോട്ട ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, ഒരു യുദ്ധക്കളം എന്നതിലുപരി, ചന്ദ്രഗിരി കോട്ടയുടെ സൗന്ദര്യം ഇന്ന് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. അറബിക്കടലിലേക്ക് ചന്ദ്രഗിരിപ്പുഴ ഒഴുകി ചേരുന്ന കാഴ്ചയും സൂര്യാസ്തമയവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

പല ചരിത്രസ്മാരകങ്ങളെയും പോലെ, ചന്ദ്രഗിരി കോട്ടയും കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച് നിൽക്കുകയാണ്. ഈ കോട്ടയെ സംരക്ഷിക്കുന്നതിൽ പുരാവസ്തു വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ന്, ചരിത്രത്തിന്റെ ഓർമ്മകളെ താലോലിച്ച്, ശാന്തമായി പുഴയുടെയും കടലിന്റെയും സംഗമത്തെ നോക്കി നിൽക്കുന്ന ഒരു നിശ്ശബ്ദ സാക്ഷിയായി ചന്ദ്രഗിരി കോട്ട നിലകൊള്ളുന്നു.

കൈയേറ്റമുണ്ടായോയെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണു നിലവിൽ ചന്ദ്രഗിരിക്കോട്ടയ്ക്കുള്ളത്. നിലവിൽ കാണുന്നതിലേറെ സ്ഥലമായിരുന്നു നേരത്തെ കോട്ട ഉണ്ടായിരുന്നതെന്ന് പറയുന്നു. കൈയേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു. കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണമെന്നാണ് കോട്ട സംരക്ഷകർ ആവശ്യപ്പെടുന്നതു കാണാറുണ്ട്. പക്ഷേ, അങ്ങുമെത്താതെ ആവശ്യങ്ങൾ നിലച്ചുപോവും. നിത്യേന നശിച്ചു കൊണ്ടിരിക്കുന്ന ഒരു കോട്ടയാണിതെന്നു പറയാം, കോടയ്ക്കകത്ത് കാടും പ്ലാസ്റ്റിങ് ബോട്ടിലുകളും നിറഞ്ഞിരിക്കുന്നു.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിമി ദൂരമുണ്ട് കോട്ടയിലേക്ക്. കാസർഗോഡ് കാഞ്ഞങ്ങാട് പാതയിൽ മേൽപ്പറമ്പിലാണ് ചന്ദ്രഗിരിക്കോട്ട. മേൽപ്പറമ്പിൽ നിന്നും അരക്കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. ചന്ദ്രഗിരിക്കോട്ട കൂടാതെ, ബേക്കൽ കോട്ട, റാണിപുരം ഹിൽ സ്റ്റേഷൻ, വലിയപറമ്പ തടാകം, പെസഡിഗുംബെ, അനന്തപുര തടാകക്ഷേത്രം, മാലിക് ദിനാർ ജുമാ മസ്ജിദ് എന്നിങ്ങനെ മറ്റു പല ടൂറിസ്റ്റ് സ്പോട്ടുകൾ കാസർഗോഡ് ജില്ലയിൽ ഉണ്ട്.

അവശേഷിപ്പുകള്‍‌

A Modern Artപുസ്തകങ്ങള്‍‌ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും‌ സ്വന്തമാക്കുക എന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍‌ കാര്യമായി ഒന്നും‌ വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍‌ കഴിഞ്ഞ് അഞ്ചാറു വര്‍‌ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍‌ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. Continue reading

Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്

Mary Had A Little Lambവളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍‌ Mary had a little lamb -എന്ന പേരില്‍‌ 1830 -ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.

കവിതയുടെ ഇതിവൃത്തം‌ ചുരുക്കത്തില്‍‌

മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന ആട്ടിന്‍‌കുട്ടിയെ സഹോദരന്റെ അഭ്യര്‍‌ത്ഥന പ്രകാരം‌ പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍‌ മേരിയെ പരിഹസിക്കുകയും‌ ആട്ടിന്‍‌കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക്‌ ഓടിച്ചു വിടുകയും‌ ചെയ്യുന്നു. വൈകുന്നേരം‌ പള്ളിക്കൂടം‌ വിട്ട് മേരി പുറത്തിറങ്ങുന്നതും‌ കാത്ത്‌ ആട്ടിന്‍‌ കുട്ടി മുറ്റത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍‌കുട്ടി അടുത്തേക്ക്‌ സ്നേഹത്തോടെ ഓടിയെത്തുന്നു.

കേള്‍‌ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും‌ സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും‌, മേരിയുടേയും‌ കുഞ്ഞാടിന്റേയും‌ കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും‌ കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്‌. ഒരു ചെറിയ സം‌ഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍‌ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും‌.

വിക്കിപീഡിയ പറയുന്നതു കേള്‍‌ക്കുക:

A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.

കവിതയുടെ മലയാള പരിഭാഷയും‌ ഒറിജിനലും‌‌

  • മേരിക്കുണ്ടൊരു കുഞ്ഞാട്
    മേനികൊഴുത്തൊരു കുഞ്ഞാട്
    പാല്‍നുരപോലെ വെളുത്താട്
    പഞ്ഞികണക്കുമിനുത്താട്

    തുള്ളിച്ചാടിനടന്നീടും
    വെള്ളത്തിരപോല്‍ വെള്ളാട്
    കിണുകിണിയെന്നു കിലുങ്ങീ‍ടൂം
    കിങ്ങിണി കെട്ടിയ കുഞ്ഞാട്

    മേരിയൊടൊത്തുനടന്നീടും
    മേരിയൊടത്തവനുണ്ടീടും
    മേരിക്കരികെയുറങ്ങീടും
    മേരിയെണീറ്റാലെഴുന്നേല്‍ക്കും.

    ഒരുനാള്‍ പള്ളിക്കൂടത്തില്‍
    മേരിയൊടൊപ്പം കുഞ്ഞാടും
    അടിവച്ചടിവച്ചകമേറി
    അവിടെച്ചിരിതന്‍ പൊടിപൂരം

    വെറിയന്മാരാം ചിലപിള്ളേര്‍
    വെളിയിലിറക്കീ പാവത്തെ
    പള്ളിക്കൂടപ്പടിവാതില്‍
    തള്ളിയടച്ചവര്‍ തഴുതിട്ടൂ

    പള്ളിക്കൂടം വിട്ടപ്പോള്‍
    പിള്ളേരിറങ്ങിനടന്നപ്പോള്‍
    മേരിവരുന്നതു കണ്ടപ്പോള്‍
    ഓടിയണഞ്ഞൂ കുഞ്ഞാട് !

  • Mary had a little lamb,
    little lamb, little lamb,
    Mary had a little lamb,
    whose fleece was white as snow.
    And everywhere that Mary went,
    Mary went, Mary went,
    and everywhere that Mary went,
    the lamb was sure to go.

    It followed her to school one day
    school one day, school one day,
    It followed her to school one day,
    which was against the rules.
    It made the children laugh and play,
    laugh and play, laugh and play,
    it made the children laugh and play
    to see a lamb at school.

    And so the teacher turned it out,
    turned it out, turned it out,
    And so the teacher turned it out,
    but still it lingered near,
    And waited patiently about,
    patiently about, patiently about,
    And waited patiently about
    till Mary did appear.

    “Why does the lamb love Mary so?”
    Love Mary so? Love Mary so?
    “Why does the lamb love Mary so,”
    the eager children cry.
    “Why, Mary loves the lamb, you know.”
    The lamb, you know, the lamb, you know,
    “Why, Mary loves the lamb, you know,”
    the teacher did reply.


ഈ കവിത വായിക്കുന്ന ഓരോ നിമിഷവും‌ മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്‌; ചെറുവത്തൂര്‍‌ കൊവ്വലിലെ (ഇപ്പോള്‍‌ വി.വി. നഗര്‍) എല്‍‌. പി. സ്‌കൂള്‍‌ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍‌ മാഷിനേയും‌ കപ്പടാമീശയും‌ വെച്ചുവരുന്ന ഭരതന്‍‌ മാഷിനേയും‌, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും‌ – പേരു മറന്നുപോയി! 1985 -ല്‍‌ ഒന്നുമുതല്‍‌ രണ്ടര വര്‍ഷം‌ ഞാനവിടെയായിരുന്നു പഠിച്ചത്‌. ടി.സി. വാങ്ങിച്ചുവരുമ്പോള്‍‌ “നന്നായി പഠിക്കണം‌ മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം‌ മാത്രമേ ഓര്‍‌ക്കുന്നുള്ളൂ. പിന്നീട്‌ ഓരോവട്ടം‌ ചെറുവത്തൂരു പോകുമ്പോഴും‌ ഗോപാലന്‍‌ മാഷിനെ കാണാന്‍‌ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍‌മ്മയ്‌ക്കു മുമ്പില്‍‌ ഈ പഴയ പാട്ടും‌ ഈ ലേഖനവും‌ സമര്‍‌പ്പിക്കട്ടെ!!

ഈ ലേഖനത്തില്‍‌ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍‌ക്കാനാഗ്രഹിക്കുന്നവര്‍‌ ദാ ഇവിടെ മലയാളം‌ വിക്കിപീഡിയയില്‍‌ ഇത്‌ അതേപടി ഉണ്ട്‌, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂

ഈ ലേഖനം‌ ഓര്‍‌മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍‌:

  • ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
  • കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…

    വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
    തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു

    പഞ്ചാര തിന്നു മടുത്തു കുഞ്ചു…
    ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
    കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..

  • റാകി പറക്കുന്ന ചെമ്പരുന്തേ,
    നീയുണ്ടോ മാമാങ്ക വേല കണ്ടു,
    വേലയും കണ്ടു വിളക്കും‌ കണ്ടു,
    കടലില്‍ തിര കണ്ടു കപ്പല്‍‌ കണ്ടു…
  • നാണു വിറകു കീറി, കൂലി നാലു രൂപ…