ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ് ലിപി എന്നു പറയുന്നത്. അതായത് സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി എന്നർത്ഥം. ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ തുടക്കം കുറിച്ചിരുന്നതായി കാണുന്നു. അത് ചിത്രലിപി, സൂത്രലിപി, പ്രതീകലിപി, ഭാവാത്മകലിപി, ഭാവധ്വനിലിപി, ധ്വനിമൂലലിപി, വർണാത്മകലിപി, എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടും ഉണ്ട്.
ഭാരതത്തിൽ ഏറ്റവും പഴക്കമേറിയ ലിപി കിട്ടിയിരിക്കുന്നത് മറ്റുപലതിന്റേയും തുടക്കമെന്നപോലെ സിന്ധുനദീതടത്തിൽ നിന്നും തന്നെയാണ്. ഇതിനെ സിന്ധൂനദീതടലിപി അഥവാ ഹാരപ്പലിപി എന്നു വിളിക്കുന്നു. ഈ എഴുത്തുകൾ ആയിരക്കണക്കിന് കളിമൺ മുദ്രകളായോ( clay seals), മൺപാത്രക്കഷ്ണങ്ങളിലായോ (pot-sherds) ഒക്കെയാണ് ലഭിച്ചിരിക്കുന്നത്. ഇവയുടെ കർത്താക്കൾ ക്രിസ്തുവിനു മുമ്പ് നാലുമുതൽ 2 സഹസ്രാബ്ധങ്ങളിൽ സിന്ധിലും പഞ്ചാബിലും പശ്ചിമഭാരതത്തിലും വ്യാപിച്ചിരുന്ന സിന്ധൂനദിതടസംസ്കാരത്തിന്റെ ഉടമകളാണ്. പക്ഷേ, ഇന്നുവരെ ഈ ലിപിയിലെഴുതിയ കാര്യങ്ങൾ അർത്ഥവത്തായി വായിച്ചെടുക്കുവാൻ പുരാവസ്തുഗവേഷകർക്കോ പുരാതനലിപിശാസ്ത്രജ്ഞർക്കോ സാധിച്ചിട്ടില്ല. ഇതിനുശേഷം നമുക്ക് കിട്ടിയത് പിന്നെയും ഒരു സഹ്രാബ്ധം പിന്നിട്ടശേഷമുള്ള മൗര്യന്മാരുടെ കാലത്തിനു തൊട്ടു മുമ്പു നിലവിൽ വന്ന ബ്രാഹ്മി ലിപിയാണ്. ഇവയ്ക്ക് മൗര്യവംശരാജാവായ അശോകന്റെ കാലത്തുള്ള ബ്രഹ്മി ലിപിയോട് നല്ല സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അശോകശാസനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ബ്രാഹ്മിലിപിയുടെ പൂർവ്വരൂപമാണ് സിന്ധുലിപി എന്ന് 1877-ൽ കണ്ണിങാമും പിന്നീട് അദ്ദേഹത്തെ പിന്തുണച്ച ജി.ആർ. ഹണ്ടർ തുടങ്ങിയവരും കരുതി. ബ്രാഹ്മികുടുംബത്തിൽ പെട്ട ഒരു ലിപിയാണിതെന്ന് ഒരു ന്യൂനപക്ഷം പണ്ഡിതന്മാർ ഇന്നും വാദിക്കുന്നു. എന്നാൽ മിക്കവാറും പണ്ഡിതന്മാർ അവരോട് വിയോജിക്കുകയും ബ്രാഹ്മിലിപി അരാമിക് ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതുകയും ചെയ്യുന്നു. വ്യക്തമായ ഒരുത്തരം ഇവയെപറ്റി ഇന്നും കണ്ടെത്താനായിട്ടില്ല.
ഇന്ത്യയിൽ കണ്ടുകിട്ടിയിട്ടുള്ള ലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെടതുമായ ലിഖിതങ്ങൾ അശോകചക്രവർത്തിയുടെ (BC 272 – BC 231) ശിലാശാസനങ്ങളാണ്. ഇവയെല്ലാം ബ്രാഹ്മിലിപിയിലാണ്. ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും പൂർവരൂപമാണ് ബ്രാഹ്മി ലിപി. അശോകന്റെ സാമ്രാജ്യത്തിൽ കാവേരിനദിക്കു വടക്കുള്ള എല്ലാഭാഗങ്ങളും ബംഗ്ലാദേശും നേപ്പാളും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെട്ടിരുന്നു. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ലിഖിതങ്ങൾ തെളിയിക്കുന്നു. പിന്നീടിങ്ങോട്ട് പലതരം വ്യതിയാനങ്ങളിലൂടെയാണ് ലിപിവ്യവസ്ഥ വളർന്നുവന്നത്. അശോകന്റെ മരണശേഷം ക്രിസ്തുവർഷം ഒന്നാംശതകത്തിനും മുമ്പ് പുതിയ ചില അക്ഷരങ്ങളും സംയുക്താക്ഷരങ്ങളും ഉത്ഭവിക്കുകയുണ്ടായി ഈ, ഊ, ഐ എന്നീ മൂന്നു സ്വരാക്ഷരങ്ങൾ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്.
വാക്കുകളെ അക്ഷരങ്ങളാക്കി കുറിച്ചിടുന്ന ലിപിസമ്പ്രദായം മലയാളഭാഷയിൽ ഏതു നൂറ്റാണ്ടിൽ ഉടലെടുത്തു എന്നു പറയുക സാധ്യമല്ല, എന്തായാലും ഇതിന്റെ ആരംഭദശ എന്നത് പത്താം ശതകത്തിന്റെ അവസാനകാലം കൊണ്ട് തീർന്നിട്ടുണ്ട് എന്നതാണ് പൊതുവേ സ്വീകരിക്കപ്പെട്ട അഭിപ്രായം. പത്താം നൂറ്റാണ്ടിനു മുമ്പുതന്നെ മലയാളഭാഷയുടെ പ്രത്യേകം വികസിച്ച ചില പ്രയോഗങ്ങൾ നിലവിലുണ്ടായിട്ടുണ്ട്. അവരത് ഓലകൾ, തോലുകൾ എന്നിവയിലൊക്കെ രേഖപ്പെടുത്തി വെച്ചിട്ടുമുണ്ടാവണം.
ക്രിസ്തുവർഷം 16 ആം ശതകം വരെ പഴയ മലയാളത്തിന്റെ കാലഘട്ടമായിരുന്നു. ഇതിന്റെ ആദ്യദശ (12, 13 ശതകങ്ങളിൽയിൽ തമിഴിന്റെ സ്വാധീനം വളരെ കൂടുതലായിരുന്നു. 14 ആം ശതകത്തിന്റെ അവസാനം വരെയുള്ള മണിപ്രവാളകാലഘട്ടത്തിൽ മലയാള ഭാഷയിൽ ധാരാളം സംസ്കൃതപ്രയോഗങ്ങൾ കടന്നുകൂടിയതായി ലീലാതിലകത്തിൽ നിന്നും വ്യക്തമാവുന്നു. ചമ്പുകാവ്യങ്ങളുടെ കാലത്ത് (16 ആം ശതകത്തിൽ) സംസ്കൃതം മലയാളത്തെ വളരെയധികം സ്വാധീനിച്ചതായി കാണാം. ആധുനികമലയാളം എന്നത് 16 ആം ശതകം മുതൽ ഇങ്ങോട്ടുള്ള മലയാളമാണ്. പഴയമലയാളത്തിനും ആധുനികമലയാളത്തിനും ഇടയിൽ നിൽക്കുന്നത് ആധുനികമലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ കാലഘട്ടമാണ്. വലിയകോയിത്തമ്പുരാന്റെ കാലം മുതൽ ഇന്നുവരെ ഉള്ളത് ആധുനിക മലയാളത്തിന്റെ അവസാനദശയാണ്.
തുഞ്ചത്തെഴുത്തച്ഛൻ മലയാളം എഴുതുന്നതിന് ആര്യ എഴുത്ത് ഉപയോഗിക്കുകയും അന്നുമുതൽ ക്രമേണ ആ ലിപിയിൽ തന്നെ മലയാളം പ്രചരിക്കുകയും ചെയ്തു. അദ്ദേഹം പനയോലയിൽ നാരായം ഉപയോഗിച്ച് എഴുതിയിരുന്നതുകൊണ്ട് അക്ഷരങ്ങൾക്ക് ആവശ്യത്തിലധികം വളവും പുള്ളികളുമുണ്ടായി. ഈ എഴുത്ത് രീതി പൊതുവേ ഇന്നത്തെ കേരളം മുഴുവൻ സ്വീകാര്യമായിവന്നു എന്നു കരുതുന്നു. 1824 ഇൽ മലയാളത്തിലെ ആദ്യപുസ്തകമായ ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം വിവർത്തനം ചെയ്ത കഥകൾ’ എന്ന ബാലസാഹിത്യകൃതി ബെഞ്ചമിൻ ബെയിലി (Benjamin Bailey) കോട്ടയത്തെ സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചിറക്കിയതോടെ മലയാള അക്ഷരങ്ങൾ നിശ്ചിതരൂപങ്ങളിൽ തന്നെ വേരുറപ്പിച്ചു. അതോടെ ലിപിവികാസത്തിന്റെ പരിണാമം നിൽക്കുകയും ചെയ്തു, നിയതരൂപം വരികയും ചെയ്തു. അച്ചിലാക്കിയ അക്ഷരങ്ങൾ അക്ഷരങ്ങൾ ആയതിനാൽ ഒരേ രൂപം പ്രചരിക്കുകയും, കൈയ്യെഴുത്തുകാരുടെ തൂലികാചലനം മൂലമുള്ള വിവിധതരം രൂപങ്ങൾക്ക് വിലയില്ലാതാവുകയും ചെയ്തു. ഇന്നു നാം കാണുന്ന സയുക്താക്ഷരങ്ങളേക്കാൾ അനവധി സയുക്താക്ഷരങ്ങളുടെ ഉപയോഗം അന്നു നിലവിലുണ്ടായിരുന്നു. 1576-ൽ സ്പെയിൻകാരനായ ജോൺ ഗോൺസാൽവസ് കൊച്ചിയിൽ ഒരു അച്ചടി ശാല സ്ഥാപിക്കുകയും, അതിനടുത്തകൊല്ലം അവിടെ നിന്നും ക്രിസ്തീയ വേദോപദേശം എന്ന ഒരു കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് ചില ചരിത്രപരാമർശങ്ങൾ കാണാനുണ്ടെങ്കിലും, ആ പുസ്തകത്തിന്റെ ഒരു പ്രതിയും കണ്ടുകിട്ടിയിട്ടില്ല. ‘ഒരു സ്പാനിഷ് ബ്രദറായ ജോൺ ഗോൺസാൽവസ് കൊച്ചിയിൽ ആദ്യമായി മലയാളം – തമിഴ് അക്ഷരങ്ങൾ ഉണ്ടാക്കി അതുപയോഗിച്ച് ഒരു വേദോപദേശം അച്ചടിച്ചു’ എന്നാണ് ‘തിരുവിതാംകൂറിലെ ക്രൈസ്തവസഭാചരിത്രം’ (History of Christianity in Travancore) എന്ന പുസ്തകമെഴുതിയ ജി.ടി. മെക്കൻസി അഭിപ്രായപ്പെട്ടത്. ഗോൺസാൽവസ്സിന്റെ ഈ പുസ്തകം കണ്ടുകിട്ടുകയാണെങ്കിൽ കേരളത്തിൽ മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം അതാണെന്ന് ഉറപ്പിച്ചു പറയാം.
പറഞ്ഞുവന്നതിൽ നിന്നും മനസ്സിലാക്കേണ്ടത് ഭാഷയുടെ ഉല്പത്തിയും ആദ്യദശയും ഏതുകാലത്താണെന്ന് വ്യക്തമല്ല എന്നതാണ്, എന്നാൽ പത്താം ശതകത്തിൽ മലയാളത്തിന് അതിന്റേതായ ഒരു നിലനിൽപ്പ് അവകാശപ്പെടാൻ സാധിച്ചിരുന്നു. ശൈവസിദ്ധാന്തക്കാരുടെ പ്രാമാണിക ഗ്രന്ഥമായ പെരിയപുരാണത്തിലെ പ്രസ്താവനകൾ വിശ്വാസ്യയോഗ്യമെങ്കിൽ മലയാളർ എന്ന പേര് ആറാം ആറാം നൂറ്റാണ്ടിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. വട്ടെഴുത്തിലെഴുതിയിട്ടുള്ള ഏറ്റവും പഴയ ലിഖിതം എട്ടാം ശതകത്തിലേതാണ്. അച്ചടിയുടെ ആദ്യകാലത്തേക്ക് എത്തുമ്പോഴേക്കും മലയാള അക്ഷരങ്ങളിൽ ഒരു ഏകദേശമാനകം എല്ലായിടത്തും സുപരിചിതമായിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.
ലിപിയുടെ ഘടനയിലും ലിപിമാലയുടെ പൂർണതയിലും വിതരണത്തിലും ആധുനിക മലയാളലിപികൾക്കുള്ള കടപ്പാട് ഗ്രന്ഥലിപിയോടാണ്. കാരണം ഗ്രന്ഥലിപിയിൽ എല്ലാ വർഗാക്ഷരങ്ങളും ഉണ്ട്. വട്ടെഴുത്തിലും കോലെഴുത്തിലും മലയാണ്മയിലും വർഗാക്ഷരങ്ങൾ ഇല്ലാത്തതിനാലും മലയാളത്തിൽ അവ അത്യാവശ്യമായി നിലനിന്നതിനാലും ആണ് ഗ്രന്ഥലിപിയെ കടമെടുക്കേണ്ടി വന്നത് . ചോളപാണ്ഡ്യകാലത്ത് കേരളദേശത്തേക്ക് പ്രവേശിച്ച് കാലക്രമത്തിൽ രൂപമാറ്റം സംഭവിച്ച് പശ്ചിമഗ്രന്ഥലിപിയായി മാറിയതാണിത്. ഈ പശ്ചിമഗ്രന്ഥലിപിക്ക് തുളു-മലയാളമെന്നും (തുളുവും മലയാളവും എഴുതാനുപയോഗിച്ചതിനാൽ) ആര്യഎഴുത്ത് എന്നും (ആര്യഭാഷയായ സംസ്കൃതം എഴുതാനുപയോഗിച്ചതിനാൽ) പേരുകൾ ഉണ്ടായിരുന്നു. വട്ടെഴുത്തിലും കോലെഴുത്തിലും എഴുതിയിരുന്ന അന്നത്തെ ലിഖിതങ്ങളിലും കൈയെഴുത്ത് പ്രതികളിലും സംസ്കൃതപദങ്ങൾ ഗ്രന്ഥലിപിയിൽ എഴുതിയതിനാൽ അന്നത്തെ വിദ്യാസമ്പന്നർക്ക് ഗ്രന്ഥലിപിയും നല്ല വശമുണ്ടായിരുന്നു.
19 ആം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിൽ അച്ചടി ഇന്ത്യ ഒട്ടാകെ വ്യാപിച്ചതോടെ അന്നു നിലവിലിരുന്ന എല്ലാ ഭാരതീയ ലിപികളും അച്ചിനു കീഴടങ്ങി. ഘടനയിലും രൂപത്തിലും വലിയ മാറ്റം വരാതെ വലിപ്പച്ചെറുപ്പമൊഴിച്ച് വ്യവസ്ഥിതമാവുകയും ചെയ്തു.അതിനുശേഷം ഇന്ത്യയിൽ ഒരു ലിപിയും മാറിയിട്ടില്ല എന്നുതന്നെ പറയാം. 1970 ഇൽ ആണ് കേരളസർക്കാർ ചെറിയൊരു ലിപി പരിഷ്കരണം നടത്തിയത്. ഇത് പ്രധാനമായും ടൈപ്പ് റൈറ്റർ, ലൈൻ കമ്പോസിങ് മെഷ്യൻ കമ്പോസിങ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സൗകര്യത്തിനു വേണ്ടിയായിരുന്നു. ഈ പരിഷ്കാരത്തിൽ അക്ഷരങ്ങളുടെ ഘടനയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഉ, ഊ എന്നിവയുടെ മധ്യമ ചിഹ്നങ്ങൾ (ു , ൂ ) എല്ലാ വ്യഞ്ജനങ്ങളോടും ഒരുപോലെ കൂട്ടിച്ചേർക്കുകയും സംയുക്താക്ഷരങ്ങളിലെ രണ്ടാമത്തെ അക്ഷരം വേർതിരിച്ചെഴുതുകയുമാണ് ഈ പരിഷ്കരണം വഴി പ്രധാനമായും ചെയ്തത്.
പുതുകാല ലിപിചിന്തകൾ
ഉപയോഗക്കുറവും എണ്ണക്കൂടുതലും ഒക്കെയായിരുന്നു അക്ഷരങ്ങളെ വെട്ടിക്കുറക്കാൻ പ്രധാന കാരണമായത് എന്നുകാണാം. ഇന്ന് കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നമുക്ക് എന്തും ഏതും എളുപ്പം ഉണ്ടാക്കിയെടുക്കാം എന്ന നിലവന്നിരിക്കുന്നു. അതിവിപുലമായ നമ്മുടെ അക്ഷരസമ്പത്ത് അതേ പടി കാത്തുസൂക്ഷിക്കുന്നതിൽ ഇനി അത്തരത്തിലുള്ള യാതൊരു പ്രശ്നവും ഇല്ല. ഏതു ചിഹ്നങ്ങളേയും പ്രോഗ്രാമിങിന്റെ സഹായത്തോടെ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അക്ഷരങ്ങൾ ഉണ്ടാവുന്നതും പഠിച്ചെടുക്കുന്നതും നമുക്ക് മറ്റേതൊരു ഭാഷയും എളുപ്പം വഴങ്ങുന്നതിനു കാരണമാവും. അതുകൊണ്ട് മലയാളത്തിൽ പണ്ടുണ്ടായിരുന്ന സ്വരിതവും (അക്ഷരത്തിനു മുകളിൽ കുത്തനെയുള്ള വര) അനുദാത്തവും (അക്ഷരങ്ങളുടെ അടിയിൽ വിലങ്ങനെയുള്ള വര) അടക്കം എല്ലാം സമ്യുക്താക്ഷരങ്ങളേയും ഉൾക്കൊള്ളിച്ചു തന്നെ ലിപിവ്യവസ്ഥ വികസിപ്പിക്കേണ്ടതുണ്ട്.