ചരിത്രത്തിന്റെ കല്ലറകൾ തേടി നമുക്കു ഹംപിയിലേക്കൊന്നു പോയി വരാം! ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനകേന്ദ്രമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടർന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹംപി ഏവരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്; ഒരു അത്ഭുതമാണ്! ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന്‍ ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം!! ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്‌വര! അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്‌ണ – തുംഗഭദ്രാ നദിക്കരയിൽ പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകൾപെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ ഗർലപതി തെനാലി രാമകൃഷ്ണൻ എന്ന തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. അവസാനം, കാലനിയോഗമെന്നപോലെ മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനൈറ്റുകളുടെ ആക്രമണത്തിൽ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്! അവശിഷ്ടങ്ങളുടെ മഹാനഗരം. കാണേണ്ടതാണ്; ഒരു ജന്മത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണാ കാഴ്ചകൾ!
ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും അമ്പേ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ടുകളും കണ്ട് കണ്ട്… ദേവി ലക്ഷിമിയെ മടിത്തട്ടിലിരുത്തിയ ഒറ്റക്കല്ലിൽ തീർത്ത ഉഗ്രനരസിംഹമൂർത്തിയെ കണ്ടാൽ ഒട്ടുന്നുമല്ല നമ്മൾ വിസ്മയം കൊള്ളുക. കട്‌ലേക്കല്ലു ഗണേശന്റെ വയറിൽ ചേർന്ന് നിന്നും ഫോട്ടോയ്ക്ക് പോസുചെയ്യുമ്പോൾ ദൈവവും മനുഷ്യനും ഒന്നായുണരുന്ന അലൗകികത തോന്നിയേക്കാം!! ഒരുകാലത്ത് സകല പ്രൗഢിയോടും കൂടി ഭക്തജനങ്ങൾക്ക് അഭൗമസായൂജ്യമരുളിയ ദൈവത്തെ നമുക്ക് തൊട്ടുരുമാനാവുമവിടെ.
രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി തോന്നും ഏതൊരുവനും. കൃഷ്ണദേവരായരുടെ വരവും പ്രതീക്ഷിച്ച് ആകുലചിത്തരായി നടന്ന സുരസുന്ദരിമാരായ രാജ്ഞിമാരെ നമ്മൾ അറിയാതെ തേടിയലഞ്ഞുപോവും!
ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

ദേവദാസികൾ അവരുടെ മാദാലസയാമങ്ങളെ പുളകം വിരിയിച്ച വഴിയോരവാണിഭശാലകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതു കാണാം ആ ക്ഷേത്രനഗരിയിൽ. പൊന്നും വൈരക്കല്ലുകളും പറകണക്കിന് അളന്നു നൽകിയ വഴിയോരവാണിഭകേന്ദ്രങ്ങൾ കരിങ്കൽതൂണുകളായ് അവശേഷിച്ച് ഏതോ കഥനകഥ നിശബ്ദം പറയുന്നതായി തോന്നി! കൃഷ്ണദേവരായർ തന്റെ തൂക്കത്തിന് സ്വർണം ക്ഷേത്രങ്ങൾക്ക് സംഭാവനനൽകാനായി പണിത ഭീമൻ തുലാസ് അനാഥമായി അമ്പലപരിസരത്ത് കാണാം! ഹനുമാൻ ജനിച്ച പർവ്വതം ഇന്നും തലയുയർത്തി ഏതോ അസുലഭ അഹങ്കാരത്താൽ വിലസുന്നു. ബാലികേറാമല എന്നറിയപ്പെടുന്ന ഋശ്യമൂകചലം സുഗ്രീവസ്മൃതിയിൽ തിളങ്ങുന്നു. സീതാന്വേഷണത്തിനു പോയ ഹനുമാൻ തിരിച്ചുവന്ന് മറ്റു വാനരന്മാരോടൊപ്പം ആനന്ദനൃത്തമാടിയ ആ കദളിവാഴത്തോട്ടത്തിനു സമമായ വാഴത്തോട്ടങ്ങൾ ഹമ്പിക്കുചുറ്റും ഭംഗി വിതയ്ക്കുന്നു. അങ്ങനെ ഒരു വാഴത്തോപ്പിലാണ്, ഏതോ ഒരു വയസ്സായ സ്ത്രീ തന്റെ ദാരിദ്ര്യമകറ്റാനായി ശിവപൂജയ്ക്കുവേണ്ടി തീർത്ത ഒറ്റക്കൽ ശിവലിംഗമിരിക്കുന്നത്!
നിരവധി ക്ഷേത്രങ്ങളുണ്ട് ഹമ്പിയിൽ; അതുപോലെ കൽമണ്ഡപങ്ങളും, കൊട്ടാരങ്ങളും. വിശദീകരണത്തിൽ ഒതുങ്ങുന്നവയല്ല അവയൊന്നും തന്നെ. കണ്ടുതന്നെ അറിയേണ്ട പുണ്യമാണു ഹംപി. ഏതൊരു യാത്രികനേയും ആശ്ചര്യത്തിന്റെ നെറുകയിലെത്തിക്കുന്ന ദൃശ്യവിസ്മയമാണത്. എങ്കിലും പറയാം. ഹമ്പിയിലെത്തിയാൽ നിങ്ങൾ പ്രധാനമായും കാണേണ്ടതിവയൊക്കെയാണ് :
വീരുപാക്ഷാ ക്ഷേത്രം, ആയിരം കാല്‍ മണ്ഡപം, മന്മദ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്ര നരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹാൽ, എലിഫന്റ് സ്റ്റേബിൾ, തുംഗഭദ്ര നദീതടം, വിട്ടലക്ഷേത്രം, ഗരുഡ രഥം, തുലഭാരം നടത്തിയ ത്രാസ്, നവമി മണ്ഡപവും പരിസരവും അവിടുത്തെ കുളവും, രഹസ്യയോഗം ചേരാനുള്ള ഭൂഗർഭാറകൾ, രാജ്ഞിമാർ കുളിക്കുന്ന കുളിമുറി, വിവിധ മാർക്കറ്റുകൾ, പിന്നെ അവിടവിടങ്ങളിലായ് തകർന്നു കാണുന്ന മറ്റു ക്ഷേത്രങ്ങളും കൽമണ്ഡപങ്ങളും കൽപ്രതിമകളും. രണ്ടു ദിവസം മെനക്കെട്ടിരുന്നു കാണാനുള്ള കാഴ്ചകൾ ഉണ്ട് ഹമ്പിയിൽ; അടുത്തുള്ള തുംഗഭദ്രാ അനക്കെട്ടും കണ്ട് പ്രൗഢഗംഭീരമായ നമ്മുടെ ചരിത്രവിസ്മയത്തെ മനസാ ആവാഹിച്ച് നിങ്ങൾക്കു തിരിച്ചുവരാം!
ചിത്രങ്ങൾ കാണാൻ മുകളിലുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുമല്ലോ!
ഹംപിയിലെ ശിലാസ്മാരകങ്ങളെ ഇവിടെ കാണാം..
വിക്കിപീഡിയയിൽ കൂടുതൽ വായിക്കുക.


പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണു നന്ദി ഹിൽസ്. ഒരൊറ്റമലയുടെ മുകൾത്തട്ടിൽ മേഘക്കൂട്ടങ്ങളോട് കിന്നാരം പറഞ്ഞുകളിക്കുന്ന നയനമനോഹരമായ മരങ്ങളും ചെടികളും കുന്നിഞ്ചെരുവുകളും. നന്നായി നോക്കിനടത്തുന്ന ഒരു പാർക്കുപോലെ തോന്നിച്ചു നന്ദിഹിൽസിലെ മരങ്ങൾ. മഴയായി പെയ്‌തിറങ്ങുന്ന മഞ്ഞിൻ തുള്ളികൾ പോലും നമ്മെ അധികമായി അലോസരപ്പെടുത്തുന്നില്ല അവിടെ. ചുറ്റിനും ഭീകരമായ പാറയിടുക്കുകളും കൊക്കകളും കാവൽ നിൽക്കുന്ന നന്ദിഹിൽസിൽ രാവിലെ 7 മണിയോടടുത്ത് ഞങ്ങൾ എത്തി. 11 മണിക്ക് ഞങ്ങൾ മലയിറങ്ങും വരെ അവിടെനിന്നും മഞ്ഞിൻപാളികൾ ലവലേശം പോലും മാറിയിരുന്നില്ല. നന്ദി ഹിൽസിൽ നിന്നും കാണുന്ന സൂര്യോദയം വിസ്‌മയാവഹമാണ്. സൂര്യപ്രകാശത്തിനും പോലും ആ പ്രദേശത്തേക്ക് കടന്നുവന്ന് ആ മനോഹാരിതയെ വേദനിപ്പിക്കാൻ മടിയാണെന്നു തോന്നിക്കും. നന്ദി ഹിൽസ് വിവരണാതീതമാണ്. പോയി കണ്ട് അനുഭവിച്ചുമാത്രം തീർക്കാവുന്ന സുഭഗസുന്ദരമധുപാത്രം!ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെയാണു നന്ദി ഹിൽസ്. NH – 7 ന്റെരികിലായിട്ടാണിതെന്നു പറയാം. ശരിയായ രീതിയിലുള്ള സൈൻബോർഡുകളൊന്നും വഴിയോരത്ത് കാണാലില്ല. NH – 7 ലൂടെ തന്നെ പോയാൽ ദേവനഹള്ളി എയർപോർട്ടും കഴിഞ്ഞ് NH – 207 നെ ക്രോസ് ചെയ്താൽ ഉടനെ കാണന്ന ഒരു ചെറിയ റൈറ്റ്സൈഡ് റോഡ് പിടിച്ചാൽ നന്ദി ഹിൽസിലെത്താം. ഈ ടേർണിങിനെ നന്ദി ക്രോസ് എന്നാണു വിളിക്കുക. അങ്ങനെ പേരിട്ട് പറയാൻ മാത്രം വലിയ ക്രോസൊന്നും അല്ലത്. അതി രാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരണം. മടക്കം എപ്പോൾ വേണമെങ്കിലും ആവാം.
നേരെ വിട്ടത് ശിവഗംഗയിലേക്കാണ്. പോകുന്ന വഴി നിറയെ മുന്തിരിത്തോപ്പുകൾ. പഴുത്തുപ്രായമായ മുന്തിരിപ്പാടത്തിലൂടെ ഞങ്ങൾ ഇറങ്ങി നടന്നു. കുറേ മുന്തിരികൾ പറിച്ചെടുത്തു. ശിവനസമുദ്രയിലെന്നപോലെ ശിവഗംഗയിലും ലോക്കൽപാർട്ടീസ് കാറിനും കരം പിരിക്കാനായി എത്തി. ശിവനസമുദ്രയിൽ പ്രയോഗിച്ച് അതേ അടവു പറഞ്ഞ് അവരെ വിരട്ടി ഞങ്ങൾ മലയ്‌ക്കു താഴെ ഒരു മരത്തണലിൽ കാർ പാർക്ക് ചെയ്ത് ഉച്ചയ്ക്ക് 12 മണിയോടെ മല കയറ്റം ആരംഭിച്ചു. ശിവനും ശിവന്റെ കുടുംബവും താമസിക്കുന്ന മലയാണു ശിവംഗംഗ എന്നു തോന്നിപ്പിക്കും ആ മല. വലിയൊരു പാറക്കൂട്ടമാണ്. പാറകൾക്കൊക്കെ ഏകദേശം ഒരേ ആകൃതി ശിവവാഹനമായ നന്ദിയുടേതു പോലെ. പല പാറകളിലും അവിടെ നന്ദികേശനെ കൊത്തിവെച്ചിട്ടുണ്ട്. പടുകൂറ്റൻ പാറകളിൽ പടകൾ കൊത്തി കമ്പിവേലികളാൽ കൈപ്പിടിയൊരുക്കി മലമുകളിലേക്കുള്ള കയറ്റം ഒരു കയറ്റം തന്നെയാണ്. മൂന്നുമണിയോടടുത്താണ് ഞങ്ങൾ മുകളിൽ എത്തിയത്. മലയുടെ നെറുകയിൽ നിന്നും ചുറ്റിലേക്കും വായുവിൽ തള്ളിനിൽക്കുന്ന വലിയ ഭീമൻ പാറക്കൂറ്റൻമാർ!! പല മിഥുനങ്ങളും അതിന്റെ മുകളിലേറി ടൈറ്റാനിക്കിലെ ടെക്കിൽ കേറിനിന്നു നായികാനായകൻമാർ കൈവിരിച്ചു നിൽക്കുന്നതു പോലെ നിൽക്കുന്നതു കണ്ടു. വളരെ സാഹസികമായി മാത്രം കേറിച്ചെല്ലാവുന്ന ഒരിടമാണു ശിവഗംഗ. ബാംഗ്ലൂരിൽ നല്ല മഴക്കാലം എന്നൊന്നുണ്ടെങ്കിൽ തീർച്ചയായും അവിടേക്ക് എത്തിപ്പെടാൻ ആർക്കുമാവില്ല…ശിവഗംഗയിലേക്ക് നന്ദിഹിൽസിൽ നിന്നും 60 കിലോമീറ്റർ ആയിരുന്നു. മലയിറങ്ങിയ ഉടനേ കാണുന്ന റൈറ്റ്സൈഡ് റോഡിലൂടെ അല്പം പോയാൽ രാജഘട്ട് റോഡുവഴി NH – 207 ഇൽ എത്തിച്ചേരും. അതുവഴി NH 4 (NH – 207 ന്റെ അവസാനമാണെന്നു തോന്നുന്നു) വരെ യാത്രചെയ്ത് NH 4 മുറിച്ച് കടന്ന് ഉള്ളിലേക്ക് കയറിയാൽ ശിവഗംഗയായി. ബാംഗ്ലൂരിൽ നിന്നും ഡയറക്റ്റ് പോകുന്നവർക്ക് യശ്വന്തപുര വഴി NH 4 ലൂടെ തന്നെ പോയാൽ മതി 41 കിലോമീറ്റർ ഉണ്ടാവും ആ ദൂരം. നെലമംഗല കഴിഞ്ഞ് ശിവഗംഗയിലേക്ക് പല വഴികൾ ഉണ്ട്.
തൃഷ്ണകളെ ത്രസിപ്പിക്കുന്ന വിശാലമായ കടല്‍ത്തീരങ്ങള്‍ എന്നും വിവശമദാലസയായ ഗോവയ്‌ക്കു സ്വന്തമാണ്. കേട്ടറിവുകളില്‍ ഒപ്പിയെടുത്ത നിറക്കാഴ്‌ചകള്‍ മാത്രമായിരുന്നു
കേരളത്തിലെ കോട്ടകളുടെ നാടെന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിൽ, ചന്ദ്രഗിരിപ്പുഴ അറബിക്കടലുമായി ചേരുന്ന മനോഹരമായ ഒരു തുരുത്തിൽ തലയുയർത്തി നിൽക്കുന്ന ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. പതിനേഴാം നൂറ്റാണ്ടിൽ, വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം ഈ പ്രദേശം ഭരിച്ചിരുന്ന ബദനൂർ അഥവാ ഇക്കേരി രാജവംശത്തിലെ നായകന്മാർ നിർമ്മിച്ചതാണ് ഈ കോട്ട. മലബാർ തീരത്തെ വ്യാപാര ബന്ധങ്ങൾ സംരക്ഷിക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ഈ കോട്ട പണിതത്. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ഒരു ചെറിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് പുരാതനമായ ഒരു ചരിത്രമുണ്ട്.. രണ്ട് ഗുഹാകവാടങ്ങൾ അടക്കം മൂന്നു വഴികൾ ഉണ്ട് കോട്ടയ്ക്ക് അകത്തേക്കു കടന്നു ചെല്ലാൻ. തകർന്നു കിടക്കുന്ന ഈ കോട്ട, മുന്നിലുള്ള പുഴയിലേക്കും, അടുത്തുള്ള അറബിക്കടലിലേക്കും, ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളിലേക്കും മനോഹരമായ കാഴ്ചയൊരുക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു. കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല. കൃത്യമായി കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ല. ബേക്കല്‍ കോട്ടയില്‍ നിന്നും 10 കി.മീ. അകലെയാണ് ചന്ദ്രഗിരിക്കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴ് ഏക്കറോളം വിസ്തൃതിയുണ്ട്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും ഏഴോളം കി.മീ. മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്. പുരാതനമായ കീഴൂര്‍ ക്ഷേത്രം ഉള്ളത് സമീപത്താണ്.


