സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ–
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍

മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍…

ഗൗരിയമ്മ

1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 – 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു.

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

ഓര്‍മ്മകളുടെ ഓണം

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍

വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,

പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,

പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,

പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,

ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,

ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,

ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,

പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ ‘ണ്ടെന്നെ രക്ഷിക്കണേ
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,

എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍…

 
കവി: ബാലചന്ദ്രൻ ചുള്ളിക്കാട്

സദ്ഗതി

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗല കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ…
നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ…

ഒരു നാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും…
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികേ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

രചന: ബാലചന്ദ്രൻ ചുള്ളിക്കാട്

സ്‌നാനം

ഷവര്‍ തുറക്കുമ്പോൾ ഷവറിനു താഴെ
പിറന്നരൂപത്തിൽ നനഞ്ഞൊലിക്കുമ്പോൾ.

തലേന്നു രാത്രിയിൽ കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോൾ.

ഷവറിനു താഴെ പിറന്ന രൂപത്തിൽ
ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍ പിറന്ന രൂപത്തിൽ.

ഇതേ ജലം തനോ ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവിൽ പതിച്ച ഗംഗയും?

ഇതേ ജലം തനോ വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവിൽ തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ നബി തിരുമേനി
മരുഭൂമില്‍ പെയ്ത വചനധാരയും?

ഷവര്‍ തുറക്കുമ്പോൾ ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോൾ

ഷവര്‍ തുറക്കുമ്പോൾ മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ കുതിച്ചു ചാടുമ്പോൾ

മരിക്കണേ, വേഗം മരിക്കണേയെന്നു
മനുഷ്യരൊക്കെയും വിളിച്ചു കേഴുമ്പോൾ

എനിക്കു തോന്നുന്നു മരിച്ചാലും നമ്മൾ
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌പ്പറന്നു പോകിലും
പെരുമഴയായിത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മൾ മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോൾ.

………… …..
കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്

ചൂടാതെ പോയ് നീ

എന്നെകിലും നീ അറിയാതെ പോയിട്ടുണ്ടോ നിന്നെ എത്രയോ ആഴത്തിൽ പ്രണയിച്ച ഒരു ഹൃദയത്തെ? ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പിടയുന്ന സങ്കടം മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ വരികളിൽ നീയുണ്ട്… ചിലപ്പോൾ ഞാനും… Continue reading

പിറക്കാത്ത മകന്‍‌

അസ്തിത്വവ്യഥയുടെയും വിപ്ലവനിരാശയുടെയും കനൽവഴികൾ

മലയാള കവിതയിലെ ‘ആധുനികത’ (Modernism) അതിന്റെ രൗദ്രഭാവത്തോടും ആത്മീയമായ ശൂന്യതയോടും കൂടി ആവിഷ്കരിച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. എഴുപതുകളിലും എൺപതുകളിലും കേരളീയ യൗവനത്തെ പിടിച്ചുലച്ച വിപ്ലവവീര്യവും അതിനെത്തുടർന്നുണ്ടായ കടുത്ത മോഹഭംഗങ്ങളും ചുള്ളിക്കാടിന്റെ കവിതകളുടെ ജീവരക്തമാണ്. അദ്ദേഹത്തിന്റെ ഏറ്റവും ശക്തവും ദാർശനികവുമായ കവിതകളിലൊന്നാണ് ‘പിറക്കാത്ത മകൻ’. ഈ കവിത കേവലമൊരു വ്യക്തിപരമായ വിലാപമല്ല; മറിച്ച്, അത് എഴുതപ്പെട്ട കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിച്ഛേദവും കവിയുടെ സ്വന്തം ജീവിതവ്യഥകളുടെ തീക്ഷ്ണമായ ആവിഷ്കാരവുമാണ്.

1. കവിതയുടെ പശ്ചാത്തലം: പ്രക്ഷുബ്ധമായ എഴുപതുകളും സാമൂഹിക ചുറ്റുപാടുകളും

‘പിറക്കാത്ത മകൻ’ ജനിക്കുന്നത് ഒരു പ്രത്യേക സാമൂഹിക-രാഷ്ട്രീയ സന്ധിയിലാണ്. 1970-കളിലെ കേരളം രാഷ്ട്രീയമായി കലുഷിതമായിരുന്നു.

  • നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തകർച്ച: വ്യവസ്ഥിതിയെ മാറ്റാമെന്ന വ്യാമോഹത്തോടെ ആയുധമെടുത്ത ഒരു വലിയ തലമുറയുടെ സ്വപ്നങ്ങൾ ഭരണകൂട ഭീകരതയാലും ആഭ്യന്തര ശൈഥില്യത്താലും തകർക്കപ്പെട്ട കാലമായിരുന്നു അത്.

  • അടിയന്തരാവസ്ഥയുടെ കരിനിഴൽ: പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുകയും, ചോദ്യം ചെയ്യുന്ന യൗവനങ്ങൾ ജയിലറകളിലും ലോക്കപ്പുകളിലും അപ്രത്യക്ഷമാവുകയും ചെയ്ത കാലം.

  • തൊഴിലില്ലായ്മയും ദാരിദ്ര്യവും: അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിലില്ലാതെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു. വ്യവസ്ഥിതിയോടുള്ള കടുത്ത അമർഷവും നിരാശയും അവരിൽ അസ്തിത്വവാദപരമായ (Existentialist) ചിന്തകൾ വളർത്തി.

ഈയൊരു പശ്ചാത്തലത്തിലാണ്, ക്രൂരവും അഴിമതി നിറഞ്ഞതുമായ ഒരു ലോകത്തേക്ക് തന്റെ ചോരയിൽ ജനിക്കാനിരിക്കുന്ന മകനെ ക്ഷണിക്കാൻ കവി വിസമ്മതിക്കുന്നത്.

2. കവിയുടെ ജീവിതവ്യഥകൾ കവിതയിൽ

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വ്യക്തിജീവിതം കവിതയുമായി വേർപെടുത്താനാവാത്തവിധം പട്ടുപോയതാണ്. കൗമാരത്തിൽ തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന കവി അനുഭവിച്ച യാതനകൾ ഈ കവിതയുടെ അടിത്തറയാണ്.

  • തെരുവിന്റെ അനുഭവങ്ങൾ: പട്ടിണി, അഭയമില്ലായ്മ, അലച്ചിലുകൾ എന്നിവയായിരുന്നു കവിയുടെ നിത്യസഹായികൾ. “വിശപ്പിന്റെ വിളി” എന്തെന്ന് സ്വന്തം ജീവിതം കൊണ്ട് അറിഞ്ഞ കവിക്ക്, തന്റെ മകനും ഇതേ നരകം അനുഭവിക്കേണ്ടി വരുമെന്ന ഭയമുണ്ടായിരുന്നു.

  • സ്നേഹനിരാസങ്ങൾ: കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ട തിരസ്കരണങ്ങൾ കവിയെ അങ്ങേയറ്റം ഏകാകിയാക്കി. തന്റെ മകന് നൽകാൻ തന്റെ കൈയിൽ ഭൗതികമായ സുരക്ഷിതത്വമോ, മാനസികമായ ശാന്തിയോ ഇല്ലെന്ന തിരിച്ചറിവ് കവിയെ വേട്ടയാടി.

“ഈ കശാപ്പുശാലയിലേക്ക്, ഈ ചതിക്കുഴികളിലേക്ക് എന്റെ മകൻ വരേണ്ടതില്ല” എന്ന കവിയുടെ തീരുമാനം ഒരു പിതാവിന്റെ ക്രൂരതയല്ല, മറിച്ച് ലോകത്തിന്റെ ക്രൂരതയിൽ നിന്നുള്ള കരുതലാണ്.

3. കാവ്യപ്രമേയത്തിന്റെ അക്കാദമിക് വിശകലനം

‘പിറക്കാത്ത മകൻ’ എന്ന കവിതയെ വിശകലനം ചെയ്യുമ്പോൾ പ്രധാനമായും മൂന്ന് ദാർശനിക തലങ്ങൾ ദർശിക്കാം:

എ. ആന്റി-നാറ്റലിസം (Anti-natalism) അഥവാ ജനനവിരുദ്ധത

ജീവിതം ദുഃഖപൂർണ്ണമാണെന്നും, അതിനാൽ പുതിയൊരു ജീവന് ജന്മം നൽകുന്നത് ആ ജീവനോട് ചെയ്യുന്ന ക്രൂരതയാണെന്നുമുള്ള ദർശനമാണിത്. കവി ഇവിടെ മകനോട് പറയുന്നത്, ജനിക്കാതിരിക്കുന്നതാണ് ജനിക്കുന്നതിനേക്കാൾ വലിയ ഭാഗ്യം എന്നാണ്.

ബി. ചരിത്രത്തോടുള്ള കലഹം

ചരിത്രം എപ്പോഴും വഞ്ചനകളുടെയും രക്തച്ചൊരിച്ചിലുകളുടെയും കഥ മാത്രമാണ് എഴുതിവെച്ചിട്ടുള്ളത്. മനുഷ്യൻ നിർമ്മിച്ച എല്ലാ പ്രത്യയശാസ്ത്രങ്ങളും (അത് കമ്മ്യൂണിസമായാലും മുതലാളിത്തമായാലും) പരാജയപ്പെട്ടുപോയ ഒന്നാണെന്ന് കവി തിരിച്ചറിയുന്നു. ഈ പരാജയപ്പെട്ട ചരിത്രത്തിന്റെ ഇരയായി മാറാൻ മകനെ വിട്ടുകൊടുക്കാൻ കവി തയ്യാറല്ല.

സി. സ്നേഹത്തിന്റെ തീവ്രത

ഈ കവിത പ്രത്യക്ഷത്തിൽ നിഷേധാത്മകമാണെന്ന് തോന്നാമെങ്കിലും, അതിന്റെ അന്തർധാര തീവ്രമായ സ്നേഹമാണ്. ലോകത്തിന്റെ ദംഷ്ട്രകളിൽ നിന്ന് തന്റെ മകനെ രക്ഷിക്കാനുള്ള ഒരേയൊരു വഴി അവന് ജന്മം നൽകാതിരിക്കുക മാത്രമാണെന്ന കവിയുടെ നിഗമനം സ്നേഹത്തിന്റെ പരകോടിയാണ്.

4. സാമൂഹിക ചുറ്റുപാടുകളും കാവ്യബിംബങ്ങളും: ഒരു താരതമ്യം

കവിതയിലെ വരികളും അവ പ്രതിനിധീകരിക്കുന്ന അന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളും താഴെ പറയുന്ന രീതിയിൽ ക്രോഡീകരിക്കാം:

കവിതയിലെ ഭാവം / ബിംബം സാമൂഹിക പശ്ചാത്തലം / യാഥാർത്ഥ്യം
ഗർഭപാത്രത്തിന്റെ ഇരുണ്ട ശാന്തത പുറംലോകത്തെ രാഷ്ട്രീയ കോലാഹലങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നുമുള്ള സുരക്ഷിതത്വം.
രക്തം പുരണ്ട തെരുവുകൾ നക്സലൈറ്റ് വേട്ടയും ഭരണകൂട ഭീകരതയും മൂലം ചോരയൊഴുക്കിയ കേരളീയ തെരുവുകൾ.
പരാജയപ്പെട്ട വിപ്ലവങ്ങൾ ആദർശങ്ങൾ പണയപ്പെടുത്തിയ രാഷ്ട്രീയ പാർട്ടികളും വഴിതെറ്റിപ്പോയ യുവത്വവും.
അപ്പത്തിന്റെ കഠിനമായ ദൗർലഭ്യം അന്നത്തെ സാധാരണക്കാരെയും യുവാക്കളെയും ശ്വാസം മുട്ടിച്ച കടുത്ത സാമ്പത്തിക ദാരിദ്ര്യവും പട്ടിണിയും.

5. ശൈലിയും കാവ്യസൗന്ദര്യശാസ്ത്രവും

ചുള്ളിക്കാടിന്റെ തനത് ശൈലിയായ ‘തീക്ഷ്ണ പദാവലി’ (fiery vocabulary) ഈ കവിതയിലും പ്രകടമാണ്. സംസ്കൃത പദങ്ങളുടെ ഗാംഭീര്യവും തെരുവിന്റെ പച്ചയായ ഭാഷയും ഇതിൽ സമന്വയിക്കുന്നു. വരികളിലെ ദ്രുതതാളവും നാടകീയതയും വായനക്കാരനിൽ കടുത്ത വൈകാരിക ആഘാതം സൃഷ്ടിക്കുന്നു. ഒരു പ്രവാചകന്റെ ഗൗരവത്തോടെയാണ് കവി തന്റെ പിറക്കാത്ത മകനോട് സംവദിക്കുന്നത്.

ഉപസംഹാരം

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘പിറക്കാത്ത മകൻ’ ഒരു കാലഘട്ടത്തിന്റെ മാത്രം കവിതയല്ല. മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം പ്രസക്തമായ ചില അസ്തിത്വ ചോദ്യങ്ങൾ അത് ഉയർത്തുന്നുണ്ട്. കവിയുടെ വ്യക്തിപരമായ ജീവിതവ്യഥകളും അന്നത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും ഈ കവിതയ്ക്ക് നൽകിയ ഊർജ്ജം ചെറുതല്ല. വിപ്ലവത്തിന്റെ ചാരത്തിൽ നിന്നും ഉയർന്നുവന്ന കനൽവരികളായി, മനുഷ്യദുഃഖത്തിന്റെ അനശ്വര ഗീതമായി ഈ കവിത മലയാള സാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കും.

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും…
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍…
സർപ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?…
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?…
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?…
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍…
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍…
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ…

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും…
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം…
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍…
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ…
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍…

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം…
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം…
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും…

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്