നവാബ് രാജേന്ദ്രൻ

nawab-rajendran

ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പതിനൊന്നു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം നുള്ളിനോവിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങളിലൂടെ അനീതിയുടെ യഥാർത്ഥവശം ജനങ്ങളെ ബോധിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു! കെ. കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നവാബിന്റെ പേരുകേട്ടാൻ മുട്ടുവിറയ്ക്കുന്ന കാലം ഉണ്ടായിരുന്നു. അവസാന ശ്വാസവും വലിച്ചെടുത്ത് സ്വന്തം ശരീരം അനാട്ടമി കുട്ടികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു നവാബ്! എങ്കിലും പകപോക്കലെന്നോണം അവസാനം പുഴുവരിച്ച് അനാഥശവമായി മറവുചെയ്ത് മലയാളം ആ മഹാമനുഷ്യനോട് നീതികേട് കാണിച്ചുവെന്നത് പിൻകാല ചരിത്രം. നമുക്കോർക്കാം, ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു!! നന്ദിയോടെ സ്മരിക്കാം!! ആ പോരാട്ട വീര്യത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം!! ടി. എ. രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം. 1950-ൽ പയ്യന്നൂരിൽ ജനിച്ചു. കുഞ്ഞിരാമ പൊതുവാളും ഭാർഗവിയമ്മയും ആണ്‌ മാതാപിതാക്കൾ. പൊതുതാൽപര്യ ഹർജികളിലൂടേയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌. തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “നവാബ്‌” എന്ന പത്രത്തിലുടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് “നവാബ്‌” പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ “നവാബ്‌ രാജേന്ദ്രൻ” എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. അഴിമതിക്കെതിരായ പ്രവർത്തനങ്ങൾ പരിഗണിച്ച് മാനവസേവാ അവാർഡ് നവാബിന് ലഭിച്ചിട്ടുണ്ട്. അവാർഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോർച്ചറി നിർമ്മാണത്തിനായി നവാബ് നൽകിയിരുന്നു. ക്യാൻസർ രോഗബാധിതനായ നവാബ്‌ രാജേന്ദ്രൻ 2003 ഒക്ടോബർ 10-ം തിയ്യതി അന്തരിച്ചു. മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക്‌ പഠിക്കാൻ കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ച്‌, പോസ്റ്റുമോർട്ടം നടത്തി എംബാം ചെയ്ത മൃതേദഹം തിരുവനന്തപുരം മെഡിക്കൽകോളേജ് അനാട്ടമി ഡിപ്പാർട്ടമെൻറിന്‌ കൈമാറുകയും ചെയ്തു. എന്നാൽ, ശരീരം അഴുകുകയും, തുടർന്ന് രഹസ്യമായി മറവ് ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Continue reading

ഏർപ്പ് ഉത്സവം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമോദാഹരണമായ ഒരു ഗ്രാമീണ ആഘോഷമാണ് ഏർപ്പുത്സവം. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്നൊരു ഉത്സവമാണിത്. കഴിഞ്ഞകാലങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഉത്സവം കൂടിയാണിത് മകരം 28 നാണ് ഏർപ്പ്. പ്രകൃതിയെ ലോകമാതാവായി കണ്ടിരുന്ന പഴയകാല സമൂഹത്തിൽ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവതുല്യവുമായിരുന്നു. ഇതിൽ ഏറെ പ്രാധാന്യം ഭൂമിക്കായിരുന്നു. അക്കാലത്ത് മണ്ണിൽ വിത്തിറക്കുമ്പോൾപോലും മനുഷ്യൻ ഭൂമീദേവിയുടെ അനുഗ്രഹം തേടി.

ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍. ഏർപ്പു ദിനത്തിൽ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. ഏർപ്പ് വെരൽ എന്നാണിതറിയപ്പെടുന്നത്. നവധാന്യങ്ങളിൽപ്പെട്ട തുവര, പയർ, കടല എന്നിവയിൽ ഏതെങ്കിലുമൊരു ധാന്യം ചേർത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നേദിക്കുന്നതാണ് ഏർപ്പിലെ പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയിൽ ചിലയിടങ്ങളിൽ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിൻെറ ഉത്തമ മാതൃകകൾ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. ത്രീനി അഹാനിരജസ്വലാ ബീജം ന വ്യാപയേത് അത്ര, ജനാഃ പാപത് വിനശ്യതി എന്നു പരാശഹോരയിൽ പറഞ്ഞിരിക്കുന്നത് രജസ്വലയായ മണ്ണോ പെണ്ണോ ആവട്ടെ, പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നുതന്നെയാണ്

രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം.
വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്.

വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോ‍ഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക തെയ്യങ്ങളുടേയും നിര്‍വഹണത്തിന്റെ ഭാഗമായി കുരുസി ( ഗുരുതി) യുണ്ട്. ഓരോ കൃഷിയും ഭൂമിയെ ക്ഷീണിപ്പിക്കും എന്ന ധാരണയില്‍ ഭൂമിക്ക് നവജീവന്‍ കൊടുക്കുന്നതിനാണ് ഈ അര്‍പ്പണം. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു സ്ത്രീക്കു നല്‍കുന്ന ചികിത്സക്കും കരുതലിനും സമാനമാണിത്.

അതുകൊണ്ടുതന്നെ ഈ ദിനത്തിൽ ആയുധങ്ങൾപോലും ഭൂമിയിൽ ഇറക്കിയിരുന്നില്ല. വെള്ളം നനയ്ക്കാതെ, മുറ്റമടിക്കാതെ, നിലമുഴാതെ ഭൂമിയെ നോവിക്കാതെയാണ് ഏർപ്പുദിനം ആഘോഷിച്ചിരുന്നത്. വിളവെടുപ്പു കഴിഞ്ഞ്, ധാന്യങ്ങൾ പത്തായപ്പുരകളിലെത്തിച്ചശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്ക്കും മുൻപു ഏർപ്പു ദിനത്തിൽ ഭൂമിയെ മനുഷ്യൻ മധുരം നൽകി ആദരിച്ചിരുന്നത്. ഈ ഭൂമി പൂജയ്ക്കു ശേഷം മാത്രമായിരുന്നു അക്കാലത്ത് മണ്ണിൽ പുത്തൻ നാമ്പുകൾ മുളപൊട്ടിയിരുന്നത്. ഊർവരതയുടെ ഭാഗമായി പോയകാലത്തു നടത്തിയിരുന്ന ഏർപ്പു കളിയാട്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഈ ആഘോഷത്തിന്റെ ബാക്കിപത്രം. കീഴ്മാല എരഞ്ഞിക്കൽ ചാമുണ്ഡേശ്വരി മുണ്ഡ്യക്കാവ്, പയ്യന്നൂർ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂർത്തി മുണ്ഡ്യക്കാവ്, പൊതാവൂർ തറവാട് എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ദിനത്തിൽ ഏർപ്പു കളിയാട്ടങ്ങൾ നടക്കാറുണ്ട്.

മകരം അവസാനത്തോടെ വേനലിന്റെ വരവറിയിച്ച് കാറ്റിന് ശക്തി കൂടും. ഇങ്ങനെ പ്രകൃതിയിലെ മാറ്റങ്ങളും ഏര്‍പ്പ് ഉത്സവത്തിന്റെ ചടങ്ങുകളില്‍ പ്രതിഫലിക്കും. പട്ടം പറത്തിയാണ് ഈ ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത്. പ്രകൃതിയുടെ ഭാവമാറ്റത്തിൽ പിലിക്കോട് ഏർപ്പുഴയിലും പനക്കാപ്പുഴയിലും ധരാളം മീനുകളെത്തും. കുത്തൂടും വലയുമായി കൂട്ടത്തോടെ ആളുകളെത്തി മീൻപിടിത്തവും ആഘോഷമാക്കും. എന്നാൽ പുതു തലമുറയ്ക്ക് ഇതെല്ലാം കൗതുക കാഴ്ച മാത്രമായി. വിവിധ ക്ലബുകളിലും മറ്റും കുട്ടികൾ കൂട്ടം ചേർന്ന് പട്ടം പറത്തിയും മറ്റും ഏർപ്പുകാറ്റിനെ വരവേൽക്കാറുണ്ട്

വേലിയേറ്റ വേലിയിറക്കങ്ങളിലുള്‍പ്പടെ മാറ്റമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കാലം മാറിയെങ്കിലും ഭൂമി ഋതുമതിയാകുന്നതിന്റെ ആഘോഷം ഇന്നും വടക്കിന്റെ ഗ്രാമീണക്കാഴ്ചയായി തുടരുന്നു. മനുഷ്യനോടൊപ്പം മറ്റു ജീവജാലങ്ങളുടേയും സുരക്ഷിതമായ ആവാസസ്ഥാനമെന്ന നിലയില്‍ പ്രകൃതിയെ കാണുന്ന ഉദാത്ത സങ്കല്‍പ്പങ്ങളാണ് നാടന്‍ അറിവുകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൊടുക്കുന്നത്.