വിക്കിപീഡിയ സംഗമോത്സവം 2016

wikisangamothsavam kasaragodമലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.

2001 ജനുവരി 15 -നാണ്‌ ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.

ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.malayalam wikipedia logo

  • മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
  • വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
  • 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
  • വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
  • പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
  • മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക

തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.

കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.

വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.

സൂര്യകാലടി മനയിലേക്ക്

കോട്ടയം ജില്ലയിലെ കുറിച്ചി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സൂര്യകാലടി മന കേരളത്തിലെ പ്രശസ്തമായ താന്ത്രിക വിദ്യയുടെയും മാന്ത്രിക വിദ്യയുടെയും കേന്ദ്രങ്ങളിലൊന്നാണ്. ഈ മനയുടെ ചരിത്രം കേവലം ഒരു കെട്ടിടത്തിൻ്റെയോ കുടുംബത്തിൻ്റെയോ കഥയല്ല, മറിച്ച് പുരാണങ്ങളുമായി ഇഴചേർന്നുനിൽക്കുന്ന ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു വലിയ ലോകമാണ്. കേരളത്തിലെ പ്രധാന താന്ത്രിക കുടുംബങ്ങളായ അഷ്ടവൈദ്യൻമാരുമായും, മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പന്തിരുകുലവുമായി ബന്ധപ്പെട്ടാണ് സൂര്യകാലടി മനയുടെ ചരിത്രം ആരംഭിക്കുന്നത്.

ഐതിഹ്യപ്പെരുമ ഏറിയ പുരാണപ്രസിദ്ധമായ മനയാണ് തേക്കിൽ തീർത്ത നാലുകെട്ടോടുകൂടിയ സൂര്യകാലടി മന. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള പറഞ്ഞപ്രകാരത്തിൽ ചേര-പാണ്ഡ്യയുദ്ധങ്ങൾ നടന്നിരുന്ന കാലത്ത് ആണുങ്ങളൊക്കെ യുദ്ധത്തിനായി പോവുമ്പോൾ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവാതിരിക്കാനായി അന്യദേശത്തുനിന്നും ആളുകളെ വരുത്തി ക്ഷേത്രപരിപാലനം അവരെ ഏൽപ്പിക്കുകയായിരുന്നു. ആ ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന’. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോഴത്തെ മന പണികഴിപ്പിച്ചത് പിന്നീട് സ്വാതി തിരുനാള്‍ മഹാരാജാവാണ്.

സൂര്യൻ ഭട്ടതിരി യക്ഷിയെ കുടിയിരുത്തിയ സ്ഥലം
സൂര്യൻ ഭട്ടതിരി യക്ഷിയെ കുടിയിരുത്തിയ സ്ഥലം

ഒരിക്കൽ കാലടി ഇല്ലത്തെ ഭട്ടതിരിയും കൂട്ടുകാരൻ നമ്പൂതിരിയും കൂടി തൃശ്ശൂർപൂരം കാണാനായി പുറപ്പെടുകയുണ്ടായി. ഉഗ്രയക്ഷികൾ വാസമുള്ള യക്ഷിപ്പറമ്പു താണ്ടിവേണം അവർക്ക് പോകാൻ. നടന്നങ്ങനെ പോവുമ്പോൾ, ഏകദേശം നേരമിരുട്ടിയ സമയം, അവർ യക്ഷിപ്പറമ്പിനടുത്തായി എത്തിച്ചേർന്നു. ആ സമയം അതി സുന്ദരികളായ രണ്ട് യവ്വനയുക്തകൾ അവരുടെ വഴിതടഞ്ഞ് ആ വഴി ഈ നേരത്ത് പോവരുതെന്നും അവിടെ ഉഗ്രയെക്ഷികൾ കുടിയിരിക്കുന്ന വൻ കരിമ്പനകൾ ഉണെന്നും പറഞ്ഞു, പകരം ഞങ്ങളുടെ മനകളിലേക്ക് വന്ന് നേരം വെളുത്തിട്ടാവാം തുടർന്നുള്ള യാത്ര എന്നവർ അറിയിച്ചു. സുന്ദരികളായ യുവതികളെ കണ്ട ഭട്ടതിരിക്കും നമ്പൂരിക്കും ഉള്ളിൽ ലെഡു പൊട്ടി; മറ്റൊന്നും ചിന്തിക്കാതെ ലേഡീസിന്റെ കൂടെ വിട്ടു.

അത്യന്തം മനോഹരമായ മണിമാളികയിൽ വിവിധ മുറികളിലായി അവർക്ക് ഉറങ്ങാനുള്ള സൗകര്യമൊരുക്കി ആ യുവസുന്ദരികൾ; നമ്പൂരിക്ക് ദേവിമാഹാത്മ്യം നിത്യപാരായണം ചെയ്യുന്ന ശീലമുണ്ടായിരുന്നു. പാരായണം ചെയ്തശേഷം പുസ്തകം തലക്കോത്ത് വെച്ച്, മധുരവികാരങ്ങളെ താലോലിച്ച് അയാൾ സുന്ദരിയെ കാത്തു കിടന്നു. മദാലസഭാവത്തിലെ പാലപ്പൂവിൻ ഗന്ധം ചുരത്തി അവളെത്തി, നമ്പൂരിയുടെ നെഞ്ചിലേക്ക് മെല്ലെ ചാഞ്ഞു; തീപ്പൊള്ളലേറ്റപോലെ അവൾ ഞെട്ടിമാറി!! അപ്പോൾ ആണവൾ ശ്രദ്ധിച്ചത് നമ്പൂരിച്ചൻ തലവെച്ചിരിക്കുന്നത് ദേവീമാഹത്മ്യം താളിയോലപ്പുറത്താണെന്ന്. ‘വായിച്ചു കഴിഞ്ഞില്ലേ ഇനിയതങ്ങോട്ട് മാറ്റി വെയ്ക്കരുതോ’ എന്നവൾ പറഞ്ഞതിൽ നമ്പൂതിരിക്ക് എന്തോ അസ്വഭാവികത തോന്നി. ഇതേ സമയം അപ്പുറത്തെ മുറിയിൽ നിന്നും ചുടുരക്തം ഊറ്റിവലിച്ചു കുടിക്കുന്നതിന്റേയും എല്ലുകൾ കടിച്ചുപൊട്ടിക്കുന്നതിന്റേയും ശീൽക്കാരങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു!!

 

പന്തിരുകുലവും സൂര്യകാലടി മനയും

സൂര്യകാലടി മനയുടെ ചരിത്രം തേടുമ്പോൾ, ആദ്യം മനസ്സിലെത്തുന്നത് വരാഹരുചിയും അദ്ദേഹത്തിൻ്റെ പന്ത്രണ്ട് മക്കളുമാണ്. ഈ പന്ത്രണ്ട് പേരാണ് പന്തിരുകുലം എന്നറിയപ്പെടുന്നത്. കേരളത്തിലെ പല പ്രമുഖ തറവാടുകളും ഈ പന്തിരുകുലത്തിലെ അംഗങ്ങളുടെ പിൻഗാമികളാണെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യകാലടി മനയുടെ പൂർവ്വികൻമാർ ഈ പന്ത്രണ്ട് മക്കളിൽ ഒരാളായ സൂര്യൻ ഭട്ടതിരിയുടെ പിൻഗാമികളാണെന്ന് ഐതിഹ്യം പറയുന്നു.

സൂര്യൻ ഭട്ടതിരിക്ക് ജ്യോതിഷത്തിലും മന്ത്രവാദത്തിലും അതീവ പാടവം ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം വേദങ്ങൾ പഠിക്കാനായി തമിഴ്നാട്ടിലേക്ക് പോയി. അവിടെവെച്ച് ഒരു സ്ത്രീയെ വിവാഹം കഴിച്ചു. അവർക്ക് അസുരൻ്റെ സ്വഭാവമുള്ള ഒരു മകൻ ജനിച്ചു. ഈ മകൻ്റെ അസുര സ്വഭാവം കാരണം സൂര്യൻ ഭട്ടതിരി തൻ്റെ നാട്ടിലേക്ക് മടങ്ങിയെത്തി. മകനെ വേറെ സ്ഥലത്ത് താമസിപ്പിച്ചു.

പല ചരിത്രകാരൻമാരുടെയും വിശ്വാസ പ്രകാരം, സൂര്യകാലടി മനയുടെ ആദ്യകാലത്തെ ശക്തിക്ക് പിന്നിൽ ഈ മന്ത്രവാദ വിദ്യകൾ ഉണ്ടായിരുന്നു.

തേക്കിൽ തീർത്ത നാലുകെട്ടോടുകൂടിയ സൂര്യകാലടി മനയെക്കുറിച്ചുള്ള വിശദമായ ചരിത്രം താഴെ നൽകുന്നു.

മാന്ത്രിക വിദ്യയും താന്ത്രിക കർമ്മങ്ങളും

പുരാതന കാലം മുതൽക്കേ, സൂര്യകാലടി മന മന്ത്രവാദത്തിലും താന്ത്രിക വിദ്യയിലും പേരെടുത്തവരായിരുന്നു. ദുർമന്ത്രവാദികളെയും ദുരാത്മാക്കളെയും ഒഴിപ്പിക്കാനും, രോഗങ്ങൾ മാറ്റാനും, ദുരിതങ്ങൾക്ക് പരിഹാരം കാണാനും ആളുകൾ ഈ മനയെ സമീപിച്ചിരുന്നു. ഇവരുടെ താന്ത്രിക വിദ്യക്ക് ദേവതാബന്ധം ഉണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.

അതേസമയം, ചില ഐതിഹ്യങ്ങൾ പറയുന്നത് ഈ മനയിലെ പൂർവ്വികൻമാർക്ക് അസുരവിദ്യയും അറിയാമായിരുന്നു എന്നാണ്. എന്നാൽ പിന്നീട് ദേവി ഉപാസന വഴി അത് നേർവഴിക്കാക്കി എന്നും പറയപ്പെടുന്നു.

 

മനയുടെ ഘടന

പുരാതനമായ നാലുകെട്ട് ശൈലിയിൽ പണിത മനയാണ് സൂര്യകാലടി മന. തേക്ക് ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം. ഒരുപാട് കൊത്തുപണികളും ചിത്രങ്ങളും ഇതിൽ കാണാം. കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഈ മന. അതുകൊണ്ട് തന്നെ ചരിത്ര ഗവേഷകർക്കും ഈ മന പഠനവിഷയമാണ്.

 

പുനർനിർമ്മാണവും ഇന്നത്തെ അവസ്ഥയും

കാലപ്പഴക്കം കാരണം സൂര്യകാലടി മനയ്ക്ക് കേടുപാടുകൾ സംഭവിച്ചു. പിന്നീട് ഈ മന പുനർനിർമ്മിക്കുകയും ഇപ്പോഴും പൂജാദി കർമ്മങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ, താന്ത്രിക വിദ്യ അഭ്യസിക്കാൻ താൽപ്പര്യമുള്ളവർക്കായി ഇവിടെ കളരികളും ക്ലാസുകളും നടത്താറുണ്ട്.

കേരളത്തിലെ താന്ത്രിക വിദ്യയുടെ ചരിത്രത്തിൽ സൂര്യകാലടി മനയ്ക്കുള്ള സ്ഥാനം വലുതാണ്. ഐതിഹ്യങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും അതിരുകൾ മാഞ്ഞുപോകുന്ന ഒരിടം കൂടിയാണ് ഈ മന. ഇത് വെറുമൊരു കെട്ടിടമല്ല, മറിച്ച് ഒരു ജനതയുടെ വിശ്വാസങ്ങളുടെയും സംസ്കാരത്തിൻ്റെയും ഓർമ്മകളുടെയും ഒരു പ്രതീകമാണ്.

suryakaladi-mana kottayam കോട്ടയം – സൂര്യകാലടി മനപാലപ്പൂഗന്ധം അസഹ്യമായി ഒഴുകിത്തുടങ്ങി!! ഭട്ടതിരിയെ പേരെടുത്തു വിളിച്ചുനോക്കി നമ്പൂതിരി. മറുപടി വന്നതേയില്ല; പകരം ചുടുരക്തം കുടിക്കുന്ന ഗ്ള്ഗളനാദം മാത്രം ഉയർന്നുകേട്ടു! ഭയവിഹ്വലനായി യുവതിയെ നോക്കിയ നമ്പൂരിപ്പാട് അവളുടെ മുഖത്തും തന്നെ ആർത്തിയോടെ നോക്കുന്ന സൗമ്യക്രൗര്യത കണ്ടു ഞെട്ടി; അവൾ ചുണ്ടുകൾ കൂടെക്കൂടെ നനയ്ക്കുന്നുണ്ടായിരുന്നു. നമ്പൂതിരി ഗ്രന്ഥം നെഞ്ചോടു ചേർത്തു പിടിച്ചു. തിരിഞ്ഞും മറിഞ്ഞു കിടന്ന് നേരം വെളുപ്പിച്ചു. നേരം വെളുത്ത് നോക്കിയപ്പോൾ നമ്പൂതിരി ഒരു കരിമ്പനമുകളിൽ ഇരിക്കുകയായിരുന്നു, ഇന്നലെ കണ്ടത് യക്ഷികൾ കാണിച്ച മായക്കാഴ്ചകളാണെന്നു നമ്പൂതിരിക്ക് മനസ്സിലായി. കഷ്ടപ്പെട്ട് നിലവിളിച്ച് നമ്പൂരി പനയിൽ നിന്നും താഴത്തിറങ്ങി; ദേവിമാഹാത്മ്യം നെഞ്ചോടു ചേർത്തുപിടിച്ചു. അടുത്തുതന്നെ മറ്റൊരു പനച്ചുവട്ടിൽ അല്പം മുടിയും കുറച്ച് എല്ലിൻ കഷ്ണങ്ങളും മാത്രം ബാക്കി വെച്ചിരിക്കുന്നതുകണ്ട് നമ്പൂരി ഞെട്ടിവിറച്ചു.- പിന്നെ ഓടുകയായിരുന്നു!

നമ്പൂതിരി തിരിച്ച് ഇല്ലത്ത് വന്ന് ഭട്ടതിരിയുടെ അന്തർജനത്തെ കാര്യം ബോധിപ്പിച്ചു; അന്തർജനം അന്ന് ഗർഭിണിയായിരുന്നു. വൈകാതെ അവർക്കൊരു ഉണ്ണി ജനിച്ചു. ആ ഉണ്ണിയുടെ ഉപനയനദിവസം, അവൻ അമ്മയോട് അച്ഛനെ പറ്റി ചോദിക്കുകയുണ്ടായി. ഒന്നും മറച്ചു വെയ്ക്കാതെ അച്ഛൻ യക്ഷിക്ക് ഭക്ഷണമായ കഥ അന്തർജനം വിശദീകരിച്ചു. ആ കുഞ്ഞുമനസ്സിൽ വൈരാഗ്യബുദ്ധി വളർന്നു. അവൻ യക്ഷിയെ തളക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി. ഉഗ്രതപസ്സിൽ സൂര്യനെ പ്രത്യക്ഷനാക്കി. സൂര്യനിൽ നിന്നും ഉഗ്രവിധികൾ കൈക്കലാക്കി. കാലടിമന പിന്നീട് സൂര്യകാലടിയായി അറിയപ്പെട്ടു. ഉണ്ണി ഭട്ടതിരി സൂര്യഭട്ടതിരിയായും ലോക പ്രസിദ്ധനായി.

മന്ത്രതന്ത്രങ്ങളിൽ അഗ്രജനായപ്പോൾ തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു; മനയ്ക്കുമുന്നിൽ ഹോമകുണ്ഡമൊരുക്കി പൂജാവിധികൾ കൃത്യമായി ചെയ്തു തുടങ്ങി. ലോകത്തിലെ സകല യെക്ഷികളേയും അദ്ദേഹം തന്റെ മുന്നിലെത്തിച്ചു. തന്റെ അച്ഛനെ കൊന്നതാരാണെന്ന് അവരോടു ചോദിച്ചു. താനല്ല തിരുമേനി എന്ന് കരഞ്ഞുപറഞ്ഞവരെ സത്യം ചെയ്യിപ്പിച്ചു വിട്ടയച്ചു. അവസാനം അവളും എത്തി!! ഭയന്നു വിറച്ച ആ യക്ഷിക്ക് സത്യം ചെയ്യാൻ പറ്റിയില്ല; തന്നെ നശിപ്പിക്കാനൊരുങ്ങുന്ന സൂര്യഭട്ടതിരിയെ യക്ഷി ശപിച്ചു, ഇന്നേക്ക് നാൽപ്പത്തൊന്നാം ദിനം നിങ്ങൾ ചക്രശ്വാസം വലിച്ചുമരിക്കും എന്നവൾ പറഞ്ഞു; എങ്കിലും അതിനുള്ള പ്രതിവിധി ആരാഞ്ഞശേഷം ഭട്ടതിരി അവളെ ഹോമകുണ്ഡത്തിൽ ഹോമിച്ചു. മനയ്ക്ക് വെളിയിൽ ദൂരെ മാറി ആ യക്ഷിയെ ദേവതാഭാവത്തിൽ കുടിയിരുത്തി.

സൂര്യൻ ഭട്ടതിരിപ്പാട് പിന്നീട് ആ യക്ഷിയുടെ നേർപാതിയായ ഗന്ധർവ്വനിൽ നിന്നും ശാപം വാങ്ങിക്കൂട്ടുകയുണ്ടായി; മൂത്രം മുട്ടി മരിക്കാനിടവരട്ടെ എന്നായിരുന്നുവത്. അതു മറ്റൊരുകഥ. മേല്പറഞ്ഞ യക്ഷിയുടെ പ്രിയതമൻ മറ്റൊരു സ്ത്രീയിൽ അനുരക്തനായ ആ കഥയിലും വില്ലൻ നമ്മുടെ സൂര്യൻ നമ്പൂതിരി തന്നെ. ശാപമോക്ഷത്തിനു തിരുവല്ലൂർ ക്ഷേത്രത്തിൽ എത്തിയ ഭട്ടതിരി അവിടെക്കിടന്ന് മൂത്രം മുട്ടി ചക്രശ്വാസം വലിച്ച് മരിക്കുകയായിരുന്നു. ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും ഒരുദിവസം അർദ്ധരാത്രിയോടെ ആരോരും കാണാതെ കുളക്കടവിൽ കിടന്നു. മൂത്രം പോവാതെ നിലത്തുനിന്നു മേല്പോട്ടു ചാടിയും മറിഞ്ഞും മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്. തിരുവാലൂർ ക്ഷേത്രം എറണാകുളം ജില്ലയിലെ ആലങ്ങാട്ടു ദേശത്താണ്. സൂര്യകാലടി മനയുടെ ഐതീഹ്യം കാലടിയിൽ ഭട്ടതിരി എന്ന പേരിൽ ഐതിഹ്യമാലയിൽ വിവരിക്കുന്നുണ്ട്.

രസകരമായ ഈ മിത്തിലെ സ്ഥലങ്ങൾ കണ്ടുനടക്കുമ്പോൾ മനസ്സിൽ അന്നത്തെ കാലം പുനർജ്ജനി തേടുകയാണ്. ഇത്രകാലം വരേയ്ക്കും എത്രയെത്ര ആളുകളെ ഈ കഥകൾ ത്രസിപ്പിച്ചിരിക്കും! സുന്ദരികളായ എത്രയെത്ര യക്ഷികൾ പാലപ്പൂമണം ചുരത്തി നമ്പൂതിരിമാരെ വശീകരിച്ച് ഒടുവിൽ ദേവതകളായി മാറിയിരിക്കണം! ആളൊഴിഞ്ഞ വീഥികളും കരിമ്പനക്കാടുകളും അന്യം നിൽക്കുന്ന ഇന്ന് പഴങ്കഥകളുടെ കനൽവഴികളിലൂടെ പോവുക എന്നതുതന്നെ ഏറെ രസകരമാണ്. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ്, അല്ലെങ്കിൽ ബോധപൂർവ്വം കൂട്ടിക്കുഴച്ച് ക്ഷേത്രപരിപാലനത്തിനെത്തിയവർ, ഒരു സംസ്കാരത്തെ തന്നെ ഉടച്ചുവാർത്ത കഥയാണു നമ്മുടെ സംസ്കാരത്തിനു പറയാനുള്ളത്! അവയെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കുന്നതിൽ അർത്ഥമില്ല. ഒക്കെ അറിഞ്ഞിരിക്കുക എന്നതുതന്നെ അത് നാടിനെ അറിയുക എന്നതിനു തുല്യമാണ്.

വിക്കിപീഡിയ പഠനശിബിരത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ ഞങ്ങൾ സൂര്യകാലടി മനയിലേക്കും സൂര്യൻഭട്ടതിരി യക്ഷിയെ തളച്ചാവാഹിച്ചടക്കിയ സ്ഥലവും അവസാനം യക്ഷിയെ പ്രതിഷ്ഠിച്ച സ്ഥലത്തും പോയി വരികയായിരുന്നു. മീനച്ചിലാറ്റിന്റെ തീരത്ത് സൂര്യകാലടിമന പുതുമയെ തഴുകാൻ വെമ്പൽ പൂണ്ട് ഇരിക്കുകയാണിന്ന്. മനയുടെ പുറകിൽ ഒരുകാലത്ത് യക്ഷികൾ അലറീത്തിമിർത്ത പാലമരം വാർദ്ധക്യസഹജമായ വിഹ്വലതകളാൽ മൃതപ്രായമായി ഭൂമിയെ തൊടാൻ ഒരുങ്ങുന്നു;

ഒരു ആലപ്പുഴ യാത്ര

വിക്കിപീഡിയ എന്ന സ്വതന്ത്ര്യസർവ്വവിജ്ഞാനകോശത്തെ ആലപ്പുഴയിലെ സാധാരണക്കാരിലേക്ക് എത്തിച്ച പ്രവർത്തകസംഗമമായിരുന്നു ഇപ്രാവശ്യത്തെ വിക്കിസംഗമോത്സവം. എടുത്തു പറയാൻ ഏറെ പുതുമകൾ ഇതിനുണ്ട്. സംഘാടനം തന്നെയാണിതിൽ മുന്നിട്ട് നിൽക്കുന്നത്. എത്രമാത്രം കാര്യക്ഷമമായി ഒരു പരിപാടി സംഘടിപ്പിക്കാമോ അതിന്റെ അവസാനപരിധിയോട് ഏറെ ചേർന്നു നിൽക്കുന്നു ആലപ്പുഴയിലെ സംഘാടകസമിതിയുടെ പ്രവർത്തനം. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ മികവുറ്റ സംഘാടചാതുരിക്ക് ആദ്യമേ നമസ്കാരം.

ലളിതവും സുന്ദരവുമായ ഭക്ഷണങ്ങൾ ഏറെ ഇഷ്ടമായെങ്കിലും 21 നു വൈകുന്നേരം കിട്ടിയ ചിക്കൻകറിയും ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്ന ചായയും കൊള്ളില്ലായിരുന്നു. ഇത് പക്ഷേ, ചിരട്ടപ്പുട്ടിന്റേയും അവൽ മിക്സിന്റേയും വൈകുന്നേരത്തെ കഞ്ഞിയുടേയും (ഹോ! എന്താ സ്വാദ് അതിന്!) ഒക്കെ മുന്നിൽ ഒരു കുറവേ ആവുന്നില്ല! ചുമ്മാ ഒന്ന് കുറ്റം പറഞ്ഞെന്നു മാത്രം!  21 ലെ ഉച്ചയ്ക്കുള്ള ഭക്ഷണം മിസ്സായതിലുള്ള സങ്കടം സംഘാടക സമിതിയെ അറിയിക്കുന്നു.

ഏറെ ഇഷ്ടമായ മറ്റൊരു സംഗതി അഷ്ടമുടിയെന്ന ഹോം സ്റ്റേയിലെ ചേച്ചിയുടേയും ചേട്ടന്റേയും പെരുമാറ്റമായിരുന്നു. കുഞ്ഞുമായെത്തിയ ഞങ്ങൾക്ക് ഏറെ സഹായകരമായിരുന്നു ആ വീട്ടിലെ താമസം. ആമീസിന്റെ ജീവിതത്തിലെ ആദ്യത്തെ യാത്രാനുഭവം കൂടിയായിരുന്നു ഇത്. ആവശ്യത്തിനു ചൂടുവെള്ളം ലഭ്യമാക്കാനും, അത്യാവശ്യസഹായങ്ങൾക്കും അവർ യാതൊരു ലോഭവും വരുത്തിയില്ല. ഒരു ഹൗസ് ബോട്ടിലെന്നു തോന്നിപ്പിക്കുന്ന തരത്തിൽ സജ്ജീകരണങ്ങൾ ഉള്ള വിശാലസുന്ദരമായ മുറികൾ ഉള്ള നല്ലൊരു വീട്.  തിരിച്ചു വരുമ്പോൾ ഞങ്ങളുടെ ലഗേജുകളുമായി ഞങ്ങളെ അനുഗമിച്ച ചേച്ചിയുടെ ആതിഥ്യമര്യാദയെ അഭിനന്ദിച്ചേ മതിയാവൂ. ആലപ്പുഴയിൽ ഒന്നോ രണ്ടോ ദിവസം താമസ്സത്തിനെത്തുന്നവർക്ക് അഭിമാനപൂർവ്വം ഞങ്ങളീസ്ഥലം റഫർ ചെയ്യാൻ തയ്യാറാണ്.

വിക്കിപീഡിയയേയും സ്വതന്ത്ര്യസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തേയും മനസാ വരിച്ച ഒട്ടേറെപേരെ കാണുക എന്നതായിരുന്നു എന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. ഏറെക്കുറെ അത് ഫലപ്രാപ്തി കണ്ടെങ്കിലും, ഇനി ഒരു കൂടിക്കാഴ്ചകൂടി വേണ്ടിവരും മുഖങ്ങൾ ഒക്കെയങ്ങ് മനസ്സിൽ നന്നായി ഉറയ്ക്കാൻ എന്നു തോന്നുന്നു. ഓൺലൈനിൽ കണ്ടുപരിചരിയപ്പെട്ട മറ്റുചില സുഹൃത്തുക്കളെ കൂടെ അവിടെ കാണാനായത് സന്തോഷത്തിന്റെ ഇരട്ടിമധുരം തന്നു. മഞ്ജുവും കുഞ്ഞും കൂടെ ഉണ്ടായതിനാൽ കൈയ്യും കാലും കെട്ടിയ ഒരു അവസ്ഥ തന്നെയായിരുന്നു എന്നു പറയാം. എങ്കിലും അവരോടൊപ്പമുള്ള അഷ്ടമുടിയിലെ താമസത്തിന് ഒരു സുഖമുണ്ടായിരുന്നു. കൂടെ ലാലുവും ഭാര്യ ജ്യോതിയും വാവയും വിശ്വേട്ടനും കുടുംബവും, അച്ചുകുളങ്ങരയും  ഒക്കെയായി അവിടെ രസകരമായിരുന്നു.

 

വിക്കിസംഗമോത്സവം 2013

വിക്കിസംഗമോത്സവം – 2013 | wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം
വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്

Continue reading

വിക്കിപീഡിയയിൽ എങ്ങനെ ചിത്രങ്ങൾ ചേർക്കാം?

സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയിൽ വിജ്ഞാനസംബന്ധിയായ ലേഖനങ്ങൾ ചേർക്കുക എന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നുണ്ട് ലേഖനത്തിനാവശ്യമായ ചിത്രങ്ങൾ ചേർക്കുക എന്നതും. വിക്കിപീഡിയയുടെ സഹോദരസംരംഭമായ വിക്കിമീഡിയ കോമൺസ് എന്ന വെബ്സൈറ്റ് Continue reading

മലയാളം ഭാഷയും സംസ്കാരവും

ഇന്നു കൈയിൽ കിട്ടിയ ഒരു പഴയ കുഞ്ഞു പുസ്തകം വായിച്ച് തീർത്തപ്പോൾ കിട്ടിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. പണ്ട് എം. എ. മലയാളം പഠിക്കുന്ന സമയത്ത് കോഴിക്കോട് ടൗണിലെ ഒരു പുസ്തകചന്തയിൽനിന്നും Continue reading

വിക്കിപീഡിയയിൽ എങ്ങനെ എഡിറ്റിങ് നടത്താം?


how to edit in wikipediaവിക്കിപീഡിയയിൽ എഴുതുന്നതെങ്ങനെ ചിലരൊക്കെ ചോദിച്ചു തുടങ്ങിയിരിക്കുന്നു വിക്കിപീഡിയയിൽ എഴുതുന്നതെങ്ങനെയെന്ന്! Continue reading

പത്തു തികയുന്ന വിക്കിപീഡിയ

ഈ കഴിഞ്ഞ ഡിസംബർ 8, 9 തീയതികളിൽ അധികം ആരവങ്ങളോ ആഢംബരങ്ങളോ ഇല്ലാതെ കണ്ണൂർ ജില്ലയിലെ പാലയത്തുവയൽ യു. പി. സ്കൂളിൽ കുറച്ചുപേർ സമ്മേളിക്കുകയുണ്ടായി. സൈബർ ഇടങ്ങളിൽ പരിചിതരായ കുറച്ചുപേരായിരുന്നു ഇവർ. മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും മറ്റു പ്രധാന നഗരങ്ങളിലും നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായാണു് കണ്ണൂരിൽ പേരാവൂർ കേന്ദ്രീകരിച്ച് വിജ്ഞാനയാത്ര, വനയാത്ര എന്നീ പരിപാടികൾ സംഘടിപ്പിച്ചത്. Continue reading

പുതിയ പരീക്ഷണങ്ങളുമായി മലയാളം വിക്കിപീഡിയ വീണ്ടും!

ഡിസംബർ 15-ആം തീയതി ഉച്ച തിരിഞ്ഞ് 2.30 മുതൽ 5.30 വരെ തൃശ്ശൂർ തേക്കിൻകാടു മൈതാനത്തിൽ (നെഹ്രു പാർക്കിന്റെ പടിഞ്ഞാറേ കവാടത്തിനു പുറത്തുള്ള പുൽത്തകിടിയിൽ)യാതൊരു ഔപചാരികതകളുമില്ലാതെ നടത്തുവാനുദ്ദേശിക്കുന്ന ഒരു “ആൾക്കൂട്ടം” ആണു് വിക്കി ഫേസ് പ്ലസ്സ്. ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിവയിലൂടെ മലയാളം വിക്കിപീഡിയയെപ്പറ്റി കേട്ടറിവോ കണ്ടറിവോ അതിൽ കൂടുതൽ അനുഭവപരിചയമോ ഉള്ള ആർക്കും തദവസരത്തിൽ അവിടെ വന്നുചേരാം.

ഇന്റർനെറ്റിലെ ഏറ്റവും പ്രചാരമുള്ള അഞ്ചാമത്തെ വെബ് സൈറ്റായ വിക്കിപീഡിയയുടെ മലയാളം പ്രവർത്തകർ ഒരിക്കൽകൂടി തങ്ങളുടേതു മാത്രമായ ചരിത്രം സൃഷ്ടിക്കുകയാണു്. തൃശ്ശൂർ തേക്കിൻ‌കാട് മൈതാനത്തു് ഇന്നു നടക്കുന്ന “ഫ്രീ ക്രൗഡ് മീറ്റ്” ഇതുവരെ എവിടെയും കേട്ടിട്ടില്ലാത്ത തരത്തിൽ ഒരു പുതിയ തരം പൊതുചടങ്ങായിരിക്കും. അരങ്ങോ അദ്ധ്യക്ഷനോ ഇല്ലാതെ, മൈക്കുകളുടെ ബഹളമോ പ്രസംഗങ്ങളുടെ മടുപ്പോ ഇല്ലാതെ തുറസ്സായ ഒരിടത്തു് ഒത്തുകൂടുന്ന ‘സ്വതന്ത്രമായ’ ഒരാൾക്കൂട്ടം എന്നതാണീ പുത്തൻ പരീക്ഷണത്തിന്റെ പ്രത്യേകത. പങ്കെടുക്കുന്നവരിൽ അന്യോന്യം പരിചയമുള്ളവർക്കു് സ്വയം ചെറുകൂട്ടങ്ങളായി വട്ടം കൂടിയിരുന്നു് തങ്ങൾക്കു് ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി സംസാരിക്കാം. വിക്കിപീഡിയ എന്ന ഓൺലൈൻ വിശ്വവിജ്ഞാനകോശം പോലെത്തന്നെ സ്വതന്ത്രവും സൗജന്യവും തുറന്നതുമായിരിക്കും ‘വിക്കിഫേസ് പ്ലസ്’ എന്ന ഈ ആൾക്കൂട്ടം.

ഡിസംബർ 15നു് ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു് 2.30 മുതൽ 5.30 വരെ തൃശ്ശൂർ നെഹ്രു പാർക്കിനു പടിഞ്ഞാറു വശത്തു് തേക്കിൻകാടു മൈതാനിയിലെ പുൽത്തകിടിയിലാണു് പരിപാടി നടക്കുക. ഇന്റർനെറ്റിലെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളായ ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ്, ട്വിറ്റെർ തുടങ്ങിയ ചങ്ങാതിക്കൂട്ടങ്ങളിൽ സജീവമായി പങ്കെടുക്കുന്നവർക്കും ഇംഗ്ലീഷിലോ മലയാളത്തിലോ വിക്കിപീഡിയ വായിക്കുകയോ അതിൽ ലേഖനങ്ങൾ ചേർക്കുകയോ ചെയ്യുന്ന ‘വിക്കിപീഡിയന്മാർക്കും’ പരിപാടിയിൽ പങ്കെടുക്കാം. വിക്കിപീഡിയയെക്കുറിച്ചു് കൂടുതൽ അറിയാനും അതിലെ വിവരങ്ങൾ വിദ്യാഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനും താൽപ്പര്യമുള്ളവർക്കു് ആവശ്യമായ പ്രാഥമികവിവരങ്ങൾ നൽകുവാനും ഉള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടു്. വിക്കിപീഡിയയെക്കുറിച്ചു് മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള ഒരു കൈപ്പുസ്തകവും ചടങ്ങിൽ പങ്കെടുക്കുന്നവർക്കു് സൗജന്യമായി വിതരണം ചെയ്യപ്പെടും.

മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും മറ്റു പ്രധാന നഗരങ്ങളിലും നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായാണു് “വിക്കി ഫേസ് പ്ലസ്സ്” സംഘടിപ്പിക്കുന്നതു്. രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന പത്താം വാർഷികച്ചടങ്ങുകൾ ഡിസംബർ എട്ടിനു കണ്ണൂരിലെ ആറളം മേഖലയിൽ നടത്തിയ ‘വിക്കി വനവിജ്ഞാനയാത്ര’യോടെ ആരംഭിച്ചു. ഡിസമ്പർ 21നു് ഓൺലൈനായി നടത്തുന്ന ‘വിക്കിപീഡിയ പിറന്നാൾ സമ്മാനവും’ 22നു വിവിധ ജില്ലാകേന്ദ്രങ്ങളിൽ നടത്തുന്ന വിക്കിസമ്മേളനങ്ങളും ആണു് അടുത്ത പരിപാടികൾ. ഡിസംബർ 23നു് എറണാകുളത്തു നടക്കുന്ന പ്രധാന സമ്മേളനത്തിൽ സിമ്പോസിയം, സെമിനാർ, വിക്കിപീഡിയ പരിശീലന ശിബിരം, വിക്കി ക്വിസ് തുടങ്ങിയവ ഉൾപ്പെടും.

ജനുവരിയിൽ തൃശ്ശൂരിലെ വിവിധ കോളേജുകളിലായി ശിൽപ്പശാലകൾ, വിക്കി ക്ലബ്ബ് രൂപീകരണം, രക്തദാനക്യാമ്പ് തുടങ്ങിയവയും പ്രവർത്തകർ ആസൂത്രണം ചെയ്തിട്ടുണ്ടു്.

കൂടുതൽ വിവരങ്ങൾ http://ml.wikipedia.org/wiki/MlwikiBD10 എന്ന വെബ് സൈറ്റ് ലിങ്കിൽ ലഭ്യമാണു്.വിക്കി ഫെയ്സ് പ്ലുസ്

ആത്മാർപ്പണത്തിന്റെ വിജയഗാഥ

Wiki-vanayatra-team-members
ഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക്  ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു.

റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം പണ്ട്, പഴശ്ശിപ്പടയിലെ ആദിവാസി നേതാവായിരുന്ന തലയ്ക്കൽ  ചന്തു കുറിച്ച്യരെ സംഘടിപ്പിക്കാനും അയോധനകല പഠിപ്പിക്കാനുമായി പാളയം കെട്ടി താമസമുറപ്പിച്ചു വന്ന സ്ഥലമായിരുന്നുവത്രേ ഇത്. പാലയത്തുവയൽ എന്ന പേര് ബ്രിട്ടീഷുകാരാൽ തലയറ്റു വീണ ആ ആ ധീര യുവാവിന്റെ വീരസ്മരണയുണർത്തും. കുറിച്യർ ഏറെ അതിവസിക്കുന്ന സ്ഥലമാണിത്. മാറിമാറി വരുന്ന ഗവണ്മെന്റുകളുടെ അവഗണന മാത്രം ഏറ്റുവാങ്ങി കാടുകൾക്കിടയിൽ ആരോടും പരിഭവം പറയാതെ കഴിയുന്നു. അവർക്ക് കിട്ടേണ്ടതൊക്കെ ഇടനിലക്കാരും രാഷ്ട്രീയക്കാരും കൈക്കലാക്കുമ്പോൾ മണ്ണു പൊന്നാക്കി മാറ്റി അവർ ജീവിതമാർഗം കണ്ടെത്തുന്നു. പരിതാപകരമാണു പലരുടേയും അവസ്ഥ. അത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ ദിശാബോധം നൽകുകയാണിവിടുത്തെ അദ്ധ്യാപകർ.

പൊതുവേ മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുന്നവരാണ് കുറിച്യർ. ഭാഷ ഒരളവുവരെ പ്രശ്നമാണ്. ആൾക്കൂട്ടങ്ങളിൽ മാറിനിന്ന് അവർ മറ്റുള്ളവർക്ക് വഴിയൊരുക്കുന്നു. കുട്ടികളും അങ്ങനെ തന്നെ. ആ അന്തർമുഖത്വം മാറ്റി തങ്ങളും സമൂഹജീവികളാണെന്ന ദിശാബോധം വരും തലമുറയ്ക്കെങ്കിലും പകർന്നുകൊടുക്കാൻ ഒട്ടൊന്നുമല്ല ഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പൂർണമായ ഉത്തരവാദിത്വം അദ്ധ്യാപകർക്ക് വിട്ടുകൊടുത്ത് മാതാപിതാക്കളും ഒരു വൻ മാറ്റത്തിനു തയ്യാറെടുത്തിരിക്കുന്നു.  ജന്മസിദ്ധമായ അപകർഷതാബോധം കൊണ്ടും ആത്മവിശ്വാസക്കുറവും കൊണ്ടും പൊറുതിമുട്ടുന്ന ഈ കുട്ടികളെ മാറ്റിയെടുക്കാൻ അവർക്ക്  താല്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് ജയരാജൻ മാസ്റ്ററും മറ്റു അദ്ധ്യാപകരും പാഠ്യപദ്ധതിയൊരുക്കുന്നു.

എന്തൊക്കെയാണിവരുടെ പ്രവർത്തനങ്ങൾ എന്നു നോക്കാം; അതിനുമുമ്പ് സ്കൂളിനെ പറ്റി ഒന്നു പറയാം. സുന്ദരമാണാ സ്ക്കൂൾ. സ്കൂൾ വരാന്തയ്ക്കപ്പുറം ആരും ചെരുപ്പുപയോഗിക്കാറില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും ചെരുപ്പ് വെളിയിൽ വരാന്തയ്ക്കുമിപ്പുറം ഊരിവെയ്ക്കുന്നു. ഇതൊന്നും അറിയാതെ നേരെ കേറിച്ചെന്ന എനിക്ക് ക്ലാസ് റൂമിന്റെ വൃത്തികണ്ടപ്പോൾ അവിടെക്ക് ചെരിപ്പിട്ട് കയാറാൻ തോന്നിയില്ല എന്നത് സത്യം. നോക്കിയപ്പോൾ എല്ലാവരും ചെരുപ്പ് പുറത്ത് ഊരി വെച്ചിരിക്കുന്നതു കണ്ടു. ക്ലാസ് മുറിയിലും പുറത്തുമൊക്കെ പലപല കവിതാശകലങ്ങൾ എഴുതിവെച്ചിരിക്കുന്നു. സ്കൂളിനു പുറകുവശത്ത് അവരുടെ പച്ചക്കറി കൃഷി. ടോയ്ലെറ്റുകൾ കണ്ടാൽ പറയില്ല അവിടെ പഠിക്കുന്നത് യു. പി. സ്കൂളിലെ കുട്ടികളാണെന്ന് – ഞാൻ മുമ്പ് ഡിഗ്രി പഠിച്ച സെന്റ്. പയസ് ടെൻത് കോളേജിന്റെ ടോയ്ലെറ്റിനെ കുറിച്ച് ഓർത്തുപോയി!! എത്രമാത്രം വൃത്തിഹീനമായിരുന്നു അവിടെ. വൃത്തിയും വെടിപ്പും എല്ലാ തലത്തിലും സൂക്ഷിക്കുന്നുണ്ട് ഇവിടെ.

നാടിനെപറ്റിയും നാട്ടുകാരെ പറ്റിയും പ്രധാന അദ്ധ്യാപകൻ ശ്രീ. ജയരാജൻ മാസ്റ്റർ വിശദീകരിച്ചു തന്നു. ഒമ്പതു വർഷമായി ജയരാജൻ മാസ്റ്റർ അവിടെ എത്തിയിട്ട്. ഈ കാലം കൊണ്ട് അദ്ദേഹം മുൻകൈ എടുത്തു ചെയ്ത പരിപാടികളെല്ലാം തന്നെ ഗംഭീരമാണ്. പന്ത്രണ്ടു വർഷത്തോളമായി അവിടെ പഠിപ്പിക്കുന്ന നാരായണൻ മാസ്റ്ററും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരായ കുറിച്യരുടെ അദ്ധ്വാനശീലത്തെ കുറിച്ചും മറ്റും പറഞ്ഞുതന്നത് നാരായണൻ മാസ്റ്റർ ആയിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഓരോ കുട്ടിയും ക്ലാസിലെത്തുന്നത്. ഉയർന്ന കായികക്ഷമതയാണു കുട്ടികളുടെ പ്രത്യേകത. സ്പോർട്സ് ഇനങ്ങളിൽ വിവിധ തലങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടാൻ ഈ പ്രത്യേകത സ്കൂളിനെ ഒത്തിരി സഹായിക്കുന്നു. കഠിനാദ്ധ്വാനികളാണ് ഓരോരുത്തരും.

കുട്ടികൾ ഈ സ്കൂളിൽ സ്വന്തമായി ഒരു തപാൽ സംവിധാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. അതു വഴി അവർ പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകൾ നിരവിധിയാണ് ‍… അവരുടെ പരിഭവങ്ങൾ, കുസൃതികൾ, ആവശ്യങ്ങൾ, ക്ഷമാപണങ്ങൾ എല്ലാം അവർ ഇങ്ങനെ എഴുത്തിലൂടെ അദ്ധ്യാപകരെ അറിയിക്കുന്നു. അദ്ധ്യാപകരാവട്ടെ ഇതിനൊക്കെ തക്ക മറുപടിയും കൊടുക്കുന്നുണ്ട്. കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്. മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.

കുറിച്യ സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം ആണു മറ്റൊന്ന്. മനുഷ്യ പരിണാമത്തെ കാണിക്കുന്ന കൂറ്റൻ പേപ്പർ പൾപ്പ് പ്രതിമകൾ, ആദിവാസി മേഖലയിൽ നിന്നും ശേഖരിച്ച വിവിധ ആയുധങ്ങൾ, ഉപകരണങ്ങൾ, പഴയ ഒരു റേഡിയോ, കുട്ടികൾ ചിരട്ടയിലും മറ്റും തീർത്ത ശില്പങ്ങൾ, ചിത്രങ്ങൾ, ബിഷപ്പ് ബീൻസ് പോലുള്ള കൂറ്റൻ വിത്തുകൾ ആനയോട്ടി പോലുള്ള ഉപകരണങ്ങൾ എന്നിങ്ങനെ നിരവിധി സാധനങ്ങൾ അവിടെയുണ്ട്.

ജീവിത സാഹചര്യം കൊണ്ട് ടെലിവിഷൻ എന്നത് കേട്ടറിവു മാത്രമാകേണ്ടിയിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആ സ്കൂളിൽ നടത്തി വരുന്നുണ്ട്. അന്നന്നുള്ള പ്രധാന വാർത്തകളും, അവരുടെ ഡേറ്റുഡേ ആക്റ്റിവിറ്റീസും കടങ്കഥകളും ലോകകാര്യങ്ങൾ വിശദീകരിക്കുന്ന വേൾഡ് ടു ഡേ യും ഒക്കെ മിന്നിമറിയുന്ന കൊച്ചു ടിവി. വാർത്താ വായനക്കാരും അവതാരകരും കുട്ടികൾ തന്നെ. സ്റ്റൂഡിയോയിൽ നിന്നും ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങൾ എൽ സി ഡി ടിവി വഴി ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. അവതാരകരും റിപ്പോർട്ടർമാരും ഒക്കെ കുട്ടികൾ തന്നെ. വിഡിയോ ഏഡിറ്റിങിന് അദ്ധ്യാപകർ സഹായിക്കുന്നു. കോടികൾ കോഴകൊടുത്ത് ഒപ്പിച്ചെടുക്കുന്ന ആധുനിക പബ്ലിക് സ്കൂളുകളിൽ എവിടെ കാണും ഇത്രയ്ക്ക് സുന്ദരമായ ഒരു സ്മാർട്ട് ക്ലാസ് റൂം!!

ഇതുകൊണ്ടൊന്നും തീരുന്നതല്ല പാലയത്തുവയൽ സ്കൂളിന്റെ പ്രത്യേകതകൾ. കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ ഗണിത ലാബ് ഉണ്ടവിടെ.  പഞ്ചായത്തിന്റെ സഹകരണത്തോടെ ഗണിതശാസ്ത്രത്തിന്റെ  സിദ്ധാന്തങ്ങളുടെ രസകരമായ പഠനമാണ്  ഗണിതലാബിലൂടെ സാധ്യമാവുന്നത്. കുട്ടികളിൽ വല്ലാതെ പോക്ഷകാഹാര കുറവു കണ്ടപ്പോൾ അദ്ധ്യാപകർ മുങ്കൈ എടുത്ത്  വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍  ഫോർപ്ലാന്റ്  എന്നപേരിൽ നടത്തുകയുണ്ടായി. വള്ളിച്ചീര, മുരിങ്ങ, പപ്പായ, കാച്ചിൽ തുടങ്ങി നിരവധി ഭക്ഷ്യസാധനങ്ങൾ കുട്ടികളെ കൊണ്ട് അവരവരുടെ വീടുകളിൽ നടീപ്പിച്ചു. കാർഷിക വൃത്തിയാൽ കാലം കഴിക്കുന്ന അവരുടെ പിതാക്കളിൽ നിന്നും ഈ പരിപാടിക്ക് അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.  സ്കൂളിൽ നടത്തിയ ചമ്മന്തി മേളയെ കുറിച്ച് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. 35 -ഓളം ചമ്മന്തികളാണത്രേ അന്ന് കുട്ടികൾ അവിടെ തയ്യാറാക്കിയത്! നാട്ടുവൈവിധ്യങ്ങൾ ഒന്നൊന്നായി നശിക്കുന്നുവെങ്കിലും ഇത്തരം മേളകളിലെങ്കിലും അവ പുനർജ്ജനിക്കുകയും ഓർമ്മ പുതുക്കുകയും ചെയ്യുന്നു.

എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ്‌ മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌. വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതകേരളം പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടു സ്കൂളുകളിൽ ഒന്നാണീ സരസ്വതീക്ഷേത്രം. പത്ത് കമ്പ്യൂട്ടറുകൾ ഉള്ള ഒരു ലാബുണ്ട് ഇവിടെ, ഉടനേ തന്നെ ഇന്റർനെറ്റ് കണക്ഷൻ കിട്ടുമെന്ന് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. കുഞ്ഞുങ്ങൾക്ക് ഇന്റെർ നെറ്റ് വെച്ച് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യാൻ അദ്ദേഹത്തിനു കഴിയട്ടെ. മലയാളം വിക്കിപീഡിയയുടെ എല്ലാവിധ പിന്തുണയും സഹായസഹകരണവും ഞങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടാണു വന്നത്. വിളിച്ചാൽ ഏതു നിമിഷവും ഓടിയെത്താൻ ഞങ്ങൾ തയ്യാറാണെന്ന് ഒരിക്കൽ കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.

ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് പുറമേയുള്ള മറ്റു സ്കൂളുകളിലേക്ക് പോകേണ്ടിവരുന്നു. ഏറെ ശ്രദ്ധകിട്ടി വളർന്ന ഇവർ മറ്റു സ്കൂളുകളിൽ വല്ലാതെ അവഗണിക്കപ്പെടുന്നു. ദൂരവും അവഗണനയും ഒക്കെ കൊണ്ട് ഏഴാം ക്ലാസ് കഴിഞ്ഞ് പഠനം തുടരുന്നവർ വളരെ കുറച്ചാണ്. ആ സങ്കടം ജയരാജൻ മാസ്റ്ററിന്റെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. എത്രയും പെട്ടന്ന് ആ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയരട്ടെയെന്ന് ആശംസിക്കാനേ നമുക്കു പറ്റൂ! അവിടുത്തെ അദ്ധ്യാപരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകണമെങ്കിൽ അങ്ങനെ സംഭവിക്കണം.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem