നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

നോക്കുകൂലി - nokkukooliഅങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന്‌ കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ്‌ എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും.

അങ്ങനെ ഞാന്‍ ഒരിക്കല്‍ കുറേ വയറിങ് മെറ്റീരിയല്‍സ് ബാംഗ്ലൂരിലെ കെ. ആര്‍. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചു. ബസ്സുകാരോട് ചോദിച്ചപ്പോള്‍ 30 kg വരെ കൊണ്ടുപോകാന്‍ 150 രൂപ ആവും എന്നവര്‍ പറഞ്ഞു. സ്വിച്ചും ബോര്‍ഡും വയറുകളും ഒക്കെ കൂടി ഏകദേശം അത്രയുണ്ടായിരുന്നു. 150 രൂപയ്ക്ക് സംഭവം കാഞ്ഞങ്ങാട് സ്റ്റാന്‍ഡിനു സമീപം കോഹിനൂര്‍ (സഫർ) ബസ്സിന്റെ ഓഫീസിനു മുന്നില്‍ ഇറക്കിവെച്ചു. ഞാന്‍ തന്നെ അവയൊക്കെ എടുത്ത് റോഡ് സൈഡിലേക്ക് മാറ്റിവെച്ച് ഒരു ഓട്ടോ റിക്ഷ കിട്ടുമോ എന്നും നോക്കി നില്‍ക്കാന്‍ തുടങ്ങി. സമയം രാവിലെ എട്ടുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന്‌ ഒരു ഓട്ടോക്കാരന്‍ അടുത്തു വന്നു കിലോമീറ്ററിന്‌ 10 രൂപ 50 പൈസ തന്നാല്‍ കൊണ്ടുപോകാം എന്നയാള്‍ പറഞ്ഞു. പതിനൊന്നു രൂപയാണത്രേ സ്റ്റാന്‍ഡില്‍ എല്ലാവരും കിലോമീറ്ററിനു ചാര്‍ജ് വാങ്ങിക്കാറുള്ളത്. 10 രൂപ 50 പൈസ വെച്ച് ഞാന്‍ വീടുവെയ്ക്കുന്ന സ്ഥലം വരെ 15 കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. ആകെ 300 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും സാധനം വീട്ടിലെത്തുമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കെ. ആർ. മർക്കറ്റിൽ നിന്നും ബാംഗ്ലൂരിലെ ബലന്തൂരുള്ള എന്റെ താമസസ്ഥലത്തേക്ക് ഓട്ടോക്കാരൻ പറഞ്ഞത് 450 രൂപയായിരുന്നു!! ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഓർത്തുകൊണ്ട് വഴിയോരത്ത് ഞാൻ നിൽക്കുകയായിരുന്നു.

അപ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാള്‍ അവിടെ എത്തി. തൊട്ടുപുറകേ സഫര്‍ ട്രാവല്‍സിലെ ഞാന്‍ സ്ഥിരം കാണുന്ന ഒരാളും ഉണ്ട്. ആദ്യം വന്നയാൾ എന്നോടു ചോദിച്ചു എന്താണ്‌ പാക്കറ്റിനകത്ത് എന്ന്.
“വയറിങ് മെറ്റീരിയല്‍സാണ്‌” – ഞാന്‍ പറഞ്ഞു.
“ഒരു അമ്പതു രൂപ വേണം.” – അയാൾ
“എന്തിന്” എനിക്കു കൗതുകം. “ബസ്സിന്റെ ചാർജു ഞാൻ ബാംഗ്ലൂരിൽ കൊടുത്തതാണ്, അതിന്റെ ബില്ലും ഉണ്ട്” – ഞാൻ പോക്കറ്റിൽ തപ്പി.
“ഇത് ചുമട്ടുകൂലിയാണ്” – അയാൾ പറഞ്ഞു.
“ചുമട്ടുകൂലിയോ?” ബസ്സിന്റെ അടിത്തട്ടിൽ നിന്നും ബസ്സിലെ ക്ലീനർ എടുത്തു പുറത്തുവെച്ചു, ഞാനത് എടുത്ത് ആദ്യം ഓഫീസിന്റെ മുന്നിലേക്കും പിന്നീട് റോഡ് സൈഡിലേക്കും മാറ്റിവെച്ചു. ഇപ്പോൾ ഓട്ടോ ഡ്രൈവറും ഞാനും കൂടി അത് എടുത്ത് ഓട്ടോയിൽ കേറ്റി വെച്ചു… ഇതിൽ എവിടെയാണു ചുമട്ടുകൂലിയുടെ പ്രശ്‌നം വരുന്നത്?

അയാൾ വിശദീകരിച്ചു. ഇത് ചുമടെടുക്കുന്നവർക്ക് കൊടുക്കാനുള്ളതാണ്. ഇവിടെ ചുമട്ടുകാർക്ക് യൂണിയൻ ഉണ്ട്. അവരാണ് സാധാരണ ഇതു ചെയ്യുക. അവർ സമയം കിട്ടുമ്പോൾ വന്നിട്ട് സഫർ‌ (കോഹിനൂർ – കാഞ്ഞങ്ങാട്) ഓഫീസിൽ നിന്നും ബില്ലൊക്കെ പരിശോദിക്കും എന്നിട്ട് അവരോട് അന്നിറക്കിയ സാധനങ്ങൾക്കുള്ള ചുമട്ടുകൂലി ആവശ്യപ്പെടുമത്രേ!! അയാളുടെ കൂടെവന്ന സഫറിലെ ആ സുഹൃത്തും അയാളെ സഹായിച്ചു. എനിക്കത്ഭുതം തോന്നി! ഞാനേതോ വെള്ളരിക്കാപ്പട്ടണത്തിൽ നിൽക്കുന്നതുപോലെ!! ചെയ്യാത്ത പണിക്ക് പണം വാങ്ങിക്കുന്ന ദരിദ്ര്യവാസികളാണോ ഈ യൂണിയൻകാർ!!

ഞാൻ പറഞ്ഞു പണിയെടുക്കാതെ കൂലിവാങ്ങിക്കാൻ വരുമ്പോൾ നിങ്ങളെന്തിനാ കൂട്ടു നിൽക്കുന്നത്? ഞാൻ അഞ്ചുപൈസ തരില്ല. നിങ്ങൾ തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടി വരും എന്നായി സഫറിലെ ആ സുഹൃത്ത്. എനിക്കെന്തോ ആത്മരോഷം അണപൊട്ടിയൊഴുകി. ഏതുവിധേനയും ആ സാഹചര്യത്തെ ഉൾക്കൊള്ളാൻ എനിക്കായില്ല. പണിയെടുക്കാത്തവർക്ക് ഒരഞ്ചുപൈസ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല.

അയാൾ വിടുന്ന ലക്ഷണമില്ല. മുപ്പതുരൂപ തന്നാൽ മതിയെന്നായി പിന്നീട്. ഒരു കെട്ടിനു പത്തുരൂപ വെച്ച് മൂന്നുകെട്ടിനു മുപ്പതുരൂപ. മുപ്പതല്ല ഒരു രൂപ പോലും ആ പേരിൽ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല. തരില്ലെന്ന് ഞാൻ അറുത്തുമുറിച്ചു പറഞ്ഞു. അയാളുടെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഭീഷണിയുടെ സ്വരം എവിടെയൊക്കെയോ നിഴലിക്കാൻ തുടങ്ങി. എന്റെ നമ്പറും അഡ്രസ്സും തരാം, അവർ പണം വാങ്ങാൻ വരുമ്പോൾ എന്നെ വിളിക്കാൻ പറ; ഞാൻ വന്നു കൊടുത്തോളാം എന്നായി ഞാൻ. ഏതു മാന്യനാണ് അങ്ങനെ തടിയനങ്ങാതെ കൂലിവാങ്ങിക്കാൻ വരുന്നതെന്നറിയണമല്ലോ. അതും അവർക്ക് സമ്മതമല്ല. മംഗലാപുരം വിട്ട ശേഷം ഓരോ സ്റ്റോപ്പിലും ലെഗേജുകൾ ഇറക്കിക്കൊണ്ടായിരുന്നു അന്നാ ബസ്സ് വന്നതുതന്നെ. അന്നേരം ഒന്നും ആരും അവിടെ വന്ന് ലഗേജിറക്കിയതിനു കൂലി ആവശ്യപ്പെടുന്നത് ഞാൻ കണ്ടില്ല. അതൊക്കെ തന്നെ ഞാൻ കൊണ്ടുവന്ന ലെഗേജുകളേക്കാൾ എത്രയോ ഏറെയായിരുന്നു; എത്രയോ ഇരട്ടി വിലമതിക്കുന്നതായിരുന്നു. അതിന്റെ ബില്ലുനോക്കി ഇവർ പണം ചോദിച്ചാൽ ഇയാൾ കൊടുക്കുമോ? അവർക്കൊന്നും ഇല്ലാത്ത ചാർജ് എനിക്കുമാത്രം എങ്ങനെ ബാധകമാവും. ഇല്ല; ഒരഞ്ചു പൈസ പോലും എനിക്കു കൊടുക്കാൻ വയ്യ എന്ന് ഞാനുറപ്പിച്ചു.

അയാൾ വന്ന് ഓട്ടോയിൽ കയറ്റിവെച്ച പാക്കറ്റിൽ പിടിമുറുക്കി. അതവിടെ നിന്നും ഇറക്കിവെക്കാനാണു പരിപാടിയെന്നു മനസ്സിലായി. ഞാൻ കൈതട്ടിമാറ്റി. എന്നെയറിയാവുന്ന സഫറിലെ സുഹൃത്ത് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഓട്ടോക്കാരൻ ഒന്നും പറയാതെ മാറി നിന്നു. സഫറിലെ സുഹൃത്തു പറഞ്ഞു സാരമില്ല 30 രൂപ ഞാൻ കൊടുത്തോളാം നിങ്ങൾ വണ്ടി വിട്ടോ എന്ന്. പക്ഷേ, കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളികളുടെ പ്രതിനിധിയായി വന്ന ആ കശ്‌മലൻ അതിനും തയ്യാറല്ല്ല. 30 രൂപ കൊടുക്കാതെ ഓട്ടോ വിടാൻ പറ്റില്ലെന്നയാൾ വാശിപിടിച്ചു.

30 രൂപ കൊടുക്കുകയല്ലാതെ വേറെ രക്ഷയില്ലെന്ന ഗതിയിൽ ഞാനെത്തി. ബില്ലു തരാമെങ്കിൽ 30 രൂപ തരാം എന്നു ഞാനെന്റെ മനസ്സിനെ വഞ്ചിച്ചുകൊണ്ടു പറഞ്ഞു. പിന്നെ, ബില്ലെഴുതി ഒപ്പിട്ടുതരാം – അയാൾ പുച്ഛിക്കുന്നു. കടുത്ത ആത്മരോഷത്തിൽ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. എനിക്കവിടെ നിൽക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. കാരണം 8:50 നു മംഗലാപുരത്തു നിന്നും മൈസൂറിനു പോകുന്ന കെ. എസ്. ആർ.ടി.സി. ബസ്സിൽ ഇതൊക്കെ വീട്ടിലെത്തിച്ച് എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് വരേണ്ടതുമാണ്. ഓട്ടോക്കാരൻ മെല്ലെ അടുത്തുവന്നു. അയാൾ പറഞ്ഞു കൊടുത്തേക്ക്, അല്ലാതെ ഇയാൾ വിടുമെന്നു തോന്നുന്നില്ല. മുപ്പതുരൂപയയുടെ പ്രശ്നമല്ല; ഇതു പിടിച്ചുപറിയാണ് – ശുദ്ധമായ കാടത്തം. ഞാൻ പത്തുരൂപയുടെ മൂന്നു നോട്ടുകൾ എടുത്ത് അയാളുടെ മുഖത്തേക്കിട്ടിട്ട് ഓട്ടോയിൽ കേറി.

പിന്നീടുള്ള രണ്ടുമൂന്നു ദിവസം എനിക്കു നേരാംവണ്ണം ഉറങ്ങാനായില്ല. കടുത്ത ആത്മരോഷവും എന്നോടുതന്നെ ഒരുതരം അവജ്ഞയും തോന്നി. മാർക്കറ്റിൽ നിന്നും അതു വാങ്ങിച്ചിട്ട് ഗാന്ധിനഗറിൽ ഉള്ള ബസ്‌സ്റ്റാന്റിൽ എത്തിച്ച ഓട്ടോക്കാരൻ 30 രൂപ ചോദിച്ചപ്പോൾ അയാൾക്ക് 50 രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെയാണു ഞാൻ വന്നത്. മാർക്കറ്റിൽ നിന്നും അവ ഓട്ടോയിൽ കയറ്റാനും, പിന്നിട് ബസ്സിലേക്ക് എടുത്തുവെയ്ക്കാനും ഞാൻ പറയാതെ തന്നെ ആ കന്നടക്കാരൻ ഡ്രൈവർ എന്നെ സഹായിച്ചിരുന്നു. അതെനിക്ക് അതിയായ സന്തോഷവും ഉണ്ടാക്കിയിരുന്നു. പക്ഷേ, ഈ ഒരു സംഭവം എന്നെ കൂറേ ദിവസം വിടാതെ വേട്ടയാടി. ഇപ്പോഴും ആ സംഭവം മനസ്സിലെത്തുമ്പോൾ ഇപ്പോഴും എന്റെ ഉള്ളം എരിയുകയാണ്. സംഘടനയുടെ പിൻബലമുള്ളതിന്റെ അഹന്തയോ, പണിയെടുക്കാതെ അന്യന്റെ മുതലിൽ കൈയിട്ട് വാരി ശീലിച്ച അയാളുടെ ഗുണവിശേഷമോ എന്തോ ആവട്ടെ… കാഞ്ഞങ്ങാടുള്ള ചുമട്ടുതൊഴിലാളികൾക്കൊക്കെ നാണക്കേടാണ് ഈ കാപാലികൻ. അവൻ വെള്ളം കിട്ടാതെ മരിക്കട്ടെ!!

ചില പ്രണയദിന ചിന്തകൾ!!

വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാക്ക്‌ വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാല്‍ മടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേ പറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ “കൂടി” വേണം… പറ്റുമെങ്കില്‍ കയറിക്കോ 🙂

ഇതാണു കടം കടം എന്നു പറയുന്നത്!!!

‘ഒരു മനുഷ്യന്റെ മരണം ഒരു ദുരന്തകഥയാണ്, ഒരു ലക്ഷം പേരുടേത് വെറും സ്ഥിതിവിവരക്കണക്കും’ എന്നുപറയാറുണ്ടല്ലോ. സത്യമാണ്. മിക്കപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സാധാരണക്കാരുടെ ഭാവനയ്ക്കുമതീതമാണ്.

ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാതെ കുടുംബം മുഴുവന്‍ ‘ആത്മഹത്യ’ ചെയ്യുന്നവരുള്ള നാട്ടില്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഏതാനും ലക്ഷം രൂപയ്ക്കപ്പുറമുള്ള പണത്തെ പറ്റി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്തെങ്ങും ഇതുതന്നെയാണ് സ്ഥിതി. ദേശീയ സമ്പദ്‌വ്യവസ്ഥയെ പറ്റിയുള്ള വാര്‍ത്തകളില്‍ വരുന്ന ആയിരം കോടിയും ലക്ഷം കോടിയുമെല്ലാം അവര്‍ക്ക് വെറും സ്ഥിതിവിവരക്കണക്ക് മാത്രമാണ്. അത്തരക്കാരെ സഹായിക്കാന്‍, വിരസമായ സ്ഥിതിവിവരക്കണക്കുകളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഇന്‍ഫോഗ്രാഫിക്‌സ് ആക്കി മാറ്റുകയാണ് ഡിമോണ്‍.ഓക്രസി ചെയ്യുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കേട്ടാല്‍ മനസ്സിലാകാത്ത കണക്കുകള്‍ കണ്ടാല്‍ കണ്ണുതള്ളുന്ന രൂപങ്ങളാക്കിയത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വാർത്ത മാതൃഭൂമിയിൽ നിന്ന്

എന്തിനു വേറൊരു സൂര്യോദയം!!

എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം

നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ…

ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ…

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ കൂട്ടാനൊരു വഴി!!

How to speed up your Computer
ഇനിയും പഴങ്കഥകൾ ആവർത്തിച്ചാൽ ചിലപ്പോൾ എല്ലാവർക്കും ബോറടിക്കും 🙁 അതുകൊണ്ട്, ഇപ്രാവശ്യം ഒരു കമ്പ്യൂട്ടർ ട്രിക്ക്‌സാവട്ടെ!! Continue reading →

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ കൂട്ടാനൊരു വഴി!!

പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍‌ത്തനം മന്ദഗതിയിലാവാനുള്ള ഒരു പ്രധാന കാരണം ടെംപററിഫയല്‍സിന്റെ ബാഹുല്യമാണ്. ഇവയെ നീക്കം ചെയ്താൽ കമ്പ്യൂട്ടർ നല്ല സ്പീഡിൽ തന്നെ നിങ്ങളോട് പ്രതികരിക്കുന്നതു കാണാവുന്നതാണ്. ടെംപററി ഫയൽസ് എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് വിൻഡോസിലെ സ്റ്റാർട് മെനുവിൽ കാണുന്ന RUN (വിൻഡോസ് 7 ഇൽ അത് സേർച്ചാണ്) എന്ന വിനോഡോയിൽ  %temp% എന്ന്  ടൈപ്പ് ചെയ്താൽ കിട്ടുന്ന വെറും ടെംപററി ഫയൽസ് മാത്രമല്ല. ടെമ്പററിൽ ഇന്റെർനെറ്റ് ഫയൽസ്, റീസന്റ് ഓപ്പൺ ഫയൽസ്, എന്നിങ്ങനെ അവിടെയും ഇവിടെയും ആയി വരുന്ന നിരവധി അനാവശ്യഫയലുകളെയാണ്.

പലപ്പോഴായി ഇവയെ ഒക്കെ തെരഞ്ഞുകണ്ടുപിടിച്ചു മടുത്തപ്പോൾ ആണ്, പണ്ട് വിൻഡോസ് 98 ന്റെ കാലത്ത് മറ്റുള്ളവർക്ക് പണികൊടുക്കാൻ വേണ്ടി ബാച്ച് ഫയൽ ഉപയോഗിച്ച് ചെയ്തുകൂട്ടിയ ചില പൊടിക്കൈകൾ ഒക്കെ ഓർമ്മ വന്നത്. അന്നതൊരു ഹരമായിരുന്നു. വിൻഡോസ് അനുവാദം കൂടാതെ ടൈം വെച്ച് ഷട് ഡൗൺ ചെയ്യിച്ചും നെറ്റ് സെന്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് പരസ്പരം മെസേജുകൾ അയച്ചും ഒക്കെ കുറേയേറെ കുരുത്തക്കേടുകൾ അന്നു ചെയ്തു വെച്ചിട്ടുണ്ട്. ഒരു ബാച്ച് ഫയൽ ഉണ്ടാക്കി ഈ ടെമ്പററി ഫയൽസിനെയൊക്കെ ഡിലീറ്റ് ചെയ്യാമെന്ന ചിന്ത അങ്ങനെ അതിൽ നിന്നും വന്നതാണ്. വിൻഡോസ് 7 ഇൽ പണ്ടേത്തെ ഡോസ് മുക്കാലും ചത്ത് കിടക്കുകയാണല്ലോ! ബാച്ച് ഫയൽ വർക്ക് ചെയ്യുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു. എന്തായാലും സംഭവം വർക്കിങാണെന്നു മനസ്സിലായി.

ഇപ്പോൾ പാസൗട്ടായി വരുന്ന പലർക്കും ബാച്ച് ഫയൽ അന്യമായിരിക്കും. എന്നാലും പഴയ പുലികളുടെ ഓർമ്മകളിൽ ഒരു കുരുത്തംകെട്ട ചിരിയായി ബാച്ച് ഫയലുകൾ നിറഞ്ഞുനിൽപ്പുണ്ടാവണം. ബാച്ച് ഫയൽ ഉണ്ടാക്കാൻ ആദ്യമായി ഒരു നോട്ട്പാട് ഓപ്പണം ചെയ്യണം. അതിൽ താഴെ കാണുന്ന കോഡുകൾ കോപ്പി എടുത്ത് പേസ്റ്റ് ചെയ്യുക. എന്നിട്ട് അതിനെ ഡസ്‌ക്‌ടോപ്പിൽ തന്നെ സേവ്‌ ചെയ്തേക്ക്.

പക്ഷേ, പേരുകൊടുക്കുമ്പോൾ ശ്രദ്ധിക്കണം കേട്ടോ. എന്തു പേരും ഇടാം. നോട്ട്‌പാഡിൽ കാണുന്ന .txt എന്ന എക്‌സ്റ്റൻഷൻ അവിടെ പാടില്ല; പകരം ബാച്ച്ഫയൽ എന്നതിനെ ചുരുക്കമെന്നോണം .bat എന്ന എക്‌സ്റ്റൻഷൻ കൊടുക്കണം. അതായത് നമുക്ക്, ആ ഫയലിനെ “deltemp.bat” എന്ന പേരിട്ട് വിളിക്കാം. മാത്രമല്ല, പേരിടുമ്പോൾ അതിന്റെ തുടക്കത്തിലും ഒടുക്കവും ഉള്ള ഇൻവേർടഡ് കോമകൾ – quotation marks – (“…”) കൂടി ചേർക്കണം. അതു മറക്കാതിരിക്കുക. അതെന്തിനാണെന്നു കണ്ടുപിടിച്ചോളൂ 🙂

ഇപ്പോൾ ഡസ്‌ക്‌ടോപ്പിൽ deltemp എന്ന ഒരു ഫയൽ വന്നുകാണും. അതിന്റെ ഐക്കൺ നോട്ട്‌പാഡിൽ നിന്നും വ്യത്യസ്തമായിരിക്കും. ഇനി ധൈര്യമായിട്ട് അതിൽ ഡബിൾ ക്ലിക്ക് ചെയ്തോളൂ… ചെയ്യുന്നതിനു മുമ്പ് ഒരു സെക്കന്റ്!!! ഓപ്പൺ ചെയ്തു വെച്ചിരിക്കുന്ന എല്ലാ പ്രോഗ്രാമുകളും സേവ്‌ ചെയ്തശേഷം ക്ലോസാക്കി വെക്കുന്നത് നല്ലതായിരിക്കും. ഇതാ കോഡ്‌സ് പിടിച്ചോളൂ…

ബാച്ച് ഫയൽ ഉണ്ടാക്കാനറിയാത്തവർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുകയുമാവാം… ഇവിടെ ഇത് zip ഫയലായി കമ്പ്രസ് ചെയ്തിരിക്കുന്നു. ഡൗൺലോഡ് ചെയ്തിട്ട് ഫയലിനെ റൈറ്റ്‌ക്ലിക്ക് ചെയ്തിട്ട് അൺസിപ്(അൺകപ്രസ്) ചെയ്തെടുക്കുക.

Original Article is posted in chayilyam.com…

താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ…

കനവായിരുന്നുവോ ഗാന്ധി
കഥയായിരുന്നുവോ ഗാന്ധി
നാൾവഴിയിലിവനിന്നു നാമമില്ല
നാട്ടുനടവഴിയിലീ ഉരുവമോർമ്മയില്ല
എന്നാലുമെൻ നിലവിളിക്കുള്ളിലെ കണ്ണീരിലൂറുന്നു ഗാന്ധി…

പ്രഭാഷണകലയുടെ ആചര്യനു അദരാഞ്ജലികൾ!!

ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, 
എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ…

മലയാള സംസ്‌കൃതിയുടെ കാവലാളയി നമ്മെ നയിച്ച ആ പകരം വെയ്‌ക്കാനാവാത്ത ആർത്ഥഗാഭീര്യത്തിനു മലയാള മണ്ണിന്റെ കണ്ണീരിൽ കുതിർന്ന വിട!! അർത്ഥസംപുഷ്ടമായ ശബ്ദങ്ങളുടെ മഹാമാന്ത്രികനായ സുകുമാർ അഴിക്കോട് ഇന്നു രാവിലെ 6:33 നു മലയാളത്തോട് വിട പറഞ്ഞു.

Stop SOPA…! Stop PIPA…!! Save InterNet!!!

നിങ്ങൾക്കും ഈ ബില്ലിനെതിരെ പ്രതികരിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക…

നമുക്കു പറയാനുള്ളത് പറയാന്‍ ഏറ്റവും പ്രചാരമുള്ള ഏകമാധ്യമമാണ്‌ ഇന്റര്‍‌നെറ്റ്. ആ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ തന്നെ കത്തി വെയ്ക്കുന്ന കരി നിയമങ്ങള്‍ രണ്ടെണ്ണം പസാക്കാന്‍ 2011 October 26 നു ഇന്റെര്‍നെന്റിന്റെ സിഹഭാഗവും നിയന്ത്രിക്കുന്ന അമേരിക്കയില്‍ തുടക്കമിട്ടു. സ്റ്റോപ് ഓൺലൈൻ പൈറസി ആക്ട് (SOPA), പ്രൊട്ടക്ട് ഇന്റലക്‍ച്വൽ പ്രോപ്പർട്ടി ആക്ട് (PIPA) എന്നിവയാണത്. സമ്മര്‍ദ്ദതന്ത്രം കൊണ്ട് മറ്റ് രാജ്യങ്ങളെ വരച്ച വഴിയേ നടത്തിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത അമേരിക്ക ഉടനേതന്നെ ആ നിയങ്ങള്‍ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.

ഇന്നു ഫ്രീയായി നമുക്കുകിട്ടുന്ന വിക്കീപീഡിയ അടക്കമുള്ള എല്ലാ ഓപ്പണ്‍ സോര്‍സ്‌ വിവരകൈമാറ്റങ്ങള്‍ക്കും അതു വന്‍ ഭീഷണിയായിരിക്കും. ലക്ഷക്കണക്കിനാളുകള്‍ അവരുടെ അറിവും അദ്ധ്വാനവും സമയവും കളഞ്ഞു പടുത്തുയര്‍ത്തിയ ആ വിവരഗോപുരം ഒരു സുപ്രഭാതത്തില്‍ ഇല്ലാതാവുന്നത് ഒന്നോര്‍ത്തുനോക്കൂ!!

ഇന്റര്‍‌നെറ്റ് സെന്‍സര്‍ഷിപ്പ് നിലവില്‍ വരുന്നതിലൂടെ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം എന്നെന്നേക്കുമായി ഇല്ലാതവും. 2G സ്പെക്‌ട്രം അഴിമതി കേസൊക്കെ വെളിച്ചം കാണാന്‍ ഏകകാരണം ബ്ലോഗിലൂടെ അതിനുവേണ്ടി പോരാടിയതാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍.

ഇനി നമുക്കു ശബ്‌ദം നഷ്ടപ്പെടും…
 ഒന്നുറക്കെ പരിതപിക്കാനുള്ള ശക്തി നഷ്ടപ്പെടും… അതിനിട വരരുത്!!
പോരാടാണം..
ഇന്നിത് അമേരിക്കയുടെ പ്രശ്നമെങ്കില്‍ നാളെ ഇതു നമ്മുടെയൊക്കെ പ്രശ്നമായി മാറും..
അതിനു മുമ്പേ ഉണരണം!!