കാവ്യം സുഗേയം

crow, കാക്ക
കറുത്ത കോട്ടും കാലുറയും കുറിക്കു കൊള്ളും കൗശലവും
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കേസു നടത്താൻ നീ വമ്പൻ; ക്രോസ്സു നടത്താൻ നീ മുമ്പൻ
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ!!

Malayalam Actor Dileep, മലയാള സിനിമാ അഭിനേതാവ് ദിലീപ്
Dileep | ദിലീപ്

സിനിമാ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു! സഹപ്രവർത്തകയെ കൃത്യമായ പ്ലാനിങ്ങോടെ അവേഹേളിക്കാനുള്ള ഒരുക്കം കൂട്ടിയതിനും അവഹേളനം നടന്നതിനും കൃത്യമായ തെളിവുകൾ രണ്ടരമാസത്തെ പരിശ്രമത്തോടെ കേരളപൊലീസ് കണ്ടെത്തി പഴുതുകളെല്ലാം അടച്ചിട്ടാണ് അറസ്റ്റ് നടത്തിയെതെന്ന് പറയുന്നു. കണ്ടുപിടിച്ച കാര്യങ്ങൾ സത്യമായിത്തീർന്നാൽ, സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമായി കേരളപൊലീസിന് അവകാശപ്പെടാൻ സാധിക്കുന്നതാണ് ഈ കേസ്. ഒന്നുമെത്താതെ അലഞ്ഞു നടക്കുന്ന കേസുകൾ പലതുണ്ട് കേരളത്തിൽ! സഖാവ് ടി.പിയെ 51 വെട്ടുകളാൽ ഇല്ലാതാക്കിയത് കണ്ടു, ഒരു കുട്ടിയെ കോളേജിൽ വെച്ച് തല്ലിക്കൊന്നതു കണ്ടു, അനാഥപ്രേതങ്ങളായി അലഞ്ഞു നടക്കുന്ന നിരവധി പ്രേതാത്മാക്കൾ ചുറ്റുമിരുന്ന് കരയുന്നുണ്ട്! ഇതേ പ്രകടനം കാഴ്ച വെയ്ക്കാൻ നിരവധി കേസുകെട്ടുകൾ ഉണ്ടെന്നു ചുരുക്കം. ഇല്ലെങ്കിൽ, പൊലീസിനെ നിയന്ത്രിച്ചു നിർത്താൻ മാത്രം പര്യാപതമായ ശക്തി ഏതാണെന്നും എന്തിനാണെന്നും കണ്ടെത്താൻ കഴിയേണ്ടത് മെനക്കെട്ട് വോട്ടു ചെയ്തുനടക്കുന്ന ജനങ്ങൾ തന്നെയാണ്.

ഗൂഡാലോചനക്കാർ സാമൂഹ്യദ്രോഹികൾ തന്നെ! പുറത്തുവരേണ്ടതാണ്… മാറ്റത്തിനുള്ള തുടക്കമാവണം ഈ സംഭവം. മലയാളസിനിമയ്ക്ക് മാറാൻ കഴിയുന്നു എന്നാൽ മലയാളികളുടെ സംസ്കാരം തന്നെ മാറുന്നു എന്നുവേണം കരുതാൻ. മലയാളസിനിമയിൽ സ്ത്രീപക്ഷചിന്തകൾക്ക് പ്രാബല്യമേറണം! നല്ലൊരു അമ്മ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു കുടുംബം നില നിർത്താനാവുകയുള്ളൂ എന്നത് പഴമൊഴിയല്ല!! പേരിൽ മാത്രം Amma(Association of Malayalam Movie Artists) വന്ന്, അമ്മയെ വ്യഭിചരിക്കുന്ന നേതൃത്വം തന്നെ പിരിച്ചുവിടാൻ പര്യാപതമാണ് നിലവിലെ കേസ്. മുഖം മൂടിയണിഞ്ഞ് ഒരു സമൂഹത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്! ദിലീപ് പ്രശ്നത്തിൽ സത്യം പുറത്തു വരാതെ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് നമ്മൾ കണ്ടല്ലോ!! തോന്ന്യവാസം ആരുകാണിച്ചാലും തോന്ന്യവാസം തന്നെയാ. പൊലീസിനെ കുറ്റം പറയുകയല്ല; അതിനവർക്കുള്ള അവസരം നിഷേധിക്കുന്ന ഗുഢാലോചന ചർച്ചചെയ്യപ്പെടേണ്ടതുണ്ട്! തിരിച്ചറിയണം!! ഇല്ലെങ്കിലെ കാര്യമായ ഊഹാപോഹങ്ങളിലൂടെ നമ്മൾ തന്നെ കുറ്റക്കാരെ കണ്ടെത്തണം!!

malayalam actress manju warrier, മഞ്ജു വാര്യർ
Manju Warrier, മഞ്ജു വാര്യർ

സിനിമയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, ടീവി സീരിയലുകളേയും പരിഗണിക്കേണ്ടതുണ്ട് – സിനിമകളേക്കാൾ ഇന്ന് ജനജീവിതത്തെ സ്വാധീനിക്കുന്നത് ടിവി സീരിയലുകളാണ്! എത്രമാത്രം സ്ത്രീവിരുദ്ധമാണ് സീരിയലുകളൊക്കെയും!! ഇതൊക്കെ ചൂഷണം ചെയ്യുന്നത് ഒരു സംസ്കാരത്തെ മൊത്തമാണ്. കുടുംബബന്ധങ്ങളുടെ കഥകളിലൂടെ അമ്മയും അമ്മായി അമ്മമാരും താത്തൂന്മാരും ഭാര്യമാരും ഇവർക്കിടയിലെ അവിഹിതബന്ധങ്ങളും, അവയിലെ കുട്ടികളും ഒക്കെയായി തകർത്തു പെയ്യുകയാണു പലതരം സീരിയലുകൾ! ഒരു കുടുംബത്തെ തന്നെ താറുമാറാക്കാൻ പര്യാപ്തമാണു കഥാബീജങ്ങൾ. പാഠമാവാൻ പലതുണ്ട് എന്നു തെളിയിക്കുന്ന സംഗതികളാണ് ഇപ്പോൾ നടക്കുന്നത്! സിനിമയും സീരിയലും ഒന്നുമല്ല യഥാർത്ഥ ജീവിതം എന്നത് മനസ്സിലാക്കാൻ സാധാരണക്കാർക്കുള്ളോരു സുവർണ്ണാവസരം എന്നേ പറയേണ്ടതുള്ളൂ.

മറ്റൊരു കാര്യം കൂടിയുണ്ട്, തോന്ന്യവാസത്തിന്റെ സൂത്രധാരൻ എന്നപേരിൽ ദിലീപ് പിടിയിലായെങ്കിലും വിഷമവൃത്തത്തിൽ പെടുന്നവർ കാവ്യയും മകൾ മീനാക്ഷിയും ആയിരിക്കും. ദിലീപിന് ആജീവനാന്തം ജയിലറയാണെങ്കിൽ മീനാക്ഷിക്ക് മഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. അമ്മ മനസ്സിന് ഒരു കുഞ്ഞുമനസ്സിനെ ഉൾക്കൊള്ളാതിരിക്കാൻ പറ്റില്ല; പൂർണ്ണ മനസോടെ മീനാക്ഷിയെ സ്വീകരിക്കാൻ മഞ്ജുവിനു കഴിയേണ്ടതാണ്. പെൺകുട്ടി ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടതും അമ്മയിൽ നിന്നുതന്നെയാണ്. കുട്ടിമനസ്സിലെ സ്നേഹം നിമിത്തമാവാം ചെറുപ്രായത്തിലെ തീരുമാനങ്ങൾ ഒക്കെയും. അവളെ വളർത്തി വലുതാക്കാൻ നന്നായിട്ടു സാധിക്കുക പെറ്റമ്മയ്ക്കു തന്നെയാണ്.

malayalam actress Kavya Madhavan, കാവ്യാ മാധവൻ
Kavya Madhavan|കാവ്യാ മാധവൻ

ജീവിതത്തിന്റെ എബിസിഡി അറിയാത്ത കാവ്യയ്ക്കും മീനാക്ഷിയെ വെറുതേ നോക്കിയിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ! കരയ്ക്കടുപ്പിക്കാനാവാത്തൊരു കലാരൂപമായി കാവ്യ എന്ന സുരസുന്ദരിയുടെ ശേഷകാലം തീരാൻ മാത്രമേ വഴിയുള്ളൂ എന്നും കരുതുന്നു. മീനാക്ഷിയുടെ ജീവിതം പങ്കിടാൻ മാത്രം വലുതാണ് കാവ്യഹൃദയം എന്നു കരുതുവാൻ വയ്യ. പോറ്റമ്മയായി സ്നേഹിക്കുന്നതിലും ഭേദം പെറ്റമ്മയുടെ കാരുണ്യം തന്നെയാണെന്നു തോന്നുന്നു. എന്തായാലും ഇവരുടെ വിഷമത്തിൽ പങ്കുചേരുന്നു 🙁 നല്ലൊരു നാൾവഴി തുടന്നുള്ള കാലം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു… കാവ്യയ്ക്ക് പറ്റിയത് തിരശീല മാത്രമാണ്. തിരിച്ചുവരവിനായി മലയാളസിനിമ സജീവമായിരുന്നെങ്കിൽ എന്നൊരു ആഗ്രഹം കൂടെയുണ്ട്. ദിലീപിന്റെ കീഴടങ്ങൽ അറിഞ്ഞ മഞ്ജുഹൃദയം തേങ്ങിയതായും കാവ്യ പട്ടിണി കിടന്നതായും വായിക്കാനിടയായി! മീനാക്ഷിയെ പറ്റി എവിടേയും കണ്ടില്ല. ഏറെ ദുഃഖം അനുഭവിക്കാൻ മാത്രം പ്രായം അവൾക്കുമായിട്ടുണ്ട്. ഈ അവസരത്തിൽ മീനാക്ഷിക്ക് ചേർന്നു നിൽക്കുന്ന കൂട്ടാളി മഞ്ജു മാത്രമാവുന്നു.

കേസിന്റെ ബാക്കിപത്രം കൂടി പുറത്തുവരുമ്പോൾ കാവ്യയുടെ പേര് അതിൽ ഉണ്ടായിരിക്കരുതേ എന്ന ആഗ്രഹിക്കുന്നു. വികൃതമായ മനസ്സുള്ളവർ കൃത്യമായിത്തന്നെ ശിക്ഷിക്കപ്പെടണം. അതിൽ ദിലീപെന്നോ കാവ്യയെന്നോ ഒന്നും വ്യത്യാസം ഇല്ല. അവർക്കുള്ള ശിക്ഷ എന്നതിലുപരി കാണുന്നവർക്കുള്ളൊരു നല്ല മുന്നറിയിപ്പുമാണത്. പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന കാര്യം വെറുതേ ഇവരെയൊക്കെ പരിഹസിക്കുന്നവരും ഓർക്കേണ്ടതു തന്നെയാണ്.

കല്യാണം കഴിക്കുക എന്നത് ഒരു കുറ്റകരമൊന്നുമല്ല; തെറ്റുമല്ല… ആണും പെണ്ണുമാവുമ്പോൾ ഒരു കൂടിച്ചേരലൊക്കെ അനിവാര്യമാണ്. ദിലിപും മഞ്ജുവും പിരിഞ്ഞതിന്റെ കാര്യം ഇന്നേവരെ അവർ പുറത്തു പറഞ്ഞിട്ടില്ല. പുറമേ കേൾക്കുന്നതൊക്കെ കൂട്ടിക്കലർത്തിയ വാർത്തകൾ മാത്രമാണ്. ഇവിടെയിപ്പോൾ ഊഹാപോഹങ്ങൾക്ക് പ്രസക്തിയേ ഇല്ല. കാഴ്ചക്കാർ മാത്രമായ നമുക്ക് മൂന്നുപേരും ഔദ്യോഗികമായി ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് പുതിയ വിവാഹം നടന്നതുതന്നെ! ഇപ്പോഴുള്ള പൊലീസ് കേസ് വേറിട്ടു നിൽക്കുന്നത് ഒരു ക്രിമിനൽ ബുദ്ധിയുടെ നീക്കങ്ങൾ ഉൾപ്പെട്ടതു കൊണ്ടാണുതാനും. ഈ ഒരു കാര്യത്തിൽ കാവ്യയും തെറ്റുകാരിയാണെങ്കിൽ അതിനർഹമായ ശിക്ഷ അവളെ കാത്തിരിക്കുന്നുണ്ടാവും… അതിനി വന്നുചേരാൻ അധികനാളൊന്നുമില്ല. അർഹയെങ്കിൽ അതർഹിക്കുന്ന ശീക്ഷയ്ക്ക് കാവ്യയും ഒരുങ്ങിയിരിക്കേണ്ടതാണ്. ഇതൊന്നുമല്ലെങ്കിൽ കാവ്യയെ തെറ്റുകാരിയായി പഴിചാരാൻ മുൻവിധികളെ മാത്രം ന്യായീകരിച്ച് തുനിയാതെ അവൾ അനുഭവിക്കുന്ന മനോഭാവം ഉൾക്കൊള്ളാൻ പറ്റണം! സിനിമയിൽ നമ്മൾ കാണുന്ന കരച്ചിലല്ല യഥാർത്ഥ കരിച്ചിൽ!!

Meenakshi Dileep, മീനാക്ഷി ദിലീപ്
Meenakshi Dileep | മീനാക്ഷി ദിലീപ്

നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ പൊതുജനം കാണുന്നത് നല്ലൊരു സിനിമ കാണുന്ന ലാഘവത്തോടെ മാത്രമാണ്. ഇതുവരെ കണ്ടതും കേട്ടതും വെച്ച് ക്ലൈമാക്സ് പലരും ഊഹിച്ചെടുക്കുന്നു. ഇതുവരെ വന്നതും അപ്രകാരം തന്നെ. പലരുടേയും ഊഹങ്ങൾ ശരിയായി വന്നു; ചിലരുടേത് തെറ്റിപ്പോയി. മുകേഷ്, ഗണേഷ്, ദേവൻ, ദിലീപ്, ഇന്നസെന്റ്, മോഹൻലാൽ, മമ്മുട്ടി, എന്നിവരുടെ രമ്യമനോഹരമായ അഭിനയ ചാതുര്യം കണ്ടു, പ്രഥ്യുരാജ്, രമ്യാ നമ്പീശൻ, തുടങ്ങിയ യുവതയുടെ കരുത്തുറ്റ തീരുമാനങ്ങൾ കണ്ടു. വരാനിരിക്കുന്ന കാര്യങ്ങൾ ഇതുപോലെ തന്നെ പലർക്കും പലതാണ് അഭിപ്രായങ്ങൾ. പക്ഷേ, ഒന്നുണ്ട് കാര്യം – കണ്ടറിയേണ്ടത് കണ്ടറിയുക തന്നെ വേണം! കലാഭവൻ മണിയുടെ മരണം വരെ ചർച്ചയാവുകയാണ്. സിനിമാലോകത്തിന്റെ അധഃപതനം എന്ന സങ്കല്പം സത്യാമാണെങ്കിൽ തുറന്നുകാട്ടുന്ന പല സംഭവങ്ങളും വെളിച്ചം കാണാൻ ഇതു വഴിവെയ്ക്കും എന്നു കരുതുന്നു! സത്യമോ മിഥ്യയോ ആവട്ടെ, ഉള്ളിലുള്ളത് തുറന്നുപറയാൻ എല്ലാവർക്കും ധൈര്യം വന്നിരിക്കുന്നു എന്നുണ്ട് നടപ്പുകാര്യങ്ങൾ!

ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിന് സ്വന്തം ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കാൻ മാത്രം ഈ വിപത്ത് കാരണമായാൽ മതി. തെറ്റുകൾ തിരുത്തപ്പെടാൻ ഒരു അവസരമായി കണ്ട് സ്വജീവിതത്തെയെങ്കിലും ഹൃദ്യമാക്കാൻ സാധിക്കണം. ജലകുമിള പോലുള്ളൊരു ജീവിതത്തിൽ മറ്റുള്ളവർക്കായി പകരുന്ന കേവലസന്തോഷത്തിനപ്പുറം മറ്റൊന്നല്ല ജീവിതം! നല്ലൊരു പിന്തുടർച്ചകാരെ ഉണ്ടാക്കാനും പറ്റിയാൽ ജീവിതം കേമമായി തീർത്ത് തിരശീലയിടാൻ പറ്റണം. അത്രമാത്രമാണു ജീവിതം!! അതിനപ്പുറത്തുള്ളതൊക്കെയും ഭാവനകൾ മാത്രമാണ്.

നടൻ ദിലീപ് മുമ്പ് ഫെയ്സ്ബുക്കിൽ പറഞ്ഞ കാര്യം

dileep ഫെയ്സ്ബുക്ക് post, നടൻ ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മെന്‍സ്ട്രുവല്‍ കപ്പ്

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation
ആരോടും പറായാതെ അടക്കിവെയ്ക്കുന്ന വികാരങ്ങൾ അനവധിയാണ്. ഇന്നേവരെയുള്ള ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ കാര്യങ്ങൾ താഴെ പറയാം:
1) ഷേവ് ചെയ്യുക,
2) ചെരിപ്പു കഴുകുക,
3) ഇസ്തിരിയിടുക എന്നതൊക്കെയാണ്… ഇങ്ങനെ പോകുന്ന സംഗതികൾ മാത്രമേ എന്റെ വിഷയത്തിൽ വന്നിരുന്നുള്ളൂ; വരുന്നവയുമുള്ളൂ. മടി എന്ന കാര്യം കൂടെപ്പിറപ്പായി പുറകേയുള്ളത് വല്യൊരു ബാധ്യതകൂടിയാണ്.

1) ഇതിൽ ഷേവ് ചെയ്യുക എന്നത് ഞായറാഴ്ചകളിൽ മാത്രമായി ഒതുക്കിവെയ്ക്കുന്നു, ഞായറാഴ്ച ആയാൽ പോലും എനിക്ക് ഈ സംഗതി മടിയാണ്. ഞാനിത് മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിച്ച് കൂളായിട്ട് ഇരുന്നുകൊടുക്കും; അല്ലെങ്കിൽ അടുത്തുള്ള ബാർബർ ഷോപ്പിലേക്ക് ഓടും!!
ഒരു രക്ഷയും ഇല്ലാത്ത പണ്ടാരപരിപാടി ആയിപ്പോയി ഇത്!!

2) ഷൂ ഇടാറേ ഇല്ല; കാരണം അതിന്റെ പരിപാലനം എന്റെ മടിജീവിതത്തിനു തീരെ ചേരില്ല. ചെരിപ്പാണെങ്കിൽ, കുളിക്കുമ്പോൾ ബാത്ത്‌റൂമിൽ ഇട്ടാൽ മതി; കുളിച്ച് കഴിയുമ്പോൾ നാലു ചവിട്ടും കൊടുക്കാം!!

3) ഡ്രസ്സുകൾ ഇസ്തിരിയിടുന്ന പരിപാടി പണ്ടേ ഇല്ല; ഇന്നുമില്ല! ഒഴിവാക്കാൻ ഈസിയായിട്ട് സാധിക്കുന്ന സംഗതി ഇതാണ്.

പറഞ്ഞുവരുന്നത്, ആൺജീവിതം പരമസുഖം തന്നെയാണ്. നാല്പതോളം വർഷങ്ങളിൽ മെൻസസാവുന്ന പെൺജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയതൊക്കെ കുറച്ചു കാലം മുമ്പായിരുന്നു! ഒരു മാസമുറക്കാലത്ത് നാപ്കിന്‍ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയോളമാകും. ഏതാണ്ട് 40 വര്‍ഷക്കാലം അര ലക്ഷത്തോളം രൂപയാണ് ഈ ഒറ്റക്കാര്യത്തിന് ഒരാള്‍ ചെലവഴിക്കുന്നത്.

ഒരു മെന്‍സ്ട്രുവല്‍ കപ്പ് കുറഞ്ഞത് 9 വര്‍ഷം ഉപയോഗിക്കാം. 1000 രൂപ മുതല്‍ മുകളിലേക്കാണ് ഷോപ്പുകളിൽ വില എങ്കിലും online Site കളില്‍ offer ല്‍ ഇതിലും കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലത്ത് മൂന്നോ നാലോ കപ്പുകള്‍ കൊണ്ട് സാമ്പത്തികമായും പാരിസ്ഥിതികമായും നാം ചില്ലറ നേട്ടമല്ല ഉണ്ടാക്കുന്നത്.

സ്‌ക്കൂളുകളിലും കോളേജുകളിലും നാപ്കിന്‍ കില്ലറുകള്‍ വെയ്ക്കുന്നതിനു പകരം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഒക്കെ ഓരോ വകുപ്പുകളായി കൈകാര്യം ചെയ്യുന്ന നമ്മുടെ ഭരണകൂടങ്ങൾ ഇതിനൊക്കെ ഒരു മാർഗം ഇത്തരത്തിൽ കൊടുക്കേണ്ടതുണ്ട്…

സ്റ്റേഫ്രീയോ മറ്റോ വാങ്ങിക്കാനായി കടയിലേക്ക് പോയാൽ ഒരു പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടിത്തരികയാണു പതിവ്. ബാക്കി സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറിൽ ഇട്ടുമാത്രമാവും തരിക!! ഇതുമാത്രം പത്രക്കടലാസിൽ പൊതിഞ്ഞ് വിരിഞ്ഞുമുറുക്കിക്കെട്ടിത്തരുന്നു!! എന്തോ വല്യ കള്ളത്തരം കാണിക്കുന്നതുപോലെയോ നാണക്കേട് കാണിക്കുന്നതു പോലെയോ ഒരു വികാരം എവിടെയോ പതിയിരിക്കുന്നുണ്ട്!

ഓഫീസിലും ഉണ്ട് അനുബന്ധ കഥകൾ! അവിടെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മെൻസസാവാത്ത പെൺകുട്ടികൾ ഉണ്ടെങ്കിലായി എന്നേ ഉള്ളൂ, മിക്കവരും ബാത്ത്രൂമിലേക്ക് പോകുമ്പോൾ കൈയ്യിൽ സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൊണ്ടുപോകുന്നത് കാണാം!! ആരെങ്കിലും അതുമാത്രം ശ്രദ്ധിച്ചിരിക്കുന്നതോ, അതിനെ പറ്റി കമന്റ് പറയുന്നതോ കണ്ടിട്ടില്ല!!

മിക്ക കുട്ടികളും ബാഗും കൊണ്ടാണു ബാത്ത്രൂമിലേക്ക് പോകാറുള്ളത്!! ഇത് ആ കുട്ടിക്ക് മേൽ പറഞ്ഞ പീട്യക്കാരന്റെ വികാരം ഉള്ളിൽ ഉറങ്ങിക്കിടക്കുന്നതു കൊണ്ടു തോന്നുന്ന വികാരമായിരിക്കണം! അല്ലെങ്കിൽ ബാഗ് അവൾ ഇരിക്കുന്ന സ്ഥലത്ത് വെച്ചിട്ടാണല്ലോ ഫുഡടിക്കാനും ചായ കുടിക്കാനും ഒക്കെ പോവുന്നത്, ഈ ബാത്ത്രൂമിൽ പോകുമ്പോൾ മാത്രമെന്തിനാ ബാഗ് കരുതുന്നത് എന്ന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്!! ഒരു ചെറുചിരിയാൽ സംസാരവും ഉണ്ടാവുന്നു. പക്ഷേ, സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൈഇയിൽ വെച്ച് പോകുന്നവർക്ക് ഒരു പ്രശ്നക്കാരിയോ പരിഹാസപാത്രമോ ആയി ആൺകാഴ്ചകളിൽ നിറയുന്നത് കണ്ടിട്ടില്ല.

എന്തായാലും ഉപയോഗിക്കാൻ പ്രാപ്തിയുള്ളവർക്ക് ശ്രമിക്കാവുന്നതാണിത്.
…………….
ഓൺലൈനിൽ വാങ്ങിക്കാൻ: goo.gl/QKHLEf
അനുബന്ധവായന: goo.gl/NVSAVU
വിക്കിപീഡിയയിൽ: https://en.wikipedia.org/wiki/Menstrual_cup

—അപ്ഡേഷൻ—-
വിവിധ തരത്തിലുള്ളതും വിവിധ രാജ്യങ്ങളിൽ ഉള്ളതുമായ സംഗതികളെ മനസ്സിലാക്കാൻ പറ്റിയ ഒരു സൈറ്റ്:
https://menstrualcupreviews.net/comparison/?company_name=ASC

ഇതേകാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റിയപ്പോൾ ഒരു ഫ്രണ്ട് വന്നു ചോദിച്ച കാര്യത്തിന് ഉത്തരം കൊടുത്തതുകൂടി ഒരു തമാശയ്ക്കായി ചേർക്കുന്നു. 🙂
ചോദ്യമിതായിരുന്നു: എല്ലാം മനാസിലായി. ചെരുപ്പിനു നാലു ചവിട്ടു കൊടുക്കുന്നതെന്തിനാണെന്നൊഴിച്ച്…
ഇതിന് എന്റെ ഉത്തരമാണു താഴെ ഉള്ളത്: ചവിട്ടിക്കഴുകൽ എന്നു പറയും… കാലിൽ വന്നു കെണിഞ്ഞ് ദിവസേന ബുദ്ധിമുട്ടിക്കുന്നതിലുള്ള ശിക്ഷ!

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation

 

ഭാരത ഭാഗ്യവിധാതാ

ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌.


ഭാരത ഭാഗ്യവിധാതാ മുഴുവനായിട്ട്:

[ca_audio url=”https://chayilyam.com/stories/poem/janaganamana.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ജനഗണമന ഉപകരണസംഗീതം:

[ca_audio url=”https://chayilyam.com/stories/poem/Jana_Gana_Mana_instrumental1.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസൂക്തമാണ് ഭാരത ഭാഗ്യവിധാതാ. ഭാരത ഭാഗ്യവിധാതായ്ക്ക് 5 ചരണങ്ങൾ ഉണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. . സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി പ്രാർത്ഥനാഗാനമായി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘ജനഗണമന‘ ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന.

ചരണം 1

ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗളദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!

പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 2

അഹ രഹ തവ ആഹ്വാന പ്രചാരിത, ശുനി തവ ഉദാരവാണീ
ഹിന്ദു ബൌദ്ധ ശിഖ ജൈന പാരസിക മുസലമാന ഖ്റിസ്ടാനീ
പൂരബ പശ്ചിമ ആസെ തവ സിംഹാസന പാശെ
പ്രേമഹാര ഹയ ഗാഥാ
ജനഗണ ഐക്യ വിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: അവിടുത്തെ ആഹ്വാനം എന്നുമെങ്ങും പ്രചരിക്കുന്നു. അവിടുത്തെ മഹത്തായ വാക്കുകൾ കേട്ട് ഹൈന്ദവരും ബൗദ്ധരും സിക്കുകാരും ജൈന മതസ്ഥരും പാഴ്സികളും മുസൽമാന്മാരും ക്രിസ്ത്യാനികളും പൗരസ്ത്യരും പാശ്ചാത്യരും അവിടത്തെ സിംഹാസനത്തിനു സമീപം വന്നെത്തുന്നു. പ്രേമഹാരങ്ങൾ നിർമ്മിക്കപ്പെടുന്നു. ജന സമൂഹത്തിനു ഐക്യം പകരുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 3

പതന അഭ്യുദയ ബന്ധുര പന്ഥാ യുഗ യുഗ ധാവിത യാത്രീ
ഹേ ചിര സാരഥീ തവ രഥ ചക്രേ മുഖരിത പഥ ദിന രാത്രീ
ദാരുണ വിപ്ലവ മാഝെ തവ ശംഖ ധ്വനി ബാജേ
സങ്കട ദുഃഖ ത്രാഥാ
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയഹേ!

പരിഭാഷ: പാതയാകട്ടെ പതനവും അഭ്യുദയവും കൊണ്ട് നിരപ്പില്ലാത്തതാണ്. യുഗയുഗങ്ങളായി യാത്രികർ സഞ്ചരിച്ചു കൊണ്ടുമിരിക്കുന്നു. ഹേ നിത്യസാരഥീ, അവിടുത്തെ രഥചക്രങ്ങളുടെ ശബ്ദം കൊണ്ട് പന്ഥാവ് രാവും പകലും മുഖരിതമാകുന്നു. ദാരുണ വിപ്ലവത്തിന്റെ നടുവിൽ സങ്കടങ്ങളിലും ദുഃഖങ്ങളിലും നിന്ന് രക്ഷ നല്കുന്ന അങ്ങയുടെ ശംഖനാദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജനഗണങ്ങളുടെ മാർഗ്ഗദർശീ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 4

ഘോര തിമിര നിബിഡ നിശീഥെ പീഡിത മൂർച്ഛിത ദേശേ
ജാഗ്രത ഛില തവ അവിചല മംഗള നത നയനേ അനിമേഷേ
ദുഃസ്വപ്നേ ആതങ്കെ രക്ഷാകരിലെ അങ്കേ
സ്നേഹമായി തുമി മാതാ
ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: ഘോരാന്ധകാരം നിറഞ്ഞ പാതിരാത്രിയിൽ കൊടും പീഡകൾ അനുഭവിക്കുന്ന ദേശത്ത് അവിടത്തെ നിർന്നിമേഷം പതിച്ച നയനങ്ങളിൽ അചഞ്ചലമായ ഐശ്വര്യം സജീവമായി നിലനിന്നിരുന്നു. ദുഃസ്വപ്നങ്ങൾ കാണുമ്പോഴും ദുഃഖം അനുഭവിക്കുമ്പോഴും സ്നേഹമയിയായ മാതാവായ അവിടുന്ന് മടിയിലിരുത്തി രക്ഷിച്ചു. ജനഗണങ്ങളെ ദുഃഖത്തിൽ നിന്ന് രക്ഷിക്കുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 5

രാത്രി പ്രഭാതില ഉദില രവിച്ഛവി പൂർവ്വ ഉദയഗിരി ഭാലേ
ഗാഹെ വിഹംഗമ പുണ്യ സമീരന് നവ ജീവന രസ ഢാലേ
തവ കരുനാരുണ രാഗേ നിദ്രിത ഭാരത ജാഗേ
തവ ചരണേ നത് മാഥാ
ജയ ജയ ജയ ഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നു കഴിഞ്ഞു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുകയായി. ശുദ്ധവായു നവജീവന രസം കോരിച്ചൊരിയുകയായി. അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉറങ്ങിക്കിടന്ന ഭാരതം ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

കഥാലോകം

Aatmika Rajesh story time

ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി!

വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്.

നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല.

ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു. പലപാടും തപ്പിയപ്പോൾ ചില കഥകളുടെ വാലറ്റം ശ്രദ്ധയിൽ പെട്ടു. അതൊക്കെ പറഞ്ഞുകൊടുക്കാനായി ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു. പണ്ട് ചെറുവത്തൂരു നിന്നും വല്യമ്മയും ഇളയമ്മമാരും പറഞ്ഞു തന്ന കഥകളൊക്കെ എവിടെയൊക്കെ വന്ന് എത്തിനോക്കി പോകുന്നതുപോലെ ഒരനുഭവം. എന്തായാലും ഇതൊക്കെ കേട്ട് സുന്ദരമയി ഉറങ്ങുവാൻ ആത്മികയ്ക്ക് പറ്റുന്നു എന്നത് ഏറെ ഹൃദ്യമാക്കിയ സന്ദർഭങ്ങളായിരുന്നു ഇവയൊക്കെ.

ഇന്നലെ സിംഹത്തിന്റെ കഥപറഞ്ഞു. കഥ പഴയതുതന്നെ. കാട്ടിലെ രാജാവായിരുന്നു സിംഹം! ഒരിക്കൽ സിംഹം കാട്ടിലൂടെ രാജകീയമായി നടക്കുമ്പോൾ ഒരു കിണർ കണ്ടു. ഇതെന്താ ഇത്രവലിയ കുഴിയെന്നു കരുതി കിണറിലേക്ക് എത്തിവലിഞ്ഞു നോക്കിയ സിംഹം ഞെട്ടിപ്പോയി!! അതാ മറ്റൊരു സിംഹം കിണറ്റിൽ നിന്നും ഈ രാജാവനെ നോക്കുന്നു!! സിംഹം പല്ലുകൾ പുറത്തു കാണിച്ച് അതിനെ ഒന്നു പേടിപ്പിക്കാൻ ശ്രമിച്ചു!! പക്ഷേ അതേ ഭാവം തന്നെ ആ കിണറ്റിലെ സിംഹവും കാണിക്കുന്നു!! അതിയായ കോപം പൂണ്ട കരയിലെ സിംഹം കണ്ണുരുട്ടി മീശ വിറപ്പിച്ച് വാലു ചുരുട്ടിശക്തി പ്രകടിപ്പിച്ചു! ഇതൊക്കെ അതേപടി കിണറ്റിനകത്തെ സിംഹവും കാണിക്കുന്നു… കരയിലെ സിംഹം ദേഷ്യം സഹിക്കാനാവാതെ അത്യുച്ചത്തിൽ അക്രോശിച്ചു.. കാടുമൊത്തം നടുങ്ങിവിറച്ചു! പക്ഷേ, അതേ ആക്രോശം തന്നെ കിണറ്റിലെ സിംഹവും പുറപ്പെടുവിപ്പിച്ചു… കിണറിന്റെ മൺഭിത്തിയിൽ തട്ടി ആ ആക്രോശം പ്രതിധ്വനിച്ചു… കരയിലെ സിംഹം വരെ ഒന്നു വിരണ്ടുപോയി! ഞാനിവിടെ രാജാവായി നിൽക്കുമ്പോൾ മറ്റൊരു സിംഹമോ ഇവിടെ! പാടില്ല… മനുഷ്യർക്കൊന്നും ചേരാത്തെ മൃഗീയ വാസനകൾ രാജാവിൽ കുമിഞ്ഞു കൂടി. രാജാവ് മനുഷ്യനായിരുന്നെങ്കിൽ മറ്റൊരു രാജാവിനെ കണ്ടാൽ സ്നേഹത്തോടെ വിളിച്ചിരുത്തി ഒരു പരിചാരകനെ പോലെ ശുശ്രൂഷിക്കുമായിരുന്നു. കോപം പൂണ്ട കരയിലെ സിംഹം കിണറ്റിലെ സിംഹത്തെ ആക്രമിക്കാനായി കിണറിലേക്ക് എടുത്തു ചാടി!! വെള്ളത്തിൽ വീണുകഴിഞ്ഞപ്പോൾ മറ്റേ സിംഹത്തെ കാണാനില്ല! കരയിൽ നിന്നും നോക്കിയപ്പോൾ കണ്ട പ്രതിബിംബം മാത്രമായിരുന്നു അത്. ആമീസ് മുഖം കഴികാൻ പോവുമ്പോൾ ബക്കറ്റിൽ നോക്കിയാൽ ഇതുപോലെ ആമീസിന്റെ മുഖം കാണില്ലേ. ആമീസ് കണ്ണാടിയിൽ നോക്കി ചിരിക്കുമ്പോൾ കണ്ണാടി ആമീസിനോട് ചിരിക്കാറില്ലേ അതു തന്നെ സംഗതി! കിണറ്റിൽ വീണ സിംഹം നീന്തി സൈഡിൽ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന് കരഞ്ഞോണ്ടിരുന്നു. ഒരു ആനക്കൂട്ടം അതുവഴി പോയപ്പോൾ ഈ കരച്ചിൽ കേൾക്കാനിടയായി. ആന സിംഹത്തേക്കാൾ വലുതല്ലേ, ആമീസിനെ പോലെ ശക്തിമാൻ!! വലിയൊരു മരം പിഴുതെടുത്ത് കിണറ്റിലേക്ക് വെച്ചു കൊടുത്തു. സിംഹം പതുക്കെ വീഴാതെ മരത്തിലൂടെ കരയ്ക്കണഞ്ഞു. ഇതായിരുന്നു ഒരു കഥ. ആത്മികയ്ക്ക് വേണ്ടി അല്പസ്വല്പമാറ്റങ്ങളൊക്കെ വരുത്തി എന്നതേ വ്യത്യാസം ഉള്ളൂ.

ആത്മിക എന്നിട്ടും ഉറങ്ങിയില്ല. ആനയുടെ പേരെന്താ അച്ഛാ? അവരൊക്കെ ഏത് സ്കൂളിലാ പഠിക്കുന്നേ എന്നൊക്കെയായിരുന്നു പിന്നീടുള്ള അവളുടെ ചോദ്യാവലികൾ.

ഞാൻ അത് തീർത്ത് രണ്ടാമത്തെ കഥയിലേക്ക് കടന്നു! ഇവിടെയായിരുന്നു ഞാൻ വലഞ്ഞു പോയത്. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമായിരുന്നു കഥാവിഷയം. വിശദീകരണമൊക്കെ അല്പം മുഴച്ചു നിന്നിരുന്നു. നല്ലൊരു ഗ്രൗണ്ട് വേണമല്ലോ ഇവർക്ക് ഓട്ടമത്സരം നടത്താൻ, കാണാൻ മൃഗങ്ങളും വേണം. എല്ലാവരേയും പരിചയപ്പെടുത്തി, നായകർ ഓട്ടം തുടങ്ങി. ആമ പതുക്കയേ ഓടൂ; മുയൽ വേഗത്തിൽ ഓടും എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക സമ്മതിക്കുന്നില്ല; അല്ലച്ഛ അങ്ങനെ അല്ല എന്നവൾ പറയുന്നു. പക്ഷേ, കഥ അങ്ങനെ മാറ്റാൻ പറ്റില്ല. ആമ ജയിക്കുന്നതല്ലേ അതിലെ കൗതുകം തന്നെ! ആത്മിക എന്റെ നെഞ്ചിൽ നിന്നും എണീറ്റ് കട്ടിലിനു താഴെ ഇറങ്ങി… റൂമിലൂടെ ഓട്ടമായി… എന്നിട്ട് പറഞ്ഞു അച്ഛാ എനിക്ക് ഇങ്ങനെ ഓടാനൊക്കെ പറ്റും എന്ന്!!

അന്നേരമാണു സംഗതി എനിക്ക് കത്തിയത്. ആമ വളരെ പതുക്കെ ഓടുന്നു, നടക്കുന്നതു പോലെ എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക കേട്ടത് ആമി പതുക്കെ ഓടുന്നു എന്നായിപ്പോയി. മത്സരം ആമീസും മുയലും തമ്മിലുള്ളതായി അവൾ കരുതി. അവൾ പതുക്കെ മാത്രമേ ഓടുന്നുള്ളൂ എന്നതിന്റെ സങ്കടമാണ് ഈ കണ്ടത്!!

ആമ എന്നത് അവൾക്ക് പഠിക്കാനൊക്കെ ഉണ്ടെങ്കിലും മലയാളവാക്കവൾ കേട്ടിട്ടില്ല. ആമ എന്താണെന്ന് വിശദീകരിക്കേണ്ടി വന്നു. അതിന്റെ ഇംഗ്ലീഷ് വാക്കാണെങ്കിൽ കിട്ടുന്നുമില്ല. ഞാനാകെ വലഞ്ഞു.. പിന്നെ പറഞ്ഞു മോളേ, പുറത്ത് തോടു പോലെ ഒരു സംഗതിയുള്ളതും കൈയ്യും കാലും തലയും മാത്രം പുറത്തു കാണുന്നതുമായ ഒരു ചെറിയ ജീവിയാണ് ആമ. എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛാ അത് tortoise അല്ലേ!! ഞാൻ വീണ്ടും പെട്ടു. tortoise ഉം ആമയും ഒന്നാണോ എന്നറിയാൻ എണിറ്റ് പോയി കമ്പ്യൂട്ടർ തുറന്ന് നെറ്റ് കണക്റ്റ് ചെയ്ത് ഗൂഗിൾ ചെയ്തു നോക്കണം! ഇനി tortoise തന്നെയായിരിക്കുമോ ഈ ആമ!! ഞാൻ പറഞ്ഞു ആമയ്ക്ക് ഒരു ഇംഗ്ലീഷ് പേരും ഉണ്ട് മോളേ, അച്ഛനത് നാളെ പറഞ്ഞുതരാം. മോളിപ്പം ആമ എന്ന് കേട്ടാൽ മതി.

ഈ അച്ഛന് ഒന്നു അറിയില്ല; അത് tortoise തന്നെയച്ഛാ എന്നായി അവൾ. തെറ്റാണെങ്കിൽ അത് ഞാനായിട്ട് ആമീസിന്റെ മനസ്സിൽ ഉറപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയാണെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അതുതന്നെ മോളേ എന്നു പറയേണ്ടതാണ്; ഞാനിപ്പോൾ ഇടയിലാണ്. ഇംഗ്ലീഷറീയാത്തതിൽ ഞാൻ ആമീസിനോടു സോറി പറഞ്ഞപ്പോൾ അവൾ തർക്കിക്കാതെ ആമ എന്നു തന്നെ സമ്മതിച്ചു തന്നു. ആമ പതുക്കെ നടന്നതും മുയൽ ഓടിപ്പോയി മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, ആമ അടുത്തെത്തിയത് അറിയുമ്പോൾ വീണ്ടും ഓടിപ്പോയി അടുത്ത മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, അവസാനം ആമ ശബ്ദമുണ്ടാക്കാതെ നടന്ന് മത്സരത്തിൽ ജയിക്കുന്നതും കഴിഞ്ഞ പ്രാവശ്യം ആമീസ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് കിട്ടിയപ്പോൾ നേടിയതുപോലെ ട്രോഫിയും സർട്ടിഫിക്കേറ്റും കാട്ടിലെ രാജാവ് ഒരു സിംഹം വന്നു കൊടുക്കുന്നതും ഒക്കെ പറഞ്ഞ് കഥ ഞാൻ അവസാനിപ്പിച്ചു. മെല്ലെ ആമീസ് എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയി…

രാവിലെ എണിറ്റപ്പോൾ ഞാനാദ്യം നോക്കിയത് tortoise എന്താണ് എന്നതായിരുന്നു! ആമ തന്നെ. ഒരു ജീവിയുടെ ഇംഗ്ലീഷ് പേരു ഞാനും കഥയിലൂടെ പഠിച്ചെടുത്തു എന്നു പറയാം. tortoise നെ മറക്കാനാവില്ല.

കാമാഖ്യദേവി

കാമാഖ്യ ക്ഷേത്രം
കാമാഖ്യ ക്ഷേത്രം, ഗുവാഹത്തി

കാമാഖ്യ ക്ഷേത്രം, ഗുവാഹത്തി
 

കാമാഖ്യ ക്ഷേത്രം is located in Assam

 

പേരുകൾ
മറ്റു പേരുകൾ: ശക്തി പീഠം
ശരിയായ പേര്: കാമാഖ്യ ക്ഷേത്രം
ബംഗാളി: മാ താര
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം: ആസാം
ജില്ല: ഗുവാഹത്തി
സ്ഥാനം: ഗുവാഹത്തിക്കു സമീപം, നീലാചൽ മല
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: കാമാഖ്യാദേവി( ദുർഗ്ഗ)
പ്രധാന ഉത്സവങ്ങൾ: ദുർഗ്ഗാ പൂജ, മഹാ ശിവരാത്രി
വാസ്തുശൈലി: Unknown
ക്ഷേത്രങ്ങൾ: 6
ലിഖിതരേഖകൾ: 6
History
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
1564-63
സൃഷ്ടാവ്: കാമരൂപ, ചിലരൈ (അറ്റകുറ്റപ്പണി)

സ്ത്രീത്വത്തിന്റെ സൃഷ്ടിരഹസ്യങ്ങളും താന്ത്രിക പാരമ്പര്യവും കുടികൊള്ളുന്ന നീലാചൽ കുന്നുകൾ: ഇന്ത്യൻ ആത്മീയതയുടെയും താന്ത്രിക പാരമ്പര്യങ്ങളുടെയും ഏറ്റവും നിഗൂഢവും എന്നാൽ ആകർഷകവുമായ കേന്ദ്രങ്ങളിലൊന്നാണ് ആസാമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ ക്ഷേത്രം. ബ്രഹ്മപുത്ര നദിയുടെ തീരത്ത്, പ്രകൃതിരമണീയമായ നീലാചൽ കുന്നുകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേവലമൊരു ആരാധനാലയം എന്നതിലുപരി, മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രപഞ്ച സൃഷ്ടിയുടെയും മഹത്തായ ആഘോഷം കൂടിയാണ്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള 51 ശക്തിപീഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കാമാഖ്യയെ കണക്കാക്കുന്നു.

ഐതിഹ്യം: സതീദേവിയും ശക്തിപീഠങ്ങളുടെ ഉത്ഭവവും

കാമാഖ്യ ക്ഷേത്രത്തിന്റെ ഉത്ഭവം ദക്ഷയാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. തന്റെ ഭർത്താവായ പരമശിവനെ അപമാനിച്ചതിൽ മനംനൊന്ത് ദക്ഷയാഗ വേദിയിൽ വെച്ച് സതീദേവി ആത്മാഹുതി ചെയ്തു. കോപാകുലനായ പരമശിവൻ സതീദേവിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ട് നടത്തിയ പ്രളയതാണ്ഡവം പ്രപഞ്ചത്തെ തന്നെ നശിപ്പിക്കുമെന്ന് വന്നപ്പോൾ, മഹാവിഷ്ണു തന്റെ സുദർശന ചക്രം പ്രയോഗിച്ചു.

സതീദേവിയുടെ ശരീരം 108 കഷണങ്ങളായി (ചില വിശ്വാസങ്ങളിൽ 51) ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ പതിച്ചു. ഈ ശരീരഭാഗങ്ങൾ വീണ ഇടങ്ങളാണ് പിന്നീട് ‘ശക്തിപീഠങ്ങൾ’ ആയി മാറിയത്. ഇതിൽ ദേവിയുടെ യോനീഭാഗം പതിച്ച സ്ഥലത്താണ് കാമാഖ്യ ക്ഷേത്രം ഉയർന്നുവന്നത് എന്നാണ് ഐതിഹ്യം. അതിനാൽ ഇവിടെ വിഗ്രഹത്തിന് പകരം, ഒരു ചെറിയ ഗുഹയ്ക്കുള്ളിലെ കൽഫലകത്തിൽ കൊത്തിവെച്ചിരിക്കുന്ന യോനീരൂപമാണ് പ്രധാന പ്രതിഷ്ഠ. സൃഷ്ടിയുടെ ഉറവിടമായ മാതൃത്വത്തെയാണ് ഈ പ്രതിഷ്ഠയിലൂടെ ആരാധിക്കുന്നത്.

താന്ത്രിക പാരമ്പര്യവും ദശമഹാവിദ്യകളും

ഇന്ത്യയിലെ ഏറ്റവും വലിയ താന്ത്രിക കേന്ദ്രങ്ങളിൽ ഒന്നാണ് കാമാഖ്യ. ഒൻപത് യോനീരൂപങ്ങളുടെ മധ്യത്തിലായി ഒരു യോനീരൂപത്തിൽ ശ്രീചക്രം നിരൂപിച്ചാണ് ഇവിടുത്തെ താന്ത്രിക ആരാധനകൾ നടക്കുന്നത്. കാമാഖ്യാദേവി എന്ന പ്രധാന ഭഗവതിക്ക് പുറമെ, താന്ത്രിക പാരമ്പര്യത്തിലെ ‘ദശമഹാവിദ്യകളെയും’ ഇവിടെ ആരാധിക്കുന്നു.

  • പ്രധാന ക്ഷേത്രത്തിൽ: ത്രിപുര സുന്ദരി, മാതംഗി, കമല എന്നീ ദേവിമാർ.

  • ക്ഷേത്ര സമുച്ചയത്തിലെ മറ്റ് ഭാഗങ്ങളിൽ: മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ധൂമാവതി എന്നീ ഭാവങ്ങൾ.

ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് ഉത്തരമലബാറിലെ കാവുകളിൽ നാം കാണുന്ന രൗദ്രവും എന്നാൽ മാതൃസഹജവുമായ തെയ്യപ്പരദേവതാ സങ്കൽപ്പങ്ങളോട് വളരെ അടുത്തുനിൽക്കുന്നതാണ് കാമാഖ്യയിലെ പ്രതാപരുദ്രയായ ആദിശക്തി രൂപം. ശാക്തേയ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഇത്തരം ഉഗ്രമൂർത്തി സങ്കല്പങ്ങൾ, രക്തവർണ്ണത്തോടുള്ള പ്രിയം, അനുഷ്ഠാനങ്ങളിലെ തീവ്രത എന്നിവ ഈ ഭൂപ്രദേശങ്ങൾ തമ്മിലുള്ള സമാനമായ താന്ത്രിക വേരുകളെയാണ് സൂചിപ്പിക്കുന്നത്. ഈ രൂപത്തിലുള്ള യോനീപൂജയും ശാക്തേയ ആരാധനയും രാജ്യമെമ്പാടും പ്രചരിച്ചത് കാമാഖ്യയിൽ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.

വേറിട്ട ആചാരങ്ങളും ബലിദാനവും

സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കാമാഖ്യയിലെ ആചാരങ്ങൾ.

  • വർണ്ണ സങ്കല്പം: ചുവപ്പ് നിറത്തിനാണ് ഇവിടെ ഏറ്റവും പ്രാധാന്യം. ചുവന്ന പൂക്കൾ, ചുവന്ന പട്ടുതുണികൾ, ചുവന്ന ചാന്ത് എന്നിവയാണ് പ്രധാന പൂജാദ്രവ്യങ്ങൾ. ഇത് രക്തത്തെയും ജീവനെയും പ്രതീകവൽക്കരിക്കുന്നു.

  • മൃഗബലി: ദേവിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ, പ്രത്യേകിച്ച് ആണാടിനെ, ഇവിടെ നിത്യവും ബലി നൽകാറുണ്ട്. എന്നാൽ പെൺമൃഗങ്ങളെ ബലികഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു; ഇത് സ്ത്രീത്വത്തോടുള്ള പരമമായ ആദരവായി കണക്കാക്കപ്പെടുന്നു.

നിലവിലുള്ള ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ പലപ്പോഴായി പുനർനിർമ്മിക്കപ്പെട്ടതാണ്. കൊത്തുപണികളാൽ സമ്പന്നമായ താഴികക്കുടങ്ങളും കരിങ്കൽ ചുവരുകളും പ്രാചീന വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളാണ്.

അമ്പുബാച്ചി മേള: ദേവിയുടെ രജസ്വലാകാലം

കാമാഖ്യ ക്ഷേത്രത്തെ ലോകപ്രശസ്തമാക്കുന്നത് എല്ലാ വർഷവും ജൂൺ മാസത്തിൽ നടക്കുന്ന ‘അമ്പുബാച്ചി മേള’ (Ambubachi Mela) ആണ്. ഭൂമിദേവിയുടെ അഥവാ പ്രകൃതിയുടെ ആർത്തവകാലമായാണ് ഈ സമയം കണക്കാക്കപ്പെടുന്നത്.

  • മൂന്ന് ദിവസത്തെ അടച്ചിടൽ: ഈ ദിവസങ്ങളിൽ കാമാഖ്യ ദേവി രജസ്വലയാകുമെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിന്റെ വാതിലുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടുകയും പൂജകൾ നിർത്തിവെക്കുകയും ചെയ്യുന്നു. ആർത്തവത്തെ അശുദ്ധിയായി കാണുന്ന പല സമൂഹങ്ങൾക്കുമിടയിൽ, അതിനെ പ്രകൃതിയുടെ സൃഷ്ടിപരതയുടെ ഏറ്റവും പവിത്രമായ പ്രക്രിയയായി കാമാഖ്യ ആഘോഷിക്കുന്നു.

  • ചുവക്കുന്ന ബ്രഹ്മപുത്ര: ഈ സമയത്ത് ക്ഷേത്രത്തിന് സമീപത്തുകൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലെ ജലത്തിന് നേരിയ ചുവപ്പ് നിറം കൈവരുമെന്ന് പറയപ്പെടുന്നു. ഭക്തർ ഈ ജലം പുണ്യതീർത്ഥമായി ശേഖരിക്കുന്നു.

  • നാലാം ദിവസത്തെ ദർശനം: മൂന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം, നാലാം ദിവസം വലിയ ആഘോഷങ്ങളോടെ ക്ഷേത്രനട തുറക്കുന്നു. ഈ സമയത്തെ ദേവീദർശനം അങ്ങേയറ്റം പുണ്യകരമായും, പ്രത്യേകിച്ച് സന്താനഭാഗ്യം നൽകുന്നതായും വിശ്വസിക്കപ്പെടുന്നു.

  • രക്തവസ്ത്രം (അംഗോദക്): അമ്പുബാച്ചി മേളയ്ക്ക് ശേഷം ഭക്തർക്ക് ലഭിക്കുന്ന ഏറ്റവും വിശിഷ്ടമായ പ്രസാദമാണ് ദേവിയുടെ ആർത്തവരക്തം പുരണ്ടതെന്നു വിശ്വസിക്കപ്പെടുന്ന ചുവന്ന തുണിക്കഷണം. ഇത് വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് തീർത്ഥാടകർ ദൃഢമായി വിശ്വസിക്കുന്നു.

സ്ത്രീശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രക്രിയകളെയും ആർത്തവത്തെയും മറച്ചുപിടിക്കേണ്ട ഒന്നായോ അശുദ്ധിയായോ കാണുന്ന പൊതുബോധത്തിന് മുന്നിൽ ഒരു വലിയ തിരുത്തലാണ് കാമാഖ്യ ക്ഷേത്രം. പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ സ്ത്രീയുടെ ഈ സൃഷ്ടിപരമായ കഴിവിലാണെന്ന് വിളിച്ചോതുന്ന കാമാഖ്യ, ഭക്തിയുടെയും താന്ത്രികതയുടെയും മാത്രമല്ല, പ്രകൃതിയുടെയും സ്ത്രീത്വത്തിന്റെയും ഏറ്റവും വലിയ ആഘോഷം കൂടിയാണ്. നാനാദിക്കുകളിൽ നിന്നും ദിനംപ്രതി ആയിരങ്ങൾ ഒഴുകിയെത്തുന്ന നീലാചൽ കുന്നുകൾ ഇന്നും ഭാരതീയ പാരമ്പര്യത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തിക്കൊണ്ട് നിലകൊള്ളുന്നു.

ആത്മികയുടെ പഠനാരംഭം

കഴിഞ്ഞ ഒരു വർഷം ആമീസ് പഠിച്ചത് ബൊമ്മനഹള്ളിയിൽ വിടിനടുത്തുള്ള പ്രസിഡൻസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. അവിടെ ഭുവലക്ഷ്മി എന്നൊരു നല്ല ടീച്ചറിനെ കിട്ടിയതു ആമീസിന്റെ ഭാഗ്യം തന്നെ. ഭുവലക്ഷ്മി ടീച്ചർക്ക് കുഞ്ഞുങ്ങളെ നോക്കാൻ; പഠിപ്പിക്കാനും നന്നായിട്ടറിയാവുന്നതാണ്. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് കൊടുക്കാനവർക്കറിയാം. പക്ഷേ, ജയപ്രദ ടീച്ചർ അടക്കമുള്ള മറ്റു പലരേയും നന്നായി പരിചയപ്പെട്ടപ്പോൾ അവിടെ തുടർന്ന് ആമീസിനെ പഠിപ്പിക്കേണ്ടെന്നു കരുതുകയായിരുന്നു. ഇവിടെ ബാംഗ്ലൂരിലിൽ ഉള്ള മിക്ക പ്രൈവറ്റ് സ്കൂളുകളുടേയും പരിതാപകഥകൾ ഏറെയാണ്. ജയപ്രദ ടീച്ചർക്കൊക്കെ പ്ലസ് 2 യോഗ്യതമാത്രമേ ഉള്ളൂ. ഇവിടെ ബാംഗ്ലൂരിൽ പഠിച്ചതാകയാൾ നല്ല ഭാഷാസ്വാധീനമൊക്കെയുണ്ട്. ഒരു നെയ്ത്ത്കടയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. സാലാറി അല്പം കൂട്ടി 10000 കിട്ടുമെന്നായപ്പോൾ ടീച്ചറായവരാണവർ. ആമീസിന്റെ പരീക്ഷാടൈം ടേബിൾ എഴുതിത്തന്നതിൽ പോലും തെറ്റുണ്ടായിരുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി. അവർ ഒരു ടീച്ചറായിരുന്നു. വയസ്സായി റിട്ടയർ ആയപ്പോൾ ഇങ്ങനെ വന്നു നിൽക്കുന്നു. ഇതുപോലുള്ള പലകാരണങ്ങൾ കൊണ്ടാണ് ആമീസിനെ അവിടെ പഠിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്.

പല രീതിയിൽ പല സ്കൂളുകളിൽ അന്വേഷിച്ചപ്പോൾ LKG ക്ലാസ്സിനു ഒരു ലക്ഷം മുതൽ എട്ടരലക്ഷം വരെ കൈക്കൂലി (ഡൊണേഷൻ) ചോദിക്കുന്ന സ്കൂളുകളെ ചുറ്റുവട്ടത്ത് കാണാൻ പറ്റി. ഡൊണേഷന് അവർ റെസിപ്റ്റ് ഒന്നും തരില്ല. നിർബന്ധമാണെങ്കിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ബില്ല് കിട്ടും. അല്ലാതെ കൊടുത്തതിനോ വാങ്ങിച്ചതിനോ തെളിവില്ല. ആമീസിനു പറ്റിയ സ്കൂളായി കണ്ടെത്തിയത് സദ്ഗുരു സായീനാഥ് ഇന്റെർനാഷണൽ സ്കൂളാണ് (Sadhguru Sainath International School, Campus 165). വീട്ടിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരമുണ്ടെങ്കിലും, അധികം ബഹളവും വാഹനശല്യവും ഒന്നുമില്ലാത്ത ഒരു ഗ്രാമ്യമായ പ്രദേശമാണിത്. നിശബ്ദമാണ് പ്രദേശം. പിന്നെ പലരോടും ചോദിച്ചപ്പോൾ കുട്ടികൾക്ക് പ്രോജക്റ്റ് വർക്കുപോലുള്ള കലാപരിപാടികൾ ഇവിടെ ഇല്ലാന്നറിഞ്ഞു, അധികമായ പാഠ്യക്രമങ്ങളും ഇല്ല.

കാശുവാങ്ങിക്കുന്നതിൽ മറ്റു സ്കൂളുകാരെ പോലെ തന്നെയാണിവരും. ഡൊണേഷൻ ഇനത്തിൽ പൈസയായിട്ടില്ല; കാർഡ് സൈപ്പ് ചെയ്യാം എന്നു പറഞ്ഞപ്പോൾ അവരുടെ മെഷ്യൻ വർക്ക് ചെയ്യുന്നില്ല എന്നായിരുന്നു പറഞ്ഞത്. എടിഎം-ൽ പോയി എടുത്തുവരാനൊക്കെ ഉപദേശിച്ചെങ്കിലും ഞാൻ നിന്നു കൊടുത്തില്ല. പൈസ തന്നാൽ ബില്ല് നാളെ തരാമെന്നായി അവർ. ഞാൻ ഒന്നിനും നിൽക്കാതെ, വേറെ സ്കൂൾ കിട്ടുമോന്ന് നോക്കിക്കോളാം എന്നുപറഞ്ഞ് മഞ്ജുവിനേയും കുഞ്ഞിനേയും വിളിച്ച് ഇറങ്ങാൻ നോക്കിയപ്പോൾ അവർ അയഞ്ഞു. അകൗണ്ട് ഡീറ്റൈൽസ് തന്നു. ഞാനതിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്തുകൊടുത്തു.

രണ്ടുമാസങ്ങൾക്ക് ശേഷം ഇന്നായിരുന്നു ആമീസിന്റെ സ്കൂളിലെ ആദ്യ ദിനം. കൂടെ ഞാനും പോയി. കുഞ്ഞുങ്ങൾക്കായിട്ട് നല്ലൊരു ടീച്ചർ തന്നെയാണിവിടേയും ഉള്ളതെന്ന് ചെറിയൊരു പരിചയപ്പെടലിൽ ഏകദേശം മനസ്സിലായി. ആമീസിനൊരു പരിഭവം മുഖത്തുണ്ടായിരുന്നു. ടീച്ചറുടെ കൈയും പിടിച്ച് നടന്നകലുമ്പോൾ തിരിഞ്ഞ് നോക്കിക്കൊണ്ടേ ഇരുന്നു. ആദ്യമായി കാണുന്ന ടീച്ചർ പുതിയ കൂട്ടുകാർ, പുതിയ സ്കൂൾ, അന്തരീക്ഷം,… ഒക്കെ കൂടിക്കലർന്നതാവണം പരിഭവത്തിനു കാരണം. രണ്ടുമണിക്കൂർ ഞാൻ പുറത്ത് കറങ്ങി നടന്ന് ചുറ്റുപാടുകൾ ഒക്കെ കണ്ടു, സമയമായപ്പോൾ ആമീസിനെ കൂട്ടാനായിട്ട് പോയി. ടീച്ചറുടെ കൈയും പിടിച്ച് സന്തോഷത്തോടെ തുള്ളിച്ചാടി വരികയായിരുന്നു അവൾ.

അമ്മേ നിളേ നിനക്കെന്തുപറ്റി

അമ്മേ നിളേ നിനക്കെന്തുപറ്റി
മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി
കണ്ണുനീര്‍ വറ്റി
പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം
ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി
ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം
പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും
പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്‍റെ പൊന്‍‌നാളത്തിനരികത്ത്
ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും
രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ
നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും
ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും
തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും
കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ
കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ
തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ
സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ
വേനല്‍ക്കാറ്റു പാളുന്നു പന്തംപോല്‍
ഉടയാടയ്ക്കു തീപിടിച്ചപോലെരിയുന്നൂ പകല്‍
അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍
എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴി നീട്ടി
കൂട്ടിവായിക്കുന്നു ഗാഢശോകരാമായണം
വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍
പതിനാലു വത്സരം വെന്നു
വനവാസം കഴിയാറായ്

എന്റെ വിദ്യാലയം, ഒളപ്പമണ്ണ

sree narayana guru, ഗുരുനഥൻ
ശ്രീ. നാരായണ ഗുരു

തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!

ഇന്നലെ കണ്ണീര്‍വാര്‍ത്തു
കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു,
പാലോളി ചിതറുന്നു;

മുള്‍ച്ചെടിത്തലപ്പിലും
പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ
പനിനീരുരയ്‌ക്കുന്നു;

മധുവിന്‍ മത്താല്‍ പാറി
മൂളുന്നു മധുപങ്ങള്‍;
‘മധുരമീ ജീവിതം,
ചെറുതാണെന്നാകിലും‘

ആരെല്ലെന്‍ ഗുരുനാഥ-
രാല്ലെന്‍ ഗുരുനാഥര്‍?
‍പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!

തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!!

ശുഭം അശുഭം

change your way of thinkingനമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ… അങ്ങനെയങ്ങനെ… ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!!

ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു – പിന്നെ നശിച്ചു പോകുന്നു…

പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും.  ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു… ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു… നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം – ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല..
അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു… എന്നെന്നേയ്ക്കുമായിട്ട്!!

ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, … എല്ലാത്തിന്റെ കാര്യവും ഇതുതന്നെ…

നമ്മളും ഇതുപോലെ തന്നെയല്ലേ…

നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ… ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്… മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!! നമ്മുടെ യഥാർത്ഥ പിതക്കാൾ അന്ന് ഇല്ലായിരുന്നെങ്കിൽ, ഏതെങ്കിലും മൃഗങ്ങളുടെ വായ്ക്കിരയായിരുന്നുവെങ്കിൽ ഇന്ന് നമ്മളും കാണില്ലായിരുന്നു!! ഒരുപക്ഷേ, നമ്മുടെയൊക്കെ പൂർവ്വപിതക്കൾ ഒന്നുതന്നെയാവാണം!! ജാതിയും മതവും രാഷ്ട്രീയവും ദൈവങ്ങളും ഒക്കെ പിന്നീട് വന്ന് നമ്മളെ വേർപ്പെടുത്തിയതാണ് ഇന്ന് ഇങ്ങനെയൊക്കെയാവാൻ ഇടവന്നതു തന്നെ.

നാളെ, നമ്മളുടെ കാര്യവും ഇതുപോലെയല്ലേ!! നമ്മളിലൂടെ ഒരു സമൂഹം ഉടലെടുക്കേണ്ടതല്ലേ! നമുക്ക് ഒന്നോ രണ്ടോ കുട്ടികൾ, അവർക്ക് വീണ്ടും ഒന്നോ രണ്ടോ എണ്ണം… അത് പെരുകിപ്പെരുകി നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഒരു ഗ്രാമം മൊത്തമോ ജില്ല മൊത്തമോ ആയി മാറിയേക്കും!! അവിടെ നമ്മൾ ആരാണ്?? അച്ഛനല്ല; അമ്മയല്ല; ദൈവമല്ല – ആരുമല്ല!! ഒരു ഫോട്ടോ ആയിട്ടെങ്കിലും അവശേഷിച്ചാൽ ഭാഗ്യമെന്നു പറയാം! നമ്മൾ കേവലം ഒരു തുണ്ട് പേപ്പറിൽ ഒതുങ്ങുന്ന ചിത്രമായി ഭാവിയിൽ കണ്ടേക്കാം എന്ന വിചാരം തന്നെ മനസ്സിനെ കലുഷമാക്കുന്നുണ്ടല്ലേ! ഇവിടെ നിന്നാവണം നമ്മളാരാണ് എന്ന ചിന്ത മുളപൊട്ടിക്കേണ്ടത്.

നമ്മൾ ഇന്നിന്റെ ഉപകരണം മാത്രം! ഇന്നിനെ മനോഹരമാക്കാൻ, കൂടിച്ചേർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ, കണ്ണീരു തുടച്ചു നീക്കാൻ, അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ മനസ്സ് അത്രമേൽ വിശാലമാക്കണം. കൂടെ നിൽക്കുന്നവർ നമ്മളെക്കുറിച്ചോർത്ത് സന്തോഷിക്കട്ടെ; അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വികാരവിചാരങ്ങൾ ഒക്കെ ഏറ്റെടുക്കാനും പൂർണ്ണത കൈവരിക്കാനും വേണ്ട സഹായം അവർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ ജനനം ലോകാരംഭവും മരണം ലോകാവസാനവും ആണ്. അതിനപ്പുറം ചിന്തകൾക്കൊന്നും പ്രസക്തിയില്ല. അതിന്റെ ആവശ്യവും ഇല്ല. മനോഹരമായൊരു വിനോദയാത്രപോലെയാവണം ഇത്. എന്നും സുഖദമാവണം യാത്ര.

അശുഭ ചിന്തകൾക്ക് സ്ഥാനം ഒന്നുമില്ല. ഒന്നിനും നമ്മെ ഒന്നും ചെയ്യാൻ പറ്റരുത്. ഒരു സുന്ദരമായ യാത്രയ്ക്ക് നമ്മൾ തന്നെ ഒരുങ്ങേണ്ടതുണ്ട്… ആർക്കും ശല്യമാവാതെ, ആരേയും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതെ മനോഹരമായി സഞ്ചരിക്കാൻ നമുക്കാവണം. സെക്സ്, ദൈവം, രാഷ്ട്രീയം ഇങ്ങനെ പലതിന്റെ പേരിൽ പലർക്കും ഭയചിന്തകൾ മാത്രമാണു മുതൽക്കൂട്ട്!! ഓരോ നിമിഷവും ഭയപ്പാടോടുകൂടെ തള്ളിനീക്കുന്ന ജന്മങ്ങൾ ഏറെയുണ്ട് നമുക്കിടയിൽ… എന്തിനു വേണ്ടിയാണിതൊക്കെ?

ആർക്കെങ്കിലും ഉപദ്രവമാവുന്നുണ്ട് എന്നു തോന്നുമ്പോൾ മൗനിയായി മാറി നടക്കാൻ പറ്റേണ്ടത് നമുക്കു മാത്രമാണ്. ദുഷ്ചിന്തകളുമായി നമ്മളെ സമീപിക്കുന്നവർ പലതാവും; പല രീതിയിലാവും… ഒക്കെ കണ്ടറിയാൻ പര്യാപ്തമായ അറിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം – നമ്മുടെ പിന്മുറയ്ക്ക് ശേഖരിച്ചുവെച്ച അറിവിന്റെ ആ ഭണ്ഡാരം കൈമാറാനും പറ്റണം. ഇനി അവരിലൂടെയാണു നമ്മളൊക്കെയും ലോകത്തെ കാണേണ്ടത്. നമ്മൾ ശേഖരിച്ചതും കണ്ടറിഞ്ഞതും ആയ കുഞ്ഞറിവുകൾ അവർക്ക് പ്രിയതരമായി പ്രകടിപ്പിക്കാനുള്ള ജീവിതം ഉണ്ടെങ്കിൽ ഭയപ്പാടോടെ ഒന്നിനേയും കാണാതെ നമുക്കു ചരിക്കാനാവുന്നു.

അമ്മ മലയാളം

[ca_audio url=”https://chayilyam.com/stories/poem/Amma-malayalam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

Aatmika Rajesh Odayanchal
Aatmika

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ…

ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ…

ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ…

വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം…

മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം…

ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി…

തേകുവാന്‍, ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം…
അന്യമായ് പോകുന്ന ജീവമലയാളം…

ഓര്‍ക്കുക, അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം…
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം…
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം…
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം…

ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം…
പുള്ളുവന്‍, വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം…
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,..
ഓണമലയാളത്തെ എന്തുചെയ്തു…
ഓമല്‍മലയാളത്തെ എന്തുചെയ്തു…

രചന: കുരീപ്പുഴ ശ്രീകുമാർ