
അവശേഷിപ്പുകള്‍

കവിതയുടെ ഇതിവൃത്തം ചുരുക്കത്തില്‍
മേരി തന്റെ ജീവനു തുല്യം സ്നേഹിക്കുന്ന ആട്ടിന്‍കുട്ടിയെ സഹോദരന്റെ അഭ്യര്‍ത്ഥന പ്രകാരം പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍ മേരിയെ പരിഹസിക്കുകയും ആട്ടിന്‍കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക് ഓടിച്ചു വിടുകയും ചെയ്യുന്നു. വൈകുന്നേരം പള്ളിക്കൂടം വിട്ട് മേരി പുറത്തിറങ്ങുന്നതും കാത്ത് ആട്ടിന്‍ കുട്ടി മുറ്റത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍കുട്ടി അടുത്തേക്ക് സ്നേഹത്തോടെ ഓടിയെത്തുന്നു.
കേള്‍ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും, മേരിയുടേയും കുഞ്ഞാടിന്റേയും കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്. ഒരു ചെറിയ സംഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും.
വിക്കിപീഡിയ പറയുന്നതു കേള്‍ക്കുക:
A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.
കവിതയുടെ മലയാള പരിഭാഷയും ഒറിജിനലും
തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്
മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.
ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരം
വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ
പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് !
It followed her to school one day
school one day, school one day,
It followed her to school one day,
which was against the rules.
It made the children laugh and play,
laugh and play, laugh and play,
it made the children laugh and play
to see a lamb at school.
And so the teacher turned it out,
turned it out, turned it out,
And so the teacher turned it out,
but still it lingered near,
And waited patiently about,
patiently about, patiently about,
And waited patiently about
till Mary did appear.
“Why does the lamb love Mary so?”
Love Mary so? Love Mary so?
“Why does the lamb love Mary so,”
the eager children cry.
“Why, Mary loves the lamb, you know.”
The lamb, you know, the lamb, you know,
“Why, Mary loves the lamb, you know,”
the teacher did reply.
ഈ കവിത വായിക്കുന്ന ഓരോ നിമിഷവും മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്; ചെറുവത്തൂര്‍ കൊവ്വലിലെ (ഇപ്പോള്‍ വി.വി. നഗര്‍) എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍ മാഷിനേയും കപ്പടാമീശയും വെച്ചുവരുന്ന ഭരതന്‍ മാഷിനേയും, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും – പേരു മറന്നുപോയി! 1985 -ല്‍ ഒന്നുമുതല്‍ രണ്ടര വര്‍ഷം ഞാനവിടെയായിരുന്നു പഠിച്ചത്. ടി.സി. വാങ്ങിച്ചുവരുമ്പോള്‍ “നന്നായി പഠിക്കണം മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം മാത്രമേ ഓര്‍ക്കുന്നുള്ളൂ. പിന്നീട് ഓരോവട്ടം ചെറുവത്തൂരു പോകുമ്പോഴും ഗോപാലന്‍ മാഷിനെ കാണാന്‍ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍ ഈ പഴയ പാട്ടും ഈ ലേഖനവും സമര്‍പ്പിക്കട്ടെ!!
ഈ ലേഖനത്തില്‍ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ദാ ഇവിടെ മലയാളം വിക്കിപീഡിയയില്‍ ഇത് അതേപടി ഉണ്ട്, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂
ഈ ലേഖനം ഓര്‍മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍:
- ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
- കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നുപഞ്ചാര തിന്നു മടുത്തു കുഞ്ചു…
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..- റാകി പറക്കുന്ന ചെമ്പരുന്തേ,
നീയുണ്ടോ മാമാങ്ക വേല കണ്ടു,
വേലയും കണ്ടു വിളക്കും കണ്ടു,
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു…- നാണു വിറകു കീറി, കൂലി നാലു രൂപ…
മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) കണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.
പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിനക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!
നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നൊരു കൂട്ടുകാരന്‍) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ് കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.
അവിടെ നിന്നും വന്ന്, അവരെ റൂമിലാക്കി, ജോലിതപ്പി ഇവിടെ എത്തിയ മൂന്നുകുട്ടികളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവര്‍ക്കിന്റെ ബാലപാഠങ്ങളും പഠിച്ച് ജോലിതപ്പി ഇറങ്ങിയതാണു മൂവരും. നേരാംവണ്ണം ഇംഗ്ലീഷറിയില്ല, ഹിന്ദിയറിയില്ല, നല്ലൊരു സര്‍ട്ടിഫിക്കേറ്റില്ല, എക്സ്പീരിയന്‍സില്ല. ആഗോളസാമ്പത്തികമാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. നല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന ആശങ്കയിലായിരുന്നു ഞാന്‍. ജോലി തപ്പിയിറങ്ങുന്ന പ്രിയകൂട്ടുകാരുടെ ഓര്‍മ്മയിലേക്കു കൂടി വേണ്ടിയാണിതെഴുതുന്നത്. ഒരുവെടിക്കുള്ള നല്ലൊരായുധം നമ്മുടെ കൈയില്‍ ഉണ്ടായിരിക്കണം. അതു ഭാഷയാവടെ ടെക്നോളജിയാവടെ… അതില്‍ നമ്മള്‍ മിടുക്കരാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്നയാളെ ബോധ്യപ്പെടുത്തിക്കൊടുക്കനും നമുക്കു കഴിയണം. കൊച്ചുക്ലാസ്സുകളില്‍ ഭാഷ പഠിപ്പിക്കുന്ന നമ്മുടെ അദ്ധ്യാപകര്‍ തന്നെയാണ് കുട്ടികളുടെ ഈ ദുര്‍വിധിക്കു കാരണക്കാര്‍. അനാവശ്യകാര്യങ്ങള്‍ കുത്തിനിറച്ച് തലച്ചുമടായി കൊണ്ടുനടക്കേണ്ടിവരുന്ന സിലബസ്സ് മറ്റൊരുകാരണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.
ആ കുട്ടികളെ പറഞ്ഞുവിട്ടശേഷം വഴിയരികില്‍ നിന്നും രണ്ടു ഗ്ലാസ്സു കരിമ്പിന്‍ ജ്യൂസ്സും കഴിച്ച് (ഒരു ഗ്ലാസ്സു കഴിച്ചപ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും കണ്ടു ഞാന്‍ നടക്കുകയായിരുന്നു. തന്നേക്കാള്‍ വലിയ തൂമ്പയുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായത്തില്‍ ഞാനൊന്നും കത്തിയെടുത്ത് ഒരു വിറകുകമ്പു പോലും വെട്ടിയിട്ടുണ്ടാവില്ല.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.
വഴിപോക്കരുടെ സൗമനസ്യം കാത്ത് വഴിവാണിഭച്ചരക്കുകളൊരുക്കി നിരന്നിരിക്കുന്ന നിറയൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പയില്‍ നായ്ക്കളോടു മല്ലിട്ട് ആരൊക്കെയോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകവറുകള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന വൃദ്ധമാതാവ്… ഈച്ചകളാര്‍ക്കുന്ന കറുത്തമലിനജലത്തില്‍ കിടന്നുരുളുന്ന കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റര്‍ ചുറ്റളവിലും കാണാമിവിടെ ഇത്തരം കഴ്ചകള്‍. കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നത് ഈ ഒരര്‍ത്ഥത്തില്‍ തന്നെയാണ്. ഭിക്ഷയാചിക്കുന്ന ഒരുമലയാളിയെപ്പോലും ഞാനിതുവരെ കേരളത്തിലോ പുറത്തോ കണ്ടിട്ടില്ല. കേരളത്തിലെ യാചകരില്‍ പലരും തമിഴരോ തെലുഗരോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.
ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി നടക്കുമ്പോഴാണ് പുറകിലൂടെ ആരോ ഓടിവന്നെന്റെ കഴുത്തില്‍ പിടിമുറുക്കിയത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശമനോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് തട്ടി-മുട്ടി ഡിഗ്രി ജയിച്ച്; നടത്തിക്കൊണ്ടിരുന്ന സൈഡുബിസിനസ്സും നിര്‍ത്തി മൈസ്സൂരിലേക്കു വണ്ടികയറിയിരുന്നു. അവിടെ വന്നു നേഴ്സ്സിങ്ങും പഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ തന്നെ കഴിഞ്ഞുവരികയായിരുന്നു. തെരക്കിലാണു മൂപ്പര്‍, ഭാര്യ ഗര്‍ഭിണിയാണ്. കുടകിലുള്ള അവളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ടതുണ്ട്. ഞാന്‍ പഴയ ചരിത്രങ്ങള്‍ പലതും ഓര്‍ത്തുപോയി, എസ്. എഫ്. ഐക്കാരായ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു കണ്ണൂരുപോയതും അവിടെ ആളുകളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പലം ബീച്ചില്‍ പോയി കടലിലിറങ്ങിയതും ഒക്കെ. സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജി വെക്കുകയും പിന്നീട് ആ ദിവസം തനിക്ക് ഇടതുകൈ ഒരുപരിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോടതിയില്‍ തെളിയിച്ച് പൊടിയും തട്ടി ഇറങ്ങിവന്ന നമ്മുടെ പി. ജെ. ജോസഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്. പയസ്സില്‍ ഇന്നങ്ങനെയൊരു സംഘടന ഉണ്ടോ എന്നറിയില്ല.
മനോജെനിക്കു അവന്റെ ഫോണ്‍ നമ്പര്‍ തന്നു. അവിടെ അടുത്തുള്ള ചില മലയാളിഹോട്ടലുകള്‍ പരിചയപ്പെടുത്തിത്തന്നു. ആരുടേയോ ന്ഴ്സിങ് സര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റസ്റ്റേഷനുവേണ്ടി കൊണ്ടുവന്നതായിരുന്നു അവന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മനോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയര്‍ഫോഴ്സില്‍ വര്‍ക്കുചെയ്യുന്ന സുഹൃത്തായ സതീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.
സംഭവമിതാണ്:
മനോജ് കാണിച്ചു തന്ന ഹോട്ടലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമസ്സിക്കുന്ന ജിജിമാഷിനും (ഞങ്ങള്‍ പരസ്പരം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്കറുള്ളത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു കരുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവരെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുകയായിരുന്നു ഞാന്‍. നട്ടുച്ചവെയിലില്‍ സൂര്യന്‍ തന്റെ സകലപ്രതാപവും കാണിച്ചപ്പോള്‍ ഞാനാകെ തളര്‍ന്നുപോയിരുന്നു, ഒരു ബേക്കറിക്കടയില്‍ കയറി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡര്‍ കൊടുത്തു. അന്നേരമാണു ശ്രദ്ധിച്ചത്, എന്നേക്കണ്ടിട്ടെന്നപോലെ ഒരാള്‍ പെട്ടന്ന് കടയുടെ ഉള്ളിലേക്കു മാറിയതുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുകയും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുകയും ചെയ്യുന്ന ആ വ്യക്തി ആരെന്നറിയാന്നുള്ള അദമ്യമായ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പറഞ്ഞു. എന്നിട്ടു പുറത്തെക്കുമാറി ഒരു കോണ്‍ക്രീറ്റുതൂണിനുമറഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സപ്പോര്‍ട്ടിന് ഒരു മനോരമപേപ്പറിന്റെ സഹായവും തേടി.മറ്റാരോ കൊടുത്ത ബട്ടര്‍ബന്നിന്റെ പ്രിപ്പറേഷനുവേണ്ടി പുറത്തേക്കിറങ്ങിയ ആ കൂട്ടുകാരനെ അവിശ്വസനീയതയോടെ ഞാന്‍ കണ്ടു. അവിടെത്തന്നെ മറഞ്ഞിരിക്കണോ, അവനേടു സംസാരിക്കണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പണ്ടുകണ്ടമുഖമേ അല്ല. പാന്‍പരാഗുപോലുള്ള എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. കണ്ണുകളില്‍ പഴയ തേജസ്സില്ല. യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഒരു മെഷ്യനെപ്പോലെ തോന്നി. അവന്‍ എന്നെ കണ്ടു!
“നീ പോയിരുന്നില്ലേ?” നേരിയ ചിരിവരുത്തി അവനെന്നോടു ചോദിച്ചു.
“നീ എന്നെ കണ്ടിരുന്നേ?” എന്റെ മറു ചോദ്യം.
“ഹം, ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നു. അറിയുന്നവര്‍ വരുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നു.” അവന്‍ പറഞ്ഞു തുടങ്ങി. അവന്റെ കാക്കയുടെ കടയാണത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്നതാണത്രേ. നീയൊക്കെ ഉയര്‍ന്ന നിലയിലെത്തിക്കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെടാ എന്നു പറഞ്ഞപ്പോള്‍ അവന്റെ ശബ്ദമിടറിയതായി തോന്നി. അവനെവിടെയോ ഒരു വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്കതു ചോദിക്കാന്‍ തോന്നിയില്ല. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്നവന്‍ ചോദിച്ചു. കഴിഞ്ഞ് ആഴ്ച ഗോപാലകൃഷ്ണനിവിടെ വന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം കഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മനോജും ഞാനും ഇതു വഴിവന്നിരുന്നു എന്നും പറഞ്ഞു. പക്ഷേ അവന്‍ മനോജിനെ മറന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ചവനു നേരിയ ഓര്‍മ്മപോലുമില്ല.
തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പറയേണ്ടാ‘ എന്നവന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.
അടുത്തുള്ള മദ്യഷോപ്പു ചൂണ്ടി അവന്‍ ചോദിച്ചു ചീത്തസ്വഭാവം വല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ അവനെന്നെ കളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വന്നതെന്നും ആണുങ്ങളായാല്‍ അല്പമതൊക്കെ വേണമെന്നുമൊക്കെ അവന്‍ പറയുന്നത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന സാലറിയില്‍ പകുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായതില്‍ പകുതികൊണ്ട് പെണ്‍കുട്ടികള്‍ക്ക് ചോക്കളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലടക്കാന്‍ വഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ടപ്പിരിവു നടത്തുന്നു ചില കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക് കൃത്യമായെത്തിക്കുന്നുണ്ട്.
വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ചകളിലെ മറ്റൊരു മായക്കഴ്ചയായി ഇതിനെ തള്ളിക്കളയാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണു ജീവിതമെന്നു ഞാനോര്‍ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!
“കൊതിപ്പിക്കും കനിക്കിനാവുകള്‍ക്കാട്ടി
ക്കൊതിപ്പിക്കും പക്ഷേ കൊടുക്കയില്ലവള്‍” -എന്നു വൈലോപ്പിള്ളിയോ മറ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ളട്ടേ, നമുക്കു ജീവിതം തരാന്‍ മടിക്കുന്നതൊക്കെയും ജീവിതത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാവണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവരില്‍ നിന്നും ഒളിച്ച് നമുക്കെത്രനാള്‍ കഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.
പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.
എന്നോടു ക്ഷമിക്കുക…
എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…
എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…
എന്നോടു ക്ഷമിക്കുക…
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യത്തെ സംഭവം. ബാംഗ്ലൂരില്‍ വന്നശേഷം ആദ്യമായി കാസര്‍ഗോഡുള്ള വീട്ടില്‍പോയി തിരിച്ചുവരുന്ന ഒരു മഴക്കാല യാത്രയിലാണ് ഈ അനുഭവമുണ്ടാവുന്നത്. ഒരു ഞായറാഴ്‌ച വൈകുന്നേരം സ്റ്റേറ്റുബസ്സിന്നു കാസര്‍ഗോഡു കെ. എസ്. ആര്‍. ടി. സി. ബസ്‌സ്റ്റാന്‍റില്‍ ബസ്സിറങ്ങി. ബാംഗ്ലൂരിനു വരുന്ന ബസ്സെവിടെ നില്‍ക്കുമെന്നോ, എവിടെ നിന്നും ടിക്കറ്റെടുക്കണമെന്നോ ഒരു നിശ്ചയവുമില്ല. നേര്‍ത്ത മഴയുണ്ട്. അവിടെ അന്വേഷണവിഭാഗത്തില്‍ പോയി ചോദിച്ചപ്പോള്‍ എട്ടുമണിക്കാണു ബസ്സ് എന്നും, അന്നേരം വന്നു കണ്ടക്ടറോടു ചോദിച്ചാല്‍ മതിയെന്നും പറഞ്ഞ് അയാള്‍ എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു. ആ പിറുപിറുക്കല്‍ എനിക്കിഷ്ടമായില്ലെങ്കിലും തിളച്ചുവന്ന രോഷം ഞാന്‍ ഒരു രൂക്ഷമായ നോട്ടത്തില്‍ ഒതുക്കി അവിടെ നിന്നും മാറി. സമയം അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ആ പഴയ ബസ്‌റ്റാന്‍ഡില്‍ ഞാനെന്തു ചെയ്യാന്‍? അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ മനസ്സിലേക്കു വലിച്ചെറിഞ്ഞ കനല്‍ ഇടയ്‌ക്കൊക്കെ കത്തിക്കൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ മൈക്കും കെട്ടിവെച്ചുകൊണ്ട് ഒരു ഓട്ടോറിക്ഷ ആ വഴി വന്നു. കാസര്‍ഗോഡില്‍ മിന്നല്‍ ഹര്‍ത്താലാണത്രേ! അവിടെ അടുത്തെവിടെയോ ഹിന്ദു-മുസ്ലീം ലഹള നടന്നു. മഞ്ചേശ്വരം ഭാഗത്തെവിടേയോ ബിജെപ്പിക്കാര്‍ നടത്തിയെ റാലിയിലേക്ക് ആരോ കല്ലെറിഞ്ഞതാണു പ്രശ്നകാരണം. റാലിക്കാര്‍ കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചു, അതും പോരാത്തതിനാലാണ് ഹര്‍ത്താല്‍! വ്യാപാരസ്ഥാപനങ്ങളെല്ലാം ഉടനേ അടച്ചിടണമെന്നും വാഹനങ്ങള്‍ ഓടിക്കരുതെന്നും മുന്നറിയിപ്പുണ്ടായി! യാത്രക്കാരൊക്കെ തിരക്കിട്ടോടുന്നു. എന്തു ചെയ്യണമെന്നറിയില്ല, ഞാന്‍ വീണ്ടും കെ. എസ്. ആര്‍. ടി. കൗണ്ടറിലേക്കു നടന്നു, അയാളുടെ ദുര്‍മുഖം കണ്ടപ്പോള്‍ ഒന്നും ചോദിക്കാന്‍ തോന്നിയില്ല; എങ്കിലും ചോദിച്ചു ബാംഗ്ലൂരിലേക്കുള്ള ബസ്സുണ്ടാവുമോ? അയാളെന്നെയൊന്നു നോക്കി, “അങ്ങോട്ടു നില്‍ക്ക്, ഇപ്പോള്‍ പറയാനാവില്ല, കുറച്ചുകഴിഞ്ഞു പറയാം”.
കടകളൊക്കെ അടഞ്ഞു, വാഹനങ്ങള്‍ ഒക്കെ നിലച്ചു, ആക്രോശിച്ചുകൊണ്ടൊരു ജാഥ കടന്നുപ്പോയി… ആള്‍ക്കാരൊക്കെ ഒഴിഞ്ഞ് ബസ്റ്റാന്റ് കാലിയാവാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ആ മനുഷ്യനെ സമീപിച്ചു, അയാള്‍ പറഞ്ഞു “ഇന്നിനി ബസ്സൊന്നും പോകില്ല, ടിക്കറ്റ് ബുക്കുചെയ്തതാണെങ്കില്‍ ക്യാന്‍സല്‍ ചെയ്തിട്ടു വീട്ടില്‍ പൊക്കോളൂ” എന്ന്.
ഞാന്‍ നേരെ കര്‍ണാടക ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്കു പോയി. അവര്‍ പറഞ്ഞു നാളെ രാവിലെ 6.15 നാണ് ആ ബസ്സു ബാംഗ്ലൂരിനു പോകുന്നതെന്ന്. പിന്നെ ഒന്നും ആലോചിക്കാനില്ല, ഒരു റൂം തപ്പുക, അവിടെ താമസിച്ച് രാവിലെ പോവുക! അങ്ങനെ ചിന്തിച്ചപ്പോഴാണ് CPCRI – ല്‍ വര്‍ക്കുചെയ്യുന്ന ജിജിജോര്‍ജെന്ന കൂട്ടുകാരനെ വിളിച്ചാലോന്നുള്ള വിചാരമുണ്ടായത്. പുള്ളിയെ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു നേരെ ഇങ്ങോട്ടു വിട്ടോ, രാവിലെ ഏറ്റു പോകാമെന്ന്. നടക്കുകയേ നിവൃത്തിയുള്ളൂ – നടന്നു… വല്യൊരു ബാഗുമായി റോട്ടിലൂടെ നേരെ CPCRI – ലേക്ക്. വഴിയിലൊരു ഓട്ടോ റിക്ഷയെ ചിലരെടുത്തു മറിച്ചിട്ടതു കണ്ടു. റോഡിലൊക്കെ ടയര്‍ കത്തിച്ചുവെച്ചിരിക്കുന്നു. അങ്ങനെ CPCRI -ലെത്തി. അവിടെ കാന്റീനില്‍ നിന്നും രാത്രിഭക്ഷണവും കഴിച്ച് ജിജിയുടെ വീട്ടില്‍ കിടന്നുറങ്ങി.
രാവിലെ 5.15 നുതന്നെ എണീറ്റു. ജിജി പറഞ്ഞു രാവിലെ ഒത്തിരി ഓട്ടോ കാസര്‍ഗോഡേക്കു കിട്ടും. അഞ്ചു മിനിട്ടുയാത്രയേ ഉള്ളൂ പതിയെ പോയാല്‍ മതിയെന്ന്. 5.45 മുതല്‍ റോഡില്‍ പോയി ഓട്ടോയേയും കാത്തിരിപ്പായി. എവിടെ? ഒറ്റ വാഹനം പോലുമില്ല! പിന്നെ ആലോചിച്ചു നിന്നില്ല, ബാഗുമെടുത്തു വേഗത്തില്‍ നടന്നു. സമയം ആറേ പത്തോടടുക്കുന്നു. കുറച്ചങ്ങു നീങ്ങിയപ്പോള്‍ ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ എന്റെ അടുത്തു വന്നു നിര്‍ത്തി. അയാള്‍ പറഞ്ഞു “കാസര്‍ഗോഡേക്കാണെങ്കില്‍ കയറിക്കോളൂ” എന്ന്. ഊശാന്‍ താടിയും തലയില്‍ ഒരു മുസ്‌ളീം തൊപ്പിയും (തലേക്കെട്ട്) വെള്ള വസ്ത്രങ്ങളും ഉള്ള ആളെ കണ്ടാല്‍ തന്നെ പറയും ഏതോ ഹാജിയാരാണെന്ന്. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. വേഗം കയറി. അയാള്‍ എന്നോടു കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ എന്റെ അവസ്ഥ വിശദീകരിച്ചു. ഹര്‍ത്താലിന്റെ നിരര്‍ത്ഥകതയെപ്പറ്റിയും സാധാരണക്കാരന്‍ അനുഭവിക്കുന്ന യാതനയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു, ഞാനും സപ്പോര്‍ട്ടു കൊടുത്തു. സമയം ആറേ പതിഞ്ചോടടുക്കുന്നു. അദ്ദേഹം പള്ളിയിലേക്ക് സുബഹിനിസ്‌കാരത്തിനായി പോവുകയായിരുന്നു. ഒരു ദൈവവിളിയാലെന്ന പോലെ നിര്‍ത്തിയതാണത്രേ! വലിയൊരു ബാഗുമായി നടക്കുന്ന എന്നെ ചെറിയൊരു സ്‌കൂട്ടറില്‍ കയറ്റാന്‍ ആദ്ദേഹം കാണിച്ച സന്മനസിനു നന്ദി പറഞ്ഞു. അദ്ദേഹം നേരെ സ്കൂട്ടര്‍ ബസ്റ്റാന്റിലേക്കു വിട്ടു. ഞങ്ങള്‍ സ്റ്റാന്റിനടുത്തേക്ക് എത്തുമ്പോഴേക്കും ബസ്സ് സ്റ്റാന്റില്‍ നിന്നും ഇറങ്ങിയിരുന്നു. ഒരു മിനിറ്റു വൈകിയിരുന്നെങ്കില്‍ എനിക്കാ ബസ്സ് കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പേരുപോലും ഞാന്‍ ചോദിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
ഒരു പരിചയവും ഇല്ലാതെ എന്നെ സഹായിക്കാന്‍ അദ്ദേഹം കാണിച്ച ആ മനോഭാവത്തിലാണ് ദൈവമിരിക്കുന്നത്. അദ്ദേഹം തന്നെയാണ് എനിക്കപ്പോള്‍ ദൈവവും. ദൈവത്തിന്റെ പേരും പറഞ്ഞ് തെരുവില്‍കിടന്ന് തമ്മിലടിക്കുമ്പോള്‍ നിശബ്‌ദമായി ദൈവദത്തമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ നമുക്കുചുറ്റുമുണ്ട്. ഇത്തരം കൊച്ചുകൊച്ചു ദൈവങ്ങളെയാണ് എനിക്കു വിശ്വാസം. നമുക്കവര്‍ പ്രചോദനവും പ്രത്യാശയും നല്‍കുന്നു. ഇതു പോലെ തന്നെ മറ്റൊരനുഭവം പിന്നീടും എനിക്കുണ്ടായിട്ടുണ്ട്. അതിനെപറ്റി പിന്നീടു പറയാം.
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപ്രവര്‍ത്തകരുടെ സംഗമം 2010 Continue reading
ഇ-കൊമേഴ്‌സിന്റെ വളര്‍ച്ചയിലൂടെ പലതരത്തിലുള്ള പണമിടപാടുകളും ഇന്റെറ്‌നെറ്റിലേക്കു ചേക്കേറുകയുണ്ടായി. നമുക്കുവേണ്ട സാധനങ്ങള്‍ ഒരു ഷോപ്പിലെന്ന പോലെ ഭംഗിയായി നിരത്തിവെച്ച് വില്‍പ്പനയ്‌ക്കുവെച്ചിരിക്കുന്ന ebay പോലുള്ള നിരവധി ഓണ്‍ലൈന്‍ സംരംഭങ്ങള്‍ വന്നു. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷനും ഹോട്ടല്‍ റൂം ബുക്കിംങും ഒക്കെ ഇന്റെര്‍നെറ്റുവഴി തന്നെ നടത്താന്‍ തുടങ്ങി. ക്രെഡിറ്റ്‌കാര്‍ഡുകളുടേയും ഡെബിറ്റ്‌കാര്‍ഡുകളുടേയും ഉപയോഗം വ്യാപകമായി. ബാങ്കുകളായ ബാങ്കുകളൊക്കേയും അവരവരുടെ നെറ്റ്‌ബാങ്കിംങ് സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കി. ആവശ്യങ്ങളൊക്കെയും നമ്മുടെ വിരല്‍ത്തുമ്പിലൊരു മൗസ്‌ക്ലിക്കിലുതുങ്ങിയപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി വന്നു. Continue reading
നമ്മുടെ കമ്പ്യൂട്ടറിനെ വൈറസുകളില്‍ നിന്നും രക്ഷിക്കുകയെന്നത് വളരെ ഗൗരവമര്‍ഹിക്കുന്നൊരു കാര്യമാണിന്ന്. പെന്‍ഡ്രൈവുകളുടെ ഉപയോഗമൂലവും ഇന്റെര്‍നെറ്റിലൂടെയും ഒക്കെയായി കമ്പ്യൂട്ടറിലെത്തുന്ന വൈറസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. പലതരത്തിലുള്ള വൈറസ്സുകളുണ്ട്. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുക മുതല്‍ ഒരാളുടെ ബാങ്ക് അകൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചോര്‍ത്തിയെടുക്കാന്‍ പറ്റുന്ന വൈറസ്സു വരെ ഇതില്‍ പെടും. അതുകൊണ്ടു തന്നെ നമ്മുടെ കമ്പ്യൂട്ടറില്‍ മികച്ച ഏതെങ്കിലും ഒരു anti-virus software നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഭാഗ്യമെന്നു പറയട്ടെ, മാര്‍ക്കറ്റിലെ ഏറ്റവും നല്ല anti-virus -കള്‍ എല്ലാം തന്നെ നമ്മുടെ സ്വകാര്യ ആവശ്യത്തിനായി free ആയി തന്നെ ഇതു നല്‍കിവരുന്നുണ്ട്.
എന്തിനായിരിക്കും ഇത്തരം കമ്പനികള്‍ അവരുടെ product നമുക്ക് വെറുതേ തരുന്നത്? ഇത്തരം കമ്പനികളെല്ലാംതന്നെ അവരുടെ anti-virus – ന്റെ ഒരു pro versions കൂടി ഇറക്കിയിട്ടുണ്ടാവും. ഇതില്‍ ഫ്രീവേര്‍ഷനില്‍ ഉള്ളതിനേക്കാള്‍ പ്രത്യേകതകളും ഉണ്ടാവും. ആവശ്യക്കാര്‍ക്കതു വാങ്ങിക്കാവുന്നതുമാണ്.
നല്ലതെന്നു തോന്നിയ പ്രധാനപ്പെട്ട മൂന്ന് ആന്റി-വൈറസ്സുകളെ താഴെ കൊടുത്തിരിക്കുന്നു. ഇവയെല്ലാം തന്നെ windows versions മാത്രമാണ് നല്‍കിവരുന്നത്. എന്നാല്‍ Avast എന്ന anti-virus, mac – സിസ്‌റ്റംസിനു വേണ്ടിയുള്ള versions – ഉം കൊടുത്തു വരുന്നുണ്ട്.
spy-ware detection- ന്റെ കാര്യത്തിലായാലും virus detection-ന്റെ കാര്യത്തിലായാലും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നൊരു ആന്റിവൈറസ്സാണിത്. ഫ്രീ ആയിട്ടു തന്നെ ഇതു നമുക്കവരുടെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യാം. അവാസ്‌റ്റിന്റെ ഫ്രീ സോഫ്‌റ്റ്‌വെയര്‍ കിട്ടാന്‍ ഇവിടെ ക്ലിക്കുചെയ്യുക.
വളരെ സിമ്പിളായിട്ടുള്ള യൂസര്‍ ഇന്റെര്‍ഫേസ് ആയതിനാല്‍ അധികം കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ക്കും ഇതു കൃത്യമായി ഉപയോഗിക്കാനാവുന്നു. മാത്രമല്ല അതിലെ മറ്റു പ്രത്യേകതകളെ നമുക്കു നമ്മുടേതായ രീതിയില്‍ customize ചെയ്യാനും പറ്റുന്നു. Web browsing, email, file sharing തുടങ്ങി വയറസ്സു വരാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട ഏഴുവഴികളെ വളരെ ഫലപ്രദമായി നിരീക്ഷിച്ചുകൊണ്ടാണ് അവാസ്‌റ്റ് പ്രവര്‍ത്തിക്കുന്നത്.
എല്ലായ്‌പ്പോഴും ആവശ്യമില്ലെങ്കിലും ഇടയ്‌ക്കൊക്കെ ബൂട്ട്ഫയലുകളെ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചില വയറസ്സുകള്‍ ബൂട്ടിങ്ങ്സെക്‌ടറുകളില്‍ കയറിക്കൂടി വളരെ മാരകമായ കേടുപാടുകള്‍ വരുത്താന്‍ പോന്നവയാണ്. അവാസ്‌റ്റിന്റെ മറ്റൊരു പ്രത്യേകതയാണ് ബൂട്ട്‌സേര്‍ച്ചിങ്ങ്. ബൂട്ട്‌സേര്‍ച്ചിങ്ങ് പ്രവര്‍ത്തിപ്പിക്കുകവഴി അത്തരത്തിലുള്ള വൈറസുകളെ അവാസ്‌റ്റിനു ചെറുക്കാന്‍ പറ്റുന്നു. അതുകൊണ്ട്, ഫ്രീ ആന്റി-വൈറസ്സിനെ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് നല്ലൊരു സോഫ്‌റ്റ്‌വെയറാണ് അവാസ്‌റ്റ് എന്നു പറയാതെ വയ്യ.
അവാസ്‌റ്റിന്റെ അത്രയും ഗുണമേന്‍മ അവകാശപ്പെടാനില്ലെങ്കിലും മറ്റൊരു നല്ല ആന്റി-വൈറസ്സാണ് അവിര. ഇതിന്റെ ഫ്രീ വേര്‍ഷന്‍ spyware -കളെ ഫലപ്രദമായി തടയുന്നില്ല എന്നതൊരു പോരായ്‌മയാണ്. സ്പൈവെയറുകളെ തടയാന്‍ SuperAntiSpyware പോലുള്ള മറ്റുചില മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും വൈറസ്സിനെ തുരത്താന്‍ അവിര ഉപയോഗിക്കുകയും ചെയ്താല്‍ നന്നായിരിക്കുമെന്നു കരുതുന്നു. വളരെ നല്ല ഇന്റെര്‍ഫേസ്സാണ് അവിരാ ആന്റി-വൈറസ്സിനും ഉള്ളത്. എന്നാല്‍ അവാസ്റ്റിനേക്കാള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ ഇതല്പം ബുദ്ധിമുട്ടാണെന്നു തോന്നുന്നു.
അവിരാ ആന്റി-വൈറസ്സ് download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ പേരുകേട്ടതും ഒരുവിധം നല്ല പ്രവര്‍ത്തനക്ഷമതയുള്ളതുമായ മറ്റൊരു ആന്റി-വൈറസ്സാണ് AVG. നിരവധി ആളുകള്‍ ഇതുപയോഗിച്ചു വരുന്നു. നല്ല യൂസര്‍ ഇന്റെര്‍ഫേസ് ഇതിന്റേയും പ്രത്യേകതയാണ്. വയറസ്സുകളേയും സ്പൈവെയറുകളേയും വളരെ ഫലപ്രദമായിത്തന്നെ AVG ചെറുക്കുന്നു. എങ്കില്‍കൂടി അവാസ്റ്റിനേയും അവിരയേയും കൂട്ടി താരതമ്യം ചെയ്യുമ്പോള്‍ AVG അല്പം പുറകില്‍ തന്നെയാണ്.
എന്നെകിലും നീ അറിയാതെ പോയിട്ടുണ്ടോ നിന്നെ എത്രയോ ആഴത്തിൽ പ്രണയിച്ച ഒരു ഹൃദയത്തെ? ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പിടയുന്ന സങ്കടം മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ വരികളിൽ നീയുണ്ട്… ചിലപ്പോൾ ഞാനും… Continue reading