കവിത: അശ്വമേധം

[ca_audio url=”https://chayilyam.com/stories/poem/Aswamedham.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ആരൊരാളെൻ കുതിരയെ കെട്ടുവാൻ- ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ!

മന്ത്രമയൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചോലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ, യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെ ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചു തുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പൻകുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹൃദയജ്ഞ; രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു- ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ – പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ

ആരൊരാളിക്കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ!!

വയലാർ രാമവർമ്മ

ഓമനത്തിങ്കൾക്കിടാവോ

കവിത: ഓമനത്തിങ്കൾക്കിടാവോ
രചന: ഇരയിമ്മൻ തമ്പി
[ca_audio url=”https://chayilyam.com/stories/poem/OmanathinkalKidavo.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഓമനത്തിങ്കൾക്കിടാവോ – നല്ല
കോമളത്താമരപ്പൂവോ?

പൂവിൽ നിറഞ്ഞ മധുവോ – പരി
പൂർണ്ണേന്ദു തന്റെ നിലാവോ?

പുത്തൻ പവിഴക്കൊടിയോ – ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?

ചാഞ്ചാടിയാടും മയിലോ – മൃദു
പഞ്ചമം പാടും കുയിലോ?

തുള്ളുമിളമാൻ കിടാവോ – ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?

ഈശ്വരൻ തന്ന നിധിയോ – പര-
മേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ – എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?

വാത്സല്യരത്നത്തെ വയ്പാൻ – മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി-
രുട്ടത്തു വെച്ച വിളക്കോ?

കീർത്തിലതയ്ക്കുള്ള വിത്തോ – എന്നും
കേടുവരാതുള്ള മുത്തോ?

ആർത്തിതിമിരം കളവാൻ – ഉള്ള
മാർത്താണ്ഡദേവപ്രഭയോ?

സൂക്തിയിൽ കണ്ട പൊരുളോ – അതി-
സൂക്ഷ്മമാം വീണാരവമോ?

വമ്പിച്ച സന്തോഷവല്ലി – തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?

പിച്ചകത്തിൻ മലർച്ചെണ്ടോ – നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?

കസ്തൂരി തന്റെ മണമോ – നല്ല
സത്തുക്കൾക്കുള്ള ഗുണമോ?

പൂമണമേറ്റൊരു കാറ്റോ – ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ – നല്ല
ഗന്ധമെഴും പനിനീരോ?

നന്മ വിളയും നിലമോ – ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?

ദാഹം കളയും ജലമോ – മാർഗ്ഗ
ഖേദം കളയും തണലോ?

വാടാത്ത മല്ലികപ്പൂവോ – ഞാനും
തേടിവെച്ചുള്ള ധനമോ?

കണ്ണിന്നു നല്ല കണിയോ – മമ
കൈവന്ന ചിന്താമണിയോ?

ലാവണ്യപുണ്യനദിയോ – ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?

ലക്ഷ്മീഭഗവതി തന്റെ – തിരു
നെറ്റിമേലിട്ട കുറിയോ?

എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ – പാരി-
ലിങ്ങനെ വേഷം ധരിച്ചോ?

പദ്മനാഭൻ തൻ കൃപയോ – ഇനി
ഭാഗ്യം വരുന്ന വഴിയോ?

 

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

സൂര്യകാന്തി കവിത:
[ca_audio url=”https://chayilyam.com/stories/poem/Sooryakanthi.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മറ്റൊരു കവിത സൂര്യകാന്തിനോവ് – കവി: മുരുകൻ കാട്ടാക്കട:
[ca_audio url=”https://chayilyam.com/stories/poem/SooryakanthiNovu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:
“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?

സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.”

ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-
സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം!

പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,
പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.

ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-
ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-
നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ.

മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;
വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-
ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍.

ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!
മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,
കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.

സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!

ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌,

വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍
തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍;
തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ!

നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!
നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കു
ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ;

വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട-
ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ.
ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി-
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:

“ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!”

*************************************************************


മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാ‍പകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. വയസ്സ് 17 ആയപ്പോൾ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.

thadaka | താടക

അധികാരത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതിയ ദ്രാവിഡപുത്രി

മലയാള കവിതയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനായ വയലാർ രാമവർമ്മ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും എപ്പോഴും ഒരു കീഴാള (Subaltern) ബോധത്തോടെയാണ് സമീപിച്ചിട്ടുള്ളത്. വിജയികൾ എഴുതിയ ചരിത്രത്തിൽ ക്രൂരന്മാരും രാക്ഷസന്മാരുമായി ചിത്രീകരിക്കപ്പെട്ടവർക്ക് വേണ്ടി വയലാർ തന്റെ പേന ചലിപ്പിച്ചു. അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ‘താടക എന്ന ദ്രാവിഡരാജകുമാരി’ എന്ന കവിത.

Continue reading

അഭിമുഖം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.
ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :
എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.
എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.
എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും

എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്… ഒരു സാന്ത്വനം… അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.
ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.
അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?
നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ.
തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!
ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.
ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :
എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !
പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.
ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.
ഇപ്പോള്‍ ഇത്രമതി.
വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.
നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.

കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോര കുടിച്ചോട്ടെ.
ഞാന്‍ അവരെ തടയുന്നില്ല.
കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

അനുരാഗത്തിന്റെ അനശ്വര ലഹരി

മലയാള കവിതയെ കാല്പനികതയുടെ (Romanticism) വസന്തതീരങ്ങളിലേക്ക് നയിച്ച കാവ്യഗന്ധർവ്വനാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. പ്രണയവും വിരഹവും സൗഹൃദവും അദ്ദേഹത്തിന്റെ വരികളിൽ എപ്പോഴും ഒരു ലഹരിയായി പെയ്തിറങ്ങിയിരുന്നു. ചങ്ങമ്പുഴയുടെ പ്രണയതീവ്രതയും സൗന്ദര്യബോധവും ഏറ്റവും ഹൃദ്യമായി ആവിഷ്കരിക്കപ്പെട്ട കവിതകളിലൊന്നാണ് ‘കാമുകൻ വന്നാൽ!’.

ഈ കവിതയെക്കുറിച്ചുള്ള ആഴത്തിലുള്ളതും വിവരസമ്പന്നവുമായ ഒരു അവലോകനം താഴെ നൽകുന്നു:

1. കവിതയുടെ കാതൽ: പ്രണയവും പ്രതീക്ഷയും

‘കാമുകൻ വന്നാൽ!’ എന്ന കവിത പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, പ്രണയിതാവിന്റെ വരവിനായുള്ള കാത്തിരിപ്പിന്റെയും ആഗമന വേളയിലെ പരമാനന്ദത്തിന്റെയും ആവിഷ്കാരമാണ്.

  • പ്രതീക്ഷയുടെ വസന്തം: കാമുകന്റെ വരവ് പ്രകൃതിയിലും മനസ്സിലും ഉണ്ടാക്കുന്ന മാറ്റങ്ങളെ അതീവ മനോഹരമായി കവി വരച്ചുകാട്ടുന്നു. വിരഹത്തിന്റെ കരിനിഴലുകൾ മാറി പ്രണയത്തിന്റെ പ്രകാശം നിറയുന്ന നിമിഷങ്ങളാണവ.

  • തീവ്രാനുരാഗം: കേവലമൊരു ശാരീരിക ബന്ധത്തിനപ്പുറം, ആത്മാവുകൾ തമ്മിലുള്ള ലയനമാണ് ചങ്ങമ്പുഴയ്ക്ക് പ്രണയം. ആ തീവ്രത കവിതയിലെ ഓരോ വരിയിലും നിഴലിക്കുന്നുണ്ട്.

2. ചങ്ങമ്പുഴയുടെ കാല്പനിക ഭാവം (Romanticism)

മലയാള സാഹിത്യത്തിലെ കാല്പനിക യുഗത്തിന്റെ പ്രതീകമാണ് ചങ്ങമ്പുഴ. ഈ കവിതയിൽ അദ്ദേഹത്തിന്റെ കാല്പനിക ഭാവം അതിന്റെ പൂർണ്ണതയിൽ ദർശിക്കാം:

  • പ്രകൃതിയും പ്രണയവും: ചങ്ങമ്പുഴ കവിതകളിൽ പ്രകൃതി വെറുമൊരു പശ്ചാത്തലമല്ല, മറിച്ച് വികാരങ്ങൾ പങ്കുവെക്കുന്ന ഒരു കഥാപാത്രമാണ്. കാമുകൻ വരുമ്പോൾ മലരുകളും കാറ്റും പുഴയും ആ സന്തോഷത്തിൽ പങ്കുചേരുന്നു.

  • സംഗീതാത്മകത: വരികളുടെ താളബോധവും ശബ്ദസൗന്ദര്യവുമാണ് ഈ കവിതയെ ജനപ്രിയമാക്കുന്നത്. വായിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സംഗീതം ഉണർത്താൻ ചങ്ങമ്പുഴയുടെ പദവിന്യാസത്തിന് കഴിയുന്നുണ്ട്.

  • വികാരങ്ങളുടെ അതിപ്രസരം: യുക്തിയേക്കാൾ വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന കാല്പനിക ശൈലി കവിതയിലുടനീളം കാണാം. പ്രണയത്തിന്റെ ആനന്ദക്കണ്ണീരും കാത്തിരിപ്പിന്റെ വ്യാകുലതകളും ഇതിൽ ഇഴചേർന്നിരിക്കുന്നു.

3. പ്രണയ-സൗഹൃദങ്ങൾക്ക് ചങ്ങമ്പുഴ നൽകിയ മഹത്വം

ചങ്ങമ്പുഴയ്ക്ക് പ്രണയവും സൗഹൃദവും കേവലം ലൗകികമായ ബന്ധങ്ങളായിരുന്നില്ല; അവ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലകശക്തികളായിരുന്നു.

“പ്രണയമില്ലെങ്കിൽ പ്രപഞ്ചമില്ല” എന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യദർശനം.

തന്റെ സുഹൃത്തായ ഇടപ്പള്ളി രാഘവൻ പിള്ളയോടുള്ള ആത്മബന്ധം ‘രമണൻ’ എന്ന കൃതിയിലൂടെ അനശ്വരമാക്കിയ കവിയാണ് അദ്ദേഹം. ആ സൗഹൃദത്തിന്റെ ആഴം തന്നെയാണ് അദ്ദേഹത്തിന്റെ പ്രണയകവിതകളിലും നാം കാണുന്നത്. സ്വാർത്ഥതയില്ലാത്ത, സർവ്വം സമർപ്പിക്കുന്ന ഒരു പ്രണയ സങ്കല്പമാണ് ‘കാമുകൻ വന്നാൽ!’ എന്ന കവിതയിലും നിറഞ്ഞുനിൽക്കുന്നത്. സുഹൃത്തായും കാമുകനായും വഴികാട്ടിയായും മാറുന്ന ഒരു പ്രണയസങ്കല്പം കവി ഇതിൽ പരോക്ഷമായി പങ്കുവെക്കുന്നു.

4. കവിതയുടെ ഘടനാപരമായ സവിശേഷതകൾ

സവിശേഷത വിവരണം
ഭാഷാശൈലി ലളിതവും എന്നാൽ അതീവ സുന്ദരവുമായ പദാവലി. സാധാരണക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ശൈലി.
പ്രധാന ഭാവം ശൃംഗാരം, കരുണം, അത്ഭുതം എന്നിവയുടെ സമന്വയം (പ്രധാനമായും വിപ്രലംഭ ശൃംഗാരത്തിൽ നിന്ന് സംഭോഗ ശൃംഗാരത്തിലേക്കുള്ള മാറ്റം).
ദർശനം പ്രണയമാണ് ലോകത്തിലെ ഏറ്റവും വലിയ സത്യവും മഹത്വവുമെന്ന ദർശനം.

ചങ്ങമ്പുഴയുടെ ‘കാമുകൻ വന്നാൽ!’ എന്ന കവിത വെറുമൊരു പ്രണയഗീതമല്ല, മറിച്ച് മനുഷ്യന്റെ വികാരവായ്പുകളുടെ ജീവസ്സുറ്റ ആവിഷ്കാരമാണ്. കാലം എത്ര കടന്നുപോയാലും, പുതിയ തലമുറകൾക്ക് പോലും ഈ കവിത ഹൃദ്യമാകുന്നത് അതിലെ ഭാവതീവ്രത കൊണ്ടാണ്. പ്രണയത്തെയും സൗഹൃദത്തെയും ഇത്രമേൽ ചായം ചാലിച്ച് ആദരിച്ച മറ്റൊരു കവി മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. പ്രണയിക്കുന്നവരുടെയും പ്രണയം കൊതിക്കുന്നവരുടെയും മനസ്സിൽ ഈ വരികൾ എന്നെന്നും പെയ്തുകൊണ്ടിരിക്കും. കവിത വായിക്കുക:

“നിന്നാത്മനായകനിന്നു രാവില്‍
വന്നിടും വന്നാല്‍ നീയെന്തു ചെയ്യും?”

“കോണിലെങ്ങാനു മൊഴിഞ്ഞൊതുങ്ങി
ക്കാണാത്ത ഭാവത്തില്‍ ഞാനിരിക്കും!”


നിന്റെ ആത്മ നായകൻ ഇന്നുവരും; വന്നുചേർന്നാൽ നീ എന്താ ചെയ്യുക?
ഞാനാ മൂലയിലേക്കെങ്ങാനും മാറി കാണാത്ത ഭാവത്തിൽ ഇരിക്കും.

“ചാരുസ്മിതം തൂകിസ്സാദരം, നിന്‍ –
ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും?”

“ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും
ഞാനീര്‍ഷ്യഭാവിച്ചൊഴിഞ്ഞു മാറും!”


സുന്ദരമായ മന്ദഹാസത്തോടെ നിന്റെ അടുത്തേക്ക് വന്നാൽ പിന്നെ നീ എന്താ ചെയ്യുക?
ആനന്ദമൊക്കെ ഉള്ളിലുണ്ടെങ്കിലും അല്പം കോപമൊക്കെ കാണിച്ച് ഞാൻ മിണ്ടാതെ നിൽക്കും.

“ആ മദനോപമനക്ഷണ, ‘മെ-
ന്നോമനേ!’-യെന്നു വിളിച്ചു മന്ദം
നിന്‍ കൈ കടന്നു പിടിച്ചെടുത്താല്‍
സങ്കോചം കൊണ്ടു നീയെന്തു കാട്ടും?”


കാമദേവനെ പോലുള്ള അവൻ അപ്പോൾ “എന്റെ ഓമനേ..“ എന്നു പതുക്കെ വിളിച്ച് നിന്റെ കൈപിടിച്ചാൽ അല്പം ലജ്ജയൊക്കെ തോന്നുന്ന നീ എന്താ ചെയ്യുക?

“ഉല്‍ക്കടകോപം നടിച്ചുടന്‍ ഞാന്‍
തല്‍ക്കരം ദൂരത്തു തട്ടിമാറ്റും!”


അതിയായ കോപം അഭിനയിച്ച് ഞാനാ കൈയ്യുകൾ ദൂരേക്ക് തട്ടിക്കളയും.

“ആ നയകോവിദന്‍ പിന്മടങ്ങാ-
താ നിമേഷത്തില്‍ നിന്‍ പൂങ്കവിളില്‍
അന്‍പിലോരാനന്ദസാന്ദ്രമാകും-
ചുംബനം തന്നാല്‍ നീയെന്തു ചെയ്യും?”


പ്രിയങ്കരനായ വിദ്വാൻ മാറിനിൽക്കാതെ നിന്റെപൂങ്കവിളിൽ ആനന്ദം പകരുന്ന രീതിയിൽ സുന്ദരമായി ഒന്നുമ്മ വെച്ചാൽ പിന്നെ നീ എന്താ ചെയ്യുക?

“രോമഹര്‍ഷത്തി,ലെന്‍ ചിത്തഭൃംഗം
പ്രേമസംഗീതം മുഴക്കിയാലും
‘നാണമില്ലല്ലോ, ശകല!’-മെന്നായ്
ഞാനോതു, മല്‍പ്പം പരിഭവത്തില്‍!”


പുളകം കൊള്ളുന്ന എന്റെ മനസ്സാകുന്ന വണ്ട് പ്രേമസംഗീതം മൂളിയാൽ പോലും “ഈ മനുഷ്യനു അല്പംപോലും നാണമില്ലേ“ എന്നും പറഞ്ഞ് ഞാൻ പരിഭവം നടിക്കും.

“എന്നിട്ടു മെള്ളോളം കൂസലില്ലാ-
തന്നിലയില്‍ തന്നെ നിന്നു, വേഗം
ഇന്നവന്‍ കാമവികാരധീരന്‍
നിന്നെത്തന്‍ മാറോടു ചേര്‍ത്തണച്ചാല്‍
കോമളപ്പോര്‍മുലപ്പൊന്‍ കുടങ്ങള്‍
കോരിത്തരിക്കെ നീയെന്തു ചെയ്യും?”


എന്നിട്ടും എള്ളോളം പോലും കുലുക്കമില്ലാതെ അതേ നിലയിൽ തന്നെ നിന്ന് കാമവികാരത്താൽ ഉത്തേജിതനായി അവൻ നിന്നെ മാറോട് ചേർത്ത് കെട്ടിപ്പിടിക്കുമ്പോൾ നിന്റെ മാർദവമായ പോർ മുലകൾ കോരിത്തരിക്കുമല്ലോ… അപ്പോൾ നീ എന്തു ചെയ്യും? 🙂

“പോ തോഴി ! പോ; ഞാന്‍ പിന്നെന്തു ചെയ്യാന്‍ ?
പോരേ കളിപ്പിച്ചതെന്നെയൊട്ടും?
പിന്നെയിന്നെന്തു ഞാന്‍ ചെയ്യുമെന്നോ?-
പിന്നെ നീയാണെങ്കിലെന്തുചെയ്യും?


പോ പെണ്ണേ… നീ പോ… ഞാൻ പിന്നെ എന്താ ചെയ്യുക? നിനക്കെന്നെ ഇത്രേം നേരം കളിപ്പിച്ചതൊന്നും പോരേ? ഞാൻ പിന്നെ എന്തു ചെയ്യുമെന്ന് നിനക്കറിയണോ? അല്ലെങ്കിൽ നീയാണെങ്കിൽ അപ്പോൾ എന്താ ചെയ്യുക?


………….
കവിത: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള – കാമുകന്‍ വന്നാൽ

കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ

നാണം കൂട്ടിയ പൊന്നഴിക്കൂട്ടില്‍
നീയെന്തിനിയും മറയുന്നു
അവനായ്ക്കരുതിയ കതിര്‍മണിയിനിയും
ആത്മാവില്‍ നീയൊളിക്കുന്നു?

ദേഹം പാതി കുളിരും രാവില്‍
ദേവന്‍ കനിയാന്‍ വൈകുന്നു
വിരലില്‍ കനവില്‍ പാടിയ കൈകള്‍
വീണയ്ക്കായി വിതുമ്പുന്നു..

കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ..!!
…….. ……….. ……….. …..

സിനിമ: ഡെയ്ഞ്ചർ ബിസ്കറ്റ് (1969)
പാടിയത്: എസ് ജാനകിയും സംഘവും.
വരികൾ: ശ്രീകുമാരൻ തമ്പി
സംഗീതം: വി. ദക്ഷിണാമൂർത്തി.

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ

— ഒരു തമാശപ്പാട്ട് —

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്നമ്മഅമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ
അമ്മ വിളിയ്ക്കുന്നു കള്ളന്‍

കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍
എട്ടന്‍ വിളിച്ചു നീ കള്ളന്‍

അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ
പഠിക്കാന്‍ മിടുക്കനീ കള്ളന്‍

ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍
കൂട്ടുകാര്‍ വാഴ്ത്തി നീ കള്ളന്‍

കാമിനീമാരെ കമന്റടിക്കുന്നേരം
“നാണമില്ലല്ലോട കള്ളാ…”

കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു
ഞാന്‍ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍
പിന്നെ പറഞ്ഞു നീ കള്ളന്‍…

അത്താഴമൂണു കഴിഞ്ഞു ഞാ‍ന-
സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം
കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍
പിള്ളേരുറങ്ങീല കള്ളാ

കക്കാതെ, കവരാതെ, കളളം പറയാതെ
കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടേ…

കക്കാതെ കവരാതെ കള്ളം പറയാതെ
കള്ളനായ്‌ തന്നെ വളര്‍ന്നു…

പണം

ജീവിതയാത്രയിൽ മുന്നോട്ട് പോകാൻ നമുക്ക് പണം ആവശ്യമാണ്. എന്നാൽ, പലപ്പോഴും നാം പണത്തിന് നൽകുന്ന അമിത പ്രാധാന്യം, മനുഷ്യബന്ധങ്ങൾക്കും സമാധാനത്തിനും മുകളിൽ പണം വളരുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പണത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ തന്നെ, ജീവിതം കൂടുതൽ മനോഹരമാക്കാം.

എന്താണ് പണം?

പണം എന്നത് കേവലം അക്കങ്ങളോ കറൻസിയോ മാത്രമല്ല; അത് നമ്മുടെ ആവശ്യങ്ങളെ നിറവേറ്റാനുള്ള ഒരു ഉപാധി (Tool) മാത്രമാണ്. നമ്മൾ അതിജീവിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ നേടാനും, ഒരു പരിധിവരെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും ഉപയോഗിക്കുന്ന ഒന്നാണത്. പണം സമ്പാദിക്കുക എന്നത് വിജയമല്ല, മറിച്ച് ആ പണം ഉപയോഗിച്ച് നാം എന്ത് സൃഷ്ടിക്കുന്നു, എങ്ങനെയുള്ള ജീവിതം നയിക്കുന്നു എന്നതാണ് യഥാർത്ഥ വിജയം.

പണം എങ്ങനെ വിനിയോഗിക്കണം?

പണത്തെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

  • ആവശ്യവും ആഗ്രഹവും തിരിച്ചറിയുക: നമുക്ക് ആവശ്യമുള്ളതും (Needs), ആഗ്രഹിക്കുന്നതും (Wants) തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. ആവശ്യമുള്ളതിനായി ചെലവഴിക്കുന്നത് സന്തോഷം നൽകുമെങ്കിലും, ആഗ്രഹങ്ങളുടെ പിന്നാലെയുള്ള അമിതമായ ഓട്ടം അസ്വസ്ഥതകളാണ് നൽകുക.

  • നിക്ഷേപം എന്ന കരുതൽ: സമ്പാദിക്കുന്ന പണം മുഴുവൻ ചെലവഴിക്കുന്നതിന് പകരം, ഭാവിയിലെ ആവശ്യങ്ങൾക്കായി ഒരു വിഹിതം മാറ്റിവെക്കുന്ന ശീലം വളർത്തുക. ഇത് സാമ്പത്തിക സുരക്ഷിതത്വവും മാനസിക സമാധാനവും നൽകുന്നു.

  • പങ്കിടലിന്റെ സന്തോഷം: പണത്തിന്റെ ഏറ്റവും വലിയ അർത്ഥം അത് മറ്റുള്ളവരിലേക്ക് എത്തുമ്പോഴാണ്. അർഹതപ്പെട്ടവർക്ക് സഹായം നൽകാനും, സമൂഹത്തിന്റെ നന്മയ്ക്കായി ചെറിയ തോതിലെങ്കിലും വിനിയോഗിക്കാനും കഴിയുമ്പോൾ പണം കൂടുതൽ മൂല്യമുള്ളതാകുന്നു.

പണവും ബന്ധങ്ങളും: ഒരു പുതിയ കാഴ്ചപ്പാട്

പണത്തിന്റെ പേരിൽ രണ്ട് വ്യക്തികളോ, സമൂഹങ്ങളോ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. എന്നാൽ, പണത്തേക്കാൾ വലുതാണ് നമുക്കിടയിലുള്ള മനുഷ്യബന്ധങ്ങൾ.

പണം വരും പോകും, എന്നാൽ നഷ്ടപ്പെട്ട ബന്ധങ്ങൾ തിരിച്ചുപിടിക്കാൻ പലപ്പോഴും സാധിക്കില്ല. പണത്തെ തർക്കങ്ങൾക്കുള്ള ആയുധമാക്കാതെ, ഐക്യത്തിനുള്ള ഒരു പാലമായി മാറ്റാൻ നമുക്ക് ശ്രമിക്കാം. ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കുന്നതിനേക്കാൾ, പരസ്പര ബഹുമാനത്തിനും സ്നേഹത്തിനും മുൻഗണന നൽകുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. പണം ഒരു മികച്ച ദാസനാണ്, എന്നാൽ മോശമായൊരു യജമാനനും. പണം നമ്മെ ഭരിക്കുന്ന അവസ്ഥയിൽ നിന്ന് മാറി, പണത്തെ നന്മയ്ക്കായി ഭരിക്കാനും വിനിയോഗിക്കാനും നമുക്ക് കഴിയണം. പണം കൊണ്ടല്ല, പ്രവർത്തികൾ കൊണ്ടും സ്നേഹം കൊണ്ടും വേണം നമ്മൾ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ വലിയവരാകാൻ. ഓർക്കുക, പണം നൽകുന്ന സൗകര്യത്തേക്കാൾ വലുതാണ്, നല്ല മനസ്സ് നൽകുന്ന സന്തോഷം. പണവുമായി ബന്ധപ്പെട്ട ചില കവിതാശകലങ്ങൾ ഇവിടെ കൊടുക്കുന്നു:

പണം‌ ബ്രഹ്‌മോ പണം‌ വിഷ്‌ണു, പണം‌ ദേവോ മഹേശ്വരഃ
പണം‌ സാക്ഷാല്‍‌ പരബ്രഹ്‌മം‌, തസ്‌മൈ ശ്രീ പണമേ നമഃ

പണം പഴയകാല കൃതികളിൽ

അന്നരക്കാശെനിക്കില്ലായിരുന്നു ഞാൻ
മന്ദസ്മിതാസ്യനായ് നിന്നിരുന്നു
ഇന്നു ഞാൻ വിത്തവാൻ തോരുന്നതില്ലെന്റെ
കണ്ണുകൾ, കഷ്ട്മിതെന്തുമാറ്റം(ചങ്ങമ്പുഴ)

ഉത്തമം സ്വാർജിതം വിത്തം –
മദ്ധ്യമം ജനകാർജിതം
അധമം സോദരദ്രവ്യം
സ്ത്രീ വിത്തമധമാധമം (സുഭാഷിതരതനാകരം)

ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല)
ദ്രവ്യമുണ്ടെങ്കിലേ ബന്ധുക്കളുണ്ടാവൂ
ദ്രവ്യമില്ലാത്തവനാരുമില്ലാ ഗതി.
ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും
ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിർണയം (പഞ്ചതന്ത്രം)

ധനമെന്നുള്ളതു മോഹിക്കുമ്പോൾ
വിനയമൊരുത്തനുമില്ലിഹനൂനം
തനയൻ ജനകനെ വഞ്ചനചെയ്യും
ജനകൻ തനയനെ വധവുംകൂട്ടും
അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജന്മാരുടെ കർമമിതല്ലാം (കുഞ്ചൻ നമ്പ്യാർ)

പണമെന്നുള്ളതു കൈയ്യിൽ വരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും
പണവും ഗുണവും കൂടിയിരിപ്പാൻ
പണിയെന്നുള്ളതു ബോധിക്കേണം (കുഞ്ചൻ നമ്പ്യാർ)

പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)

പണമെന്നാഖ്യ കേൾക്കുമ്പോൾ
പിണവും വാ പിളർന്നിടും (അവസരോക്തിമാല)

പണമൊരുവനു ഭൗതികപ്രതാപ-
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
ഘൃണയതിനൊരുനാളുമില്ല ജീവ
വ്രണമതുണക്കുകയില്ല തെല്ലുപോലും.(ചങ്ങമ്പുഴ)

മുതൽ വെളിയിലിറക്കാതത്രയും മൂടിവയ്ക്കും
വ്രതമുടയ കടുപ്പക്കാർക്കു നാശം കലാശം. (വള്ളത്തോൾ- ചിത്രയോഗം)

വയോവൃദ്ധൻ , തപോവൃദ്ധൻ, ജ്ഞാനവൃദ്ധനുമെന്നിവർ
മൂവരും ധന്യവൃദ്ധന്റെ -വാതിൽക്കൽ കാത്തുനിൽക്കുവോർ(വള്ളത്തോൾ -ദൂര)

പണമുണ്ടാക്കാനായി സമയം കളയാൻ എനിക്കൊക്കില്ല. അമേരിക്കൻ ശാസ്ത്രജ്ഞൻ ലൂയി അഗാസിസ്.

കവിതെഴുത്തിൽ പണമുണ്ടാകില്ല. പണത്തിലാണെങ്കിൽ കവിതയൊട്ടില്ലതാനും ഇംഗ്ലീഷ് കവി റൊബർട്ട് ഗ്രേവ്സ്.

ധാരാളം പണമുള്ള ഒരു ദരിദ്രനായി ജീവിച്ചാൽ കൊള്ളാമെന്നുണ്ടെനിക്ക് . പാബ്ലൊ പിക്കാസൊ

പണത്തെ എത്ര കെട്ടിപിടിച്ചാലും അത് തിരികെ കെട്ടിപിടിക്കില്ല . അമേരിക്കൻ ശേഖരത്തിൽ നിന്നും

പണം പാഴാക്കിയാൽ പണക്കുറവ് സംഭവിച്ചെന്നിരിക്കും എന്നാൽ സമയം പാഴാക്കിയാൽ ജീവിതത്തിന്റെ അംശമാണ് നഷ്ടപ്പെടുക .മൈക്കിൽ ലീബൗഫ്

ദിനപത്രത്തിൽ കോടീശ്വർനമാരുടെ പട്ടികയിൽ എന്റെ പേരങ്ങാൻ വന്നിട്ടുണ്ടൊ എന്ന് ഞാൻ എന്നും പരിശോധിക്കും .ഇല്ലെന്നു കാണുമ്പോൾ ഞാൻ ജോലിക്കു പോകും . അമേരിക്കൻ ഹാസ്യ താരം റൊബർട്ട് ഓർബൻ

പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒരേ മതക്കാരാണ് . വോൾട്ടയർ

പണത്തിനു പലപ്പോഴും തീ പിടിച്ച വിലയാൺ .എമേഴ്സൺ.

പണത്തെ ആരാധിക്കുന്നവനെ പണം പിശാചിനെപോലെ വേട്ടയാടും . അമേരിക്കൻ ഗ്രനഥകാരൻ ഹെൻട്രി ഫീൽഡിംഗ്

 

പഴംചൊല്ലുകളിലെ പണം
സമ്പത്ത് കാലത്ത് തൈപത്തു വച്ചാ-
ലാപത്തുകാലത്തു കാ പത്തു തിന്നാം

കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം (നമ്പ്യാർ)

പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും

പണം കണ്ടാലേ പണം വരൂ

പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം

പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ

പണം നോക്കി പണ്ടം കൊള്ളുക , ഗുണം നോക്കി പെണ്ണുകൊള്ളുക

പണം നോക്കിനു മുഖംനോക്കില്ല

പണം പന്തലിൽ കുലം കുപ്പയിൽ

പണം പാഷാണം, ഗുണം നിർവാണം

പണം പെരുത്താൽ ഭയം പെരുക്കും

പണം മണ്ണാക്കുക മണ്ണ് പണമാക്കുക

കടമപകടം; കടമില്ലാത്ത കഞ്ഞി ഉത്തമം

കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു

കടം കാതറുക്കും

കടം കാലനു തുല്യം

കടം കൊടുത്താലിടയും കൊടുക്കണം

കടം കൊടുത്തു പട്ടിണി കിടക്കരുത്

കടം വാങ്ങി കുടിവെച്ചാൽ കുടികൊണ്ട് കടം വീട്ടാം

കടം വാങ്ങിയുണ്ടാൽ മനം വാടിവാഴാം

കടം വീടിയാൽ ധനം

 

പണം മറ്റുഭാഷകളിൽ
പണത്തോടും പെണ്ണിനോടും കളി അരുത് (ഇംഗ്ലീഷ്)

പണത്തെക്കുറിച്ച് പൊങ്ങച്ചം പറയരുത്. അത് ഏതു സമയവും നഷ്ടപ്പെടാം( യിഡ്ഡിഷ്)

പണമിടപ്പാട് മാതാപിതാക്കളേയും കുട്ടികളേയും അന്യരാക്കുന്നു (ജപ്പാൻ)

കടം കൊടുക്കാൻ പണമില്ലാത്തവൻ ധന്യനാണ്. അവൻ ശത്രുക്കളെ സമ്പാദിക്കുന്നില്ല ( യിഡ്ഡിഷ്)

കടം കൊടുക്കുന്നവനു പണവും ഒപ്പം സുഹൃത്തും നഷ്ടപ്പെടുന്നു ( ഇംഗ്ലീഷ്)

മടിശ്ശീലയിൽ പണമില്ലാത്തവന്റെ ചുണ്ടിൽ മധുരവാക്കുകൾ ഉണ്ടാവും( ഡാനിഷ്)

മടിശ്ശീലയിൽ പണമില്ലെങ്കിൽ ചുണ്ടിൽ തേനുണ്ടാവണം (ഫ്രഞ്ച്)

പണം മോഹിക്കുന്നവൻ എന്തും മോഹിക്കുന്നവനാണ് (ഇംഗ്ലീഷ്)

പണമില്ലാത്തവനു മടിശ്ശീല വേണ്ട ( ഇംഗ്ലീഷ്)

പണം വിതക്കുന്നവൻ ദാരിദ്ര്യം കൊയ്യൂം ( ഡാനിഷ്)

കുറച്ചു പണം പുറത്തേക്ക് പോകാതെ ധാരാളം പണം അകത്തേക്ക് വരില്ല ചൈനീസ്

ഒരൊറ്നമെങ്കിലും ഉണ്ടാവട്ടെ (തുർക്കി)

പണമുണ്ടോ കൈയ്യിൽ? ഇരിക്കൂ. പണമില്ലേ? സ്ഥലം വിട്ടോള്ളൂ (ജർമ്മൻ)

പണമുള്ളവന്റെ അഭിപ്രായം സ്വീകരിക്കപ്പെടും ( ഹീബ്രു)

പാപം ചെയ്യാനും പണം ആവശ്യമാണ് (യിഡിഷ്)

കുമാരനാശന്റെ കവിത പണം
1910 – ജൂണിൽ എഴുതിയത്.
വരഗുണനര, വായുവീഥിമേൽ നീ
വിരവൊടു തീർത്തൊരു കോട്ട വീണുപോയോ!
കരയുഗമയി കെട്ടി, നോക്കി വിണ്ണിൽ‌-
ത്തിരയുവതീ നെടുവീർപ്പൊടെന്തെടോ നീ?

വിരയുവതിഹ നിൻമതത്തിനായോ
പുരുമമതം സമുദായഭൂതിയോർത്തോ
പരഹിതകരമാം പ്രവൃത്തിതന്നിൽ‌
പരമഭിവൃദ്ധിയതിന്നുവേണ്ടിയോ നീ.

സ്ഥിരമിഹ സുഖമോ മഹത്ത്വമോ നീ,
വരഗുണമാർന്നൊരു വിദ്യയോ യശസ്സോ
പരമസുകൃതമോ കടന്ന സാക്ഷാൽ‌
പരഗതിയോ– പറകെന്തെടോ കൊതിപ്പൂ.

കുറവു കരുതിയിങ്ങു കേണിരുന്നാൽ‌
കുരയുകയാം വിലയാർന്ന നിന്റെ കാലം
മറവകലെ രഹസ്യമോതുവൻ‌, നീ
പറയുക പോയിതു നിന്റെയിഷ്ടരോടും.

കരുതുക, കൃതിയത്നലഭ്യനേതും
തരുവതിനീശനിയുക്തനേകനീ ഞാൻ‌
വിരവിൽ‌ വിഹിതവൃത്തിയേതുകൊണ്ടും
പരമിഹ നേടുക, യെന്നെ, നീ — പണത്തെ!

അവലംബമായി വിക്കിഗ്രന്ഥശാല, വിക്കിപീഡീയ, വിക്കിചൊല്ലുകൾ എന്നിവ എടുത്തിരിക്കുന്നു.

കുഞ്ഞുണ്ണിമാഷ്

kunjunnimash, malayalam, കുഞ്ഞുണ്ണിമാഷ് കുഞ്ഞുണ്ണിമാഷ്

ഒരു നാട്ടിലൊരു വീട്ടി-
ലൊരു കുട്ടി പിറന്നു
ആ കുട്ടിക്കൊരു നല്ല
പേരു വേണമെന്നായ്
പേരു തെണ്ടിയച്ഛനുടെ
കാലൊക്കെ കുഴഞ്ഞു
പേര് തപ്പിയമ്മയുടെ
കയ്യൊക്കെ കുഴഞ്ഞു…‘കുഞ്ഞേ’യെന്ന് വിളിച്ചുകൊ-
ണ്ടച്ഛനടുത്തെത്തി…‘ഉണ്ണി’യെന്ന് വിളിച്ചുകൊ-
ണ്ടമ്മയടുത്തെത്തി…

“കുഞ്ഞുണ്ണിയെന്നവരാ
കുഞ്ഞിന് പേരിട്ടു.” 🙂

ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ചിന്താശേഷി ജനിപ്പിക്കുന്ന ചെറുവരികളെഴുതി മലയാളികളെ പിടിച്ചിരുത്തിയ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ പ്രസിദ്ധമാണ്, അതുകൊണ്ടുതന്നെ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ അടിയുറച്ചുപോയിരുന്നു.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. മലയാള കവിതയില്‍ തീര്‍ത്തും വ്യത്യസ്തമായ ശൈലി അവതരിപ്പിക്കുന്നതില്‍ കുഞ്ഞുണ്ണിമാഷ് വിജയിച്ചു. കാവ്യാലങ്കാരങ്ങള്‍ നിറഞ്ഞ കവിതാ രീതികളില്‍ നിന്ന് വ്യത്യസ്തമായി ചെറുതും കാര്യമാത്രാ പ്രസക്തവുമായിരുന്നു അദ്ദേഹത്തിന്റെ രചനാ രീതി. തനിമയാര്‍ന്ന ശൈലിയിലൂടെ തനിക്ക് പറയാനുള്ളതെല്ലാം നന്നായി പറയുകായായിരുന്നു കഞ്ഞുണ്ണിമാഷ് ചെയ്തത്.

ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.

കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി. 1998 ജനുവരി വരെ ആ പംക്തി തുടർന്നു. നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു. മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ്. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി.

ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. ഇദ്ദേഹം അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ “നീ താഴ് നീ താഴ്” എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്. ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ “നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു” എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു. വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. “രാക്ഷസനിൽനിന്നു – രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം”. “പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി” വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്.

തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം. കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു; 1927 മേയ് 10 നായിരുന്നു ജനനം. അവിവാഹിതനായിരുന്നു അദ്ദേഹം.

kunjunnimash malayalam language

ചില കവിതകൾ

കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു, കവിയായിട്ടു മരിക്കാൻ…

സത്യമേ ചൊല്ലാവൂ, ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ, വേണ്ടതേ വാങ്ങാവൂ…

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ, ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും.

ജീവിതം നല്ലതാണല്ലോ, മരണം ചീത്തയാകയാൽ

ഉടുത്ത മുണ്ടഴിച്ചിട്ടു, പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം.

ഞാനെന്റെ മീശ ചുമന്നതിന്റെ, കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ, ഞാനെന്നെ തല്ലുവാൻ വന്നു…

പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു…

എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ…

എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം.

മഴ മേലോട്ട് പെയ്താലേ, വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു, ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ, ഞാനുമില്ലാതാകുന്നു

പൊക്കമില്ലാത്തതാണെന്റെ പൊക്കം

മന്ത്രിയായാൽ മന്ദനാകും മഹാ മാർക്സിസ്റ്റുമീമഹാ ഭാരതഭൂമിയിൽ

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം…

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു, മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി!

ശ്വാസം ഒന്ന് വിശ്വാസം പലത്
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം

ആറുമലയാളിക്കു നൂറുമലയാളം, അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല…

കുരിശേശുവിലേശുമോ?

യേശുവിലാണെൻ വിശ്വാസം, കീശയിലാണെൻ ആശ്വാസം…

അമ്മ മമ്മിയായന്നേ മരിച്ചൂ മലയാളം, ഇന്നുളളതതിന്‍ ഡാഡീജഡമാം മലയാളം!


കൂടുതൽ കവിതകൾ ഇവിടെ വിക്കിയിൽ…
മലയാളം വിക്കിപീഡീയയിൽ കുഞ്ഞുണ്ണിമാഷെ കുറിച്ച്