സ്വല്പം ലിപി ചിന്തകൾ…

Introduction of Malayalam Writing System
ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ്‌ ലിപി എന്നു പറയുന്നത്. അതായത് സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി എന്നർത്ഥം. ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ തുടക്കം കുറിച്ചിരുന്നതായി കാണുന്നു. Continue reading

മാലിന്യമുക്തകേരളം

malinyam മാലിന്യമുക്തകേരളം
കഴിഞ്ഞ ദിവസം ഒരു കല്യാണം കൂടാനായി എറണാകുളം ടൗണിനടുത്തുള്ള പറവൂരിൽ എത്തിയതായിരുന്നു. നിരവധി തോടുകളും കുളങ്ങളും ഉള്ള സുന്ദരമായ പ്രദേശം. ക്രിസ്ത്യാനികൾ ഏറെ ഉള്ള പ്രദേശമാണെന്നുതോന്നി. വഴി നീളെ കോടികൾ വിലമതിക്കാവുന്ന കിടിലൻ പള്ളികളും, ക്രിസ്ത്യൻ മിഷണറിമാരുടേയും പുണ്യളന്മാരുടേയും Continue reading

ചങ്ങായം ചോദിക്കൽ

വടക്കേ മലബാറിൽ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരക്കളിയും ചങ്ങായം ചോദിക്കലുംപൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന Continue reading

ലയനം

ചെറുപ്പത്തിൽ സ്കൂൾ അവധിക്കാലങ്ങളിൽ ഒടയഞ്ചാലിൽ നിന്നും ചെറുവത്തൂരേയ്ക്കു പോവുക എന്നത് എനിക്കൊരു രസമായിരുന്നു. അച്ഛന്റെ വീടവിടെയാണ്. വിദ്യാരംഭം അവിടെയായിരുന്നുവെങ്കിലും പിന്നീട് തുടർപഠനം അമ്മയുടെ നാടായ ഒടയഞ്ചാലിൽ വെച്ചായിരുന്നു. എല്ലാ അവധിക്കാലവും ചെറുവത്തൂരിലേക്കു പോവുകയെന്നത് പതിവായി മാറിയിരുന്നു. Continue reading

ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…

malom-forest-odayanchalകേരള കർണാടക അതിർത്തിയിൽ പെട്ട മാലോം റിസേർവ്ഡ് വനാതിർത്തിയോട് ചേർന്നാണ് ഒടയഞ്ചാലിലെ എന്റെ വീട്. എന്റെ ബാല്യകൗമാരങ്ങളിൽ ഏറെ നിറഞ്ഞു നിന്ന കഥാപാത്രമാണ് ഈ വനം. വളരെ ചെറുപ്പത്തിൽ ഈ വനം എനിക്കേറെ ഭീതിതമായിരുന്നു. രാത്രികാലങ്ങളിൽ Continue reading

ശ്ലഥചിന്തകൾ

brocken-thoughts
രജനീകാന്തിന്റെ സിനിമകണ്ടിറങ്ങുമ്പോൾ തീയറ്റർ വിട്ടിറങ്ങുന്നവരെയൊക്കെ പറന്നടിക്കാൻ എനിക്കും ആഗ്രഹം ഉണ്ടാവാറുണ്ട്;
സുരേഷ് ഗോപിയുടെ സിനിമ കണ്ടിറങ്ങുമ്പോൾ അടുത്തുള്ള സർക്കാർ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ പോയി തന്തയ്ക്ക് പിറയ്ക്കാക കാണിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഡയലോഗടിച്ച് പൊതിരെ പൊതിക്കാൻ തോന്നാറുണ്ട്…
പക്ഷേ ഗരാട്ടെ പഠിച്ചിട്ടില്ലാത്തതിനാലും നാളെയും പുറത്തിറങ്ങി നടക്കേണ്ടതിനാലും മൗനം ഭൂഷണമായി കൊണ്ടു നടക്കേണ്ട ഗതികേടുണ്ട് എന്നു മാത്രം…
#ഇതിനെ ആരുമിനി സ്ത്രീവിരുദ്ധമായി കാണേണ്ടതില്ല. ഓരോന്നു കാണുമ്പോൾ അറിയാതെ എഴുതിപ്പോകുന്നു 🙁

———————– x ———————– x ———————–

പൊങ്കാലയിടാൻ സിനിമാ നടികൾകൊക്കെ പ്രത്യേക സ്ഥലമുണ്ടാവുമല്ലേ!!
#ആറ്റുകാലിലെ പൊങ്കാലതന്നെ! നാളെയാണത്രേ സമാപനം!! ചട്ടിയും കലവുമായി പെണ്ണുങ്ങൾ നാട് കൈയ്യേറി തുടങ്ങിക്കാണും…

———————– x ———————– x ———————–

റെയിൽവേ ബജറ്റ് നാളെ
ഇത്തവണയും കേരളത്തിനു വാഗ്ദാനങ്ങൾ ഏറെയുണ്ടാവുമത്രേ!!
ബാഗ്ലൂരിൽ നിന്നും കാഞ്ഞങ്ങാട് വഴി ഒരു ട്രൈൻ ചുമ്മാ ഒന്ന് വാഗ്ദാനിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.
അളവെടുപ്പും സർവേയും റീസർവേയും നടന്നു കഴിഞ്ഞു.. കാഞ്ഞങ്ങാട് വിട്ടാൽ ഏകദേശം റെയിൽവേ സ്റ്റേഷൻ വരുമെന്ന് അവർ പറഞ്ഞതിന്റെ തൊട്ടടുത്തായി കടം വാങ്ങി, ലോണെടുത്ത് തീവിലകൊടുത്ത് സ്ഥലം വാങ്ങിച്ച് ഞാൻ വീടും കെട്ടിവെച്ചു!!
വയസാം കാലെത്തെങ്കിലും ഒരു ചൂളംവിളി കേട്ടാൽ മതിയായിരുന്നു 🙁

———————– x ———————– x ———————–

ചിലപ്പോൾ തോന്നാറുണ്ട് ഈ ടിവി ചാനൽ സബ്‌സ്ക്രിപ്ഷൻ അങ്ങ് ഒഴിവാക്കിയാലോ എന്ന്. വെറുതേ പാത്തുമുന്നൂറു രൂപ മാസം കളയുന്നു!! വാർത്തകൾ മാത്രമാണു സ്ഥിരമായി കാണുന്നത്. ഇടയ്ക്ക് വല്ലപ്പോഴും സിനിമ കണ്ടെങ്കിലായി. സിനിമയാണെങ്കിൽ ടോറന്റിൽ നിറയെ ഉണ്ട്. രാവിലെ പത്രങ്ങൾ വഴി കണ്ണോടിച്ചാൽ അത്യാവശ്യം ജീവിച്ചുപോകാനുള്ള സമകാലികവും ആവും ചാനലുകളിലെ വാർത്താധിഷ്ഠിത പരിപാടിയെന്നും പറഞ്ഞു നടക്കുന്ന പുലിയാട്ട് മഹാമഹം നന്നായി വെറുത്തു തുടങ്ങി.
കീശയിൽ നിന്നും കാശും മുടക്കി ഓരോരോ പരസ്യം കാണുന്ന ഏർപ്പാടിനെ ഉള്ളിൽ നിന്നാരോ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.
#പണ്ടേത്തെ ആകാശവാണിയൊക്കെ ഇപ്പോഴുണ്ടോ എന്തോ?

———————– x ———————– x ———————–

പ്രേമമെന്നത് കയ്യിലൊരു ചിരങ്ങ് വന്നപോലാണ്..
ചൊറിയും തോറും സുഖമേറി വരും..
നിര്‍ത്തി കഴിയുമ്പോഴാണറിയുക വ്രണമായി മാറിയെന്ന്… 🙁

———————– x ———————– x ———————–

എത്രയെത്ര സിനിമകളിൽ കരുണാകരൻ മ്ലേച്ചനായി വന്നിട്ടുണ്ട്!!
രൂപവും സൗണ്ടും അനുകരിച്ച് കോമാളിവേഷം കെട്ടിച്ച് അധിക്ഷേപിച്ചിട്ടുണ്ട്!!
ഇനി
ചിന്താവിഷ്ടയായ സീത എഴുതിയ കുമാരനാശാനെ മരണാനന്തരഅറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇടണം!
വടക്കൻ വീരഗാഥ, പഴശ്ശിരാജ എന്നിവ എഴുതിയ എംടിയെ എത്രയും പെട്ടന്ന് ലോക്കപ്പിൽ ഇടണം ….
പാടിപ്പതിഞ്ഞ കഥകൾ വളച്ചൊടിച്ച് കഥകളാക്കാനുള്ളതല്ല.

#സെല്ലുലോയിഡ് #കമൽ #ജെ സി ഡാനിയേൽ #കോൺഗ്രസ് #കെ മുരളീധരൻ

———————– x ———————– x ———————–

മാതൃഭാഷാദിനത്തിൽ മലയാളം പഠിക്കാം

അന്തിയിരുട്ടില്‍, ദിക്കുതെറ്റിയ പെണ്‍പക്ഷി
തന്റെ കൂടിനെച്ചൊല്ലി, തന്റെ
കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചു കരയുന്നു.
എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം
എന്നാല്‍ എനിക്കതിന്റെ ഭാഷയറിയില്ലല്ലോ – ഏതോ ഒരു കവി

ഇന്ന് ഫെബ്രവരി 21 -ലോക മാതൃഭാഷാദിനം. ഭാഷയറിയാത്ത, നാം നമ്മെ അറിയാത്ത നിസ്സഹായമായ ഒരു നാളിൽ നിന്നും ഇന്നിന്റെ വളർച്ചയിലേക്ക് നമ്മെ ഓരോരുത്തരേയും കരകയറ്റിയ മാതൃഭാഷയുടെ ദിനം! ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റി ലോകമെന്തെന്നു കാണിച്ചു തന്നു നമ്മുടെ ഭാഷയുടെ ദിനം. മറ്റുള്ള ഭാഷകൾ കേവലം പോറ്റമ്മയായി മാത്രം കണ്ട് മർത്യസമൂഹം പെറ്റമ്മയ്ക്കുതുല്യം ആരാധിക്കുന്ന മാതൃഭാഷയുടെ സ്വന്തം ദിവസം. ഈ ദിവസം തന്നെയാവട്ടെ നമ്മുടെ കമ്പ്യൂട്ടറിൽ മാതൃഭാഷയിൽ തുടക്കം കുറിക്കാനുള്ള ദിവസവും! 1999 നവംബർ 17 – നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു. 2000 മുതല്‍ ഇതിനെ മാതൃഭാഷാദിനമായി ആചരിച്ചു പോരുന്നുണ്ട്. എങ്കിലും മലയാളത്തോട് മിക്കവർക്കും ഒരു പുച്ഛമാണെന്ന് പറയാതെ വയ്യ. മൊബൈലിലും മറ്റും കൃത്യമായി മലയാളം ടൈപ്പ് ചെയ്യാൻ പറ്റുമെന്നിരിക്കിലും ഇംഗ്ലീഷു ചെറുതാക്കി വൃത്തികെട്ടരൂപത്തിൽ മലയാളം കൂട്ടിച്ചേർത്ത് മംഗ്ലീഷ് എന്ന മാറാവ്യാധിയിലാണു മിക്കവരും ചാറ്റിങ് നടത്തുന്നത്. നമ്മുടെ സാംസ്കാരിക പൈതൃകം തന്നെയാണു മാതൃഭാഷ. ഭാഷകൾ അനവധിയുണ്ടല്ലോ, കൂടുതൽ ഭാഷകളെ പഠിച്ചിരിക്കുന്നതും നല്ലതാണ്… അതാത് സംസ്കാരങ്ങൾ അവരുടേതായ രീതിയിൽ തിരിച്ചറിയാനുള്ള നല്ല മാർഗമാണത്. കേവലം ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്നും അറിയേണ്ടതാണ്.

മലയാളികളിൽ ഒരു വലിയ സമൂഹം മലയാളത്തെ വെറുപ്പോടു കൂടി കാണാൻ പഠിച്ചനാൾ, മലയാളം മരിക്കുന്നു എന്ന് ചില വൃദ്ധപുംഗവൻമാർ അലമുറയിട്ടുകരയുമ്പോൾ ഓൺലൈനിൽ മലയാളം വിപ്ലവം രചിക്കുകയാണ്. ഇവിടെ മലയാളം എഴുതാനറിയാത്തവരും സിസ്റ്റത്തിൽ മലയാളം കോൺഫിഗർ ചെയ്യാനറിയാത്തവരും ഇനിയും ധാരാളമുണ്ടെന്നറിയാം. ചിലർക്കൊക്കെ മലയാളം വായിക്കാൻ കഴിയുന്നു; പക്ഷേ എഴുതാനുള്ള സങ്കേതം എന്തെന്നറിയില്ല. ചിലരുടെ കമ്പ്യൂട്ടറിൽ മലയാളം ചില്ലക്ഷരങ്ങൾ വരുന്നില്ല; ചിലർക്ക് കൂട്ടക്ഷരങ്ങൾ വിഘടിച്ച് ചന്ദ്രക്കലയുമായി കാണുന്നു. ഇതൊക്കെ ഒരഞ്ചുമിനിറ്റു സമയം കൊണ്ട് മാറ്റി എടുക്കാനാവുമെന്ന് ഇനിയും അറിയാത്ത ഒട്ടനവധിപ്പേർ മലയാളത്തെ കുറ്റം പറഞ്ഞു നടക്കുന്നതും കാണാറുണ്ട്. “കഴിഞ്ഞ ആഴ്ച വാങ്ങിച്ച കമ്പ്യൂട്ടറാണ് പക്ഷേ, മലയാളം നേരേ ചൊവ്വേ വായിക്കാൻ പറ്റില്ല. അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യവുമില്ല” എന്നൊരു സുഹൃത്ത് ഈയിടെ പരാതി പറഞ്ഞിരുന്നു.
malayalam-Inscript-key-layout
യുണികോഡ് ഫോണ്ട്
മലയാളം വായിക്കാനും എഴുതാനും വേണ്ട പ്രാഥമിക കാര്യങ്ങൾ എന്തെന്നു നോക്കാം. ഓൺലൈനിൽ മലയാളം വായിക്കാൻ നമ്മുടെ സിസ്റ്റത്തിൽ യുണികോഡ് ഫോണ്ട് അത്യാവശ്യമാണ്. (ചില സൈറ്റുകൾ  വെബ്ഫോണ്ടായി കൊടുത്തിരിക്കുന്നതിനാൽ ഫോണ്ടില്ലാതെയും വായിക്കാൻ പറ്റുന്നവയാണ് – ചായില്യം കൗമുദി ഫോണ്ട് വെബ്ഫോണ്ടായി ഉപയോഗിക്കുന്നുണ്ട്). രണ്ടുതരം മലയാളം ഫോണ്ടുകൾ ഇന്നു ലഭ്യമാണ്, ഒന്ന് ആസ്കിഫോണ്ടുകൾ രണ്ട് യുണികോഡ് ഫോണ്ടുകൾ. അഞ്ജലിഓൾഡ്‌ലിപി, മീര, രചന, കൗമുദി, തുടങ്ങി നിരവധി യുണികോഡ് ഫോണ്ടുകൾ ലഭ്യമാണ്. (കേരളകൗമുദിയുടെ ജേർണലിസ്റ്റും വിഷ്വലൈസറുമായ രാഹുൽ വിജയ് വികസിപ്പിച്ചെടുത്ത കൗമുദി എന്ന യുണികോഡ് ഫോണ്ട് ഡൗൺലോഡ് ചെയ്യുക) സാധാരണഗതിയിൽ ഫോണ്ട് ഡബിൾക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്താൽ അതിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള ബട്ടൻ കാണാവുന്നതാണ്. അതല്ലെങ്കിൽ ഫോണ്ട് സിസ്റ്റത്തിലെ C: ഡ്രൈവിൽ വിൻഡോസിൽ ഫോണ്ട്സ് എന്ന ഫോൾഡറിൽ (path: C:/windows/fonts/) കൊണ്ട് പോയി പേസ്റ്റ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നതിനു തുല്യമാണിത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ കൗമുദി എന്ന ഫോണ്ട് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു എന്നു പറയാം.

ഇതുകൊണ്ടുമാത്രം ആയില്ല, നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന ബ്രൗസറിന്റെ സെറ്റിങ്സിൽ ഒരല്പം മാറ്റം വരുത്തേണ്ടതുണ്ട്. പ്രധാനമായും മോസില്ല, ഗൂഗിൾ ക്രോം എന്നീ ബ്രൗസർ സെറ്റിങ്സിനെ പറ്റി പറയാം. ആദ്യം മോസില്ലയിൽ:

മോസില്ല
മോസില്ലയുടെ മെനുവിൽ ടൂൾസ് എന്നൊരു മെനുവുണ്ട്. അതിൽ Options എന്നൊരു മെനു(Menu: Tools-Options) ഐറ്റവും ഉണ്ട്. Alt + T പ്രസ് ചെയ്താൽ (ആൾട്ട് കീ അമർത്തിപിടിച്ച് T പ്രസ്സ് ചെയ്യുക – രണ്ടും ഒന്നിച്ച്) Tools മെനു ചാടിവിഴും അതിൽ മൗസ് കൊണ്ട്  Options ക്ലിക്ക് ചെയ്താൽ മതി. അപ്പോൾ ഓപ്ഷൻസ് വിൻഡോ തുറന്നു വരും. അതിൽ General, Tabs, Content, Aplications Privacy എന്നൊക്കെ പറഞ്ഞ് കുറേ ടാബുകൾ കാണും. മൂന്നാമത്തെ ടാബ്  Content ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്നിടത്ത് Font & Color എന്ന ബോക്സിൽ Default font: എന്നു കാണും. അവിടെ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സിസ്റ്റത്തിൽ ഉള്ള ഫോണ്ട്സ് ഒക്കെ കാണാവുന്നതാണ്. ആ ബോക്സിൽ ക്ലിക്ക് ചെയ്ത് K പ്രസ്സ് ചെയ്താൽ നേരത്തെ ഇൻസ്റ്റാൾ ചെയ്ത കൗമുദി ഫോണ്ട് കാണാവുന്നതാണ്. അത് സെലക്റ്റ് ചെയ്യുക.

how-write-malayalam-in-facebook

ഇതുകൊണ്ടുമാത്രം ആയില്ല; തൊട്ടടുത്തുള്ള Advanced… എന്ന ബട്ടൻ കണ്ടില്ലേ. അതു ക്ലിക്ക് ചെയ്തിട്ട് അഡ്വാൻസ് ഓപ്ഷൻസ്സിലേക്കു പോവുക. അവിടെയും ഉണ്ട് ചിലമാറ്റങ്ങൾ. ആദ്യം തന്നെ Font for: എന്ന ഇടത്തിലെ വെസ്റ്റേൺ മാറ്റി മലയാളം എന്നതു സെലക്റ്റ് ചെയ്യുക. പിന്നെ താഴെ കാണുന്ന Serif: Sans-serif: Monospace: ഒക്കെ കൗമുദിയാക്കി മാറ്റുക. അത്രയും ചെയ്തിട്ട് താഴെ Caracter Encoding: എന്ന ഭാഗത്തു വന്നിട്ട് Unicode (UTF-8) എന്നാക്കി മാറ്റുക. ഇനി എല്ലാം OK ബട്ടൻ അമർത്തി ക്ലോസ് ചെയ്തിട്ട് നിങ്ങളുടെ ബ്രൗസറിലെ മലയാളം എങ്ങനെയുണ്ടെന്നു കാണുക! സുന്ദരമായില്ലേ? ഇല്ലെങ്കിൽ അറിയിക്കാൻ മടിക്കരുത്. സെറ്റിങ്സിന്റെ ചിത്രം കാണുക:how-write-malayalam-in-internet

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരുടെ സെറ്റിങ്സ് നോക്കാം ഇനി
ഇതിലെ സെറ്റിങ്സ് പലപ്പോഴും മാറി മറിഞ്ഞു വരാറുണ്ട്. എന്തായാലും എന്തൊക്കെ മാറ്റേണ്ടതുണ്ട് എന്ന ഐഡിയ മുകളിലെ മോസില്ല കോൺഫിഗറേഷനിൽ നിന്നും കിട്ടിയല്ലോ. how-write-malayalam-in-chrome ക്രോം ബ്രൗസറിന്റെ വലതുവശത്ത് മൂലയിലായി മുകളിൽ മൂന്നു വരപോലെ കാണുന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ താഴെ സെറ്റിങ്സ് എന്നൊരു ഓപ്ഷൻ ഉണ്ട്. അതു ക്ലിക്ക് ചെയ്യുക. (ഇത് ക്രോമിൽ വായിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക chrome://settings/). ഇനി താഴോട്ട് സ്ക്രോൾ ചെയ്ത് ഏറ്റവും അടിയിലേക്ക് വരിക. അവിടെ Show advanced settings… എന്നൊരു ലിങ്ക് കാണും. അതു ക്ലിക്ക് ചെയ്യുക. ഇപ്പോൾ അതേ വിൻഡോ അല്പം താഴേക്ക് വളരും. അതിൽ Web content എന്നൊരു ചെറിയ ഹെഡിങ് കാണാവുന്നതാണ്. അതിൽ Customize എന്ന ബട്ടൻ അമർത്തുക. ഒരു പോപ്പ്അപ് വിൻഡോ തുറന്നുവരും. (മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യാത്തവർ ഈ ലിങ്ക് ക്ലിക്ക് chrome://settings/fonts ചെയ്താലും മതി – ഇത് ക്രോമിലാണു വായിക്കുന്നതെങ്കിൽ മാത്രമേ ക്ലിക്ക് ചെയ്യേണ്ടതുള്ളൂ). ഇപ്പോൾ തുറന്നു വന്ന വിൻഡോയിൽ Staandard font, Serif font, Sans-serif font, Fixed-width font എന്നൊക്കെയുള്ള എല്ലാ ഓപ്ഷൻസിലും Kaumudi ഫോണ്ട് തന്നെ സെലെക്റ്റ് ചെയ്തു കൊടുക്കുക. പിന്നെ താഴേക്ക് സ്ക്രോൾ ചെയ്തിട്ട് Encoding എന്ന ഭാഗത്ത് Unicode (UTF-8) എന്ന ഓപ്ഷൻ സെലെക്റ്റ് ചെയ്തു ഓക്കെ കൊടുക്കുക. ഇത്രേം ചെയ്താൽ മതിയാവും ക്രോമിൽ. ചിത്രം കാണുക:how-write-malayalam-in-mozilla-firefox

മലയാളം എഴുതാം
ഇനി മലയാളം എങ്ങനെ ഡയറക്റ്റായി gmail ലും ഫെയ്സ്ബുക്കിലും അതുപോലെ മറ്റ് സൈറ്റുകളിലും എഴുതാമെന്നുനോക്കാം. രണ്ട്  രീതിയിലുള്ള ടൈപ്പിങ് രീതികളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒന്നു മംഗ്ലീഷ് (മലയാളം ലിപിമാറ്റത്തിലൂടെ സാധ്യമാവുന്നത് – ഞാൻ ലേഖനം എഴുതുന്നത് ഈ മെതേഡിലൂടെയാണ്) രണ്ട് സ്റ്റാൻഡേർഡ് രീതിയായ മലയാളം ഇൻസ്ക്രിപ്റ്റ് രീതിയാണ്. ഇതല്പം പഠിക്കാനുണ്ട്.  ഒരാൾ അടുത്തിരുന്നു പറഞ്ഞുതന്നാൽ കേവലം 15 മിനിറ്റു കൊണ്ടിത് പഠിച്ചെടുക്കാനാവും. കീസ്ട്രോക്കുകൾ വളരെയധികം കുറവായതിനാൽ ഇത് പുതിയതായി പഠിക്കുന്നവർ ഇൻസ്ക്രിപ്റ്റ് രീതിതന്നെ ശീലിച്ചാൽ നല്ലതായിരിക്കും.

ഇടയ്ക്കൊന്നു പറഞ്ഞോട്ടെ: ഈ ആർട്ടിക്കിൾ ലക്ഷ്യമിടുന്നത് മലയാളം എങ്ങനെ കമ്പ്യൂട്ടറിൽ എനേബിൾ ചെയ്യാമെന്നറിയാതെ കൗതുകത്തോടെ ഉഴറിനടക്കുന്നവരെയാണ്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെ ബെയ്സ് ചെയ്തിട്ടാണ് ഈ ലേഖനം എഴുതിയത്. ചില ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ യുണിക്കോഡ് ഫോണ്ടുകൾ ഡിഫാൾട്ടായിട്ടുണ്ടാവും. അതുകൊണ്ടുതന്നെ അതിൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യണം എന്നില്ല. ആപ്പിൾ മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ രചനമാക് എന്ന യുണിക്കോഡ് ഫോണ്ട് ലഭ്യമാണ്.

എഴുത്തുപകരണം

നിലവിൽ എളുപ്പമായത് ഇൻകീ (InKey Mozhi) സോഫ്റ്റ്‌വെയറാണ്. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ബസ്ക്ലീനർ ബെല്ലടിക്കുന്നതുപോലെ രണ്ടുപ്രാവശ്യം കണ്ട്രോൾ കീ അമർത്തിയാൽ, പിന്നീടു ടൈപ്പ് ചെയ്യുന്നത് മലയാളത്തിൽ ആവുന്നു; തിരിച്ച് ഇംഗ്ലീഷാക്കാനും കണ്ട്രോൾ കീ തന്നെയാണു വേണ്ടത്. സോഫ്റ്റ്‌വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. മറ്റുള്ളവയെക്കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ളതും വായിക്കാം.

എഴുതാൻ എന്തായാലും ഒരു സോഫ്റ്റ്‌വെയർ ആവശ്യമാണ്. Typeit, Varamozhi, തുടങ്ങി ചില സോഫ്റ്റ്‌വെയറുകൾ ഇന്റ്ർനെറ്റിൽ ഇതിനായി മുമ്പുതന്നെ ലഭ്യമാണുതാനും. ഇതൊന്നും കൂടാതെ ഗൂഗിൾ തന്നെ ഇറക്കിയ എഴുത്തുപകരണവും ഉണ്ട്. എങ്കിലും ഞാനിവിടെ വിശദീകരിക്കുന്നത് കീമാജിക് എന്ന സോഫ്റ്റ്‌വെയറിനേ പറ്റിയാണ്. മലയാളം വിക്കിപീഡിയയിൽ നാരായം എന്ന എഴുത്തുപകരണം ഘടിപ്പിച്ച ജുനൈദ് കസ്റ്റമൈസ് ചെയ്തെടുത്ത മലയാളം ടൈപ്പിങ് സോഫ്റ്റ്‌വെയറാണ് കീമാജിക്. ഇവിടെ നിന്നും ഡയറക്റ്റായോ, ജുനൈദിന്റെ സൈറ്റിൽ നിന്നോ ഇത് ഡൗൺലോഡ് ചെയ്തെടുക്കാം. ജുനൈദിന്റെ സൈറ്റിൽ നിന്നും exe ഫയൽ ആണ് ഡുൺലോഡ് ചെയ്തതെങ്കിൽ അതിൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്തെടുക്കുക (Download – Right click on it – Extract). അപ്പോൾ കിട്ടുന്ന ഫോൾഡറിൽ keymagic എന്നൊരു ഫയൽ ഉണ്ട്, അത് ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക. കാണാൻ പ്രതേകിച്ചൊന്നും ഉണ്ടാവില്ല. നിങ്ങളുടെ കമ്പ്യൂട്ടറിൽ വലതുവശത്തു താഴെയായി സിസ്റ്റം ട്രേയിൽ (ടാസ്ക് ബാർ) ചെറിയൊരു ഐക്കൺ ഇപ്പോൾ വന്നു കാണും . അതു ക്ലിക്ക് ചെയ്താൽ ചിത്രത്തിൽ കാണുന്നതുപോലെ കാണാനാവും. വലതു വശത്തെ ചിത്രം നോക്കുക. malayalam-typing-on-internetഅതവിടെ കിടക്കട്ടെ – ഒന്നും ചെയ്യേണ്ടതില്ല. ഇനി ഗൂഗിൾ എടുത്തിട്ട് Ctrl + M (കണ്ട്രോൾ കീയും M എന്ന ലെറ്ററും ഒന്നിച്ച്) പ്രസ്സ് ചെയ്ത ശേഷം എന്തെങ്കിലുമൊക്കെ മംഗ്ലീഷിൽ ടൈപ്പ് ചെയ്തു നോക്കൂ!! തിരിച്ച് ഇംഗ്ലീഷിലേക്ക് മാറ്റാനും Ctrl + M തന്നെ.  സിസ്റ്റം ഓൺ ചെയ്ത ഉടനേ ഡൗൺലോഡ് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്തെടുത്ത ആ ഫോൾഡറിൽ പോയി KeyMagic ഓപ്പൺ ചെയ്തു വെയ്ക്കുക… Facebook, google, gmail തുടങ്ങിയുള്ള ഏത് സൈറ്റിലും അനായാസം മലയാളം ടൈപ്പ് ചെയ്യുക. ഇനി, ഇതൊന്നും സാധ്യമാവുന്നില്ല, പരീക്ഷിച്ചു പരീക്ഷിച്ച് മടുത്തുപോയെങ്കിൽ ഇതേ സൈറ്റിൽ ഒരു മലയാളം എഴുത്തുപകരണം കൊടുത്തിരിക്കുന്നതു കാണുക (https://chayilyam.com/stories/ml). ഇതിൽ ടൈപ്പുചെയ്ത ശേഷം കോപ്പിയെടുത്ത് നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് അതു പേസ്റ്റ് ചെയ്യാവുന്നതാണ്. മാതൃഭാഷാ ദിനത്തിൽ തന്നെയാവട്ടെ നിങ്ങളുടെ ഓൺലൈൻ വിദ്യാരംഭം!

മൊബൈലിൽ മലയാളം
ഇന്ത്യൻ ഭാഷകൾ കൃത്യമായി മൊബൈലിൽ ടൈപ്പുചെയ്യാൻ നല്ലത് ഇൻഡിക് കീബോർഡാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഇത് കാണുക. മലയാളം ടൈപ്പിങ് റെഡിയാക്കിയെടുക്കാൻ അല്പം ബുദ്ധിമുട്ടായി തോന്നിയേക്കും. തുടക്കം ബുദ്ധിമുട്ടായി തോന്നിയാലും എളുപ്പം തന്നെയാണെന്നർത്ഥം. കാര്യങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ വരും. ഇല്ലെങ്കിൽ മൊബൈൽ സെറ്റിങ്സിൽ language AND Input എന്ന ഓപ്ഷനിൽ പോയി ഡിഫാൾട്ട് ലാങ്വേജ് ഇൻഡിക് കീബോർഡ് ആക്കണം. മിക്ക ഇന്ത്യൻ ഭാഷകളും അതിൽ കാണാൻ പറ്റും. മലയാളത്തിന് മലയാളം ലിപ്യന്തരണം എന്ന ഓപ്ഷൻ ഏറ്റവും അടിയിലായി കാണാം. മുകളിലെ ഇംഗ്ലീഷും സെലെക്റ്റ് ചെയ്യാൻ മറക്കരുത്. ഇവ രണ്ടും മതിയാവും മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാൻ.

വാട്സാപ്പിലോ മറ്റോ വന്ന് നോക്കിയാൽ കീബോർഡ് ഇംഗ്ലീഷിൽ തന്നെ കാണാം.. സ്പേസ്ബാറിന്റെ ലെഫ്റ്റ് സൈഡിൽ ഒരു ഗ്ലോബിന്റെ സിമ്പൽ കാണും. അത് ക്ലിക്ക് ചെയ്താൽ ഇംഗ്ലീഷും മലയാളവും മാറിമാറി ഉപയോഗിക്കാനും ആവുന്നു. ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പറയാൻ മറക്കേണ്ട!

തപ്പോ തപ്പോ തപ്പാണി

ആരാധ്യയും അദ്വൈതയും കഴിഞ്ഞ ഓണക്കാലത്ത്
വീട്ടിലെത്തിയാൽ ഒരു രസമാണ്, കളിക്കുടുക്കകളായ ആരാധ്യയും അദ്വൈതയും ഓടിയെത്തും. അവർ നഴ്സറിയിൽ നിന്നും പഠിച്ച പാട്ടുകളൊക്കെ പാടിക്കേൾപ്പിക്കും.ചെറുപ്പത്തിൽ വാശിക്കാരിയായിരുന്നു ആരാധ്യ. ഇരട്ടകളിൽ മൂത്തത് അവളാണ്. ഇപ്പോൾ പക്വത വന്ന ചേച്ചിപ്പെണ്ണായിട്ടുള്ള അവളുടെ പെരുമാറ്റം കാണുമ്പോൾ രസമാണ്. Continue reading

ആത്മാർപ്പണത്തിന്റെ വിജയഗാഥ

Wiki-vanayatra-team-members
ഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക്  ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു.

റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം പണ്ട്, പഴശ്ശിപ്പടയിലെ ആദിവാസി നേതാവായിരുന്ന തലയ്ക്കൽ  ചന്തു കുറിച്ച്യരെ സംഘടിപ്പിക്കാനും അയോധനകല പഠിപ്പിക്കാനുമായി പാളയം കെട്ടി താമസമുറപ്പിച്ചു വന്ന സ്ഥലമായിരുന്നുവത്രേ ഇത്. പാലയത്തുവയൽ എന്ന പേര് ബ്രിട്ടീഷുകാരാൽ തലയറ്റു വീണ ആ ആ ധീര യുവാവിന്റെ വീരസ്മരണയുണർത്തും. കുറിച്യർ ഏറെ അതിവസിക്കുന്ന സ്ഥലമാണിത്. മാറിമാറി വരുന്ന ഗവണ്മെന്റുകളുടെ അവഗണന മാത്രം ഏറ്റുവാങ്ങി കാടുകൾക്കിടയിൽ ആരോടും പരിഭവം പറയാതെ കഴിയുന്നു. അവർക്ക് കിട്ടേണ്ടതൊക്കെ ഇടനിലക്കാരും രാഷ്ട്രീയക്കാരും കൈക്കലാക്കുമ്പോൾ മണ്ണു പൊന്നാക്കി മാറ്റി അവർ ജീവിതമാർഗം കണ്ടെത്തുന്നു. പരിതാപകരമാണു പലരുടേയും അവസ്ഥ. അത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ ദിശാബോധം നൽകുകയാണിവിടുത്തെ അദ്ധ്യാപകർ.

പൊതുവേ മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുന്നവരാണ് കുറിച്യർ. ഭാഷ ഒരളവുവരെ പ്രശ്നമാണ്. ആൾക്കൂട്ടങ്ങളിൽ മാറിനിന്ന് അവർ മറ്റുള്ളവർക്ക് വഴിയൊരുക്കുന്നു. കുട്ടികളും അങ്ങനെ തന്നെ. ആ അന്തർമുഖത്വം മാറ്റി തങ്ങളും സമൂഹജീവികളാണെന്ന ദിശാബോധം വരും തലമുറയ്ക്കെങ്കിലും പകർന്നുകൊടുക്കാൻ ഒട്ടൊന്നുമല്ല ഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പൂർണമായ ഉത്തരവാദിത്വം അദ്ധ്യാപകർക്ക് വിട്ടുകൊടുത്ത് മാതാപിതാക്കളും ഒരു വൻ മാറ്റത്തിനു തയ്യാറെടുത്തിരിക്കുന്നു.  ജന്മസിദ്ധമായ അപകർഷതാബോധം കൊണ്ടും ആത്മവിശ്വാസക്കുറവും കൊണ്ടും പൊറുതിമുട്ടുന്ന ഈ കുട്ടികളെ മാറ്റിയെടുക്കാൻ അവർക്ക്  താല്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് ജയരാജൻ മാസ്റ്ററും മറ്റു അദ്ധ്യാപകരും പാഠ്യപദ്ധതിയൊരുക്കുന്നു.

എന്തൊക്കെയാണിവരുടെ പ്രവർത്തനങ്ങൾ എന്നു നോക്കാം; അതിനുമുമ്പ് സ്കൂളിനെ പറ്റി ഒന്നു പറയാം. സുന്ദരമാണാ സ്ക്കൂൾ. സ്കൂൾ വരാന്തയ്ക്കപ്പുറം ആരും ചെരുപ്പുപയോഗിക്കാറില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും ചെരുപ്പ് വെളിയിൽ വരാന്തയ്ക്കുമിപ്പുറം ഊരിവെയ്ക്കുന്നു. ഇതൊന്നും അറിയാതെ നേരെ കേറിച്ചെന്ന എനിക്ക് ക്ലാസ് റൂമിന്റെ വൃത്തികണ്ടപ്പോൾ അവിടെക്ക് ചെരിപ്പിട്ട് കയാറാൻ തോന്നിയില്ല എന്നത് സത്യം. നോക്കിയപ്പോൾ എല്ലാവരും ചെരുപ്പ് പുറത്ത് ഊരി വെച്ചിരിക്കുന്നതു കണ്ടു. ക്ലാസ് മുറിയിലും പുറത്തുമൊക്കെ പലപല കവിതാശകലങ്ങൾ എഴുതിവെച്ചിരിക്കുന്നു. സ്കൂളിനു പുറകുവശത്ത് അവരുടെ പച്ചക്കറി കൃഷി. ടോയ്ലെറ്റുകൾ കണ്ടാൽ പറയില്ല അവിടെ പഠിക്കുന്നത് യു. പി. സ്കൂളിലെ കുട്ടികളാണെന്ന് – ഞാൻ മുമ്പ് ഡിഗ്രി പഠിച്ച സെന്റ്. പയസ് ടെൻത് കോളേജിന്റെ ടോയ്ലെറ്റിനെ കുറിച്ച് ഓർത്തുപോയി!! എത്രമാത്രം വൃത്തിഹീനമായിരുന്നു അവിടെ. വൃത്തിയും വെടിപ്പും എല്ലാ തലത്തിലും സൂക്ഷിക്കുന്നുണ്ട് ഇവിടെ.

നാടിനെപറ്റിയും നാട്ടുകാരെ പറ്റിയും പ്രധാന അദ്ധ്യാപകൻ ശ്രീ. ജയരാജൻ മാസ്റ്റർ വിശദീകരിച്ചു തന്നു. ഒമ്പതു വർഷമായി ജയരാജൻ മാസ്റ്റർ അവിടെ എത്തിയിട്ട്. ഈ കാലം കൊണ്ട് അദ്ദേഹം മുൻകൈ എടുത്തു ചെയ്ത പരിപാടികളെല്ലാം തന്നെ ഗംഭീരമാണ്. പന്ത്രണ്ടു വർഷത്തോളമായി അവിടെ പഠിപ്പിക്കുന്ന നാരായണൻ മാസ്റ്ററും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരായ കുറിച്യരുടെ അദ്ധ്വാനശീലത്തെ കുറിച്ചും മറ്റും പറഞ്ഞുതന്നത് നാരായണൻ മാസ്റ്റർ ആയിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഓരോ കുട്ടിയും ക്ലാസിലെത്തുന്നത്. ഉയർന്ന കായികക്ഷമതയാണു കുട്ടികളുടെ പ്രത്യേകത. സ്പോർട്സ് ഇനങ്ങളിൽ വിവിധ തലങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടാൻ ഈ പ്രത്യേകത സ്കൂളിനെ ഒത്തിരി സഹായിക്കുന്നു. കഠിനാദ്ധ്വാനികളാണ് ഓരോരുത്തരും.

കുട്ടികൾ ഈ സ്കൂളിൽ സ്വന്തമായി ഒരു തപാൽ സംവിധാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. അതു വഴി അവർ പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകൾ നിരവിധിയാണ് ‍… അവരുടെ പരിഭവങ്ങൾ, കുസൃതികൾ, ആവശ്യങ്ങൾ, ക്ഷമാപണങ്ങൾ എല്ലാം അവർ ഇങ്ങനെ എഴുത്തിലൂടെ അദ്ധ്യാപകരെ അറിയിക്കുന്നു. അദ്ധ്യാപകരാവട്ടെ ഇതിനൊക്കെ തക്ക മറുപടിയും കൊടുക്കുന്നുണ്ട്. കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്. മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.

കുറിച്യ സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം ആണു മറ്റൊന്ന്. മനുഷ്യ പരിണാമത്തെ കാണിക്കുന്ന കൂറ്റൻ പേപ്പർ പൾപ്പ് പ്രതിമകൾ, ആദിവാസി മേഖലയിൽ നിന്നും ശേഖരിച്ച വിവിധ ആയുധങ്ങൾ, ഉപകരണങ്ങൾ, പഴയ ഒരു റേഡിയോ, കുട്ടികൾ ചിരട്ടയിലും മറ്റും തീർത്ത ശില്പങ്ങൾ, ചിത്രങ്ങൾ, ബിഷപ്പ് ബീൻസ് പോലുള്ള കൂറ്റൻ വിത്തുകൾ ആനയോട്ടി പോലുള്ള ഉപകരണങ്ങൾ എന്നിങ്ങനെ നിരവിധി സാധനങ്ങൾ അവിടെയുണ്ട്.

ജീവിത സാഹചര്യം കൊണ്ട് ടെലിവിഷൻ എന്നത് കേട്ടറിവു മാത്രമാകേണ്ടിയിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആ സ്കൂളിൽ നടത്തി വരുന്നുണ്ട്. അന്നന്നുള്ള പ്രധാന വാർത്തകളും, അവരുടെ ഡേറ്റുഡേ ആക്റ്റിവിറ്റീസും കടങ്കഥകളും ലോകകാര്യങ്ങൾ വിശദീകരിക്കുന്ന വേൾഡ് ടു ഡേ യും ഒക്കെ മിന്നിമറിയുന്ന കൊച്ചു ടിവി. വാർത്താ വായനക്കാരും അവതാരകരും കുട്ടികൾ തന്നെ. സ്റ്റൂഡിയോയിൽ നിന്നും ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങൾ എൽ സി ഡി ടിവി വഴി ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. അവതാരകരും റിപ്പോർട്ടർമാരും ഒക്കെ കുട്ടികൾ തന്നെ. വിഡിയോ ഏഡിറ്റിങിന് അദ്ധ്യാപകർ സഹായിക്കുന്നു. കോടികൾ കോഴകൊടുത്ത് ഒപ്പിച്ചെടുക്കുന്ന ആധുനിക പബ്ലിക് സ്കൂളുകളിൽ എവിടെ കാണും ഇത്രയ്ക്ക് സുന്ദരമായ ഒരു സ്മാർട്ട് ക്ലാസ് റൂം!!

ഇതുകൊണ്ടൊന്നും തീരുന്നതല്ല പാലയത്തുവയൽ സ്കൂളിന്റെ പ്രത്യേകതകൾ. കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ ഗണിത ലാബ് ഉണ്ടവിടെ.  പഞ്ചായത്തിന്റെ സഹകരണത്തോടെ ഗണിതശാസ്ത്രത്തിന്റെ  സിദ്ധാന്തങ്ങളുടെ രസകരമായ പഠനമാണ്  ഗണിതലാബിലൂടെ സാധ്യമാവുന്നത്. കുട്ടികളിൽ വല്ലാതെ പോക്ഷകാഹാര കുറവു കണ്ടപ്പോൾ അദ്ധ്യാപകർ മുങ്കൈ എടുത്ത്  വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍  ഫോർപ്ലാന്റ്  എന്നപേരിൽ നടത്തുകയുണ്ടായി. വള്ളിച്ചീര, മുരിങ്ങ, പപ്പായ, കാച്ചിൽ തുടങ്ങി നിരവധി ഭക്ഷ്യസാധനങ്ങൾ കുട്ടികളെ കൊണ്ട് അവരവരുടെ വീടുകളിൽ നടീപ്പിച്ചു. കാർഷിക വൃത്തിയാൽ കാലം കഴിക്കുന്ന അവരുടെ പിതാക്കളിൽ നിന്നും ഈ പരിപാടിക്ക് അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.  സ്കൂളിൽ നടത്തിയ ചമ്മന്തി മേളയെ കുറിച്ച് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. 35 -ഓളം ചമ്മന്തികളാണത്രേ അന്ന് കുട്ടികൾ അവിടെ തയ്യാറാക്കിയത്! നാട്ടുവൈവിധ്യങ്ങൾ ഒന്നൊന്നായി നശിക്കുന്നുവെങ്കിലും ഇത്തരം മേളകളിലെങ്കിലും അവ പുനർജ്ജനിക്കുകയും ഓർമ്മ പുതുക്കുകയും ചെയ്യുന്നു.

എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ്‌ മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌. വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതകേരളം പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടു സ്കൂളുകളിൽ ഒന്നാണീ സരസ്വതീക്ഷേത്രം. പത്ത് കമ്പ്യൂട്ടറുകൾ ഉള്ള ഒരു ലാബുണ്ട് ഇവിടെ, ഉടനേ തന്നെ ഇന്റർനെറ്റ് കണക്ഷൻ കിട്ടുമെന്ന് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. കുഞ്ഞുങ്ങൾക്ക് ഇന്റെർ നെറ്റ് വെച്ച് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യാൻ അദ്ദേഹത്തിനു കഴിയട്ടെ. മലയാളം വിക്കിപീഡിയയുടെ എല്ലാവിധ പിന്തുണയും സഹായസഹകരണവും ഞങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടാണു വന്നത്. വിളിച്ചാൽ ഏതു നിമിഷവും ഓടിയെത്താൻ ഞങ്ങൾ തയ്യാറാണെന്ന് ഒരിക്കൽ കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.

ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് പുറമേയുള്ള മറ്റു സ്കൂളുകളിലേക്ക് പോകേണ്ടിവരുന്നു. ഏറെ ശ്രദ്ധകിട്ടി വളർന്ന ഇവർ മറ്റു സ്കൂളുകളിൽ വല്ലാതെ അവഗണിക്കപ്പെടുന്നു. ദൂരവും അവഗണനയും ഒക്കെ കൊണ്ട് ഏഴാം ക്ലാസ് കഴിഞ്ഞ് പഠനം തുടരുന്നവർ വളരെ കുറച്ചാണ്. ആ സങ്കടം ജയരാജൻ മാസ്റ്ററിന്റെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. എത്രയും പെട്ടന്ന് ആ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയരട്ടെയെന്ന് ആശംസിക്കാനേ നമുക്കു പറ്റൂ! അവിടുത്തെ അദ്ധ്യാപരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകണമെങ്കിൽ അങ്ങനെ സംഭവിക്കണം.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

തിരിച്ചറിവുകളുടെ വിജ്ഞാനയാത്ര

മലയാളം വിക്കിപീഡിയ പത്താം വാർഷികം – വിജ്ഞാനയാത്ര

malayalam-wikipedia-10th-anniversary
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികൾ വളരെ വിജയപ്രദമായിരുന്നു. 2012 ഡിസംബർ 8, 9 തീയതികളിലായി പാലയത്ത് വയൽ ഗവണ്മെന്റ് യു പി സ്കൂളിൽ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രണ്ട് വനിതാ വിക്കിപീഡിയർ അടക്കം 30 പേർ പങ്കെടുത്തു. വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നിങ്ങനെ രണ്ടുഭാഗമായിട്ടായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. ഡിസംബർ എട്ടിനു നടന്ന വിക്കി വിജ്ഞാനയാത്രയിൽ പ്രാദേശിക സാമൂഹിക ചരിത്രസംബന്ധിയായ വിവരങ്ങളുടെ ശേഖരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

പുരളിമല മുത്തപ്പൻ ക്ഷേത്രം

nagalinga-tree-at-puralimala
വിക്കിപീഡിയ വിജ്ഞാനയാത്രയുടെ ഭാഗമായി പേരാവൂർ ഭാഗത്ത് ചരിത്രപ്രാധാന്യമുള്ള ചില ക്ഷേത്രങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് വിക്കിപീഡിയനായ വിനയ് രാജും, പാല കാക്കയങ്ങാട് സ്കൂളിലെ മലയാളഭാഷാ അദ്ധ്യാപകനായ ഗഫൂർ മാഷും ചേർന്നായിരുന്നു. സംഗത്തിലെ മറ്റുള്ളവർ വിക്കിപീഡിയരായ വിശ്വപ്രഭ, സുഗീഷ് സുബ്രഹ്മണ്യം, മഞ്ജുഷ, പിന്നെ ഞാനും ആയിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢക്ഷേത്രമായ പുരളിമല മുത്തപ്പക്ഷേത്രത്തിൽ നിന്നുമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. കോലത്തുനാടീന്റെ ആത്മസാക്ഷാത്കാരമാണു മുത്തപ്പൻ തെയ്യം. പ്രത്യേകിച്ചും കുറിച്യസമുദായത്തിന്റെ കൺകണ്ട ദൈവം. സവർണബിംബങ്ങളെ ചുട്ടെരിച്ച് അധഃസ്ഥിതന്റെ കൂരകളിൽ വിപ്ലവത്തിന്റെ വിത്തുവിതച്ച പോയകാലത്തെ സമരനേതാവിനോടുള്ള ആരാധന നിത്യേന തെയ്യക്കോലമായി ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്നുണ്ട് പുരളിമലയിൽ. തിരു സന്നിധിയിൽ എത്തുന്നവർക്ക് എന്നും അന്നദാനം നടത്തിവരുന്ന ആ ക്ഷേത്രം ഏറെ സാമുഹികപ്രാധാന്യമുള്ള ഒന്നാണ്. അമ്പലമുറ്റത്ത് കൈലാസപതി (നാഗലിംഗമരം – Cannon ball tree) എന്ന വിശിഷ്ഠമായ മരം പൂക്കൾ വിരിയിച്ച് ഞങ്ങൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നതായി തോന്നി. സുഗീഷ് ചാഞ്ഞും ചരിഞ്ഞും പൂക്കളേയും കായ്ക്കളേയും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.

മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം

mrudanga-shyleswari-kshethram-muzhakkunnu
കേരളവർമ്മ പഴശ്ശിരാജാവിന്റെ കുടുംബക്ഷേത്രമായിരുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മൃദംഗശൈലേശ്വരീ ക്ഷേത്രം. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രവേലകൾ ചെയ്തുവരുന്ന തങ്കം എന്ന മാരാർ സ്ത്രീയിൽ നിന്നും കിട്ടിയ വിവരമായിരുന്നു ഇത്. ഞങ്ങൾ ചെല്ലുമ്പോൾ അമ്പലത്തിന്റെ ഒരു വശത്തായി പുറത്ത് നെല്ല് ഉണക്കാനിടുകയായിരുന്നു അവർ. അമ്പലം നടത്തിപ്പിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി അവർ സംസാരിച്ചു; പൊന്നുതമ്പുരാനായ കേരളവർമ്മ പഴശ്ശിരാജാവാന്റെ കുടുംബക്ഷേത്രമാണിതെന്ന് അഭിമാനത്തോടെ പറയുമ്പോൾ അവരുടെ കണ്ണുകളിൽ അഭിമാനത്തിന്റെ പൊൻതിളക്കം ഉണ്ടായിരുന്നു. ദുർഗാ ഭഗവതിയാണ് പ്രതിഷ്ഠ. അസമയത്തായിപ്പോയി ഞങ്ങൾ എത്തിയത്. ക്ഷേത്രമര്യാദകൾ പാലിക്കേണ്ടതുള്ളതിനാൽ പഴശ്ശിത്തമ്പുരാന്റെ പാദസ്പർശത്താൽ ഒരുകാലത്ത് പുളകം കൊണ്ട നാലമ്പലത്തിനകത്ത് കയാറാനായില്ല. നാശോന്മുഖമാണു പലഭാഗങ്ങളും. അമ്പലമുറ്റത്ത് വാളും പരിചയും ഏന്തിയ പഴശ്ശിത്തമ്പുരാന്റെ പൂർണകായ പ്രതിമ കാവലാളെ പോലെ നിൽപ്പുണ്ടായിരുന്നു. മമ്മുട്ടിയുടെ പഴശ്ശിവേഷം വിട്ട് മനസ്സിൽ യഥാർത്ഥ പഴശ്ശിരാജാവിന്റെ മുഖം വരച്ചു ചേർത്തപ്പോൾ അത്യധികമായ ആഹ്ലാദമായിരുന്നു. അമ്പലത്തിനകത്ത് പ്രവേശിക്കാനാവാതെ വലംവെച്ചു തിരിച്ചു വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ആ പഴയ കഥകളി വന്ദനശ്ലോകമായിരുന്നു. വഴിയിൽ വെച്ചുതന്നെ വിശ്വേട്ടനും വിനയേട്ടനും കൂടി ആ കഥകളി ശ്ലോകത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ സബ്ജക്റ്റല്ലാത്തതിനാൽ മിണ്ടാൻ പോയില്ല… എങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അത്:
മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുര്‍ഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുര്‍വ്വന്ത്വമീ മംഗളം…

ആറളം വന്യജീവി സങ്കേതം, എടത്തിൽ ഭഗവതിക്ഷേത്രം

aralam-farm - ആറളം വന്യജീവി സങ്കേതം
തുടർന്ന് നേരെ പോയത് ആറളം ഫാമിലേക്കായിരുന്നു. വൈവിധ്യമാർന്ന ഫലസംസ്യങ്ങളുടെ ഉല്പാദനവും വിതരണവും അവിടെ ഉണ്ട്, പ്ലാവിൻ തൈകൾക്കൊക്കെ 150 രൂപയോളം വില. വന്യജീവി സങ്കേതത്തിലേക്കൊന്നും സമയ പരിമിതി മൂലം പോയില്ല. ഫാമിനു നടുവിലുള്ള ഒരു ഹൈ സ്കൂൾ വരെ പോയി തിരിച്ചു വന്നു. വഴിയിൽ ഫാമിനടുത്തുള്ള കൃഷിയിടങ്ങളിലൂടെയും തേനീച്ച വളർത്തൽ കേന്ദ്രങ്ങളിലൂടെയും നടന്നു. അധിക സമയം അവിടെ നിന്നില്ല, ഞങ്ങൾ ഒരോ ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് തിരിച്ചുപോന്നു. വഴിവക്കിൽ സമീപത്തുള്ള എടത്തിൽ ഭഗവതിക്ഷേത്രത്തിൽ കയറാൻ മറന്നില്ല; വലിയ ചരിത്രപ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും അത്യധികായ ഒരു സാമൂഹിക കൂട്ടായ്മയുടെ നേർക്കാഴ്ചയാണത്രേ ആ ക്ഷേത്രത്തിലെ ഉത്സവങ്ങൾ. വർഷാവർഷങ്ങളിൽ നടന്നു വരുന്ന ഉത്സവത്തിന് അന്നാട്ടിലെ മുഴുവൻ ജനങ്ങളും എത്തിച്ചേരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വിദൂരത്തേക്ക് കല്യാണം കഴിച്ചു പുതിയ ജീവിതസാഹചര്യങ്ങളിൽ വ്യാപരിച്ചവരും ഒക്കെ അന്നേ ദിവസം മറ്റു തിരക്കുകൾ മാറ്റി വെച്ച് ഒത്തുചേരുകായാണിവിടെ – അമ്മയുടെ തിരുമുറ്റത്ത്. വിശേഷമെന്നു തോന്നിക്കുന്ന ചില നേർച്ചകൽ അവിടെ കണ്ടു, കാൽ, കൈ, തലയോട് എന്നിവയുടെ വെള്ളിരൂപങ്ങൾ നേർച്ചയായി സമർപ്പിക്കുന്നതാവണം എന്നു ഞങ്ങൾ ഊഹിച്ചു. പാല കാക്കയങ്ങാട് ഹൈസ്കൂളിലെ അദ്ധ്യാപകനായ ഗഫൂർ മാഷിന്റെ വിശദീകരണത്തിൽ ഞങ്ങളവിടെ എത്തിച്ചേരുന്ന ആൾക്കൂട്ടങ്ങളേയും കെട്ടിയാടുന്ന ഭഗവതിയേയും നേരിട്ടുകണ്ട പ്രതീതിയിൽ അനുഗ്രഹീതരായി. തെക്കു-വടക്കൻ സംവാദങ്ങളിലെ നിറസാന്നിധ്യമായ ചെമ്പകമരം തെക്കന്മാരായ വിശ്വേട്ടനേയും സുഗീഷിനേയും നോക്കി ചിരിച്ചുകൊണ്ട് അമ്പലമുറ്റത്ത് നിൽപ്പുണ്ടായിരുന്നു. എടത്തിൽ ഭഗവതിയോട് യാത്രപറഞ്ഞിറങ്ങി.

വാവലിപ്പുഴയോരത്തെ നാണുവാശന്റെ കളരി

kalari-nanu-aashan - നാണുവാശാന്റെ കളരിഅധികം ദൂരെയല്ലാതെയായിരുന്നു നാണുവാശാന്റെ കളരി. മനോഹരമായ വാവലിപ്പുഴയോരത്ത് പാലപ്പുഴയിൽ പഴശ്ശിരാജാവിന്റെ പേരിൽ തന്നെ കളരിത്തറ. തറനിരപ്പിൽ നിന്നും അല്പം താഴ്ത്തി, ഒരു മൂലയിൽ കളരി ദേവതയെ കുടിയിരുത്തിയിരിക്കുന്നു. പെൺകുട്ടികളടക്കം ധാരാള പേർ അവിടെ കളരി അഭ്യസിക്കുന്നു. ചുരിക, ഉറുമി, കത്തി, വടിപ്പയറ്റിനുതകുന്ന വിവിധതരം വടികൾ തുടങ്ങിയ അയോധനസാമഗ്രികൾ അവിടെയുണ്ടായിരുന്നു. നല്ല തണുപ്പായിരുന്നു അകത്ത്. കളരി തൈലങ്ങളുടെ വിവിധ കുപ്പികൾ അവിടവിടെ കാണപ്പെട്ടു. അവാച്യമായൊരു ശാന്തത ആത്മാവിലേക്കിറങ്ങി ചെല്ലുന്ന പ്രതീതി തോന്നി. ഞങ്ങൾ വാവലിപ്പുഴയോരത്തേക്കിറങ്ങി. പുഴ പകുതിയിലേറെ വറ്റി വരണ്ടിരിക്കുന്നു. നടുവിലായി ചില തുരുത്തുകൾ പോലെ കാണപ്പെട്ടു, മഴക്കാലത്ത് രൗദ്രതാണ്ഡവമാടി ആർത്തലച്ചു വരുന്ന വാവലിപ്പുഴയെ ഞാൻ മനസ്സാ നിരൂപിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ റബർ ഷീറ്റ് ഉറവെച്ച് അടിച്ചെടുക്കുന്ന മെഷ്യനും മറ്റും കണ്ടപ്പോൾ മഞ്ജുഷയ്ക്ക് അതൊക്കെ ആദ്യമായി കാണുന്ന കൗതുകം. കൈയിലെ രണ്ടുവിരലുകൾ മെഷ്യനകത്ത് പണ്ടെന്നോ കുടുങ്ങി ചതഞ്ഞരഞ്ഞതിന്റെ ധാരുണവേദന അയവിറക്കി സുഗീഷ് അവന്റെ ചതഞ്ഞ വിരലുകൾ കാണിച്ചു തന്നു. വിശപ്പ് മെല്ലെ പിടിമുറുക്കാൻ തുടങ്ങി. രാവിലെ വിനയേട്ടന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചർ ഒരുക്കിത്തന്ന ഇഡ്ഡലിയും സ്പെഷ്യൽ കോമ്പിനേഷനായ കപ്പയും തൈരും ഒക്കെ ആവിയായിപ്പോയിരിക്കുന്നു.
aralam-farm-kannurപേരാവൂരിലെ ഒരു ഹോട്ടലിൽ വെച്ച് സുഭിക്ഷമായ ഉച്ച ഭഷണം. തുടർന്ന് വൈകുന്നേരവും നാളെ മുഴുവനായും നടക്കുന്ന പരിപാടികളുടെ ആസൂത്രണത്തിലേക്ക് അല്പസമയം ഊളിയിട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് പോയി പാത്രങ്ങളെടുത്തു; ചായ വെയ്ക്കാനാവശ്യമായ പാൽ തുടങ്ങിയവയൊക്കെ വാങ്ങി വണ്ടിയിൽ വെച്ചു. സംഘാടനായ വിനയേട്ടന് തുരുതുരെ ഫോൺകോളുകൾ വന്നുതുടങ്ങി. അന്നത്തെ യാത്രകളിൽ ഞങ്ങൾ ഏറെ പ്രാധാന്യം കൊടുത്ത സ്ഥലത്തേക്ക് ഇനിയും എത്തിയിട്ടില്ല. തൊടീക്കളം ശിവക്ഷേത്രമായിരുന്നു അത്. തുടർന്നുള്ള യാത്ര അങ്ങോട്ടായിരുന്നു. രാത്രിയിലെ ഞങ്ങളുടെ ഒത്തു ചേരലിനു സാക്ഷ്യം വഹിക്കുന്ന കാനനമധ്യത്തിലെ പാലയത്തുവയൽ സ്കൂളിലേക്ക് തിരിയുന്ന ചങ്ങല ഗേറ്റ് എന്ന സ്ഥലവും കടന്ന് ഞങ്ങൾ തൊടീക്കളം ശിവക്ഷേത്രത്തിൽ എത്തി.

തൊടീക്കളം ശിവക്ഷേത്രം

കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു എന്നു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ഒരു വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു. വിശാലമായ അമ്പലക്കുളവും കൽപ്പടവുകളും പ്രാചീന ഗാംഭീര്യത്തെ വിളിച്ചോതുന്നതായിരുന്നു. ഡി.വൈ.എഫ്.ഐക്കാരുടെ ഒരു ബോർഡ് കൗതുകമുണർത്തി. കുളത്തിലെ അലക്ക് നിരോധിച്ചുകൊണ്ടും ചെരുപ്പുപയോഗിച്ച് കുളത്തിൽ ഇറങ്ങുന്നതിനെതിരെയും ആയിരുന്നു ബോർഡ്. ക്ഷേത്രമതിൽക്കെട്ടിലെത്തി. യാതൊരു സംരക്ഷണവും ഇല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾ. പൊളിഞ്ഞു വീണ മതിൽക്കെട്ടിനിടയിലൂടെ കാണുന്ന ആ ആദിമ ക്ഷേത്രപ്രൗഢിയുടെ ഗോപുരം. ക്ഷേത്രാചാരം അവിടെയും വിലങ്ങു തടിയായി. ക്ഷേത്രത്തിനകത്തു പ്രവേശിക്കാനോ പുരാതനമായ ആ ചുവർച്ചിത്രങ്ങൾ കണ്ടറിയാനോ ക്ഷേത്രപാലകർ ഞങ്ങളെ സമ്മതിച്ചില്ല. വളരെ ദൂരെനിന്നും വരുന്നവരാനെന്നും ക്ഷേത്രത്തിലേക്ക് മുതൽക്കൂട്ടാവുന്ന ചെറുതെങ്കിലുമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിക്കുമെന്നും ഒക്കെ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. നിങ്ങൾ കയറിയിട്ടും കാര്യമില്ല ചിത്രങ്ങൾ എടുക്കരുതെന്ന് നിയമമുണ്ടെന്നും പറഞ്ഞു. സർക്കാർ നിയമമത്രേ! ചിത്രങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റ് പലരും കാശാക്കി മാറ്റുന്നത്രേ! എത്രയാലോചിച്ചാലും മനസ്സിലാവാത്ത ന്യായവാദങ്ങളാണല്ലോ നമ്മുടെ ഗവണ്മെന്റുകൾ കാലാകാലങ്ങളിൽ ഉണ്ടാക്കുന്നത്. ചിത്രങ്ങൾ വിറ്റാൽ ഇവർക്കെന്ത്? കൂടുതൽ ആൾക്കാർ അതു കണ്ട്, ക്ഷേത്രത്തിന്റെ പുരാതന മഹിമ കണ്ട് വന്നെത്തുകയില്ലേ? ആരോട് ചോദിക്കാൻ? ക്ഷേത്രത്തോളം തന്ന്എ പുരാതനമായ ഒരു ബോർഡ് പുരാവസ്തുവകുപ്പിന്റെ വകയായി ക്ഷേത്രമുറ്റത്ത് കുത്തി നിർത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളവിടെ വട്ടം കൂടി നിൽക്കുന്നതു കണ്ടപ്പോൾ മറ്റൊരു ക്ഷേത്രപാലകൻ വന്ന് കാര്യങ്ങൾ വീണ്ടും അന്വേഷിക്കുകയുണ്ടായി! വിശ്വേട്ടൻ അയാൾക്ക് വിക്കിപീഡിയയുടെ പഠനശിബിരം നടത്തിക്കൊടുക്കുന്നുണ്ടായിരുന്നു!! ഇന്റെർനെറ്റെന്തെന്നോ വിക്കിപീഡിയ എന്തെന്നോ അറിയാത്ത ആ പാവം നാട്ടുമ്പുറത്തുകാരൻ വിഴുങ്ങസ്യ ൻഇൽക്കുന്നുണ്ടായിരുന്നു അവിടെ! മേലിൽ അയാൾ ക്ഷേത്രം കാണാൻ വരുന്നവരോട് കുശലപ്രശ്നങ്ങൾ ചോദിച്ചു പോകുമെന്ന് കരുതാൻ ഇനി നിർവാഹമില്ല.

പാലയത്തുവയൽ യു. പി സ്കൂളിലേക്ക്

ചങ്ങല ഗേറ്റ് കടന്ന് നേരെ പാലത്തുവയൽ സ്കൂളിലേക്ക്. പ്രധാന അദ്ധ്യാപകനായ ശ്രീ ജയരാജൻ മാസ്റ്ററും, നാട്ടറിവുകളുടെ വിക്കിപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന കർഷകനായ മാത്യു സാറും സ്കൂളിലെ തന്നെ അദ്ധ്യാപനായ നാരായാണൻ സാറും ഒക്കെ ഞങ്ങളെ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ഏറെ ആയെന്ന് വിനയേട്ടൻ പറഞ്ഞു. വഴിവക്കിൽ ഹരിഹരൻ സംവിധാനം ചെയ്യുന്ന ഭാവന നായികയും വിനീത് നായകനും ആയി അഭിനയിക്കുന്ന ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഞങ്ങളും സിനിമാക്കാരാണെന്നു കരുതി പലരും പ്രതീക്ഷയോടെ വണ്ടിക്കകത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്തൊന്നും നിർത്താതെ ഞങ്ങൾ സ്കൂളിലെത്തി. ബാംഗ്ലൂരിൽ നിന്നും സുധിയും അപ്പോഴേക്കും വന്നുചേർന്നിരുന്നു. ആദിത്യമരുളുന്ന സുമനസ്സുകളെ പരിചയപ്പെട്ടു. സമീപത്തുകൂടെ ഒഴുകുന്ന കാട്ടരുവിയിൽ പോയി സ്ഥലകാലബോധങ്ങൾ വെടിഞ്ഞുള്ള ഒരു കുളി. മനസ്സും ശരീരവും ഒരു പോലെ തണുത്തു. കുളികഴിഞ്ഞെത്തുമ്പോഴേക്കും വിക്കിപീഡിയനായ വൈശാഖ് കല്ലൂർ എത്തിച്ചേർന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.

രാത്രിക്കു കടുപ്പമേറിത്തുടങ്ങി. ഞങ്ങളെല്ലാവരും സ്കൂളിന്റെ ഒരു ക്ലാസ്‌മുറിയിൽ സമ്മേളിച്ചു. തികച്ചും ഔപചാരികമായിത്തന്നെ ഞങ്ങൾ കാര്യപരിപാടിയിലേക്ക് നീങ്ങി. സ്കൂളിനെക്കുറിച്ചും കുറിച്യർ എന്ന ആദിമ സമുദായത്തിന്റെ പരിമിതികളെ കുറിച്ചും മിടുക്കരായ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാർത്ഥതയെ പറ്റിയും മിടുമിടുക്കരായ അവിടുത്തെ കുട്ടികളെ കുറിച്ചും കുട്ടികളെ അവർക്കു വിട്ടുകൊടുത്ത ആ ആദിമമനുഷ്യരുടെ സ്നേഹത്തെക്കുറിച്ചും ജയരാജൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് ജയരാജൻ മാസ്റ്റർ ഒരു കവിത ആലപിച്ചു; ഞങ്ങൾ അതേറ്റുപാടി; അടിച്ചമർത്തപ്പെട്ട ഒരു കൂടം മനുഷ്യരുടെ വിടുതലിനുവേണ്ടി; ആത്മവിശ്വാസത്തോടെ അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഒരു ഉണർത്തുപാട്ടായിരുന്നു അത്. ഏറ്റു പാടിയപ്പോൾ അടങ്ങാത്തൊരു വിപ്ലവവീര്യം സിരകളിലേക്ക് പാഞ്ഞുകരറുന്നതായി തോന്നി. ഒമ്പതുവർഷമായി ആ സ്കൂളിനെ അറിഞ്ഞ് കുറിച്യസമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് അദ്ദേഹം നയിക്കുകയാണ് ജയരാജൻ മാസ്റ്റർ. എളിമയുടെയും വിനയത്തിന്റേയും ആൾരൂപമായ ജയരാജൻ മാസ്റ്റർ ഒത്തിരി കാര്യങ്ങൾ പറയുകയുണ്ടായി. അതേക്കുറിച്ച് ഉടനെ തന്നെ എഴുതുന്നുണ്ട്.

തുടർന്ന് വിക്കിപീഡിയയെ പരിചയപ്പെടുത്തിക്കൊണ്ട് വിശ്വേട്ടൻ സംസാരിച്ചു. വിശ്വേട്ടന്റെ സ്ഥിരം ശൈലിയിൽ തന്നെയായിരുന്നു പരിചയപ്പെടുത്തൽ, എങ്കിലും അധികം വലിച്ചു നീട്ടാതെ കാര്യത്തോട് അടുപ്പിച്ചു തന്നെയായിരുന്നു വിശ്വേട്ടന്റെ പോക്ക്. വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാഠശാല, കോമൺസ് എന്നിവയെ ഞാൻ ചെറുതായി പരിചയപ്പെടുത്തി. തുടർന്ന് കൊല്ലം അഞ്ചലിൽ നടന്നുവരുന്ന വിക്കിപ്രവർത്തനങ്ങളെക്കുറിച്ച് സുഗീഷ് സംസാരിച്ചു. സംസാരത്തിനിടയിൽ കറന്റ് പോയിരുന്നെങ്കിലും ഞങ്ങൾ നിർത്തി വെയ്ക്കാൻ കൂട്ടാക്കിയില്ല… നെറ്റോ, മൊബൈൽ കവറേജോ ഇല്ലാത്ത ആ വനപ്രദേശത്തുള്ള ആദ്യ ദിവസം നല്ലൊരു അനുഭമായിരുന്നു. രാത്രി ഏറെ വൈകി ഉറങ്ങാൻ, ഒരു ക്ലാസ് മുറിയിൽ വിശ്വേട്ടനും സുഗീഷും സുധിയും വൈശാഖും മഞ്ജുഷയും ഞാനും കൂടി, മഞ്ജു നേരത്തെ കിടന്നുറങ്ങി, ഒരുമണിയാകാറായപ്പോൾ ഞാനും കിടന്നു. മറ്റുള്ളവർ നാലുമണി കഴിഞ്ഞാണത്രേ കിടന്നത്.! വിശ്വേട്ടന്റെ ക്ലാസ്സായിരുന്നു പാതിരാത്രിയിൽ!!

ഇത് ഒന്നാം ദിവസത്തെ കാര്യങ്ങൾ. ഇനിയും എഴുതാനുണ്ട് ഒത്തിരി… വനയാത്രയുടെ ഭാഗമായി പെരുവയിൽ നിന്നും കൊളപ്പയിലേക്ക് നടത്തിയ യാത്രയെ കുറിച്ച്, കുറിച്യ കോളനികളെ പറ്റി, മൂപ്പനെ പറ്റി, അമൃതൊഴുകിപ്പരക്കുന്ന മലമുകളിലെ ആ വെള്ളച്ചാട്ടത്തെക്കുറിച്ച്…. അതിലെല്ലാം ഉപരിയായി നാടിന്റെ ഹൃദയമായ ആ കൊച്ചു സരസ്വതീക്ഷേത്രത്തെ കുറിച്ച്, അവിടുള്ള കുട്ടികൾ വിരചിച്ച വിപ്ലവ ചിന്തകളെക്കുറിച്ച്, അവരുടെ തപ്പാൽ സംവിധാനത്തെക്കുറിച്ച്, മ്യൂസിയത്തെ കുറിച്ച്, വീടുകളിൽ അവർ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ സംവിധാനത്തെക്കുറിച്ച്, നാട്ടുവർത്തമാനങ്ങളും ലോകവിവരങ്ങളും സംപ്രേക്ഷണം ചെയ്യുന്ന അവരുടെ ടിവി ചാനലിനെ കുറിച്ച്, അവരുടെ അതുല്യമായ കായികക്ഷമതയെ കുറിച്ച്, അവർ ഉണ്ടാക്കി വിളമ്പിയ ചമ്മന്തികളെ കുറിച്ച്… ഇവയെ ഒക്കെ ഒരു നൂലിൽ കെട്ടി അവരുടെ നട്ടെല്ലായി നിൽക്കുന്ന ആ സ്കൂളിലെ അദ്ധ്യാപകവൃന്ദത്തിന്റെ നിസ്തുല സ്നേഹ സമ്പന്നതയെക്കുറിച്ച്…

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
Vijnana Yathra
Palayathuvayal School
Pachal gramam – Salem