Skip to main content

ഗോവ പറയുന്നത്!

Goaതൃഷ്ണകളെ ത്രസിപ്പിക്കുന്ന വിശാലമായ കടല്‍ത്തീരങ്ങള്‍ എന്നും വിവശമദാലസയായ ഗോവയ്‌ക്കു സ്വന്തമാണ്‌. കേട്ടറിവുകളില്‍ ഒപ്പിയെടുത്ത നിറക്കാഴ്‌ചകള്‍ മാത്രമായിരുന്നു (more…)

മംഗല്യം തന്തുനാനേന…

Inter Caste Marriage Problemsഞാന്‍ ആലോചിക്കുകയാണ്‌. 24 വയസ്സുവരെ പെണ്ണിനെ കണ്ണിലുണ്ണിയെ പോലെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും അവിടെ ഉണ്ട്. ആദ്യത്തെ കുട്ടിയായ അവളുടെ വിവാഹ കാര്യത്തില്‍ അവര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ കാണില്ലേ! സ്വപ്നങ്ങള്‍ ഉണ്ടാവില്ലേ!! ആ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നിന്നുവേണം എനിക്കവളെ പറിച്ചെടുക്കേണ്ടത്… ആ സങ്കടപ്പുഴയില്‍ നിത്യേന കുളിച്ചിട്ടാവണം ജീവിതകാലം മുഴുവന്‍ അവളെന്നോടൊപ്പം കഴിയേണ്ടത്. അവര്‍ എന്നിട്ടും മകളെ കുറ്റപ്പെടുത്തിയില്ല. “എന്തു കൈവിഷമാണ്‌ നിനക്കവന്‍ കലക്കിത്തന്നത്? അത്രയ്ക്കു പഞ്ചാരയാണോ അവന്‍” എന്നാണവര്‍ ചോദിച്ചത്.. (ഇവിടുത്തെ പഞ്ചാരയ്‌ക്ക് മധുരതരമായത് എന്ന അര്‍ത്ഥം മാത്രം കൊടുത്താല്‍ മതി). അവരറിയുന്നുണ്ടോ ഈ മകളെ പ്രാരംഭം മുതലേ പിന്തിരിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!

ഏട്ടന്‍ പറഞ്ഞത്രേ “മോളേ പ്രേമിക്കുന്നതില്‍ തെറ്റില്ല; പക്ഷേ, നീ ഓര്‍ക്കണം നമ്മുടെ കുടുംബത്തില്‍ ആരുമിങ്ങനെ ചെയ്തിട്ടില്ല..” എന്ന്. അവരെയൊക്കെ ഭരിക്കുന്നത് ഈ ചീഞ്ഞുനാറിയ ജാതീയതയാണ്‌. കുലീനമാണെന്ന് സ്വയം അങ്ങ് കല്പിച്ച് മൂഢസ്വര്‍ഗത്തിലെ തമ്പുരാന്മാരായി കഴിയുകയാണവര്‍… അവരിലേക്ക് എത്രമാത്രം കമ്യൂണിസം ഓതിക്കൊടുത്താലും കേറില്ല. ഈ കോവിലകത്ത് എങ്ങനെ ഇങ്ങനെയൊരു വിപ്ലവകാരി ഉണ്ടായി എന്നെനിക്കറിയില്ല. ജാതീയത എന്ന ദുര്‍ഭൂതത്തെ എന്നെന്നേക്കുമായി തീണ്ടാപാടകലെ നിര്‍ത്താന്‍ ഇനി എന്നാണു നമുക്കാവുക? നിയമം ഇത്തരം വിവാഹങ്ങള്‍ക്കു പച്ചക്കൊടി കാണിക്കുമായിരിക്കും – അതിലല്ലല്ലോ കാര്യം. എല്ലാവരുടേയും സന്തോഷത്തോടെ നടന്നാലല്ലേ അതൊരു മംഗളകാര്യമാവുകയുള്ളൂ.

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

അവള്‍ അച്ഛനോടൊഴിച്ച് എല്ലാവരോടും പറഞ്ഞു കഴിഞ്ഞു… അമ്മ പറഞ്ഞത്രേ നീ രണ്ടു ശവങ്ങള്‍ കാണേണ്ടി വരും എന്ന്. ഇതു നടന്നില്ലെങ്കില്‍ ഒരു ശവം നിങ്ങളും (എന്തോ ഭാഗ്യം അതില്‍ അവളെന്നെ ഉള്‍പ്പെടുത്തിയിട്ടില്ല) കാണേണ്ടി വരുമെന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു… അമ്മയ്‌ക്ക് അത്ഭുതമായി! ഇന്നുവരെ മറുത്തൊരുവാക്കു പറയാത്ത പെണ്ണു ഒരു സുപ്രഭാതത്തില്‍ വായില്‍കൊള്ളാത്ത വാക്കുകള്‍ പറയുന്നതുകേട്ടവര്‍ തേങ്ങി… അവള്‍ ചിന്തിക്കാന്‍ ശേഷിയുള്ള ഒരു പെണ്ണായി മാറിയത് അവര്‍ അറിഞ്ഞില്ല. അവളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയെങ്കിലും അവള്‍ക്കായി എന്നവര്‍ സമ്മതിച്ചു കൊടുക്കുന്നില്ല. അവര്‍ക്കിന്നും അവള്‍ കളിക്കൊഞ്ചല്‍ വിട്ടുമാറാത്ത കുഞ്ഞാണ്‌. വൈകുന്നേരം വിളിച്ച് ഒരുമ്മ കൊടുത്തില്ലെങ്കില്‍ അമ്മയ്ക്കുറക്കം വരില്ലത്രേ! പക്ഷേ, അതിനു ശേഷം മറ്റൊരാള്‍ക്കു കൂടി അവള്‍ മുത്തം കൊടുക്കുന്നുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ…

അച്ഛനൊരിക്കല്‍ പറഞ്ഞത്രേ “ജാതിയൊക്കെ രണ്ടാമത്, ആണിന്റേയും പെണ്ണിന്റേയും ഇഷ്ടം തന്നെയാണു മുഖ്യം” എന്ന്. അതു പക്ഷേ, അകന്ന ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുടെ കാര്യത്തിലാണ്‌. സ്വന്തം കാര്യം വരുമ്പോള്‍ സംഗതി എന്താവുമോ എന്നതു കണ്ടറിയണം. അച്ഛനങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കി.. അമ്മ കണ്ണുരുട്ടി!! എന്നിട്ടച്ഛനോടു പറഞ്ഞു: “പിള്ളേരുടെ മുമ്പില്‍ നിന്നും ഓരോ വിടുവായിത്തം പറഞ്ഞോ – അവസാനം അനുഭവിക്കേണ്ടി വരും” എന്ന്.

എന്തോ ആ അമ്മയുടെ മനസ്സമാധാനം പോയിരിക്കുകയാണ്‌. ഒരു കൊച്ചു തമാശ എന്ന രീതിയില്‍ വേണം കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ എന്നു ഞാനവളോടു പറഞ്ഞിരുന്നു. അവള്‍ തുടങ്ങിയതും അങ്ങനെ തന്നെയായിരുന്നുവത്രേ.. പക്ഷേ, സെക്കന്റുകള്‍ക്കകം സംഭവം പക്കാ സീരിയസ് ആയി – കരച്ചിലായി പിഴിച്ചിലായി ഉപവാസമായി! സഹോദരിപ്പെണ്ണിനോട് ന്യൂട്ടറില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവളുടെ സപ്പോര്‍ട്ട് വാങ്ങിച്ചാല്‍ വീട്ടിലെ രഹസ്യനീക്കങ്ങള്‍ അറിയാനാവുമമെന്ന് ഞാനവളോട് പറഞ്ഞിരുന്നു. സീരിയലിലും സിനിമയിലുമൊക്കെ കാണുന്നതുപോലെ വളരെ ഈസിയായി കാര്യം നടത്താമെന്ന് അവള്‍ കരുതിവശായി എന്നു തോന്നുന്നു.

ആലോചനകള്‍ തകൃതിയായി നടക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ദിവസം മൂന്നും നാലും വെച്ചു വന്നുപോയി. ഗള്‍ഫ്, അമേരിക്ക, സൗത്താഫ്രിക്ക, യൂണിവേഴ്‌സിറ്റി, പട്ടാളം, പ്ലസ്‌ടു ലിസ്റ്റിങ്ങനെ നീളുന്നു. ഇഷ്ടപ്പെട്ടവര്‍ തിരിച്ചു വിളിക്കുന്നു. മറ്റു ചില വിരുതന്‍‌മാര്‍ പെണ്ണ് പോകുന്നിടങ്ങളില്‍ കൂട്ടുകാരുമായി വന്ന് കാണിച്ചുകൊടുക്കുന്നു. ടൗണില്‍, അമ്പലത്തില്‍, … ലീലാവിലാസങ്ങള്‍ ഇങ്ങനെ അരങ്ങേറുമ്പോള്‍ അവളുടെ നിശബ്ദയാമങ്ങളില്‍ അവളെന്നോട് സല്ലപിച്ചുകൊണ്ടേയിരുന്നു…

എന്റെ ആത്മാവിപ്പോള്‍ ഇവിടെയണോ!പ്രണയം എനിക്കു പുത്തരിയല്ല. പ്രണയത്തിന്റെ പലമുഖങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടെ പഠിക്കുന്ന പെണ്ണിന്‌ പാട്ടുപുസ്തകം കൊടുത്ത് തുടങ്ങിയതാണെന്റെ പ്രണയം. തുടര്‍ന്നിങ്ങോട്ടുള്ള കാലം എനിക്കു ചാകര തന്നെയായിരുന്നു. പ്രേമിച്ച പല പെണ്‍‌കുട്ടികളേയും ഭംഗിയായി തന്നെ വിവാഹം കഴിപ്പിച്ചയച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല നിലയില്‍ ജീവിക്കുന്നു. അതുകൊണ്ടു തന്നെ പ്രണയം, വിവാഹം എന്നതിനെ കുറിച്ചൊക്കെ ഒരു സാമാന്യസങ്കല്പം എനിക്കുണ്ട്. പക്ഷേ, ഈ മണ്ടൂസാവട്ടെ ആദ്യപ്രണനയത്തിന്റെ ത്രില്ലിലാണ്‌. സ്നേഹം ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ളതാണെന്നവള്‍ പറയുന്നു. ഇനിയൊരാള്‍ക്കതു ഷെയര്‍ ചെയ്യാനവള്‍ക്കു വയ്യത്രേ! അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇത്രേം പ്രായമായ (24 വയസ്സ്) ഒരു പെണ്‍‌കുട്ടി ആദ്യമായാണ്‌ എന്നെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ് അടുത്തത്. കല്യാണക്കാര്യവുമായി അമ്മ നടന്നപ്പോഴൊക്കെ കിട്ടിയതാവട്ടെ പ്ലസ്‌റ്റു കഴിഞ്ഞിരിക്കുന്ന പതിനേഴുകാരികളെ ആയിരുന്നു. അതുവെച്ചു നോക്കുമ്പോള്‍ എനിക്കു യോജിച്ചവള്‍ ഇവള്‍ തന്നെയാണ്‌. എന്നിട്ടും അവളോട് ഒക്കെ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പലയാവര്‍ത്തി ശ്രമിച്ചതായിരുന്നു. എന്റെ ഉപദേശങ്ങള്‍ അവളിലെ എന്നോടുള്ള ഇഷ്ടം കൂട്ടുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാ പരിപാടി നിര്‍ത്തി…

ഒരു കവിതാശകലം

പരനിന്ദവീശുന്ന വാളിനാല്‍ ചൂളിപ്പോകാ
പരകോടിയില്‍ ചെന്ന പാവന ദിവ്യസ്നേഹം

മാംഗല്യമെന്നത് ഒരു ചരടിനാല്‍ മാത്രം തീരുന്ന ഒന്നാണോ? ആ ചരടില്‍ കോര്‍ത്തിണങ്ങുന്നത് രണ്ടു കുടുംബങ്ങള്‍ കൂടിയല്ലേ. അണുകുടുംബത്തിലേക്കു ചുരുങ്ങിയ ഇക്കാലത്ത് അതിനൊന്നും പ്രസക്തിയില്ലെന്നാണോ? ജതികോമരങ്ങളുടെ വിലക്കുകളൊന്നും വില പോവില്ല. ഒരു കാര്യം ഉറപ്പാണ്‌ ബന്ധുക്കളുടേയും ജാതിക്കരുടേയും ഇടയിലുണ്ടാവുന്ന നാണക്കേടാണ്‌ അച്ഛനമ്മമാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. കല്യാണം കഴിഞ്ഞ് ചോറുണ്ട് കൈയും കഴുകി ഏമ്പക്കം വിട്ടുപോകുന്ന ആ പാര്‍ട്ടീസിന്റെ വാക്കുകളല്ല മകളുടെ സന്തോഷമാണു വലുതെന്ന് ഇവര്‍ മനസ്സിലാക്കുമോ എന്തോ? എന്തായാലും എനിക്കിപ്പോള്‍ ഇങ്ങനെ പറഞ്ഞേ പറ്റൂ, മംഗല്യം തന്തുനാനേന… അതു രജിസ്‌ട്രാര്‍ തരുന്നതാവട്ടെ, അമ്പലത്തിലെ പൂജാരി തരുന്നതാവട്ടെ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തരുന്നതാവട്ടെ… വേറെ കല്യാണം കഴിക്കുന്നെങ്കിൽ നല്ലൊരു ജീവിതം ഇവൾക്ക് കിട്ടണം എന്നേ ആഗ്രഹമയി ശേഷിക്കുന്നുള്ളൂ. തന്നിലുറങ്ങിക്കിടക്കുന്ന കലാബോധത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന നല്ലൊരു ജീവിതം ഇവൾക്കും ഭാവിയിൽ കിട്ടണം – ഒരാഗ്രഹമാണത്.

ഒരു പിന്‍‌ കുറിപ്പുകൂടി:
ഇതു വായിക്കുന്ന നല്ലവരായ എന്റെ കൂട്ടുകാര്‍ നല്ല ശോകഗാനങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാലക്കേടിനിതെങ്ങാനും പൊട്ടിപ്പോയാല്‍ ഒന്നു രണ്ടാഴ്ചയെങ്കിലും ഇരുന്നു കേള്‍ക്കേണ്ടേ! ഇല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കില്ലെ എന്തു കോപ്പിലെ പ്രണയമാണെടാ ഇതെന്ന്!!

ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചാവിശേഷങ്ങളിലേക്കുകൂടി നിങ്ങളെ ക്ഷണിക്കുന്നു! ലിങ്കിവിടെ കൊടുത്തിരിക്കുന്നു.

ദി വ്യാജന്‍

കേരളത്തിലെ വിഷമദ്യ ദുരന്തം
ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍.
നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ – കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി.
“ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം …. ” എന്ന കവിതയും മൂളിപ്പോയ ഞാന്‍ (more…)

പശുവും ഭക്തിയും പിന്നെ മലയാളിയും

cow urine india
ഇങ്ങനേയും ഒരു ഭക്തിയോ!
ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂം‌മേറ്റായ ഷൈന്‍‌ വര്‍ഗീസിന്റെ കൂടെ (more…)

കൂട്ടുകാരാ ക്ഷമിക്കുക…!

My Dear Friend
മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങ‍‍‍ള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാ‍ന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) ക‍ണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ‌ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.

പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിന‌ക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!

നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇ‍ല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍‌ എന്നും‌ നിറഞ്ഞുനില്‍‌ക്കുന്നൊരു കൂട്ടുകാരന്‍‌‌) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ്‌ കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.

അവിടെ നിന്നും വ‌ന്ന്, അവ‌രെ റൂമിലാക്കി, ജോലിത‌പ്പി ഇവിടെ എത്തിയ‌ മൂന്നുകുട്ടിക‌ളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വ‌ണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവ‌ര്‍ക്കിന്റെ ബാല‌പാഠങ്ങളും പഠിച്ച് ജോലിത‌പ്പി ഇറ‌ങ്ങിയ‌താണു മൂവ‌രും. നേരാം‌വണ്ണം ഇംഗ്ലീഷറിയില്ല‌, ഹിന്ദിയ‌റിയില്ല, ന‌ല്ലൊരു സ‌ര്‍ട്ടിഫിക്കേറ്റില്ല‌, എക്സ്പീരിയ‌ന്‍സില്ല. ആഗോള‌സാമ്പ‌ത്തിക‌മാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. ന‌ല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത‌ അവ‌രെ എങ്ങനെ സ‌ഹായിക്കാന്‍ പ‌റ്റുമെന്ന‌ ആശ‌ങ്കയിലായിരുന്നു ഞാന്‍. ജോലി ത‌പ്പിയിറ‌ങ്ങുന്ന‌ പ്രിയ‌കൂട്ടുകാരുടെ ഓര്‍‍മ്മ‌യിലേക്കു കൂടി വേണ്ടിയാണിതെഴുതുന്ന‌ത്. ഒരുവെടിക്കുള്ള‌ ന‌ല്ലൊരായുധം ന‌മ്മുടെ കൈയില്‍ ഉണ്ടായിരിക്ക‌ണം. അതു ഭാഷയാവ‌ടെ ടെക്നോള‌ജിയാവ‌ടെ… അതില്‍ ന‌മ്മ‌ള്‍ മിടുക്ക‌രാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്ന‌യാളെ ബോധ്യപ്പെടുത്തിക്കൊടുക്ക‌നും ന‌മുക്കു ക‌ഴിയ‌ണം. കൊച്ചുക്ലാസ്സുക‌ളില്‍ ഭാഷ പ‌ഠിപ്പിക്കുന്ന‌ ന‌മ്മുടെ അദ്ധ്യാപ‌കര്‍ ത‌ന്നെയാണ് കുട്ടിക‌ളുടെ ഈ ദുര്‍വിധിക്കു കാര‌ണ‌ക്കാര്‍. അനാവ‌ശ്യകാര്യങ്ങള്‍ കുത്തിനിറ‌ച്ച് ത‌ല‌ച്ചുമ‌ടായി കൊണ്ടുന‌ട‌ക്കേണ്ടിവ‌രുന്ന‌ സില‌ബ‌സ്സ് മ‌റ്റൊരുകാര‌ണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.

K R Marcket Bangaloreആ കുട്ടിക‌ളെ പ‌റ‌ഞ്ഞുവിട്ടശേഷം വ‌ഴിയ‌രികില്‍ നിന്നും ര‌ണ്ടു ഗ്ലാസ്സു ക‌രിമ്പിന്‍ ജ്യൂസ്സും ക‌ഴിച്ച് (ഒരു ഗ്ലാസ്സു ക‌ഴിച്ച‌പ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും ക‌ണ്ടു ഞാന്‍ ന‌ട‌ക്കുക‌യായിരുന്നു. ത‌ന്നേക്കാള്‍ വ‌ലിയ‌ തൂമ്പ‌യുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന‌ അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായ‌ത്തില്‍ ഞാനൊന്നും ക‌ത്തിയെടുത്ത് ‌ഒരു വിറ‌കുക‌മ്പു പോലും വെട്ടിയിട്ടുണ്ടാവില്ല‍‍.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.

വ‌ഴിപോക്ക‌രുടെ സൗമ‌ന‌സ്യം കാത്ത് വഴിവാണിഭച്ച‌ര‌ക്കുക‌ളൊരുക്കി നിര‌ന്നിരിക്കുന്ന‌ നിറ‌യൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പ‌യില്‍ നായ്ക്ക‌ളോടു മ‌ല്ലി‌ട്ട് ആരൊക്കെയോ വ‌ലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുക‌വ‌റുക‌ള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന‌ വൃദ്ധമാതാവ്… ഈച്ച‌ക‌ളാര്‍ക്കുന്ന‌ ക‌റുത്ത‌മ‌ലിന‌ജ‌ല‌ത്തില്‍‍‍ കിട‌ന്നുരുളുന്ന‌ കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റ‌ര്‍ ചുറ്റ‌ള‌വിലും കാണാമിവിടെ ഇത്ത‌രം ക‌ഴ്ച‌ക‌ള്‍.‍ കേര‌ളം ദൈവ‌ത്തിന്റെ സ്വന്തം നാടാവുന്ന‌ത് ഈ ഒരര്‍‌ത്ഥത്തില്‍ ത‌ന്നെയാണ്. ഭിക്ഷയാചിക്കുന്ന‌ ഒരുമ‌ല‌യാളിയെപ്പോലും ഞാനിതുവ‌രെ കേര‌ള‌ത്തിലോ പുറ‌ത്തോ ക‌ണ്ടിട്ടില്ല‍. കേര‌ള‌ത്തിലെ യാച‌കരില്‍ പ‌ല‌രും ത‌മിഴ‌രോ തെലുഗ‌രോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.

ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി ന‌ട‌ക്കുമ്പോഴാണ് പുറ‌കിലൂടെ ആരോ ഓടിവ‌ന്നെന്റെ ക‌ഴുത്തില്‍ പിടിമുറുക്കിയ‌ത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശ‌മ‌നോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് ത‌ട്ടി-മുട്ടി ഡിഗ്രി ജ‌യിച്ച്; ന‌ട‌ത്തിക്കൊണ്ടിരുന്ന‌ സൈഡുബിസിന‌സ്സും നിര്‍ത്തി മൈസ്സൂരിലേക്കു വ‌ണ്ടിക‌യ‌റിയിരുന്നു‍. അവിടെ വ‌ന്നു നേഴ്സ്സിങ്ങും പ‌ഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ ത‌ന്നെ ക‌ഴിഞ്ഞുവ‌രിക‌യായിരുന്നു. തെര‌ക്കിലാണു മൂപ്പ‌ര്‍, ഭാര്യ ഗര്‍ഭിണിയാണ്‌. കുട‌കിലുള്ള‌ അവ‌ളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ട‌തുണ്ട്. ഞാന്‍ പ‌ഴ‌യ‌ ച‌രിത്രങ്ങള്‍ പ‌ല‌തും ഓര്‍‌ത്തുപോയി, എസ്. എഫ്. ഐക്കാരായ‌ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു ക‌ണ്ണൂരുപോയ‌തും അവിടെ ആളുക‌ളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പ‌ലം ബീച്ചില്‍ പോയി ക‌ട‌ലിലിറ‌ങ്ങിയ‌തും ഒക്കെ. സ‌ഹ‌യാത്രിക‌യോട് അപ‌മ‌ര്യാദ‌യായി പെരുമാറിയ‌തിന്റെ പേരില്‍ മ‌ന്ത്രിസ്ഥാനം രാജി വെക്കുക‌യും പിന്നീട് ആ ദിവ‌സം ത‌നിക്ക് ഇട‌തുകൈ ഒരുപ‌രിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോട‌തിയില്‍ തെളിയിച്ച് പൊടിയും ത‌ട്ടി ഇറ‌ങ്ങിവ‌ന്ന‌ നമ്മുടെ പി. ജെ. ജോസ‌ഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്‌. പയസ്സില്‍ ഇന്ന‌ങ്ങനെയൊരു സംഘടന‌ ഉണ്ടോ എന്നറിയില്ല‌.

മ‌നോജെനിക്കു അവ‌ന്റെ ഫോണ്‍ നമ്പ‌ര്‍ ത‌ന്നു. അവിടെ അടുത്തുള്ള‌ ചില‌ മ‌ല‌യാളിഹോട്ട‌ലുക‌ള്‍ പ‌രിച‌യ‌പ്പെടുത്തിത്ത‌ന്നു. ആരുടേയോ ന്ഴ്സിങ് സ‌ര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റ‌സ്റ്റേഷനുവേണ്ടി കൊണ്ടുവ‌ന്ന‌തായിരുന്നു അവ‌ന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മ‌നോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയ‌ര്‍ഫോഴ്സില്‍ വ‌ര്‍ക്കുചെയ്യുന്ന‌ സുഹൃത്തായ‌ സ‌തീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.

സംഭവമിതാണ്:
Apple Juice at Bangaloreമ‌നോജ് കാണിച്ചു ത‌ന്ന‌ ഹോട്ട‌ലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമ‌സ്സിക്കുന്ന‌ ജിജിമാഷിനും (ഞങ്ങള്‍ പ‌ര‌സ്പ‌രം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്ക‌റുള്ള‌ത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു ക‌രുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവ‌രെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുക‌യായിരുന്നു ഞാന്‍. നട്ടുച്ച‌വെയിലില്‍ സൂര്യന്‍ ത‌ന്റെ സ‌ക‌ല‌പ്രതാപ‌വും കാണിച്ച‌പ്പോള്‍ ഞാനാകെ ത‌ള‌ര്‍ന്നുപോയിരുന്നു, ഒരു ബേക്ക‌റിക്ക‌ട‌യില്‍ ക‌യ‌റി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡ‌ര്‍ കൊടുത്തു. അന്നേര‌മാണു ശ്രദ്ധിച്ച‌ത്, എന്നേക്ക‌ണ്ടിട്ടെന്ന‌പോലെ ഒരാള്‍ പെട്ട‌ന്ന് കടയുടെ ഉള്ളിലേക്കു മാറിയ‌തുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുക‌യും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുക‌യും ചെയ്യുന്ന‌ ആ വ്യക്തി ആരെന്ന‌റിയാന്നുള്ള‌ അദമ്യമായ‌ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവ‌ന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പ‌റ‌ഞ്ഞു. എന്നിട്ടു പുറ‌ത്തെക്കുമാറി ഒരു കോണ്‍‌ക്രീറ്റുതൂണിനുമ‌റ‌ഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സ‌പ്പോര്‍ട്ടിന് ഒരു മ‌നോര‌മ‌പേപ്പ‌റിന്റെ സ‌ഹായ‌വും തേടി.മ‌റ്റാരോ കൊടുത്ത‌ ബ‌ട്ട‌ര്‍ബ‌ന്നിന്റെ പ്രിപ്പ‌റേഷനുവേണ്ടി പുറ‌ത്തേക്കിറ‌ങ്ങിയ‌ ആ കൂട്ടുകാര‌നെ അവിശ്വസനീയ‌ത‌യോടെ ഞാന്‍ ക‌ണ്ടു. അവിടെത്ത‌ന്നെ മ‌റ‌ഞ്ഞിരിക്ക‌ണോ, അവ‌നേടു സംസാരിക്ക‌ണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പ‌ണ്ടുക‌ണ്ട‌മുഖമേ അല്ല‌. പാന്‍പ‌രാഗുപോലുള്ള‌ എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. ക‌ണ്ണുക‌ളില്‍ പ‌ഴ‌യ‌ തേജ‌സ്സില്ല‌. യാന്ത്രിക‌മായി പ്രവ‌ര്‍ത്തിക്കുന്ന‌ ഒരു മെഷ്യനെപ്പോലെ തോന്നി. അവ‌ന്‍ എന്നെ ക‌ണ്ടു!

നീ പോയിരുന്നില്ലേ?” ‍ നേരിയ‌ ചിരിവ‌രുത്തി അവ‌നെന്നോടു ചോദിച്ചു.

നീ എന്നെ ക‌ണ്ടിരുന്നേ?” എന്റെ മ‌റു ചോദ്യം.

ഹം, ഞാന്‍ ഒളിച്ചിരിക്കുക‌യായിരുന്നു. അറിയുന്ന‌വ‌ര്‍ വ‌രുമ്പോള്‍ ഒരു വ‌ല്ലായ്മ‌ തോന്നുന്നു.” അവ‌ന്‍ പ‌റ‌ഞ്ഞു തുട‌ങ്ങി. അവ‌ന്റെ കാക്കയുടെ ക‌ട‌യാണ‌ത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്ന‌താണ‌ത്രേ. നീയൊക്കെ ഉയ‌ര്‍ന്ന‌ നില‌യിലെത്തിക്കാണാന്‍ സാധിച്ച‌തില്‍ സ‌ന്തോഷമുണ്ടെടാ എന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌ന്റെ ശ‌ബ്ദ‌മിട‌റിയ‌തായി തോന്നി. അവ‌നെവിടെയോ ഒരു വ‌ലിയ‌ അബ‌ദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്ക‌തു ചോദിക്കാന്‍ തോന്നിയില്ല‌. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്ന‌വ‌ന്‍ ചോദിച്ചു. ക‌ഴിഞ്ഞ് ആഴ്ച‌ ഗോപാല‌കൃഷ്ണ‌നിവിടെ വ‌ന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം ക‌ഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മ‌നോജും ഞാനും ഇതു വ‌ഴിവ‌ന്നിരുന്നു എന്നും പ‌റ‌ഞ്ഞു. പക്ഷേ അവ‌ന്‍ മ‌നോജിനെ മ‌റ‌ന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ച‌വ‌നു നേരിയ‌ ഓര്‍‌മ്മപോലുമില്ല‌.

തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പ‌റ‌യേണ്ടാ‘ എന്ന‌വ‌ന്‍ ഇട‌യ്ക്കിട‌യ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.

അടുത്തുള്ള‌ മ‌ദ്യഷോപ്പു ചൂണ്ടി അവ‌ന്‍ ചോദിച്ചു ചീത്ത‌സ്വഭാവം വ‌ല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌നെന്നെ ക‌ളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വ‌ന്ന‌തെന്നും ആണുങ്ങളായാല്‍ അല്പ‌മ‌തൊക്കെ വേണ‌മെന്നുമൊക്കെ അവന്‍ പ‌റ‌യുന്ന‌ത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍‌ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍‌മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന‌ സാല‌റിയില്‍ പ‌കുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായ‌തില്‍ പ‌കുതികൊണ്ട് പെണ്‍കുട്ടിക‌ള്‍ക്ക് ചോക്ക‌ളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലട‌ക്കാന്‍ വ‌ഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ട‌പ്പിരിവു ന‌ട‌ത്തുന്നു ചില‌ കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക്‌ കൃത്യമായെത്തിക്കുന്നുണ്ട്‌.

വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ച‌ക‌ളിലെ മ‌റ്റൊരു മായ‌ക്ക‌ഴ്ച‌യായി ഇതിനെ തള്ളിക്ക‌ള‌യാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറ‌ഞ്ഞതാണു ജീവിത‌മെന്നു ഞാനോര്‍‌ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!

കൊതിപ്പിക്കും ക‌നിക്കിനാവുക‌ള്‍ക്കാട്ടി
ക്കൊതിപ്പിക്കും പ‌ക്ഷേ കൊടുക്ക‌യില്ലവള്‍
” ‍‍ -എന്നു വൈലോപ്പിള്ളിയോ മ‌റ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ള‌ട്ടേ, ന‌മുക്കു ജീവിതം ത‌രാന്‍ മ‌ടിക്കുന്ന‌തൊക്കെയും ജീവിത‌ത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള‌ ആര്‍‌ജ്ജ‌വം ന‌മുക്കുണ്ടാവ‌ണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവ‌രില്‍ നിന്നും ഒളിച്ച് ന‌മുക്കെത്രനാള്‍ ക‌ഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.

പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍‌ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.

എന്നോടു ക്ഷമിക്കുക…

എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…

എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…

എന്നോടു ക്ഷമിക്കുക…

ഗുഹാന്തര

Guhantara Bangalore, ഗുഹാന്തര ബാഗ്ലൂർ
ഗുഹാന്തര റിസോർട്ടിനവശം, ബാഗ്ലൂർ

ഇതൊരു ടീം ഔട്ടിങിന്റെ കഥയാണ്. മുമ്പ്, സാമ്പത്തിക മാന്ദ്യം ബാംഗ്ലൂരിനേയും ലോകത്തേയും ഒക്കെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതിനു ഒന്നോ രണ്ടോ മാസം മുമ്പ് കമ്പനിയില്‍ നിന്നും ഞങ്ങള്‍ അവസാനമായി നടത്തിയ ഒരു ഔട്ടിങിന്റെ കഥ. അതിനുമുമ്പ് ഓരോ ആറുമാസം കൂടുമ്പോഴുമുണ്ടാവുമായിരുന്നു ഇതുപോലുള്ള യാത്രകള്‍. ബാംഗ്ലൂരിന്റെ അല്പം ഔട്ടറിലായി, പണ്ട് വീരപ്പന്റെ സാമ്രാജ്യമായിരുന്ന സത്യമംഗലം വനാതിര്‍ത്തിയിലുള്ള‌ ഗുഹാന്തര [guhantara] എന്നൊരു അണ്ടര്‍ഗ്രൌണ്ട് റിസോര്‍ട്ടിലേക്കായിരുന്നു ഞങ്ങള്‍ അന്നു പോയത്. പത്തമ്പതുപേരുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല. ഇല്ലാന്നല്ല, അന്നേരം ടീമിലുണ്ടായിരുന്ന ഒരേയൊരു പെണ്‍കുട്ടി ആതിര നായര്‍ ആയിരുന്നു. അവളീ പ്രോഗ്രാമിനു വന്നിട്ടുമില്ല.

രാവിലെതന്നെ ഞങ്ങള്‍ ഗുഹാന്തര റിസോര്‍ട്ടില്‍ എത്തി. ഡാകിനിയമ്മൂമ്മയുടെ ഗുഹാമുഖം പോലൊരു എന്‍ട്രന്‍സ് മാത്രമേ പുറമേയ്ക്കുകാണാനുള്ളു. മുകളില്‍ ഒരു വലിയ പ്രദേശമപ്പാടെ മുള്ളുവേലിയാല്‍ മറച്ചുവെച്ച ഒരു പാര്‍ക്കുപോലെ തോന്നിച്ചു. അടുത്തെങ്ങും ഒരു വീടുപോലുമില്ല. തികച്ചും വിജനമായ പ്രദേശം. അധികമകലെയല്ലാതെ ഫോറസ്റ്റ്. അങ്ങിങ്ങായി ആടിനേയും പശുവിനേയുമൊക്കെ മേയ്‍ച്ചു നടക്കുന്ന ചില ഗ്രാമീണവാസികള്‍. ആ ഗുഹാമുഖവും തുടര്‍ന്നുള്ള വഴികളുമൊക്കെ കണ്ടാല്‍ കൃത്രിമമായുണ്ടാക്കിയതാണെന്നു പറയില്ല‌. അതിലൂടെ കേറിയാല്‍ നീണ്ടുനീണ്ടുപോകുന്ന വഴിയില്‍, ഇടവിട്ടിടവിട്ട് വിളക്കുകളുണ്ട്. ശ്വാസം കിട്ടാന്‍ വേണ്ടിയാവാം ഇടയ്‍ക്കൊക്കെ മുകളിലേക്ക് ചെറിയ ചെറിയ ദ്വാര‌ങ്ങളുമുണ്ട്. അതിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കു കയറുന്നുണ്ടായിരുന്നു. ആ യാത്ര അവസാനിക്കുന്നത് സാമാന്യം വലിയൊരു ഹാളിലേകാണ്. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം കാണുക; അതുതന്നെ ഹാൾ…

സൈഡിലൊരു കൊച്ചു സ്വിമ്മിങ്‍ പൂളുണ്ട്. അതിനുനടുവിലൂടെ മുളകൊണ്ടുതീര്‍ത്തൊരു കൊച്ചുപാലം. ചുമരുകളൊക്കെ പുരാതനകാലത്തെ കൊത്തുപണികളെ ഓര്‍മ്മിപ്പിക്കുന്ന കലാവിരുന്നുകള്‍. എല്ലാം ആര്‍ട്ടിഫിഷ്യലാണ്. ആ ഹാളിന്റെ മറ്റുസൈഡുകളിലൊക്കെയായി ഒരുപാടു ഗുഹാവഴികളുണ്ട്. രാത്രിയുറക്കത്തിനുള്ള മുറികളും ആധുനിക കളികളായ ടേബിള്‍ടെന്നീസും മറ്റും കളിക്കാനുള്ള പ്ലേറൂമുകള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നുവേണ്ട എല്ലാമുണ്ടവിടെ. ഇടയ്‌ക്കൊക്കെ ആകാശം കാണാനുള്ള മുകളിലേക്കുള്ള വാതായനങ്ങള്‍. ഒരു വലിയ ഹോട്ടല്‍. എല്ലാം ഭൂമിക്കടിയില്‍! ഓരോ മുറികള്‍ക്കും പേരിട്ടിരിക്കുന്നത് സംസ്‍കൃതത്തിലാണ്, ഭോജനശാല, നാട്യശാല, ശൌച്യാലയം എന്നൊക്കെ. രാഗമണ്ഡപവും സാമവാദശാലയുമുണ്ടവിടെ.

സ്വിമ്മിങ്പൂളിനു മുന്നിൽ…

ഞങ്ങള്‍ എല്ലാം നടന്നുകണ്ടു. അപ്പോഴേക്കും ബാംഗ്ലൂരിലെതന്നെ പ്രശസ്തങ്ങളായ രണ്ട് MNC- കളില്‍ നിന്നായി ഒരു വലിയ പടതന്നെ അവിടേയ്‍ക്കു വരികയുണ്ടായി. നല്ല നല്ല മലയാളച്ചന്തങ്ങള്‍ ചന്ദനക്കുറിയണിഞ്ഞു വരുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആശ്വാസം. തൃശ്ശൂര്‍കാരനായ പ്രേമും ഞാനുമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. ഞങ്ങളാ മലയാളിക്കുട്ടികളെ പരിചയപ്പെട്ട് അല്പം വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ദൂരെ ഹാളിനടുത്തുനിന്നും തമിഴന്‍ ഗുണശേഖരന്‍ വിളിക്കുന്നതുകണ്ടു. ഞങ്ങള്‍ അങ്ങോട്ടു ചെന്നപ്പോള്‍ വെങ്കിടേഷും അവിടെ നില്‍പ്പൂണ്ടായിരുന്നു. അവന്‍ കണ്ണുകൊണ്ട് സ്വിമ്മിങ്‍പൂളിലേക്കു നോക്കാന്‍ ആഗ്യം കാണിച്ചു. അവിടെ ഒരു പെണ്‍കുട്ടി നമ്മുടെ നയന്‍താരയേയും ഷക്കീലച്ചേച്ചിയേയുമൊക്കെ തോല്‍പ്പിച്ചിട്ടേയിനികാര്യമുള്ളൂ എന്നമട്ടില്‍ സ്വിമ്മിങ്‍ഡ്രസ്സില്‍ കിടന്നുപുളയുകയാണ്. അവള്‍ വെള്ളത്തില്‍ ഇരുന്നും കമിഞ്ഞും മലര്‍ന്നുമൊക്കെ നീന്തിക്കളിക്കുന്നു. ഇതുകണ്ടപ്പോള്‍ അങ്ങനെ അവിടെ നിന്നും സീന്‍ പിടിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. നമുക്കു വലിയ മാന്യന്‍മാരാകാന്‍ കിട്ടിയ ഒരു അവസരമല്ലേ, വെറുതേ പഴാക്കരുതല്ലോ. പക്ഷേ വെങ്കിടേശന്‍ വിട്ടില്ല. അവന്‍ അപ്പോള്‍തന്നെ അവന്റെ ഡ്രസ്സൊക്കെ അഴിച്ചുകൈയില്‍ തന്നു ഒരു ബര്‍മ്മുഡ മാത്രം ധരിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി. ഗുണശേഖരന്‍ ‘വെങ്കിടേശന്റെ കുളിസ്സീന്‍’ ഒരൂ സെക്കന്റുപോലും കളയാതെ വീഡിയോ ആയും ഫോട്ടോ ആയും പകര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, കൂടെ കുളിക്കുന്ന പെണ്‍കൊച്ചിന് ഒരു കുലുക്കവും ഇല്ലായിരുന്നു.

ഞങ്ങള്‍ മെല്ലെ അവിടെനിന്നും വലിഞ്ഞു. ബാംഗ്ലൂരില്‍ വന്നിട്ട് ഇത്രയൊക്കെയായിട്ടും മനസ്സിനിണങ്ങിയ ഒരു മലയാളിക്കുട്ടിയേയും കണ്ടുകിട്ടാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാന്‍. അല്പകാലമൊന്നു പ്രേമിക്കണം, പിന്നെ സഖിയായി കൂടെക്കൂട്ടണം. രണ്ടുപേര്‍ക്കും ജോലി കൂടിയുണ്ടെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാന്‍ പരമസുഖമാണ്. ഇത്തരം നല്ല ചിന്തകളേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. അപ്പോഴാണ് മലയാളിചന്തങ്ങളുടെ ഈ അരങ്ങേറ്റം. 🙊

guhanthara ഗുഹയ്ക്ക് വെളിയിലെ കവാടം
ഗുഹയ്ക്ക് വെളിയിലെ കവാടം

ഒരുകുട്ടിയെ അതില്‍ നിന്നും നോക്കിവെച്ചു. നല്ല ഗ്രാമീണത തോന്നിക്കുന്ന ഒരു കുട്ടി. വെളുവെളാന്നു വെളുത്ത ചുരിദാറും ഇട്ടവള്‍ പാറി നടക്കുന്നതു കാണാന്‍ തന്നെയൊരു ഐശ്വര്യമായിരുന്നു. ഇരുട്ടുള്ള ആ ഇടനാഴികളിലെ വെളിച്ചമായിരുന്നു അവള്‍. പേരു ചോദിച്ചു; നാടുചോദിച്ചു. പിരിയാന്‍ നേരമാവുമ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിക്കുകയുമാവാം എന്നു കരുതി. അത്യാവശ്യമൊന്നു പഠിച്ചതിനുശേഷം, ആരും പറഞ്ഞുവെച്ചിട്ടില്ലെങ്കില്‍ ഇഷ്ടം അങ്ങോട്ടു തുറന്നുപറയാം. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ മനക്കോട്ടകളുടെ ചിറകിലേന്തി പറന്നു നടന്നു.

ഇവിടെ ബാംഗ്ലൂരുള്ള‌ ഒരുമാതിരി പെണ്‍കുട്ടികള്‍ക്കൊക്കെ ഒന്നോരണ്ടോ കാമുകന്‍‍മാര്‍വെച്ചുണ്ടത്രേ. കേൾവിയാണിത്. ഫ്രീആയിട്ടുള്ള ഒന്നിനെകിട്ടാന്‍ പാടാണ് എന്നാണ് ബാംഗ്ലൂരിന്റെ മനശ്ശാസ്ത്രം അറിയാവുന്ന കൂട്ടുകാര്‍ പറഞ്ഞുതന്നിട്ടുള്ളത്. പിന്നെ ക്രഡിറ്റ്കാര്‍ഡും ബൈക്കുമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്കിവിടെ ക്ഷാമവുമില്ലാത്രേ. തനി നാടനായ എനിക്കിതിനോടൊന്നും യോജിച്ചുപോകാന്‍ തീരെ പറ്റുമായിരുന്നില്ല. ബൈക്കോടികാനാണെങ്കില്‍ തീരെ അറിയുകയുമില്ല. ആയ കാലത്ത് നല്ലൊരുപെണ്ണിനെ നോക്കി പ്രേമിച്ചിരുന്നെങ്കില്‍ ഈ വയസ്സാം കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് റൂംമേറ്റിന്റെ കമന്റും ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്. അതെന്തെങ്കിലുമാകട്ടെ, എന്തായാലും ഇവളെ പൊക്കണം എന്നു ഞാന്‍ തീരുമാനിച്ചു;  കൂട്ടുകാരുടെ പരാതി മാറ്റുകയുമാവാം. ഇവളങ്ങനെ കൂട്ടുകാര്‍ പറഞ്ഞതുപോലുള്ള‌ പെണ്‍കുട്ടിയൊന്നുമല്ല എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരുന്നു ഞാന്‍. ബാംഗ്ലൂരില്‍ ഒത്തിരി നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. കല്യാണത്തിനുള്ള ക്രൈറ്റീരിയ വരുമ്പോളവിടെയൊക്കെ പ്രശ്നമാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കി. ഈ കുട്ടിയാവുമ്പോള്‍ കാസര്‍ഗോഡിനടുത്താണ് പയ്യന്നൂരില്‍. ഒരുമണിക്കൂര്‍ യാത്രയേ ഉള്ളു… ഇങ്ങനെ ചിന്തിച്ചു കൂട്ടുകയല്ലാതെ എന്റെ ആയകലാത്തെ പ്രേമമൊക്കെ ഇവരോടു വിളമ്പേണ്ട വല്ല ആവശ്യവും എനിക്കുണ്ടോ!!

ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. വളരെ സുഭിക്ഷമായിത്തന്നെ കഴിഞ്ഞു. വെജും നോണും ഒക്കെയുണ്ടായിരുന്നു. ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് വെജിറ്റേറിയനാണ്. കഴിച്ചുകഴിഞ്ഞ ഉടനേ എല്ലാവരും പല കളികളിലായിട്ടേര്‍പ്പെട്ടു. ചെസ്സ്, ക്യാരംസ്… ഇങ്ങനെപോകുന്നു കളികള്‍. അല്പം സമയം കഴിഞ്ഞപ്പോള്‍ ഹാളില്‍ നിന്നും ഏതോ ഹിന്ദിപ്പാട്ടിന്റെ കാതടിച്ചുപോകുന്ന സൌണ്ട് കേള്‍ക്കാന്‍ തുടങ്ങി. അവിടെ ഡാന്‍സ്‌ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങോട്ടു ചെന്നു. “റെയിന്‍ ഡന്‍‌സ്‌” എന്നാണത്രേ അതിനുപറയുക. ഞാനാദ്യമായിട്ടാണിങ്ങനെ ഒരു ഡന്‍സിനെപ്പറ്റി കേള്‍ക്കുന്നതും കാണുന്നതും. സിനിമയിലൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ… മുമ്പൊരിക്കല്‍ ഒരു കൊടൈക്കനാല്‍ ട്രിപ്പില്‍ “ഫയര്‍ ഡാന്‍സി“നെ പരിചയപ്പെട്ടിരുന്നു. ഇത് അതിന്റെ മറ്റൊരുരൂപം ഡ്യൂപ്ലിക്കേറ്റായി മഴയുണ്ടാക്കി അതിനുകീഴെനിന്നും വൃത്തികെട്ട ശരീരചലനങ്ങളോടെ ആണുംപെണ്ണുമൊക്കെ ഒന്നിച്ചു തുള്ളുക, കൈകോര്‍ത്തുപിടിച്ച്‍ വട്ടത്തിലോടുക, കാലുതട്ടിയിട്ടെന്നപോലെ കെട്ടിമറിഞ്ഞുവീഴുക‌ ഇതൊക്കെയാണ് അവിടെ അന്നരങ്ങേറിയ ഈ “മഴനൃത്തം“.

ഞങ്ങളും അങ്ങോട്ടുചെന്നു. ഡാന്‍സ് തകര്‍ത്തു പെയ്യുകയാണ്. സൈഡില്‍ ചേട്ടന്‍‍മാരുടേയും ചേച്ചിമാരുടേയും പേക്കൂത്തുകളൊന്നും ശ്രദ്ധിക്കാതെ ഒരു നാലുവയസ്സുകാരന്‍ പയ്യനും ഡാന്സുകളിക്കുന്നുണ്ടായിരുന്നു. അവന്‍ അമ്മയെ തന്റെ ഡാന്‍സുകാണിച്ച് അവരെക്കൂടി കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്നു കര്‍ണകഠോരങ്ങളായിരുന്നു. ഡാന്‍സില്‍ മുറുകി ഓരോ ആളും വിഭ്രാന്തിയിലെന്നപോലെ ചലിക്കുകയാണ്.

വിഷമത്തോടെ എനിക്കുകാണേണ്ടിവന്നു; ആ ചടുലതാളപ്പുളപ്പില്‍, ചന്ദനക്കുറിതൊട്ടുവന്ന ആ മലയാളിത്തനിമയും നനഞ്ഞൊട്ടിയ വസ്ത്രവുമായി, ഉറയ്‍ക്കാത്ത ചുവടുകളോടെ ആള്‍ക്കൂട്ടത്തില്‍ മിന്നിമറയുന്നു. നടനവൈകൃതത്തിന്റെ കളിയരങ്ങില്‍ അവള്‍ ആടിത്തിമര്‍ക്കുകയാണ്. ആണുങ്ങളില്‍ ചിലര്‍ ബനിയനിട്ടിട്ടുണ്ട്. ചിലര്‍ ട്രൌസര്‍ മാത്രം. പെണ്‍കുട്ടികളിലധികവും ടീ ഷര്‍ട്ടുപോലുള്ള പേരറിയാത്ത എന്തൊക്കെയോ വസ്ത്രങ്ങളാണീട്ടിരിക്കുന്നത്. ചിലര്‍ക്കതുപേരിനുമാത്രം. മണിക്കൂറുകളോളം നീണ്ടുനിന്നു ആ പരിപാടി. അതുവെറുമൊരു റിഹേഴ്‍സല്‍ മാത്രമായിരുന്നുവത്രേ..! രാത്രി ഭക്ഷണത്തിന്റെ സമയത്താണ് ശരിയായ ഡാന്‍സുവരിക. എന്തോ, അതുകൂടികാണാനുള്ള ഭാഗ്യമുണ്ടായില്ല. ഞങ്ങളുടേത് ഒരു വണ്‍ഡേ ട്രിപ്പായിരുന്നു. ഗൂഗിളെടുത്ത് guhantara bangalore എന്നു സേര്‍ച്ചുചെയ്താല്‍ നിങ്ങള്‍ക്കുകാണാവുന്നതാണ് ആ റിസോര്‍ട്ടിന്റെ വിശദവിവരങ്ങള്‍, ചിത്രങ്ങള്‍ സഹിതം.

അന്നു നിര്‍ത്തിയതാണെന്റെ മലയാളച്ചന്തം തേടിയുള്ള തെരച്ചില്‍. ഈയിടെ കമ്പനിയില്‍ പുതിയതായി വന്ന ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് “ദാ ഇദ്ദേഹത്തിന് ആക്‍സഞ്ചറിലൊരു പെണ്‍കുട്ടിയെ കണ്ടെത്താമോ” എന്നു ചോദിച്ചപ്പോള്‍ വീണ്ടുമോര്‍ത്തുപോയി ഞാനിതൊക്കെ.

ആരേയും കുറ്റപ്പെടുത്താനായിട്ടെഴുതിയതല്ല. നാടോടുമ്പോള്‍ അതിന്റെ നടുവില്‍ കൂടെ തന്നെ ഓടണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോകും. കൂടുകാരെവിളിച്ച് ഇടയ്ക്കിടയ്ക്ക് വീശിയില്ലെങ്കില്‍, ഫോറത്തില്‍ പോയി വായിനോക്കിയില്ലെങ്കില്‍ വിലകൂടിയ സിഗരറ്റുപാക്കുകള്‍ കൈയിലില്ലെങ്കില്‍ അവധിദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മണിവരെ കിടന്നുറങ്ങിയില്ലെങ്കില്‍ ഇതിനൊക്കെ സമാധാനം പറഞ്ഞു മടുത്തുപോകും. അതാണു ബാംഗ്ലൂര്‍…! വഴിപിഴച്ച ജന്മങ്ങളുടെ വിഴുപ്പുചാലായി ഇവിടെ വന്നെത്തുന്നവർ നിമിഷമ്പ്രതി മാറ്റിക്കൊണ്ടിരിക്കുന്ന നഗരം. നല്ലതേത്‍ ചീത്തയേതെന്നു തിരിച്ചറിയാനാവാതെ മാറിനിന്നുകാണുക മാത്രമേ എന്നേപ്പോലുള്ളവര്‍ക്കു വിധിച്ചിട്ടുള്ളൂ… അതിനും അതിന്റേതായൊരു രസമുണ്ട്!!

പ്രവാസിയുടെ ദുഃഖം…

ഇന്നു രാവിലെ:
ഒരു ഇടിയപ്പത്തിന്‌(നൂല്‍‌പ്പുട്ട്) എട്ടു രൂപ; മൂന്നെണ്ണത്തിന്‌ 24 രൂപ!
ഇടിയപ്പത്തിന്റെ default കറി കടലക്കറിയത്രേ!! അതുകൊണ്ട് ചോദിക്കാതെ തന്നെ അതു കൂടെ കിട്ടും; അതിനു 15 രൂപ!!
ഒരു കുഞ്ഞു ഗ്ലാസില്‍ മുക്കാല്‍ ഭാഗം ചായ (കുറ്റം പറയരുതല്ലോ നല്ല രുചിയുള്ള പായസം പോലുള്ള ചായ), അതിന്‌ 7 രൂപ…
ആകെ 24 + 15 + 7 = 46 രൂപ…
50 രൂപ കൊടുത്തപ്പോള്‍ ഹോട്ടലുടമ പറഞ്ഞു ബാക്കി 4 രൂപ ഉച്ചക്കു തരാമെന്ന്…

ഇനി ഉച്ചയ്ക്ക്:
ചോറ്, എന്തൊക്കെയോ പച്ചക്കറികള്‍ കഴുകിയ വെള്ളത്തില്‍ ഉപ്പും പുളിയും ഒഴിച്ച് സാമ്പറെന്നു പേരുമിട്ടൊരു കറി, പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദം പോലെ ഒരു പയറു കറി, ഒരു സ്പൂണ്‍ റെഡിമെയ്‌ഡ് അച്ചാര്‍, ഒരു പപ്പടം = 45 രൂപ!!

വൈകുന്നേരം: മൂന്നു ചപ്പാത്തി 24 രൂപ… എന്തോ ഭാഗ്യത്തിന്‌ കൂടെ കിട്ടുന്ന കറിയെന്നു പറയുന്ന സാധനത്തിനു പൈസയില്ല!!

ഇവിടെ ബാഗ്ലൂരില്‍ ഇങ്ങനെയൊക്കെയാണ് 🙁

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights