Skip to main content

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്
ജി. എച്ച്. എസ്. എസ്. ചായ്യോത്ത്, ചായ്യോത്ത് പി. ഒ., നീലേശ്വരം വഴി, പിൻ 671314, കാസർഗോഡ് ജില്ല

ആരംഭിച്ചത് :1956 മാർച്ച് 19

സ്ഥാപകൻ :എൻ. ഗണപതി കമ്മത്ത്

ജില്ല : കാസർഗോഡ്

വിദ്യാഭ്യാസ ജില്ല: കാഞ്ഞങ്ങാട്

അധികാരി: സർക്കാർ സഹായം

സ്കൂൾ കോഡ്: 12044

ഹെഡ്മാസ്റ്റർ : സി. കുഞ്ഞിരാമൻ

1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളിന് എട്ടും എൽ. പി. സ്കൂളിനു അഞ്ചും ഹൈസ്കൂളിനു മൂന്നും കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എൽ പിയും 4 ലാപ് ടോപ്പുകളും ഉണ്ട്. കൂടാതെ ഹയർ സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്.

സ്കൂളിന്റെ നാൾവഴി

1956 കാലഘട്ടത്തിലെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോർഡ് മെമ്പറും ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവും ആയ എൻ. ഗണപതി കമ്മത്തിന്റെ താല്പര്യപ്രകാരമാണ് 1956 മാർച്ച് 19 ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവു ഷേണായി ആയിരുന്നു. അപ്പോൾ ചായ്യോം ബസാറിലുള്ള അമ്പു വൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനി ചന്തു, കെ. വി. കുഞ്ഞിരാമ൯, കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯, എം. വി. സി. പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണൻ നായർ, നാഗത്തിങ്കൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ, വരയിൽ കണ്ണൻ, കുഞ്ഞിരാമ൯, പി. കണ്ണൻ നായർ, പി. വി. കുഞ്ഞിക്കണ്ണ൯, പൊക്ക൯ മാസ്റ്റർ, കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരുടെ ശ്രമം കൂടി വിദ്യാലയം സ്ഥാപിതമായതിന്റെ പിന്നിൽ ഉണ്ട്. 1973 ൽ വിദ്യാലയം യു. പി. ആയി ഉയർത്തപ്പെട്ടു. അന്ന് വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 രൂപയും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിനു നല്കിയിരുന്നു. പിന്നീട് 80000 രൂപ ചിലവ് ചെയ്ത് നാട്ടുകാർ തന്നെ ഒരു കെട്ടിടം നിർമിച്ചു. ഈ വിദ്യായലയം 1980 -ൽ ഹൈസ്കൂൾ ആയും 2000 ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. ഗവണ്മെന്റ് അംഗീകാരം കിട്ടുന്നതിനു മുമ്പ് വി. ചിണ്ടൻ മാസ്റ്റർ ആയിരുന്നു അദ്ധ്യാപകൻ.

മറ്റുകാര്യങ്ങൾ

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരുടെ മുഴുവൻ ശമ്പളവും കൊടുത്ത കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ചയ്യോത്ത് ഗവണ്മെന്റ് സ്കൂൾ. കൂടാതെ അന്ധയായ വിദ്യാർത്ഥി നിത്യ തനിക്ക് അംഗപരിമിതർക്ക് ലഭിക്കുന്ന ഒരുമാസത്തെ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത 1,04,720 രൂപയും സകൗഡ് ആൻഡ് ഗൈഡ്, എസ്. പി. സി. വകയിൽ കിട്ടിയ തുക, പി. ടി. എ. ശേഖരിച്ച തുക എന്നിങ്ങനെ സ്കൂളിലെ വിവിധ സംഘടനകൾ ശേഖരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

Kerala-Flood-Relief-fund-Chayyoth-School
Kerala Flood Relief fund Chayyoth School
Kerala Flood Relief fund
ചായ്യോത്ത് സ്കൂളിലെ അന്ധയായ വിദ്യാർത്ഥിനി നിത്യ അംഗപരിമിതർക്ക് ലഭിക്കുന്ന മാസത്തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വാർത്ത

നാലാം വയസ്സുകാരി


ആത്മികയ്ക്ക് ഇന്ന് നാലുവയസ്സു തികയുന്നു. ആത്മികയുടെ പ്രായത്തിലുള്ള നിരവധി കുഞ്ഞുങ്ങളെ അറിയാം. അവരുടെ വേദനകളെ സന്തോഷങ്ങളെ കരച്ചിൽ, ചിരികൾ, വർത്തമാനങ്ങൾ ഒക്കെയും ആത്മികയിലൂടെ കാണുമ്പോൾ ഒരു രസമുണ്ട്. കഴിഞ്ഞ പ്രവശ്യം നഴ്സറി അടച്ച സമയത്ത് ആത്മിക നിന്നത് നാട്ടിൽ ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും കൂടെയായിരുന്നു. കഥ കേട്ടുറങ്ങുന്ന ശീലം അന്നവൾക്ക് അവിടെ വെച്ച് ഹൃദ്യമായി തോന്നിയിരിക്കണം, ദിവസേന വിവിധങ്ങളായ കഥകൾ കണ്ടെത്തി, അതു പറഞ്ഞ് ആത്മികയെ ഉറക്കാനുള്ള കഷ്ടപ്പാട് ഇപ്പോൾ എനിക്കാണ് എന്നതിൽ ഒരു സുഖമുണ്ട്. കുഞ്ഞുങ്ങളെ പറ്റിയുള്ള വിവിധ കാര്യങ്ങൾ, പലസ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവ പങ്കുവെയ്ക്കാം. ആത്മികയിലൂടെ ഞാൻ പരീക്ഷിച്ചറിഞ്ഞവ മാത്രമാണ് പങ്കുവെയ്ക്കുന്നത് എന്നതുമാത്രമാണ് ആധികാരികത.

കുട്ടിയുടെ രണ്ടു വയസ്സു മുതല്‍ 11 വയസു വരെയുള്ള കാലം ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടമാണ്. പിതാക്കളായ നമ്മൾ ഈ സമയത്ത് കുട്ടിയുടെ പഠനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണു മാനസികമായ വളര്‍ച്ചയും. കുഞ്ഞു മനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ടങ്ങളും അവയുടെ പ്രത്യേകതകളും അച്ഛനമ്മമാര്‍ മനസിലാക്കിയിരിക്കണം.
Happy Birthday Aatmika
രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്ന ത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. രണ്ടു മുതല്‍ ഏഴു വരെയുള്ള കുഞ്ഞിന്റെ പ്രായത്തെ മനോവ്യാപാര പൂര്‍വഘട്ടം (പ്രീ ഓപ്പറേഷണല്‍ പീരീഡ്) എന്നും ഏഴു മുതല്‍ 11 വരെയുള്ള പ്രായത്തെ മനോവ്യാപാര രൂപാത്മകഘട്ടം (കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ പീരീഡ്) എന്നും പറയുന്നത്. രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്നത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ നഴ്സറി തലത്തില്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുകയാണു മാതാപിതാ ക്കള്‍ ചെയ്യേണ്ടത്. അതിനു പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഒന്ന്: വായിക്കാനും പഠിക്കാനും മാനസികമായി തയാറാകുന്നതിനുള്ള പരിശീലനം കുട്ടിക്കു കിട്ടണം.
രണ്ട്: അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാന്‍ സഹായിക്കുന്ന പരിശീലനം നല്‍കണം. പലതരം കളികള്‍, കളറിങ്, കൂട്ടുകൂടല്‍, പങ്കുവയ്ക്കല്‍ ഇവയെല്ലാം കുട്ടി ചെയ്യട്ടെ.

കഥകളിലൂടെ പഠിക്കാം

കുഞ്ഞുമനസ്സിനു വേണ്ടുന്ന കഥകൾ ഉണ്ടാക്കാൻ അധിക പണിയൊന്നുമില്ല. ദിവസേന നമുക്കിടയിൽ സംഭിവിക്കുന്ന കാര്യങ്ങളെ കഥകളാക്കിയാൽ മതി. ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്നത് കാണുക.

നമ്മൾ അരക്കിലോമീറ്റർ അപ്പുറമുള്ള കടയിൽ പോകുന്നു, സാധനങ്ങൾ വാങ്ങിക്കുന്നു, തിരിച്ചു വരുന്നു, വരുന്ന വഴിക്ക് നമുക്കു നേരെ ഒരു സൈക്കിൾ വരുന്നു, നമ്മൾ മാറി നിൽക്കുന്നു. സൈക്കിളുകാരൻ വഴിസൈഡിൽ മറിഞ്ഞു വീഴുന്നു. അവനെ എണീപ്പിച്ച് നമ്മൾ വീട്ടിലേക്ക് വന്ന് സാധങ്ങൾ ഒക്കെയും വീട്ടുകാരിയെ ഏൽപ്പിക്കുന്നു. ഇത്രേം മതി ഒറിജിനൽ കഥ.

ഇതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളേയും കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഹൃദ്യമായ കഥകളാക്കി മാറ്റാം. ഏതു കുട്ടിക്കും കഥ കേള്‍ക്കാനിഷ്ടമാണ്. നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിൽ ഉറക്കെ കഥ വായിച്ചു കേള്‍പ്പിക്കുകയുമാവാം. ഒപ്പം ചിത്രങ്ങളും കാണിക്കണം. പുസ്തകത്തോടു കുട്ടിക്കു താല്‍പര്യം സ്വാഭാവികമായി ഉണ്ടാവുകയില്ല. കഥ പറയുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്നു കുട്ടിയെക്കൊണ്ടു പറയിക്കുന്നതു കുഞ്ഞിന്റെ ഭാവന വളര്‍ത്താന്‍ സഹായിക്കും. സൗമ്യമായ ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കണം. ശ്രദ്ധയും വിശകലനവും പോഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ശബ്ദം ഉപയോഗിച്ചുള്ള കളികളാണ്. ആദ്യം കുട്ടികളെ പലതരം ശബ്ദങ്ങള്‍ പരിചയപ്പെടുത്താം. സ്പൂണും ഗാസും മെല്ലെ കൂട്ടിമുട്ടിക്കുക. ഒരു ഗാസില്‍ നിന്നു മറ്റൊന്നിലേക്കു വെള്ളമൊഴിക്കുക തുടങ്ങിയവ.കുട്ടി പറയുന്ന വാക്കുകള്‍ മാതാപിതാക്കള്‍ വലിയ വലിപ്പത്തില്‍ എഴുതുക. എന്നിട്ടത് ഉറക്കെ വായിക്കുക. കുട്ടികള്‍ക്കറിയാവുന്ന സാധാരണ വസ്തുക്കള്‍ കാണിച്ചു പേരു പറയിക്കുക. ചോദ്യം കുട്ടിക്കു മനസിലാകുന്നില്ലെങ്കില്‍ വിശദീകരണം നല്‍കണം. കുഞ്ഞു വലുതാവുമ്പോൾ വേണ്ടുന്ന മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഭാഷയോടു കുട്ടിക്കു താല്‍പര്യം തോന്നുമ്പോള്‍ സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ ജീവിതം, കൃതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി ലൈബ്രറിയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കട്ടെ.കുട്ടി ശേഖരിച്ച വിവരങ്ങള്‍ പാട്ടായി, കഥാപ്രസംഗമായി ആഴ്ചയിലൊരിക്കല്‍ അച്ഛനമ്മയ്ക്കു മുന്നിൽ അവതരിപ്പിക്കട്ടെ.

ചെറിയ പ്രായത്തില്‍ കുട്ടിക്കു സ്വന്തം കൈ നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ ഉണ്ടാകു. പെന്‍സില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവില്ല. അവർ ചിത്രം വരച്ചും കളറുകൾ കൊടുത്തും വളരണം. മൂന്നുവയസ്സുമുതലേ തുടങ്ങാവുന്ന കാര്യമാണത്. ആത്മിക, രണ്ടുവയസ്സു കഴിഞ്ഞപ്പോൾ തന്നെ കളറുകൾ കൊടുത്തു തുടങ്ങിയിരുന്നു. ഇപ്പോൾ ഏത് ചിത്രങ്ങളായാലും കൃത്യമായി കളറുകൾ കൊടുക്കാൻ അവൾക്കാവുന്നുണ്ട്. കുട്ടിയുടെ വിരല്‍ എളുപ്പം ചലിപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ആദ്യം വളഞ്ഞ വരവരച്ചു കൊടുക്കുക. അവയിലൂടെ പെന്‍സിലോടിക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. പിന്നീട് അല്‍പം ബുദ്ധിമുട്ടുള്ള വരകളിലൂടെ പെന്‍സിലോടിപ്പിക്കുക. പെന്‍സിലോടിക്കുന്ന തു ഇടത്തു നിന്നു വലത്തേയ്ക്കാണെന്ന് ഉറപ്പാക്കണം.വരകളിലൂടെ വരയ്ക്കുന്നത് എഴുതുന്ന കഴിവിനെ സഹായിക്കും. ഇതിനൊക്കെയുള്ള പുസ്തകങ്ങൾ പത്തോ ഇരുപതോ രൂപകൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്നതാണ്. നമ്മളെ സമ്പന്ധിച്ചിടത്തോളം ഇതൊന്നും വലിയ ആനക്കാര്യമല്ല, പക്ഷേ കുഞ്ഞുങ്ങൾക്കിതൊക്കെ സ്വർഗതുല്യം തന്നെയാണ്.

നാലു വയസായ കുട്ടിയോട് ഒരു വാചകത്തിലോ രണ്ടു വാചകത്തിലോ കത്തെഴുതാന്‍ പ്രോത്സാഹിപ്പിക്കാം. വിഷയം കേക്ക് ഉണ്ടാക്കിയ കാര്യമോ, വീട്ടിലെ പട്ടിക്കുട്ടിയെക്കുറിച്ചോ എന്തുമാകട്ടെ. പ്രായമേറുന്തോറും വാചക ഘടന, വ്യാകരണം എന്നിവയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.കണക്ക് വെറും എണ്ണം പഠിക്കലും കൂട്ടലും കുറയ്ക്കലും മാത്രമാകരുത്. നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ കുട്ടിയെ മനസിലാക്കി കൊടുക്കുക. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഒന്നു മുതല്‍ 50 വരെ എണ്ണാന്‍ ചിലപ്പോള്‍ കുട്ടിക്കു കഴിഞ്ഞേക്കും. പക്ഷേ, കുട്ടിക്കു സംഖ്യാവബോധം ചിലപ്പോള്‍ പത്തുവരെ മാത്രമായിരിക്കും. എട്ടു, പത്തിനേക്കാള്‍ കുറവാണെന്നോ 12,10 നേക്കാള്‍ കൂടുതലാണെന്നോ ഉള്ള അറിവ് നേടാന്‍ കുട്ടിയെ സഹായിക്കണം. ചുറ്റുപാടുകളില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കണക്കിന്റെ പട്ടിക, വ്യത്യസ്തമായ ആകൃതികള്‍ എന്നിവയെക്കുറിച്ചു പഠിപ്പിക്കാം.1+2=3 എന്ന പട്ടിക ഇലകള്‍ പോലെ പ്രകൃതിയില്‍ സുലഭമായുള്ളവ ഉപയോഗിച്ചു പഠിപ്പിക്കാം.

മൂന്നു വിധത്തില്‍ പഠിക്കുന്നവരുണ്ട്
1. ചിലര്‍ കണ്ടു പഠിക്കും (വിഷ്വൽ ലേണേഴ്സ്)
2. ചിലര്‍ കേട്ടു പഠിക്കും (ഓഡിറ്ററി ലേണേഴ്സ്)
3. ചിലര്‍ നടന്നു വായിച്ചും തൊട്ടറിഞ്ഞും പഠിക്കും (കെനിസ്തറ്റിക് ലേണേഴ്സ്).

അതിനാല്‍ എന്റെ കുട്ടി ഒന്നും വായിച്ചു പഠിക്കില്ല എന്നു പരാതി പറയുന്നതു പൂര്‍ണമായും ശരിയല്ല. ആത്മിക കേട്ടുപഠിക്കുന്നതിലാണു മിടുക്കി… ദിവസവും പഠിക്കാന്‍ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കുക. പരമാവധി 45 മിനിറ്റില്‍ കൂടുതല്‍ കുട്ടിക്കു ശ്രദ്ധ പിടിച്ചു നിറുത്താന്‍ പറ്റില്ല. ഓരോ 45 മിനിറ്റിലും ഇടവേള അനുവദിക്കണം. കുട്ടിക്കു പഠനവൈകല്യങ്ങള്‍ ഉണ്ടോയെന്നു മാതാപിതാക്കള്‍ നിരീക്ഷിക്കുകയും വേണം.

ഭക്ഷണം

കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാൻ പാടില്ല എന്നുണ്ട്. വല്ലപ്പോഴും ഒരു കൗതുകത്തിനു കൊടുക്കുന്നതിൽ തെറ്റില്ല. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം, വെജിറ്റബിള്‍ ഉപ്പുമാവ്, തുടങ്ങി രാവിലെ ഇതുപോലെയാവണം കുഞ്ഞിന്റെ ഫുഡിങ്. പച്ചക്കറികളും ഗോതമ്പു പൊടിയുടെ പലഹാരങ്ങളും, പാലും ഒക്കെ കൊടുത്താൽ മതി. പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ എന്നുണ്ട്. ബാംഗ്ലൂർ പോലുട്ടെ വ്യവസായശാലകളിൽ കുഞ്ഞിന് ഒരു ഗ്ലാസ് പാൽ കൊടുത്ത് സ്കൂളിൽ വിടുന്ന മാതാപിതാക്കൾ പെരുകിവരുന്നതായി കാണുന്നു. പണ്ടേ ഇങ്ങനെയൊക്കെയായിരിക്കും, അനുഭവം കൊണ്ട് ഇപ്പോൾ ശ്രദ്ധയിൽ പെട്ടു എന്നേ ഉള്ളൂ. ഒരു പത്തുമണിയോടെ ഒരു പിടി കശുവണ്ടി, ഈന്തപ്പഴം, കാരറ്റ്, വെള്ളരിക്ക എന്നിവ വിരലിന്റെ വലിപ്പത്തില്‍ അരിഞ്ഞത്, കപ്പലണ്ടി മിഠായി, എള്ളുണ്ട, കാരറ്റ് ഹല്‍വ, ചീസ് സാന്‍ഡ്വിച്ച്, പഴങ്ങള്‍, അവല്‍ വിളയിച്ചത്, ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കാം.

ഉച്ചയൂണു ശ്രദ്ധയോടെ നൽകേണ്ടതാണ്. ആത്മികയ്ക്ക് അവളുടെ മിന്നമ്മയെ (വിജയ എന്നാണു പേര്) കിട്ടിയത് ഒരു ഭാഗ്യമെന്നു കരുതുന്നു, മഞ്ജുവിനെക്കാൾ നന്നായിട്ട് ഭക്ഷണം കൊടുക്കാൻ അറിയുന്ന പാലക്കാടുകാരിയാണു മിന്നമ്മ. ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം എന്നൊക്കെയാണാഗ്രഹം എങ്കിലും അതു പറയാൻ പറ്റാറില്ല. പരിപ്പോ പയറോ ചേര്‍ന്ന ഒരു കറിയൊക്കെ മിന്നമ്മ ശ്രദ്ധയോടെ കൊടുക്കാറുണ്ട്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നിറഞ്ഞതാണു പയര്‍ പരിപ്പു വര്‍ഗങ്ങള്‍.

ഒരു ദിവസം ആവശ്യമായ ഭക്ഷണം

. അരി, ഗോതമ്പ്, ചോളം, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ (ഊര്‍ജം പകരുന്നു)… 270 ഗ്രാം
. പയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ (വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു)… 60 ഗ്രാം
. പാലും മോര്, തൈര്, പനീര്‍ തുടങ്ങിയ പാലുല്പന്നങ്ങളും (പ്രോട്ടീന്‍, കാല്‍സ്യം, ബി വൈറ്റമിന്‍ എന്നിവ നല്‍കുന്നു.)… 500 മില്ലി
. കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ, ചേന, സവാള തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ (അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍ എ. കാല്‍സ്യം)… 100 ഗ്രാം
. ചീര, മുരിങ്ങയില, ലെറ്റൂസ് തുടങ്ങിയ ഇലക്കറികള്‍ (കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, ബി, സി, ഫോളിക് ആസിഡ് എന്നിവ നിറഞ്ഞത്)… 100 ഗ്രാം
. ബീന്‍സ്, കായ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ (വൈറ്റമിന്‍ സി, മറ്റു ധാതുക്കള്‍, നാര്)… 100 ഗ്രാം
. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം പോലുള്ള പഴങ്ങള്‍ (പ്രധാനമായും വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, നാര് എന്നിവ അടങ്ങിയിട്ടുണ്ട്)… 100 ഗ്രാം
. പഞ്ചസാര, തേന്‍, ശര്‍ക്കര തുടങ്ങിയ മധുരങ്ങള്‍ (രുചി കൂട്ടുന്നതിനൊപ്പം ഊര്‍ജം നല്‍കുന്നു. ശര്‍ക്കരയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്)… ആറു ചെറിയ സ്പൂണ്‍
. നെയ്യ്, എണ്ണ, വെണ്ണ തുടങ്ങിയ കൊഴുപ്പ് (വളരെയധികം ഊര്‍ജം പ്രദാനം ചെയ്യുന്നു)… അഞ്ചു ചെറിയ സ്പൂണ്‍

മാംസാഹാരം കഴിക്കുന്നവര്‍ പയര്‍ വര്‍ഗങ്ങളുടെ അളവു പകുതിയാക്കി, അതിനു പകരം ഇറച്ചിയോ മീനോ കഴിക്കാം. അതായത് 30 ഗ്രാം പയര്‍ വര്‍ഗം മാറ്റി അതിനു പകരം 30 ഗ്രാം മാംസാഹാരം ഉള്‍പ്പെടുത്തണം.

സ്കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.

വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യമാണ് ഏറ്റവും എളുപ്പം ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം എന്നുമുണ്ട്. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.

എട്ടു മുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.

ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.

എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.

ഇതുവേണ്ട
1. കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2. ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3. പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4. ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5. പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)

കുട്ടികളോടു സംസാരിക്കുമ്പോള്‍ മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്കണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.

ചോദ്യം ചെയ്യല്‍ വേണ്ട
കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല. സ്നേഹപൂർവ്വമുള്ള നിങ്ങളുടെ പെരുമാറ്റം അവർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. കടുപ്പിച്ചുള്ള നിങ്ങളുടെ ഒരു നോട്ടം മതി അവരെ സങ്കടപ്പെടുത്തുവാൻ. അതേ സമയം കുഞ്ഞിനെ ഒരു കുറ്റവാളിയെപോലെ കണ്ട് എന്നും തല്ലുകയും പേടിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ നോട്ടവും തല്ലും ഒക്കെ ഒരു സ്വൈര്യംകെടുത്തലായി അവർക്ക് തോന്നുമെന്നേ ഉള്ളൂ.

കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്
കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം. സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്.

കളിയില്‍ അല്‍പം കാര്യം
കളിക്കാന്‍ മാത്രമുള്ളതല്ല കളിപ്പാട്ടം. കുട്ടിയുടെ ബഹുമുഖ വളര്‍ച്ചയ്ക്ക് കളിപ്പാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാട്ടം നല്‍കുമ്പോള്‍ ഓര്‍ക്കുക, പുസ്തകങ്ങള്‍ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന് എന്നതാണു സത്യം. കളിപ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശു മനോരോഗ വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നോര്‍ക്കുക.

പ്രായത്തിന് അനുസരിച്ച് വേണം കളിപ്പാട്ടങ്ങളുടെ സ്വഭാവം. വിലയല്ല, ഈ കളിപ്പാട്ടം കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കണം. കുരുന്നുപ്രായത്തില്‍ കിലുക്കാംപെട്ടിയാണ് നല്ലത്. ശബ്ദവും നിറവും ചലനത്തെ സഹായിക്കുന്നു. ശബ്ദവും ശാരീരിക ചലനവുമായി നേരിട്ട് ബന്ധമുണ്ട്.

ഒരു വയസു മുതല്‍ രണ്ടു വയസു വരെ ഉന്തു വണ്ടികളാണ് നല്ലത്. ശബ്ദം കേള്‍ക്കാന്‍ വേണ്ടി തള്ളാനും അതുവഴി നടക്കാനും ഇത് പ്രേരണ നല്‍കും. രണ്ടിനും മൂന്നിനും വയസിനിടയില്‍ നിറങ്ങള്‍ക്കാണ് പ്രധാനം. പല നിറത്തിലുള്ള പന്തുകള്‍, പാവകള്‍ ഇക്കാലത്ത് നല്‍കണം. ശരീരത്തിന് മുറിവേല്‍ക്കാത്ത മൃദുവായ കളിക്കോപ്പുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

അഞ്ചു വയസു വരെ പാവകള്‍, കാറുകള്‍ പോലുള്ളവ കളിക്കാന്‍ ഉപയോഗിക്കാം. പിന്നീട് സൈക്കിളും വീടിനു പുറത്തെ കളികളും കുട്ടികളുടെ ലോകത്ത് എത്തുന്നു. ആടുന്ന മരക്കുതിര, ഊഞ്ഞാലുകള്‍ തുടങ്ങിയവ ഈ കാലയളില്‍ ആനന്ദം പകരും.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവ തോക്കു പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തോക്ക് നല്ലതാണ് രസകരമാണ്. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന ഗുണപാഠം ഇത്തരുണത്തില്‍ നല്‍കുക. തോക്കുപയോഗിച്ച് സമപ്രായക്കാരെയോ നമ്മളെ തന്നെയോ വെടിവെയ്ക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ കുഞ്ഞിനു നൽകാനേ പാടില്ല. ഇങ്ങനെ പറയാൻ ഏറെ കാര്യങ്ങൾ ഉണ്ട്. ഇന്നിത് ഇവിടെ നിർത്തുന്നു.

മനോരമയിൽ കൂടുതൽ വിവരങ്ങൾ…

ആത്മികയുടെ പഠനാരംഭം

കഴിഞ്ഞ ഒരു വർഷം ആമീസ് പഠിച്ചത് ബൊമ്മനഹള്ളിയിൽ വിടിനടുത്തുള്ള പ്രസിഡൻസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. അവിടെ ഭുവലക്ഷ്മി എന്നൊരു നല്ല ടീച്ചറിനെ കിട്ടിയതു ആമീസിന്റെ ഭാഗ്യം തന്നെ. ഭുവലക്ഷ്മി ടീച്ചർക്ക് കുഞ്ഞുങ്ങളെ നോക്കാൻ; പഠിപ്പിക്കാനും നന്നായിട്ടറിയാവുന്നതാണ്. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് കൊടുക്കാനവർക്കറിയാം. പക്ഷേ, ജയപ്രദ ടീച്ചർ അടക്കമുള്ള മറ്റു പലരേയും നന്നായി പരിചയപ്പെട്ടപ്പോൾ അവിടെ തുടർന്ന് ആമീസിനെ പഠിപ്പിക്കേണ്ടെന്നു കരുതുകയായിരുന്നു. ഇവിടെ ബാംഗ്ലൂരിലിൽ ഉള്ള മിക്ക പ്രൈവറ്റ് സ്കൂളുകളുടേയും പരിതാപകഥകൾ ഏറെയാണ്. ജയപ്രദ ടീച്ചർക്കൊക്കെ പ്ലസ് 2 യോഗ്യതമാത്രമേ ഉള്ളൂ. ഇവിടെ ബാംഗ്ലൂരിൽ പഠിച്ചതാകയാൾ നല്ല ഭാഷാസ്വാധീനമൊക്കെയുണ്ട്. ഒരു നെയ്ത്ത്കടയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. സാലാറി അല്പം കൂട്ടി 10000 കിട്ടുമെന്നായപ്പോൾ ടീച്ചറായവരാണവർ. ആമീസിന്റെ പരീക്ഷാടൈം ടേബിൾ എഴുതിത്തന്നതിൽ പോലും തെറ്റുണ്ടായിരുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി. അവർ ഒരു ടീച്ചറായിരുന്നു. വയസ്സായി റിട്ടയർ ആയപ്പോൾ ഇങ്ങനെ വന്നു നിൽക്കുന്നു. ഇതുപോലുള്ള പലകാരണങ്ങൾ കൊണ്ടാണ് ആമീസിനെ അവിടെ പഠിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്.

പല രീതിയിൽ പല സ്കൂളുകളിൽ അന്വേഷിച്ചപ്പോൾ LKG ക്ലാസ്സിനു ഒരു ലക്ഷം മുതൽ എട്ടരലക്ഷം വരെ കൈക്കൂലി (ഡൊണേഷൻ) ചോദിക്കുന്ന സ്കൂളുകളെ ചുറ്റുവട്ടത്ത് കാണാൻ പറ്റി. ഡൊണേഷന് അവർ റെസിപ്റ്റ് ഒന്നും തരില്ല. നിർബന്ധമാണെങ്കിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ബില്ല് കിട്ടും. അല്ലാതെ കൊടുത്തതിനോ വാങ്ങിച്ചതിനോ തെളിവില്ല. ആമീസിനു പറ്റിയ സ്കൂളായി കണ്ടെത്തിയത് സദ്ഗുരു സായീനാഥ് ഇന്റെർനാഷണൽ സ്കൂളാണ് (Sadhguru Sainath International School, Campus 165). വീട്ടിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരമുണ്ടെങ്കിലും, അധികം ബഹളവും വാഹനശല്യവും ഒന്നുമില്ലാത്ത ഒരു ഗ്രാമ്യമായ പ്രദേശമാണിത്. നിശബ്ദമാണ് പ്രദേശം. പിന്നെ പലരോടും ചോദിച്ചപ്പോൾ കുട്ടികൾക്ക് പ്രോജക്റ്റ് വർക്കുപോലുള്ള കലാപരിപാടികൾ ഇവിടെ ഇല്ലാന്നറിഞ്ഞു, അധികമായ പാഠ്യക്രമങ്ങളും ഇല്ല.

കാശുവാങ്ങിക്കുന്നതിൽ മറ്റു സ്കൂളുകാരെ പോലെ തന്നെയാണിവരും. ഡൊണേഷൻ ഇനത്തിൽ പൈസയായിട്ടില്ല; കാർഡ് സൈപ്പ് ചെയ്യാം എന്നു പറഞ്ഞപ്പോൾ അവരുടെ മെഷ്യൻ വർക്ക് ചെയ്യുന്നില്ല എന്നായിരുന്നു പറഞ്ഞത്. എടിഎം-ൽ പോയി എടുത്തുവരാനൊക്കെ ഉപദേശിച്ചെങ്കിലും ഞാൻ നിന്നു കൊടുത്തില്ല. പൈസ തന്നാൽ ബില്ല് നാളെ തരാമെന്നായി അവർ. ഞാൻ ഒന്നിനും നിൽക്കാതെ, വേറെ സ്കൂൾ കിട്ടുമോന്ന് നോക്കിക്കോളാം എന്നുപറഞ്ഞ് മഞ്ജുവിനേയും കുഞ്ഞിനേയും വിളിച്ച് ഇറങ്ങാൻ നോക്കിയപ്പോൾ അവർ അയഞ്ഞു. അകൗണ്ട് ഡീറ്റൈൽസ് തന്നു. ഞാനതിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്തുകൊടുത്തു.

രണ്ടുമാസങ്ങൾക്ക് ശേഷം ഇന്നായിരുന്നു ആമീസിന്റെ സ്കൂളിലെ ആദ്യ ദിനം. കൂടെ ഞാനും പോയി. കുഞ്ഞുങ്ങൾക്കായിട്ട് നല്ലൊരു ടീച്ചർ തന്നെയാണിവിടേയും ഉള്ളതെന്ന് ചെറിയൊരു പരിചയപ്പെടലിൽ ഏകദേശം മനസ്സിലായി. ആമീസിനൊരു പരിഭവം മുഖത്തുണ്ടായിരുന്നു. ടീച്ചറുടെ കൈയും പിടിച്ച് നടന്നകലുമ്പോൾ തിരിഞ്ഞ് നോക്കിക്കൊണ്ടേ ഇരുന്നു. ആദ്യമായി കാണുന്ന ടീച്ചർ പുതിയ കൂട്ടുകാർ, പുതിയ സ്കൂൾ, അന്തരീക്ഷം,… ഒക്കെ കൂടിക്കലർന്നതാവണം പരിഭവത്തിനു കാരണം. രണ്ടുമണിക്കൂർ ഞാൻ പുറത്ത് കറങ്ങി നടന്ന് ചുറ്റുപാടുകൾ ഒക്കെ കണ്ടു, സമയമായപ്പോൾ ആമീസിനെ കൂട്ടാനായിട്ട് പോയി. ടീച്ചറുടെ കൈയും പിടിച്ച് സന്തോഷത്തോടെ തുള്ളിച്ചാടി വരികയായിരുന്നു അവൾ.

മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

holy family high school rajapuramനമുക്കിന്നറിയപ്പെടുന്ന ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതാത് കാലഘട്ടത്തിലെ പൗരോഹിത്യത്തിന്റെ കടമയായി അതു നിലനിന്നു വന്നിരുന്നു. ഗുരുകുല വിദ്യാഭ്യാസം നില നിന്നിരുന്ന നമ്മുടെ പൂർവ്വകാലം  ആദ്ധ്യാത്മിക ജ്ഞാനത്തിനു മുന്തൂക്കം കൊടുത്തിരുന്നു; അല്ലെങ്കിൽ ആദ്ധ്യാത്മിക ജ്ഞാനത്തിലേക്കുള്ള വഴിയായിരുന്നു അറിവ് എന്നത്. (more…)

Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്

Mary Had A Little Lambവളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍‌ Mary had a little lamb -എന്ന പേരില്‍‌ 1830 -ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.

കവിതയുടെ ഇതിവൃത്തം‌ ചുരുക്കത്തില്‍‌

മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന ആട്ടിന്‍‌കുട്ടിയെ സഹോദരന്റെ അഭ്യര്‍‌ത്ഥന പ്രകാരം‌ പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍‌ മേരിയെ പരിഹസിക്കുകയും‌ ആട്ടിന്‍‌കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക്‌ ഓടിച്ചു വിടുകയും‌ ചെയ്യുന്നു. വൈകുന്നേരം‌ പള്ളിക്കൂടം‌ വിട്ട് മേരി പുറത്തിറങ്ങുന്നതും‌ കാത്ത്‌ ആട്ടിന്‍‌ കുട്ടി മുറ്റത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍‌കുട്ടി അടുത്തേക്ക്‌ സ്നേഹത്തോടെ ഓടിയെത്തുന്നു.

കേള്‍‌ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും‌ സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും‌, മേരിയുടേയും‌ കുഞ്ഞാടിന്റേയും‌ കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും‌ കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്‌. ഒരു ചെറിയ സം‌ഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍‌ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും‌.

വിക്കിപീഡിയ പറയുന്നതു കേള്‍‌ക്കുക:

A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.

കവിതയുടെ മലയാള പരിഭാഷയും‌ ഒറിജിനലും‌‌

  • മേരിക്കുണ്ടൊരു കുഞ്ഞാട്
    മേനികൊഴുത്തൊരു കുഞ്ഞാട്
    പാല്‍നുരപോലെ വെളുത്താട്
    പഞ്ഞികണക്കുമിനുത്താട്

    തുള്ളിച്ചാടിനടന്നീടും
    വെള്ളത്തിരപോല്‍ വെള്ളാട്
    കിണുകിണിയെന്നു കിലുങ്ങീ‍ടൂം
    കിങ്ങിണി കെട്ടിയ കുഞ്ഞാട്

    മേരിയൊടൊത്തുനടന്നീടും
    മേരിയൊടത്തവനുണ്ടീടും
    മേരിക്കരികെയുറങ്ങീടും
    മേരിയെണീറ്റാലെഴുന്നേല്‍ക്കും.

    ഒരുനാള്‍ പള്ളിക്കൂടത്തില്‍
    മേരിയൊടൊപ്പം കുഞ്ഞാടും
    അടിവച്ചടിവച്ചകമേറി
    അവിടെച്ചിരിതന്‍ പൊടിപൂരം

    വെറിയന്മാരാം ചിലപിള്ളേര്‍
    വെളിയിലിറക്കീ പാവത്തെ
    പള്ളിക്കൂടപ്പടിവാതില്‍
    തള്ളിയടച്ചവര്‍ തഴുതിട്ടൂ

    പള്ളിക്കൂടം വിട്ടപ്പോള്‍
    പിള്ളേരിറങ്ങിനടന്നപ്പോള്‍
    മേരിവരുന്നതു കണ്ടപ്പോള്‍
    ഓടിയണഞ്ഞൂ കുഞ്ഞാട് !

  • Mary had a little lamb,
    little lamb, little lamb,
    Mary had a little lamb,
    whose fleece was white as snow.
    And everywhere that Mary went,
    Mary went, Mary went,
    and everywhere that Mary went,
    the lamb was sure to go.

    It followed her to school one day
    school one day, school one day,
    It followed her to school one day,
    which was against the rules.
    It made the children laugh and play,
    laugh and play, laugh and play,
    it made the children laugh and play
    to see a lamb at school.

    And so the teacher turned it out,
    turned it out, turned it out,
    And so the teacher turned it out,
    but still it lingered near,
    And waited patiently about,
    patiently about, patiently about,
    And waited patiently about
    till Mary did appear.

    “Why does the lamb love Mary so?”
    Love Mary so? Love Mary so?
    “Why does the lamb love Mary so,”
    the eager children cry.
    “Why, Mary loves the lamb, you know.”
    The lamb, you know, the lamb, you know,
    “Why, Mary loves the lamb, you know,”
    the teacher did reply.


ഈ കവിത വായിക്കുന്ന ഓരോ നിമിഷവും‌ മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്‌; ചെറുവത്തൂര്‍‌ കൊവ്വലിലെ (ഇപ്പോള്‍‌ വി.വി. നഗര്‍) എല്‍‌. പി. സ്‌കൂള്‍‌ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍‌ മാഷിനേയും‌ കപ്പടാമീശയും‌ വെച്ചുവരുന്ന ഭരതന്‍‌ മാഷിനേയും‌, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും‌ – പേരു മറന്നുപോയി! 1985 -ല്‍‌ ഒന്നുമുതല്‍‌ രണ്ടര വര്‍ഷം‌ ഞാനവിടെയായിരുന്നു പഠിച്ചത്‌. ടി.സി. വാങ്ങിച്ചുവരുമ്പോള്‍‌ “നന്നായി പഠിക്കണം‌ മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം‌ മാത്രമേ ഓര്‍‌ക്കുന്നുള്ളൂ. പിന്നീട്‌ ഓരോവട്ടം‌ ചെറുവത്തൂരു പോകുമ്പോഴും‌ ഗോപാലന്‍‌ മാഷിനെ കാണാന്‍‌ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍‌മ്മയ്‌ക്കു മുമ്പില്‍‌ ഈ പഴയ പാട്ടും‌ ഈ ലേഖനവും‌ സമര്‍‌പ്പിക്കട്ടെ!!

ഈ ലേഖനത്തില്‍‌ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍‌ക്കാനാഗ്രഹിക്കുന്നവര്‍‌ ദാ ഇവിടെ മലയാളം‌ വിക്കിപീഡിയയില്‍‌ ഇത്‌ അതേപടി ഉണ്ട്‌, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂

ഈ ലേഖനം‌ ഓര്‍‌മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍‌:

  • ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
  • കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…

    വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
    തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു

    പഞ്ചാര തിന്നു മടുത്തു കുഞ്ചു…
    ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
    കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..

  • റാകി പറക്കുന്ന ചെമ്പരുന്തേ,
    നീയുണ്ടോ മാമാങ്ക വേല കണ്ടു,
    വേലയും കണ്ടു വിളക്കും‌ കണ്ടു,
    കടലില്‍ തിര കണ്ടു കപ്പല്‍‌ കണ്ടു…
  • നാണു വിറകു കീറി, കൂലി നാലു രൂപ…

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights