ചുറ്റുവട്ടങ്ങിളിലായി പലതരത്തിലുള്ള ഡിസൈനുകൾ നമ്മൾ കണ്ടുവരുന്നുണ്ട്. നിത്യേന കാണുന്ന പത്രമാധ്യമങ്ങൾ, അവയുടെ ഓൺലൈൻ വേഷപ്പകർച്ചകൾ, പുസ്തകങ്ങള്‍, അവയുടെ മുഖചിത്രങ്ങൾ, ഉൾപ്പേജുകൾ, കല്യാണ ക്ഷണക്കത്തുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, പരസ്യ ബ്രോഷറുകള്‍, ബില്ലുകള്‍, ബാനറുകൾ, ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലതാണു മേഖലകൾ. ഇവിടെ രണ്ടുതരം രചനാവിരുതുകളെ പറ്റി പറയുന്നു. ഒന്ന് റാസ്റ്റർ എഡിറ്റിങ്, മറ്റൊന്ന് വെക്ടർ എഡിറ്റിങ്. നല്ല ഗംഭീരമാർന്ന എഴുത്തുകൾ, കൃത്യമായ ചിത്രങ്ങൾ, ഇവ രണ്ടും ചേർത്തു യോജിപ്പിക്കാൻ പറ്റിയ ആശയങ്ങൾ എന്നിവ കൂടിച്ചേർന്ന സുന്ദരമായ കമ്മ്യൂണിക്കേഷന്‍ കലയാണു ഗ്രാഫിക് ഡിസൈനിങ് എന്ന സംഗതി.
റാസ്റ്റർ എഡിറ്റിങ്
ഒരു ചിത്രത്തിന്റെ മിനിമം രൂപമായ പിക്സൽ ലെവലിൽ വരെ പോയി എഡിറ്റിങ് നടത്താനാവുന്ന ലീലാവിലാസങ്ങൾ ആണവിടെ പ്രധാനം. പരിചയം കൊണ്ട് Adobe-ന്റെ Photoshop ആണ് മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറായിട്ട് തോന്നിയത്. കലാവിരുതുകൾ അറിയുമെങ്കിൽ പലതരം നൂലാമാലകൾ ഒപ്പിക്കാം എന്നതിനപ്പുറം സോഫ്റ്റ്‌വെയർ എന്ന നിലയിൽ മികച്ച പലതരം സംഗതികളും ഇതിലുണ്ട്. പക്ഷേ ഇത് Free യോ Open Source- ഒന്നുമല്ല ആവശ്യമുണ്ടെങ്കിൽ കാശു കൊടുത്ത് വേണ്ടത്ര സമയത്തേക്ക് വാങ്ങിക്കണം. താഴെ റാസ്റ്റർ എഡിറ്റിങ്ങിനു പറ്റിയ ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പേരുകൾ കൊടുക്കുന്നു. കാണുക.
ഇവയൊക്കെയും ഫോട്ടോഷോപ്പ് പോലുള്ള സ്റ്റോഫ്റ്റ്‌വെയറുകൾ പോലെ പകരമായി നിൽക്കാൻ പറ്റുന്നത് എന്നു പറയുന്നില്ല; കൂടെ നിൽക്കാൻ പര്യാപ്തമായ ഫ്രീസോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തി എന്നു മാത്രം കരുതുക. ഫോട്ടോഷോപ്പ് അറിയുന്നവർക്ക് അതേ ലോജിക്കിൽ ഉപയോഗിക്കാൻ പറ്റിയ ഒരു ഓൺലൈൻ സംവിധാനം ഉണ്ട്. https://pixlr.com/ – ഇതാണു സൈറ്റ്. അത്യാവശ്യകാര്യങ്ങളൊക്കെ ഒപ്പിക്കാം. മറ്റുള്ളവരെ ഒന്നു പേരുപറഞ്ഞ് പരിചയപ്പെടുത്താം. അത്, ഗൂഗിളിൽ തപ്പി കണ്ടുപിടിച്ച് ഉപയോഗിച്ചാൽ മതി. സ്പെല്ലിങ് മാറിപ്പോകാതെ നോക്കണം ഫ്രീവെയറുകൾ ഇങ്ങനെ അങ്ങു പോകുന്നു. ഇത് കോറൽഡ്രോ പോലുള്ള വെക്ടർ ഗ്രാഫിക്സ് അല്ല. അതിനെ പറ്റി താഴെ പടറയാം
വെക്ടർ എഡിറ്റിങ്
ഇവിടെ പറയുന്നത് കോറൽ ഡ്രോയെ അടിസ്ഥാനപെടുത്തിയവയാണ്. ഇത് വെക്ടർ എഡിറ്റിങാണ് . ശുദ്ധമായ വ്യക്തത ആവശ്യമായ രീതിയിൽ ലോഗോ, ലെറ്റർ പാഡ്, വിസറ്റിങ് കാർഡ് എന്നിവ പോലുള്ളവയ്ക്ക് നല്ലത് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളാണ്. ചറപറയാക്കി ഫെയ്സ്ബൗക്കിൽ തട്ടാനൊക്കെ റാസ്റ്റർ എഡിറ്റിങ് പണിയായുധങ്ങൾ തന്നെ ധാരാളം. പ്രിന്റിങിനും മറ്റും നല്ലത് ഇവനാണ്. അഡോബിന്റെ ഇല്ലുസ്‌ട്രേറ്റര്‍, കോറല്‍ ഡ്രോ ഒക്കെ തന്നെയാണിവിടേയും മുൻപന്തിയിൽ നിൽക്കുന്നത്. എന്തായാലും പറയുന്ന സോഫ്റ്റ്‌വെയറുകൾ വെറും പണിയായുധങ്ങൾ മാത്രമാണ്. ഇവയൊക്കെ വെച്ച് പണിയെടുക്കുന്ന ആളുകളുടെ മിടുക്കിൽ തന്നെയാണ് കാര്യങ്ങൾ ഇരിക്കുന്നത്. എങ്കിലും ചെറുതായ കാര്യങ്ങളൊക്കെ ഫ്രീയായി കിട്ടുന്ന സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തം കമ്പ്യൂട്ടറിൽ ചെയ്തു നോക്കാമല്ലോ, വേണ്ടെങ്കിൽ ഡീലീറ്റടിക്കാം, വേണമെങ്കിൽ കുട്ടപ്പനാക്കി ഫെയ്സ്ബുക്കിലിടാം!! അത്രേ ഉള്ളൂ കാര്യം…
ഭാരതം – ക്ലിക്ക് ചെയ്താൽ സോഴ്സ് ഫയൽ കാണാം
ഇവിടേയും ഞാനൊന്നിനു മുൻഗണന കൊടുക്കാൻ ആഗ്രഹിക്കുന്നു, അത് ഇങ്ക്‌സ്കേപ്പാണ്. പണ്ടുതൊട്ടേ സൈഡായിട്ട് അതും കൊണ്ടുപോകുന്നതു കൊണ്ടുള്ള ഒരു സ്നേഹം ആണെന്നു പറയാം. ഇതിൽ മുമ്പ് ചെയ്ത മിക്ക കാര്യങ്ങളും വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. അതിൽ ഭൂപടവുമായി ബന്ധപ്പെട്ടതു കാണുക << Map Project >>. സോഴ്സ്കോഡ് അടക്കം അതിൽ ഉള്ളതിനാൽ ഡൗൺലോഡ് ചെയ്തെടുത്ത് ആർക്കും കളികൾ കളിക്കാനാവും. മിക്ക ഇന്ത്യൻ ഭാഷകളിലേക്കും ഇതുപോലെ മാറ്റം വരുത്തിയത് അവർ എന്റെ പേരു മെൻഷൻ ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ഒരു മാപ്പ് ക്ലിക്ക് ചെയ്തു വലുതാക്കി നോക്കിയാൽ അതിന്റെ തീവ്രത കാണാം. അതൊക്കെ കൊണ്ട് ഒന്നാം സ്ഥാനം ഇങ്ക്‌സ്കേപ്പിനു കൊടുക്കുന്നു… കഴിഞ്ഞ ഡിസംബറിൽ ഇവയിൽ പലതും ചെയ്തത് ടെക്സ്റ്റ് എഡിറ്റിങ് സാമാനമായ നോട്ട്‌പാഡിലായിരുന്നു എന്നു പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാനാവും!! ഇവിടെ വലതുവശത്തു കൊടുത്തിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ക്ലിക്ക് ചെയ്തു നോക്കുക. വിക്കിപീഡിയയി കൊടുത്തിരിക്കുന്ന സോഴ്സ്ഫയലുതന്നെ അപ്പോൾ കാണാം. സോഴ്സ് ഫയൽ ആയതിനാൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താനാവും. എസ്.വി.ജി. എഡിറ്റിങ് അറിയുന്നവർക്ക് ഒരു നോട്ട്പാഡിൽ വെച്ചുതന്നെ കളറുകൾ മാറ്റാനും പേരുകൾ മാറ്റാനും മറ്റു ഭാഷകളിലേക്ക് മാറ്റാനും ഫോണ്ട് സ്റ്റൈൽ മാറ്റാനും ഒക്കെ പറ്റും. ഈ സൈറ്റിന്റെ ലോഗോ തന്നെയാണു മറ്റൊരു ഉദാഹരണം. ഇവിടെ ക്ലിക്ക് ചെയ്താൽ കിട്ടുന്ന ഇമേജിൽ നിന്നും ഏതെങ്കിലും ഒരു വാക്ക് സെലെക്റ്റ് ചെയ്ത് കോപ്പി എടുത്ത്, നോട്ടോപാഡിലോ മറ്റോ പേസ്റ്റ് ചെയ്തു നോക്ക്!! ഫോണ്ടിന്റെ സ്റ്റൈലും കളറും ഒന്നും കിട്ടിയില്ലെങ്കിലും കണ്ടന്റ് കൃത്യമായി കിട്ടും!! അതൊക്കെ ഇങ്ക്‌സ്കേപ്പിന്റെ ഒരു മായാജാലം മാത്രമായി കാണുക. ഇനി നമുക്ക് ഇങ്ക്സ്കേപ്പ് അടക്കം ലഭ്യമായ മറ്റ് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളെ ഒന്നു പരിചയപ്പെടാം:
ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കിയാൽ ഫ്രീയായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. ഇവയുടെ പേരു തെറ്റാതെ നോക്കണം. ലീങ്ക് ആവശ്യമാണെങ്കിൽ ചോദിക്കുന്നവയുടെ ഡൗൺലോഡിങ് ലിങ്ക് തരാവുന്നതും ആണ്.
മുകളിൽ കൊടുത്തിരിക്കുന്ന ഭാരതത്തിന്റെ svg ചിത്രം തന്നെ ഉപയോഗിച്ച് വരുത്തിയ മാറ്റങ്ങൾ കാണുക. ഇതിന്റെ കുറിപ്പുകൊടുത്തത് ഇപ്രകാരമാണ്, 2017 ൽ ഭാരതത്തിൽ ഉള്ള രാഷ്ട്രീയപാർട്ടികളുടെ സ്വാധീനം. ഭൂരിപക്ഷ സ്വാധീനമുള്ള അധികാരികൾ തന്നെയാണ് നിയമവും അധികാരവും കൈകാര്യം ചെയ്യുക. അതാണു വർത്തമാനവും ഭാവിയും. ഭാവിയിലെ ഭാരതവും അതിന്റെ പ്രതിഫലനമാവുന്നു. തെറ്റുകൾ തിരുത്താൻ കഴിവുള്ളവർ ജനങ്ങൾ മാത്രമാണെന്നുള്ളത് ഇവിടുത്തെ വസ്തുതയാണ്… അതുകൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരായി നമുക്ക് മാറാൻ പറ്റേണ്ടതുമാണ്.കൂടെ കുഞ്ഞുണ്ണിമാഷെ കൂടി ഓർക്കുന്നു…
നമ്മൾ നന്നാകുവാനെന്തു നല്ലൂ,
നല്ലൊരു ചൂലു മനസ്സിൽ നല്ലൂ…
11 ബിജെപി
ഉത്തരഖണ്ഡ്
ഉത്തർപ്രദേശ്
ഹരിയാന
രാജസ്ഥാൻ
അരുണാചൽ പ്രദേശ്
അസം
ജാർഖണ്ഡ്
ഛത്തീസ്ഗഡ്
മധ്യപ്രദേശ്
ഗുജറാത്ത്
ഗോവ
7 എൻഡിഎ
ജമ്മു കാശ്മീർ
ബീഹാർ
സിക്കിം
നാഗാലാന്റ്
മണിപ്പൂർ
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
6 കോൺഗ്രസ്
ഹിമാചൽപ്രദേശ്
പഞ്ചാബ്
മേഘാലയ
മിസോറാം
കർണാടക
പുതുച്ചേരി
5 മറ്റുള്ളവർ
ബംഗാൾ
തെലങ്കാന
തമിഴ്നാട്
ഡൽഹി
ഒറീസ
2 ഇടതുപക്ഷം
കേരളം
ത്രിപുര
ഇതു ചെയ്തിരിക്കുന്നത് ഇങ്ക്സ്കേപ്പും നോട്ട്പാഡും ചേർന്നാണ്. ഇങ്ക്സ്കേപ്പിൽ തന്നെ എല്ലാം ചെയ്യാമെന്നിരിക്കിലും സാഹചര്യവും എളുപ്പവും പരിഗണിച്ച് നോട്ട്പാഡെന്ന ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കുന്നു എന്നേ ഉള്ളൂ, ഒരു വാല്യു ഫൈൻഡും റിപ്ലേയ്സും ചെയ്യാൻ നോട്ട്പാഡ് വളരെ സഹായിയാണ്. ഇങ്ക്സ്കേപ് മാത്രം ഉപയോഗിച്ച് ചെയ്തിരിക്കുന്നത് ഭൂപടത്തിൽ കാണുന്ന സംസ്ഥാനങ്ങളുടെ നമ്പറുകളും ലിസ്റ്റും മാത്രമാണ്. കളറുമാറ്റങ്ങൾ എല്ലാം നോട്ട്പാഡിലായിരുന്നു.
കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനൻ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം. ഇദ്ദേഹം മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനൻ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.
‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം.
മധുസൂദനൻ നായർ ആലപിച്ച കവിതകൾ…
Update Required To play the media you will need to either update your browser to a recent version or update your Flash plugin.
2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു.
എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട് അല്പം കഠിനമായിരുന്നു. അന്നു പഠിക്കുമ്പോൾ രാധാകൃഷ്ണൻ മാഷൊക്കെ ആദ്യക്ലാസിൽ തന്നെ എണീറ്റ് നിർത്തി അക്ഷരം പറയിപ്പിക്കലായിരുന്നു ചെയ്തത് എന്നതും കൂടെ ഓർക്കുന്നു!! എന്നെക്കൊണ്ടു മാത്രമല്ല, ആരെ കൊണ്ടും കൃത്യമായി മലയാള അക്ഷരങ്ങൾ ഉച്ചരിക്കുവാൻ അന്നു പറ്റിഞ്ഞിരുന്നില്ല. ആർക്കെങ്കിലും പറ്റിയിരുന്നു എന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുക. ഒരു വഴിക്ക് പോവുകയല്ലേ; പൊക്കോട്ടെ!!
സുന്ദരകാണ്ഡം ഏറെ സുന്ദരവും മൃദുലവുമായ സംഗതിയാണ്. മനസ്സിനെ ഏറെ ആർദ്രമാക്കി സുന്ദരമാക്കുന്ന ഭാഗമാണിത്. ജീവിതം ഒരു വൻകടലാണെങ്കിൽ കൃത്യമായ പ്രത്യാശയും ആത്മധൈര്യവും ഉണ്ടെങ്കിൽ മാത്രമേ അതു മുറിച്ചു ചാടാൻ പറ്റുകയുള്ളൂ എന്നു തെളിയിക്കുന്ന ഭാഗം അഞ്ചാമത്തെ കാണ്ഡമായ സുന്ദരകാണ്ഡം തന്നെയാവുന്നു. നായകനായ ശ്രീരാമനൊക്കെ ഒരു പുകമറയ്ക്കപ്പുറമിരിക്കുന്ന ഏകഭാഗം കൂടിയാണിത്. സ്ഥിരചിത്തതയുടെ ദ്രാവിഡബലം ഹനുമാനിലൂടെ കാണിച്ച് ഒരു വംശത്തെ മുഴുവൻ ആറാടിച്ച വീക്ഷണകോണിലാവണം സുന്ദരകാണ്ഡം വിരിഞ്ഞതുതന്നെ.
സംസാരസാഗരം മുറിച്ചു കടക്കുവാൻ ബുദ്ധിമുട്ടുകൾ പലതുണ്ടാവും. അമൂർത്തമായ ഉത്സാഹവും സ്ഥിരചിത്തതയും തന്നെയാണ് ഇതു തരണം ചെയ്യുവാൻ വേണ്ടത്. ഇതിന്റെ മൂർത്തീഭാവമാണ് ഹനുമാൻ. യാത്രാമദ്ധ്യേ തടസങ്ങൾ പലതരത്തിൽ വന്നേക്കാം. വായും പിളർന്ന് സുരസമാർ നമുക്കുനേരെ നടന്നടുക്കാം; കൂളായിട്ട് ഇടയിലൂടെ കടന്നിറങ്ങാൻ പറ്റേണ്ടതുണ്ട്. നമ്മുടെ നിഴലിനെ പോലും പിടിച്ചു വലിക്കുന്ന ഛായാഗ്രാഹിണിമാർ സിംഹികകളായി വന്നെന്നിരിക്കും. കാര്യ സാധ്യത്തിന് പ്രലോഭനങ്ങള്‍ പലതും കാട്ടി മൈനാകപർവ്വതം പോലെ വിശ്രമതാവളങ്ങൾ പലതും വന്നേക്കും, അമൂല്യ ധനശേഖരങ്ങൾ കാണിച്ച് ലക്ഷ്മിമാർ വന്ന് നമിച്ചെന്നിരിക്കും… സുന്ദരകാണ്ഡം വിശദീകരിക്കുന്ന മാർഗവിഘ്നങ്ങൾ ഇങ്ങനെ പലതാവുന്നു. അതൊക്കെ കടക്കാൻ പര്യാപ്തമായ മനസ്ഥൈര്യം ആ ദ്രാവിഡപുത്രനുണ്ടായിരുന്നു എന്നത് കൃത്യമായി വരച്ചുചേർത്ത സ്ഥലമാണു സുന്ദരകാണ്ഡം.
ഏതു സഭയിലും മുഖം നോക്കാതെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ് ഹനുമാൻ. അതല്ലാതെ ശ്രീരാമന്റെ കേവലമൊരു അടിമയായിരുന്നില്ല ആ ദ്രാവിഡശ്രേഷ്ഠൻ. രാമന്റെ സഭയില്‍വെച്ച് രാമനോട് ശബ്ദമുയർത്തി പറയുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുന്നത് ഈ വിധത്തിലാണ്. അവിടെ വെച്ച്, ഒരപരാധവും ചെയ്യാത്ത പതിവ്രതയായ സീതയെ കാട്ടിലുപേക്ഷിക്കുന്നതിനെ ഹനുമാൻ ചോദ്യം ചെയ്യുന്നു. ഈ അസാധാരണ വ്യക്തിത്വം അന്ന് ദ്രാവിഡമുഖ്യർക്ക് പ്രസിദ്ധമായിരുന്നിരിക്കണം.
നമ്മളിന്നും രാവണപ്രഭുക്കളുടെ ഭരണയന്ത്രത്തിൽ വലയുന്നവരാണ്. അഴകിയ രാവണൻ വന്ന് ആസുരചക്രങ്ങൾ ഒളിപ്പിച്ചു വെച്ച് ലീലാവിലാസമാടുന്നതും സുന്ദരകാണ്ഡത്തിൽ തന്നെയാവുന്നു. സീതയെ മാറ്റിചിന്തിപ്പിക്കാനായി വ്യാജസ്തുതികളിലൂടെ തകർത്തഭിനയിച്ച രാവണമുഖം നമുക്ക് നമ്മുടെ ഭരണാധികാരികളുടെ പ്രവൃത്തികളിൽ കാണാനാവും. ലങ്കാദഹനം മാത്രമേ ദ്രാവിഡമുഖ്യനു പറഞ്ഞതായുള്ളൂ. സവർണവിശ്വാസസംഹിതകളെ വാലിൽ തീകൊളുത്തി ചുട്ടെരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മളൊക്കെ മാരുതിയായി പുനർജ്ജനി തേടണം. കണ്ണു തുറന്നു കാണണം. അഴകിയ വേഷവിധാനങ്ങൾ വലിച്ചെറിയാൻ പര്യാപ്തമാവണം നമ്മുടെ അന്തരംഗം.
വരൂ നമുക്ക് സുന്ദരകാണ്ഡത്തിൽ നിന്നും പഠിച്ചു തുടങ്ങാം. ഈ കള്ളക്കർക്കിടകമാസം അതിനുള്ളതാവണം. ആസുരതയുടെ പ്രചണ്ഡതാളങ്ങൾ തീക്കൊളുത്തി നശിപ്പിക്കാൻ ശേഷിയുള്ള പഴയ ദ്രാവിഡമഹിമ നമ്മുടെ മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നതാവട്ടെ ഈ രാമായണമാസം.!! തകർന്നടിയട്ടെ ഈ രാവണസാമ്രാജ്യം. ലങ്കാദഹനമാവട്ടെ ലക്ഷ്യം!!
ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തിയ ഈ പുതിയ ഗാലക്‌സി സമൂഹത്തിന് സരസ്വതി എന്നാണ് പേരിട്ടിരിക്കുന്നത്. ഒട്ടനേകം ചെറു ഗാലക്‌സികള്‍ ചേര്‍ന്നുള്ള ഈ ഗാലക്‌സി വ്യൂഹത്തിന് സൂര്യനേക്കാല്‍ 200 കോടി ഇരട്ടി ഭാരം വരും. 1000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ ഗാലക്‌സി സമൂഹത്തില്‍ 42 കൂട്ടങ്ങളായി 10000 ഗാലക്‌സികളുണ്ട്.
പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഗാലക്‌സി സമൂഹമാണിത്. ഭൂമിയിൽ നിന്ന് 400 കോടി പ്രകാശ വർഷങ്ങൾ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുനെയിൽ നിന്നുള്ള ജ്യോതി ശാസ്തജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്. പ്രപഞ്ചത്തില്‍ ഇത്തരത്തില്‍ ഒരുകോടിയോളം ഗാലക്‌സി സമൂഹങ്ങളുണ്ട് എന്നാണ് വിലയിരുത്തല്‍.
ആകാശഗംഗ
54 ഗാലക്‌സികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഗാലക്‌സി സമൂഹത്തിന്റെ ഭാഗമാണ് നാം ഉൾപ്പെടുന്ന ആകാശഗംഗ ഗാലക്സി. സൗരയൂഥംഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
ഇനി ഒരു ഏകദേശകണക്ക് കൂടി പറയാം…
astronomical unit|അസ്ട്രോണമിക്കൽ യൂണിറ്റ്
അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെയാണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870.691 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത് .
ഒരു പ്രകാശ കണിക നമ്മുടെ ഒരു വർഷം (മുന്നൂറ്റി അറുപത്തഞ്ചേ കാൽ ദിവസങ്ങൾ കൊണ്ട്) സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം (9460730472580.800781 കിലോമീറ്റർ ദൂരം എന്നുപറയാം). പ്രകാശം ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. ഈ കണക്കിൽ, ഒരു മിനിറ്റ് കൊണ്ട് പ്രകാശത്തിനു ഏകദേശം ഒരു കോടി എൺപത് ലക്ഷം കിലോമീറ്ററും. ഇനി ഇതു കൂടി ശ്രദ്ധിക്കുക, സൂര്യപ്രകാശം അവിടെ സൂര്യനിൽ നിന്ന് ഭൂമിയിൽ എത്താൻ ഏകദേശം എട്ടര മിനിറ്റ് സമയം എന്നർത്ഥം. അതായത് സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം 149,597,870.691 കിലോമീറ്ററാണ്. അത്രേം ദൂരം ഏകദേശം എട്ടര മിനിറ്റുകൊണ്ട് ഒരു പ്രകാശകണിക സഞ്ചരിക്കുന്നു!! അപ്പോൾ ഒരു പ്രകാശവർഷം എന്നുപറയുന്ന സംഗതിക്ക് എത്രമാത്രം ദൂരമുണ്ടായിരിക്കും എന്ന് ഊഹിക്ക്… ഇനി 400 കോടി പ്രകാശ വർഷ അകലെയായാണ് മേലെ പറഞ്ഞ സരസ്വതി ഇരുന്നു നോക്കുന്നതെങ്കിൽ, ആ ദൂരം ഊഹിക്കാൻ വല്ല വഴിയും ഉണ്ടോ 🙂
നക്ഷത്രങ്ങൾ, നക്ഷത്രവ്യൂഹങ്ങൾ എന്നിവയ്ക്കിടയിലുള്ള ദൂരം അളക്കുന്നതിനാണ് പ്രകാശവർഷം എന്ന അളവ് കൂടുതൽ ഉപയോഗിക്കുന്നത്. സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെൻടോറിയിലേക്ക് ഉള്ള ദൂരം 4.2 പ്രകാശ വർഷമാണ് എന്ന് പറഞ്ഞാൽ, ആ നക്ഷത്രത്തിൽ നിന്ന് 4.2 വർഷം മുൻപ് പുറപ്പെട്ട പ്രകാശം ആണ് ഇപ്പോൾ കാണുന്നത് എന്ന് അർത്ഥം. അതായത് 4.2 വർഷം മുൻപുള്ള പ്രോക്സിമാ സെൻടോറിയെ ആണ് ഇന്ന് കാണുന്നത്. അപ്പോൾ ഇന്ന് ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വർഷം അകലെയാണോ, അത്രയും വർഷം മുൻപുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാൾ കാണുന്നത് എന്ന് സാരം. ഇതിനോടു കൂടി ഈ ലേഖനം കൂടെ കാണുക.
Galaxies are themselves made of billions of stars and planets, and a cluster typically contains several hundreds of these galaxies. Superclusters are relatively recent finds, having been identified for the first time only in the 1980s.
കറുത്ത കോട്ടും കാലുറയും കുറിക്കു കൊള്ളും കൗശലവും
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കേസു നടത്താൻ നീ വമ്പൻ; ക്രോസ്സു നടത്താൻ നീ മുമ്പൻ
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ!!
Dileep | ദിലീപ്
സിനിമാ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു! സഹപ്രവർത്തകയെ കൃത്യമായ പ്ലാനിങ്ങോടെ അവേഹേളിക്കാനുള്ള ഒരുക്കം കൂട്ടിയതിനും അവഹേളനം നടന്നതിനും കൃത്യമായ തെളിവുകൾ രണ്ടരമാസത്തെ പരിശ്രമത്തോടെ കേരളപൊലീസ് കണ്ടെത്തി പഴുതുകളെല്ലാം അടച്ചിട്ടാണ് അറസ്റ്റ് നടത്തിയെതെന്ന് പറയുന്നു. കണ്ടുപിടിച്ച കാര്യങ്ങൾ സത്യമായിത്തീർന്നാൽ, സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമായി കേരളപൊലീസിന് അവകാശപ്പെടാൻ സാധിക്കുന്നതാണ് ഈ കേസ്. ഒന്നുമെത്താതെ അലഞ്ഞു നടക്കുന്ന കേസുകൾ പലതുണ്ട് കേരളത്തിൽ! സഖാവ് ടി.പിയെ 51 വെട്ടുകളാൽ ഇല്ലാതാക്കിയത് കണ്ടു, ഒരു കുട്ടിയെ കോളേജിൽ വെച്ച് തല്ലിക്കൊന്നതു കണ്ടു, അനാഥപ്രേതങ്ങളായി അലഞ്ഞു നടക്കുന്ന നിരവധി പ്രേതാത്മാക്കൾ ചുറ്റുമിരുന്ന് കരയുന്നുണ്ട്! ഇതേ പ്രകടനം കാഴ്ച വെയ്ക്കാൻ നിരവധി കേസുകെട്ടുകൾ ഉണ്ടെന്നു ചുരുക്കം. ഇല്ലെങ്കിൽ, പൊലീസിനെ നിയന്ത്രിച്ചു നിർത്താൻ മാത്രം പര്യാപതമായ ശക്തി ഏതാണെന്നും എന്തിനാണെന്നും കണ്ടെത്താൻ കഴിയേണ്ടത് മെനക്കെട്ട് വോട്ടു ചെയ്തുനടക്കുന്ന ജനങ്ങൾ തന്നെയാണ്.
ഗൂഡാലോചനക്കാർ സാമൂഹ്യദ്രോഹികൾ തന്നെ! പുറത്തുവരേണ്ടതാണ്… മാറ്റത്തിനുള്ള തുടക്കമാവണം ഈ സംഭവം. മലയാളസിനിമയ്ക്ക് മാറാൻ കഴിയുന്നു എന്നാൽ മലയാളികളുടെ സംസ്കാരം തന്നെ മാറുന്നു എന്നുവേണം കരുതാൻ. മലയാളസിനിമയിൽ സ്ത്രീപക്ഷചിന്തകൾക്ക് പ്രാബല്യമേറണം! നല്ലൊരു അമ്മ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു കുടുംബം നില നിർത്താനാവുകയുള്ളൂ എന്നത് പഴമൊഴിയല്ല!! പേരിൽ മാത്രം Amma(Association of Malayalam Movie Artists) വന്ന്, അമ്മയെ വ്യഭിചരിക്കുന്ന നേതൃത്വം തന്നെ പിരിച്ചുവിടാൻ പര്യാപതമാണ് നിലവിലെ കേസ്. മുഖം മൂടിയണിഞ്ഞ് ഒരു സമൂഹത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്! ദിലീപ് പ്രശ്നത്തിൽ സത്യം പുറത്തു വരാതെ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് നമ്മൾ കണ്ടല്ലോ!! തോന്ന്യവാസം ആരുകാണിച്ചാലും തോന്ന്യവാസം തന്നെയാ. പൊലീസിനെ കുറ്റം പറയുകയല്ല; അതിനവർക്കുള്ള അവസരം നിഷേധിക്കുന്ന ഗുഢാലോചന ചർച്ചചെയ്യപ്പെടേണ്ടതുണ്ട്! തിരിച്ചറിയണം!! ഇല്ലെങ്കിലെ കാര്യമായ ഊഹാപോഹങ്ങളിലൂടെ നമ്മൾ തന്നെ കുറ്റക്കാരെ കണ്ടെത്തണം!!
Manju Warrier, മഞ്ജു വാര്യർ
സിനിമയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, ടീവി സീരിയലുകളേയും പരിഗണിക്കേണ്ടതുണ്ട് – സിനിമകളേക്കാൾ ഇന്ന് ജനജീവിതത്തെ സ്വാധീനിക്കുന്നത് ടിവി സീരിയലുകളാണ്! എത്രമാത്രം സ്ത്രീവിരുദ്ധമാണ് സീരിയലുകളൊക്കെയും!! ഇതൊക്കെ ചൂഷണം ചെയ്യുന്നത് ഒരു സംസ്കാരത്തെ മൊത്തമാണ്. കുടുംബബന്ധങ്ങളുടെ കഥകളിലൂടെ അമ്മയും അമ്മായി അമ്മമാരും താത്തൂന്മാരും ഭാര്യമാരും ഇവർക്കിടയിലെ അവിഹിതബന്ധങ്ങളും, അവയിലെ കുട്ടികളും ഒക്കെയായി തകർത്തു പെയ്യുകയാണു പലതരം സീരിയലുകൾ! ഒരു കുടുംബത്തെ തന്നെ താറുമാറാക്കാൻ പര്യാപ്തമാണു കഥാബീജങ്ങൾ. പാഠമാവാൻ പലതുണ്ട് എന്നു തെളിയിക്കുന്ന സംഗതികളാണ് ഇപ്പോൾ നടക്കുന്നത്! സിനിമയും സീരിയലും ഒന്നുമല്ല യഥാർത്ഥ ജീവിതം എന്നത് മനസ്സിലാക്കാൻ സാധാരണക്കാർക്കുള്ളോരു സുവർണ്ണാവസരം എന്നേ പറയേണ്ടതുള്ളൂ.
മറ്റൊരു കാര്യം കൂടിയുണ്ട്, തോന്ന്യവാസത്തിന്റെ സൂത്രധാരൻ എന്നപേരിൽ ദിലീപ് പിടിയിലായെങ്കിലും വിഷമവൃത്തത്തിൽ പെടുന്നവർ കാവ്യയും മകൾ മീനാക്ഷിയും ആയിരിക്കും. ദിലീപിന് ആജീവനാന്തം ജയിലറയാണെങ്കിൽ മീനാക്ഷിക്ക് മഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. അമ്മ മനസ്സിന് ഒരു കുഞ്ഞുമനസ്സിനെ ഉൾക്കൊള്ളാതിരിക്കാൻ പറ്റില്ല; പൂർണ്ണ മനസോടെ മീനാക്ഷിയെ സ്വീകരിക്കാൻ മഞ്ജുവിനു കഴിയേണ്ടതാണ്. പെൺകുട്ടി ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടതും അമ്മയിൽ നിന്നുതന്നെയാണ്. കുട്ടിമനസ്സിലെ സ്നേഹം നിമിത്തമാവാം ചെറുപ്രായത്തിലെ തീരുമാനങ്ങൾ ഒക്കെയും. അവളെ വളർത്തി വലുതാക്കാൻ നന്നായിട്ടു സാധിക്കുക പെറ്റമ്മയ്ക്കു തന്നെയാണ്.
Kavya Madhavan|കാവ്യാ മാധവൻ
ജീവിതത്തിന്റെ എബിസിഡി അറിയാത്ത കാവ്യയ്ക്കും മീനാക്ഷിയെ വെറുതേ നോക്കിയിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ! കരയ്ക്കടുപ്പിക്കാനാവാത്തൊരു കലാരൂപമായി കാവ്യ എന്ന സുരസുന്ദരിയുടെ ശേഷകാലം തീരാൻ മാത്രമേ വഴിയുള്ളൂ എന്നും കരുതുന്നു. മീനാക്ഷിയുടെ ജീവിതം പങ്കിടാൻ മാത്രം വലുതാണ് കാവ്യഹൃദയം എന്നു കരുതുവാൻ വയ്യ. പോറ്റമ്മയായി സ്നേഹിക്കുന്നതിലും ഭേദം പെറ്റമ്മയുടെ കാരുണ്യം തന്നെയാണെന്നു തോന്നുന്നു. എന്തായാലും ഇവരുടെ വിഷമത്തിൽ പങ്കുചേരുന്നു 🙁 നല്ലൊരു നാൾവഴി തുടന്നുള്ള കാലം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു… കാവ്യയ്ക്ക് പറ്റിയത് തിരശീല മാത്രമാണ്. തിരിച്ചുവരവിനായി മലയാളസിനിമ സജീവമായിരുന്നെങ്കിൽ എന്നൊരു ആഗ്രഹം കൂടെയുണ്ട്. ദിലീപിന്റെ കീഴടങ്ങൽ അറിഞ്ഞ മഞ്ജുഹൃദയം തേങ്ങിയതായും കാവ്യ പട്ടിണി കിടന്നതായും വായിക്കാനിടയായി! മീനാക്ഷിയെ പറ്റി എവിടേയും കണ്ടില്ല. ഏറെ ദുഃഖം അനുഭവിക്കാൻ മാത്രം പ്രായം അവൾക്കുമായിട്ടുണ്ട്. ഈ അവസരത്തിൽ മീനാക്ഷിക്ക് ചേർന്നു നിൽക്കുന്ന കൂട്ടാളി മഞ്ജു മാത്രമാവുന്നു.
കേസിന്റെ ബാക്കിപത്രം കൂടി പുറത്തുവരുമ്പോൾ കാവ്യയുടെ പേര് അതിൽ ഉണ്ടായിരിക്കരുതേ എന്ന ആഗ്രഹിക്കുന്നു. വികൃതമായ മനസ്സുള്ളവർ കൃത്യമായിത്തന്നെ ശിക്ഷിക്കപ്പെടണം. അതിൽ ദിലീപെന്നോ കാവ്യയെന്നോ ഒന്നും വ്യത്യാസം ഇല്ല. അവർക്കുള്ള ശിക്ഷ എന്നതിലുപരി കാണുന്നവർക്കുള്ളൊരു നല്ല മുന്നറിയിപ്പുമാണത്. പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന കാര്യം വെറുതേ ഇവരെയൊക്കെ പരിഹസിക്കുന്നവരും ഓർക്കേണ്ടതു തന്നെയാണ്.
കല്യാണം കഴിക്കുക എന്നത് ഒരു കുറ്റകരമൊന്നുമല്ല; തെറ്റുമല്ല… ആണും പെണ്ണുമാവുമ്പോൾ ഒരു കൂടിച്ചേരലൊക്കെ അനിവാര്യമാണ്. ദിലിപും മഞ്ജുവും പിരിഞ്ഞതിന്റെ കാര്യം ഇന്നേവരെ അവർ പുറത്തു പറഞ്ഞിട്ടില്ല. പുറമേ കേൾക്കുന്നതൊക്കെ കൂട്ടിക്കലർത്തിയ വാർത്തകൾ മാത്രമാണ്. ഇവിടെയിപ്പോൾ ഊഹാപോഹങ്ങൾക്ക് പ്രസക്തിയേ ഇല്ല. കാഴ്ചക്കാർ മാത്രമായ നമുക്ക് മൂന്നുപേരും ഔദ്യോഗികമായി ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് പുതിയ വിവാഹം നടന്നതുതന്നെ! ഇപ്പോഴുള്ള പൊലീസ് കേസ് വേറിട്ടു നിൽക്കുന്നത് ഒരു ക്രിമിനൽ ബുദ്ധിയുടെ നീക്കങ്ങൾ ഉൾപ്പെട്ടതു കൊണ്ടാണുതാനും. ഈ ഒരു കാര്യത്തിൽ കാവ്യയും തെറ്റുകാരിയാണെങ്കിൽ അതിനർഹമായ ശിക്ഷ അവളെ കാത്തിരിക്കുന്നുണ്ടാവും… അതിനി വന്നുചേരാൻ അധികനാളൊന്നുമില്ല. അർഹയെങ്കിൽ അതർഹിക്കുന്ന ശീക്ഷയ്ക്ക് കാവ്യയും ഒരുങ്ങിയിരിക്കേണ്ടതാണ്. ഇതൊന്നുമല്ലെങ്കിൽ കാവ്യയെ തെറ്റുകാരിയായി പഴിചാരാൻ മുൻവിധികളെ മാത്രം ന്യായീകരിച്ച് തുനിയാതെ അവൾ അനുഭവിക്കുന്ന മനോഭാവം ഉൾക്കൊള്ളാൻ പറ്റണം! സിനിമയിൽ നമ്മൾ കാണുന്ന കരച്ചിലല്ല യഥാർത്ഥ കരിച്ചിൽ!!
Meenakshi Dileep | മീനാക്ഷി ദിലീപ്
നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ പൊതുജനം കാണുന്നത് നല്ലൊരു സിനിമ കാണുന്ന ലാഘവത്തോടെ മാത്രമാണ്. ഇതുവരെ കണ്ടതും കേട്ടതും വെച്ച് ക്ലൈമാക്സ് പലരും ഊഹിച്ചെടുക്കുന്നു. ഇതുവരെ വന്നതും അപ്രകാരം തന്നെ. പലരുടേയും ഊഹങ്ങൾ ശരിയായി വന്നു; ചിലരുടേത് തെറ്റിപ്പോയി. മുകേഷ്, ഗണേഷ്, ദേവൻ, ദിലീപ്, ഇന്നസെന്റ്, മോഹൻലാൽ, മമ്മുട്ടി, എന്നിവരുടെ രമ്യമനോഹരമായ അഭിനയ ചാതുര്യം കണ്ടു, പ്രഥ്യുരാജ്, രമ്യാ നമ്പീശൻ, തുടങ്ങിയ യുവതയുടെ കരുത്തുറ്റ തീരുമാനങ്ങൾ കണ്ടു. വരാനിരിക്കുന്ന കാര്യങ്ങൾ ഇതുപോലെ തന്നെ പലർക്കും പലതാണ് അഭിപ്രായങ്ങൾ. പക്ഷേ, ഒന്നുണ്ട് കാര്യം – കണ്ടറിയേണ്ടത് കണ്ടറിയുക തന്നെ വേണം! കലാഭവൻ മണിയുടെ മരണം വരെ ചർച്ചയാവുകയാണ്. സിനിമാലോകത്തിന്റെ അധഃപതനം എന്ന സങ്കല്പം സത്യാമാണെങ്കിൽ തുറന്നുകാട്ടുന്ന പല സംഭവങ്ങളും വെളിച്ചം കാണാൻ ഇതു വഴിവെയ്ക്കും എന്നു കരുതുന്നു! സത്യമോ മിഥ്യയോ ആവട്ടെ, ഉള്ളിലുള്ളത് തുറന്നുപറയാൻ എല്ലാവർക്കും ധൈര്യം വന്നിരിക്കുന്നു എന്നുണ്ട് നടപ്പുകാര്യങ്ങൾ!
ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിന് സ്വന്തം ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കാൻ മാത്രം ഈ വിപത്ത് കാരണമായാൽ മതി. തെറ്റുകൾ തിരുത്തപ്പെടാൻ ഒരു അവസരമായി കണ്ട് സ്വജീവിതത്തെയെങ്കിലും ഹൃദ്യമാക്കാൻ സാധിക്കണം. ജലകുമിള പോലുള്ളൊരു ജീവിതത്തിൽ മറ്റുള്ളവർക്കായി പകരുന്ന കേവലസന്തോഷത്തിനപ്പുറം മറ്റൊന്നല്ല ജീവിതം! നല്ലൊരു പിന്തുടർച്ചകാരെ ഉണ്ടാക്കാനും പറ്റിയാൽ ജീവിതം കേമമായി തീർത്ത് തിരശീലയിടാൻ പറ്റണം. അത്രമാത്രമാണു ജീവിതം!! അതിനപ്പുറത്തുള്ളതൊക്കെയും ഭാവനകൾ മാത്രമാണ്.
നമ്മുടെ നാട് എങ്ങോട്ടാണു പോകുന്നത്? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്ത് വരുന്നത്, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയും ചെയ്യുന്നു.
സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺക്കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ് എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്ഛനമ്മമാരുടേയും തീരാവേദനയാണ് .
ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായ് കാണേണ്ടത്? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത് ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ “ലൂപ്പ് ഹോൾസി”ലൂടെ ആയുസ്സ് നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം, ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട് വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിനുകാണിക്കണം. നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന് ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ.
എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. അതിന് ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത് എല്ലാ രാഷ്ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്.
ഇത് ഞാൻ പറയുന്നത് എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്ഛനമ്മമാർക്കും വേണ്ടിയാണ്.
NB:ഇതോടൊപ്പമുള്ള ചിത്രം വാട്ട് സാപ്പിൽ നിന്നുംകിട്ടിയതാണു,ശിൽപ്പി ആരായാലും അഭിനന്ദനം അർഹിക്കുന്നു.
ആരോടും പറായാതെ അടക്കിവെയ്ക്കുന്ന വികാരങ്ങൾ അനവധിയാണ്. ഇന്നേവരെയുള്ള ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ കാര്യങ്ങൾ താഴെ പറയാം:
1) ഷേവ് ചെയ്യുക,
2) ചെരിപ്പു കഴുകുക,
3) ഇസ്തിരിയിടുക എന്നതൊക്കെയാണ്… ഇങ്ങനെ പോകുന്ന സംഗതികൾ മാത്രമേ എന്റെ വിഷയത്തിൽ വന്നിരുന്നുള്ളൂ; വരുന്നവയുമുള്ളൂ. മടി എന്ന കാര്യം കൂടെപ്പിറപ്പായി പുറകേയുള്ളത് വല്യൊരു ബാധ്യതകൂടിയാണ്.
1) ഇതിൽ ഷേവ് ചെയ്യുക എന്നത് ഞായറാഴ്ചകളിൽ മാത്രമായി ഒതുക്കിവെയ്ക്കുന്നു, ഞായറാഴ്ച ആയാൽ പോലും എനിക്ക് ഈ സംഗതി മടിയാണ്. ഞാനിത് മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിച്ച് കൂളായിട്ട് ഇരുന്നുകൊടുക്കും; അല്ലെങ്കിൽ അടുത്തുള്ള ബാർബർ ഷോപ്പിലേക്ക് ഓടും!!
ഒരു രക്ഷയും ഇല്ലാത്ത പണ്ടാരപരിപാടി ആയിപ്പോയി ഇത്!!
2) ഷൂ ഇടാറേ ഇല്ല; കാരണം അതിന്റെ പരിപാലനം എന്റെ മടിജീവിതത്തിനു തീരെ ചേരില്ല. ചെരിപ്പാണെങ്കിൽ, കുളിക്കുമ്പോൾ ബാത്ത്‌റൂമിൽ ഇട്ടാൽ മതി; കുളിച്ച് കഴിയുമ്പോൾ നാലു ചവിട്ടും കൊടുക്കാം!!
3) ഡ്രസ്സുകൾ ഇസ്തിരിയിടുന്ന പരിപാടി പണ്ടേ ഇല്ല; ഇന്നുമില്ല! ഒഴിവാക്കാൻ ഈസിയായിട്ട് സാധിക്കുന്ന സംഗതി ഇതാണ്.
പറഞ്ഞുവരുന്നത്, ആൺജീവിതം പരമസുഖം തന്നെയാണ്. നാല്പതോളം വർഷങ്ങളിൽ മെൻസസാവുന്ന പെൺജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയതൊക്കെ കുറച്ചു കാലം മുമ്പായിരുന്നു! ഒരു മാസമുറക്കാലത്ത് നാപ്കിന്‍ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയോളമാകും. ഏതാണ്ട് 40 വര്‍ഷക്കാലം അര ലക്ഷത്തോളം രൂപയാണ് ഈ ഒറ്റക്കാര്യത്തിന് ഒരാള്‍ ചെലവഴിക്കുന്നത്.
ഒരു മെന്‍സ്ട്രുവല്‍ കപ്പ് കുറഞ്ഞത് 9 വര്‍ഷം ഉപയോഗിക്കാം. 1000 രൂപ മുതല്‍ മുകളിലേക്കാണ് ഷോപ്പുകളിൽ വില എങ്കിലും online Site കളില്‍ offer ല്‍ ഇതിലും കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലത്ത് മൂന്നോ നാലോ കപ്പുകള്‍ കൊണ്ട് സാമ്പത്തികമായും പാരിസ്ഥിതികമായും നാം ചില്ലറ നേട്ടമല്ല ഉണ്ടാക്കുന്നത്.
സ്‌ക്കൂളുകളിലും കോളേജുകളിലും നാപ്കിന്‍ കില്ലറുകള്‍ വെയ്ക്കുന്നതിനു പകരം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഒക്കെ ഓരോ വകുപ്പുകളായി കൈകാര്യം ചെയ്യുന്ന നമ്മുടെ ഭരണകൂടങ്ങൾ ഇതിനൊക്കെ ഒരു മാർഗം ഇത്തരത്തിൽ കൊടുക്കേണ്ടതുണ്ട്…
സ്റ്റേഫ്രീയോ മറ്റോ വാങ്ങിക്കാനായി കടയിലേക്ക് പോയാൽ ഒരു പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടിത്തരികയാണു പതിവ്. ബാക്കി സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറിൽ ഇട്ടുമാത്രമാവും തരിക!! ഇതുമാത്രം പത്രക്കടലാസിൽ പൊതിഞ്ഞ് വിരിഞ്ഞുമുറുക്കിക്കെട്ടിത്തരുന്നു!! എന്തോ വല്യ കള്ളത്തരം കാണിക്കുന്നതുപോലെയോ നാണക്കേട് കാണിക്കുന്നതു പോലെയോ ഒരു വികാരം എവിടെയോ പതിയിരിക്കുന്നുണ്ട്!
ഓഫീസിലും ഉണ്ട് അനുബന്ധ കഥകൾ! അവിടെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മെൻസസാവാത്ത പെൺകുട്ടികൾ ഉണ്ടെങ്കിലായി എന്നേ ഉള്ളൂ, മിക്കവരും ബാത്ത്രൂമിലേക്ക് പോകുമ്പോൾ കൈയ്യിൽ സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൊണ്ടുപോകുന്നത് കാണാം!! ആരെങ്കിലും അതുമാത്രം ശ്രദ്ധിച്ചിരിക്കുന്നതോ, അതിനെ പറ്റി കമന്റ് പറയുന്നതോ കണ്ടിട്ടില്ല!!
മിക്ക കുട്ടികളും ബാഗും കൊണ്ടാണു ബാത്ത്രൂമിലേക്ക് പോകാറുള്ളത്!! ഇത് ആ കുട്ടിക്ക് മേൽ പറഞ്ഞ പീട്യക്കാരന്റെ വികാരം ഉള്ളിൽ ഉറങ്ങിക്കിടക്കുന്നതു കൊണ്ടു തോന്നുന്ന വികാരമായിരിക്കണം! അല്ലെങ്കിൽ ബാഗ് അവൾ ഇരിക്കുന്ന സ്ഥലത്ത് വെച്ചിട്ടാണല്ലോ ഫുഡടിക്കാനും ചായ കുടിക്കാനും ഒക്കെ പോവുന്നത്, ഈ ബാത്ത്രൂമിൽ പോകുമ്പോൾ മാത്രമെന്തിനാ ബാഗ് കരുതുന്നത് എന്ന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്!! ഒരു ചെറുചിരിയാൽ സംസാരവും ഉണ്ടാവുന്നു. പക്ഷേ, സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൈഇയിൽ വെച്ച് പോകുന്നവർക്ക് ഒരു പ്രശ്നക്കാരിയോ പരിഹാസപാത്രമോ ആയി ആൺകാഴ്ചകളിൽ നിറയുന്നത് കണ്ടിട്ടില്ല.
ഇതേകാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റിയപ്പോൾ ഒരു ഫ്രണ്ട് വന്നു ചോദിച്ച കാര്യത്തിന് ഉത്തരം കൊടുത്തതുകൂടി ഒരു തമാശയ്ക്കായി ചേർക്കുന്നു. 🙂
ചോദ്യമിതായിരുന്നു: എല്ലാം മനാസിലായി. ചെരുപ്പിനു നാലു ചവിട്ടു കൊടുക്കുന്നതെന്തിനാണെന്നൊഴിച്ച്…
ഇതിന് എന്റെ ഉത്തരമാണു താഴെ ഉള്ളത്: ചവിട്ടിക്കഴുകൽ എന്നു പറയും… കാലിൽ വന്നു കെണിഞ്ഞ് ദിവസേന ബുദ്ധിമുട്ടിക്കുന്നതിലുള്ള ശിക്ഷ!
രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസൂക്തമാണ് ഭാരത ഭാഗ്യവിധാതാ. ഭാരത ഭാഗ്യവിധാതായ്ക്ക് 5 ചരണങ്ങൾ ഉണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. . സാഹിത്യത്തിന് നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്.
1911, ഡിസംബർ 27 നു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി പ്രാർത്ഥനാഗാനമായി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘ജനഗണമന‘ ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന.
ചരണം 1
ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗളദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!
പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ചരണം 2
അഹ രഹ തവ ആഹ്വാന പ്രചാരിത, ശുനി തവ ഉദാരവാണീ
ഹിന്ദു ബൌദ്ധ ശിഖ ജൈന പാരസിക മുസലമാന ഖ്റിസ്ടാനീ
പൂരബ പശ്ചിമ ആസെ തവ സിംഹാസന പാശെ
പ്രേമഹാര ഹയ ഗാഥാ
ജനഗണ ഐക്യ വിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
പരിഭാഷ: അവിടുത്തെ ആഹ്വാനം എന്നുമെങ്ങും പ്രചരിക്കുന്നു. അവിടുത്തെ മഹത്തായ വാക്കുകൾ കേട്ട് ഹൈന്ദവരും ബൗദ്ധരും സിക്കുകാരും ജൈന മതസ്ഥരും പാഴ്സികളും മുസൽമാന്മാരും ക്രിസ്ത്യാനികളും പൗരസ്ത്യരും പാശ്ചാത്യരും അവിടത്തെ സിംഹാസനത്തിനു സമീപം വന്നെത്തുന്നു. പ്രേമഹാരങ്ങൾ നിർമ്മിക്കപ്പെടുന്നു. ജന സമൂഹത്തിനു ഐക്യം പകരുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ചരണം 3
പതന അഭ്യുദയ ബന്ധുര പന്ഥാ യുഗ യുഗ ധാവിത യാത്രീ
ഹേ ചിര സാരഥീ തവ രഥ ചക്രേ മുഖരിത പഥ ദിന രാത്രീ
ദാരുണ വിപ്ലവ മാഝെ തവ ശംഖ ധ്വനി ബാജേ
സങ്കട ദുഃഖ ത്രാഥാ
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയഹേ!
പരിഭാഷ: പാതയാകട്ടെ പതനവും അഭ്യുദയവും കൊണ്ട് നിരപ്പില്ലാത്തതാണ്. യുഗയുഗങ്ങളായി യാത്രികർ സഞ്ചരിച്ചു കൊണ്ടുമിരിക്കുന്നു. ഹേ നിത്യസാരഥീ, അവിടുത്തെ രഥചക്രങ്ങളുടെ ശബ്ദം കൊണ്ട് പന്ഥാവ് രാവും പകലും മുഖരിതമാകുന്നു. ദാരുണ വിപ്ലവത്തിന്റെ നടുവിൽ സങ്കടങ്ങളിലും ദുഃഖങ്ങളിലും നിന്ന് രക്ഷ നല്കുന്ന അങ്ങയുടെ ശംഖനാദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജനഗണങ്ങളുടെ മാർഗ്ഗദർശീ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ചരണം 4
ഘോര തിമിര നിബിഡ നിശീഥെ പീഡിത മൂർച്ഛിത ദേശേ
ജാഗ്രത ഛില തവ അവിചല മംഗള നത നയനേ അനിമേഷേ
ദുഃസ്വപ്നേ ആതങ്കെ രക്ഷാകരിലെ അങ്കേ
സ്നേഹമായി തുമി മാതാ
ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
പരിഭാഷ: ഘോരാന്ധകാരം നിറഞ്ഞ പാതിരാത്രിയിൽ കൊടും പീഡകൾ അനുഭവിക്കുന്ന ദേശത്ത് അവിടത്തെ നിർന്നിമേഷം പതിച്ച നയനങ്ങളിൽ അചഞ്ചലമായ ഐശ്വര്യം സജീവമായി നിലനിന്നിരുന്നു. ദുഃസ്വപ്നങ്ങൾ കാണുമ്പോഴും ദുഃഖം അനുഭവിക്കുമ്പോഴും സ്നേഹമയിയായ മാതാവായ അവിടുന്ന് മടിയിലിരുത്തി രക്ഷിച്ചു. ജനഗണങ്ങളെ ദുഃഖത്തിൽ നിന്ന് രക്ഷിക്കുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ചരണം 5
രാത്രി പ്രഭാതില ഉദില രവിച്ഛവി പൂർവ്വ ഉദയഗിരി ഭാലേ
ഗാഹെ വിഹംഗമ പുണ്യ സമീരന് നവ ജീവന രസ ഢാലേ
തവ കരുനാരുണ രാഗേ നിദ്രിത ഭാരത ജാഗേ
തവ ചരണേ നത് മാഥാ
ജയ ജയ ജയ ഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
പരിഭാഷ: രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നു കഴിഞ്ഞു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുകയായി. ശുദ്ധവായു നവജീവന രസം കോരിച്ചൊരിയുകയായി. അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉറങ്ങിക്കിടന്ന ഭാരതം ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി!
വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്.
നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല.
ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു. പലപാടും തപ്പിയപ്പോൾ ചില കഥകളുടെ വാലറ്റം ശ്രദ്ധയിൽ പെട്ടു. അതൊക്കെ പറഞ്ഞുകൊടുക്കാനായി ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു. പണ്ട് ചെറുവത്തൂരു നിന്നും വല്യമ്മയും ഇളയമ്മമാരും പറഞ്ഞു തന്ന കഥകളൊക്കെ എവിടെയൊക്കെ വന്ന് എത്തിനോക്കി പോകുന്നതുപോലെ ഒരനുഭവം. എന്തായാലും ഇതൊക്കെ കേട്ട് സുന്ദരമയി ഉറങ്ങുവാൻ ആത്മികയ്ക്ക് പറ്റുന്നു എന്നത് ഏറെ ഹൃദ്യമാക്കിയ സന്ദർഭങ്ങളായിരുന്നു ഇവയൊക്കെ.
ഇന്നലെ സിംഹത്തിന്റെ കഥപറഞ്ഞു. കഥ പഴയതുതന്നെ. കാട്ടിലെ രാജാവായിരുന്നു സിംഹം! ഒരിക്കൽ സിംഹം കാട്ടിലൂടെ രാജകീയമായി നടക്കുമ്പോൾ ഒരു കിണർ കണ്ടു. ഇതെന്താ ഇത്രവലിയ കുഴിയെന്നു കരുതി കിണറിലേക്ക് എത്തിവലിഞ്ഞു നോക്കിയ സിംഹം ഞെട്ടിപ്പോയി!! അതാ മറ്റൊരു സിംഹം കിണറ്റിൽ നിന്നും ഈ രാജാവനെ നോക്കുന്നു!! സിംഹം പല്ലുകൾ പുറത്തു കാണിച്ച് അതിനെ ഒന്നു പേടിപ്പിക്കാൻ ശ്രമിച്ചു!! പക്ഷേ അതേ ഭാവം തന്നെ ആ കിണറ്റിലെ സിംഹവും കാണിക്കുന്നു!! അതിയായ കോപം പൂണ്ട കരയിലെ സിംഹം കണ്ണുരുട്ടി മീശ വിറപ്പിച്ച് വാലു ചുരുട്ടിശക്തി പ്രകടിപ്പിച്ചു! ഇതൊക്കെ അതേപടി കിണറ്റിനകത്തെ സിംഹവും കാണിക്കുന്നു… കരയിലെ സിംഹം ദേഷ്യം സഹിക്കാനാവാതെ അത്യുച്ചത്തിൽ അക്രോശിച്ചു.. കാടുമൊത്തം നടുങ്ങിവിറച്ചു! പക്ഷേ, അതേ ആക്രോശം തന്നെ കിണറ്റിലെ സിംഹവും പുറപ്പെടുവിപ്പിച്ചു… കിണറിന്റെ മൺഭിത്തിയിൽ തട്ടി ആ ആക്രോശം പ്രതിധ്വനിച്ചു… കരയിലെ സിംഹം വരെ ഒന്നു വിരണ്ടുപോയി! ഞാനിവിടെ രാജാവായി നിൽക്കുമ്പോൾ മറ്റൊരു സിംഹമോ ഇവിടെ! പാടില്ല… മനുഷ്യർക്കൊന്നും ചേരാത്തെ മൃഗീയ വാസനകൾ രാജാവിൽ കുമിഞ്ഞു കൂടി. രാജാവ് മനുഷ്യനായിരുന്നെങ്കിൽ മറ്റൊരു രാജാവിനെ കണ്ടാൽ സ്നേഹത്തോടെ വിളിച്ചിരുത്തി ഒരു പരിചാരകനെ പോലെ ശുശ്രൂഷിക്കുമായിരുന്നു. കോപം പൂണ്ട കരയിലെ സിംഹം കിണറ്റിലെ സിംഹത്തെ ആക്രമിക്കാനായി കിണറിലേക്ക് എടുത്തു ചാടി!! വെള്ളത്തിൽ വീണുകഴിഞ്ഞപ്പോൾ മറ്റേ സിംഹത്തെ കാണാനില്ല! കരയിൽ നിന്നും നോക്കിയപ്പോൾ കണ്ട പ്രതിബിംബം മാത്രമായിരുന്നു അത്. ആമീസ് മുഖം കഴികാൻ പോവുമ്പോൾ ബക്കറ്റിൽ നോക്കിയാൽ ഇതുപോലെ ആമീസിന്റെ മുഖം കാണില്ലേ. ആമീസ് കണ്ണാടിയിൽ നോക്കി ചിരിക്കുമ്പോൾ കണ്ണാടി ആമീസിനോട് ചിരിക്കാറില്ലേ അതു തന്നെ സംഗതി! കിണറ്റിൽ വീണ സിംഹം നീന്തി സൈഡിൽ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന് കരഞ്ഞോണ്ടിരുന്നു. ഒരു ആനക്കൂട്ടം അതുവഴി പോയപ്പോൾ ഈ കരച്ചിൽ കേൾക്കാനിടയായി. ആന സിംഹത്തേക്കാൾ വലുതല്ലേ, ആമീസിനെ പോലെ ശക്തിമാൻ!! വലിയൊരു മരം പിഴുതെടുത്ത് കിണറ്റിലേക്ക് വെച്ചു കൊടുത്തു. സിംഹം പതുക്കെ വീഴാതെ മരത്തിലൂടെ കരയ്ക്കണഞ്ഞു. ഇതായിരുന്നു ഒരു കഥ. ആത്മികയ്ക്ക് വേണ്ടി അല്പസ്വല്പമാറ്റങ്ങളൊക്കെ വരുത്തി എന്നതേ വ്യത്യാസം ഉള്ളൂ.
ആത്മിക എന്നിട്ടും ഉറങ്ങിയില്ല. ആനയുടെ പേരെന്താ അച്ഛാ? അവരൊക്കെ ഏത് സ്കൂളിലാ പഠിക്കുന്നേ എന്നൊക്കെയായിരുന്നു പിന്നീടുള്ള അവളുടെ ചോദ്യാവലികൾ.
ഞാൻ അത് തീർത്ത് രണ്ടാമത്തെ കഥയിലേക്ക് കടന്നു! ഇവിടെയായിരുന്നു ഞാൻ വലഞ്ഞു പോയത്. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമായിരുന്നു കഥാവിഷയം. വിശദീകരണമൊക്കെ അല്പം മുഴച്ചു നിന്നിരുന്നു. നല്ലൊരു ഗ്രൗണ്ട് വേണമല്ലോ ഇവർക്ക് ഓട്ടമത്സരം നടത്താൻ, കാണാൻ മൃഗങ്ങളും വേണം. എല്ലാവരേയും പരിചയപ്പെടുത്തി, നായകർ ഓട്ടം തുടങ്ങി. ആമ പതുക്കയേ ഓടൂ; മുയൽ വേഗത്തിൽ ഓടും എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക സമ്മതിക്കുന്നില്ല; അല്ലച്ഛ അങ്ങനെ അല്ല എന്നവൾ പറയുന്നു. പക്ഷേ, കഥ അങ്ങനെ മാറ്റാൻ പറ്റില്ല. ആമ ജയിക്കുന്നതല്ലേ അതിലെ കൗതുകം തന്നെ! ആത്മിക എന്റെ നെഞ്ചിൽ നിന്നും എണീറ്റ് കട്ടിലിനു താഴെ ഇറങ്ങി… റൂമിലൂടെ ഓട്ടമായി… എന്നിട്ട് പറഞ്ഞു അച്ഛാ എനിക്ക് ഇങ്ങനെ ഓടാനൊക്കെ പറ്റും എന്ന്!!
അന്നേരമാണു സംഗതി എനിക്ക് കത്തിയത്. ആമ വളരെ പതുക്കെ ഓടുന്നു, നടക്കുന്നതു പോലെ എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക കേട്ടത് ആമി പതുക്കെ ഓടുന്നു എന്നായിപ്പോയി. മത്സരം ആമീസും മുയലും തമ്മിലുള്ളതായി അവൾ കരുതി. അവൾ പതുക്കെ മാത്രമേ ഓടുന്നുള്ളൂ എന്നതിന്റെ സങ്കടമാണ് ഈ കണ്ടത്!!
ആമ എന്നത് അവൾക്ക് പഠിക്കാനൊക്കെ ഉണ്ടെങ്കിലും മലയാളവാക്കവൾ കേട്ടിട്ടില്ല. ആമ എന്താണെന്ന് വിശദീകരിക്കേണ്ടി വന്നു. അതിന്റെ ഇംഗ്ലീഷ് വാക്കാണെങ്കിൽ കിട്ടുന്നുമില്ല. ഞാനാകെ വലഞ്ഞു.. പിന്നെ പറഞ്ഞു മോളേ, പുറത്ത് തോടു പോലെ ഒരു സംഗതിയുള്ളതും കൈയ്യും കാലും തലയും മാത്രം പുറത്തു കാണുന്നതുമായ ഒരു ചെറിയ ജീവിയാണ് ആമ. എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛാ അത് tortoise അല്ലേ!! ഞാൻ വീണ്ടും പെട്ടു. tortoise ഉം ആമയും ഒന്നാണോ എന്നറിയാൻ എണിറ്റ് പോയി കമ്പ്യൂട്ടർ തുറന്ന് നെറ്റ് കണക്റ്റ് ചെയ്ത് ഗൂഗിൾ ചെയ്തു നോക്കണം! ഇനി tortoise തന്നെയായിരിക്കുമോ ഈ ആമ!! ഞാൻ പറഞ്ഞു ആമയ്ക്ക് ഒരു ഇംഗ്ലീഷ് പേരും ഉണ്ട് മോളേ, അച്ഛനത് നാളെ പറഞ്ഞുതരാം. മോളിപ്പം ആമ എന്ന് കേട്ടാൽ മതി.
ഈ അച്ഛന് ഒന്നു അറിയില്ല; അത് tortoise തന്നെയച്ഛാ എന്നായി അവൾ. തെറ്റാണെങ്കിൽ അത് ഞാനായിട്ട് ആമീസിന്റെ മനസ്സിൽ ഉറപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയാണെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അതുതന്നെ മോളേ എന്നു പറയേണ്ടതാണ്; ഞാനിപ്പോൾ ഇടയിലാണ്. ഇംഗ്ലീഷറീയാത്തതിൽ ഞാൻ ആമീസിനോടു സോറി പറഞ്ഞപ്പോൾ അവൾ തർക്കിക്കാതെ ആമ എന്നു തന്നെ സമ്മതിച്ചു തന്നു. ആമ പതുക്കെ നടന്നതും മുയൽ ഓടിപ്പോയി മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, ആമ അടുത്തെത്തിയത് അറിയുമ്പോൾ വീണ്ടും ഓടിപ്പോയി അടുത്ത മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, അവസാനം ആമ ശബ്ദമുണ്ടാക്കാതെ നടന്ന് മത്സരത്തിൽ ജയിക്കുന്നതും കഴിഞ്ഞ പ്രാവശ്യം ആമീസ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് കിട്ടിയപ്പോൾ നേടിയതുപോലെ ട്രോഫിയും സർട്ടിഫിക്കേറ്റും കാട്ടിലെ രാജാവ് ഒരു സിംഹം വന്നു കൊടുക്കുന്നതും ഒക്കെ പറഞ്ഞ് കഥ ഞാൻ അവസാനിപ്പിച്ചു. മെല്ലെ ആമീസ് എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയി…
രാവിലെ എണിറ്റപ്പോൾ ഞാനാദ്യം നോക്കിയത് tortoise എന്താണ് എന്നതായിരുന്നു! ആമ തന്നെ. ഒരു ജീവിയുടെ ഇംഗ്ലീഷ് പേരു ഞാനും കഥയിലൂടെ പഠിച്ചെടുത്തു എന്നു പറയാം. tortoise നെ മറക്കാനാവില്ല.
ID used to identify users for 24 hours after last activity
24 hours
_gat
Used to monitor number of Google Analytics server requests when using Google Tag Manager
1 minute
_ga_
ID used to identify users
2 years
__utmx
Used to determine whether a user is included in an A / B or Multivariate test.
18 months
_ga
ID used to identify users
2 years
_gali
Used by Google Analytics to determine which links on a page are being clicked
30 seconds
__utmz
Contains information about the traffic source or campaign that directed user to the website. The cookie is set when the GA.js javascript is loaded and updated when data is sent to the Google Anaytics server
6 months after last activity
__utmv
Contains custom information set by the web developer via the _setCustomVar method in Google Analytics. This cookie is updated every time new data is sent to the Google Analytics server.
2 years after last activity
__utmb
Used to distinguish new sessions and visits. This cookie is set when the GA.js javascript library is loaded and there is no existing __utmb cookie. The cookie is updated every time data is sent to the Google Analytics server.
30 minutes after last activity
__utmc
Used only with old Urchin versions of Google Analytics and not with GA.js. Was used to distinguish between new sessions and visits at the end of a session.
End of session (browser)
__utma
ID used to identify users and sessions
2 years after last activity
__utmt
Used to monitor number of Google Analytics server requests
10 minutes
_gac_
Contains information related to marketing campaigns of the user. These are shared with Google AdWords / Google Ads when the Google Ads and Google Analytics accounts are linked together.