Skip to main content

വിക്കിപീഡിയ സംഗമോത്സവം അവലോകനം

malayalam wikipedia logoമലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.

സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.

പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.

അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.

ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.

സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.

പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.

പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.

ശ്രീ. അൻ‌വർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻ‌വർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.

മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.

മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.

ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.

  1. സംഗമോത്സവ ചെലവ്
    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
    #താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
    #പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
    #ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
    #ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
    #ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
    #രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
    #ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
    #വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ

28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.

വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.

രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.

യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺ‌ലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.

മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.

റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ് കാഞ്ഞങ്ങാട്

റോയൽ ഫൂട് വെയർസ് കാഞ്ഞങ്ങാട്ചില സംഭവങ്ങൾ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊന്നു സംഭവിച്ചു. മഞ്ജുവിന്റെ വീട്ടിൽ പോയി വൈകുന്നേരം തിരിച്ചുവരും വഴിയായിരുന്നു. മഞ്ജുവിനോടൊപ്പം വർക്ക് ചെയ്യുന്ന അവളുടെ കൂട്ടുകാരിക്ക് വേണ്ടി പോപ്പിക്കുട തേടി അലയുകയായിരുന്നു ഞങ്ങൾ. കുറേ കടകൾ കേറിയിറങ്ങിയെങ്കിലും പോപ്പിക്കുട കണ്ടുകിട്ടിയില്ല. അവസാനമാണ് ബസ് സ്റ്റാന്റിന്റെ സമീപത്തേക്ക് ഞങ്ങൾ വന്നത്. ബസ്റ്റാറ്റാന്റിനു സമീപമുള്ള റോയൽ ഫൂട്ട്‌വെയേർസിനു മുമ്പിൽ എത്തിയപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയകനായ ആളോട് വിളിച്ചു ചോദിച്ചു ചേട്ടാ പോപ്പിക്കുടയുണ്ടോ എന്ന്. പോപ്പിയും ജോൺസും ഉണ്ടെന്ന് മറുപടി കിട്ടി. അകത്തേക്ക് കയറിയപ്പോൾ ഷോപ്പിലെ ജീവനകാരന്റേയും ഇദ്ദേഹത്തിന്റെയും പെരുമാറ്റം നന്നായി ഇഷ്ടപ്പെട്ടു. എങ്കിലും ഇതൊക്കെ അവരുടെ തൊഴിലിന്റെ ഭാഗമാണല്ലോ, നാളെയും ഞാനിവിടെ വരണമെങ്കിൽ അവർ നന്നായി പെരുമാറിയല്ലേ ഒക്കൂ എന്നൊക്കെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു. എങ്കിലും അവരുടെ ആ നല്ല പെരുമാറ്റം ഒരു കുളിർമ്മ തന്നെയായിരുന്നു, കാരണം മിക്ക ഷോപ്പുകളിൽ നിന്നും കിട്ടാത്തതാണല്ലോ ഇതൊക്കെ.

ചെരുപ്പും കുടകളും അടക്കം 1500 രൂപയുക്കുള്ള സാധനങ്ങൾ വാങ്ങിച്ച് അല്പം വിലപേശിയേക്കാം എന്ന് കരുതി എന്തെങ്കിലും കുറച്ചു തരണം എന്നു പറഞ്ഞപ്പോൾ പുള്ളി നല്ലൊരു ശതമാനം കുറച്ചു തരികയും ചെയ്തു. എന്നിട്ടദ്ദേഹം, അവിടെ ഒട്ടിച്ച വെച്ചിരുന്ന വിലവിവരപ്പട്ടിക കണിച്ചു തന്നു. ഷോപ്പിൽ വിൽക്കുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക ഷോപ്പുടമ ഷോപ്പിൽ ഡിസ്പ്ലേ ചെയ്യണം എന്നുണ്ടത്രേ. കാഞ്ഞങ്ങാട് പക്ഷേ ചമയം ഡ്രസ്സസ്സിലും ഇവിടെയും അല്ലാതെ വേറൊരു ഷോപ്പിലും ഇതില്ല. അതിൽ നോക്കിയാൽ നിങ്ങൾക്ക് ഞാനി സാധനം വാങ്ങിച്ച വില മനസ്സിലാവും, എത്ര അധികമാണ് ഞാൻ നിങ്ങളോട് വാങ്ങിച്ചതെന്നും മനസ്സിലാവും എന്നദ്ദേഹം പറഞ്ഞു. ആ പട്ടിക ചോദിച്ചു കാണേണ്ടത് നിങ്ങൾ കസ്റ്റമേർസിന്റെ കൂടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറിയൊരു അത്ഭുതം എന്നിലുണ്ടാക്കി ആ വർത്തമാനം.

എന്തായാലും കിട്ടിയ ഡിസ്കൗണ്ടിൽ തന്നെ ഞാൻ സംതൃപതനായതിനാൽ അതൊന്ന് ഓടിച്ചു നോക്കി ഞങ്ങൾ ഇറങ്ങി, പിന്നെ ആമീയെയും കൊണ്ട് ആശുപത്രിയിൽ പോയി, കൂൾബാറിൽ കേറി ഐസ്ക്രീം കഴിച്ചു പിന്നെയും ഒന്നുരണ്ടു കടകളിൽ കേറി ഏകദേശം രണ്ടുമണിക്കൂറുകൾക്ക് ശേഷം ബസ്സിലേക്ക് കയറാൻ തുനിയുമ്പോൾ ആ കടയിലെ സെയിൽസ് മാൻ വന്നു കൈയ്യിൽ പിടിച്ചു പറഞ്ഞു, ഒരു ഐസ്ക്രീം വാങ്ങി തന്നാൽ ഞാൻ ഒരു കാര്യം പറയാം എന്ന്. കാര്യം തിരക്കിയപ്പോൾ പുള്ളി പറഞ്ഞു നിങ്ങൾ കൊടുത്ത 1000 രൂപയോടൊപ്പം മറ്റൊരു 1000 രൂപകൂടിയുണ്ടായിരുന്നു എന്ന്. സെയിൽസ്മേൻ ഞങ്ങളേയും നോക്കി ഇരിക്കുകയായിരുന്നു. ഞങ്ങൾ റോഡ് മുറിച്ചു കടന്ന് ഷോപ്പിലെത്തി. കടയുടമ സന്തോഷത്തോടെ ആ 1000 രൂപ തിരിച്ചു തന്നു.

ജോസ് എന്നാണു പുള്ളിക്കാരന്റെ പേര്. എറണാകുളം കാരനാണ്. കഴിഞ്ഞ 40 വർഷമായി പുള്ളി കാഞ്ഞങ്ങാട് ബിസിനസ്സ് ചെയ്യുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് താങ്ക്സും പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോന്നു. ഇനി ഞങ്ങൾക്ക് സ്റ്റേഷണറിക്ക് മറ്റൊരു കട തേടി കാഞ്ഞങ്ങാട് അലയേണ്ടതില്ല. ഇത്തരം നന്മ ഉള്ളിൽ സൂക്ഷിക്കുന്ന ആളുകളെ അറിഞ്ഞുകൊണ്ട് ഒഴിവാക്കാൻ സാധിക്കില്ല. കാഞ്ഞങ്ങാടുള്ളവർ ജോസ് ചേട്ടന്റെ നല്ല മനസ്സിനെ കാണാതെ പോകരത്. ബസ്റ്റാസ്റ്റാന്റിനോട് ചേർന്ന് നിലേശ്വരം ദിശയിൽ കാണുന്ന മൂന്നാമത്തെയോ നാലാമത്തെയോ ഷോപ്പാണ് റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ്. കാഞ്ഞങ്ങാട് വിൽക്കുന്ന സാധനങ്ങളുടെ യഥാർത്ഥ വിലവിവരപ്പട്ടിക തയ്യാറാക്കി പ്രദർശിപ്പിക്കുന്ന രണ്ടുഷോപ്പുകളിൽ ഒന്നാണിത്. രണ്ടാമത്തേത് ചമയമാണ്.

ആയിരം രൂപയുടെ കാര്യമല്ല; അത് തിരിച്ചുതരാൻ ജോസ് ചേട്ടൻ കാണിച്ച ആ മനോഭാവത്തിന് ഒരു ബിഗ് സല്യൂട്ട്!!

ഈ സംഭവത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.,
ഗൂഗിൾ പ്ലസ്സിൽ.

ലയനം

ചെറുപ്പത്തിൽ സ്കൂൾ അവധിക്കാലങ്ങളിൽ ഒടയഞ്ചാലിൽ നിന്നും ചെറുവത്തൂരേയ്ക്കു പോവുക എന്നത് എനിക്കൊരു രസമായിരുന്നു. അച്ഛന്റെ വീടവിടെയാണ്. വിദ്യാരംഭം അവിടെയായിരുന്നുവെങ്കിലും പിന്നീട് തുടർപഠനം അമ്മയുടെ നാടായ ഒടയഞ്ചാലിൽ വെച്ചായിരുന്നു. എല്ലാ അവധിക്കാലവും ചെറുവത്തൂരിലേക്കു പോവുകയെന്നത് പതിവായി മാറിയിരുന്നു. (more…)

ഏർപ്പ് ഉത്സവം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമോദാഹരണമായ ഒരു ഗ്രാമീണ ആഘോഷമാണ് ഏർപ്പുത്സവം. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്നൊരു ഉത്സവമാണിത്. കഴിഞ്ഞകാലങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഉത്സവം കൂടിയാണിത് മകരം 28 നാണ് ഏർപ്പ്. പ്രകൃതിയെ ലോകമാതാവായി കണ്ടിരുന്ന പഴയകാല സമൂഹത്തിൽ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവതുല്യവുമായിരുന്നു. ഇതിൽ ഏറെ പ്രാധാന്യം ഭൂമിക്കായിരുന്നു. അക്കാലത്ത് മണ്ണിൽ വിത്തിറക്കുമ്പോൾപോലും മനുഷ്യൻ ഭൂമീദേവിയുടെ അനുഗ്രഹം തേടി.

ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍. ഏർപ്പു ദിനത്തിൽ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. ഏർപ്പ് വെരൽ എന്നാണിതറിയപ്പെടുന്നത്. നവധാന്യങ്ങളിൽപ്പെട്ട തുവര, പയർ, കടല എന്നിവയിൽ ഏതെങ്കിലുമൊരു ധാന്യം ചേർത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നേദിക്കുന്നതാണ് ഏർപ്പിലെ പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയിൽ ചിലയിടങ്ങളിൽ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിൻെറ ഉത്തമ മാതൃകകൾ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. ത്രീനി അഹാനിരജസ്വലാ ബീജം ന വ്യാപയേത് അത്ര, ജനാഃ പാപത് വിനശ്യതി എന്നു പരാശഹോരയിൽ പറഞ്ഞിരിക്കുന്നത് രജസ്വലയായ മണ്ണോ പെണ്ണോ ആവട്ടെ, പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നുതന്നെയാണ്

രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം.
വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്.

വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോ‍ഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക തെയ്യങ്ങളുടേയും നിര്‍വഹണത്തിന്റെ ഭാഗമായി കുരുസി ( ഗുരുതി) യുണ്ട്. ഓരോ കൃഷിയും ഭൂമിയെ ക്ഷീണിപ്പിക്കും എന്ന ധാരണയില്‍ ഭൂമിക്ക് നവജീവന്‍ കൊടുക്കുന്നതിനാണ് ഈ അര്‍പ്പണം. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു സ്ത്രീക്കു നല്‍കുന്ന ചികിത്സക്കും കരുതലിനും സമാനമാണിത്.

അതുകൊണ്ടുതന്നെ ഈ ദിനത്തിൽ ആയുധങ്ങൾപോലും ഭൂമിയിൽ ഇറക്കിയിരുന്നില്ല. വെള്ളം നനയ്ക്കാതെ, മുറ്റമടിക്കാതെ, നിലമുഴാതെ ഭൂമിയെ നോവിക്കാതെയാണ് ഏർപ്പുദിനം ആഘോഷിച്ചിരുന്നത്. വിളവെടുപ്പു കഴിഞ്ഞ്, ധാന്യങ്ങൾ പത്തായപ്പുരകളിലെത്തിച്ചശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്ക്കും മുൻപു ഏർപ്പു ദിനത്തിൽ ഭൂമിയെ മനുഷ്യൻ മധുരം നൽകി ആദരിച്ചിരുന്നത്. ഈ ഭൂമി പൂജയ്ക്കു ശേഷം മാത്രമായിരുന്നു അക്കാലത്ത് മണ്ണിൽ പുത്തൻ നാമ്പുകൾ മുളപൊട്ടിയിരുന്നത്. ഊർവരതയുടെ ഭാഗമായി പോയകാലത്തു നടത്തിയിരുന്ന ഏർപ്പു കളിയാട്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഈ ആഘോഷത്തിന്റെ ബാക്കിപത്രം. കീഴ്മാല എരഞ്ഞിക്കൽ ചാമുണ്ഡേശ്വരി മുണ്ഡ്യക്കാവ്, പയ്യന്നൂർ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂർത്തി മുണ്ഡ്യക്കാവ്, പൊതാവൂർ തറവാട് എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ദിനത്തിൽ ഏർപ്പു കളിയാട്ടങ്ങൾ നടക്കാറുണ്ട്.

മകരം അവസാനത്തോടെ വേനലിന്റെ വരവറിയിച്ച് കാറ്റിന് ശക്തി കൂടും. ഇങ്ങനെ പ്രകൃതിയിലെ മാറ്റങ്ങളും ഏര്‍പ്പ് ഉത്സവത്തിന്റെ ചടങ്ങുകളില്‍ പ്രതിഫലിക്കും. പട്ടം പറത്തിയാണ് ഈ ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത്. പ്രകൃതിയുടെ ഭാവമാറ്റത്തിൽ പിലിക്കോട് ഏർപ്പുഴയിലും പനക്കാപ്പുഴയിലും ധരാളം മീനുകളെത്തും. കുത്തൂടും വലയുമായി കൂട്ടത്തോടെ ആളുകളെത്തി മീൻപിടിത്തവും ആഘോഷമാക്കും. എന്നാൽ പുതു തലമുറയ്ക്ക് ഇതെല്ലാം കൗതുക കാഴ്ച മാത്രമായി. വിവിധ ക്ലബുകളിലും മറ്റും കുട്ടികൾ കൂട്ടം ചേർന്ന് പട്ടം പറത്തിയും മറ്റും ഏർപ്പുകാറ്റിനെ വരവേൽക്കാറുണ്ട്

വേലിയേറ്റ വേലിയിറക്കങ്ങളിലുള്‍പ്പടെ മാറ്റമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കാലം മാറിയെങ്കിലും ഭൂമി ഋതുമതിയാകുന്നതിന്റെ ആഘോഷം ഇന്നും വടക്കിന്റെ ഗ്രാമീണക്കാഴ്ചയായി തുടരുന്നു. മനുഷ്യനോടൊപ്പം മറ്റു ജീവജാലങ്ങളുടേയും സുരക്ഷിതമായ ആവാസസ്ഥാനമെന്ന നിലയില്‍ പ്രകൃതിയെ കാണുന്ന ഉദാത്ത സങ്കല്‍പ്പങ്ങളാണ് നാടന്‍ അറിവുകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൊടുക്കുന്നത്.

കുടുംബകലഹം സ്പെഷ്യല്‍

കുടുംബകലഹം സ്പെഷ്യല്‍അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. ചാലിങ്കാലെത്തിയപ്പോള്‍ അവരുടെ കൂടെയിരുന്ന പെണ്‍‌കുട്ടി എണീറ്റുപോയി. നാഷണല്‍‌ ഹൈവേയിലെ കുഴികളില്‍ മാറിമാറി വീണുകൊണ്ടാ പ്രൈവറ്റ് ബസ്സ് പായുകയാണ്‌. തൊട്ടടുത്തുനില്‍ക്കുന്ന പുരുഷപ്രജകളാരും തന്നെ അവിടെ ഇരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ആ സീറ്റില്‍ സ്ഥലം പിടിച്ചു. തടുച്ചുകൊഴുത്ത കുലീനത തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ. അവരെന്നെ ഒന്നു നോക്കി. പിന്നെ യാതൊരു ഭാവഭേദവും കൂടാതെ എനിക്കിരിക്കാന്‍ പാകത്തിന്‌ ഒന്ന് ഒതുങ്ങിയിരുന്നുതന്നു. മുമ്പില്‍ അമ്മയുണ്ട്. അമ്മയ്‌ക്ക് സീറ്റ് കിട്ടിയിരുന്നില്ല. അമ്മയൊന്നു തിരിഞ്ഞു നോക്കിയാല്‍ വിളിച്ചിവിടെ ഇരുത്താം എന്നുണ്ടായിരുന്നു. പക്ഷേ, റോഡിലെ കുഴികളില്‍ വീണ് ചാഞ്ചാടുന്ന ബസ്സില്‍ അടിതെറ്റാതിരിക്കാന്‍ അടുത്തുള്ള സീറ്റില്‍ ചാരി ശ്രദ്ധയോടെ നില്‍ക്കുകയാണമ്മ.

ബസ്സില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ വലിയ തെരക്കില്ലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ചും ഒരിക്കലെങ്കിലും മുഖ്യമന്ത്രി അച്ചുമ്മവന്‍ ഈ വഴിയിലൂടെ യാത്ര ചെയ്യേണ്ട അവസരം വരുന്ന ഏതാനും മാസത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെങ്കിലെന്നും ഒക്കെയുള്ള വിഫലചിന്തകളില്‍ ഊളിയിട്ട് ആ സ്ത്രീയോടൊപ്പം ഞാനിരുന്നു. ഒരുപക്ഷേ അവരും ചിന്തിക്കുന്നത് ഈ റോഡിനെക്കുറിച്ചാവാം. കണ്ണൂര്‍ ബോര്‍ഡ് വെച്ച ഒരു കെ. എസ്. ആര്‍. ടി. സി ബസ്സ് ഞങ്ങളെ കടന്ന് ആ കുഴികള്‍ക്കു മുകളിലൂടെ പറന്നുപോയി. ഞങ്ങളിരുന്ന ബസ്സ് പൊടിയാല്‍ അഭിഷേകം ചെയ്യപ്പെട്ടു. അവര്‍ മുഖം തിരിച്ച് മൂക്കുപൊത്തിയപ്പോള്‍ മൂക്കില്‍ ഒരു സ്വര്‍‌ണമൂക്കുത്തി തിളങ്ങുന്നതു ഞാന്‍ കണ്ടു.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിനടുത്തുള്ള എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടന്റെ ഓഫീസില്‍ പോയതായിരുന്നു അമ്മയും ഞാനും. സമയം വൈകുന്നേരം മൂന്നുമണിയോടടുത്തിരുന്നു. ചാലിങ്കാല്‍ ഇറക്കം ഇറങ്ങിയപ്പോള്‍ മുതല്‍ വളരെ യാദൃശ്ചികമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. മുമ്പില്‍, ബസ്സിന്റെ ഡോറിനു പിന്നെലെ രണ്ടാമത്തെ സീറ്റിലിരുന്ന വളരേ ആഢ്യനായിരുന്ന ഒരു വൃദ്ധന്‍ കൂടെ കൂടെ എന്നെ തിരിഞ്ഞു നോക്കുന്നു. എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടനേക്കാള്‍ ഇയാള്‍ക്ക് പ്രായമുണ്ടെന്ന് ഞാന്‍ കണ്ടു പിടിച്ചു! ആരായിരിക്കും ഇയ്യാള്‍? ഇയാളെന്തിനായിരിക്കും എന്നെ നോക്കുന്നത്? എന്നെ അറിയുന്ന ആരെങ്കിലും? അല്ല, ആണെങ്കില്‍ ഒന്നു ചിരിച്ചു കാണിക്കില്ലേ… ഇനി, തൊട്ടടുത്തിരിക്കുന്ന ചേച്ചിയുടെ ഭര്‍‌ത്താവായിരിക്കുമോ? ആയിരിക്കുമോ?? എന്റെ സിരകളിലൂടെ ഒരു മിന്നല്‍ പിണര്‍‌ പാഞ്ഞുപോയി…
ആല്ല, ആവാന്‍ വഴിയില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ട്. അടുത്തിരിക്കുന്ന ചേച്ചിക്ക് ഒരു ചേരുന്നതല്ല, അച്ഛനായിരിക്കുമോ ഇനി? മകളുടെ അടുത്ത് ഒരുത്തന്‍ നാണമില്ലാതെ കേറിയിരിക്കുന്നത് കണ്ട് അയാള്‍ പ്രകോപിതനായി എണീറ്റു വന്നാല്‍ എന്തു ചെയ്യും? ഞാന്‍ രണ്ടു കൈയും പൊക്കി മുമ്പിലെ സീറ്റിന്റെ പുറകിലെ കമ്പിയില്‍ എല്ലാവരും കാണ്‍‌കെ തന്നെ വെച്ചു, ഇനി വയസ്സന്‍‌മൂപ്പര്‍ ഹാലിളകി വന്നാല്‍ എന്റെ കൈകള്‍ ഒരു കുരുത്തക്കേടിനും കൂട്ടുനിന്നിട്ടില്ലെന്ന് പറയാന്‍ ചുറ്റുവട്ടത്ത് നില്‍‌ക്കുന്നവരെങ്കിലും കൂടുമായിരിക്കില്ലേ…

ബസ്സ് മാവുങ്കാലെത്തി. വയോവൃദ്ധന്‍ കഷ്‌ടപ്പെട്ട് എണീക്കുന്നു. ഇപ്പോള്‍ ഈ ചേച്ചിയും ഇറങ്ങുമായിരിക്കും. ഞാന്‍ അവര്‍‌ക്കിറങ്ങാന്‍ പാകത്തിന്‌ സ്ഥലം ഒരുക്കി റെഡിയാക്കി വെച്ചു. പക്ഷേ, അവര്‍‌ക്കിറങ്ങാനുള്ള ഭാവമില്ല. ഓ! അയാളുടെ ആരുമാവില്ല ഇവര്‍. എന്തൊക്കെ പൊട്ടത്തരങ്ങളാണ്‌ ഞാന്‍ ചിന്തിച്ചു കൂട്ടിയത്. പാവം വൃദ്ധന്‍! എന്തൊക്കെയോ തെറ്റിദ്ധരിച്ചുപോയി. പ്രായത്തെ ബഹുമാനിക്കണമായിരുന്നു. ഞാന്‍ മനസ്സുകൊണ്ട് അയാളോട് ക്ഷമ ചോദിച്ചു.

ഇന്നിനി തിരിച്ച് ബാംഗ്ലൂരിനു പോകേണ്ടതാണ്‌. കാസര്‍ഗോഡ് നിന്നാണു ബസ്സ്. എന്റെ ചിന്തകള്‍ മറ്റേതൊക്കെയോ മേഖലകളിലേക്ക് വ്യാപിച്ചു. ദൂരെ, അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? ചുറ്റും ടെസ്റ്റ്യൂബുകളില്‍ നിറയെ ബാക്റ്റീരിയകളും വൈറസുമൊക്കെയായിട്ട്… ഈ പെണ്ണിന്‌ വേറെ വല്ല ജോലിക്കും പോകാന്‍ പാടില്ലയിരുന്നോ! എത്ര അപകടകരമാണ്‌ ഇത്തരം ജോലികള്‍! ഒന്നു തെറ്റിയാല്‍, അറിയാതെ ഒരു സൂചി തറച്ചു കയറിയാല്‍!! ഞാന്‍ മൊബൈല്‍ എടുത്ത് കലണ്ടര്‍ തുറന്നുവെച്ചു. അവള്‍ കാണാം എന്നു പറഞ്ഞിരിക്കുന്ന ദിവസത്തേക്ക് ഇനിയും പത്തിരുപതു ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. ആരോ ശക്തിയായി എന്റെ ചുമലില്‍ വന്ന് ചാരിയപ്പോള്‍ ഞാന്‍ ഓര്‍‌മ്മകളുടെ പിടിവിട്ട് ഞെട്ടിയറിഞ്ഞു. ദേ, ആ വയോവൃദ്ധന്‍ എന്റെ തൊട്ടരികില്‍!

ഇയാളപ്പോള്‍ മാവുങ്കാലില്‍ ഇറങ്ങിയില്ലേ! വെളുത്ത മുണ്ടും വെള്ള ഷര്‍‌ട്ടും വിലകൂടിയ കണ്ണടയും ഒക്കെ ഉള്ള അയാള്‍ ഒരു പക്കാ മാന്യന്‍ തന്നെ. അയാളുടെ ആ ചാരല്‍ എനിക്കത്ര ദഹിച്ചില്ല. ഞാന്‍ ഈര്‍‌ഷ്യയോടെ അയാളെ ഒന്നമര്‍‌ത്തി നോക്കി. അയാള്‍ അപ്പുറത്തെ സീറ്റിന്റെ കമ്പിയേലേക്കു ചാരാന്‍ തുടങ്ങി. ഇടയ്‌ക്കിടെ ഞെട്ടിത്തിരിഞ്ഞ് ഞാനിരിക്കുന്ന സീറ്റിലേക്കു നോക്കും. വെളുത്ത് സുന്ദരമായ ആ മുഖം വല്ലാതെ ചുളുക്കി വികൃതമാക്കി വെച്ചിരിക്കുന്നു. അയാള്‍‌ക്കവിടെ നില്‍‌ക്കാന്‍ പറ്റുന്നില്ല. മനസ്സില്‍ അയാളെന്നെ ആഞ്ഞടിക്കുന്നതും പുളിച്ച തെറിപറയുന്നതും ഞാന്‍ അറിഞ്ഞു. ഞാന്‍ പക്ഷേ ഒന്നുമറിയാത്ത പാവത്തെ പോലെ ചേച്ചിയോട് ചേര്‍ന്നിരുന്നു. ബസ്സില്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ നില്‍ക്കുന്നുള്ളൂ. കിഴക്കുംകര സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സ്ത്രീ റിസര്‍‌വേഷന്‍ സീറ്റുകള്‍ ഏകദേശം കാലിയായി. അയാള്‍ ആ സ്ത്രീയെ വല്ലാത്ത ശക്തിയില്‍ തോണ്ടി വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവര്‍ ഞെട്ടിയറിഞ്ഞു.

“ദാ ലേഡീസ് സീറ്റ് ഒഴിഞ്ഞിരിക്കുന്നു. അവിടെ പോയി ഇരുന്നോ…”
“ഇനി അത്രല്ലേ ഉള്ളൂ, സാരമില്ല”
അയാള്‍ വീണ്ടും അതേ വാക്യം ആവര്‍ത്തിച്ചു. അവരും അതേ ഉത്തരം വീണ്ടും ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞത് സത്യമായിരുന്നു. കിഴക്കുംകരയില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ഒരു കിലോമീറ്റര്‍ പോലും ദൂരമില്ല. പിന്നെ ഇയാള്‍ക്കിതെന്തിന്റെ കേട്? ഇന്നൊരു കുടുംബകലഹം ഉറപ്പ്! ബസ്സ് കാഞ്ഞങ്ങാടെത്തി. അയാള്‍ ആദ്യം ഇറങ്ങി, ബസ്സിന്റെ മുമ്പിലേക്ക് മാറി നിന്നു. ഞാന്‍ തൊട്ടുപിന്നലെ ഇറങ്ങി. അയാള്‍ എന്നെ നോക്കി. മുഖാമുഖം! ഞാന്‍ ഒന്നു ചിരിച്ചു. ഒരു കൊച്ചു കുസൃതിയോടെ ഒന്നു കണ്ണിറുക്കി കാണിച്ച് നേരെ നടന്നു. അമ്മ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു…

ദി വ്യാജന്‍

കേരളത്തിലെ വിഷമദ്യ ദുരന്തം
ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍.
നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ – കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി.
“ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം …. ” എന്ന കവിതയും മൂളിപ്പോയ ഞാന്‍ (more…)

അലാമിക്കളി

കര്‍ബലയുദ്ധംകാസര്‍‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കര്‍‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാര്‍‌ദത്തിന്റെ സ്നേഹപാഠങ്ങള്‍‌ ഉള്‍‌ക്കൊള്ളുന്ന ഉദാത്തമായൊരു (more…)

ബേക്കലം കോട്ട – Bekal Fort

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്.
ചരിത്രം
ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്. 1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി.

Tipu Sultan

പ്രത്യേകതകൾ
ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു. ഹൈദരലി പല തവണ മലബാറിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ ബേക്കൽ കോട്ടയിലേക്ക് കാര്യമായി പതിഞ്ഞിരുന്നില്ല. അദ്ദേഹത്തെ പിൻതുടർന്ന് മൈസൂർ സാമ്രാജ്യത്തിന്റെ അധിപനായ ടിപ്പു സുൽത്താൻ തന്റെ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പടയോട്ട കാലത്ത് ഈ കോട്ടയെ പ്രധാന താവളമായി കണ്ടിരുന്നു. ഇംഗ്ലീഷുകാർക്കെതിരെയുള്ള ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ തന്റെ സൈനിക നീക്കത്തിനും പ്രതിരോധത്തിനുമുള്ള മുഖ്യ കേന്ദ്രം എന്ന നിലയിലും ടിപ്പു ബേക്കൽ കോട്ടയെ ഉപയോഗപ്പെടുത്തി എന്നത് ചരിത്രം. എന്തായാലും 1799 ലെ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ പരാജയപ്പെട്ടതോടെ ബേക്കൽ കോട്ടയുടെ അവകാശം ഇംഗ്ലീഷുകാരുടെ കൈകളിലായി. അന്നുണ്ടായിരുന്ന ആഞ്ജനേയ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച മുസ്ലിം പള്ളിയും ഇന്നും കോട്ടയിൽ കാണാനാവും. നിരീക്ഷണ ഗോപുരം ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Tipu Sultan
Orignal Tipu Photo

അനുബന്ധനിർമ്മിതികൾ

കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.

ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.

എത്തിച്ചേരേണ്ട വിധം
റോഡ് ഗതാഗതം
1) കേരള സംസ്ഥാന പാത 57
2) ഏറ്റവും അടുത്തുള്ള പട്ടണം – കാഞ്ഞങ്ങാട് – 12 കിലോമീറ്റർ, കാസർഗോഡ് – 16.5 കിലോമീറ്റർ

ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ
1) മംഗലാപുരം – 50 കി.മീ
2) കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം – 180 കി.മീ

തീവണ്ടി ഗതാഗതം
ബേക്കൽ കോട്ട തീവണ്ടി നിലയം

ബേക്കലിന് അടുത്തുള്ള സ്ഥലങ്ങൾ

പള്ളിക്കരെ ബീച്ച്
ബേക്കൽ ഹോളെ ജലോദ്യാനം
കാപ്പിൽ ബീച്ച്
ചന്ദ്രഗിരി കോട്ട
ചന്ദ്രഗിരി ക്രൂസ്
ആനന്ദാശ്രം
അനന്തപുര തടാക ക്ഷേത്രം
വലിയപറമ്പ് കായൽ
റാണിപുരം

It is the peace and beauty that the forts embrace which makes it worth treasuring, generating the spectators to enjoy it to its fullest. One such fort is Bekal fort of more than 350 years old, which is considered as the largest as well as the best-preserved fort in Kerala, now under the control of the archeological foundation of India. It is situated 16km south of kasaragod on the National highway, which stands on a vast 405 acre promontory that runs into the Arabian Sea. It has got a striking circular structure of laterite rising 130 ft above the sea level. As we glance around the beach, the stunning view of the daunting Bekal Fort serves as an agent of amusement and entertainment.

History

Bekal’s history takes us to the period of Sivappa Nayak of Ikkeri dynasty (around 1650) who built this fort at Bekal.They constructed the fort in order to defend it from outside world. To their dismay arose Kolathiri rajas who started to fight with Nayaks to take over their hold in that vicinity. The grapple between the two came to an end when Hyder Ali took the control by defeating the Nayaks. Later Bekal was conquered by Mysore Sultan. Till 1799, it was under the rule of Tippu Sultan, but thereafter it was under the rule of British East India Company and become the headquarters of the newly organized Bekal Taluk of South Canara District in Bombay Presidency. South Canara subsequently became a part of the Madras Presidency in 1862 and Kasaragod Taluk was set up in the place of Bekal Taluk. With the state reformation in 1956, Kasaragod became part of Kerala.

Bekal Fort with its best features like the secretive passageway, the observation towers, the sea fortress, the twisty entrance, the tactical openings or holes on the outer walls, the stairways etc. remains always to the viewers eye a marvel and freed him from the stress and boredom.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights