Skip to main content

സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ–
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍

മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍…

അവശേഷിപ്പുകള്‍‌

A Modern Artപുസ്തകങ്ങള്‍‌ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും‌ സ്വന്തമാക്കുക എന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍‌ കാര്യമായി ഒന്നും‌ വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍‌ കഴിഞ്ഞ് അഞ്ചാറു വര്‍‌ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍‌ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. (more…)
Verified by MonsterInsights