അവിശ്വസിനീയമായി തോന്നിയ ഒരു സംഗതി നടന്നു. സ്ഥലത്തിൻ്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരിലായിരുന്നു ഒരുദിനം (march 25, 2023) മൊത്തം. ആധാരം എഴുതിയ അമ്പാടിസാറുമായി ചുരുങ്ങിയ സമയം കൊണ്ടു നല്ലൊരു ബന്ധം ഉണ്ടാക്കിയെടുത്തിരുന്നു. കാര്യങ്ങൾ ഒക്കെയും ഭംഗിയായി കഴിഞ്ഞ ശേഷം, ഞങ്ങൾ വെറുതേ പുസ്തകങ്ങളെ കുറിച്ചും ലൈബ്രറിയെക്കുറിച്ചും ഫോക്ക് ആർട്ടുകളേപ്പറ്റിയും സംസാരിച്ചിരിക്കുമ്പോൾ, ഒരാൾ ഒരു ശൂന്യമായ മുദ്രപ്പേപ്പറുമായി അവിടേക്കു വന്നു.
അമ്പാടിസാർ കാര്യം ചോദിച്ചു. അയാൾ അപ്പോൾ തന്നെ ഫോൺ എടുത്ത് ആരെയോ വിളിച്ചു. എന്നിട്ട് സാറിൻ്റെ കയ്യിലേക്ക് ഫോൺ കൊടുത്തു. സംസാരം മൊത്തം ഞാനും കേട്ടു.
അമ്മയാണു വിഷയം. അമ്മയ്ക്കു നാലു മക്കൾ ഉണ്ട്; അച്ഛൻ ഇല്ലെന്നു തോന്നുന്നു. രണ്ടാണും രണ്ടു പെണ്ണും ആണു മക്കൾ. അമ്മയുടെ കൈയ്യിൽ ഉള്ള സ്ഥലം മൊത്തം 4 മക്കളും തുല്യമായി വീതിച്ചെടുത്തിരുന്നു. അല്പസ്ഥലം അമ്മയുടെ പേരിലും ഉണ്ട് – അമ്മയുടെ മരണശേഷം, ഒരു മകൾക്കാണ് ആ സ്ഥലത്തിനവകാശം എന്നെഴുതിവെച്ചിട്ടുണ്ട് – എന്നുവെച്ച് ആ മകൾ, നിലവിൽ അമ്മയെ നോക്കുന്നില്ല.
പ്രായമായ അമ്മയെ നോക്കിയേ തീരൂ, ആരു നോക്കും! നാലുമക്കൾക്കും അവകാശപ്പെട്ടതല്ലേ ആ ശരീരം. കാലം തികയ്ക്കാനായി ആ ശരീരം സൂക്ഷിക്കാനായി നാലുമക്കൾക്കും ഒരു എഗ്രിമെൻ്റ് ആവശ്യമാണിപ്പോൾ! അതിനാണ്, ഒന്നുമില്ലാത്ത ആ മുദ്രപ്പത്രം കൊടുത്തു വിട്ടിരിക്കുന്നത്!!
ആ മകൾ നോക്കുന്നില്ലെങ്കിൽ, അവർക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലം പിൻവലിച്ച്, മറ്റൊരാളത് ഏറ്റെടുത്ത്, ഇങ്ങനെ എഗ്രിമെൻ്റ് എഴുതാത്ത വിധം തന്നെ അമ്മയെ നോക്കാൻ പാടില്ലേ, ഇനി അഥവാ എഗ്രിമെൻ്റ് എഴുതിയാൽ തന്നെ, നിങ്ങൾ അമ്മയെ നോക്കും എന്താണിത്ര ഉറപ്പ്, വിലയുള്ള ഒരു വസ്തുവിനെ അടിസ്ഥാനപ്പെടുത്തിയല്ലേ എഗ്രിമെൻ്റ് എഴുതേണ്ടത്? എന്നൊക്കെ അമ്പാടിസാർ ചോദിക്കുന്നതു കേട്ടു…
കൂടുതൽ ഇക്കാര്യം പഠിക്കേണ്ടതുണ്ടെന്നോ മറ്റോ പറഞ്ഞ് തൽക്കാലം ആ ദൂതനെ തിരികെ വിട്ടെങ്കിലും, ആ ഒരു അവസ്ഥയെക്കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു ഞാൻ! ആ അമ്മയിപ്പോൾ എവിടെയാവും ഉണ്ടാവുക… എന്തൊക്കെ ചിന്തകളിലാവും അവരിപ്പോൾ ജീവിക്കുന്നുണ്ടാവുക! ഭീകരമായി തോന്നി എനിക്കീ അവസ്ഥ!
യുദ്ധം കഴിഞ്ഞു
കബന്ധങ്ങൾ ഉന്മാദനൃത്തം
ചവിട്ടി കുഴച്ചു രണാങ്കണം
രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ
കാൽ തെറ്റി വീണു നിഴലുകൾ
ധൂമില സംഗ്രാമ രംഗങ്ങളിൽ
വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ
തെന്നൽ മരണം മണം പിടിയ്ക്കും പോലെ
തെന്നി നടന്നു പടകുടീരങ്ങളിൽ
ആ യുദ്ധ ഭൂവിൽ നിലം പതിച്ചു
രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ
കൃഷ്ണമണികൾ മറിയും മിഴികളിൽ
ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ
മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ
കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ
അപ്പോഴും രാവണന് ഉള്ളിൽ
ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി
ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി
ഓടി നടക്കും പിന്നെയും മൈഥലി
പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം
അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ
ഓർത്തുപോയ് രാവണൻ
വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ
അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി
അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ
അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ
രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ
എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ
നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ
അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ്
അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ
മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ
കണ്ണു നിറഞ്ഞു പോയ് രാവണന്
ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി
പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ
പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ
തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും
ആ പൈതൽ എങ്ങോ മറഞ്ഞു പോയ്
പ്രാണഭയവും, പിതൃത്വവും ജീവിതവീണ വലിച്ചു പൊട്ടിച്ച നാൾ
എന്തൊരന്തർദാഹം എന്താത്മ വേദന
എന്തായിരുന്നു മനസ്സിലാ സംഭവം
നാദരൂപാത്മകൻ പിന്നീടൊരിയ്ക്കൽ
ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞ നാൾ
തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ്
ഒന്നു മകളെ ഒരു നോക്കു കാണുവാൻ
കണ്ടൊന്ന് മാപ്പു ചോദിയ്ക്കുവാൻ
ആ മണി ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ
ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും
പൊന്നശോകങ്ങൾ വിരിഞ്ഞു വന്നീടിലും
ഇങ്കു ചോദിച്ചു മണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും
ശ്ലഷ്ണ ശിലാ മണി ഹർമ്മ്യത്തിൽ
മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ
മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ്
മണ്ഡോദരി വന്നടുങ്ങിക്കിടക്കിലും
കണ്ണൊന്നടച്ചാൽ കരളിന്നകത്ത്
ഒരു പൊന്നിൻ ചിലമ്പും കിലുക്കും കുമാരിക
ഓമന തിങ്കൾ കിടാവു പോൽ തന്നുള്ളിലോടി
നടന്നു ചിരിയ്ക്കും കുമാരിക
ഓമനേ ഭീരുവാണച്ഛൻ
അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ
നീ മരിച്ചില്ല.. ജനകന്റെ പുത്രിയായ്
രാമന്റെ മാനസ സ്വപ്നമായ് വന്നു നീ
പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ഛനിപ്പ-
ട്ടണത്തിലിറങ്ങിയ നാൾ മുതൽ
നിന്നശോകതണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി കരിയിച്ച നാൾ മുതൽ
എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ
എല്ലാം സഹിച്ചു മനശാന്തി നേടുവാൻ
യുദ്ധത്തിലിന്നലെ പോരും വഴിയ്ക്ക്
അച്ഛൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം
എല്ലാം പറഞ്ഞു.. മകളുടെ കാലുപിടിച്ചെല്ലാം പറഞ്ഞു മടങ്ങി തിരിയ്ക്കവേ
തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരുനുള്ളീൽ പിതൃത്വം തളിർത്തു പോയ്
വേദന ജീവനിൽ മൃത്യുവിൻ വാൾ വീണ വേദനകൊണ്ടു പുളഞ്ഞു പോയ് രാവണൻ
ചുറ്റും ചിറകടിച്ചാർക്കുകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ
ലങ്ക ശിരസ്സുമുയർത്തി ലോകാന്തര ഭംഗി നുകരും തൃകൂഡ ശൈലങ്ങളിൽ
പ്രേത പറമ്പിൽ കരിന്തിരി കത്തിച്ച മാതിരി നിന്നതിഷുസ്സ ശുക്ര താരകം
ദാശരഥിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി
മന്ത്ര പടഹ ധ്വനിമുഴങ്ങി മന്ത്രമണ്ടപം തന്നിലെഴുന്നുള്ളി രാഘവൻ മാരുതി ചോദിച്ചു
മൈഥിലിയെ കൊണ്ടു പോരുവാൻ വൈകി വിടതരൂ പോട്ടെ ഞാൻ
സീതയെ ശുദ്ധീകരിയ്ക്കുവാൻ കാട്ടുതീ ഊതി പിടിപ്പിച്ചു വാനര സേനകൾ
പൂന്താനത്തിന്റെ ഭക്തിയും മേൽപ്പത്തൂരിന്റെ വിഭക്തിയും ശ്രീകൃഷ്ണന് ഒരുപോലെയാണെന്നു കാണിക്കുന്ന കഥയുണ്ടായിരുന്നു. ശുദ്ധമായ ഭക്തി കൊണ്ടു സിദ്ധിക്കുന്നത് ആവശ്യത്തിനുള്ള വിഭക്തികൊണ്ടും സിദ്ധിക്കുന്നുണ്ട് എന്നു കാണിക്കുന്നതായിരുന്നു കഥ. മുറിവൈദ്യരാണേതു കാലത്തും കുഴപ്പക്കാർ. തനിക്കു തോന്നുന്ന വിമ്മിട്ടം ആരോടും പറയാനാവാതെ സ്വയം മനസ്സിലിട്ടുരുകിവീർത്ത് മാനസികമായി തകരുന്നവർ ഏറെയുണ്ട് ഇത്തരം ഭക്തരിൽ. താനിതെന്തിനു ചെയ്യുന്നു എന്ന ബോധം അവർക്കില്ല; ഭഗവാനു വേണ്ടിയെന്ന ഒറ്റ ബോധം തലയ്ക്ക് പിടിച്ചു ചെയ്യുമ്പോൾ തന്നെയും അവരുടെ മനസ്സിൽ ഒരു ഈഫ് കണ്ടീഷൻ നിന്ന് ചിരിതൂകുന്നുണ്ടാവും.
ഭഗവാൻ ശരിക്കും ഉണ്ടോ? ഇല്ലേ? ങാ ഉണ്ടെങ്കിൽ ഉണ്ട്, ഉണ്ടെങ്കിൽ അവിടുന്ന് കിട്ടുന്നത് എനിക്കും ആവശ്യമാണ്… ഇല്ലേ? ഇല്ലായിരിക്കും, ഇനി അഥവാ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ എനിക്കത് കിട്ടാതെ പോകരുത്, പ്രാർത്ഥിച്ചേക്കാം. വല്ലതും കിട്ടുമെങ്കിൽ താനായിട്ട് അത് നഷ്ടപ്പെടുത്തരുതല്ലോ; പ്രാർത്ഥിച്ചേക്കാം. ഇത്തരക്കാർ ഇന്നേറെയുണ്ട്. ഭക്തികൊണ്ടവർക്ക് ഒരു പുണ്യവും കിട്ടുന്നില്ലാന്നു മാത്രമല്ല, തന്റെ ഭാഗത്തു നിന്നും സംഭവിച്ചുപോയ ചെറുയൊരു ഭക്തിരസപ്രധാനമായ കള്ളത്തരം/കുറ്റം അവരെ മാനസികമായി അലട്ടാനും പര്യാപ്തമാണ്. അവർ പതുക്കെ മൂകരാവുന്നു; ചിന്താദീനരായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കുന്നു. പിന്നെ ഒരുവക രക്ഷപ്പെട്ടുവന്നേക്കും. എങ്കിലും മനസ്സിലൊരു വിമ്മിട്ടമായതു കിടക്കും.
ഭക്തിരസപ്രധാനമായ ചടങ്ങുകൾ ഒക്കെയും പരിപാടിയുടെ സുന്ദരമായ ഒരു ഒഴുക്കിനായി പരുവപ്പെടുത്തി എടുത്തിട്ടുള്ളതാണ്. അതു കൃത്യമായി ചെയ്യുക, എന്നത് ആ ചിട്ടവട്ടങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. അല്ലാതെ ആ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും ഭഗവാൻ നിർബന്ധ ബുദ്ധിയോടുകൂടി ചെയ്യിക്കുന്നതാനെന്ന ധാരണ ആവരുത് കർമ്മികൾക്കു വേണ്ടത്. അറിവില്ലായ്മകൊണ്ടോ അബദ്ധത്തിലോ ആ ചടങ്ങുകളിൽ അല്പം തട്ടിക്കൂട്ടലുകളോ, ചെയ്യാതെ വിടേണ്ടിവരികയോ, പിഴവോ സംഭവിച്ചു പോയാൽ ഒരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ആത്മധൈര്യത്തോടെ അതേകാര്യം റിപ്പീറ്റ് ചെയ്ത് പൂർത്തീകരിക്കാലും മതിയല്ലോ. ഇനി അഥവാ പൂർത്തീകരിക്കാതെ വിട്ടുപോയാലും, ഭഗവാൻ ഈ ചെയ്യുന്ന കർമ്മകൾ ഒക്കെ നോക്കി, അതിന് പര്യാപ്തമായ രീതിയിൽ അനുഗ്രഹം നൽകാൻ കാത്തിരിക്കുകയോ, ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനായി ചൂരലും എടുത്തിരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയണം നമ്മൾ. ആ ധാരണ സധൈര്യം മാറ്റുക. ദക്ഷിണയായോ ഭണ്ഡാരത്തിലിട്ടോ കൂടുതൽ കൈക്കൂലി കൊടുത്താൽ തനിക്ക് കൂടുതൽ അനുഗ്രഹം ദൈവം തന്നേക്കും എന്നും കരുതേണ്ടതില്ല. നമ്മുടെ വോട്ടുവാങ്ങിച്ച് ജയിച്ചവിടെ ഇരിക്കുന്ന രാഷ്ട്രീയ തേരാളിയുമല്ല ദൈവം; ചെയ്യുന്ന കർമ്മങ്ങൾ നോക്കി നോക്കി മാർക്കിടാനിരിക്കുന്ന ആളല്ല ഭഗവാൻ.
ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. നടത്തുന്ന ചടങ്ങുകൾ, ചെയ്യുന്നവരുടെ മനോനിലയെ മറ്റൊരു അവസ്ഥയിലേക്ക് ലയിപ്പിക്കാനുള്ള മാർഗം മാത്രമാണ്. തുടർച്ചയായി ഒരുകൂട്ടം കാര്യങ്ങൾ ചിന്തിക്കുമ്പോളും, ചെയ്യുമ്പോളും തീർച്ചയായും മാനസികമായി ഏതൊരാളിലും ചെറിയ മാറ്റങ്ങൾ പ്രകടമാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ വീഴ്ചകളെ പറ്റി ഒരു തരിപോലും വേവലാതിപ്പെടാൻ പാടില്ലാത്തതാണ്.
ശബരിമലയ്ക്കു പോകാൻ തയ്യാറായ ഒരുവന്റെ മാല അബദ്ധവശാൽ പൊട്ടിപ്പോയാൽ,
ഇരുമുടി കെട്ട് അറിയാതെ കൈയ്യിൽ നിന്നും താഴെ വീണ് അതിലുള്ള തേങ്ങ പൊട്ടിപ്പോയാൽ,
ദീപാരാധനയ്ക്കായി കത്തിച്ച കർപ്പൂരം കൊടിയ മഴക്കാറ്റിൽ ഒന്നണഞ്ഞു പോയാൽ,
പതിനെട്ടാം പടിയുടെ മുൻവശം ഉടയ്ക്കാനായി വെച്ചിരുന്ന തേങ്ങ ശക്തമായി എറിഞ്ഞിട്ടും കൈയ്യൊന്നിടറി പൊട്ടാതെ വന്നാൽ എന്താണു കരുതേണ്ടത്?
ഇതൊക്കെ അയ്യപ്പന്റെ കോപം കൊണ്ടാണു സംഭവിച്ചത് എന്നാണോ?
താൻ ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണിത് സംഭവിച്ചത് എന്നാണോ?
ഇത് അയ്യപ്പനു രസിക്കാതെ വന്നാൽ അവിടെ മലയിൽ ഒരു ചൂരലും കരുതിവെച്ചാവും അയ്യപ്പനിരിക്കുക എന്നുണ്ടോ? തനിക്ക് യാത്ര അസാധ്യമാകും എന്നു കരുതേണ്ടതുണ്ടോ? അങ്ങനെ ശിക്ഷിക്കാൻ മാത്രം ക്രൂരനായാണോ നിങ്ങൾ അയ്യപ്പനെ കാണുന്നത്? അത്തരത്തിലുള്ള ഒരു ക്രൂരനെ ദൈവമായി കണ്ടാരാധിക്കാൻ നമുക്കാവുമോ?
ശുദ്ധരായ ഭക്തർ ഒരുപക്ഷേ ഭഗവാനോട് താണുകേണപേക്ഷിച്ച് മനസ്സിലൊരു filtration നടത്തിയിരിക്കും. മാനസികമായി അദ്ദേഹം ചെയ്യുന്ന ആ ശുദ്ധികർമ്മം അല്ലെങ്കിൽ പ്രാർത്ഥനയ്ക്കൊടുവിൽ അവരുടെ മനസ്സ് ശുദ്ധമായി മാറുന്നു. പിന്നെ അങ്ങനെയൊരു ഭയമോ ചിന്തയോ അയാൾക്കില്ലാതെ വരുന്നു. കാരണം അയാൾക്കറിയാം, താൻ പറഞ്ഞതും സംഭവിച്ചു പോയതും അയ്യപ്പൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ നന്നായിട്ട് ഭഗവാൻ അയ്യപ്പനു കാര്യങ്ങൾ അറിയാനാവും, അറിയാതെ പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനായി പറഞ്ഞതും അദ്ദേഹം കേട്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഇനിയാ പ്രശ്നം സംഭവിക്കുന്നില്ല. അത്രമാത്രം ശുദ്ധമായ വിശ്വാസമാവും ആ ഭക്തനുണ്ടായിരിക്കുക. അവിടെയതു പൂർണമാവുന്നു.
ഏറെയുള്ള മുറിവൈദ്യന്മാർക്കാണിത് സംഭവിച്ചതെങ്കിലോ? അവരും താണുകേണ് ആയിരം വട്ടം പ്രാർത്ഥിച്ചിരിക്കും, വേണേൽ പ്രായശ്ചിത്തമായി ഒരിക്കൽ കൂടി ഭഗവാനെ തേടി ഞാൻ വരാമെന്നു ശപഥവും ചെയ്തേക്കും. എന്നാലും ആ വ്യാധി തീരുന്നില്ല. ഞാൻചെയ്ത ഏതു തെറ്റാവും ഇങ്ങനെ സംഭവിക്കാൻ കാരണമായത് എന്നവർ ആലോചിച്ച് വ്യാധി പിടിച്ച് മൂലയ്ക്കാവുന്നു. തന്റെ മനോവ്യഥ ആരോടും പറയാനും പറ്റില്ല. നാണക്കേടാണത്. തന്റെ സ്റ്റാറ്റസ്സിനതു നിരക്കുന്നതല്ല; എന്നെ പോലൊരാൾ ഇതൊക്കെ പറയാൻ പബ്ലിക്കലി പാടില്ലെന്ന വിശ്വാസം അവരിൽ ശക്തമാണ്. സ്വന്തം മനസ്സിലിട്ട് ഉരുക്കിയുരിക്കി സ്വയം ക്ഷീണിച്ചു പോവുകയാണിവർ ചെയ്യുക. കാലങ്ങളോളം എടുക്കും ചിലർക്കെങ്കിലും ഈ വ്യഥ മാറിവരാൻ; ചിലരെയിത് ജീവിതാവസാനം വരെ പിന്തുടർന്നേക്കും. അഭിനയത്തിലൂടെ മാത്രം ജീവിക്കുന്ന ഇവരുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലേക്കും ഈ ദുരവസ്ഥയുടെ വ്യാപനം ഉണ്ടാവുന്നു. ചെറിയൊരു കള്ളത്തരം ചെയ്തിട്ട് ഭഗവാൻ പോലും മൈന്റാക്കിയിട്ടില്ലല്ലോ, ഇത് അവനോടും ചെയ്താൽ എന്തു വരാനാണുള്ളത്!!
വിഭക്തി
ഇത്രയും പറഞ്ഞ ഭക്തിയെ പറ്റിയും, ഭക്തിയുടെ രണ്ടു തലങ്ങളെ പറ്റിയും മാത്രമാണ്. ഇനി വിഭക്തിയെപറ്റി പറയാം. മേൽപ്പത്തൂരിന്റെ വിഭക്തിയേയും നന്നായി തന്നെ ആസ്വദിച്ചവനാണു കൃഷ്ണൻ. അറിവാണത്. ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള ശുദ്ധവും ശക്തവുമായൊരു അറിവാണവിടെ പ്രധാനം. അവിടെ ഭക്തിയെന്നത് കളങ്കമാവുന്നില്ല. അവനറിയാം, ഈ ചടങ്ങ് ഇങ്ങനെയൊരു ആചാരത്തിന്റെ ഭാഗമായി ഞാനും പിൻതുടർന്നേ മതിയാവൂ. അതെന്റെ കടമ തന്നെയാണ്. ആ ചടങ്ങിനിടയിൽ ഒരബദ്ധം പിണഞ്ഞു പോയാൽ ആവർത്തിച്ചു ചെയ്ത് തിരുത്തി ശരിയാക്കാൻ കഴിയണം. അവിടെ അതു പൂർണമാവുന്നു. ഇവിടെ തെറ്റും ശരിയുമല്ല ഉള്ളത്, വേരിഫൈ ചെയ്ത് മാർക്കിടാൻ ആരും ചൂരലുമെടുത്ത് മുന്നിലിരിക്കുന്നുമില്ലെന്ന് അവനറിയാം. കണ്ടുനിൽക്കുന്ന ചുറ്റുപാടുമുള്ളവരെ സംതൃപ്തരാക്കിയേ മതിയാവൂ. കൂടെ നിൽക്കുന്നവരാണവർ. അറിവില്ലെങ്കിൽ, അവർ പറയും പോലെ അനുസരിക്കുക എന്നത് മടിയുള്ള കാര്യമല്ലിവർക്ക്.
അല്പകാലത്തേക്കെങ്കിലും നമ്മുടെ ജീവിതക്രമീകരണങ്ങളെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പെറുക്കിവെച്ച് അതിനൊരു വ്യവസ്ഥ വരുമ്പോൾ, പൂർവ്വചരിതം ഓരോരുത്തരും ഓർക്കുക തന്നെ ചെയ്യും. ചെരുപ്പിടാതെ നടക്കാനാവില്ലെന്നു കരുതിയ താൻ ഇപ്പോൾ എത്ര സുന്ദരമായി അങ്ങനെ നടക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ വിചാരിക്കുക പോലും ചെയ്യാത്ത എത്രയെത്ര വഴികളിലൂടെ താനിപ്പോൾ കടന്നുവന്നിരിക്കുന്നു. ഇതിൽ നല്ലതേത്, ചീത്തയേത്! എന്തുതന്നെയായാലും ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നുള്ള പുത്തൻ അറിവ് അവനെ നന്നായൊന്ന് Filtrate ചെയ്യുന്നുണ്ട്. ഭക്തിരസം നല്ലൊരു അരിപ്പയായി അവനെ അരിച്ചെടുക്കുന്നു. അവന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നു. കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ ഇക്കാര്യം തങ്ങി നിൽക്കുക തന്നെ ചെയ്യും; വിഭക്തി ഒരുവനെ നന്നാക്കുന്നത് ഇപ്രകാരം തന്നെയാണ്. ഞാൻ, എന്റേത്, എന്നോടു മാത്രം ചേർന്നത്, ഞാൻ മാത്രം അറിയുന്നത് എന്ന നിലയിൽ നിന്നും നമ്മുടേത്, നമ്മൾ ഒന്നാണെന്നും ഉള്ളൊരു ബോധം ഭക്തിരസത്തിലൂടെ പാകം ചെയ്ത് അവനിൽ എത്തുന്നുണ്ട്. ഇങ്ങനെ ഫിൽട്ടറേറ്റ് ചെയ്തെടുത്ത് സ്വയം അപ്ഡേറ്റ് ചെയ്യാൻ മേൽപ്പത്തൂരിനു മാത്രമല്ല ഏതൊരാൾക്കും സാധ്യമാവുന്നു.
ഭക്തിരസത്തെ മറ്റൊരു രസത്തിൽ ആവാഹനം ചെയ്തത്, ഒരുപക്ഷേ അവർപോലും അറിയാതെയാവാം; കാര്യങ്ങൾ കണ്ടറിഞ്ഞ് സ്വയം ഒന്ന് അപ്ഡേറ്റ് ചെയ്യപ്പെടാൻ തയ്യാറാവണമെന്നേ ഉള്ളൂ. ഭഗവാൻ ഒരിക്കലും ഒരു ക്രൂരനല്ലെന്നുള്ള തിരിച്ചറിവ് അവനുണ്ടാവണം.
എന്റെ രണ്ടാം ശബരിമല യാത്ര
ഇന്ന് (ജൂലൈ 19, 2022) ശബരിമല യാത്ര കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ ഞാൻ. ഏറെ രസകരമായിരുന്നു യാത്ര. ട്രാവലർ യാത്ര തുടങ്ങിയ ശേഷം ഞങ്ങൾക്ക് മഴ ലഭിച്ചതേ ഇല്ല. പമ്പയിൽ നിന്നും കയറ്റം കയറി ശബരിപീഠം/ശരംകുത്തിയാൽ കഴിഞ്ഞിറങ്ങുമ്പോൾ സ്പ്രേ ചെയ്യുന്നതു പോലെ സുന്ദരമായൊരു മഴ പെയ്തിരുന്നു. അവിടെ വെച്ചു സ്വാമിമാർ അഭിക്ഷേകം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരത്ത് മഴ വീണ്ടും നിന്നു.
നിലക്കൽ വരെ മാത്രമേ ട്രാവലറിനു പോകാൻ കഴിയൂ. അവിടെ നിന്നും 18 കിമിയോളം ദൂരം ഉണ്ട് പമ്പയിലേക്ക്. പമ്പയിൽ തിരക്ക് വർദ്ധിക്കുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതും മറ്റുമായ കാര്യങ്ങൾ കൊണ്ട് യാത്ര കെ.എസ്.ആർ.ടി.സിയിൽ തന്നെ ആക്കണം എന്നുണ്ട്. നല്ലതായിരുന്നു ആ യാത്രയും. പക്ഷേ ഭീകരമായി തോന്നിയ കാര്യം ഈ 18 കിമി ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വേണം എന്നതായിരുന്നു. ആയിരക്കണക്കിനു ഭക്തന്മാരെ നിർബന്ധപൂർവ്വം ചൂഷണം ചെയ്ത് കാശുണ്ടാക്കാനുള്ള ഏർപ്പാടായണതു തോന്നിയത്.
ശബരിമലയിൽ അടക്കം ഒരിടത്തും ഞാൻ അഞ്ചു പൈസപോലും നേർച്ച ഇട്ടിട്ടില്ല. മഴയും ഒരു ശല്യമായി എവിടേയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലായിരുന്നു. ശബരിമലയിൽ നിന്നും രാവിലെ തന്നെ രണ്ടുപ്രവശ്യം ഭക്ഷണം കഴിച്ചതിൽ കാശ് കൊടുക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, നല്ലൊരു കുങ്കുമപ്പൊടി കിട്ടുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡിന്റെ കൗണ്ടറിൽ എത്തി സംഗതി വാങ്ങിച്ച ഞാൻ ഞെട്ടിപ്പോയി! ഒരു ചെറു കഷ്ണം വാഴയിലയിൽ ഒരു തുളസിയിലയും അല്പം ചുവന്നകുറിയും. കണക്കിലധികം (100 രൂപയോ 200 ഓ എന്നോർമ്മയില്ല) കാശ് കൊടുത്തതിൽ ഭക്ഷണത്തിന്റെ വിലയും കൂടട്ടെ എന്നു ഞാനും കരുതി. നിലയ്ക്കലിൽ നിന്നും പമ്പാ ത്രിവേണിസംഗമം വരെ 18 കിമി ദൂരത്തേക്ക് 50 രൂപ ടിക്കറ്റെടുത്ത് ആ മുടിഞ്ഞ തെരക്കിൽ യാത്ര ചെയ്ത് എത്താനാക്കിയതും ഒരുതരം മടുപ്പുളവാക്കി. ആൾക്കാരെ പിഴിഞ്ഞെടുത്ത് കണ്ടമാനം കാശുണ്ടാക്കാനുള്ള ഗവണ്മെന്റിനോടുള്ള നീരസം ഈ വകുപ്പിൽ തന്നെ തീർത്തു എന്നു പറയാം! ഭക്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകി ദേവാലയങ്ങളിലേക്ക് എത്തിക്കുന്ന പല ഏർപ്പാടുകളും നാട്ടിൽ ഇല്ലേ? ഇവിടെ മാത്രം എന്താണിങ്ങനെ? എന്തിനാണിങ്ങന ഇരട്ടിയോളം രൂപ അധികമായി ഗവണ്മെന്റ് പിരിവെടുക്കുന്നത്? പുറകിൽ മറ്റെന്തെങ്കിലും ലോജിക്ക് ഉണ്ടോ? ബക്കിയെല്ലാം കൊണ്ട് മനസ്സ് ഏറെ സന്തോഷമായിരുന്നു. ഈ ഒരു ചാർജ്ജ് വല്ലാത്ത കല്ലുകടിയായി അനുഭവപ്പെട്ടു.
എരുമേലി
കോട്ടയം ജില്ലയിൽ മണിമലയാറിന്റെ സമീപത്തുള്ള സ്ഥലമാണ് എരുമേലി. എരുമേലിയിൽ ആണു വാവരുടെ പള്ളിയുള്ളത്; ശാസ്താക്ഷേത്രവും അവിടെയുണ്ട്. ശബരിമലയാത്രയിലെ പേട്ടതുള്ളൽ ചടങ്ങു നടക്കുന്നത് ഇവിടെയാണ്. മലയ്ക്കു പോകുന്നവർ എരുമേലിയിൽ നിന്നും ഡയറക്റ്റ് പമ്പവഴി ശബരിമലയിലേക്ക് നടക്കാറായിരുന്നു പതിവ്. ഇപ്പോൾ കൂടുതലും ഡയറക്റ്റ് പമ്പയിൽ എത്തി അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്ന് ശബരിമലയ്ക്ക് എത്തുകയാണ് ചെയ്യുക. സീസൺ സമയത്ത് പലരും നടന്നുതന്നെ പോകാറുണ്ടത്രേ. ആദ്യമായി മാലയിടുന്നവർ ഇങ്ങനെ തന്നെ പോകണം എന്നും ചിലയിടങ്ങളിൽ നിർബന്ധമുണ്ട്.
നിലയ്ക്കൽ
ശബരിമലയിലേക്ക് പോകുന്നവർക്കുള്ള നല്ലൊരു ഇടത്താവളമാണ് പത്തനംതിട്ട ജില്ലയിലെ നിലയ്ക്കൽ എന്ന സ്ഥലം. എഡി 52 ആം നൂറ്റാണ്ടിൽ കൃസ്തുമത പ്രചരണത്തിനായി കേരളത്തിലെത്തിയ തോമാശ്ലീഹ ഇവിടെ എത്തിച്ചേർന്നുവെന്നും ഒരു പളളി സ്ഥാപിച്ചെന്നും വിശ്വസിക്കുന്നവർ ഉണ്ട്. നിബിഢവനങ്ങളും റബ്ബർ തോട്ടങ്ങളുമാണിവിടെ കൂടുതൽ ഉള്ളത്. നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്. മലപ്പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല. ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദിവ്യജ്യോതിയുമായി ഇവർ ബന്ധപ്പെട്ടു കിടക്കുന്നു.
പമ്പയിലേക്ക് ഡയറക്റ്റ് വരുന്നവരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി, അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റി പമ്പ ത്രിവേണീ സംഗമസ്ഥലത്തേക്ക് എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നല്ല മാർഗവുമാണിത്. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള റോഡും അതീവ സുന്ദരമായതാണ്. പതിനെട്ടര കിലോ മീറ്ററോളം ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വെച്ചാണു ടിക്കറ്റ് ചാർജ് എന്നുള്ളത് ഭക്തരോടു ചെയ്യുന്ന തികഞ്ഞ തോന്ന്യവാസമായാണു തോന്നിയത്. നാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ടിക്കറ്റ് ചാർജാണിത്. ഓരോ മാസാദ്യവും ആദ്യത്തെ 5 ദിവസം ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്ഥലത്ത്, ചാർജ് പകുതിയായി കുറച്ചാലും കെ.എസ്.ആർ.ടി.സി.ക്കു ലാഭം തന്നെയാവുമായിരുന്നു. ഭക്തരായെത്തുന്ന ലക്ഷങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള ഏർപ്പാടു മാത്രമായേ എനിക്കിത് തോന്നിയുള്ളൂ.
പമ്പ
വനഭംഗി നുകർന്നുകൊണ്ടെത്തുന്ന നദികളുടെ സംഗമഭൂമിയാണിത്. പണ്ട് വേട്ടയ്ക്കായെത്തിയ പന്തള രാജാവിനു കുഞ്ഞിനെ കിട്ടിയെന്നു കരുതുന്ന സ്ഥലം. ശ്രീരാമാവതാരകാലത്ത് ശബരി എന്ന സന്യാസിനി തപം ചെയ്ത സ്ഥലം തൊട്ടു മുകളിൽ തന്നെയാണ്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുമ്പോൾ ശബരിപീഠം വഴിയരികിൽ കാണാവുന്നതാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഏകദേശം നാലു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ രണ്ടു കിലോമീറ്ററോൾ വലിയ കയറ്റം തന്നെയാണ്. ശേഷിച്ച രണ്ടു കിലോമീറ്ററോളം ഇറക്കവും. മലയുടെ സൈഡിലൂടെ സ്വാമി അയ്യപ്പൻ റോഡുണ്ട്, നിരവധി വളവുകളോടു കൂടി കയറ്റം കയറാതെ പോകാനും വരാനും പറ്റും. കസേരയിൽ ഇരുത്തി നാലു പേർ ചേർന്ന് ആളുകളെ എടുത്തു കൊണ്ടു പോകുന്നത് ഈ വഴിയാണ്. ശരംകുത്തിയാലിനു താഴെവെച്ച് ഇത് മലയിറക്കത്തോട് ഒന്നിക്കുന്നു.
ശബരിമല
കൃത്യമായ സംവിധാനത്തിലൂടെ പോകുന്നതിനാൽ തെരക്കുണ്ടെങ്കിലും ഇടയ്ക്കൊരു നിർത്തലില്ലാതെ ഡയറക്റ്റ് പടികൾ കയറാനും മറ്റും കഴിയുന്നു. ഏതുസമയത്ത് എത്തിച്ചേരുന്നവർക്കും ഫ്രീയായിത്തന്നെ ശബരിമലയിൽ ഭക്ഷണം ലഭിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ദർശനമുള്ളൂ എന്നോ ഷർട്ടിട്ട് പടികൾ കയറി അയ്യപ്പനെ കാണരുത് എന്നോ ഒന്നും നിബന്ധനകളില്ലാത്ത ക്ഷേത്രമാണിത്. പറശിനിക്കടവു മാത്രമേ അതുപോലെ മറ്റൊരു ക്ഷേത്രം ഓർമയിൽ ഉള്ളൂ. തിരികെ വരുന്ന വഴി ഗുരുവായൂരിൽ പോയെങ്കിലും അവിടെ അമ്പലത്തിൽ ഞാൻ കയറിയില്ല. അവിടെ ഹിന്ദുക്കൾക്ക് മാത്രം എന്നതിൽ ഉപരിയായി ഷർട്ടിടാൻ പാടില്ല, പാന്റിടാൻ പാടില്ല, മൊബൈൽ കൊണ്ടു പോകാൻ പാടില്ല എന്നൊക്കെ നിരവധി നിയമങ്ങൾ വേറെയും ഉണ്ട്. അങ്ങനെ മസിലു പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മാത്രം ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ലല്ല; ഗുരുവായൂരപ്പനും മുത്തപ്പനെ പോലെ അയ്യപ്പനെ പോലെ ജനകീയനാവട്ടെ…
മലപ്പണ്ടാരങ്ങളും ദിവ്യജ്യോതിയും
മലപണ്ടാരം സമുദായക്കാർ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവരുടെ അധിവാസമേഖലായയിരുന്നു പൊന്നമ്പലമേടും പരിസരവും. ഇവരുടെ മൂപ്പനെ അയ്യൻ എന്നാണു വിളിക്കുന്നത്. മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ് മകരം ഒന്ന്! അന്നേ ദിവസം പൊന്നമ്പലമേട്ടിൽ അവർ വിവിധതരം പൂജകളും മറ്റും നടത്തി വന്നിരുന്നു. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുന്ന രീതി ഇവർക്കുണ്ട്. തെള്ളി എന്ന ഔഷധ വൃക്ഷത്തിന്റെ പശ ഉണക്കി പൊടിച്ചു ഉണ്ടാക്കുന്നതാണ് തെള്ളിപ്പൊടി. മുടിയേറ്റിലും മറ്റും ഇത് അനിവാര്യമാണ്. വീര്യം കൂടിയ തൊള്ളിപ്പൊടി അത്യുഗ്രമായി ജ്വലിച്ചുയരും. ഈ ജ്വാല കണ്ടാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ചത് എന്നു കരുതുന്നു. പമ്പാ-കക്കി അണക്കെട്ടിന്റെ ഭാഗമായി മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കിയിരുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിനായി ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് പറഞ്ഞു വരുന്നിരുന്നു. ഇപ്പോൾ സർക്കാർ ഏജൻസികൾ തന്നെയാണു ദിവ്യജ്യോതിയെ പൊന്നമ്പലമേട്ടിൽ കാണിക്കുന്നത്.
18 മലകളായ ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. അന്ന് ശാസ്താവായിരുന്നു ദേവൻ. പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നീ അഷ്ടരാഗങ്ങൾ. ഇവയും കടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. ഇങ്ങനെ പതിനെട്ട് അവസ്ഥകളെ കാണിക്കുന്നുവെന്നും പിന്നീട് ഐതിഹ്യമായി പരന്നിരുന്നു.
ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിന്നു എന്നു ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവായിരുന്നു. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ചുകളഞ്ഞ ശാസ്താ /ബുദ്ധ വിഗ്രഹം പിന്നീട് ഇദ്ദേഹം പുതിയ വിഗ്രഹം വെച്ചു പ്രതിഷ്ടിച്ചിരുന്നു. ഒരു മനുഷ്യ പുത്രന്‍ ആയിരുന്ന ഇദ്ദേഹത്തിനു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുണ്ടായിരുന്നു. ഇദ്ദേഹമാണത്രേ അയ്യപ്പൻ, ആ ക്ഷേത്രം പിന്നീട് ഇദ്ദേഹത്തിന്റേതായി മാറി. ശാസ്താവും അയ്യപ്പനും ലയിച്ചുചേർന്ന് ഒന്നായി എന്നും പറയുന്നു.
അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണിന്നു കാണുന്നത്. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പക്ഷേ പുലി വാഹനനായാണ് അറിയപ്പെടുന്നത്..
അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.
മലയാളത്തിലെ വൈയ്യാകരണന്മാരില്‍ പ്രധാനിയാണ് മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
‘വ്യാകരണമിത്രം’ എന്ന മലയാളവ്യാകരണ ഗ്രന്ഥം രചിച്ചതു ശേഷഗിരി പ്രഭുവാണ്. വ്യാകരണപഠനം കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തിൽ പുസ്തകങ്ങൾ രചിച്ചു എന്നതാണ് ശേഷഗിരി പ്രഭുവിന്റെ മേന്മ. 1855 ആഗസ്റ്റ് 3-ന് തലശ്ശേരിയിൽ ജനനം, മലയാളം ബി.എ പാസായി. സ്കൂളില്‍ മലയാളം പണ്ഡിറ്റായി ജോലി ചെയ്തു. പിന്നെ ഡപ്യൂട്ടി ഇന്‍സ്പെക്ടറായി. ആചാരപ്രകാരമുള്ള പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം 1875-ൽ മെട്രിക്കുലേഷനും 1877-ൽ എഫ്.എ. പരീക്ഷയും ജയിച്ചു. വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി നോക്കി. 1891-ൽ സംസ്കൃതത്തിൽ ബിരുദവും 1903-ൽ ബിരുദാനന്തരബിരുദവും നേടി. 1899-ൽ മംഗലാപുരം, രാജമുന്‍ട്രി എന്നിവിടങ്ങളില്‍ കോളജ് അധ്യാപകനായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. കോളജ് അധ്യാപകനായി 1914-ൽ ജോലിയിൽനിന്നും വിരമിച്ചു.
കേരള പാണനീയത്തിലെ പല വാദങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു പ്രഭുവിന്‍റെ നിഗമനങ്ങള്‍. 1904ല്‍ കോഴിക്കോട്ട് നിന്നാണ് വ്യാകരണ മിത്രം ആദ്യം അച്ചടിച്ചിറക്കിയത്. അതിനു ശേഷം മൂന്നു പതിപ്പുകള്‍ ഇറക്കി. 1919ല്‍ മൂന്നാം പതിപ്പ് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം അന്തരിച്ചിരുന്നു. പരിഷ്ക്കരിച്ച നാലാം പതിപ്പ് 1922 ജൂ ണ്‍ 15നാണ് പ്രസിദ്ധീകരിച്ചത്. മംഗലാപുരത്തെ കാറ്ററീസ് മിഷന്‍ പ്രസിലാണ് കൃതി അച്ചടിച്ചത്. സാഹിത്യ അക്കാദമി 1983 ഡിസംബര്‍ അഞ്ചിന് ഇതിന്‍റെ അഞ്ചാം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. തലശ്ശേരിയിലെ ഭാഷാപോഷിണി സഭയില്‍ വ്യാകരണ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ശേഷഗിരി പ്രഭു അക്കാലത്തു തന്നെ വൈയ്യാകരണന്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. വ്യാകരണമിത്രം, വ്യാകരണ ദര്‍ശം തുടങ്ങി അഞ്ച് വ്യാകരണ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ചില വിവരണങ്ങളും വത്സരാജചരിതം, ശ്രീഹര്‍ഷ ചരിതം, നാഗാനന്ദം, വേദവ്യാസന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
വത്സരാജചരിതം, നാഗാനന്ദം, ശ്രീഹർഷചരിതം, വേദവ്യാസൻ, ഗീത, സാവിത്രി, ഉമ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. വൈയാകരണൻ എന്ന നിലയിലാണ് പ്രഭുവിന്റെ പ്രശസ്തി കേരള പാണിനീയ വിമർശനവും മറ്റും, ബാലവ്യാകരണം, ശിശുമോദകം, ബാലാമതം, കൊങ്കണഭാഷാവ്യാകരണം, വ്യാകരണമിത്രം എന്നിവയാണ് അദ്ദേഹത്തിന്റെ വ്യാകരണഗ്രന്ഥങ്ങൾ. ഉദ്യോഗത്തില്‍ നിന്ന് പിരിഞ്ഞ് തിരുമല ദേവസ്വം ഹൈസ്കൂളില്‍ മൂന്നു വര്‍ഷം ഹെഡ്മാസ്റ്ററായിരുന്നു. കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ കുശാലന്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. 1924 മെയ് 24-ന് അന്തരിച്ചു.
പ്രധാന വർഷങ്ങൾ
1855 ജനനം
1865 പ്രൊവിഡൻസ് സ്കൂളിൽ
1875 മെട്രിക്കുലേഷൻ
1877 എഫ്.എ.
1888 ചരിത്രത്തിൽ ബി. എ.
1891 സംസ്കൃതത്തിൽ ബി. എ.
1892 സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടറായി
1899 എം.എ.; മംഗലാപുരം ഗവൺമെന്റ് കോളേജ് ലക്ചറർ
1910 ആന്ധ്രാപ്രദേശിലെ രാജമേന്ദ്രി ട്രെയിനിങ് കോളേജിൽ
1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 – 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു.
നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.
ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും
വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.
ഭൂമിയിൽ ഹോമോ സാപ്പിയൻമാരുടെ വരവിനു മുമ്പായി ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ഹോമിനിഡുകൾ വികസിക്കുകയും വ്യാപിക്കുകയും ചെയ്തു. ഈ പരിണാമം പക്ഷേ, മന്ദഗതിയിലായിരുന്നു. ഒരു പുതിയ സംഗതിയുടേയോ ഉപകരണത്തിന്റെയോ വികസനം പലപ്പോഴും ആയിരക്കണക്കിന് വർഷങ്ങളെടുത്താണു അന്നു നടക്കുന്നത്. ഹോമോ സാപ്പിയൻമാരുടെ വരവോടെ ഇതെല്ലാം മാറി. മുന്നേറ്റത്തിന്റെ വേഗത ഗണ്യമായി വർദ്ധിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്ക് പകരം നൂറുകണക്കിന് അല്ലെങ്കിൽ ഡസൻ വർഷങ്ങളിൽ പോലും വലിയ പുരോഗതി ഉണ്ടായി. Homosapiens എന്ന നമ്മുടെ മനുഷ്യ വർഗം ഭൂമിയിൽ ഉടെലെടുക്കുന്നത് മുൻപ് തന്നെ നമ്മളെ പോലെ നിവർന്നു നിന്ന് ഇരുകാലുകളിൽ നടന്നിരുന്ന ഒരു മനുഷ്യ വർഗ്ഗമാണു neanderthlal മനുഷ്യർ (Homo neanderthalensis).
ആദ്യത്തെ ഹോമോ സാപ്പിയന്മാർ നിയാണ്ടർത്തലുകളാണെന്ന് വിശ്വസിക്കപ്പെടുന്നു. 200,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലാണ് നിയാണ്ടർത്തൽ ആളുകൾ ആദ്യമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ലക്ഷം വർഷങ്ങൾക്ക് മുമ്പ് അവർ ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. നിയാണ്ടർത്തലുകൾക്ക് അഞ്ച് മുതൽ ആറ് അടി വരെ ഉയരമുണ്ടായിരുന്നു. നല്ല ബലവും ഉറപ്പുമുള്ള അസ്ഥികളും പേശീബലം, തോളുകൾ, കാലുകൾ, കഴുത്ത് എന്നിവയൊക്കെ ചേർന്ന രൂപം തന്നെയായിരുന്നു അവയ്ക്ക്. നിയാണ്ടർത്തലിനും വലിയ തലച്ചോറുകളുണ്ടായിരുന്നു. വാസ്തവത്തിൽ, അവരുടെ തലച്ചോർ ആധുനിക മനുഷ്യരെ അപേക്ഷിച്ച് അല്പം വലുതായിരുന്നു.
മനുഷ്യ ജനുസിൽ, സമാനമായ അനേകം സ്പീഷിസുകൾ അന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട ചിലത് Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans, Homo habilis, homo rudolfensis, homo heidelbergensis, homo floresiensis, homo naledi, and homo luzonensis ഇവയൊക്കെയാണ്. അവരെയൊക്കെ ഒറ്റ പേരാണ് വിളിക്കുക ‘മനുഷ്യൻ’. ഇവരൊക്കെ വ്യത്യസ്ത species ആണ്, എന്നാൽ അവർ ഒരേ ഫാമിലിയിൽ പെടുന്നതാണ്. ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് ശേഷിച്ചു. ഇന്നുകാണുന്ന നമ്മളോളം ശരീര വലിപ്പവും, തലച്ചോറിന്റെ വലിപ്പവും അല്ലാതെ മറ്റു സ്പീഷീസുകളിൽ നിന്നും വേർതിരിച്ചു നിർത്താൻ മാത്രം മറ്റൊന്നും അന്നിവർക്കുണ്ടായിരുന്നില്ല. 70,000 വർഷങ്ങൾക്ക് മുമ്പോടെ ഹോമോ സാപിയൻസ് സ്പീഷ്യസിൽ പെടുന്ന ജീവികൾ സംസ്കാരം എന്ന് ഇന്നറിയപ്പെടുന്ന വിപുലവും വൈവിധ്യം നിറഞ്ഞതുമായ ഒരു ഘടനയ്ക്ക് രൂപം നൽകിയിരുന്നു എന്ന് അനുമാനിക്കുന്നു. ഇതിന്റെ വികാസ പരിണാമങ്ങളാണു നമ്മൾ പിന്നീട് ചരിത്രമെന്ന പേരിൽ രേഖപ്പെടുത്തി വെച്ചത്. ആ സമയത്തു തന്നെ പൂർവ്വ ആഫ്രിക്കൻ ദേശത്തു നിന്നും ഹോമോസാപ്പിയൻസ് അറേബ്യൻ ഭൂപ്രദേശത്തേക്ക് പടരുകയും അവിടെ നിന്നും യൂറോപ്പില്ലേക്ക് വ്യാപിക്കുകയും ചെയ്തു എന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.
പിന്നീട് സാപ്പിയൻസ് നിയാണ്ടർത്താലുകളുമായും ഡെനിസോവിയൻസുമായും എറെക്ടസ്സുകളുമായും ഇണ ചേർന്ന് കൂടിക്കലർന്നാണ് വിവിധ ദേശങ്ങളിലായി ഇന്നുകാണുന്ന നമ്മളൊക്കെയും ഉണ്ടായത് എന്നൊരു കണ്ടെത്തലും, എന്നാൽ അന്നുണ്ടായിരുന്ന മറ്റു മനുഷ്യ സ്പീഷിസുകളെ മൊത്തം കൊന്നൊടുക്കിയും പ്രകൃതിയോടു പിടിച്ചു നിൽക്കാനാവാതെ പലതും സ്വയമൊടുങ്ങിയും തീർന്നപ്പോൾ അവിടെ പിടിച്ചു നിന്ന ഏകവർഗം സാപ്പിയൻസ് മാത്രമെന്നുമുള്ള വാദമുഖങ്ങളും ഉണ്ടായിരുന്നു. രണ്ടാം വാദമായിരുന്നു ശരിയെങ്കിൽ നമ്മുടെയൊക്കെ പൈതൃകം പൂർവ്വ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഉണ്ടായിരുന്ന ആ സാപിയൻസ് തന്നെയ ആവുമായിരുന്നു. എന്നാൽ 2010 ഇൽ നിയണ്ടർത്താൽ ജീനുകളെ പറ്റിയുള്ള പഠനത്തിൽ സമകാലീന മനുഷ്യരിലെ DNA കളുമായി താരതമ്യം ചെയ്യുക വഴി കാതലായ ചില പൊരുത്തങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തിനു കഴിഞ്ഞു. പൂർവ്വ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളിലെ DNA യിൽ 1 മുതൽ 4 ശതമാനം വരെ നിയാണ്ടർത്താൽ DNA തന്നെയാണുള്ളത് എന്ന് കണ്ടെത്തി. ഇതു നൽകുന്ന സൂചന, അന്നത്തെ ഹോമോസ് പരസ്പരം ഉണചേർന്നിരുന്നു എന്നും അവർ പുതിയ സന്തതി പരമ്പരകൾ ഉണ്ടാക്കിയിരുന്നു എന്നും തന്നെയാണ്. നിലവിൽ നമുക്ക് പുതിയൊരു നിയാണ്ടർത്താൽ കുട്ടിയെ സാപിയൻ മാതാവിലൂടെ പുനർജ്ജനിപ്പിക്കാൻ സാധ്യമാണ് എന്നതാണു വസ്തുത.
[ലോവർ, മിഡിൽ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന പുരാതന മനുഷ്യന്റെ വംശനാശം സംഭവിച്ച ഒരു ജീവിവർഗമാണ് ഡെനിസോവൻസ് അല്ലെങ്കിൽ ഡെനിസോവ ഹോമിനിൻസ്. കുറച്ച് അവശിഷ്ടങ്ങളിൽ നിന്നാണ് ഡെനിസോവൻ അറിയപ്പെടുന്നത്, തൽഫലമായി, അവയെക്കുറിച്ച് അറിയപ്പെടുന്ന മിക്കതും ഡിഎൻഎ തെളിവുകളിൽ നിന്നാണ്.]
സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പറ്റുന്ന അപ്രധാനികളായിരുന്ന കേവലമൊരു മൃഗം മാത്രമായിരുന്നു എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന ഹോമോ സാപിയൻസ്. പിന്നീടു വന്ന സഹസ്രാബ്ദങ്ങളിലൂടെ ഭൂമുഖത്താകെ പടർന്ന്, ലോകത്തിന്റെ തന്നെ യജമാനന്മാരായിട്ടവർ മാറി. ദൈവം എന്ന വാക്കിനു പകരം വെയ്ക്കുന്ന തരത്തിലേക്ക് സാപിയൻസ് ഉയർന്നിരിക്കുന്നു. ചുറ്റുപാടുകളെ കീഴടക്കി, ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ച്, നാഗരികതകളും സാമ്രാജ്യങ്ങളും പണിത്, വ്യാപാര ശൃംഖലകൾ തീർത്ത്, മറ്റു ജീവജാലങ്ങൾക്ക് അറുതി വരുത്തി മുന്നേറുകയാണിന്നിവർ.
ആയിടത്തേക്ക്, ഇന്ന് സൂക്ഷ്മാണുവായ കേവലമൊരു കൊറോണവൈറസ് വന്ന് സാപിയൻസിനെ മൊത്തം വീടിനകത്ത് തളച്ചിട്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. യുഗങ്ങൾ ഇനിയും ഏറെ വരാനുണ്ട്. ഹോമോ സാപിയൻസ് നശിപ്പിച്ചു കളഞ്ഞ മനുജാതികൾ നിരവധിയുണ്ട്, നിലവിൽ കേവലമൊരു ബന്ധുവായി കാണാൻ പറ്റുന്നത് ചിമ്പാൻസിയെ മാത്രമാണ്. അല്പം അകന്നാണെങ്കിലും ഗോറില്ലകളും ഒറാങ് ഊട്ടാനുകളും ഉണ്ടെന്നല്ലാതെ മനുജാതിയിൽ പെട്ട ഒന്നിനേ പോലും ഹോമോ സാപിയൻസ് നിലനിർത്തിയിരുന്നില്ല.
ഹൈദ്രാബാദിലാണു ഞാൻ. ഓൺപാസീവ് എന്ന കമ്പനിയിൽ ചേരാനായി വരുമ്പോൾ ഗൂഗിൾ വഴി അടുത്തുള്ള ഒരു പിജി കണ്ടെത്തിയിരുന്നു. കാശല്പം കൂടുതലെങ്കിലും മറ്റുള്ള എല്ലാകാര്യങ്ങളിലും ഏറെ മുന്നിലാണു ഹോസ്റ്റൽ. വിവിധങ്ങളായ ഫുഡും കിട്ടും. ഒരു ഫാമിലി തന്നെയാണു ഫുഡൈറ്റങ്ങൾ ഉണ്ടാക്കുന്നത്. ഹോളിയുടെ അനുബന്ധമായി നടന്നൊരു കാര്യമാണിത്.
ഹോസ്റ്റലിലെ പണിക്കാർക്കൊക്കെ എന്നോട് ഏറെ സ്നേഹമായിരുന്നു സംഭവശേഷം… ഫുഡുണ്ടാക്കുന്ന അമ്മച്ചിമാർ നാലഞ്ചു ദിവസം മുമ്പ് ഹോളിക്ക് സമ്മാനമോ മറ്റെന്തോ എന്നപോലെ കാശ് വേണമെന്നു പറഞ്ഞു. ഭക്ഷണമാക്കുന്നവർ പ്രധാനികൾ മൂന്ന് അമ്മച്ചിമാരും, ഒരാളുടെ മകളും, മകളുടെ ഭർത്താവും, 20 ഓളം പ്രായം വരുന്ന ആ മകളുടെ ഇരട്ടക്കുട്ടികളും ആണ്. ഇതിൽ ഒരമ്മച്ചിയാണു കാശ് ചോദിച്ചത്. ഞാൻ 100 രൂപ കൊടുത്തു; അപ്പോഴേക്കും മറ്റു രണ്ടുപേരും വന്നു. അങ്ങനെ 300 കൊടുത്തു. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരോടും ഇവർ ചോദിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും കൊടുത്തിരുന്നില്ല. സഹമുറിയൻ ബിജെപ്പിക്കാരൻ അവരെ തെറി പറയുന്നതും കേട്ടിരുന്നു. പിന്നെ ചോദിച്ച മറ്റു പണിക്കാർക്കൊക്കെ നൂറു നൂറു വെച്ചും രഹസ്യമായി ഞാൻ കൊടുത്തിരുന്നു. സഹമുറിയൻ അവരോടു പറഞ്ഞത്, ഞങ്ങൾ ഒരാൾക്ക് 500 വെച്ച് മൂന്നുപേർക്കും കൊടുത്തിട്ടുണ്ട്, ഇങ്ങനെ എല്ലാവരും ചോദിച്ചാൽ എവിടെ നിന്നിങ്ങനെ കാശുണ്ടാക്കും എന്നൊക്കെയായിരുന്നു. അവർക്ക് ഇംഗ്ലീഷറിയാം, അവർ എന്നോടു കാര്യം പറഞ്ഞു, നിങ്ങൾ ചേച്ചിമാർക്ക് 500 വെച്ചു കൊടുത്തില്ലേ എന്ന്. സഹ മുറിയൻ പറഞ്ഞല്ലോ എന്നും. അവനെ നന്നായിഅറിയുന്ന ഞാൻ വെറുതേ ചിരിച്ചു വിട്ടു; എന്നിട്ട് 100 രൂപവെച്ചു കൊടുത്തു. ആരോടുമിക്കാര്യം പറയരുതെന്നും പറഞ്ഞു.
അവർക്കൊക്കെ ഇപ്പോൾ എന്നെ കാണുമ്പോൾ നല്ല സൗഹൃദവും ബഹുമാനവും ഒക്കെയാണ്. എന്നെ ആദ്യം കണ്ടപ്പോൾ ഒരു സ്വാമിജിയാണെന്നു ധരിച്ചത്രേ. ഹോസ്റ്റൽ നോക്കി നടത്തുന്നവരിലാരോടോ ഇവരിക്കാര്യം ചോദിച്ചുവത്രേ. അവർ പറഞ്ഞു കേരളക്കാരനാണു ഞാനെന്നും; കേരളക്കാരൊക്കെ അങ്ങനെയാ, കാവിമുണ്ടുടുത്താണു നടക്കാറെന്നും മറ്റും. ഞാൻ മുണ്ടുടുത്ത് ഹോസ്റ്റലിനു പുറത്തിതേവരെ ഇറങ്ങിയിട്ടില്ല. ഭക്ഷണം കഴിക്കാൻ മാത്രം താഴെ അടുക്കള സൈഡിലേക്ക് പോകും എന്നുമാത്രം.
കാശ് കിട്ടിയതിനാൽ ഇവർക്കൊക്കെയും എന്നോട് കണ്ടമാനം ബഹുമാനവും സ്നേഹവും ഒക്കെയാണ്. കാശിനാണു വില; മനുഷ്യർക്കല്ലെന്നുള്ള വിവരങ്ങൾ തന്നെയാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലൂടെ ജീവിതമെന്നോടു പറയുന്നത്. ഫ്രീ കിറ്റുകൊടുത്ത് നാട്ടാരെ പാട്ടിലാക്കി വോട്ടിനു തെണ്ടുന്ന ജനാധിപത്യബോധത്തെ ഇടയിലെപ്പോഴോ ഫെയ്സ്ബുക്കിൽ ആരോ എന്നെ ഓർമ്മിപ്പിച്ചു.
ആ അമ്മച്ചിമാരിലാരുടേയോ കെട്ട്യോൻ ആവണം. ഒരു സുന്ദരൻ വയസ്സൻ മൂപ്പരുണ്ട്. 70 വയസ്സൊക്കെ കഴിഞ്ഞു കാണും. അയാൾ എന്നും രാവിലെ ഇവിടെ നിന്നും ചായ കുടിക്കുമായിരുന്നു. അവിടെ നിന്നും അത്ര രാവിലെ ഞാൻ മാത്രമേ ചായ കുടിക്കാറുള്ളൂ. മറ്റുള്ള മുറിയന്മാർ ഉണരുംപ്പോൾ തന്നെ ഒമ്പതു കഴിയും. രാത്രിയിൽ ഹോസ്റ്റലിലേക്ക് പാലുകൊണ്ടുവരുന്നയാൾ ഇതേകാര്യം പറഞ്ഞെന്നോടു കാശു ചോദിച്ചപ്പോൾ ഞാൻ ഈ വയസ്സൻ മൂപ്പരോടും ചിരിച്ചു കൊണ്ടു വേണോന്ന് ചോദിച്ചു, അയാളും അടുത്തുണ്ടായിരുന്നു. അയാളും അപ്പോൾ ചിരിച്ചതേ ഉള്ളൂ, ഞാൻ വെറുതേ നൂറു മൂപ്പർക്കും കൊടുത്തു… വാങ്ങി.
എന്നും രാവിലെ ഗെയ്റ്റ് വക്കിൽ അയാൾ വെയിൽ കൊള്ളാൻ ഇരിക്കാറുണ്ട്. രാവിലെ ഓഫീസിലേക്ക് വരാൻ നേരം ഇന്നയാൾ എന്നെ കണ്ടപ്പോൾ എണീറ്റ് നിന്ന് കഴുത്തിൽ കിടന്ന തോർത്തെടുത്ത് കയ്യിൽ വെച്ച് ചിരിച്ചു കൊണ്ട് തെലുങ്കിൽ ഗുഡ്മോണിങ് സാർ എന്നു പറഞ്ഞു. അയാളുടെ ആ വെപ്രാളവും, പരിഭ്രാന്തിയും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത വിഷമമായിപ്പോയി. കാണുമ്പോൾ ഉള്ള ഈ പരാക്രമങ്ങൾ ഒന്നും വേണ്ടെന്നും, വഴിയോരത്തു കാണുമ്പോൾ ഒരു പുഞ്ചിരി മാത്രം മതിയെന്നും പറയണമെന്നുണ്ടായിരുന്നു; പക്ഷേ എനിക്കയാളുടെ ഭാഷയറിയില്ലല്ലോ!!
ഹൈദരാബാദിലെത്തുന്ന ഏവരും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട വിരുന്നാണു സലാർ ജംഗ് മ്യൂസിയം. ചാർമിനാർ, മക്ക മസിജിദ്, സ്റ്റേറ്റ് സെൻടൽ ലൈബ്രറി എന്നിവയോടു ചേർന്നുതന്നെയാണു മൂസിയവും സ്ഥിതിചെയ്യുന്നത്. അർദ്ധവൃത്താകൃതിയിലുള്ള സാലാർ ജംഗ് മ്യൂസിയം പതിറ്റാണ്ടുകളുടെ യാഥാർത്ഥ്യവും സമൃദ്ധിയും പ്രദർശിപ്പിക്കുന്നു. രണ്ട് നിലകളിലായി പരന്നുകിടക്കുന്ന ഈ മ്യൂസിയം 38 ഗാലറികളായി തിരിച്ചിരിക്കുന്നു. തൊട്ടടുത്തു തന്നെയാണു ബിർളാ മന്ദിരും ഹുസൈൻ സാഗർ തടാകവും ഉള്ളത്. ചിലപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റയാൾ ശേഖരമായിരിക്കണം ഈ മ്യൂസിയം. രാജ രവി വർമ്മയുടെ ചിത്രം വരെ ഇവിടെയുണ്ട്. മ്യൂസിയത്തോടി ചേർന്നു നടക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയും ഏറെ പ്രസിദ്ധമാണിവിടം. കൊട്ടാര സമാനമായൊരു കെട്ടിടം ഇതിനായി മാറ്റി വെയ്ക്കാൻ കഴിഞ്ഞതും മഹനീയമാണ്. ഹൈദരാബാദിലെ മൂസി നദിയുടെ തെക്കേ തീരത്തായി സാലാർ ജംഗ് റോഡിലാണ് ദാർ-ഉൽ-ഷിഫയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഈ നദിയുടെ കൈവഴിയാണ് ഹുസൈൻ സാഗർ തടാകമായി മാറിയത്. സെലെക്റ്റ് ചെയ്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. കാണുക.
ഈസ്റ്റേൺ ബ്ലോക്ക് (മിർ ലെയ്ക്ക് അലി ഖാൻ ഭവൻ), വെസ്റ്റേൺ ബ്ലോക്ക് (മിർ തുരാബ് അലി ഖാൻ ഭവൻ), ഇന്ത്യൻ ബ്ലോക്ക് എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നു. ഗാലറികളിൽ ഭൂരിഭാഗവും (27 എണ്ണം) മ്യൂസിയത്തിന്റെ ഇന്ത്യൻ / സെൻട്രൽ ബ്ലോക്കിലാണ്. മ്യൂസിയത്തിന്റെ വെസ്റ്റേൺ ബ്ലോക്കിൽ 7 ഗാലറികളും ഈസ്റ്റേൺ ബ്ലോക്കിൽ 4 ഗാലറികളുമുണ്ട്. ഫോട്ടോ സെക്ഷൻ, എഡ്യൂക്കേഷൻ വിംഗ്, കെമിക്കൽ കൺസർവേഷൻ ലബോറട്ടറി, ഡിസ്പ്ലേ സെക്ഷൻ എന്നിങ്ങനെ നിരവധി സ്മാരകങ്ങൾ സ്മാരകത്തിനുള്ളിൽ ഉണ്ട്.
സലാർ ജംഗ് മ്യൂസിയത്തിന്റെ ചരിത്രം
ഇന്ത്യയിലെ മൂന്നാമത്തെ വലിയ മ്യൂസിയമാണ് ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയം. 1951 ഡിസംബർ 16 ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇത് തുറന്നതായി പ്രഖ്യാപിച്ചു. 1968 ൽ മ്യൂസിയത്തിന്റെയും സലാർ ജംഗ് മ്യൂസിയം ലൈബ്രറിയുടെയും മുഴുവൻ ശേഖരവും ദിവാൻ ഡിയോഡിയിൽ നിന്ന് നിലവിലെ കെട്ടിടത്തിലേക്ക് മാറ്റി. 2000 ത്തിൽ രണ്ടു കെട്ടിടങ്ങളും കൂടിച്ചേർത്ത് ഇതു വിപുലപ്പെടുത്തി. രണ്ട് നിലകളിലായാണു മ്യൂസിയം ഉള്ളത്. വൈവിധ്യമാർന്ന നിരവധി കരകൗശല വസ്തുക്കളും വിവിധരാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന വസ്തുവകകളും, ചരിത്രത്താളുകളിൽ മാഞ്ഞു പോവുന്ന നിരവധി വസ്തുക്കളും ഇവിടങ്ങളിൽ കാണാനാവും. ഇവ പ്രധാനമായും ശേഖരിച്ചത് സലാർ ജംഗ് മൂന്നാമൻ എന്ന് അറിയപ്പെടുന്ന മിർ യൂസഫ് അലി ഖാൻ ആണ്, നവാബ് തുരാബ് അലി ഖാൻ (സലാർ ജംഗ് ഒന്നാമൻ ) അവന്റെ പിൻഗാമികളും ആണു ശരിക്കും അവകാശികൾ. മിർ യൂസഫ് അലി ഖാൻ തന്റെ ജീവിതകാലം മുഴുവൻ പുരാതന വസ്തുക്കളും കലാസൃഷ്ടികളും ശേഖരിക്കുകയും തന്റെ സമ്പത്തിന്റെ ഗണ്യമായ തുക ചെലവഴിച്ച് ലോകമെമ്പാടും നിന്ന് ശേഖരിക്കുകയും ചെയ്തു.
സലാർ ജംഗ് മൂന്നാമൻ / നവാബ് മിർ യൂസഫ് അലി ഖാൻ തന്റെ നാൽപതുവർഷക്കാലം ലോകമെമ്പാടുമുള്ള വിവിധ കലാസൃഷ്ടികളും കയ്യെഴുത്തുപ്രതികളും ശേഖരിക്കുന്നതിന് ചെലവഴിച്ചു. തന്റെ അഭിനിവേശം പിന്തുടരാൻ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ചു. തുടക്കത്തിൽ അദ്ദേഹത്തിന്റെ ശേഖരം സലാൻ ജംഗ്സിന്റെ പൂർവിക കൊട്ടാരമായ ദിവാൻ ഡിയോഡിയിൽ സൂക്ഷിച്ചിരുന്നു.
സലാർ ജംഗ് മൂന്നാമന്റെ മരണത്തിനുശേഷം, മ്യൂസിയം ഉണ്ടാക്കുക എന്ന ആശയം അന്നത്തെ ഹൈദരാബാദ് ചീഫ് സിവിൽ അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ എം. കെ. വെലോഡിക്കു തോന്നി. സാലർ ജംഗ് മൂന്നാമന്റെ വിവിധ കൊട്ടാരങ്ങളിൽ നിന്ന് എല്ലാ വസ്തുക്കളും ശേഖരിക്കാനും തരംതിരിക്കാനുമുള്ള ഉത്തരവാദിത്തം അങ്ങനെ അന്നത്തെ പ്രശസ്ത കലാ നിരൂപകനായ ഡോ. ജെയിംസ് കസിൻസിന് നൽകി.
1996 വരെ മ്യൂസിയം ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള പരിധിയിലായിരുന്നു. എന്നിരുന്നാലും, പിന്നീട് പാർലമെന്റ് ആക്റ്റ് (1961 ലെ 26 ലെ നിയമം) വഴി ഇത് ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി അംഗീകരിക്കപ്പെടുകയും അതിന്റെ ഭരണം ഒരു സ്വതന്ത്ര ബോർഡ് ഓഫ് ട്രസ്റ്റിക്ക് കീഴിൽ വരികയും ചെയ്തു. ആന്ധ്ര ഗവർണർ, ഇന്ത്യാ ഗവൺമെന്റ്, ആന്ധ്രാപ്രദേശ്, ഉസ്മാനിയ യൂണിവേഴ്സിറ്റി, സലാർ ജംഗ്സ് ഫാമിലി എന്നിവ പ്രതിനിധീകരിച്ച അംഗങ്ങൾ ആയിരുന്നു അന്ന് ആ ട്രസ്റ്റിൽ. ഇപ്പോൾ തെലുങ്കാനയായി മാറിയപ്പോൾ ഇതിലും മാറ്റങ്ങൾ വന്നിരിക്കും
സലാർജംഗ് മ്യൂസിയത്തിലെ ശേഖരങ്ങൾ
43000-ത്തോളം ആർട്ട് ഒബ്ജക്റ്റുകൾ, 9000 കയ്യെഴുത്തുപ്രതികൾ, 47000 അച്ചടിച്ച പുസ്‌തകങ്ങൾ എന്നിവയുടെ ശേഖരം ഉള്ള സലാർ ജംഗ് മ്യൂസിയം സന്ദർശകർക്കെല്ലാം മികച്ച ദൃശ്യാനുഭവം തരുന്നുണ്ട്. രണ്ട് നിലകളിലായി 38 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. സാലർ ജംഗ് മ്യൂസിയത്തിൽ 13,654 ഓളം വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ഇന്ത്യൻ ആർട്ട്, ഈസ്റ്റേൺ ആർട്ട്, യൂറോപ്യൻ ആർട്ട്, ചിൽഡ്രൻ ആർട്ട്, മിഡിൽ ഈസ്റ്റേൺ ആർട്ട്, ഫൗണ്ടേഴ്സ് ഗാലറി, അപൂർവ കയ്യെഴുത്തുപ്രതി വിഭാഗം എന്നിവ മ്യൂസിയത്തിലെ ശേഖരത്തിൽ ഉൾപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മ്യൂസിക്കൽ ക്ലോക്ക് ആണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. ഈ ക്ലോക്ക് ഇംഗ്ലണ്ടിലെ Cooke and Kelvey വിറ്റതായിരുന്നു.
1876 ൽ ഇറ്റാലിയൻ ശില്പിയായ ജി ബി ബെൻസോണി സൃഷ്ടിച്ച മാർബിൾ പ്രതിമയായ വെയിൽഡ് റെബേക്ക, 1876 ൽ സാലർ ജംഗ് ഒന്നാമൻ ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ കൊണ്ടുവന്നത്, ഇത്തരത്തിലുള്ള നിരവധി മാർബിൾ പ്രതിമകൾ അവിടെ കാണാനാവും.
മൈസൂരിലെ ടിപ്പു സുൽത്താന് ഫ്രാൻസിലെ ലൂയിസ് പതിനാറാമൻ സമ്മാനിച്ച ഒരു കൂട്ടം ആനക്കൊമ്പിൽ തീർത്ത ചാതുരികളും. റെഹാൽ, ജേഡ് ബുക്കുകൾ, വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച നൂർജെഹാന്റെ പഴ കത്തി, ജഹാംഗീറിന്റെ ഒരു കഠാരി; അറബി, പേർഷ്യൻ കയ്യെഴുത്തുപ്രതികൾ; ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള അപൂർവ കയ്യെഴുത്തുപ്രതി – ലീലാവതി; പുരാതന ഇന്ത്യയിൽ നിന്നുള്ള വിലയേറിയ മെഡിക്കൽ എൻസൈക്ലോപീഡിയ; അപൂർവ പെയിന്റിംഗുകൾ മുതലായവയൊക്കെയും സലാർജംഗ് മ്യൂസിയത്തിലെ വിപുലമായ ശേഖരത്തിൽ ചിലത് മാത്രം. ഫോട്ടോസ് എടുത്തു മടുത്തു പോയി എന്നു പറയാം.
ഇന്ത്യൻ വിഭാഗത്തിലെ ശേഖരങ്ങൾ മിക്കവാറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതാണ്. കർണാടക, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒറീസ, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഉണ്ട്.
ഗാലറിയുടെ പടിഞ്ഞാറൻ വിഭാഗം ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ജർമ്മനി, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ, ഇംഗ്ലണ്ട്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ പ്രദർശിപ്പിക്കുന്നു. ഇതോടൊപ്പം കിഴക്കൻ വിഭാഗത്തിൽ ജപ്പാൻ, ബർമ, ചൈന, തായ്ലൻഡ്, കൊറിയ, നേപ്പാൾ, ഇന്തോനേഷ്യ, സിറിയ, പേർഷ്യ, അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള അപൂർവ വസ്തുക്കളും സന്ദർശകർക്ക് കാണാൻ കഴിയും.
കൂട്ടത്തിൽ നമ്മുടെ ചേര ചോള പാണ്ഡ്യ കാലഘട്ടത്തിലെ നാണയങ്ങളും മറ്റും ഉണ്ട് എന്നതും ശ്രദ്ധിക്കണം
………………
സാലർ ജംഗ് മ്യൂസിയത്തിലെ ഗാലറികൾ
സലാർജംഗ് മ്യൂസിയത്തിലെ ചില പ്രമുഖ ഗാലറികൾ ചുവടെ പരാമർശിച്ചിരിക്കുന്നു- സ്ഥാപക ഗാലറി- ഇത് രാജകുടുംബത്തിന്റെ ഛായാചിത്രങ്ങളും ഇനങ്ങളും പ്രദർശിപ്പിക്കുന്നു, അതിൽ മിർ ആലം, മുനീർ-ഉൽ-മുൽക്ക് II മുഹമ്മദ് എന്നിവരുടെ ഛായാചിത്രങ്ങൾ ഉൾപ്പെടുന്നു. അലി ഖാൻ, സലാർ ജംഗ് I, സലാർ ജംഗ് II, സലാർ ജംഗ് III.മൂസിയത്തിലേക്ക് കയറുന്നിടത്തു തന്നെയാണിത്.
ദക്ഷിണേന്ത്യൻ വെങ്കലം- ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും രൂപങ്ങൾ, വിവിധ ദശകങ്ങളിൽ നിന്നുള്ള നാണയങ്ങൾ, അലങ്കാര ശൃംഖലകൾ, വിളക്കുകൾ മുതലായവ വരെയുള്ള വിവിധ വെങ്കല വസ്തുക്കൾ ഇതിൽ പ്രദർശിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ട്.
മൈനർ ആർട്സ് ഓഫ് സൗത്ത് ഇന്ത്യ- ഈ ഗാലറി പുരാതന ഇന്ത്യക്കാരുടെ മികച്ച ശേഖരം പ്രദർശിപ്പിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള മരപ്പണികളാണ് ഇതിലുള്ളതെങ്കിലും മെറ്റൽ വെയർ, ഇർവി കൊത്തുപണികൾ എന്നിവയുമുണ്ട്.
ഇന്ത്യൻ ശില്പങ്ങൾ- ഈ ശേഖരം മറ്റ് ഗാലറികളെപ്പോലെ സമ്പന്നമല്ലെങ്കിലും, ഇനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, കല്ലിൽ നിന്ന് നിർമ്മിച്ച ശില്പങ്ങളുടെ ഗണ്യമായ ശ്രേണി പ്രദർശിപ്പിക്കുന്നു. എ.ഡി മൂന്നാം നൂറ്റാണ്ടിലെ ബുദ്ധന്റെ ഒരു രൂപവും കാകാതിയ കാലഘട്ടത്തിലെ കണക്കുകളും വിവിധ ജൈന രൂപങ്ങളും ഇവിടെ കാണാം.
ഇന്ത്യൻ ടെക്സ്റ്റൈൽസ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം തുണിത്തരങ്ങൾ ഈ ഗാലറി അവതരിപ്പിക്കുന്നു. ബന്ദാനി തുണിത്തരങ്ങൾ മുതൽ പട്ടോള, കലാംകാരി വരെയും അതിലേറെയും വ്യത്യാസപ്പെടുന്നു.
ഐവറി ഒബ്ജക്റ്റുകൾ- ആനക്കൊമ്പുകൾ (ഫ്രാൻസിലെ ലൂയി പതിനാറാമൻ മൈസൂരിലെ ടിപ്പു സുൽത്താന് സമ്മാനിച്ചത്) മുതൽ ബെഡ് സ്റ്റേഡുകൾ, കൊത്തിയ പേപ്പർ കട്ടറുകൾ, അലങ്കാര ബോക്സുകൾ മുതൽ മൃഗങ്ങളുടെ രൂപങ്ങൾ വരെയുള്ള ആനക്കൊമ്പ് പ്രദർശിപ്പിക്കുന്ന ഗാലറികളിൽ ഒന്നാണിത്. ഘോഷയാത്ര രംഗങ്ങൾ മുതലായവ. ആനക്കൊമ്പിൽ തീർത്ത സംഗതികൾ കണ്ടിരിക്കേണ്ടതു തന്നെയാണ്.
ആയുധങ്ങളും പടക്കോപ്പുകളും- പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വിഭാഗം പഴയ കാലഘട്ടങ്ങളിൽ ഉപയോഗിക്കുന്ന വിപുലമായ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നു. ക്യുമ (വേട്ടയാടൽ), വജ്ര ക്വില്ലോണുകളുള്ള കൊത്തുപണികൾ, മുഗൾ രാജാവ് ഔറംഗസീബ്, മുഹമ്മദ് ഷാ, ബഹാദൂർ ഷാ, ടിപ്പു സുൽത്താൻ എന്നിവരുടെ ആയുധങ്ങൾ.
ജേഡ് ഗാലറി- ഈ ഗാലറിയിൽ വിലയേറിയ കല്ല് ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ ഉൾപ്പെടുന്നു- ജേഡ്. 17 മുതൽ 19 വരെ നൂറ്റാണ്ടുകളിലാണ് മിക്ക ഇനങ്ങളും. ഈ ഗാലറിയുടെ പ്രധാന ഡിസ്പ്ലേകൾ ജഹാംഗീറിന്റെ ജേഡ് ഡാഗർ, നൂർജെഹാന്റെ ഫ്രൂട്ട് കത്തി എന്നിവയാണ്, മറ്റൊരു പ്രധാന പ്രദർശനം ജേഡ് ബുക്ക്-സ്റ്റാൻഡാണ്, മുഗൾ ചക്രവർത്തി ഷാജഹാന്റെ തലക്കെട്ടും ഇവിടുണ്ട്.
ഇന്ത്യൻ മിനിയേച്ചർ പെയിന്റിംഗുകൾ- മിനിയേച്ചർ പെയിന്റിംഗുകൾ ഈ ഗാലറിയിൽ പ്രദർശിപ്പിക്കും. മുഗൾ മിനിയേച്ചറുകൾ, ഡെക്കാൻ കലാം, 14-15 നൂറ്റാണ്ടിലെ ജെയിൻ കൽപ്പസൂത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എല്ലാ കലാപ്രേമികളെയും ആകർഷിക്കുന്നു.
മോഡേൺ പെയിന്റിംഗുകൾ- പ്രശസ്ത ചിത്രകാരന്മാരായ രാജാ രവിവർമ, അബനിന്ദ്രനാഥ ടാഗോർ, നന്ദലാൽ ബോസ്, രവീന്ദ്രനാഥ ടാഗോർ, എം.എഫ്. ഹുസൈൻ, കെ.കെ. ഹെബ്ബാർ, എൻ.എസ്.ബെന്ദു, ദിനകർ കൗശിക്, കെ.എസ്. കുൽക്കർണി തുടങ്ങി നിരവധി പേർ.
ബിദ്രി ഗാലറി- പ്രാഥമിക രണ്ട് ടെക്നിക്കുകളായ തഹ്നാഷിൻ, സർബാലാൻഡ് എന്നിവയിൽ തയ്യാറാക്കിയ ബിദ്രി ഒബ്ജക്റ്റുകൾ ഈ ഗാലറി പ്രദർശിപ്പിക്കുന്നു. പാണ്ഡൻസ്, ഹുഖാ ബോട്ടംസ്, ട്രേകൾ, വാസുകൾ, സുരഹികൾ, അഫ്തബാസ് മുതലായവയാണ് പ്രധാന പ്രദർശനങ്ങൾ.
മിഡിൽ ഈസ്റ്റേൺ പരവതാനികൾ- പേർഷ്യയിൽ നിന്നുള്ള മനോഹരമായ പരവതാനികൾ ഈ ഗാലറി അലങ്കരിക്കുന്നു. വിവിധ പേർഷ്യൻ തറികളായ ബൊഖാര, കശ്ന, തബ്രിസ്, കിർമാൻ, ഷിറാസ് എന്നിവയിൽ നിന്നുള്ള കൃതികൾ നിങ്ങൾക്ക് കാണാൻ കഴിയും.
അറബിക് പേർഷ്യൻ കയ്യെഴുത്തുപ്രതികൾ- ഈ ഗാലറിയിൽ മ്യൂസിയത്തിന്റെ ഏറ്റവും വിലയേറിയ പ്രദർശനങ്ങളുണ്ട് – എ.ഡി ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ്. അതോടൊപ്പം, പ്രകാശിതമായ വിശുദ്ധ ഖുർആൻ, ഫിറാദൗസി എഴുതിയ ഷാ-നാമ, ഒമർ ഖയ്യാമിന്റെ ക്വാട്രെയിൻ തുടങ്ങിയ മറ്റ് പ്രധാന കയ്യെഴുത്തുപ്രതികളും ഇത് പ്രദർശിപ്പിക്കുന്നു.
ഈജിപ്ഷ്യൻ, സിറിയൻ ആർട്ട്- ഈ ഗാലറിയിൽ വിവിധ യഥാർത്ഥ ഈജിപ്ഷ്യൻ കലാ വസ്തുക്കളുടെ തനിപ്പകർപ്പുകളായ ടുട്ടൻഖാമെൻ സിംഹാസനത്തിന്റെ (ബിസി 1340) വിവിധതരം ഫർണിച്ചറുകൾ, ആനക്കൊമ്പ് കൊത്തുപണികൾ, അപ്ലിക്ക് വർക്ക് എന്നിവ പ്രദർശിപ്പിക്കുന്നു. സിറിയൻ കലാസൃഷ്ടികളായ മനോഹരമായ ഫർണിച്ചർ, മുത്തിന്റെ അമ്മ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഫാറ്റ് ഈസ്റ്റേൺ ആർട്ട്- ചൈന-ജാപ്പനീസ് ആർട്ടിസ്റ്റുകളുടെ വിപുലമായ ശേഖരം ഈ ഗാലറി പ്രദർശിപ്പിക്കുന്നു. വെങ്കലം, മരം, കൊത്തുപണികൾ, പോർസലൈൻ, ഇനാമൽ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങി വർക്ക് ശ്രേണി.
ചൈനീസ് ശേഖരം- ഈ ഗാലറി 12 മുതൽ 19 വരെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇനങ്ങൾ പ്രദർശിപ്പിക്കുന്നു. ലാക്വേർഡ്, ഇൻലെയ്ഡ് സ്ക്രീനുകൾ, ലാക്വർഡ് ബോക്സുകൾ, പാത്രങ്ങൾ, ഫർണിച്ചർ, ലാക്വർഡ് ആനക്കൊമ്പ്, സ്നഫ് ബോട്ടിലുകൾ, കൊത്തിയെടുത്ത ജോലികൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
ജാപ്പനീസ് കല- പേര് സൂചിപ്പിക്കുന്നത് പോലെ, ജാപ്പനീസ് കലകളായ സത്സുമ വെയർ (വാസുകൾ, പ്ലേറ്റുകൾ, ടീ സെറ്റുകൾ മുതലായവ), ഇമാരി പോർസലൈൻ, ജാപ്പനീസ് എംബ്രോയിഡറികൾ, ലാക്വർ വർക്കുകൾ, സമുറായ് വാളുകൾ എന്നിവ കാണാനുള്ള അവസരം ഈ ഗാലറി നൽകുന്നു. കറ്റാന (വലിയ വാൾ), വക്കിസാഷ്, (ചെറിയ വാൾ).
ഫാർ ഈസ്റ്റേൺ സ്റ്റാച്യുറി- ഇന്ത്യ, ജപ്പാൻ, ചൈന, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വെങ്കലം, മരം, ലോഹം എന്നിവയിൽ ശിൽപങ്ങൾ ഇവിടെ കാണാം. സമുറായ് യോദ്ധാക്കളുടെ ശിൽപങ്ങളോടൊപ്പം ബുദ്ധ ശില്പങ്ങളും പ്രദർശിപ്പിക്കുന്നു.
യൂറോപ്യൻ ആർട്ട്- ഈ ഗാലറിയിൽ സവിശേഷമായ ഒരു യൂറോപ്യൻ ശേഖരം ഉണ്ട്. ഇത് ഓയിൽ പെയിന്റിംഗുകൾ, ഫർണിച്ചർ, ഗ്ലാസ്, ആനക്കൊമ്പ്, ഇനാമൽവെയർ ക്ലോക്കുകൾ, പ്രതിമകൾ, കണക്കുകൾ എന്നിവ പ്രദർശിപ്പിക്കുന്നു. മെഫിസ്റ്റോഫെലിസിന്റെയും മാർഗരറ്റയുടെയും തടി പ്രതിമയാണ് പ്രധാന പ്രദർശനം.
യൂറോപ്യൻ പെയിന്റിംഗുകൾ- വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പെയിന്റിംഗ് ഇതിൽ അടങ്ങിയിരിക്കുന്നു. ഇറ്റാലിയൻ ചിത്രകാരന്മാരായ കാനലെറ്റോ, ഹെയ്സ്, ബ്ലാസ്, മാർക്ക് ആൽഡൈൻ, ഡിസിയാനി, മാറ്റെയിനി, ഇംഗ്ലീഷ് ചിത്രകാരൻ ടി.എസ്. കൂപ്പറും മറ്റ് നിരവധി ആർട്ടിസ്റ്റുകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
യൂറോപ്യൻ പോർസലൈൻ- ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആകർഷകമായ പോർസലൈൻ കഷണങ്ങൾ ഈ ഗാലറി പ്രദർശിപ്പിക്കുന്നു. ഡ്രെസ്ഡൻ പോർസലൈൻ, സെവ്രസ് ശേഖരം, മാഞ്ചസ്റ്റർ, വോർസെസ്റ്റർ, ഡെർബി, ചെൽസി, കോൾപോർട്ട്, മിന്റൺ, സ്പേഡ് വെഡ്ജ്‌വുഡ് എന്നിവ ഉൾപ്പെടുന്ന ഇംഗ്ലീഷ് പോർസലൈൻ ഉൾപ്പെടുന്നു. ഡിസ്പ്ലേ മൺപാത്രങ്ങൾ മുതൽ പ്രതിമകൾ വരെയാണ്.
യൂറോപ്യൻ ഗ്ലാസ്- ഗ്ലാസ് കൊണ്ട് നിർമ്മിച്ച അതിശയകരമായ കലാസൃഷ്ടികൾ ഇവിടെ കാണാം. ഇറ്റലി, ഫ്രാൻസ്, ബെൽജിയം, ഇസ്താംബുൾ, ചെക്കോസ്ലോവാക്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കരക act ശല വസ്തുക്കൾ ശേഖരിച്ചു.
യൂറോപ്യൻ വെങ്കലം- സ്റ്റാച്യു ഓഫ് ലിബർട്ടി, അലക്സാണ്ടർ, അഗസ്റ്റസ് സീസർ മുതലായ ജനപ്രിയ ശില്പങ്ങളുടെ ഒറിജിനലും പകർപ്പുകളും ഈ ഗാലറിയിൽ ഉൾപ്പെടുന്നു.
യൂറോപ്യൻ മാർബിൾ പ്രതിമ- ഈ ഗാലറിയിൽ നിരവധി യഥാർത്ഥ ശില്പങ്ങളും മികച്ച കലാകാരന്മാരുടെ ചരിത്ര / പുരാണ വ്യക്തികളുടെ പകർപ്പുകളും ഉൾപ്പെടുന്നു. സാലർ ജംഗ് ഒന്നാമൻ കൊണ്ടുവന്ന വെയിൽഡ് റെബേക്കയുടെ യഥാർത്ഥ പ്രതിമ ഈ ഗാലറിയുടെയും മ്യൂസിയത്തിന്റെയും പ്രധാന ആകർഷണങ്ങളാണ്.
യൂറോപ്യൻ ക്ലോക്കുകൾ- ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഹോളണ്ട്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള ക്ലോക്കുകളുടെ ആകർഷകമായ ശേഖരം ഈ ഗാലറിയിൽ അവതരിപ്പിക്കുന്നു. ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് ബ്രാക്കറ്റ് ക്ലോക്ക് സന്ദർശകരിൽ പരമാവധി താൽപ്പര്യം സൃഷ്ടിക്കുന്നു.
യൂറോപ്യൻ ഫർണിച്ചർ- ഇത് ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമുള്ള അതിശയകരമായ ഫർണിച്ചറുകൾ പ്രദർശിപ്പിക്കുന്നു. ലൂയി പതിനാലാമന്റെ (1643 -1715), ലൂയി പതിനാറാമന്റെ (1715-44) കാലഘട്ടത്തിലെ ഫർണിച്ചറുകൾ (ക്യാബിനറ്റുകൾ, കൺസോളുകൾ, കസേരകൾ, സോഫ സെറ്റുകൾ, മേശകൾ മുതലായവ) ഉൾപ്പെടുന്നതാണ് ചില പ്രദർശനങ്ങൾ; ലൂയി പതിനാറാമൻ (1774-92), നെപ്പോളിയൻ I.
സാലർ ജംഗ് മ്യൂസിയം ലൈബ്രറി
മറ്റ് പ്രദർശനങ്ങൾക്ക് പുറമെ സാലർ ജംഗ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് ലൈബ്രറി. അപൂർവമായ ചില ശേഖരങ്ങൾ സാലർ ജംഗ് ലൈബ്രറിയിൽ ഉണ്ട്. 8,000 കയ്യെഴുത്തുപ്രതികളും 60,000 അച്ചടിച്ച പുസ്തകങ്ങളുമുള്ള ലൈബ്രറി ലോകത്തിലെ ഏറ്റവും മികച്ച ലൈബ്രറികളിലൊന്നാണ്. ശേഖരണത്തിന്റെ ഗുണനിലവാരം മറ്റ് ലൈബ്രറികളിൽ നിന്ന് അതിനെ മാറ്റി നിർത്തുന്നു.
40,000 ത്തോളം പുസ്തകങ്ങളുടെ പ്രധാന ഭാഗം മിർ യൂസഫ് അലി ഖാൻ, സലാർ ജംഗ് മൂന്നാമൻ, അദ്ദേഹത്തിന്റെ പൂർവ്വികർ എന്നിവർ ശേഖരിച്ചു. 1961 ൽ ഒരു പാർലമെന്റ് ആക്റ്റ് വഴി പൊതുജനങ്ങൾക്കായി തുറന്ന സലാർ ജംഗ് മ്യൂസിയം ലൈബ്രറി ബുക്ക് ബൈൻഡർ, ആർട്ടിസ്റ്റുകൾ, കാലിഗ്രാഫർമാർ എന്നിവരുടെ കാലിഗ്രാഫിയുടെയും അലങ്കാരത്തിന്റെയും അത്ഭുതകരമായ പ്രദർശനം അവതരിപ്പിക്കുന്നു. ലാപിസ് ലാസുലി, മുത്ത്, സ്വർണം, ധാതു നിറങ്ങൾ എന്നിവയും അതിമനോഹരമായി ഉപയോഗിക്കുന്നതാണ് ചില കൃതികൾ.
കയ്യെഴുത്തുപ്രതികൾ- അറബി, സംസ്‌കൃതം, തെലുങ്ക്, ഹിന്ദി, പേർഷ്യൻ, ഉറുദു, ദഖ്‌നി, ടർക്കിഷ്, പുഷ്തു, ഒറിയ തുടങ്ങിയ ഭാഷകളിലെ കയ്യെഴുത്തുപ്രതികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രദർശിപ്പിക്കും. ഈ കയ്യെഴുത്തുപ്രതികൾ ടെക്സ്റ്റൈൽസ്, പാം ലീഫ്, പേപ്പർ, കടലാസ്, കല്ല്, മരം, ഗ്ലാസ് എന്നിങ്ങനെയുള്ള വ്യത്യസ്ത മാധ്യമങ്ങളിൽ ഉണ്ട്. ശാസ്ത്രം, വൈദ്യം, ഗെയിമുകൾ, സംഗീതം, മാജിക്, ധാർമ്മികത എന്നിവയിൽ നിന്ന് വ്യത്യസ്തമായ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാം, ഹിന്ദുമതം, സൗരാഷ്ട്രിയൻ, ക്രിസ്തുമതം തുടങ്ങിയ വിവിധ മതങ്ങളുടെ മാനുസ്കൃപ്റ്റുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2.4 സെന്റിമീറ്റർ വലിപ്പമുള്ള വിശുദ്ധ ഖുർആനിന്റെ മിനിയേച്ചർ പതിപ്പിന്റെ രണ്ട് പകർപ്പുകളിൽ ഒന്ന് ലൈബ്രറിയിലുണ്ട്; മറ്റൊന്ന് ഇറാനിലാണ്. അറബി ഭാഷയിൽ 2,500 കയ്യെഴുത്തുപ്രതികളും പേർഷ്യൻ ഭാഷയിൽ 4,700 ഉം ഏകദേശം 1,200 ഉർദു ഭാഷയും ഇവിടെയുണ്ട്. തുർക്കിഷ് ഭാഷയിൽ 25 കയ്യെഴുത്തുപ്രതികൾക്കും സംസ്കൃതം, ഒറിയ, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിലും (പേർഷ്യൻ ലിപിയിൽ) ഇത് കൂടുതലാണ്.
അച്ചടിച്ച പതിപ്പുകൾ- സലാർ ജംഗ് മ്യൂസിയം ലൈബ്രറിയിൽ അച്ചടിച്ച പുസ്തകങ്ങളുടെ തുല്യമായ അസൂയ ശേഖരം ഉണ്ട്. ഇതിന്റെ ഇംഗ്ലീഷ് വിഭാഗം 40,000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്നു. ഓറിയന്റൽ വിഭാഗത്തിൽ ഏകദേശം 19,000 പുസ്തകങ്ങളുണ്ട്, അതിൽ 13,000 അച്ചടിച്ച പുസ്തകങ്ങൾ ഉറുദുവിലും 3,500 പേർഷ്യൻ ഭാഷയിലും 2,500 അറബി ഭാഷയിലും 160 ടർക്കിഷ് ഭാഷയിലുമാണ്.
ഗവേഷണവും പ്രസിദ്ധീകരണങ്ങളും
മ്യൂസിയത്തിൽ അപൂർവ പുസ്തകങ്ങളുടെ ഒരു ശേഖരം മാത്രമല്ല, കൈയെഴുത്തുപ്രതികളെയും എക്സിബിഷനുകളെയും കുറിച്ചുള്ള നിരവധി കാറ്റലോഗുകൾ പ്രസിദ്ധീകരിക്കുന്നു. ഇതുവരെ 19 ഓളം വിശദമായ കാറ്റലോഗുകൾ പ്രസിദ്ധീകരിച്ചു. ഇവയ്‌ക്കൊപ്പം 30 ഫോളിയോകൾ മാത്രം ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിന്റെ സവിശേഷമായ ഒരു പകർപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ, ഓരോ വരിയും ആരംഭിക്കുന്നത് അറബിയിലെ ആദ്യത്തെ അക്ഷരമാലയായ അലിഫിലാണ്.
സലാർ ജംഗ് മ്യൂസിയത്തിലെ പ്രവർത്തനങ്ങൾ
അഭിലഷണീയമായ ശേഖരത്തിനൊപ്പം, അന്താരാഷ്ട്ര മ്യൂസിയങ്ങളുമായും ഓർഗനൈസേഷനുകളുമായും സഹകരിച്ച് വിവിധ വർക്ക് ഷോപ്പുകളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നതിൽ സാലർ ജംഗ് മ്യൂസിയം സജീവ പങ്കുവഹിക്കുന്നു. സലാർ ജംഗ് ഒന്നിന്റെ ജന്മവാർഷികം, മ്യൂസിയം ആഴ്ച, കുട്ടികളുടെ ആഴ്ച മുതലായ പ്രത്യേക അവസരങ്ങളിൽ സെമിനാറുകളും വർക്ക് ഷോപ്പുകളും പ്രത്യേകം സംഘടിപ്പിക്കാറുണ്ട്. ഇത് ഇംഗ്ലീഷ്, ഉറുദു, ഹിന്ദി ഭാഷകളിലെ പുസ്തകങ്ങളും ഗൈഡ് ബുക്കുകൾ, ഗവേഷണ ജേണലുകൾ, ബ്രോഷറുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നു. മ്യൂസിയത്തെക്കുറിച്ചും അതിന്റെ പിന്നിലെ ചരിത്രത്തെക്കുറിച്ചും പൂർണ്ണമായ ധാരണ.
സാലർ ജംഗ് മ്യൂസിയത്തിന്റെ സമയവും പ്രവേശന ഫീസും
പ്രവേശന ഫീസ്- സലാർജംഗ് മ്യൂസിയത്തിന്റെ പ്രവേശന ഫീസ് ഒരാൾക്ക് 20 രൂപയാണ്, അതേസമയം 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഇത് സൗജന്യമാണ്. സൗജന്യ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾ ഒരു തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതുണ്ട്.
യൂണിഫോം, കിസാൻ പാർട്ടികളിലെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് 50% ഇളവുമുണ്ട്. എട്ടാം തീയതി ആരംഭിച്ച് എല്ലാ വർഷവും ജനുവരി 14 ന് അവസാനിക്കുന്ന മ്യൂസിയം വാരത്തിൽ പൊതുജനങ്ങൾക്ക് പ്രവേശന ടിക്കറ്റിൽ ഇളവ് നൽകുന്നു. വിദേശ വിനോദ സഞ്ചാരികൾക്ക് ടിക്കറ്റ് നിരക്ക് ഒരാൾക്ക് 500 രൂപയാണ്.
കുറഞ്ഞ ക്യാമറ ഫീസോടെ നിങ്ങൾക്ക് സലാർജംഗ് മ്യൂസിയത്തിലെ ഫോട്ടോകളിൽ ക്ലിക്കുചെയ്യാനും കഴിയും. മൊബൈൽ, സ്റ്റിൽ ക്യാമറയ്ക്കുള്ള നിരക്ക് 50 രൂപ.
ഓഡിയോ ടൂറിന്റെ സൗകര്യവും ലഭ്യമാണ്. ഏകദേശം 90 മിനിറ്റ് ദൈർഘ്യമുള്ള ഈ ഓഡിയോ ടൂറിനുള്ള നിരക്ക് ഒരാൾക്ക് 60 രൂപയാണ്.
സലാർ ജംഗ് മ്യൂസിയത്തിന്റെ സമയം- വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും തുറക്കുന്നു. സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ്.
സലാർ ജംഗ് മ്യൂസിയത്തിൽ എങ്ങനെ എത്തിച്ചേരാം
ഹൈദരാബാദിൽ എത്തിക്കഴിഞ്ഞാൽ സലാർ ജംഗ് മ്യൂസിയത്തിൽ എത്താൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. റെയിൽ പാതയിലൂടെയും റോഡിലൂടെയും ഇത് എളുപ്പത്തിൽ എത്തിച്ചേരാം. റെയിൽവേ വഴി- പ്രധാന റെയിൽവേ സ്റ്റേഷനായ കച്ചേഗുഡയിൽ നിന്നും നമ്പള്ളിയിൽ നിന്നും 3 കിലോമീറ്റർ ദൂരം പോലുമില്ല. യാത്രക്കാർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോക്കൽ ട്രെയിനുകളിൽ (എംഎംടിഎസ്) കയറി ഇവിടെയെത്താം. ഇവിടെ നിന്ന് ഒരാൾക്ക് ടാക്സി തിരഞ്ഞെടുക്കാം അല്ലെങ്കിൽ ഓട്ടോറിക്ഷകൾ വാടകയ്ക്കെടുക്കാം.
റെഡ് ലൈനിലെ എം ജി ബി എസ് സ്റ്റേഷൻ മെട്രോ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. ഞാൻ ഹൈടെക് സിറ്റിയിൽ നിന്നും മെട്രോ ട്രൈനാണു വന്നത്. മഹാത്മാ ഗാന്ധി ബസ്റ്റോപ്പ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി, അവിടെ നിന്നും ഒരു കിലോ മീറ്റർ ദൂരമേ ഉള്ളൂ ഇവിടേക്ക്, ഓട്ടോയ്ക്ക് വന്നു. ഓട്ടോ കൂലി ചോദിച്ചപ്പോൾ അവർ 100 രൂപ പറഞ്ഞു. ഒല ഓട്ടോ ബുക്ക് ചെയ്തപ്പോൾ 45 രൂപയ്ക്ക് വന്നു.