വളരെ ചെറുപ്പത്തിലേ ആമിക്ക് ചിത്രം വരയോട് നല്ല താല്പര്യം ആയിരുന്നു. കുഞ്ഞുങ്ങൾക്ക് ഒരുതുണ്ട് പെൻസിൽ കിട്ടിയാൽ അവർ ചുറ്റുപാടും വരകൾകൊണ്ടൊരു മായാലോകം സൃഷ്ടിമെന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ! അത്രയേ കണ്ടിരുന്നുള്ളു ഇവളുടെ വരകളെയും. എന്നാലും നിരവധി കളർ പെൻസിലുകളും കളറുകളും വരയ്ക്കാനുള്ള പേപ്പറുകളും ഞാൻ വാങ്ങിക്കൊടുക്കുമായിരുന്നു. ആമി നന്നായി ചിത്രം വരയ്ക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ പിന്നെയും ഏറെ വൈകി. അവൾ വരച്ച ചില ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നുണ്ട്. എഴുതാനും അതുപോലെ തന്നെ, നവോദയയിൽ പോകും മുമ്പ്, അവൾ കഥകളും കവിതകളും ഒക്കെ എഴുതി കാണിച്ചിരുന്നു. നിറയെ അക്ഷരത്തെറ്റുകളും വാക്യശുദ്ധിയില്ലാത്ത കുഞ്ഞു കുഞ്ഞു കുറിപ്പുകളും ആയിരുന്നു എല്ലാം. എങ്കിലും പ്രത്യേക നോട്ട്ബുക്ക് വാങ്ങിക്കൊടുത്ത്, ഇത്തരം എഴുത്തുകളൊക്കെയും ബുക്കിൽ തന്നെ എഴുതണം എന്നു പറഞ്ഞെങ്കിലും, ബുക്കിൽ എഴുതിയവ വളരെ ചുരുക്കമായിരുന്നു. അ കുഞ്ഞെഴുത്തുകൾ ഒക്കെയും പഴയ ബുക്ക്സ്നിടയിൽ എവിടെയെങ്കിലും കാണും. ചെറുബുക്ക്സ് സെലെക്റ്റ് ചെയ്തവൾക്ക് വായിക്കാൻ കൊടുത്തിരുന്നു അന്ന്. കോട്ടയം പുഷ്പനാഥിൻ്റെ നോവൽ വരെ അവളന്ന് വായിച്ചിരുന്നു. നവോദയയിലേക്ക് പോകുമ്പോളും ഡയറിയും ഇതുപോലെ എഴുതാൻ ബുക്ക്സും കൊടുത്തിരുന്നു. പക്ഷേ, കഴിഞ്ഞ വർഷം ബുക്കിൽ ഒന്നും കണ്ടിരുന്നില്ല. എന്നാൽ ഡയറിയിൽ മനോഹരമായി പലതും എഴുതിയിരുന്നു. ഓണാവധിക്ക് വീട്ടിലേക്ക് വന്നപ്പോളാണ് ഈ എഴുത്തുകൾ ഞാൻ ശ്രദ്ധിച്ചത്. ക്ലാസിൽ പോയിട്ട് മലയാളം അദ്ധ്യാപകനെ കാണിക്കണം എന്നൊക്കെ പറഞ്ഞാണു വിട്ടിരിക്കുന്നത്, മൂപ്പരോട് കഴിഞ്ഞ വർഷം തന്നെ മലയാളം റീഡേർസ് ക്ലബിൽ (അങ്ങനെ ആണെന്നു തോന്നുന്നു പേര്) ഇവളെ ചേർക്കണം എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒക്കെ തലകുലുക്കി സമ്മതിച്ചതേ ഉണ്ടായിരുന്നുള്ളൂ അന്ന്. ആമീസ് വരച്ചതും എഴുതിയതുമായ ചിലത് ഇവിടെ കൊടുക്കുന്നു.
1) ഓർമ്മച്ചെപ്പ്
ഒരു നെടുവീർപ്പോടെ ഞാൻ ഓർമ്മകളുടെ താളുകൾ മറിച്ചു. ആദ്യമായി ലോകത്തിന്റെ വെളിച്ചം കണ്ണുകളിൽ പതിഞ്ഞ ആ ദിവസം, അമ്മയുടെ മാറിലെ ചൂട് അറിഞ്ഞ്, ‘അമ്മേ’ എന്ന് വിളിച്ച് കരഞ്ഞ ആ നിമിഷങ്ങൾ… ഓർമ്മയുടെ ചെപ്പിൽ അവയെല്ലാം ഇന്നും ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്നു. പിന്നീട്, പറന്നുനടന്ന ശലഭങ്ങളെപ്പോലെ കൂട്ടുകാരുമായി ചേർന്ന് കളിച്ചുചിരിച്ച ദിനങ്ങൾ. കളിയുടെ ലോകത്ത് വീഴ്ചകളോ വേദനകളോ ഉണ്ടായിരുന്നില്ല. ഒരു തുള്ളി കണ്ണുനീരിന് പോലും വലിയ ദുഃഖം നൽകിയിരുന്ന ആ നിഷ്കളങ്കമായ കാലം… ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലാം ഒരു സ്വപ്നം കണ്ടുണർന്നതുപോലെ തോന്നുന്നു. ഒരു നദി ഒഴുകി നീങ്ങുന്നതുപോലെ കാലം മുന്നോട്ട് പോകുമ്പോൾ, ആ മധുര നിമിഷങ്ങൾ നിഴലുകളായി മാറുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ എല്ലാം ഒരു വിദൂര ഓർമ്മയായി മറഞ്ഞുപോവുന്നു.
2) രാത്രിയുടെ മായാജാലം
രാത്രി അതിൻ്റെ മാന്ത്രികച്ചെപ്പ് തുറന്നു. ലോകം ഗാഢമായ നിശബ്ദതയിൽ അലിഞ്ഞുചേർന്നു. വെള്ളിപ്പാത്രം പോലെ ചന്ദ്രൻ ആകാശത്ത് തെളിഞ്ഞു, ഭൂമിയിൽ പാൽനിലാവ് പരന്നൊഴുകി. ഇലകളെ തഴുകി കടന്നുപോയ ഇളംകാറ്റ് എന്തോ രഹസ്യം മന്ത്രിക്കുന്നതുപോലെ തോന്നി. ദൂരെ എവിടെയോ രാപ്പാടികൾ പാടി, ചീവീടുകൾ അതിന് ശ്രുതിമീട്ടി. ആ ശാന്തത മെല്ലെ എന്റെ കണ്ണുകളെ തഴുകി, ബോധത്തിന്റെ അതിരുകൾ മായ്ച്ചുകൊണ്ട് സ്വപ്നങ്ങളുടെ താഴ്‌വരയിലേക്ക് എന്നെ കൈപിടിച്ചു നടത്തി. ഞാൻ കണ്ണുതുറന്നത് നിലാവ് നൃത്തം ചെയ്യുന്ന ഒരു വലിയ വനത്തിലാണ്. ഭയമില്ലാതെ വിഹരിക്കുന്ന പുള്ളിമാനുകളുടെ കൂട്ടം, ഇലച്ചാർത്തുകളിൽ അഭയം തേടിയ കിളികൾ, ആയിരം നക്ഷത്രങ്ങളെപ്പോലെ മിന്നിമറയുന്ന മിന്നാമിനുങ്ങുകൾ…
പ്രകൃതിയുടെ ഒരു വലിയ കുടുംബം അവിടെ ഒത്തുചേർന്നിരുന്നു. പാറക്കെട്ടുകളിൽ തട്ടി ഒഴുകുന്ന കാട്ടരുവി ഒരു താരാട്ടുപാട്ടുപോലെ കളകളാരവം പൊഴിച്ചു. ആ സംഗീതം എൻ്റെ ആത്മാവിനെ തണുപ്പിച്ചു, ഞാൻ ഗാഢമായ നിദ്രയിലേക്ക് വഴുതിവീണു. ആ ഉറക്കത്തിൻ്റെ ആഴങ്ങളിൽ, നിലാവിൻ്റെ നൂലുകൊണ്ട് നെയ്ത ഒരു രഥം എനിക്കായി കാത്തുനിന്നു. അത് എന്നെയും വഹിച്ച്, കാലം നിലച്ചുപോയ, ആർക്കും എത്തിച്ചേരാനാകാത്ത ഏതോ മായാലോകത്തേക്ക് യാത്രയായി.
3) മാതാവായ പ്രകൃതി
മനുഷ്യൻ്റെ ജീവിതവുമായി ഏറ്റവും ചേർന്നുനിൽക്കുന്നത് പ്രകൃതിയാണ്. പുലരിയുടെ മൃദുസമീരത്തിൽ നിന്നും, അസ്തമയത്തിൻ്റെ ചുവന്ന മേഘങ്ങളിൽ വരെ പ്രകൃതിയുടെ സാന്നിധ്യം നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്നു. വനങ്ങൾ, പുഴകൾ, മലകൾ, പക്ഷികൾ, മൃഗങ്ങൾ — ഇവയെല്ലാം മനുഷ്യജീവിതത്തിൻ്റെ അനിവാര്യ ഘടകങ്ങളാണ്. കാടുകളിലെ ചെറു ജീവജാലങ്ങളും പക്ഷികളുടെ സംഗീതവും പോലും ഭൂമിയെ സമ്പന്നമാക്കുന്നു. മഴത്തുള്ളികൾ ഭൂമിയെ മുത്തുകളാൽ അലങ്കരിക്കുമ്പോൾ, പാടങ്ങളും വയലുകളും പുതുജീവൻ നേടുന്നു.
എന്നാൽ ഇന്ന് പ്രകൃതി വൻ വെല്ലുവിളികൾ നേരിടുകയാണ്. മനുഷ്യൻ്റെ അനിയന്ത്രിതമായ ഇടപെടലുകളും മലിനീകരണവും പ്രകൃതിയുടെ സുന്ദര്യത്തെയും സമാധാനത്തെയും ബാധിക്കുന്നു. വനംനശീകരണം, വായു മലിനീകരണം, വെള്ള ക്ഷാമം — ഇവയെല്ലാം മനുഷ്യൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ, പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമായി മാറുന്നു. പച്ചപ്പിനെ സ്നേഹിക്കണം, വെള്ളം സൂക്ഷിക്കണം, മലിനീകരണം തടയണം. പ്രകൃതിയുമായി ഒത്തൊരുമയിൽ ജീവിക്കുമ്പോഴേ മനുഷ്യനും ഭാവി തലമുറകളും സുരക്ഷിതരായി നിലനിൽക്കാനാവൂ. പ്രകൃതി നമ്മുടെ മാതാവാണ്. അവളെ കരുതലോടെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് നമ്മുടെ കടമയാണ്. അതുവഴിയാണ് ഭൂമിയെ “ജീവൻ്റെ സ്വർഗ്ഗം” ആക്കി നിലനിർത്താൻ കഴിയുക.
4) പ്രകൃതിയുടെ തലോടൽ
അസ്തമനസൂര്യന്റെ നേർത്ത വെളിച്ചം മാഞ്ഞുതുടങ്ങി. ആകാശം കറുത്ത കാർമേഘങ്ങളാൽ നിറഞ്ഞു, നിർത്താതെ പോയ ബസ്സിനെ പിന്തുടരുന്ന പോലെ അവ മുന്നോട്ട് കുതിച്ചു. ഒരു തണുത്ത കാറ്റ് പുൽമേടുകളെ തഴുകി കടന്നുപോയി. ഒന്ന്, രണ്ട്, മൂന്ന്… എന്ന കണക്കിൽ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു.
നിമിഷങ്ങൾക്കകം മഴ ശക്തമായി, ആളുകൾ വെള്ളത്തിലൂടെ മീനുകളെപ്പോലെ ചിതറിയോടി.കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി കാൽതെറ്റി നനഞ്ഞ മണ്ണിലേക്ക് വീണു. അവളുടെ പുസ്തകങ്ങൾ വെള്ളത്തിൽ ചിതറി. ആരും അവളെ ശ്രദ്ധിച്ചില്ല. ഓടുന്നവരുടെ തിരക്കിട്ട പാദങ്ങളിൽ അവൾ കൂടുതൽ ഒറ്റപ്പെട്ടു. തണുത്ത കാറ്റും പേടിപ്പെടുത്തുന്ന മിന്നലും അവളെ വിറപ്പിച്ചു. അവൾ തേങ്ങിക്കരഞ്ഞു. അപ്പോഴാണ്, ഇരുട്ടിൽ നിന്ന് രണ്ട് കൈകൾ അവൾക്കുനേരെ നീണ്ടുവന്നത്.
അവൾ ഞെട്ടി, ആ കൈകൾ അവളെ താങ്ങിനിർത്തി. വളരെ മൃദുലമായിരുന്നു ആ സ്പർശം. അവളുടെ ശിരസ്സിൽ വാത്സല്യത്തോടെ തലോടി, ഒരു ആശ്വാസവാക്ക് പോലും പറയാതെ ആ ദിവ്യരൂപം അടുത്ത നിമിഷം ഇരുട്ടിലേക്ക് മാഞ്ഞുപോയി. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. എങ്കിലും, ആരും എത്താത്ത ഒരിടത്ത്, അവൾ തനിച്ചായിരുന്നില്ല. ആ സ്നേഹത്തിന്റെ ഓർമ്മയിൽ, അവൾ നനഞ്ഞ പുസ്തകങ്ങൾ വാരിയെടുത്ത് മുന്നോട്ട് നടന്നു. ഭയം മാഞ്ഞുപോയിരുന്നു, പകരം ഹൃദയത്തിൽ ഒരു ധൈര്യം നിറഞ്ഞു. അവൾ മഴയെ കൂസാതെ നടന്നു, ആരും കാണാത്ത ഒരു തണലിൽ.
5) ചില്ലുകൂട്ടിലെ ജീവിതം
ആ ചതുരപ്പെട്ടിയിൽ അവർ എന്നെ ബന്ധിച്ചു. അതൊരു തടവറയാണെന്ന് തിരിച്ചറിയാൻ വർഷങ്ങളെടുത്തു. പുറംലോകത്തിന്റെ നിറങ്ങളോ, സൂര്യന്റെ ചൂടോ അറിയാതെ, അതിന്റെ കൃത്രിമ വെളിച്ചത്തിൽ ഞാനും എന്നെപ്പോലെ ആയിരങ്ങളും അഭയം തേടി. എനിക്ക് ചുറ്റും അനേകരുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ചില്ലുകൂട്ടിലിരുന്ന് ചിരിക്കുന്നതായും കരയുന്നതായും ഞാൻ കണ്ടു. ഞങ്ങൾ പരസ്പരം നോക്കി, ലൈക്കുകൾ നൽകി, കമന്റുകൾ പങ്കുവെച്ചു, എന്നാൽ ആരും ഒന്നും മിണ്ടിയില്ല. വിരൽത്തുമ്പിൽ ഒരു ലോകം മുഴുവൻ ഉണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചു, പക്ഷേ ഓരോ നിമിഷവും ഞങ്ങൾ കൂടുതൽ തനിച്ചാവുകയായിരുന്നു.
ചിലർ ആ ചില്ല് ഭിത്തികൾ തകർക്കാൻ ശ്രമിച്ചു. ഒരു നിമിഷത്തെ ആവേശത്തിൽ അവർ അതിൽ നിന്ന് പുറത്തുചാടി. പക്ഷേ, തകർന്ന ചില്ലിന്റെ മൂർച്ചയേറിയ അറ്റങ്ങൾ അവരുടെ ആത്മാവിനെ മുറിവേൽപ്പിച്ചു. യഥാർത്ഥ ലോകത്തിന്റെ വേഗതയുമായി പൊരുത്തപ്പെടാനാവാതെ അവർ ഇരുട്ടിലേക്ക് വീണുപോയി. അതൊരുതരം ആത്മഹത്യ തന്നെയായിരുന്നു. രക്ഷപ്പെടാനാവാത്ത ഒരു ആഴക്കിണർ പോലെ അത് ഞങ്ങളെ വട്ടംകറക്കി. അതിന്റെ ചുവരുകളിൽ ഞങ്ങളുടെ വ്യാജമായ ചിരികൾ പ്രതിധ്വനിച്ചു, പക്ഷേ മുകളിലെ നീലാകാശം ഞങ്ങൾ മറന്നുപോയിരുന്നു. ഒരേ കാഴ്ചകൾ, ഒരേ ശബ്ദങ്ങൾ… അതിൽക്കിടന്ന് ഞങ്ങൾ സ്വയം നഷ്ടപ്പെടുത്തി.
ചിറകുകളുള്ള പക്ഷികളെപ്പോലെ ആകാശത്ത് പറന്നുയരേണ്ടവരായിരുന്നു നമ്മൾ. എന്നാൽ ഇന്നോ, ഈ ഡിജിറ്റൽ കാട്ടിൽ വഴിതെറ്റി, രക്ഷപ്പെടാനായി പരക്കംപായുന്ന ഭയന്ന മൃഗങ്ങളെപ്പോലെയായിരിക്കുന്നു. സ്വാതന്ത്ര്യം എന്തെന്ന് മറന്നുപോയ, കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങൾ.
ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ ആമിയെ സ്കൂളിൽ നിന്നും സ്വന്തം പേരുതന്നെ നോട്ബുക്കിൽ എഴുതിപ്പഠിപ്പിക്കാൻ തുടങ്ങിയെന്നു തോന്നുന്നു…. ഇന്നലെ രാത്രിയിൽ അവൾ പേരിന്റെ സ്പെലിങ് എങ്ങനെയാണെന്നു ചോദികുകയുണ്ടായി. ഇംഗ്ലീഷ് അക്ഷരമാലകൾ ഒരു വർഷം മുമ്പേതന്നെ പ്ലേയിങ് സ്കൂളിൽ നിന്നും പഠിച്ചിരുന്നെങ്കിലും, ഈ അക്ഷരമാല ഉപയോഗിച്ച് പേരുകൾ എഴുതാനാവും എന്നൊന്നും അവൾ അറിയില്ലായിരുന്നു. കുഞ്ഞായതിനാൽ ഞാനതു പഠിപ്പിക്കുവാൻ മെനക്കെട്ടുമില്ല. പക്ഷേ, ഇന്നലെ അവൾ അവളുടെ പേരിന്റെ സ്പെലിങ് ആദ്യമായി പറഞ്ഞപ്പോൾ തോന്നി സ്കൂളീൽ നിന്നും ഈ കലാപരിപാടി തുടങ്ങിയിട്ടുണ്ട് എന്ന്… തുടർന്ന് അവൾ എന്നോടും പേരിന്റെ സ്പെലിങ് ചോദിക്കുകയുണ്ടായി… അങ്ങനെ ആദ്യമായി അവളുടെ കുഞ്ഞറിവുകൾ വെച്ച് സ്വന്തമായി എഴുതിയ അവളുടെ പേരും, കേട്ടെഴുതിയ ഞങ്ങളുടെ പേരുകളും…
#ആത്മികായനം തുടരുന്നു..
അവളുടെ കുഞ്ഞറിവുകൾക്ക് ചെറിയ തോതിൽ വികസനം നടക്കുന്നുണ്ട്…
“അച്ഛനല്ലേ വലിയത്” ഇപ്പോൾ ചോദിച്ച ചോദ്യമായിരുന്നു…
ഞാൻ: “അതേ”
അവൾ: “അമ്മ സെക്കന്റല്ലേ”
ഞാൻ: “അതേ”
അവൾ: “ഞാൻ ചെറിയ കുഞ്ഞിയല്ലേ”
ഞാൻ: “അതേ”
അവൾ: “ഈ പേരൊക്കെ തെറ്റാണ്… ഇതിൽ അമ്മ എയ്റ്റ്, ഞാൻ സെവൻ, അച്ഛൻ സിക്സ്… ഇതെന്താ അച്ഛാ ഇങ്ങനെ??”
ഞാൻ കൺഫ്യൂഷനടിച്ചു… മെല്ലെ അവളോടൊപ്പം ചേർന്നു… അവൾക്ക് വിരൽ വെച്ച് അളന്നു നോക്കി പൊക്കം പറയുന്ന ഏർപ്പാടുണ്ട്… അതുവെച്ച് ഞാനാണു മൂത്തത്… എന്റെ പൊക്കം 22 ആയിരിക്കും, ആമീസിന്റെ പൊക്കം 9 ആയിരിക്കും…. പക്ഷേ, ഇപ്പോൾ പറഞ്ഞത് മനസ്സിലാക്കാൻ പറ്റിയില്ല… നയത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സംഗതി അവൾ പഠിപ്പിച്ചു തന്നു!!
Manjusha എന്ന പേരിൽ 8 അക്ഷരങ്ങൾ ഉണ്ട്… Aatmika എന്ന പേരിൽ 7 അക്ഷരങ്ങളും Rajesh എന്ന പേരിൽ 6 അക്ഷരങ്ങളും… ഈ കണക്കായിരുന്നു അവൾ എണ്ണി തിട്ടപ്പെടുത്തിയെടുത്ത് വലിപ്പച്ചെറുപ്പങ്ങൾ കണക്കാക്കിയത്!!
കുഞ്ഞറിവുകൾക്കും പ്രാധാന്യമുണ്ട്… കുഞ്ഞല്ലേ, ബുദ്ധിവളർച്ചയെത്താതെ എന്തൊക്കെയോ പറയുന്നു എന്നു കരുതി ചിരിച്ചു തള്ളാതെ അവരോടൊപ്പം ലയിച്ചു ചേരുമ്പോളാണൊരു സുഖം!!
പാഠഭേദങ്ങളിലൂടെ ആത്മിക
ആമിയെ സംബന്ധിച്ചടത്തോളം ഞാൻ ഒന്നുമറിയാത്തവനാണ്. അവൾ സ്കൂളിൽ പോകുന്നതു തന്നെ എന്നെ പഠിപ്പിക്കുവാൻ വേണ്ടിയാണ്. ടീച്ചർ പഠിപ്പിച്ചു വിടുന്നതൊക്കെ സമയം കിട്ടുമ്പോൾ അവളെന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്നത്തെ(2 September, 2017 – Saturday) പഠനം A, B, C, D അക്ഷരങ്ങളൊക്കെ സ്മോൾ ലെറ്റേർസിൽ ആയിരുന്നു. വലിയ അക്ഷരങ്ങൾ എഴുതുന്നതിൽ ഞാൻ മിടുക്കനാ…. എനിക്കതിനവൾ 10 സ്റ്റാറുകൾ തന്നിരുന്നു. നന്നായി പെർഫോം ചെയ്താൽ ടീച്ചർ ക്ലാസ്സിൽ നിന്നും ഇവൾക്ക് സ്റ്റാർ വരച്ചു കൊടുക്കും… അതിന്റെ കോപ്പി. അവളെ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂ. എങ്കിലും അന്നുമുതലേ പഠിപ്പിക്കുന്നുണ്ട്.
ഇന്നവൾ എനിക്കുവേണ്ടി ആദ്യം മുതലേ അക്ഷരങ്ങൾ എഴുതിത്തന്നു. ഇടയ്ക്കൊക്കെ അവൾ ചില അക്ഷരങ്ങൾ വിട്ടു പോയിരുന്നു.
ഭാഗ്യത്തിനവൾ കൃത്യമായി എഴുതിയ അക്ഷരങ്ങൾ ഭൂരിഭാഗവും ഞാൻ മറന്നിരുന്നു, എന്നാൽ ചിലതൊക്കെ അവളും മറന്നു പോയിരുന്നു, എന്തോ ഭാഗ്യം കൊണ്ട്, അല്പം ആലോചിച്ചപ്പോൾ അവയൊക്കെയും എനിക്ക് ഓർത്തെടുക്കാനുമായിരുന്നു. അത് ശരിയാണെന്ന് അവളുടെ അംഗീകാരം കിട്ടിയാൽ പിന്നെ പ്രശ്നമില്ലല്ലോ… ഒക്കെ കഴിഞ്ഞ്, ആ എഴുതിയ പേപ്പേർസ് ഒക്കെ അവൾ കൊണ്ടു പോയി ഒളിപ്പിച്ചു വെച്ചു… എന്നിട്ട് എവിടെയും നോക്കിയെഴുതാതെ സ്വന്തമായി ആദ്യം മുതലേ എഴുതാൻ പറഞ്ഞു…
അല്പം ബുദ്ധിമുട്ടിയും ഓർമ്മയിൽ തപ്പിയും ഞാൻ ഒക്കെയും എഴുതി… എഴുതാൻ ബുദ്ധിമുട്ടുമ്പോൾ “സാരമില്ലച്ഛാ, ഒന്നുകൂടി ഓർത്ത് നോക്ക്യേ, ഞാൻ മിനിയാന്ന് ബ്ലൂ കളർ പെൻസിൽ കൊണ്ടെഴുതി കാണിച്ചില്ലേ… ആ അക്ഷരമാ…” എന്നു പറഞ്ഞ് തലയിൽ തടവി ആശ്വസിപ്പിക്കും…
r എന്നൊരക്ഷരമാണു ശരിക്കും കുടുക്കിക്കളഞ്ഞത്… അവളുടെ r എന്നത് ഇതു പോലെ തന്നെയായിരുന്നു. എന്നാൽ എന്റെ r ഫോട്ടോയിൽ ചുവന്ന മഷിയിൽ കാണുന്നതായിരുന്നു. ഞാൻ ശരിക്കും പെട്ടുപോയത് ഇവിടെയായിരുന്നു… എന്തായാലും ഇന്നു ഞാൻ തോറ്റു… r എന്ന സ്മോൾ ലെറ്റർ എഴുതാൻ ഞാൻ പഠിച്ചില്ലാത്രേ… അതൊകുണ്ട് അവൾ എനിക്ക് 10 ഇൽ 3 സ്റ്റാർ കുറച്ചിട്ടു തന്നു!! 7 സ്റ്റാർസിനാൽ തൃപ്തനാകേണ്ടി വന്നു ഇന്ന്!!
2017 ലെ ജന്മാഷ്ടമിയും സ്വാതന്ത്ര്യദിനവും തിങ്കൾ ചൊവ്വാ ദിനങ്ങളിൽ അടുത്തു വന്നതും, മുന്നോടിയായി ശനി, ഞായർ ദിവസങ്ങൾ വന്നതിനാൽ അവധി ദിവസമായതും നാലുദിവസത്തേക്കായി വല്ലപ്പോഴും കിട്ടുന്ന നീണ്ട അവധിക്കു കാരണമ്മാവുകയായിരുന്നു. മഞ്ജുവിന് അവധി എടുക്കേണ്ടി വന്നുവെങ്കിലും ആത്മികയ്ക്കും എനിക്കും ലീവുതന്നെയായിരുന്നു ഈ ദിവസങ്ങളിൽ. ആത്മികയുടെ നാലാമത് ജന്മദിനം ആഗസ്റ്റ് 15 നു വന്നതും നല്ലൊരു കാലമായി ഇത് മാറുമെന്നുറപ്പായിരുന്നു. യാത്രാ ടിക്കറ്റൊക്കെ മുങ്കൂറായി തന്നെ കല്ലഡ ട്രാവൽസിൽ ബുക്ക് ചെയ്തു വെച്ചിരുന്നു.
ബാംഗ്ലൂരിലെ മഡിവാളയിൽ നിന്നും വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു ബസ്സ് യാത്ര തുടങ്ങുന്നത്. ആത്മികയ്ക്ക് രാവിലെ മുതലേ നല്ല പനി ആയിരുന്നു. അവളെ പകൽസമയങ്ങളിൽ പരിചരിക്കുന്ന വിജയമ്മ ഉച്ചയ്ക്കുതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ ചർദ്ദിയും തുടങ്ങി കൂടുതൽ തീഷ്ണമായി മാറി. വൈകുന്നേരം ഇതേ കാരണത്താൽ ഒന്നുകൂടെ ഡോക്ടറെ കാണേണ്ടി വന്നു. വെള്ളം പോലും കുടിക്കാനാവാത്ത ദിവസമായി പോയി ആത്മികയ്ക്ക് ആ ദിവസം. വൈകുന്നേരം അല്പം മരുന്നു കൊടുത്തശേഷം വളരെ കുറച്ചുമാത്രം കഴിക്കാനവൾ സമ്മതിച്ചു. ബസ്സ് യാത്ര തുടങ്ങുമ്പോൾ രാത്രി 11:30 ആയി. ബസ്സിൽ നന്നായി അവൾ ഉറങ്ങിയെങ്കിലും കലശലായ ചൂടിനാൽ ഏറെ പ്രയാസപ്പെട്ടുള്ള ഉറക്കമായിരുന്നു അവൾക്ക്.
ബസ്സ് തുടങ്ങാൻ മാത്രമല്ല, തിരുവന്തപുരത്ത് എത്തിച്ചേരാനും വൈകി. ബസ്സിൽ വെച്ച് അവൾ കുറച്ച് ഭക്ഷണവും മരുന്നും കഴിച്ചു, പനിയല്പം ശമിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവന്തപുരത്ത് ഇറങ്ങി. കൂട്ടുകാരൻ സുഗീഷ് കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും കൂടെ അജയ് താമസിക്കുന്ന വീട്ടിലേക്ക് ഓട്ടോയിൽ യാത്ര തിരിച്ചു. രാവിലെ 9 മണിക്കെത്തിയ അമ്മ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എത്തിയപ്പോൾ തന്നെ ആത്മിക നന്നായിട്ടുറങ്ങി. ഉറക്കക്ഷീണം കഴിഞ്ഞപ്പോൾ വൈകുന്നേരത്തോടെ ശനിയാഴ്ച അഖിലിന്റെ കൂടെ പത്മനാഭസ്വാമീക്ഷേത്രത്തിലേക്കു പോയി. അമ്മയും മഞ്ജുവും കുഞ്ഞും അമ്പലത്തിനകത്ത് കയറി കണ്ടെങ്കിലും ഷർട്ട് അഴിക്കാത്തതിനാൽ എനിക്കു കയറാൻ പറ്റിയില്ല; അവർ വരുന്ന സമയം വരെ അഖിലിന്റെ കൂടെ ഞാൻ പുറത്തിരുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ് ശ്രീപത്മനാഭസ്വാമി. തിരുവിതാംകൂർ രാജ്യത്തെ അപ്പാടെ ശ്രീപദ്മനാഭന് സമർപ്പിച്ച് അതിനു തൃപ്പടിദാനം എന്നു പേരു കൊടുത്തതൊക്കെ പണ്ട് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മയെ പറ്റി പഠിക്കുമ്പോൾ ഉള്ള കാലമൊക്കെ ഓർമ്മയിലെത്തി. ഡച്ചുകാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിവാക്കുന്നതാണ്. ഇതുമൂലം ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്പിയനെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിനൂള്ളതാണ്. 1750 ജനുവരി 3 ന് തിരുവിതാംകൂർ ശ്രീ പത്മനാഭന് അടിയറവു വെച്ച് ശ്രീ പത്മനാഭദാസൻ എന്ന പേരിനാലാണ് പിന്നീടുള്ളവരും തിരുവിതാംകൂർ ഭരിച്ചത്. അജയന്റെ വീട്ടിൽ നിന്നും നടന്നായിരുന്നു ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. തിരിച്ചു വന്നത് ഓട്ടോയ്ക്കും. കുഞ്ഞിനു സുഖമില്ലാത്തതിനാൽ മറ്റെവിടേയും പോകാതെ ശനിയാഴ്ച കഴിച്ചുകൂട്ടി.
മൃഗശാല
ഞായറാഴ്ച ആത്മിക പനിയൊക്കെ വെടിഞ്ഞ് പൂർവ്വാധികം ആരോഗ്യവതിയായി കാണപ്പെട്ടു. ഭക്ഷണം കഴിച്ച് മരുന്നു കഴിച്ചപ്പോൾ രാവിലെ തന്നെ കറങ്ങാൻ പോകാമെന്നു കരുതി. ഒലയിലെ 10 മണിക്കൂർ യാത്ര 1200 രൂപയ്ക്ക് എന്ന പദ്ധതി പ്രകാരം ബുക്ക് ചെയ്ത കാറിൽ രാവിലെ തന്നെ തിരുവന്തപുരം മൃഗശാലയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണിത്; ഇന്ത്യയിലെ തന്നെ ആദ്യത്തെ മൃഗശാലയുമാണ്. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സഹോദരനായ ഉത്രം തിരുനാളാണ് മ്യൂസിയവും മൃഗശാലയും നിര്‍മ്മിക്കാനായി കമ്മറ്റി രൂപീകരിച്ചതും 1857 ഇൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് ശാലയുടെ കിടപ്പ്. മൃഗശാലയിലേക്ക് ഒരാൾ കേവലം 20 രൂപയ്ക്ക് പാസ് വേണമെന്നുണ്ടെങ്കിലും ഇവിടെ ബാംഗ്ലൂരിൽ ഉള്ളതിനേക്കാൾ എത്രയോ മികച്ചതാണ് ഈ മൃഗശാല. കണ്ടാമൃഗവും വിവിധ പുലികളും, കടുവകളും, മാനുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ മൃഗശാല മൈസൂരുള്ള മൃഗശാലയെക്കാൾ പ്രകൃതി ദൃശ്യത്താലും, ഹരിത ഭംഗിയാലും ഹൃദ്രമാവുന്നു എന്നുമുണ്ട്. വലിയൊരു വനത്തിലൂടെ കണ്ടു നടക്കുന്ന പ്രതീതി പലപ്പോഴും തോന്നും, ഇടയിലുള്ള തടാകവും ഏറെ ഹൃദ്യമാക്കുന്നു. പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ എന്നിവയോട് പരിസരത്തെ ഷോപ്പുടമകൾ പുലർത്തുന്ന മനോഭാവവും ഏറെ ചിന്തനീയമാണ്. സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന നേപ്പിയർ മ്യൂസിയവും കുഞ്ഞിനു കളിക്കാൻ പാകത്തിനുള്ള ചിൽഡ്രൻസ് പാർക്കും, സമീപത്തെ ത്രിഡി ജുറാസിക് ഷോയും ശ്രദ്ധിക്കച്ചെങ്കിലും ഞായറഴ്ച അതു വിട്ട് ചൊവ്വാഴ്ചയിലെ ആത്മികയുടെ ജന്മദിനം ഭംഗിയാക്കാൻ ഇതുതന്നെ ഉപയോഗിക്കാം എന്നു കരുതി ഒഴിവാക്കി.
ശംഖുമുഖം കടൽത്തീരം
തുടർന്ന് പാളയത്തു നിന്നും ഉച്ചഭക്ഷണം അല്പം നേരത്തേ കഴിച്ചു, നേരെ ശംഖുമുഖം കടപ്പുറത്തേക്കു വിട്ടു. തിരുവനതപുരം നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു കടപ്പുറമാണിത്. കാനായി കുഞ്ഞിരാമന്‍ പണിത 35 മീറ്റർ നീളമുള്ള ജലകന്യകയുടെ ശില്‍പം ഇവിടെ കാണാം. ശില്പചാരുതിയൊഴിച്ചാൽ ഒരു കടപ്പുറം എന്നതിനപ്പുറം മറ്റൊന്നുമില്ലാതെ കാണാമെന്നേ ഉള്ളൂ. വിമാനതാവളം ഇതിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്ത രണ്ട് കൽമണ്ഡപങ്ങൾ അവിടെ കാണാനായിരുന്നു. പ്രത്യേകിച്ച് പരിരക്ഷയൊന്നുമില്ലാതെ അനാഥമായി കിടക്കുന്ന നിലയിലായിരുന്നു അതിന്റെ നിൽപ്പ്. അല്പസമയം മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ, തുടർന്ന് ഞങ്ങൾ പൂവാർ ബീച്ചിലേക്ക് യാത്രയായി.
പൂവാർ ബീച്ച്
കാസർഗോഡ് മഞ്ചേശ്വരം മുതൽ നീണ്ടുകിടക്കുന്ന കേരളം അവസാനിക്കുന്നത് ഒരുപക്ഷേ അടുത്തുള്ള പൊഴിയൂർ ഗ്രാമത്തിലായിരിക്കണം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് പൂവാർ പുഴയിലൂടെ ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു അത്. ബോട്ടിന്റെ മുന്നിലെ സീറ്റിലിരുന്ന് അറിഞ്ഞാഹ്ലാദിക്കുകയായിരുന്നു അവൾ. പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാർ ഗ്രാമം. വേലിയേറ്റ സമയത്ത് കടലും പുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. ഞങ്ങൾ പോവുമ്പോൾ പരസ്പരം ബന്ധപ്പെടാതെ ഒരു മറപോലെ മണൽപ്പരപ്പുണ്ടായിരുന്നു. 56 കിലോമീറ്ററോളം ദൂരം താണ്ടുന്ന നെയ്യാർ പുഴ അഗസ്ത്യമലയിൽ നിന്നാരംഭിച്ച് കടലിൽ ചേരുന്ന നെയ്യാറ്റിങ്കരയിലെ സ്ഥലവും പൂവാറിനടുത്തു തന്നെ. മാർത്താണ്ഡവർമ്മയാണത്രേ പൂവും ആറും ചേർന്ന പൂവാർ എന്ന പേരു നൽകിയതുതന്നെ. ബോട്ടുയാത്ര നിയന്ത്രിച്ചത് ടോണി എന്ന ബോട്ടുകാരനായിരുന്നു, ആത്മികകയ്ക്കു വേണ്ടിയുള്ള കൗശലങ്ങൾ അവനും പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾ താമസിച്ച തിരുവന്തപുരത്തെ അജയന്റെ വീട്ടിൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു ഇവിടേക്ക്.
എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി
പൂവാർ പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ കാണാവുന്ന രസകരമായ കാഴ്ചയാണ് എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി എന്നിവ. ഒരു ആന വെള്ളത്തിൽ കിടന്നതുപോലെ തോന്നുന്ന കല്ലാണ് എലഫന്റ് റോക്ക്. അതിനു മുകളിൽ കൊണ്ടുപോയി കുരിശു നാട്ടി എന്നതൊഴിച്ചാൽ മനോഹരമായൊരു കാഴ്ചതന്നെയാണത്. പുഴയോരത്ത് കണ്ട വിവിധ പാറക്കെട്ടുകൾക്ക് മുകളിൽ കുരിശുകൾ തലയുയർത്തി തന്നെ നിൽപ്പുണ്ട്. അതിലൊന്നാണ് ആ കുരിശുപള്ളി. കല്ലു തുരന്ന് ഭൂമിക്കടിയിലാണ് പള്ളിയുള്ളത്. ഞങ്ങൾ ബീച്ചിൽ ഇറങ്ങാനൊന്നും പോയില്ല, നേരെ ബോട്ടിൽ കറങ്ങി നടന്നു. കായലിനും കടലിനും ഇടയിലുള്ള മണൽത്തിട്ട നിലേശ്വരത്തും ഉള്ളതിനാൽ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല എന്നേ ഉള്ളൂ. കായലിനു ചുറ്റുമായി ഇടതിങ്ങി നിൽക്കുന്ന കണ്ടൽകാടുകൾക്ക് ഒരു മനോഹാരിതയുണ്ട്. ബോട്ടുയത്രയ്ക്ക് ഒരാൾക്ക് ഒരു മണിക്കൂറിന് 1000 രൂപവെച്ച് 3000 രൂപയായിരുന്നു ബോട്ടുടമകൾ വാങ്ങിച്ചത്. എന്തായാലും മനോഹരമായിരുന്നു യാത്ര. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്, തടാകത്തിൽ തന്നെയുള്ള ഫ്ലോട്ടിങ് ഹോട്ടലുകൾ അടക്കം അവിടെ കാണാനുണ്ട്. താമസം അധികവും വിദേശീയരാണെന്നായിരുന്നു ഡ്രൈവർ ടോണി പറഞ്ഞത്. തമിഴ്നാടിന്റെ അതിർത്തിയോളം ഞങ്ങൾ പോയി മടങ്ങി. ശംഖുമുഖത്തു നിന്നും 15 കിലോമീറ്റർ അകലെയാണു കോവളം; പൂവാറിലേക്ക് 32 കിലോമീറ്ററും. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു ഈ ബോട്ടുയാത്ര.
കോവളം
പൂവാറിൽ നിന്നും തിരുവന്തപുരത്തേക്ക് തിരിക്കും മധ്യേ ഏകദേശം 17 കിലോമീറ്റർ മധ്യത്തിലായി കോവളം എത്തുന്നു. സീസൺ സമയമല്ലാത്തതിനാൽ കോവളം അല്പം നിരാശപ്പെടുത്തിയെങ്കിലും മനോഹരമായ കടൽത്തീരവും കറുത്ത മണലും കാണാൻ പറ്റി എന്നുണ്ട്. അല്പം സമയം കോവളം കടലലകളിലൂടെ നടന്ന് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ വീടണഞ്ഞു. ആത്മിക ഭക്ഷണം കഴിച്ച് സുന്ദരമായി കിടന്നുറങ്ങി…
സഹ്യപർവ്വതസാനുക്കളിലൂടെ
തിങ്കളാഴ്ച തമിഴ് നാട്ടിലേക്ക് വിട്ടു. നാഗർകോവിലിലെ ഹോട്ടലിൽ നിന്നും പ്ലെയിൻ ദോശ വാങ്ങിച്ചതിന്റെ അത്ഭുതമായിരുന്നു വേറിട്ട് നിൽക്കുന്നത്. തമിഴ്നാടിനേയും കേരളത്തേയും തിരിക്കുന്ന സഹ്യപർവ്വത നിരകളുടെ മനോഹാരിത കണ്ടറിയാൻ ഉതകുന്നതായിരുന്നു ആ യാത്ര. തമിഴ്നാട്ടിലേക്കുള്ള കാറ്റിനേയും മഴയേയും തടഞ്ഞു നിർത്തി കേരളത്തെ ഹരിതാഭമാക്കിയ പ്രകൃതിയുടെ മനോഹാരിത കണ്ടുതന്നെ അറിയണം. വെറുതേ ഒരു യാത്ര മാത്രമായിരുന്നു ഇത്. പ്രകൃതി മനോഹാരിത കാണുക മാത്രമായിരുന്നു വരുമ്പോഴും പോവുമ്പോഴും മനസ്സിലുണ്ടായിരുന്ന ഏകലക്ഷ്യം. യാത്ര അമ്മയ്ക്കും ആത്മികയ്ക്കും വിരസമാവുമെന്നതിനാൽ തന്നെ അവരെ വീട്ടിൽ നിർത്തി. രണ്ടു ദിവസം നിറഞ്ഞാടിയ പനിയിൽ നിന്നും നല്ലൊരു വിശ്രമം ആത്മികയ്ക്ക് ആവശ്യമായിരുന്നു. ഇടതൂർന്ന്, ചെറുതും വലുതുമായ മലനിരകൾ മേഘശകലങ്ങളിൽ ലയിച്ചു ചേർന്നിരിക്കുന്ന സുന്ദരമായ ദൃശ്യവിസ്മയം കാണാൻ അരുകിലൂടെയുള്ളൊരു യാത്ര ധാരാളമാണ്.
യാത്രയിൽ പരിചയപ്പെട്ട ഒരു കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു കോശി സാർ. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെ വിവിധകാര്യങ്ങളെ പറ്റി പറഞ്ഞുതന്നു. 14 ആം തീയ്യതി രാവിലെ 6:50 -നു നാഗർകോവിൽ എക്സ്പ്രസിനു നാഗർ കോവിലേക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും കേറുകയായിരുന്നു. ഒരാൾക്ക് 20 രൂപ ട്രൈൻ ചാർജിലാണു യാത്രയും. നേമം, ബലരാമപുരം, നെയ്യാറ്റിൻകര, ധനുവച്ചപുരം, പാറശാല (കേരള ബോർഡർ), കുളിത്തുറൈ (പാലക്കാട് കൊടുത്തിട്ട് കേരളത്തിൽ നിന്നും തമിഴ് നാടു വാങ്ങിച്ചതാണത്രേ ഈ സ്ഥലം), എരണിയൽ കഴിഞ്ഞ് 8:48 നു നാഗർകോവിൽ എത്തി. കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം കാണാൻ പര്യാപ്തമാണീയാത്ര.
മധുരയിൽ തുടങ്ങി നാഗർകോവിൽ വരെ പരന്നു കിടക്കുന്ന സഹ്യപർവ്വതസാനുക്കൾ കണ്ടറിയാൻ ഏറെ പര്യാപ്തമാണ് സമീപത്തിലൂടെയുള്ള ബസ്സ് യാത്ര. ഈ സാനുക്കളുടെ ഗാംഭീര്യം തന്നെയാണ് കേരളത്തിനു മറ്റുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഒരു ഭിന്നത നൽകുന്നതിലും പ്രധാന പങ്കു വഹിച്ചിരിക്കുന്നത് എന്നു കരുതുന്നു. സഹ്യപർവ്വതനിരയ്ക്ക് ഒരുവശം കേരളം മുഴുവനും ഹരിതാഭമാണ്… മറുവശം വിജനമായ പ്രദേശങ്ങളിൽ ദൂരെദൂരെയായി അന്യം നിൽക്കുന്ന മൊട്ടക്കുന്നുകളും പൂവാർ തടാകക്കരയിൽ കുരിശുനാട്ടിയതു കണ്ടതുപോലെയുള്ള മലമുകളിലെ കോവിലുകളും മാത്രമാണുള്ളത്. കൈയ്യിൽ ഒരു ക്യാമറയൊക്കെ ഉണ്ടെങ്കിൽ തല്പരരായ അടുത്ത കൂട്ടുകാരുമായി ഒരു യാത്ര ഈ സാനുക്കളിലൂടെ നടത്തിയാൽ ഗംഭീരമായിരിക്കുമെന്ന് പലപ്പോഴും തോന്നിയിരുന്നു.
ആത്മികയുടെ ജന്മദിനം
Aatmika
ആഗസ്റ്റ് 15 നു രാവിലെ ഞങ്ങൾ സെക്രട്ടറിയേറ്റിലേക്കു പുറപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം കാണാമെന്നു വിചാരിച്ചു പോയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറീയൊരു പ്രസംഗം, പിന്നെ വിവിധ സായുധസേനകളുടെ വ്യത്യസ്ഥമായ പരേഡുകൾ ഒക്കെ കണ്ടു. പരേഡ് ഗ്രൗണ്ടിൽ മാർച്ചിങിനായി എത്തിച്ചേർന്ന പല സ്കൂൾ കുട്ടികളും വെയിലേറ്റു വാടി വീഴുകയും, അവരെ കാത്തുനിന്ന പൊലീസുകാരും മറ്റും എടുത്തു കൊണ്ടുപോകുന്നതുമാണ് ഏറെ ശ്രദ്ധിക്കേണ്ടി വന്നത്. വെയിൽ കൊള്ളാതെ ഏസി റൂമിൽ പഠിച്ചു വളരുന്നൊരു തലമുറയ്ക്ക് അരമണിക്കൂർ പോലും വെയിലേറ്റു നിൽക്കാൻ പറ്റുന്നില്ല എന്നതൊരു സത്യമാണ്.
നേപ്പിയർ മ്യൂസിയം
ഞങ്ങളെ കാത്ത് സുഗീഷ് അവിടേക്ക് എത്തിയിരുന്നു. പിന്നീടുള്ള യാത്ര സുഗീഷിന്റെ കീഴിലായിരുന്നു. ആത്മികയുടെ ജന്മദിനത്തിനായി ചിൽഡ്രൻസ് പാർക്കിലേക്ക് പോകാമെന്നു കരുതിയിരുന്നു. മൃഗശാലയ്ക്കു സമീപമാണ് നേപ്പിയർ മ്യൂസിയവും ചിൽഡ്രൻസ് പാർക്കുമൊക്കെയുള്ളത്. 1855 ഇൽ സ്ഥാപിക്കപ്പെട്ട മ്യൂസിയമാണു നേപ്പിയർ മ്യൂസിയം. 1872 വരെ മദ്രാസ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ മാറ്റപ്പെട്ട സ്ഥാപനമാണിത്. 1880 ഇൽ ആണിതിന്റെ പണി പൂർത്തീകരിച്ചത്. രാജാ രവിവർമ്മയുടെയും, നിക്കോളാസ് റോറിച്ചിന്റേയും മറ്റും ചിത്രശേഖരമുള്ളൊരു സ്ഥലമാണിത്. നേരെ മുമ്പിലാണ് ചിൽഡ്രൻസ് പാർക്ക്. ആമി അവിടെ നിന്നും കിട്ടിയൊരു ഫ്രണ്ടിനോടൊന്നിച്ച് കളിച്ചുല്ലസിച്ചു.
ത്രിഡി ദിനോസർ ഷോ
സമീപത്തുള്ള ത്രിഡി ദിനോസർ ഷോയിൽ നിന്നും ഞങ്ങളൊക്കെ ചേർന്ന് ചെറു സിനിമകൂടി കണ്ടു. ആമിയുടെ ത്രീഡി കാഴ്ചകൾ രണ്ടാമത്തേതാണെങ്കിലും അവൾ അറിഞ്ഞാസ്വദിച്ചതും ത്രീഡിലോകത്തിൽ ലയിച്ചു ചേർന്നതും ഈ ഷോയിൽ ആയിരുന്നു. കണ്ണിനുനേരെ ദിനോസർ പക്ഷികൾ പറന്നു വന്നപ്പോൾ പരിഭ്രമം പിടിച്ചവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു. സിനിമാകാഴ്ചകൾ പറ്റിച്ചതാണെന്നു മനസ്സിലായപ്പോൾ നിർത്താതെ അബദ്ധത്തെ ഓർത്തു ചിരിച്ചു.
കേക്ക് മുറിക്കൽ, മടക്കം
അജയന്റെ വിട്ടിലേക്കെത്തി ഒരു കേക്ക് മുറിച്ചു. കേക്കു മുറിക്കുക എന്നതായിരുന്നു ആത്മികയുടെ ജന്മദിനാഘോഷം; എന്നുമെന്നപോലെ തന്നെ ഇതും ലഘുവായി നടന്നു. അജയനും സുഗീഷും അഖിലും സംവിധായകനായ കെ. ആർ. മനോജും അമ്മയും മഞ്ജുവും ഞാനുമടങ്ങുന്ന ചെറു നിരയിൽ,അല്പമാത്രമെങ്കിലും ആത്മിക ആ കേക്കുമുറിക്കൽ ആസ്വദിച്ചിരിക്കണം. എങ്കിലും എനിക്കേറെ അത്ഭുതം തോന്നിയത് അവളുടെ പൂവാർ ബോട്ടുയാത്ര തന്നെയായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് മടങ്ങി. 16 ആം തീയ്യതി രാവിലെ 8 മണിയോടെ സിൽക്ക്‌ബോർഡിൽ ഇറങ്ങിയെങ്കിലും ആത്മികയെ സ്കൂളിലേക്ക് വിട്ടിരുന്നില്ല. ഞങ്ങൾ ഓഫീസിലേക്കും ആത്മിക മിന്നമ്മയുടെ അടുത്തേക്കും പോവുകയായിരുന്നു അന്ന്. തിരുവനന്തപുരം യാത്രാവിശേഷങ്ങൾ ഇങ്ങനെ ചുരുങ്ങുന്നു. യാത്രവിശേഷങ്ങളിൽ പറഞ്ഞ കാര്യങ്ങളൊക്കെയും മേലെ കാണുന്ന വീഡിയോയിൽ കാണാവുന്നതുമാണ്.
ആത്മികയ്ക്ക് ഇന്ന് നാലുവയസ്സു തികയുന്നു. ആത്മികയുടെ പ്രായത്തിലുള്ള നിരവധി കുഞ്ഞുങ്ങളെ അറിയാം. അവരുടെ വേദനകളെ സന്തോഷങ്ങളെ കരച്ചിൽ, ചിരികൾ, വർത്തമാനങ്ങൾ ഒക്കെയും ആത്മികയിലൂടെ കാണുമ്പോൾ ഒരു രസമുണ്ട്. കഴിഞ്ഞ പ്രവശ്യം നഴ്സറി അടച്ച സമയത്ത് ആത്മിക നിന്നത് നാട്ടിൽ ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും കൂടെയായിരുന്നു. കഥ കേട്ടുറങ്ങുന്ന ശീലം അന്നവൾക്ക് അവിടെ വെച്ച് ഹൃദ്യമായി തോന്നിയിരിക്കണം, ദിവസേന വിവിധങ്ങളായ കഥകൾ കണ്ടെത്തി, അതു പറഞ്ഞ് ആത്മികയെ ഉറക്കാനുള്ള കഷ്ടപ്പാട് ഇപ്പോൾ എനിക്കാണ് എന്നതിൽ ഒരു സുഖമുണ്ട്. കുഞ്ഞുങ്ങളെ പറ്റിയുള്ള വിവിധ കാര്യങ്ങൾ, പലസ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവ പങ്കുവെയ്ക്കാം. ആത്മികയിലൂടെ ഞാൻ പരീക്ഷിച്ചറിഞ്ഞവ മാത്രമാണ് പങ്കുവെയ്ക്കുന്നത് എന്നതുമാത്രമാണ് ആധികാരികത.
കുട്ടിയുടെ രണ്ടു വയസ്സു മുതല്‍ 11 വയസു വരെയുള്ള കാലം ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടമാണ്. പിതാക്കളായ നമ്മൾ ഈ സമയത്ത് കുട്ടിയുടെ പഠനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണു മാനസികമായ വളര്‍ച്ചയും. കുഞ്ഞു മനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ടങ്ങളും അവയുടെ പ്രത്യേകതകളും അച്ഛനമ്മമാര്‍ മനസിലാക്കിയിരിക്കണം.
രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്ന ത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. രണ്ടു മുതല്‍ ഏഴു വരെയുള്ള കുഞ്ഞിന്റെ പ്രായത്തെ മനോവ്യാപാര പൂര്‍വഘട്ടം (പ്രീ ഓപ്പറേഷണല്‍ പീരീഡ്) എന്നും ഏഴു മുതല്‍ 11 വരെയുള്ള പ്രായത്തെ മനോവ്യാപാര രൂപാത്മകഘട്ടം (കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ പീരീഡ്) എന്നും പറയുന്നത്. രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്നത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ നഴ്സറി തലത്തില്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുകയാണു മാതാപിതാ ക്കള്‍ ചെയ്യേണ്ടത്. അതിനു പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഒന്ന്: വായിക്കാനും പഠിക്കാനും മാനസികമായി തയാറാകുന്നതിനുള്ള പരിശീലനം കുട്ടിക്കു കിട്ടണം.
രണ്ട്: അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാന്‍ സഹായിക്കുന്ന പരിശീലനം നല്‍കണം. പലതരം കളികള്‍, കളറിങ്, കൂട്ടുകൂടല്‍, പങ്കുവയ്ക്കല്‍ ഇവയെല്ലാം കുട്ടി ചെയ്യട്ടെ.
കഥകളിലൂടെ പഠിക്കാം
കുഞ്ഞുമനസ്സിനു വേണ്ടുന്ന കഥകൾ ഉണ്ടാക്കാൻ അധിക പണിയൊന്നുമില്ല. ദിവസേന നമുക്കിടയിൽ സംഭിവിക്കുന്ന കാര്യങ്ങളെ കഥകളാക്കിയാൽ മതി. ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്നത് കാണുക.
നമ്മൾ അരക്കിലോമീറ്റർ അപ്പുറമുള്ള കടയിൽ പോകുന്നു, സാധനങ്ങൾ വാങ്ങിക്കുന്നു, തിരിച്ചു വരുന്നു, വരുന്ന വഴിക്ക് നമുക്കു നേരെ ഒരു സൈക്കിൾ വരുന്നു, നമ്മൾ മാറി നിൽക്കുന്നു. സൈക്കിളുകാരൻ വഴിസൈഡിൽ മറിഞ്ഞു വീഴുന്നു. അവനെ എണീപ്പിച്ച് നമ്മൾ വീട്ടിലേക്ക് വന്ന് സാധങ്ങൾ ഒക്കെയും വീട്ടുകാരിയെ ഏൽപ്പിക്കുന്നു. ഇത്രേം മതി ഒറിജിനൽ കഥ.
ഈ സംഭവത്തിന്റെ കഥാരൂപം നോക്കാം
കഥ കുഞ്ഞുങ്ങളോടാവുമ്പോൾ ഇത് അവർക്ക് കേൾക്കാൻ ഇഷ്ടമുള്ള രീതിയിൽ മാറ്റി പറയണം എന്നുണ്ട്. ആത്മികയോട് ഇതേ കഥ എങ്ങനെയാണു ഞാൻ പറഞ്ഞത് എന്നു കാണാം:
ഒരു വനം, നിറയെ മരങ്ങളുണ്ട്, ചെമ്പരത്തി, താമര, റോസ, പനിനീര് തുടങ്ങിയ നിരവധി പൂക്കളുണ്ട്, കുരങ്ങ്, മാൻ, പുൽച്ചാടി, മുയൽ, പൂച്ചകൾ, തുടങ്ങിയ ജീവികളുണ്ട്, അവിടെ മരങ്ങൾക്കിടയിലായി ഒരു ചെറിയ വീടുണ്ട്. ആ വീട്ടിലെ ഒരു ആൺ കുരങ്ങും പെൺ കുറങ്ങും അവരുടെ കുഞ്ഞും മാത്രമാണു താമസം. അടുത്തുള്ള പുഴവക്കിൽ പോയി കിഴങ്ങുകൾ പറിച്ചുകൊണ്ടുവന്നാണവർ ഭക്ഷണം കഴിക്കുക. ആൺ കുരങ്ങ് പോയി പറിച്ചു കൊണ്ടുവരും, പെൺ കുരങ്ങ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടത്തും, അതിനായി കുഞ്ഞിക്കുരങ്ങും സഹായിക്കും. ഒരിക്കൽ ആൺ കുരങ്ങ് കിഴങ്ങ് പറിക്കാൻ പോയി വരുമ്പോൾ, ഒരു പൂച്ച തന്റെ വാലു വേരിൽ കുടുങ്ങി കഷ്ടപ്പെടുന്നതു കണ്ടു. കുരങ്ങച്ചൻ ഉടനേ പൂച്ചയെ രക്ഷപ്പെടുത്തി, വാൽ തടവി സുഖപ്പെടുത്തി, വയറു നിറയെ കിഴങ്ങു കൊടുത്തു. പൂച്ച നന്ദി പറഞ്ഞ് തിരിച്ചു പോകും വരെ കുരങ്ങച്ചൻ നോക്കി നിന്നു. വീട്ടിൽ എത്തിയ കുരങ്ങച്ചൻ കിഴങ്ങുകൾ വീട്ടമ്മയ്ക്ക് കൊടുത്ത് കുഞ്ഞിക്കുരങ്ങിനെ എടുത്ത് മടിയിലിരുത്തി പാട്ടു പാടാൻ തുടങ്ങി. ഇത്, ചുരുക്കി പറഞ്ഞതാണ് കുഞ്ഞിനിഷ്ടപ്പെട്ട ഭാഷയിൽ ഇതിലും ഹൃദ്യമായിട്ടാണു പറഞ്ഞതും, അതുകൊണ്ട് ഇന്നും ഇതേ കഥ പറയാൻ അവൾ ആവശ്യപ്പെടാറുണ്ട്.
ഇതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളേയും കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഹൃദ്യമായ കഥകളാക്കി മാറ്റാം. ഏതു കുട്ടിക്കും കഥ കേള്‍ക്കാനിഷ്ടമാണ്. നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിൽ ഉറക്കെ കഥ വായിച്ചു കേള്‍പ്പിക്കുകയുമാവാം. ഒപ്പം ചിത്രങ്ങളും കാണിക്കണം. പുസ്തകത്തോടു കുട്ടിക്കു താല്‍പര്യം സ്വാഭാവികമായി ഉണ്ടാവുകയില്ല. കഥ പറയുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്നു കുട്ടിയെക്കൊണ്ടു പറയിക്കുന്നതു കുഞ്ഞിന്റെ ഭാവന വളര്‍ത്താന്‍ സഹായിക്കും. സൗമ്യമായ ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കണം. ശ്രദ്ധയും വിശകലനവും പോഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ശബ്ദം ഉപയോഗിച്ചുള്ള കളികളാണ്. ആദ്യം കുട്ടികളെ പലതരം ശബ്ദങ്ങള്‍ പരിചയപ്പെടുത്താം. സ്പൂണും ഗാസും മെല്ലെ കൂട്ടിമുട്ടിക്കുക. ഒരു ഗാസില്‍ നിന്നു മറ്റൊന്നിലേക്കു വെള്ളമൊഴിക്കുക തുടങ്ങിയവ.കുട്ടി പറയുന്ന വാക്കുകള്‍ മാതാപിതാക്കള്‍ വലിയ വലിപ്പത്തില്‍ എഴുതുക. എന്നിട്ടത് ഉറക്കെ വായിക്കുക. കുട്ടികള്‍ക്കറിയാവുന്ന സാധാരണ വസ്തുക്കള്‍ കാണിച്ചു പേരു പറയിക്കുക. ചോദ്യം കുട്ടിക്കു മനസിലാകുന്നില്ലെങ്കില്‍ വിശദീകരണം നല്‍കണം. കുഞ്ഞു വലുതാവുമ്പോൾ വേണ്ടുന്ന മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഭാഷയോടു കുട്ടിക്കു താല്‍പര്യം തോന്നുമ്പോള്‍ സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ ജീവിതം, കൃതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി ലൈബ്രറിയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കട്ടെ.കുട്ടി ശേഖരിച്ച വിവരങ്ങള്‍ പാട്ടായി, കഥാപ്രസംഗമായി ആഴ്ചയിലൊരിക്കല്‍ അച്ഛനമ്മയ്ക്കു മുന്നിൽ അവതരിപ്പിക്കട്ടെ.
ചെറിയ പ്രായത്തില്‍ കുട്ടിക്കു സ്വന്തം കൈ നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ ഉണ്ടാകു. പെന്‍സില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവില്ല. അവർ ചിത്രം വരച്ചും കളറുകൾ കൊടുത്തും വളരണം. മൂന്നുവയസ്സുമുതലേ തുടങ്ങാവുന്ന കാര്യമാണത്. ആത്മിക, രണ്ടുവയസ്സു കഴിഞ്ഞപ്പോൾ തന്നെ കളറുകൾ കൊടുത്തു തുടങ്ങിയിരുന്നു. ഇപ്പോൾ ഏത് ചിത്രങ്ങളായാലും കൃത്യമായി കളറുകൾ കൊടുക്കാൻ അവൾക്കാവുന്നുണ്ട്. കുട്ടിയുടെ വിരല്‍ എളുപ്പം ചലിപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ആദ്യം വളഞ്ഞ വരവരച്ചു കൊടുക്കുക. അവയിലൂടെ പെന്‍സിലോടിക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. പിന്നീട് അല്‍പം ബുദ്ധിമുട്ടുള്ള വരകളിലൂടെ പെന്‍സിലോടിപ്പിക്കുക. പെന്‍സിലോടിക്കുന്ന തു ഇടത്തു നിന്നു വലത്തേയ്ക്കാണെന്ന് ഉറപ്പാക്കണം.വരകളിലൂടെ വരയ്ക്കുന്നത് എഴുതുന്ന കഴിവിനെ സഹായിക്കും. ഇതിനൊക്കെയുള്ള പുസ്തകങ്ങൾ പത്തോ ഇരുപതോ രൂപകൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്നതാണ്. നമ്മളെ സമ്പന്ധിച്ചിടത്തോളം ഇതൊന്നും വലിയ ആനക്കാര്യമല്ല, പക്ഷേ കുഞ്ഞുങ്ങൾക്കിതൊക്കെ സ്വർഗതുല്യം തന്നെയാണ്.
നാലു വയസായ കുട്ടിയോട് ഒരു വാചകത്തിലോ രണ്ടു വാചകത്തിലോ കത്തെഴുതാന്‍ പ്രോത്സാഹിപ്പിക്കാം. വിഷയം കേക്ക് ഉണ്ടാക്കിയ കാര്യമോ, വീട്ടിലെ പട്ടിക്കുട്ടിയെക്കുറിച്ചോ എന്തുമാകട്ടെ. പ്രായമേറുന്തോറും വാചക ഘടന, വ്യാകരണം എന്നിവയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.കണക്ക് വെറും എണ്ണം പഠിക്കലും കൂട്ടലും കുറയ്ക്കലും മാത്രമാകരുത്. നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ കുട്ടിയെ മനസിലാക്കി കൊടുക്കുക. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഒന്നു മുതല്‍ 50 വരെ എണ്ണാന്‍ ചിലപ്പോള്‍ കുട്ടിക്കു കഴിഞ്ഞേക്കും. പക്ഷേ, കുട്ടിക്കു സംഖ്യാവബോധം ചിലപ്പോള്‍ പത്തുവരെ മാത്രമായിരിക്കും. എട്ടു, പത്തിനേക്കാള്‍ കുറവാണെന്നോ 12,10 നേക്കാള്‍ കൂടുതലാണെന്നോ ഉള്ള അറിവ് നേടാന്‍ കുട്ടിയെ സഹായിക്കണം. ചുറ്റുപാടുകളില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കണക്കിന്റെ പട്ടിക, വ്യത്യസ്തമായ ആകൃതികള്‍ എന്നിവയെക്കുറിച്ചു പഠിപ്പിക്കാം.1+2=3 എന്ന പട്ടിക ഇലകള്‍ പോലെ പ്രകൃതിയില്‍ സുലഭമായുള്ളവ ഉപയോഗിച്ചു പഠിപ്പിക്കാം.
മൂന്നു വിധത്തില്‍ പഠിക്കുന്നവരുണ്ട്
1. ചിലര്‍ കണ്ടു പഠിക്കും (വിഷ്വൽ ലേണേഴ്സ്)
2. ചിലര്‍ കേട്ടു പഠിക്കും (ഓഡിറ്ററി ലേണേഴ്സ്)
3. ചിലര്‍ നടന്നു വായിച്ചും തൊട്ടറിഞ്ഞും പഠിക്കും (കെനിസ്തറ്റിക് ലേണേഴ്സ്).
അതിനാല്‍ എന്റെ കുട്ടി ഒന്നും വായിച്ചു പഠിക്കില്ല എന്നു പരാതി പറയുന്നതു പൂര്‍ണമായും ശരിയല്ല. ആത്മിക കേട്ടുപഠിക്കുന്നതിലാണു മിടുക്കി… ദിവസവും പഠിക്കാന്‍ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കുക. പരമാവധി 45 മിനിറ്റില്‍ കൂടുതല്‍ കുട്ടിക്കു ശ്രദ്ധ പിടിച്ചു നിറുത്താന്‍ പറ്റില്ല. ഓരോ 45 മിനിറ്റിലും ഇടവേള അനുവദിക്കണം. കുട്ടിക്കു പഠനവൈകല്യങ്ങള്‍ ഉണ്ടോയെന്നു മാതാപിതാക്കള്‍ നിരീക്ഷിക്കുകയും വേണം.
ഭക്ഷണം
കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാൻ പാടില്ല എന്നുണ്ട്. വല്ലപ്പോഴും ഒരു കൗതുകത്തിനു കൊടുക്കുന്നതിൽ തെറ്റില്ല. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം, വെജിറ്റബിള്‍ ഉപ്പുമാവ്, തുടങ്ങി രാവിലെ ഇതുപോലെയാവണം കുഞ്ഞിന്റെ ഫുഡിങ്. പച്ചക്കറികളും ഗോതമ്പു പൊടിയുടെ പലഹാരങ്ങളും, പാലും ഒക്കെ കൊടുത്താൽ മതി. പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ എന്നുണ്ട്. ബാംഗ്ലൂർ പോലുട്ടെ വ്യവസായശാലകളിൽ കുഞ്ഞിന് ഒരു ഗ്ലാസ് പാൽ കൊടുത്ത് സ്കൂളിൽ വിടുന്ന മാതാപിതാക്കൾ പെരുകിവരുന്നതായി കാണുന്നു. പണ്ടേ ഇങ്ങനെയൊക്കെയായിരിക്കും, അനുഭവം കൊണ്ട് ഇപ്പോൾ ശ്രദ്ധയിൽ പെട്ടു എന്നേ ഉള്ളൂ. ഒരു പത്തുമണിയോടെ ഒരു പിടി കശുവണ്ടി, ഈന്തപ്പഴം, കാരറ്റ്, വെള്ളരിക്ക എന്നിവ വിരലിന്റെ വലിപ്പത്തില്‍ അരിഞ്ഞത്, കപ്പലണ്ടി മിഠായി, എള്ളുണ്ട, കാരറ്റ് ഹല്‍വ, ചീസ് സാന്‍ഡ്വിച്ച്, പഴങ്ങള്‍, അവല്‍ വിളയിച്ചത്, ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കാം.
ഉച്ചയൂണു ശ്രദ്ധയോടെ നൽകേണ്ടതാണ്. ആത്മികയ്ക്ക് അവളുടെ മിന്നമ്മയെ (വിജയ എന്നാണു പേര്) കിട്ടിയത് ഒരു ഭാഗ്യമെന്നു കരുതുന്നു, മഞ്ജുവിനെക്കാൾ നന്നായിട്ട് ഭക്ഷണം കൊടുക്കാൻ അറിയുന്ന പാലക്കാടുകാരിയാണു മിന്നമ്മ. ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം എന്നൊക്കെയാണാഗ്രഹം എങ്കിലും അതു പറയാൻ പറ്റാറില്ല. പരിപ്പോ പയറോ ചേര്‍ന്ന ഒരു കറിയൊക്കെ മിന്നമ്മ ശ്രദ്ധയോടെ കൊടുക്കാറുണ്ട്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നിറഞ്ഞതാണു പയര്‍ പരിപ്പു വര്‍ഗങ്ങള്‍.
ഒരു ദിവസം ആവശ്യമായ ഭക്ഷണം
. അരി, ഗോതമ്പ്, ചോളം, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ (ഊര്‍ജം പകരുന്നു)… 270 ഗ്രാം
. പയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ (വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു)… 60 ഗ്രാം
. പാലും മോര്, തൈര്, പനീര്‍ തുടങ്ങിയ പാലുല്പന്നങ്ങളും (പ്രോട്ടീന്‍, കാല്‍സ്യം, ബി വൈറ്റമിന്‍ എന്നിവ നല്‍കുന്നു.)… 500 മില്ലി
. കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ, ചേന, സവാള തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ (അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍ എ. കാല്‍സ്യം)… 100 ഗ്രാം
. ചീര, മുരിങ്ങയില, ലെറ്റൂസ് തുടങ്ങിയ ഇലക്കറികള്‍ (കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, ബി, സി, ഫോളിക് ആസിഡ് എന്നിവ നിറഞ്ഞത്)… 100 ഗ്രാം
. ബീന്‍സ്, കായ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ (വൈറ്റമിന്‍ സി, മറ്റു ധാതുക്കള്‍, നാര്)… 100 ഗ്രാം
. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം പോലുള്ള പഴങ്ങള്‍ (പ്രധാനമായും വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, നാര് എന്നിവ അടങ്ങിയിട്ടുണ്ട്)… 100 ഗ്രാം
. പഞ്ചസാര, തേന്‍, ശര്‍ക്കര തുടങ്ങിയ മധുരങ്ങള്‍ (രുചി കൂട്ടുന്നതിനൊപ്പം ഊര്‍ജം നല്‍കുന്നു. ശര്‍ക്കരയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്)… ആറു ചെറിയ സ്പൂണ്‍
. നെയ്യ്, എണ്ണ, വെണ്ണ തുടങ്ങിയ കൊഴുപ്പ് (വളരെയധികം ഊര്‍ജം പ്രദാനം ചെയ്യുന്നു)… അഞ്ചു ചെറിയ സ്പൂണ്‍
മാംസാഹാരം കഴിക്കുന്നവര്‍ പയര്‍ വര്‍ഗങ്ങളുടെ അളവു പകുതിയാക്കി, അതിനു പകരം ഇറച്ചിയോ മീനോ കഴിക്കാം. അതായത് 30 ഗ്രാം പയര്‍ വര്‍ഗം മാറ്റി അതിനു പകരം 30 ഗ്രാം മാംസാഹാരം ഉള്‍പ്പെടുത്തണം.
സ്കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.
വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യമാണ് ഏറ്റവും എളുപ്പം ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം എന്നുമുണ്ട്. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.
എട്ടു മുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.
ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.
എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.
ഇതുവേണ്ട
1. കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2. ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3. പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4. ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5. പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)
കുട്ടികളോടു സംസാരിക്കുമ്പോള്‍ മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്കണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.
ചോദ്യം ചെയ്യല്‍ വേണ്ട
കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല. സ്നേഹപൂർവ്വമുള്ള നിങ്ങളുടെ പെരുമാറ്റം അവർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. കടുപ്പിച്ചുള്ള നിങ്ങളുടെ ഒരു നോട്ടം മതി അവരെ സങ്കടപ്പെടുത്തുവാൻ. അതേ സമയം കുഞ്ഞിനെ ഒരു കുറ്റവാളിയെപോലെ കണ്ട് എന്നും തല്ലുകയും പേടിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ നോട്ടവും തല്ലും ഒക്കെ ഒരു സ്വൈര്യംകെടുത്തലായി അവർക്ക് തോന്നുമെന്നേ ഉള്ളൂ.
കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്
കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം. സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്.
കളിയില്‍ അല്‍പം കാര്യം
കളിക്കാന്‍ മാത്രമുള്ളതല്ല കളിപ്പാട്ടം. കുട്ടിയുടെ ബഹുമുഖ വളര്‍ച്ചയ്ക്ക് കളിപ്പാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാട്ടം നല്‍കുമ്പോള്‍ ഓര്‍ക്കുക, പുസ്തകങ്ങള്‍ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന് എന്നതാണു സത്യം. കളിപ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശു മനോരോഗ വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നോര്‍ക്കുക.
പ്രായത്തിന് അനുസരിച്ച് വേണം കളിപ്പാട്ടങ്ങളുടെ സ്വഭാവം. വിലയല്ല, ഈ കളിപ്പാട്ടം കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കണം. കുരുന്നുപ്രായത്തില്‍ കിലുക്കാംപെട്ടിയാണ് നല്ലത്. ശബ്ദവും നിറവും ചലനത്തെ സഹായിക്കുന്നു. ശബ്ദവും ശാരീരിക ചലനവുമായി നേരിട്ട് ബന്ധമുണ്ട്.
ഒരു വയസു മുതല്‍ രണ്ടു വയസു വരെ ഉന്തു വണ്ടികളാണ് നല്ലത്. ശബ്ദം കേള്‍ക്കാന്‍ വേണ്ടി തള്ളാനും അതുവഴി നടക്കാനും ഇത് പ്രേരണ നല്‍കും. രണ്ടിനും മൂന്നിനും വയസിനിടയില്‍ നിറങ്ങള്‍ക്കാണ് പ്രധാനം. പല നിറത്തിലുള്ള പന്തുകള്‍, പാവകള്‍ ഇക്കാലത്ത് നല്‍കണം. ശരീരത്തിന് മുറിവേല്‍ക്കാത്ത മൃദുവായ കളിക്കോപ്പുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
അഞ്ചു വയസു വരെ പാവകള്‍, കാറുകള്‍ പോലുള്ളവ കളിക്കാന്‍ ഉപയോഗിക്കാം. പിന്നീട് സൈക്കിളും വീടിനു പുറത്തെ കളികളും കുട്ടികളുടെ ലോകത്ത് എത്തുന്നു. ആടുന്ന മരക്കുതിര, ഊഞ്ഞാലുകള്‍ തുടങ്ങിയവ ഈ കാലയളില്‍ ആനന്ദം പകരും.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവ തോക്കു പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തോക്ക് നല്ലതാണ് രസകരമാണ്. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന ഗുണപാഠം ഇത്തരുണത്തില്‍ നല്‍കുക. തോക്കുപയോഗിച്ച് സമപ്രായക്കാരെയോ നമ്മളെ തന്നെയോ വെടിവെയ്ക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ കുഞ്ഞിനു നൽകാനേ പാടില്ല. ഇങ്ങനെ പറയാൻ ഏറെ കാര്യങ്ങൾ ഉണ്ട്. ഇന്നിത് ഇവിടെ നിർത്തുന്നു.
ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി!
വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്.
നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല.
ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു. പലപാടും തപ്പിയപ്പോൾ ചില കഥകളുടെ വാലറ്റം ശ്രദ്ധയിൽ പെട്ടു. അതൊക്കെ പറഞ്ഞുകൊടുക്കാനായി ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു. പണ്ട് ചെറുവത്തൂരു നിന്നും വല്യമ്മയും ഇളയമ്മമാരും പറഞ്ഞു തന്ന കഥകളൊക്കെ എവിടെയൊക്കെ വന്ന് എത്തിനോക്കി പോകുന്നതുപോലെ ഒരനുഭവം. എന്തായാലും ഇതൊക്കെ കേട്ട് സുന്ദരമയി ഉറങ്ങുവാൻ ആത്മികയ്ക്ക് പറ്റുന്നു എന്നത് ഏറെ ഹൃദ്യമാക്കിയ സന്ദർഭങ്ങളായിരുന്നു ഇവയൊക്കെ.
ഇന്നലെ സിംഹത്തിന്റെ കഥപറഞ്ഞു. കഥ പഴയതുതന്നെ. കാട്ടിലെ രാജാവായിരുന്നു സിംഹം! ഒരിക്കൽ സിംഹം കാട്ടിലൂടെ രാജകീയമായി നടക്കുമ്പോൾ ഒരു കിണർ കണ്ടു. ഇതെന്താ ഇത്രവലിയ കുഴിയെന്നു കരുതി കിണറിലേക്ക് എത്തിവലിഞ്ഞു നോക്കിയ സിംഹം ഞെട്ടിപ്പോയി!! അതാ മറ്റൊരു സിംഹം കിണറ്റിൽ നിന്നും ഈ രാജാവനെ നോക്കുന്നു!! സിംഹം പല്ലുകൾ പുറത്തു കാണിച്ച് അതിനെ ഒന്നു പേടിപ്പിക്കാൻ ശ്രമിച്ചു!! പക്ഷേ അതേ ഭാവം തന്നെ ആ കിണറ്റിലെ സിംഹവും കാണിക്കുന്നു!! അതിയായ കോപം പൂണ്ട കരയിലെ സിംഹം കണ്ണുരുട്ടി മീശ വിറപ്പിച്ച് വാലു ചുരുട്ടിശക്തി പ്രകടിപ്പിച്ചു! ഇതൊക്കെ അതേപടി കിണറ്റിനകത്തെ സിംഹവും കാണിക്കുന്നു… കരയിലെ സിംഹം ദേഷ്യം സഹിക്കാനാവാതെ അത്യുച്ചത്തിൽ അക്രോശിച്ചു.. കാടുമൊത്തം നടുങ്ങിവിറച്ചു! പക്ഷേ, അതേ ആക്രോശം തന്നെ കിണറ്റിലെ സിംഹവും പുറപ്പെടുവിപ്പിച്ചു… കിണറിന്റെ മൺഭിത്തിയിൽ തട്ടി ആ ആക്രോശം പ്രതിധ്വനിച്ചു… കരയിലെ സിംഹം വരെ ഒന്നു വിരണ്ടുപോയി! ഞാനിവിടെ രാജാവായി നിൽക്കുമ്പോൾ മറ്റൊരു സിംഹമോ ഇവിടെ! പാടില്ല… മനുഷ്യർക്കൊന്നും ചേരാത്തെ മൃഗീയ വാസനകൾ രാജാവിൽ കുമിഞ്ഞു കൂടി. രാജാവ് മനുഷ്യനായിരുന്നെങ്കിൽ മറ്റൊരു രാജാവിനെ കണ്ടാൽ സ്നേഹത്തോടെ വിളിച്ചിരുത്തി ഒരു പരിചാരകനെ പോലെ ശുശ്രൂഷിക്കുമായിരുന്നു. കോപം പൂണ്ട കരയിലെ സിംഹം കിണറ്റിലെ സിംഹത്തെ ആക്രമിക്കാനായി കിണറിലേക്ക് എടുത്തു ചാടി!! വെള്ളത്തിൽ വീണുകഴിഞ്ഞപ്പോൾ മറ്റേ സിംഹത്തെ കാണാനില്ല! കരയിൽ നിന്നും നോക്കിയപ്പോൾ കണ്ട പ്രതിബിംബം മാത്രമായിരുന്നു അത്. ആമീസ് മുഖം കഴികാൻ പോവുമ്പോൾ ബക്കറ്റിൽ നോക്കിയാൽ ഇതുപോലെ ആമീസിന്റെ മുഖം കാണില്ലേ. ആമീസ് കണ്ണാടിയിൽ നോക്കി ചിരിക്കുമ്പോൾ കണ്ണാടി ആമീസിനോട് ചിരിക്കാറില്ലേ അതു തന്നെ സംഗതി! കിണറ്റിൽ വീണ സിംഹം നീന്തി സൈഡിൽ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന് കരഞ്ഞോണ്ടിരുന്നു. ഒരു ആനക്കൂട്ടം അതുവഴി പോയപ്പോൾ ഈ കരച്ചിൽ കേൾക്കാനിടയായി. ആന സിംഹത്തേക്കാൾ വലുതല്ലേ, ആമീസിനെ പോലെ ശക്തിമാൻ!! വലിയൊരു മരം പിഴുതെടുത്ത് കിണറ്റിലേക്ക് വെച്ചു കൊടുത്തു. സിംഹം പതുക്കെ വീഴാതെ മരത്തിലൂടെ കരയ്ക്കണഞ്ഞു. ഇതായിരുന്നു ഒരു കഥ. ആത്മികയ്ക്ക് വേണ്ടി അല്പസ്വല്പമാറ്റങ്ങളൊക്കെ വരുത്തി എന്നതേ വ്യത്യാസം ഉള്ളൂ.
ആത്മിക എന്നിട്ടും ഉറങ്ങിയില്ല. ആനയുടെ പേരെന്താ അച്ഛാ? അവരൊക്കെ ഏത് സ്കൂളിലാ പഠിക്കുന്നേ എന്നൊക്കെയായിരുന്നു പിന്നീടുള്ള അവളുടെ ചോദ്യാവലികൾ.
ഞാൻ അത് തീർത്ത് രണ്ടാമത്തെ കഥയിലേക്ക് കടന്നു! ഇവിടെയായിരുന്നു ഞാൻ വലഞ്ഞു പോയത്. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമായിരുന്നു കഥാവിഷയം. വിശദീകരണമൊക്കെ അല്പം മുഴച്ചു നിന്നിരുന്നു. നല്ലൊരു ഗ്രൗണ്ട് വേണമല്ലോ ഇവർക്ക് ഓട്ടമത്സരം നടത്താൻ, കാണാൻ മൃഗങ്ങളും വേണം. എല്ലാവരേയും പരിചയപ്പെടുത്തി, നായകർ ഓട്ടം തുടങ്ങി. ആമ പതുക്കയേ ഓടൂ; മുയൽ വേഗത്തിൽ ഓടും എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക സമ്മതിക്കുന്നില്ല; അല്ലച്ഛ അങ്ങനെ അല്ല എന്നവൾ പറയുന്നു. പക്ഷേ, കഥ അങ്ങനെ മാറ്റാൻ പറ്റില്ല. ആമ ജയിക്കുന്നതല്ലേ അതിലെ കൗതുകം തന്നെ! ആത്മിക എന്റെ നെഞ്ചിൽ നിന്നും എണീറ്റ് കട്ടിലിനു താഴെ ഇറങ്ങി… റൂമിലൂടെ ഓട്ടമായി… എന്നിട്ട് പറഞ്ഞു അച്ഛാ എനിക്ക് ഇങ്ങനെ ഓടാനൊക്കെ പറ്റും എന്ന്!!
അന്നേരമാണു സംഗതി എനിക്ക് കത്തിയത്. ആമ വളരെ പതുക്കെ ഓടുന്നു, നടക്കുന്നതു പോലെ എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക കേട്ടത് ആമി പതുക്കെ ഓടുന്നു എന്നായിപ്പോയി. മത്സരം ആമീസും മുയലും തമ്മിലുള്ളതായി അവൾ കരുതി. അവൾ പതുക്കെ മാത്രമേ ഓടുന്നുള്ളൂ എന്നതിന്റെ സങ്കടമാണ് ഈ കണ്ടത്!!
ആമ എന്നത് അവൾക്ക് പഠിക്കാനൊക്കെ ഉണ്ടെങ്കിലും മലയാളവാക്കവൾ കേട്ടിട്ടില്ല. ആമ എന്താണെന്ന് വിശദീകരിക്കേണ്ടി വന്നു. അതിന്റെ ഇംഗ്ലീഷ് വാക്കാണെങ്കിൽ കിട്ടുന്നുമില്ല. ഞാനാകെ വലഞ്ഞു.. പിന്നെ പറഞ്ഞു മോളേ, പുറത്ത് തോടു പോലെ ഒരു സംഗതിയുള്ളതും കൈയ്യും കാലും തലയും മാത്രം പുറത്തു കാണുന്നതുമായ ഒരു ചെറിയ ജീവിയാണ് ആമ. എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛാ അത് tortoise അല്ലേ!! ഞാൻ വീണ്ടും പെട്ടു. tortoise ഉം ആമയും ഒന്നാണോ എന്നറിയാൻ എണിറ്റ് പോയി കമ്പ്യൂട്ടർ തുറന്ന് നെറ്റ് കണക്റ്റ് ചെയ്ത് ഗൂഗിൾ ചെയ്തു നോക്കണം! ഇനി tortoise തന്നെയായിരിക്കുമോ ഈ ആമ!! ഞാൻ പറഞ്ഞു ആമയ്ക്ക് ഒരു ഇംഗ്ലീഷ് പേരും ഉണ്ട് മോളേ, അച്ഛനത് നാളെ പറഞ്ഞുതരാം. മോളിപ്പം ആമ എന്ന് കേട്ടാൽ മതി.
ഈ അച്ഛന് ഒന്നു അറിയില്ല; അത് tortoise തന്നെയച്ഛാ എന്നായി അവൾ. തെറ്റാണെങ്കിൽ അത് ഞാനായിട്ട് ആമീസിന്റെ മനസ്സിൽ ഉറപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയാണെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അതുതന്നെ മോളേ എന്നു പറയേണ്ടതാണ്; ഞാനിപ്പോൾ ഇടയിലാണ്. ഇംഗ്ലീഷറീയാത്തതിൽ ഞാൻ ആമീസിനോടു സോറി പറഞ്ഞപ്പോൾ അവൾ തർക്കിക്കാതെ ആമ എന്നു തന്നെ സമ്മതിച്ചു തന്നു. ആമ പതുക്കെ നടന്നതും മുയൽ ഓടിപ്പോയി മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, ആമ അടുത്തെത്തിയത് അറിയുമ്പോൾ വീണ്ടും ഓടിപ്പോയി അടുത്ത മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, അവസാനം ആമ ശബ്ദമുണ്ടാക്കാതെ നടന്ന് മത്സരത്തിൽ ജയിക്കുന്നതും കഴിഞ്ഞ പ്രാവശ്യം ആമീസ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് കിട്ടിയപ്പോൾ നേടിയതുപോലെ ട്രോഫിയും സർട്ടിഫിക്കേറ്റും കാട്ടിലെ രാജാവ് ഒരു സിംഹം വന്നു കൊടുക്കുന്നതും ഒക്കെ പറഞ്ഞ് കഥ ഞാൻ അവസാനിപ്പിച്ചു. മെല്ലെ ആമീസ് എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയി…
രാവിലെ എണിറ്റപ്പോൾ ഞാനാദ്യം നോക്കിയത് tortoise എന്താണ് എന്നതായിരുന്നു! ആമ തന്നെ. ഒരു ജീവിയുടെ ഇംഗ്ലീഷ് പേരു ഞാനും കഥയിലൂടെ പഠിച്ചെടുത്തു എന്നു പറയാം. tortoise നെ മറക്കാനാവില്ല.
കഴിഞ്ഞ ഒരു വർഷം ആമീസ് പഠിച്ചത് ബൊമ്മനഹള്ളിയിൽ വിടിനടുത്തുള്ള പ്രസിഡൻസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. അവിടെ ഭുവലക്ഷ്മി എന്നൊരു നല്ല ടീച്ചറിനെ കിട്ടിയതു ആമീസിന്റെ ഭാഗ്യം തന്നെ. ഭുവലക്ഷ്മി ടീച്ചർക്ക് കുഞ്ഞുങ്ങളെ നോക്കാൻ; പഠിപ്പിക്കാനും നന്നായിട്ടറിയാവുന്നതാണ്. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് കൊടുക്കാനവർക്കറിയാം. പക്ഷേ, ജയപ്രദ ടീച്ചർ അടക്കമുള്ള മറ്റു പലരേയും നന്നായി പരിചയപ്പെട്ടപ്പോൾ അവിടെ തുടർന്ന് ആമീസിനെ പഠിപ്പിക്കേണ്ടെന്നു കരുതുകയായിരുന്നു. ഇവിടെ ബാംഗ്ലൂരിലിൽ ഉള്ള മിക്ക പ്രൈവറ്റ് സ്കൂളുകളുടേയും പരിതാപകഥകൾ ഏറെയാണ്. ജയപ്രദ ടീച്ചർക്കൊക്കെ പ്ലസ് 2 യോഗ്യതമാത്രമേ ഉള്ളൂ. ഇവിടെ ബാംഗ്ലൂരിൽ പഠിച്ചതാകയാൾ നല്ല ഭാഷാസ്വാധീനമൊക്കെയുണ്ട്. ഒരു നെയ്ത്ത്കടയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. സാലാറി അല്പം കൂട്ടി 10000 കിട്ടുമെന്നായപ്പോൾ ടീച്ചറായവരാണവർ. ആമീസിന്റെ പരീക്ഷാടൈം ടേബിൾ എഴുതിത്തന്നതിൽ പോലും തെറ്റുണ്ടായിരുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി. അവർ ഒരു ടീച്ചറായിരുന്നു. വയസ്സായി റിട്ടയർ ആയപ്പോൾ ഇങ്ങനെ വന്നു നിൽക്കുന്നു. ഇതുപോലുള്ള പലകാരണങ്ങൾ കൊണ്ടാണ് ആമീസിനെ അവിടെ പഠിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്.
പല രീതിയിൽ പല സ്കൂളുകളിൽ അന്വേഷിച്ചപ്പോൾ LKG ക്ലാസ്സിനു ഒരു ലക്ഷം മുതൽ എട്ടരലക്ഷം വരെ കൈക്കൂലി (ഡൊണേഷൻ) ചോദിക്കുന്ന സ്കൂളുകളെ ചുറ്റുവട്ടത്ത് കാണാൻ പറ്റി. ഡൊണേഷന് അവർ റെസിപ്റ്റ് ഒന്നും തരില്ല. നിർബന്ധമാണെങ്കിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ബില്ല് കിട്ടും. അല്ലാതെ കൊടുത്തതിനോ വാങ്ങിച്ചതിനോ തെളിവില്ല. ആമീസിനു പറ്റിയ സ്കൂളായി കണ്ടെത്തിയത് സദ്ഗുരു സായീനാഥ് ഇന്റെർനാഷണൽ സ്കൂളാണ് (Sadhguru Sainath International School, Campus 165). വീട്ടിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരമുണ്ടെങ്കിലും, അധികം ബഹളവും വാഹനശല്യവും ഒന്നുമില്ലാത്ത ഒരു ഗ്രാമ്യമായ പ്രദേശമാണിത്. നിശബ്ദമാണ് പ്രദേശം. പിന്നെ പലരോടും ചോദിച്ചപ്പോൾ കുട്ടികൾക്ക് പ്രോജക്റ്റ് വർക്കുപോലുള്ള കലാപരിപാടികൾ ഇവിടെ ഇല്ലാന്നറിഞ്ഞു, അധികമായ പാഠ്യക്രമങ്ങളും ഇല്ല.
കാശുവാങ്ങിക്കുന്നതിൽ മറ്റു സ്കൂളുകാരെ പോലെ തന്നെയാണിവരും. ഡൊണേഷൻ ഇനത്തിൽ പൈസയായിട്ടില്ല; കാർഡ് സൈപ്പ് ചെയ്യാം എന്നു പറഞ്ഞപ്പോൾ അവരുടെ മെഷ്യൻ വർക്ക് ചെയ്യുന്നില്ല എന്നായിരുന്നു പറഞ്ഞത്. എടിഎം-ൽ പോയി എടുത്തുവരാനൊക്കെ ഉപദേശിച്ചെങ്കിലും ഞാൻ നിന്നു കൊടുത്തില്ല. പൈസ തന്നാൽ ബില്ല് നാളെ തരാമെന്നായി അവർ. ഞാൻ ഒന്നിനും നിൽക്കാതെ, വേറെ സ്കൂൾ കിട്ടുമോന്ന് നോക്കിക്കോളാം എന്നുപറഞ്ഞ് മഞ്ജുവിനേയും കുഞ്ഞിനേയും വിളിച്ച് ഇറങ്ങാൻ നോക്കിയപ്പോൾ അവർ അയഞ്ഞു. അകൗണ്ട് ഡീറ്റൈൽസ് തന്നു. ഞാനതിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്തുകൊടുത്തു.
രണ്ടുമാസങ്ങൾക്ക് ശേഷം ഇന്നായിരുന്നു ആമീസിന്റെ സ്കൂളിലെ ആദ്യ ദിനം. കൂടെ ഞാനും പോയി. കുഞ്ഞുങ്ങൾക്കായിട്ട് നല്ലൊരു ടീച്ചർ തന്നെയാണിവിടേയും ഉള്ളതെന്ന് ചെറിയൊരു പരിചയപ്പെടലിൽ ഏകദേശം മനസ്സിലായി. ആമീസിനൊരു പരിഭവം മുഖത്തുണ്ടായിരുന്നു. ടീച്ചറുടെ കൈയും പിടിച്ച് നടന്നകലുമ്പോൾ തിരിഞ്ഞ് നോക്കിക്കൊണ്ടേ ഇരുന്നു. ആദ്യമായി കാണുന്ന ടീച്ചർ പുതിയ കൂട്ടുകാർ, പുതിയ സ്കൂൾ, അന്തരീക്ഷം,… ഒക്കെ കൂടിക്കലർന്നതാവണം പരിഭവത്തിനു കാരണം. രണ്ടുമണിക്കൂർ ഞാൻ പുറത്ത് കറങ്ങി നടന്ന് ചുറ്റുപാടുകൾ ഒക്കെ കണ്ടു, സമയമായപ്പോൾ ആമീസിനെ കൂട്ടാനായിട്ട് പോയി. ടീച്ചറുടെ കൈയും പിടിച്ച് സന്തോഷത്തോടെ തുള്ളിച്ചാടി വരികയായിരുന്നു അവൾ.
2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!
Dr. Swaroop Gopal, Senior Consultant – Neuro Surgery & Director – Neurosciences M.Ch (Neurosurgery) FASS (USA)
അടുത്തുതന്നെ കമ്പനിയും കമ്പനിയോട് ചേർന്ന് സക്ര വേൾഡ് ഹോസ്പിറ്റൽ ഉണ്ടായിരുന്നതും ഉപകാരപ്രദമായി. ചികിത്സിച്ചവരിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഡോ: സ്വരൂപ് ഗോപാൽ, ഡോ: സബീന റാവു, ഡോ: മനോഹർ എന്നിവരെയാണ്. ഡോക്ടർ സബീന റാവു വാട്സാപ്പിൽ വന്നു തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുരുന്നു, ഏറെ രസകരമായി തോന്നിയത് അവരോടും ഡോക്ടർ മനോഹറുമായുള്ള സംസാരമായിരുന്നു. സ്വരൂപ് ഗോപാലിനെ ഞാൻ കണ്ടതേ ഓർക്കുന്നില്ല.
കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.
2018 ഫെബ്രുവരി 6 ആം തീയ്യതി ഡോ: സ്വരൂപ് ഗോപാലിനെ വീണ്ടും കണ്ടു. ഡോ:സബീനാ റാവുവിന്റെ ആവശ്യപ്രകാരം കൊണ്ടുകൂടിയായിരുന്നു ഇതു നടന്നത്. ബോധമനസ്സോടെ ഞാനാദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുകയായിരുന്നു. ജപ്പനിലും മറ്റും യൂണിവേർസിറ്റികളിൽ ന്യൂറോളജിയെ പറ്റി ക്ലാസ്സെടുക്കാൻ പോകുന്ന വ്യക്തി കൂടിയാണു ഡോ: സ്വരൂപ് ഗോപാൽ. നന്നായി മലയാളം സംസാരിക്കാനറിയുന്ന വ്യക്തിയാണെന്നതായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്. കൃത്യമായ കാര്യങ്ങൾ അറിയാനായി EEG ടെസ്റ്റ് നടത്തുകയുണ്ടായി. അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം വിലയിരുത്താൻ ഇ.ഇ.ജി. ടെസ്റ്റിനാവുമെന്നും കൂടുതലറിയാൻ നല്ലതാണെന്നും പറഞ്ഞതിനാൽ ഇ.ഇ.ജി. ടെസ്റ്റ് നടത്തി. കുഴപ്പങ്ങൾ ഒന്നും തന്നെയില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.
ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്: 1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)
48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ 🙂
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.
2015 ഇൽ
Dr. Sabina Rao Consultant – Department of Psychiatry MBBS, MD in Psychiatry
മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്… ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു: അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും… പുതുവത്സരാശംസകൾ ഏവർക്കും!!!
2016 ഇൽ
Dr. S. Manohar Director – Internal Medicine M.B.B.S, MD
ആക്സിഡന്റ് നൽകിയ വിവിധ കലാപരിപാടികളുമായി 2016 തീർന്നുപോയി. എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ കണ്ടു അങ്ങനെയങ്ങനെ!! 2016 അവസാനമാസം ഡിസംബറോടുകൂടിയാണ് നോർമ്മലായി തീർന്നിട്ടുണ്ട് എന്നൊരു ബോധം എനിക്ക് വന്നതുതന്നെ! അതുവരെ കഴിവതും അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമിച്ചു… ഓ!! ഫെയ്സ്ബുക്ക് മറന്നു,, 2016 -ഇൽ അധികവും റിഷെയറിങായിരുന്നു കൂടെ കണ്ട പോസ്റ്റിങ്സിനൊക്കെ ലൈക്കും കൊടുത്തു. അങ്ങനെ മൊത്തം 173 പോസ്റ്റുകൾ ആ വർഷമുണ്ട്! സ്വന്തമായി ഒരക്ഷരം എഴുതാൻ പറ്റിയിയുന്നില്ല എന്നതാണു സത്യം. അവസാന മാസങ്ങളിൽ ഏകദേശം തിരിഞ്ഞുമറിഞ്ഞു ശരിയായി വന്നിരുന്നു. പ്രിയ സുഹൃത്തുക്കളും ഡോക്ടർ സബീന റാവുവും ഏറെ നിർബന്ധിച്ചോണ്ടിരുന്ന കാര്യവും ആയിരുന്നു ഇത്. വിക്കിപീഡിയയിലും ഫെയ്സ്ബുക്കിലും ഒക്കെ സജീവമാവാൻ ഡോകടർ സബീനാ റാവു എല്ലാ മാസവും നിർബന്ധിക്കുകായിരുന്നു. പുസ്തകങ്ങൾ വായിക്കാനും, ന്യൂസ് പേപ്പർ വായിച്ച് 5 ലൈനെങ്കിലും മഞ്ജുവിനോട് ദിവസവും വൈകുന്നേരം പറഞ്ഞുകൊടുക്കാനും ഒക്കെയായി ഡോക്ടർ ഉപാധികൾ നിരവധി വെച്ചിരിന്നു. മഹാകവി പിയുടെ നിത്യകന്യകയെ തേടി എന്ന പുസ്തകം ആ സമയത്ത് ഒരിക്കൽ കൂടി വായിച്ചു തീർക്കുകയുണ്ടായി.
2017 ഇൽ
മഞ്ജുഷ
ഇന്ന് മേയ് 3 ആം തീയ്യതി. ഇന്നേക്ക് ഈ വർഷം ഫെയ്സ്ബുക്കിൽ 207 പോസ്റ്റുകൾ ആയി. മാസങ്ങൾ ഇനിയും കിടപ്പുണ്ട്! ഇതിൽ റീഷെയറിങ് വളരെ കുറവുണ്ട്. 2016 പോലെ ഫെയ്സ്ബുക്കിനു മുമ്പിൽ ഇരിപ്പു കുറഞ്ഞു, പോസ്റ്റിങ് ഒക്കെ രാവിലെ മാത്രം ഒതുക്കി. അതുകൊണ്ടുതന്നെ റീഷെയറിങ് കണ്ടമാനം കുറഞ്ഞു. ഫ്രണ്ട്സ് ലിസ്റ്റ് 4999 ഇൽ നിർത്തി വെച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിൽ 1 വെച്ചിരിക്കുന്നത് ബോധപൂർവ്വമാ, റിക്വസ്റ്റ് അയക്കുന്നവർ അയക്കട്ടെ, അത്യാവശ്യമുള്ള ആളാണെങ്കിൽ ഒരാളെ കൊന്നുകളഞ്ഞ് ഇയാളെ സ്വീകരിക്കാമല്ലോ! 300 ഓളം ആൾക്കാർ അതുകൊണ്ടുതന്നെ റിക്വസ്റ്റു തന്നിട്ട് കാത്തിരിപ്പുണ്ട്. ഇടയ്ക്കൊക്കെ 100 ഓളം പേരെ കൊന്നുകളഞ്ഞ് (പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാത്തവരെയും, ഡ്യൂപ്ലിക്കേറ്റ് എന്നു തോന്നുന്നവരേയും മാത്രമേ ഒഴിവാക്കാറാള്ളൂ – അല്ലാതെ ജാതിയും മതവും രാഷ്ട്രീയവും വിഷയമാവാറില്ല) ഈ കാത്തിരിക്കുന്നവരിൽ നിന്നും പ്രൊഫൈലും പോസ്റ്റിങ്സും ഓടിച്ചു നോക്കി സ്വീകരിക്കും.
കലാപരിപാടികൾ
ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! 🙂 മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം… കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു.
ആത്മിക
നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.
ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.
രസകരമായൊരു സംഗതി നടക്കുകയുണ്ടായി. ആമീസിനുതു പരീക്ഷാക്കാലമാണ്. നഴ്സറിയിലെ നാലാമത് പരീക്ഷാറൗണ്ടാണിത്. ടൈം റ്റേബിളൊക്കെ ടീച്ചർ കൊടുത്തി വിട്ടിരുന്നു; വീട്ടിലിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളും. ഇന്നത്തെ പരീക്ഷ A മുതൽ Z വരെ എഴുതുക, പറയുക, പിന്നെ ഇടയിലെ ഒരക്ഷരം ടീച്ചർ പറഞ്ഞിട്ട് അതിനുശേഷമുള്ളത് ഏതാണെന്നു ചോദിക്കുക; കൃത്യമായി പറഞ്ഞാൽ ആ അക്ഷരവും എഴുതിക്കുക. ഇതേ സംഗതികൾ തന്നെ നമ്പറിന്റെ കാര്യത്തിലും ഒന്നു മുതൽ ഇരുപത്തഞ്ചുവരെ പറയുക, ഒന്നുമുതൽ പത്തുവരെ ഉള്ള നമ്പറുകളുടെ സ്ലെല്ലിങ് പറയുക, ഇരുപത്തിയഞ്ചുവരെ ഉള്ള നമ്പറുകളിൽ ഒരു നമ്പർ ടീച്ചർ പറഞ്ഞിട്ട് അതിനു ശേഷമോ മുമ്പോ ഉള്ള നമ്പർ ഏതാന്നു ചോദിക്കുക, കൃത്യമായി പറഞ്ഞാൽ എഴുതിക്കുക…
ഇതൊക്കെ ആമീസിനെ പഠിപ്പിക്കാൻ യൂടൂബിൽ നിന്നും കിട്ടുന്ന വിവിധ കാർട്ടൂൺ കോമഡി വീഡിയോസ് ഞാൻ ഡൗൺലോഡ് ചെയ്തുവെച്ചിരുന്നു. ലാപ്പിൽ ഇടയ്ക്കൊക്കെ അവളുടെ ആവശ്യപ്രകാരം അതു വെച്ചുകൊടുക്കുന്നതിനാൽ തന്നെ അവളറിയാതെ തന്നെ ഒക്കെ പഠിച്ചിരുന്നു… കാക്കയും കരടിയും മാനും തത്തമ്മയും മറ്റും വന്ന് അക്ഷരങ്ങളും നമ്പറുകളും വിവിധ കളറുകളും കാണിച്ച് എഴുതാനുള്ള വഴിയൊക്കെ രസകരമായി കാണിച്ചുകൊടുക്കുമ്പോൾ അവൾക്കതൊക്കെ ഹൃദ്യമാവാറുണ്ട്. അവളും ഒക്കെ ഓർത്തെടുത്ത് പറഞ്ഞ്, വീഡിയോയുടെ അവസാനം, രണ്ടു കയ്യിലേയും മസ്സിൽസ് കാണിച്ച് ഞാൻ ശക്തിമാനാ എന്ന് പറയുകയും ചെയ്യും. തെറ്റാതെ കാര്യങ്ങൾ പറയുക കാക്കയേയും പൂച്ചയേയും പോലെ പറയുക എന്നത് അവരെ പോലെ ശക്തിയുള്ളതിനാലാണെന്ന് പാവം വിശ്വസ്സിക്കുന്നുണ്ടാവണം!! അതുപോലെ തന്നെ, അവൾ ക്ലാസ്സിൽ നിന്നും പഠിച്ചെടുത്തവ കൃത്യമായി എഴുതിയും പറഞ്ഞുതന്നും എന്നെ പഠിപ്പിക്കാനും ശ്രമിക്കും. ഏതെങ്കിലും സാധനം അവൾ മറന്നുപോയിട്ടുണ്ടെങ്കിൽ സോറിയൊക്കെ ചോദിച്ച് മറന്നു പോയല്ലോ അച്ഛാ എന്നും പറയും. അതൊക്കെ എന്റെ ഓർമ്മയിൽ ഉണ്ട് മോളേ എന്നും പറഞ്ഞ് ഞാനപ്പോൾ വായിച്ച് കൊടുത്താൽ അവൾ, അതുതന്നെയച്ഛാ എന്നും പറഞ്ഞ് ഒരുമ്മയും തരും. എങ്കിലും പിന്നീട് ഞാനത് മറന്നുപോകേണ്ടാ എന്നു കരുതി അവൾ ഓർത്തുവെച്ചോളും – കാരണം എന്നെ കൃത്യമായി പഠിപ്പിക്കുക എന്നതാണവളുടെ ലക്ഷ്യം. അവൾ മെല്ലെ പഠിക്കുന്നത് ഇപ്രകാരം അവൾ പോലും അറിയാറില്ല. 76 കുട്ടികളിൽ ഒന്നാം റാങ്കുകാരിയായി ആമീസ് തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ഇത്രമാത്രം രസകരമായി ഒക്കെ പഠിച്ചെടുത്തുകൊണ്ടാവണം.
ഇന്നത്തെ പരീക്ഷയ്ക്ക് മറ്റൊരു കാഠിന്യമുള്ളത് ഒരു വലിയ ചിത്രശേഖരം മനഃപാഠമാക്കലാണ്. ഒരു പേജിൽ 30 ചിത്രങ്ങൾ വെച്ച് A മുതൽ Z വരെ ഉള്ള അക്ഷരങ്ങൾക്ക് അനിയോജ്യമായ ചിത്രങ്ങളും പേരുകളും ആണു പഠിക്കേണ്ടത്. ഏകദേശം 800 ഓളം ചിത്രങ്ങൾ… A യുടെ പേജിൽ Aple, Axe, Airplane എന്നിങ്ങനെ A യിൽ തുടങ്ങുന്ന പേരുകൾ മാത്രമാവും… അങ്ങനെ ഓരോ അക്ഷരത്തിനും. ടീച്ചർക്ക് ഇഷ്ടമുള്ള പേജിൽ നിന്ന് ഇഷ്ടമുള്ളത് ചോദിക്കും. അത് എന്താണെന്ന് ആമീസ് പറയണം. ഇത്രയുമാണ് ഇന്നേത്തെ പരീക്ഷയിലെ ടൈം ടേബിളിലെ വിഷയങ്ങൾ…
ഓർമ്മയിലേക്കൊരു വൺ റ്റു റ്റ്വന്റിഫൈവ്…
രസകരമായ സംഗതി ഇതല്ല; ഇതുമായി ബന്ധപ്പെട്ടതാണ്. ഓഫീസിൽ നിന്നും വന്ന മഞ്ജു അടുക്കളയിൽ ഫുഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ആമീസിനോടു പറഞ്ഞു, “മോളേ, ആമീസേ 1 to 25 ഒന്ന് ബുക്കിൽ എഴുതിക്കാണീച്ചേ, നാളെ പരീക്ഷയല്ലേ“, എന്ന്. അമിക്ക് ചിത്രം വരച്ച് കളിക്കാൻ ഒരു നോട്ടുബുക്കുണ്ട്, അവൾ ഉടനേ തന്നെ ബുക്കെടുത്ത് പെൻസിൽ കൊണ്ട് 1 2 25 എന്ന് എഴുതീട്ട് മഞ്ജുവിനെ കാണിച്ചും കൊടുത്തു… 🙂 മഞ്ജു പറഞ്ഞത് ആമീസ് അവളുടെ അറിവ് വെച്ച് കൃത്യമായി തന്നെ എഴുതിക്കാണിച്ചു. മുകളിലെ ചിത്രത്തിൽ കാണുന്നതാണ് ആമി എഴുതിയ വൺ റ്റു റ്റ്വന്റിഫൈവ്.
അബദ്ധം മനസ്സിലായ മഞ്ജു ഒന്നുമുതൽ ഇരുപത്തിയഞ്ച് വരെ എന്ന് കൃത്യമായി പറഞ്ഞപ്പോൾ ആമീസ് മറ്റൊരു പേജിൽ അതും എഴുതിക്കൊടുക്കുകയുണ്ടായി. എത്രമാത്രം നിഷ്കളങ്കമാണ് കുട്ടിക്കാലം എന്നോർക്കാൻ ഇതൊക്കെ ധാരാളമാണ് 1 2 25 എന്നെഴുതിയത് പൊട്ടത്തെറ്റാണെന്ന് പറഞ്ഞ് കുരുന്നുകളെ വടിയെടുത്തടിക്കുന്ന പിതാക്കൾ വരെ ഉള്ള കാലമാണിത്.
കുഞ്ഞുങ്ങളോടൊത്തുള്ള ജീവിതം ഏറെ ഹൃദ്യമാണ്. കുഞ്ഞുങ്ങൾ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത് ചുറ്റും കാണുന്ന കാഴ്ചകളിൽ നിന്നും അവരോട് സ്നേഹപൂർവ്വം മറ്റുള്ളവർ സംസാരിക്കുന്നതിൽ നിന്നും മറ്റുമാണ്. അവർക്ക് നന്നായി ബോധിച്ചത് മെല്ലെ അവർ അനുകരിക്കാൻ ശ്രമിക്കുന്നു. മുമ്പൊക്കെ മുത്തശ്ശിമാരും സഹോദരഹൃദയത്തോടെ നിരവധി കുഞ്ഞങ്ങളും അവരുടെ പിതാക്കാളും ഒക്കെ കൂടിയതായിരുന്നല്ലോ കുടുംബം – കൂട്ടുകുടുംബം. ഇന്നതൊക്കെ മാറുകയും അണുകുടുംബമോ അന്ന്യനാടുകളിലെ ജോലിയോ ഒക്കെയായി കുഞ്ഞുങ്ങൾ ഏകാകികളാവുന്നു; സുന്ദരമായൊരു ലോകം അവർക്ക് നഷ്ടമാവുന്നു. നല്ലൊരു സ്വഭാവനിർണയം നടക്കേണ്ട ചെറുപ്പകാലം തന്നെ വിവിധ കൈക്കൂലിവാങ്ങൽ കലായലങ്ങളിൽ അടച്ചിടപ്പെടാൻ വിധിച്ചവരാണിന്നുള്ളവരിൽ ഏറെ കുരുന്നുകളും. ആമി മോളും അതുപോലൊരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയാണ്.
പണ്ട്, എല്ലാ വടക്കൻപാട്ടുകളും കൃത്യമായി പാടിക്കേൾപ്പിക്കുന്ന വല്യമ്മയുടെ ചൂടുപിടിച്ച് ഉറക്കത്തെ പുൽകുന്ന സ്വഭാവമായിരുന്നു എന്റേത്! ഇന്ന് ആമീക്കുട്ടി കമ്പ്യൂട്ടറിൽ വിവിധങ്ങളായ താരാട്ടുപാട്ടുകൾ കേട്ട് ഉറക്കത്തെ പുൽകുന്നു. മൂന്നു വയസ്സുകഴിഞ്ഞ ആമിക്കുട്ടിയെ ഒരു കലാലയത്തിനു തീറെഴുതിക്കൊടുത്തുകഴിഞ്ഞിട്ടുണ്ട്. എൽ.കെ.ജി ജീവിതത്തിനു മാത്രം ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന ഞാൻ അവളെ നല്ലൊരു കൈക്കൂലിക്കാരിയായി മാറ്റാതെ എങ്ങനെ വളർത്തും?? ഗവണ്മെന്റ് ജോലി സംഘടിപ്പിച്ച് മാക്സിമം കൈക്കൂലി വാങ്ങിച്ചാൽ പോലും അവളുടെ മുഴുവൻ വിദ്യാഭ്യാസത്തിന്റെ ഒരംശം പോലും ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നില്ല ഇപ്പോൾ.
കുട്ടിത്തം
കുഞ്ഞുങ്ങൾക്ക് എല്ലാ കാര്യങ്ങളും ഒരു അത്ഭുതമാണ്. അച്ചടക്കമെന്നോ അറിവെന്നോ അറിവില്ലായിമ എന്നോ സംസ്കാരമെന്നോ ഒന്നും തന്നെയുള്ള വ്യത്യാസം അവർക്കറിയില്ല. ലാളനയിലൂടെ കൊഞ്ചലുകളിലൂടെ നമ്മൾ അവർപോലും അറിയാതെ ഇതൊക്കെ പഠിപ്പിച്ചെടുക്കുന്നതിലാണു മിടുക്കു വേണ്ടത്. അവരുടെ കൗതുകങ്ങൾക്കുതന്നെ വിലകല്പിക്കണം. ആമിമോൾക്ക് ഇത്തവണ ക്ലാസ്സിൽ ഒന്നാം റാങ്കും അതിന്റെ സമ്മാനങ്ങളും കിട്ടി. 76 കുഞ്ഞുങ്ങളെ പിന്തള്ളിക്കൊണ്ട് ഈസ്സിയായി അവളത് നേടി എന്നതിൽ അച്ഛനായ എനിക്ക് അഹങ്കാരം ഭാവിക്കാം; അവളുടെ ട്രോഫിയും സർട്ടിഫിക്കേറ്റും കാണിച്ച് ആർഭാടം കാണിക്കാം… പക്ഷേ, ആമീസിനതൊക്കെ എന്താണെന്നു പോലും അറിയില്ലായിരുന്നു. അവൾ പറയുന്നത് ടീച്ചർ അന്നെനിക്ക് ഒരുമ്മ തന്നല്ലോ എന്നാണ്; അവളുടെ സന്തോഷവും കരുതലും ആ ഒരുമ്മയിൽ ഒതുങ്ങിക്കിടക്കുന്നു. ക്ലാസ്സിൽ അവളുടെ കൂട്ടുകാരെ വിളിച്ച് അവൾക്ക് ഓരോ ഉമ്മ വീതം കൊടുക്കേണ്ടതായിരുന്നു ആ പരിപാടി! അത്രമാത്രം സന്തോഷമേ ഈ പ്രായത്തിൽ അവൾക്ക് ആവശ്യമുള്ളൂ. അവൾക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നതിൽ ഒരു ചോക്കലേറ്റ് കൊടുക്കുന്നതിൽ ഒക്കെയാണവൾക്കേറെ ഇഷ്ടം. കുറച്ചു നാൾ മുമ്പ് ആമിമോളോട് മുത്തപ്പൻ തെയ്യം ഏറെ സംസാരിച്ചിരുന്നു, ഒടുവിൽ മുത്തപ്പൻ തെയ്യം ചോദിച്ചു കുഞ്ഞിനെന്താ മുത്തപ്പൻ തരേണ്ടത് എന്ന്!! ആമിമോൾക്ക് ഒരു ഡൗട്ടും വന്നില്ല; അവൾ പറഞ്ഞു ചോക്കലേറ്റ് എന്ന്!! ഇവരുടെ വികാരങ്ങൾ ഇത്രയ്ക്ക് ലളിതമാണ്. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള വിശ്വാസങ്ങളും കരുതലുകളും മനസ്സിലാക്കാൻ മുമ്പൊക്കെ വീടുകളിൽ മുത്തശ്ശിയും എളേമ്മമാരും സഹോദരങ്ങളും ഒക്കെ ആയി നിരവധിപ്പേരുണ്ടായിരുന്നു. അതിനനുസരിച്ച് ഓരോരുത്തർ കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് പലതും പറഞ്ഞുകൊടുത്തുമിരുന്നിരുന്നു. ആ അറിവൊക്കെ അവർ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചുപോന്നു. അവരുടെ ഭാവി അതുപ്രകാരം പുഷ്ടവുമാവുമായിരുന്നു!!
ആമിക്കുട്ടിയുടെ കൗതുകങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. വീടിനു സമീപമുള്ള എല്ലാ കുഞ്ഞുങ്ങളും മൊബൈൽ ഫോൺ കണ്ടമാനം ഉപയോഗിക്കുന്നവരാണ്. ഒരിക്കലോ മറ്റോ ഞാൻ പറഞ്ഞിരിക്കണം, മൊബൈൽ ഫോൺ കുഞ്ഞിനുള്ളതല്ല, ഇതുപയോഗിക്കരുത് എന്ന് – അവൾ ഒരിക്കൽ പോലും ഞങ്ങളോട് മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല. ടാബ് ഉപയോഗിക്കാൻ പ്രായമായപ്പോൾ നിറയെ വിജ്ഞാനപ്രദവും സുന്ദരവുമായ അക്ഷരപ്പാട്ടുകളും നഴ്സറിഗാനങ്ങളുമായി ഞാനത് ആമീസിനു കൊടുത്തു. ആരോ പറഞ്ഞതു കേട്ട് ആമീസിന്റെ കണ്ണ് കേടാവും എന്നും പറഞ്ഞ് മഞ്ജു അത് ഒളിപ്പിച്ചുവെച്ചു; ഏറെ തപ്പിയിട്ട്, എനിക്കുപോലും അതു കണ്ടെത്താനായില്ല. ആമീസും ഞാനും മിക്കപ്പോഴും തപ്പിനടന്ന് ക്ഷീണിക്കും. ആമിമോൾക്കത് ഏറെ നിരാശ ഉളവാക്കിയത് ഞാൻ ശ്രദ്ധിച്ചിരുന്നു; പലപ്രാവശ്യം ചോദിച്ചിട്ടും മഞ്ജുവത് തന്നില്ല. ആകെ കുറച്ചു നാളുകളിലേ അവളുടെ സ്വന്തമായ ടാബുപോലും ഉപയോഗിക്കാൻ പറ്റിയുള്ളൂ, എന്നിട്ടും ആമീസ് ഒരിക്കൽ പോലും മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല!! ആമീസിനെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും ഇടയ്ക്കൊക്കെ അവൾ മൊബൈൽ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.
ഞാൻ നാട്ടിൽ പോയ സമയത്ത് ഒരിക്കൽ അടുത്ത വീട്ടിലെ കുഞ്ഞു വന്ന് മഞ്ജുവിനോട് മൊബൈൽ ചോദിച്ച് വാങ്ങി അതിലെ ഗെയിം കളിക്കാൻ തുടങ്ങിയത് ആമീസിന്റെ കുട്ടിത്തത്തിനു തീരെ ദഹിക്കാനായില്ല. “അമ്മേടെ മോളല്ലേ ഞാൻ എനിക്കെന്താ മൊബൈലിൽ ഗെയിം തരാത്തത്?“ എന്നവൾ അറിയാതെ ചോദിച്ചുപോയി. സങ്കടം മഞ്ജുവിനും വന്നു. അവൾ ഒളിപ്പിച്ചു വെച്ച ടാബുതന്നെ ആമീസിനു കൊടുത്തു. ആമീസിനത് ചാകരയായിരുന്നു, സന്തോഷം സഹിക്കാതെ തുള്ളിച്ചാടി… പിറ്റേ ദിവസം അവളതിൽ വീഡിയോ കാണുമ്പോൾ മറ്റേ വീട്ടിലെ കുരുന്നുകുഞ്ഞു വന്നത് തട്ടിപ്പറിച്ച് ഓടിപ്പോയി. പോകും വഴി ടാബ് നിലത്ത് വീണ് പൊട്ടിപ്പോവുകയും ചെയ്തു! അമീസിന്റെ സങ്കടം അവൾ തീർത്തെങ്കിലും അതിലേറെ സങ്കടം എനിക്കായിരുന്നു. ഒരു ടാബ് നേരാം വണ്ണം കാണാൻ പോലും ആമീസിനു പറ്റിയിരുന്നില്ല; ഒളിപ്പിച്ചുവെച്ച ആ സാധനം, ഉപയോഗിച്ച് തുടങ്ങും മുമ്പേ അബന്ധത്തിൽ പൊളിഞ്ഞും പോവുകയും ചെയ്തു. പുതിയൊരെണ്ണം വാങ്ങാനായി നെറ്റിൽ വിലനിലവാരം നോക്കിയപ്പോൾ സമാനമായതിന് 19000 രൂപയുടെ നിലവാരം വരുന്നുണ്ടെന്നറിയാനായി. ആ വിലയ്ക്ക് നല്ലൊരു ലാപ്പ്ടോപ്പ് വാങ്ങിക്കാമെന്ന് എനിക്കു തോന്നി. ലാപ്പവൾക്ക് നന്നായി ഉപയോഗിക്കാനറിയാം. പഠിപ്പിക്കാതെ തന്നെ സ്വന്തമായി ഞാൻ പോലും അറിയാതെ അവൾ മടിയിലിരുന്നു പഠിച്ചെടുത്തതാണതിന്റെ ഉപയോഗം പലതും. ടാബിലെ പരിപാടികൾ ലാപ്പിലും ആകുമല്ലോ. അമീസിന്റെ കൗതുകങ്ങൾക്ക് വേണ്ടുന്ന വിലകൊടുക്കാൻ എന്നെ പ്രാപ്തനാക്കുന്നത് ഇത്തരം കൊച്ചുകൊച്ചു സങ്കടങ്ങൾ ഒക്കെ ചേർത്തുവെച്ചുമാണ്. അവളുടെ കുട്ടിത്തം നാലു ചുവരുകൾക്കിടയിൽ കേവലം രണ്ടാളുകൾക്കിടയിൽ ഒതുങ്ങുമ്പോൾ ഇത്തരം കൊച്ചു നൊമ്പരങ്ങൾ ഏറെ വേദനിപ്പിക്കുന്നു.
വിദ്യാഭ്യാസം
വിദ്യ വരുന്നത് നാലുതരത്തിലാണത്രേ. നീതിസാരം പറയുന്നു, ആചാര്യാൽ പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തുഃ നാലിലൊന്ന് അദ്ധ്യാപർക്ക് കൊടുക്കാനാവും, പുസ്തകം കേന്ദ്രീകരിച്ചുള്ള വിജ്ഞാനമൊക്കെ നാലിൽ ഒന്നുമാത്രമാണ്. നല്ല പുസ്തകങ്ങൾ കണ്ടെത്താനും അതു പകർന്നു നൽകാനും നല്ല അദ്ധ്യാപകർ ആവശ്യവുമാണ്. കൈക്കൂലി വങ്ങിച്ച് കുഞ്ഞുങ്ങളെ ലഗോൺ കോഴിയെ എന്നപോലെ നോക്കുന്ന ഇവിടുള്ള അദ്ധ്യാപരിൽ നിന്നും കിട്ടുന്ന ആ നാലിൽ ഒന്ന് എന്താവുമോ എന്തോ!! പിതാക്കൾ തന്നെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നതാണു സത്യം.
നാലിൽ ഒരുഭാഗം സ്വന്തമായ കണ്ടെത്തലുകളാണ്. അമ്മയും അച്ഛനും എങ്ങനെ പെരുമാറുന്നു, അവർ മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു; മറ്റുള്ളവർ പോയ ശേഷം അവരെ പറ്റി എന്തു പറയുന്നു, എത്തിച്ചേരുന്ന കളിക്കൂട്ടുകാരെ പറ്റി എന്തു പറയുന്നു, ഇങ്ങനെ ചുറ്റിലും കാണുന്നതൊക്കെ കുഞ്ഞുങ്ങൾ ഹൃദിസ്ഥമാക്കി വെയ്ക്കുന്നുണ്ട്. അവരുടെ മനസ്സിന്റെ അടിസ്ഥാന ശിലകളാവും ഈ തിരിച്ചറിവുകൾ.. അവരുടെ നാളെ എന്നത് ഈ വിചാരങ്ങളുടെ നിറവിലായിരിക്കും രൂപീകൃതമാവുക എന്നു തോന്നുന്നു. പിതാക്കൾ ചെയ്യാൻ പറ്റുന്നത് ഈ നാലിൽ ഒന്നിനെ അവൾപോലും അറിയാതെ അവളുടേതാക്കി ക്രമീകരിക്കുക എന്നതിലാണ്. സ്നേഹപൂർവം അവരുടെ പരിഭവങ്ങൾ കേട്ട് ആശ്വസിപ്പിച്ചു വേണം കുഞ്ഞുകുഞ്ഞറിവുകൾ അവർ പോലും അറിയാതെ അവർക്കുള്ളിലേക്ക് എത്തിക്കേണ്ടത്.
പിന്നെ വരുന്നതിൽ നാലിൽ ഒന്ന് കൂട്ടുകാരിൽ നിന്നും ലഭിക്കേണ്ടതാണ്. അമ്മയും അച്ഛനും നല്ല കൂട്ടുകാരായിരുന്നാൽ മാത്രമേ കുഞ്ഞിന്റെ മറ്റുള്ള കൂട്ടുകാരെപറ്റിയും അറിയാൻ പറ്റൂ. അവർ അറിയാതെ നൽകുന്ന പാഠങ്ങൾ ഇവർ പഠിച്ചുവെയ്ക്കും. തെറ്റും ശരിയും അറിയാതെ ഉഴലുന്ന പതിപ്രായം കൂട്ടുകാർ നൽകുന്ന രഹസ്യഭാഷ്യത്തിൽ ഒരുപക്ഷേ മുഴുകിപ്പോയേക്കാം. വീട്ടുകാരോട് പറയാൻ മടിയുള്ളത് കൂട്ടുകാരോട് പറയാനാവും എന്നൊരു ബോധം കുഞ്ഞിനെ ചിന്തിപ്പിച്ചേക്കും. കുഞ്ഞിനോടുള്ള നല്ല സൗഹൃദത്തിലൂടെ മാത്രമേ പിതാക്കൾക്ക് അതൊക്കെ തിരിച്ചറിഞ്ഞ് നല്ല നിർദ്ദേശങ്ങൾ കൊടുക്കാനാവൂ. കുഞ്ഞിനോടുള്ള ആത്മബന്ധത്തിന്റെ ബലമാണിതിനു പിന്നിൽ.
ബാക്കിവരുന്ന നാലിൽ ഒന്ന് സ്വയം വന്നു ചേരുന്ന അനുഭവജ്ഞാനം തന്നെയാണ്… തിരിച്ചറിവുകാളാണ് അവ. നല്ല സൗഹൃദങ്ങളും നല്ല ബന്ധങ്ങളും നല്ല സാഹചര്യങ്ങളും നല്ല പുസ്തകങ്ങളും ഏറെ നല്ല കാര്യങ്ങൾ കൊണ്ടുവന്നേക്കും. നല്ല ഭാഷാജ്ഞാനം ഏറെ വഴികൾ തൊട്ടറിയാനുള്ള മാർഗം കൂടിയാണ്. അവരുടെ ജീവിത ക്രമീകരണത്തിൽ അവരതിനെ വേണ്ടും വിധം ഉപയോഗിച്ചോളും. ഇതു കാലം കൊണ്ടുക്കൊടുക്കുന്നതാണ്. പൂർവ്വകാലം, അതായത് നാലിൽ ബാക്കി മൂന്നുഭാഗം തന്നെയായിരിക്കും ഇതിനെ രൂപീകരിക്കാനുള്ളതിലെ പ്രധാനി. വളർന്നു വന്ന രീതിയിൽ അവർ നേടിയെടുത്ത വിജ്ഞാനശകലങ്ങൾ ചേർത്തുവെച്ചായിരിക്കും എന്തിനേയും വിലയിരുത്താൻ മുതിരുന്നതു തന്നെ.
ഇന്നുള്ള വിദ്യാഭ്യാസ രീതിയിൽ പ്രധാനം
കുഞ്ഞുമനസ്സിലേക്ക് വിദ്യവരുന്നത് ഇങ്ങനെ പലരൂപത്തിലാണ്; അങ്ങനെ മാത്രമേ അവർ വിദ്യാസമ്പന്നരുമാവൂ. പക്ഷേ, ഇന്നിവിടെ വിദ്യ കുഞ്ഞുമനസ്സിലേക്ക് കെട്ടിവെയ്ക്കുകയാണ്. നഴ്സറിയിൽ പഠിക്കുന്ന ആമിമോളുടെ ഗൃഹപാഠങ്ങൾ കാണുമ്പോൾ തന്നെ ഭയമാണ്. ജോലി കിട്ടാനുള്ളൊരു മാർഗം മാത്രമാണിന്നു വിദ്യയും സർട്ടിഫിക്കേറ്റുകളും; ഇവയിൽ പ്രകടനം എത്രമാത്രം പദർശിപ്പിക്കുന്നുവോ അവർക്ക് ജോലി എന്ന കാര്യത്തിൽ വിദ്യ എന്ന സംഗതി അന്യം നിൽക്കുകയാണ്. ഹോം വർക്ക് കൂടാതെ കുഞ്ഞുങ്ങൾ പഠിപ്പിസ്റ്റാക്കി മാറ്റാൻ ട്യൂഷനു വിടുക, സംഗീതം പഠിക്കാൻ വിടുക, ഡാൻസു പഠിക്കാൻ വിടുക തുടങ്ങിയ കലാപരിപാടികളും കൂടെ തന്നെയുണ്ട്. ആസ്വാദ്യമായ കുട്ടിക്കാലം മുഴുവൻ ഇങ്ങനെ തീറെഴുതിക്കൊടുക്കേണ്ട ഗതികേട്ട് ഓർക്കാൻ പോലും പറ്റാതാവുന്നത് അത്തരം ഒരു കുട്ടിക്കാലം മനസ്സിൽ ഇന്നും പച്ചയായി ജീവിക്കുന്നതുകൊണ്ടാവണം; എന്റെ അറിവില്ലായ്മയും ആവണം!!
വിദ്യാഭ്യാസം സർക്കാറിന്റെ ചുമതലായാവേണ്ടതാണ്. പക്ഷേ ഇന്ന് അതല്ല സ്ഥിതി. ഇവിടെ, ബാംഗ്ലൂരിൽ 3 വയസ്സുള്ള കുഞ്ഞിനെ നഴ്സറിയിൽ വിടാൻ 40000 രൂപ വേണം, നഴ്സറിപഠനപ്രകാരം നടക്കുന്ന ഇന്റെർവ്യൂവും സർട്ടിഫിക്കേറ്റും കാണിച്ച് അതിൽ ജയിച്ചാലേ മിനിമം 2 ലക്ഷത്തിന് എൽ. കെ. ജിയിൽ ചേർക്കാനാവൂ… കൈക്കൂലി ഇല്ലാത്തെ എക്സ്ട്രാ ഒരു ലക്ഷത്തിന് യുക്കെജിയും കടന്നു കൂടാം. ഈ രണ്ടുവർഷത്തെ സർട്ടിഫിക്കേറ്റും ഇന്റെർവ്യൂവും ജയിച്ചാലേ ഒന്നാം ക്ലാസ്സിൽ ചേർക്കൂ… യൂണിഫോം, പുസ്തകങ്ങൾ, യാത്രാചെലവ്, മാസാമാസം ട്യൂഷൻ ഫീസ് എന്നൊക്കെ പറഞ്ഞ് വർഷാവർഷങ്ങളിൽ തുക കൂടിക്കൂടി വരും!! വർഷം തോറും ഇത് മാറിവരികയും ചെയ്യുന്നു. പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും കോടികൾ എത്ര കഴിയും!! കുഞ്ഞിനെ ഗവണ്മെന്റ് ജോലികിട്ടിയാലെങ്കിലും നല്ല കൈക്കൂലി വാങ്ങിക്കാൻ കൂടി ഇങ്ങനെ പഠിപ്പിക്കാൻ വിധിക്കപ്പെട്ട ഏത് അച്ഛനാണു ഓർക്കാതിരിക്കുക!! വിദ്യാഭ്യാസം പൊതുമേഖലയുടെ കച്ചവടതന്ത്രം മാത്രമാണിന്ന്; ഗവണ്മെന്റ് അതിനു കൂട്ടും നിൽക്കുന്നു. മുകളിൽ പറഞ്ഞ തുകയൊക്കെ 6 സ്കൂളുകളിൽ അന്വേഷിച്ചതിൽ മിനിമം തുക പറഞ്ഞതിന്റെ വിവരങ്ങളാണ്. കൈക്കൂലി (ഡൊണേഷൻ) മാക്സിമം കാണാൻ പറ്റിയത് എട്ടര ലക്ഷമാണ് – എൽക്കെജിക്ക്!! മുകളിൽ ഞാനെഴുതിയത് മിനിമം തുകയായ ഒരു ലക്ഷം മാത്രമാണ്; ട്യൂഷൻ ചാർജായും യൂണിഫോം, പുസ്തകങ്ങൾ, വാഹനചാർജ്ജ് ഒക്കെയായി ഇതേ തുക അധികമായും ഉണ്ട്!!
എൽ. കെ. ജി. കുട്ടികളും സെക്കന്റി വിദ്യാർത്ഥിയോ?
ഓരോ സ്കൂളിലേയും സിലബസ്സൊക്കെ കിടിലനാണെന്ന് അവർ പറയുന്നു!! ICSE (Indian Certificate of Secondary Education), CBSE (Central Board of Secondary Education) ഒക്കെ തന്നെയാണെന്ന്!! രണ്ടിലും കാണുന്ന Secondary Education എന്നത് എൽ. കെ. ജി. മുതലുള്ളതാണെന്നും അവർ പറയുന്നു!! സത്യമണോ എന്നത് അറിയാവുന്ന വല്ല അദ്ധ്യാപകരോടും ചോദിച്ചു മനസ്സിലാക്കണം. 8 ആം ക്ലാസുമുതലൊക്കെയല്ലേ ഇതൊക്കെ വേണ്ടൂ എന്ന് ഇവിടെ ബാംഗ്ലൂരിൽ ആരോട് ചോദിക്കാനാ!! നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ എന്നേ അവർ പറയൂ.. കാരണം, കുഞ്ഞുങ്ങൾ ഇത്തരം മൃഗശാലയിൽ ചേർക്കാൻ പിതാക്കളുടെ നീണ്ടനിരയാണിവിടെ കാണുന്നത്!! ചേർക്കുന്ന പിതാക്കളൊക്കെ എന്റെ കുഞ്ഞ് ICSE ക്കു പഠിക്കുന്നു CBSE ഒക്കെ പഴഞ്ചനല്ലേ എന്നും ചിലരൊക്കെ CBSE ആണു കുഞ്ഞുങ്ങൾക്കു നല്ലത്, അതുതന്നെയാ പഠിപ്പിക്കേണ്ടത് സ്റ്റേയ്റ്റ് സിലബസ്സൊക്കെ പഴഞ്ചനല്ലേ എന്നും ഒക്കെ പറഞ്ഞു കളയുന്നു. കൂടുതൽ തുക മുടക്കി കുഞ്ഞുങ്ങളെ സ്കൂളിൽ മുറുക്കുന്നതിലാണ് പിതാക്കളുടെ സംതൃപ്തി! ഹോം വർക്ക് കൂടാതെ ഇടവിട്ട മാസങ്ങളിൽ പ്രോജക്റ്റ് വർക്കും ഇവരെ തേടി എത്താറുണ്ട്. ഏറെ കഠിനമാണതൊക്കെ. കുഞ്ഞുങ്ങൾക്ക് പോയിട്ട് വലിയവർക്കു പോലും പറ്റാതെ, സമീപസ്ഥമായി ഇതിനായിമാത്രമുള്ള പീട്യകളിൽ ഏൽപ്പിക്കാറാണു മിക്കവരും – ഒക്കെ ഒരു ബിസിനസ്!!
ആത്മികായനം ഇങ്ങനെ തുടരുന്നു. അവളെ തനിച്ചാക്കി നാട്ടിൽ വിട്ട് നല്ലൊരു ഗവണ്മെന്റ് സ്കൂളിൽ ചേർക്കാൻ എന്തായാലും പറ്റില്ല. നാട്ടിൽ തന്നെ പഠിപ്പിക്കണം എന്നതായിരുന്നു ആഗ്രഹവും. കോടോത്ത് ഗവണ്മെന്റ് സ്കൂളിൽ അന്വേഷിച്ചതുമാണ്. പക്ഷേ, ഞാനിവിടേയും അവളവിടെ ഒറ്റയ്ക്കും ഉള്ളൊരു ജീവിതം ചിന്തിക്കാനേ പറ്റാത്തതും പ്രശ്നം തന്നെയാവുന്നു. അവളുടെ വിദ്യാഭ്യാസം ചെറുപ്പം മുതലേ കണ്ടറിയാൻ ഇവിടെ തന്നെ അവൾ വേണമെന്നുണ്ട്.
സിലബസ്സിനെ പറ്റി പറഞ്ഞ് പ്രൈവറ്റ് സ്കൂളുകൾ കാണിക്കുന്ന കടത്തത്തെക്കുറിച്ച് പരിചയമുള്ള അദ്ധ്യാപകർ പറയുന്നത് ഫെയ്സ്ബുക്കിൽ നിന്നും അറിയാൻ പറ്റി – താഴെ കൊടുത്തിരിക്കുന്നു. ഇത് ബാംഗ്ലൂരിൽ മാത്രമല്ല, വിദ്യാസമ്പന്നരെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലും ഇങ്ങനെയൊക്കെ തന്നെയാണവസ്ഥ. സ്കൂളുകളെപോലെ തന്നെ കുറ്റക്കാരാണ് ഇതാണു മികച്ചതെന്നു പറഞ്ഞ് കുങ്ങുങ്ങൾകൂടെ ജീവിതം മടുപ്പിപ്പിക്കുന്നതിലേക്ക് തള്ളിവിടുന്ന പിതാക്കളും.
കുട്ടിത്തം മാറാത്ത സംസാരം ആരു പറഞ്ഞാലും കേൾക്കാൻ രസമുള്ളതു തന്നെ. കുട്ടികളെ ഇഷ്ടപ്പെടാൻ പലർക്കും ഇതൊരു പ്രത്യേക കാരണം കൂടിയാണ്. ഏതൊരു കുട്ടിയേയും ഞാനതുകൊണ്ടുതന്നെ വളരെയേറെ ഇഷ്ടപ്പെടുന്നു. അച്ഛനാണെന്ന ബോധത്തിലുപരിയായി ആമീസിനോട് വെറുതേ അതുമിതുമൊക്കെ സംസാരിക്കാൻ ഞാനിഷ്ടപ്പെടാനുള്ള കാരണവും ഇതൊക്കെ കേൾക്കാൻ തന്നെയാണ്. മൂന്നുവയസുകാരിയുടെ ഗൗരവത്തോടെയുള്ള സംസാരം കേൾക്കേണ്ടതുതന്നെയാണ്. സംസാരിക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാവവും കുഞ്ഞുങ്ങൾ മുഖത്ത് വരുത്തുന്നുണ്ട്. കരയുമ്പോൾ മുഖം എത്രമാത്രം ദയനീയമാവുന്നോ അതോപോലെ തന്നെ ഏതുഭാവത്തേയും അവർ നന്നായി ഉൾക്കൊള്ളുന്നു… പേടിപ്പെടുത്തുന്ന കാര്യങ്ങൾ (ആമീസിന്റെ ഭാഷയിൽ പറഞ്ഞാൽ ക്രോക്രോച്ചിനെ പറ്റി) പറയുമ്പോൾ അവളുടെ മുഖത്ത് ഭയാനകമായ പേടിതന്നെ നിഴലിക്കുന്നു; സന്തോഷകാര്യങ്ങളിൽ അതിയായ സന്തോഷം മുഖത്തുകാണാം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
ഒരുവർഷത്തോളം ആക്സിഡന്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പലരും പറഞ്ഞതു കേട്ടിട്ടോ സംസാരിക്കുന്നത് കണ്ടിട്ടോ ആരെങ്കിലും അവളെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തിട്ടോ എന്നറിയില്ല; അവൾക്കറിയാം ഒരു ബൈക്ക് ഇടിച്ചിട്ടാണ് ഞാൻ വീണതെന്നും തലയ്ക്ക് ഓപ്പറേഷൻ വേണ്ടി വന്നതെന്നും. മഞ്ജുഷ ഓഫീസിൽ പോകാൻ തുടങ്ങിയ അന്നു മുതൽ ആമിയെ എന്നും നോക്കാറുണ്ടായിരുന്ന ചേച്ചിയെ തന്നെ ശ്രദ്ധിക്കാൻ ഏൽപ്പിക്കുമായിരുന്നു. ദിവസേന വൈകുന്നേരങ്ങളിൽ ഞാനാണവളെ കൂട്ടിക്കൊണ്ടുവരാൻ പോകാറുള്ളത്. നടക്കുമ്പോൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടി ഡാൻസുകളിച്ച് നടക്കാൻ അവൾക്കിഷ്ടമാണ്. റോഡിലൂടെ വരുമ്പോൾ എതിരേ കാറുകൾ വന്നാലോ ലോറിയോ മറ്റോ വന്നാലോ അവൾക്ക് പ്രശ്നമുണ്ടാവാറില്ല. അവളെ ശ്രദ്ധയോടെ ഞാൻ തന്നെ പിടിച്ച് സൈഡിലൂടെ നടത്തേണ്ടതുണ്ട്. എന്നാൽ ഒരു ബൈക്ക് ദൂരെ നിന്നും വരുന്നതു കണ്ടാൽ അവൾ പേടിച്ച് എന്റെ കൈകൾ മുറുകേ പിടിച്ച് ഏറെ ഉത്തരവാദിത്വത്തോടെ സൈഡിലിലേക്ക് വലിച്ചുമാറ്റും. എന്നിട്ടു പറയും, “അച്ഛാ, ബൈക്ക് വരുന്നുണ്ട്, റോഡിലൂടെ നടക്കാതെ മാറി നിൽക്ക്, അതു പോയിട്ട് നമുക്ക് പോകാം“ എന്ന്. ഭീതിതമാവും അവളുടെ കണ്ണുകൾ. എന്റെ കൈവിടാതെ തന്നെ ബൈക്ക് പോയി മറയുംവരെ അവൾ വഴിയോരത്ത് അടങ്ങി ഒതുങ്ങി നിൽക്കും. അവളുടെ അനുവാദം കിട്ടിയാൽ മാത്രമേ ശേഷിച്ച യാത്രയ്ക്ക് ഞാൻ ഒരുങ്ങാറുള്ളൂ…
ഇതുപോലെ എന്നെ അത്ഭുതപ്പെടുത്തിയെ കാര്യങ്ങൾ ഏറെയാണ്. ഓർമ്മയും ബോധവും നശിച്ചിരുന്ന എനിക്ക് ഇതൊക്കെ തിരിച്ചു കിട്ടുമ്പോഴേക്കും ഓപ്പറേഷന്റെ മുറിവുകളൊക്കെ ഉണങ്ങിയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞതായി അറിഞ്ഞത് തന്നെ ആരോ പറഞ്ഞിട്ടായിരുന്നു. 18 ഓപ്പറേഷൻ കഴിഞ്ഞിരുന്നു എന്നതായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത തന്നെ. ഇതേ, കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നറിയില്ല. ഓപ്പറേഷൻ കഴിഞ്ഞതെവിടെയാണെന്നും എത്രത്തോളം അതിനും വലിപ്പം ഉണ്ടെന്നും ഞാൻ മനസ്സിലാക്കിയത് പിന്നേയും ഏറെ വൈകി ബാക്കിവന്ന പാടുകൾ അളന്നു നോക്കിയിട്ടായിരുന്നു. ഓർമ്മയിൽ ആമീസു വന്ന് മരുന്നു വെച്ചു തരുന്നതൊക്കെ ഇപ്പോഴും മറക്കാതെ നിൽക്കുന്നുണ്ട്.
അവൾ മരുന്നൊന്നും വെയ്ക്കില്ലായിരുന്നു. ഓയിൽമെന്റ് പോലെ എന്തോ ഒന്നു കൊണ്ടുവന്ന് അടുത്ത് വെയ്ക്കുന്നതായും അതിന്റെ അടപ്പു തുടക്കുന്നതായും അവൾ അഭിനയിക്കുകയായിരുന്നു പതിവ്. പിന്നെ അതു മല്ലെ അവളുടെ വിരലിലാക്കിയിട്ട് വളരെ പതുക്കെ എന്റെ തലയിൽ ചേച്ചു തരുമായിരുന്നു. എനിക്കന്ന് വേദനയേ ഇല്ലാത്ത സമയമായിരുന്നു. എങ്കിലും അവളുടെ ശുശ്രൂഷയിൽ ഞാൻ ഏറെ തൃപ്തനായിരുന്നു.
പിന്നീട് ഏറെ വൈകി, ഞാൻ ഗുളികയും മരുന്നുമൊക്കെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് അതു വാങ്ങിച്ചു കഴിക്കാൻ തുടങ്ങി. ഗുളികകൾ ഒക്കെ അവൾ തന്നെ കൃത്യമായി വായിൽ വെച്ചു തരും; എനിക്ക് വെള്ളമൊന്ന് എടുത്ത് കഴിച്ചാൽ മതി. കൃത്യമായി മരുന്നെടുത്ത് തരാനും അവൾക്ക് പറ്റുന്നുണ്ട്. ഇന്നും മുടങ്ങാതെ അതു നടക്കുന്നു. എന്നും രാത്രിയിൽ മാത്രമാണിതിനുള്ള അവസരം കൊടുത്തിരുന്നത്. നിസാരപ്രശ്നങ്ങൾക്ക് പോലും പിണങ്ങിയിരിപ്പാണെങ്കിൽ കൂടി മരുന്നു ചോദിച്ചാൽ അവൾ ഓടിപ്പോയി അതെടുത്തുകൊണ്ടുവന്നിട്ട് ഒന്നും മിണ്ടാതെ തന്നെ അതു തരുമായിരുന്നു. പിണക്കം മുഖത്ത് കാണിച്ചാലും, മരുന്നു വായിലൊഴിച്ചുതന്ന ശേഷം എന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് ഒന്നും മിണ്ടാതെ നിന്നോളും – അല്പനേരം. അന്നേരം വാരി എടുത്ത് ഒന്നു കൊഞ്ചിച്ചാൽ പിണക്കമൊക്കെ പമ്പ കടക്കും. കുഞ്ഞുമനസ്സ് അത്രമാത്രം ലളിതമാണ്.
രാവിലെ ഓഫീസിൽ വരുന്ന സമയത്ത് മിക്കപ്പോഴും അവൾ ഉണരാത്തതിനാൽ ഞാൻ തന്നെ മരുന്നു കഴിക്കുമായിരുന്നു. ചിലപ്പോളൊക്കെ അവൾ ഉണർന്നാലും അവൾ കാണാതെ കഴിക്കാറാണു പതിവ്. വരാൻ നേരത്ത് ഉമ്മ കൊടുത്ത് റ്റാറ്റ പറയുമ്പോൾ അവൾ കൃത്യമായി ഓർമ്മിപ്പിക്കുന്ന കാര്യമാണ് “അച്ഛാ, രാവിലത്തെ മരുന്നു കഴിച്ചിരുന്നോ“ എന്ന്. കൂടാതെ ഒരു മരുന്ന് രാവിലെ കഴിക്കേണ്ടതില്ലായിരുന്നു, അതും അവൾ ചോദിക്കും, അറീയാതെ എങ്ങാനും അതു കഴിച്ചോ എന്നറിയാൻ വേണ്ടി. ഓർമ്മപ്പെടുത്തലുകൾ ഏറെ ഹൃദ്യമാണ്. ഇറങ്ങാൻ നേരം മഞ്ജു പലതും ഇങ്ങനെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ആമീസിന്റെ ഓർമ്മിപ്പിക്കൽ ഏറെ ഹൃദ്യമാവാറാണു പതിവ്. കേവലം മൂന്നുവയസ്സു പ്രായമുള്ള കുഞ്ഞുപോലും ഓർമ്മയോടെ ഇരിക്കുന്നൊരു കാര്യം പലപ്പോഴും ഞാൻ മറന്നുപോവുന്നതിന്റെ വിഷാദം ഉണ്ടെന്നാവിലും… ആമിയോട് കഴിച്ചു മോളേ എന്നു പറയുമ്പോൾ കണ്ണു നിറഞ്ഞുപോവും. ഇന്നു രാവിലെയും ഇതുതന്നെ സംഭവിച്ചതാണ് ഈ കുറിപ്പെഴുതാൻ തന്നെ കാരണം. ഭാവിയിൽ അവൾ വായിച്ച് സന്തോഷിക്കാനിട വരട്ടെ.
കുഞ്ഞുങ്ങളുടെ ജീവിതം വളരെ ലളിതമാണ്. സന്തോഷിക്കാനും സഹകരിക്കാനും കരയാനും ഒക്കെ അവർക്ക് ചെറിയ കാര്യങ്ങൾ മാത്രം മതി. ചില കാര്യങ്ങളിൽ വെറുതേ ചെയ്തുകൊണ്ടിരിക്കുന്നതും ഇത്തരം നിസാരകാര്യങ്ങൾക്കു വേണ്ടി മാത്രമാണു താനും. കുമിളകളായി ഊതിപ്പറപ്പിക്കാൻ പറ്റുന്ന സോപ്പുവെള്ളം പോലെയൊരു സംഗതി വാങ്ങിക്കാൻ കിട്ടുന്നുണ്ട്. ചെറിയ കുപ്പിയാണ്. അതിൽ ചെറിയൊരു റിങ് പോലൊരു സംഗതിയും ഉണ്ട്. ആ റിങ്, കുപ്പിയിലെ സോപ്പു വെള്ളത്തിൽ മുക്കി പുറത്തെടുത്ത് അതിലേക്ക് ഊതിയാൽ നിറയെ കുമിളകൾ പുറത്തേക്ക് വരും. റിങിന് അല്പം നീളം കൂടുതലാണ്. കുപ്പിയും അതിനു തുല്യം തന്നെ. ഒരു കുപ്പിക്ക് 40 രൂപ വിലവരും – വിലയൊക്കെ തട്ടിപ്പാണ്, അതു ശ്രദ്ധിക്കാറില്ല. ആമീസിന് ആ കുമിൾകൾ പറന്നു പോവുന്നതുകാണാൽ വലിയ സന്തോഷമാണ്. അവൾ തന്നെ അത് പറത്തും. അത് കൃത്യമായി മഞ്ജുവിനേയും എന്നേയും കാണിച്ചു തരികയും ചെയ്യും.
പണി നിർത്തിയ സോപ്പുവെള്ളം നിറച്ച ഡപ്പിയും റിങ്ങും
എന്നാൽ കുപ്പിയിലെ വെള്ളം പകുതിയായാൽ റിങ് മുഴുവനായി സോപ്പുവെള്ളത്തിൽ നനയില്ല. അങ്ങനെ നനഞ്ഞാൽ മാത്രമേ, ആ സോപ്പു വെള്ളം കൊണ്ടു കുമിളകൾ പറത്താൻ പറ്റുകയുള്ളൂ. നേർ പകുതിവരെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഉപയോഗിക്കാം എന്നുമാത്രം. അതിനെ കൊണ്ട് ഇനി കുമിളകൾ ഉണ്ടാക്കാൻ പറ്റില്ല ആമീസേ എന്നു പറഞ്ഞാൽ പോലും അവളത് ശ്രദ്ധിക്കാതെ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലതവണ ഒരേകാര്യം ചെയ്ത് പരാജയപ്പെട്ടാലും അവൾ പരാതിയില്ലാതെ പരിപാടി തുടർന്നു കൊണ്ടേ ഇരിക്കും – ഒരു വ്രതം പോലെ. കുമിളകൾ പറന്നോളും എന്ന പ്രതീക്ഷ മാത്രമാണതു ചെയ്യിക്കുന്നത്. അവൾ കാണാതെ ആ കുപ്പിയിലെ വെള്ളം പുറത്തെടുത്തു കളയാവുന്നതേ ഉള്ളൂ. എങ്കിലും അങ്ങനെ കളയാൻ എന്തോ മനസ്സനുവദിക്കാറില്ല. ഇനിയിതുകൊണ്ട് കുമിളകൾ വരുത്താൻ പറ്റില്ല എന്നു കരുതി അവൾ തന്നെ നിർത്തിക്കോളും എന്നുള്ള പ്രതീക്ഷയാണതിനു പിന്നിൽ. അവൾ ഒരു മൂലയിൽ ഇരുന്ന് ശ്രമിച്ചുകൊണ്ടേയിരിക്കും പരിശ്രമിച്ചു കൊണ്ടേ ഇരിക്കും. ആർക്കു കണ്ടാലും സങ്കടം തോന്നുന്ന കാര്യമാണത്.
ഈ പരിപാടിയുടെ നല്ല സമയത്ത് അവൾ വെള്ളത്തിൽ മുക്കി റിങ്ങെടുത്ത് ഊതാൻ ശ്രമിക്കുമ്പോൾ മഞ്ജു കേറി ഇടപെട്ട് അവൾക്കുമുമ്പേ ഊതി കുമിളകൾ പറത്തിയിരുന്നു. ഇതുകാണുമ്പോൾ കുഞ്ഞിനേക്കാൾ ദേഷ്യം എനിക്കാണു തോന്നാറുള്ളത്. മഞ്ജു തമാശയ്ക്ക് ചെയ്യുന്നതാവും, എങ്കിലും എളിമയോടെ ചെയ്യുന്നതാണെങ്കിലും അവൾ നൽകുന്ന പരിശ്രമം ഏറെ വലുതാണ്. എത്രശ്രമിച്ചാലും മഞ്ജു ഇതു തുടർന്നുകൊണ്ടേ ഇരിക്കുമ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞുമുഖം വിങ്ങുന്നതുകാണാം. ഏറെ ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം അവർക്കു നൽകുന്ന സന്തോഷം അതിലേറെ വലുതാണ്. നിസാരമെങ്കിലും കുഞ്ഞുസന്തോഷങ്ങൾ അവർക്കു നൽകുന്നത് ഗംഭീരമായ അത്ഭുതങ്ങൾ കൂടിയാണ്. ഇതൊക്കെ കണ്ടിരിക്കുക എന്നത് ഏറെ ഹൃദ്യവുമാണ്.
ID used to identify users for 24 hours after last activity
24 hours
_gat
Used to monitor number of Google Analytics server requests when using Google Tag Manager
1 minute
_ga_
ID used to identify users
2 years
__utmx
Used to determine whether a user is included in an A / B or Multivariate test.
18 months
_ga
ID used to identify users
2 years
_gali
Used by Google Analytics to determine which links on a page are being clicked
30 seconds
__utmz
Contains information about the traffic source or campaign that directed user to the website. The cookie is set when the GA.js javascript is loaded and updated when data is sent to the Google Anaytics server
6 months after last activity
__utmv
Contains custom information set by the web developer via the _setCustomVar method in Google Analytics. This cookie is updated every time new data is sent to the Google Analytics server.
2 years after last activity
__utmb
Used to distinguish new sessions and visits. This cookie is set when the GA.js javascript library is loaded and there is no existing __utmb cookie. The cookie is updated every time data is sent to the Google Analytics server.
30 minutes after last activity
__utmc
Used only with old Urchin versions of Google Analytics and not with GA.js. Was used to distinguish between new sessions and visits at the end of a session.
End of session (browser)
__utma
ID used to identify users and sessions
2 years after last activity
__utmt
Used to monitor number of Google Analytics server requests
10 minutes
_gac_
Contains information related to marketing campaigns of the user. These are shared with Google AdWords / Google Ads when the Google Ads and Google Analytics accounts are linked together.