നോക്കൂ ഒരുവര്‍ഷമാവുന്നു നമ്മള്‍ കണ്ടുമുട്ടിയിട്ട്. അവളെന്റെ മാറില്‍ പറ്റിച്ചേര്‍ന്നു.
നീയെന്താ ഒന്നും മിണ്ടാത്തത്? നനുത്ത കൈവിരലുകളാല്‍ എന്റെ മാറില്‍ തലോടിക്കൊണ്ടവള്‍ Continue reading
ആട്ടക്കളം
തെയ്യങ്ങൾ നിരവധിയാണു പ്രത്യേകിച്ചും കാസർഗോഡും കണ്ണൂരും. അതിൽ തന്നെ, എന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുമെന്നു കരുതപ്പെടുന്ന തെയ്യമാണ് മുത്തപ്പൻ. സാന്ത്വനവാക്കുകളാൽ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷിച്ച് ആയൂരാരോഗ്യസൗഖ്യം നേരാനും ഉത്തരമലബാറുകാരൻ മറ്റൊരു തെയ്യം വേറെയില്ല! പറശ്ശിനിക്കടാവാണു പ്രധാനമായും ആൾക്കാർ പോവുന്നതെങ്കിലും മുത്തപ്പന്റെ ആരൂഢസ്ഥാനം മുത്തപ്പന്റെ പൂങ്കാവനമായ കുന്നത്തൂർപാടിയാണ്. കണ്ണൂർജില്ലയിൽ കർണാടക അതിർത്തിയിലുള്ള വനത്തിനാണ് കുന്നത്തൂർപാടി. കനൽക്കണ്ണുരുട്ടി വിൽലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിർത്താൻ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നൽകുന്നതുതന്നെ. എവിടേയും എന്നപോലെ അടിയുറച്ച ഭക്തിക്കുതന്നെ പ്രധാനം. അരയിൽ പന്തം കുത്തി, ആള്‍വലിപ്പത്തിൽ മേലരി ചാടിമറിഞ്ഞ്, തരിവളയും കാൽചിലമ്പുമണിഞ്ഞ് സവർണന്റെ മേൽക്കോയ്മയ്ക്കെതിരെ അടരാടി ജനമനസ്സിൽ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പുറകിൽ ഓരോ കഥയുണ്ട്; കൂടെപ്പിറപ്പായും ഓരോ മിത്തുകളും ശേഷക്രിയയായി പിന്നീട് ചാർത്തിയ സവർണഹുന്ദുമതത്തിന്റെ മേലാങ്കിയും ഉണ്ട്. പാവപ്പെട്ടവന്റെ അശ്വാസവും അഭയസ്ഥാനവുമാണു തെയ്യങ്ങള്‍. ജനഹൃദയങ്ങളിലേക്കിറങ്ങി അവരിലൊരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാൻവേഷണം നടത്തുന്ന തെയ്യങ്ങളിൽ പ്രധാനിയാണു പറശിനിക്കടവ് മുത്തപ്പൻ തന്നെ. “എന്റെ മുത്തപ്പാ..!” എന്നുള്ള ഒരു വിളിപ്പുറത്ത് മുത്തപ്പനെത്തുന്നു; ദുഖനിവാരണം നടത്തി ജീവതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു, എന്നൊക്കെ നിരവധിയാണു ജനങ്ങൾക്കിടയിലെ സ്നേഹവിശ്വാസങ്ങൾ.
മുത്തപ്പൻ തെയ്യത്തിന്റെ മൊഴിയാട്ടത്തിൽ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു. പെട്ടന്നു കണ്ടു തീർക്കാൻ പറ്റുന്ന കൊച്ചു കൊച്ചു വീഡിയോകള്‍ ആണ് എല്ലാം തന്നെ. നിരത്തിപ്പറയുന്നതിനേക്കാൾ കണ്ടറീയാനും ഒരു സുഖമുണ്ടല്ലോ. മുകളിൽ മലബാർ എന്നു പറഞ്ഞെങ്കിലും തെയ്യം ബലബാറിൽ മുഴുവനായി വൗന്നില്ലെന്നറിയണം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ചേരുന്നതാണല്ലോ മലബാർ! കാസർഗോഡ്, കണ്ണൂര്‍ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, കോഴിക്കോടുജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ ഉള്ളതെന്ന് സാമാന്യമായി പറയാം.
ഉദിച്ച സൂര്യൻ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാൽ എളങ്കാറ്റായി വീശി കാർമേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എൽലാവർക്കും ഒരുപോലെ നൽകുമാറാകും…
മുത്തപ്പൻ നിവേദ്യമായി കിട്ടിയ കള്ള് ഗുരുസ്ഥാനീയരായവർക്കു വിതരണം ചെയ്യുന്നു.
അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാൽപത്തിനാലില്ലം … ആറുനാട്ടിൽ നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയിൽ വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാൻ കരകേറിയത്.. ആ വാഴത്തട തന്നെ വേണം വേറൊരു നദിയിൽ വീഴുമ്പോ.. അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!!
അല്പം ജാതി ചിന്ത
മതങ്ങളും ജാതികളും ആണല്ലോ പുരോഗമനക്കാരുടെ ഇന്നത്തെ മാനദണ്ഡം തന്നെ!! ഇതുമായി ബന്ധപ്പെട്ട് അല്പം ജാതി ചരിത്രം കൂടി പറയാം.
മുത്തപ്പനെന്ന പേരിൽ നാട്ടിൻ പുറങ്ങളിൽ കഴിക്കുന്ന തെയ്യം വെള്ളാട്ടമാണ്. തിരുവപ്പന എന്നുമുള്ളത് പറശ്ശിനിക്കടവാണ്. പടിയിറങ്ങി പറശ്ശിനിക്കെത്തുന്ന ഭക്തർ മുത്തപ്പനു കൊടുക്കുന്നത് കള്ളാണ്. കള്ളൂം മീനും കഴിക്കുന്ന ദൈവമുണ്ടോ എന്ന് തെക്കൻ കേരളക്കാർ ഒരു പക്ഷേ അത്ഭതപ്പെട്ടേക്കാം. സവർണ്ണദൈവ വിശ്വാസത്തിൽ അഭിരമിച്ചാറാടിയ നമുക്ക് ഇതുകാണുന്നതുതന്നെ ഒരു അനുഭവമായിരിക്കും. ബൗദ്ധപാരമ്പര്യം പേറിനടക്കുന്ന തീയ്യരാണ് മുത്തപ്പന്റെ നടത്തിപ്പുകാർ. സ്തീധനസമ്പദായത്തോടുതന്നെ പണ്ടുതൊട്ടേ അസഹിഷുണുത പാലിച്ചുപോന്ന സമുദായമായിരുന്നു അതു. ഇന്നതൊക്കെ മാറിവന്നെങ്കിലും ഇപ്പോഴും രക്തിത്തിൽ അലിഞ്ഞു ചേർന്ന വികാരം പോലെ ഇതൊക്കെ പിന്തുടരുന്നുണ്ട് ഇവരെ. പറശ്ശീനിക്കടവിൽ എത്തുന്നവർക്ക് ചായയും ഉച്ചയൂണും അത്താഴവും കിടക്കാനുള്ള പായയും സൗകര്യങ്ങളും ഇന്നും നൽകിവരുന്നു. പ്രസാദം തന്നെ വിലകൊടുത്ത് വാങ്ങേണ്ടി വരുന്ന ഇന്നത്തെ അവർണാമ്പലങ്ങളിൽ നിന്നും ഭിന്നമാണിതെന്നേ പറയാനാവൂ. കമ്മ്യൂണിസ്റ്റ് ദൈവം മുത്തപ്പനാണെന്നൊരു പറച്ചിലുള്ളത് ഈയൊരു സോഷ്യലിസമാണോ എന്നറിയില്ല. ആര്യസംസ്ക്കാരത്തോടും ചടുലമായി എതിർത്തുനിന്ന് പരാജയപ്പെട്ട ഒരു ബുദ്ധപാരമ്പര്യം നമുക്കുണ്ട്, ആ ബുദ്ധന്മാരാണ് മലബാറിലെ തീയ്യന്മാർ, അവരും സവർണബ്രാഹ്മരോട് നന്നായി അടരാടിയിരുന്നു – അനുകൂല സമീപനം സ്വീകരിച്ച നായന്മാരെ കൂട്ടത്തിൽ കൂട്ടിയെങ്കിലും ഇന്നിപ്പോൾ കമ്മ്യൂണീസ്റ്റ് പാർട്ടിക്കാരായും കളരിമുഖത്ത് തെളിഞ്ഞു നിൽക്കുന്നവർ ഇവർതന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
എസ്. എൻ. ഡി. പിയുടെ ജാഥയും നയിച്ച് നടേശൻ ഒരിക്കൽ വമ്പിച്ച പ്രചരണം അഴിച്ചുവിട്ടിരുന്നു. അന്ന് ആരോപണമായി പറഞ്ഞതൊക്കെ രക്തസാക്ഷികളായി മരിച്ചു വീഴുന്നവരൊക്കെ ഈഴവർ(തെയ്യന്മാരെന്നു ന്യായം) ആണെന്നും അതിനെതിരെ പ്രതികരിക്കണം എന്നുമൊക്കെയായിരുന്നു. ആര്യസംഹിതകളോട് അടരാടിയ ആ പോരാട്ടവീര്യം കൊണ്ടാവാം അതെന്നേ ഓർക്കേണ്ടതുള്ളൂ. പുലബന്ധം പോലുമില്ലാത്ത ഈഴവനും തീയ്യനും ഇന്ന് ഒരു കുടക്കീഴിലാണുള്ളത്. പക്ഷേ, മുത്തപ്പനെ ഉൾക്കൊള്ളാൻ ഈഴവർക്ക് പറ്റിയിട്ടുണ്ടോ എന്നറിയില്ല. പല തോറ്റം പാട്ടുകളിലും തീയ്യർ ഇന്നത്തെ കർണാടക സംസ്ഥനമായ കരുമന നാട്ടിൽ നിന്നും അള്ളടം വഴി ഇവിടെ എത്തിച്ചേർന്നതായി പറയുന്നുണ്ട്. ബില്ലവൻ, ബൈദ്യർ, ഹാളേപൈക്കർ, പൂജാരി, തീയ്യൻ എന്നെല്ലാം അറിയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണത്രേ തീയ്യൻ എന്നായിത്തീർന്നത്. പറഞ്ഞുവന്നത് തീയ്യരുടെ തെയ്യസങ്കല്പത്തിൽ പ്രധാനിയാണ് മുത്തപ്പനെന്നാണ്. പറശിനിക്കടവ് മഠപ്പുരയിൽ (സവർണഭാഷയിൽ ക്ഷേത്രമെന്നു പറയാം) നിലവിലുള്ള ഭക്ഷണരീതികളും എല്ലാം കാണുമ്പോൾ പഴയ ബൗദ്ധികകൂട്ടായ്മയേയോ കുടിയിരിപ്പിനെയോ അറീയാതെ ഓർത്തുപോകും. സമുദായകാര്യം പറഞ്ഞതിനാൽ അവിടെ അതൊക്കെ നിലനിൽക്കുന്നു എന്നു കരുതരത്, ബുദ്ധമതം തന്നെ അങ്ങനെയാണല്ലോ 🙂 ആർക്കും വരികയും പോവുകയും ചെയ്യാനാവുന്ന സങ്കല്പാമാണിതിന്നും. പക്ഷേ, ചരിത്രം അന്വേഷിക്കുന്നവർക്ക് ഒരു രസമാണിതൊക്കെ അറിയുക എന്നത്.
തെയ്യാട്ടത്തിന്റെ ഒടുവിൽ മുടിയെടുക്കുന്നത് താഴത്തെ വീഡിയോവിൽ കാണാം
ഈ പ്രണയകാലം നിനക്കുള്ളതാവട്ടെ!

പ്രണയം സുഖമുള്ള എന്തൊക്കെയോ ആണ്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല; ചിലപ്പോളതു വണ്‍വേ ആവാം. എങ്ങനെ ആയാലും പ്രണയം സുന്ദരമാണ്. Continue reading
മൂന്നു പെണ്ണുങ്ങള്‍

യാദൃശ്ചികങ്ങളായി നമ്മുടെ ജീവിതത്തിലേക്ക് പലതും കടന്നു വരാറുണ്ട്. പലപ്പോഴും അല്പം കൗതുകം മാത്രം ബാക്കിവെച്ചുകൊണ്ടവ വിസ്‌മൃതിയിലേക്കു മറഞ്ഞുപോവുകയും ചെയ്യും. Continue reading
The State Of Wikipedia
ഇന്റെര്‍നെറ്റെന്ന വമ്പന്‍ മാധ്യമത്തില്‍ വളരെ പ്രാധാന്യവും പ്രസക്തിയുമുള്ള സൈറ്റായി വിക്കിപീഡിയ മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളുടെ വിശ്വാസം പിടിച്ചുവാങ്ങിക്കൊണ്ടൊരു ഒരു നിശബ്‌ദ Continue reading
വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷം
വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ കണ്ണൂരില്‍
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം നിര്‍മ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. Continue reading
ആസുരതാളങ്ങള്‍ക്കൊരാമുഖം

തെയ്യം: വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൌകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ.
ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. ‘ദൈവം’ എന്ന വാക്കിന്റെ തദ്‍ഭവമാണു ‘തെയ്യം’. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്.
വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്.
വണ്ണാന്‍, മലയന്‍, മാവിലാന്‍, ചെറവന്‍, വേലന്‍, പുലയന്‍, പരവര്‍, ചിങ്കത്താന്‍, പമ്പത്തര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. കാവുകളിലും ഹിന്ദുഭവനങ്ങളിലും വയലുകളില്‍ കെട്ടിയുണ്ടാക്കിയ തല്‍കാലിക മറകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിനു ‘കളിയാട്ട’മെന്നുപേര്. അസുരവാദ്യമായ ചെണ്ടയാണ് പ്രധാന വദ്യോപകരണം. മദ്ദളം, തകില്‍, കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.
തെയ്യം കെട്ടിയ വ്യക്തി കാവിന്റെ അല്ലെങ്കില്‍ പള്ളിയറയുടെ മുമ്പിലിരുന്ന് ആരാധനാമൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പാടുന്ന തോറ്റംപാട്ടാണ് ആദ്യചടങ്ങ്. തോറ്റംപാട്ടിലൂടെയാണ് ആ തെയ്യത്തിനാധാരമായ മൂര്‍ത്തിയുടെ പുരാവൃത്തം അനാവരണം ചെയ്യപ്പെടുന്നത്. ഇതൊരു തുകിലുണര്‍ത്തുപാട്ടാണ്. തോറ്റം പാട്ടിന്റെ പാരമ്യത്തില്‍ തെയ്യം ഉറഞ്ഞാടുന്നു. ചില തെയ്യങ്ങള്‍ഈ സമയത്ത് അഗ്നിപ്രവേശം നടത്തുന്നു. ഭക്തരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുന്ന ചടങ്ങാണ് ‘ഉരിയാടല്‍’ എന്നുപറയുന്നത്. ശേഷം തെയ്യത്തെ തൊഴുത്, അരിയും കുറിയും വാങ്ങിച്ചാല്‍ തെയ്യത്തിന്റെ പരിസമാപ്തിയായി. മുടിയെടുത്തുമാറ്റുന്ന ചടങ്ങോടെ തെയ്യം അവസാനിക്കുന്നു.
മുച്ചിലോട്ടുഭഗവതി
പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്… പുരുഷമേല്‍ക്കോയ്‍മയുടെ കൊടുംതീയില്‍ ഒരുപിടിചാമ്പലായിമാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍ത്തെണീറ്റ രായമംഗലത്തുമനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി.
മുത്തപ്പന്‍
കുറിച്യരെ ഒന്നിച്ചു നിര്‍ത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തില്‍ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനുംവേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളില്‍. നാടുകാര്‍ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേര്ന്ന് അവര്‍ക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങള്‍ അവനോടുള്ള സ്നേഹാദരങ്ങള്‍ മാത്രമായി കണക്കാക്കിയാല്‍ മതി. പുരാവൃത്തങ്ങള്‍ക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിതതപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതര്‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങള്‍ക്കു പുതിയ വ്യാഖാനങ്ങള്‍ നല്‍കിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പന്‍. അവസനാകാലത്ത്‍ മുത്തപ്പന്‍ താമസിച്ചത് കുന്നത്തൂര്‍പാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താല്‍ പ്രസിദ്ധമായിത്തീര്‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങള്‍ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താന്‍ പണ്ടുനയിച്ച നായാട്ടും മധുപാനവും ഒക്കെ പുനര്‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പന്‍. അവരുടെ ഏതാപത്തിലും മുത്തപ്പന്‍ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തില്‍ ജൈനമതക്കാര്‍ തങ്ങളുടെ ദേവനായ തീര്‍ത്ഥങ്കരനേയും ബുദ്ധമതക്കാര്‍ ബുദ്ധനേയും (ശ്രീബുദ്ധനുള്‍പ്പടെ) മുത്തന്‍, മുത്തപ്പന്‍, എന്നൊക്കെ വിളിച്ചിരുന്നു. മുക്തന്‍ എന്നതിന്‍റെ ഗ്രാമ്യമാണ് മുത്തന്‍. ആ വഴിയിലൂടെ ചിന്തിക്കില്‍ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേര്‍ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ് മലയാറ്റൂരിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുത്തപ്പനെ ആരാധിക്കുന്നത്. മുത്തപ്പന്‍ തെട്ടത്തിന്റെ സംഭവബഹുലമായ പുരാവൃത്തം ഇവിടെ കൊടുത്തിരിക്കുന്നു. പാടിപ്പഴകി വന്ന കഥകളായി മാത്രം ഇതിനെ കാണുക ഇതേ ലേഖനം ഇംഗ്ലീഷിൽ വായിക്കാൻ ചെയ്യുക.
പൊട്ടന്‍ തെയ്യം
തെയ്യവുമായി ബന്ധപ്പെട്ടവ
ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം. പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍ നിര്‍മ്മിതം. പുലയര്‍ക്കെന്നപോലെ മലയര്‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്.
വിഷ്ണുമൂര്‍ത്തി
ശുദ്ധനും നിരപരാധിയുമായ തീയ്യച്ചെറുക്കന്റെ അചഞ്ചലഭക്തിയില്‍ സ്ഥിതികാരകനായ മഹാവിഷ്‍ണു പ്രത്യക്ഷനാവുകയാണിവിടെ. പരദേവത/പരിദേവതയായി ജാതിഭേദമന്യേ പാലന്തായിക്കണ്ണനെന്ന ആ വൈഷ്‍ണവന്‍ പുനര്‍ജനിക്കുന്നു.
ത്രിമൂര്‍ത്തിസങ്കല്‍പ്പത്തില്‍ മഹാദേവനാണ് ഏറ്റവും കൂടുതൽ തെയ്യസങ്കല്‍പ്പങ്ങളുള്ളത്‍. നായാടി നടന്ന ആദിമദ്രാവിഡന്റെ ആത്മവീര്യത്തിനുതകുന്നതായിരുന്നു ഓരോ ശൈവപുരാവൃത്തങ്ങളും. പുലിത്തോലണിഞ്ഞ്‍, പമ്പിനെ മാലയായി ചൂടി ചുടലഭസ്‍മവുമണിഞ്ഞു നടക്കുന്ന മഹാദേവസങ്കല്‍പ്പം ആ നായാട്ടുസമൂഹത്തിന് എന്തുകൊണ്ടും ചേരുന്നതായിരുന്നു. മദ്യമാംസാദികള്‍ അവനുകാണിക്കയാവുന്നതും അതുകൊണ്ടുതന്നെ.
മഹാവിഷ്‍ണുവിനു പൊതുവേ തെയ്യക്കോലങ്ങള്‍ കുറവാണ്. പറശ്ശിനിക്കടവു ശ്രീമുത്തപ്പനോടു കൂടി ആടുന്ന വെള്ളാട്ടം മഹാവിഷ്‍ണുവിന്റെ അംശാവതാരമാണ്. ബക്കിയുള്ള തെയ്യക്കോലങ്ങളേറെയും ശൈവസങ്കല്‍പ്പങ്ങളോ അമ്മസങ്കല്‍പ്പങ്ങളോ മറ്റുള്ളവയോ ആണ്.
ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ “കുളിച്ചാറ്റം” എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍.(വെള്ളാട്ടങ്ങളെ കുറിച്ച് വ്യക്തമായി പിന്നീട് പോസ്‍റ്റ് ചെയ്യുന്നതാണ്.)ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാടമാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍പ്പുണ്ടാവും. പുലര്‍ച്ചയോടെ അതുകത്തിയമര്‍ന്ന് കനല്‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം.
മലയസമുദായക്കാര്‍ മാത്രമേ വിഷ്‍ണുമൂര്‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍ത്തിയെ കെട്ടുന്ന ആള്‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍പ്പിക്കുന്ന ചടങ്ങാണിത്‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇരുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മലയന്‍പണിക്കര്‍ക്ക് അടയാളം കൊടുക്കേണ്ടത്. 
കുട്ടിച്ചാത്തന്‍
ശിവാംശത്തില്‍നിന്നും ഉടലെടുത്ത മറ്റൊരു മൂര്‍ത്തീരൂപമാണ് കുട്ടിച്ചാത്തന്‍. ശിവന്‍ ഒരു ദ്രാവിഡദേവനാണ്. ആര്യന്‍മാരായ ബ്രാഹ്മണര്‍ മധ്യേഷ്യാഭാഗങ്ങളില്‍ നിന്നും ഇന്നത്തെ അഫ്‍ഗനിസ്ഥാന്‍ വഴി ഭാരതത്തിലേക്കു വന്‍തോതില്‍ കുടിയേറ്റം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ആ യാത്രാവേളയിലുടലെടുത്ത ഭാഷയാണു പ്രൌഡഭാഷയായ സംസ്‍കൃതം. അതുകൊണ്ടുതന്നെ ഇംഗ്ലീഷുപോലുള്ള പാശ്ചാത്യഭാഷകള്‍ക്കും സംസ്‍കൃതത്തിനുമുള്ള പ്രകടമായ സാമ്യങ്ങളെ വിലയിരുത്തി ഇവയ്ക്കെല്ലാം മൂലരൂപമായ മറ്റൊരു ആദിമഭാഷയുണ്ടായിരുന്നു എന്നു ചില പഠനങ്ങള്‍ വിലയിരുത്തുന്നു. ആര്യന്‍മാരുടെ പ്രധാനദേവന്‍, ദേവകളുടെയൊക്കെ രാജാവായ ദേവേന്ദ്രനായിരുന്നു. പാലും പഴങ്ങളും നെയ്യും പൂവുമൊക്കെയായി അവരാ ദേവനെ പൂജിച്ചുവന്നു. എന്നാല്‍ ഭാരതത്തിലെത്തിയ ആര്യന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞത്, സാത്വികത തൊട്ടുതീണ്ടാത്ത രക്തവും മാംസവും നേദിക്കുന്ന രുദ്രമൂര്‍ത്തികളെയാണ്. പ്രകൃതിശക്തികളെ ഭയന്ന ആദിമദ്രാവിഡന്‍ അവനു രൂപം കൊടുത്തു മൂര്‍ത്തിയായ് ആരാധിക്കുകയായിരുന്നു. അന്നവനെ കാടുകളില്‍ ഏറെ വേട്ടയാടിയ വിഷരൂപികളായ നാഗങ്ങളെ അവനാരാധിച്ചു, ജീവനെടുക്കരുതേയെന്ന് കേണപേക്ഷിച്ചു, ഇരുട്ടില്‍ മരണം വിതയ്‍ക്കുന്ന അരൂപികള്‍ക്കവന്‍ ഭൂതമെന്നും പേരുവിളിച്ചു. അവരൊടൊക്കെയുള്ള അവന്റെ മനമുരുകിയ പ്രാര്‍ത്ഥന ആരാധനാമൂര്‍ത്തിക്കുള്ള തോറ്റം പാട്ടായി… ഇയൊരവസ്ഥയില്‍, ബ്രാഹ്മണന്റെ പാലും പൂവും ആദിദ്രാവിഡനുമുന്നില്‍ ചിലവാകില്ലെന്നു മനസ്സിലായ ആര്യര്‍ ദ്രാവിഡന്റെ മൂര്‍ത്തികളെ തങ്ങളിലേക്കു സ്വാംശീകരിക്കുകയായിരുന്നു. ആദികാവ്യമായ രാമയണവും ലോകോത്തരമഹാകാവ്യമായ മഹാഭാരതവും ആ സ്വാംശീകരണത്തിലൂടെ ജനിക്കുകയും ചെയ്ത അത്ഭുതമായ കഴ്‍ചയാണു പിന്നീടു കണ്ടത്. രാമായണത്തില്‍ ശ്രീരാമചന്ദ്രനു കൂട്ടായി ലങ്കയിലേക്കു പാലം പണിയുകയും രാവണനിഗ്രഹത്തിനു യുദ്ധക്കളത്തിലിറങ്ങുകയും ചെയ്‍ത ‘വാനരന്‍’മാര്‍ അന്നത്തെ തമിഴ്‍ദ്രാവിഡനല്ലാതെ മറ്റാരുമല്ല. കറുത്ത കാനന വാസികളെ ആര്യപുച്ഛം വാനരനെന്നു വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!
അതെന്തെങ്കിലുമാവട്ടെ,നമുക്കിങ്ങു വടക്കു മലബാറിലേക്കുതന്നെവരാം. ഇവിടെ, ഉത്തരകേരളത്തില്‍, കാസര്‍ഗോഡു കണ്ണൂര്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടിച്ചാത്തന്‍ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന ആരാധനാമൂര്‍ത്തിയും മന്ത്രമൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി,പൂക്കുട്ടി,തീക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ് കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തന്‍. അതുകൊണ്ടുതന്നെ ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തന്‍ എന്നും വിളിക്കാറുണ്ട്. ആര്യന്‍മാരോടുള്ള ദ്രാവിഡന്റെ അടങ്ങാത്ത പ്രതിഷേധത്തിനു നിതാന്തമായി നമുക്കീ തെയ്യത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്.
തെയ്യങ്ങള്‍ ഇനിയുമുണ്ട് – നൂറുകണക്കിനു തെയ്യങ്ങള്‍. ജാതിയുടേയും മതത്തിന്റേയും കെട്ടുപാടുകള്‍ക്കുള്ളില്‍ നിന്നും പുറത്തുവന്ന് അവര്‍ ഭക്തരെ അനുഗ്രഹിക്കുന്നു – ആശീര്‍വദിക്കുന്നു. താളപ്പെരുക്കങ്ങള്‍ക്കൊപ്പം കോലം കെട്ടി എരിയുന്ന നെരിപ്പോടിനെ സാക്ഷിയാക്കി മണ്ണിലെ ദൈവരൂപങ്ങള്‍ പദം പറഞ്ഞാടുന്ന കാഴ്‌ച അനുപമമാണ്. ഉച്ചനീജത്വങ്ങളുടെ ബുദ്ധിശൂന്യതയെ ചോദ്യം ചെയ്യുന്നതുപോലെ തന്നെ രൂക്ഷവാക്കുകളാല്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കോമാളിതെയ്യങ്ങളും ഒറ്റക്കോലപറമ്പുകളില്‍ കാണാവുന്നതാണ്. ഇതു മലബാറിന്റെ പുണ്യമാണ്; മലയാള നാടിന്റെ തന്നെ മഹാപുണ്യം!
ചെമ്പിലോട്ടുഭൂതം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനുസമീപം മലയോരദേശമാണു നടുവിൽ. ആദിവസി സമൂഹമായ കരിമ്പാലക്കാർ ഏറെയുള്ള ദേശമാണത്. കരിമ്പാല സമുദായക്കാരുടെ ഉപാസനാമൂർത്തിയാനു ചെമ്പിലോട്ടു ഭൂതം. മൈക്കാട്ടുമലയിലാണു ചെമ്പിലോട്ടു ഭൂതം കുടിയിരിക്കുന്നത്. ഈ തെയ്യത്തിന്റെ അനുഷ്ഠാന കർമ്മങ്ങളും ഐതിഹ്യവും മറ്റു തെയ്യങ്ങളിൽ നിന്നും ഒത്തിരി വ്യത്യാസപ്പെട്ടിരിക്കുന്നു.
ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കനൽക്കണ്ണുരുട്ടി എട്ടുദിക്കും നടുങ്ങുമാറുച്ചത്തിൽ അലറിവിളിച്ചാണ് ചെമ്പിലോട്ടുഭൂതം ഉറഞ്ഞടുന്നത്. പുരപ്പുറത്തു കയറിയാണ് വായ്ത്താരി വഴക്കങ്ങളിലൂടെ തെയ്യം ജനതതിയോടു സംവദിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ് ആദിവാസിസമൂഹം നെൽക്കറ്റകൾ അവരവരുടെ കുടിലുകളിൽ സൂക്ഷിക്കാറുണ്ട്. മലയിറങ്ങിവന്ന് ഭൂതം അതൊക്കെയും മോഷ്ടിക്കുമത്രേ. ഇങ്ങനെ മോഷ്ടാവായി രംഗത്തുവരുന്ന ഭൂതത്തെ നാട്ടുകാർ പണ്ടെന്നോപിടികൂടിയെന്നാണു വായ്ത്താരി. മോഷ്ണം കൂടാതെ നാട്ടിൽ ഏറെ വിപത്തും നാശനഷ്ടങ്ങളും ഭൂതം ഉണ്ടാക്കുമായിരുന്നു. ഒരിക്കൽ ഭൂതത്തെ ആവാഹിച്ച് ചെമ്പുകുടത്തിൽ അടക്കം ചെയ്ത് ഇന്നത്തെ ജാനുപ്പാറ എന്നറിയപ്പെടുന്ന ആനവീണകുന്നിൽ കുടം പഴമക്കാർ അടക്കം ചെയ്തുവത്രേ.
പ്രകൃതിക്ഷോഭത്തിൽ മണ്ണിൽ കുഴിച്ചിട്ട ചെമ്പുകുടം പുറത്തുവന്നു. ഉരുണ്ടുരുണ്ട് അജ്ഞാതശക്തിയാൽ അതുതകർന്ന് ഭൂതം പുറത്തെത്തി. ഗ്രാമവാസികൾക്ക് ഭൂതം വീണ്ടും പ്രശ്നമായിത്തുടങ്ങി. മകരക്കൊയ്ത്ത് കഴിഞ്ഞെത്താറുള്ള ഭൂതത്തെ പിടികൂടാനായി ഗ്രാമവാസികളൊത്തൊരുമിച്ച് മെതിയുത്സവം നടക്കുന്ന പുല്ലവനം ആലശ്ശേരിക്കളത്തിൽ ഒത്തുകൂടും. പൂർവ്വികരുടെ ഈ ഒത്തു കൂടലിന്റെ പ്രതീകമായി വർഷം തോറും വൃശ്ചികമാസത്തിൽ കളത്തിൽചെമ്പിലോട്ടു ഭൂതത്തെ കെട്ടിയാടിക്കുന്നു.
വള്ളിപ്പടർപ്പുകളും ചെറുമരങ്ങളുംതണല്വിരിച്ചു നിൽക്കുന്ന ആലശ്ശേരി കളത്തിൽ വാഴപ്പോളകൾ കൊണ്ട് താൽകാലികമായുണ്ടാക്കുന്ന ചെറിയ പതിയിലാണു തെയ്യാട്ടം നടക്കുക. ചെണ്ടയുടേയും ചീനിക്കുഴലിന്റേയും ആസുരതാളത്തിൽ ഭൂതം രൗദ്രഭാവത്തോടെ ഉറഞ്ഞാടും. അല്പനേരത്തെ കെട്ടിയാട്ടത്തിനുശേഷം ഭൂതം കെട്ടുപള്ളിപ്പുറവും അറക്കവില്ലും തകർക്കുന്ന ചടങ്ങുണ്ട്. അപ്പോൾ കരിമ്പാല സമുദായത്തിലെ ചെറുപ്രായക്കാർ പരസ്പരം കൈകൾ കോർത്തു പിടിച്ച് (ആറാമ്പള്ളി എന്നു പറയുമിതിനെ) വാഴപ്പോള കൊണ്ടുണ്ടാക്കിയ പതിസ്ഥാനം അഥവാ പള്ളിപ്രം സംരക്ഷിക്കും. നിറവിളക്കിനു മുമ്പ്പിൽ നിന്നാവും ഭൂതത്തിന്റെ വാക്‌തർക്കവും മറ്റും നടക്കുക. വാഴപ്പോളയിൽ ഒന്നെങ്കിലും കൈക്കലാക്കാൻ ഭൂതം അവിടെ നടത്തുന്ന വാക്ശരങ്ങളും മല്ലയുദ്ധവും കാഴ്ചക്കാർക്ക് രസകരമായ അനുഭൂതിയാണു നൽകുക.
കരിമ്പാലക്കാരുടെ ഐശ്വര്യത്തിന്റെ പ്രതീകമാണു വാഴപ്പോള. വാഴപ്പോള തട്ടിയെടുക്കാനാണു ഭൂതം ശ്രമിക്കുക. പള്ളിപ്രത്തിൽ ഭൂതം പ്രവശേക്കുന്നതും അതിനു വേണ്ടിയാണ്. വാഴപ്പോള എടുത്ത ശേഷം ഭൂതം പുരപ്പുറത്ത് കയറും.മോഷ്ടിച്ചെടുക്കുന്ന നെൽക്കറ്റകൾ നശിപ്പിക്കുന്ന ചടങ്ങുകളും മറ്റുകർമ്മങ്ങളും പുരപ്പുറത്താണു നടക്കുക. തെയ്യാട്ടത്തിനു വേണ്ടി പ്രത്യേകമായി കെട്ടിയൊരുക്കിയ പുരപ്പുറത്ത് തെയ്യവും യുവാക്കളും തമ്മിൽ പിടിവലി പോരാട്ടങ്ങൾ ഉണ്ട്. അവസാനം കോപാവേശത്തിൽ ജ്വലിച്ചുയരുന്ന തെയ്യം ആ പുരമുഴുവൻ തകർക്കുന്നു.
നെൽക്കറ്റകൾകൈയ്യിൽ കിട്ടിയില്ലെങ്കിൽ ഭൂതം മലമുകളിലെ നീരുറവയിൽ ചെന്നു കിടക്കും. നീരൊഴുക്ക് നിർത്തിവെച്ച് ജനങ്ങൾക്ക് വെള്ളമില്ലാതാക്കാനും കൃഷിനശിപ്പിക്കാനുംവേണ്ടിയാണിത് ചെയ്യുന്നതെന്നാണു വിശ്വാസം. വൈതൽകോൻ എന്ന കുടകുരാജാവിന്റെ അധീനതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഭൂതത്തിന്റെ ആവാസം. പഴയരാജകൊട്ടാരം, ക്ഷേത്രം, കിണർ എന്നിവ ഇന്നും അവിടെ കാണാൻ സാധിക്കുന്നുണ്ട്.
പൊലി പൊലിക ദൈവമേ താൻ ദൈവമായോൻ എന്നുള്ള പൊലിച്ചു പാടൽ മാത്രമാണു തെയ്യത്തിനു തോറ്റം പാട്ടായുള്ളത്. പുരാവൃത്തപരമായ യാതൊരു വർണ്ണനകളും തോറ്റം പാട്ടുകളിൽ ഇല്ല. മുകളിൽ പറഞ്ഞതൊക്കെയും വാമൊഴിപ്പഴക്കങ്ങളിലൂടെ ഇന്നു നിലനിൽക്കുന്ന പുരാവൃത്തം മാത്രമാണ്.
തെയ്യത്തിനായി വ്രതം നോറ്റിരിക്കുന്നവരെ അരിക്കാർ എന്നാണു വിളിക്കുക. ഏഴുദിവസത്തെ വ്രതം ചെമ്പിലോട്ടുഭൂതം കെട്ടാൻ ആവശ്യമാണ്. കളത്തിൽതിറതുടങ്ങിയാൽ പിന്നെ വ്രതം നോറ്റവർ മറ്റാരേയും തൊടാനോ മറ്റുവീടുകളിൽ പോകാനോ അവിടങ്ങളിൽ നിന്നും ജലപാനം പോലും നടത്താനോ പാടില്ല. തെയ്യക്കളം വിട്ടു പുറത്തു പോകാൻ പാടില്ല എന്നർത്ഥം. തെയ്യക്കളത്തിൽ ഉണ്ടാക്കുന്ന തിനക്കഞ്ഞി മാത്രമാണിവർക്കു ഭക്ഷണം. അവലും മലരും മദ്യവും മറ്റു നൈവേദ്യങ്ങളും കളത്തിൽതന്നെ ഉണ്ടാക്കിയതാവണം. തൊട്ടടുത്തചന്തകളിൽ നിന്നും വാങ്ങിക്കുന്നവ പോലും കളത്തിൽ കയറ്റാറില്ല.
തെയ്യത്തിനു ചായില്യം, മനയോല എന്നിവ കൊണ്ടാണ് മുഖത്തെഴുത്ത്. കണ്ണിൽ വട്ടത്തിൽ തിരിമഷി. വെളുത്ത താടി, കാലിൽ ചിലമ്പ്, ശിരസ്സിൽ തലപ്പാളി, അലക്കുവട്ടം, തലയ്ക്കു പിന്നിൽ ബഞ്ചിക്കെട്ട്, ഓലക്കാത്, കൈകളിൽ കൈവള, ചൂടകം, കഴകം, വെളുമ്പ്യൻ ഉടുപ്പ്, അരയിൽ മിന്നുന്ന വൈവിദ്ധ്യമാർന്ന അണിയലകൾ, കൂടാതെ, നെഞ്ചിലും വയറ്റിലും മഞ്ഞൾ അരച്ചു തേയ്ക്കുന്നു.
തെയ്യത്തിന്റെ അനുഷ്ഠാനകർമ്മങ്ങൾ ഒക്കെയും നടത്തുന്നത് കരിമ്പാലൻ മൂപ്പനാണ്. വണ്ണാൻ മലയൻ എന്നീ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ചെമ്പിലോട്ടു വീരൻ, അന്തിത്തിറ, ചാമുണ്ഡി, ഉതിരാളിപ്പോതി, കരിങ്കാളിപ്പോതി, എന്നീ തെയ്യങ്ങളും അപ്പോൾ കെട്ടിയാടാറുണ്ട്. നാട്ടുകാരുടെ ജനകീയ കമ്മിറ്റിയാണു തെയ്യംകെട്ടിനു നേതൃത്വം നൽകുന്നത്.
ഗോവ പറയുന്നത്!
തൃഷ്ണകളെ ത്രസിപ്പിക്കുന്ന വിശാലമായ കടല്‍ത്തീരങ്ങള്‍ എന്നും വിവശമദാലസയായ ഗോവയ്‌ക്കു സ്വന്തമാണ്. കേട്ടറിവുകളില്‍ ഒപ്പിയെടുത്ത നിറക്കാഴ്‌ചകള്‍ മാത്രമായിരുന്നു Continue reading
ഇഡു
കാസർഗോഡ് ജില്ലയിൽ പയ്യന്നൂർ മുതൽ വടക്ക് മേൽപ്പറമ്പുവരെയുള്ള പ്രദേശങ്ങൾക്കിടയിൽ ചില ദൈവസ്ഥാനങ്ങൾക്കടുത്തു കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺതിട്ടകളെയാണ് ഇഡു എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന തുളു വാക്കിനർത്ഥം ലക്ഷ്യം എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ ബില്ലവസമുദായം അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.
പഴയ തുളുനാടിന്റെ പലഭാഗങ്ങളിലുമാണ് ഇഡു കണ്ടുവരുന്നത്. ചെറുവത്തൂർ കൊവ്വൽ, കുട്ടമത്ത്, കോട്ടച്ചേരി കുന്നുമ്മൽ, പിലിക്കോട് രായമംഗലം ക്ഷേത്രസമീപമുള്ള കൊട്ടുമ്പുറം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറുള്ള കാരി, മേൽപ്പറമ്പിനടുത്ത് ആലിൻകീഴ്, തൃക്കരിപ്പൂർ മാണിക്കനാൽ, മാവുങ്കാൽ, വെള്ളിക്കോത്തിനടുത്ത് ഇടുവിൻകുന്ന് മുതലായ പ്രദേശങ്ങളിലാണ് ഇന്നും ഇഡു നിലനിൽക്കുന്നത്. ചെറുവത്തൂരിടുത്ത് ഹൈവേ റോഡിനു സമീപം കൊവ്വൽ വീരഭദ്രക്ഷേത്രത്തിനു മുമ്പിലായി സ്ഥിതിചെയ്യുന്ന ഇഡുവാണ് ഇന്നു കാണപ്പെടുന്ന ഇഡുകളിൽ ഏറ്റവും വലുത്.
ചിങ്ങമാസത്തിലായിരുന്നു ഇഡുവിൽ അമ്പെയ്‌ത്തു മത്സരങ്ങൾ നടന്നുവന്നിരുന്നത്. ഒറ്റക്കോലത്തിനുള്ള ഏർപ്പാടുകൾ തുടങ്ങുന്നതിനോടൊപ്പം തന്നെ അമ്പെയ്‌ത്തിനുള്ള ഒരുക്കങ്ങളും ചെയ്യുന്നു. ചെറുവത്തൂര്‍ കാരി, പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍,പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇഡു കാണാം. ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ വർഷം തോറും ഓണനാളുകളില്‍ അമ്പെയ്ത്ത്നടന്നു വരുന്നു. ഇപ്പോള്‍ അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. മാസാരംഭത്തിൽ തന്നെ തിരിയോലകൾ മലയൻപണിക്കരെ ഏൽപ്പിക്കണം. മലയൻപണിക്കരാണ് ഇതിനെ അമ്പുകളാക്കി മാറ്റുന്നത്. ഇഡുവിൽ അത്തം നാൾ മുതൽ അമ്പെയ്‌ത്തു തുടങ്ങുന്നു. ആദ്യദിവസങ്ങളിൽ ഇഡുവിന്റെ വടക്കേചെരുവിൽ ലക്ഷ്യമായി അടക്കയായിരുന്നുവത്രേ കെട്ടിത്തൂക്കിയിരുന്നത്. പിന്നീട് ലക്ഷ്യങ്ങൾ ഇഡുവിന്റെ മധ്യഭാഗത്തേക്കു മാണുന്നു. പൊതിച്ച തേങ്ങ വെള്ളത്തിൽ കുതിർത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുക്കുന്ന കാമ്പ് ആയിരിക്കും അപ്പോൾ ലക്ഷ്യമായി വെയ്‌ക്കുന്നത്. തലേ ദിവസം രാത്രി തന്നെ നിശ്ചിതസ്ഥാനത്ത് ലക്ഷ്യം ഉറപ്പിച്ചിരിക്കും. അത്തം നാളിൽ സ്ഥനാധികാരിയായ അച്ഛൻ ഒരമ്പെടുത്ത് എയ്‌തുതുടങ്ങിയാൽ മത്സരം ആരഭിക്കുകയായി. സന്ധ്യയ്‌ക്ക് ദൈവസ്ഥാനത്ത് വിളക്കു വെയ്‌ക്കും വരെ ഇതു തുടരും. ഇരുന്നെയ്‌ത്ത്, നടന്നെയ്‌ത്ത് എന്നിങ്ങനെ രണ്ടുതരം രീതികൾ ഈ വിനോദത്തിനുണ്ട്.
ചെറുവത്തൂർ കൊവ്വലിൽ സമീപപ്രദേശങ്ങളായ ചന്തേര, പള്ളിക്കര, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ വന്ന് അമ്പെയ്‌ത്തു മത്സരത്തിൽ പങ്കെടുത്തിരുന്നുവത്രേ. വിവിധ ജനസമുദായങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഈ വിനോദത്തിന്റെ പ്രത്യേകത. പ്രാചീനസമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഇതിലൂടെ കാണാനാവുന്നത്. ആയോധനകലയ്‌ക്കും വീരാരാധനയ്‌ക്കും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും ഇതു കാണിച്ചു തരുന്നു.
ഇഡുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അധികം ലഭ്യമല്ല. ഇഡുവിനെപറ്റി കേരളം സന്ദർശിച്ച ഫൗസാറ്റ് തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർശിക്കുന്നു.”കുറുമ്പ്രനാടിന്റെ തെക്കൻ ഭാഗമായ ഒരു പ്രദേശത്ത് ഒരു വിചിത്രമായ വിനോദം ഞാൻ കാണുകയുണ്ടായി. മധ്യഭാഗം ഏകദേശം രണ്ടടി ഉയർന്നതും രണ്ട് വശങ്ങളിലേക്കു ചരിവുള്ളതുമായ അർദ്ധവൃത്താകൃതിയിലുള്ള ഒരു മൺതിട്ട അവിടെ ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ ഈ സ്ഥാനത്തിന്റെ ഇടതു-വലതു ഭാഗങ്ങളിൽ ഇരുപത്തിയഞ്ചുവാര അകലെ തയ്യാറായി നിന്നിരുന്നു. ഓരോ കളിക്കാരനും ഏകദേശം പതിനെട്ട് ഇഞ്ച് നീളമുള്ള വില്ലും ഈർക്കിൽ കൊണ്ടുണ്ടാക്കിയ അമ്പും കൈയ്യിലേന്തിയിട്ടുണ്ട്. മൺതിട്ടയുടെ ഒത്ത നടുവിൽ സ്ഥാപിച്ച വാഴത്തടയുടെ മേൽ കുത്തിനിർത്തിയ കുറ്റിയിൽ ‘ലക്ഷ്യം’ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് പോരാളികൾ എയ്‌തുതുടങ്ങുന്നു. ലക്ഷ്യത്തിലേക്ക് കൃത്യതയോടെ അമ്പെയ്തു കൊള്ളിക്കുന്നയാൾ നിലത്തുവീണ മറ്റ് അമ്പുകൾ വാരിയെടുക്കുന്നു. അട്ടഹാസങ്ങളുടേയും ആരവങ്ങളുടേയും അകമ്പടിയോടെ ഈ വിനോദം തുടർന്നുകൊണ്ടേയിരിക്കും.” പഴമക്കരുടെ ഓർമ്മകളിലും ഇന്നത്തെ ഇഡു കേന്ദ്രീകരിച്ച് അമ്പെയ്‌ത്തുമത്സരം നടന്നിരുന്നതായ് തെളിവുകളുണ്ട്.
പുരാവൃത്തങ്ങൾ
വിവിധ പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇഡുവിന്റെ പിന്നിലെ കഥകൾ.
ഒറ്റക്കോലവുമായി ബന്ധപ്പെട്ട കഥ
പലതരത്തിലുള്ള പുരാവൃത്തങ്ങൾ ഇഡുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് നരസിംഹാവതാരവുമായി ബന്ധപ്പെട്ട കഥയാണ്. ഹിരണ്യവധാർത്ഥം സ്ഥംഭം പിളർന്ന് നരസിംഹം പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരരൂപം കണ്ടു ഭയന്ന അഷ്‌ടദിക്‌പാലകർ ഓടി ഒളിച്ചുവത്രേ. എന്നാൽ അഗ്നി മാത്രം ഹിരണ്യന്റെ കോട്ടവാതിൽക്കൽ നിലയുറപ്പിച്ചു. സുരനരപക്ഷിമൃഗാദികളാലും രാവും പകലും ആകാശത്തും ഭൂമിയിലും ആയുധങ്ങളാലും വധിക്കപ്പെടരുതെന്ന വരലബ്‌ധിയുള്ള ഹിരണ്യനെ അഗ്നി ദഹിപ്പിച്ചിരിക്കുമോ എന്ന സംശയത്താൽ നരസിംഹമൂർത്തി അഗ്നിക്കകത്ത് പ്രവേശിച്ച് ഹിരണ്യനെ അന്വേഷിച്ചത്രെ. ഈ ഒരു സംഭവം ഒറ്റക്കോലം കെട്ടിയാടുമ്പോൾ തെയ്യം തീയിൽ ചാടുന്ന ചടങ്ങിലൂടെ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഹിരണ്യന്റെ കോട്ടയെ സൂചിപ്പിക്കാനായി വിഷ്‌ണുമൂർത്തിയെ (പരിദേവത, പരദേവത) കെട്ടിയാടുന്ന ഇടങ്ങിളിലൊക്കെ ഇഡു കെട്ടിയതാവാം എന്നു കരുതുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ് എന്ന നാടുവാഴിയുടെ കാലികളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യച്ചെറുക്കൻ പിന്നീടു തെയ്യമായി മാറിയ കഥയാണ് പരിദേവതയുടേത്. തോറ്റം പാട്ടിൽ പറയുന്നു:
കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു …
ബാണാസുരനുമായി ബന്ധപ്പെട്ട കഥ
ചിലയിടങ്ങളിൽ ഇഡുവിനെ ബാണന്റെ കോട്ട എന്നു വിളിച്ചുവരുന്നു. വരബലത്താൽ ശിവൻ തന്റെ കോട്ടയുടെ കാവൽക്കാരനായി ബാണാസുരനെ നിയമിക്കുന്നു. ബാണാസുരന്റെ മകളായ ഉഷയുമായി ശ്രീകൃഷ്‌ണപൗത്രനായ അനിരുദ്ധൻ പ്രണയത്തിലാണ്. ഇതിൽ കുപിതനായ ബാണാസുരൻ ഒരിക്കൽ അനിരുദ്ധനെ പിടിച്ച് തടവിലിടുന്നു. പൗത്രനെ രക്ഷിക്കാനായി ശ്രീകൃഷ്‌ണൻ സൈന്യവുമായി എത്തിയപ്പോൾ ബാണൻ രക്ഷയ്‌ക്കായി ശിവനെ സമീപിക്കുന്നു. ബാണന്റെ രക്ഷകൻ എന്ന നിലയിൽ ശിവൻ വൈഷ്‌ണവാംശമായ ശ്രീകൃഷ്‌ണനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയിൽ ശിവൻ ശിവജ്വരവും വിഷ്‌ണു വിഷ്‌ണുജ്വരവും ഉണ്ടാക്കുന്നു. അവസാനം വിഷ്‌ണുജ്വരം വിജയിക്കുന്നു. യുദ്ധം നടന്നത് ബാണന്റെ കോട്ടവാതിൽക്കലായതിനാൽ ഇഡുവും കോട്ടയും തമ്മിലുള്ള ബന്ധം ഇവിടേയും അനാവൃതമാവുന്നു. അങ്ങനെ ബാണന്റെ കോട്ടയാണ് ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു.
