ഇരുളിന്‍ മഹാനിദ്രയില്‍

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Irulin-Mahanidrayil-MadhusoodhananNair.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു…

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു…

അടരുവാന്‍ വയ്യാ…
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും…
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം….
നിന്നിലടിയുന്നതേ നിത്യസത്യം…!!


Lyricist: വി മധുസൂദനൻ നായർ
Music: മോഹൻ സിത്താര
Singer: വി മധുസൂദനൻ നായർ
Film: ദൈവത്തിന്റെ വികൃതികൾ

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ – കുടവയറാ!
ഓണത്തപ്പാ – കുടവയറാ!!
എന്നാ പോലും – തിരുവോണം?

നാളേയ്ക്കാണേ – തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ – കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി, കിച്ചടിയച്ചാറും!

ഓണത്തപ്പാ – കുടവയറാ
എന്നാ പോലും തിരുവോണം?

ഓണപ്പാട്ട്

ഇതാ ആ നല്ല പാട്ട്!! നമുക്കൊക്കെ ഒന്നിച്ചിരുന്ന് ഒന്നുകൂടെ ഇതു പാടാം!
അനല്പമായ ഗൃഹാതുരതയോടെ!!

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.

പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.

ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരിൽ.

ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.

നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.

കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.

വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.

മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.
 

സദ്ഗതി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/sathgadhi.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗല കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ…
നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ…

ഒരു നാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും…
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികേ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

രചന: ബാലചന്ദ്രൻ ചുള്ളിക്കാട്

Chandrashekar Azad | ചന്ദ്രശേഖർ ആസാദ്


1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ജനിച്ചു. പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു. ആ ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് ‘ആസാദ്’ എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.

അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം തീവ്രവാദികൾ അപായ ചങ്ങല വലിച്ച് നിർത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു.

ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ആസാദിനെ കിട്ടിയില്ല. പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി.

വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. ഭഗത് സിംഗ് പിന്നീട് ഈ സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവറ്ത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.

ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടുപിടിച്ചു. 1929 ൽ ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ തീവ്രവാദികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡൽഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു. ആസാദിന്റെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആസാദ് പഞ്ചാബിലേക്ക് പോയി. തുടർന്നും പൊലീസിനെതിരെ ബോംബേറുകൾ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലോചന കേസുകൾ കൂടിയെടുത്തു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസും ന്യൂഡൽഹി ഗൂഢാലോചനക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവർത്തകരെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.

ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 21ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാരെ വെടിവച്ചുകൊന്ന ആസാദ് പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം വെടിവച്ചു മരിച്ചു. ബ്രിട്ടീഷ് പട്ടാളക്കാർ വളഞ്ഞ ആസാദ്, അവർക്ക് പിടികൊടുക്കാതെ  വെടിവെച്ചു മരിച്ചതിനുശേഷം ബ്രിട്ടീഷ് പട്ടാളക്കാർ ആസാദിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചിരിക്കുന്നു(ചിത്രം രണ്ട്). മറ്റുള്ള വിപ്ലവകാരികൾക്ക് ഒരു മുന്നറിയിപ്പായിട്ടായിരുന്നു ഇത്. ധീരരക്തസാക്ഷിത്വം വരിച്ച ആസാദ് യുവഹൃദയങ്ങളിൽ ഒരു വീരനായകനായി ഇന്നും ജീവിക്കുന്നു. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു.

വിക്കിപീഡിയയിൽ നിന്നും…

മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം – ഉപയോഗങ്ങൾ എന്ന വിഭാഗത്തിൽ ചോദിച്ച 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുന്നു. Continue reading

മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!

സ്വാതന്ത്ര്യദിനത്തിൽ പുതിയെരു പദ്ധതിയുമായി മലയാളം വിക്കപീഡിയ!!
മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!
 ചരിത്ര പ്രാധാന്യമുള്ള കോട്ടകളേയും സ്മാരകങ്ങളേയും അതുപോലുള്ള മറ്റു സ്ഥലങ്ങളുടേയും വിവരങ്ങൾ ശേഖരിക്കാനായി മലയാളം വിക്കിപീഡിയ രൂപം നൽകിയ പുതിയൊരു പദ്ധതിയാണിത്. താഴെ പറഞ്ഞിരിക്കുന്നവയുടെ ചിത്രങ്ങൾ ശേഖരിച്ച് വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുകയും അവയ്ക്ക് അനുയോജ്യമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ  തുടങ്ങുകയോ ഉള്ളവ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാനുള്ളതാണ് ഈ പദ്ധതി. അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ കൈയിൽ  ഇതിൽ  ഏതിലെങ്കിലും പെട്ട ചിത്രങ്ങൾ ഉണ്ടെങ്കിൽ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു.

  • കോട്ടകൾ
  • പ്രതിമകൾ
  • പഴയ ആശ്രമങ്ങൾ
  • പഴയ കലാക്ഷേത്രങ്ങൾ
  • പ്രധാന മണ്ഡപങ്ങൾ
  • കൊട്ടാരങ്ങൾ
  • ദേവാലയങ്ങൾ
  • സ്മാരകമന്ദിരങ്ങൾ
  • വിദ്യാഭ്യാസസ്ഥാപനങ്ങൾ
  • ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങൾ
  • അണക്കെട്ടുകൾ
  • ചരിത്ര പ്രാധാന്യമുള്ള മറ്റു സംഗതികൾ
പദ്ധതിയെ കുറിച്ചുള്ള പൂർണവിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു:
ലിങ്ക്:ml.wikipedia.org/wiki/wikipedia:Malayalam_Loves_Monuments

ഇതിന്റെ പേരാണോ ആശ്രദ്ധ!!

സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്…

വാർത്താ ലിങ്ക്: http://goo.gl/H9JTv

NB: കോട്ടയത്തെ കൊടയം, കൊട്ടയം, കോഡയം എന്നൊക്കെ എഴുതിയാൽ മനോരമയും പനച്ചിയുമൊക്കെ സമ്മതിക്കുമോ ആവോ!!

നീയുറങ്ങിക്കൊള്‍ക

നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം
തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം,
ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍
ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം

Malayalam Wikipedia Logo

Wikipedia logo മലയാളം വിക്കിപീഡിയ ലോഗോ( Malayalam Wikipedia Logo) സേർച്ച് ചെയ്യുന്നവർക്ക് പതിവായി കിട്ടിക്കൊണ്ടിരിക്കുന്നത് മലയാളം വിക്കിപീഡിയയുടെ പഴയ ലോഗോ ആണെന്നു കാണാൻ കഴിഞ്ഞു. മലയാളം വിക്കിപീഡിയയെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നവർ ഉപയോഗിക്കുന്നതും വാർത്തകൾ കൊടുക്കുന്ന മിക്ക പത്രങ്ങളിൽ വരുന്ന ലോഗോകളും ഇപ്പോഴും പഴയതു തന്നെയാണ്. എന്നാൽ വിക്കിപീഡിയ കോമൺസിൽ മലയാളം വിക്കിപീഡിയയുടെ വിവിധ ഉപയോഗങ്ങൾക്കായുള്ള ലോഗോകൾ ലഭ്യമാണ്. അവയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നതു കാണുക:മലയാളം വിക്കിപീഡിയ ലോഗോ – വിവിധ ആവശ്യങ്ങൾക്കായുള്ളത്

25000 പ്രൗഢലേഖനങ്ങളുടെ കരുത്തുമായി മലയാളം വിക്കിപീഡിയ വൈജ്ഞാനികകേരളത്തിന്റെ മുഖമുദ്രയാവുകയാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.  ഒത്തിരിപ്പേർ മലയാളം വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും  മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത് നൂറോളം പേരാണ്. ഇനിയും ഭാഷാ സ്നേഹികളായ മലയാളികൾ ഈ രംഗത്തേക്ക് കടന്നു വരുമെന്നും പ്രാദേശികമായ അതിരുകൾ കടന്ന് എല്ലായിടത്തും വിക്കിപീഡിയ സജീവമാവുമെന്നു പ്രതീക്ഷിക്കുന്നു.  ഈ അവസരത്തിൽ വിവിധങ്ങളായ ലോഗോ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കി വിക്കിപീഡിയ അംഗീകരിച്ച സ്ഥിരമായ ഒരു ലോഗോ തന്നെ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.