
തെയ്യം: വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൌകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ.
ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. ‘ദൈവം’ എന്ന വാക്കിന്റെ തദ്‍ഭവമാണു ‘തെയ്യം’. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്.
വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്.
വണ്ണാന്‍, മലയന്‍, മാവിലാന്‍, ചെറവന്‍, വേലന്‍, പുലയന്‍, പരവര്‍, ചിങ്കത്താന്‍, പമ്പത്തര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. കാവുകളിലും ഹിന്ദുഭവനങ്ങളിലും വയലുകളില്‍ കെട്ടിയുണ്ടാക്കിയ തല്‍കാലിക മറകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിനു ‘കളിയാട്ട’മെന്നുപേര്. അസുരവാദ്യമായ ചെണ്ടയാണ് പ്രധാന വദ്യോപകരണം. മദ്ദളം, തകില്‍, കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.
തെയ്യം കെട്ടിയ വ്യക്തി കാവിന്റെ അല്ലെങ്കില്‍ പള്ളിയറയുടെ മുമ്പിലിരുന്ന് ആരാധനാമൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പാടുന്ന തോറ്റംപാട്ടാണ് ആദ്യചടങ്ങ്. തോറ്റംപാട്ടിലൂടെയാണ് ആ തെയ്യത്തിനാധാരമായ മൂര്‍ത്തിയുടെ പുരാവൃത്തം അനാവരണം ചെയ്യപ്പെടുന്നത്. ഇതൊരു തുകിലുണര്‍ത്തുപാട്ടാണ്. തോറ്റം പാട്ടിന്റെ പാരമ്യത്തില്‍ തെയ്യം ഉറഞ്ഞാടുന്നു. ചില തെയ്യങ്ങള്‍ഈ സമയത്ത് അഗ്നിപ്രവേശം നടത്തുന്നു. ഭക്തരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുന്ന ചടങ്ങാണ് ‘ഉരിയാടല്‍’ എന്നുപറയുന്നത്. ശേഷം തെയ്യത്തെ തൊഴുത്, അരിയും കുറിയും വാങ്ങിച്ചാല്‍ തെയ്യത്തിന്റെ പരിസമാപ്തിയായി. മുടിയെടുത്തുമാറ്റുന്ന ചടങ്ങോടെ തെയ്യം അവസാനിക്കുന്നു.
മുച്ചിലോട്ടുഭഗവതി
പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്… പുരുഷമേല്‍ക്കോയ്‍മയുടെ കൊടുംതീയില്‍ ഒരുപിടിചാമ്പലായിമാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍ത്തെണീറ്റ രായമംഗലത്തുമനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി.
മുത്തപ്പന്‍
കുറിച്യരെ ഒന്നിച്ചു നിര്‍ത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തില്‍ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനുംവേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളില്‍. നാടുകാര്‍ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേര്ന്ന് അവര്‍ക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങള്‍ അവനോടുള്ള സ്നേഹാദരങ്ങള്‍ മാത്രമായി കണക്കാക്കിയാല്‍ മതി. പുരാവൃത്തങ്ങള്‍ക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിതതപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതര്‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങള്‍ക്കു പുതിയ വ്യാഖാനങ്ങള്‍ നല്‍കിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പന്‍. അവസനാകാലത്ത്‍ മുത്തപ്പന്‍ താമസിച്ചത് കുന്നത്തൂര്‍പാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താല്‍ പ്രസിദ്ധമായിത്തീര്‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങള്‍ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താന്‍ പണ്ടുനയിച്ച നായാട്ടും മധുപാനവും ഒക്കെ പുനര്‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പന്‍. അവരുടെ ഏതാപത്തിലും മുത്തപ്പന്‍ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തില്‍ ജൈനമതക്കാര്‍ തങ്ങളുടെ ദേവനായ തീര്‍ത്ഥങ്കരനേയും ബുദ്ധമതക്കാര്‍ ബുദ്ധനേയും (ശ്രീബുദ്ധനുള്‍പ്പടെ) മുത്തന്‍, മുത്തപ്പന്‍, എന്നൊക്കെ വിളിച്ചിരുന്നു. മുക്തന്‍ എന്നതിന്‍റെ ഗ്രാമ്യമാണ് മുത്തന്‍. ആ വഴിയിലൂടെ ചിന്തിക്കില്‍ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേര്‍ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ് മലയാറ്റൂരിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുത്തപ്പനെ ആരാധിക്കുന്നത്. മുത്തപ്പന്‍ തെട്ടത്തിന്റെ സംഭവബഹുലമായ പുരാവൃത്തം ഇവിടെ കൊടുത്തിരിക്കുന്നു. പാടിപ്പഴകി വന്ന കഥകളായി മാത്രം ഇതിനെ കാണുക ഇതേ ലേഖനം ഇംഗ്ലീഷിൽ വായിക്കാൻ ചെയ്യുക.
പൊട്ടന്‍ തെയ്യം
തെയ്യവുമായി ബന്ധപ്പെട്ടവ
ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം. പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍ നിര്‍മ്മിതം. പുലയര്‍ക്കെന്നപോലെ മലയര്‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്.
വിഷ്ണുമൂര്ത്തി
ശുദ്ധനും നിരപരാധിയുമായ തീയ്യച്ചെറുക്കന്റെ അചഞ്ചലഭക്തിയില്‍ സ്ഥിതികാരകനായ മഹാവിഷ്‍ണു പ്രത്യക്ഷനാവുകയാണിവിടെ. പരദേവത/പരിദേവതയായി ജാതിഭേദമന്യേ പാലന്തായിക്കണ്ണനെന്ന ആ വൈഷ്‍ണവന്‍ പുനര്‍ജനിക്കുന്നു.
ത്രിമൂര്‍ത്തിസങ്കല്‍പ്പത്തില്‍ മഹാദേവനാണ് ഏറ്റവും കൂടുതൽ തെയ്യസങ്കല്‍പ്പങ്ങളുള്ളത്‍. നായാടി നടന്ന ആദിമദ്രാവിഡന്റെ ആത്മവീര്യത്തിനുതകുന്നതായിരുന്നു ഓരോ ശൈവപുരാവൃത്തങ്ങളും. പുലിത്തോലണിഞ്ഞ്‍, പമ്പിനെ മാലയായി ചൂടി ചുടലഭസ്‍മവുമണിഞ്ഞു നടക്കുന്ന മഹാദേവസങ്കല്‍പ്പം ആ നായാട്ടുസമൂഹത്തിന് എന്തുകൊണ്ടും ചേരുന്നതായിരുന്നു. മദ്യമാംസാദികള്‍ അവനുകാണിക്കയാവുന്നതും അതുകൊണ്ടുതന്നെ.
മഹാവിഷ്‍ണുവിനു പൊതുവേ തെയ്യക്കോലങ്ങള്‍ കുറവാണ്. പറശ്ശിനിക്കടവു ശ്രീമുത്തപ്പനോടു കൂടി ആടുന്ന വെള്ളാട്ടം മഹാവിഷ്‍ണുവിന്റെ അംശാവതാരമാണ്. ബക്കിയുള്ള തെയ്യക്കോലങ്ങളേറെയും ശൈവസങ്കല്‍പ്പങ്ങളോ അമ്മസങ്കല്‍പ്പങ്ങളോ മറ്റുള്ളവയോ ആണ്.
ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ “കുളിച്ചാറ്റം” എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍.(വെള്ളാട്ടങ്ങളെ കുറിച്ച് വ്യക്തമായി പിന്നീട് പോസ്‍റ്റ് ചെയ്യുന്നതാണ്.)ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാടമാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍പ്പുണ്ടാവും. പുലര്‍ച്ചയോടെ അതുകത്തിയമര്‍ന്ന് കനല്‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം.
മലയസമുദായക്കാര്‍ മാത്രമേ വിഷ്‍ണുമൂര്‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍ത്തിയെ കെട്ടുന്ന ആള്‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍പ്പിക്കുന്ന ചടങ്ങാണിത്‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇരുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മലയന്‍പണിക്കര്‍ക്ക് അടയാളം കൊടുക്കേണ്ടത്. 
കുട്ടിച്ചാത്തന്‍
ശിവാംശത്തില്‍നിന്നും ഉടലെടുത്ത മറ്റൊരു മൂര്‍ത്തീരൂപമാണ് കുട്ടിച്ചാത്തന്‍. ശിവന്‍ ഒരു ദ്രാവിഡദേവനാണ്. ആര്യന്‍മാരായ ബ്രാഹ്മണര്‍ മധ്യേഷ്യാഭാഗങ്ങളില്‍ നിന്നും ഇന്നത്തെ അഫ്‍ഗനിസ്ഥാന്‍ വഴി ഭാരതത്തിലേക്കു വന്‍തോതില്‍ കുടിയേറ്റം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ആ യാത്രാവേളയിലുടലെടുത്ത ഭാഷയാണു പ്രൌഡഭാഷയായ സംസ്‍കൃതം. അതുകൊണ്ടുതന്നെ ഇംഗ്ലീഷുപോലുള്ള പാശ്ചാത്യഭാഷകള്‍ക്കും സംസ്‍കൃതത്തിനുമുള്ള പ്രകടമായ സാമ്യങ്ങളെ വിലയിരുത്തി ഇവയ്ക്കെല്ലാം മൂലരൂപമായ മറ്റൊരു ആദിമഭാഷയുണ്ടായിരുന്നു എന്നു ചില പഠനങ്ങള്‍ വിലയിരുത്തുന്നു. ആര്യന്‍മാരുടെ പ്രധാനദേവന്‍, ദേവകളുടെയൊക്കെ രാജാവായ ദേവേന്ദ്രനായിരുന്നു. പാലും പഴങ്ങളും നെയ്യും പൂവുമൊക്കെയായി അവരാ ദേവനെ പൂജിച്ചുവന്നു. എന്നാല്‍ ഭാരതത്തിലെത്തിയ ആര്യന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞത്, സാത്വികത തൊട്ടുതീണ്ടാത്ത രക്തവും മാംസവും നേദിക്കുന്ന രുദ്രമൂര്‍ത്തികളെയാണ്. പ്രകൃതിശക്തികളെ ഭയന്ന ആദിമദ്രാവിഡന്‍ അവനു രൂപം കൊടുത്തു മൂര്‍ത്തിയായ് ആരാധിക്കുകയായിരുന്നു. അന്നവനെ കാടുകളില്‍ ഏറെ വേട്ടയാടിയ വിഷരൂപികളായ നാഗങ്ങളെ അവനാരാധിച്ചു, ജീവനെടുക്കരുതേയെന്ന് കേണപേക്ഷിച്ചു, ഇരുട്ടില്‍ മരണം വിതയ്‍ക്കുന്ന അരൂപികള്‍ക്കവന്‍ ഭൂതമെന്നും പേരുവിളിച്ചു. അവരൊടൊക്കെയുള്ള അവന്റെ മനമുരുകിയ പ്രാര്‍ത്ഥന ആരാധനാമൂര്‍ത്തിക്കുള്ള തോറ്റം പാട്ടായി… ഇയൊരവസ്ഥയില്‍, ബ്രാഹ്മണന്റെ പാലും പൂവും ആദിദ്രാവിഡനുമുന്നില്‍ ചിലവാകില്ലെന്നു മനസ്സിലായ ആര്യര്‍ ദ്രാവിഡന്റെ മൂര്‍ത്തികളെ തങ്ങളിലേക്കു സ്വാംശീകരിക്കുകയായിരുന്നു. ആദികാവ്യമായ രാമയണവും ലോകോത്തരമഹാകാവ്യമായ മഹാഭാരതവും ആ സ്വാംശീകരണത്തിലൂടെ ജനിക്കുകയും ചെയ്ത അത്ഭുതമായ കഴ്‍ചയാണു പിന്നീടു കണ്ടത്. രാമായണത്തില്‍ ശ്രീരാമചന്ദ്രനു കൂട്ടായി ലങ്കയിലേക്കു പാലം പണിയുകയും രാവണനിഗ്രഹത്തിനു യുദ്ധക്കളത്തിലിറങ്ങുകയും ചെയ്‍ത ‘വാനരന്‍’മാര്‍ അന്നത്തെ തമിഴ്‍ദ്രാവിഡനല്ലാതെ മറ്റാരുമല്ല. കറുത്ത കാനന വാസികളെ ആര്യപുച്ഛം വാനരനെന്നു വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!
അതെന്തെങ്കിലുമാവട്ടെ,നമുക്കിങ്ങു വടക്കു മലബാറിലേക്കുതന്നെവരാം. ഇവിടെ, ഉത്തരകേരളത്തില്‍, കാസര്‍ഗോഡു കണ്ണൂര്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടിച്ചാത്തന്‍ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന ആരാധനാമൂര്‍ത്തിയും മന്ത്രമൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി,പൂക്കുട്ടി,തീക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ് കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തന്‍. അതുകൊണ്ടുതന്നെ ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തന്‍ എന്നും വിളിക്കാറുണ്ട്. ആര്യന്‍മാരോടുള്ള ദ്രാവിഡന്റെ അടങ്ങാത്ത പ്രതിഷേധത്തിനു നിതാന്തമായി നമുക്കീ തെയ്യത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്.
തെയ്യങ്ങള്‍ ഇനിയുമുണ്ട് – നൂറുകണക്കിനു തെയ്യങ്ങള്‍. ജാതിയുടേയും മതത്തിന്റേയും കെട്ടുപാടുകള്‍ക്കുള്ളില്‍ നിന്നും പുറത്തുവന്ന് അവര്‍ ഭക്തരെ അനുഗ്രഹിക്കുന്നു – ആശീര്‍വദിക്കുന്നു. താളപ്പെരുക്കങ്ങള്‍ക്കൊപ്പം കോലം കെട്ടി എരിയുന്ന നെരിപ്പോടിനെ സാക്ഷിയാക്കി മണ്ണിലെ ദൈവരൂപങ്ങള്‍ പദം പറഞ്ഞാടുന്ന കാഴ്‌ച അനുപമമാണ്. ഉച്ചനീജത്വങ്ങളുടെ ബുദ്ധിശൂന്യതയെ ചോദ്യം ചെയ്യുന്നതുപോലെ തന്നെ രൂക്ഷവാക്കുകളാല്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കോമാളിതെയ്യങ്ങളും ഒറ്റക്കോലപറമ്പുകളില്‍ കാണാവുന്നതാണ്. ഇതു മലബാറിന്റെ പുണ്യമാണ്; മലയാള നാടിന്റെ തന്നെ മഹാപുണ്യം!



In the thaliyola (talipot palm leaves) there is a memoir about a valiant soldier who wrestled for the autonomy of Kurichiyars and unchained them from the disgrace of 
But the person sitting on the top of the palm tree sat silently, turning a deaf ear to what he had heard. Chandan got irritated, seeing the man sitting idly without any response. He was outraged and tried to shoot the man using his bow and arrows.


പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങൾ കാലികമാണ് (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ).