god
വിശ്വാസം അതല്ലേ എല്ലാം
പണ്ടൊക്കെ ദൈവവിശ്വാസമെന്നത്, ആത്മാർത്ഥതോടെയും ഭയഭക്തിബഹുമാനത്തോടെയും ആൾക്കാർക്കുള്ള പരിപൂർണ വിശ്വാസത്തോടെ ചെയ്യുന്നൊരു കർത്തവ്യമായിരുന്നു. അവർക്കുറപ്പുണ്ട്, ദൈവമെന്നൊരു ബിംബം ഉണ്ട്, അതു സത്യമാണ്. ഞാനെന്തുപറഞ്ഞാലും ആ ദൈവം കേൾക്കും, രക്ഷിക്കും ആശ്വസിക്കും പ്രശ്നപരിഹാരത്തിനു സഹായിക്കും എന്നൊക്കെ. അഥവാ സാധിക്കാതെ വന്നാൽ തന്നെ അത് എന്റെ കുറ്റം കൊണ്ടുമാത്രമാണെന്നോ, അ;;എങ്കിൽ ഇതിനായി ഞാൻ ബന്ധപ്പെട്ടവരുടെ കൊറ്റം കൊണ്ടെന്നോ അവർ കരുതും, നന്നായി പ്രാർത്ഥിച്ചിരുന്നേൽ രക്ഷപ്പെട്ടേനെ – അടുത്ത തവണ നോക്കണം എന്നും സമാശ്വസിക്കും. അതുകൊണ്ടുതലന്നെ എല്ലാറ്റിനും അവർക്കു ദൈവങ്ങളുണ്ടായിരുന്നു. വ്യത്യസ്ഥ തലകൾക്ക് പാകമായ വിവിധ തരത്തിലുള്ള തൊപ്പികൾ പോലെ പലതുണ്ട് ദൈവങ്ങളവർക്ക്. ചടുലവും ക്ഷിപ്രകോപിയും ഭദ്രകാളിയെ പേലെയുള്ളതും പ്രണയിക്കാനും സ്നേഹിക്കാനും ആയി ശ്രീകൃഷ്ണനും താരാട്ടുപാടുമ്പോൾ ഉണ്ണിക്കണനാവാനും ഭാഗ്യലക്ഷ്മിയും ഐശ്വര്യലക്ഷ്മിയും ശൂഭാരംഭത്തിനു ദോഷങ്ങൾ തീർത്ത് മംഗളകരമായി ഒരു കാര്യം തുടങ്ങാൻ ഗണപതിയും ഒക്കെയായി സകല വികാരങ്ങൾക്കും ദൈവമുണ്ട്.
സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും അവർ ആദ്യം ഓർക്കുന്നതും, സഹായം അഭ്യർത്ഥിക്കുന്നതും, തന്റെ സന്തോഷത്തിന്റെ ഒരംശം നേർച്ചയിലൂടെ ദൈവപാദത്തിൽ അർപ്പിക്കുന്നതും ആദ്യം അവർക്കണ്. ദൈവമില്ലെന്ന് അവർക്ക് ഒരുതരത്തിലും ഉൾക്കൊള്ളാനാവില്ലായിരുന്നു. ലക്ഷോപലക്ഷ ജനങ്ങൾക്കിടയിലും ലക്ഷണം കെട്ടത് ഒന്നോ രണ്ടോ എന്നപോലെ അപ്വാദങ്ങൾ ഇവർക്കിടയിലും ഏറെയുണ്ട്. ദൈവനിഷേധികളായവർ തലങ്ങും വിലങ്ങും നടക്കാറുമുണ്ട്. അവർക്കൊരു വീഴ്ചവരുമ്പോൾ വിശ്വാസികൾ ദൈവത്തിന്റെ മഹത്വത്തെ വാഴ്ത്തുക തന്നെ ചെയ്യും; ദൈവദോഷം കൊണ്ടാണവന് അങ്ങനെ സംഭവിച്ചത് എന്നവർ പറയുകയും ചെയ്യും. ഇന്നുള്ളവർക്ക് ഭക്തിയില്ല; ദൈവം ഇല്ല എന്നവർക്ക് നല്ല ധാരണയും ഉണ്ട്. എന്നാലും എല്ലാവരും തൊഴുതു പ്രാർത്ഥിക്കുമ്പോൾ ഞാനെങ്ങനെ മാറി നിൽക്കും എന്നതാണു പ്രധാന വിശ്വാസമിവർക്ക്. ചിലപ്പോൾ ദൈവം ഉണ്ടാവുമോ? ഏയ്, ഇത്രേം പഠിച്ച ഞാനങ്ങനെ വിശ്വസിക്കുന്നത് ശരിയല്ല; ന്നാലും എന്തോ ഒരു ശക്തി ഉണ്ട്… ഇങ്ങനെ അതുമല്ല ഇതുമല്ല എന്ന രീതിയിൽ കരുതുന്നവരും ഉണ്ട്.
ദൈവങ്ങൾ അന്നേത്തെ പോലെ ഇന്നും ഉണ്ട്. അവർ കാമുകരായും കോപിഷ്ടരായ കാളിയേപോലെയും ശൈവതാണ്ഡവമാടിയും പ്രണയാന്വിതനും കാമലോലുപനുമായി ശ്രീകൃഷ്ണനായും കുട്ടിത്തം വിളയാടുന്ന ഉണ്ണിക്കണ്ണനായും ഐശ്വര്യം നിറയ്ക്കുന്ന ദേവിയായും സൈന്ദര്യത്തിന്റെ മറുപേരായും ആശ്വാസത്തിന്റെയും അറിവിന്റേയും നിറകുംഭമായി നമ്മോടൊപ്പമവരുണ്ട്. നമ്മുടെ പങ്കാളിയോ കൂട്ടുകാരോ ആയി അവർ നമ്മോടൊപ്പം എന്നുമുണ്ട്. ഒരുമണിക്കൂർ നേരം ഒരുമിച്ചു കഴിഞ്ഞാൽ നമുക്കവരെ കണ്ടെത്താനാവും, ആശ്വാസിപ്പിക്കാനും സന്തോഷിപ്പിക്കാനും പ്രണയിക്കാനും കാമിക്കാനും തന്റെ ഒപ്പമുണ്ടാവും എന്ന വിശ്വാസം തന്നെയാണു പ്രധാനം എന്നുണ്ട്. ദൈവം ഉണ്ടെന്നു കരുതും പോലെ തന്നെ അതിനൊരു ഓപ്പോസിറ്റ് വേർഷനും ഉണ്ടെന്നു പണ്ടുള്ളവർ കരുതിയിരുന്നല്ലോ, യക്ഷി, ഭൂത, പ്രേത, പൈശാചിക രൂപങ്ങൾ അന്നുണ്ടായിരുന്നു. അവറ്റകൾ ഇന്നുമുണ്ട്. തന്റെ പ്രിയപ്പെട്ടവരെ കഴുത്തറുത്ത് രക്തം കുടിക്കാൻ മാത്രം ഭീകരരൂപികളായി അവരും കറങ്ങി നടപ്പുണ്ട്. അവർക്കു വേണ്ടതു പണമാവാം; തന്റെ കാമലീലകൾക്കൊരു ബിംബത്തെയാവാമ്ല് അധികാരമാവാം…
ആരെ തിരിച്ചറിയണം, എങ്ങനെയറിയും എന്ന തിരിച്ചറിവ് കേവലമൊരു നിമിഷം കൊണ്ടുണ്ടാവുന്നതല്ല. ഒരുപാടുകാലങ്ങളായി അറിയുമെങ്കിൽ നമുക്ക് നമുക്കു ചുറ്റുമുള്ളവരെ തിരിച്ചറിയാൻ പറ്റും. ആ തിരിച്ചറിവായിരിക്കും ഈ ചെറുജീവിതം ഹൃദ്യമാക്കാൻ നമുക്കുകിട്ടുന്ന അനുഗ്രഹവും. ഒളിച്ചുവെയ്ക്കാതെ പച്ചയ്ക്കു ദൈവസന്നിദ്ധിയിലെന്ന പോലെ മനസ്സു തുറന്നു പറയാൻ നമ്മെ പ്രേരിപ്പിക്കുമെങ്കിൽ ആ അനുഗ്രഹവും ഗുണവും മരണം വരെ നമ്മോടൊപ്പം കാണും. ഇതുമാത്രമാണിന്നിന്റെ സത്യം. പരിശുദ്ധസ്നേഹമാണതിന്റെ അടിത്തറ. മറച്ചു വെച്ചുള്ള ഏതൊരു സങ്കല്പവും ദോഷത്തിലേ കലാശിക്കൂ.
ഇനി മക്കളെ നമ്മൾ പഠിപ്പിക്കേണ്ടത് ദൈവം ഉണ്ട് എന്നല്ല; നമ്മേക്കൾ അറിവും അനുഭവങ്ങളും അവർക്കു തീർച്ചയായും കൂടുതൽ ലഭിക്കും. അനുനിമിഷം ലോകം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ കാര്യങ്ങൾ ഗ്രഹിച്ചതിനു മുമ്പേ അവർക്കിതൊക്കെ അറിയാനാവും പറ്റും. അതുകൊണ്ടു പറയണം ഒരു കാലത്ത്, ഇത്രമാത്രം വിശാലമല്ലായിരുന്ന പഴയ കാലത്ത്, നമ്മുടെ ആൾക്കാരുടെ ഇടയിൽ ഉണ്ടായിരുന്ന ആചാരമാണിതൊക്കെ. അന്നവർക്ക് ഇതല്ലാതെ മറ്റൊന്നില്ലായിരുന്നു, ഇന്നു നമുക്കു ചുറ്റും മൊബൈലും ടീവിയും കമ്പ്യൂട്ടറും സിനിമയും ഇന്റെർനെറ്റും ഗോളാന്തരയാത്രകളും ഒക്കെയുണ്ട്. ഏതൊരറിവും ഒരു വിരൽമാത്ര ദൂരത്തിൽ നമ്മെയും കാത്തിരിപ്പുണ്ട്. നമ്മൾ പൂർവ്വികരുടെ ആചാരം തുടരുന്നു എന്നേ ഉള്ളൂ. നല്ല നല്ല പ്രാർത്ഥനകൾ ആ അർത്ഥത്തിൽ ചൊല്ലാൻ പറഞ്ഞാൽ അവരത് ചെയ്യും. അതിന്റെ അർത്ഥവ്യാപ്തി അവരുടെ മനസ്സു തെളിയിക്കും. ഇതൊന്നും പറയാതെ, വൈകുന്നേരങ്ങളിൽ വിളക്കും വെച്ച് അവരെ പ്രാർത്ഥനാനിരതരാക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമായിപ്പോവും. അവർ ഗൂഡമായി നമ്മെ നോക്കി ചിരിക്കും.
ശുഭം അശുഭം
നമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ… അങ്ങനെയങ്ങനെ… ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!!
ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു – പിന്നെ നശിച്ചു പോകുന്നു…
പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും. ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു… ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു… നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം – ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല..
അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു… എന്നെന്നേയ്ക്കുമായിട്ട്!!
ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, … എല്ലാത്തിന്റെ കാര്യവും ഇതുതന്നെ…
നമ്മളും ഇതുപോലെ തന്നെയല്ലേ…
നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ… ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്… മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!! നമ്മുടെ യഥാർത്ഥ പിതക്കാൾ അന്ന് ഇല്ലായിരുന്നെങ്കിൽ, ഏതെങ്കിലും മൃഗങ്ങളുടെ വായ്ക്കിരയായിരുന്നുവെങ്കിൽ ഇന്ന് നമ്മളും കാണില്ലായിരുന്നു!! ഒരുപക്ഷേ, നമ്മുടെയൊക്കെ പൂർവ്വപിതക്കൾ ഒന്നുതന്നെയാവാണം!! ജാതിയും മതവും രാഷ്ട്രീയവും ദൈവങ്ങളും ഒക്കെ പിന്നീട് വന്ന് നമ്മളെ വേർപ്പെടുത്തിയതാണ് ഇന്ന് ഇങ്ങനെയൊക്കെയാവാൻ ഇടവന്നതു തന്നെ.
നാളെ, നമ്മളുടെ കാര്യവും ഇതുപോലെയല്ലേ!! നമ്മളിലൂടെ ഒരു സമൂഹം ഉടലെടുക്കേണ്ടതല്ലേ! നമുക്ക് ഒന്നോ രണ്ടോ കുട്ടികൾ, അവർക്ക് വീണ്ടും ഒന്നോ രണ്ടോ എണ്ണം… അത് പെരുകിപ്പെരുകി നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഒരു ഗ്രാമം മൊത്തമോ ജില്ല മൊത്തമോ ആയി മാറിയേക്കും!! അവിടെ നമ്മൾ ആരാണ്?? അച്ഛനല്ല; അമ്മയല്ല; ദൈവമല്ല – ആരുമല്ല!! ഒരു ഫോട്ടോ ആയിട്ടെങ്കിലും അവശേഷിച്ചാൽ ഭാഗ്യമെന്നു പറയാം! നമ്മൾ കേവലം ഒരു തുണ്ട് പേപ്പറിൽ ഒതുങ്ങുന്ന ചിത്രമായി ഭാവിയിൽ കണ്ടേക്കാം എന്ന വിചാരം തന്നെ മനസ്സിനെ കലുഷമാക്കുന്നുണ്ടല്ലേ! ഇവിടെ നിന്നാവണം നമ്മളാരാണ് എന്ന ചിന്ത മുളപൊട്ടിക്കേണ്ടത്.
നമ്മൾ ഇന്നിന്റെ ഉപകരണം മാത്രം! ഇന്നിനെ മനോഹരമാക്കാൻ, കൂടിച്ചേർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ, കണ്ണീരു തുടച്ചു നീക്കാൻ, അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ മനസ്സ് അത്രമേൽ വിശാലമാക്കണം. കൂടെ നിൽക്കുന്നവർ നമ്മളെക്കുറിച്ചോർത്ത് സന്തോഷിക്കട്ടെ; അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വികാരവിചാരങ്ങൾ ഒക്കെ ഏറ്റെടുക്കാനും പൂർണ്ണത കൈവരിക്കാനും വേണ്ട സഹായം അവർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ ജനനം ലോകാരംഭവും മരണം ലോകാവസാനവും ആണ്. അതിനപ്പുറം ചിന്തകൾക്കൊന്നും പ്രസക്തിയില്ല. അതിന്റെ ആവശ്യവും ഇല്ല. മനോഹരമായൊരു വിനോദയാത്രപോലെയാവണം ഇത്. എന്നും സുഖദമാവണം യാത്ര.
അശുഭ ചിന്തകൾക്ക് സ്ഥാനം ഒന്നുമില്ല. ഒന്നിനും നമ്മെ ഒന്നും ചെയ്യാൻ പറ്റരുത്. ഒരു സുന്ദരമായ യാത്രയ്ക്ക് നമ്മൾ തന്നെ ഒരുങ്ങേണ്ടതുണ്ട്… ആർക്കും ശല്യമാവാതെ, ആരേയും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതെ മനോഹരമായി സഞ്ചരിക്കാൻ നമുക്കാവണം. സെക്സ്, ദൈവം, രാഷ്ട്രീയം ഇങ്ങനെ പലതിന്റെ പേരിൽ പലർക്കും ഭയചിന്തകൾ മാത്രമാണു മുതൽക്കൂട്ട്!! ഓരോ നിമിഷവും ഭയപ്പാടോടുകൂടെ തള്ളിനീക്കുന്ന ജന്മങ്ങൾ ഏറെയുണ്ട് നമുക്കിടയിൽ… എന്തിനു വേണ്ടിയാണിതൊക്കെ?
ആർക്കെങ്കിലും ഉപദ്രവമാവുന്നുണ്ട് എന്നു തോന്നുമ്പോൾ മൗനിയായി മാറി നടക്കാൻ പറ്റേണ്ടത് നമുക്കു മാത്രമാണ്. ദുഷ്ചിന്തകളുമായി നമ്മളെ സമീപിക്കുന്നവർ പലതാവും; പല രീതിയിലാവും… ഒക്കെ കണ്ടറിയാൻ പര്യാപ്തമായ അറിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം – നമ്മുടെ പിന്മുറയ്ക്ക് ശേഖരിച്ചുവെച്ച അറിവിന്റെ ആ ഭണ്ഡാരം കൈമാറാനും പറ്റണം. ഇനി അവരിലൂടെയാണു നമ്മളൊക്കെയും ലോകത്തെ കാണേണ്ടത്. നമ്മൾ ശേഖരിച്ചതും കണ്ടറിഞ്ഞതും ആയ കുഞ്ഞറിവുകൾ അവർക്ക് പ്രിയതരമായി പ്രകടിപ്പിക്കാനുള്ള ജീവിതം ഉണ്ടെങ്കിൽ ഭയപ്പാടോടെ ഒന്നിനേയും കാണാതെ നമുക്കു ചരിക്കാനാവുന്നു.
ദൈവവിളി!

വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യത്തെ സംഭവം. ബാംഗ്ലൂരില്‍ വന്നശേഷം ആദ്യമായി കാസര്‍ഗോഡുള്ള വീട്ടില്‍പോയി തിരിച്ചുവരുന്ന ഒരു മഴക്കാല യാത്രയിലാണ് ഈ അനുഭവമുണ്ടാവുന്നത്. ഒരു ഞായറാഴ്‌ച വൈകുന്നേരം സ്റ്റേറ്റുബസ്സിന്നു കാസര്‍ഗോഡു കെ. എസ്. ആര്‍. ടി. സി. ബസ്‌സ്റ്റാന്‍റില്‍ ബസ്സിറങ്ങി. ബാംഗ്ലൂരിനു വരുന്ന ബസ്സെവിടെ നില്‍ക്കുമെന്നോ, എവിടെ നിന്നും ടിക്കറ്റെടുക്കണമെന്നോ ഒരു നിശ്ചയവുമില്ല. നേര്‍ത്ത മഴയുണ്ട്. അവിടെ അന്വേഷണവിഭാഗത്തില്‍ പോയി ചോദിച്ചപ്പോള്‍ എട്ടുമണിക്കാണു ബസ്സ് എന്നും, അന്നേരം വന്നു കണ്ടക്ടറോടു ചോദിച്ചാല്‍ മതിയെന്നും പറഞ്ഞ് അയാള്‍ എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു. ആ പിറുപിറുക്കല്‍ എനിക്കിഷ്ടമായില്ലെങ്കിലും തിളച്ചുവന്ന രോഷം ഞാന്‍ ഒരു രൂക്ഷമായ നോട്ടത്തില്‍ ഒതുക്കി അവിടെ നിന്നും മാറി. സമയം അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ആ പഴയ ബസ്‌റ്റാന്‍ഡില്‍ ഞാനെന്തു ചെയ്യാന്‍? അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ മനസ്സിലേക്കു വലിച്ചെറിഞ്ഞ കനല്‍ ഇടയ്‌ക്കൊക്കെ കത്തിക്കൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ മൈക്കും കെട്ടിവെച്ചുകൊണ്ട് ഒരു ഓട്ടോറിക്ഷ ആ വഴി വന്നു. കാസര്‍ഗോഡില്‍ മിന്നല്‍ ഹര്‍ത്താലാണത്രേ! അവിടെ അടുത്തെവിടെയോ ഹിന്ദു-മുസ്ലീം ലഹള നടന്നു. മഞ്ചേശ്വരം ഭാഗത്തെവിടേയോ ബിജെപ്പിക്കാര്‍ നടത്തിയെ റാലിയിലേക്ക് ആരോ കല്ലെറിഞ്ഞതാണു പ്രശ്നകാരണം. റാലിക്കാര്‍ കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചു, അതും പോരാത്തതിനാലാണ് ഹര്‍ത്താല്‍! വ്യാപാരസ്ഥാപനങ്ങളെല്ലാം ഉടനേ അടച്ചിടണമെന്നും വാഹനങ്ങള്‍ ഓടിക്കരുതെന്നും മുന്നറിയിപ്പുണ്ടായി! യാത്രക്കാരൊക്കെ തിരക്കിട്ടോടുന്നു. എന്തു ചെയ്യണമെന്നറിയില്ല, ഞാന്‍ വീണ്ടും കെ. എസ്. ആര്‍. ടി. കൗണ്ടറിലേക്കു നടന്നു, അയാളുടെ ദുര്‍മുഖം കണ്ടപ്പോള്‍ ഒന്നും ചോദിക്കാന്‍ തോന്നിയില്ല; എങ്കിലും ചോദിച്ചു ബാംഗ്ലൂരിലേക്കുള്ള ബസ്സുണ്ടാവുമോ? അയാളെന്നെയൊന്നു നോക്കി, “അങ്ങോട്ടു നില്‍ക്ക്, ഇപ്പോള്‍ പറയാനാവില്ല, കുറച്ചുകഴിഞ്ഞു പറയാം”.
കടകളൊക്കെ അടഞ്ഞു, വാഹനങ്ങള്‍ ഒക്കെ നിലച്ചു, ആക്രോശിച്ചുകൊണ്ടൊരു ജാഥ കടന്നുപ്പോയി… ആള്‍ക്കാരൊക്കെ ഒഴിഞ്ഞ് ബസ്റ്റാന്റ് കാലിയാവാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ആ മനുഷ്യനെ സമീപിച്ചു, അയാള്‍ പറഞ്ഞു “ഇന്നിനി ബസ്സൊന്നും പോകില്ല, ടിക്കറ്റ് ബുക്കുചെയ്തതാണെങ്കില്‍ ക്യാന്‍സല്‍ ചെയ്തിട്ടു വീട്ടില്‍ പൊക്കോളൂ” എന്ന്.
ഞാന്‍ നേരെ കര്‍ണാടക ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്കു പോയി. അവര്‍ പറഞ്ഞു നാളെ രാവിലെ 6.15 നാണ് ആ ബസ്സു ബാംഗ്ലൂരിനു പോകുന്നതെന്ന്. പിന്നെ ഒന്നും ആലോചിക്കാനില്ല, ഒരു റൂം തപ്പുക, അവിടെ താമസിച്ച് രാവിലെ പോവുക! അങ്ങനെ ചിന്തിച്ചപ്പോഴാണ് CPCRI – ല്‍ വര്‍ക്കുചെയ്യുന്ന ജിജിജോര്‍ജെന്ന കൂട്ടുകാരനെ വിളിച്ചാലോന്നുള്ള വിചാരമുണ്ടായത്. പുള്ളിയെ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു നേരെ ഇങ്ങോട്ടു വിട്ടോ, രാവിലെ ഏറ്റു പോകാമെന്ന്. നടക്കുകയേ നിവൃത്തിയുള്ളൂ – നടന്നു… വല്യൊരു ബാഗുമായി റോട്ടിലൂടെ നേരെ CPCRI – ലേക്ക്. വഴിയിലൊരു ഓട്ടോ റിക്ഷയെ ചിലരെടുത്തു മറിച്ചിട്ടതു കണ്ടു. റോഡിലൊക്കെ ടയര്‍ കത്തിച്ചുവെച്ചിരിക്കുന്നു. അങ്ങനെ CPCRI -ലെത്തി. അവിടെ കാന്റീനില്‍ നിന്നും രാത്രിഭക്ഷണവും കഴിച്ച് ജിജിയുടെ വീട്ടില്‍ കിടന്നുറങ്ങി.
രാവിലെ 5.15 നുതന്നെ എണീറ്റു. ജിജി പറഞ്ഞു രാവിലെ ഒത്തിരി ഓട്ടോ കാസര്‍ഗോഡേക്കു കിട്ടും. അഞ്ചു മിനിട്ടുയാത്രയേ ഉള്ളൂ പതിയെ പോയാല്‍ മതിയെന്ന്. 5.45 മുതല്‍ റോഡില്‍ പോയി ഓട്ടോയേയും കാത്തിരിപ്പായി. എവിടെ? ഒറ്റ വാഹനം പോലുമില്ല! പിന്നെ ആലോചിച്ചു നിന്നില്ല, ബാഗുമെടുത്തു വേഗത്തില്‍ നടന്നു. സമയം ആറേ പത്തോടടുക്കുന്നു. കുറച്ചങ്ങു നീങ്ങിയപ്പോള്‍ ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ എന്റെ അടുത്തു വന്നു നിര്‍ത്തി. അയാള്‍ പറഞ്ഞു “കാസര്‍ഗോഡേക്കാണെങ്കില്‍ കയറിക്കോളൂ” എന്ന്. ഊശാന്‍ താടിയും തലയില്‍ ഒരു മുസ്‌ളീം തൊപ്പിയും (തലേക്കെട്ട്) വെള്ള വസ്ത്രങ്ങളും ഉള്ള ആളെ കണ്ടാല്‍ തന്നെ പറയും ഏതോ ഹാജിയാരാണെന്ന്. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. വേഗം കയറി. അയാള്‍ എന്നോടു കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ എന്റെ അവസ്ഥ വിശദീകരിച്ചു. ഹര്‍ത്താലിന്റെ നിരര്‍ത്ഥകതയെപ്പറ്റിയും സാധാരണക്കാരന്‍ അനുഭവിക്കുന്ന യാതനയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു, ഞാനും സപ്പോര്‍ട്ടു കൊടുത്തു. സമയം ആറേ പതിഞ്ചോടടുക്കുന്നു. അദ്ദേഹം പള്ളിയിലേക്ക് സുബഹിനിസ്‌കാരത്തിനായി പോവുകയായിരുന്നു. ഒരു ദൈവവിളിയാലെന്ന പോലെ നിര്‍ത്തിയതാണത്രേ! വലിയൊരു ബാഗുമായി നടക്കുന്ന എന്നെ ചെറിയൊരു സ്‌കൂട്ടറില്‍ കയറ്റാന്‍ ആദ്ദേഹം കാണിച്ച സന്മനസിനു നന്ദി പറഞ്ഞു. അദ്ദേഹം നേരെ സ്കൂട്ടര്‍ ബസ്റ്റാന്റിലേക്കു വിട്ടു. ഞങ്ങള്‍ സ്റ്റാന്റിനടുത്തേക്ക് എത്തുമ്പോഴേക്കും ബസ്സ് സ്റ്റാന്റില്‍ നിന്നും ഇറങ്ങിയിരുന്നു. ഒരു മിനിറ്റു വൈകിയിരുന്നെങ്കില്‍ എനിക്കാ ബസ്സ് കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പേരുപോലും ഞാന്‍ ചോദിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
ഒരു പരിചയവും ഇല്ലാതെ എന്നെ സഹായിക്കാന്‍ അദ്ദേഹം കാണിച്ച ആ മനോഭാവത്തിലാണ് ദൈവമിരിക്കുന്നത്. അദ്ദേഹം തന്നെയാണ് എനിക്കപ്പോള്‍ ദൈവവും. ദൈവത്തിന്റെ പേരും പറഞ്ഞ് തെരുവില്‍കിടന്ന് തമ്മിലടിക്കുമ്പോള്‍ നിശബ്‌ദമായി ദൈവദത്തമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ നമുക്കുചുറ്റുമുണ്ട്. ഇത്തരം കൊച്ചുകൊച്ചു ദൈവങ്ങളെയാണ് എനിക്കു വിശ്വാസം. നമുക്കവര്‍ പ്രചോദനവും പ്രത്യാശയും നല്‍കുന്നു. ഇതു പോലെ തന്നെ മറ്റൊരനുഭവം പിന്നീടും എനിക്കുണ്ടായിട്ടുണ്ട്. അതിനെപറ്റി പിന്നീടു പറയാം.
ആത്മികയുടെ ജന്മദിനം

കഴിഞ്ഞിട്ട് 7 ദിവസങ്ങൾ ആയി!