വിശ്വാസം

bhkthi, ഭക്തി ഇന്ന്വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ… അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്… അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല… ഞങ്ങൾ മാത്രമാണു ശരിയെന്ന ധാരണ പലകാര്യങ്ങൾ കൊണ്ട് വിശ്വാസികളിൽ രൂഢമൂലമാവുന്നു. ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം. പറയുന്നവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും അവരവരുടെ കൂട്ടായ്മകൾ നല്ല സഹകരണവുമാണ്.

ഏറെകാലപ്പഴക്കമുള്ളതാണ്, അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!! വരും കാലത്തെ മുങ്കൂട്ടി കണ്ട് എഴുതിയതാണവയൊക്കെയും എന്ന മിഥ്യാധാരണയിലാണ് ഓരോ അന്ധവിശ്വാസികളുടേയും ജീവിതം തന്നെ.

അന്നന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ പഴയ കൃതികളിൽ ഉള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദീർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ. ആ അർത്ഥത്തിൽ ഇവ വായിച്ചെടുക്കുക എന്നത് ഏറെ ഹൃദ്യമാണ്. നല്ലൊരു ചരിത്ര കുതുകിക്ക് ഇതിൽപരം സായൂജ്യം വേറെ ഇല്ലാത്തതാണ്. ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ വായിക്കുക എന്നത് ഏറെ രസകരമാവുന്നത് അപ്രകാരമാണ്. ഇവരെ അവിശ്വാസികളെന്നോ നിരീശ്വരവാദികളെന്നോ അരാഷ്ട്രീയ വാദികളെന്നോ ഒക്കെ ഓമനപ്പേരിട്ട് വിശ്വാസികൾ വിളിക്കുന്നു. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു എന്നാതാണു സത്യം.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല! അല്ലെങ്കിൽ കാലോചിതമായി അവ തിരുത്തപ്പെടുന്നില്ല. ആദികാവ്യമായ രാമായണവും പിന്നീടുള്ള മഹാഭാരതവും ഒക്കെ അനേക തവണ തിരുത്തപ്പെടലുകളിലൂടെ പല സമൂഹങ്ങളിലൂടെ പടർന്നു പന്തലിച്ചതാണ്. ജയം എന്നത് മഹാഭാരതം ആയി മാറുമ്പോഴേക്ക് ഒത്തിരി സാമുഹ്യകൂട്ടായ്മകളിലൂടെ വളർന്നു വിടന്ന സൗന്ദര്യമുണ്ടതിന്. കാലോചിതമായി കുമാരനാശനൊക്കെ ചിന്താവിഷ്ടയായ സീതയെ വരച്ചു ചേർത്തത് വിസ്മരിക്കാനാവില്ല – ആ മാറ്റം കാലത്തിന്റെ മാറ്റമാണ്. ഏതൊരു വിശ്വാസസംഹതിയിലും ഇതുപോലുള്ള കുഞ്ഞുകുഞ്ഞു മാറ്റങ്ങൾ കാലോചിതമായി വന്നു ചേരേണ്ടതാണ്. എന്നാൽ ഇന്നോ? കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്‌വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു… അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലി കൊടുക്കാൻ തയ്യാറായ അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും… പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം. ഇതാണു പറഞ്ഞുവന്നത്.

വിദ്യാഭ്യാസം

എന്താണു വിദ്യാഭ്യാസം!! ഇതൊരു വല്ലാത്ത ചോദ്യമാണിന്ന്. ഒരാളുടെ സർവ്വതോന്മുഖമായ മാറ്റമായിരുന്നു ഇതുകൊണ്ട് ഞാനിതിനെ വിവക്ഷിച്ചത്. എനിക്കിന്നും വിദ്യാഭ്യാസം ഇതൊക്കെ തന്നെ. എന്നെ അങ്ങനെയൊക്കെ പഠിപ്പിച്ചെടുത്ത നല്ലൊരു അദ്ധ്യാപകസമൂഹം ഉണ്ടെന്നത് ഏറെ ഹൃദ്യമായി തോന്നുന്നു. പക്ഷേ, ഇന്ന് ഇതല്ല വിദ്യാഭ്യാസം എന്നതിന്റെ നിർവചനം എന്നു തോന്നിത്തുടങ്ങി. കഴിഞ്ഞ 15 ഓളം വർഷങ്ങളായി കണ്ടു പരിചരിച്ച രീതിയിൽ ഞാൻ കണ്ടെടുത്ത കാര്യങ്ങൾ മാത്രമാണിത്. ഒരു പക്ഷേ തെറ്റാവാം. പിതാക്കൾ മക്കൾക്ക് വിദ്യാഭ്യാസം എന്ന പേരിൽ പരിശീലനം നടത്തുന്നത് സർവ്വതോന്മുഖമായ വികസനത്തിനല്ല, പകരം നല്ലൊരു ജോലി വാങ്ങിക്കാനാവശ്യമായ കരുതൽ മാത്രമാണ്. പ്രൊഫഷണൽ വിദ്യാഭസം ഈ കാലയളവിൽ പെട്ടന്നു വന്നൊരു സംഗതിയാണ്. എം. സി. എ, എം. ബി. എ, ഹോട്ടൽ മനേജ് മെന്റ്, എന്നിങ്ങനെ പലതാണു പാഠ്യവിഷയങ്ങൾ. നല്ല ടെക്നിക്കൽ അറിവുള്ളവരായി ഏവരുടേയും ടെക്നിക്കൽ ചോദ്യങ്ങൾ കൃത്യമായി മറുപടിയുള്ളവരായി പഠിതേതാക്കൾ മാറി വരുന്നുണ്ട്. ഈ ടെക്നിക്കൽ അറിവാണോ വിദ്യാഭ്യാസം?

സമൂഹത്തിൽ ഇറങ്ങി നാലു നാടൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ ഉഴറി നിൽക്കുമ്പോൾ, ഒരു ചെക്ക് ലീഫിൽ ഒപ്പിട്ട് പൂരിപ്പിച്ച് വഴിസൈഡിലെ ബോക്സിൽ നിക്ഷേപിക്കാൻ ധൈര്യമില്ലാതെ പകച്ചു നിൽക്കുമ്പോൾ, നല്ലൊരു സാമൂഹിക ബോധം പകർന്നാടാനാവാതെ തികഞ്ഞ വേഷവിധാനങ്ങളിൽ കോമാളിവേഷം ആടിത്തിമർക്കുമ്പോൾ ഇവർക്കുള്ളത് വിദ്യാഭ്യാസമാണോ എന്ന് സംശയിച്ചു പോവുന്നു. എന്തായാലും ടെക്നിക്കൽ അറിവല്ല വിദ്യാഭ്യാസം എന്ന് ഞാനുറപ്പിച്ചു പറയുന്നതിനു കാരണം ഇത്തരത്തിലുള്ള അനുഭവസമ്പത്ത് തന്നെയാണ്. കോളേജ് ബസ്സ് ഒരു നാളിൽ ഇല്ലാതിരുന്നതിന് പേടിച്ചു കരഞ്ഞ ഒരു രണ്ടാം വർഷബുരുധവിദ്യാർത്ഥിയെ അറിയാം! അവൾക്ക് ഒറ്റയ്ക്ക് വീട്ടിൽ പോകാനറിയില്ല!! കാരണം ജീവിതത്തിൽ അതുവരെ ബസ്സുകളിലോ ഓട്ടോയിലോ കയറി ഒറ്റയ്ക്ക് പോയിട്ടില്ല. ആകപ്പാടെ 7 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാനാവാതെ പകച്ചു കരഞ്ഞ രണ്ടാം വർഷ ബിരുധവിദ്യാർത്ഥി എന്നു പറയുമ്പോൾ ആരാണു നാണം കെടേണ്ടത്!! പിതാക്കൾക്കാണു വിദ്യാഭ്യാസം ആദ്യം വേണ്ടത്. ഒരു തലമുറ വരേണ്ടത് അവരിലൂടെയാണ്. അനാവശ്യ വിശ്വാസസംഹിതകൾ കുഞ്ഞുതലയിൽ കയറ്റിവെച്ച് ബുദ്ധിമുട്ടിക്കുന്നതിനു പകരം സമൂഹത്തിൽ ഇറങ്ങി കണ്ടറിഞ്ഞു പഠിക്കാനുള്ള മാർഗമാണന്വേഷിക്കേണ്ടത്.

പരീക്ഷാക്കാലം

Aatmika Rajesh Odayanchal nursery Annual Exam Time Tableരസകരമായൊരു സംഗതി നടക്കുകയുണ്ടായി. ആമീസിനുതു പരീക്ഷാക്കാലമാണ്. നഴ്സറിയിലെ നാലാമത് പരീക്ഷാറൗണ്ടാണിത്. ടൈം റ്റേബിളൊക്കെ ടീച്ചർ കൊടുത്തി വിട്ടിരുന്നു; വീട്ടിലിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളും. ഇന്നത്തെ പരീക്ഷ A മുതൽ Z വരെ എഴുതുക, പറയുക, പിന്നെ ഇടയിലെ ഒരക്ഷരം ടീച്ചർ പറഞ്ഞിട്ട് അതിനുശേഷമുള്ളത് ഏതാണെന്നു ചോദിക്കുക; കൃത്യമായി പറഞ്ഞാൽ ആ അക്ഷരവും എഴുതിക്കുക. ഇതേ സംഗതികൾ തന്നെ നമ്പറിന്റെ കാര്യത്തിലും ഒന്നു മുതൽ ഇരുപത്തഞ്ചുവരെ പറയുക, ഒന്നുമുതൽ പത്തുവരെ ഉള്ള നമ്പറുകളുടെ സ്ലെല്ലിങ് പറയുക, ഇരുപത്തിയഞ്ചുവരെ ഉള്ള നമ്പറുകളിൽ ഒരു നമ്പർ ടീച്ചർ പറഞ്ഞിട്ട് അതിനു ശേഷമോ മുമ്പോ ഉള്ള നമ്പർ ഏതാന്നു ചോദിക്കുക, കൃത്യമായി പറഞ്ഞാൽ എഴുതിക്കുക…

Aatmika Rajesh Odayanchal nursery Annual Exam Time Tableഇതൊക്കെ ആമീസിനെ പഠിപ്പിക്കാൻ യൂടൂബിൽ നിന്നും കിട്ടുന്ന വിവിധ കാർട്ടൂൺ കോമഡി വീഡിയോസ് ഞാൻ ഡൗൺലോഡ് ചെയ്തുവെച്ചിരുന്നു. ലാപ്പിൽ ഇടയ്ക്കൊക്കെ അവളുടെ ആവശ്യപ്രകാരം അതു വെച്ചുകൊടുക്കുന്നതിനാൽ തന്നെ അവളറിയാതെ തന്നെ ഒക്കെ പഠിച്ചിരുന്നു… കാക്കയും കരടിയും മാനും തത്തമ്മയും മറ്റും വന്ന് അക്ഷരങ്ങളും നമ്പറുകളും വിവിധ കളറുകളും കാണിച്ച് എഴുതാനുള്ള വഴിയൊക്കെ രസകരമായി കാണിച്ചുകൊടുക്കുമ്പോൾ അവൾക്കതൊക്കെ ഹൃദ്യമാവാറുണ്ട്. അവളും ഒക്കെ ഓർത്തെടുത്ത് പറഞ്ഞ്, വീഡിയോയുടെ അവസാനം, രണ്ടു കയ്യിലേയും മസ്സിൽസ് കാണിച്ച് ഞാൻ ശക്തിമാനാ എന്ന് പറയുകയും ചെയ്യും. തെറ്റാതെ കാര്യങ്ങൾ പറയുക കാക്കയേയും പൂച്ചയേയും പോലെ പറയുക എന്നത് അവരെ പോലെ ശക്തിയുള്ളതിനാലാണെന്ന് പാവം വിശ്വസ്സിക്കുന്നുണ്ടാവണം!! അതുപോലെ തന്നെ, അവൾ ക്ലാസ്സിൽ നിന്നും പഠിച്ചെടുത്തവ കൃത്യമായി എഴുതിയും പറഞ്ഞുതന്നും എന്നെ പഠിപ്പിക്കാനും ശ്രമിക്കും. ഏതെങ്കിലും സാധനം അവൾ മറന്നുപോയിട്ടുണ്ടെങ്കിൽ സോറിയൊക്കെ ചോദിച്ച് മറന്നു പോയല്ലോ അച്ഛാ എന്നും പറയും. അതൊക്കെ എന്റെ ഓർമ്മയിൽ ഉണ്ട് മോളേ എന്നും പറഞ്ഞ് ഞാനപ്പോൾ വായിച്ച് കൊടുത്താൽ അവൾ, അതുതന്നെയച്ഛാ എന്നും പറഞ്ഞ് ഒരുമ്മയും തരും. എങ്കിലും പിന്നീട് ഞാനത് മറന്നുപോകേണ്ടാ എന്നു കരുതി അവൾ ഓർത്തുവെച്ചോളും – കാരണം എന്നെ കൃത്യമായി പഠിപ്പിക്കുക എന്നതാണവളുടെ ലക്ഷ്യം. അവൾ മെല്ലെ പഠിക്കുന്നത് ഇപ്രകാരം അവൾ പോലും അറിയാറില്ല. 76 കുട്ടികളിൽ ഒന്നാം റാങ്കുകാരിയായി ആമീസ് തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ഇത്രമാത്രം രസകരമായി ഒക്കെ പഠിച്ചെടുത്തുകൊണ്ടാവണം.

ഇന്നത്തെ പരീക്ഷയ്ക്ക് മറ്റൊരു കാഠിന്യമുള്ളത് ഒരു വലിയ ചിത്രശേഖരം മനഃപാഠമാക്കലാണ്. ഒരു പേജിൽ 30 ചിത്രങ്ങൾ വെച്ച് A മുതൽ Z വരെ ഉള്ള അക്ഷരങ്ങൾക്ക് അനിയോജ്യമായ ചിത്രങ്ങളും പേരുകളും ആണു പഠിക്കേണ്ടത്. ഏകദേശം 800 ഓളം ചിത്രങ്ങൾ… A യുടെ പേജിൽ Aple, Axe, Airplane എന്നിങ്ങനെ A യിൽ തുടങ്ങുന്ന പേരുകൾ മാത്രമാവും… അങ്ങനെ ഓരോ അക്ഷരത്തിനും. ടീച്ചർക്ക് ഇഷ്ടമുള്ള പേജിൽ നിന്ന് ഇഷ്ടമുള്ളത് ചോദിക്കും. അത് എന്താണെന്ന് ആമീസ് പറയണം. ഇത്രയുമാണ് ഇന്നേത്തെ പരീക്ഷയിലെ ടൈം ടേബിളിലെ വിഷയങ്ങൾ…

ഓർമ്മയിലേക്കൊരു വൺ റ്റു റ്റ്വന്റിഫൈവ്…

രസകരമായ സംഗതി ഇതല്ല; ഇതുമായി ബന്ധപ്പെട്ടതാണ്. ഓഫീസിൽ നിന്നും വന്ന മഞ്ജു അടുക്കളയിൽ ഫുഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ആമീസിനോടു പറഞ്ഞു, “മോളേ, ആമീസേ 1 to 25 ഒന്ന് ബുക്കിൽ എഴുതിക്കാണീച്ചേ, നാളെ പരീക്ഷയല്ലേ“, എന്ന്. അമിക്ക് ചിത്രം വരച്ച് കളിക്കാൻ ഒരു നോട്ടുബുക്കുണ്ട്, അവൾ ഉടനേ തന്നെ ബുക്കെടുത്ത് പെൻസിൽ കൊണ്ട് 1 2 25 എന്ന് എഴുതീട്ട് മഞ്ജുവിനെ കാണിച്ചും കൊടുത്തു… 🙂 മഞ്ജു പറഞ്ഞത് ആമീസ് അവളുടെ അറിവ് വെച്ച് കൃത്യമായി തന്നെ എഴുതിക്കാണിച്ചു. മുകളിലെ ചിത്രത്തിൽ കാണുന്നതാണ് ആമി എഴുതിയ വൺ റ്റു റ്റ്വന്റിഫൈവ്.

അബദ്ധം മനസ്സിലായ മഞ്ജു ഒന്നുമുതൽ ഇരുപത്തിയഞ്ച് വരെ എന്ന് കൃത്യമായി പറഞ്ഞപ്പോൾ ആമീസ് മറ്റൊരു പേജിൽ അതും എഴുതിക്കൊടുക്കുകയുണ്ടായി. എത്രമാത്രം നിഷ്കളങ്കമാണ് കുട്ടിക്കാലം എന്നോർക്കാൻ ഇതൊക്കെ ധാരാളമാണ് 1 2 25 എന്നെഴുതിയത് പൊട്ടത്തെറ്റാണെന്ന് പറഞ്ഞ് കുരുന്നുകളെ വടിയെടുത്തടിക്കുന്ന പിതാക്കൾ വരെ ഉള്ള കാലമാണിത്.

ആത്മികായനം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

കുഞ്ഞുങ്ങളോടൊത്തുള്ള ജീവിതം ഏറെ ഹൃദ്യമാണ്. കുഞ്ഞുങ്ങൾ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത് ചുറ്റും കാണുന്ന കാഴ്ചകളിൽ നിന്നും അവരോട് സ്നേഹപൂർവ്വം മറ്റുള്ളവർ സംസാരിക്കുന്നതിൽ നിന്നും മറ്റുമാണ്. അവർക്ക് നന്നായി ബോധിച്ചത് മെല്ലെ അവർ അനുകരിക്കാൻ ശ്രമിക്കുന്നു. മുമ്പൊക്കെ മുത്തശ്ശിമാരും സഹോദരഹൃദയത്തോടെ നിരവധി കുഞ്ഞങ്ങളും അവരുടെ പിതാക്കാളും ഒക്കെ കൂടിയതായിരുന്നല്ലോ കുടുംബം – കൂട്ടുകുടുംബം. ഇന്നതൊക്കെ മാറുകയും അണുകുടുംബമോ അന്ന്യനാടുകളിലെ ജോലിയോ ഒക്കെയായി കുഞ്ഞുങ്ങൾ ഏകാകികളാവുന്നു; സുന്ദരമായൊരു ലോകം അവർക്ക് നഷ്ടമാവുന്നു. നല്ലൊരു സ്വഭാവനിർണയം നടക്കേണ്ട ചെറുപ്പകാലം തന്നെ വിവിധ കൈക്കൂലിവാങ്ങൽ കലായലങ്ങളിൽ അടച്ചിടപ്പെടാൻ വിധിച്ചവരാണിന്നുള്ളവരിൽ ഏറെ കുരുന്നുകളും. ആമി മോളും അതുപോലൊരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയാണ്.

പണ്ട്, എല്ലാ വടക്കൻപാട്ടുകളും കൃത്യമായി പാടിക്കേൾപ്പിക്കുന്ന വല്യമ്മയുടെ ചൂടുപിടിച്ച് ഉറക്കത്തെ പുൽകുന്ന സ്വഭാവമായിരുന്നു എന്റേത്! ഇന്ന് ആമീക്കുട്ടി കമ്പ്യൂട്ടറിൽ വിവിധങ്ങളായ താരാട്ടുപാട്ടുകൾ കേട്ട് ഉറക്കത്തെ പുൽകുന്നു. മൂന്നു വയസ്സുകഴിഞ്ഞ ആമിക്കുട്ടിയെ ഒരു കലാലയത്തിനു തീറെഴുതിക്കൊടുത്തുകഴിഞ്ഞിട്ടുണ്ട്. എൽ.കെ.ജി ജീവിതത്തിനു മാത്രം ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന ഞാൻ അവളെ നല്ലൊരു കൈക്കൂലിക്കാരിയായി മാറ്റാതെ എങ്ങനെ വളർത്തും?? ഗവണ്മെന്റ് ജോലി സംഘടിപ്പിച്ച് മാക്സിമം കൈക്കൂലി വാങ്ങിച്ചാൽ പോലും അവളുടെ മുഴുവൻ വിദ്യാഭ്യാസത്തിന്റെ ഒരംശം പോലും ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നില്ല ഇപ്പോൾ.

കുട്ടിത്തം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

കുഞ്ഞുങ്ങൾക്ക് എല്ലാ കാര്യങ്ങളും ഒരു അത്ഭുതമാണ്. അച്ചടക്കമെന്നോ അറിവെന്നോ അറിവില്ലായിമ എന്നോ സംസ്കാരമെന്നോ ഒന്നും തന്നെയുള്ള വ്യത്യാസം അവർക്കറിയില്ല. ലാളനയിലൂടെ കൊഞ്ചലുകളിലൂടെ നമ്മൾ അവർപോലും അറിയാതെ ഇതൊക്കെ പഠിപ്പിച്ചെടുക്കുന്നതിലാണു മിടുക്കു വേണ്ടത്. അവരുടെ കൗതുകങ്ങൾക്കുതന്നെ വിലകല്പിക്കണം. ആമിമോൾക്ക് ഇത്തവണ ക്ലാസ്സിൽ ഒന്നാം റാങ്കും അതിന്റെ സമ്മാനങ്ങളും കിട്ടി. 76 കുഞ്ഞുങ്ങളെ പിന്തള്ളിക്കൊണ്ട് ഈസ്സിയായി അവളത് നേടി എന്നതിൽ അച്ഛനായ എനിക്ക് അഹങ്കാരം ഭാവിക്കാം; അവളുടെ ട്രോഫിയും സർട്ടിഫിക്കേറ്റും കാണിച്ച് ആർഭാടം കാണിക്കാം… പക്ഷേ, ആമീസിനതൊക്കെ എന്താണെന്നു പോലും അറിയില്ലായിരുന്നു. അവൾ പറയുന്നത് ടീച്ചർ അന്നെനിക്ക് ഒരുമ്മ തന്നല്ലോ എന്നാണ്; അവളുടെ സന്തോഷവും കരുതലും ആ ഒരുമ്മയിൽ ഒതുങ്ങിക്കിടക്കുന്നു. ക്ലാസ്സിൽ അവളുടെ കൂട്ടുകാരെ വിളിച്ച് അവൾക്ക് ഓരോ ഉമ്മ വീതം കൊടുക്കേണ്ടതായിരുന്നു ആ പരിപാടി! അത്രമാത്രം സന്തോഷമേ ഈ പ്രായത്തിൽ അവൾക്ക് ആവശ്യമുള്ളൂ. അവൾക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നതിൽ ഒരു ചോക്കലേറ്റ് കൊടുക്കുന്നതിൽ ഒക്കെയാണവൾക്കേറെ ഇഷ്ടം. കുറച്ചു നാൾ മുമ്പ് ആമിമോളോട് മുത്തപ്പൻ തെയ്യം ഏറെ സംസാരിച്ചിരുന്നു, ഒടുവിൽ മുത്തപ്പൻ തെയ്യം ചോദിച്ചു കുഞ്ഞിനെന്താ മുത്തപ്പൻ തരേണ്ടത് എന്ന്!! ആമിമോൾക്ക് ഒരു ഡൗട്ടും വന്നില്ല; അവൾ പറഞ്ഞു ചോക്കലേറ്റ് എന്ന്!! ഇവരുടെ വികാരങ്ങൾ ഇത്രയ്ക്ക് ലളിതമാണ്. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള വിശ്വാസങ്ങളും കരുതലുകളും മനസ്സിലാക്കാൻ മുമ്പൊക്കെ വീടുകളിൽ മുത്തശ്ശിയും എളേമ്മമാരും സഹോദരങ്ങളും ഒക്കെ ആയി നിരവധിപ്പേരുണ്ടായിരുന്നു. അതിനനുസരിച്ച് ഓരോരുത്തർ കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് പലതും പറഞ്ഞുകൊടുത്തുമിരുന്നിരുന്നു. ആ അറിവൊക്കെ അവർ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചുപോന്നു. അവരുടെ ഭാവി അതുപ്രകാരം പുഷ്ടവുമാവുമായിരുന്നു!!

ആമിക്കുട്ടിയുടെ കൗതുകങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. വീടിനു സമീപമുള്ള എല്ലാ കുഞ്ഞുങ്ങളും മൊബൈൽ ഫോൺ കണ്ടമാനം ഉപയോഗിക്കുന്നവരാണ്. ഒരിക്കലോ മറ്റോ ഞാൻ പറഞ്ഞിരിക്കണം, മൊബൈൽ ഫോൺ കുഞ്ഞിനുള്ളതല്ല, ഇതുപയോഗിക്കരുത് എന്ന് – അവൾ ഒരിക്കൽ പോലും ഞങ്ങളോട് മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല. ടാബ് ഉപയോഗിക്കാൻ പ്രായമായപ്പോൾ നിറയെ വിജ്ഞാനപ്രദവും സുന്ദരവുമായ അക്ഷരപ്പാട്ടുകളും നഴ്സറിഗാനങ്ങളുമായി ഞാനത് ആമീസിനു കൊടുത്തു. ആരോ പറഞ്ഞതു കേട്ട് ആമീസിന്റെ കണ്ണ് കേടാവും എന്നും പറഞ്ഞ് മഞ്ജു അത് ഒളിപ്പിച്ചുവെച്ചു; ഏറെ തപ്പിയിട്ട്, എനിക്കുപോലും അതു കണ്ടെത്താനായില്ല. ആമീസും ഞാനും മിക്കപ്പോഴും തപ്പിനടന്ന് ക്ഷീണിക്കും. ആമിമോൾക്കത് ഏറെ നിരാശ ഉളവാക്കിയത് ഞാൻ ശ്രദ്ധിച്ചിരുന്നു; പലപ്രാവശ്യം ചോദിച്ചിട്ടും മഞ്ജുവത് തന്നില്ല. ആകെ കുറച്ചു നാളുകളിലേ അവളുടെ സ്വന്തമായ ടാബുപോലും ഉപയോഗിക്കാൻ പറ്റിയുള്ളൂ, എന്നിട്ടും ആമീസ് ഒരിക്കൽ പോലും മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല!! ആമീസിനെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും ഇടയ്ക്കൊക്കെ അവൾ മൊബൈൽ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.

ഞാൻ നാട്ടിൽ പോയ സമയത്ത് ഒരിക്കൽ അടുത്ത വീട്ടിലെ കുഞ്ഞു വന്ന് മഞ്ജുവിനോട് മൊബൈൽ ചോദിച്ച് വാങ്ങി അതിലെ ഗെയിം കളിക്കാൻ തുടങ്ങിയത് ആമീസിന്റെ കുട്ടിത്തത്തിനു തീരെ ദഹിക്കാനായില്ല. “അമ്മേടെ മോളല്ലേ ഞാൻ എനിക്കെന്താ മൊബൈലിൽ ഗെയിം തരാത്തത്?“ എന്നവൾ അറിയാതെ ചോദിച്ചുപോയി. സങ്കടം മഞ്ജുവിനും വന്നു. അവൾ ഒളിപ്പിച്ചു വെച്ച ടാബുതന്നെ ആമീസിനു കൊടുത്തു. ആമീസിനത് ചാകരയായിരുന്നു, സന്തോഷം സഹിക്കാതെ തുള്ളിച്ചാടി… പിറ്റേ ദിവസം അവളതിൽ വീഡിയോ കാണുമ്പോൾ മറ്റേ വീട്ടിലെ കുരുന്നുകുഞ്ഞു വന്നത് തട്ടിപ്പറിച്ച് ഓടിപ്പോയി. പോകും വഴി ടാബ് നിലത്ത് വീണ് പൊട്ടിപ്പോവുകയും ചെയ്തു! അമീസിന്റെ സങ്കടം അവൾ തീർത്തെങ്കിലും അതിലേറെ സങ്കടം എനിക്കായിരുന്നു. ഒരു ടാബ് നേരാം വണ്ണം കാണാൻ പോലും ആമീസിനു പറ്റിയിരുന്നില്ല; ഒളിപ്പിച്ചുവെച്ച ആ സാധനം, ഉപയോഗിച്ച് തുടങ്ങും മുമ്പേ അബന്ധത്തിൽ പൊളിഞ്ഞും പോവുകയും ചെയ്തു. പുതിയൊരെണ്ണം വാങ്ങാനായി നെറ്റിൽ വിലനിലവാരം നോക്കിയപ്പോൾ സമാനമായതിന് 19000 രൂപയുടെ നിലവാരം വരുന്നുണ്ടെന്നറിയാനായി. ആ വിലയ്ക്ക് നല്ലൊരു ലാപ്പ്ടോപ്പ് വാങ്ങിക്കാമെന്ന് എനിക്കു തോന്നി. ലാപ്പവൾക്ക് നന്നായി ഉപയോഗിക്കാനറിയാം. പഠിപ്പിക്കാതെ തന്നെ സ്വന്തമായി ഞാൻ പോലും അറിയാതെ അവൾ മടിയിലിരുന്നു പഠിച്ചെടുത്തതാണതിന്റെ ഉപയോഗം പലതും. ടാബിലെ പരിപാടികൾ ലാപ്പിലും ആകുമല്ലോ. അമീസിന്റെ കൗതുകങ്ങൾക്ക് വേണ്ടുന്ന വിലകൊടുക്കാൻ എന്നെ പ്രാപ്തനാക്കുന്നത് ഇത്തരം കൊച്ചുകൊച്ചു സങ്കടങ്ങൾ ഒക്കെ ചേർത്തുവെച്ചുമാണ്. അവളുടെ കുട്ടിത്തം നാലു ചുവരുകൾക്കിടയിൽ കേവലം രണ്ടാളുകൾക്കിടയിൽ ഒതുങ്ങുമ്പോൾ ഇത്തരം കൊച്ചു നൊമ്പരങ്ങൾ ഏറെ വേദനിപ്പിക്കുന്നു.

വിദ്യാഭ്യാസം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

വിദ്യ വരുന്നത് നാലുതരത്തിലാണത്രേ. നീതിസാരം പറയുന്നു,
ആചാര്യാൽ പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തുഃ

നാലിലൊന്ന് അദ്ധ്യാപർക്ക് കൊടുക്കാനാവും, പുസ്തകം കേന്ദ്രീകരിച്ചുള്ള വിജ്ഞാനമൊക്കെ നാലിൽ ഒന്നുമാത്രമാണ്. നല്ല പുസ്തകങ്ങൾ കണ്ടെത്താനും അതു പകർന്നു നൽകാനും നല്ല അദ്ധ്യാപകർ ആവശ്യവുമാണ്. കൈക്കൂലി വങ്ങിച്ച് കുഞ്ഞുങ്ങളെ ലഗോൺ കോഴിയെ എന്നപോലെ നോക്കുന്ന ഇവിടുള്ള അദ്ധ്യാപരിൽ നിന്നും കിട്ടുന്ന ആ നാലിൽ ഒന്ന് എന്താവുമോ എന്തോ!! പിതാക്കൾ തന്നെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നതാണു സത്യം.

നാലിൽ ഒരുഭാഗം സ്വന്തമായ കണ്ടെത്തലുകളാണ്. അമ്മയും അച്ഛനും എങ്ങനെ പെരുമാറുന്നു, അവർ മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു; മറ്റുള്ളവർ പോയ ശേഷം അവരെ പറ്റി എന്തു പറയുന്നു, എത്തിച്ചേരുന്ന കളിക്കൂട്ടുകാരെ പറ്റി എന്തു പറയുന്നു, ഇങ്ങനെ ചുറ്റിലും കാണുന്നതൊക്കെ കുഞ്ഞുങ്ങൾ ഹൃദിസ്ഥമാക്കി വെയ്ക്കുന്നുണ്ട്. അവരുടെ മനസ്സിന്റെ അടിസ്ഥാന ശിലകളാവും ഈ തിരിച്ചറിവുകൾ.. അവരുടെ നാളെ എന്നത് ഈ വിചാരങ്ങളുടെ നിറവിലായിരിക്കും രൂപീകൃതമാവുക എന്നു തോന്നുന്നു. പിതാക്കൾ ചെയ്യാൻ പറ്റുന്നത് ഈ നാലിൽ ഒന്നിനെ അവൾപോലും അറിയാതെ അവളുടേതാക്കി ക്രമീകരിക്കുക എന്നതിലാണ്. സ്നേഹപൂർവം അവരുടെ പരിഭവങ്ങൾ കേട്ട് ആശ്വസിപ്പിച്ചു വേണം കുഞ്ഞുകുഞ്ഞറിവുകൾ അവർ പോലും അറിയാതെ അവർക്കുള്ളിലേക്ക് എത്തിക്കേണ്ടത്.

പിന്നെ വരുന്നതിൽ നാലിൽ ഒന്ന് കൂട്ടുകാരിൽ നിന്നും ലഭിക്കേണ്ടതാണ്. അമ്മയും അച്ഛനും നല്ല കൂട്ടുകാരായിരുന്നാൽ മാത്രമേ കുഞ്ഞിന്റെ മറ്റുള്ള കൂട്ടുകാരെപറ്റിയും അറിയാൻ പറ്റൂ. അവർ അറിയാതെ നൽകുന്ന പാഠങ്ങൾ ഇവർ പഠിച്ചുവെയ്ക്കും. തെറ്റും ശരിയും അറിയാതെ ഉഴലുന്ന പതിപ്രായം കൂട്ടുകാർ നൽകുന്ന രഹസ്യഭാഷ്യത്തിൽ ഒരുപക്ഷേ മുഴുകിപ്പോയേക്കാം. വീട്ടുകാരോട് പറയാൻ മടിയുള്ളത് കൂട്ടുകാരോട് പറയാനാവും എന്നൊരു ബോധം കുഞ്ഞിനെ ചിന്തിപ്പിച്ചേക്കും. കുഞ്ഞിനോടുള്ള നല്ല സൗഹൃദത്തിലൂടെ മാത്രമേ പിതാക്കൾക്ക് അതൊക്കെ തിരിച്ചറിഞ്ഞ് നല്ല നിർദ്ദേശങ്ങൾ കൊടുക്കാനാവൂ. കുഞ്ഞിനോടുള്ള ആത്മബന്ധത്തിന്റെ ബലമാണിതിനു പിന്നിൽ.

ബാക്കിവരുന്ന നാലിൽ ഒന്ന് സ്വയം വന്നു ചേരുന്ന അനുഭവജ്ഞാനം തന്നെയാണ്… തിരിച്ചറിവുകാളാണ് അവ. നല്ല സൗഹൃദങ്ങളും നല്ല ബന്ധങ്ങളും നല്ല സാഹചര്യങ്ങളും നല്ല പുസ്തകങ്ങളും ഏറെ നല്ല കാര്യങ്ങൾ കൊണ്ടുവന്നേക്കും. നല്ല ഭാഷാജ്ഞാനം ഏറെ വഴികൾ തൊട്ടറിയാനുള്ള മാർഗം കൂടിയാണ്. അവരുടെ ജീവിത ക്രമീകരണത്തിൽ അവരതിനെ വേണ്ടും വിധം ഉപയോഗിച്ചോളും. ഇതു കാലം കൊണ്ടുക്കൊടുക്കുന്നതാണ്. പൂർവ്വകാലം, അതായത് നാലിൽ ബാക്കി മൂന്നുഭാഗം തന്നെയായിരിക്കും ഇതിനെ രൂപീകരിക്കാനുള്ളതിലെ പ്രധാനി. വളർന്നു വന്ന രീതിയിൽ അവർ നേടിയെടുത്ത വിജ്ഞാനശകലങ്ങൾ ചേർത്തുവെച്ചായിരിക്കും എന്തിനേയും വിലയിരുത്താൻ മുതിരുന്നതു തന്നെ.

ഇന്നുള്ള വിദ്യാഭ്യാസ രീതിയിൽ പ്രധാനം
കുഞ്ഞുമനസ്സിലേക്ക് വിദ്യവരുന്നത് ഇങ്ങനെ പലരൂപത്തിലാണ്; അങ്ങനെ മാത്രമേ അവർ വിദ്യാസമ്പന്നരുമാവൂ. പക്ഷേ, ഇന്നിവിടെ വിദ്യ കുഞ്ഞുമനസ്സിലേക്ക് കെട്ടിവെയ്ക്കുകയാണ്. നഴ്സറിയിൽ പഠിക്കുന്ന ആമിമോളുടെ ഗൃഹപാഠങ്ങൾ കാണുമ്പോൾ തന്നെ ഭയമാണ്. ജോലി കിട്ടാനുള്ളൊരു മാർഗം മാത്രമാണിന്നു വിദ്യയും സർട്ടിഫിക്കേറ്റുകളും; ഇവയിൽ പ്രകടനം എത്രമാത്രം പദർശിപ്പിക്കുന്നുവോ അവർക്ക് ജോലി എന്ന കാര്യത്തിൽ വിദ്യ എന്ന സംഗതി അന്യം നിൽക്കുകയാണ്. ഹോം വർക്ക് കൂടാതെ കുഞ്ഞുങ്ങൾ പഠിപ്പിസ്റ്റാക്കി മാറ്റാൻ ട്യൂഷനു വിടുക, സംഗീതം പഠിക്കാൻ വിടുക, ഡാൻസു പഠിക്കാൻ വിടുക തുടങ്ങിയ കലാപരിപാടികളും കൂടെ തന്നെയുണ്ട്. ആസ്വാദ്യമായ കുട്ടിക്കാലം മുഴുവൻ ഇങ്ങനെ തീറെഴുതിക്കൊടുക്കേണ്ട ഗതികേട്ട് ഓർക്കാൻ പോലും പറ്റാതാവുന്നത് അത്തരം ഒരു കുട്ടിക്കാലം മനസ്സിൽ ഇന്നും പച്ചയായി ജീവിക്കുന്നതുകൊണ്ടാവണം; എന്റെ അറിവില്ലായ്മയും ആവണം!!

വിദ്യാഭ്യാസം സർക്കാറിന്റെ ചുമതലായാവേണ്ടതാണ്. പക്ഷേ ഇന്ന് അതല്ല സ്ഥിതി. ഇവിടെ, ബാംഗ്ലൂരിൽ 3 വയസ്സുള്ള കുഞ്ഞിനെ നഴ്സറിയിൽ വിടാൻ 40000 രൂപ വേണം, നഴ്സറിപഠനപ്രകാരം നടക്കുന്ന ഇന്റെർവ്യൂവും സർട്ടിഫിക്കേറ്റും കാണിച്ച് അതിൽ ജയിച്ചാലേ മിനിമം 2 ലക്ഷത്തിന് എൽ. കെ‌. ജിയിൽ ചേർക്കാനാവൂ… കൈക്കൂലി ഇല്ലാത്തെ എക്സ്ട്രാ ഒരു ലക്ഷത്തിന് യുക്കെജിയും കടന്നു കൂടാം. ഈ രണ്ടുവർഷത്തെ സർട്ടിഫിക്കേറ്റും ഇന്റെർവ്യൂവും ജയിച്ചാലേ ഒന്നാം ക്ലാസ്സിൽ ചേർക്കൂ… യൂണിഫോം, പുസ്തകങ്ങൾ, യാത്രാചെലവ്, മാസാമാസം ട്യൂഷൻ ഫീസ് എന്നൊക്കെ പറഞ്ഞ് വർഷാവർഷങ്ങളിൽ തുക കൂടിക്കൂടി വരും!! വർഷം തോറും ഇത് മാറിവരികയും ചെയ്യുന്നു. പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും കോടികൾ എത്ര കഴിയും!! കുഞ്ഞിനെ ഗവണ്മെന്റ് ജോലികിട്ടിയാലെങ്കിലും നല്ല കൈക്കൂലി വാങ്ങിക്കാൻ കൂടി ഇങ്ങനെ പഠിപ്പിക്കാൻ വിധിക്കപ്പെട്ട ഏത് അച്ഛനാണു ഓർക്കാതിരിക്കുക!! വിദ്യാഭ്യാസം പൊതുമേഖലയുടെ കച്ചവടതന്ത്രം മാത്രമാണിന്ന്; ഗവണ്മെന്റ് അതിനു കൂട്ടും നിൽക്കുന്നു. മുകളിൽ പറഞ്ഞ തുകയൊക്കെ 6 സ്കൂളുകളിൽ അന്വേഷിച്ചതിൽ മിനിമം തുക പറഞ്ഞതിന്റെ വിവരങ്ങളാണ്. കൈക്കൂലി (ഡൊണേഷൻ) മാക്സിമം കാണാൻ പറ്റിയത് എട്ടര ലക്ഷമാണ് – എൽക്കെജിക്ക്!! മുകളിൽ ഞാനെഴുതിയത് മിനിമം തുകയായ ഒരു ലക്ഷം മാത്രമാണ്; ട്യൂഷൻ ചാർജായും യൂണിഫോം, പുസ്തകങ്ങൾ, വാഹനചാർജ്ജ് ഒക്കെയായി ഇതേ തുക അധികമായും ഉണ്ട്!!

എൽ. കെ. ജി. കുട്ടികളും സെക്കന്റി വിദ്യാർത്ഥിയോ?
ഓരോ സ്കൂളിലേയും സിലബസ്സൊക്കെ കിടിലനാണെന്ന് അവർ പറയുന്നു!! ICSE (Indian Certificate of Secondary Education), CBSE (Central Board of Secondary Education) ഒക്കെ തന്നെയാണെന്ന്!! രണ്ടിലും കാണുന്ന Secondary Education എന്നത് എൽ. കെ. ജി. മുതലുള്ളതാണെന്നും അവർ പറയുന്നു!! സത്യമണോ എന്നത് അറിയാവുന്ന വല്ല അദ്ധ്യാപകരോടും ചോദിച്ചു മനസ്സിലാക്കണം. 8 ആം ക്ലാസുമുതലൊക്കെയല്ലേ ഇതൊക്കെ വേണ്ടൂ എന്ന് ഇവിടെ ബാംഗ്ലൂരിൽ ആരോട് ചോദിക്കാനാ!! നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ എന്നേ അവർ പറയൂ.. കാരണം, കുഞ്ഞുങ്ങൾ ഇത്തരം മൃഗശാലയിൽ ചേർക്കാൻ പിതാക്കളുടെ നീണ്ടനിരയാണിവിടെ കാണുന്നത്!! ചേർക്കുന്ന പിതാക്കളൊക്കെ എന്റെ കുഞ്ഞ് ICSE ക്കു പഠിക്കുന്നു CBSE ഒക്കെ പഴഞ്ചനല്ലേ എന്നും ചിലരൊക്കെ CBSE ആണു കുഞ്ഞുങ്ങൾക്കു നല്ലത്, അതുതന്നെയാ പഠിപ്പിക്കേണ്ടത് സ്റ്റേയ്റ്റ് സിലബസ്സൊക്കെ പഴഞ്ചനല്ലേ എന്നും ഒക്കെ പറഞ്ഞു കളയുന്നു. കൂടുതൽ തുക മുടക്കി കുഞ്ഞുങ്ങളെ സ്കൂളിൽ മുറുക്കുന്നതിലാണ് പിതാക്കളുടെ സംതൃപ്തി! ഹോം വർക്ക് കൂടാതെ ഇടവിട്ട മാസങ്ങളിൽ പ്രോജക്റ്റ് വർക്കും ഇവരെ തേടി എത്താറുണ്ട്. ഏറെ കഠിനമാണതൊക്കെ. കുഞ്ഞുങ്ങൾക്ക് പോയിട്ട് വലിയവർക്കു പോലും പറ്റാതെ, സമീപസ്ഥമായി ഇതിനായിമാത്രമുള്ള പീട്യകളിൽ ഏൽപ്പിക്കാറാണു മിക്കവരും – ഒക്കെ ഒരു ബിസിനസ്!!

ആത്മികായനം ഇങ്ങനെ തുടരുന്നു. അവളെ തനിച്ചാക്കി നാട്ടിൽ വിട്ട് നല്ലൊരു ഗവണ്മെന്റ് സ്കൂളിൽ ചേർക്കാൻ എന്തായാലും പറ്റില്ല. നാട്ടിൽ തന്നെ പഠിപ്പിക്കണം എന്നതായിരുന്നു ആഗ്രഹവും. കോടോത്ത് ഗവണ്മെന്റ് സ്കൂളിൽ അന്വേഷിച്ചതുമാണ്. പക്ഷേ, ഞാനിവിടേയും അവളവിടെ ഒറ്റയ്ക്കും ഉള്ളൊരു ജീവിതം ചിന്തിക്കാനേ പറ്റാത്തതും പ്രശ്നം തന്നെയാവുന്നു. അവളുടെ വിദ്യാഭ്യാസം ചെറുപ്പം മുതലേ കണ്ടറിയാൻ ഇവിടെ തന്നെ അവൾ വേണമെന്നുണ്ട്.

സിലബസ്സിനെ പറ്റി പറഞ്ഞ് പ്രൈവറ്റ് സ്കൂളുകൾ കാണിക്കുന്ന കടത്തത്തെക്കുറിച്ച് പരിചയമുള്ള അദ്ധ്യാപകർ പറയുന്നത് ഫെയ്സ്ബുക്കിൽ നിന്നും അറിയാൻ പറ്റി – താഴെ കൊടുത്തിരിക്കുന്നു. ഇത് ബാംഗ്ലൂരിൽ മാത്രമല്ല, വിദ്യാസമ്പന്നരെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലും ഇങ്ങനെയൊക്കെ തന്നെയാണവസ്ഥ. സ്കൂളുകളെപോലെ തന്നെ കുറ്റക്കാരാണ് ഇതാണു മികച്ചതെന്നു പറഞ്ഞ് കുങ്ങുങ്ങൾകൂടെ ജീവിതം മടുപ്പിപ്പിക്കുന്നതിലേക്ക് തള്ളിവിടുന്ന പിതാക്കളും.

സൂര്യകാന്തി നോവ്‌

[ca_audio url=”https://chayilyam.com/stories/poem/SooryakanthiNovu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

In love with nature by womenപാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…

സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷത്തുമ്പികള്‍ പാറിടുന്നൂ…

പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…

കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍
വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍…

പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
മാനാഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…

ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍
പതിവായ്‌ കുരച്ചു പേയാടുന്ന സന്ധ്യകള്‍…

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ…

പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ-
മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ…

ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍…
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍

അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍,
ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള
പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍…

പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…

ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ഡമാകാതെ അറംവന്നു പോകട്ടെ
അന്ധ-കാമാന്ധരീ കശ്മലന്മാര്‍
ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍
ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍…

അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍
എരിയാത്തതായേത് പുരമുണ്ട്‌ ധരണിയില്‍

അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്…
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായ് കവിതയുണ്ട്…

ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
വന്നു നിറയൂ പ്രപഞ്ച
സാന്നിധ്യമായി ശക്തിയായി…

…….
മുരുകൻ കാട്ടാക്കട

കേരളത്തിലെ ബുദ്ധചിന്തകൾ

ബോധിധർമ്മ, കളരിപ്പയറ്റ്, ബുദ്ധമതം, കേരളം

ഇന്നത്തെ ഭാരതീയ സംസ്കാരത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധ സംഹിതയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്‌. ദ്രാവിഡ സംസ്‌കാരത്തിന്റെ ഔന്നിത്യത്തില്‍ സവര്‍ണ്ണരും അവര്‍ണ്ണരുമില്ലാതെ, ദുഷിച്ച ജാതി-വ്യവസ്ഥകളില്ലാതെ ഒത്തൊരുമയോടെ ഓണാഘോഷം നടത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. ഇന്ന് മതങ്ങൾ പലതുണ്ട്; അവർ പരസ്പരം തലകൾ കൊയ്യുന്നുമുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല – ചരിത്രം പലരൂപത്തിൽ രേഖപ്പെടുത്തി തുടങ്ങിയ കാലം മുതലിങ്ങോളമുള്ളത് നമുക്ക് കണ്ടെത്താനാവുന്നു. മാറ്റങ്ങൾ അനിവാര്യം തന്നെ. അതെപ്രകാരം തിരിച്ചറിയുന്നു എന്നതിലാണു പ്രാധാന്യം. ഹിന്ദുവംശരും കൃസ്ത്യാനികളും മുസ്ലീങ്ങളും കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും അവയ്ക്കുവേണ്ടി ജനതതി കൂട്ടം ചേർന്നു പാടിനടക്കുന്ന പാവനഗീതങ്ങളും നമുക്കിന്ന് അന്യമല്ലല്ലോ. പ്രാചീനകാലങ്ങളിൽ ദ്രാവിഡവംശത്തിലേക്ക് പടന്നു കയറി കേരളം പരക്കെ വ്യാപിച്ച വിശ്വാസസംഹിതയായിരുന്നു ബുദ്ധമതം. ഇന്നതിനെ ഹിന്ദുമതം ആക്രമിച്ചുകീഴടിക്കി ഇല്ലാതാക്കിയെങ്കിലും അവർ കൊണ്ടുവന്ന സാംസ്കാരികസ്വാധീനം മാത്രം നിലനിൽക്കുന്നുണ്ട്. കൃസ്തുവിനും മുമ്പ് ആറാം നൂറ്റാണ്ടിലായിരുന്നു ബുദ്ധസന്യാസികൾ കേരളനാട്ടിൽ എത്തിയതായി ചരിത്രപരമായ തെളിവുകൾ ലഭ്യമായിരിക്കുന്നത്. അശോകചക്രവർത്തിയുടെ ആജ്ഞ പ്രകാരവും ഇന്നത്തെ ശ്രീലങ്കയിൽ നിന്നും ഒക്കെയാണ് കേരളത്തിലേക്ക് ഇവരെത്തിയത്. പ്രസിദ്ധ സംഘകാല മഹാകാവ്യമായ മണിമേഖല

Rise and fall of Buddhism in Kerala, Budha Statue
ബുദ്ധൻ

ബൗദ്ധകൃതിയാണ്, ചിലപ്പതികാരത്തിന്റെ തുടർച്ചയാണിത്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ്‌ പ്രതിപാദിക്കുന്നത്. രചയിതാവ് കൂലവാനികൻ ചാത്തനാർ ആണ്. ചേരൻ ചെങ്കുട്ടുവൻ, ഇളങ്കോവടികൾ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചാത്തൻ ശബ്ദം, ശാസ്തനായും ശാസ്താവായും മാരിയതും ദൈവമായി ആരാധിക്കുന്നതും നമുക്കിടയിൽ ഇന്നുമുണ്ടല്ലോ. ജാതിവ്യവസ്ഥകളെന്തെന്നറിയാത്ത അഹിംസാവാദികളായിരുന്നു നമ്മുടെയൊക്കെ പൂർവ്വികർ എന്ന ഓർമ്മപ്പെടുത്തൽ തന്നെ ഇപ്പോൾ ആശ്വാസം തരുന്നുണ്ട്… അതിനും മുമ്പുണ്ടായിരുന്ന ദ്രാവിഡസംസ്കാരം അവിടെ നിൽക്കട്ടെ. ഇപ്പോൾ നമുക്ക് ബുദ്ധമതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാം. മതമെന്നു വിളിക്കാൻ മാത്രമുള്ള ഒന്നല്ല ബുദ്ധിസം. മതമെന്ന് ആധുനികകാല നിർവ്വചനത്തിൽ പറയുന്നു എന്നേ ഉള്ളൂ. അതൊരു സംസ്കാരമായി ലോകത്ത് പലസ്ഥലങ്ങളിലേക്കും അന്ന് വ്യാപിച്ചതായിരുന്നു. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി നാടൊട്ടുക്ക് വിവിധ ബുദ്ധവിഹാരങ്ങൾ പണിതവരായിരുന്നു അവർ.

ബുദ്ധമതത്തിന്റെ ശോഷണം 8-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നന്നായി തുടങ്ങി. എഴാം നുറ്റാണ്ടോടെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നു ചൈനക്കാരായ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. 9 ആം നൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ അദ്വൈത വേദാന്തികൾ മുഖേന ഹിന്ദുമതത്തിന് വൻ പ്രചാരം ലഭിച്ചതു ബുദ്ധമതത്തെ നന്നായി ബാധിച്ചിരുന്നു. അക്കാലത്തൊക്കെയും ഹൈന്ദവരാജാക്കന്മാർ പോലും പഴയ ബൗദ്ധികപാരമ്പര്യം വെച്ച് സംസ്കാരപൂർണരായിത്തന്നെ നല്ല സഹിഷ്ണുതയോടെ ബുദ്ധസങ്കേതങ്ങൾ സംരക്ഷിച്ചുവന്നുരുന്നെങ്കിലും, ശങ്കരാചാര്യരുടെ നേതൃത്വത്തിൽ സവർണഹിന്ദൂയിസം ബുദ്ധിസത്തെ തുടച്ചു നീക്കാൻ മുന്നിട്ടിറങ്ങി. ബ്രാഹ്മണ മതത്തിന്റെ തിരിച്ചു വരവ് മൂലം മെല്ലെ രാജാക്കന്മാർ ബുദ്ധ മതത്തിനെതിരായി തിരിഞ്ഞു; ഭീഷണിയും അക്രമവും തന്നെയായിരുന്നു ബൗദ്ധർക്ക് നേരിടേണ്ടി വന്നത്. തൻമൂലം പടിപടിയായി ബുദ്ധമതത്തിന്റെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വന്നു. വൈഷ്ണവ കുലശേഖരയുടെ കാലത്ത്, 11- ആം നൂറ്റാണ്ടിൽ ബുദ്ധമതം ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി . പ്രസിദ്ധമായ പല ബുദ്ധ വിഹാരങ്ങളും (പള്ളികൾ) ക്ഷേത്രങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്ന പല ജനവിഭാഗങ്ങളും പിന്നീട് ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളിലേക്ക് ചേർക്കപ്പെട്ടു. ചാതുർവർണ്യം നിലവിൽ വന്നത് 11 ആം നൂറ്റോണ്ടോടെയായിരുന്നു. ചാതുര്‍വര്‍ണ്യം അഥവാ ജാതി വ്യവസ്ഥ നടപ്പിലാക്കാന്‍ ഹൈന്ദവര്‍ക്ക് ഏറ്റവും വലിയ തടസമായി നിന്നത് ഇവിടെ വേരുറച്ചുപോയ ബുദ്ധമതമായിരുന്നു. അതുകൊണ്ടുതന്നെ വേരോടെ പിഴുതെറിയുന്ന രീതിയിലുള്ള ഹിംസയാണ് ഇവിടെ അന്ന് അരങ്ങേറിയത്.. ക്രൂരമായിരുന്നു ശിക്ഷണ രീതികൾ. തകർന്നുപോയ ബൗദ്ധകൽപ്രതിമകളൊക്കെ അതിന്റെ കേവലോദാഹരണങ്ങൾ മാത്രം. ഇന്നത്തെ കേരളത്തിലെ ഓരോ തരിമണ്ണിനും പറയാനുള്ളത് ഇവിടെ ബുദ്ധിസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെ കഥകളാണ്; ഇന്ത്യ മൊത്തം ഇതുതന്നെ പറയും. സംഘകാലത്തിന്റെ അവസാനമായും കണക്കാക്കപ്പെടുന്നത് 12 ആം നൂറ്റാണ്ടോടെയാണ്. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. ബുദ്ധമതശോഷണം മുഴുമിപ്പിച്ചതും ചാതുര്‍ വര്‍ണ്ണ്യത്തിന്റെ വിഷവിത്തുകള്‍ ദ്രാവിഡ സംസ്‌കാരത്തില്‍ പാകി മുളപ്പിച്ചതും ഇതേ കാലഘട്ടത്തിൽ തന്നെ. ദ്രാവിഡരുടെ ഇടയിൽ സ്നേഹാംശമായി അലിഞ്ഞുചേർന്ന വികാരമായിരുന്നു പണ്ട് ബൗദ്ധിസം.

South India in Sangam Period
South India in Sangam Period

പ്രകൃതി ശക്തികളെ പൂജിക്കുക എന്ന അന്ധവിശ്വാസ പ്രചാരണത്തിലൂടെ ദക്ഷിണേന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ പ്രീതി പിടിച്ചു പറ്റി, ഹിന്ദുത്വവാദവും ക്ഷേത്രാചാരങ്ങളും വളര്‍ത്തുകയായിരുന്നു ആര്യന്മാര്‍ ആദ്യം ചെയ്തത്. പലകഥകളും അവരതിനായി സൃഷ്ടിച്ചു; ഉള്ളവയ്ക്ക് പുത്തൻ നിർവ്വചനങ്ങൾ നൽകി. പല്ലവര്‍, ചാലൂക്യര്‍, രാഷ്ട്രകൂടര്‍ എന്നീ ദ്രാവിഡ രാജാക്കന്മാര്‍ക്ക് അന്നത്തെ ദേശത്തുണ്ടായിരുന്ന ശക്തിയും സ്വാധീനവും ഹിന്ദുമതത്തിന്റെ വേരോട്ടത്തിന് ശക്തി കൂട്ടി; പിന്നീട് ബൗദ്ധവിഹാരങ്ങളെ തകർത്തെറിയാനുള്ള സഹായമായും ഇതുഭവിച്ചു. ക്രമേണ ചാതുർവർണ്യം വന്നപ്പോൾ ശൂദ്രരേയും അധകൃതരും ജനിച്ചു. രാജ്യഭരണ സഹായത്തിനും മാര്‍ഗദർശനത്തിനു, ആയുള്ള പുരോഹിതന്മാരായി ബ്രാഹ്മണര്‍ ഉന്നതകുലജാതരായി മാറി. ബൈദ്ധിസം കൊണ്ടുവന്ന വിദ്യാഭ്യാസത്തെ അവർ തച്ചുടച്ചു. വിദ്യപഠിക്കുന്നവന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്ന കാഴ്ചകൾക്കുവരെ ശേഷം കേരളം സാക്ഷിയായി. ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്ന നിലയിലാണ് പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തിൽ നിർമ്മിച്ച ശില്പങ്ങൾ ഇന്നും മഹാബലിപുരത്ത് കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിർമ്മിച്ച പല്ലവർ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങൾ നിർവ്വചിച്ചു. പല്ലവ ഭരണകാലത്ത് ചീന സഞാരിയായ ഹുവാൻ സാങ്ങ് കാഞ്ചിപുരം സന്ദർശിച്ചു. ഹുവാൻ സാങ്ങ് തന്റെ ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തിയിട്ടുണ്ട്. അങ്ങനെയൊരു സംസ്കാരത്തിലേക്കായിരുന്നു സവർണത നിറച്ച ബീജാണുവുമായി ആര്യവംശം കടന്നുവന്നത്.

ശബരിമല അയ്യപ്പനും ബുദ്ധനും

കലപ്പയുടെ ഉപയോഗം, ആയൂർവേദം, കൃഷിരീതി, വിദ്യാലയങ്ങളിൽ വിദ്യ ആദ്യമായി പഠിപ്പിച്ചത്, വാസ്തുശില്പവിദ്യ കേരളത്തിൽ അവതരിപ്പിച്ചത് ഒക്കെയും ബുദ്ധഭിക്ഷുക്കളാണ്. ക്ഷേത്രാചാരങ്ങളായ വെടിക്കെട്ട്, കതിന, പറയെടുപ്പ്, പടയണി, പൂരം, കെട്ടുകാഴ്ച, രഥോത്സവമെന്നിവയും ഓണാഘോഷത്തിന്റെ പൂർണ്ണതവരെ വരെയും ബൗദ്ധ സംഭാവനയാണ്. ഓണാഘോഷത്തിന്റെ ചരിത്രം അങ്ങ് ദ്രാവിഡമഹിമവരെയുണ്ടെങ്കിലും അതൊരു നല്ല കലാപരിപാടിയാക്കിയത് ബൗദ്ധർ തന്നെ. (പിന്നീട് സവർണകാലത്ത് വിഷ്ണുപൂജ പച്ചപിടിച്ചുവന്നപ്പോൾ വിഷ്ണു മഹാബലിയെ പാതാളത്തിലേയ്‍ക്കു ചവിട്ടിത്താഴ്‍ത്തിയതായി കഥ രൂപാന്തരപ്പെടുത്തിയതൊക്കെ ബ്രാഹ്മണേതിഹാസങ്ങൾ മാത്രം). പൂജ്യം കണ്ടുപിടിച്ചത് ഭാരതത്തിലായിരുന്നല്ലോ. ആര്യഭടൻ ആണതു കണ്ടുപിടിച്ചത് എന്നൊരു വാദമുണ്ട്; (അതു കൃസ്തുവിനു മുമ്പേ പിംഗളൻ കണ്ടുപിടിച്ചു എന്നൊരു ഭാധ്യവും നിലനിൽക്കുന്നു – ബി സി 4ആം നൂറ്റാണ്ടിലാണ് ജീവിതകാലഘട്ടം എന്നും കരുതുന്നു). ആര്യഭടൻ കൊടുങ്ങല്ലൂരിൽ വസിച്ചിരുന്ന ബുദ്ധമതാനുയായിയായിരുന്നു എന്ന് ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ് സാങ് പറയുന്നു. 5 – 6 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധ പണ്ഡിതനായിരുന്നു ആര്യദേവൻ അഥവാ ആര്യഭടൻ. ലോകത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടുന്നത് എല്ലാ ആയോധന കലകളുടെയും മാതാവാണു കളരിപ്പയറ്റ് എന്നാണ്. ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കളരി പയറ്റ് നിരന്തര മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു, ആറാട്ട്, ഉത്സവാഘോഷങ്ങൾ, ദേവീ വിഗ്രഹങ്ങൾ, അയ്യപ്പൻ, ശാസ്താവ്, ചാക്യാർ കൂത്ത് ഇങ്ങനെ ഒട്ടനവധി സംഗതികളിൽ നമുക്ക് ബൗദ്ധികബീജം കണ്ടെത്താനാവുന്നു. കോഴിക്കോട്, മാവേലിക്കര, കരുമാടി, കരുനാഗപ്പള്ളി, മരുതൂർകുളങ്ങര, ഭരണിക്കാവ്, പള്ളിക്കൽ, കോട്ടപ്പുറം ഇവിടെ നിന്നൊക്കെയും ബദ്ധപ്രതിമകൾ കണ്ടെടുത്തിട്ടുണ്ട്. ശബരിമല, കിളിരൂർ, കുട്ടംപേരൂർ, കൊടുങ്ങല്ലൂർ, അർത്തുങ്കൽ തുടങ്ങി അനേകം പേരുകേട്ട അമ്പലങ്ങളുടെ ചരിത്രത്തിലും ബുദ്ധമത സ്വാധീനം കാണാം. ഇതയും പറഞ്ഞത് ഒരു തുടക്കമെന്ന നിലയിൽ മാത്രമാണ്. പറയാനുദ്ദേശിക്കുന്നത് ശബരിമലയിലെ അയ്യപ്പനെ പറ്റിതന്നെയാണ്. പറ്റൊരു കാര്യം മലനാടിന്റെ മുഖമുദ്രയായ കളരിപ്പയറ്റാണ്. അതുപോലെതന്നെ ആയൂർവേദവും. കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും മറ്റുംആയൂർവേധരംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ടെന്നോർക്കുക. ബ്രാഹ്മണമതം പിന്നീടതിനെ ബ്രഹ്മാവ്‌ ഉണ്ടാക്കി മകനായ ദക്ഷപ്രജാപതിക്കും പ്രജാപതി അശ്വനീകുമാരന്മാർക്കും അങ്ങനെയങ്ങനെ വിവിധങ്ങളായ മഹർഷിവര്യന്മാരിലേക്കും അതെത്തിച്ചേർന്നുവെന്നൊക്കെ കഥകളുണ്ടാക്കി; അഞ്ചാം വേദവും ആക്കിമാറ്റി. തനിക്കാക്കി വെടക്കാക്കുന്ന പരിപാടി തന്നെ മുഖ്യം. എങ്കിലും കാവും കുളവും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എല്ലാം ബുദ്ധമതത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണെന്ന് നിസംശയം പറയാൻ സാധിക്കും. എ. ഡി. 5-ആം നൂറ്റാണ്ടില്‍ പാടലീപുത്രത്തില്‍ കാണപ്പെട്ടിരുന്ന ബുദ്ധ മഹോത്സവങ്ങളുമായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടത്തുന്ന ഉത്സവങ്ങള്‍ക്കും കെട്ടുകാഴ്ചകളും സാമ്യമുളളതായി ചീനാ സഞ്ചാരിയായ ഫാഹിയാന്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ശബരിമല, അച്ചന്‍കോവില്‍ തുടങ്ങിയ പുരാതന അയ്യപ്പക്ഷേത്രങ്ങള്‍ ദ്രാവിഡബിംബങ്ങളും പിന്നീട് ബുദ്ധ വിഹാരകേന്ദ്രങ്ങളായി മാറുകയും ചെയ്തുവെന്ന് നവീന പ്രാചീന ചരിത്രകാരന്മാര്‍ ഒരുപോലെ വിലയിരുത്തുന്നു. ഹിന്ദു മതവിശ്വാസികള്‍ മണ്ഡലകാലത്ത് അനുഷ്ഠിക്കുന്ന അഹിംസാ – സസ്യാഹാര വ്രതത്തിന് ബുദ്ധമതാചാരങ്ങളുമായി അനിഷേധ്യമായ ബന്ധമുണ്ട്.

Bodhidharma Kalarippayat
Bodhidharma

കളരിപ്പയറ്റിനെ പറ്റി മുകളിൽ പറഞ്ഞു. കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. ഇന്ന് കേരളമെന്നു പറയുമെങ്കിലും പഴയ കേരളം ഏറെ വിശാലമായിരുന്നു; ദ്രാവിഡാധിപത്യം കാണിക്കുന്ന ഭൂപടം നോക്കുക. കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കേരളമുണ്ടാക്കിയെന്നു കഥകളിൽ പറയപ്പെടുന്ന പരശുരാമനാണ് കളരിപ്പയറ്റ് കണ്ടുപിടിച്ചതെന്ന കഥയുണ്ട്. ബ്രാഹ്മണേതിഹാസങ്ങളൊക്കെ വരുന്നതിനു മുമ്പേ ഉള്ള സംവിധാനമാണ് സത്യത്തിൽ കളരിപ്പയറ്റ്. സംഘകാലത്ത്‌ നിലവിലിരുന്ന ആചാരങ്ങളും വീരക്കൽ ആരാധനയും കണക്കിലെടുത്ത്‌ ചിലർ അക്കാലത്തേ കളരി നിലവിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. ഹാന്‍ ചൈനീസ് ഷാവോലിന്‍ ഫിസ്ടിന്റെ പിതാവായി അറിയപ്പെടുന്ന ബോധി ധര്‍മ്മന്‍ ചൈനയില്‍ എത്തിയത് തന്നില്‍ നിക്ഷിപ്തമായ ബുദ്ധ മത പ്രചാരണം എന്ന ലക്ഷ്യത്തോടെയാണ്. അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധർമ്മൻ. പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്നു ഇദ്ദേഹം. കേരളത്തിലെ ബുദ്ധ മതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്, കളരി പയറ്റു പോലെയുള്ള ആയോധനകളുടെ ആചാര്യന്‍ എന്ന നിലയില്‍ പ്രശസ്തനായത്തിനു ശേഷമാണ് അദ്ദേഹം തന്‍റെ കടമ നിര്‍വഹിക്കുവാനായി പുറപ്പെട്ടത്. യി ജിന്‍ ജിംഗ്, ബ്രൂസ് ലി വികസിപ്പിച്ച കുങ് ഫു വിന്‍റെ പിതാവായും ബോധി ധർമ്മനെയാണ് കാണുന്നത്, കങ് ഫു വിനു കളരി പയറ്റുമായുള്ള സാമ്യവും ബോധി ധർമ്മനെ കുറിച്ചുള്ള അറിവുമാകണം തനിക്കു കളരി പഠിക്കുവാനുള്ള ആഗ്രഹമുണ്ടെന്ന് ബ്രൂസ് ലീ യെ കൊണ്ട് പറയിപ്പിച്ചത്. ആത്മീയവും ശാരീരിക പരിശീലനവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയാണ് ബോധി ധര്‍മ്മന്‍ തിരഞ്ഞെടുത്തിരുന്നത് എന്ന് മനസിലാക്കാം. ബോധി ധര്‍മ്മന്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്നു എന്ന കാര്യം എല്ലാ ചരിത്ര ഗവേഷകരും സമ്മതിക്കുന്നു എന്നാല്‍ അതെവിടെയായിരുന്നു എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്, എന്നാല്‍ അത് തമിഴ് നാടല്ലെന്നും സഹ്യ പര്‍വ്വത്തിനുപ്പറമുള്ള കേരളത്തിലാണെന്നും വിശ്വസിക്കാനുള്ള ഒരു പാട് കാരണങ്ങള്‍ നിലവിലുണ്ട്, ബോധി ധര്‍മ്മന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ തമിഴ് നാട്ടില്‍ ബുദ്ധ മതം അധികം പ്രചാരം നേടിയിട്ടില്ലായിരുന്നു എന്നതാണ് വസ്തുത മാത്രവുമല്ല അക്കാലങ്ങളില്‍ കേരളത്തില്‍ അത് പ്രബലവുമായിരുന്നു. കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ബുദ്ധ മത സ്തൂപങ്ങളിലൊന്നിലാണ്, ആ കാലഘട്ടത്തിലെ കേരളത്തിലെ ബുദ്ധ മത സ്വാധീനം ഇത് വിവരിക്കുന്നു. ബ്രാഹ്മണനായിരുന്നു ബോധി ധര്‍മ്മന്‍ എന്നാല്‍ ബുദ്ധ മതം സ്വീകരിച്ചതോടെ ജാതീയമായ കെട്ട് പാടുകളില്‍ നിന്നും അദ്ദേഹം മുക്തനായി, ധര്‍മ്മന്‍ എന്ന പേര് അക്കാലങ്ങളില്‍ കേരളത്തിലെ വിവിധ ബുദ്ധ മത പ്രചാരകര്‍ സ്വീകരിച്ചിരുന്നു, അത് കൊണ്ട് തന്നെ ബുദ്ധ മതം സ്വീകരിക്കും മുമ്പ് അദ്ദേഹത്തിന്റെ പേര് മറ്റൊന്നായിരുന്നിരിക്കാം, പ്രമുഖ ബുദ്ധ വിഹാരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള ഏതോ സ്ഥലത്ത് അദ്ദേഹം ജീവിച്ചിരുന്നു എന്ന അനുമാനം അംഗീകരിക്കപ്പെട്ടെക്കാം. കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയ ഒരു നാമമാണ് ബോധി ധര്‍മ്മന്‍. അടുത്ത കാലത്ത് പുറത്തിറങ്ങിയ തമിഴ് സിനിമയായ ഏഴാം അറിവ് ബോധി ധർമ്മനെ പറ്റിയുള്ളതുതന്നെയാണ്. ഇന്നത്തെ തമിഴ്‌നാട്ടിലെ കാഞ്ചീപുരമാണു ജന്മദേശം എന്നൊരു പ്രബലവാദമുണ്ടെങ്കിലും നമുക്കഭിമാനിക്കാൻ പറ്റുന്ന കേരളീയനാണ് ബോധിധർമ്മനെന്നു നിസംശയം പറയാനാവുന്നതാണ് പലതെളിവുകളും കൂടെ തന്നെയുണ്ട്. അതിൽ പ്രധാനമാണ് കളരിപ്പയറ്റിലെ മെയ്‌വഴക്കം.

ബുദ്ധിസത്തെ പറ്റി വിശാലമായി മലയാളം വിക്കിപീഡിയയിൽ വായിക്കാം

കടാങ്കോട്ട് മാക്കവും മക്കളും

കടാങ്കോട്ട് മാക്കവും മക്കളും - Makkavum makkalum
കടാങ്കോട്ട് മാക്കവും മക്കളും – ഫോട്ടോ ജിതിൻ കൃഷ്ണ

മാക്കവും മക്കളും കവിത

കോലത്തുനാട്ടിലേ തമ്പുരാൻമാർ
ചേലോടെ നാടുവാണിടും കാലം,

ശ്രീ കുഞ്ഞിമംഗലമെന്ന നാട്ടിൽ
കടാങ്കോടെന്നൊരു നായർവീട്ടിൽ

ഏറിയവർഷങ്ങൾക്കപ്പുറത്ത്
ഉണ്ടായൊരു പെണ്ണുണിച്ചെറിയ,

ഒമ്പതാമത്തെ വയസ്സവൾക്ക്,
മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ,

ഏഴണപ്പുടവ കൊടുത്തവൾക്ക്
വല്ലഭനായി കഴിഞ്ഞീടുമ്പോൾ,

ആടലില്ലാതെ വസിക്കും കാലം
പെറ്റുതുടങ്ങിയിയുണിച്ചെറിയ,

പന്ത്രണ്ട് പെറ്റവൾ, പെറ്റതെല്ലാം
ആണ്‍മക്കളായി പിറന്നതിനാൽ

പെണ്‍മകളൊന്നു ജനിക്കുവാനായ്
പാരംകൊതിച്ചന്നുണിച്ചെറിയ,

തിങ്കൾക്കലാധരപ്രീതിക്കായി,
തിങ്കളാഴ്ചവ്രതം നോറ്റുപോലും,

ഏകാദശിയും ദുവാദശിയും,
ഏകാഗ്രതയോടെ നോറ്റതിനാൽ,

ശ്രീമഹാദേവൻ കരുണകാട്ടി,
ശ്രീമതി ഗർഭം ധരിച്ചു വീണ്ടും,

ചേർച്ചകൾ നേർച്ചകൾ നോറ്റവള്,
ഓർച്ചയിലിങ്ങനെ ചിന്തചെയ്തു,

ഈ ജനിച്ചീടുന്ന സന്തതിയാൾ
ഒരു കൊച്ചുപെണ്ണായ് ഭവിച്ചുവെന്നാൽ,

വീരചാമുണ്ഡി തിരുനടയിൽ,
വെള്ളിവിളക്കൊന്നാരുക്കി വെക്കാം,

പറശിനി മുത്തപ്പനീശ്വരന്,
ഊട്ടും വെള്ളാട്ടും കഴിപ്പിച്ചീടാം,

തൃച്ചംമ്പരത്തൊരു നെയ്പായസം,
തൃപ്രയാറപ്പനു പാൽപായസം,

ചെറുകുന്നിൽ അന്നപൂർണേശ്വരിക്ക്,
ചെന്നു നിവേദ്യം കഴിപ്പിച്ചോളാം,

മാടായിക്കാവിലെൻ പൊന്നമ്മയ്ക്ക്,
കോഴിയെ വെട്ടി കലശം വെക്കാം,

കടലായിവാഴുന്നൊരുണ്ണികൃഷ്ണ-
ന്നരയിലരഞ്ഞാണം ചാർത്തിച്ചീടാം,

തളിപ്പറമ്പത്തൊരു നെയ്യമൃതും,
കാഞ്ഞിരങ്ങാട്ടൊരു നെയ് വിളക്കും,

പൂമാലക്കാവിൽ ഭഗവതിക്ക്,
പൊന്നിൻ പൂമാലയണിയിച്ചോളാം,

ഇത്തരം നേർച്ചകൾ നേർന്നവള്,
അത്തലില്ലാതെ കഴിയും കാലം,

മാസങ്ങൾ നീങ്ങിക്കഴിഞ്ഞവൾക്ക്,
ഒമ്പതുമാസം കഴിഞ്ഞു പോയീ,

പത്തും കഴിഞ്ഞു, പത്താം ദിവസം,
പത്തുവിനാഴിക ചെല്ലും നേരം,

ഒത്തൊരു നല്ല മുഹൂർത്തം തന്നിൽ,
പെറ്റവൾ നല്ലൊരു ബാലികയേ…

പത്തനം തന്നിൽ പരലസിച്ചു,
തത്തിക്കളിച്ചവൾ പൊന്നുമോള്,

പെണ്‍കുഞ്ഞാണെന്നുള്ള വാർത്തകേട്ടു,
പാരിച്ചോരാമോദാൽ കുഞ്ഞിക്കോരൻ,

ദാനധർമ്മാദികൾ വേണ്ടുമ്പോലേ,
സമ്മാനദാനവും നിർവ്വഹിച്ചു,

അന്നവസ്ത്രാദികളാഭരണം,
ആദരവോടെ കഴിച്ചുവേഗം,

താലോലിച്ചേറ്റം വളർത്തിയമ്മ,
ഓമനിച്ചാങ്ങളമാരും നോക്കി,

ജ്യോത്സ്യരെ വേഗം വരുത്ത്യവര്,
ജാതകം നന്നായെഴുതിപ്പിച്ചു,

കുഞ്ഞിമാക്കമെന്നോമനപ്പേർ
കുഞ്ഞിന്നായെന്നു വിളിച്ചവര്,

ഒരു കുന്നിലന്നൊരു പന്നിപോലെ
അരുമയിലന്നു വളർന്നു മാക്കം,

ആനന്ദമോടെ കഴിയും കാലം,
ആണ്‍മക്കൾ തന്നുടെ കല്യാണങ്ങൾ,

ആമോദമോടെ കഴിപ്പിച്ചച്ഛൻ,
സാമോദം ഭാര്യമാർ നാമമോതാം,

മൂത്തവനാം കുഞ്ഞിക്കോമനുടെ,
ഭാര്യക്കു കുഞ്ഞാതിയെന്നു നാമം,

രണ്ടാമനാകുമാ കുഞ്ഞമ്പുന്റെ,
പെണ്ണിന്റെ പേരല്ലോ കുംഭയെന്ന് ,

രയരപ്പവനവൻ മൂന്നാമൻറെ,
ഭാര്യ കുഞ്ചാറയെന്നു നാമം,

നാലാമൻ കണ്ടന്ന് പാട്ടിപ്പെണ്ണ്,
ചീരുപ്പെണ്ണഞ്ചാമനപ്പണ്ണക്കല്ലോ,

ആറാമൻ കണ്ണന്നൊരുമ്മാച്ചയും,
ഏഴാമൻ ചാത്തൂന് കുഞ്ഞാണിയും,

എട്ടാമൻ പാപ്പന്ന് കുഞ്ഞിക്കുങ്കി,
ഏതിലും ചൊവ്വുള്ള പെണ്ണാകുന്നു,

ഒമ്പതാമൻ കുഞ്ഞിക്കോരനുടെ,
പെണ്ണല്ലേ കുഞ്ഞമ്മയെന്നവര്,

പത്താമനാകുമാ കുഞ്ഞപ്പക്ക്,
ഉത്തലയെന്നൊരു പെണ്ണാകുന്നു,

പതിനൊന്നാമനാകുമപ്പൂട്ടി തൻ
പത്നിതൻ പേരു വാടിയെന്നും,

പന്ത്രണ്ടാമനാകും കുട്ടിരാമൻ,
ചിന്നാണിപ്പെണ്ണിനും താലികെട്ടി,

ഇങ്ങനെ പന്ത്രണ്ട് ആങ്ങളാരും,
പത്നിമാരോടും കടാങ്കോട്ടുള്ള,

ഉത്തമപുത്രിയാം മാക്കത്തോടും,
ഒത്തുരസിച്ചു വസിക്കും കാലം,

മാക്കത്തിനഞ്ചു വയസ്സായപ്പോൾ,
വെക്കമെഴുത്തിനിരുത്തിയവര്,

ആങ്ങളമാരവരൊത്തു ചേർന്നു,
അങ്കക്കളരിയിൽ ചെന്നവര്,

കളരിപ്പയറ്റും പഠിച്ചു നന്നായ്,
കേളിയേറും പടനായകരായ്,

കുട്ടിമാക്കവും പഠിച്ചുയർന്നു,
കൂട്ടുകാരൊത്തു കളിക്കും കാലം,

അന്നൊരു പൂരക്കാലത്തിൽ മന്ദം,
അമ്മയോടായിപ്പറഞ്ഞു പെണ്ണ്,

ഇക്കാലം വന്നൊരീ പൂരം നോമ്പ്,
നോക്കുവാനാശയെനിക്കെൻറെമ്മേ,

ആശയുണ്ടെങ്കില് നോറ്റോ മോളേ,

ഈശ്വരപ്രാർഥന ചെയ്തോ മോളേ,

പൂരവും നന്നായ് നോക്കി മാക്കം,
പൂക്കളു നന്നായ് വരച്ചു മാക്കം,

കാമനെ നന്നായ് കുറിച്ചുവച്ഛൻ,
കേമത്തിൽ സദ്യയൊരുക്കിയമ്മ,

പൂരട ചുട്ടുവിളമ്പിയവര്,
പൂമ്പാണന്തന്നെ നമസ്കരിച്ചു,

കാമനെ നന്നായയച്ചു പെണ്ണ്,
കൂട്ടുകാരൊത്ത് കളിച്ചു പെണ്ണ്,

അന്നൊരു നാളിൽ കളിച്ചീടുമ്പോൾ,
അച്ഛൻറെ നേരെ മരുമകനാം,

കുട്ടിനമ്പറെന്ന കുട്ടിയോട്,
പുന്നാരത്തോടെ പറഞ്ഞു മാക്കം,

ചുക്കും ചൊറിയും പിടിച്ച നീയും,
എന്നോടൊപ്പമൊന്നും കളിച്ചിടേണ്ട,

എന്നും പറഞ്ഞവൾ കുഞ്ഞിമാക്കം,
നന്നായ് പരിഹാസം ചെന്നതിനാൽ,

വേദനയോടെ നടന്നു നമ്പർ,
സാദരം അമ്മായി തൻ അരികിൽ,

ചെന്നുകരഞ്ഞു പറയും നേരം,
വേഗത്തിൽ ചോറ് കൊടുത്തമ്മായി,

ഒന്നുണ്ട് കേൾക്കണം കുട്ടിനമ്പ്രേ,
എന്നും കളിച്ചു നടന്നാൽ പോരാ,

കേളിപൊരുത്തൊരു നായർവീട്ടിൽ,
വന്നുപിറന്നൊരാണ്‍മക്കളെല്ലാം,

അങ്കക്കളരിയിൽ ചേർന്നിടേണം,
അങ്കപ്പയറ്റും പഠിച്ചിടേണം,

ആ വാക്കു കേട്ടൊരു കുട്ടിനമ്പർ,
അങ്കക്കളരിയിൽ ചേർന്നു വേഗം,

ആയുധവിദ്യ പഠിച്ചുയർന്നു,
ആയോധനത്തിൽ മിടുക്കനായി,

കുഞ്ഞുമാക്കം വളർന്നുവേഗം,
കുഞ്ഞിക്കളിവിട്ടു യവ്വനമായ്,

മാനവും വന്നു മിഴിയിണയിൽ,
നാണവും വന്നു കഴിഞ്ഞവൾക്ക്,

നീണ്ടുചുരുണ്ട് മുടിവളർന്നു,
കാണുന്നോർക്കേറ്റം ഭ്രമം വളർന്നു,

പഞ്ചമിച്ചന്ദ്രനും തോറ്റോടുന്ന,
പുഞ്ചിരിക്കൊള്ളും മുഖാംബുജത്തിൽ,

മുല്ലപ്പൂമൊട്ടുകളെന്നപോലെ,
പല്ലുകൾ നന്നായ് നിരന്നു നിന്നു,

താമരക്കണ്ണിണക്കോണുകൊണ്ട്,
തൂമകലർന്നൊരു നാണത്തോടെ,

നോക്കും മിഴിയൊന്നു തട്ടുവാനായ്,
ലാക്കുകൾ നോക്കും പുരുഷവർഗം,

അങ്ങനെയുള്ളൊരു കാലത്തിങ്കൽ,
പൊങ്ങിന മോദാലുണ്ണിചെറിയ,

മക്കളെയൊക്കെ വിളിച്ചരികിൽ,
മുമ്പിലിരുത്തി പറഞ്ഞുവമ്മ,

കടാങ്കോട്ടോമന പൊൻമക്കളേ,
കേളിയും കീർത്തിയും കൊണ്ടവരേ,

നിങ്ങളെ നേർപെങ്ങൾ മാക്കത്തിനു,
പ്രായമിതൊമ്പതും തേഞ്ഞവൾക്ക്,

പൊടമുറി വേഗം കഴിപ്പിക്കേണം,
കല്യാണത്താലിയണിയിക്കേണം,

അതിനൊന്നും തന്നെ മുടക്കമില്ല,
ബന്ധുവീടൊന്നമ്മ കണ്ടിടേണം,

മുക്കം കുറ്റി വീട്ടിൽ കുട്ടിനമ്പർ,
നിങ്ങടെ മച്ചുനൻ കുട്ടിനമ്പർ,

നമ്പറെ കൊണ്ടു കഴിപ്പിക്കണം,
മാക്കത്തിനൊത്ത വരനവനും,

ആ വാക്ക് കേട്ടോരു മക്കളെല്ലാം,
ആ, യെന്നനുവാദം മൂള്യവര്,

ജാതകം നന്നായ് നോക്യവര്,
നാളും കുറിച്ചവർ നിശ്ചയിച്ചു,

മാലോകർക്കാകെയെഴുത്തയച്ചു,
കല്യാണപന്തലൊരുക്കി വേഗം,

പന്തൽ വിതാനം പൊടിപൊടുത്തു,
ചന്തത്തിൽ മണ്ഡപം തീർത്തുടനെ,

മെല്ലെയാ നല്ല സുദിനം തന്നിൽ,
മാലോകരൊക്കെയും വന്നുചേർന്നു,

പന്തൽ മംഗലത്തിൻ വട്ടം കൂട്ടി,
ചന്തത്തിൽ ദീപം കൊളുത്തി വച്ചു,

കർപ്പൂരം കത്തിയെരിഞ്ഞു നന്നായ്,
താമ്രാണിധൂപം പറന്നു വാനിൽ,

പഞ്ചവാദ്യങ്ങളുയർന്നു വിണ്ണിൽ,
തഞ്ചത്തിൽ ഭാരതം ചൊല്യവര്,

മംഗളമേകുമാ നൻമുഹൂർത്തേ,
മംഗല്യഹാരമണിഞ്ഞവര്,

മംഗല്യപന്തലിൽ വെച്ചു നമ്പർ,
കല്യാണഗാത്രിക്കു താലികെട്ടി,

സദ്യകഴിഞ്ഞു പിരിഞ്ഞെല്ലാരും,
അന്നന്തിയൊപ്പം കഴിച്ചവര്,

പിറ്റേന്നു നേരം പുലർന്നനേരം,
പുന്നാരസൂര്യനുദിച്ച നേരം,

താമേളങ്ങളാലൊത്തു ചേർത്തു,
കാന്തന്റെ വീട്ടിലേക്കായിറങ്ങി,

അപ്പോഴേ പൊട്ടിക്കരഞ്ഞു മാക്കം,
കൂടെകരയുന്നുണ്ടാങ്ങളാരും,

അതുതാനെ കണ്ടൊരാ പെററൊരമ്മ,
ഒന്നുണ്ട് കേൾക്കണം പൊൻമകളേ,

പെണ്ണായ് ജനിച്ചാലൊരാണു വേണം,
കൂട്ടിന്നൊരാണായാൽ പെണ്ണുവേണം,

ദൈവത്തിൻ നിശ്ചയമങ്ങിനെയെ-
നോതികൊടുത്തുവാ പെറ്റൊരമ്മ,

അതുപോലെ കേട്ടോരു മാക്കത്തിൻ,
ഉൾതാപമൊട്ടു ശമിച്ചു വന്നു,

ആങ്ങളമാരുടെ പാദം തന്നിൽ,
ആദരവോടെ നമസ്കരിച്ചു,

പെറ്റമ്മയേയും വണങ്ങി മാക്കം,
അച്ഛൻറെ തൃപ്പാദം തന്നിൽ വീണു,

നാത്ത്വൻമാരേവും ചമഞ്ഞൊരുങ്ങി,
കാന്തൻറെ വീട്ടിലായെത്തും നേരം,

ദീപം നന്നായ് കത്തിച്ചമ്മ,
മക്കളെ വേണ്ടപോലാധരിച്ചു,

പുഞ്ചനെല്ലരി ചോറിനാലും,
മുഞ്ചുള്ളോരഞ്ചു കറികളാലും,

മൂന്നുവിധത്തിൽ പ്രഥമനോടും,
മൂന്നാലുകൂട്ടം വറുത്തുപ്പേരീ,

,പാലടയുണ്ട്, പഴംനുറുക്കും,
പാകത്തിൽ വാർത്തുള്ള നെയ്യപ്പവും,

മൃഷ്ടാന്നമായിട്ടോരുക്കി വച്ചു,
സദ്യകളെല്ലാം പൊടിപൊടുത്തു,

വെറ്റിലക്കെട്ടും കഴിച്ചവര്,
വാത്സല്യത്തോടെ തിരിച്ചവര്,

എത്തീ കടാങ്കോട് വീട്ടിൽ വന്നു,
ഭർത്താക്കളോടും സുഖിച്ചു മേവി,

അമ്മയോരു നാൾ വിരുന്നു പോയീ,
അമ്മാവൻ വീട്ടിലായ് താമസിച്ചു,

അന്നൊരു നാളിലാ കുഞ്ഞിമാക്കം,
ആദ്യമായ് ചോറും കറിയു വച്ചു,

ഭർത്താവിനാദ്യം കൊടുത്തു മാക്കം,
നമ്പറന്നൂണും കഴിച്ചെണീറ്റു,

പാത്രമെടുത്തൂ കഴുകുന്നേരം,
ഗാത്രം വിറച്ചു പറഞ്ഞു മാക്കം,

ഭാര്യായായിന്നു ഞാനുള്ളനേരം,
പാത്രം കഴുകാൻ തുനിഞ്ഞതത്രേ!,

അരുതാനേ കേട്ടോരു കുട്ടിനമ്പർ,
പുതുതായിട്ടോൻ ചിരിച്ചുകൊണ്ട്,

”ചുക്കും ചൊറിയു പിടിച്ചൊരെൻറെ,
എച്ചിലിന്നെങ്ങനെ നീയെടുക്കും,

ആ വാക്കു കേട്ടൊരാ കുഞ്ഞിമാക്കം,
ചെറുതായിട്ടോതി കരഞ്ഞും കൊണ്ട്,

”പണ്ടുചെറുപ്പത്തിൽ നമ്മൊത്ത്,
പൂഴിച്ചോറാടിക്കളിക്കുംനേരം,

അന്നുതമാശയായ് പറഞ്ഞതെല്ലാം,
ഇന്നെൻറെ കാന്തൻ പൊറുത്തിടേണം,

എല്ലാം ഞാൻ പണ്ടേ പൊറുത്തതാണ്,
എന്നാലും നീയൊന്നറിയാനായീ,

ഉല്ലാസത്തിനു പറഞ്ഞതാണ്,
തെല്ലുമേ നീയതിൽ ഖേദിക്കേണ്ട,

ഇങ്ങനെ നേരമ്പോക്കാതിക്കൊണ്ടും,
പൊങ്ങിനമോദാൽ വസിക്കും കാലം,

നാളുകളേറെ കടന്നു പോയീ,
പലവേനൽവർഷം കടന്നുപോയീ,

മാസക്കുളിയും മുടങ്ങി മന്ദം,
മാക്കത്തിൻ ഭാവം പകർന്നും പോയീ,

ഒന്നും കഴിഞ്ഞവൾ രണ്ടിലെത്തി,
രണ്ടും കഴിഞ്ഞവൾ മൂന്നിലെത്തി,

മൂന്നും കഴിഞ്ഞവൾ നാലിലെത്തീ,
നാലും പിന്നിട്ടവൾ അഞ്ചിലെത്തി,

അഞ്ചെന്നമാസം നടക്കും കാലം,
അഞ്ചാതെ തൊവ്വൽ കഴിച്ചവര്,

അഞ്ചും കഴിഞ്ഞവൾ ആറിലെത്തി,
ആറിനുശേഷം പിന്നേഴിലെത്തി,

ഏഴെന്ന മാസം പിറന്നകാലം,
ഏണാക്ഷിയാകുമുണിച്ചെറിയ,

പുങ്ങനും നല്ല പുളികുടിയും,
ഭംഗിയിൽ തന്നെ കഴിച്ചോളുന്നു,

മാക്കത്തെയന്നു കടാങ്കോട്ടേക്ക്,
അമ്മതന്നൊപ്പമയച്ചു നമ്പർ,

പെറ്റമ്മക്കൊപ്പമാ കുഞ്ഞുമാക്കം,
തെറ്റെന്നു മെല്ലെ നടന്നും കൊണ്ട്,

നേരമോരഞ്ച് മണിക്ക് മുമ്പേ,
നേരെ കടാങ്കോട് വീട്ടിലെത്തി,

ആങ്ങളമാരവരൊത്തു ചേർന്നു,
ആർത്തിയിൽ മാക്കത്തെ സംരക്ഷിച്ചു,

നാത്തൂൻമാർക്കൊട്ടും സഹിച്ചിടാതെ,
മുക്കിയും മൂളിയുമൊപ്പിക്കുന്നു,

ആശിച്ചതെല്ലാം കൊടുത്തുവമ്മ,
ഈശ്വരസേവയിൽ വാഴും കാലം,

പത്തും തികഞ്ഞവൾ കുഞ്ഞുമാക്കം,
ഒത്തൊരു ഭാവം പകർന്നു പെണ്ണ്,

അതുതാനെ കണ്ടൊരു ആങ്ങളാര്,
ഈറ്റുപുരയൊരുക്കി വേഗം,

പെങ്ങള നന്നായ് നോക്കുവാനായ്,
പേറ്റച്ചിയേയും വരുത്യവര്,

പേറ്റുനോവലത് സഹിക്കാഞ്ഞിട്ട്,
ഏറ്റം കരയുന്നു കുഞ്ഞുമാക്കം,

ഏതും കരയല്ല പൊന്നുമോളേ,
എല്ലാം സഹിക്കണം പൊന്നുമോളേ,

പെണ്ണായ് ജനിച്ചെന്നാലേതൊരാളും,
മണ്ണിലറിയേണം പേറ്റുനോവ്,

അങ്ങനെയൊട്ടുകഴിയും നേരം,
പെറ്റവൾ കുട്ടികൾ രണ്ടുപേരെ,

വാർത്തയറിഞ്ഞവരാങ്ങളമാർ,
ചീർത്തവരുല്ലാസത്താൽ തുള്ളിച്ചാടി,

അച്ഛൻറെ വീട്ടിലയച്ചു വാർത്ത,
ഇച്ചയോടച്ഛനും വന്നുചേർന്നു,

മക്കളെക്കൊണ്ടവർ സന്തോഷിച്ചു,
ചിക്കെന്നു പേരും വിളിച്ചോതുന്നു,

ആണ്‍കുഞ്ഞയതിനാൽ ചാത്തുവെന്നും,
പെണ്‍കുഞ്ഞിന്നായിട്ട് ചീരുവെന്നും,

ജാതകാലൊത്തൊരു നാമം നൽകി,
ഭൂതലം തന്നിൽ വളർന്നിടുമ്പോൾ,

നാത്തൂൻമാർക്കേതും സഹിച്ചീടാതെ,
മുക്കിയും മൂളിയുമൊപ്പിച്ചോണ്ട്,

ഇങ്ങനെ മാക്കൊരു നാലഞ്ചോട്ടം,
ഈരണ്ടുമക്കളെ പെറ്റുവെന്നാൽ,

ഭാവിയിൽ രക്ഷയില്ലാതെ നമ്മൾ,
ഊർച്ചിയിൽ കഷ്ടത്തിലായിത്തീരും,

അയ്യോ ഭഗവാനേയിത്തരത്തിൽ,
കുറേന്നും വെച്ചുപുലർത്തിപ്പോന്ന,

ആങ്ങളമാരേയും പെങ്ങളേയും,
ഞങ്ങളെവിടേയും കണ്ടതില്ല,

എന്നതിനാലവരൊത്തൊരുങ്ങി,
മാക്കത്തേക്കോല്ലിക്കാൻ തക്കം നോക്കി,

അങ്ങനെയുള്ളൊരാക്കാലം തന്നിൽ,
ഉണിച്ചെറിയങ്ങു മരിച്ചും പോയീ,

ഉറ്റവരില്ലാതെ കുഞ്ഞിമാക്കം,
പെറ്റൊരു വേദന തന്നിൽ മേവി,

ആ മഴക്കാലം കഴിഞ്ഞു മന്ദം,
വേനലുദിച്ചുയർന്ന കാലം,

കാളരാത്രികളകന്നീടുമ്പോൾ,
കടാങ്കോട് മന നമ്പ്യാൻമാർക്ക്,

കോലത്ത് നാട്ടിലെ തമ്പുരാനും,
ഓലയെഴുതിയയച്ചല്ലോ,

മേര്യോട്ട് വാഴുന്ന സ്വരൂപത്തോട്,
മാനമായങ്കം പിടിക്കുവാനായ്,

വന്നൊരു വാർത്തയറിഞ്ഞു മാക്കം,
ഖിന്നതയോടെ പറഞ്ഞവള്,

നിങ്ങളിന്നങ്കം പിടിക്കുവാനായ്,
എങ്ങാനും പോകുന്നുണ്ടെങ്കിലിപ്പോൾ,

എന്നേയും കുട്ടികളേയുമൊപ്പം,
കൂട്ടുവാൻ സൻമനസുണ്ടാകേണം,

എന്നേയും മക്കളിരുവരേയും,
നാത്തൂൻമാർക്കൊന്നുമെ കണ്ടുകൂടാ,

ഏതും പറയൊല്ല കുഞ്ഞിമാക്കേ,
തെറ്റിദ്ധരിക്കൊല്ല കുഞ്ഞിമാക്കേ,

എന്നുപറഞ്ഞവർ ദൈവങ്ങളേ,
വന്ദിച്ചു യാത്രയിറങ്ങീടുമ്പോൾ,

ഉറ്റ മരുമക്കളോടി വന്നു,
അമ്മാമൻമാരുടെ മുമ്പിൽ നിന്നു,

വെള്ളത്തിൽ മീനുകളെന്നപോലെ,
തുള്ളിക്കളിക്കുന്നുണ്ടാമോദത്താൽ,

അമ്മാമൻമാരുമെടുത്തവരേ,
ചുംബിച്ചു സാന്ത്വനമാക്കീടുമ്പോൾ,

ഊക്കേറും സങ്കടത്തോടെ പാരം,
കുഞ്ഞിമാക്കവും പറഞ്ഞോളുന്നു,

വീരചാമുണ്ഡിക്കുലദൈവത്തി-
ന്നന്തിവിളക്കിന്നും എണ്ണയില്ല,

അപ്പോൾ പറയുന്നുണ്ടാങ്ങളാരും,
ഒന്നുണ്ട് കേൾക്ക നീ കുഞ്ഞുമാക്കേ,

ദീപത്തിനെണ്ണ കുറവാണെങ്കിൽ,
താപം നിനക്കേതും വേണ്ട മാക്കേ,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എമ്മനെത്തന്നെ വരുത്തിയിട്ട്,

ഒരു പൊതിയെള്ള് കൊടുത്തുവെന്നാൽ,
രണ്ടുനാൾക്കുള്ളിലെണ്ണ കിട്ടും,

എന്നും പറഞ്ഞവർ ദൈവങ്ങളേ,
വന്ദിച്ചു യാത്രയിറങ്ങിപ്പോയീ,

അന്നും കഴിഞ്ഞു പിറ്റേ ദിവസം,
ഖിന്നതയോടെയാ കുഞ്ഞിമാക്കം,

എമ്മനെത്തന്നെ വരുത്തി മാക്കം,
എള്ളുപൊതിയും കൊടുത്തു മാക്കം,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എള്ളുമെടുത്തങ്ങു പൊയ്ക്കൊള്ളുന്നു,

അതുതാനെ കണ്ടൊരു നാത്തൂൻമാര്,
തമ്മിൽ പറഞ്ഞും ചിരിച്ചും കൊണ്ട്,

മാക്കത്തിൻ പേരിലപവാദം ചൊല്ലാൻ,
തക്കവും പാർത്തിട്ടിരുന്നവര്,

ഏഴുനാളങ്ങനെ നീങ്ങീടുമ്പോൾ,
എണ്ണയും കൊണ്ടെമ്മൻ വന്നീടുമ്പോൾ,

എമ്മൻ വരുന്നത് ദൂരത്തൂന്നേ,
കണ്ടൊരു നനാത്തൂൻമാരൊത്തു ചേർന്നു,

കടാങ്കോട്ടോമന വീട്ടിൽ നിന്നും,
ഇടവഴി തന്നിൽ മറഞ്ഞിരുന്നു,

എമ്മനും വന്നു കടാങ്കോട്ടേക്ക്,
അമ്മമാർ തന്നെ വിളിച്ചോളുന്നു,

നാത്തൂൻമാരേയും കാണുന്നില്ല,
ഒന്നിച്ചെവിടേക്ക് പോയവര്,

തീണ്ടാരിയായ് കഴിയും മാക്കം,
ഈറ്റുപുരയിൽ കഴിയും മാക്കം,

ഏറിയ സങ്കടത്തോടെ മാക്കം,
എമ്മനോടായി പറഞ്ഞു മാക്കം,

നാത്തൂൻമാരേയും കാണുന്നില്ല,
എത്തിയകത്തേക്ക് വച്ചോ നീയും,

പെറ്റുവിളിച്ചു പറഞ്ഞു മാക്കം,
ഒറ്റച്ചെവിടാലേ കേട്ടോരെമ്മൻ,

എണ്ണ ഭരണിയെടുത്തു മെല്ലെ,
എത്തിയകത്തേക്കു വച്ചുടനേ,

യാത്രയും ചൊല്ലിത്തിരിച്ചുടനേ,
എത്രയും വേഗത്തിൽ പോയ്ക്കൊള്ളുന്നു,

അതുതാനെ കണ്ടൊരു നാത്തൂൻമാര്,
ഒരു കൊടുങ്കാറ്റിൻറെ വേഗതയിൽ,

കുഞ്ഞിമാക്കത്തെ മുഖത്ത് നോക്കി,
ഹാസ്യഭാവത്തിൽ പറഞ്ഞോളുന്നു,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എമ്മനെക്കൂടെ കിടത്തീടുവാൻ,

എങ്ങനെ തോന്നീ നിനക്കു മാക്കേ?
എന്തെടീ തേവടിയാട്ടമാണോ??

നമ്പർക്ക് രോഗം പിടിച്ചതിനാൽ,
നമ്പ്രേ നിനക്കേതും പോരാഞ്ഞിട്ടോ?

ആങ്ങളമാർ പന്ത്രണ്ടാളും,
അന്തം പിടിച്ചു മരിക്കുമെന്നും,

ഇങ്ങു മടങ്ങി വരില്ലെന്നും നീ,
ഓർത്തു മനസിൽ കൊതച്ചതാണോ,

ദുഷ്ടതയിത്തം പറഞ്ഞും കോണ്ട്,
കൊട്ടിച്ചിരിച്ചു പരിഹസിച്ചു,

ഇടിവെട്ടടിച്ചൊരു മാമരം പോൽ,
കിടുകിടായെന്നു വിറച്ചു മാക്കം,

ഒരു ഭൂകമ്പത്തിൻ പ്രതിധ്വനി പോൽ,
ഒരുവേള നിന്നു തരിച്ചു മാക്കം,

കൊട്ടിച്ചിരിക്കുന്നു നാത്തൂൻമാരും,
പൊട്ടിക്കരയുന്നു കുഞ്ഞുമാക്കം,

ഇങ്ങനെയില്ലായ്മ നിങ്ങൾ ചൊന്നാൽ,
എങ്ങനെ ജീവിച്ചിരിക്കും ഞാനും,

ജീവിച്ചിരിക്കാൻ മോഹം നിനക്കുണ്ടെങ്കിൽ,
എമ്മനു തന്നെ നീ വാണൊ മാക്കേ,

ആങ്ങളമാരു മടങ്ങി വന്നാൽ,
ഒത്തമുഹൂർത്തം കുറിച്ചും കൊണ്ട്,

ആർഭാടമായിക്കഴിപ്പിച്ചോളാം,
എമ്മൻറെ കൂടെയയപ്പിച്ചോളാം,

ഇച്ചതി വഞ്ചനകേട്ടമാക്കം,
ചിത്തഭ്രമം പിടിപെട്ടപോലെ,

മക്കളെ മാറോടണച്ചുചേർത്ത്,
കെട്ടിപ്പിടിച്ച് കരഞ്ഞൊളുന്നു,

വീരചാമുണ്ഡി കുലദൈവമേ,
ഞാനൊരപരാധം ചെയ്തില്ലല്ലോ,

നാത്തൂൻമാരൊത്തെന്നെ വഞ്ചിക്ക്വോന്ന്,
ചിത്തത്തിലൊന്നും നിനച്ചില്ലല്ലോ,

മൂകമായന്നു കടാങ്കോട്ടേറ്റം,
ശോകമായ് തന്നെ കഴിഞ്ഞീടുമ്പോൾ,

അങ്കം ജയിച്ചവരാങ്ങളമാർ,
ആനന്ദാവേശപുളകിതരായ്,

കോലത്ത് നാട്ടിലെ തമ്പുരാൻറെ,
ചേലൊത്ത സമ്മാനം വാങ്ങിക്കൊണ്ട്,

പാരമായന്നൊരു മോദത്തോടെ,
വീരചാമുണ്ഡി നടയിൽ ചെന്നു,

ആയോധനത്തിൽ ജയിച്ചവര്,
ആയുധം താഴ്ത്തി നമിച്ചവിടേ,

മന്ദം തിരിഞ്ഞങ്ങു നോക്കും നേരം,
ഒന്നിച്ചു വന്നവർ ഭാര്യമാരും,

ഖിന്നതപൂണ്ടു പാഞ്ഞവര്,
സുന്ദരമായൊരു വ്യാജവാർത്ത,

ഭർത്തക്കൻമാർ നിങ്ങൾ പോയേപ്പിന്നേ,
ചീർത്തൊരു മോദത്താൽ കുഞ്ഞിമാക്കം,

എണ്ണയും കൊണ്ടെമ്മൻ വന്നനേരം,

ചുമ്മാ രസങ്ങൾ പറഞ്ഞു കൊണ്ട്,
എമ്മനുമായി കിടന്നു മാക്കം,

ദൂരേന്നു സംഗതി കണ്ടു ഞങ്ങൾ,
ഓടിയടുക്കും സമയം തന്നിൽ,

മാക്കം പിടഞ്ഞെഴുന്നേൽക്കുന്നതും,
എമ്മൻ പുറത്തേക്ക് ചൂളുന്നതും,

ഞങ്ങടെ കണ്ണോണ്ട് കണ്ടതാണ്,
എങ്ങിനിവിടെ കഴിയും ഞങ്ങൾ,

പാച്ചലേ പാഞ്ഞു മറഞ്ഞുവെമ്മൻ,
പിച്ചയും പേയും പറഞ്ഞു മാക്കം,

ആങ്ങളമാർ നിങ്ങൾ വന്നാൽ പിന്നെ,
എമ്മൻറെ കൂടെയയപ്പിക്കാനായ്,

സമ്മതമുണ്ടാകണമെന്നും ചൊല്ലി,
സാന്ത്വനമാക്കിക്കഴിഞ്ഞു ഞങ്ങൾ,

മാനം തകർത്ത് കടാങ്കോട്ട്ന്നും,
മാനമോടെ ഞങ്ങൾ പോവതിനായ്,

നിങ്ങളെ കണ്ടിട്ട് യാത്ര ചൊല്ലാൻ,
ഞങ്ങളിവിടെ ക്ഷമിച്ചതാണ്,

ആ വാക്കു കേട്ടോരു നമ്പ്യാൻമാര്,
അരിശം വിറയ്ക്കുന്ന നമ്പ്യാൻമാര്,

ഒന്നു നടന്നു രണ്ട് ചാടിക്കൊണ്ട്,
വേഗം കടാങ്കോട് വീട്ടിലെത്തി,

ഏട്ടൻമാർ വന്നതും കണ്ടു മാക്കം,
ഏറിയ മോദേന കുഞ്ഞിമാക്കം,

പെട്ടെന്നു വെള്ളിക്കുടം നിറയേ,
വെള്ളമെടുത്തവർ മുമ്പിൽ വച്ചു,

അങ്കം പിടിച്ചു തളർന്നൊരെൻറെ,
ആങ്ങളമാർക്കേറേ ക്ഷീണമുണ്ട്,

ചോറും കറീം ഞാനൊരുക്കീട്ടുണ്ട്,
വേഗത്തിലൂണ് കഴിച്ചീടണം,

അതുതാനെ കേട്ടോരു നമ്പ്യാൻമാര്,
കടകടാപല്ലുകടിച്ചും കൊണ്ട്,

നീ തൊട്ട വെള്ളവും വേണ്ട പെണ്ണേ,
നീ വെച്ച കറീം ചോറും വേണ്ട,

കേളി പെരുത്ത കടാങ്കോടിൻറെ,
കേളിയും കീർത്തിയും നീ കളഞ്ഞു,

മാനോം മര്യാദേം തകർന്ന ദിക്കിൽ,
മാനിയാം ഞങ്ങളും ജീവിക്കില്ല,

കോട്ടയം വേല വിളക്കു കാണാ,
നീ പണ്ടേ മോഹം പറഞ്ഞതിനാൽ,

ആ പൂരവേലക്കു നിന്നെ,
കാട്ടുവാനായ് പെരുത്തതിനാൽ,

ഞങ്ങളിവിടെക്ക് വന്നതാണ്,
വേഗമിറങ്ങണം കുഞ്ഞിമാക്കേ,

മാറത്തടിച്ചും നിലവിളിച്ചും,
പെട്ടെന്നവിടത്തിൽ വീണുമാക്കം,

വീരചാമുണ്ഡിയാം ദൈവത്താണേ,
ഞാനൊരപരാധം ചെയ്തിട്ടില്ല,

ഏട്ടത്തിമാരെന്നെ കൊല്ലിക്കാനായ്,
ഏട്ടൻമാർ മുന്നിൽ പൊളി പറഞ്ഞു,

അതുകേട്ടിട്ടെന്നെ ചതിക്കരുതേ,
മതി തന്നിൽ പാതകം ചെയ്യരുതേ,

സത്യം പറഞ്ഞവൾ കേണെന്നാലും,
മൊത്തത്തിലേതും ചെവിക്കൊള്ളുവാൻ,

അന്നവർക്കേതും കഴിഞ്ഞതില്ല,
മുൻകോപം പിൻദുഃഖമായ് ഭവിക്കും,

ഇളയാങ്ങളയാകും കുട്ടിരാമൻ,
അവനുടെ ഭാര്യയാം ചിന്നാണിയേ,

ഒറ്റക്കുതന്നെ വിളിച്ചും കൊണ്ട്,
കാര്യങ്ങളെല്ലാം തിരക്കിയപ്പോൾ,

കൃത്യമായ് ഭർത്താവിൻ മുമ്പിലന്നു,
സത്യം പറഞ്ഞവളത്തരുണി,

ഏട്ടത്തിമാരവർ ചൊന്നതൊന്നും,
ഞാനെൻറെ കണ്ണോണ്ടു കണ്ടിട്ടില്ല,

മാക്കവും തീണ്ടാരിയായതിനാൽ,
ഞങ്ങളിവിടെയില്ലാത്തതിനാൽ,

എണ്ണയകത്തേക്കങ്ങെത്തി വച്ചു,
എമ്മനവിടുന്നു പോകും നേരം,

ഏട്ടത്തിമാരവരൊത്തു ചേർന്നു,
കൊട്ടിച്ചിരിച്ചു നിലവിളിച്ചു,

പാരമപരാധം ചൊല്ലിചൊല്ലി,
പാരിച്ചമോദത്താൽ പുഞ്ചിരിച്ചു,

സത്യമായും നിങ്ങൾ പാദത്തിനെ,
സത്യമാണെൻറെ പ്രാണനാഥാ,

കാര്യങ്ങളെല്ലാം കുട്ടിരാമൻ,
ഏട്ടൻമാർ മുമ്പിൽ പറഞ്ഞെന്നാലും,

കൂറ്റൻ നരിക്കൂട്ടമെന്ന പോലെ,
അരിശം വിറയ്ക്കുന്ന നമ്പ്യാൻമാര്,

മൊത്തത്തിലൊന്നും ചെവിക്കൊള്ളാതെ,
മാക്കത്തേക്കൊല്ലാൻ നിശ്ചയിച്ചു,

കോട്ടയം വേലവിളക്കുനിന്നേ,
കാട്ടിത്തന്നീടാമിറങ്ങു പെണ്ണേ,

നേർപെങ്ങൾ പണ്ടേ കൊതിച്ചതല്ലേ,
നേരമിതിന്നിപ്പോൾ വന്നും കൂടി,

അതുതാനെ കേട്ടോരു കുഞ്ഞിമാക്കം,
മക്കളേ നന്നായ് ചമയിച്ചല്ലോ,

പണ്ടങ്ങളെല്ലാമെടുത്തണിഞ്ഞു,
പരിതാപമോടെയിറങ്ങും നേരം,

വീട്ടുപാത്രങ്ങൾ തല്ലിത്തകർത്ത്,
എണ്ണഭരണിയുടച്ചെറിഞ്ഞു,

വസ്ത്രങ്ങളൊക്കെ ചുരുട്ടിക്കെട്ടി,
തീയതിലിട്ടവൾ ചാരമാക്കി,

വീരചാമുണ്ഡികുലദൈവത്തിൻ,
നേരെ കിഴക്കേ നടയിൽ ചെന്നു,

മക്കളെക്കൊണ്ടു തൊഴുവിപ്പിച്ചു,
മാക്കവും തൃപ്പാദം തന്നിൽ വീണു,

വീരചാമുണ്ഡികുലദൈവമേ,
ഞാനൊരപരാധം ചെയ്തില്ലമ്മേ,

എല്ലാമറിയുന്നൊരെൻറെ,
അല്ലലിന്നാകെയകറ്റീടേണം,

തെല്ലു പിഴക്കാത്തോരെൻറെ പേരിൽ,
ഇല്ലാത്തപരാധം ചൊല്ലിയേതും,

ജ്യേഷ്ഠത്തിമാരും കുടുംബങ്ങളും,
വിഷ്ടപം തന്നിൽ നശിച്ചീടട്ടേ,

സത്യം ജയിച്ചു പ്രകാശിക്കട്ടേ,
കൃത്യമായ് ലോകരറിഞ്ഞീടട്ടേ,

അമ്മതൻ പാദത്തിൽ വീണുമാക്കം,
ചെമ്മേ ധരണിയിൽ വീണും കൊണ്ട്,

ഇത്രയും പ്രാർഥിച്ചു കൊണ്ടുടനെ,
എത്രയും കോപിതരായ തൻറെ,

ഏട്ടൻമാരൊന്നിച്ച് പോയീടുന്നു,
ആടലോടേവം നടന്നീടുന്നു,

മാടായിക്കാവിൽ ജനനി തൻറെ,
ഈടാർന്ന മേനി തൊഴുതവള്,

കണ്ണുമടച്ചു പ്രാർഥിച്ചു മാക്കം,
ദണ്ഡമകറ്റാൻ സ്തുതിച്ചു മാക്കം,

അങ്ങു ചെറുകുന്നിലമ്മയുടെ,
തൃപ്പാദം തന്നിൽ നമിച്ചശേഷം,

കാര്യമവിടേയും ചൊല്ലി മാക്കം,
കാമിതം നൽകാനപേക്ഷിച്ചു,

പാപ്പിനിശ്ശേരിയും പിന്നിട്ടവർ,
വളപട്ടണവും കടന്നു ചെന്നു,

കടലായി വാഴുന്നൊരുണ്ണികൃഷ്ണൻ,
കരുണക്കായ് തന്നെയും പ്രാർഥിച്ചിട്ട്,

പൊള്ളും വെയിലിൽ നടന്നവര്,
പള്ളിക്കുന്നെന്നൊരു നാടും വിട്ട്,

താണയിൽ കൂടി നടന്നവര്,
ചൊവ്വയും നേരേ നടന്നവര്,

ചേലെഴും ചാലയിലെത്തും നേരം,
തീരേ തളർന്ന പൊന്മക്കൾ രണ്ടും,

അമ്മയോടായി പറഞ്ഞോളുന്നു,
അമ്മേ നടക്കാൻ പറ്റുന്നില്ല,

പാരം വിശക്കുന്നു, ദാഹിക്കുന്നു,
വെള്ളം കുടിക്കണം ഞങ്ങൾക്കമ്മേ,

കുട്ടികൾ ദീനതകണ്ടനേരം,
ഞെട്ടിഞെരിച്ചാടനിന്നു മാക്കം,

പൊട്ടിത്തെറിച്ചു കരയും കാഴ്ച,
ആരും സഹതപിച്ചീടും കാഴ്ച,

കുട്ടിരാമനെന്നിളയാങ്ങള,
പെട്ടെന്നു കണ്ടു പരിതപിച്ചു,

ഒരു കാര്യം കേൾക്ക നീ കുഞ്ഞി മാക്കേ,
ഒരുതുള്ളി വെള്ളം കൊടുക്ക് മാക്കേ,

അക്കാണും വീടൊരു നമ്പ്യാർ വീട്,
ചാലയിൽ നല്ല പുതിയ വീട്,

കുട്ടികളെക്കൂട്ടി പോകനീയും,
വെള്ളം കൊടുത്തു വരിക നീയും,

അതുതാനെ കേട്ടോരു കുഞ്ഞുമാക്കം,
അതുവഴി ചെന്നു പുതിയ വീട്ടിൽ,

ചാലയിൽ നല്ല പുതിയ വീട്ടിൽ,
ചേലിൽ വിളങ്ങുന്ന പെറ്റൊരമ്മ,

മാക്കത്തോടായിട്ടു ചോദിക്കുന്നു
വെക്കം പകച്ചോണ്ടു ചോദിക്കുന്നു

എവിടുന്നു കുഞ്ഞീ വരുന്നതെന്നു
എവിടുത്തേക്കായിട്ടു പോകുന്നെന്നും

എല്ലാം വഴിയേ പറയാമമ്മേ
ദാഹിച്ചവെള്ളം തരികെനിക്ക്

മാക്കത്തിൻ ദീനത കണ്ടോരമ്മ
ചിക്കെന്നകത്തു കടന്നു ചെന്ന്

നേരത്തേ കാച്ചിത്തണുത്തപാൽ
വെള്ളോട്ട് കിണ്ടി നറയെടുത്തു

കുട്ടികൾ കയ്യിൽ കൊടുത്തുവമ്മ
ആർത്തിയോടേറ്റം കുടിച്ചവര്

ശേഷിച്ച പാലു കുടിച്ചു മാക്കം
ഖേദമൊഴിച്ചു പറഞ്ഞു വാർത്ത

കുഞ്ഞിമംഗലമെന്നുള്ള നാട്ടിൽ
കേളിയേറും കടാങ്കോട്ടുവീട്ടിൽ

കുഞ്ഞിമാക്കമെന്നണെന്റെ പേര്
കുട്ടികൾ ചാത്തുവും കുഞ്ഞിച്ചീരൂം

ആങ്ങളമാരവർ പന്ത്രണ്ടാള്
ആണുങ്ങളുണ്ടവരൊപ്പം തന്നെ

കോട്ടയം വേലവിളക്കുകാണാൻ
കൂടെ പുറപ്പെട്ടു പോന്നു ങങ്ങൾ

എന്നും പറഞ്ഞവൾ കുഞ്ഞിമാക്കം
തന്റെ കഴുത്തിലുള്ളാഭരണം

പെട്ടെന്നതെല്ലാമഴിച്ചെടുത്തു
വെള്ളോട്ട് കിണ്ടിയിൽ നിക്ഷേപിച്ചു

അതുതാനെ കണ്ടോരു പെറ്റോരമ്മ
പുതുമയിലൊന്നു തരിച്ചു കൊണ്ട്

എന്തോന്ന് ഞാനിന്നീ കാണുന്നത്
ഹന്ത! നീ ഭ്രാന്തിയോ കുഞ്ഞിമാക്കേ?

ഭ്രാന്തിയല്ലമ്മേ ഞാനെങ്കിൽ പോലും
ചിന്ത തകർന്നൊരു പെണ്ണാവുന്നു!

കോട്ടയത്തുത്സവം കണ്ടു ഞങ്ങൾ
ഈ വഴി തന്നിൽ മടങ്ങുന്നേരം

അപ്പോൾ ഞാൻ വന്നിട്ട് വാങ്ങിക്കോളാം
ഇപ്പോൾ ഇവിടെയിരിക്കട്ടമ്മേ

എന്നുള്ളോരൊസ്യത്തും ചൊല്ലിമാക്കം
ഖിന്നതയോടെ നടന്നു മാക്കം

ആങ്ങളമാരും പിരിഞ്ഞിടാതെ
കാവൽഭടന്മാരെന്നപോൽ നടന്നു

ആ നാടും ദേശങ്ങൾ പിന്നിട്ടപ്പോൾ
ശ്രീ പെരളശ്ശേരീലെത്ത്യവര്

ആ നാടിനോടും വിടപറഞ്ഞ്
മമ്പറം നോക്കി നടന്നകന്നു

മമ്പറം പുഴയും കടന്നക്കരെ
എത്തിയ ശേഷം പറഞ്ഞവര്

ചാരെമുറിയേ വിഴിയുണ്ടൊന്ന്
ആ വഴി തന്നിലേ പോക നമ്മൾ

എന്നും പറഞ്ഞിട്ടൊരൂടു വഴി
തന്നിലേയേറെ നടന്നകന്നു

അച്ചങ്കരപ്പള്ളിയെന്ന പേരാൽ
പേർ പുകഴ്ന്നുള്ള പറമ്പിലൂടെ

അല്പം നടക്കേ വഴിയരികിൽ
പൊട്ടക്കിണറൊന്ന് കണ്ടവര്

ആങ്ങളമാരും കിണറ്റിൽ നോക്കി
ആശ്ചര്യത്തോടെ പറങ്ങോളുന്നു:

കവിത ഇങ്ങനെ തുടരുകയാണ്. സംഗതി പൂർണ്ണമല്ല ഇവിടെ, സമീപഭാവിയിൽ ബാക്കി കൂടെ കൂട്ടിച്ചേർക്കാനാവും…


വേണ്ടപ്പെട്ടവർ പേര്
1 അമ്മ ഉണിച്ചെറിയ
2 അച്ഛൻ മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ
3 ഭർത്താവ് കുട്ടിനമ്പർ
(അച്ഛന്റെ മരുമകൻ)
4 ഇരട്ട കുട്ടികൾ ചാത്തുവും ചീരുവും
സഹോദരങ്ങളും നാത്തൂന്മാരും
സഹോദരൻമാർ നാത്തൂന്മാർ
1 കുഞ്ഞിക്കോമൻ കുഞ്ഞതി
2 കുഞ്ഞമ്പു കുംഭ
3 രയരപ്പൻ കുഞ്ഞാറ
4 കണ്ടൻ പാട്ടിപ്പെണ്ണ്
5 അപ്പക്കണ്ണൻ ചീരുപ്പെണ്ണ്
6 കണ്ണൻ ഉമ്മാച്ച
7 ചാത്തു കുഞ്ഞാണി
8 പാപ്പൻ കുഞ്ഞിക്കുങ്കി
9 കുഞ്ഞിക്കോരൻ കുഞ്ഞമ്മ
10 കുഞ്ഞപ്പ ഉത്തല
11 അപ്പൂട്ടി വാടി
12 കുട്ടിരാമൻ ചിന്നാണിപ്പെണ്ണ്
അവിഹിതബന്ധം ആരോപിക്കപ്പെട്ടയാൾ എമ്മൻ (വാണിയൻ)
കൂടെ കൊലചെയ്യപ്പെട്ട ദളിതൻ ഒരു മാവിലൻ

ആര്യാധിപത്യം രൂഢമൂലമായപ്പോൾ അതുവരെ ദ്രാവിഡരായിരുന്നതും തങ്ങളുടെ തൃപ്തിക്കു പാത്രീഭവിക്കുന്നവരുമായ ആൾക്കാരെ മാത്രം പടയാളികളാക്കിയിരുന്നൊരു സവർണ കാലഘട്ടമുണ്ടായിരുന്നു. പിന്നീട് നായർ സമുദായമെന്ന് അറിയപ്പെട്ട പടനായകരായി അവർ മാറി. ഇന്നൊരു ജാതിവ്യവസ്ഥയായി നമുക്കതു കണ്ടെത്താവുന്നതുമാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് പേരുകേട്ടൊരു നായർ തറവാട്ടിൽ ജന്മംകൊണ്ടൊരു പുണ്യശാലിനിയാണ് കടാങ്കോട്ട് മാക്കം. ഇന്നൊരു തെയ്യമായി അറിയപ്പെടുന്ന മാക്കവും മക്കളും ആ കഥയുടെ ശേഷിക്കുന്ന ഭാഗമാണ്. നിറഞ്ഞഭക്തിയിൽ തെളിഞ്ഞുയുരന്ന വിശ്വാസസങ്കല്പങ്ങൾ തന്നെയാണു മാക്കവും മക്കളും. ചാരിത്രസംശുദ്ധിയാൽ ചതിക്കപ്പെടുകയും മരണത്തിനു മൗനാനുവാദത്താൽ നിറകണ്ണുകളോടെ വഴങ്ങേണ്ടിവന്നൊരു മാതൃഹൃദയമാണ് കടാങ്കോട്ടുമാക്കം. മക്കളോടൊപ്പം കൊലചെയ്യപ്പെട്ട ആ മാതൃഹൃദയത്തിന്റെ വിങ്ങലുകൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച ആ തെയ്യക്കോലത്തിലൂടെ ദർശിക്കാം. മാക്കത്തിന്റെ കഥ ചുരുക്കി പറയാം…

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ കടാങ്കോട് എന്ന നായർ തറവാട്ടിലെ പതിമൂന്നാമത്തെ കുഞ്ഞായിരുന്നു മാക്കം. ആദ്യം ഉണ്ടായിരുന്ന പന്ത്രണ്ടുപേരും ആണുങ്ങളായിരുന്നു. അമ്മയായ ഉണിച്ചെറിയയുടേയും ആങ്ങളമാരുടേയും നിത്യപ്രാർത്ഥനയുടെ ഫലമായി ഈ പെൺജന്മത്തെ അവർ കണ്ടു വന്നിരുന്നു. അച്ഛൻ കുഞ്ഞിക്കോമനായിരുന്നു. കോലത്തിരിയുടെ വീരപടനായകരായിരുന്നു പന്ത്രണ്ടുപേരും. കുഞ്ഞുപെങ്ങളെ ലാളിച്ചും കൊഞ്ചിച്ചും അവർ കണ്ണിലെ കൃഷ്ണ്മണിക്കുതുല്യമായി വളർത്തി. കൃത്യമായി അവളെ പഠിപ്പിക്കാനും അവൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ നിർവ്വഹിച്ചു കൊടുക്കാനുമായി ആ പന്ത്രണ്ടുപേരും മത്സരിച്ചുപോന്നു. മാക്കം കളരിപഠിക്കുന്നതിൽ നായികയായി നിറഞ്ഞുനിന്നു. ആയിടയ്ക്ക് അവരോരുത്തരുടേയും കല്യാണം കഴിഞ്ഞു തുടങ്ങി. ഭാര്യമാരായി എത്തിയവർക്കും ആദ്യസമയങ്ങളിൽ മാക്കത്തെ ഇഷ്ടമായിരുന്നെങ്കിലും ഭർത്താക്കന്മാരുടെ അമിതമായ വാത്സല്യം അവർക്കത്ര രുചിച്ചിരുന്നില്ല. ശക്തമായ തലയിണമന്ത്രത്തിന്റെ ഇരയായി പിന്നീട് മാക്കം തീർന്നതിനുപിന്നിലെ കഥ ഈ നാത്തൂൻപോരുതന്നെയായിരുന്നു. മാക്കത്തിനു ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷമാണിതു മൂർച്ഛിച്ചത്.

ഭാര്യമാർ പല കള്ളക്കഥകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ചെവിയിൽ ഓതിക്കൊണ്ടിരുന്നെങ്കിലും സ്നേഹനിധിയായ കുഞ്ഞുപെങ്ങളുടെ പെരുമാറ്റത്തിൽ അവർക്ക് യാതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല. മാക്കത്തിന്റെ മൂത്ത ആങ്ങളയായ കുഞ്ഞിക്കോമനെ മുതൽ പന്ത്രണ്ടാമത്തെ ആങ്ങള കുട്ടിരാമനെ വരെ ഭാര്യമാർ ഇല്ലാത്ത പൊളിവചനങ്ങളാൽ വശീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പന്ത്രണ്ടാമൻ കുട്ടിരാമന്റെ ഭാര്യ അത്ര തീവ്രതയോടെ ആയിരുന്നില്ല പറഞ്ഞത്. അവൾക്ക് മാക്കത്ത് ഇടയ്ക്കൊക്കെ ഒരു അനുകമ്പ തോന്നുമായിരുന്നു. ഇതൊന്നും തീരെ ദഹിക്കാത്തവരായിരുന്നു പന്ത്രണ്ട് നാത്തൂന്മാരിൽ പതിനൊന്നുപേരും. കാരണം അന്നുണ്ടായിരുന്ന നായന്മാരുടെ പ്രധാന ആചാരമായിരുന്നു മരുമക്കത്തായം.അസൂയാലുക്കളായ നാത്തൂന്മാര്‍ ഇല്ലാത്ത വ്യഭിചാരകഥകൾ മെനയുന്നതിനു ഏറെമുമ്പായി മാക്കത്തിന്റെ കല്യാണം കഴിച്ചുവിടാൻ ആങ്ങളമാർ തയ്യാറായി. മാക്കത്തിന്റെ വിവാഹ പ്രായമായപ്പോൾ ബന്ധത്തിൽ തന്നെയുള്ള ഒരു വരനെ കണ്ടു പിടിച്ച് അവർ വിവാഹവും നടത്തി. വരൻ മച്ചുനിയനായ കുട്ടിനമ്പർ ആയിരുന്നു. ഗംഭീരമായി കല്യാണം നടന്നു. അന്നുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായപ്രകാരം മാക്കം കടങ്കോട്ടു വീട്ടിൽ തന്നെ താമസമായി. മാക്കത്തിനു കുഞ്ഞുങ്ങൾ രണ്ടുപേരുണ്ടായി – ഇരട്ടകളായിരുന്നു. ചാത്തുവും ചീരുവും. പരമ്പരാഗതമായി സ്വത്തവകാശം മക്കൾക്കുപകരം മരുമക്കൾക്ക്, ഇവിടെ മാക്കത്തിന്റെ മക്കളായ ചാത്തുവിനും ചീരുവിനും പോകുമായിരുന്നു. എന്തായാലും കടങ്കോട്ട് തറവാടിന്റേയും സ്വത്തിന്റേയും ഉടമസ്ഥാവകാശം ചാത്തുവിനും ചീരുവിനും കിട്ടുമെന്നുറപ്പായി; നാത്തൂന്മാരുടെ ഉറക്കവും പോയി എന്നു ചുരുക്കിപ്പറയാം. ഈ പ്രശ്നം ആ അവസ്ഥയെ കൂടുതൽ വഷളാക്കി. മാക്കം ഇങ്ങനെ ഇരട്ടകളെ പെറ്റുകൂട്ടിയാൽ നാളെ നമ്മളുടെ സ്ഥിതിയെന്താവും എന്നതായിരുന്നു അവരുടെ പ്രധാന വൈമുഖ്യം.

ഇടയ്ക്ക് അന്യദേശങ്ങളുമായി ഒരു യുദ്ധം വരികയുണ്ടായി. നേരിയോട്ട് സ്വരൂപവും കോലത്തിരിയും ആയിരുന്നു യുദ്ധം ചെയ്തിരുന്നത്. പടയാളികളായ പന്ത്രണ്ടുപേർക്കും യുദ്ധത്തിൽ പങ്കെടുത്ത് കോലത്തിരിയെ സഹായിക്കേണ്ടി വന്നു. യുദ്ധത്തിൽ വിജയമായിരുന്നു നേടിയെടുക്കാൻ പറ്റിയത്. തിരിച്ചു വരാൻ നാൽപ്പത്തിയൊന്നു ദിവസങ്ങളെടുത്തു. ആങ്ങളമാർ വീട്ടിലില്ലാത്ത അവസരം നാത്തൂന്മാർ മുതലാക്കാൻ തീരുമാനിച്ചു. എന്നാൽ പന്ത്രണ്ടാമൻ കുട്ടിരാമന്റെ ഭാര്യമാത്രം ഇതിൽ പങ്കാളിയാവാതെ എതിരുനിന്നു; പക്ഷേ, ഇവളുടെ വാദം ചെവിക്കൊള്ളാൻ ബാക്കി പതിനൊന്നുപേരും തയ്യാറായിരുന്നില്ല… യുദ്ധം ജയിച്ചു ആഹ്ലാദഭരിതരായി തിരിച്ചെത്തിയ സഹോദരന്മാരോട് അവർ മാക്കത്തിൻറെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞു വിശ്വസ്സിപ്പിക്കാനായി അവരുടെ ധാരണ. അടുത്തുള്ള വീട്ടിലെ അന്ന്യ ജാതിയിൽ പെട്ടവനുമായി മാക്കത്തിന് അവിഹിത ബന്ധമുണ്ടെന്നും അതു കാരണം കുടുംബത്തിനു മാനക്കേടായിയെന്നും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും പറഞ്ഞു വിശ്വസ്സിപ്പിക്കാനായിരുന്നു ലക്ഷ്യം. സമീപവാസിയായാ വാണിയൻ എമ്മനായിരുന്നു ആയിരുന്നു കടാങ്കോട്ടേക്ക് എണ്ണ കൊണ്ടുവന്നു കൊടുത്തിരുന്നത്. യുദ്ധത്തിനു പോകുമ്പോൾ ആങ്ങളമാർ മാത്തത്തോട് പറഞ്ഞേൽപ്പിച്ചതായിരുന്നു അത്. അല്പം എള്ള് എമ്മനു കൊടുത്താൽ മതി പകരമായി അവൻ എണ്ണതന്നോളും എന്നായിരുന്നു അത്. നാത്തൂന്മാർ പതിനൊന്നു പേരും അയാളെത്തന്നെ ഇരയാക്കാൻ തീരുമാനിച്ചു. (എണ്ണ ആട്ട് കുലത്തൊഴിലാക്കിയ വടക്കൻ മലബാറിലെ പഴയകാല നായർ ഉപജാതിയിൽ പെട്ടിരുന്ന ഒരു സമൂഹമാണ് വാണിയൻ/വാണിയർ. ഇവരുടെ കുലദൈവം മുച്ചിലോട്ടു ഭഗവതിയാണ്. ചക്ക് ഉപയോഗിച്ചാണ് എള്ള്, കൊപ്ര എന്നിവ ആട്ടിയിരുന്നത്. ചക്കാലൻ, വട്ടേക്കാടൻ എന്നും ഈ സമുദായത്തിനു പേരുണ്ട്. ചക്കളത്തിപ്പോരാട്ടം എന്ന ശൈലി ഇവരുമായി ബന്ധപ്പെട്ടുണ്ടായതാണ്).

ഒരിക്കൽ മാക്കം പുറത്തായി (ഋതുമതി – മെൻസസ്സ്) ഇരിക്കുന്ന സമയത്ത് വാണിയൻ എണ്ണകൊണ്ടുവന്നപ്പോൾ നാത്തുന്മാരൊക്കെ മാറി നിന്നു. പന്ത്രണ്ടാമത്തവൾക്കും ഭയഭീതിയാൽ പതിനൊന്നുപേരെ അനുസരിക്കേണ്ടി വന്നു. ആചാരപ്രകാരം പുറത്തായൊരുപെണ്ണിന് മറ്റുള്ളവരോട് ഇടപെടാൻ പാടില്ലായിരുന്നു. എണ്ണ തൊട്ടശുദ്ധമാക്കാനും പാടില്ല; ആയതിനാൽ, ഒരു കാലെടുത്തുവെച്ച്, എണ്ണ പടിഞ്ഞാറ്റയിൽ വെച്ചോളൂ എന്ന് ജനലിലൂടെ മാക്കം വാണിയനോടു പറയുകയായിരുന്നു. വാണിയൻ പടിഞ്ഞാറ്റയിൽ കയറി എണവെച്ചു പുറുത്തിറങ്ങുന്ന സമയത്ത് നത്തൂന്മാർ ചുറ്റും കൂടി പരിഹസിച്ചു. പടിഞ്ഞാറ്റയിൽ വാണിയൻ കയറിയതു തന്നെ അവർക്ക് ഏറെ അനുകൂലമായി. പിന്നീടുവന്നഭർത്താക്കന്മാരെ നോക്കി അർത്ഥം വെച്ചുകൊണ്ട് അവർ ചിരിച്ചു. മാക്കത്തിന്റെ അവിഹിതബന്ധം തങ്ങൾ കണ്ടതായി അവർ വെളിപ്പെടുത്തി. നാത്തുന്മാരുടെ ശേഷക്രിയകളിൽ ആങ്ങളമാർക്ക് അവളുടെ ചാരിത്രശുദ്ധിയിൽ സംശയം ഉടലെടുത്തു. എന്നാൽ പന്ത്രണ്ടാമത്തെ നാത്തു സ്വന്തം ഭർത്തവിനോട് കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചതിൽ നിന്നും അക്കാര്യം വിശ്വസിക്കാനാണ് കുട്ടിരാമൻ തയ്യാറായതും മറ്റുള്ളവരോട് കാര്യങ്ങൾ പറയാൻ തയ്യാറായി വന്നതും. പക്ഷേ പതിനൊന്നുപേർ അതു കേൾക്കാൻ നിന്നില്ല; ഭാര്യമാരുടെ ഉപദേശപ്രകാരം മാക്കത്തെയും മക്കളേയും വധിക്കാൻ തന്നെ അവർ തീരുമാനിച്ചു.

യുദ്ധം ജയിച്ചുവന്ന ആങ്ങളമാർക്കു മാക്കം ഭക്ഷണം ഒരുക്കിവെച്ചിരുന്നെങ്കിലും അവരതു കഴിക്കാൻ കൂട്ടാക്കിയില്ല. കോട്ടയം കാവിൽ വിളക്കു കാണാനായി പോകാമെന്ന് അവർ മാക്കത്തോടു പറഞ്ഞു, അതിനു ക്ഷണിക്കാനാണിങ്ങുവന്നതെന്നും പെട്ടന്നു തയ്യാറായിക്കോളൂ എന്നുമവർ പറഞ്ഞു. നേർപെങ്ങളുടെ പണ്ടേയുള്ള ആഗ്രഹമല്ലേ കോട്ടയം വിളക്ക്, ഇപ്രാവശ്യം അതുകാണിക്കാം എന്നായിരുന്നു ആങ്ങളമാരുടെ നിർദ്ദേശം. ഇളയ നാത്തു ഏറെ കരഞ്ഞുകൊണ്ട് നീയൊന്നിനും സമ്മതിച്ചേക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും മാക്കത്തിനു സഹോദര സ്നേഹത്താൽ പോകാൻ സമ്മതിക്കേണ്ടി വന്നു. മാക്കത്തിനു മനസ്സിലായി നല്ല കാര്യത്തിനല്ല ഈ പടനായകർ തന്നെ കൊണ്ടുപോകുന്നതെന്ന്… കുലദേവതയായ വീരചാമുണ്ഡിയുടെ വിളക്കിനുമുമ്പിൽ വെച്ചവൾ ദയനീയമായി തന്റെ നിരപരാധിത്വം തെളിയിക്കണേ എന്നു പ്രാർത്ഥിച്ചു. യാത്രാ വേളയിൽ കടലായി കൃഷ്ണനേയും മാടായിക്കാവിലമ്മയേയും കളരിവാതിക്കൽ ഭഗവതിയേയും മാക്കം മനമുരുകി പ്രാർത്ഥിച്ച് രക്ഷിക്കണേയെന്നപേക്ഷിച്ചു. തന്റേതായ വസ്ത്രങ്ങളും ജീവിതം തന്നെ സംശയനിവാരണത്തിലാക്കിയ എണ്ണയും ഒക്കെ അവൾ അഗ്നിക്കിരയാക്കി.

കോട്ടയം വിളക്കുകാണാനുള്ള യാത്ര ഏറെ നടക്കേണ്ടി വന്നത് കുട്ടികളായ ചാത്തുവിനേയും ചീരുവിനേയും ഏറെ ക്ഷീണിപ്പിച്ചു. മക്കൾക്കല്പം വെള്ളം കൊടുക്കണമെന്നവൾ ആങ്ങളമാരോട് കണ്ണീരോടെ പറയുകയുണ്ടായി. ചാലയിലെ പുതിയെ വീടെന്ന ഒരു നമ്പ്യാർഭവനത്തിലേക്ക് മാക്കം പന്ത്രണ്ടാമത്തെ ആങ്ങളയുടെ അനുവാദപ്രകാരം മക്കളേയും കൊണ്ടു നടന്നു കയറി. പുതിയവീട്ടിലെ അമ്മ മക്കൾക്ക് കിണ്ടി നിറയെ പാലു നൽകി. മക്കൾ രണ്ടുപേരും മതിയാവോളം ദാഹം തീർക്കുന്നത് മക്കത്തിലെ അമ്മ മതിവരാതെ കണ്ടുനിന്നു. സ്നേഹസൂചകമായി തന്റെ മേലിൽ കിടക്കുന്ന ആഭരണങ്ങളായ മാലയും വളയും ഒക്കെ ഊരി ആ കിണ്ടിയിലിട്ട് മാക്കം അമ്മയെ ഏൽപ്പിച്ചു. തിരിച്ചു പോരുമ്പോൾ ഇതുവഴി വന്ന് ഒക്കെ വാങ്ങിച്ചോളാം അതിവരെ സൂക്ഷിക്കണം എന്നും പറഞ്ഞാണ് ആ അമ്മയെ അതേൽപ്പിച്ചത്.

യാത്ര വീണ്ടും തുടർന്നു, ചാത്തുവിനും ചീരുവിനും ദാഹവും വിശപ്പും പിന്നേയും സഹിക്കാൻ വയ്യാതായപ്പോൾ കരയുകമാത്രമേ സാദ്യമായിരുന്നുള്ളൂ. ഇനി അല്പമേ നടക്കാനുള്ളൂ എന്ന് ആങ്ങളമാർ മാക്കത്തോടു പറഞ്ഞുകൊണ്ടിരുന്നു. മക്കളെ ഹൃദയപൂർവ്വം ചേർത്തുപിടിച്ച് കണ്ണീരൊപ്പാൻ മാത്രമായിരുന്നു ആ മാതാവിനു വിധി. ഏറെ സഞ്ചരിച്ച് മമ്പറക്കടവും കടന്ന് തച്ചങ്കരപ്പള്ളിയിലെ ഒരു പൊട്ടക്കിണറിനടുത്തെത്തിയപ്പോൾ ആങ്ങളമാർ നിന്നു. നട്ടുച്ചയായ ഈ സമയത്ത് നീ നക്ഷത്രത്തെ കണ്ടിട്ടുണ്ടോ എന്നവർ ജിജ്ഞാസയോടെ മാക്കത്തോടു ചോദിച്ചു. ഇല്ലെന്നവൾ തലയാട്ടി. ആഴമുള്ള ഈ കിണറിലെ വെള്ളത്തിൽ നോക്കിയാൽ നിനക്കത് കാണാനാവും എന്നവർ മാക്കത്തോടു പറഞ്ഞു.

സങ്കടകരമായിരുന്നെങ്കിലും മാക്കം കാണാനുള്ളപൂതിയോടെ കിണറിലേക്ക് നോക്കി. ഈ അവസരം മുതലക്കി ആ പടയാളികൾ അവളുടെ തലവെട്ടി കിണറിലേക്ക് തള്ളി. ആർത്തു കരഞ്ഞ കുഞ്ഞുങ്ങളെ അമ്മാവന്മാർ വലിഞ്ഞുപിടിച്ച് ഓരോരുത്തരെയായി തലവെട്ടി കിണറ്റിലേക്കു തന്നെ തള്ളി. ഭാര്യമാരുടെ തലയിണമന്ത്രത്തിന്റെ ശക്തിയാൽ മാക്കവും മക്കളും പരലോകത്തെ പൂകി. ഇതുകണ്ടുകൊണ്ട് സമീപത്ത് മുള കൊത്തിക്കൊണ്ടിരുന്ന മാവിലൻ കിണറിന്റരികിലേക്ക് ഓടിവന്നു ബഹളം വെച്ചു. പടനായകരായ ആ യോദ്ധാക്കൾ മാവിലനേയും തലയരിഞ്ഞ് കിണറ്റിൽ തള്ളി അവസാനത്തെ തെളിവും നശിപ്പിച്ചു. മാവിലൻ എന്നത് ഇന്നത്തെ ദളിതുവംശജനാണ് – അന്ന് ഭൂമിയുടെ യഥാർത്ഥ അവകാശികളും.

അന്നുരാത്രിയിൽ വീരചാമുണ്ഡിയുടെ കോവിലിൽ ഒരു ജ്വാലയുണർന്നു. തച്ചക്കരപ്പള്ളിയിലെ പൊട്ടക്കിണറിൽ നിന്നും മറ്റൊരു ജ്വാലയും പറന്നുയർന്നു. രണ്ടും ഒന്നായി ജ്വലിച്ച് മാക്കം ജ്വാലാമുഖമായി മാറി; വീരചാമുണ്ഡിയിൽ ലയിച്ച മാക്കം കടാങ്കോട്ട് തറവാട്ടിലേക്ക് പറന്നുയർന്നു. ആങ്ങളമാരെ ഉണർത്തി പതിനൊന്നുപേരെയും വരിയായി നിർത്തി ചുട്ടെരിച്ചു. ആർത്തുകരഞ്ഞ അവരുടെ ഭാര്യമാരുടെ ഗതിയും ഇതുതന്നെയായിരുന്നു. പതിനുന്നുപേരും ഭാര്യമാരും പുകഞ്ഞു തൂരുന്ന തീകുണ്ഡങ്ങളായി നിലമ്പുൽകി. അവസാനം കടാങ്കോട്ടു തറവാടുതന്നെ അഗ്നിക്കിരയാക്കി. വീരചാമുണ്ഡിയിരിക്കുന്ന താനം മാത്രം അഗിനിക്കിരയായില്ല. ഗാഡനിദ്രയിലായിരുന്ന ചാലയിലെ പുതിയ വീട്ടിൽ അമ്മയ്ക്ക് മാക്കത്തിന്റെ സ്വപ്നദർശനമുണ്ടായി. പുതിയ വീടിനോട് ചേർന്നിരിക്കുന്ന ചമ്പകമരത്തിനടുത്തായുള്ള കോവിലകത്തിൽ മാക്കം ഭഗവതി ഇരിക്കുന്നതായി ആ അമ്മ കണ്ടു. ചാല പുതിയ വീട്ടുകാർ എല്ലാ വർഷവും മാക്കവും മക്കളും തെയ്യം നടത്തുവാൻ തീരുമാനിക്കുന്നത് അതുമൂലമാണ്; അതിന്നും നടന്നുമരുന്നു.ഇത് കുംഭമാസമാണ് – ഈ മാസത്തിലാണു മാക്കത്തിന്റെയും മക്കളുടേയും തിരുവിളയാട്ടം.

കഥയിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും തറവാടുകളും ഇന്നും ഉള്ളതാണ്. മാക്കത്തെ കൊന്നു തള്ളുന്നത് കണ്ടത് മാവിലനല്ല വാണിയനാണെന്നും തീയ്യനാണെന്നും വിവിധാഭിപ്രായങ്ങൾ നിലവിലുണ്ട്. പഴമ്പാട്ടുകളിൽ അതൊരു മാവിലൻ തന്നെയായി തുടരുന്നു. ഈ കഥയ്ക്ക് അവലംബം പറശ്ശിനിക്കടവിൽ നിന്നും പണ്ട് ലഭ്യമായിരുന്നു നാടൻപാട്ടിന്റെ ഒരു പുസ്തകമാണ്. ലേഖനത്തിൽ ആദ്യം കൊടുത്തതുകാണുക. ലളിതസുഭഗമായി കഥകൾ മനസ്സിലാക്കാൻ അതിലും ഭംഗിയായൊരു പാട്ടുപുസ്തകം ലഭ്യമല്ല. തെയ്യമായി ഉയിർത്തെഴുന്നേറ്റപ്പോൾ തോറ്റമ്പാട്ടുകളും മറ്റുമായി നിരവധിയുണ്ടെങ്കിലും ഈ കൃതി ഏറെ സുന്ദരമാവുന്നു.

ഇങ്ങനെ പലതും ഇന്നലകളുടെ സാക്ഷ്യങ്ങളാവുന്നുണ്ട് തെയ്യങ്ങളിൽ. മാക്കത്തിന്റെ കഥ അങ്ങനെയൊരു ഓർമ്മപ്പെടുത്തലാണ്. പുറന്തള്ളപ്പെട്ടവരുടെ ആത്മരോധനങ്ങൾക്കു താളം പകർന്നവ കൂടിയാണു തെയ്യങ്ങൾ. പുരുഷാധിപത്യ കാലത്തും സ്ത്രീസഹനവും അവരുടെ നിസ്സഹായതയും താളത്തിമിർപ്പിലൂടെ ഓർമ്മിച്ചെടുക്കുന്നുണ്ട് തെയ്യങ്ങൾ. പാതിവ്രത്യ ആരോപണങ്ങളും ദുരഭിമാനവും മൂലം ചിതറിത്തെറിച്ച ജീവിതങ്ങൾ വേറെയുമുണ്ട് തെയ്യപ്രപഞ്ചത്തിൽ. അത്തരമൊരു തെയ്യമാണ് മുച്ചിലോട്ടു ഭഗവതി.
പെരിഞ്ചല്ലൂർ ദേശത്തെ പണ്ഡിത ശ്രേഷ്ഠന്മാരെ മുട്ടുകുത്തിച്ച ഒരു ബ്രാഹ്മണകന്യകയോട് ആ ദേശത്തെ പണ്ഡിതന്മാർക്ക് തീർത്താൽ തീരാത്ത പകയും അസൂയയും പ്രകടമായി. വെറുമൊരു പെണ്ണായ ഇവൾ തങ്ങൾക്കു മുകളിലേക്ക് വളരുന്നത് പുരുഷ പണ്ഡിതർക്ക് സഹിച്ചിരുന്നില്ല. അതിനാൽ ആ പെൺകുട്ടിയെ ഒരു കെണിയിലകപ്പെടുത്താൻ ഒരുക്കങ്ങൾ കൂട്ടിയവർ. അങ്ങനെ ഒരിക്കൽ പെരിഞ്ചല്ലൂർ പണ്ഡിത സദസ്സിൽ വച്ച് ഏറ്റവും വലിയ രസമേതെന്ന ചോദ്യത്തിന് കാമരസമെന്നും ഏറ്റവും വലിയ വേദനയേതെന്ന ചോദ്യത്തിന് പ്രസവവേദനയെന്നും ആ പെൺകുട്ടി ഉത്തരം നൽകി. തക്കം പാർത്തു കഴിഞ്ഞിരുന്ന പണ്ഡിതർ ആ ഉത്തരങ്ങളുടെ മേൽ ചാടി വീണു. ഇവ രണ്ടും അനുഭവിക്കാത്ത ഒരു കന്യകയായ ഇവൾക്ക് ഇതെങ്ങനെ കൃത്യമായി പറയുവാൻ കഴിയുമെന്നും അതിനാൽ ഇവൾ കന്യകയല്ലെന്നും ഇവളുടെ പാതിവ്രത്യം നശിച്ചുവെന്നും അവർ വിധിയെഴുതി. അതോടെ ഒറ്റപ്പെട്ടുപോയ അവളെ ഇല്ലത്തു നിന്ന് പടിയടച്ച് പിണ്ഡം വച്ചു. അപമാന ഭാരത്താൽ നടന്നു നീങ്ങിയ ആ പെൺകുട്ടി ഒരു തീക്കുണ്ഡം ജ്വലിപ്പിച്ച് ആത്മഹുതി ചെയ്തു..

സ്ത്രീയുടെ പാതിവ്രത്യ ഭംഗവും കുലത്തിന്റെ ദുരഭിമാനവുമാണ് വിഷയമായി വരുന്നത്. മാനത്തിന് കളങ്കമേറ്റെന്ന വെറും ആരോപണം പോലും ഒരു ജീവിതത്തെ എത്രമാത്രം തകർച്ചയിലെത്തിക്കുന്നു. ഒരു സ്ത്രീയെ അടിച്ചമർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി അവളുടെ മാനം തന്നെ തിരഞ്ഞെടുക്കുന്നത് വർത്തമാനകാലത്തും ഒരു തുടർക്കാഴ്ചയാകുന്നു. അതിൽ നിന്നും പുതുരക്തസാക്ഷികൾ വീണ്ടും പിറവിയെടുക്കുന്നു. .അതുപോലെ തന്നെ ദുരഭിമാനത്തോടൊപ്പം ജാതി വ്യവസ്ഥയുടെ വികൃത മുഖം വ്യക്തമാക്കുന്ന പെൺ ജീവിതങ്ങളാണ് ശംഭുഞ്ഞ്യാർ തെയ്യവും കോപ്പാളത്തി തെയ്യവും. ഒരു മാവില യുവാവിന്റെ കൈയ്യിൽ നിന്ന് മാങ്ങ വാങ്ങിയതിന് കണ്ണു കുത്തി പൊട്ടിച്ച് കൊടുംകാട്ടിൽ തള്ളിയ ബ്രാഹ്മണയുവതിയാണ് ശംഭുഞ്ഞ്യാറെങ്കിൽ കീഴ് ജാതിക്കാരനെ പ്രണയിച്ചതിന് ആങ്ങളമാർ തുണ്ടം തുണ്ടമാക്കിയ കഥയാണ് കോപ്പാളത്തി തെയ്യത്തിന് പറയാനുള്ളത്.

പതിനാലു മക്കളും മരിച്ച ഒരു തീയ്യ സ്ത്രീ സന്ധ്യാനേരം രാമായണം വായിക്കുന്നത് കണ്ട നാടുവാഴിക്ക് വന്ന അരിശമാണ് തോട്ടുംകര ഭഗവതിയുടെ പിറവിക്ക് പിന്നിൽ. അവളുടെ അഹങ്കാരം ശമിപ്പിക്കാൻ തലയിൽ തീവെച്ച് ഓടിച്ചു. ഒടുവിൽ പൊള്ളലേറ്റ് മരിച്ചു വീണ ആ തീയ്യസ്ത്രീ പിന്നീടു ദൈവമായി പരിണമിച്ചു…

ഇവിടെ കഥകൾ പൂർണ്ണമല്ല. സ്ത്രീ ജീവിതങ്ങളുടെ കഥകൾ വേറയെമുണ്ടാകാം തെയ്യം ഭൂമികയിൽ. അവ രേഖപ്പെടുത്തുവാൻ ജാതിയോ പദവിയോ ഒരു വിഷയമായിരുന്നില്ല. അധികാര കരങ്ങളുടെ കെണിയിലെ ജീവിതങ്ങൾ എന്നു മാത്രമായിരുന്നു അടിസ്ഥാനം. .എല്ലാ കഥകളും ചേർത്തു വച്ച് വായിക്കുമ്പോൾ ആണധികാരങ്ങളുടെ ഹുങ്കും ജാതിവ്യവസ്ഥകളും സദാചാര ബോധങ്ങളും തന്നെയാണ് എന്നും പെൺജീവിതങ്ങളെ ദുസ്സഹമാക്കിയിരുന്നത് എന്നു കാണാം. സമൂഹത്തിലെ അലിഖിത നിയമങ്ങളിലെ വ്യവസ്ഥകളാൽ തകർന്നു പോയ ഒട്ടേറെ ജീവിതങ്ങൾ ഇങ്ങനെയുണ്ടെന്ന ഓർമ്മപ്പെടുത്തലാവുന്നു തെയ്യങ്ങൾ.

കാഞ്ഞങ്ങാട് ബാംഗ്ലൂർ ബസ്സ് സർവ്വീസ്

Ambalathara Bangalore KSRTC Service
അമ്പലത്തറയിൽ നൽകിയ സ്വീകരണം

കാസർഗോഡ് ജില്ലയിലെ മലയോരമേഘലകളായ ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നൊരു ബസ്സ് സർവ്വീസാണ് കേരളസർക്കാറിന്റെ ബാഗ്ലൂർ കെ. എസ്. ആർ. ടി. സി. ബസ്സ് സർവ്വീസ്. കെ. എസ്. ആർ. ടി. സി. ഇന്നുമുതൽ മേൽപ്പറഞ്ഞ വഴിയിലൂടെ പുതിയൊരു സേവനത്തിനു തുടക്കം കുറിക്കുന്നു എന്നത് മലയോര നിവാസികൾക്ക് ആഹ്ലാദകരമായിരിക്കുന്നു. കാഞ്ഞങ്ങാടു നിന്നും പ്രൈവൈറ്റു ബസ്സുകൾ ഉണ്ടെങ്കിലും ഈ വഴിയിലൂടെ ഒന്നും തന്നെയില്ല. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി നിരവധിപ്പേർ എത്തിച്ചേരുന്ന സ്ഥലമാണ് ബാംഗ്ലൂർ. കൃത്യമായ യാത്രാസൗകര്യം കിട്ടുകയെന്നത് അതുകൊണ്ടുതന്നെ ഏറെ സൗകര്യപ്രദമാവുന്നു. മുമ്പ് ഒരു കെ. എസ്. ആർ. ടി. സി. ബസ്സുണ്ടായിരുന്നത് പ്രൈവറ്റ് ബസ്സുകാരുടെ നിരന്തരമായ ശല്യം കാരണം നിർത്തിവെയ്ക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്നും അധികം പ്രൈവറ്റ് ബസ്സൊന്നുമില്ല. ആകെ ഉള്ളത് മുമ്പ് സഫർ ട്രാവൽസ് എന്നറിയപ്പെട്ടിരുന്ന കൊഹിനൂർ സർവ്വുസുക്കാർ തന്നെയാണ്. അടുത്ത കാലത്തായി ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിങ് ഒക്കെയുള്ളതുകാരണം പ്രത്യേകിച്ചും പലരും വഞ്ചിക്കപ്പെടുന്നുമുണ്ട്.

Eriya Bangalore KSRTC Service
ഇരിയയിൽ നൽകിയ സ്വീകരണം

ബാംഗ്ലൂരിലെ പ്രധാന ബസ് സ്റ്റാറ്റാന്റായ മജസ്റ്റിക്കിനോടടുത്തുള്ള ശാന്തിനഗറിലേക്കാണ് കെ. എസ്. ആർ. ടി. സി. ബസ്സ് എത്തിച്ചേരുന്നത്.
കാഞ്ഞങ്ങാടു നിന്നും വൈകുന്നേരം 6:30pm നു പുറപ്പെട്ട് ബാംഗ്ലൂർ ശാന്തിനഗറിൽ രാവിലെ 5:30am നുതന്നെ എത്തിച്ചേരുന്ന നിലയിലാണ് കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരേക്കുള്ള യാത്ര. തിരിച്ച് കാഞ്ഞങ്ങാടേക്ക് രാത്രി 9:30 ഓടെ ശാന്തിനഗറിൽ നിന്നും വിട്ടിട്ട് രാവിലെ 9 മണിയോടെ എത്താനാണിപ്പോൾ ഉള്ള പ്ലാനിങ്. സമയത്തിലും ബസ്സിൽ തന്നേയും മാറ്റങ്ങൾ പ്രതീക്ഷിക്കാം. നല്ലൊരു പുഷ്ബാക്ക് സീറ്റിങ് ഉള്ള ബസ്സുതന്നെ ഈ റൂട്ടിൽ ഇടാനായി ഒരു സംസാരം നടക്കുന്നുണ്ട്. തുടക്കമെന്ന നിലയിൽ ഈ ബസ്സിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. 366 യ്ക്ക് കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരിൽ ഈ ബസ്സിനിപ്പോൾ എത്തിച്ചേരാം; പുഷ്ബാക്കാക്കിയാൽ 550 രൂപയോളം കൂടിയേക്കും.

ശാന്തിനഗർ ബസ്സ്റ്റാൻഡ്

Odayanchal Bangalore KSRTC Service
ഒടയഞ്ചാലിൽ നൽകിയ സ്വീകരണം

ബാഗ്ലൂരിലെത്തിച്ചേരുന്ന കാഞ്ഞങ്ങാടുകാർക്ക് ഏറെ പ്രാധാന്യമുള്ള ബസ് സ്റ്റാന്റാണ് ശാന്തിനഗർ. കാരണം പ്രധാനമായിട്ടുള്ളത് ഏറെ മലയാളികൾ പഠിക്കുന്ന ക്രൈസ്റ്റ് യൂണിവേർസിറ്റി, കർണാടകയിലെ പ്രസിദ്ധ ആശുപത്രിയായ നിംഹാൻസ് (Nimhans – National Institute of Mental Health and Neurosciences), ഏറെ പ്രസിദ്ധമായ കെ. ആർ. മാർക്കറ്റ് (ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, വയറിങ് സാധനങ്ങൾ എന്നിവ ഹോൾസെയിൽസായി കേരളത്തിലങ്ങോളമിങ്ങോളം മാർക്കറ്റിങ് നടത്തുന്ന സ്ഥലം) മലയാളികൾ ഏറെ താമസ്സിക്കുന്നതും കേരളത്തിലെ എല്ലാ ജില്ലകളിലേയും ബസ്സുകൾ വന്നുചേരുന്ന മഡിവാള, തൊട്ടടുത്തുള്ള മജസ്റ്റിക് സ്റ്റേഷൻ,.. എന്നിവിടങ്ങളിലേക്ക് എല്ലാം മിനിമം ബസ്സ് ചാർജുമാത്രം ദൂരമുള്ള സ്ഥലമാണ് ശാന്തിനഗർ. വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം എന്നിവയ്ക്കാണ് ജനങ്ങൾ ഏറെയും ബാംഗ്ലൂരുപോലൊരു സിറ്റിയെ ആശ്രയിക്കുന്നതുതന്നെയാണ്. നിരവധിപ്പേരെ യാത്രാ വേളയിൽ പരിചയപ്പെടാൻ സാധിച്ചിട്ടുമുണ്ട്. എന്തുകൊണ്ടും കെ. എസ്. ആർ. ടി. സി. തെരഞ്ഞെടുത്തിരിക്കുന്ന ഈ ബസ്റ്റോപ്പ് ഏറെ പ്രാധാന്യമർഹിക്കുന്നത് ഇത്തരത്തിലാണ്.

ആദ്യം വരുന്നവർക്ക് പ്രൈവറ്റ് ബസ്സിൽ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ

chakkittadukkam Bangalore KSRTC Service
ചക്കിട്ടടുക്കത്ത് നൽകിയ സ്വീകരണം

കഴിഞ്ഞ വെള്ളിയാഴ്ച (17 ഫെബ്രുവരി 2017) ബാംഗ്ലൂരിലെ മജസ്റ്റിക്കിൽ വെച്ചൊരു സംഭവം നടന്നു. ചില സാധനങ്ങൾ വാങ്ങിക്കാനായി ചെറുവത്തൂരിൽ നിന്നും എത്തിച്ചേർന്ന മൂന്നുപേരായിരുന്നു ഇരകൾ. അശോകൻ എന്നായിരുന്നു അതിലെ മുഖ്യ വ്യക്തിയുടെ പേര്. ഗാന്ധിനഗറിലെ കൊഹിനൂർ ട്രാവൽസിൽ അവർ പാർസൽ സാധനങ്ങൾ നാട്ടിലെത്തിക്കാനായിട്ട് ഏൽപ്പിക്കുകയുണ്ടായി. എന്നാൽ ടിക്കറ്റ് ഒക്കെ ഫുൾ ആയതിനാൽ സീറ്റ് കിട്ടിയില്ല. പാർസൽ സാധനങ്ങൾ നാട്ടിലെത്തിക്കാനായി സാധങ്ങൾ ഒക്കെ നോക്കിയിട്ട് അവർ ഇങ്കം ടാക്സിനായി അടയ്ക്കാനാണെന്നും പറഞ്ഞ് 2000 രൂപ ഫീസായി വാങ്ങിച്ചിരുന്നു. അതിനൊരു ബില്ലോ, മറ്റു റെസിപ്റ്റോ അവർ കൊടുത്തിരുന്നില്ല!

തുടർന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കായി അവർ മറ്റു ട്രാവൽസ് അന്വേഷിച്ചു നടന്നു. അങ്ങനെയാണ് മജസ്റ്റിക്കിലെ ആനന്ദറാവൂ സർക്കിളിൽ ഉള്ള സലിം ട്രാവൽസ് കണ്ണിൽ പെട്ടത്. SRS Bus നെ പറ്റി ആരോ പറഞ്ഞതു കേട്ട് അന്വേഷിച്ച് പോകുമ്പോൾ കണ്ടതായിരുന്നു അത്. സലിം ട്രാവത്സുകാർ ഇവരോട് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു, കാഞ്ഞങ്ങാടേക്ക് മഹാലക്ഷ്മി എന്ന ബസ്സുണ്ടെന്ന് പറയുകയും ചെയ്തു. ആദ്യാമായി ബാംഗ്ലൂരിൽ എത്തിയ ഇവർക്ക് ഇങ്ങനെയൊരു ബസ്സുണ്ടോ എന്നറിയില്ലായിരുന്നു. സത്യത്തിൽ അങ്ങനെയൊരു ബസ്സ് കാഞ്ഞങ്ങാടേക്കില്ല. ഒരാൾക്ക് 1200 രൂപ വെച്ച് അവർ മൂന്നു സ്ലീപ്പർ ടിക്കറ്റ് ബുക്കുചെയ്തു. രാത്രി ഒമ്പതരവരെ അവരെ അവിടെ ഇരുത്തി. ഒമ്പതരയ്ക്ക് സലിം ട്രാവത്സിലെ ഒരാൾ ഒരു ഓട്ടോ സ്പെഷ്യലാക്കിയിട്ട് കൊഹിനൂർ ട്രാവത്സിൽ തന്നെ എത്തിച്ചു. അവിടെ നിന്നും പറഞ്ഞതു പ്രകാരമുള്ള ടിക്കറ്റ് മൂന്നെണ്ണം എടുത്തു കൊടുത്തു!!

Naikkayam Bangalore KSRTC Bus Service
നായിക്കയത്ത് നൽകിയ സ്വീകരണം

പറഞ്ഞതു പ്രകാരമല്ല. കിട്ടിയത് സ്ലീപ്പർ അല്ലായിരുന്നു; സ്ലീപ്പറാണെങ്കിൽ തന്നെ കൊഹിനൂറിൽ ഓൺലൈൻ ബുക്കിങിനു പോലും 700 രൂപയേ ഒരാൾക്ക് വരികയുള്ളൂ. പുഷ്ബാക്കിന് 580 രൂപയേ ഉള്ളൂ; ഇവർക്ക് കിട്ടിയതും അതുതന്നെയാണ്. യഥാർത്ഥത്തിൽ ചാർജ് ചെയ്ത 1200 രൂപ എന്തിനായിരുന്നു?? സാധാരണഗതിയിൽ ഓണം, കൃസ്തുമസ് പോലുള്ള സീസൺ സമയങ്ങളിൽ പ്രൈവറ്റുബസ്സുകാർ ടിക്കറ്റ് ചാർജ് കണ്ടമാനം കൂട്ടാറുണ്ട്. ഇത് അതൊന്നുമില്ലാതെ കൂട്ടിയതാണ്. ഈ തുകയും, ഇങ്കം ടാക്സാണെന്നും പറഞ്ഞ് കൊഹിനൂർ വാങ്ങിച്ച തുകയും ഇവർക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. ഇങ്കം ടാക്സെന്നും പറഞ്ഞ് ബില്ലുകൊടുക്കാതെ വാങ്ങിച്ച തുകയുടെ കാര്യം അശോകേട്ടൻ തന്നെ കാഞ്ഞങ്ങാട് മെയിൻ ഓഫീസിൽ പറഞ്ഞിരുന്നു. ടിക്കറ്റ് ചാർജിൽ വന്ന പിശക്കുകൾ ബാംഗ്ലൂരിലെ ഓഫീസിലും കാഞ്ഞങ്ങാടുള്ള രണ്ട് ഓഫീസുകളിലും പറഞ്ഞിരുന്നു. പ്രൈവറ്റ് മേഖലയിൽ നടക്കുന്ന പലതരം അബദ്ധങ്ങളിൽ ഒന്നാണിത്, കെ. എസ്. ആർ. ടി. സി. സർവ്വീസിനോട് ചേർത്തുവായിക്കാൻ പറ്റുന്ന കാര്യമാണിത്.

കെ. എസ്. ആർ. ടി. സി. യുടെ ഗുണങ്ങൾ

യാത്രാവേളയിൽ കെ. എസ്. ആർ. ടി. സി. യുടെ ഗുണഗണങ്ങൾ അനുഭവിച്ചിട്ടുള്ള ഒരാളാണു ഞാൻ. ആമീസ് വന്നതിനു ശേഷം യാത്രയൊക്കെ ട്രൈനിലാക്കി മാറ്റിയിരുന്നു. ഇത് അതിനും മുമ്പു നടന്നതാണ്; അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു. നാലഞ്ചുമാസം അമ്മാവൻ ഹരികുമാർ ബാംഗ്ലൂരിൽ എന്നോടൊപ്പം താമസിച്ചിരുന്നു, നവരാത്രിക്കോ മറ്റോ ഒത്തിരി ലീവ് കിട്ടിയപ്പോൾ ഒരിക്കൽ നാട്ടിലേക്ക് വിട്ടു ഞങ്ങൾ. കെ. എസ്. ആർ. ടി.-യിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അന്ന് കാസർഗോഡേക്കുള്ള ബസ്സുകൾ മൈസൂർ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. രാത്രി 8:30 മണിക്കായിരുന്നു യാത്ര തുടങ്ങുക. ഞങ്ങൾ മഡിവാളയിൽ നിന്നും 5 മണിക്ക് തന്നെ യാത്രപുറപ്പെട്ടു. നല്ല മഴയും ഉണ്ടായിരുന്നു അപ്പോൾ. മജസ്റ്റിക്കിലേക്ക് 20 മിനിറ്റ് യാത്രയൊക്കെയേ ഉള്ളൂ; നവരാത്രി ആയതിനാൽ തിരക്ക് കൂടുമല്ലോ- അതുകൊണ്ടാണ് മുമ്പേ പുറപ്പെട്ടതായിരുന്നു. പക്ഷേ, മുടിഞ്ഞ തെരക്കായിപ്പോയി. 8 മണിയായി മജസ്റ്റിക്കിൽ തന്നെ എത്താൻ.

Parappa Bangalore KSRTC Service
പരപ്പയിൽ നൽകിയ സ്വീകരണം

അവിടുന്ന് ഞാൻ കെ. എസ്. ആർ. ടി. സി യെ വിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തോളാം എന്നു പറഞ്ഞു. അവർ കാരണം ചോദിച്ചപ്പോൾ ഞാൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ അപ്പോൾ തന്ന സൊലൂഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളെ കൂട്ടുവാനായി ആയി സാറ്റലൈറ്റ് ബസ്റ്റാൻഡിൽ നിന്നും മജസ്റ്റിക്കിലേക്ക് വന്നോളാം എന്നും അവിടെ സൈഡിൽ ഒരു അമ്പലത്തോട് ചേർന്ന് നിന്നാൽ മതിയെന്നും പറഞ്ഞു. അരമണിക്കൂർ ദൂരമേയുള്ളൂവെങ്കിലും ഒരുമണിക്കൂറിലേറെ സമയം അവർ എടുത്തിരുന്നു എത്തിച്ചേരാൻ. മഴയും, ഉത്സവത്തിന്റെ തിരക്കും, വെള്ളിയാഴ്ചയും ഒക്കെ ഒന്നുചേർന്നതാണു കാരണം. ബസ്സിൽ കേറിയപ്പോൾ ഒരു യാത്രക്കാരൻ ഡ്രൈവറെ ചീത്തവിളിക്കുന്നത് കേൾക്കാനിടവന്നു. റോഡറിയാത്ത ഡ്രൈവറിനെയൊക്കെ ബസ്സോടിക്കാനേല്പിച്ചാൽ ഇങ്ങെനെ വഴിതെറ്റി കറങ്ങും എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതുകേൾക്കാനിടവന്ന കണ്ടക്ടറുടെ സൗമ്യമായ പുഞ്ചിരി ഇന്നും മറക്കാനായിട്ടില്ല. ഒരു പ്രൈവറ്റുബസ്സുകാരൻ ഈ ബാംഗ്ലൂർ തിരക്കിൽ ഇങ്ങനെ ചിന്തിക്കുമെന്നെനിക്ക് കരുതാനേ വയ്യായിരുന്നു.

പ്രശ്‌നോത്തരി – ഭാഷാ, വ്യാകരണം, സാഹിത്യം

പ്രശ്‌നോത്തരി 13, ഭഷാ വ്യാകരണം, മലയാള സാഹിത്യം

ഭാഷ, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്‌നോത്തരി ആരംഭിക്കാവുന്നതാണ്.

Start
അഭിനന്ദനങ്ങൾ!! പ്രശ്‌നോത്തരി 13, ഭഷാ വ്യാകരണം, മലയാള സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.

കുഞ്ഞുങ്ങളുടെ കൗതുക ലോകം

ആരാധ്യ അദ്വൈത ആത്മിക കുട്ടിത്തം മാറാത്ത സംസാരം ആരു പറഞ്ഞാലും കേൾക്കാൻ രസമുള്ളതു തന്നെ. കുട്ടികളെ ഇഷ്ടപ്പെടാൻ പലർക്കും ഇതൊരു പ്രത്യേക കാരണം കൂടിയാണ്. ഏതൊരു കുട്ടിയേയും ഞാനതുകൊണ്ടുതന്നെ വളരെയേറെ ഇഷ്ടപ്പെടുന്നു. അച്ഛനാണെന്ന ബോധത്തിലുപരിയായി ആമീസിനോട് വെറുതേ അതുമിതുമൊക്കെ സംസാരിക്കാൻ ഞാനിഷ്ടപ്പെടാനുള്ള കാരണവും ഇതൊക്കെ കേൾക്കാൻ തന്നെയാണ്. മൂന്നുവയസുകാരിയുടെ ഗൗരവത്തോടെയുള്ള സംസാരം കേൾക്കേണ്ടതുതന്നെയാണ്. സംസാരിക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാവവും കുഞ്ഞുങ്ങൾ മുഖത്ത് വരുത്തുന്നുണ്ട്. കരയുമ്പോൾ മുഖം എത്രമാത്രം ദയനീയമാവുന്നോ അതോപോലെ തന്നെ ഏതുഭാവത്തേയും അവർ നന്നായി ഉൾക്കൊള്ളുന്നു… പേടിപ്പെടുത്തുന്ന കാര്യങ്ങൾ (ആമീസിന്റെ ഭാഷയിൽ പറഞ്ഞാൽ ക്രോക്രോച്ചിനെ പറ്റി) പറയുമ്പോൾ അവളുടെ മുഖത്ത് ഭയാനകമായ പേടിതന്നെ നിഴലിക്കുന്നു; സന്തോഷകാര്യങ്ങളിൽ അതിയായ സന്തോഷം മുഖത്തുകാണാം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഒരുവർഷത്തോളം ആക്സിഡന്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പലരും പറഞ്ഞതു കേട്ടിട്ടോ സംസാരിക്കുന്നത് കണ്ടിട്ടോ ആരെങ്കിലും അവളെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തിട്ടോ എന്നറിയില്ല; അവൾക്കറിയാം ഒരു ബൈക്ക് ഇടിച്ചിട്ടാണ് ഞാൻ വീണതെന്നും തലയ്ക്ക് ഓപ്പറേഷൻ വേണ്ടി വന്നതെന്നും. മഞ്ജുഷ ഓഫീസിൽ പോകാൻ തുടങ്ങിയ അന്നു മുതൽ ആമിയെ എന്നും നോക്കാറുണ്ടായിരുന്ന ചേച്ചിയെ തന്നെ ശ്രദ്ധിക്കാൻ ഏൽപ്പിക്കുമായിരുന്നു. ദിവസേന വൈകുന്നേരങ്ങളിൽ ഞാനാണവളെ കൂട്ടിക്കൊണ്ടുവരാൻ പോകാറുള്ളത്. നടക്കുമ്പോൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടി ഡാൻസുകളിച്ച് നടക്കാൻ അവൾക്കിഷ്ടമാണ്. റോഡിലൂടെ വരുമ്പോൾ എതിരേ കാറുകൾ വന്നാലോ ലോറിയോ മറ്റോ വന്നാലോ അവൾക്ക് പ്രശ്നമുണ്ടാവാറില്ല. അവളെ ശ്രദ്ധയോടെ ഞാൻ തന്നെ പിടിച്ച് സൈഡിലൂടെ നടത്തേണ്ടതുണ്ട്. എന്നാൽ ഒരു ബൈക്ക് ദൂരെ നിന്നും വരുന്നതു കണ്ടാൽ അവൾ പേടിച്ച് എന്റെ കൈകൾ മുറുകേ പിടിച്ച് ഏറെ ഉത്തരവാദിത്വത്തോടെ സൈഡിലിലേക്ക് വലിച്ചുമാറ്റും. എന്നിട്ടു പറയും, “അച്ഛാ, ബൈക്ക് വരുന്നുണ്ട്, റോഡിലൂടെ നടക്കാതെ മാറി നിൽക്ക്, അതു പോയിട്ട് നമുക്ക് പോകാം“ എന്ന്. ഭീതിതമാവും അവളുടെ കണ്ണുകൾ. എന്റെ കൈവിടാതെ തന്നെ ബൈക്ക് പോയി മറയുംവരെ അവൾ വഴിയോരത്ത് അടങ്ങി ഒതുങ്ങി നിൽക്കും. അവളുടെ അനുവാദം കിട്ടിയാൽ മാത്രമേ ശേഷിച്ച യാത്രയ്ക്ക് ഞാൻ ഒരുങ്ങാറുള്ളൂ…

Aatmika rajesh

ഇതുപോലെ എന്നെ അത്ഭുതപ്പെടുത്തിയെ കാര്യങ്ങൾ ഏറെയാണ്. ഓർമ്മയും ബോധവും നശിച്ചിരുന്ന എനിക്ക് ഇതൊക്കെ തിരിച്ചു കിട്ടുമ്പോഴേക്കും ഓപ്പറേഷന്റെ മുറിവുകളൊക്കെ ഉണങ്ങിയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞതായി അറിഞ്ഞത് തന്നെ ആരോ പറഞ്ഞിട്ടായിരുന്നു. 18 ഓപ്പറേഷൻ കഴിഞ്ഞിരുന്നു എന്നതായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത തന്നെ. ഇതേ, കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നറിയില്ല. ഓപ്പറേഷൻ കഴിഞ്ഞതെവിടെയാണെന്നും എത്രത്തോളം അതിനും വലിപ്പം ഉണ്ടെന്നും ഞാൻ മനസ്സിലാക്കിയത് പിന്നേയും ഏറെ വൈകി ബാക്കിവന്ന പാടുകൾ അളന്നു നോക്കിയിട്ടായിരുന്നു. ഓർമ്മയിൽ ആമീസു വന്ന് മരുന്നു വെച്ചു തരുന്നതൊക്കെ ഇപ്പോഴും മറക്കാതെ നിൽക്കുന്നുണ്ട്.

അവൾ മരുന്നൊന്നും വെയ്ക്കില്ലായിരുന്നു. ഓയിൽമെന്റ് പോലെ എന്തോ ഒന്നു കൊണ്ടുവന്ന് അടുത്ത് വെയ്ക്കുന്നതായും അതിന്റെ അടപ്പു തുടക്കുന്നതായും അവൾ അഭിനയിക്കുകയായിരുന്നു പതിവ്. പിന്നെ അതു മല്ലെ അവളുടെ വിരലിലാക്കിയിട്ട് വളരെ പതുക്കെ എന്റെ തലയിൽ ചേച്ചു തരുമായിരുന്നു. എനിക്കന്ന് വേദനയേ ഇല്ലാത്ത സമയമായിരുന്നു. എങ്കിലും അവളുടെ ശുശ്രൂഷയിൽ ഞാൻ ഏറെ തൃപ്തനായിരുന്നു.

പിന്നീട് ഏറെ വൈകി, ഞാൻ ഗുളികയും മരുന്നുമൊക്കെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് അതു വാങ്ങിച്ചു കഴിക്കാൻ തുടങ്ങി. ഗുളികകൾ ഒക്കെ അവൾ തന്നെ കൃത്യമായി വായിൽ വെച്ചു തരും; എനിക്ക് വെള്ളമൊന്ന് എടുത്ത് കഴിച്ചാൽ മതി. കൃത്യമായി മരുന്നെടുത്ത് തരാനും അവൾക്ക് പറ്റുന്നുണ്ട്. ഇന്നും മുടങ്ങാതെ അതു നടക്കുന്നു. എന്നും രാത്രിയിൽ മാത്രമാണിതിനുള്ള അവസരം കൊടുത്തിരുന്നത്. നിസാരപ്രശ്നങ്ങൾക്ക് പോലും പിണങ്ങിയിരിപ്പാണെങ്കിൽ കൂടി മരുന്നു ചോദിച്ചാൽ അവൾ ഓടിപ്പോയി അതെടുത്തുകൊണ്ടുവന്നിട്ട് ഒന്നും മിണ്ടാതെ തന്നെ അതു തരുമായിരുന്നു. പിണക്കം മുഖത്ത് കാണിച്ചാലും, മരുന്നു വായിലൊഴിച്ചുതന്ന ശേഷം എന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് ഒന്നും മിണ്ടാതെ നിന്നോളും – അല്പനേരം. അന്നേരം വാരി എടുത്ത് ഒന്നു കൊഞ്ചിച്ചാൽ പിണക്കമൊക്കെ പമ്പ കടക്കും. കുഞ്ഞുമനസ്സ് അത്രമാത്രം ലളിതമാണ്.

രാവിലെ ഓഫീസിൽ വരുന്ന സമയത്ത് മിക്കപ്പോഴും അവൾ ഉണരാത്തതിനാൽ ഞാൻ തന്നെ മരുന്നു കഴിക്കുമായിരുന്നു. ചിലപ്പോളൊക്കെ അവൾ ഉണർന്നാലും അവൾ കാണാതെ കഴിക്കാറാണു പതിവ്. വരാൻ നേരത്ത് ഉമ്മ കൊടുത്ത് റ്റാറ്റ പറയുമ്പോൾ അവൾ കൃത്യമായി ഓർമ്മിപ്പിക്കുന്ന കാര്യമാണ് “അച്ഛാ, രാവിലത്തെ മരുന്നു കഴിച്ചിരുന്നോ“ എന്ന്. കൂടാതെ ഒരു മരുന്ന് രാവിലെ കഴിക്കേണ്ടതില്ലായിരുന്നു, അതും അവൾ ചോദിക്കും, അറീയാതെ എങ്ങാനും അതു കഴിച്ചോ എന്നറിയാൻ വേണ്ടി. ഓർമ്മപ്പെടുത്തലുകൾ ഏറെ ഹൃദ്യമാണ്. ഇറങ്ങാൻ നേരം മഞ്ജു പലതും ഇങ്ങനെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ആമീസിന്റെ ഓർമ്മിപ്പിക്കൽ ഏറെ ഹൃദ്യമാവാറാണു പതിവ്. കേവലം മൂന്നുവയസ്സു പ്രായമുള്ള കുഞ്ഞുപോലും ഓർമ്മയോടെ ഇരിക്കുന്നൊരു കാര്യം പലപ്പോഴും ഞാൻ മറന്നുപോവുന്നതിന്റെ വിഷാദം ഉണ്ടെന്നാവിലും… ആമിയോട് കഴിച്ചു മോളേ എന്നു പറയുമ്പോൾ കണ്ണു നിറഞ്ഞുപോവും. ഇന്നു രാവിലെയും ഇതുതന്നെ സംഭവിച്ചതാണ് ഈ കുറിപ്പെഴുതാൻ തന്നെ കാരണം. ഭാവിയിൽ അവൾ വായിച്ച് സന്തോഷിക്കാനിട വരട്ടെ.

Aatmika-Rajesh-Manjushaകുഞ്ഞുങ്ങളുടെ ജീവിതം വളരെ ലളിതമാണ്. സന്തോഷിക്കാനും സഹകരിക്കാനും കരയാനും ഒക്കെ അവർക്ക് ചെറിയ കാര്യങ്ങൾ മാത്രം മതി. ചില കാര്യങ്ങളിൽ വെറുതേ ചെയ്തുകൊണ്ടിരിക്കുന്നതും ഇത്തരം നിസാരകാര്യങ്ങൾക്കു വേണ്ടി മാത്രമാണു താനും. കുമിളകളായി ഊതിപ്പറപ്പിക്കാൻ പറ്റുന്ന സോപ്പുവെള്ളം പോലെയൊരു സംഗതി വാങ്ങിക്കാൻ കിട്ടുന്നുണ്ട്. ചെറിയ കുപ്പിയാണ്. അതിൽ ചെറിയൊരു റിങ് പോലൊരു സംഗതിയും ഉണ്ട്. ആ റിങ്, കുപ്പിയിലെ സോപ്പു വെള്ളത്തിൽ മുക്കി പുറത്തെടുത്ത് അതിലേക്ക് ഊതിയാൽ നിറയെ കുമിളകൾ പുറത്തേക്ക് വരും. റിങിന് അല്പം നീളം കൂടുതലാണ്. കുപ്പിയും അതിനു തുല്യം തന്നെ. ഒരു കുപ്പിക്ക് 40 രൂപ വിലവരും – വിലയൊക്കെ തട്ടിപ്പാണ്, അതു ശ്രദ്ധിക്കാറില്ല. ആമീസിന് ആ കുമിൾകൾ പറന്നു പോവുന്നതുകാണാൽ വലിയ സന്തോഷമാണ്. അവൾ തന്നെ അത് പറത്തും. അത് കൃത്യമായി മഞ്ജുവിനേയും എന്നേയും കാണിച്ചു തരികയും ചെയ്യും.

Aatmika rajesh kids playing
പണി നിർത്തിയ സോപ്പുവെള്ളം നിറച്ച ഡപ്പിയും റിങ്ങും

എന്നാൽ കുപ്പിയിലെ വെള്ളം പകുതിയായാൽ റിങ് മുഴുവനായി സോപ്പുവെള്ളത്തിൽ നനയില്ല. അങ്ങനെ നനഞ്ഞാൽ മാത്രമേ, ആ സോപ്പു വെള്ളം കൊണ്ടു കുമിളകൾ പറത്താൻ പറ്റുകയുള്ളൂ. നേർ പകുതിവരെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഉപയോഗിക്കാം എന്നുമാത്രം. അതിനെ കൊണ്ട് ഇനി കുമിളകൾ ഉണ്ടാക്കാൻ പറ്റില്ല ആമീസേ എന്നു പറഞ്ഞാൽ പോലും അവളത് ശ്രദ്ധിക്കാതെ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലതവണ ഒരേകാര്യം ചെയ്ത് പരാജയപ്പെട്ടാലും അവൾ പരാതിയില്ലാതെ പരിപാടി തുടർന്നു കൊണ്ടേ ഇരിക്കും – ഒരു വ്രതം പോലെ. കുമിളകൾ പറന്നോളും എന്ന പ്രതീക്ഷ മാത്രമാണതു ചെയ്യിക്കുന്നത്. അവൾ കാണാതെ ആ കുപ്പിയിലെ വെള്ളം പുറത്തെടുത്തു കളയാവുന്നതേ ഉള്ളൂ. എങ്കിലും അങ്ങനെ കളയാൻ എന്തോ മനസ്സനുവദിക്കാറില്ല. ഇനിയിതുകൊണ്ട് കുമിളകൾ വരുത്താൻ പറ്റില്ല എന്നു കരുതി അവൾ തന്നെ നിർത്തിക്കോളും എന്നുള്ള പ്രതീക്ഷയാണതിനു പിന്നിൽ. അവൾ ഒരു മൂലയിൽ ഇരുന്ന് ശ്രമിച്ചുകൊണ്ടേയിരിക്കും പരിശ്രമിച്ചു കൊണ്ടേ ഇരിക്കും. ആർക്കു കണ്ടാലും സങ്കടം തോന്നുന്ന കാര്യമാണത്.

ഈ പരിപാടിയുടെ നല്ല സമയത്ത് അവൾ വെള്ളത്തിൽ മുക്കി റിങ്ങെടുത്ത് ഊതാൻ ശ്രമിക്കുമ്പോൾ മഞ്ജു കേറി ഇടപെട്ട് അവൾക്കുമുമ്പേ ഊതി കുമിളകൾ പറത്തിയിരുന്നു. ഇതുകാണുമ്പോൾ കുഞ്ഞിനേക്കാൾ ദേഷ്യം എനിക്കാണു തോന്നാറുള്ളത്. മഞ്ജു തമാശയ്ക്ക് ചെയ്യുന്നതാവും, എങ്കിലും എളിമയോടെ ചെയ്യുന്നതാണെങ്കിലും അവൾ നൽകുന്ന പരിശ്രമം ഏറെ വലുതാണ്. എത്രശ്രമിച്ചാലും മഞ്ജു ഇതു തുടർന്നുകൊണ്ടേ ഇരിക്കുമ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞുമുഖം വിങ്ങുന്നതുകാണാം. ഏറെ ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം അവർക്കു നൽകുന്ന സന്തോഷം അതിലേറെ വലുതാണ്. നിസാരമെങ്കിലും കുഞ്ഞുസന്തോഷങ്ങൾ അവർക്കു നൽകുന്നത് ഗംഭീരമായ അത്ഭുതങ്ങൾ കൂടിയാണ്. ഇതൊക്കെ കണ്ടിരിക്കുക എന്നത് ഏറെ ഹൃദ്യവുമാണ്.