മക്കളായ് നാലുപേരുണ്ടെങ്കിലും
അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ
ഭാരമായ് തീർന്നുവോ നാലുപേർക്കും? Continue reading
malayalam
സഫലമീ യാത്ര

എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അമ്പത്തിനാലോളം കവിതകൾ അടങ്ങിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (1986), വയലാർ അവാർഡ് (1986). ഓടക്കുഴൽ അവാർഡ് (1885) തുടങ്ങി നിരവധി അവാർഡുകൾ നേടിയ കവിതയാണിത്. കക്കാടിന്റെ യഥാർത്ഥ നാമം നാരായണൻ നമ്പൂതിരി കക്കാട് എന്നാണ്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു.
അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുന്ന സമയത്ത് എഴുതിയതാണ് ഈ കവിത. ധനുമാസത്തിലെ ആതിര നിലാവിനെ വരവേൽക്കുകയാണു കവി. ആതിര നിലാവിന്റെ നീലിമയിൽ അടുത്തെത്തുന്ന ഓർമ്മകളിലും കേൾക്കാൻ കൊതിച്ചിരിക്കുന്ന ഊഞ്ഞാൽ പാട്ടിലും തന്നിലെ വേദനകൾ മൊത്തം അലിഞ്ഞില്ലാതാവുന്നതായി കവി സങ്കല്പിച്ചിരിക്കണം. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്. ഓടകുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1987 ജനുവരി-6ന് അർബുദരോഗബാധയാൽ അദ്ദേഹം മരിച്ചശേഷമാണ് നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.
കവിത ആലാപനം: വിജയകുമാർ ബ്ലാത്തൂർ
ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിര വരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്പര്ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?
ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.
ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.
പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു
പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍.
മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?
ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.
കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര…
ഹാ! സഫലമീയാത്ര…
എന്‍ .എന്‍ . കക്കാട്
ആലാപനം: ജി. വേണുഗോപാൽ, വിജയകുമാർ ബ്ലാത്തൂർ
വിക്കിപീഡിയ സംഗമോത്സവം 2016
മലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.
2001 ജനുവരി 15 -നാണ് ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ് വിക്കിപീഡിയ ആരംഭിച്ചത്. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.
അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.
ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.
കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.
- മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
- വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
- 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
- വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
- പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
- മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക
തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.
കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.
വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.
വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.
ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര
ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ… മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും.
നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.
ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.
ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.
അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദയങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.
ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം… അത്രമാത്രം…
തിരികെയാത്ര
ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്.
തിരികെയാത്ര
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില്‍ വേലിചാർത്തി
വേദന പാരതന്ത്രത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും
തുള്ളികളിച്ചു പുളിനങ്ങളെ പുൽകി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീർതെറ്റി നീരാടി നീന്തികളിച്ചനാള്‍
വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റു നിർവൃതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍
കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും
എന്‍റെ പൈക്കന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിന്നു മീനു നല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്കീടാതെ
കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ
കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം
പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍
നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി
തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോർത്തു നല്കി
ജീവന സംസ്കൃതി പെരുമ നല്കി
സംഘസംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍
വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉല്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍
ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു
ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും
അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം
ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി
അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു
ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
…………………………………..
കവി-മുരുകന്‍ കാട്ടാക്കട
ഒരു കിളിയും അഞ്ച് വേടന്മാരും
മധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്.
[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/oru_kiliyum_anju_vedanmarum.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്
കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു
കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി
ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം …
കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം
അന്നേരം വന്നവളോട് ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍
വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ
അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം
വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ
തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ്
ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു
രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു
മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു
പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു
അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു
എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം
പൈങ്കിളി താനേ മറന്നേ പോയ്…
പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു
എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല
ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള്
പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ്
തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍
കരളില്‍ നോവ് പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം
നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം
കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ
ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും
തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ്
തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി
തളിരില വിടരും പൂംചിറക് തളരാ മനസിന് നേരഴക്
വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന് നീരുറവ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം
ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. പാക്കാർ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ വരികൾ സഹോദരൻ അയ്യപ്പൻ സ്വതന്ത്രമായി പരിഷ്കരിച്ചതാണ് ഈ കാവ്യമെന്ന് അക്കാദമിക് ഗവേഷകനായ അജയ് എസ് ശേഖർ പറഞ്ഞിരുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പണ്ടു കളക്റ്റ് ചെയ്ത് ജർമ്മനിയിലേക്കു കൊണ്ടുപോയ കൃതികളിൽ തന്നെ ഈ കൃതിയുണ്ടെന്ന് എഴുത്തുകാരനായ മനോജ് കുറൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും കൂടുതലായി തന്നെ അവ ലഭ്യമാണത്രേ… അതിലെ വരികൾ കാണുക:
മാബലി മണ്ണുപേക്ഷിച്ച ശേഷ
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
അക്കഥ കേട്ടോരു മാബലിയും
ഖേദിച്ച് തൻ്റെ മനസ്സുകൊണ്ട്…
മാവേലി മന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലോ – (സ്പെല്ലിങ്ങിൽ മാറ്റമുണ്ട് – ഇവിടെ അതു നിലവിലെ ലിപിയായി പരിഷ്കരിച്ചിട്ടുണ്ട്) എന്നൊക്കെയുള്ള വരികൾക്ക് അത്ര പഴക്കമുണ്ടെന്നു മനോജ് പറയുന്നു. ബ്രാഹ്മണഭോജനം കൊണ്ടാണു മനുഷ്യരെല്ലാം വലഞ്ഞതെന്ന കാര്യം ലഭ്യമാണവിടെ. തീർച്ചയായും കാലത്തിനു വേണ്ടതായ മോഡിഫിക്കേഷൻസ് സഹോദരൻ അയ്യപ്പനും വരുത്തിയിട്ടുണ്ടാവും എന്നു കരുതാം. ആ വരികൾ കാണാം:
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല
ചോറുകള്‍വച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാള്‍വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനിക വിഭാഗമില്ല
മൂലധനത്തിന്‍ ഞെരുക്കലില്ല
ആവതവരവര്‍ ചെയ്‌തു നാട്ടില്‍
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു
വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്‌ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?
കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്‍
ആലയം സ്ഥാപിച്ചിതന്നു മര്‍ത്ത്യര്‍
സൗഗതരേവം പരിഷ്‌കൃതരായ്
സര്‍വ്വം ജയിച്ചു ഭരിച്ചുപോന്നാര്‍
ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശലമാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതിതന്റെ
ശീര്‍ഷം ചവിട്ടിയാ യാചകനും.
അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.
ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി
വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
അയിത്ത പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍ക്കേറി
തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും
സ്‌നേഹവും നാണവും കെട്ട രീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി.
സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി
നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തുനന്ദിയും ദീനകരുണ താനും
തിന്നു കൊഴുത്തിവര്‍ക്കേതുമില്ലസാധുക്കളക്ഷരം ചൊല്ലിയെങ്കില്‍
ഗര്‍വ്വിഷ്‌ഠരീ ദുഷ്‌ടര്‍ നാക്കറുത്തു
സ്‌ത്രീകളിവര്‍ക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു
ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോര്‍ക്കൊക്കെയടിമപ്പട്ടു
എത്ര നൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേള്‍ക്ക നിങ്ങള്‍
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍.
സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലിവാഴ്‌ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനംവരാതെയിരുന്നുകൊള്ളും.
വായനയുടെ ലോകം!

ഇനിയും വായിക്കും .. രണ്ടായിരത്തിനു മുന്പ് ഉള്ള എഡീഷൻ തേടി ഒന്ന് രണ്ടു ലൈബ്രറി കൾ അലഞ്ഞു , ഇപ്പൊ ഒരു പഴേ മലയാളം മാഷ് ( ഇപ്പൊ പ്രമുഖ പത്രത്തിന്റെ സബ് എഡി റ്റർ ) സങ്കടിപ്പിച്ചു തരാം ന്നു പറഞ്ഞതിന്റെ പ്രത്യാശയിൽ ജീവിക്കുന്നു ..
2 അരുന്ധതി റോയ് ടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് ..
പ്രിയ എ എസ് വിവർത്തനാമുഖക്കുറിപ്പിൽ പറഞ്ഞത് പോലെ സങ്കടങ്ങളുടെ പുസ്തകം . എഴുത്തുകാരിയുടെ കൈയ്യൊപ്പ് നേരിട്ട് വാങ്ങിയ വിവർത്തനവും കയ്യിൽഉണ്ട് .
ഇക്കഴിഞ്ഞ വേനൽ അവധിക്കു കോട്ടയം പുതുപ്പള്ളി പള്ളിയിൽ ഒരു മാമോദീസ കൂടാൻ പോയപ്പോ പ്രതീക്ഷിച്ചിരുന്നു
ഐമനം വീട്ടില് പോവാം ന്നു , എസ്തേം റാഹേലും ഓടി നടന്ന വീട് ഒന്ന് കാണണം എന്ന് പുസ്തകം വായിച്ച അന്ന് മുതൽ ഉള്ള ആഗ്രഹം ആയിരുന്നു ..
നടന്നില്ല ..
3 KITE RUNNER .. ഖാലിദ് ഹൊസൈനി യുടെ പുസ്തകം
4 . ഒരു ദേശത്തിന്റെ കഥ
5 . അപഹരിക്കപ്പെട്ട ദൈവങ്ങള് ( ആനന്ദിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും ഇഷ്ടമാണ് )
6 Musium of Innocence .. Orhan Pamuk ( ഇച്ചിരെ വല്യ ഒരു പുസ്തകം )
7. നീർ മാതളം പൂത്ത കാലം
8 . കൊച്ചു ത്രേസ്യയുടെ ലോകം ( ഇത് ഞാൻ വായിക്കാതെ തന്നെ ഇഷ്ടപ്പെട്ട പുസ്തകം , ബ്ലോഗ് ഒരു തവണ ഒന്നുമല്ല വായിച്ചു തീര്ത്തത് , അതോണ്ട പുസ്തകം കൈപ്പറ്റുന്നതിനു മുന്നേ അങ്ങ് ഇഷ്ടം പ്രഖ്യാപിക്കുന്നു )
9 SHANTHARAM – ഗ്രിഗോരി ഡേവിഡ് എന്നോ മറ്റോ ആണ് ന്നു തോന്നണു എഴുത്തുകാരന്റെ പേര് .എഴുപതു കളിലെയോ മറ്റോ മുംബയ് അധോലോകത്തിന്റെ കഥ ആണ്
10 .ബൈബിൾ – ഒരു ചെറിയ ഭാഗം പോലും വായിച്ചു മുഴുവൻ ആക്കിയിട്ടില്ല . വായിക്കണം മുഴുവൻ ആക്കണം എന്ന് ആഗ്രഹമുള്ള ഒരു പുസ്തകം വായിച്ചിടത്തോളം ഇഷ്ടം: സങ്കീർത്തനങ്ങൾ , പുറപ്പാട് പുസ്തകം, സദൃശ്യവാക്യങ്ങൾ, ഉത്തമഗീതം
എന്റേത്…
പത്തിലൊതുക്കുക പറ്റില്ല! പിന്നൊരു വഴി ഇങ്ങനെ മാത്രം!
01) കവിയുടെ കാൽപ്പാടുകൾ, നിത്യകന്യകയെ തേടി – പി
02) യക്ഷി – മലയാറ്റൂർ
03) ചിദംബരസ്മരണ – ചുള്ളിക്കാട് 04) ഒളിവിലെ ഓര്‍മ്മകള്‍ – തോപ്പിൽ ഭാസി
05) കൊടുങ്കാറ്റുയർത്തിയ കാലം – ജോസഫ് ഇടമറുക്,
06) അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍
07) പരിണാമം – എം.പി. നാരായണപിള്ള
08) ഇന്നലത്തെ മഴ – എൻ. മോഹനൻ
09) കുമാരനാശാൻ, ചങ്ങമ്പുഴ, ഇടപ്പള്ളി, ഇടശ്ശേരി, കടമനിട്ട, കക്കാട്, മധുസൂദനന്‍ നായർ, മുരുകൻ കാട്ടാക്കട, കൃഷ്ണഗാഥ, കുചേലവൃത്തം, രാമായണം, ആദ്ധ്യാത്മരാമായണം, മഹാഭാരതം, പൂന്താനം കൃതികൾ,…
10) ബഷീർ, സഞ്ജയൻ, പത്മരാജൻ, കാരൂർ, ഐതിഹ്യമാല, വിക്രമാദിത്യകഥകള്‍, ഡെക്കാമറൺ കഥകൾ,…
മികച്ച മലയാള പുസ്തകങ്ങള്‍ – ഒരു ജന്മം നിർബന്ധമായും വായിക്കേണ്ടവ പുസ്തകങ്ങൾ…
01. അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം)
02. അഗ്നിസാക്ഷി – ലളിതാംബികാ അന്തര്‍ജ്ജനം (നോവല്‍ )
03. ആലാഹയുടെ പെണ്മക്കള്‍ – സാറാ ജോസഫ് (നോവല്‍ )
04. ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി (ചെറു കഥകള്‍)
05. അമ്പലമണി – സുഗതകുമാരി (കവിത)
06. അറബിപ്പൊന്ന് – എം.ടി- എന്‍.. പി. മുഹമ്മദ് (നോവല്‍ )
07. അരങ്ങു കാണാത്ത നടന്‍ – തിക്കോടിയന്‍ (ആത്മകഥ)
08. അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല്‍ )
09. ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
10. ആത്മോപദേശ ശതകം – ശ്രീ നാരായണ ഗുരു (കവിത)
11. അവകാശികള്‍ – വിലാസിനി (നോവല്‍ )
12. അവനവന്‍ കടമ്പ – കാവാലം നാരായണപ്പണിക്കര്‍ (നാടകം)
13. അയല്‍ക്കാര്‍ – പി. കേശവദേവ് (നോവല്‍ )
14. ആയ്ഷ – വയലാര്‍ രാമവര്‍മ്മ (കവിത)
15. അയ്യപ്പപണിക്കരുടെ കൃതികള്‍ – അയ്യപ്പപ്പണിക്കര്‍ (കവിത)
16. ഭാരതപര്യടനം – കുട്ടികൃഷ്ണമാരാര്‍ (ഉപന്യാസം)
17. ബാഷ്പാഞ്ജലി – ചങ്ങമ്പുഴ (കവിത)
18. ഭാസ്കരപട്ടെലും എന്‍റെ ജീവിതവും – സക്കറിയ (ചെറുകഥകള്‍ )
19. ഭൂമിഗീതങ്ങള്‍ – വിഷ്ണു നാരായണന്‍ നമ്പൂതിരി (കവിത)
20. ചലച്ചിത്രത്തിന്‍റെ പൊരുള്‍ – വിജയകൃഷ്ണന്‍ (ഉപന്യാസം)
21. ചണ്ഡാലഭിക്ഷുകി – കുമാരനാശാന്‍ (കവിത)
22. ചത്രവും ചാമരവും – എം. പി. ശങ്കുണ്ണിനായര്‍ (ഉപന്യാസം)
23. ചെമ്മീന്‍ – തകഴി (നോവല്‍ )
24. ദൈവത്തിന്റെ കാന്‍ – എന്‍. പി. മുഹമ്മദ് (നോവല്‍ )
25. ദൈവത്തിന്റെ വികൃതികള്‍ – എം.മുകുന്ദന്‍ (നോവല്‍ )
26. ഗാന്ധിയും ഗോഡ്സേയും – എന്‍.. വി. കൃഷ്ണവാരിയര്‍ (കവിത)
27. ഗസല്‍ – ബാലചന്ദ്രന്‍ ചുള്ളിക്കാട് ((കവിത)
28. ഗുരു – കെ. സുരേന്ദ്രന്‍ (നോവല്‍ )
29. ഗുരുസാഗരം – ഒ. വി. വിജയന്‍ (നോവല്‍ )
30. ഹിഗ്വിറ്റ – എന്‍. എസ്. മാധവന്‍ (ചെറുകഥകള്‍ )
31. ഹിമാലയ സാനുവിലൂടെ – കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം)
32. ഇന്ദുലേഖ – ഒ. ചന്ദുമേനോന്‍ (നോവല്‍ )
33. ഇനി ഞാന്‍ ഉറങ്ങട്ടെ – പി. കെ. ബാലക്കൃഷ്ണന്‍ (നോവല്‍ )
34. ഇസങ്ങള്‍ക്കപ്പുറം – എസ്. ഗുപ്തന്‍നായര്‍ (ഉപന്യാസം)
35. കൈരളിയുടെ കഥ – എന്‍. കൃഷ്ണപിള്ള (ഉപന്യാസം)
36. കാലം- എം.ടി. വാസുദേവന്‍നായര്‍ (നോവല്‍ )
37. കല്യാണസൌഗന്ധികം – കുഞ്ചന്‍നമ്പ്യാര്‍ (കവിത)
38. കാഞ്ചനസീത – സി. എന്‍ ശ്രീകണ്ടന്‍ നായര്‍ (നാടകം)
39. കണ്ണുനീര്‍ത്തുള്ളി – നാലപ്പാട്ട് നാരായണമേനോന്‍ (കവിത)
40. കാരൂരിന്റെ ചെറുകഥകള്‍ – കാരൂര്‍ നീലകണ്ഠന്‍ പിളള (Short Stories)
41. കരുണ – കുമാരനാശാന്‍ (കവിത)
42. കയര്‍ – തകഴി ശിവശങ്കരപ്പിള്ള (നോവല്‍ )
43. കയ്പവല്ലരി – വൈലോപ്പിള്ളി ശ്രീധരമേനോന്‍ (കവിത)
44. കഴിഞ്ഞകാലം – കെ. പി. കേശവമേനോന്‍
45. ഖസാക്കിന്‍റെ ഇതിഹാസം – ഒ. വി വിജയന്‍ (നോവല്‍ )
46. കൊടുങ്കാറ്റുയര്‍ത്തിയ കാലം- ജോസഫ് ഇടമക്കൂര്‍ (ഉപന്യാസം)
47. കൊഴിഞ്ഞ ഇലകള്‍ – ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)
48. കൃഷ്ണഗാഥ – ചെറുശ്ശേരി (കവിത)
49. കുച്ചലവൃത്തം വഞ്ചിപ്പാട്ട് – രാമപുരത്ത് വാരിയര്‍ (കവിത)
50. കുറത്തി – കടമനിട്ട രാമകൃഷ്ണന്‍ (കവിത)
51. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ – എം. ടി. വാസുദേവന്‍നായര്‍ (ചെറുകഥകള്‍ )
52. മഹാഭാരതം – തുഞ്ചത്തെഴുത്തച്ചന്‍ (കവിത)
53. മാര്‍ത്താണ്ടവര്‍മ്മ – സി. വി. രാമന്‍പിള്ള (നോവല്‍ )
54. മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങനെ? – ആനന്ദ് (നോവല്‍ )
55. മരുന്ന് – പുനത്തില്‍ കുഞ്ഞബ്ദുള്ള (നോവല്‍ )
56. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം. മുകുന്ദന്‍ (നോവല്‍ )
57. നക്ഷത്രങ്ങള്‍ കാവല്‍ – പി. പദ്മരാജന്‍ (നോവല്‍ )
58. നളചരിതം ആട്ടക്കഥ- ഉണ്ണായിവാര്യര്‍ (കവിത)
59. നാറാണത്തുഭ്രാന്തന്‍ – പി. മധുസൂദനന്‍ നായര്‍ (കവിത)
60. നീര്‍മാതളം പൂത്തപ്പോള്‍ – കമലാദാസ് (നോവല്‍ )
61. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ – ഡി. ബാബുപോള്‍ (ഉപന്യാസം)
62. നിങ്ങളെന്നെ കമ്മുനിസ്ടാക്കി – തോപ്പില്‍ഭാസി (നാടകം)
63. നിവേദ്യം – ബാലാമണിയമ്മ (കവിത)
64. ഓടക്കുഴല്‍ – ജി. ശങ്കരക്കുറുപ്പ് (കവിത)
65. ഓര്‍മകളുടെ വിരുന്ന്‍ – വി. കെ. മാധവന്‍കുട്ടി (ആത്മകഥ)
66. ഒരു ദേശത്തിന്റെ കഥ – എസ്. കെ. പൊറ്റക്കാട് (നോവല്‍ )
67. ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവ് ശ്രീധരന്‍ (നോവല്‍ )
68. ഒരു വഴിയും കുറെ നിഴലുകളും – രാജലക്ഷ്മി (നോവല്‍ )
69. പാണ്ഡവപുരം – സേതു (നോവല്‍ )
70. പണിതീരാത്ത വീട് – പാറപ്പുറത്ത് (നോവല്‍ )
71. പത്രധര്‍മം – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
72. പത്രപ്രവര്‍ത്തനം എന്ന യാത്ര – വി. കെ. മാധവന്‍കുട്ടി (ആത്മകഥ)
73. പയ്യന്‍ കഥകള്‍ – വി. കെ. എന്‍ (ചെറുകഥകള്‍ )
74. പൂതപ്പാട്ട് – ഇടശ്ശേരി (കവിത)
75. പ്രകാശം പരത്തുന്ന പെണ്‍കുട്ടി – ടി. പദ്മനാഭന്‍ (ചെറുകഥകള്‍ )
76. രമണന്‍ – ചങ്ങമ്പുഴ (കവിത)
77. രാമായണം – തുഞ്ചത്തെഴുത്തച്ഛന്‍ (കവിത)
78. രണ്ടാമൂഴം – എം. ടി. വാസുദേവന്‍നായര്‍ (നോവല്‍ )
79. സാഹിത്യ വാരഫലം – എം. കൃഷ്ണന്‍നായര്‍ (ഉപന്യാസം)
80. സാഹിത്യമഞ്ജരി – വള്ളത്തോള്‍ നാരായണമേനോന്‍ (കവിത)
81. സമ്പൂര്‍ണ കൃതികള്‍ – വൈക്കം മുഹമ്മദ് ബഷീര്‍ (ചെറുകഥകള്‍ )
82. സഞ്ചാരസാഹിത്യം Vol I – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
83. സഞ്ചാരസാഹിത്യം Vol II – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
84. സഭലമീയാത്ര – എന്‍. എന്‍. കക്കാട് (ആത്മകഥ)
85. സൗപര്‍ണിക – നരേന്ദ്രപ്രസാദ് (നാടകം)
86. സ്പന്ദമാപിനികളേ നന്ദി – സി. രാധാകൃഷ്ണന്‍ (നോവല്‍ )
87. ശ്രീ. ചിത്തിരതിരുനാള്‍ – അവസാനത്തെ നാടുവാഴി – ടി. എൻ. ഗോപിനാഥൻ നായർ (ഉപന്യാസം)
88. സുന്ദരികളും സുന്ദരന്മാരും – ഉറൂബ് പി. സി. കുട്ടികൃഷ്ണന്‍ (നോവല്‍ )
89. സ്വാതിതിരുനാള്‍ – വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല്‍ )
90. തത്ത്വമസി – സുകുമാര്‍ അഴിക്കോട് (ഉപന്യാസം)
91. തട്ടകം – കോവിലന്‍ (നോവല്‍ )
92. ദി ജഡ്ജ്മെന്‍റ് – എന്‍. എന്‍. പിള്ള (നാടകം)
93. ഉള്‍ക്കടല്‍ – ജോര്‍ജ് ഓണക്കൂര്‍ (നോവല്‍ )
94. ഉമാകേരളം – ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (കവിത)
95. ഉപ്പ് – ഒ. എന്‍ . വി. കുറുപ്പ് (കവിത)
96. വാസ്തുഹാര – സി. വി. ശ്രീരാമന്‍ (നോവല്‍ )
97. വേരുകള്‍ – മലയാറ്റൂര്‍ രാമകൃഷ്ണന്‍ (നോവല്‍ )
98. വിക്രമാദിത്യ കഥകള്‍ – സി. മാധവന്‍പിള്ള (ചെറുകഥകള്‍ )
99. യന്ത്രം – മലയാറ്റൂര്‍ രാമകൃഷ്ണന്‍ (നോവല്‍ )
100. യതിച്ചര്യ – നിത്യചൈതന്യയതി (ഉപന്യാസം)
101. എന്മഗജെ – അംബികാസുതൻ മാങ്ങാട് (നോവൽ)
102. ഇന്നലത്തെ മഴ – എൻ. മോഹനൻ (നോവൽ)
103. ഇവനെന്റെ പ്രിയ സിജെ – റോസി തോമസ് ()
ചെറുകഥകൾ മാത്രം
01. വെള്ളപ്പൊക്കത്തിൽ – തകഴി ശിവശങ്കരപ്പിള്ള
02. ജന്മദിനം – വൈക്കം മുഹമ്മദ് ബഷീർ
03. മരപ്പാവകൾ – കാരൂർ നീലകണ്‌ഠപ്പിള്ള
04. കടൽത്തീരത്ത് – ഒ.വി. വിജയൻ
05. നെയ്പായസം – മാധവിക്കുട്ടി
06. ഷെർലക് – എം.ടി. വാസുദേവൻ നായർ
07. കടയനല്ലൂരിലെ ഒരു സ്‌ത്രീ – ടി. പത്മനാഭൻ
08. ബ്രിഗേഡിയർ കഥകൾ – മലയാറ്റൂർ രാമകൃഷ്ണൻ
09. കോട്ടയത്ത് എത്ര മത്തായിമാരുണ്ട് – ജോൺഏബ്രഹാം
10. മെഴുകുതിരികൾ – എൻ.പി. മുഹമ്മദ്
11. വാസ്‌തുഹാര – സി.വി. ശ്രീരാമൻ
12. നാടകാന്തം – സി. രാധാകൃഷ്ണൻ
13. ക്ഷേത്ര വിളക്കുകൾ – പുനത്തിൽ കുഞ്ഞബ്ദുള്ള
14. ഒറ്റയാൻ – കാക്കനാടൻ
15. ദൂത് – സേതു
16. നിന്റെ കഥ (എന്റെയും) – എൻ. മോഹനൻ
17. മുരുകൻ എന്ന പാമ്പാട്ടി – എം. പി. നാരായണപിള്ള
18. ആറാമത്തെ വിരൽ – ആനന്ദ്
19. കൈവഴിയുടെ തെക്കേയറ്റം – പത്മരാജൻ
20. സൈലൻസർ – വൈശാഖൻ
21. അല്ലോപനിഷത്ത് – പട്ടത്തുവിള കരുണാകരൻ
22. പയ്യന്റെ ഡയറി – വി. കെ. എൻ
23. ഒരു നസ്രാണി യുവാവും ഗൌളി ശാസ്‌ത്രവും – സക്കറിയ
24. പന്ത്രണ്ടാം മണിക്കൂർ – വി. പി. ശിവകുമാർ
25. ഗ്രാന്റ് കാന്യൺ – യു. കെ. ജോണി
26. സംഗീതം ഒരു സമയകലയാണ് – മേതിൽ രാധാകൃഷ്ണൻ
27. ഗൌതലജാറ (തോട്ടക്കാടൻ സ്മരണിക) –കെ. പി. നിർമ്മൽ കുമാർ
28. ഹിഗ്വീറ്റ – എൻ. എസ്. മാധവൻ
29. ഈ ഉടലെന്നെ ചൂഴുമ്പോൾ – സാറാ ജോസഫ്
30. പടിയിറങ്ങിപ്പോയ പാർവ്വതി – ഗ്രേസി
31. മഞ്ഞ് – യു. പി. ജയരാജ്
32. പിഗ്‌മാൻ – എൻ. പ്രഭാകരൻ
33. ക്രിസ്‌മസ്മരത്തിന്റെ വേര് – അയ്മനം ജോൺ
34. റെയ്‌ൻഡിയർ – ചന്ദ്രമതി
35. പുരുഷവിലാപം – കെ. പി. രാമനുണ്ണി
36. നനഞ്ഞ ശിരോവസ്‌ത്രങ്ങൾ -ടി. വി. കൊച്ചുബാവ
37. പരിചിത ഗന്ധങ്ങൾ – അശോകൻ ചരുവിൽ
38. ബർമുഡ –പി. സുരേന്ദ്രൻ
39. അച്ഛൻതീവണ്ടി – വി. ആർ. സുധീഷ്
40. ബോധേശ്വരൻ – ശിഹാബുദ്ദീൻപൊയ്‌ത്തുംകടവ്
41. മരണാനന്തരം – കരുണാകരൻ
42. സതിസാമ്രാജ്യം – സുഭാഷ് ചന്ദ്രൻ
43. ഉമ്പർടോഎക്കോ – ബി. മുരളി
44. കാളീനാടകം – ഉണ്ണി ആർ.
45. ചാവുകളി – ഇ. സന്തോഷ്കുമാർ
46. രാത്രികളുടെ രാത്രി – കെ. എ. സെബാസ്‌റ്റ്യൻ
47. കൊമാല – സന്തോഷ് ഏച്ചിക്കാനം
48. ആവേമരിയ – കെ. ആർമീര
49. സൂര്യമുഖി – സിതാര എസ്
50. സംഘപരിവാർ – ഇന്ദുമേനോൻ
51. കിടപ്പറ സമരം – പി. വി. ഷാജികുമാർ
മികച്ച ഇംഗ്ലീഷ് പുസ്തകങ്ങള്‍
01. The House of the Spirits by Isabel Allende
02. The Master and Margarita by Mikhail Bulgakov
03. The Outsider by Albert Camus
04. Cheri by Colette
05. The Leopard by Giuseppe Tomasi di Lampedusa
06. Crime and Punishment by Fyodor Dostoevsky
07. Madame Bovary by Gustave Flaubert
08. Miss Smilla’s Feeling for Snow by Peter Hoeg
09. Measuring The World by Daniel Kehlmann
10. My Name is Red by Orhan Pamuk
11. Wuthering Heights 1847 by Emily Bronte
12. Winesburg, Ohio 1919 by Sherwood Anderson
13. War and Peace 1889 by Leo Tolstoy
14. Uncle Tom’s Cabin 1852 by Harriet Beecher Stowe
15. To Kill a Mockingbird 1960 by Harper Lee
16. Their Eyes Were Watching God 1937 by Zora Neale Hurston
17. Tess of the D’Urbervilles 1891 by Thomas Hardy
18. Tales 1952 by Edgar Allan Poe
19. A Tale of Two Cities 1859 by Charles Dickens
20. The Stranger 1946 by Albert Camus
21. The Sound and the Fury 1929 by William Faulkner
22. Silas Marner 1861 by George Eliot
23. A Separate Peace 1959 by John Knowles
24. The Scarlet Letter 1850 by Nathaniel Hawthorne
25. Robinson Crusoe 1719 by Daniel Defoe
26. The Red Badge of Courage 1895 by Stephen Crane
27. Pride and Prejudice 1813 by Jane Austen
28. The Old Man and the Sea 1952 by Ernest Hemingway
29. Of Mice and Men 1937 by John Steinbeck
30. Of Human Bondage 1915 by W. Somerset Maugham
31. Nineteen Eighty Four 1949 by George Orwell
32. Native Son 1940 by Richard Wright
33. My Antonia 1918 by Willa Cather
34. Moby Dick 1851 by Herman Melville
35. Lord of the Flies 1954 by William Golding
36. Jane Eyre 1847 by Charlotte Bronte
37. Invisible Man 1952 by Ralph Ellison
38. Heart of Darkness 1902 by Joseph Conrad
39. The Great Gatsby 1925 by F. Scott Fitzgerald
40. The Grapes of Wrath 1939 by John Steinbeck
41. The Good Earth 1931 by Pearl S. Buck
42. Gone with the Wind 1936 by Margaret Mitchell
43. Ethan Frome 1911 by Edith Wharton
44. Don Quixote 1612 by Miguel de Cervantes
45. Cry, the Beloved Country 1948 by Alan Paton
46. The Complete Sherlock Holmes 1936 by Arthur Conan Doyle
47. The Catcher in the Rye 1951 by J.D. Salinger
48. Catch-22 1961 by Joseph Heller
49. The Call of the Wild 1903 by Jack London
50. Brave New World 1932 by Aldous Huxley
51. The Best Short Stories 1945 by O. Henry
52. Beloved 1987 by Toni Morrison
53. All Quiet on the Western Front 1929 by Erich Maria Remarque
54. The Adventures of Huckleberry Finn 1884 by Mark Twain
അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
ചിത്രം മാതൃഭൂമിയിൽ നിന്നും
ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, മാത്രമല്ല കുട്ടികൾക്ക് കവിതയോട് താല്പര്യം കൂടുകയും ചെയ്യും. കവിതയിലെ ശബ്ദം, താളം, പ്രാസം ഒക്കെ അവരറിയാതെ തന്നെ മനസ്സിൽ പതിയുന്നു. പിന്നീട് ആ കവിതയുടെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ അവരതു ചൊല്ലുന്നതു കാണാം!! ആമി സ്ഥിരമായി കേൾക്കുന്ന കവിതയാണ് താഴെ കൊടുക്കുന്നത് എല്ലാം കഥാ കവിതകൾ തന്നെ…
“അമ്മാവാ, അമ്മാവാ ഗജവീരനമ്മാവാ,…”
“ആനയെ കാണാൻ പോയി; ആറു കുരങ്ങന്മാർ ചേർന്നു പോയി,…”
“ആപ്പിളു മുന്തിരിയോറഞ്ച് കൊതിയേറും കൈതച്ചക്ക,…”
എന്റെ മനസ്സിൽ ഇപ്പോഴും ഉള്ളൊരു കഥാകവിത താഴെ കൊടുക്കുന്നു)
ഞാനിത് ക്ലാസിൽ പഠിച്ചതല്ല, അനിയത്തിയോ മറ്റോ ചൊല്ലുന്നതു കേട്ടു പഠിച്ചതാണ്, നമ്മുടെ അയ്യപ്പച്ചങ്കരന്റെ പാട്ട്:
അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
കയ്യാല മേലൊന്നു കേറി നോക്കി
അമ്മ പറഞ്ഞു – കേറല്ലേ
അയ്യപ്പച്ചങ്കരാ കേറല്ലേ!
അച്ഛൻ പറഞ്ഞു – കേറല്ലേ
അയ്യപ്പച്ചങ്കരാ കേറല്ലേ!
അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
കയ്യാല മേലൊന്നു കേറി നോക്കി
അയ്യപ്പച്ചങ്കരൻ തടപുടിനത്തോം
കയ്യാല മോളീന്ന് ചക്കപോലെ
അയ്യോ നാട്ടുകാരോടി വന്നു
അയ്യപ്പച്ചങ്കരാ താഴെ വീണോ!
ആളു പിടിച്ചു ഏലേല
അയ്യപ്പച്ചങ്കരൻ പൊങ്ങീല്ല
പടയാളി വന്നു പിടിച്ചു നോക്കി
തടിമാടനൊന്നുമേ പൊങ്ങിയില്ല
രാജാവു വന്നു മന്ത്രി വന്നു
രാജ്യത്തെ പട്ടാളമൊക്കെ വന്നു
പടയാളി കുതിരയും നട്ടുകാരും
പിടിയെടാപിടിയെടാ ഏലേയ്യ
എല്ലാരുമൊത്തു പിടിച്ചുനോക്കി
ഏലയ്യാ പിടി ഏലയ്യാ
ഏലേലയ്യ പിടി ഏലയ്യാ
തടിമാടനയ്യപ്പച്ചങ്കരനോ
പൊടിപോലുമെന്നിട്ടനക്കമില്ല 🙁
ഈ അയ്യപ്പച്ചങ്കരനു സമാനമായ ഒരു ഇംഗ്ലീഷ് കവിതയുമുണ്ട് കേട്ടുകാണും നിങ്ങൾ…
Humpty Dumpty sat on a wall,
Humpty Dumpty had a great fall.
All the King’s horses, And all the King’s men
Couldn’t put Humpty together again!
അക്ഷരങ്ങളുടെ കൂട്ടുകാരൻ!

മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം
ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം
ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന യുവാവായിരുന്നു രാഹുൽ വിജയ്. പക്ഷേ, ആ ലളിത ജീവിതത്തിനു മരണം അപ്രതീക്ഷിതമായി തിരശ്ശീല ഇടുകയായിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടടുത്ത് അവൻ ജീവിതത്തോട് വിട പറയാൻ തുനിയുമ്പോൾ വാട്സാപ്പിൽ അവന്റെ അടുത്ത മെസേജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അന്നു രാവിലെ 9:18 ന് അവസാന മെസേജും അയച്ച് ഇറങ്ങിപ്പോയതായിരുന്നു രാഹുൽ! സന്തോഷത്തിന്റെ തുടര്‍സാധ്യതകള്‍ ഒളിപ്പിച്ചുവെച്ച നിറചിരിയും പരിചയപ്പെടുന്നവരിലെല്ലാം സന്തോഷം നിറയ്ക്കുന്ന ആ സാന്നിദ്ധ്യവും പെട്ടെന്ന് ഇല്ലാതായപ്പോൾ ഒട്ടൊന്നുമല്ല ഞങ്ങൾ പകച്ചു നിന്നത്! വെറും സൗഹൃദസംഭാഷണത്തിനപ്പുറം അവൻ ഞങ്ങൾക്കിടയിൽ പങ്കുവെച്ച മറ്റുചിലതുണ്ട്. രാഹുലുമൊന്നിച്ചുള്ള സൗഹൃദ നേരങ്ങളുടെ പച്ചപ്പും അവസാനം അവൻ തന്ന നൊമ്പരങ്ങളും ഓർത്തെടുക്കുകയാണിവിടെ.
ഓൺലൈൻ ലോകത്ത് രാഹുൽ ഒരു അന്തർമുഖനായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൗമുദി ഫോണ്ട് പരീക്ഷണാർത്ഥം പ്രസിദ്ധീകരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അതിലെ ബഗ്സ് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ബഗ്ഗുകളെ യഥാസമയം ഫിക്സ് ചെയ്യുകയും അതറിയിക്കുകയുമല്ലാതെ ഗൂഗിൾ പ്ലസ് പോലുള്ള സോഷ്യൽ മീഡിയയിൽ നടക്കുന്ന ആഘോഷങ്ങളിൽ (ഇതിനു വേണ്ടി ഗ്രൂപ്പുണ്ടാക്കുക, മെയിലിങ് ലിസ്റ്റ് തുടങ്ങുക, ദീർഘങ്ങളായ ചർച്ചയ്ക്ക് വഴിമരുന്നിടുക തുടങ്ങിയവയിൽ) നിന്നും രാഹുൽ വിട്ടു നിൽക്കുമായിരുന്നു. എന്നാൽ, ഈ ഒരു അന്തർമുഖത്വം നേരിട്ട് സംസാരിക്കുമ്പോൾ കണ്ടിരുന്നില്ല. മാത്രമല്ല, ഒരു സംശയം ചോദിക്കാനായി വിളിച്ചാൽ അതിന്റെ വേരിൽ നിന്നും തുടങ്ങി അവനത് വിശദീകരിക്കും. അറിവ് പങ്കുവെയ്ക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരു യോഗം വിളിച്ച് ചേർക്കാനോ, ഒരു പൊതു സഭയിൽ ഇതൊക്കെ വിശദീകരിക്കാനോ രാഹുലിന് അന്നു കഴിയുമായിരുന്നില്ല. അത് മിക്കവാറും ജോലിത്തിരക്കിനാൽ സാധിച്ചിരുന്നില്ല എന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ വ്യക്തമാക്കിയിരുന്നു.
ഫോണ്ടു നിർമ്മാണം
ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെയല്ല, ഏറെ സങ്കീർണമാണ് മലയാള അക്ഷരങ്ങൾ, മലയാളം പോലൊരു ഭാഷയ്ക്ക് കമ്പ്യൂട്ടറിൽ അക്ഷരരൂപം ഉണ്ടാക്കുക, അതും പഴയ ലിപിയിൽ എന്നത് അതിലേറെ സങ്കീർണമായ കാര്യമാണ്. ഏറെ ക്ഷമയും സമയവും ആവശ്യമുള്ള ജോലിയാണത്. അത് ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്താനായി എന്നതാണ് രാഹുലിന്റെ പ്രത്യേകത. ഇതിനായി ആയിരത്തോളം അക്ഷര രൂപങ്ങളെ വരച്ചെടുക്കേണ്ടതുണ്ട്. പിന്നെ അവയുടെ ഓരോന്നിന്റേയും പ്രോസസിങ്. സ്വതന്ത്ര്യമലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടും ചില വ്യക്തികളുടെ ശ്രമങ്ങളിലൂടെയും മലയാളത്തിൽ യുണീക്കോഡ് വ്യവസ്ഥയിൽ കുറച്ച് ഫോണ്ടുകൾ ഇറക്കിയിട്ടുണ്ട് എന്നല്ലാതെ വലിയൊരു സംഭാവന ഈ രംഗത്ത് ഇനിയും ഉണ്ടായിട്ടില്ല. ഫോണ്ടു നിർമ്മിച്ചെടുക്കാനുള്ള മെനക്കേടുമാത്രമല്ല അതിനുള്ള സാങ്കേതികവിദ്യ വശമില്ലാത്തതും മലയാളത്തിൽ യുണീക്കോഡു ഫോണ്ടുകളുടെ എണ്ണം കുറയുന്നതിനു കാരണമായി. നൂറു കണക്കിനു ആസ്കി ഫോണ്ടുകളുള്ള മലയാളത്തിൽ യുണീക്കോഡ് ഫോണ്ടുകളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്ക് ഏകാകിയായി കടന്നുവന്ന രാഹുൽ ശ്രദ്ധയർഹിക്കുന്നു.
എന്താണു ഫോണ്ട്? എന്താണ് ആസ്കി? എന്താണു യുണീക്കോഡ്?
കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തുക ബൈനറി(1,0 എന്നീ അക്കങ്ങളുടെ ശ്രേണി) രൂപത്തിലാണ്. അക്ഷരങ്ങളും ചിത്രവും ശബ്ദശകലവുമെല്ലാം സൂക്ഷിക്കുക ഇങ്ങനെ തന്നെ. ഇതിൽ തന്നെ അക്ഷരങ്ങൾ രേഖപ്പെടുത്തുക എൻകോഡിങ്ങ് രൂപത്തിലാണ്. ഓരോ അക്ഷരത്തിനും പ്രത്യേകം കോഡ് നല്കുക എന്നതാണ് ചെയ്യുക.
എൻകോഡ് ചെയ്യപ്പെട്ട വിവരം എങ്ങനെയാണു സ്ക്രീനിൽ കാട്ടേണ്ടതെന്നു കമ്പ്യൂട്ടറിനു പറഞ്ഞു കൊടുക്കുന്ന ഒരു ഫയലാണ് ഫോണ്ട്. ഇത് ഓരോ കോഡ്‌പോയിന്റുകളെയും ഓരോ ചിത്രരൂപങ്ങളുമായി മാപ്പ് ചെയ്യുന്നു. ഡോക്യുമെന്റിൽ ഒരു കോഡ്പോയിന്റ് കാണപ്പെടുമ്പോൾ കമ്പ്യൂട്ടർ ഫോണ്ട് ഫയൽ പരിശോധിക്കുകയും, പ്രസ്തുത കോഡ് പോയിന്റിനു നേരെയുള്ള അക്ഷരരൂപം പിക്സൽ എന്നറിയപ്പെടുന്ന ബിന്ദുക്കളുടെ കൂട്ടമായി സ്ക്രീനിൽ വരയ്ക്കുകയും ചെയ്യുന്നു.
എൻകോഡിങ്ങ് വ്യവസ്ഥകളിൽ ഏറ്റവും പ്രചാരമുള്ളത് ആസ്കിയാണ് (American Standard Code for Information Interchange). എട്ടു ബിറ്റുപയോഗിച്ച് നിർമ്മിക്കാവുന്ന 256 കോഡ് പോയിന്റുകളിൽ (28=256) ആദ്യ 128 എണ്ണം മാത്രമേ ഇംഗ്ലീഷും കീബോഡിൽ കാണുന്ന മറ്റു ചിഹ്നങ്ങളും എൻകോഡ് ചെയ്യാൻ ആസ്കി ഉപയോഗപ്പെടുത്തുന്നുള്ളൂ. ബാക്കി അവശേഷിക്കുന്ന 128 കോഡ്പോയിന്റുകളാണ് മലയാളമടക്കം എല്ലാ ഭാഷകളും ഒരേ സമയം ഉപയോഗിക്കുക. ഒരേ ഭാഷയിലുള്ള ഫോണ്ടുകളെല്ലാം കോഡ്‌പോയിന്റുകളിൽ ഒരു മാനകീകരണം പിന്തുടർന്നു വന്നിട്ടുമില്ല(ഉദാഹണത്തിന് ഒരു പ്രത്യേക മലയാള ഫോണ്ടിൽ ‘അ’ രേഖപ്പെടുത്താൽ ഉപയോഗിക്കുന്ന കോഡ് പോയിന്റ് മറ്റൊരു ഫോണ്ടിൽ ‘സ’ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന അവസ്ഥ). ഇത് പശ്ചാത്തല ആശ്രിതത്വത്തിനു (Platform Dependency) കാരണമാകുന്നു. അതായത് ഉള്ളടക്കം എഴുതുവാൻ ഉപയോഗിച്ച അതേ പശ്ചാത്തലങ്ങൾ (ഫോണ്ട്, ഓപറേറ്റിങ്ങ് സിസ്റ്റം, ഹാർഡ്‌വെയർ വ്യവസ്ഥ) ഇല്ലെങ്കിൽ മറ്റൊരാൾക്ക് ഇത് വായിക്കാൻ പറ്റില്ലെന്നു വരുന്നു. അല്ലെങ്കിൽ ഡോക്യുമെന്റിനൊപ്പം ഫോണ്ട് എംബഡ് ചെയ്യേണ്ടി വരും. ഇതെപ്പോഴും സാധിക്കണമെന്നില്ല. ഈ അവസ്ഥ, ഭാഷ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നതിനും , മറ്റു ഭാഷാകമ്പ്യൂട്ടിങ്ങ് സാധ്യതകൾക്കും (മെഷിൻ പരിഭാഷ, ലിപി മാറ്റം, ടെക്സ്റ്റ് റീഡിങ്ങ്, ബ്രെയിൽ ലിപിയിലേക്ക് മാറ്റുക മുതലായവ) തടസ്സമായി വരുന്നു.
ഇതിനൊരു പരിഹാരമായാണു യുണീക്കോഡ് (Unicode) നിർദ്ദേശിക്കപ്പെട്ടത്. ആസ്കിയെത്തന്നെ വിപുലപ്പെടുത്തിയ യുണീക്കോഡിൽ 16 ബിറ്റുപയോഗിച്ച് അറുപത്തയ്യായിരത്തോളം (216 = 65536) കോഡ്‌പോയിന്റുകൾ നിർമ്മിക്കാനാകും. ലോകത്തിലെ ഏതാണ്ട് പ്രധാന ഭാഷകളിലെ അക്ഷരങ്ങളെല്ലാം എൻകോഡ് ചെയ്യാൻ ഇത് മതിയാകും. അതിനാൽ ഓരോ ഭാഷയ്ക്കും വെവ്വേറെ കോഡ്പോയിന്റുകൾ നൽകപ്പെട്ടു(3328 മുതൽ 3455 വരെയുള്ള 128 കോഡ്പോയിന്റുകളാണു മലയാളത്തിനനുവദിച്ചിരിക്കുന്നത്.) വാക്കുകൾ ഏതുപ്രകാരം കാണിക്കണമെന്ന് എഴുതിയ ആൾ തീരുമാനിച്ചിരുന്ന ആസ്കിയിൽ നിന്നും വ്യത്യസ്തമായി കാഴ്ചക്കാരനാണ് എപ്രകാരം കാണണമെന്ന് യുണീക്കോഡിൽ തീരുമാനിക്കുക.
കേരളത്തിൽ 2006 മുതൽ തന്നെ ബ്ലോഗിങ്ങ്, വിക്കിപീഡിയ മുതലായവ വഴി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പരിചിതമായെങ്കിലും പ്രിന്റിങ് മേഖലയ്ക്ക് ഇപ്പോഴും യുണീക്കോഡ് അന്യമാണ്. നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ പലതും യുണീക്കോഡ് പിന്തുണയ്ക്കാത്തതും, അവ നവീകരിക്കാൻ വരുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയുമാണു പ്രസാധകരെ ഇതിൽ നിന്നും പിന്നോട്ടു വലിക്കുന്നത്.
ഒരു പത്രത്തിന് അതിന്റെ ഫോണ്ട് എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. മിക്കവാറും എല്ലാ പത്രങ്ങൾക്കും അവരുടെ അക്ഷരരൂപങ്ങൾ ഒരു ഐഡന്റിറ്റിയാണ്; മലയാള മനോരമ പോലുള്ള പത്രങ്ങൾ അവരുടെ പ്രിന്റിങ് ഫോണ്ട് ഉണ്ടാക്കാനായി ലക്ഷങ്ങൾ മുടക്കി വിദേശത്തുനിന്നും വിദഗ്ദരെ കൊണ്ടുവന്നിരുന്നു എന്നു വായിച്ചിട്ടുണ്ട്. അക്ഷരങ്ങളിലൂടെ ഓരോരുത്തരും അവരവരുടെ തനിമ നിലനിർത്തിപ്പോരുന്നു. അങ്ങനെയുള്ള ഐഡന്റിറ്റിയെ കൗമുദി പത്രവുമായി ബന്ധപ്പെട്ട് മാറ്റിമറിക്കാനും അവിടെ യുണീകോഡ് പ്രിന്റിങ് എന്ന വിപ്ലവകരമായൊരു മാറ്റത്തിനു തുടക്കം കുറിക്കാനും കഴിഞ്ഞത് രാഹുലിന്റെ കർമ്മകുശലതയെയാണു കാണിക്കുന്നത്. ഒറ്റയ്ക്കായിരുന്നു രാഹുലിന്റെ യാത്രയത്രയും. അവനത് പെട്ടെന്ന് ചെയ്തെടുക്കുകയായിരുന്നില്ല. പ്രതിസന്ധികളെ തരണം ചെയ്തുതന്നെയാണവൻ വിജയിച്ചത്.
മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ രാഹുൽ നൽകിയ ഏറ്റവും ശ്രദ്ധേയമായ സംഭാവാൻ ആസ്കിയിൽ (ASCII) കുരുങ്ങിക്കിടന്ന മലയാളം പ്രിന്റിങ്ങ് മേഖലയെ യുനീക്കോഡിലേക്കു പറിച്ചു നടുന്നതിൽ സാങ്കേതികപരമായ നേതൃത്വം വഹിച്ചു എന്നതാണ്. മുൻപും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ തോതിലുള്ള ഒരു മാറ്റം നടക്കുന്നത് രാഹുലിന്റെ മേൽനോട്ടത്തിലാണ്.
വയനാട് ബ്യൂറോ ചീഫായിരുന്ന രാഹുൽ കൗമുദിയിലുപയോഗിക്കുന്ന ഫോണ്ടിന്റെ പിഴവ് കാട്ടി മാനേജ്മെന്റിന് ഒരു കത്തെഴുതിയിരുന്നു. കൗമുദിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അവർ പത്രത്തിൽ സമൂല മാറ്റം ആലോചിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഇത്തരുണത്തിൽ രാഹുൽ നൽകിയ ഉറപ്പിനെത്തുടർന്നാണു കൗമുദി യുണീക്കോഡിനെ ആസ്പദമാക്കി വർക്ക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റം നിർമ്മിക്കാനാരംഭിക്കുന്നതും തുടർന്ന് പ്രിന്റിങ്ങ് യുണീക്കോഡിലേക്ക് മാറ്റുന്നതും.
കൗമുദിയിലെ രാഹുൽ
രാഹുലിന്റെ നേതൃപാടവം ഏറെ തെളിഞ്ഞുകണ്ട പ്രവർത്തനമാണ് 2012 മുതൽ കേരള കൗമുദി ദിനപത്രം യുണീക്കോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയെന്നത്. 1979-ലെ ലിപി പരിഷ്കരണത്തോടെ ഉപേക്ഷിക്കപ്പെട്ട മലയാളത്തിന്റെ തനതു ലിപിയിലേക്ക് കേരള കൗമുദിയെ തിരികെയെത്തിച്ചതും രാഹുലാണ്. ഇതിനായി അറുനൂറിലധികം ഗ്ളിഫുകൾ അടങ്ങിയ ‘അരുണ’ എന്ന തനതു ലിപി ഫോണ്ട് രാഹുൽ നിർമ്മിക്കുകയുണ്ടായി. കൌമുദി ഫ്ലാഷിലടക്കം ഉപയോഗിക്കാൻ പന്ത്രണ്ടോളം ഫോണ്ടുകളുടെ സെറ്റ് കൌമുദിക്കായി രാഹുൽ നിർമ്മിച്ചിരുന്നു.
കൗമുദിയില്‍ തന്നെ ജോലിയുടെ ഒഴുക്കിനെ ക്രമീകരിക്കാന്‍ ഒരു ഇന്റേണൽ വര്‍ക്ക് ഫ്ലോ മാനേജ്മെന്റ് സിസ്റ്റവും രാഹുലിന്റെ നേതൃത്വത്തില്‍ പിറന്നു. ന്യൂസ് അഗ്രിഗേഷന്‍ മുതല്‍ പ്രിന്റിങ്ങ് വരെയുള്ള ജോലികള്‍ കാര്യക്ഷമമായി ക്രമീകരിക്കാന്‍ ഇതു കൗമുദിയെ സഹായിച്ചു. മറ്റ് സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കി അഡോബി എക്സ്പീരിയൻസ് മാനേജർ, സി.ക്യു.5 മുതലായ പ്രൊഫഷനൽ സോഫ്റ്റ്‌വെയർ വാങ്ങുന്നയിടത്താണു രാഹുലും സുഹൃത്തുക്കളും ചുരുങ്ങിയ ചെലവിൽ വെബ് ഇന്റർഫേസായി ന്യൂസ് ട്രാക്ക് നിർമ്മിച്ചത്. ഇതിനോടനുബന്ധിയായി രൂപപ്പെടുത്തിയ ഇന്സ്ക്രിപ്റ്റ്, വെരിഫോണ്ട് സ്കീമുകൾ ഉൾക്കൊള്ളിച്ച ടൈപ്പിങ് ഉപകരണങ്ങൾ, ആസ്കി-യുണീക്കോഡ് കൺവെർട്ടർ (കൗമുദി കണ്‍വെർട്ടർ) എന്നിവയും രാഹുലിന്റെ സംഭാവനകളാണു്. ഇൻഡിസൈനിൽ മലയാളം പിന്തുണ പൂർണ്ണമായും ലഭ്യമാക്കാൻ ഒരു എക്സ്റ്റെൻഷനും രാഹുൽ നിർമ്മിച്ചിട്ടുണ്ട്. കൌമുദിയില്‍ വരുത്താനുദ്ദേശിക്കുന്ന സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ മാറ്റത്തെക്കുറിച്ചും ഒരിക്കല്‍ രാഹുല്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷണമായി കുറച്ചു കമ്പ്യൂട്ടറുകള്‍ വിന്‍ഡോസ് ഓപറേറ്റിങ്ങ് സിസ്റ്റം മാറ്റി ഉബുണ്ടു പരീക്ഷിച്ചതു വിജയമാണെന്നും കാലാന്തരേണ ഇതു മുഴുവനായി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും രാഹുല്‍ പങ്കുവച്ചിരുന്നു.
പിന്നീട് ഏഷ്യാനെറ്റിലെത്തിയ രാഹുൽ അവിടെ സോഷ്യൽ മീഡിയാ കോ- ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. വാർത്താപ്രൊമോഷനു വേണ്ടി ഉപയോഗിക്കാനായി ഹനിയ, മിഥുന എന്നിങ്ങനെ രണ്ടു ഫോണ്ടുകൾ രാഹുൽ ചെയ്തിരുന്നു. മികച്ച ഒരു സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് വിദഗ്ദനായ രാഹുലിന്റെ കഴിവ് ഏഷ്യാനെറ്റിനെ സോഷ്യൽ മീഡിയയിൽ മുൻപന്തിയിലെത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. നിലവിൽ ഏഷ്യാനെറ്റ് വെബ്‌സൈറ്റിന്റെ മൊബൈൽ ഇന്റർഫേസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രാഹുൽ. ഒപ്പം യുണീകോഡിലേക്കു മാറിയ ഏഷ്യാനെറ്റ് ചാനലിനായി ഒരു സ്ക്രീന്‍ഫോണ്ട് ചെയ്യാനും രാഹുല്‍ ഉദ്ദേശിച്ചിരുന്നു.
കൗമുദി എന്ന ഫോണ്ട്
‘കൗമുദി’ ഫോണ്ടിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഞങ്ങളിൽ പലരും രാഹുലിനെ പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്ക്രീനിനിണങ്ങിയ ഒരു പുതിയ ലിപി ഫോണ്ട് ഒറ്റയ്ക്ക് ഡിസൈൻ ചെയ്ത് സ്വതന്ത്രാനുമതിയിൽ രാഹുൽ പ്രസിദ്ധീകരിച്ചു. ഇതിലെ പിശകുകൾ മാറുന്നതിൽ ഗൂഗിൾ പ്ലസ്, ഫേസ്‌ബുക്ക് സുഹൃത്തുക്കൾ രാഹുലിനെ സഹായിച്ചിരുന്നു. റെഗുലര്‍ ഫോണ്ടായി ആദ്യം പുറത്തിറങ്ങിയ ‘കൗമുദി’യിൽ കൂടുതൽ ഗ്ളിഫുകൾ ഉൾപ്പെടുത്തി ബോള്‍ഡ്, ഇറ്റാലിക്സ്, ബോള്‍ഡ് ഇറ്റാലിക്സ് എന്നീ വകഭേദങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ രാഹുലിനു കഴിഞ്ഞു.
ഈ ഫോണ്ടാണു ഇപ്പോള്‍ കേരള കൗമുദി അവരൂടെ വെബ്സൈറ്റിനായി ഉപയോഗിക്കുന്നത്. രാഖി എന്ന പേരില്‍ ഒരു പഴയലിപി ഫോണ്ടിന്റെ കൂടി പണിപ്പുരയിലായിരുന്നു രാഹുല്‍. അധികം പേര്‍ കടന്നു വന്നിട്ടില്ലാത്ത മലയാളം യുണീകോഡ് ഫോണ്ട് നിര്‍മ്മാണത്തില്‍ പുതുമുഖങ്ങളെ സഹായിക്കാന്‍ ഒരു ബ്ലോഗ് രാഹുൽ എഴുതി വന്നിരുന്നു. ഒരു വര്‍ക്‌ഷോപ് സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം പലതവണ രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. പിന്നീട് രാഹുല്‍, ജീസ്‍മോന്‍ ജേക്കബ് എന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ സഹായത്തോടെ, മലയാളം പിന്തുണയില്ലാത്ത ആന്‍ഡ്രോയ്ഡ് 2.2 ശ്രേണിയിലുള്ള ഫോണുകള്‍ക്കായി തന്റെ കൗമുദി ഫോണ്ട് ഏ.പി.കെ രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ഫോണ്ടുണ്ടാക്കാൻ ഒരു ടെമ്പ്ലേറ്റ്
അവന്റെ മരണത്തിനു തലേന്ന് വൈകുന്നേരം വിളിച്ചപ്പോൾ മലയാളം പഴയ ലിപിയെ പറ്റിയായിരുന്നു ഞങ്ങൾ സംസാരിച്ചത്. സാധാരണഗതിയിൽ ആയിരത്തിൽ അധികം അക്ഷരരൂപങ്ങൾ പഴയ ലിപിയിൽ വരച്ചെടുക്കേണ്ടതുണ്ട്. അതിനായി അവൻ ഒരു ടെമ്പ്ലേറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. പരമാവധി അക്ഷരരൂപങ്ങളെ കൂട്ടിച്ചേർക്കാനും അക്ഷരങ്ങളെ ചെറുതാക്കാനും ഉള്ള നിരവധി സ്ക്രിപ്റ്റുകൾ അവൻ എഴുതിവെച്ചിട്ടുണ്ട്. അതുവഴി അക്ഷരരൂപങ്ങൾ വരച്ചുണ്ടാക്കുന്ന സമയം ഗണ്യമായി ലാഭിക്കാൻ പറ്റുമായിരുന്നു. ഈ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ വരച്ചെടുക്കേണ്ട അക്ഷരങ്ങളുടെ ചാർട്ടും അവൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. എത്ര അക്ഷരങ്ങളും ഏതൊക്കെ ചിഹ്നങ്ങളും വരച്ചെടുക്കണം, ഏതൊക്കെ അക്ഷരങ്ങളെ പരസ്പരം സ്ക്രിപ്റ്റുപയോഗിച്ച് കൂട്ടിച്ചേർക്കാം, തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഉൾപ്പെട്ട ഒരു സഹായി ആയിരുന്നു അത്. ഈ ലിസ്റ്റ് പഴയലിപിയുടെ നിർമ്മാണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അനാവശ്യമായി അക്ഷരരൂപങ്ങൾ വരച്ചെടുക്കുന്നതും അവയെ പ്രോസസ്സ് ചെയ്യുന്നതും ഇതുവഴി ഒഴിവാക്കാം. ഇതൊക്കെ തിങ്കളാഴ്ച ഷെയർ ചെയ്യാമെന്നു പറഞ്ഞിട്ടാണവൻ അന്നു ഫോൺ വെച്ചത്. അവന്റെ ഓഫീസിലെ കമ്പ്യൂട്ടറിൽ അതു കാണണം. അതു വെളിച്ചം കാണിക്കാൻ ഒരുപക്ഷേ ഏഷ്യാനെറ്റ് വിചാരിച്ചാൽ സാധിക്കുമായിരിക്കും. ഫോണ്ടുണ്ടാക്കാനിറങ്ങുന്ന മറ്റുള്ളവർക്ക് അത് ഏറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. മലയാളത്തിൽ ഇങ്ങനെയൊരു ലിസ്റ്റ് ചിലരുടെയെങ്കിലും കൈയ്യിൽ ഉണ്ടാവും, പക്ഷേ, അവരെ സമീപിക്കുക എന്നത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അതുവെച്ച് അവർ ചെയ്യുന്ന ഫോണ്ടുകൾ ഉപയോഗിക്കാമെന്നല്ലാതെ, അതിന്റെ രഹസ്യം പൊതുവിൽ പരസ്യപ്പെടുത്താൻ മടിക്കുന്നതായിരിക്കാം ഇത് ലഭ്യമാകാതിരിയ്ക്കാൻ കാരണം. നിലവിൽ മലയാളത്തിൽ യുണീക്കോഡു വ്യവസ്ഥയിലുള്ള ആലങ്കാരിക ഫോണ്ടുകൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരത്തിലുള്ള നിരവധി ഫോണ്ടുകൾ ഇനി മലയാളത്തിൽ വരേണ്ടിയിരിക്കുന്നു.
മൊബൈൽ റൂട്ടിങ്ങ്
മൊബൈൽ റൂട്ടിങ്ങിനെ പറ്റിയുള്ള ആദ്യചിന്ത തന്നത് രാഹുലായിരുന്നു. പഴയ ഒരു ഫോണിൽ മലയാളം കൃത്യമായി എങ്ങനെ വരുത്താം എന്ന ചിന്തയിൽ ഒരിക്കൽ അവനെ സമീപിച്ചിരുന്നു. കൗമുദി ഫോണ്ടിന് ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി എന്നത് ആ സമയത്ത് വലിയൊരു ആശ്വാസമായി തോന്നിയിരുന്നു. ഇന്നിപ്പോൾ ഏതൊരു ആൻഡ്രോയിഡ് ഫോണിലും മലയാളം നന്നായി വഴങ്ങുന്നുണ്ട്. ചില കൂട്ടുകാർ പറഞ്ഞതു കേട്ട് സയനോജെൻ മോഡിലേക്ക് മാറ്റി മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ചെറിയൊരു ധൈര്യക്കുറവ് ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ബ്രിക്ക് ആയിപ്പോവാൻ എല്ലാ സാധ്യതയും ഉണ്ട് എന്ന് നിർദ്ദേശങ്ങൾ എഴുതിയിരുന്ന സൈറ്റിൽ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിനെ വിളിച്ചപ്പോൾ അവൻ, “ഒന്നും സംഭവിക്കില്ല, നന്നായി ടെസ്റ്റ് ചെയ്ത സയനോജൻ മോഡ് റോം അതിലെ കമന്റൊക്കെ വായിച്ച് ഡൗൺലോഡ് ചെയ്തെടുത്തോളൂ – കുഴപ്പമൊന്നും വരില്ല” എന്നാണ് പറഞ്ഞത്. എനിക്കതിന് അവന്റെ സഹായം അധികമൊന്നും വേണ്ടി വന്നില്ലെങ്കിലും അവൻ പകർന്ന ഒരു ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു. ആൻഡ്രോയിഡ് 2.2 -ഇൽ തുടങ്ങി പിന്നീട് ആൻഡ്രോയ്ഡ് 4.2.2 വരെ വർക്ക് ചെയ്യിപ്പിക്കാൻ ഇത് സഹായകരമായി.
മറ്റു പ്രവർത്തനങ്ങൾ
ആൻഡ്രോയ്ഡിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ഓപറേറ്റിങ് സിസ്റ്റമായ സയനോജെന്‍ മോഡിന്റെയടക്കം ഒട്ടനവധി സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ പരിഭാഷയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളൊന്നും ഒരു സംഘടനയുമായും ബന്ധപ്പെട്ടല്ലായിരുന്നു ചെയ്തിരുന്നത്. പലപ്പോഴും ഞങ്ങള്‍ അതിനു നിര്‍ബന്ധിച്ചപ്പോഴും ഒരല്പം അന്തർമുഖത്വത്തോടെ ഒഴിഞ്ഞുമാറുകയായിരുന്നു രാഹുല്‍ ചെയ്തിരുന്നത്. ഫോണ്ടുമായി ബന്ധപ്പെട്ട് നിരവധി പ്രോജക്റ്റുകൾ അവൻ ഏറ്റെടുത്തതും വിനയായി മാറി.
അവന്റെ മരണം സൃഷ്ടിച്ച ശൂന്യത വിട്ടുമാറുന്നില്ല. മൊബൈലിൽ അവന്റെ നമ്പർ ഡിലീറ്റ് ചെയ്യാൻ ഇതുവരെ ഞങ്ങൾക്കു പറ്റിയിട്ടില്ല. പ്രിയങ്കരനായ ഒരു കൂട്ടുകാരന്റെ വിയോഗം ബാക്കിവെയ്ക്കുന്നത് നീറിപ്പുകയുന്ന കുറേ ഓർമ്മകളും വേദനയും മാത്രം.
ലിങ്കുകൾ :
കൗമുദി ഫോണ്ട് : https://github.com/rahul-v/Kaumudi
രാഖി ഫോണ്ട്: https://github.com/rahul-v/Rakhi
അഖിലിന്റെ സഹായത്തോടെ എഴുതിയതാണിത്…
