ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ കർശനനിർദ്ദേശം ഉണ്ടായിരുന്നു. നിലനിൽക്കുന്ന ഓർമ്മയിൽ, ഷിജു അലക്സായിരുന്നു (Shiju Alex) അപ്രകാരം പറഞ്ഞവരിൽ മുമ്പന്തിയിൽ എന്നു തോന്നുന്നു; കാരണം ആക്സിഡന്റ് സമയത്തുള്ള എന്റെ ക്രഡിറ്റ് കാർഡ് കടബാധ്യത നന്നായി അറിഞ്ഞവരിൽ ഒരാളായിരുന്നു അവൻ.
ഇടയിലെന്നോ വന്നുചേർന്ന ദുരിതങ്ങൾ കാരണം, ആരോടും പറയാതെ, ചെറിയ തുകയുടെ ക്രഡിറ്റ്കാർഡ് ഒരെണ്ണം സ്വന്തമാക്കി. അതീവ രഹസ്യമായിരുന്നുവത്!! അപ്രതീക്ഷിതമായി, ഇന്നലെ ഒരു മെസേജ് മൊബൈലിലേക്കു വന്നു: “Rs.3409.01 was spent on ur HDFCBank CREDIT Card ending 1228 on 2018-09-25:13:43:12 at DR MYCOMMERCE IRELAND.Avl bal – Rs.37496.99, curr o/s – Rs.12503.01”
ഞാനിങ്ങനെ ഒന്നും വാങ്ങിയിട്ടില്ലെന്ന കാര്യം അപ്പോൾ തന്നെ ബാങ്കിനെ വിളിച്ചറിയിച്ചു; കലാപരിപാടി രജിസ്റ്റർ ചെയ്യാം, ഇപ്പോൾ കാശു പോവുമെങ്കിലും, ഉടനേ തന്നെ പോയ കാശ് റിട്ടേൺ കിട്ടുമെന്നും ബാങ്ക് പറഞ്ഞു!! അപ്പോൾ തന്നെ അവരാ കാർഡ് ബ്ലോക്ക് ചെയ്തു, “HDFCBank Cr Card ending 1228 is blocked as requested.Incase of any misuse on card, pl file police complaint and send the Dispute Form. Visit hdfcbank.com“
കാർഡിന്റെ പിന്നോ മറ്റോ എവിടേയും ഓൺലൈനിൽ സേവ് ചെയ്തു വെച്ചിട്ടില്ല; അതേ സമയം നമ്പർ സേവ് ചെയ്തിട്ടുണ്ട്; അത് ഫ്രീചാർജ് പോലുള്ള ആപ്പുകളിലാണ്. കാരണം ഇടയ്ക്കൊക്കെ ആ ആപ്പ് ഉപയേഗിക്കേണ്ടതുണ്ട്. ഇത്ര ദീർഘമായ നമ്പർ നോക്കി ടൈപ്പ് ചെയ്യാനുള്ള മടിയുമുണ്ട്. എന്തായാലും അരമണിക്കൂറിനുള്ളിൽ ഇന്നലെ സംഭവം തീർത്തു…!
എന്നാലും സംശയം പലമാതിരി ബാക്കി കിടക്കുന്നുണ്ട്!! എന്തുകൊണ്ട്? എങ്ങനെ? ആര്?
പലവഴി ദുരിതങ്ങൾ!! #HDFC #CreditCart #Hack
ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ…
താലി മാല വാങ്ങിക്കുമ്പോൾ 5 പവനെങ്കിലും വേണ്ടേടാ എന്നമ്മ ചോദിക്കുന്നു… നീ ഒരു ഐറ്റിക്കാരനല്ലേ, ഇവിടെ കൂലിപ്പണിക്കാർ വരെ മൂന്നരപ്പവന്റെ മാലയിലാണു താലി കെട്ടുന്നത്! വെറുതേ ഒന്നു കൂട്ടിനോക്കിയപ്പോ തന്നെ തലയിൽ ഒരു വെള്ളിടി മിന്നി. ഒരുലക്ഷത്തിനു മേലെ വേണം സ്വർണത്തിനു തന്നെ – പണിക്കൂലി വേറെയും ഉണ്ടത്രേ… താലി നമുക്ക് നൂലിൽ കെട്ടിയാലോ അമ്മേ എന്നായി ഞാൻ. കെട്ടുന്നത് അങ്ങനെ മതി; പക്ഷേ, വീട്ടിൽ വന്നാൽ താലി മാലയിലേക്ക് മാറ്റണം എന്നായി അമ്മ… 5 പവൻ അപ്പോൾ നിർബന്ധം!!
അമ്മ വിട്ടുപിടിക്കുന്ന ലക്ഷണമില്ല. ആട്ടെ നടക്കട്ടെ. ഉണ്ടാക്കിയല്ലേ പറ്റൂ.
എടാ, അതുമാത്രം മതിയോ, ഈ അഞ്ചുപവൻ ഇട്ടോണ്ട് നടക്കാൻ പറ്റുമോ?
ഈ അമ്മ എന്താ പറയുന്നത്?പിന്നെന്തിനാണ് അഞ്ചുപവൻ!!
എടാ അഞ്ചുപവൻ കഴുത്തിൽ തൂക്കിയിട്ട് ഇപ്പോഴുള്ള പെൺകുട്ടികൾ നടക്കുമോ? ഒന്നുമില്ലെങ്കിൽ കഴുത്തുവേദനിക്കില്ലേ, വീട്ടിലും പുറത്തുപോകുമ്പോഴുമൊക്കെ താലി ഇടാൻ പറ്റുന്ന ഒരു ഒന്നര പവന്റെ ചെറിയൊരു മാല കൂടി വേണ്ടേ?
എന്റമ്മേ, എന്നാൽ പിന്നെ അതിൽ തന്നെയങ്ങ് കെട്ടിക്കൊടുത്താൽ പോരേ!! എന്തിനാ ഈ അഞ്ചുപവൻ വേറേ വാങ്ങിക്കുന്നത്?
നാട്ടുകാരെന്തു പറയും? അങ്ങനെയാ ഇപ്പോൾ നാട്ടുനടപ്പ്.
നാട്ടുകാരെന്തു പറയാൻ, വയറുമുട്ടെ തിന്നിട്ട് ഏമ്പക്കം വിട്ട് കുറ്റവും കുറിയും പറഞ്ഞ് അവരങ്ങുപോകും.
അതല്ലടാ, നിനക്കറിയാഞ്ഞിട്ടാ, ഇപ്പോൾ എല്ലാവരും ചെയ്യുന്നത് അങ്ങനെയാ..
ഒരു ദിവസത്തേക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒന്നേകാൽ ലക്ഷം മുടക്കി ഒരു സ്വർണമാല വാങ്ങിക്കണം 🙁 സ്വർണക്കടക്കാർ വാടകയ്‌ക്ക് തരുമായിരിക്കുമോ? സ്വേതാമേനോന് രതിനിർവേദത്തിൽ അഭിനയിക്കുമ്പോൾ ഏതോ സ്വർണക്കടക്കാർ പൊന്നരഞ്ഞാണം ഉണ്ടാക്കി കൊടുത്തത്രേ.. ചുമ്മാ ഒന്നഭിനയിക്കാൻ അവർക്കതുണ്ടാക്കി കൊടുത്തു, എനിക്കരഞ്ഞാണമൊന്നും വേണ്ടായിരുന്നു – ഒരു മാല മതി. ഇതൊരു പുതിയ ജീവിതത്തിന്റെ പ്രശ്നമാണ് അരെങ്കിലും സഹായിക്കുമായിരിക്കുമോ? അല്ലെങ്കിൽ വേണ്ട അതൊക്കെ ചീപ്പ് കേസാണ്. എങ്ങനെയായാലും ആറരപ്പവൻ കരുതേണ്ടിയിരിക്കുന്നു.
HDFC ക്കാരൻ ലോൺ തരുമായിരിക്കും. ഒരുലക്ഷം ലോൺ എടുത്താൽ 3600 വെച്ച് മൂന്നു വർഷം മാസം തോറും അടച്ചാൽ തീർന്നോളും. മൂന്നുവർഷം മുമ്പ് ഒരെണ്ണം എടുത്തതാണ്. അത് അടുത്തമാസം തീരേണ്ടതാണ്. ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു, അതു തീരുകയാണല്ലോ എന്ന് :(. അപ്പോഴാണ് അമ്മ പുതിയ ആവശ്യവുമായി വന്നത്. ലോൺ എടുക്കുക തന്നെ. ഒരു ലക്ഷം എടുക്കുക ഒന്നേകാൽ ലക്ഷം തിരിച്ചടയ്ക്കുക. കൊള്ള ലാഭമാണല്ലോ ബാങ്കുകാരാ നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടുന്നത്. ഇതുപോലെ എത്ര കസ്റ്റമേഴ്‌സ് കാണും നിങ്ങൾക്ക്?
ആരായിരിക്കും കല്യാണത്തിന് താലികെട്ടൽ പരിപാടി കണ്ടു പിടിച്ച മഹാൻ! ആരായാലും അളിയാ കൊടും ചതിയായിപ്പോയി! ഒരു സിന്ദൂരത്തിലോ അതുപോലെ ചിലവില്ലാത്ത പരിപാടികളിലോ മറ്റോ ഒന്നൊതുക്കിപ്പിടിക്കാമായിരുന്നില്ലേ ഈ ചടങ്ങുകൾ… അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അമേരിക്ക വേൾഡ് ബാങ്കിനേയും ലോകത്തേയും പറ്റിച്ച് ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും മറ്റും യുദ്ധം ചെയ്യാൻ വേണ്ടി കള്ളക്കളി കളികുമെന്ന് നിങ്ങളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലല്ലോ. ലോകമലയാളികളെല്ലാം സ്വർണത്തൂക്കത്തിൽ മാറ്റുരച്ച് പരസ്പരം വിലയിരുത്തുന്ന ഒരു കാലം വരുമെന്ന് താങ്കൾ സ്വപ്നത്തിൽ കൂടി കരുതിയിരിക്കില്ലല്ലോ… ഇങ്ങനെയൊക്കെ ആയിപ്പോയി… ഇനി പറഞ്ഞിട്ടെന്താ കാര്യം, ഞാനൊന്നു HDFC ക്കാരനെ വിളിക്കട്ടെ…
കാര്യമൊക്കെ ശരി തന്നെ. ഫെയ്സ്‌ബുക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ. സമ്മതിച്ചു! അതില്‍ പലതരത്തിലുള്ള പോസ്റ്റിങ്സ് വരും ഫോട്ടോസ് വരും വീഡിയോസും വരും. നമുക്ക് വേണ്ടത് എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. ഇഷ്ടപ്പെട്ടെങ്കില്‍ നമുക്കു ലൈക്ക് ചെയ്യാം; റീഷെയര്‍ ചെയ്യാം… അതാതിനു പറഞ്ഞിരിക്കുന്ന ഫീഡ് ചാനലിലൂടെ ഓരോ അപ്‌ഡേറ്റ്സും മാറിമറിഞ്ഞ് നമ്മളെ ശല്യം ചെയ്യാതെ പോകും. ഈ ഒരു തത്ത്വം അംഗീകരിക്കുന്നവന്‍ ഇതില്‍ കേറി പണിതാല്‍ മതി. അതാണതിന്റെ ന്യായം!
എന്നാല്‍ നമുക്ക് പ്രൈവറ്റാക്കി വെയ്ക്കാന്‍ പറ്റുന്ന ചില കാര്യങ്ങളൊക്കെ പ്രൈവറ്റാക്കി തന്നെ വെയ്ക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. എല്ലാം തുറന്നുകാട്ടലില്‍ ഹരം കൊള്ളുന്നവര്‍ കാണും. രണ്ടു വ്യക്തികള്‍ തമ്മില്‍ പോകുന്നതും വരുന്നതും ഒക്കെ വിശദീകരിക്കുന്ന പ്രൈവറ്റ് ചാറ്റൊക്കെ പബ്ലിക്കായി നടത്തുക എന്നത് മോശമായ ഒരു കാര്യമല്ലേ! ഫീഡസ് ചാനലിലൂടെ അപ്‌ഡേറ്റ്സ് വരുന്നതു പോലെയല്ല ഫെയ്‌സ്ബുക്ക് ചാറ്റ് വിന്‍ഡോ പൊങ്ങി വരുന്നത്, ഞാനാണെങ്കില്‍ ഫെയ്സ്‌ബുക്കിനെ യാഹു മെസഞ്ചറുമായി കണക്‌റ്റ് ചെയ്തിരിക്കുന്നതിനാല്‍ ആരെങ്കില്‍ ഒന്നു hi പറഞ്ഞാല്‍ വലിയ ബഹളത്തില്‍ മെസഞ്ചറിന്റെ വിന്‍ഡോ ചാടി വീഴും. ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാറ്റ് ചെയ്യാം. അവരുടെ ചാറ്റ് ഞാന്‍ കാണാതെ പോകരുത് എന്ന ആഗ്രഹം ഉള്ളതിനാല്‍ തന്നെയാണ് മെസഞ്ചറുമായി കണക്റ്റ് ചെയ്തതും കണക്റ്റ് ചെയ്തപ്പോള്‍ മെസഞ്ചറിന്റെ സൗണ്ട് കൂടി എനേബിള്‍ ചെയ്തു വെച്ചതും. പൊതുവേ ഞാന്‍ ചാറ്റിംങിനോട് അല്പം വിമുഖതയുള്ള ആളാണ്. അനാവശ്യമായി, അങ്ങോട്ട് കേറി ആരോടും ചാറ്റ് ചെയ്യാറില്ല – വളരെ അത്യാവശ്യത്തിനു മാത്രമേ ഞാന്‍ അതുപയോഗിക്കാറും ഉള്ളൂ. എന്നാല്‍ ഇങ്ങോട്ട് ചാറ്റിങിനു വരുന്നവരെ നിരാശപ്പെടുത്താറുമില്ല. അവര്‍ക്കു മതിയാവും വരെ ചാറ്റ് ചെയ്യാറുണ്ട്.
സംഗതി ഇങ്ങനെയൊക്കെയാനെങ്കിലും രണ്ടുമൂന്നു ദിവസമായി ഒരു ഫെയ്സ്‌ബുക്ക് ഗ്രൂപ്പ്-ചാറ്റില്‍ ഒരു ചെക്കനും പെണ്ണും സ്ഥിരമായി ചാറ്റ് ചെയ്യുന്നു. അവര്‍ക്ക് പ്രൈവറ്റ് ചാറ്റിംങ് ഉപയോഗിക്കാവുന്നതേ ഉള്ളൂ. ആ ഗ്രൂപ്പില്‍ ഞാനും അംഗമായതിനാല്‍ ഗ്രൂപ്പ്ചാറ്റിന്റെ അപ്ഡേറ്റ്സ് കൃത്യമായി എന്റെ മെസഞ്ചറില്‍ ബ്ലും എന്ന വലിയ ശബ്ദത്തില്‍ വന്നുകൊണ്ടിരുന്നു. ഗ്രൂപ്പിലാണെങ്കില്‍ 150 ഓളം മെമ്പേഴ്‌സ് ഉണ്ട്. പഴയ സ്കൂളിന്റെ ഗ്രൂപ്പായതു കൊണ്ട് ഒഴിഞ്ഞു പോരാനും മനസ്സുവന്നില്ല. രണ്ടു ദിവസം ഞാന്‍ ക്ഷമിച്ചു. അവരോട് മാന്യമായ ഭാഷയില്‍ ഒന്നു പറഞ്ഞു. രണ്ട്പേര്‍ മാത്രമാണ്. പറയുന്നതു മുഴുവന്‍ ഒരുവക…! അങ്ങനെയൊക്കെയാവുമ്പോള്‍ പ്രൈവറ്റ് ചാറ്റ് ഉപയോഗിക്കുന്നതാണു നല്ലത് എന്നൊക്കെ. ചിലപ്പോള്‍ പുതിയ പിള്ളേരല്ലേ, അറിയാന്‍ പാടില്ലാത്തതിനാല്‍ ആയിരിക്കും എന്നു കരുതി. എന്നാല്‍ കാര്യങ്ങള്‍ളറിഞ്ഞിട്ടും ഇവര്‍ക്കൊരു കുലുക്കവും ഇല്ല; ചാറ്റിങ് നിര്‍ബാധം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഞാന്‍ ആ ഗ്രൂപ്പില്‍ പോയി ഒരു പോസ്റ്റിട്ടു. രണ്ടുപേര്‍ മാത്രമുള്ള പേര്‍സണല്‍ കാര്യങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റിനേക്കാള്‍ നല്ലത് പ്രൈവറ്റ് ചാറ്റാണെന്നൊക്കെ! എവിടെ!! ചാറ്റില്‍ ഹരം പിടിച്ച ഈ യുവഹൃദയങ്ങള്‍ ഉണ്ടോ ഇതു വല്ലതു ശ്രദ്ധിക്കുന്നു. നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ കണ്ണടച്ചോ എന്നായി അതിലെ ആണ്‍തരി!! ദാ ആ ഗ്രൂപ്പ് ചാറ്റിലെ അവസ്സാനഭാഗം!!
പെണ്ണ് : no me arun and jacky are so close << ഇതും എനിക്കുള്ള മറുപടി തന്നെ >> daaaaaaaa
ഞാന്‍: കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോടാണോ? << എനിക്കാദ്യം കത്തിയില്ല>>
ചെക്കന്‍: athe…malayaali <<എന്റെ മലയാളം ചാറ്റ് കണ്ട് അവനെന്നെ ഒന്ന് ആക്കിയതാ, അതേ മലയാളീന്ന് – മലയാളത്തോടവനു പുച്ഛം!!>>
പെണ്ണ് : athe, we r like ths <<കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോട് തന്നെയെന്ന്!! പെണ്‍കൊച്ചിന്റെ സപ്പോര്‍ട്ട്!! >>
ഞാന്‍: Only u two people are chating, but all the gruop members are getting this damm updates, either please stop this bloody chatting or use private chat – തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട് എന്നു പറഞ്ഞതു പോലെ!!
വേറൊരുത്തന്‍: ohhhhhh << ഇതൊക്കെ കണ്ടും കേട്ടും നിന്ന മറ്റൊരുവന്റെ ആത്മഗതം - ഇവന്‍ എന്റെ ഫ്രണ്ടാണ്.>>
ഇതോടെ അവരുടെ പബ്ലിക് ചാറ്റിങ്ങ് നിന്നു.. എന്നെ തെറി വിളിച്ച് പാവങ്ങള്‍ പ്രൈവറ്റ് ചാറ്റിലേക്ക് പോയിക്കാണണം!!
ഗ്രൂപ്പചാറ്റിങിന്റെ സാധ്യതകള്‍ പലപ്പോഴും ഗ്രൂപ്പ് ചാറ്റിങ് അത്യാവശ്യമാണ്. ഇതുപോലുള്ള ഒരു സ്കൂളിന്റെ ഗ്രൂപ്പൊക്കെ ആവുമ്പോള്‍ ആ സ്കൂളുമായി ബന്ധപ്പെട്ടതോ, അതല്ലെങ്കില്‍ ഗ്രൂപ്പിലെ എല്ലാവര്‍ക്കും ബാധകമായ പൊതുകാര്യങ്ങളെ കുറിച്ചോ ഒക്കെ ചര്‍ച്ചകള്‍ ആവാം. പൊതു താല്പര്യത്തെ മുന്‍നിര്‍ത്തിയാണെങ്കിൽ പരസ്പരം കൂട്ടുകാർ അല്ലെങ്കില്‍കൂടി ആ ഗ്രൂപ്പിലെ മെമ്പേഴ്‌സ് അതുമായി സഹകരിക്കും.
ഫെയ്സ്‌ബുക്കില്‍ ഗ്രൂപ്പുണ്ടാക്കാന്‍ വലിയ പണിയൊന്നും ഇല്ല. എത്ര ഗ്രൂപ്പുകള്‍ വേണമെങ്കിലും ഉണ്ടാക്കുകയും ചെയ്യാം. ഒരു ക്ലാസ്സില്‍ പഠിച്ചവര്‍. ഒരു വര്‍ഷം ഒന്നിച്ച് പാസൊഔട്ട് ആയവര്‍, ഒരു കോളേജില്‍ പഠിച്ചവര്‍, ഏതെങ്കിലും ഫിലിംസ്റ്റാറിനെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍, ഒരേ ടേസ്റ്റുള്ളവര്‍, ഒരേ ജോലി ചെയ്യുന്നവര്‍ അങ്ങനെ നീണ്ടുപോകുന്നു ഗ്രൂപ്പുകളുടെ സാധ്യതകള്‍…
വിദേശത്തൊരു പെണ്‍കൊച്ച് തന്റെ ജന്മദിനം ആര്‍ഭാടപൂര്‍വം ആഘോഷിക്കുന്നു എന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ ഒരു ഇവന്റിട്ടതും കണ്ടവര്‍ കണ്ടവര്‍ അത് റീഷെയര്‍ ചെയ്ത് അന്നേ ദിവസം ആയിരക്കണക്കിനാളുകള്‍ കുട്ടിയുടെ വീടിനു മുന്നില്‍ ആശംസകളുമായി തടിച്ചുകൂടി പൊതുജീവിതം സ്തംഭിച്ചതുമായ വാര്‍ത്ത ഈ അടുത്താണു നമ്മള്‍ കേട്ടത്… അവസാനം വീട്ടുകാര്‍ പെണ്‍കുട്ടിയെ രായ്ക്കുരാമാനം അവിടെ നിന്നും കടത്തുകയും പൊലീസെത്തി ആളുകളെ ഓടിച്ചുവിടുകയുമൊക്കെ ചെയ്യേണ്ടിവന്നു..
നമ്മള്‍ കണക്കുകൂട്ടുന്നതിനും അപ്പുറത്താണ് ഒരു സോഷ്യല്‍ മീഡിയയുടെ കിടപ്പ്! അതറിയാതെ തന്റെ പോക്കുവരവുകളും മറ്റും പബ്ലിക്കാക്കി പണി പാഴ്‌സലായി ഇരന്നു വാങ്ങിക്കുന്നതിലും ഭേദം സംഗതികളെ കണ്ടറിഞ്ഞ് വേണ്ടതു മാത്രം പബ്ലിക്കാക്കി ആ മീഡിയയുടെ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ്.
പെണ്ണിന്റെ സൗഹൃദം! ഒരു രാത്രിയില്‍ അവള്‍ വീട്ടിലേക്കു വന്നില്ല; അതിരാവിലെ എത്തിയ അവളോട് അവന്‍ ചോദിച്ചു “ഇന്നലെ നീഎവിടെ പോയി?“ “ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!” അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവന്‍ അന്വേഷിച്ചു… ആര്‍ക്കും അതിനേക്കുറിച്ചറിയില്ലായിരുന്നു…!
ആണിന്റെ സൗഹൃദം! ഒരു രാത്രിയില്‍ അവന്‍ വീട്ടിലേക്കു വന്നില്ല; അതിരാവിലെ എത്തിയ അവനോട് അവള്‍ ചോദിച്ചു “ഇന്നലെ രാത്രിയില്‍ എവിടെ പോയി?“ “ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!“ അവന്റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവള്‍ അന്വേഷിച്ചു… പത്തില്‍ എട്ടുപേരും പറഞ്ഞു ‘അവനിന്നലെ എന്റെ വീട്ടിലായിരുന്നു‘ എന്ന്! രണ്ടുപേര്‍ പറഞ്ഞത് ‘അവനിപ്പോഴും വീട്ടില്‍ തന്നെ ഉണ്ട് – എണീറ്റിട്ടില്ല‘ എന്നും!!
കമ്പനിയിലെ ഉച്ചതിരിഞ്ഞുള്ള വിരസമായ സമയത്തെ അതിജീവിക്കാന്‍, ഒരു ഗ്ലാസ് ബദാംമില്‍ക്കുമായി സല്ലപിച്ചിരിക്കുമ്പോഴാണ് “വിക്കിപീഡിയ സംരംഭത്തില്‍ നിന്നുള്ള ഇമെയില്‍” എന്ന തലക്കെട്ടോടെ എനിക്കൊരു മെയില്‍ വന്നത്. വിക്കിപീഡിയയില്‍ നിന്നുള്ള മെയിലിനെയെല്ലാം “വിക്കിപീഡിയ” എന്ന പ്രത്യേക ലേബലൊട്ടിച്ച് മെയില്‍ബോക്സിന്റെ ലെഫ്‌റ്റ്‌സൈഡില്‍ ഭദ്രമായി വെച്ചിട്ടുള്ളതിനാല്‍ അവയൊന്നും തന്നെ ഇന്‍ബോക്സില്‍ വന്നു നില്‍ക്കാറില്ലായിരുന്നു.
പതിവുതെറ്റിച്ച് എന്റെ ഇന്‍ബോക്സിലെത്തിയ മെയിലിനെ അല്പം കൗതുകത്തോടുകൂടി തന്നെ തുറന്നു നോക്കി. ആ കൂട്ടുകാരന്റെ പേരു ഞാന്‍ തല്‍ക്കാലമൊന്നു മറച്ചുപിടിച്ചോട്ടേ.. അദ്ദേഹം അന്നു വായിച്ച വിക്കിപീഡിയയിലെ എന്റെ പ്രൊഫൈനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിലും, തുടര്‍ന്നുള്ള വരികളാണെന്നില്‍ അതീവ കൗതുകമുണര്‍ത്തിയത്. ഒട്ടൊന്നു ആലോചിച്ചു നോക്കി. എന്തിനായിരിക്കാം മൂപ്പരിക്കാര്യങ്ങള്‍ എന്നോട് പറഞ്ഞത്? ഞാനെന്റെ പ്രൊഫൈല്‍ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കി. അദ്ദേഹത്തെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കാന്‍ മാത്രം അതിലൊന്നും ഇല്ലായെന്നു തന്നെ ബുദ്ധി പറഞ്ഞു. ആ അജ്ഞാതകൂട്ടുകാരനെ ഒന്നു നുള്ളിനോക്കമെന്നു തന്നെ നിനച്ചു. അങ്ങനെ ഒരു മറുപടിയും കൊടുത്തു. ആങ്ങോട്ടിമിങ്ങോട്ടുമായി ആറെഴുത്തുകള്‍..! അതിനിടയില്‍ ആരെന്നോ എന്തെന്നോ ചോദിക്കാന്‍ വിട്ടുപോയി. അദ്ദേഹം ഇപ്പോള്‍ എന്തു കരുതുന്നുണ്ടാവുമോ എന്തോ?
വിഷയം അല്പം ഗഹനമാണെന്നു തന്നെ കരുതാം. മതങ്ങളും ദൈവങ്ങളും ഒക്കെ കൂടി തെരുവില്‍ കിടന്നു മനുഷ്യരെ ചുട്ടെരിക്കുമ്പോള്‍ സ്നേഹത്തേയും ധര്‍മ്മത്തേയും നന്മയേയുമൊക്കെ അളന്നു തിട്ടപ്പെടുത്താന്‍ അളവുകോലിനായി പരക്കം പായുകയാണ് ഓരോരുത്തര്‍! എങ്ങനെ അളന്നു തിട്ടപ്പെടുത്തും ഇതൊക്കെ? അമ്മയോടുള്ള സ്നേഹം പത്തു കിലോ! അതോ നൂറു മീറ്റര്‍? ദു:ഖമനുഭവിക്കുന്നവനോടുള്ള അനുകമ്പ ഒന്നരക്കിലോ..! സഹാനുഭൂതി 25cm… രസമായിരിക്കുന്നു..!!
“ലേബലുകളില്ലാത്ത മനുഷ്യനായി തീരുക” എന്നു പണ്ട് കുഞ്ഞുണ്ണിമാഷ് തൃച്ചമ്പരം അമ്പലത്തില്‍ വെച്ച് ഓട്ടോഗ്രാഫ് എഴുതി തന്നതിന്റെ അര്‍ത്ഥം അന്നെനിക്കു മനസ്സിലാക്കാനായിരുന്നില്ല. ഇന്നു ഞാനതറിയുന്നു. ഒരു പ്രത്യേക frame-ല്‍ ഒതുങ്ങി നില്‍ക്കാതെ, ഒരു ലേബലും നെറ്റിയില്‍ പതിക്കാതെ, പച്ചമനുഷ്യനായി ജീവിച്ചാല്‍ എന്താണു ഛേദം? മറ്റുള്ളവരെ നന്നാക്കല്‍ നടക്കില്ല… പറഞ്ഞാല്‍ പറഞ്ഞ അര്‍ത്ഥത്തിലായിരിക്കില്ല അവരതെടുക്കുക.. ഒരേയൊരു രക്ഷ സ്വയം നന്നാവുക എന്നതാണ്. മതത്തിന്റെ പേരില്‍ ഞാന്‍ ഹിന്ദുവെന്നും കൃസ്ത്യനെന്നും മുസ്ലീമെന്നും പറഞ്ഞ് വീരവാദം മുഴക്കുന്ന ചിലരെ കണ്ടിട്ടുണ്ട്..! മൗനം ഭൂഷണമായി കരുതി മിണ്ടാതിരിക്കുക തന്നെ കാമ്യം.ഇനി ആ അജ്ഞാതസുഹൃത്തിന്റെ ഇമെയിലിലൂടെ നിങ്ങളൊന്നു പോയിനോക്കൂ. ആദ്യത്തെ മെയിലില്‍ പറഞ്ഞിരിക്കുന്ന “എന്നേക്കുറിച്ച്” എന്നത് വിക്കിപീഡിയയിലെ എന്റെ പ്രൊഫൈല്‍ ആണ്.
ആദ്യത്തേ മെയില്‍
അതിനുള്ള എന്റെ മറുപടി 🙂
മറുപടിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടുകാരന്റെ മറുപടി
വീണ്ടും ഞാന്‍
കൂട്ടുകാരന്‍ വിട്ടില്ല…
വീണ്ടും ഞാന്‍
ആ കൂട്ടുകാരന്‍ ഇവിടം കൊണ്ട് നിര്‍ത്തിക്കളഞ്ഞു. എങ്കിലും ആ സുഹൃത്ത് എന്നെ എന്തൊക്കെയോ ഇപ്പോള്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. നന്ദി സുഹൃത്തേ..എന്റെ അറിവു വളരെ പരിമിതമാണ്, അത്രയൊന്നും ആലോചിച്ചിട്ടല്ല, ഇതൊന്നും എഴുതിയതും. അപ്പോ തോന്നിയത് എഴുതി എന്നു മാത്രം. കൂടുതല്‍ അറിവുള്ളവര്‍ ഇവിടെയുണ്ട്. താല്‍പര്യമുള്ളവര്‍ ഇവിടെ കുറിച്ചിടട്ടെ.
ഇതൊരു ടീം ഔട്ടിങിന്റെ കഥയാണ്. മുമ്പ്, സാമ്പത്തിക മാന്ദ്യം ബാംഗ്ലൂരിനേയും ലോകത്തേയും ഒക്കെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതിനു ഒന്നോ രണ്ടോ മാസം മുമ്പ് കമ്പനിയില്‍ നിന്നും ഞങ്ങള്‍ അവസാനമായി നടത്തിയ ഒരു ഔട്ടിങിന്റെ കഥ. അതിനുമുമ്പ് ഓരോ ആറുമാസം കൂടുമ്പോഴുമുണ്ടാവുമായിരുന്നു ഇതുപോലുള്ള യാത്രകള്‍. ബാംഗ്ലൂരിന്റെ അല്പം ഔട്ടറിലായി, പണ്ട് വീരപ്പന്റെ സാമ്രാജ്യമായിരുന്ന സത്യമംഗലം വനാതിര്‍ത്തിയിലുള്ള ഗുഹാന്തര [guhantara] എന്നൊരു അണ്ടര്‍ഗ്രൌണ്ട് റിസോര്‍ട്ടിലേക്കായിരുന്നു ഞങ്ങള്‍ അന്നു പോയത്. പത്തമ്പതുപേരുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല. ഇല്ലാന്നല്ല, അന്നേരം ടീമിലുണ്ടായിരുന്ന ഒരേയൊരു പെണ്‍കുട്ടി ആതിര നായര്‍ ആയിരുന്നു. അവളീ പ്രോഗ്രാമിനു വന്നിട്ടുമില്ല.
രാവിലെതന്നെ ഞങ്ങള്‍ ഗുഹാന്തര റിസോര്‍ട്ടില്‍ എത്തി. ഡാകിനിയമ്മൂമ്മയുടെ ഗുഹാമുഖം പോലൊരു എന്‍ട്രന്‍സ് മാത്രമേ പുറമേയ്ക്കുകാണാനുള്ളു. മുകളില്‍ ഒരു വലിയ പ്രദേശമപ്പാടെ മുള്ളുവേലിയാല്‍ മറച്ചുവെച്ച ഒരു പാര്‍ക്കുപോലെ തോന്നിച്ചു. അടുത്തെങ്ങും ഒരു വീടുപോലുമില്ല. തികച്ചും വിജനമായ പ്രദേശം. അധികമകലെയല്ലാതെ ഫോറസ്റ്റ്. അങ്ങിങ്ങായി ആടിനേയും പശുവിനേയുമൊക്കെ മേയ്‍ച്ചു നടക്കുന്ന ചില ഗ്രാമീണവാസികള്‍. ആ ഗുഹാമുഖവും തുടര്‍ന്നുള്ള വഴികളുമൊക്കെ കണ്ടാല്‍ കൃത്രിമമായുണ്ടാക്കിയതാണെന്നു പറയില്ല. അതിലൂടെ കേറിയാല്‍ നീണ്ടുനീണ്ടുപോകുന്ന വഴിയില്‍, ഇടവിട്ടിടവിട്ട് വിളക്കുകളുണ്ട്. ശ്വാസം കിട്ടാന്‍ വേണ്ടിയാവാം ഇടയ്‍ക്കൊക്കെ മുകളിലേക്ക് ചെറിയ ചെറിയ ദ്വാരങ്ങളുമുണ്ട്. അതിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കു കയറുന്നുണ്ടായിരുന്നു. ആ യാത്ര അവസാനിക്കുന്നത് സാമാന്യം വലിയൊരു ഹാളിലേകാണ്. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം കാണുക; അതുതന്നെ ഹാൾ…
സൈഡിലൊരു കൊച്ചു സ്വിമ്മിങ്‍ പൂളുണ്ട്. അതിനുനടുവിലൂടെ മുളകൊണ്ടുതീര്‍ത്തൊരു കൊച്ചുപാലം. ചുമരുകളൊക്കെ പുരാതനകാലത്തെ കൊത്തുപണികളെ ഓര്‍മ്മിപ്പിക്കുന്ന കലാവിരുന്നുകള്‍. എല്ലാം ആര്‍ട്ടിഫിഷ്യലാണ്. ആ ഹാളിന്റെ മറ്റുസൈഡുകളിലൊക്കെയായി ഒരുപാടു ഗുഹാവഴികളുണ്ട്. രാത്രിയുറക്കത്തിനുള്ള മുറികളും ആധുനിക കളികളായ ടേബിള്‍ടെന്നീസും മറ്റും കളിക്കാനുള്ള പ്ലേറൂമുകള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നുവേണ്ട എല്ലാമുണ്ടവിടെ. ഇടയ്‌ക്കൊക്കെ ആകാശം കാണാനുള്ള മുകളിലേക്കുള്ള വാതായനങ്ങള്‍. ഒരു വലിയ ഹോട്ടല്‍. എല്ലാം ഭൂമിക്കടിയില്‍! ഓരോ മുറികള്‍ക്കും പേരിട്ടിരിക്കുന്നത് സംസ്‍കൃതത്തിലാണ്, ഭോജനശാല, നാട്യശാല, ശൌച്യാലയം എന്നൊക്കെ. രാഗമണ്ഡപവും സാമവാദശാലയുമുണ്ടവിടെ.
ഞങ്ങള്‍ എല്ലാം നടന്നുകണ്ടു. അപ്പോഴേക്കും ബാംഗ്ലൂരിലെതന്നെ പ്രശസ്തങ്ങളായ രണ്ട് MNC- കളില്‍ നിന്നായി ഒരു വലിയ പടതന്നെ അവിടേയ്‍ക്കു വരികയുണ്ടായി. നല്ല നല്ല മലയാളച്ചന്തങ്ങള്‍ ചന്ദനക്കുറിയണിഞ്ഞു വരുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആശ്വാസം. തൃശ്ശൂര്‍കാരനായ പ്രേമും ഞാനുമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. ഞങ്ങളാ മലയാളിക്കുട്ടികളെ പരിചയപ്പെട്ട് അല്പം വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ദൂരെ ഹാളിനടുത്തുനിന്നും തമിഴന്‍ ഗുണശേഖരന്‍ വിളിക്കുന്നതുകണ്ടു. ഞങ്ങള്‍ അങ്ങോട്ടു ചെന്നപ്പോള്‍ വെങ്കിടേഷും അവിടെ നില്‍പ്പൂണ്ടായിരുന്നു. അവന്‍ കണ്ണുകൊണ്ട് സ്വിമ്മിങ്‍പൂളിലേക്കു നോക്കാന്‍ ആഗ്യം കാണിച്ചു. അവിടെ ഒരു പെണ്‍കുട്ടി നമ്മുടെ നയന്‍താരയേയും ഷക്കീലച്ചേച്ചിയേയുമൊക്കെ തോല്‍പ്പിച്ചിട്ടേയിനികാര്യമുള്ളൂ എന്നമട്ടില്‍ സ്വിമ്മിങ്‍ഡ്രസ്സില്‍ കിടന്നുപുളയുകയാണ്. അവള്‍ വെള്ളത്തില്‍ ഇരുന്നും കമിഞ്ഞും മലര്‍ന്നുമൊക്കെ നീന്തിക്കളിക്കുന്നു. ഇതുകണ്ടപ്പോള്‍ അങ്ങനെ അവിടെ നിന്നും സീന്‍ പിടിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. നമുക്കു വലിയ മാന്യന്‍മാരാകാന്‍ കിട്ടിയ ഒരു അവസരമല്ലേ, വെറുതേ പഴാക്കരുതല്ലോ. പക്ഷേ വെങ്കിടേശന്‍ വിട്ടില്ല. അവന്‍ അപ്പോള്‍തന്നെ അവന്റെ ഡ്രസ്സൊക്കെ അഴിച്ചുകൈയില്‍ തന്നു ഒരു ബര്‍മ്മുഡ മാത്രം ധരിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി. ഗുണശേഖരന്‍ ‘വെങ്കിടേശന്റെ കുളിസ്സീന്‍’ ഒരൂ സെക്കന്റുപോലും കളയാതെ വീഡിയോ ആയും ഫോട്ടോ ആയും പകര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, കൂടെ കുളിക്കുന്ന പെണ്‍കൊച്ചിന് ഒരു കുലുക്കവും ഇല്ലായിരുന്നു.
ഞങ്ങള്‍ മെല്ലെ അവിടെനിന്നും വലിഞ്ഞു. ബാംഗ്ലൂരില്‍ വന്നിട്ട് ഇത്രയൊക്കെയായിട്ടും മനസ്സിനിണങ്ങിയ ഒരു മലയാളിക്കുട്ടിയേയും കണ്ടുകിട്ടാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാന്‍. അല്പകാലമൊന്നു പ്രേമിക്കണം, പിന്നെ സഖിയായി കൂടെക്കൂട്ടണം. രണ്ടുപേര്‍ക്കും ജോലി കൂടിയുണ്ടെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാന്‍ പരമസുഖമാണ്. ഇത്തരം നല്ല ചിന്തകളേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. അപ്പോഴാണ് മലയാളിചന്തങ്ങളുടെ ഈ അരങ്ങേറ്റം. 🙊
ഒരുകുട്ടിയെ അതില്‍ നിന്നും നോക്കിവെച്ചു. നല്ല ഗ്രാമീണത തോന്നിക്കുന്ന ഒരു കുട്ടി. വെളുവെളാന്നു വെളുത്ത ചുരിദാറും ഇട്ടവള്‍ പാറി നടക്കുന്നതു കാണാന്‍ തന്നെയൊരു ഐശ്വര്യമായിരുന്നു. ഇരുട്ടുള്ള ആ ഇടനാഴികളിലെ വെളിച്ചമായിരുന്നു അവള്‍. പേരു ചോദിച്ചു; നാടുചോദിച്ചു. പിരിയാന്‍ നേരമാവുമ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിക്കുകയുമാവാം എന്നു കരുതി. അത്യാവശ്യമൊന്നു പഠിച്ചതിനുശേഷം, ആരും പറഞ്ഞുവെച്ചിട്ടില്ലെങ്കില്‍ ഇഷ്ടം അങ്ങോട്ടു തുറന്നുപറയാം. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ മനക്കോട്ടകളുടെ ചിറകിലേന്തി പറന്നു നടന്നു.
ഇവിടെ ബാംഗ്ലൂരുള്ള ഒരുമാതിരി പെണ്‍കുട്ടികള്‍ക്കൊക്കെ ഒന്നോരണ്ടോ കാമുകന്‍മാര്‍വെച്ചുണ്ടത്രേ. കേൾവിയാണിത്. ഫ്രീആയിട്ടുള്ള ഒന്നിനെകിട്ടാന്‍ പാടാണ് എന്നാണ് ബാംഗ്ലൂരിന്റെ മനശ്ശാസ്ത്രം അറിയാവുന്ന കൂട്ടുകാര്‍ പറഞ്ഞുതന്നിട്ടുള്ളത്. പിന്നെ ക്രഡിറ്റ്കാര്‍ഡും ബൈക്കുമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്കിവിടെ ക്ഷാമവുമില്ലാത്രേ. തനി നാടനായ എനിക്കിതിനോടൊന്നും യോജിച്ചുപോകാന്‍ തീരെ പറ്റുമായിരുന്നില്ല. ബൈക്കോടികാനാണെങ്കില്‍ തീരെ അറിയുകയുമില്ല. ആയ കാലത്ത് നല്ലൊരുപെണ്ണിനെ നോക്കി പ്രേമിച്ചിരുന്നെങ്കില്‍ ഈ വയസ്സാം കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് റൂംമേറ്റിന്റെ കമന്റും ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്. അതെന്തെങ്കിലുമാകട്ടെ, എന്തായാലും ഇവളെ പൊക്കണം എന്നു ഞാന്‍ തീരുമാനിച്ചു; കൂട്ടുകാരുടെ പരാതി മാറ്റുകയുമാവാം. ഇവളങ്ങനെ കൂട്ടുകാര്‍ പറഞ്ഞതുപോലുള്ള പെണ്‍കുട്ടിയൊന്നുമല്ല എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരുന്നു ഞാന്‍. ബാംഗ്ലൂരില്‍ ഒത്തിരി നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. കല്യാണത്തിനുള്ള ക്രൈറ്റീരിയ വരുമ്പോളവിടെയൊക്കെ പ്രശ്നമാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കി. ഈ കുട്ടിയാവുമ്പോള്‍ കാസര്‍ഗോഡിനടുത്താണ് പയ്യന്നൂരില്‍. ഒരുമണിക്കൂര്‍ യാത്രയേ ഉള്ളു… ഇങ്ങനെ ചിന്തിച്ചു കൂട്ടുകയല്ലാതെ എന്റെ ആയകലാത്തെ പ്രേമമൊക്കെ ഇവരോടു വിളമ്പേണ്ട വല്ല ആവശ്യവും എനിക്കുണ്ടോ!!
ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. വളരെ സുഭിക്ഷമായിത്തന്നെ കഴിഞ്ഞു. വെജും നോണും ഒക്കെയുണ്ടായിരുന്നു. ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് വെജിറ്റേറിയനാണ്. കഴിച്ചുകഴിഞ്ഞ ഉടനേ എല്ലാവരും പല കളികളിലായിട്ടേര്‍പ്പെട്ടു. ചെസ്സ്, ക്യാരംസ്… ഇങ്ങനെപോകുന്നു കളികള്‍. അല്പം സമയം കഴിഞ്ഞപ്പോള്‍ ഹാളില്‍ നിന്നും ഏതോ ഹിന്ദിപ്പാട്ടിന്റെ കാതടിച്ചുപോകുന്ന സൌണ്ട് കേള്‍ക്കാന്‍ തുടങ്ങി. അവിടെ ഡാന്‍സ് തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങോട്ടു ചെന്നു. “റെയിന്‍ ഡന്‍സ്” എന്നാണത്രേ അതിനുപറയുക. ഞാനാദ്യമായിട്ടാണിങ്ങനെ ഒരു ഡന്‍സിനെപ്പറ്റി കേള്‍ക്കുന്നതും കാണുന്നതും. സിനിമയിലൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ… മുമ്പൊരിക്കല്‍ ഒരു കൊടൈക്കനാല്‍ ട്രിപ്പില്‍ “ഫയര്‍ ഡാന്‍സി“നെ പരിചയപ്പെട്ടിരുന്നു. ഇത് അതിന്റെ മറ്റൊരുരൂപം ഡ്യൂപ്ലിക്കേറ്റായി മഴയുണ്ടാക്കി അതിനുകീഴെനിന്നും വൃത്തികെട്ട ശരീരചലനങ്ങളോടെ ആണുംപെണ്ണുമൊക്കെ ഒന്നിച്ചു തുള്ളുക, കൈകോര്‍ത്തുപിടിച്ച്‍ വട്ടത്തിലോടുക, കാലുതട്ടിയിട്ടെന്നപോലെ കെട്ടിമറിഞ്ഞുവീഴുക ഇതൊക്കെയാണ് അവിടെ അന്നരങ്ങേറിയ ഈ “മഴനൃത്തം“.
ഞങ്ങളും അങ്ങോട്ടുചെന്നു. ഡാന്‍സ് തകര്‍ത്തു പെയ്യുകയാണ്. സൈഡില്‍ ചേട്ടന്‍മാരുടേയും ചേച്ചിമാരുടേയും പേക്കൂത്തുകളൊന്നും ശ്രദ്ധിക്കാതെ ഒരു നാലുവയസ്സുകാരന്‍ പയ്യനും ഡാന്സുകളിക്കുന്നുണ്ടായിരുന്നു. അവന്‍ അമ്മയെ തന്റെ ഡാന്‍സുകാണിച്ച് അവരെക്കൂടി കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്നു കര്‍ണകഠോരങ്ങളായിരുന്നു. ഡാന്‍സില്‍ മുറുകി ഓരോ ആളും വിഭ്രാന്തിയിലെന്നപോലെ ചലിക്കുകയാണ്.
വിഷമത്തോടെ എനിക്കുകാണേണ്ടിവന്നു; ആ ചടുലതാളപ്പുളപ്പില്‍, ചന്ദനക്കുറിതൊട്ടുവന്ന ആ മലയാളിത്തനിമയും നനഞ്ഞൊട്ടിയ വസ്ത്രവുമായി, ഉറയ്‍ക്കാത്ത ചുവടുകളോടെ ആള്‍ക്കൂട്ടത്തില്‍ മിന്നിമറയുന്നു. നടനവൈകൃതത്തിന്റെ കളിയരങ്ങില്‍ അവള്‍ ആടിത്തിമര്‍ക്കുകയാണ്. ആണുങ്ങളില്‍ ചിലര്‍ ബനിയനിട്ടിട്ടുണ്ട്. ചിലര്‍ ട്രൌസര്‍ മാത്രം. പെണ്‍കുട്ടികളിലധികവും ടീ ഷര്‍ട്ടുപോലുള്ള പേരറിയാത്ത എന്തൊക്കെയോ വസ്ത്രങ്ങളാണീട്ടിരിക്കുന്നത്. ചിലര്‍ക്കതുപേരിനുമാത്രം. മണിക്കൂറുകളോളം നീണ്ടുനിന്നു ആ പരിപാടി. അതുവെറുമൊരു റിഹേഴ്‍സല്‍ മാത്രമായിരുന്നുവത്രേ..! രാത്രി ഭക്ഷണത്തിന്റെ സമയത്താണ് ശരിയായ ഡാന്‍സുവരിക. എന്തോ, അതുകൂടികാണാനുള്ള ഭാഗ്യമുണ്ടായില്ല. ഞങ്ങളുടേത് ഒരു വണ്‍ഡേ ട്രിപ്പായിരുന്നു. ഗൂഗിളെടുത്ത് guhantara bangalore എന്നു സേര്‍ച്ചുചെയ്താല്‍ നിങ്ങള്‍ക്കുകാണാവുന്നതാണ് ആ റിസോര്‍ട്ടിന്റെ വിശദവിവരങ്ങള്‍, ചിത്രങ്ങള്‍ സഹിതം.
അന്നു നിര്‍ത്തിയതാണെന്റെ മലയാളച്ചന്തം തേടിയുള്ള തെരച്ചില്‍. ഈയിടെ കമ്പനിയില്‍ പുതിയതായി വന്ന ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് “ദാ ഇദ്ദേഹത്തിന് ആക്‍സഞ്ചറിലൊരു പെണ്‍കുട്ടിയെ കണ്ടെത്താമോ” എന്നു ചോദിച്ചപ്പോള്‍ വീണ്ടുമോര്‍ത്തുപോയി ഞാനിതൊക്കെ.
ആരേയും കുറ്റപ്പെടുത്താനായിട്ടെഴുതിയതല്ല. നാടോടുമ്പോള്‍ അതിന്റെ നടുവില്‍ കൂടെ തന്നെ ഓടണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോകും. കൂടുകാരെവിളിച്ച് ഇടയ്ക്കിടയ്ക്ക് വീശിയില്ലെങ്കില്‍, ഫോറത്തില്‍ പോയി വായിനോക്കിയില്ലെങ്കില്‍ വിലകൂടിയ സിഗരറ്റുപാക്കുകള്‍ കൈയിലില്ലെങ്കില്‍ അവധിദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മണിവരെ കിടന്നുറങ്ങിയില്ലെങ്കില്‍ ഇതിനൊക്കെ സമാധാനം പറഞ്ഞു മടുത്തുപോകും. അതാണു ബാംഗ്ലൂര്‍…! വഴിപിഴച്ച ജന്മങ്ങളുടെ വിഴുപ്പുചാലായി ഇവിടെ വന്നെത്തുന്നവർ നിമിഷമ്പ്രതി മാറ്റിക്കൊണ്ടിരിക്കുന്ന നഗരം. നല്ലതേത്‍ ചീത്തയേതെന്നു തിരിച്ചറിയാനാവാതെ മാറിനിന്നുകാണുക മാത്രമേ എന്നേപ്പോലുള്ളവര്‍ക്കു വിധിച്ചിട്ടുള്ളൂ… അതിനും അതിന്റേതായൊരു രസമുണ്ട്!!
ഞാന്‍, ഒരു നാട്ടുമ്പുറത്തുകാരന്‍. അതികഠിനങ്ങളായ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ ഒന്നും വെച്ചുപുലര്‍ത്താത്ത ഒരു സാധാരണ മനുഷ്യന്‍. ഓരോ സൂര്യോദയവും ഓരോ മഹാത്ഭുതങ്ങളാണെനിക്ക്. നല്ലതിനുവേണ്ടി ആശിക്കുന്നു. നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാവരിലും നന്മയുണ്ടെന്നു കരുതുന്നു; സ്നേഹമുണ്ടെന്നു കരുതുന്നു, വിശ്വസിക്കുന്നു.
അറിയാനുള്ള ആഗ്രഹം ജന്മസിദ്ധമാണെന്നു തോന്നുന്നു. നല്ലതായാലും ചീത്തയായാലും ഒരക്ഷരം പോലും കളയാതെ വായിക്കും. പണമേറെ ചെലവിട്ടതു പുസ്തകങ്ങള്‍ക്കാണ്, പിന്നെ കടം കൊടുക്കാനും. കൊടുത്തതു പുസ്തകമാണെങ്കിലും പണമാണെങ്കിലും തിരിച്ചു കിട്ടിയതു വിരളമാണ്. സൗഹൃദത്തെ അതിയായി മാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇഷ്ടാനിഷ്ടങ്ങളെ ആരിലും അടിച്ചേല്‍പ്പിക്കാറില്ല. നല്ല സുഹൃത്തിനു മുന്നില്‍ എന്നുമൊരു കളിപ്പാട്ടമാണു ഞാന്‍. അതിലുണ്ടാവുന്ന നഷ്ടങ്ങള്‍ പോലും ചെറുപുഞ്ചിരിയാല്‍ മറക്കാനിഷ്‍ടപ്പെടുന്നു.
നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തില്‍ പോകാറില്ല; പ്രാര്‍ത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്റെരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നില്‍നിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാല്‍ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെന്‍ഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല.
22 വയസ്സുവരെ മാര്‍ക്സിസ്‍റ്റുകാരനായിരുന്നു. ഇപ്പോഴും നല്ല കമ്യൂണിസ്‍റ്റായി തുടരുന്നു. പക്ഷേ പിണറായിയുടെ കമ്യൂണിസത്തില്‍ വിശ്വാസം പോരാ. പാര്‍ട്ടിവിട്ടതങ്ങനെയാണ്. ജാതിയിലും മതത്തിലും പടുത്തുയര്‍ത്തുന്ന ഏതൊരു പാര്‍ട്ടിയോടും യോജിപ്പില്ല. ന്യൂനപക്ഷന്യായം പറഞ്ഞു പിളര്‍ന്നുപിളര്‍ന്നു വലുതാവുന്ന ഈര്‍ക്കിലിപ്പാര്‍ട്ടികളോടുമില്ല മമത. കൈയിട്ടുവാരുന്ന, കട്ടുമുടിക്കുന്ന രാഷ്‍ട്രീയക്കാരെ പണ്ടേ വെറുത്തുപോയി. അതുകൊണ്ടുതന്നെ വോട്ടുചെയ്യാറില്ല. വോട്ടുനേടി ജയിച്ചവന്‍ നാടിനെ കട്ടുമുടിക്കുമ്പോള്‍ ഉത്തരം മുട്ടി വായടച്ചുപിടിക്കേണ്ടല്ലോ. കട്ടുതിന്നുന്ന രാഷ്ട്രീയക്കാരനെ, സിനിമകളില്‍ സുരേഷ്‍ഗോപി എടുത്തിട്ടു പെരുമാറുമ്പോള്‍ എണീറ്റു നിന്നു കൈയ്യടിക്കാറുണ്ട്‍.
സദാ സന്തോഷപ്രദമാണു മനസ്സ്. അതുകൊണ്ടുതന്നെ അതിയായ സന്തോഷങ്ങള്‍ക്കു പ്രത്യേകസ്ഥാനം ലഭികാറില്ല. ദു:ഖങ്ങളും അല്പസമയത്തേക്കുമാത്രം. തെരുവില്‍ വിശന്നിരിക്കുന്ന മനുഷ്യനെ കണ്ടാല്‍ മനസ്സുലൊരു വിങ്ങലുണ്ട്‍. മൃഗങ്ങളെ കൊണ്ടു ജോലിചെയ്യിപ്പിക്കുമ്പോഴും വണ്ടികള്‍ വലിപ്പിക്കുമ്പോഴും മനസ്സിലൊരു തേങ്ങലുണരും.
തെരുവില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കു പണം കൊടുക്കാറില്ല. ലോട്ടറി ടിക്കറ്റു പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലേര്‍പ്പെടാറില്ല. സൈക്കിളോടിക്കാനറിയില്ല. വലിയില്ല, കുടിയില്ല. പ്രഷറില്ല, ഷുഗറില്ല. കൊളസ്‍ട്രോളില്ല. അസൂയയില്ല, പരിഭവമില്ല, പരാതികളുമില്ല.
ഏതൊരു സാഹചര്യവുമായി എളുപ്പം പൊരുത്തപ്പെടും. ക്ഷമ കുറവാണെങ്കിലും ക്ഷമിക്കാനറിയാം, മലയാളമൊഴിച്ച് മറ്റൊരുഭാഷയും നന്നായറിയില്ല. ഓർമ്മശക്തികുറവാണ്. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും കാണാതെ പറയാനാവില്ല. എവിടേയും ഇടിച്ചുകേറാനറിയില്ല. തര്‍ക്കങ്ങളില്‍ സ്ഥിരപരാചിതന്‍. കാല്‍ക്കുലേറ്ററില്ലാതെ കണക്കുകൂട്ടാനറിയില്ല. തെറ്റാതെ ഗുണനപ്പട്ടിക ചൊല്ലാനറിയില്ല. വേദഗണിതത്തിലൊക്കെ താല്പര്യമുണ്ടുതാനും.
സമയത്തിന്റെ വില മനസ്സിലാക്കുന്നു, അവസരങ്ങളെ മുതലാക്കുന്നു, എങ്കില്‍കൂടി ചിലതു നഷ്‌ടമാവുന്നു. നഷ്‌ടമായതിനെ കുറിച്ചു വേവലാതിപ്പെടാറില്ല. എന്നാല്‍ നഷ്‌ടസ്വപ്‌നങ്ങളെ താലോലിക്കുന്നു. കവിത കേള്‍ക്കും, ചിത്രം വരയ്‍ക്കും, സിനിമ കാണും, നടക്കാനിറങ്ങും, തളര്‍ന്നുറങ്ങും.
………………. ………………. …………. അല്പം കൂട്ടിച്ചേർക്കലുകൾ!!
ഇപ്പോൾ വിവാഹിതനാണ്; ഒരു മാലാഖക്കുഞ്ഞിന്റെ അച്ഛനുമാണ്.
വലിയും കുടിയുമൊന്നും ഇപ്പോഴും ഇല്ല; സൈക്കളോടിക്കാൻ ഇപ്പോഴുമറിയില്ല;
വായന കുറഞ്ഞു; ടൈംറ്റേബിൾ വെച്ച് വായിച്ചാൽ പോലും അതൊരു ചടങ്ങായി മൂന്നു ദിവസത്തിനകം മടക്കിവെയ്ക്കും.
മൊബൈൽ നമ്പർ ഒക്കെ ഇപ്പോൾ കാണാതെ പഠിച്ചിരിക്കുന്നു! യാത്രകൾ ഏറെ കൂടിയിരിക്കുന്നു.