Skip to main content

ഓര്‍മ്മകളുടെ ഓണം

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍

വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,

പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,

പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,

പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,

ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,

ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,

ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,

പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ ‘ണ്ടെന്നെ രക്ഷിക്കണേ
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,

എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍…

 
കവി: ബാലചന്ദ്രൻ ചുള്ളിക്കാട്

ഓണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍
മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ-
ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട
കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍
മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി
കിളിത്തട്ടുലഞ്ഞ കാലം
അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും
നിലാവിന്‍ ചിരിച്ചന്തമോണം…
മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്‍…

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

പൂക്കളും തേനും പഴങ്കണിച്ചന്തവും
കാട്ടിക്കൊതിപ്പിച്ചു സസ്യജാലം
പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള്‍
കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം
കുന്നിളം ചൂടിന്റെ തൂവാല തുന്നി
പതുക്കെ പുറം തലോടി
കോലാഹലങ്ങളില്‍ കോലായിലെ
കളിപ്പന്തിന്റെ താളവും കവടിയോടി

പൂവിന്നു പൂവിന്നു പൂവു തേടി
തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള്‍
പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം…

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം…

ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്‍-
സത്യത്തിളക്കമാണോണം
ഒരു വരിയൊലൊരുനിരയില്‍ ഒരുമിച്ചിരുന്നില-
ച്ചുരുളിലെ മധുരം നുണഞ്ഞതോണം….

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും…
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും,
പൂക്കള്‍ വിളിച്ചില്ല
പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ലാ
കിളിത്തട്ടുമില്ലാ
ഇലയിട്ട് മധുരം വിളമ്പിയില്ല…

എങ്കിലും
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും…
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം…

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം…

ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം…

കവിത: മുരുകൻ കാട്ടാക്കട

മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. പാക്കാർ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ വരികൾ സഹോദരൻ അയ്യപ്പൻ സ്വതന്ത്രമായി പരിഷ്കരിച്ചതാണ് ഈ കാവ്യമെന്ന് അക്കാദമിക് ഗവേഷകനായ അജയ് എസ് ശേഖർ പറഞ്ഞിരുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പണ്ടു കളക്റ്റ് ചെയ്ത് ജർമ്മനിയിലേക്കു കൊണ്ടുപോയ കൃതികളിൽ തന്നെ ഈ കൃതിയുണ്ടെന്ന് എഴുത്തുകാരനായ മനോജ് കുറൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും കൂടുതലായി തന്നെ അവ ലഭ്യമാണത്രേ… അതിലെ വരികൾ കാണുക:
മാബലി മണ്ണുപേക്ഷിച്ച ശേഷ
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
അക്കഥ കേട്ടോരു മാബലിയും
ഖേദിച്ച് തൻ്റെ മനസ്സുകൊണ്ട്…
മാവേലി മന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലോ – (സ്പെല്ലിങ്ങിൽ മാറ്റമുണ്ട് – ഇവിടെ അതു നിലവിലെ ലിപിയായി പരിഷ്കരിച്ചിട്ടുണ്ട്) എന്നൊക്കെയുള്ള വരികൾക്ക് അത്ര പഴക്കമുണ്ടെന്നു മനോജ് പറയുന്നു. ബ്രാഹ്മണഭോജനം കൊണ്ടാണു മനുഷ്യരെല്ലാം വലഞ്ഞതെന്ന കാര്യം ലഭ്യമാണവിടെ. തീർച്ചയായും കാലത്തിനു വേണ്ടതായ മോഡിഫിക്കേഷൻസ് സഹോദരൻ അയ്യപ്പനും വരുത്തിയിട്ടുണ്ടാവും എന്നു കരുതാം. ആ വരികൾ കാണാം:

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല

ചോറുകള്‍വച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല

ദല്ലാള്‍വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനിക വിഭാഗമില്ല
മൂലധനത്തിന്‍ ഞെരുക്കലില്ല

ആവതവരവര്‍ ചെയ്‌തു നാട്ടില്‍
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു

വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്‌ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്‍
ആലയം സ്ഥാപിച്ചിതന്നു മര്‍ത്ത്യര്‍

സൗഗതരേവം പരിഷ്‌കൃതരായ്‌
സര്‍വ്വം ജയിച്ചു ഭരിച്ചുപോന്നാര്‍

ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു

കൗശലമാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ
ശീര്‍ഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.

ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മര്‍ത്ത്യനെ മര്‍ത്ത്യനശുദ്ധനാക്കു-
അയിത്ത പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍ക്കേറി
തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും
സ്‌നേഹവും നാണവും കെട്ട രീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി.
സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി
നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തുനന്ദിയും ദീനകരുണ താനും
തിന്നു കൊഴുത്തിവര്‍ക്കേതുമില്ലസാധുക്കളക്ഷരം ചൊല്ലിയെങ്കില്‍
ഗര്‍വ്വിഷ്‌ഠരീ ദുഷ്‌ടര്‍ നാക്കറുത്തു

സ്‌ത്രീകളിവര്‍ക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ്‌ ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോര്‍ക്കൊക്കെയടിമപ്പട്ടു

എത്ര നൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേള്‍ക്ക നിങ്ങള്‍

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍.

സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ്‌ ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം

വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലിവാഴ്‌ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനംവരാതെയിരുന്നുകൊള്ളും.

ഓണവിശേഷം – ചില കെ. എസ്. ആർ. ടി. സി. കഥകൾ

Kerala State Road Transportഓണവും കെ. എസ്. ആർ. ടി. സി. സർവ്വീസും തമ്മിൽ പ്രത്യേകിച്ച് ചേർച്ചയൊന്നുമില്ലെങ്കിലും ഇന്നലെ ഓണദിനത്തിൽ നടന്ന സംഭവങ്ങൾ ഒത്തു വെച്ചപ്പോൾ അങ്ങനെ എഴുതാമെന്നായി! ഓണക്കാലത്ത് വീട്ടിലെത്തിയ നവാഥിതിയാണ് ആത്മിക – മഞ്ജുവിന്റേയും എന്റേയും മകൾ! (more…)

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ – കുടവയറാ!
ഓണത്തപ്പാ – കുടവയറാ!!
എന്നാ പോലും – തിരുവോണം?

നാളേയ്ക്കാണേ – തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ – കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി, കിച്ചടിയച്ചാറും!

ഓണത്തപ്പാ – കുടവയറാ
എന്നാ പോലും തിരുവോണം?

ഓണപ്പാട്ട്

ഇതാ ആ നല്ല പാട്ട്!! നമുക്കൊക്കെ ഒന്നിച്ചിരുന്ന് ഒന്നുകൂടെ ഇതു പാടാം!
അനല്പമായ ഗൃഹാതുരതയോടെ!!

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.

പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.

ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരിൽ.

ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.

നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.

കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.

വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.

മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.
 

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights