Skip to main content

പർട്ടിക്കാർക്കു പഠിക്കാൻ വീണ്ടും!

കേരളത്തിലെ പാർട്ടിക്കാർ പ്രത്യേകിച്ച് ഇടതുപക്ഷം കണ്ടുപഠിക്കേണ്ട ഹർത്താൽ!! ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനായിരുന്നില്ല; ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു! അവരുടെ വരും തലമുറയുടെ അരോഗ്യത്തിന്റെ പ്രശ്നമായിരുന്നു…

വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ധാരണയായി. ഇതോടെ വിളപ്പില്‍ശാല പഞ്ചായത്തില്‍ രണ്ട് ദിവസമായി നടന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. അതേസമയം സര്‍ക്കാര്‍ നടപടി പൂരോഗമിക്കുന്നതിന് അനുസരിച്ച് മാത്രമാവും നിരാഹാര സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്‍മാറുക. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്.
മാതൃഭൂമി വാർത്തയിലേക്ക്…

ഭൂതരായര്‍

പഴയകാല കേരളം - ഒരെത്തിനോട്ടം

ഒരാമുഖം

കേരളത്തിന്റെ പഴകാലത്തേക്കൊരു തിരിച്ചുപോക്ക്. സി.വി. രാമന്‍പിള്ളയുടെ ധര്‍മ്മരാജ, ചന്ദുമേനോന്റെ ഇന്ദുലേഖ, രാമവര്‍മ്മ അപ്പന്‍‌ തമ്പുരാന്റെ ഭൂതരായര്‍ എന്നീ നോവലുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കേരളശകലങ്ങളെ പെറുക്കിവെച്ച് പഴമയ്‌ക്കുതകുന്ന ആഖ്യാനശൈലിയില്‍ പുനരാവിഷ്‌കരിക്കാനുള്ളൊരു ശ്രമം. അതീവ ദുര്‍ഗ്രഹവും കഠിനപദപ്രയോഗങ്ങളാലും വ്യത്യസ്തമയ ആഖ്യാനരീതികളാലും വാക്യഘടനകളാലും സങ്കീര്‍ണമാണ്‌ മേല്‍സൂചിപ്പിച്ച നോവലുകള്‍. തമ്മില്‍ ഭേദം ഇന്ദുലേഖ തന്നെ. അത്ര ദുര്‍ഗ്രഹമാക്കാതെ എന്നാല്‍ ആ പഴമ നശിപ്പിക്കാതെ കേരളനാട്ടിന്‍പുറങ്ങളെ ഇവിടെ പുനാരവിഷ്‌കരിച്ചിരിക്കുന്നു…

അന്നത്തെ മലനാടെവിടെ ഇന്നത്തെ മലയാളമെവിടെ? എന്തോ കഥ! കാലം മാറിയതോടുകൂടി കോലം കീഴ്‌മേല്‍ മറിഞ്ഞു. നാടിന്റെ കിടപ്പും നാട്ടരുടെ നടപ്പും അന്നും ഇന്നുമായിട്ട് അത്രയ്ക്കുമാത്രം മാറിയിരിക്കുന്നു. നാടിന്റെ നാലതിരൊന്നേ മാറാതെ കണ്ടുള്ളൂ. മലയാളനാട് മലയാഴികള്‍ക്കു മധ്യത്തില്‍ തന്നെ. കേരളരാജ്യം കന്യാകുമാരി ഗോകര്‍ണപര്യന്തം ഇന്നും നീണ്ടുനിവര്‍ന്നു കിടക്കുന്നു. പക്ഷേ മൂവ്വാറു നൂറ്റാണ്ടു മുമ്പു മുടിഞ്ഞരുളിയ വീരമാര്‍ത്താണ്ഡപ്പെരുമാള്‍ മലനാടു കണ്ടെഴുതാന്‍ ഒന്നുകൂടി എഴുന്നെള്ളിയാല്‍ കാണുന്ന കാഴ്ചകള്‍ വിസ്തരിക്കാന്‍ കണ്ടവര്‍ പറഞ്ഞുകേള്‍ക്കുകതന്നെ വേണം. അത്രത്തോളം മാറിയിരിക്കുന്നു നാട്ടകത്തെ വട്ടങ്ങളും ചട്ടങ്ങളും. നാട്ടരുടെ ഉടുപ്പുമാറി, നടപ്പു മാറി. പരശുരാമക്ഷേത്രത്തിന്റെ അലകും പിടിയും മാറി.

നീര്‍പോകും ചാലുകള്‍ തീബോട്ടുകള്‍ നടത്തുന്ന പുഴകളായി. ആള്‍പോകും വഴികള്‍ തീവണ്ടികള്‍ പായുന്ന പാതകളും സാറാട്ടു പോകുന്ന വീഥികളുമായി. കുന്നു കുഴിയായി; മല മൈതാനമായി; കാടു നാടായി; നാടു നഗരമായി.

കോണ്‍ഗ്രീറ്റു പോയിട്ട് കൂരോടു മേഞ്ഞ പുരകള്‍ കേരളത്തിലന്നുണ്ടായിരുന്നില്ല. ഓലമേഞ്ഞ അരമനകള്‍ അരചരുടെ അവസ്ഥയ്‌ക്കൊരു കുറവും വരുത്തിയിരുന്നില്ല. വൈക്കോല്പ്പുരയില്‍ പാര്‍ത്തിരുന്ന വലിയവരെക്കുറിച്ച് കുറ്റവും കുറവും ആരു പറഞ്ഞിരുന്നില്ല. എട്ടുകെട്ടും നടപ്പുരയും തെക്കേക്കെട്ടുമാളികയുമായാല്‍ നാടിന്നുടയവന്റെ പെരുമയ്‌ക്കു പോന്നതായി. നാലുകെട്ടും പുരയും നാലുപേര്‍ കേട്ടാല്‍ നിരക്കാത്തതായിരുന്നില്ല. പദവിയില്ലാത്തവന്‍ പടിപ്പുര പണിതാല്‍ നാട്ടിലാകെ കൂട്ടവും കുറിയുമായി. പാമ്പിന്‍കാവും മുല്ലത്തറയ്‌ക്കല്‍ ഭഗവതിയും നടുമുറ്റത്തു തുളസിത്തറയും വടക്കിനിയിലോ പടിഞ്ഞാറ്റയിലോ പരദേവതയോ ഇല്ലാത്ത തറവാടുകള്‍ തറവാടുകളഅയിരുന്നില്ല. നാല്‍‌പ്പത്തീരടി നിലം വീതം നാടുതോറും കേരളത്തില്‍ കളരികള്‍ക്കായി ഉഴിഞ്ഞിട്ടിരുന്നു. നൂറ്റെട്ടു നാല്‍‌പ്പത്തീരടി നിലങ്ങള്‍ക്ക് ആശായ്‌മാസ്ഥാനം വഹിച്ചിരുന്ന പണിക്കന്മാരും കുറുപ്പന്മാരും കുടിവെച്ചിരുന്ന കാരണവന്മാര്‍ക്കും കുലദൈവങ്ങല്‍ക്കും കണക്കില്‍ കവി‌ഞ്ഞ് കുടിയിരിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാലോകര്‍ കുടിപാര്‍ത്തിരുന്ന ഇടങ്ങളില്‍ അമ്പലങ്ങളും ചിറകളും ചാലുകളും പുഴകളും പാടങ്ങളും അടിപരന്ന അരയാലുകളും മുടികുളിര്‍ത്ത മുല്ലമലര്‍ക്കാവുകളും ഒത്തിണങ്ങി ജലസൗഖ്യത്തേയും സ്ഥലസൗഖ്യത്തേയും ലോഭം കൂടാതെ നല്‍കിയിരുന്നു. ഒരിടത്തു പടനിലം മറ്റൊരിടത്ത് കൈനില, കോട്ട, കൊത്തളം, കഴിനിലം, കൂത്തുപറമ്പ്, നിലവാട്ടുതറ, പട്ടിണിപ്പുര മുതലായി രക്ഷയ്‌ക്കും ശിക്ഷയ്‌ക്കും വിനോദത്തിനും വിരോധത്തിനും ഉതകുന്ന സങ്കേതസ്ഥാനങ്ങള്‍ അന്നത്തെ നാട്ടുനടപടികളെ പ്രത്യക്ഷപ്പെടുത്തുന്ന ലക്ഷ്യങ്ങളായിരുന്നു.

ഗ്രാമസങ്കേതങ്ങള്‍ വിട്ടാല്‍ ഉള്‍നാടെന്നും പുറനാടെന്നുമുള്ള വ്യത്യാസം അത്ര കാര്യമായിരുന്നില്ല. അവിടങ്ങള്‍ ആള്‍പ്പെരുമാറ്റം കുറഞ്ഞും കാടുതോട്, കുണ്ടുകുഴി, കല്ലുകരടു കാഞ്ഞിയക്കുറ്റി, മുള്ളുമുരുട് മൂര്‍ഖന്‍പാമ്പ് മുതലായി വിജനസ്ഥലങ്ങള്‍ക്കു സഹജങ്ങളായ സാമഗ്രികളെക്കൊണ്ടു നിറഞ്ഞും കിടന്നിരുന്നു. മുന്നൂറ്റവര്‍, അഞ്ഞൂറ്റവര്‍, അറന്നൂറ്റവര്‍, ഒന്നുകുറേ ആയിരത്തവര്‍, അയ്യായിരത്തവര്‍ എന്നു തുടങ്ങി നാടുവാഴി പടത്തലവന്‍മാരുടേയും തളിയാതിരിമാരുടേയും ‘ചേവകം’ ഏറ്റും കൊണ്ടും നായാട്ടു നടത്തിക്കൊണ്ടും കാലക്ഷേപം കഴിച്ചുപോന്ന ‘കാവല്‍ച്ചങ്ങാതി’മാരുടെ കുടിയിടങ്ങളും അവര്‍ വില്ലു കുത്തി കണ്ണുറപ്പിച്ചു നില്‍ക്കുന്ന മാടുകളും മേടുകളും ഈ വിജനപ്രദേശങ്ങളില്‍ അവിടവിടെ കാണാമായിരുന്നു. ഓരോരോ ചേരിക്കാര്‍ പടയാളികളെ പാര്‍പ്പിച്ചിരുന്നതും കുറ്റിയും വാടയും ചേര്‍ത്തുറപ്പിച്ചിരുന്നതുമായ ‘ചേറ്റില്‍കൊട്ടിലുകളെ’ന്നും ‘പടക്കൊട്ടിലു’കളെന്നും പറഞ്ഞുവന്നിരുന്ന സങ്കേതങ്ങളും എതിരാളികളുടെ കയ്യേറ്റമുണ്ടാകാവുന്ന അതിരുകളില്‍ അങ്ങുമിങ്ങും കണ്‍റ്റിരുന്നു. മലമുകളിലുള്ള മരച്ചുവടുകളില്‍ അടക്കിവെച്ച തിളകിമറിഞ്ഞ പാറയുടെ നടുക്ക് കൂടിയ പങ്കും ഒളിഞ്ഞു കിടക്കുന്ന ശാസ്താവിന്റെ വിഗ്രഹങ്ങളും കിടന്നു പഴകിയ ചിരട്ട മുറികളും മലമൂടുകളിലും മലയോരങ്ങലിലും ശാസ്താങ്കാവുകളും സര്‍പ്പക്കാവുകളും മരങ്ങളുടേയും ചെടികളുടേയും വള്ളികളുടേയും ഉള്ളില്‍ മറിഞ്ഞും മറഞ്ഞും കുഴഞ്ഞും കിടക്കുന്നത് സുലഭമായിരുന്നു.

ദേശസഞ്ചാരത്തിനെന്നല്ല, ദേശം പകരുവാന്‍ തന്നെ, ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഇടുപടി ചാടിക്കടക്കണം, കറ്റമ്പ കേറിക്കടക്കണം, കല്ലും മുള്ളും നോക്കിച്ചവിട്ടണം, കുണ്ടനിടവഴിയില്‍ കുനിഞ്ഞു നടക്കണം, വരുന്നവര്‍ക്കൊക്കെ വഴിമാറിക്കൊടുക്കണം, വരമ്പത്തു വഴുക്കാതെ നോക്കണം, തോടു കവച്ചു കടക്കണം, ചാലു ചാടിക്കടക്കണം, പുഴ നീന്തിക്കടക്കണം, കുണ്ടിറങ്ങിക്കയറണം, കുന്നു കേറിമറിയണം. ഇങ്ങനെ യാത്രയ്‌ക്ക് ഏകദേശം ഒത്തതു തന്നെയായിരുന്നു അന്നത്തെ വാഹനങ്ങളും. തണ്ടില്‍ക്കേറി മലര്‍ന്നു കിടന്നാല്‍ തണ്ടെല്ലു നിവര്‍ത്തുവാന്‍ അമാലന്മാരുടെ അനുവാദം വേണം. മഴ പെയ്താല്‍ മുക്കാലും കൊള്ളാം; ദാഹമുണ്ടെങ്കില്‍ അതും തീര്‍ക്കാം. തണ്ടെടുത്തു മൂളിക്കുന്നവരുടെ കാലിടറാതെയിരുന്നാല്‍ വീഴാതെയും കഴിക്കാം. കുതിരയെ നടത്തുന്നതല്ലാതെ ഓടിക്കുവാന്‍ അഭ്യാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല. അപൂര്‍‌വം ചിലര്‍ക്കുമാത്രമേ ആനപ്പുറത്തുകേറാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. പടയ്‌ക്കു പോകുന്ന പ്രമാണികളും കിടാങ്ങളുമൊഴികെ ആരും ആള്‍‌ക്കഴുത്തില്‍ കയറുക പതിവും ഉണ്ടായിരുന്നില്ല.

ഗതാഗതത്തിനു സൗകര്യം ചുരുങ്ങിയിരുന്നതുപോലെതന്നെ പോക്കുവരുത്തിനുള്ള ആവശ്യവും അവസരവും കുറവായിരുന്നു. നാടുതോറും നടക്കേണ്ടുന്ന അത്യാവശ്യം ചാരപുരുഷന്‍‌മാര്‍ക്കും പടനായകന്‍‌മാര്‍ക്കും ആയിരുന്നു ഒഴിച്ചുകൂടാനാവാത്തത്. വിദേശീയരായിരുന്ന വ്യാപാരികള്‍ ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നതും ചന്ത വാണിഭം വിറ്റിരുന്നതും അഴിമുഖങ്ങള്‍ സമീപിച്ചുള്ള കടലോരങ്ങളിലും അപൂര്‍‌വം ചില പ്രധാനപ്പെട്ട ഗ്രാമസങ്കേതങ്ങളിലും മാത്രമായിരുന്നു. മാതേവപട്ടണത്തിലും മലങ്കരയിലും പൊന്നാനിവായ്‌ക്കലും വിദേശീയര്‍ ഏര്‍പ്പെടുത്തിയിരുന്ന ‘മണിഗ്രാമം’, ‘അഞ്ചുവര്‍ണം’ എന്നു തുടങ്ങിയ വ്യാപാരസംഘക്കാര്‍, മാമാങ്കം തുടങ്ങിയ മഹോത്സവങ്ങള്‍ പ്രമാണൈച്ചേ മലനാടിന്റെയുള്ളില്‍ കടന്ന് കച്ചവടത്തിനായി പെരുമാറാറുള്ളൂ. ഒരുപിടി പണവും മടിയിലിട്ട് നാറുന്നതും കീറുന്നതും കണ്ടതും കേട്ടതും കാണാത്തതും കേള്‍ക്കാത്തതും കൊള്ളുവാന്‍ ആണുങ്ങളും പെണ്ണുങ്ങളും പുരുഷാരം കൂടുന്ന ദിക്കുകളിലേ വിചാരിക്കാറും ഉള്ളൂ.

ജീവോ ജീവസ്യ ജീവനം

LIC People Hunting the public“മോനേ, ആ ചെക്ക് ഞാനവള്‍ക്ക് കൊടുക്കട്ടേ? അവളിന്നും വന്നിരുന്നു..”
ഞാനെന്തു പറയാന്‍, “ഓക്കേ, കൊടുത്തോ, ഈ പൈസ തിരിച്ചു കിട്ടാന്‍ പോവുന്നില്ല എന്നറിയാല്ലോ അമ്മയ്‌ക്ക്!” (more…)

തോന്ന്യാക്ഷരങ്ങള്‍

malayalam letters | മലയാളം അക്ഷരങ്ങള്‍

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്‌? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്‌ ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.

അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”

അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…

“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…

“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”

തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍‌മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍‌മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…

കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്‌. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍‌ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…

പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന്‌ തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…

പൊടുന്നനേ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലെ വരികള്‍ മനസ്സിലേക്കോടിയെത്തി:

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ –
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍‌മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!

അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍‌ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…

ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സം‌വൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍‌ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…

ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!

ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍‌ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്‌. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്‌. അവന്‍ മലയാളത്തെ സ്തുതിച്ചു…

പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

—————- * —————- * —————-

അല്പം അക്ഷരവിചാരം

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ്‌ ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.

സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ

  • അം
  • അഃ
  • സം‌വൃതോകാരം - ചന്ദ്രക്കല
  • മൊത്തം 19 എണ്ണം

വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ

  • ഖരം
  • അതിഖരം
  • മൃദു
  • ഘോഷം
  • അനുനാസികം
  • വര്‍ഗ്ഗം
  • കണ്ഠ്യം (കവര്‍ഗ്ഗം)
  • താലവ്യം (ചവര്‍ഗ്ഗം)
  • മൂര്‍ധന്യം (ടവര്‍ഗ്ഗം)
  • ദന്ത്യം (തവര്‍ഗ്ഗം)
  • ഓഷ്ഠ്യം (പവര്‍ഗ്ഗം)
  • മൊത്തം 25 എണ്ണം
  • മധ്യമം അഥവാ അന്തസ്ഥങ്ങള്‍
  • നാലെണ്ണം
  • ഊഷ്മാക്കള്‍
  • മൂന്നെണ്ണം
  • ദ്രാവിഡമധ്യമം
  • മൂന്നെണ്ണം
  • ഘോഷി
  • ഒരെണ്ണം
  • ല്‍
  • ന്‍
  • ണ്‍
  • ര്‍
  • ള്‍
  • ചില്ലക്ഷരങ്ങള്‍
  • അഞ്ചെണ്ണം
  • വിസര്‍ഗം
  • അനുസ്വാരം
  • വിരാമം
  • ി
  • ചിഹ്നങ്ങള്‍

ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന്‌ ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സം‌രക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.

കൂട്ടിവായിക്കാൻ

1) സ്വല്പം ലിപിചിന്തകൾ അഥവാ മലയാളം ലിപിവ്യവസ്ഥയുടെ ചരിത്രം

മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം

വിദ്യാഭ്യാസവകുപ്പിന്റെ വിഭവ ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന വിമര്‍ശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഔദ്യോഗിക മറുപടിയാണിത്.

സംഗമത്തില്‍ പുറത്തിറക്കിയ മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സി.ഡി പുറംചട്ട. ഇന്ത്യന്‍ വിക്കികളില്‍ ഇത്തരത്തിലുള്ള ഒരു സം‌രംഭം ആദ്യമായാണ്‌

വിക്കിപീഡിയ ആര്‍ക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്‌. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവര്‍ത്തകര്‍ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ്‌ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ്‌ നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവര്‍ത്തകര്‍ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കനുസരിച്ച് സന്നദ്ധപ്രവര്‍ത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാല്‍, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങള്‍ക്ക് നിഷ്കര്‍ഷിക്കുവാന്‍ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുര്‍ത്തിയാക്കിയിരിക്കണം എന്ന് ആരേയും നിര്‍ബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ ‌ സി.ഡി ക്കു വേണ്ട ലേഖനങ്ങള്‍ തെരഞ്ഞെടുക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സി.ഡി. യില്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

മലയാളം വിക്കിപീഡിയ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകള്‍ക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെടുന്നവരും മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും രീതിയില്‍ പക്ഷപാതപരമായ തിരുത്തലുകള്‍ ഉണ്ടായാല്‍ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ്‌ ഇതിന്റെ കാര്യനിര്‍വ്വണമെന്നത് ആര്‍ക്കും പരീക്ഷിച്ചറിയാവുന്നതാണ്‌. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കില്‍ ആര്‍ക്കും ഉചിതമായ തിരുത്തലുകള്‍ വരുത്തുകയോ സംവാദത്താളില്‍ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്‌. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ്‌ സ്വീകരിക്കേണ്ടത്.

ഒരു വിജ്ഞാനകോശം എന്ന നിലയില്‍ ഉള്‍പ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെന്‍സര്‍ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ്‌ സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയില്‍ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികള്‍ക്കും അദ്ധ്യപകര്‍ക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്‌ അത് സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കായുള്ള ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയത്. ഉറവിടം നല്‍കിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്‌. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.

2010 ഏപ്രില്‍ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയില്‍ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളില്‍ നിന്നു് മികച്ച 500-ഓളം ലേഖനങ്ങള്‍ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യന്‍ ഭാഷകളില്‍ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളില്‍ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജര്‍മ്മന്‍, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ ആണു് ഇതിനു് മുന്‍പ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തില്‍ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകള്‍ക്കും മാതൃകയായി തീര്‍ന്നു.

മലയാളം വിക്കിപീഡിയയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ്‌ സി.ഡിയില്‍ ഉള്‍ക്കൊള്ളിച്ചത്. ഈ ലേഖനങ്ങള്‍ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങള്‍ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.

സമകാലികപ്രസക്തിയുള്ള ലേഖനങ്ങള്‍ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ഞങ്ങള്‍ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങള്‍ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ്‌ ഇതിനുള്ള പ്രധാന കാരണം.അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രേംനസീര്‍ തുടങ്ങിയ ലേഖനങ്ങളില്‍ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികള്‍ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വര്‍ഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗര്‍‌ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള ആളുകള്‍ മലയാളം വിക്കിപീഡിയയില്‍ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:

  • മലയാളത്തില്‍ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
  • മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈന്‍ ആയി പരാമര്‍ശിക്കുന്നതിന്‌ ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈന്‍ ആയി പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
  • മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍; ഇതിലുള്ള 500 ലേഖനങ്ങളില്‍ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.

സി.ഡിയോടൊപ്പം ഞങ്ങള്‍ ചേര്‍ത്ത ബാദ്ധ്യതാനിരാകരണം എന്ന താളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.

  • ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കില്‍ നല്ലത്, ഇല്ലെങ്കില്‍ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങള്‍ നല്‍കുന്നുണ്ടെന്നു് ശ്രദ്ധിക്കുക.
  • വിജ്ഞാനകോശ ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവര്‍ത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാര്‍ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവര്‍ക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യില്‍ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉള്‍ക്കൊള്ളുന്നില്ല.
  • ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങള്‍, താങ്കള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിനാവശ്യമായ സേവനങ്ങള്‍ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരോ, ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങള്‍ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.

2010 ജൂലൈ 9 മുതല്‍ 11 വരെ പോളണ്ടില്‍ വച്ച് നടന്ന വിക്കിപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സമ്മേളനമായ വിക്കിമാനിയയിലെ ഒരു പ്രധാന ആകര്‍ഷമായിരുന്നു മലയാളം വിക്കിപീഡിയ സിഡിയും, സന്തോഷ് തോട്ടിങ്ങല്‍ എന്ന മലയാളം വിക്കിപ്രവര്‍ത്തകന്‍ അത് തയ്യാറാക്കാന്‍ വേണ്ടി നിര്‍മ്മിച്ച wiki2cd എന്ന സൊഫ്റ്റ്‌വെയറും. വിക്കിപീഡിയ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയില്‍‌സ് തന്റെ പ്രസംഗത്തില്‍ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാന്‍ വിക്കിപീഡിയകള്‍ നടത്തേണ്ടുന്ന ശ്രമം വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം വിക്കിപീഡിയ സിഡി കൈയ്യിലെടുത്തു കൊണ്ട് എനിക്ക് ഈ വിഷയത്തില്‍ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാന്‍ സന്തോഷമുണ്ടു് എന്ന് പറഞ്ഞ് സിഡി ഉയര്‍ത്തിക്കാട്ടി, മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം നടത്തിയ പ്രയത്നങ്ങളും പുറത്തുവിട്ടു. അവിടെ കൂടിയിരുന്നവരില്‍ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാര്‍ത്തയെ സ്വീകരിച്ചു.

മലയാളം കമ്പ്യൂട്ടിങ്ങില്‍ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികള്‍ (അതില്‍ ഭൂരിപക്ഷവും പ്രവാസി മലയാളികള്‍) മുന്‍‌കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.

എന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍

തെയ്യങ്ങള്‍ക്കൊരാമുഖം

ഒരു പാട്ടു കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/Kaliyattam_Ezhimalayolam.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

തെയ്യങ്ങള്‍… വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചായില്യവും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍‌മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൗകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ.

ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. ‘ദൈവം’ എന്ന വാക്കിന്റെ തദ്‍ഭവമാണു ‘തെയ്യം’. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ‌ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്.

വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്.

വണ്ണാന്‍, മലയന്‍, മാവിലാന്‍, ചെറവന്‍, വേലന്‍, പുലയന്‍, പരവര്‍, ചിങ്കത്താന്‍, പമ്പത്തര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. കാവുകളിലും ഹിന്ദുഭവനങ്ങളിലും വയലുകളില്‍ കെട്ടിയുണ്ടാക്കിയ തല്‍കാലിക മറകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിനു ‘കളിയാട്ട’മെന്നുപേര്. അസുരവാദ്യമായ ചെണ്ടയാണ് പ്രധാന വദ്യോപകരണം. മദ്ദളം, തകില്‍, കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.

തെയ്യം കെട്ടിയ വ്യക്തി കാവിന്റെ അല്ലെങ്കില്‍ പള്ളിയറയുടെ മുമ്പിലിരുന്ന് ആരാധനാമൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പാടുന്ന തോറ്റംപാട്ടാണ് ആദ്യചടങ്ങ്. തോറ്റംപാട്ടിലൂടെയാണ് ആ തെയ്യത്തിനാധാരമായ മൂര്‍ത്തിയുടെ പുരാവൃത്തം അനാവരണം ചെയ്യപ്പെടുന്നത്. ഇതൊരു തുകിലുണര്‍ത്തുപാട്ടാണ്. തോറ്റം പാട്ടിന്റെ പാരമ്യത്തില്‍ തെയ്യം ഉറഞ്ഞാടുന്നു. ചില തെയ്യങ്ങള്‍ഈ സമയത്ത് അഗ്നിപ്രവേശം നടത്തുന്നു. ഭക്തരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുന്ന ചടങ്ങാണ് ‘ഉരിയാടല്‍’ എന്നുപറയുന്നത്. ശേഷം തെയ്യത്തെ തൊഴുത്, അരിയും കുറിയും വാങ്ങിച്ചാല്‍ തെയ്യത്തിന്റെ പരിസമാപ്തിയായി. മുടിയെടുത്തുമാറ്റുന്ന ചടങ്ങോടെ തെയ്യം അവസാനിക്കുന്നു.

Verified by MonsterInsights