2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!
അടുത്തുതന്നെ കമ്പനിയും കമ്പനിയോട് ചേർന്ന് സക്ര വേൾഡ് ഹോസ്പിറ്റൽ ഉണ്ടായിരുന്നതും ഉപകാരപ്രദമായി. ചികിത്സിച്ചവരിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഡോ: സ്വരൂപ് ഗോപാൽ, ഡോ: സബീന റാവു, ഡോ: മനോഹർ എന്നിവരെയാണ്. ഡോക്ടർ സബീന റാവു വാട്സാപ്പിൽ വന്നു തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുരുന്നു, ഏറെ രസകരമായി തോന്നിയത് അവരോടും ഡോക്ടർ മനോഹറുമായുള്ള സംസാരമായിരുന്നു. സ്വരൂപ് ഗോപാലിനെ ഞാൻ കണ്ടതേ ഓർക്കുന്നില്ല.
കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.
2018 ഫെബ്രുവരി 6 ആം തീയ്യതി ഡോ: സ്വരൂപ് ഗോപാലിനെ വീണ്ടും കണ്ടു. ഡോ:സബീനാ റാവുവിന്റെ ആവശ്യപ്രകാരം കൊണ്ടുകൂടിയായിരുന്നു ഇതു നടന്നത്. ബോധമനസ്സോടെ ഞാനാദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുകയായിരുന്നു. ജപ്പനിലും മറ്റും യൂണിവേർസിറ്റികളിൽ ന്യൂറോളജിയെ പറ്റി ക്ലാസ്സെടുക്കാൻ പോകുന്ന വ്യക്തി കൂടിയാണു ഡോ: സ്വരൂപ് ഗോപാൽ. നന്നായി മലയാളം സംസാരിക്കാനറിയുന്ന വ്യക്തിയാണെന്നതായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്. കൃത്യമായ കാര്യങ്ങൾ അറിയാനായി EEG ടെസ്റ്റ് നടത്തുകയുണ്ടായി. അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം വിലയിരുത്താൻ ഇ.ഇ.ജി. ടെസ്റ്റിനാവുമെന്നും കൂടുതലറിയാൻ നല്ലതാണെന്നും പറഞ്ഞതിനാൽ ഇ.ഇ.ജി. ടെസ്റ്റ് നടത്തി. കുഴപ്പങ്ങൾ ഒന്നും തന്നെയില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.
ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്:
1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)
48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ 🙂
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.
2015 ഇൽ
മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്… ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു:
അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും… പുതുവത്സരാശംസകൾ ഏവർക്കും!!!
2016 ഇൽ
ആക്സിഡന്റ് നൽകിയ വിവിധ കലാപരിപാടികളുമായി 2016 തീർന്നുപോയി. എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ കണ്ടു അങ്ങനെയങ്ങനെ!! 2016 അവസാനമാസം ഡിസംബറോടുകൂടിയാണ് നോർമ്മലായി തീർന്നിട്ടുണ്ട് എന്നൊരു ബോധം എനിക്ക് വന്നതുതന്നെ! അതുവരെ കഴിവതും അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമിച്ചു… ഓ!! ഫെയ്സ്ബുക്ക് മറന്നു,, 2016 -ഇൽ അധികവും റിഷെയറിങായിരുന്നു കൂടെ കണ്ട പോസ്റ്റിങ്സിനൊക്കെ ലൈക്കും കൊടുത്തു. അങ്ങനെ മൊത്തം 173 പോസ്റ്റുകൾ ആ വർഷമുണ്ട്! സ്വന്തമായി ഒരക്ഷരം എഴുതാൻ പറ്റിയിയുന്നില്ല എന്നതാണു സത്യം. അവസാന മാസങ്ങളിൽ ഏകദേശം തിരിഞ്ഞുമറിഞ്ഞു ശരിയായി വന്നിരുന്നു. പ്രിയ സുഹൃത്തുക്കളും ഡോക്ടർ സബീന റാവുവും ഏറെ നിർബന്ധിച്ചോണ്ടിരുന്ന കാര്യവും ആയിരുന്നു ഇത്. വിക്കിപീഡിയയിലും ഫെയ്സ്ബുക്കിലും ഒക്കെ സജീവമാവാൻ ഡോകടർ സബീനാ റാവു എല്ലാ മാസവും നിർബന്ധിക്കുകായിരുന്നു. പുസ്തകങ്ങൾ വായിക്കാനും, ന്യൂസ് പേപ്പർ വായിച്ച് 5 ലൈനെങ്കിലും മഞ്ജുവിനോട് ദിവസവും വൈകുന്നേരം പറഞ്ഞുകൊടുക്കാനും ഒക്കെയായി ഡോക്ടർ ഉപാധികൾ നിരവധി വെച്ചിരിന്നു. മഹാകവി പിയുടെ നിത്യകന്യകയെ തേടി എന്ന പുസ്തകം ആ സമയത്ത് ഒരിക്കൽ കൂടി വായിച്ചു തീർക്കുകയുണ്ടായി.
2017 ഇൽ
ഇന്ന് മേയ് 3 ആം തീയ്യതി. ഇന്നേക്ക് ഈ വർഷം ഫെയ്സ്ബുക്കിൽ 207 പോസ്റ്റുകൾ ആയി. മാസങ്ങൾ ഇനിയും കിടപ്പുണ്ട്! ഇതിൽ റീഷെയറിങ് വളരെ കുറവുണ്ട്. 2016 പോലെ ഫെയ്സ്ബുക്കിനു മുമ്പിൽ ഇരിപ്പു കുറഞ്ഞു, പോസ്റ്റിങ് ഒക്കെ രാവിലെ മാത്രം ഒതുക്കി. അതുകൊണ്ടുതന്നെ റീഷെയറിങ് കണ്ടമാനം കുറഞ്ഞു. ഫ്രണ്ട്സ് ലിസ്റ്റ് 4999 ഇൽ നിർത്തി വെച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിൽ 1 വെച്ചിരിക്കുന്നത് ബോധപൂർവ്വമാ, റിക്വസ്റ്റ് അയക്കുന്നവർ അയക്കട്ടെ, അത്യാവശ്യമുള്ള ആളാണെങ്കിൽ ഒരാളെ കൊന്നുകളഞ്ഞ് ഇയാളെ സ്വീകരിക്കാമല്ലോ! 300 ഓളം ആൾക്കാർ അതുകൊണ്ടുതന്നെ റിക്വസ്റ്റു തന്നിട്ട് കാത്തിരിപ്പുണ്ട്. ഇടയ്ക്കൊക്കെ 100 ഓളം പേരെ കൊന്നുകളഞ്ഞ് (പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാത്തവരെയും, ഡ്യൂപ്ലിക്കേറ്റ് എന്നു തോന്നുന്നവരേയും മാത്രമേ ഒഴിവാക്കാറാള്ളൂ – അല്ലാതെ ജാതിയും മതവും രാഷ്ട്രീയവും വിഷയമാവാറില്ല) ഈ കാത്തിരിക്കുന്നവരിൽ നിന്നും പ്രൊഫൈലും പോസ്റ്റിങ്സും ഓടിച്ചു നോക്കി സ്വീകരിക്കും.
കലാപരിപാടികൾ
ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! 🙂 മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം… കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു.
നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.
ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.