Skip to main content

ഒരു തുള്ളി രക്തം

രക്തസാക്ഷികൾ അമരന്മാർ

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/oruThulliRaktham.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍!

ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍ അമ്പേ വരണ്ടതു മൂലം (more…)

പ്രണയം

love pranayam, സ്നേഹം, പ്രണയം
[ca_audio url=”https://chayilyam.com/stories/poem/pranayam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

പ്രണയം… അനാദിയാം അഗ്നിനാളം…
പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
ആത്മാവിലാത്മാവ് പകരുന്ന പുണ്യം
പ്രണയം…!

തമസ്സിനെ പൂനിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യമാക്കും (2)

താരങ്ങളായ് സ്വപ്നരാഗങ്ങളായ്
ഋതുതാളങ്ങളാല്‍ ആത്മദാനങ്ങളാല്‍
അനന്തതയെ പോലും മധുമയമാക്കുമ്പോള്‍
പ്രണയം അമൃതമാകുന്നു…
പ്രപഞ്ചം മനോജ്ഞാമാകുന്നു…
പ്രണയം…!

ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ (2)
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു…
വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു…
പ്രപഞ്ചം അശാന്തമാകുന്നു…
പ്രണയം… അനാഥമാകുന്നു…
പ്രപഞ്ചം… അശാന്തമാകുന്നു…

മധുസൂദനന്‍നായര്‍

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്!

നിഷേധിയായി അരാജകവാദിയായി സകലവിശേഷണങ്ങളെയും കാറ്റിൽ പറത്തി ഇവിടെ ഒരു കവി നടന്നിരുന്നു; കൂട്ടിൽ കയറാതെ കൂട്ടം തെറ്റി അയാൾ അലഞ്ഞു നടന്നിരുന്നു! തിരയൊടുങ്ങാത്ത കടലിരമ്പം പോലെ മൂളിച്ചയുള്ള കവിതകളിൽ അഗ്നി നിറച്ച് ശരികൾ (more…)

വാഴക്കുല – ചങ്ങമ്പുഴ

വാഴക്കുല - ചങ്ങമ്പുഴമലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.

മനതാരിലാശകൾപോലതിലോരോരോ

മരതകക്കൂമ്പു പൊടിച്ചുവന്നു.

അരുമക്കിടാങ്ങളിലൊന്നായതിനേയു –

മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ

മലയന്റെ മാടത്ത പാട്ടു പാടി.

മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ

മലയന്റെ മാടവും പൂക്കള് ചൂടി.

വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ്

വളരെപ്പണിപ്പാടു വന്നുകൂടി.

ഉഴുകുവാൻരാവിലെ പോകും മലയനു –

മഴകിയും — പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്

മറവി പറ്റാറില്ലവർക്കു ചെറ്റും .

അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ –

ലതു വേഗവേഗം വളർന്നുവന്നു ;

അജപാലബാലനിൽ ഗ്രാമീണബാലത –

ന്നനുരാഗകന്ദളമെന്നപോലെ !

പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് –

പ്പരവതാനിക്കുമേല് ചെന്നിരിക്കും .

പൊരിയും വയറുമായുച്ചക്കൊടുംവെയില്

ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്,

അവിടെയിരുന്നു കളിപ്പതു കാണ്കിലേ –

തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !

കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ –

‘ക്കരുമാടിക്കുട്ടന്മാർ’ മല്ലടിക്കും!

അതുകാൺകെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു –

മലിവിന്റെ നനവൊരു നിഴല് വിരിക്കും !

അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-

രവരുടെ സങ്കടമാരറിയാന് ?

അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ –

രവരുടെ പട്ടിണിയെന്നു തീരാന് ?

അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ –

ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന് ?

ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക –

ളിടമില്ലവർക്കൊന്നു കാലുകുത്താന് !

ഇടറുന്ന കഴല് വയ്പോടുഴറിക്കുതിക്കയാ –

ണിടയില്ല ലോകത്തിന്നവരെ നോക്കാന് .

ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ –

ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്റെ

മദിരോത്സവങ്ങളില് പങ്കു കൊള്ളൂ !

പറയുന്നു മാതേവന് : —- ” ഈ ഞാലിപ്പൂവന്റെ

പഴമെത്ര സാദൊള്ളതായിരിക്കും !”

പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു

പരിഹാസഭാവത്താല് തേവനോതി :

” കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ

കൊതിയന്റെ നാക്കത്തു വെള്ളം വന്നു !”

പരിഭവിച്ചീടുന്നു നീലി : ” അന്നച്ചന –

തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും .”

” കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !”

കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !

അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി –

ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :

” പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി

പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !”

” അതുകാണാമുവ്വെടി ചൂരപ്പഴാ നെന –

ക്കതിമോഹമേറെക്കടന്നുപോയി !

ദുരമൂത്ത മറുതേ, നിന് തൊടയിലെത്തൊലിയന്നീ –

ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !…”

ഇതുവിധം നിത്യമാ വാഴച്ചുവട്ടില –

ക്കൊതിയസമാജം നടന്നു വന്നു .

കഴിവതും വേഗം കുലയ്ക്കണമെന്നുള്ളില് –

ക്കരുതിയിരിക്കുമാ വാഴ പോലും !

അവരുടെയാഗ്രഹമത്രയ്ക്കഗാധവു

മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴ കുലച്ചതു കാരണം

തിരുവോണം വന്നു പുലക്കുടിലില്

കലഹിക്കാന് പോയില്ല പിന്നീടൊരിക്കലും

കരുവള്ളോന് നീലിയോടെന്തുകൊണ്ടോ !

അവളൊരു കള്ളിയാണാരുമറിഞ്ഞിടാ –

തറിയാമവള്ക്കെന്തും കട്ടുതിന്നാന് .

അതുകൊണ്ടവളോടു സേവ കൂടീടുകി –

ലവനു,മതിലൊരു പങ്കു കിട്ടും.

കരുവള്ളോന് നീലി തന് പ്രാണനായ് , മാതേവന്

കഴിവതും കേളനെ പ്രീതനാക്കി .

നിഴല് നീങ്ങി നിമിഷത്തില് നിറനിലാവോലുന്ന

നിലയല്ലോ നിർമ്മലബാല്യകാലം !

അരുമക്കിടാങ്ങള് തന്നാനന്ദം കാണ്കയാ –

ലഴകിക്കു ചിത്തം നിറഞ്ഞുപോയി .

കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്

മലയനുമുള്ളില് തിടുക്കമായി .

അവരോമല്പ്പൈതങ്ങള്ക്കങ്ങനെയെങ്കിലു –

മവനൊരു സമ്മാനമേകാമല്ലോ .

അരുതവനെല്ലുനുറുങ്ങി യത്നിക്കിലു –

മരവയർക്കഞ്ഞിയവറ്ക്കു നല്കാന് .

ഉടയോന്റെ മേടയിലുണ്ണികള് പഞ്ചാര-

ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്,

അവനുടെ കണ്മണിക്കുഞ്ഞുങ്ങള് പട്ടിണി –

യ്ക്കലയണമുച്ചക്കൊടുംവെയിലില് !

അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ-

ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !

കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ –

കനകവിമാനത്തില് സഞ്ചരിക്കൂ .

മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ –

ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .

പ്രണത്തില് കല്പകത്തോപ്പിലെ, പ്പച്ചില –

ത്തണലിലിരുന്നു കിനാവു കാണൂ .

ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ –

യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .

അവർതൻ തലയോടുകള്കൊണ്ടു വിത്തേശ്വര –

രരമന കെട്ടിപ്പടുത്തിടട്ടേ .

അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ –

രവകാശഗർവ്വം നടിച്ചിടട്ടേ .

ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിന്റെ

പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !

മലയനാ വാഴയെ സ്പർശിച്ച മാത്രയില്

മനതാരില് നിന്നൊരിടിമുഴങ്ങി.

അതിനുടെ മാറ്റൊലി ചക്രവാളം തകർ –

ത്തലറുന്ന മട്ടിലവനു തോന്നി .

പകലിന്റെ കുടല് മാലച്ചുടുചോരത്തെളി കുടി –

ച്ചകലത്തിലമരുന്നിതന്തിമാര്ക്കന് !

ഒരു മരപ്പാവ പോല് നിലകൊള്ളും മലയനി –

ല്ലൊരു തുള്ളി രക്തമക്കവിളിലെങ്ങും !

അനുമാത്രം പൊള്ളുകയാണവനാത്മാവൊ –

രസഹനീയാതപജ്ജ്വാലമൂലം !

അമിതസന്തുഷ്ടിയാല് തുള്ളിക്കളിക്കയാ –

ണരുമക്കിടാങ്ങള് തന് ചുറ്റുമായി ;

ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ –

വലയംചെയ്തുലയുന്ന ലതകള് പോലെ .

അവരുടെ മിന്നിവിടർന്നൊരുരക്കണ്ണുക –

ളരുതവനങ്ങനെ നോക്കിനില്ക്കാന് .

അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല് ക –

ണ്ടവനന്തരംഗം തകർന്ന് പോയി .

കുലവെട്ടാന് കത്തിയുയർത്തിയ കൈയുകള്

നിലവിട്ടു വാടിത്തളർന്നുപോയി .

കരുവൊള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു

കരളിൽ തുളുമ്പും കുതൂഹലത്താല് .

അവളറിയാതുടനസിതാധരത്തില് നി –

ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള് .

മലയന്റെ കണ്ണില്നിന്നിറ്റിറ്റു വീഴുന്നു

ചില കണ്ണീർക്കണികകള് പൂഴിമണ്ണില്

അണുപോലും ചലനമറ്റമരുന്നിതവശരാ –

യരികത്തുമകലത്തും തരുനിരകള് !

സരസമായ് മാതേവന് കേളന്റെ തോളത്തു

വിരല് തട്ടിത്താളം പിടിച്ചു നില്പൂ .

അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ –

ളണിയുന്നു കേളന്റെ കടമിഴികള് !

ഇരുൾ വന്നു മൂടുന്നു മലയന്റെ കൺമുമ്പി, –

ലിടറുന്നു കാലുകളെന്തു ചെയ്യും ?

കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്

ചതിവീശും വിഷവായു തിരയടിപ്പൂ !

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി –

ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?…

കുലവെട്ടി —- മോഹിച്ചു, മോഹിച്ചു, ലാളിച്ച

കുതുകത്തിന് കച്ചക്കഴുത്തു വെട്ടി ! —

കുല വെട്ടി — ശൈശവോല്ലാസകപോതത്തിൻ

കുളിരൊളിപ്പൂവല്ക്കഴുത്തു വെട്ടി ! —-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു

പരമസന്തുഷ്ടരായ്ക്കണ്മണികള് .

ഒരു വെറും പ്രേതംകണക്കതാ മേല്ക്കുമേല്

മലയന്റെ വക്ത്രം വിളർത്തുപോയി !

കുല തോളിലേന്തി പ്രതിമയെപ്പോലവൻ

കുറെനേരമങ്ങനെ നിന്നുപോയി !

അഴിമതി,യക്രമ,മത്യന്തരൂക്ഷമാ –

മപരാധം, നിശിതമാമശനിപാതം !

കളവെന്തെന്നറിയാത്ത പാവങ്ങള് പൈതങ്ങള്

കനിവറ്റ ലോകം , കപടലോകം !

നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം

നിസ്സഹായത്വം, ഹാ, നിത്യദുഃഖം !

നിഹതാനിരാശാ തിമിരം ഭയങ്കരം !

നിരുപാധികോഗ്രനിനിയമഭാരം ! —

ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ

പതിതരേ , നിങ്ങള്തന് പിന്മുറക്കാറ് ?

കുല തോളിലേന്തി പ്രതിമ പോലങ്ങനെ

മലയനാ മുറ്റത്തു നിന്നുപോയി .

അരുതവനൊച്ച പൊങ്ങുന്നതില്ല, ക്കരള്

തെരുതെരെപ്പേർത്തും തുടിപ്പു മേന്മേല് !

ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ

കുറെയക്ഷരങ്ങള് തെറിപ്പു കാറ്റില് :

” കരയാതെ മക്കളേ ….. കല്പിച്ചു … തമ്പിരാൻ …

ഒരുവാഴ വേറെ … ഞാൻ കൊണ്ടുപോട്ടെ !”

മലയൻ നടന്നു, നടക്കുന്നു മാടത്തി –

ലലയും മുറയും നിലവിളിയും !

അവശന്മാ,രാർത്തന്മാരാലംബഹീനന്മാ –

രവരുടെ സങ്കടമാരറിയാന് ?

പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും

പറയുവാനില്ലേ ? ഞാന് പിൻ വലിച്ചു !

എന്റെ ഗുരുനാഥന്‍

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍
താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;

ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍
ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം
കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍
ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍
ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, ‘അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല മടക്കാത്തൂ?’
ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍

പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം
ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍

ഹാ, തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ദ്ദര്‍ശിച്ചെന്നാല്‍
കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!
ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്‍
ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!
കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്‍വ്വതഗുഹാന്തരം!
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്‍മ്മകൃഷകന്റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്‍ഗുരോ!

തോലൻ

പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ്‌ തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് ‘കൊണ്ടൊഴിഞ്ഞാറ്’ എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ്‌ അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്‌. തോലൻ എന്ന പേര്‌ നാട്ടുകാർ നൽകിയതാണ്‌. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ, വേഷം, കൈമുദ്രകൾ, അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി ‘ആട്ടപ്രകാരം’ , ‘ക്രമദീപിക’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ‘മഹോദയപുരേശചരിതം’ എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം ഇതാണ്.
അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ…
(അരയന്ന നടയുള്ളവളേ, കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ…)

കവിതയിലെ കഥാനായിക ചക്കിക്ക് പക്ഷേ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ തുടങ്ങിയ വിളികൾ ഇഷ്ടപ്പെട്ടില്ലാത്രേ!! തോലൻ അതു കേട്ടപാടെ സംസ്കൃതശ്ലോകം ഉണ്ടാക്കിക്കൊടുത്തു. പാഠഭേദങ്ങൾ നിരവധിയുണ്ട്. എഴുതപ്പെട്ട അവലംബങ്ങൾ ഒന്നുമില്ലല്ലോ. ഇത് ചക്കിയെ അല്ല രാജ്ഞിയെ ആണ് വര്‍ണ്ണിച്ചത് എന്നും രാജ്ഞി തന്നെ ആഢ്യത്വം കാണിക്കാനായി മലയാളം പോരാ സംസ്കൃതം തന്നെ വേണം എന്നു പറഞ്ഞുവെന്നും കഥയുണ്ട്. രാജ്ഞി പിന്നീട് സംസ്കൃതസ്ലോകത്തിന്റെ ശ്ലോകത്തിന്റെ അര്‍ത്ഥം ഏഷണിക്കാര്‍ പറഞ്ഞുകൊടുത്താണത്രേ അറിഞ്ഞത്, അതോടെ രാജ്ഞി തോലന്റെ ശത്രുവായി എന്നും ഒരു പാഠഭേദം കേട്ടിട്ടുണ്ട്.

മറ്റൊരു മറുപക്ഷം പറയാം. ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങൾക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും ചക്കി കുമാരന്റെ കുതിരശക്തിയിൽ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേൽപ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിയ്ക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങൾ ഇഷ്ടപ്പെട്ടില്ലത്രേ! ഉടൻ തോലൻ ഒരു സംസ്കൃതശ്ലോകം ചമച്ചു. അതാണു ശേഷമുണ്ടായ സംസ്കൃതശ്ലോകം എന്നും പറഞ്ഞു വരുന്നു. ശ്ലോകമിതാണ്.

അർക്ക ശുഷ്കഫലകോമള സ്തനീ
ശർക്കരാ സദൃശ ചാരു ഭാഷിണീ
തന്ത്രിണീ ദല സമാന ലോചനേ
സിന്ധുരേന്ദ്ര രുചിരാ മലർദ്യുതേ!!

അതിസുന്ദരിയായി ചക്കിയെ ശുദ്ധ സംസ്കൃതത്തിൽ തോലൻ വർണിച്ചത് അവൾക്ക് അത്യധികം ഇഷ്ടപ്പെട്ടുവത്രേ! നമുക്കിവിടെ ചക്കിയെയെ രാജ്ഞിയായും എടുക്കാവുന്നതാണ്. വെയിലേറ്റു വാടിത്തളന്ന മുലകൾ ഉള്ളവളേ എന്നൊക്കൊ അർത്ഥം പറയേണ്ടി വരും ഇതിന് 🙂

തോലൻ ധാരാളം തമാശ കവിതകൾ എഴുതിയിട്ടുണ്ട്. പരമ ശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാശകലം തോലനെ ഏറെ പ്രശസ്തനാക്കി.
പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയാ
കോണച്ചേട്ടാഭിധനസ്യ
അർദ്ധാർദ്ധം പ്രണതോസ്മ്യഹം

വരി 1) ദന്തി എന്നാൽ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാൽ പല്ലി എന്നാലും ആന തന്നെ.
വരി 2) പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാൽ ഗംഗയാർ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
വരി 3) കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അർഥം കൽപ്പിക്കാം. ചേട്ടനെ അണ്ണൻ എന്നും പറയാം. അപ്പോൾ കോണച്ചേട്ടൻ എന്നു പറഞ്ഞാൽ മുക്ക് + അണ്ണൻ = മുക്കണ്ണൻ. ഇത് ശിവന്റെ ഒരു പര്യായമാണ്.
വരി 4) അർദ്ധം എന്നാൽ പകുതി. അർദ്ധാർദ്ധം എന്നാൽ പകുതിയുടെ പകുതി. അതായത് കാൽ . ഇവിടെ കാൽപാദം എന്നു അർദ്ധം കല്പിക്കാം.

എല്ലാം ചേർത്തു വായിക്കുകയാണെങ്കിൽ ആനയുടെ തോൽ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണൻ എന്നു പേരോട് കൂടിയവനും ആയവന്റെ കാൽ പാദത്തെ ഞാൻ വന്ദിക്കുന്നു എന്ന് അർത്ഥം വരും.

തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴികളായി കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകൾ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികൾക്കെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു. അത്തരം കഥകളിൽ ചിലത് ചുവടെ.

1) തോലനെ കേന്ദ്രീകരിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധമായ കഥയാണിത്. തോലൻ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കൽ തോലൻ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ ചക്കി എന്നു പേരായ സ്ത്രീ പത്തായത്തിൽ നിന്ന് നെല്ല് മോഷ്ടിക്കാൻ തുനിയുകയും ഇത് മനസ്സിലാക്കിയ തോലൻ “പനസി ദശായാം പാശി” എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തിൽ , പാശം= കയർ; പാശി=കയറി) , ചെറുപ്പത്തിൽ തന്നെ തോലനിലുണ്ടായിരുന്ന നർമചിന്തക്ക് ഉദാഹരണമായി ഈ കഥ പറയപ്പെടുന്നു.

2) കേരളത്തിൽ കുറ്റം തെളിയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മുൻപു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിക്കുക , മുതലയുള്ള കടവിൽ നീന്തിക്കുക , വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തിൽ കൈയിടുവിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്‌.കുറ്റക്കാരനല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈ പൊള്ളുകയില്ല,മുതല പിടിക്കുകയില്ല,പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കൽ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവിൽ മറന്നുവെച്ച മോതിരം തോലൻ എടുത്ത് രാജാവിന്റെ വാളുറയിൽ ഇട്ടിരുന്നു. തോലൻ മോതിരം കട്ടു എന്ന ഒരു വാദത്തിനെതിരെ തിളച്ച എണ്ണയിൽ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാൻ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലൻ നിറഞ്ഞ സദസിൽ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയ ശേഷം എടുത്ത്കൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച് “ഇയാളാണ്‌ മോതിരം മോഷ്ടിച്ചത് , കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നു അതിനാൽ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാൻ കൈ മുക്കേണ്ടതില്ല ” എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അർത്ഥമില്ലായ്‌മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി.

ചക്കി കാരണമാണ് തോലനു ഭ്രഷ്ട് വന്നതെന്നു പിന്നീട് ചക്കിയെ തോലൻ ജീവിതപങ്കാളി ആക്കുകയുമായിരുന്നു എന്നും കഥകളുണ്ട്. പുരുഷാർത്ഥക്കൂത്തിൽ പലയിടത്തും ചക്കിയെ “ചെറുമി” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം. നാം അറിയുന്ന ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരോ ചാക്യാന്മാരോ ചെറുമ സ്ത്രീകളെ വിവാഹം കഴിക്കാറില്ല. ഇന്നത്തെ രൂപത്തിലുള്ള ജാതി വ്യവസ്ഥ രൂപപ്പെടുന്നതിനു മുൻപ് ഇങ്ങനെയൊക്കെയായിരുന്നു എന്നൂഹിക്കാം. നായർ, നമ്പൂതിരി, ചാക്യാർ എന്നീ ജാതിപ്പേരുകൾ പുരുഷാർത്ഥക്കൂത്തിൽ ഒരിടത്തും കാണുന്നില്ല. എന്നാൽ പൊതുവാൾ, വാര്യർ എന്നിവരെക്കുറിച്ച് പറയുന്നുണ്ടുതാനും. ഐതിഹ്യങ്ങളിൽ രാജാവ് ബൗദ്ധനായിരുന്നു എന്നും സൂചനയുണ്ട്. (പള്ളിബാണപ്പെരുമാൾ തന്നെ ആണ് ഇത് എന്നും).

കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല എന്നു കാണാം. ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതൽ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു. 12 ആം നൂറ്റാണ്ടോടു കൂടി ഇത് ശക്തമായി. തോലൻ 10 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന പറയുമ്പോൾ ഇവയ്ക്കിടയിൽ പോലും ശക്തമായ ബുദ്ധമതസ്വാധീനത്താലോ മറ്റോ ജാതിയത അത്രമേൽ ശക്തമല്ലെന്നു കാണാം.
ഉഡു രാജ മുഖി മൃഗ രാജ കടി; ഗജ രാജ വിലാസിത മന്ദ ഗതി; യതി സാ യുവതി ഹൃദയേ വസതി; ക്വ ജപ ക്വ തപ ക്വ സമാധി വിധി

വീണപൂവ്‌

1
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

2
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

3
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

4
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

5
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6
ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

7
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

8
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

9
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

10
“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

13
എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

15
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

16
ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

17
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18
ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19
പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

20
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

21
ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

23
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24
അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

25
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

26
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

27
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

28
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

30
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

31
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

32
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

34
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

36
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

37
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

38
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

40
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

41
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

രചന:കുമാരനാശാൻ

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

iraq bagdhad - war photo

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/bagdhad.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങൾ(2)

ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു

ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ(2)
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു

അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)
ഇതു ബാഗ്ദാദാണമ്മ..(2)

തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്

അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി

സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ..(2)

ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)

സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)

കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകൾ(2)
ഇതു ബാഗ്ദാദാണമ്മ..(2)

ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തിൽ
പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക

ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും

രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും

നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്

പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)

പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങൾ(2)
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ

മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)
ഇതു ബാഗ്ദാദാണമ്മ..(2)

ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം

ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)
അറബിക്കഥയിലെ ബാഗ്ദാദ്…(4)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/enthinnadheeradha.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

നാളെ നേതാക്കളായി മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ… (2)

നിങ്ങള്‍ പഠിക്കുവിന്‍… നിങ്ങള്‍ പഠിക്കുവിന്‍…
ആദ്യക്ഷരം മുതല്‍ മേലോട്ട് (2)

ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ,
ആജ്ഞാശക്തിയായി മാറീടാൻ… (3)

നാടു കടത്തപ്പെട്ടവരേ…
തടവിലടയ്ക്കപ്പെട്ടവരേ…
എന്നും അടുക്കളക്കുള്ളില്‍
കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ…
വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും
വന്ദ്യവയോധികരേ…

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ… (2)

പാര്‍പ്പിടമില്ലാത്ത പാവങ്ങളേ…
മഞ്ഞില്‍ കോച്ചിയിരിപ്പവരേ…
വിദ്യാശാലയും വിജ്ഞാനങ്ങളും
അന്വേഷിക്കുവിന്‍ കൂട്ടരേ… (2)

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ…
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…

ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങള്‍ സഖാക്കളേ… (2)

ഓരോ ചെറുചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ!!
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്? (2)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…(2)

ചൂടാതെ പോയ് നീ

എന്നെകിലും നീ അറിയാതെ പോയിട്ടുണ്ടോ നിന്നെ എത്രയോ ആഴത്തിൽ പ്രണയിച്ച ഒരു ഹൃദയത്തെ? ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പിടയുന്ന സങ്കടം മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ വരികളിൽ നീയുണ്ട്… ചിലപ്പോൾ ഞാനും… (more…)

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights