ഓണാഘോഷവുമായി ബന്ധപ്പെട്ട കഥ ഏവരുക്കും അറിയാം, നല്ലവനായ മാവേലിത്തമ്പുരാനെ അസൂയമൂത്ത ദേവഗണങ്ങൾ കുള്ളൻ വാമനൻ മുഖേന വഞ്ചനയിലൂടെ പാതാളത്തിലേക്ക് താഴ്ത്തിക്കളഞ്ഞു എന്നാണു കഥ. മലയാളമാസാരംഭമായ ചിങ്ങമാസത്തിലാണ് ഓണം. നാടുകാണാനെത്തുന്ന മാവേലിയെ വരവേൽക്കാനായി പുതുവേഷങ്ങളണിഞ്ഞ്, നാടിനെ തന്നെ അലങ്കരിച്ച് ജനങ്ങൾ ഉത്സവാഘോഷങ്ങളാൽ കാത്തിരിക്കുന്ന ചടങ്ങാണിത്. കാസർഗോഡ് ജില്ലയിലും ഓണാഘോഷം സമാനമായി തന്നെ ആചരിക്കുന്നുണ്ട്, കൂടെ മറ്റൊന്നുകൂടിയുണ്ട്. ഇന്ത്യ ഒട്ടാകെ നടക്കുന്ന ദീപാവലിയും പുരാതനകാലം മുതലേതന്നെ ആചരിച്ചു വരുന്നതും മഹാബലിയുടെ തിരിച്ചുവരവിൻ്റെ ആഘോഷം തന്നെയാണ്. നിലവിൽ കാസർഗോഡ് ജില്ലയിലും ബലീന്ദ്രനെ നാട്ടിലേക്ക് സ്വാഗതമരുളുന്ന ബലിപൂജയും ആരാധനയും നടക്കുന്നുണ്ട്. തുലാവത്തിലെ ദീപാവലി ദിവസം തന്നെയാണത്. കറുത്ത വാവു ദിവസമാണിതു നടക്കുന്നത്. പഴയ തുളുനാട്ടിൽ, ഇന്ന് കർണാടകയോടു ചേർന്നു പകുതിയോളം വരുന്ന കാസർഗോഡൻ പ്രദേശങ്ങളിലും ഉഡുപ്പി ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ഭാഗങ്ങളിലുമായിട്ടാണിത് നടക്കുന്നത്.
ദ്രാവിഡസംസ്കൃതിയെ തൂത്തെറിഞ്ഞ ആര്യവംശമേൽക്കോയ്മയുടെ കഥയാണിതു കാണിക്കുന്നത്. പണ്ടു തുളുനാടു ഭരിച്ചിരുന്ന പൊലീന്ദ്രനെന്നറിയപ്പെടുന്ന ബലീന്ദ്രമഹാരാജനെ കണ്ട് അസൂയപൂണ്ട ആര്യവംശജർ, മഹാവിഷ്ണുവിൻ്റെ സഹായത്താൽ മുനികുമാര വേഷത്തിൽ വന്ന് മൂന്നടി മണ്ണ് ദാനമായി ചോദിച്ചെന്നും ത്രിവിക്രമരൂപിയായ മഹാവിഷ്ണുവിൻ്റെ ചതിയിൽ പെട്ടുപോയ ബലൊയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്തിക്കളഞ്ഞു. ബലീന്ദ്ര, ബലിയേന്ദ്ര, ബോളിയേന്ദ്ര എന്നീ പേരുകളിലാണ് തുളുനാട്ടിൽ മാവേലിയറിയപ്പെടുന്നത്. ഭൂമിപുത്രനെന്ന പേരിൽ തന്നെ പ്രസിദ്ധനാണു മാവേലി. മാവേലിയെ തളയ്ക്കാൻ സവർണർ പലവട്ടം ശ്രമിക്കുന്നുണ്ട്. ആദ്യമായി ബലിയെ തളയ്ക്കാൻ പറഞ്ഞു വിടുന്നത് കലിയെയാണ്. അവർ പരാജയപ്പെട്ടു. കലിയുടെ വലതുകാൽ പൊൻ ചങ്ങലകൊണ്ടും വെള്ളിച്ചങ്ങല കൊണ്ട് ഇടം കാലും ഇരുമ്പുചങ്ങല കൊണ്ട് നടുവും ബന്ധിച്ച് മാവേലി കലിയെ ബന്ധസ്ഥനാക്കുന്നു. വാമനവേഷത്തിൽ മഹാവിഷ്ണുവന്ന് മാവേലിയെ ചതിച്ചതു പിന്നെയാണ്. മൂന്നടി മണ്ണ് നിനക്കെന്തിനാണെന്ന ചോദ്യത്തിന് വാമനൻ കൃത്യമായ ഉത്തരം കൊടുകുന്നുണ്ട്, ഒരടി സ്ഥലത്ത് വീടും ആലയും പണിത് കുളവും കിണറുമായി അവിടം കൃഷിസ്ഥലമാക്കുമെന്നും രണ്ടാമടിസ്ഥലത്ത് തെയ്യത്തിന് ആലയമുണ്ടാക്കി ഉത്സവം നടത്തുമെന്നും മൂന്നാമടി ബ്രാഹ്മണർക്കായി നീക്കി വെയ്ക്കുമെന്നുമായിരുന്നു വാമനൻ്റെ ഉത്തരം.
സമത്വ സുന്ദരമായിത്തന്നെ ഭരണയന്ത്രം തിരിച്ച ബലീന്ദ്രനോടുള്ള സ്നേഹവും വിശ്വാസവും ജനങ്ങൾ മറക്കാതെ പിൻതുടർന്നപ്പോളായിരിക്കണം ആര്യർ, ദ്രാവിഡജനതയ്ക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ബലീന്ദ്രസഹവാസം ഉറപ്പു നൽകിയത്. അന്നു വീടുകളിലേക്ക് സന്ദർശനത്തിനായി ബലീന്ദ്രരാജൻ എഴുന്നെള്ളുന്നു, അദ്ദേഹത്തെ സ്വീകരിച്ച്, പാട്ടുപാടി മനോഹരമാക്കി തിരിച്ചയകുകയാണിവർ ചെയ്യുന്നത്. അടിച്ചമർത്തപ്പെട്ടവൻ്റെ ഉയിർത്തെഴിന്നേൽപ്പിൻ്റെ നേർസാക്ഷ്യമാവുന്നു ഇവിടെ ബലീന്ദ്രൻ! കുത്തിനിർത്തിയ പാലക്കൊമ്പിൽ (പൊലീന്ദ്രംപാല) വെച്ച അലങ്കരിച്ച മൺവിളക്കുകളിൽ നെയ്ത്തിരി കത്തിച്ചാണ് കാസർഗോഡ് ജില്ലയിൽ ബലിന്ദ്രനെ ആരാധിക്കുന്നത്. തുലാവമാസത്തിലെ കറുത്തവാവു ദിനം മുതൽ മൂന്നുദിവസം മാവേലി നാടുകാണാനിറങ്ങാൻ അന്നു വരം ലഭിച്ചിരുന്നു. “മേപ്പട്ട് കാലത്ത് നേരത്തേ വാ” (അടുത്ത വർഷം നേരത്തേ തന്നെ വന്നേക്കണേ എന്ന്) എന്ന വായ്പ്പാട്ടുപാടി നാട്ടുകാർ ബലീന്ദ്രനെ പിന്നെ യാത്രയാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ദീപാവലിദിവസം ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളിലും ധര്‍മശാസ്താക്ഷേത്രങ്ങളിലും ഗംഭീരമായ ബലിപൂജ നടക്കുന്നുണ്ട്, ‘പൊലിയന്ദ്രം’ എന്നപേരില്‍ ആണിതു നടക്കുന്നത്. പാലമരത്തിൻ്റെ കൊമ്പുകള്‍ കൊണ്ടുവന്ന് വീട്ടിൽ പടിഞ്ഞാറ്റയുടെ നേരേ മുന്നില്‍ മുറ്റത്തും കിണര്‍, തൊഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപിച്ചശേഷം പൂക്കള്‍കൊണ്ട് അലങ്കരിച്ച് വിളക്കുവെച്ച് ഭക്തിപുരസ്സരം പൊലിയന്ദ്രനെ (ബലീന്ദ്രനെ) വരവേല്‍ക്കുന്ന ചടങ്ങാണിത്. ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുള്ള കന്നഡ മാതൃഭാഷയായിട്ടുള്ളവര്‍ ഈ ചടങ്ങിനൊപ്പം ‘ബലീന്ദ്രസന്ധി’യെന്ന പാട്ടുപാടി നൃത്തംചെയ്യുന്നു. ‘അല്ലയോ ബലി മഹാരാജാവേ, ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലുകള്‍ കടന്ന് അങ്ങ് വന്നാലും, ഞങ്ങളുടെ സത്കാരം സ്വീകരിച്ചാലും’ എന്ന പ്രാര്‍ഥനയാണ് ഈ പാട്ടിലുള്ളത്.
കേരളത്തിൽ ഓണക്കാലമാണ് ഈ മഹാബലി വാമനദ്വന്തസങ്കല്പം കൊണ്ടാടുന്നതെന്നു പറഞ്ഞുവല്ലോ. കാസർഗോഡ് ജില്ലയിലും ഓണാഘോഷം അതേപോലെ നടക്കുന്നു, കൂടെ ദീപാവലിദിനത്തിൽ ബന്ധപ്പെട്ട് ബലീന്ദ്രനേയും പൊലീന്ദ്രനായി കണ്ട് ഭൂരിപക്ഷം അമ്പലങ്ങളിൽ ആഘോഷിക്കുന്നുണ്ട്. കാഞ്ഞങ്ങാടിനടുത്ത് കൊടവലം ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാബലി കണ്ട വാമനമൂർത്തിയായ വിഷ്ണുവിൻ്റെ ത്രിവിക്രമ രൂപം തന്നെയാണ്. കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ നിന്നും കോട്ടപ്പാറയിൽ നിന്നും അടുത്താണു കൊടവലം. കൊടവലം ശിലാലിഖിതം ഉള്ളതും ഇവിടെ തന്നെയാണ്. എ.ഡി. 1020-ൽ ഭാസ്കര രവിവർമ്മൻ ഒന്നാമൻ സ്ഥാപിച്ച ശാസനമാണിത്. ഇന്നത്തെ കൊടുങ്ങല്ലൂർ (മഹോദയപുരം) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന പെരുമാൾ രാജവംശത്തിലെ ഭാസ്‌കരൻ രവിവർമന്റെ കല്പനയാണിതിൽ എഴുതി വച്ചിട്ടുള്ളത്. ബ്രഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് ഇവിടെ കല്പന എഴുതി വെച്ചിരിക്കുന്നത്. തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും ആ പഴയ തുളുനാട്ടുകാര്‍ ഇന്നും ആഘോഷം കൊണ്ടാടുന്നു. കൊടവലത്തിനു തൊട്ടടുത്താണ് ഇരിയയ്ക്കു സമീപം പൊടവടുക്കം ഗ്രാമം, പൊടവടുക്കത്തും ഇന്നും ബലീന്ദ്രപൂജ നടക്കുന്നുണ്ട് പൊലീന്ദ്രനെ വരവേൽക്കാനായി ഇവർ പാലമരം ഘോഷയാത്രയായി തന്നെ കൊണ്ടുവന്ന് കുഴിച്ചിടുന്നുണ്ട്.പൊലീന്ദ്രൻ വിളികൾ ചെറുവത്തൂരും പരിസരങ്ങളിലും ഒരിക്കൽ സമൃദ്ധമായിരുന്നു. കിണറ്റുകരയിലും തൊഴുത്തിനു മുമ്പിലും പടിഞ്ഞാറ്റയിലുമായി വിളക്കുതെളിയിച്ച് അരിയിട്ട് മാവേലിയെ സന്തോഷവാനാക്കി തിരിച്ചയക്കുന്ന ജനതയാണിത്. കീഴൂര്‍, പൊടവടുക്കം തുടങ്ങിയ ധര്‍മശാസ്താക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് അവര്‍ണരായ ജനങ്ങള്‍ ഒന്നുചേര്‍ന്ന് വലിയ പാലമരം കൊണ്ടുവന്ന് നാട്ടിയശേഷം പൊലിയന്ദ്രം ചടങ്ങ് നടത്തുന്നു. ശാസ്താവ് ബുദ്ധൻ തന്നെയാണ്. ശാസ്താക്ഷേത്രങ്ങളിലാണ് ഈ ബലിപൂജ നടക്കുന്നത് എന്നത് ഓണം ബൗദ്ധപാരമ്പര്യത്തിന്റേതാണ് എന്നതിനുള്ള ശക്തമായ തെളിവാണ്.
ആര്യാധിനിവേശക്കാലത്ത് കേരളത്തിലെ ബൗദ്ധജൈന ആരാധനാലയങ്ങള്‍ പരക്കെ പ്രസിദ്ധങ്ങളായ ഹിന്ദുക്ഷേത്രങ്ങളായി മാറിയതുപോലെ ഉത്സവങ്ങള്‍ക്കും രൂപമാറ്റംവന്നു. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്രബിന്ദു തൃക്കാക്കരയാണെന്നത് ഇന്നേവർക്കും അറിയാം. കേരളത്തിന്റെ രാജധാനിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള തൃക്കാക്കര പ്രസിദ്ധമായ ബൗദ്ധകേന്ദ്രമായിരുന്നു. 13ാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട തൃക്കാക്കരയിലെ ക്ഷേത്രം പിന്നെ ഉയരുന്നത് വാമനപ്രതിഷ്ഠയോടുകൂടിയാണ്. ഉത്തരേന്ത്യയിലെ മഹാബലിവര്‍ണനകള്‍ക്ക് ചരിത്രത്തിലെ പല ചക്രവര്‍ത്തിമാരുമായും സാദൃശ്യമുണ്ട്. കേരളത്തില്‍ അതു ചേരമാന്‍ പെരുമാളുമായി കൂടുതല്‍ ബന്ധപ്പെടുത്താം. കാസര്‍കോട് ഉള്‍പ്പെടുന്ന തുളുനാട് ഭരിച്ചിരുന്ന മഹാബലിയെ ചതിച്ച് തോല്പിക്കാന്‍ വിജയനഗര സാമ്രാജ്യത്തില്‍നിന്ന് രണ്ട് വാമനന്മാര്‍ വരുന്നതിന്റെ വിവരണമുള്ള ഒരു കാവ്യം തന്നെയുണ്ട്. വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ അവരുടെ മാവോതിയെന്ന രാജാവിനെ ദൈവം കടലില്‍ ചവിട്ടിത്താഴ്ത്തി രാജ്യം സ്വന്തമാക്കിയ പാട്ടും പ്രചാരത്തിലുണ്ട്. ദ്രാവിഡ – ബൗദ്ധപാര്യമ്പര്യത്തെ ചവിട്ടിത്താഴ്ത്തി മാധവസേവ ഊട്ടിയുറപ്പിച്ച കഥകളാണെവിടേയും പ്രധാനം. നമ്മൾ ആറുവരി മാത്രമായി കേട്ടുതഴമ്പിച്ച ഓണപ്പാട്ട് അവസാനിക്കുന്നതും അതു പറഞ്ഞുതന്നെയാണ്.
മാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവന്‍ നാടുവാണീടും കാലം
ആകവേ ആയിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
മാവേലിയോണം മുടങ്ങിയല്ലോ…
ദേവന്മാരുടെ അസൂയയും ധാര്‍ഷ്ട്യവുമാണ് വാമനന്റെ പിറവിക്ക് കാരണം. അല്ലാതെ മാവേലിയുടെ അഹങ്കാരമല്ല. മാവേലിയുടെ അഹങ്കാരം വെറും കെട്ടുകഥമാത്രം. അല്ലെങ്കില്‍ ഇത്രയും ജനം മാവേലിക്കായി കാത്തിരിക്കുമോ? വാമനനോ മാവേലിയോ ശരി എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ട്. അധികാരം നഷ്ടപ്പെടുന്നവര്‍ക്ക് വാമനനും ഗുണം ലഭിച്ച സാധാരണക്കാരന് മാവേലിയുമാണ് ശരി. കേരളത്തിൽ ഇന്നുള്ള വാമനമാർ ആരൊക്കെയാണെന്ന് തിരിച്ചറിയണം! അതുകൊണ്ടുതന്നെ നമ്മള്‍ പ്രചരിപ്പിക്കേണ്ടത് ദേവന്മാരുടെ ശരിയല്ല. കള്ളവും ചതിയുമില്ലാത്ത കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, ആപത്തില്ലാതെ ആഹ്ലാദത്തോടെ സമ്പല്‍സമൃദ്ധിയില്‍ കഴിയാനുള്ള സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ പറ്റുന്ന മാവേലിയെമാത്രം ആവണം. മാവേലിത്തമ്പുരാനെ കേരളജനതയെങ്കിലും മാറ്റി വരച്ചേ തീരൂ. മിത്തുകളുടെ പുനർവായന ഇന്നു കാലം ആവശ്യപ്പെടുന്നുണ്ട്. മിത്തുകൾ പോലും കവർച്ച ചെയ്ത് , മറ്റൊരു രൂപത്തെ എഴുന്നെള്ളിക്കാൻ പലഭാഗത്തു നിന്നും ശ്രമം നടക്കുന്ന കാലമാണിത്.
കേരളത്തിനു പുറത്തുള്ള ബലീന്ദ്രസങ്കല്പവും ദീപാവലിയുമായി ബന്ധപ്പെട്ടുതന്നെയാണ്. ദീപാവലിയുടെ നാലാം ദിവസമാണ് ബലി പാട്യമി, പദ്വ, വീരപ്രതിപദ അല്ലെങ്കിൽ ദ്യുതപ്രതിപദ എന്നൊക്കെ അറിയപ്പെടുന്ന ബലി പ്രതിപദ നടക്കുക. ദൈത്യരാജാവായ ബാലിയുടെ തിരിച്ചുവരവിന്റെ ആദരസൂചകമായി ഇതാഘോഷിക്കപ്പെടുന്നു. കാർത്തികമാസത്തിലെ ആദ്യദിനമാണിതു വരിക അതായത് ഒക്ടോബർ നവംബർ മാസങ്ങളിലായിട്ടാവും ഇതുവരിക; മലയാളമാസപ്രകാരം തുലാവത്തിലാവും. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അവരുടെ മാസക്രമപ്രകാരം ഇതു പുതുവത്സരദിനം കൂടിയാണ്. വിക്രം സംവത്(Vikram Samvat), ബെസ്തു വാരസ് (Bestu Varas), വർഷ പ്രതിപദ(Varsha Pratipada) എന്നൊക്കെ ഈ ദിനം അറിയപ്പെടുന്നു.
BCE രണ്ടാം നൂറ്റാണ്ടിലെഴുതിയ പതഞ്ജലിയുടെ അഷ്ടാധ്യായിൽ ബാലികഥ പരാമർശിക്കുന്നുണ്ട്. വേദകാലഘടത്തിൽ തന്നെ സുരാസുരയുദ്ധവിവരൺങ്ങളിൽ അസുരരാജാവായ മഹാബലി പ്രമുഖനാണ്. മഹാഭാരതം, രാമായണമ്മ് പ്രധാനപുരാണങ്ങളായ ബ്രഹ്മപുരാണം, കൂർമ്മപുരാണം, മത്സ്യപുരാണം ബലിചരിതം പരാമർശിക്കുനുണ്ട്. ബലിപ്രതിപാദം മഹാബലിയുടെ ഭൂമിയിലേക്കുള്ള വാർഷിക മടങ്ങിവരവിനെയും വാമനന്റെ വിജയത്തെയും അനുസ്മരിക്കുന്നു – വിഷ്ണുവിന്റെ നിരവധി അവതാരങ്ങളിൽ ഒന്നും, ദശാവതാര പട്ടികയിലെ അഞ്ചാമത്തെ അവതാരവുമാണ് വാമനൻ. മഹാബലി അടക്കമുള്ള സകല അസുരരാജാക്കന്മാരുടേയും മേൽ വിഷ്ണു നേടിയ വിജയം പ്രധാനമായിരുന്നു അന്ന്, മഹാബലി പരാജയപ്പെടുന്ന വേളയിൽ അദ്ദേഹം ഒരു വിഷ്ണുഭകതനും സമാധാനപ്രിയനും ദയാലുവും ആയ ഭരണാധികാരി ആയിരുന്നുവത്രേ. അതുകൊണ്ടാണ് മൂന്നടി മണ്ണു ചോദിച്ച് വിഷ്ണു ബലിയെ ചതിക്കുകയായിരുന്നു. അവസാനവേളയിൽ മഹാബലി ചോദിച്ച വരം അപ്പോൾ വിഷ്ണുകൊടുക്കുന്നുണ്ട്, അതുവഴി വർഷത്തിൽ ഒരിക്കൽ ഭൂമിയിലേക്ക് ഒരുദിനം മടങ്ങിവരാൻ അവസരം ലഭിക്കുന്നു. ഭാവിയിൽ മഹാബലിക്ക് ഇന്ദ്രനായി പുനർജ്ജനിക്കാനും കഴിയും.
മഹാബലി വിഷ്ണഭക്തനായ പ്രഹ്ലാദന്റെ പൗത്രനായിരുന്നു. നരസിംഹാവതാര സമയത്ത് വിഷ്ണു വധിച്ച ഹിരണ്യകശ്യപുവിൻ്റെ മകനാണു പ്രഹ്ളാദൻ. പ്രഹ്ളാദൻ്റെ അഭ്യർത്ഥന മാനിച്ചാണ് മഹാബലിക്ക് ഇങ്ങനെ സ്വന്തം ജനതയെ വർഷത്തിൽ ഒരിക്കൽ കാണാനുള്ള വരം ലഭിച്ചതെന്നും ഭാഷ്യമുണ്ട്. എന്തായാലും അന്നത്തെ ആര്യദ്രവിഡസംഘട്ടനത്തെ കൃത്യതയാർന്ന ഭാഷയിൽ ദേവാസുര യുദ്ധമായി കലാപരമായി വർണിക്കാനും തലമുറകൾ കൈമാറാനും കഴിഞ്ഞു എന്നതാണു സത്യം. ആറാം നൂറ്റാണ്ടിലെഴുതിയ വരാഹമിഹിരന്റെ ‘ബൃഹദ്‌സംഹിത’യില്‍ ശ്രീരാമന്‍, മഹാബലി എന്നീ വിഗ്രഹ നിര്‍മിതിയെക്കുറിച്ച് പറഞ്ഞശേഷമാണ് ശിവന്‍, ബുദ്ധന്‍, വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവരെ പ്രതിപാദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരുകാലത്ത് മാവേലിമന്നനെ വരവേൽക്കുന്ന ആഘോഷങ്ങൾ ഇന്ത്യമുഴുവൻ നടന്നിരുന്നു. തുലാമാസത്തിലെ അമാവാസിദിവസമായിരുന്നു അത്. ദ്രാവിഡ-ബൗദ്ധഅവർണസംഘല്പാധിഷ്ഠിതമായ ആ ചരിതം തന്നെയാണ് ദീപാവലിയിലൂടെ പറയാതെ പറയുന്നത്. കാലക്രമത്തിൽ സവർണാധിപത്യത്താൽ ഹൈജാക്ക് ചെയ്യപ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഈ ബലിത്തമ്പുരാൻ്റെ എഴുന്നെള്ളിപ്പ്. ഏഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധര്‍, മൈലാപ്പുരിലെ ഒരു ക്ഷേത്രത്തില്‍ തുലാം മാസത്തില്‍ നടക്കാറുണ്ടായിരുന്ന ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്‌കന്ദപുരാണത്തില്‍ ഏഴ് കടലുകള്‍ക്കപ്പുറത്തേക്ക് പറഞ്ഞുവിടുന്ന നേരത്ത് വിഷ്ണു, ബലിക്ക് കൊടുത്ത വാഗ്ദാനം ദീപപ്രതിപദ ദിവസം (ദീപാവലി) സ്വന്തംപ്രജകളെ കാണാന്‍ വരാമെന്നും പൂക്കളും വിളക്കുകളുംകൊണ്ട് ജനങ്ങള്‍ സ്വീകരിക്കുമെന്നുമാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ബറൂനി എന്ന സഞ്ചാരി, ദീപാവലി ബലിപൂജയാണെന്ന് ഉപന്യസിച്ചിട്ടുണ്ട്.
“കല്ല് കായാവുന്ന കാലത്ത് ,വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില് വയല്ക്കൂട്ടം നടക്കുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില് വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോഭൂമിപുത്രാ, ബലിയീന്ദ്രാ, നിനക്ക് തിരിച്ചു വന്നു നാട് ഭരിക്കാം.” വാമനൻ ബലീന്ദ്രനു കൊടുത്ത വരമാണിത്!
ഇങ്ങനെയൊരു നാൾ ഒരിക്കലും വരില്ലെന്ന ബോധമുള്ളവർ തന്നെയാണു നമ്മൾ. സത്യത്തിൽ, ഇങ്ങനെയല്ലെങ്കിലും അല്പം മികച്ചൊരു ഭരണാധികാരി വരാനായി കാത്തിരിക്കുന്ന ജനതയാണിന്നും കാസർഗോഡ് ജില്ലയിലെ ജനത!! ബലീന്ദ്രനെപോലൊരു മുഖ്യൻ എന്നെങ്കിലും കേരളം ഭരിച്ചാൽ മാത്രമേ കാസർഗോഡ് ജില്ലയുടെ അവസ്ഥ അല്പമെങ്കിലും ഭേദപ്പെടുകയുള്ളൂ – അത്രമേൽ ദരിദ്ര്യമാണിവിടുത്തെ വികസന പ്രക്രിയകൾ ഒക്കെയും. നല്ലൊരു ഡോക്ടറെ കാണാൻ മങ്ങലാപുരത്തേക്ക് എത്താതെ നിവൃത്തിയില്ലാത്ത അവസ്ഥ! പേരിനൊരു മെഡിക്കൽ കോളേജുള്ളത് ബോർഡറിലെവിടെയോ സ്ഥിതിചെയ്യുന്നുണ്ടത്രേ!!
സഹോദരൻ അയ്യപ്പൻ്റെ കവിതയിൽ നിന്നും ചിലവരികൾ:
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം
തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതിനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാൾവഴിക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനിക വിഭാഗമില്ല മൂലധനത്തിൻ ഞെരുക്കലില്ല
ആവതവരവർ ചെയ്തു നാട്ടിൽ ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയേവർക്കും സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?
കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ
സൗഗതരേവം പരിഷ്‌കൃതരായ് സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നീ ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശലമാർന്നൊരു വാമനനെ വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതിതന്റെ ശീർഷം ചവിട്ടിയാ യാചകനും.
അന്നുതൊട്ടിന്ത്യയധഃപതിച്ചു മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം! കൊല്ലുന്ന ക്രൂരമതവുമെത്തി
വർണ്ണവിഭാഗവ്യവസ്ഥ വന്നു മന്നിടം തന്നെ നരകമാക്കി
മർത്ത്യനെ മർത്ത്യനശുദ്ധനാക്കുമയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെമേലിൽക്കേറി തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും
സ്നേഹവും നാണവും കെട്ട രീതി മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻ വിയർപ്പു ഞെക്കി നക്കിക്കുടിച്ചു മടിയർ വീർത്തു
നന്ദിയും ദീനകരുണതാനും തിന്നുകൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു
സ്ത്രീകളിവർക്കു കളിപ്പാനുള്ള പാവകളെന്നു വരുത്തിവച്ചു
ആന്ധ്യമസൂയയും മൂത്തു പാരം സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം! പുറത്തുനിന്നുമെത്തിയോർക്കൊക്കെയടിമപ്പട്ടു
എത്ര നൂറ്റാണ്ടുകൾ നമ്മളേവം ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാമൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം നമ്മൾ വെടിയണം നന്മ വരാൻ.
വാമനനും മഹാബലിയും
നേപ്പാളിലെ ചങ്ങു നാരായണ ടെമ്പിളിൽ ഉള്ള ത്രിവിക്രമരൂപത്തിൽ ഉള്ള മഹാവിഷ്ണു മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പ്രതിമ
കർണാടകയിലെ ബദാമിയിൽ ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മൂന്നാമത് ഗുഹാക്ഷേത്രത്തിൽ കാണുന്ന് ശില്പമാണിത്. മഹാബലിയെ ത്രിവിക്രമരൂപിയായി മാറിയ മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിതാഴ്തുന്നതുതന്നെയാണിത്.
ബദാമിയിലെ മറ്റൊരു പ്രതിമ
ബദാമിയിലെ തന്നെ മറ്റൊരു പ്രതിമ