Skip to main content

വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍

Malayalam Wikidata, Wikipediaവിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. “വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍” എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയിൽ ഐ.ടി.@സ്കൂളിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്‍റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കുന്നു. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെയും (സി.ഐ.എസ്) ഇന്ത്യൻ വിക്കിമീഡിയ പ്രവർത്തകരുടെ ഔദ്യോഗികകൂട്ടായ്മയായ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റേയും കേരള സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതിയായ ഐ.ടി. അറ്റ് സ്കൂൾ( it@school) എന്ന സ്ഥാപനത്തിന്റേയും, മലയാളം വിക്കിസമൂഹം എന്നിവരുടെയും ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.

എന്താണു വിക്കിഡാറ്റ?

wikidata logo, malayalamമനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

300 ഓളം വിക്കിപീഡിയയിൽ പൊതുവായി വരുന്ന ഏതെങ്കിലും ഒരു കാര്യം, ഉദാഹരണത്തിന് ഇന്ത്യയുടെ പ്രസിഡന്റ്, കേരളത്തിന്റെ മുഖ്യമന്ത്രി, ഫിസിക്സിനു നോബൽ സമ്മാനം ലഭിച്ച വ്യക്തി തുടങ്ങിയുള്ള ഇടയ്ക്കിടേ മാറാവുന്നതും സ്ഥിരമായി നിൽക്കാവുന്നതുമായ എല്ലാ വിവരങ്ങളുടേയും ഒരു ഏകീകൃത ഡാറ്റാബെയ്സ് ആണിത്…

ഏതെങ്കിലും ഒരു വിക്കിപീഡിയയിൽ കാര്യകാരണ സഹിതം വിവിരം പുതുക്കപ്പെട്ടാൽ ആ ലേഖനം ഉള്ള ലോകത്തിലെ സകല വിക്കിപീഡിയകളിലും മാറ്റപ്പെടുന്ന രീതിയാണ് വിക്കിഡാറ്റയുടേത്. വിവിധ വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ് ആര്‍ക്കും സൌജന്യമായി ലഭ്യമാകുന്നതും ആര്‍ക്കും പുതുക്കാവുന്നതും തികച്ചും സ്വതന്ത്രമായി ലഭിക്കുന്നതും ആണ്.

വിക്കിഡാറ്റയുടെ ലക്ഷ്യങ്ങൾ

മറ്റു വിക്കികളിലേക്കുള്ള ലിങ്കുകളെ ക്രമീകരിക്കുക (‌Centralize interwiki links)
ഇൻഫോബോക്സുകൾ എല്ലാ വിക്കികൾക്കും ഒന്നുതന്നെയാക്കുക (Centralize infoboxes)
വിക്കി ഡാറ്റാബെയ്സിൽ നിന്നും മികച്ച വിവരശേഖരണത്തിനായി ഇടവരുത്തുക (Provide an interface for rich queries)
ആഗോള അറിവിന്റെ ഭണ്ഡാരമായി മാറുക (Structure the sum of all human knowledge)

അസഫ് ബാർട്ടോവ്

 അസഫ് ബാർട്ടോവ്
അസഫ് ബാർട്ടോവ്

വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ ആണ് അസഫ് ബാർട്ടോവ്. വിജ്ഞാന വിനിമയ രംഗത്ത് അന്തസാദ്ധ്യതകൾ തുറക്കുന്ന വിക്കി ഡാറ്റ വെബ്സൈറ്റിനെ (https://www.wikidata.org) കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അത് വികസിപ്പിക്കുന്നതില്‍ എപ്രകാരം പങ്കാളികളാകാം എന്നതിനെ കുറിച്ചുമാണ് വിക്കമീഡിയ ഫൌണ്ടേഷനിലെ അസഫ് ബാര്‍ട്ടോവ് മലയാളി വിക്കിമീഡിയന്മാരോട് സംസാരിക്കുക.

വികസ്വര രാജ്യങ്ങളിലെ വിക്കിമീഡിയാ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്ന അസഫ് മലയാളം വിക്കിമീഡിയ സംരംഭങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. മലയാളെ വിക്കിമീഡിയര്‍ക്കുള്ള പരിശീലനത്തിന് പുറമേ പൊതുജനങ്ങള്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ക്കുമായി വിക്കിഡാറ്റ പരിചയപ്പെടുത്തിയുള്ള പൊതുപരിപാടിയിലും അസഫ് പങ്കെടുക്കുന്നുണ്ട്. ഈ പരിപാടി 31 ആം തീയ്യതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് വൈകുന്നേരം മൂന്നുമണിക്കു നടക്കുന്നു.

വൈക്കം മുഹമ്മദ് ബഷീർ, മലയാളം വിക്കിപീഡിയ,മോഹൻദാസ് കരംചന്ദ് ഗാന്ധി,മദർ തെരേസ,ഡെങ്കിപ്പനി,എ.പി.ജെ. അബ്ദുൽ കലാം,കുമാരനാശാൻ,
കാളിദാസൻ,തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, മലയാളം,കേരളം,ഉള്ളൂർ എസ്. പരമേശ്വരയ്യർ,ചെറുശ്ശേരി,ഓണം,വള്ളത്തോൾ നാരായണമേനോൻ,ചന്ദ്രൻ, കഥകളി,വൈലോപ്പിള്ളി ശ്രീധരമേനോൻ, കവിത്രയം,ചാന്ദ്രദിനം,ഇന്ത്യ,സ്വയംഭോഗം,രാമായണം,വിവേകാനന്ദൻ,സുഗതകുമാരി,ശ്രീനാരായണഗുരു,എം.ടി. വാസുദേവൻ നായർ,ഔഷധസസ്യങ്ങളുടെ പട്ടിക,രബീന്ദ്രനാഥ് ടാഗോർ,ഒ.എൻ.വി. കുറുപ്പ്,ഓട്ടൻ തുള്ളൽ,അൽഫോൻസാമ്മ,ജവഹർലാൽ നെഹ്രു,പാത്തുമ്മായുടെ ആട്ദിലീപ്,ആഗോളതാപനം,ഇന്ത്യയുടെ സ്വാതന്ത്ര്യസമരം,ഇടശ്ശേരി ഗോവിന്ദൻ നായർ,ചന്ദ്രയാൻ-,ബാലചന്ദ്രൻ ചുള്ളിക്കാട്,തകഴി ശിവശങ്കരപ്പിള്ള,ചരക്കുസേവന നികുതി,ദശപുഷ്‌പങ്ങൾ,ഹെലൻ കെല്ലർ,മലയാളസാഹിത്യം,ബാല്യകാലസഖി,കമല സുറയ്യ,ചങ്ങമ്പുഴ കൃഷ്ണപിള്ള,ചെ ഗുവേര,ഇന്ത്യയുടെ ഭരണഘടന,അന്തരീക്ഷമലിനീകരണം,ഇസ്രയേൽ,മലാല യൂസഫ്‌സായ്, യോനി,വിക്കിപീഡിയ,മഹാഭാരതം,ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ,തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം,അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ലളിതാംബിക അന്തർജ്ജനം, പി.എൻ. പണിക്കർ,സിന്ധു നദീതടസംസ്കാരം,എസ്.കെ. പൊറ്റെക്കാട്ട്,രാമപുരത്തുവാര്യർ,ശങ്കരാചാര്യർ,കുമാരസംഭവം,മലയാളം അക്ഷരമാല,എയ്‌ഡ്‌സ്‌,മലയാളചലച്ചിത്രം,ഇന്ത്യാചരിത്രം,ഒ.വി. വിജയൻ,ചെറുകഥ,നീൽ ആംസ്ട്രോങ്,കഞ്ചാവ്,അഭിജ്ഞാനശാകുന്തളം,പ്രാചീനകവിത്രയം,പി. കേശവദേവ്,രാഷ്ട്രീയ സ്വയംസേവക സംഘം,മോഹൻലാൽ,ഭഗത് സിംഗ്,ലോക ജനസംഖ്യാദിനം,ഗണിതം,വിക്കിമീഡിയ കോമൺസ്,അഡോൾഫ്, ഹിറ്റ്‌ലർ, കവിത, കുഞ്ഞുണ്ണിമാഷ്, വിക്രമോർവശീയം, രഘുവംശം, ടി. പത്മനാഭൻ, നവരത്നങ്ങൾ, ഭാവന (നടി), വി.ടി. ഭട്ടതിരിപ്പാട്, മാളവികാഗ്നിമിത്രം, സ്മൃതിനാശം, ഋതുസംഹാരം, ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക, ഹിന്ദുമതം, മാമ്പഴം (കവിത), കേരളീയഗണിതം

വിക്കിപീഡിയ സംഗമോത്സവം അവലോകനം

malayalam wikipedia logoമലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.

സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.

പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.

അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.

ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.

സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.

പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.

പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.

ശ്രീ. അൻ‌വർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻ‌വർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.

മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.

മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.

ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.

  1. സംഗമോത്സവ ചെലവ്
    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
    #താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
    #പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
    #ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
    #ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
    #ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
    #രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
    #ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
    #വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ

28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.

വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.

രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.

യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺ‌ലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.

മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.

വിക്കിസംഗമോത്സവം 2013

വിക്കിസംഗമോത്സവം – 2013 | wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം
വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്

(more…)

പത്തു തികയുന്ന വിക്കിപീഡിയ

ഈ കഴിഞ്ഞ ഡിസംബർ 8, 9 തീയതികളിൽ അധികം ആരവങ്ങളോ ആഢംബരങ്ങളോ ഇല്ലാതെ കണ്ണൂർ ജില്ലയിലെ പാലയത്തുവയൽ യു. പി. സ്കൂളിൽ കുറച്ചുപേർ സമ്മേളിക്കുകയുണ്ടായി. സൈബർ ഇടങ്ങളിൽ പരിചിതരായ കുറച്ചുപേരായിരുന്നു ഇവർ. മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും മറ്റു പ്രധാന നഗരങ്ങളിലും നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായാണു് കണ്ണൂരിൽ പേരാവൂർ കേന്ദ്രീകരിച്ച് വിജ്ഞാനയാത്ര, വനയാത്ര എന്നീ പരിപാടികൾ സംഘടിപ്പിച്ചത്. (more…)

ആത്മാർപ്പണത്തിന്റെ വിജയഗാഥ

Wiki-vanayatra-team-members
ഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക്  ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു.

റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം പണ്ട്, പഴശ്ശിപ്പടയിലെ ആദിവാസി നേതാവായിരുന്ന തലയ്ക്കൽ  ചന്തു കുറിച്ച്യരെ സംഘടിപ്പിക്കാനും അയോധനകല പഠിപ്പിക്കാനുമായി പാളയം കെട്ടി താമസമുറപ്പിച്ചു വന്ന സ്ഥലമായിരുന്നുവത്രേ ഇത്. പാലയത്തുവയൽ എന്ന പേര് ബ്രിട്ടീഷുകാരാൽ തലയറ്റു വീണ ആ ആ ധീര യുവാവിന്റെ വീരസ്മരണയുണർത്തും. കുറിച്യർ ഏറെ അതിവസിക്കുന്ന സ്ഥലമാണിത്. മാറിമാറി വരുന്ന ഗവണ്മെന്റുകളുടെ അവഗണന മാത്രം ഏറ്റുവാങ്ങി കാടുകൾക്കിടയിൽ ആരോടും പരിഭവം പറയാതെ കഴിയുന്നു. അവർക്ക് കിട്ടേണ്ടതൊക്കെ ഇടനിലക്കാരും രാഷ്ട്രീയക്കാരും കൈക്കലാക്കുമ്പോൾ മണ്ണു പൊന്നാക്കി മാറ്റി അവർ ജീവിതമാർഗം കണ്ടെത്തുന്നു. പരിതാപകരമാണു പലരുടേയും അവസ്ഥ. അത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ ദിശാബോധം നൽകുകയാണിവിടുത്തെ അദ്ധ്യാപകർ.

പൊതുവേ മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുന്നവരാണ് കുറിച്യർ. ഭാഷ ഒരളവുവരെ പ്രശ്നമാണ്. ആൾക്കൂട്ടങ്ങളിൽ മാറിനിന്ന് അവർ മറ്റുള്ളവർക്ക് വഴിയൊരുക്കുന്നു. കുട്ടികളും അങ്ങനെ തന്നെ. ആ അന്തർമുഖത്വം മാറ്റി തങ്ങളും സമൂഹജീവികളാണെന്ന ദിശാബോധം വരും തലമുറയ്ക്കെങ്കിലും പകർന്നുകൊടുക്കാൻ ഒട്ടൊന്നുമല്ല ഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പൂർണമായ ഉത്തരവാദിത്വം അദ്ധ്യാപകർക്ക് വിട്ടുകൊടുത്ത് മാതാപിതാക്കളും ഒരു വൻ മാറ്റത്തിനു തയ്യാറെടുത്തിരിക്കുന്നു.  ജന്മസിദ്ധമായ അപകർഷതാബോധം കൊണ്ടും ആത്മവിശ്വാസക്കുറവും കൊണ്ടും പൊറുതിമുട്ടുന്ന ഈ കുട്ടികളെ മാറ്റിയെടുക്കാൻ അവർക്ക്  താല്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് ജയരാജൻ മാസ്റ്ററും മറ്റു അദ്ധ്യാപകരും പാഠ്യപദ്ധതിയൊരുക്കുന്നു.

എന്തൊക്കെയാണിവരുടെ പ്രവർത്തനങ്ങൾ എന്നു നോക്കാം; അതിനുമുമ്പ് സ്കൂളിനെ പറ്റി ഒന്നു പറയാം. സുന്ദരമാണാ സ്ക്കൂൾ. സ്കൂൾ വരാന്തയ്ക്കപ്പുറം ആരും ചെരുപ്പുപയോഗിക്കാറില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും ചെരുപ്പ് വെളിയിൽ വരാന്തയ്ക്കുമിപ്പുറം ഊരിവെയ്ക്കുന്നു. ഇതൊന്നും അറിയാതെ നേരെ കേറിച്ചെന്ന എനിക്ക് ക്ലാസ് റൂമിന്റെ വൃത്തികണ്ടപ്പോൾ അവിടെക്ക് ചെരിപ്പിട്ട് കയാറാൻ തോന്നിയില്ല എന്നത് സത്യം. നോക്കിയപ്പോൾ എല്ലാവരും ചെരുപ്പ് പുറത്ത് ഊരി വെച്ചിരിക്കുന്നതു കണ്ടു. ക്ലാസ് മുറിയിലും പുറത്തുമൊക്കെ പലപല കവിതാശകലങ്ങൾ എഴുതിവെച്ചിരിക്കുന്നു. സ്കൂളിനു പുറകുവശത്ത് അവരുടെ പച്ചക്കറി കൃഷി. ടോയ്ലെറ്റുകൾ കണ്ടാൽ പറയില്ല അവിടെ പഠിക്കുന്നത് യു. പി. സ്കൂളിലെ കുട്ടികളാണെന്ന് – ഞാൻ മുമ്പ് ഡിഗ്രി പഠിച്ച സെന്റ്. പയസ് ടെൻത് കോളേജിന്റെ ടോയ്ലെറ്റിനെ കുറിച്ച് ഓർത്തുപോയി!! എത്രമാത്രം വൃത്തിഹീനമായിരുന്നു അവിടെ. വൃത്തിയും വെടിപ്പും എല്ലാ തലത്തിലും സൂക്ഷിക്കുന്നുണ്ട് ഇവിടെ.

നാടിനെപറ്റിയും നാട്ടുകാരെ പറ്റിയും പ്രധാന അദ്ധ്യാപകൻ ശ്രീ. ജയരാജൻ മാസ്റ്റർ വിശദീകരിച്ചു തന്നു. ഒമ്പതു വർഷമായി ജയരാജൻ മാസ്റ്റർ അവിടെ എത്തിയിട്ട്. ഈ കാലം കൊണ്ട് അദ്ദേഹം മുൻകൈ എടുത്തു ചെയ്ത പരിപാടികളെല്ലാം തന്നെ ഗംഭീരമാണ്. പന്ത്രണ്ടു വർഷത്തോളമായി അവിടെ പഠിപ്പിക്കുന്ന നാരായണൻ മാസ്റ്ററും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരായ കുറിച്യരുടെ അദ്ധ്വാനശീലത്തെ കുറിച്ചും മറ്റും പറഞ്ഞുതന്നത് നാരായണൻ മാസ്റ്റർ ആയിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഓരോ കുട്ടിയും ക്ലാസിലെത്തുന്നത്. ഉയർന്ന കായികക്ഷമതയാണു കുട്ടികളുടെ പ്രത്യേകത. സ്പോർട്സ് ഇനങ്ങളിൽ വിവിധ തലങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടാൻ ഈ പ്രത്യേകത സ്കൂളിനെ ഒത്തിരി സഹായിക്കുന്നു. കഠിനാദ്ധ്വാനികളാണ് ഓരോരുത്തരും.

കുട്ടികൾ ഈ സ്കൂളിൽ സ്വന്തമായി ഒരു തപാൽ സംവിധാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. അതു വഴി അവർ പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകൾ നിരവിധിയാണ് ‍… അവരുടെ പരിഭവങ്ങൾ, കുസൃതികൾ, ആവശ്യങ്ങൾ, ക്ഷമാപണങ്ങൾ എല്ലാം അവർ ഇങ്ങനെ എഴുത്തിലൂടെ അദ്ധ്യാപകരെ അറിയിക്കുന്നു. അദ്ധ്യാപകരാവട്ടെ ഇതിനൊക്കെ തക്ക മറുപടിയും കൊടുക്കുന്നുണ്ട്. കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്. മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.

കുറിച്യ സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം ആണു മറ്റൊന്ന്. മനുഷ്യ പരിണാമത്തെ കാണിക്കുന്ന കൂറ്റൻ പേപ്പർ പൾപ്പ് പ്രതിമകൾ, ആദിവാസി മേഖലയിൽ നിന്നും ശേഖരിച്ച വിവിധ ആയുധങ്ങൾ, ഉപകരണങ്ങൾ, പഴയ ഒരു റേഡിയോ, കുട്ടികൾ ചിരട്ടയിലും മറ്റും തീർത്ത ശില്പങ്ങൾ, ചിത്രങ്ങൾ, ബിഷപ്പ് ബീൻസ് പോലുള്ള കൂറ്റൻ വിത്തുകൾ ആനയോട്ടി പോലുള്ള ഉപകരണങ്ങൾ എന്നിങ്ങനെ നിരവിധി സാധനങ്ങൾ അവിടെയുണ്ട്.

ജീവിത സാഹചര്യം കൊണ്ട് ടെലിവിഷൻ എന്നത് കേട്ടറിവു മാത്രമാകേണ്ടിയിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആ സ്കൂളിൽ നടത്തി വരുന്നുണ്ട്. അന്നന്നുള്ള പ്രധാന വാർത്തകളും, അവരുടെ ഡേറ്റുഡേ ആക്റ്റിവിറ്റീസും കടങ്കഥകളും ലോകകാര്യങ്ങൾ വിശദീകരിക്കുന്ന വേൾഡ് ടു ഡേ യും ഒക്കെ മിന്നിമറിയുന്ന കൊച്ചു ടിവി. വാർത്താ വായനക്കാരും അവതാരകരും കുട്ടികൾ തന്നെ. സ്റ്റൂഡിയോയിൽ നിന്നും ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങൾ എൽ സി ഡി ടിവി വഴി ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. അവതാരകരും റിപ്പോർട്ടർമാരും ഒക്കെ കുട്ടികൾ തന്നെ. വിഡിയോ ഏഡിറ്റിങിന് അദ്ധ്യാപകർ സഹായിക്കുന്നു. കോടികൾ കോഴകൊടുത്ത് ഒപ്പിച്ചെടുക്കുന്ന ആധുനിക പബ്ലിക് സ്കൂളുകളിൽ എവിടെ കാണും ഇത്രയ്ക്ക് സുന്ദരമായ ഒരു സ്മാർട്ട് ക്ലാസ് റൂം!!

ഇതുകൊണ്ടൊന്നും തീരുന്നതല്ല പാലയത്തുവയൽ സ്കൂളിന്റെ പ്രത്യേകതകൾ. കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ ഗണിത ലാബ് ഉണ്ടവിടെ.  പഞ്ചായത്തിന്റെ സഹകരണത്തോടെ ഗണിതശാസ്ത്രത്തിന്റെ  സിദ്ധാന്തങ്ങളുടെ രസകരമായ പഠനമാണ്  ഗണിതലാബിലൂടെ സാധ്യമാവുന്നത്. കുട്ടികളിൽ വല്ലാതെ പോക്ഷകാഹാര കുറവു കണ്ടപ്പോൾ അദ്ധ്യാപകർ മുങ്കൈ എടുത്ത്  വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍  ഫോർപ്ലാന്റ്  എന്നപേരിൽ നടത്തുകയുണ്ടായി. വള്ളിച്ചീര, മുരിങ്ങ, പപ്പായ, കാച്ചിൽ തുടങ്ങി നിരവധി ഭക്ഷ്യസാധനങ്ങൾ കുട്ടികളെ കൊണ്ട് അവരവരുടെ വീടുകളിൽ നടീപ്പിച്ചു. കാർഷിക വൃത്തിയാൽ കാലം കഴിക്കുന്ന അവരുടെ പിതാക്കളിൽ നിന്നും ഈ പരിപാടിക്ക് അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.  സ്കൂളിൽ നടത്തിയ ചമ്മന്തി മേളയെ കുറിച്ച് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. 35 -ഓളം ചമ്മന്തികളാണത്രേ അന്ന് കുട്ടികൾ അവിടെ തയ്യാറാക്കിയത്! നാട്ടുവൈവിധ്യങ്ങൾ ഒന്നൊന്നായി നശിക്കുന്നുവെങ്കിലും ഇത്തരം മേളകളിലെങ്കിലും അവ പുനർജ്ജനിക്കുകയും ഓർമ്മ പുതുക്കുകയും ചെയ്യുന്നു.

എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ്‌ മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌. വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതകേരളം പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടു സ്കൂളുകളിൽ ഒന്നാണീ സരസ്വതീക്ഷേത്രം. പത്ത് കമ്പ്യൂട്ടറുകൾ ഉള്ള ഒരു ലാബുണ്ട് ഇവിടെ, ഉടനേ തന്നെ ഇന്റർനെറ്റ് കണക്ഷൻ കിട്ടുമെന്ന് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. കുഞ്ഞുങ്ങൾക്ക് ഇന്റെർ നെറ്റ് വെച്ച് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യാൻ അദ്ദേഹത്തിനു കഴിയട്ടെ. മലയാളം വിക്കിപീഡിയയുടെ എല്ലാവിധ പിന്തുണയും സഹായസഹകരണവും ഞങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടാണു വന്നത്. വിളിച്ചാൽ ഏതു നിമിഷവും ഓടിയെത്താൻ ഞങ്ങൾ തയ്യാറാണെന്ന് ഒരിക്കൽ കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.

ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് പുറമേയുള്ള മറ്റു സ്കൂളുകളിലേക്ക് പോകേണ്ടിവരുന്നു. ഏറെ ശ്രദ്ധകിട്ടി വളർന്ന ഇവർ മറ്റു സ്കൂളുകളിൽ വല്ലാതെ അവഗണിക്കപ്പെടുന്നു. ദൂരവും അവഗണനയും ഒക്കെ കൊണ്ട് ഏഴാം ക്ലാസ് കഴിഞ്ഞ് പഠനം തുടരുന്നവർ വളരെ കുറച്ചാണ്. ആ സങ്കടം ജയരാജൻ മാസ്റ്ററിന്റെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. എത്രയും പെട്ടന്ന് ആ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയരട്ടെയെന്ന് ആശംസിക്കാനേ നമുക്കു പറ്റൂ! അവിടുത്തെ അദ്ധ്യാപരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകണമെങ്കിൽ അങ്ങനെ സംഭവിക്കണം.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

സ്കൂളിലെ തപാല്‍ സം‌വിധാനം

പാലയത്തുവയല്‍ യു.പി. സ്ക്കൂളിലെ കുട്ടികള്‍ തങ്ങളുടെ തപാല്‍ സം‌വിധാനം വഴി പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകള്‍… കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്.

 മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.

കുറിച്യ സമുദായത്തിലെ കുട്ടികള്‍ മഹാഭൂരിപക്ഷമഅയി പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം, കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ മാത്സ് ലാബ്, കുട്ടികള്‍ നടത്തുന്ന ടെലിവിഷന്‍ ചാനല്‍, വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ്‌ മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌.

തിരിച്ചറിവുകളുടെ വിജ്ഞാനയാത്ര

മലയാളം വിക്കിപീഡിയ പത്താം വാർഷികം – വിജ്ഞാനയാത്ര

malayalam-wikipedia-10th-anniversary
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികൾ വളരെ വിജയപ്രദമായിരുന്നു. 2012 ഡിസംബർ 8, 9 തീയതികളിലായി പാലയത്ത് വയൽ ഗവണ്മെന്റ് യു പി സ്കൂളിൽ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രണ്ട് വനിതാ വിക്കിപീഡിയർ അടക്കം 30 പേർ പങ്കെടുത്തു. വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നിങ്ങനെ രണ്ടുഭാഗമായിട്ടായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. ഡിസംബർ എട്ടിനു നടന്ന വിക്കി വിജ്ഞാനയാത്രയിൽ പ്രാദേശിക സാമൂഹിക ചരിത്രസംബന്ധിയായ വിവരങ്ങളുടെ ശേഖരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

പുരളിമല മുത്തപ്പൻ ക്ഷേത്രം

nagalinga-tree-at-puralimala
വിക്കിപീഡിയ വിജ്ഞാനയാത്രയുടെ ഭാഗമായി പേരാവൂർ ഭാഗത്ത് ചരിത്രപ്രാധാന്യമുള്ള ചില ക്ഷേത്രങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് വിക്കിപീഡിയനായ വിനയ് രാജും, പാല കാക്കയങ്ങാട് സ്കൂളിലെ മലയാളഭാഷാ അദ്ധ്യാപകനായ ഗഫൂർ മാഷും ചേർന്നായിരുന്നു. സംഗത്തിലെ മറ്റുള്ളവർ വിക്കിപീഡിയരായ വിശ്വപ്രഭ, സുഗീഷ് സുബ്രഹ്മണ്യം, മഞ്ജുഷ, പിന്നെ ഞാനും ആയിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢക്ഷേത്രമായ പുരളിമല മുത്തപ്പക്ഷേത്രത്തിൽ നിന്നുമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. കോലത്തുനാടീന്റെ ആത്മസാക്ഷാത്കാരമാണു മുത്തപ്പൻ തെയ്യം. പ്രത്യേകിച്ചും കുറിച്യസമുദായത്തിന്റെ കൺകണ്ട ദൈവം. സവർണബിംബങ്ങളെ ചുട്ടെരിച്ച് അധഃസ്ഥിതന്റെ കൂരകളിൽ വിപ്ലവത്തിന്റെ വിത്തുവിതച്ച പോയകാലത്തെ സമരനേതാവിനോടുള്ള ആരാധന നിത്യേന തെയ്യക്കോലമായി ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്നുണ്ട് പുരളിമലയിൽ. തിരു സന്നിധിയിൽ എത്തുന്നവർക്ക് എന്നും അന്നദാനം നടത്തിവരുന്ന ആ ക്ഷേത്രം ഏറെ സാമുഹികപ്രാധാന്യമുള്ള ഒന്നാണ്. അമ്പലമുറ്റത്ത് കൈലാസപതി (നാഗലിംഗമരം – Cannon ball tree) എന്ന വിശിഷ്ഠമായ മരം പൂക്കൾ വിരിയിച്ച് ഞങ്ങൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നതായി തോന്നി. സുഗീഷ് ചാഞ്ഞും ചരിഞ്ഞും പൂക്കളേയും കായ്ക്കളേയും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.

മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം

mrudanga-shyleswari-kshethram-muzhakkunnu
കേരളവർമ്മ പഴശ്ശിരാജാവിന്റെ കുടുംബക്ഷേത്രമായിരുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മൃദംഗശൈലേശ്വരീ ക്ഷേത്രം. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രവേലകൾ ചെയ്തുവരുന്ന തങ്കം എന്ന മാരാർ സ്ത്രീയിൽ നിന്നും കിട്ടിയ വിവരമായിരുന്നു ഇത്. ഞങ്ങൾ ചെല്ലുമ്പോൾ അമ്പലത്തിന്റെ ഒരു വശത്തായി പുറത്ത് നെല്ല് ഉണക്കാനിടുകയായിരുന്നു അവർ. അമ്പലം നടത്തിപ്പിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി അവർ സംസാരിച്ചു; പൊന്നുതമ്പുരാനായ കേരളവർമ്മ പഴശ്ശിരാജാവാന്റെ കുടുംബക്ഷേത്രമാണിതെന്ന് അഭിമാനത്തോടെ പറയുമ്പോൾ അവരുടെ കണ്ണുകളിൽ അഭിമാനത്തിന്റെ പൊൻതിളക്കം ഉണ്ടായിരുന്നു. ദുർഗാ ഭഗവതിയാണ് പ്രതിഷ്ഠ. അസമയത്തായിപ്പോയി ഞങ്ങൾ എത്തിയത്. ക്ഷേത്രമര്യാദകൾ പാലിക്കേണ്ടതുള്ളതിനാൽ പഴശ്ശിത്തമ്പുരാന്റെ പാദസ്പർശത്താൽ ഒരുകാലത്ത് പുളകം കൊണ്ട നാലമ്പലത്തിനകത്ത് കയാറാനായില്ല. നാശോന്മുഖമാണു പലഭാഗങ്ങളും. അമ്പലമുറ്റത്ത് വാളും പരിചയും ഏന്തിയ പഴശ്ശിത്തമ്പുരാന്റെ പൂർണകായ പ്രതിമ കാവലാളെ പോലെ നിൽപ്പുണ്ടായിരുന്നു. മമ്മുട്ടിയുടെ പഴശ്ശിവേഷം വിട്ട് മനസ്സിൽ യഥാർത്ഥ പഴശ്ശിരാജാവിന്റെ മുഖം വരച്ചു ചേർത്തപ്പോൾ അത്യധികമായ ആഹ്ലാദമായിരുന്നു. അമ്പലത്തിനകത്ത് പ്രവേശിക്കാനാവാതെ വലംവെച്ചു തിരിച്ചു വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ആ പഴയ കഥകളി വന്ദനശ്ലോകമായിരുന്നു. വഴിയിൽ വെച്ചുതന്നെ വിശ്വേട്ടനും വിനയേട്ടനും കൂടി ആ കഥകളി ശ്ലോകത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ സബ്ജക്റ്റല്ലാത്തതിനാൽ മിണ്ടാൻ പോയില്ല… എങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അത്:
മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുര്‍ഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുര്‍വ്വന്ത്വമീ മംഗളം…

ആറളം വന്യജീവി സങ്കേതം, എടത്തിൽ ഭഗവതിക്ഷേത്രം

aralam-farm - ആറളം വന്യജീവി സങ്കേതം
തുടർന്ന് നേരെ പോയത് ആറളം ഫാമിലേക്കായിരുന്നു. വൈവിധ്യമാർന്ന ഫലസംസ്യങ്ങളുടെ ഉല്പാദനവും വിതരണവും അവിടെ ഉണ്ട്, പ്ലാവിൻ തൈകൾക്കൊക്കെ 150 രൂപയോളം വില. വന്യജീവി സങ്കേതത്തിലേക്കൊന്നും സമയ പരിമിതി മൂലം പോയില്ല. ഫാമിനു നടുവിലുള്ള ഒരു ഹൈ സ്കൂൾ വരെ പോയി തിരിച്ചു വന്നു. വഴിയിൽ ഫാമിനടുത്തുള്ള കൃഷിയിടങ്ങളിലൂടെയും തേനീച്ച വളർത്തൽ കേന്ദ്രങ്ങളിലൂടെയും നടന്നു. അധിക സമയം അവിടെ നിന്നില്ല, ഞങ്ങൾ ഒരോ ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് തിരിച്ചുപോന്നു. വഴിവക്കിൽ സമീപത്തുള്ള എടത്തിൽ ഭഗവതിക്ഷേത്രത്തിൽ കയറാൻ മറന്നില്ല; വലിയ ചരിത്രപ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും അത്യധികായ ഒരു സാമൂഹിക കൂട്ടായ്മയുടെ നേർക്കാഴ്ചയാണത്രേ ആ ക്ഷേത്രത്തിലെ ഉത്സവങ്ങൾ. വർഷാവർഷങ്ങളിൽ നടന്നു വരുന്ന ഉത്സവത്തിന് അന്നാട്ടിലെ മുഴുവൻ ജനങ്ങളും എത്തിച്ചേരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വിദൂരത്തേക്ക് കല്യാണം കഴിച്ചു പുതിയ ജീവിതസാഹചര്യങ്ങളിൽ വ്യാപരിച്ചവരും ഒക്കെ അന്നേ ദിവസം മറ്റു തിരക്കുകൾ മാറ്റി വെച്ച് ഒത്തുചേരുകായാണിവിടെ – അമ്മയുടെ തിരുമുറ്റത്ത്. വിശേഷമെന്നു തോന്നിക്കുന്ന ചില നേർച്ചകൽ അവിടെ കണ്ടു, കാൽ, കൈ, തലയോട് എന്നിവയുടെ വെള്ളിരൂപങ്ങൾ നേർച്ചയായി സമർപ്പിക്കുന്നതാവണം എന്നു ഞങ്ങൾ ഊഹിച്ചു. പാല കാക്കയങ്ങാട് ഹൈസ്കൂളിലെ അദ്ധ്യാപകനായ ഗഫൂർ മാഷിന്റെ വിശദീകരണത്തിൽ ഞങ്ങളവിടെ എത്തിച്ചേരുന്ന ആൾക്കൂട്ടങ്ങളേയും കെട്ടിയാടുന്ന ഭഗവതിയേയും നേരിട്ടുകണ്ട പ്രതീതിയിൽ അനുഗ്രഹീതരായി. തെക്കു-വടക്കൻ സംവാദങ്ങളിലെ നിറസാന്നിധ്യമായ ചെമ്പകമരം തെക്കന്മാരായ വിശ്വേട്ടനേയും സുഗീഷിനേയും നോക്കി ചിരിച്ചുകൊണ്ട് അമ്പലമുറ്റത്ത് നിൽപ്പുണ്ടായിരുന്നു. എടത്തിൽ ഭഗവതിയോട് യാത്രപറഞ്ഞിറങ്ങി.

വാവലിപ്പുഴയോരത്തെ നാണുവാശന്റെ കളരി

kalari-nanu-aashan - നാണുവാശാന്റെ കളരിഅധികം ദൂരെയല്ലാതെയായിരുന്നു നാണുവാശാന്റെ കളരി. മനോഹരമായ വാവലിപ്പുഴയോരത്ത് പാലപ്പുഴയിൽ പഴശ്ശിരാജാവിന്റെ പേരിൽ തന്നെ കളരിത്തറ. തറനിരപ്പിൽ നിന്നും അല്പം താഴ്ത്തി, ഒരു മൂലയിൽ കളരി ദേവതയെ കുടിയിരുത്തിയിരിക്കുന്നു. പെൺകുട്ടികളടക്കം ധാരാള പേർ അവിടെ കളരി അഭ്യസിക്കുന്നു. ചുരിക, ഉറുമി, കത്തി, വടിപ്പയറ്റിനുതകുന്ന വിവിധതരം വടികൾ തുടങ്ങിയ അയോധനസാമഗ്രികൾ അവിടെയുണ്ടായിരുന്നു. നല്ല തണുപ്പായിരുന്നു അകത്ത്. കളരി തൈലങ്ങളുടെ വിവിധ കുപ്പികൾ അവിടവിടെ കാണപ്പെട്ടു. അവാച്യമായൊരു ശാന്തത ആത്മാവിലേക്കിറങ്ങി ചെല്ലുന്ന പ്രതീതി തോന്നി. ഞങ്ങൾ വാവലിപ്പുഴയോരത്തേക്കിറങ്ങി. പുഴ പകുതിയിലേറെ വറ്റി വരണ്ടിരിക്കുന്നു. നടുവിലായി ചില തുരുത്തുകൾ പോലെ കാണപ്പെട്ടു, മഴക്കാലത്ത് രൗദ്രതാണ്ഡവമാടി ആർത്തലച്ചു വരുന്ന വാവലിപ്പുഴയെ ഞാൻ മനസ്സാ നിരൂപിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ റബർ ഷീറ്റ് ഉറവെച്ച് അടിച്ചെടുക്കുന്ന മെഷ്യനും മറ്റും കണ്ടപ്പോൾ മഞ്ജുഷയ്ക്ക് അതൊക്കെ ആദ്യമായി കാണുന്ന കൗതുകം. കൈയിലെ രണ്ടുവിരലുകൾ മെഷ്യനകത്ത് പണ്ടെന്നോ കുടുങ്ങി ചതഞ്ഞരഞ്ഞതിന്റെ ധാരുണവേദന അയവിറക്കി സുഗീഷ് അവന്റെ ചതഞ്ഞ വിരലുകൾ കാണിച്ചു തന്നു. വിശപ്പ് മെല്ലെ പിടിമുറുക്കാൻ തുടങ്ങി. രാവിലെ വിനയേട്ടന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചർ ഒരുക്കിത്തന്ന ഇഡ്ഡലിയും സ്പെഷ്യൽ കോമ്പിനേഷനായ കപ്പയും തൈരും ഒക്കെ ആവിയായിപ്പോയിരിക്കുന്നു.
aralam-farm-kannurപേരാവൂരിലെ ഒരു ഹോട്ടലിൽ വെച്ച് സുഭിക്ഷമായ ഉച്ച ഭഷണം. തുടർന്ന് വൈകുന്നേരവും നാളെ മുഴുവനായും നടക്കുന്ന പരിപാടികളുടെ ആസൂത്രണത്തിലേക്ക് അല്പസമയം ഊളിയിട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് പോയി പാത്രങ്ങളെടുത്തു; ചായ വെയ്ക്കാനാവശ്യമായ പാൽ തുടങ്ങിയവയൊക്കെ വാങ്ങി വണ്ടിയിൽ വെച്ചു. സംഘാടനായ വിനയേട്ടന് തുരുതുരെ ഫോൺകോളുകൾ വന്നുതുടങ്ങി. അന്നത്തെ യാത്രകളിൽ ഞങ്ങൾ ഏറെ പ്രാധാന്യം കൊടുത്ത സ്ഥലത്തേക്ക് ഇനിയും എത്തിയിട്ടില്ല. തൊടീക്കളം ശിവക്ഷേത്രമായിരുന്നു അത്. തുടർന്നുള്ള യാത്ര അങ്ങോട്ടായിരുന്നു. രാത്രിയിലെ ഞങ്ങളുടെ ഒത്തു ചേരലിനു സാക്ഷ്യം വഹിക്കുന്ന കാനനമധ്യത്തിലെ പാലയത്തുവയൽ സ്കൂളിലേക്ക് തിരിയുന്ന ചങ്ങല ഗേറ്റ് എന്ന സ്ഥലവും കടന്ന് ഞങ്ങൾ തൊടീക്കളം ശിവക്ഷേത്രത്തിൽ എത്തി.

തൊടീക്കളം ശിവക്ഷേത്രം

കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു എന്നു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ഒരു വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു. വിശാലമായ അമ്പലക്കുളവും കൽപ്പടവുകളും പ്രാചീന ഗാംഭീര്യത്തെ വിളിച്ചോതുന്നതായിരുന്നു. ഡി.വൈ.എഫ്.ഐക്കാരുടെ ഒരു ബോർഡ് കൗതുകമുണർത്തി. കുളത്തിലെ അലക്ക് നിരോധിച്ചുകൊണ്ടും ചെരുപ്പുപയോഗിച്ച് കുളത്തിൽ ഇറങ്ങുന്നതിനെതിരെയും ആയിരുന്നു ബോർഡ്. ക്ഷേത്രമതിൽക്കെട്ടിലെത്തി. യാതൊരു സംരക്ഷണവും ഇല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾ. പൊളിഞ്ഞു വീണ മതിൽക്കെട്ടിനിടയിലൂടെ കാണുന്ന ആ ആദിമ ക്ഷേത്രപ്രൗഢിയുടെ ഗോപുരം. ക്ഷേത്രാചാരം അവിടെയും വിലങ്ങു തടിയായി. ക്ഷേത്രത്തിനകത്തു പ്രവേശിക്കാനോ പുരാതനമായ ആ ചുവർച്ചിത്രങ്ങൾ കണ്ടറിയാനോ ക്ഷേത്രപാലകർ ഞങ്ങളെ സമ്മതിച്ചില്ല. വളരെ ദൂരെനിന്നും വരുന്നവരാനെന്നും ക്ഷേത്രത്തിലേക്ക് മുതൽക്കൂട്ടാവുന്ന ചെറുതെങ്കിലുമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിക്കുമെന്നും ഒക്കെ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. നിങ്ങൾ കയറിയിട്ടും കാര്യമില്ല ചിത്രങ്ങൾ എടുക്കരുതെന്ന് നിയമമുണ്ടെന്നും പറഞ്ഞു. സർക്കാർ നിയമമത്രേ! ചിത്രങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റ് പലരും കാശാക്കി മാറ്റുന്നത്രേ! എത്രയാലോചിച്ചാലും മനസ്സിലാവാത്ത ന്യായവാദങ്ങളാണല്ലോ നമ്മുടെ ഗവണ്മെന്റുകൾ കാലാകാലങ്ങളിൽ ഉണ്ടാക്കുന്നത്. ചിത്രങ്ങൾ വിറ്റാൽ ഇവർക്കെന്ത്? കൂടുതൽ ആൾക്കാർ അതു കണ്ട്, ക്ഷേത്രത്തിന്റെ പുരാതന മഹിമ കണ്ട് വന്നെത്തുകയില്ലേ? ആരോട് ചോദിക്കാൻ? ക്ഷേത്രത്തോളം തന്ന്എ പുരാതനമായ ഒരു ബോർഡ് പുരാവസ്തുവകുപ്പിന്റെ വകയായി ക്ഷേത്രമുറ്റത്ത് കുത്തി നിർത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളവിടെ വട്ടം കൂടി നിൽക്കുന്നതു കണ്ടപ്പോൾ മറ്റൊരു ക്ഷേത്രപാലകൻ വന്ന് കാര്യങ്ങൾ വീണ്ടും അന്വേഷിക്കുകയുണ്ടായി! വിശ്വേട്ടൻ അയാൾക്ക് വിക്കിപീഡിയയുടെ പഠനശിബിരം നടത്തിക്കൊടുക്കുന്നുണ്ടായിരുന്നു!! ഇന്റെർനെറ്റെന്തെന്നോ വിക്കിപീഡിയ എന്തെന്നോ അറിയാത്ത ആ പാവം നാട്ടുമ്പുറത്തുകാരൻ വിഴുങ്ങസ്യ ൻഇൽക്കുന്നുണ്ടായിരുന്നു അവിടെ! മേലിൽ അയാൾ ക്ഷേത്രം കാണാൻ വരുന്നവരോട് കുശലപ്രശ്നങ്ങൾ ചോദിച്ചു പോകുമെന്ന് കരുതാൻ ഇനി നിർവാഹമില്ല.

പാലയത്തുവയൽ യു. പി സ്കൂളിലേക്ക്

ചങ്ങല ഗേറ്റ് കടന്ന് നേരെ പാലത്തുവയൽ സ്കൂളിലേക്ക്. പ്രധാന അദ്ധ്യാപകനായ ശ്രീ ജയരാജൻ മാസ്റ്ററും, നാട്ടറിവുകളുടെ വിക്കിപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന കർഷകനായ മാത്യു സാറും സ്കൂളിലെ തന്നെ അദ്ധ്യാപനായ നാരായാണൻ സാറും ഒക്കെ ഞങ്ങളെ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ഏറെ ആയെന്ന് വിനയേട്ടൻ പറഞ്ഞു. വഴിവക്കിൽ ഹരിഹരൻ സംവിധാനം ചെയ്യുന്ന ഭാവന നായികയും വിനീത് നായകനും ആയി അഭിനയിക്കുന്ന ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഞങ്ങളും സിനിമാക്കാരാണെന്നു കരുതി പലരും പ്രതീക്ഷയോടെ വണ്ടിക്കകത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്തൊന്നും നിർത്താതെ ഞങ്ങൾ സ്കൂളിലെത്തി. ബാംഗ്ലൂരിൽ നിന്നും സുധിയും അപ്പോഴേക്കും വന്നുചേർന്നിരുന്നു. ആദിത്യമരുളുന്ന സുമനസ്സുകളെ പരിചയപ്പെട്ടു. സമീപത്തുകൂടെ ഒഴുകുന്ന കാട്ടരുവിയിൽ പോയി സ്ഥലകാലബോധങ്ങൾ വെടിഞ്ഞുള്ള ഒരു കുളി. മനസ്സും ശരീരവും ഒരു പോലെ തണുത്തു. കുളികഴിഞ്ഞെത്തുമ്പോഴേക്കും വിക്കിപീഡിയനായ വൈശാഖ് കല്ലൂർ എത്തിച്ചേർന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.

രാത്രിക്കു കടുപ്പമേറിത്തുടങ്ങി. ഞങ്ങളെല്ലാവരും സ്കൂളിന്റെ ഒരു ക്ലാസ്‌മുറിയിൽ സമ്മേളിച്ചു. തികച്ചും ഔപചാരികമായിത്തന്നെ ഞങ്ങൾ കാര്യപരിപാടിയിലേക്ക് നീങ്ങി. സ്കൂളിനെക്കുറിച്ചും കുറിച്യർ എന്ന ആദിമ സമുദായത്തിന്റെ പരിമിതികളെ കുറിച്ചും മിടുക്കരായ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാർത്ഥതയെ പറ്റിയും മിടുമിടുക്കരായ അവിടുത്തെ കുട്ടികളെ കുറിച്ചും കുട്ടികളെ അവർക്കു വിട്ടുകൊടുത്ത ആ ആദിമമനുഷ്യരുടെ സ്നേഹത്തെക്കുറിച്ചും ജയരാജൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് ജയരാജൻ മാസ്റ്റർ ഒരു കവിത ആലപിച്ചു; ഞങ്ങൾ അതേറ്റുപാടി; അടിച്ചമർത്തപ്പെട്ട ഒരു കൂടം മനുഷ്യരുടെ വിടുതലിനുവേണ്ടി; ആത്മവിശ്വാസത്തോടെ അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഒരു ഉണർത്തുപാട്ടായിരുന്നു അത്. ഏറ്റു പാടിയപ്പോൾ അടങ്ങാത്തൊരു വിപ്ലവവീര്യം സിരകളിലേക്ക് പാഞ്ഞുകരറുന്നതായി തോന്നി. ഒമ്പതുവർഷമായി ആ സ്കൂളിനെ അറിഞ്ഞ് കുറിച്യസമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് അദ്ദേഹം നയിക്കുകയാണ് ജയരാജൻ മാസ്റ്റർ. എളിമയുടെയും വിനയത്തിന്റേയും ആൾരൂപമായ ജയരാജൻ മാസ്റ്റർ ഒത്തിരി കാര്യങ്ങൾ പറയുകയുണ്ടായി. അതേക്കുറിച്ച് ഉടനെ തന്നെ എഴുതുന്നുണ്ട്.

തുടർന്ന് വിക്കിപീഡിയയെ പരിചയപ്പെടുത്തിക്കൊണ്ട് വിശ്വേട്ടൻ സംസാരിച്ചു. വിശ്വേട്ടന്റെ സ്ഥിരം ശൈലിയിൽ തന്നെയായിരുന്നു പരിചയപ്പെടുത്തൽ, എങ്കിലും അധികം വലിച്ചു നീട്ടാതെ കാര്യത്തോട് അടുപ്പിച്ചു തന്നെയായിരുന്നു വിശ്വേട്ടന്റെ പോക്ക്. വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാഠശാല, കോമൺസ് എന്നിവയെ ഞാൻ ചെറുതായി പരിചയപ്പെടുത്തി. തുടർന്ന് കൊല്ലം അഞ്ചലിൽ നടന്നുവരുന്ന വിക്കിപ്രവർത്തനങ്ങളെക്കുറിച്ച് സുഗീഷ് സംസാരിച്ചു. സംസാരത്തിനിടയിൽ കറന്റ് പോയിരുന്നെങ്കിലും ഞങ്ങൾ നിർത്തി വെയ്ക്കാൻ കൂട്ടാക്കിയില്ല… നെറ്റോ, മൊബൈൽ കവറേജോ ഇല്ലാത്ത ആ വനപ്രദേശത്തുള്ള ആദ്യ ദിവസം നല്ലൊരു അനുഭമായിരുന്നു. രാത്രി ഏറെ വൈകി ഉറങ്ങാൻ, ഒരു ക്ലാസ് മുറിയിൽ വിശ്വേട്ടനും സുഗീഷും സുധിയും വൈശാഖും മഞ്ജുഷയും ഞാനും കൂടി, മഞ്ജു നേരത്തെ കിടന്നുറങ്ങി, ഒരുമണിയാകാറായപ്പോൾ ഞാനും കിടന്നു. മറ്റുള്ളവർ നാലുമണി കഴിഞ്ഞാണത്രേ കിടന്നത്.! വിശ്വേട്ടന്റെ ക്ലാസ്സായിരുന്നു പാതിരാത്രിയിൽ!!

ഇത് ഒന്നാം ദിവസത്തെ കാര്യങ്ങൾ. ഇനിയും എഴുതാനുണ്ട് ഒത്തിരി… വനയാത്രയുടെ ഭാഗമായി പെരുവയിൽ നിന്നും കൊളപ്പയിലേക്ക് നടത്തിയ യാത്രയെ കുറിച്ച്, കുറിച്യ കോളനികളെ പറ്റി, മൂപ്പനെ പറ്റി, അമൃതൊഴുകിപ്പരക്കുന്ന മലമുകളിലെ ആ വെള്ളച്ചാട്ടത്തെക്കുറിച്ച്…. അതിലെല്ലാം ഉപരിയായി നാടിന്റെ ഹൃദയമായ ആ കൊച്ചു സരസ്വതീക്ഷേത്രത്തെ കുറിച്ച്, അവിടുള്ള കുട്ടികൾ വിരചിച്ച വിപ്ലവ ചിന്തകളെക്കുറിച്ച്, അവരുടെ തപ്പാൽ സംവിധാനത്തെക്കുറിച്ച്, മ്യൂസിയത്തെ കുറിച്ച്, വീടുകളിൽ അവർ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ സംവിധാനത്തെക്കുറിച്ച്, നാട്ടുവർത്തമാനങ്ങളും ലോകവിവരങ്ങളും സംപ്രേക്ഷണം ചെയ്യുന്ന അവരുടെ ടിവി ചാനലിനെ കുറിച്ച്, അവരുടെ അതുല്യമായ കായികക്ഷമതയെ കുറിച്ച്, അവർ ഉണ്ടാക്കി വിളമ്പിയ ചമ്മന്തികളെ കുറിച്ച്… ഇവയെ ഒക്കെ ഒരു നൂലിൽ കെട്ടി അവരുടെ നട്ടെല്ലായി നിൽക്കുന്ന ആ സ്കൂളിലെ അദ്ധ്യാപകവൃന്ദത്തിന്റെ നിസ്തുല സ്നേഹ സമ്പന്നതയെക്കുറിച്ച്…

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
Vijnana Yathra
Palayathuvayal School
Pachal gramam – Salem

മലയാളം വിക്കിപീഡിയ പ്രവർത്തകർ കണ്ണൂരിൽ ഒന്നിക്കുന്നു…

മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം ഈ വരുന്ന ജൂൺ 11-നു് കണ്ണുർ കാൽടെക്സിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് നടക്കുന്ന വിവരം എല്ലാവരും ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ വർഷത്തെ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത മലയാളം വിക്കിമീഡിയരോടൊപ്പം വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രതിനിധികളായി ടോണി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നുള്ളതാണ്.

ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിക്കിപീഡിയയിലെ നാലാം വിക്കി സംഗമം എന്ന താളിലെ പങ്കെടുക്കാൻ താല്പര്യം അറിയിച്ചവർ എന്ന ഭാഗത്ത് തങ്ങളുടെ പേർ ചേർക്കാൻ താല്പര്യപ്പെടുന്നു.

പേരു ചേർക്കാൻ വിക്കിയിൽ ലോഗിൻ ചെയ്ത ശേഷം മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട്
# ~~~ എന്നു മാത്രം നൽകിയാൽ മതി. വിക്കിപ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു..

എത്തിച്ചേരാൻ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വന്നാൽ മതിയാവും. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക, http://goo.gl/maps/JkGC . ഇതിൽ നിന്നും കാൽടെക്സ് ജംങ്‌ഷൻ അറിയാത്ത, കണ്ണൂരിൽ ഇതിനു മുമ്പ് വന്നിട്ടുള്ളവർക്ക് സ്ഥലത്തിനെ കുറിച്ച് ഏകദേശ ധാരണ കിട്ടും.

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://defn.me/r/ml/371y

വിക്കിപ്രവർത്തകരുടെ സംഗമം

വിക്കിപ്രവർത്തകരുടെ സംഗമം
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍‌ത്തിക്കുന്നവരില്‍‌ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും‌ വേണ്ടി സേര്‍‌ച്ചു ചെയ്താല്‍‌ പലപ്പോഴും‌ വിക്കിപീഡിയയില്‍‌ എത്തിച്ചേരുകയാണു പതിവ്‌. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം‌ കണ്ട്‌ അല്പമൊന്ന്‌ അന്ധാളിച്ചേക്കാം‌! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍‌ മനസ്സിലുദിച്ചു വന്നേക്കാം.. എന്നാല്‍‌ മലയാളത്തിലും‌ ഇതുപോലെ ഒരു വിക്കിപീഡിയ ഉണ്ടെന്നുള്ള കാര്യം‌ പലര്‍‌ക്കും‌ അറിയില്ല.

മലയാളം വിക്കിപീഡിയയെയും സഹോദര സംരംഭങ്ങളേയും ബാംഗ്ലൂരിലെ മലയാളികൾക്കു് പരിചയെപ്പെടുത്തുക എന്ന ഉദ്ദേശത്തോടു് കൂടി 2010 മാർച്ച് 21 ആം തീയതി ബാം‌ഗ്ലൂരില്‍‌ വെച്ച്‌ ഒരു വിക്കിപഠനശിബിരം നടത്തുകയുണ്ടായി. പ്രസ്തുത വിക്കി ശിബിരത്തിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു.

* മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
* എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
* മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി പല കാര്യങ്ങളും അവിടെ വച്ചു് മലയാളം വിക്കിപീഡിയയെ കുറിച്ച് അറിയാനാഗ്രഹിക്കുന്ന പുതുമുഖങ്ങൾക്കു് പരിചയപ്പെടുത്തി. അന്നവിടെ പരിചയപ്പെടുത്തിയതും ചര്‍‌ച്ച ചെയതതും ആയ കാര്യങ്ങൾ‌ പ്രിന്റെടുത്തു പരിപാടിക്കു് വന്നവർക്കു് നല്‍‌കുകയുണ്ടായി. ആ പ്രമാണത്തിൽ ഉണ്ടായിരുന്ന ഉള്ളടക്കം നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു.

ഇതോടൊപ്പം തന്നെ വേരൊരു പ്രധാന കാര്യം കൂടെ പറഞ്ഞോട്ടെ. ഈ വരുന്ന വിഷു കഴിഞ്ഞുള്ള 17 ആം‌ തീയതി (2010 ഏപ്രിൽ 17നു്) വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം എറണാകുളത്തെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസ്, കളമശ്ശേരിയിൽ വെച്ചു് നടത്തുന്നു. മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള എല്ലാ മലയാളികളേയും പ്രസ്തുത സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയെ കുറിച്ച്‌ വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്‌. വായിച്ചു നോക്കുമല്ലോ. എന്തെങ്കിലും‌ സം‌ശയമുണ്ടെങ്കിൽ‌ യാതൊരു മടിയും‌ കൂടാതെ ചോദിക്കണമെന്ന്‌ അഭ്യര്‍‌ത്ഥിക്കുന്നു.

മലയാളം‌ വിക്കിസംരംഭങ്ങളെ പരിചയപ്പെടുന്നതിന്‌ താഴെ കാണുന്ന ഉള്ളടക്കം നിങ്ങളെ സഹായിക്കും. മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും‌ ഇതു വായിച്ചു നോക്കാനും സംശങ്ങൾ ചോദിക്കാനും അഭ്യർത്ഥിക്കുന്നു.

1. എന്താണ് വിക്കിപീഡിയ?
അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ( http://en.wikipedia.org/). ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 32 ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതെയുള്ളൂ. നിലവിൽ 12,000 ത്തോളം ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളത്.

2. എന്തിനാണു് വിക്കിപീഡിയയിൽ ലെഖനം എഴുതേണ്ടതു്? എനിക്കു് അതു് കൊണ്ടു് എന്തു് പ്രയോജനം ലഭിയ്ക്കും?
നമുക്കോരോരുത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവുകൾ പലരിൽനിന്ന്, പലസ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.

രേഖപ്പെടുത്താതു് മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി സംരംഭങ്ങളിൽ കൂടിയും പങ്കു് വെക്കുന്നതിലൂടെ നമ്മൾ നമ്മുടെ ഭാവി തലമുറയ്ക്കായി ഒരു സേവനം ആണു് ചെയ്യുന്നതു്.

സൗജന്യമായി വിജ്ഞാനം പകർന്നു് നല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കിയന്മാർക്ക് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും.

ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണ് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

വിക്കിപീഡിയപോലുള്ള സംരഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിയന്മാർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം നാം സ്വന്തമായി ഒരു ലേഖനം എഴുതുമ്പോൾ അതിന്റെ ആധികാരികത ഉറപ്പാക്കാനായി അത് സ്വയം പഠിക്കും എന്നതു് തന്നെ.

3. വിക്കിപീഡിയയില്‍ ലേഖനം എഴുതുന്നതിന് ആ വിഷയത്തില്‍ നല്ല അറിവുണ്ടാവേണ്ടേ? അതില്ലാത്തവര്‍ എന്തുചെയ്യും?

വിക്കിപീഡിയയിൽ നിന്ന് ആളുകളെ അകറ്റി നിര്‍ത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണ് ഇത്. വിക്കിപീഡിയയില്‍ ലേഖനം എഴുതുവാന്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രം എഴുതിതീര്‍ത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ, ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീര്‍ത്തവയാണ് ഇതിലെ ഓരോ ലേഖനങ്ങളും.

തിരുവനന്തപുരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ഇലക്ട്രിക് ബള്‍ബ് എന്ന ഒരു ലേഖനം വിക്കിപീഡിയയില്‍ എഴുതുവാന്‍ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയില്‍നിന്നുകൊണ്ട് ഇലക്ട്രിക് ബള്‍ബ് എന്താണ് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു പാരഗ്രാഫിൽ എഴുതുകയാണ് അവന്‍ ചെയ്തത്. കുറേ ദിവസം കഴിഞ്ഞ് മദ്രാസില്‍ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബള്‍ബിന്റെ പ്രവര്‍ത്തന തത്വങ്ങളും, അതിന്റെ രേഖാ ചിത്രങ്ങളും അതേ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു എന്നിരിക്കട്ടെ. തുടര്‍ന്ന് അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബള്‍ബുകളെ കുറിച്ച് കുറച്ചുകൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങള്‍കൂടി ആ ലേഖനത്തിൽ ചേര്‍ക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബള്‍ബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണ് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതില്‍ ഭാഗഭാക്കാവാന്‍ നിങ്ങള്‍ക്കും സാധിക്കും എന്നു് മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും നിങ്ങൾക്കു് ഈ സംരംഭത്തിന്റെ ഭാഗമാകാം.

4. മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?

വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണ് വിക്കിപീഡിയ ഉൾപ്പെടുന്ന മീഡിയാവിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺ‌ലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതുകൂടിയാണ് മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ ലക്ഷ്യം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താ‍നുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാ‍സ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്. പകർപ്പവകാശമുക്തമായ ധാരാളം കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ബഹുഭാഷ നിഘണ്ടുമായ വിക്കിനിഘണ്ടുവിലൂടെ വിവിധഭാഷകളിലുള്ള വാക്കുകളുടെ മലയാളമർത്ഥം അറിയാം. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്.

5. മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?

2002 ഡിസംബർ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായയിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തരം ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാ, പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൽ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവില്‍ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാര്‍‌വത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ്‌ മലയാളം വിക്കിപീഡിയ സജീവമായത്.

പക്ഷെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മദ്ധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു.

മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.

മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ‍ക്രമേണ വിജ്ഞാന സംഭരണ സംരംഭമായ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.

അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തകർ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിപീഡിയയില്‍ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, 2007 ഡിസംബര്‍ 12-നു് 5000 വും, 2009 ജൂൺ 1-നു് 10,000-വും കടന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ 12,000 ത്തോളം ലേഖനങ്ങളുണ്ടു്.

6. ഏതൊക്കെ മലയാളം വിക്കിസംരംഭങ്ങളാണു് നിലവിൽ സജീവമായിരിക്കുന്നതു്?

വിക്കിപീഡിയ (http://ml.wikipedia.org):
ഏറ്റവും പ്രധാനവും ഏറ്റവും സജീവവും ആയിരിക്കുന്നതു്, സൗജന്യവും സ്വതന്ത്രവുമായ സർവ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയാണു്.. ഇതിനു് പുറമേ മലയാളം വിക്കിപീഡിയക്കു് താഴെ പറയുന്ന സഹൊദര സംരംഭങ്ങളുണ്ടു്.

വിക്കിഗ്രന്ഥശാല (http://ml.wikisource.org):
പകർപ്പവകാശകാലാവധി കഴിഞ്ഞു് പൊതുസഞ്ചയത്തിലെത്തിയ മലയാളകൃതികൾ ശേഖരിക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, ഖുർ‌ആൻ, കുമാരനാശാന്റെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങള്‍ മലയാളം വിക്കിഗ്രന്ഥശാലയിൽ ശേഖരിച്ചു് വച്ചിരിക്കുന്നു. പകർപ്പവകാശപരിധിയിൽ വരാത്ത അമൂല്യ ഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിലാക്കാൻ നിങ്ങൾക്കും സഹായിക്കാം. മലയാളത്തിന്റെ ഓൺ‌ലൈൻ റെഫറൻ‌സ് ലൈബ്രറി ആയിക്കൊണ്ടിരിക്കുന്ന വിക്കിയാണിതു്.

വിക്കിനിഘണ്ടു (http://ml.wiktionary.org):
നിര്‍വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ‍, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ‍, വിപരീത‍പദങ്ങൾ, തര്‍ജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു‌. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അര്‍ത്ഥവും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിലവിൽ ഏതാണ്ടു് 41,000-ത്തോളം പദങ്ങളുടെ നിര്‍വചനമാണു വിക്കിനിഘണ്ടുവിലുള്ളത്. മലയാള വാക്കുകളുടേതിനു് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയന്‍, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിര്‍വചനവും ഈ വിക്കിയിലുണ്ട്. കാലക്രമേണ ഇതു് ഓൺ‌ലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും.

വിക്കിപാഠശാല (http://ml.wikibooks.org/):

പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരും കാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.

വിക്കിചൊല്ലുകൾ ( http://ml.wikiquote.org):

പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ/ പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള ഉദ്ധരിണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ പ്രവര്‍ത്തനങ്ങളില്ല. വിജ്ഞാനം പങ്കു വെക്കുവാന്‍ തയ്യാറുള്ള ധാരാളം പ്രവര്‍ത്തകർ വന്നാൽ മാത്രമേ ഈ സംരഭങ്ങൾ സജീവമാകൂ.

7. എന്തിനാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം നടത്തുന്നതു്?
മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം കേരളത്തിലെ മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കിപദ്ധതികളുടെ ഇന്നോളമുള്ള ചരിത്രമെടുത്തു് പരിശോധിച്ചാൽ ഇതിന്റെ സജീവപ്രവർത്തകരിലെ ഭൂരിപക്ഷം പേരും പ്രവാസി മലയാളികളാണു് എന്നു് കാണാം. കേരളത്തിലുള്ള മലയാളികൾക്കു് ഇന്റർനെറ്റുമായുള്ള പരിചയം കുറവായതു്, ഇത്തരം സംരഭങ്ങളെ കുറിച്ചു് അറിവില്ലാത്തതു്, മലയാളം ടൈപ്പു് ചെയ്യാൻ അറിയാത്തതു്, മലയാളത്തിലും വിക്കിപദ്ധതികൾ നിലവിലുണ്ടു് എന്നു് അറിയാത്തതു് മൂലം, ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാകാം കേരളത്തിലുള്ള മലയാളികൾ ഇതിൽ നിന്നു് അകന്നു് നിൽക്കുന്നതു്. ഈ സ്ഥിതി മാറെണ്ടതുണ്ടു്. മലയാലത്തിലുള്ള വിക്കിപദ്ധതികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതും ഏറ്റവും കൂടുതൽ അതിലേക്കു് സംഭാവന ചെയ്യേണ്ടതും കേരളത്തിൽ നിന്നാണു്.

അങ്ങനെ ഒരു സ്ഥിതി വിശേഷം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യത്തെ ചവിട്ടു് പടിയാണു് ഏപ്രിൽ 17-നു് നടക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം. ആ സമയത്തു് പ്രവാസികളായ നിരവധി വിക്കിപ്രവർത്തകർ കേരളത്തിൽ അവരുടെ സ്വദേശം സന്ദർശിക്കുന്നു. ആ അവസരം നോക്കിയാണു് ഇങ്ങനെ ഒരു വിക്കിസംഗമം വിഭാവനം ചെയ്യുന്നതു്.

Download Malayalam Font- AnjaliOldLipi

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights