അക്ഷരങ്ങളുടെ കൂട്ടുകാരൻ!

Rahul Vijay Kaumudi Unicode Font
Rahul Vijay

മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം
ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം
ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന യുവാവായിരുന്നു രാഹുൽ വിജയ്.  പക്ഷേ, ആ ലളിത ജീവിതത്തിനു മരണം അപ്രതീക്ഷിതമായി തിരശ്ശീല ഇടുകയായിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടടുത്ത് അവൻ ജീവിതത്തോട് വിട പറയാൻ തുനിയുമ്പോൾ വാട്സാപ്പിൽ അവന്റെ അടുത്ത മെസേജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അന്നു രാവിലെ 9:18 ന് അവസാന മെസേജും അയച്ച് ഇറങ്ങിപ്പോയതായിരുന്നു രാഹുൽ!  സന്തോഷത്തിന്റെ തുടര്‍സാധ്യതകള്‍ ഒളിപ്പിച്ചുവെച്ച നിറചിരിയും പരിചയപ്പെടുന്നവരിലെല്ലാം സന്തോഷം നിറയ്ക്കുന്ന ആ  സാന്നിദ്ധ്യവും പെട്ടെന്ന് ഇല്ലാതായപ്പോൾ ഒട്ടൊന്നുമല്ല ഞങ്ങൾ പകച്ചു നിന്നത്! വെറും സൗഹൃദസംഭാഷണത്തിനപ്പുറം അവൻ ഞങ്ങൾക്കിടയിൽ പങ്കുവെച്ച  മറ്റുചിലതുണ്ട്. രാഹുലുമൊന്നിച്ചുള്ള സൗഹൃദ നേരങ്ങളുടെ പച്ചപ്പും അവസാനം അവൻ തന്ന നൊമ്പരങ്ങളും ഓർത്തെടുക്കുകയാണിവിടെ.

ഓൺലൈൻ ലോകത്ത് രാഹുൽ ഒരു അന്തർമുഖനായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൗമുദി ഫോണ്ട് പരീക്ഷണാർത്ഥം പ്രസിദ്ധീകരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അതിലെ ബഗ്സ് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ബഗ്ഗുകളെ യഥാസമയം ഫിക്സ് ചെയ്യുകയും അതറിയിക്കുകയുമല്ലാതെ  ഗൂഗിൾ പ്ലസ് പോലുള്ള സോഷ്യൽ മീഡിയയിൽ നടക്കുന്ന ആഘോഷങ്ങളിൽ (ഇതിനു വേണ്ടി ഗ്രൂപ്പുണ്ടാക്കുക, മെയിലിങ് ലിസ്റ്റ് തുടങ്ങുക, ദീർഘങ്ങളായ ചർച്ചയ്ക്ക് വഴിമരുന്നിടുക തുടങ്ങിയവയിൽ) നിന്നും രാഹുൽ വിട്ടു നിൽക്കുമായിരുന്നു. എന്നാൽ, ഈ ഒരു അന്തർമുഖത്വം നേരിട്ട് സംസാരിക്കുമ്പോൾ കണ്ടിരുന്നില്ല. മാത്രമല്ല, ഒരു സംശയം ചോദിക്കാനായി വിളിച്ചാൽ അതിന്റെ വേരിൽ നിന്നും തുടങ്ങി അവനത് വിശദീകരിക്കും. അറിവ്  പങ്കുവെയ്ക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരു യോഗം വിളിച്ച് ചേർക്കാനോ, ഒരു പൊതു സഭയിൽ ഇതൊക്കെ വിശദീകരിക്കാനോ രാഹുലിന് അന്നു കഴിയുമായിരുന്നില്ല. അത് മിക്കവാറും ജോലിത്തിരക്കിനാൽ സാധിച്ചിരുന്നില്ല എന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ഫോണ്ടു നിർമ്മാണം
ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെയല്ല, ഏറെ സങ്കീർണമാണ് മലയാള അക്ഷരങ്ങൾ, മലയാളം പോലൊരു ഭാഷയ്ക്ക്  കമ്പ്യൂട്ടറിൽ അക്ഷരരൂപം ഉണ്ടാക്കുക, അതും പഴയ ലിപിയിൽ എന്നത് അതിലേറെ സങ്കീർണമായ കാര്യമാണ്. ഏറെ ക്ഷമയും സമയവും ആവശ്യമുള്ള ജോലിയാണത്. അത് ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്താനായി എന്നതാണ് രാഹുലിന്റെ പ്രത്യേകത. ഇതിനായി ആയിരത്തോളം അക്ഷര രൂപങ്ങളെ വരച്ചെടുക്കേണ്ടതുണ്ട്. പിന്നെ അവയുടെ ഓരോന്നിന്റേയും പ്രോസസിങ്. സ്വതന്ത്ര്യമലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടും ചില വ്യക്തികളുടെ ശ്രമങ്ങളിലൂടെയും മലയാളത്തിൽ യുണീക്കോഡ് വ്യവസ്ഥയിൽ കുറച്ച് ഫോണ്ടുകൾ ഇറക്കിയിട്ടുണ്ട് എന്നല്ലാതെ വലിയൊരു സംഭാവന ഈ രംഗത്ത് ഇനിയും ഉണ്ടായിട്ടില്ല. ഫോണ്ടു നിർമ്മിച്ചെടുക്കാനുള്ള മെനക്കേടുമാത്രമല്ല അതിനുള്ള സാങ്കേതികവിദ്യ വശമില്ലാത്തതും മലയാളത്തിൽ യുണീക്കോഡു ഫോണ്ടുകളുടെ എണ്ണം കുറയുന്നതിനു കാരണമായി. നൂറു കണക്കിനു ആസ്കി ഫോണ്ടുകളുള്ള മലയാളത്തിൽ യുണീക്കോഡ് ഫോണ്ടുകളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്ക് ഏകാകിയായി കടന്നുവന്ന രാഹുൽ ശ്രദ്ധയർഹിക്കുന്നു.

എന്താണു ഫോണ്ട്? എന്താണ് ആസ്കി? എന്താണു യുണീക്കോഡ്?
കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തുക ബൈനറി(1,0 എന്നീ അക്കങ്ങളുടെ ശ്രേണി) രൂപത്തിലാണ്. അക്ഷരങ്ങളും ചിത്രവും ശബ്ദശകലവുമെല്ലാം സൂക്ഷിക്കുക ഇങ്ങനെ തന്നെ. ഇതിൽ തന്നെ അക്ഷരങ്ങൾ രേഖപ്പെടുത്തുക എൻകോഡിങ്ങ് രൂപത്തിലാണ്. ഓരോ അക്ഷരത്തിനും പ്രത്യേകം കോഡ് നല്കുക എന്നതാണ് ചെയ്യുക.

എൻകോഡ് ചെയ്യപ്പെട്ട വിവരം എങ്ങനെയാണു സ്ക്രീനിൽ കാട്ടേണ്ടതെന്നു കമ്പ്യൂട്ടറിനു പറഞ്ഞു കൊടുക്കുന്ന ഒരു ഫയലാണ് ഫോണ്ട്. ഇത് ഓരോ കോഡ്‌പോയിന്റുകളെയും ഓരോ ചിത്രരൂപങ്ങളുമായി മാപ്പ് ചെയ്യുന്നു. ഡോക്യുമെന്റിൽ ഒരു കോഡ്പോയിന്റ് കാണപ്പെടുമ്പോൾ കമ്പ്യൂട്ടർ ഫോണ്ട് ഫയൽ പരിശോധിക്കുകയും, പ്രസ്തുത കോഡ് പോയിന്റിനു നേരെയുള്ള അക്ഷരരൂപം പിക്സൽ എന്നറിയപ്പെടുന്ന ബിന്ദുക്കളുടെ കൂട്ടമായി സ്ക്രീനിൽ വരയ്ക്കുകയും ചെയ്യുന്നു.

എൻകോഡിങ്ങ് വ്യവസ്ഥകളിൽ ഏറ്റവും പ്രചാരമുള്ളത് ആസ്കിയാണ് (American Standard Code for Information Interchange). എട്ടു ബിറ്റുപയോഗിച്ച് നിർമ്മിക്കാവുന്ന 256 കോഡ് പോയിന്റുകളിൽ (28=256) ആദ്യ 128 എണ്ണം മാത്രമേ ഇംഗ്ലീഷും കീബോഡിൽ കാണുന്ന മറ്റു ചിഹ്നങ്ങളും എൻകോഡ് ചെയ്യാൻ ആസ്കി ഉപയോഗപ്പെടുത്തുന്നുള്ളൂ. ബാക്കി അവശേഷിക്കുന്ന 128 കോഡ്പോയിന്റുകളാണ് മലയാളമടക്കം എല്ലാ ഭാഷകളും ഒരേ സമയം ഉപയോഗിക്കുക. ഒരേ ഭാഷയിലുള്ള ഫോണ്ടുകളെല്ലാം കോഡ്‌പോയിന്റുകളിൽ  ഒരു മാനകീകരണം പിന്തുടർന്നു വന്നിട്ടുമില്ല(ഉദാഹണത്തിന് ഒരു പ്രത്യേക മലയാള ഫോണ്ടിൽ ‘അ’ രേഖപ്പെടുത്താൽ ഉപയോഗിക്കുന്ന കോഡ് പോയിന്റ് മറ്റൊരു ഫോണ്ടിൽ ‘സ’ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന അവസ്ഥ). ഇത് പശ്ചാത്തല ആശ്രിതത്വത്തിനു (Platform Dependency) കാരണമാകുന്നു. അതായത് ഉള്ളടക്കം എഴുതുവാൻ ഉപയോഗിച്ച   അതേ പശ്ചാത്തലങ്ങൾ (ഫോണ്ട്, ഓപറേറ്റിങ്ങ് സിസ്റ്റം, ഹാർഡ്‌വെയർ വ്യവസ്ഥ) ഇല്ലെങ്കിൽ മറ്റൊരാൾക്ക് ഇത് വായിക്കാൻ പറ്റില്ലെന്നു വരുന്നു. അല്ലെങ്കിൽ ഡോക്യുമെന്റിനൊപ്പം ഫോണ്ട് എംബഡ് ചെയ്യേണ്ടി വരും. ഇതെപ്പോഴും സാധിക്കണമെന്നില്ല. ഈ അവസ്ഥ, ഭാഷ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നതിനും , മറ്റു ഭാഷാകമ്പ്യൂട്ടിങ്ങ് സാധ്യതകൾക്കും (മെഷിൻ പരിഭാഷ, ലിപി മാറ്റം, ടെക്സ്റ്റ് റീഡിങ്ങ്, ബ്രെയിൽ ലിപിയിലേക്ക് മാറ്റുക മുതലായവ) തടസ്സമായി വരുന്നു.

ഇതിനൊരു പരിഹാരമായാണു യുണീക്കോഡ് (Unicode) നിർദ്ദേശിക്കപ്പെട്ടത്. ആസ്കിയെത്തന്നെ വിപുലപ്പെടുത്തിയ യുണീക്കോഡിൽ 16 ബിറ്റുപയോഗിച്ച് അറുപത്തയ്യായിരത്തോളം  (216 = 65536) കോഡ്‌പോയിന്റുകൾ നിർമ്മിക്കാനാകും. ലോകത്തിലെ ഏതാണ്ട് പ്രധാന ഭാഷകളിലെ അക്ഷരങ്ങളെല്ലാം എൻകോഡ് ചെയ്യാൻ ഇത് മതിയാകും. അതിനാൽ ഓരോ ഭാഷയ്ക്കും വെവ്വേറെ കോഡ്പോയിന്റുകൾ നൽകപ്പെട്ടു(3328 മുതൽ  3455 വരെയുള്ള 128 കോഡ്പോയിന്റുകളാണു മലയാളത്തിനനുവദിച്ചിരിക്കുന്നത്.) വാക്കുകൾ ഏതുപ്രകാരം കാണിക്കണമെന്ന് എഴുതിയ ആൾ തീരുമാനിച്ചിരുന്ന ആസ്കിയിൽ നിന്നും വ്യത്യസ്തമായി കാഴ്ചക്കാരനാണ് എപ്രകാരം കാണണമെന്ന് യുണീക്കോഡിൽ തീരുമാനിക്കുക.

കേരളത്തിൽ 2006 മുതൽ തന്നെ ബ്ലോഗിങ്ങ്, വിക്കിപീഡിയ മുതലായവ വഴി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പരിചിതമായെങ്കിലും പ്രിന്റിങ് മേഖലയ്ക്ക് ഇപ്പോഴും യുണീക്കോഡ് അന്യമാണ്.  നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ പലതും യുണീക്കോഡ് പിന്തുണയ്ക്കാത്തതും, അവ നവീകരിക്കാൻ വരുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയുമാണു പ്രസാധകരെ ഇതിൽ നിന്നും  പിന്നോട്ടു വലിക്കുന്നത്.

ഒരു പത്രത്തിന് അതിന്റെ ഫോണ്ട് എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. മിക്കവാറും എല്ലാ പത്രങ്ങൾക്കും അവരുടെ അക്ഷരരൂപങ്ങൾ ഒരു ഐഡന്റിറ്റിയാണ്; മലയാള മനോരമ പോലുള്ള പത്രങ്ങൾ അവരുടെ പ്രിന്റിങ് ഫോണ്ട് ഉണ്ടാക്കാനായി ലക്ഷങ്ങൾ മുടക്കി വിദേശത്തുനിന്നും വിദഗ്ദരെ കൊണ്ടുവന്നിരുന്നു എന്നു വായിച്ചിട്ടുണ്ട്. അക്ഷരങ്ങളിലൂടെ ഓരോരുത്തരും അവരവരുടെ തനിമ നിലനിർത്തിപ്പോരുന്നു. അങ്ങനെയുള്ള ഐഡന്റിറ്റിയെ  കൗമുദി  പത്രവുമായി ബന്ധപ്പെട്ട് മാറ്റിമറിക്കാനും അവിടെ യുണീകോഡ് പ്രിന്റിങ് എന്ന വിപ്ലവകരമായൊരു മാറ്റത്തിനു തുടക്കം കുറിക്കാനും കഴിഞ്ഞത് രാഹുലിന്റെ കർമ്മകുശലതയെയാണു കാണിക്കുന്നത്. ഒറ്റയ്ക്കായിരുന്നു രാഹുലിന്റെ യാത്രയത്രയും. അവനത് പെട്ടെന്ന് ചെയ്തെടുക്കുകയായിരുന്നില്ല. പ്രതിസന്ധികളെ തരണം ചെയ്തുതന്നെയാണവൻ വിജയിച്ചത്.

മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ  രാഹുൽ നൽകിയ ഏറ്റവും ശ്രദ്ധേയമായ സംഭാവാൻ ആസ്കിയിൽ (ASCII) കുരുങ്ങിക്കിടന്ന മലയാളം പ്രിന്റിങ്ങ് മേഖലയെ യുനീക്കോഡിലേക്കു പറിച്ചു നടുന്നതിൽ സാങ്കേതികപരമായ നേതൃത്വം വഹിച്ചു എന്നതാണ്. മുൻപും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ തോതിലുള്ള ഒരു മാറ്റം നടക്കുന്നത് രാഹുലിന്റെ മേൽനോട്ടത്തിലാണ്.

വയനാട് ബ്യൂറോ ചീഫായിരുന്ന രാഹുൽ കൗമുദിയിലുപയോഗിക്കുന്ന ഫോണ്ടിന്റെ പിഴവ് കാട്ടി മാനേജ്മെന്റിന് ഒരു കത്തെഴുതിയിരുന്നു. കൗമുദിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അവർ പത്രത്തിൽ സമൂല മാറ്റം ആലോചിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഇത്തരുണത്തിൽ രാഹുൽ നൽകിയ  ഉറപ്പിനെത്തുടർന്നാണു കൗമുദി യുണീക്കോഡിനെ ആസ്പദമാക്കി വർക്ക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റം നിർമ്മിക്കാനാരംഭിക്കുന്നതും തുടർന്ന്  പ്രിന്റിങ്ങ് യുണീക്കോഡിലേക്ക് മാറ്റുന്നതും.

കൗമുദിയിലെ രാഹുൽ
രാഹുലിന്റെ നേതൃപാടവം ഏറെ തെളിഞ്ഞുകണ്ട പ്രവർത്തനമാണ്  2012 മുതൽ കേരള കൗമുദി ദിനപത്രം യുണീക്കോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയെന്നത്. 1979-ലെ ലിപി പരിഷ്കരണത്തോടെ ഉപേക്ഷിക്കപ്പെട്ട മലയാളത്തിന്റെ തനതു ലിപിയിലേക്ക് കേരള കൗമുദിയെ തിരികെയെത്തിച്ചതും രാഹുലാണ്. ഇതിനായി അറുനൂറിലധികം ഗ്ളിഫുകൾ അടങ്ങിയ ‘അരുണ’ എന്ന തനതു ലിപി ഫോണ്ട് രാഹുൽ നിർമ്മിക്കുകയുണ്ടായി. കൌമുദി ഫ്ലാഷിലടക്കം ഉപയോഗിക്കാൻ പന്ത്രണ്ടോളം ഫോണ്ടുകളുടെ സെറ്റ് കൌമുദിക്കായി രാഹുൽ നിർമ്മിച്ചിരുന്നു.

കൗമുദിയില്‍ തന്നെ ജോലിയുടെ ഒഴുക്കിനെ ക്രമീകരിക്കാന്‍ ഒരു ഇന്റേണൽ വര്‍ക്ക് ഫ്ലോ മാനേജ്മെന്റ് സിസ്റ്റവും രാഹുലിന്റെ നേതൃത്വത്തില്‍ പിറന്നു.  ന്യൂസ് അഗ്രിഗേഷന്‍ മുതല്‍ പ്രിന്റിങ്ങ് വരെയുള്ള ജോലികള്‍ കാര്യക്ഷമമായി ക്രമീകരിക്കാന്‍ ഇതു കൗമുദിയെ സഹായിച്ചു. മറ്റ് സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കി അഡോബി എക്സ്പീരിയൻസ് മാനേജർ, സി.ക്യു.5 മുതലായ പ്രൊഫഷനൽ സോഫ്റ്റ്‌വെയർ വാങ്ങുന്നയിടത്താണു രാഹുലും സുഹൃത്തുക്കളും ചുരുങ്ങിയ ചെലവിൽ വെബ് ഇന്റർഫേസായി ന്യൂസ് ട്രാക്ക് നിർമ്മിച്ചത്. ഇതിനോടനുബന്ധിയായി രൂപപ്പെടുത്തിയ ഇന്സ്ക്രിപ്റ്റ്, വെരിഫോണ്ട് സ്കീമുകൾ ഉൾക്കൊള്ളിച്ച ടൈപ്പിങ് ഉപകരണങ്ങൾ, ആസ്കി-യുണീക്കോഡ് കൺവെർട്ടർ (കൗമുദി കണ്‍വെർട്ടർ) എന്നിവയും രാഹുലിന്റെ സംഭാവനകളാണു്.  ഇൻഡിസൈനിൽ മലയാളം പിന്തുണ പൂർണ്ണമായും ലഭ്യമാക്കാൻ ഒരു എക്സ്റ്റെൻഷനും രാഹുൽ നിർമ്മിച്ചിട്ടുണ്ട്. കൌമുദിയില്‍ വരുത്താനുദ്ദേശിക്കുന്ന സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ മാറ്റത്തെക്കുറിച്ചും ഒരിക്കല്‍ രാഹുല്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷണമായി കുറച്ചു കമ്പ്യൂട്ടറുകള്‍ വിന്‍ഡോസ് ഓപറേറ്റിങ്ങ് സിസ്റ്റം മാറ്റി ഉബുണ്ടു പരീക്ഷിച്ചതു വിജയമാണെന്നും കാലാന്തരേണ ഇതു മുഴുവനായി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും രാഹുല്‍ പങ്കുവച്ചിരുന്നു.

പിന്നീട് ഏഷ്യാനെറ്റിലെത്തിയ രാഹുൽ അവിടെ സോഷ്യൽ മീഡിയാ കോ- ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. വാർത്താപ്രൊമോഷനു വേണ്ടി ഉപയോഗിക്കാനായി ഹനിയ, മിഥുന  എന്നിങ്ങനെ രണ്ടു ഫോണ്ടുകൾ രാഹുൽ ചെയ്തിരുന്നു. മികച്ച ഒരു സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് വിദഗ്ദനായ രാഹുലിന്റെ കഴിവ് ഏഷ്യാനെറ്റിനെ സോഷ്യൽ മീഡിയയിൽ മുൻപന്തിയിലെത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. നിലവിൽ ഏഷ്യാനെറ്റ് വെബ്‌സൈറ്റിന്റെ മൊബൈൽ ഇന്റർഫേസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു  രാഹുൽ. ഒപ്പം  യുണീകോഡിലേക്കു മാറിയ ഏഷ്യാനെറ്റ് ചാനലിനായി ഒരു സ്ക്രീന്‍ഫോണ്ട് ചെയ്യാനും രാഹുല്‍ ഉദ്ദേശിച്ചിരുന്നു.

കൗമുദി എന്ന ഫോണ്ട്
‘കൗമുദി’ ഫോണ്ടിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഞങ്ങളിൽ പലരും രാഹുലിനെ പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്ക്രീനിനിണങ്ങിയ ഒരു പുതിയ ലിപി ഫോണ്ട് ഒറ്റയ്ക്ക് ഡിസൈൻ ചെയ്ത് സ്വതന്ത്രാനുമതിയിൽ രാഹുൽ പ്രസിദ്ധീകരിച്ചു. ഇതിലെ പിശകുകൾ മാറുന്നതിൽ ഗൂഗിൾ പ്ലസ്, ഫേസ്‌ബുക്ക് സുഹൃത്തുക്കൾ രാഹുലിനെ സഹായിച്ചിരുന്നു. റെഗുലര്‍ ഫോണ്ടായി ആദ്യം പുറത്തിറങ്ങിയ ‘കൗമുദി’യിൽ കൂടുതൽ ഗ്ളിഫുകൾ ഉൾപ്പെടുത്തി ബോള്‍ഡ്, ഇറ്റാലിക്സ്, ബോള്‍ഡ് ഇറ്റാലിക്സ് എന്നീ വകഭേദങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ രാഹുലിനു കഴിഞ്ഞു.

ഈ ഫോണ്ടാണു ഇപ്പോള്‍ കേരള കൗമുദി അവരൂടെ വെബ്സൈറ്റിനായി ഉപയോഗിക്കുന്നത്. രാഖി എന്ന പേരില്‍ ഒരു പഴയലിപി ഫോണ്ടിന്റെ കൂടി പണിപ്പുരയിലായിരുന്നു രാഹുല്‍. അധികം പേര്‍ കടന്നു വന്നിട്ടില്ലാത്ത മലയാളം യുണീകോഡ് ഫോണ്ട് നിര്‍മ്മാണത്തില്‍ പുതുമുഖങ്ങളെ സഹായിക്കാന്‍ ഒരു ബ്ലോഗ് രാഹുൽ എഴുതി വന്നിരുന്നു. ഒരു വര്‍ക്‌ഷോപ് സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം പലതവണ രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.  പിന്നീട് രാഹുല്‍, ജീസ്‍മോന്‍ ജേക്കബ് എന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ സഹായത്തോടെ, മലയാളം പിന്തുണയില്ലാത്ത ആന്‍ഡ്രോയ്ഡ് 2.2 ശ്രേണിയിലുള്ള ഫോണുകള്‍ക്കായി തന്റെ കൗമുദി ഫോണ്ട് ഏ.പി.കെ രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ഫോണ്ടുണ്ടാക്കാൻ ഒരു ടെമ്പ്ലേറ്റ്
അവന്റെ മരണത്തിനു തലേന്ന് വൈകുന്നേരം വിളിച്ചപ്പോൾ മലയാളം പഴയ ലിപിയെ പറ്റിയായിരുന്നു ഞങ്ങൾ സംസാരിച്ചത്. സാധാരണഗതിയിൽ ആയിരത്തിൽ അധികം അക്ഷരരൂപങ്ങൾ പഴയ ലിപിയിൽ വരച്ചെടുക്കേണ്ടതുണ്ട്. അതിനായി അവൻ ഒരു ടെമ്പ്ലേറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. പരമാവധി അക്ഷരരൂപങ്ങളെ കൂട്ടിച്ചേർക്കാനും അക്ഷരങ്ങളെ ചെറുതാക്കാനും  ഉള്ള നിരവധി സ്ക്രിപ്റ്റുകൾ അവൻ എഴുതിവെച്ചിട്ടുണ്ട്. അതുവഴി അക്ഷരരൂപങ്ങൾ വരച്ചുണ്ടാക്കുന്ന സമയം ഗണ്യമായി ലാഭിക്കാൻ പറ്റുമായിരുന്നു. ഈ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ വരച്ചെടുക്കേണ്ട അക്ഷരങ്ങളുടെ ചാർട്ടും അവൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. എത്ര അക്ഷരങ്ങളും ഏതൊക്കെ ചിഹ്നങ്ങളും വരച്ചെടുക്കണം, ഏതൊക്കെ അക്ഷരങ്ങളെ പരസ്പരം സ്ക്രിപ്റ്റുപയോഗിച്ച് കൂട്ടിച്ചേർക്കാം, തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഉൾപ്പെട്ട ഒരു സഹായി ആയിരുന്നു അത്. ഈ ലിസ്റ്റ് പഴയലിപിയുടെ നിർമ്മാണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അനാവശ്യമായി അക്ഷരരൂപങ്ങൾ വരച്ചെടുക്കുന്നതും അവയെ പ്രോസസ്സ് ചെയ്യുന്നതും ഇതുവഴി ഒഴിവാക്കാം. ഇതൊക്കെ തിങ്കളാഴ്ച ഷെയർ ചെയ്യാമെന്നു പറഞ്ഞിട്ടാണവൻ അന്നു ഫോൺ വെച്ചത്. അവന്റെ ഓഫീസിലെ കമ്പ്യൂട്ടറിൽ അതു കാണണം. അതു വെളിച്ചം കാണിക്കാൻ ഒരുപക്ഷേ ഏഷ്യാനെറ്റ് വിചാരിച്ചാൽ സാധിക്കുമായിരിക്കും. ഫോണ്ടുണ്ടാക്കാനിറങ്ങുന്ന മറ്റുള്ളവർക്ക് അത് ഏറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. മലയാളത്തിൽ ഇങ്ങനെയൊരു ലിസ്റ്റ്  ചിലരുടെയെങ്കിലും കൈയ്യിൽ ഉണ്ടാവും, പക്ഷേ, അവരെ സമീപിക്കുക എന്നത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അതുവെച്ച് അവർ ചെയ്യുന്ന ഫോണ്ടുകൾ ഉപയോഗിക്കാമെന്നല്ലാതെ, അതിന്റെ രഹസ്യം പൊതുവിൽ പരസ്യപ്പെടുത്താൻ മടിക്കുന്നതായിരിക്കാം ഇത് ലഭ്യമാകാതിരിയ്ക്കാൻ കാരണം. നിലവിൽ മലയാളത്തിൽ യുണീക്കോഡു വ്യവസ്ഥയിലുള്ള ആലങ്കാരിക ഫോണ്ടുകൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരത്തിലുള്ള നിരവധി ഫോണ്ടുകൾ ഇനി മലയാളത്തിൽ വരേണ്ടിയിരിക്കുന്നു.

മൊബൈൽ റൂട്ടിങ്ങ്
മൊബൈൽ റൂട്ടിങ്ങിനെ പറ്റിയുള്ള ആദ്യചിന്ത തന്നത് രാഹുലായിരുന്നു. പഴയ ഒരു ഫോണിൽ മലയാളം കൃത്യമായി എങ്ങനെ വരുത്താം എന്ന ചിന്തയിൽ ഒരിക്കൽ അവനെ സമീപിച്ചിരുന്നു. കൗമുദി ഫോണ്ടിന്  ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി എന്നത് ആ സമയത്ത് വലിയൊരു ആശ്വാസമായി തോന്നിയിരുന്നു. ഇന്നിപ്പോൾ ഏതൊരു ആൻഡ്രോയിഡ് ഫോണിലും മലയാളം നന്നായി വഴങ്ങുന്നുണ്ട്. ചില കൂട്ടുകാർ പറഞ്ഞതു കേട്ട് സയനോജെൻ മോഡിലേക്ക് മാറ്റി മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ചെറിയൊരു ധൈര്യക്കുറവ് ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ബ്രിക്ക് ആയിപ്പോവാൻ എല്ലാ സാധ്യതയും ഉണ്ട് എന്ന് നിർദ്ദേശങ്ങൾ എഴുതിയിരുന്ന സൈറ്റിൽ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിനെ വിളിച്ചപ്പോൾ അവൻ, “ഒന്നും സംഭവിക്കില്ല, നന്നായി ടെസ്റ്റ് ചെയ്ത സയനോജൻ മോഡ് റോം അതിലെ കമന്റൊക്കെ വായിച്ച് ഡൗൺലോഡ് ചെയ്തെടുത്തോളൂ – കുഴപ്പമൊന്നും വരില്ല” എന്നാണ് പറഞ്ഞത്. എനിക്കതിന് അവന്റെ സഹായം അധികമൊന്നും വേണ്ടി വന്നില്ലെങ്കിലും അവൻ പകർന്ന ഒരു ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു. ആൻഡ്രോയിഡ് 2.2 -ഇൽ തുടങ്ങി പിന്നീട് ആൻഡ്രോയ്ഡ് 4.2.2 വരെ വർക്ക് ചെയ്യിപ്പിക്കാൻ ഇത് സഹായകരമായി.

മറ്റു പ്രവർത്തനങ്ങൾ
ആൻഡ്രോയ്ഡിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ഓപറേറ്റിങ്  സിസ്റ്റമായ  സയനോജെന്‍ മോഡിന്റെയടക്കം ഒട്ടനവധി സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ പരിഭാഷയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളൊന്നും ഒരു സംഘടനയുമായും ബന്ധപ്പെട്ടല്ലായിരുന്നു ചെയ്തിരുന്നത്. പലപ്പോഴും ഞങ്ങള്‍ അതിനു നിര്‍ബന്ധിച്ചപ്പോഴും ഒരല്പം അന്തർമുഖത്വത്തോടെ ഒഴിഞ്ഞുമാറുകയായിരുന്നു രാഹുല്‍ ചെയ്തിരുന്നത്.  ഫോണ്ടുമായി ബന്ധപ്പെട്ട് നിരവധി പ്രോജക്റ്റുകൾ അവൻ ഏറ്റെടുത്തതും വിനയായി മാറി.

അവന്റെ മരണം സൃഷ്ടിച്ച ശൂന്യത വിട്ടുമാറുന്നില്ല. മൊബൈലിൽ അവന്റെ നമ്പർ ഡിലീറ്റ് ചെയ്യാൻ ഇതുവരെ ഞങ്ങൾക്കു പറ്റിയിട്ടില്ല. പ്രിയങ്കരനായ ഒരു കൂട്ടുകാരന്റെ വിയോഗം ബാക്കിവെയ്ക്കുന്നത് നീറിപ്പുകയുന്ന കുറേ ഓർമ്മകളും വേദനയും മാത്രം.

ലിങ്കുകൾ :
കൗമുദി ഫോണ്ട് : https://github.com/rahul-v/Kaumudi
രാഖി ഫോണ്ട്: https://github.com/rahul-v/Rakhi

അഖിലിന്റെ സഹായത്തോടെ എഴുതിയതാണിത്…

നവാബ് രാജേന്ദ്രൻ

nawab-rajendran

ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പതിനൊന്നു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം Continue reading

മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഇംഗ്ലീഷിൽ ടങ് ട്വിസ്റ്ററുകൾ എന്നറിയപ്പെടുന്ന ഇത്തരം നാക്കുളുക്കി വാക്കുകളും വാക്യങ്ങളും മറ്റുഭാഷകളിലും ലഭ്യമാണ്. Continue reading

ഐടി @ സ്കൂൾ ഗ്നു ലിനക്സ് 12.04

IT@School GNU/Linux CD for free Downloadകേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ ഉപയോഗത്തിനായി ഐടി @ സ്കൂൾ പ്രോജക്റ്റ് തയ്യാറാക്കിയിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഐടി @ സ്കൂൾ ഗ്നു ലിനക്സ് 12.04. ഉബുണ്ടു 12.04 എന്ന ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെ ആധാരമാക്കിയാണിത് തയ്യാറാക്കിയിരിക്കുന്നത്. Continue reading

ലയനം

ചെറുപ്പത്തിൽ സ്കൂൾ അവധിക്കാലങ്ങളിൽ ഒടയഞ്ചാലിൽ നിന്നും ചെറുവത്തൂരേയ്ക്കു പോവുക എന്നത് എനിക്കൊരു രസമായിരുന്നു. അച്ഛന്റെ വീടവിടെയാണ്. വിദ്യാരംഭം അവിടെയായിരുന്നുവെങ്കിലും പിന്നീട് തുടർപഠനം അമ്മയുടെ നാടായ ഒടയഞ്ചാലിൽ വെച്ചായിരുന്നു. എല്ലാ അവധിക്കാലവും ചെറുവത്തൂരിലേക്കു പോവുകയെന്നത് പതിവായി മാറിയിരുന്നു. Continue reading

വിക്കിപീഡിയയിൽ എങ്ങനെ ചിത്രങ്ങൾ ചേർക്കാം?

സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയിൽ വിജ്ഞാനസംബന്ധിയായ ലേഖനങ്ങൾ ചേർക്കുക എന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നുണ്ട് ലേഖനത്തിനാവശ്യമായ ചിത്രങ്ങൾ ചേർക്കുക എന്നതും. വിക്കിപീഡിയയുടെ സഹോദരസംരംഭമായ വിക്കിമീഡിയ കോമൺസ് എന്ന വെബ്സൈറ്റ് Continue reading

മലയാളം ഭാഷയും സംസ്കാരവും

ഇന്നു കൈയിൽ കിട്ടിയ ഒരു പഴയ കുഞ്ഞു പുസ്തകം വായിച്ച് തീർത്തപ്പോൾ കിട്ടിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. പണ്ട് എം. എ. മലയാളം പഠിക്കുന്ന സമയത്ത് കോഴിക്കോട് ടൗണിലെ ഒരു പുസ്തകചന്തയിൽനിന്നും Continue reading

പുതിയ പരീക്ഷണങ്ങളുമായി മലയാളം വിക്കിപീഡിയ വീണ്ടും!

ഡിസംബർ 15-ആം തീയതി ഉച്ച തിരിഞ്ഞ് 2.30 മുതൽ 5.30 വരെ തൃശ്ശൂർ തേക്കിൻകാടു മൈതാനത്തിൽ (നെഹ്രു പാർക്കിന്റെ പടിഞ്ഞാറേ കവാടത്തിനു പുറത്തുള്ള പുൽത്തകിടിയിൽ)യാതൊരു ഔപചാരികതകളുമില്ലാതെ നടത്തുവാനുദ്ദേശിക്കുന്ന ഒരു “ആൾക്കൂട്ടം” ആണു് വിക്കി ഫേസ് പ്ലസ്സ്. ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിവയിലൂടെ മലയാളം വിക്കിപീഡിയയെപ്പറ്റി കേട്ടറിവോ കണ്ടറിവോ അതിൽ കൂടുതൽ അനുഭവപരിചയമോ ഉള്ള ആർക്കും തദവസരത്തിൽ അവിടെ വന്നുചേരാം.

ഇന്റർനെറ്റിലെ ഏറ്റവും പ്രചാരമുള്ള അഞ്ചാമത്തെ വെബ് സൈറ്റായ വിക്കിപീഡിയയുടെ മലയാളം പ്രവർത്തകർ ഒരിക്കൽകൂടി തങ്ങളുടേതു മാത്രമായ ചരിത്രം സൃഷ്ടിക്കുകയാണു്. തൃശ്ശൂർ തേക്കിൻ‌കാട് മൈതാനത്തു് ഇന്നു നടക്കുന്ന “ഫ്രീ ക്രൗഡ് മീറ്റ്” ഇതുവരെ എവിടെയും കേട്ടിട്ടില്ലാത്ത തരത്തിൽ ഒരു പുതിയ തരം പൊതുചടങ്ങായിരിക്കും. അരങ്ങോ അദ്ധ്യക്ഷനോ ഇല്ലാതെ, മൈക്കുകളുടെ ബഹളമോ പ്രസംഗങ്ങളുടെ മടുപ്പോ ഇല്ലാതെ തുറസ്സായ ഒരിടത്തു് ഒത്തുകൂടുന്ന ‘സ്വതന്ത്രമായ’ ഒരാൾക്കൂട്ടം എന്നതാണീ പുത്തൻ പരീക്ഷണത്തിന്റെ പ്രത്യേകത. പങ്കെടുക്കുന്നവരിൽ അന്യോന്യം പരിചയമുള്ളവർക്കു് സ്വയം ചെറുകൂട്ടങ്ങളായി വട്ടം കൂടിയിരുന്നു് തങ്ങൾക്കു് ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി സംസാരിക്കാം. വിക്കിപീഡിയ എന്ന ഓൺലൈൻ വിശ്വവിജ്ഞാനകോശം പോലെത്തന്നെ സ്വതന്ത്രവും സൗജന്യവും തുറന്നതുമായിരിക്കും ‘വിക്കിഫേസ് പ്ലസ്’ എന്ന ഈ ആൾക്കൂട്ടം.

ഡിസംബർ 15നു് ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു് 2.30 മുതൽ 5.30 വരെ തൃശ്ശൂർ നെഹ്രു പാർക്കിനു പടിഞ്ഞാറു വശത്തു് തേക്കിൻകാടു മൈതാനിയിലെ പുൽത്തകിടിയിലാണു് പരിപാടി നടക്കുക. ഇന്റർനെറ്റിലെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളായ ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ്, ട്വിറ്റെർ തുടങ്ങിയ ചങ്ങാതിക്കൂട്ടങ്ങളിൽ സജീവമായി പങ്കെടുക്കുന്നവർക്കും ഇംഗ്ലീഷിലോ മലയാളത്തിലോ വിക്കിപീഡിയ വായിക്കുകയോ അതിൽ ലേഖനങ്ങൾ ചേർക്കുകയോ ചെയ്യുന്ന ‘വിക്കിപീഡിയന്മാർക്കും’ പരിപാടിയിൽ പങ്കെടുക്കാം. വിക്കിപീഡിയയെക്കുറിച്ചു് കൂടുതൽ അറിയാനും അതിലെ വിവരങ്ങൾ വിദ്യാഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനും താൽപ്പര്യമുള്ളവർക്കു് ആവശ്യമായ പ്രാഥമികവിവരങ്ങൾ നൽകുവാനും ഉള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടു്. വിക്കിപീഡിയയെക്കുറിച്ചു് മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള ഒരു കൈപ്പുസ്തകവും ചടങ്ങിൽ പങ്കെടുക്കുന്നവർക്കു് സൗജന്യമായി വിതരണം ചെയ്യപ്പെടും.

മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും മറ്റു പ്രധാന നഗരങ്ങളിലും നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായാണു് “വിക്കി ഫേസ് പ്ലസ്സ്” സംഘടിപ്പിക്കുന്നതു്. രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന പത്താം വാർഷികച്ചടങ്ങുകൾ ഡിസംബർ എട്ടിനു കണ്ണൂരിലെ ആറളം മേഖലയിൽ നടത്തിയ ‘വിക്കി വനവിജ്ഞാനയാത്ര’യോടെ ആരംഭിച്ചു. ഡിസമ്പർ 21നു് ഓൺലൈനായി നടത്തുന്ന ‘വിക്കിപീഡിയ പിറന്നാൾ സമ്മാനവും’ 22നു വിവിധ ജില്ലാകേന്ദ്രങ്ങളിൽ നടത്തുന്ന വിക്കിസമ്മേളനങ്ങളും ആണു് അടുത്ത പരിപാടികൾ. ഡിസംബർ 23നു് എറണാകുളത്തു നടക്കുന്ന പ്രധാന സമ്മേളനത്തിൽ സിമ്പോസിയം, സെമിനാർ, വിക്കിപീഡിയ പരിശീലന ശിബിരം, വിക്കി ക്വിസ് തുടങ്ങിയവ ഉൾപ്പെടും.

ജനുവരിയിൽ തൃശ്ശൂരിലെ വിവിധ കോളേജുകളിലായി ശിൽപ്പശാലകൾ, വിക്കി ക്ലബ്ബ് രൂപീകരണം, രക്തദാനക്യാമ്പ് തുടങ്ങിയവയും പ്രവർത്തകർ ആസൂത്രണം ചെയ്തിട്ടുണ്ടു്.

കൂടുതൽ വിവരങ്ങൾ http://ml.wikipedia.org/wiki/MlwikiBD10 എന്ന വെബ് സൈറ്റ് ലിങ്കിൽ ലഭ്യമാണു്.വിക്കി ഫെയ്സ് പ്ലുസ്

ആത്മാർപ്പണത്തിന്റെ വിജയഗാഥ

Wiki-vanayatra-team-members
ഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക്  ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു.

റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം പണ്ട്, പഴശ്ശിപ്പടയിലെ ആദിവാസി നേതാവായിരുന്ന തലയ്ക്കൽ  ചന്തു കുറിച്ച്യരെ സംഘടിപ്പിക്കാനും അയോധനകല പഠിപ്പിക്കാനുമായി പാളയം കെട്ടി താമസമുറപ്പിച്ചു വന്ന സ്ഥലമായിരുന്നുവത്രേ ഇത്. പാലയത്തുവയൽ എന്ന പേര് ബ്രിട്ടീഷുകാരാൽ തലയറ്റു വീണ ആ ആ ധീര യുവാവിന്റെ വീരസ്മരണയുണർത്തും. കുറിച്യർ ഏറെ അതിവസിക്കുന്ന സ്ഥലമാണിത്. മാറിമാറി വരുന്ന ഗവണ്മെന്റുകളുടെ അവഗണന മാത്രം ഏറ്റുവാങ്ങി കാടുകൾക്കിടയിൽ ആരോടും പരിഭവം പറയാതെ കഴിയുന്നു. അവർക്ക് കിട്ടേണ്ടതൊക്കെ ഇടനിലക്കാരും രാഷ്ട്രീയക്കാരും കൈക്കലാക്കുമ്പോൾ മണ്ണു പൊന്നാക്കി മാറ്റി അവർ ജീവിതമാർഗം കണ്ടെത്തുന്നു. പരിതാപകരമാണു പലരുടേയും അവസ്ഥ. അത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ ദിശാബോധം നൽകുകയാണിവിടുത്തെ അദ്ധ്യാപകർ.

പൊതുവേ മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുന്നവരാണ് കുറിച്യർ. ഭാഷ ഒരളവുവരെ പ്രശ്നമാണ്. ആൾക്കൂട്ടങ്ങളിൽ മാറിനിന്ന് അവർ മറ്റുള്ളവർക്ക് വഴിയൊരുക്കുന്നു. കുട്ടികളും അങ്ങനെ തന്നെ. ആ അന്തർമുഖത്വം മാറ്റി തങ്ങളും സമൂഹജീവികളാണെന്ന ദിശാബോധം വരും തലമുറയ്ക്കെങ്കിലും പകർന്നുകൊടുക്കാൻ ഒട്ടൊന്നുമല്ല ഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പൂർണമായ ഉത്തരവാദിത്വം അദ്ധ്യാപകർക്ക് വിട്ടുകൊടുത്ത് മാതാപിതാക്കളും ഒരു വൻ മാറ്റത്തിനു തയ്യാറെടുത്തിരിക്കുന്നു.  ജന്മസിദ്ധമായ അപകർഷതാബോധം കൊണ്ടും ആത്മവിശ്വാസക്കുറവും കൊണ്ടും പൊറുതിമുട്ടുന്ന ഈ കുട്ടികളെ മാറ്റിയെടുക്കാൻ അവർക്ക്  താല്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് ജയരാജൻ മാസ്റ്ററും മറ്റു അദ്ധ്യാപകരും പാഠ്യപദ്ധതിയൊരുക്കുന്നു.

എന്തൊക്കെയാണിവരുടെ പ്രവർത്തനങ്ങൾ എന്നു നോക്കാം; അതിനുമുമ്പ് സ്കൂളിനെ പറ്റി ഒന്നു പറയാം. സുന്ദരമാണാ സ്ക്കൂൾ. സ്കൂൾ വരാന്തയ്ക്കപ്പുറം ആരും ചെരുപ്പുപയോഗിക്കാറില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും ചെരുപ്പ് വെളിയിൽ വരാന്തയ്ക്കുമിപ്പുറം ഊരിവെയ്ക്കുന്നു. ഇതൊന്നും അറിയാതെ നേരെ കേറിച്ചെന്ന എനിക്ക് ക്ലാസ് റൂമിന്റെ വൃത്തികണ്ടപ്പോൾ അവിടെക്ക് ചെരിപ്പിട്ട് കയാറാൻ തോന്നിയില്ല എന്നത് സത്യം. നോക്കിയപ്പോൾ എല്ലാവരും ചെരുപ്പ് പുറത്ത് ഊരി വെച്ചിരിക്കുന്നതു കണ്ടു. ക്ലാസ് മുറിയിലും പുറത്തുമൊക്കെ പലപല കവിതാശകലങ്ങൾ എഴുതിവെച്ചിരിക്കുന്നു. സ്കൂളിനു പുറകുവശത്ത് അവരുടെ പച്ചക്കറി കൃഷി. ടോയ്ലെറ്റുകൾ കണ്ടാൽ പറയില്ല അവിടെ പഠിക്കുന്നത് യു. പി. സ്കൂളിലെ കുട്ടികളാണെന്ന് – ഞാൻ മുമ്പ് ഡിഗ്രി പഠിച്ച സെന്റ്. പയസ് ടെൻത് കോളേജിന്റെ ടോയ്ലെറ്റിനെ കുറിച്ച് ഓർത്തുപോയി!! എത്രമാത്രം വൃത്തിഹീനമായിരുന്നു അവിടെ. വൃത്തിയും വെടിപ്പും എല്ലാ തലത്തിലും സൂക്ഷിക്കുന്നുണ്ട് ഇവിടെ.

നാടിനെപറ്റിയും നാട്ടുകാരെ പറ്റിയും പ്രധാന അദ്ധ്യാപകൻ ശ്രീ. ജയരാജൻ മാസ്റ്റർ വിശദീകരിച്ചു തന്നു. ഒമ്പതു വർഷമായി ജയരാജൻ മാസ്റ്റർ അവിടെ എത്തിയിട്ട്. ഈ കാലം കൊണ്ട് അദ്ദേഹം മുൻകൈ എടുത്തു ചെയ്ത പരിപാടികളെല്ലാം തന്നെ ഗംഭീരമാണ്. പന്ത്രണ്ടു വർഷത്തോളമായി അവിടെ പഠിപ്പിക്കുന്ന നാരായണൻ മാസ്റ്ററും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരായ കുറിച്യരുടെ അദ്ധ്വാനശീലത്തെ കുറിച്ചും മറ്റും പറഞ്ഞുതന്നത് നാരായണൻ മാസ്റ്റർ ആയിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഓരോ കുട്ടിയും ക്ലാസിലെത്തുന്നത്. ഉയർന്ന കായികക്ഷമതയാണു കുട്ടികളുടെ പ്രത്യേകത. സ്പോർട്സ് ഇനങ്ങളിൽ വിവിധ തലങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടാൻ ഈ പ്രത്യേകത സ്കൂളിനെ ഒത്തിരി സഹായിക്കുന്നു. കഠിനാദ്ധ്വാനികളാണ് ഓരോരുത്തരും.

കുട്ടികൾ ഈ സ്കൂളിൽ സ്വന്തമായി ഒരു തപാൽ സംവിധാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. അതു വഴി അവർ പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകൾ നിരവിധിയാണ് ‍… അവരുടെ പരിഭവങ്ങൾ, കുസൃതികൾ, ആവശ്യങ്ങൾ, ക്ഷമാപണങ്ങൾ എല്ലാം അവർ ഇങ്ങനെ എഴുത്തിലൂടെ അദ്ധ്യാപകരെ അറിയിക്കുന്നു. അദ്ധ്യാപകരാവട്ടെ ഇതിനൊക്കെ തക്ക മറുപടിയും കൊടുക്കുന്നുണ്ട്. കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്. മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.

കുറിച്യ സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം ആണു മറ്റൊന്ന്. മനുഷ്യ പരിണാമത്തെ കാണിക്കുന്ന കൂറ്റൻ പേപ്പർ പൾപ്പ് പ്രതിമകൾ, ആദിവാസി മേഖലയിൽ നിന്നും ശേഖരിച്ച വിവിധ ആയുധങ്ങൾ, ഉപകരണങ്ങൾ, പഴയ ഒരു റേഡിയോ, കുട്ടികൾ ചിരട്ടയിലും മറ്റും തീർത്ത ശില്പങ്ങൾ, ചിത്രങ്ങൾ, ബിഷപ്പ് ബീൻസ് പോലുള്ള കൂറ്റൻ വിത്തുകൾ ആനയോട്ടി പോലുള്ള ഉപകരണങ്ങൾ എന്നിങ്ങനെ നിരവിധി സാധനങ്ങൾ അവിടെയുണ്ട്.

ജീവിത സാഹചര്യം കൊണ്ട് ടെലിവിഷൻ എന്നത് കേട്ടറിവു മാത്രമാകേണ്ടിയിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആ സ്കൂളിൽ നടത്തി വരുന്നുണ്ട്. അന്നന്നുള്ള പ്രധാന വാർത്തകളും, അവരുടെ ഡേറ്റുഡേ ആക്റ്റിവിറ്റീസും കടങ്കഥകളും ലോകകാര്യങ്ങൾ വിശദീകരിക്കുന്ന വേൾഡ് ടു ഡേ യും ഒക്കെ മിന്നിമറിയുന്ന കൊച്ചു ടിവി. വാർത്താ വായനക്കാരും അവതാരകരും കുട്ടികൾ തന്നെ. സ്റ്റൂഡിയോയിൽ നിന്നും ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങൾ എൽ സി ഡി ടിവി വഴി ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. അവതാരകരും റിപ്പോർട്ടർമാരും ഒക്കെ കുട്ടികൾ തന്നെ. വിഡിയോ ഏഡിറ്റിങിന് അദ്ധ്യാപകർ സഹായിക്കുന്നു. കോടികൾ കോഴകൊടുത്ത് ഒപ്പിച്ചെടുക്കുന്ന ആധുനിക പബ്ലിക് സ്കൂളുകളിൽ എവിടെ കാണും ഇത്രയ്ക്ക് സുന്ദരമായ ഒരു സ്മാർട്ട് ക്ലാസ് റൂം!!

ഇതുകൊണ്ടൊന്നും തീരുന്നതല്ല പാലയത്തുവയൽ സ്കൂളിന്റെ പ്രത്യേകതകൾ. കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ ഗണിത ലാബ് ഉണ്ടവിടെ.  പഞ്ചായത്തിന്റെ സഹകരണത്തോടെ ഗണിതശാസ്ത്രത്തിന്റെ  സിദ്ധാന്തങ്ങളുടെ രസകരമായ പഠനമാണ്  ഗണിതലാബിലൂടെ സാധ്യമാവുന്നത്. കുട്ടികളിൽ വല്ലാതെ പോക്ഷകാഹാര കുറവു കണ്ടപ്പോൾ അദ്ധ്യാപകർ മുങ്കൈ എടുത്ത്  വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍  ഫോർപ്ലാന്റ്  എന്നപേരിൽ നടത്തുകയുണ്ടായി. വള്ളിച്ചീര, മുരിങ്ങ, പപ്പായ, കാച്ചിൽ തുടങ്ങി നിരവധി ഭക്ഷ്യസാധനങ്ങൾ കുട്ടികളെ കൊണ്ട് അവരവരുടെ വീടുകളിൽ നടീപ്പിച്ചു. കാർഷിക വൃത്തിയാൽ കാലം കഴിക്കുന്ന അവരുടെ പിതാക്കളിൽ നിന്നും ഈ പരിപാടിക്ക് അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.  സ്കൂളിൽ നടത്തിയ ചമ്മന്തി മേളയെ കുറിച്ച് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. 35 -ഓളം ചമ്മന്തികളാണത്രേ അന്ന് കുട്ടികൾ അവിടെ തയ്യാറാക്കിയത്! നാട്ടുവൈവിധ്യങ്ങൾ ഒന്നൊന്നായി നശിക്കുന്നുവെങ്കിലും ഇത്തരം മേളകളിലെങ്കിലും അവ പുനർജ്ജനിക്കുകയും ഓർമ്മ പുതുക്കുകയും ചെയ്യുന്നു.

എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ്‌ മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌. വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതകേരളം പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടു സ്കൂളുകളിൽ ഒന്നാണീ സരസ്വതീക്ഷേത്രം. പത്ത് കമ്പ്യൂട്ടറുകൾ ഉള്ള ഒരു ലാബുണ്ട് ഇവിടെ, ഉടനേ തന്നെ ഇന്റർനെറ്റ് കണക്ഷൻ കിട്ടുമെന്ന് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. കുഞ്ഞുങ്ങൾക്ക് ഇന്റെർ നെറ്റ് വെച്ച് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യാൻ അദ്ദേഹത്തിനു കഴിയട്ടെ. മലയാളം വിക്കിപീഡിയയുടെ എല്ലാവിധ പിന്തുണയും സഹായസഹകരണവും ഞങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടാണു വന്നത്. വിളിച്ചാൽ ഏതു നിമിഷവും ഓടിയെത്താൻ ഞങ്ങൾ തയ്യാറാണെന്ന് ഒരിക്കൽ കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.

ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് പുറമേയുള്ള മറ്റു സ്കൂളുകളിലേക്ക് പോകേണ്ടിവരുന്നു. ഏറെ ശ്രദ്ധകിട്ടി വളർന്ന ഇവർ മറ്റു സ്കൂളുകളിൽ വല്ലാതെ അവഗണിക്കപ്പെടുന്നു. ദൂരവും അവഗണനയും ഒക്കെ കൊണ്ട് ഏഴാം ക്ലാസ് കഴിഞ്ഞ് പഠനം തുടരുന്നവർ വളരെ കുറച്ചാണ്. ആ സങ്കടം ജയരാജൻ മാസ്റ്ററിന്റെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. എത്രയും പെട്ടന്ന് ആ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയരട്ടെയെന്ന് ആശംസിക്കാനേ നമുക്കു പറ്റൂ! അവിടുത്തെ അദ്ധ്യാപരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകണമെങ്കിൽ അങ്ങനെ സംഭവിക്കണം.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

തിരിച്ചറിവുകളുടെ വിജ്ഞാനയാത്ര

മലയാളം വിക്കിപീഡിയ പത്താം വാർഷികം – വിജ്ഞാനയാത്ര

malayalam-wikipedia-10th-anniversary
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികൾ വളരെ വിജയപ്രദമായിരുന്നു. 2012 ഡിസംബർ 8, 9 തീയതികളിലായി പാലയത്ത് വയൽ ഗവണ്മെന്റ് യു പി സ്കൂളിൽ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രണ്ട് വനിതാ വിക്കിപീഡിയർ അടക്കം 30 പേർ പങ്കെടുത്തു. വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നിങ്ങനെ രണ്ടുഭാഗമായിട്ടായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. ഡിസംബർ എട്ടിനു നടന്ന വിക്കി വിജ്ഞാനയാത്രയിൽ പ്രാദേശിക സാമൂഹിക ചരിത്രസംബന്ധിയായ വിവരങ്ങളുടെ ശേഖരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

പുരളിമല മുത്തപ്പൻ ക്ഷേത്രം

nagalinga-tree-at-puralimala
വിക്കിപീഡിയ വിജ്ഞാനയാത്രയുടെ ഭാഗമായി പേരാവൂർ ഭാഗത്ത് ചരിത്രപ്രാധാന്യമുള്ള ചില ക്ഷേത്രങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് വിക്കിപീഡിയനായ വിനയ് രാജും, പാല കാക്കയങ്ങാട് സ്കൂളിലെ മലയാളഭാഷാ അദ്ധ്യാപകനായ ഗഫൂർ മാഷും ചേർന്നായിരുന്നു. സംഗത്തിലെ മറ്റുള്ളവർ വിക്കിപീഡിയരായ വിശ്വപ്രഭ, സുഗീഷ് സുബ്രഹ്മണ്യം, മഞ്ജുഷ, പിന്നെ ഞാനും ആയിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢക്ഷേത്രമായ പുരളിമല മുത്തപ്പക്ഷേത്രത്തിൽ നിന്നുമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. കോലത്തുനാടീന്റെ ആത്മസാക്ഷാത്കാരമാണു മുത്തപ്പൻ തെയ്യം. പ്രത്യേകിച്ചും കുറിച്യസമുദായത്തിന്റെ കൺകണ്ട ദൈവം. സവർണബിംബങ്ങളെ ചുട്ടെരിച്ച് അധഃസ്ഥിതന്റെ കൂരകളിൽ വിപ്ലവത്തിന്റെ വിത്തുവിതച്ച പോയകാലത്തെ സമരനേതാവിനോടുള്ള ആരാധന നിത്യേന തെയ്യക്കോലമായി ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്നുണ്ട് പുരളിമലയിൽ. തിരു സന്നിധിയിൽ എത്തുന്നവർക്ക് എന്നും അന്നദാനം നടത്തിവരുന്ന ആ ക്ഷേത്രം ഏറെ സാമുഹികപ്രാധാന്യമുള്ള ഒന്നാണ്. അമ്പലമുറ്റത്ത് കൈലാസപതി (നാഗലിംഗമരം – Cannon ball tree) എന്ന വിശിഷ്ഠമായ മരം പൂക്കൾ വിരിയിച്ച് ഞങ്ങൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നതായി തോന്നി. സുഗീഷ് ചാഞ്ഞും ചരിഞ്ഞും പൂക്കളേയും കായ്ക്കളേയും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.

മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം

mrudanga-shyleswari-kshethram-muzhakkunnu
കേരളവർമ്മ പഴശ്ശിരാജാവിന്റെ കുടുംബക്ഷേത്രമായിരുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മൃദംഗശൈലേശ്വരീ ക്ഷേത്രം. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രവേലകൾ ചെയ്തുവരുന്ന തങ്കം എന്ന മാരാർ സ്ത്രീയിൽ നിന്നും കിട്ടിയ വിവരമായിരുന്നു ഇത്. ഞങ്ങൾ ചെല്ലുമ്പോൾ അമ്പലത്തിന്റെ ഒരു വശത്തായി പുറത്ത് നെല്ല് ഉണക്കാനിടുകയായിരുന്നു അവർ. അമ്പലം നടത്തിപ്പിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി അവർ സംസാരിച്ചു; പൊന്നുതമ്പുരാനായ കേരളവർമ്മ പഴശ്ശിരാജാവാന്റെ കുടുംബക്ഷേത്രമാണിതെന്ന് അഭിമാനത്തോടെ പറയുമ്പോൾ അവരുടെ കണ്ണുകളിൽ അഭിമാനത്തിന്റെ പൊൻതിളക്കം ഉണ്ടായിരുന്നു. ദുർഗാ ഭഗവതിയാണ് പ്രതിഷ്ഠ. അസമയത്തായിപ്പോയി ഞങ്ങൾ എത്തിയത്. ക്ഷേത്രമര്യാദകൾ പാലിക്കേണ്ടതുള്ളതിനാൽ പഴശ്ശിത്തമ്പുരാന്റെ പാദസ്പർശത്താൽ ഒരുകാലത്ത് പുളകം കൊണ്ട നാലമ്പലത്തിനകത്ത് കയാറാനായില്ല. നാശോന്മുഖമാണു പലഭാഗങ്ങളും. അമ്പലമുറ്റത്ത് വാളും പരിചയും ഏന്തിയ പഴശ്ശിത്തമ്പുരാന്റെ പൂർണകായ പ്രതിമ കാവലാളെ പോലെ നിൽപ്പുണ്ടായിരുന്നു. മമ്മുട്ടിയുടെ പഴശ്ശിവേഷം വിട്ട് മനസ്സിൽ യഥാർത്ഥ പഴശ്ശിരാജാവിന്റെ മുഖം വരച്ചു ചേർത്തപ്പോൾ അത്യധികമായ ആഹ്ലാദമായിരുന്നു. അമ്പലത്തിനകത്ത് പ്രവേശിക്കാനാവാതെ വലംവെച്ചു തിരിച്ചു വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ആ പഴയ കഥകളി വന്ദനശ്ലോകമായിരുന്നു. വഴിയിൽ വെച്ചുതന്നെ വിശ്വേട്ടനും വിനയേട്ടനും കൂടി ആ കഥകളി ശ്ലോകത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ സബ്ജക്റ്റല്ലാത്തതിനാൽ മിണ്ടാൻ പോയില്ല… എങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അത്:
മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുര്‍ഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുര്‍വ്വന്ത്വമീ മംഗളം…

ആറളം വന്യജീവി സങ്കേതം, എടത്തിൽ ഭഗവതിക്ഷേത്രം

aralam-farm - ആറളം വന്യജീവി സങ്കേതം
തുടർന്ന് നേരെ പോയത് ആറളം ഫാമിലേക്കായിരുന്നു. വൈവിധ്യമാർന്ന ഫലസംസ്യങ്ങളുടെ ഉല്പാദനവും വിതരണവും അവിടെ ഉണ്ട്, പ്ലാവിൻ തൈകൾക്കൊക്കെ 150 രൂപയോളം വില. വന്യജീവി സങ്കേതത്തിലേക്കൊന്നും സമയ പരിമിതി മൂലം പോയില്ല. ഫാമിനു നടുവിലുള്ള ഒരു ഹൈ സ്കൂൾ വരെ പോയി തിരിച്ചു വന്നു. വഴിയിൽ ഫാമിനടുത്തുള്ള കൃഷിയിടങ്ങളിലൂടെയും തേനീച്ച വളർത്തൽ കേന്ദ്രങ്ങളിലൂടെയും നടന്നു. അധിക സമയം അവിടെ നിന്നില്ല, ഞങ്ങൾ ഒരോ ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് തിരിച്ചുപോന്നു. വഴിവക്കിൽ സമീപത്തുള്ള എടത്തിൽ ഭഗവതിക്ഷേത്രത്തിൽ കയറാൻ മറന്നില്ല; വലിയ ചരിത്രപ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും അത്യധികായ ഒരു സാമൂഹിക കൂട്ടായ്മയുടെ നേർക്കാഴ്ചയാണത്രേ ആ ക്ഷേത്രത്തിലെ ഉത്സവങ്ങൾ. വർഷാവർഷങ്ങളിൽ നടന്നു വരുന്ന ഉത്സവത്തിന് അന്നാട്ടിലെ മുഴുവൻ ജനങ്ങളും എത്തിച്ചേരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വിദൂരത്തേക്ക് കല്യാണം കഴിച്ചു പുതിയ ജീവിതസാഹചര്യങ്ങളിൽ വ്യാപരിച്ചവരും ഒക്കെ അന്നേ ദിവസം മറ്റു തിരക്കുകൾ മാറ്റി വെച്ച് ഒത്തുചേരുകായാണിവിടെ – അമ്മയുടെ തിരുമുറ്റത്ത്. വിശേഷമെന്നു തോന്നിക്കുന്ന ചില നേർച്ചകൽ അവിടെ കണ്ടു, കാൽ, കൈ, തലയോട് എന്നിവയുടെ വെള്ളിരൂപങ്ങൾ നേർച്ചയായി സമർപ്പിക്കുന്നതാവണം എന്നു ഞങ്ങൾ ഊഹിച്ചു. പാല കാക്കയങ്ങാട് ഹൈസ്കൂളിലെ അദ്ധ്യാപകനായ ഗഫൂർ മാഷിന്റെ വിശദീകരണത്തിൽ ഞങ്ങളവിടെ എത്തിച്ചേരുന്ന ആൾക്കൂട്ടങ്ങളേയും കെട്ടിയാടുന്ന ഭഗവതിയേയും നേരിട്ടുകണ്ട പ്രതീതിയിൽ അനുഗ്രഹീതരായി. തെക്കു-വടക്കൻ സംവാദങ്ങളിലെ നിറസാന്നിധ്യമായ ചെമ്പകമരം തെക്കന്മാരായ വിശ്വേട്ടനേയും സുഗീഷിനേയും നോക്കി ചിരിച്ചുകൊണ്ട് അമ്പലമുറ്റത്ത് നിൽപ്പുണ്ടായിരുന്നു. എടത്തിൽ ഭഗവതിയോട് യാത്രപറഞ്ഞിറങ്ങി.

വാവലിപ്പുഴയോരത്തെ നാണുവാശന്റെ കളരി

kalari-nanu-aashan - നാണുവാശാന്റെ കളരിഅധികം ദൂരെയല്ലാതെയായിരുന്നു നാണുവാശാന്റെ കളരി. മനോഹരമായ വാവലിപ്പുഴയോരത്ത് പാലപ്പുഴയിൽ പഴശ്ശിരാജാവിന്റെ പേരിൽ തന്നെ കളരിത്തറ. തറനിരപ്പിൽ നിന്നും അല്പം താഴ്ത്തി, ഒരു മൂലയിൽ കളരി ദേവതയെ കുടിയിരുത്തിയിരിക്കുന്നു. പെൺകുട്ടികളടക്കം ധാരാള പേർ അവിടെ കളരി അഭ്യസിക്കുന്നു. ചുരിക, ഉറുമി, കത്തി, വടിപ്പയറ്റിനുതകുന്ന വിവിധതരം വടികൾ തുടങ്ങിയ അയോധനസാമഗ്രികൾ അവിടെയുണ്ടായിരുന്നു. നല്ല തണുപ്പായിരുന്നു അകത്ത്. കളരി തൈലങ്ങളുടെ വിവിധ കുപ്പികൾ അവിടവിടെ കാണപ്പെട്ടു. അവാച്യമായൊരു ശാന്തത ആത്മാവിലേക്കിറങ്ങി ചെല്ലുന്ന പ്രതീതി തോന്നി. ഞങ്ങൾ വാവലിപ്പുഴയോരത്തേക്കിറങ്ങി. പുഴ പകുതിയിലേറെ വറ്റി വരണ്ടിരിക്കുന്നു. നടുവിലായി ചില തുരുത്തുകൾ പോലെ കാണപ്പെട്ടു, മഴക്കാലത്ത് രൗദ്രതാണ്ഡവമാടി ആർത്തലച്ചു വരുന്ന വാവലിപ്പുഴയെ ഞാൻ മനസ്സാ നിരൂപിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ റബർ ഷീറ്റ് ഉറവെച്ച് അടിച്ചെടുക്കുന്ന മെഷ്യനും മറ്റും കണ്ടപ്പോൾ മഞ്ജുഷയ്ക്ക് അതൊക്കെ ആദ്യമായി കാണുന്ന കൗതുകം. കൈയിലെ രണ്ടുവിരലുകൾ മെഷ്യനകത്ത് പണ്ടെന്നോ കുടുങ്ങി ചതഞ്ഞരഞ്ഞതിന്റെ ധാരുണവേദന അയവിറക്കി സുഗീഷ് അവന്റെ ചതഞ്ഞ വിരലുകൾ കാണിച്ചു തന്നു. വിശപ്പ് മെല്ലെ പിടിമുറുക്കാൻ തുടങ്ങി. രാവിലെ വിനയേട്ടന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചർ ഒരുക്കിത്തന്ന ഇഡ്ഡലിയും സ്പെഷ്യൽ കോമ്പിനേഷനായ കപ്പയും തൈരും ഒക്കെ ആവിയായിപ്പോയിരിക്കുന്നു.
aralam-farm-kannurപേരാവൂരിലെ ഒരു ഹോട്ടലിൽ വെച്ച് സുഭിക്ഷമായ ഉച്ച ഭഷണം. തുടർന്ന് വൈകുന്നേരവും നാളെ മുഴുവനായും നടക്കുന്ന പരിപാടികളുടെ ആസൂത്രണത്തിലേക്ക് അല്പസമയം ഊളിയിട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് പോയി പാത്രങ്ങളെടുത്തു; ചായ വെയ്ക്കാനാവശ്യമായ പാൽ തുടങ്ങിയവയൊക്കെ വാങ്ങി വണ്ടിയിൽ വെച്ചു. സംഘാടനായ വിനയേട്ടന് തുരുതുരെ ഫോൺകോളുകൾ വന്നുതുടങ്ങി. അന്നത്തെ യാത്രകളിൽ ഞങ്ങൾ ഏറെ പ്രാധാന്യം കൊടുത്ത സ്ഥലത്തേക്ക് ഇനിയും എത്തിയിട്ടില്ല. തൊടീക്കളം ശിവക്ഷേത്രമായിരുന്നു അത്. തുടർന്നുള്ള യാത്ര അങ്ങോട്ടായിരുന്നു. രാത്രിയിലെ ഞങ്ങളുടെ ഒത്തു ചേരലിനു സാക്ഷ്യം വഹിക്കുന്ന കാനനമധ്യത്തിലെ പാലയത്തുവയൽ സ്കൂളിലേക്ക് തിരിയുന്ന ചങ്ങല ഗേറ്റ് എന്ന സ്ഥലവും കടന്ന് ഞങ്ങൾ തൊടീക്കളം ശിവക്ഷേത്രത്തിൽ എത്തി.

തൊടീക്കളം ശിവക്ഷേത്രം

കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു എന്നു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ഒരു വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു. വിശാലമായ അമ്പലക്കുളവും കൽപ്പടവുകളും പ്രാചീന ഗാംഭീര്യത്തെ വിളിച്ചോതുന്നതായിരുന്നു. ഡി.വൈ.എഫ്.ഐക്കാരുടെ ഒരു ബോർഡ് കൗതുകമുണർത്തി. കുളത്തിലെ അലക്ക് നിരോധിച്ചുകൊണ്ടും ചെരുപ്പുപയോഗിച്ച് കുളത്തിൽ ഇറങ്ങുന്നതിനെതിരെയും ആയിരുന്നു ബോർഡ്. ക്ഷേത്രമതിൽക്കെട്ടിലെത്തി. യാതൊരു സംരക്ഷണവും ഇല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾ. പൊളിഞ്ഞു വീണ മതിൽക്കെട്ടിനിടയിലൂടെ കാണുന്ന ആ ആദിമ ക്ഷേത്രപ്രൗഢിയുടെ ഗോപുരം. ക്ഷേത്രാചാരം അവിടെയും വിലങ്ങു തടിയായി. ക്ഷേത്രത്തിനകത്തു പ്രവേശിക്കാനോ പുരാതനമായ ആ ചുവർച്ചിത്രങ്ങൾ കണ്ടറിയാനോ ക്ഷേത്രപാലകർ ഞങ്ങളെ സമ്മതിച്ചില്ല. വളരെ ദൂരെനിന്നും വരുന്നവരാനെന്നും ക്ഷേത്രത്തിലേക്ക് മുതൽക്കൂട്ടാവുന്ന ചെറുതെങ്കിലുമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിക്കുമെന്നും ഒക്കെ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. നിങ്ങൾ കയറിയിട്ടും കാര്യമില്ല ചിത്രങ്ങൾ എടുക്കരുതെന്ന് നിയമമുണ്ടെന്നും പറഞ്ഞു. സർക്കാർ നിയമമത്രേ! ചിത്രങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റ് പലരും കാശാക്കി മാറ്റുന്നത്രേ! എത്രയാലോചിച്ചാലും മനസ്സിലാവാത്ത ന്യായവാദങ്ങളാണല്ലോ നമ്മുടെ ഗവണ്മെന്റുകൾ കാലാകാലങ്ങളിൽ ഉണ്ടാക്കുന്നത്. ചിത്രങ്ങൾ വിറ്റാൽ ഇവർക്കെന്ത്? കൂടുതൽ ആൾക്കാർ അതു കണ്ട്, ക്ഷേത്രത്തിന്റെ പുരാതന മഹിമ കണ്ട് വന്നെത്തുകയില്ലേ? ആരോട് ചോദിക്കാൻ? ക്ഷേത്രത്തോളം തന്ന്എ പുരാതനമായ ഒരു ബോർഡ് പുരാവസ്തുവകുപ്പിന്റെ വകയായി ക്ഷേത്രമുറ്റത്ത് കുത്തി നിർത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളവിടെ വട്ടം കൂടി നിൽക്കുന്നതു കണ്ടപ്പോൾ മറ്റൊരു ക്ഷേത്രപാലകൻ വന്ന് കാര്യങ്ങൾ വീണ്ടും അന്വേഷിക്കുകയുണ്ടായി! വിശ്വേട്ടൻ അയാൾക്ക് വിക്കിപീഡിയയുടെ പഠനശിബിരം നടത്തിക്കൊടുക്കുന്നുണ്ടായിരുന്നു!! ഇന്റെർനെറ്റെന്തെന്നോ വിക്കിപീഡിയ എന്തെന്നോ അറിയാത്ത ആ പാവം നാട്ടുമ്പുറത്തുകാരൻ വിഴുങ്ങസ്യ ൻഇൽക്കുന്നുണ്ടായിരുന്നു അവിടെ! മേലിൽ അയാൾ ക്ഷേത്രം കാണാൻ വരുന്നവരോട് കുശലപ്രശ്നങ്ങൾ ചോദിച്ചു പോകുമെന്ന് കരുതാൻ ഇനി നിർവാഹമില്ല.

പാലയത്തുവയൽ യു. പി സ്കൂളിലേക്ക്

ചങ്ങല ഗേറ്റ് കടന്ന് നേരെ പാലത്തുവയൽ സ്കൂളിലേക്ക്. പ്രധാന അദ്ധ്യാപകനായ ശ്രീ ജയരാജൻ മാസ്റ്ററും, നാട്ടറിവുകളുടെ വിക്കിപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന കർഷകനായ മാത്യു സാറും സ്കൂളിലെ തന്നെ അദ്ധ്യാപനായ നാരായാണൻ സാറും ഒക്കെ ഞങ്ങളെ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ഏറെ ആയെന്ന് വിനയേട്ടൻ പറഞ്ഞു. വഴിവക്കിൽ ഹരിഹരൻ സംവിധാനം ചെയ്യുന്ന ഭാവന നായികയും വിനീത് നായകനും ആയി അഭിനയിക്കുന്ന ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഞങ്ങളും സിനിമാക്കാരാണെന്നു കരുതി പലരും പ്രതീക്ഷയോടെ വണ്ടിക്കകത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്തൊന്നും നിർത്താതെ ഞങ്ങൾ സ്കൂളിലെത്തി. ബാംഗ്ലൂരിൽ നിന്നും സുധിയും അപ്പോഴേക്കും വന്നുചേർന്നിരുന്നു. ആദിത്യമരുളുന്ന സുമനസ്സുകളെ പരിചയപ്പെട്ടു. സമീപത്തുകൂടെ ഒഴുകുന്ന കാട്ടരുവിയിൽ പോയി സ്ഥലകാലബോധങ്ങൾ വെടിഞ്ഞുള്ള ഒരു കുളി. മനസ്സും ശരീരവും ഒരു പോലെ തണുത്തു. കുളികഴിഞ്ഞെത്തുമ്പോഴേക്കും വിക്കിപീഡിയനായ വൈശാഖ് കല്ലൂർ എത്തിച്ചേർന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.

രാത്രിക്കു കടുപ്പമേറിത്തുടങ്ങി. ഞങ്ങളെല്ലാവരും സ്കൂളിന്റെ ഒരു ക്ലാസ്‌മുറിയിൽ സമ്മേളിച്ചു. തികച്ചും ഔപചാരികമായിത്തന്നെ ഞങ്ങൾ കാര്യപരിപാടിയിലേക്ക് നീങ്ങി. സ്കൂളിനെക്കുറിച്ചും കുറിച്യർ എന്ന ആദിമ സമുദായത്തിന്റെ പരിമിതികളെ കുറിച്ചും മിടുക്കരായ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാർത്ഥതയെ പറ്റിയും മിടുമിടുക്കരായ അവിടുത്തെ കുട്ടികളെ കുറിച്ചും കുട്ടികളെ അവർക്കു വിട്ടുകൊടുത്ത ആ ആദിമമനുഷ്യരുടെ സ്നേഹത്തെക്കുറിച്ചും ജയരാജൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് ജയരാജൻ മാസ്റ്റർ ഒരു കവിത ആലപിച്ചു; ഞങ്ങൾ അതേറ്റുപാടി; അടിച്ചമർത്തപ്പെട്ട ഒരു കൂടം മനുഷ്യരുടെ വിടുതലിനുവേണ്ടി; ആത്മവിശ്വാസത്തോടെ അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഒരു ഉണർത്തുപാട്ടായിരുന്നു അത്. ഏറ്റു പാടിയപ്പോൾ അടങ്ങാത്തൊരു വിപ്ലവവീര്യം സിരകളിലേക്ക് പാഞ്ഞുകരറുന്നതായി തോന്നി. ഒമ്പതുവർഷമായി ആ സ്കൂളിനെ അറിഞ്ഞ് കുറിച്യസമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് അദ്ദേഹം നയിക്കുകയാണ് ജയരാജൻ മാസ്റ്റർ. എളിമയുടെയും വിനയത്തിന്റേയും ആൾരൂപമായ ജയരാജൻ മാസ്റ്റർ ഒത്തിരി കാര്യങ്ങൾ പറയുകയുണ്ടായി. അതേക്കുറിച്ച് ഉടനെ തന്നെ എഴുതുന്നുണ്ട്.

തുടർന്ന് വിക്കിപീഡിയയെ പരിചയപ്പെടുത്തിക്കൊണ്ട് വിശ്വേട്ടൻ സംസാരിച്ചു. വിശ്വേട്ടന്റെ സ്ഥിരം ശൈലിയിൽ തന്നെയായിരുന്നു പരിചയപ്പെടുത്തൽ, എങ്കിലും അധികം വലിച്ചു നീട്ടാതെ കാര്യത്തോട് അടുപ്പിച്ചു തന്നെയായിരുന്നു വിശ്വേട്ടന്റെ പോക്ക്. വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാഠശാല, കോമൺസ് എന്നിവയെ ഞാൻ ചെറുതായി പരിചയപ്പെടുത്തി. തുടർന്ന് കൊല്ലം അഞ്ചലിൽ നടന്നുവരുന്ന വിക്കിപ്രവർത്തനങ്ങളെക്കുറിച്ച് സുഗീഷ് സംസാരിച്ചു. സംസാരത്തിനിടയിൽ കറന്റ് പോയിരുന്നെങ്കിലും ഞങ്ങൾ നിർത്തി വെയ്ക്കാൻ കൂട്ടാക്കിയില്ല… നെറ്റോ, മൊബൈൽ കവറേജോ ഇല്ലാത്ത ആ വനപ്രദേശത്തുള്ള ആദ്യ ദിവസം നല്ലൊരു അനുഭമായിരുന്നു. രാത്രി ഏറെ വൈകി ഉറങ്ങാൻ, ഒരു ക്ലാസ് മുറിയിൽ വിശ്വേട്ടനും സുഗീഷും സുധിയും വൈശാഖും മഞ്ജുഷയും ഞാനും കൂടി, മഞ്ജു നേരത്തെ കിടന്നുറങ്ങി, ഒരുമണിയാകാറായപ്പോൾ ഞാനും കിടന്നു. മറ്റുള്ളവർ നാലുമണി കഴിഞ്ഞാണത്രേ കിടന്നത്.! വിശ്വേട്ടന്റെ ക്ലാസ്സായിരുന്നു പാതിരാത്രിയിൽ!!

ഇത് ഒന്നാം ദിവസത്തെ കാര്യങ്ങൾ. ഇനിയും എഴുതാനുണ്ട് ഒത്തിരി… വനയാത്രയുടെ ഭാഗമായി പെരുവയിൽ നിന്നും കൊളപ്പയിലേക്ക് നടത്തിയ യാത്രയെ കുറിച്ച്, കുറിച്യ കോളനികളെ പറ്റി, മൂപ്പനെ പറ്റി, അമൃതൊഴുകിപ്പരക്കുന്ന മലമുകളിലെ ആ വെള്ളച്ചാട്ടത്തെക്കുറിച്ച്…. അതിലെല്ലാം ഉപരിയായി നാടിന്റെ ഹൃദയമായ ആ കൊച്ചു സരസ്വതീക്ഷേത്രത്തെ കുറിച്ച്, അവിടുള്ള കുട്ടികൾ വിരചിച്ച വിപ്ലവ ചിന്തകളെക്കുറിച്ച്, അവരുടെ തപ്പാൽ സംവിധാനത്തെക്കുറിച്ച്, മ്യൂസിയത്തെ കുറിച്ച്, വീടുകളിൽ അവർ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ സംവിധാനത്തെക്കുറിച്ച്, നാട്ടുവർത്തമാനങ്ങളും ലോകവിവരങ്ങളും സംപ്രേക്ഷണം ചെയ്യുന്ന അവരുടെ ടിവി ചാനലിനെ കുറിച്ച്, അവരുടെ അതുല്യമായ കായികക്ഷമതയെ കുറിച്ച്, അവർ ഉണ്ടാക്കി വിളമ്പിയ ചമ്മന്തികളെ കുറിച്ച്… ഇവയെ ഒക്കെ ഒരു നൂലിൽ കെട്ടി അവരുടെ നട്ടെല്ലായി നിൽക്കുന്ന ആ സ്കൂളിലെ അദ്ധ്യാപകവൃന്ദത്തിന്റെ നിസ്തുല സ്നേഹ സമ്പന്നതയെക്കുറിച്ച്…

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
Vijnana Yathra
Palayathuvayal School
Pachal gramam – Salem