Skip to main content

പൊതുവിജ്ഞാനം പരീക്ഷ

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം, സാഹിത്യം എന്ന മേഖലയിൽ പെട്ട 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുകയാണിവിടെ. (more…)

മലയാളവ്യാകരണവും സാഹിത്യവും

ചെറിയൊരു ചോദ്യോത്തര പരിപാടിയാണിത്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഇത് വളരെയേറെ പ്രയോചനം ചെയ്യുമെന്നു കരുതുന്നു. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ (more…)

മലയാളം ഭാഷയും സംസ്കാരവും

ഇന്നു കൈയിൽ കിട്ടിയ ഒരു പഴയ കുഞ്ഞു പുസ്തകം വായിച്ച് തീർത്തപ്പോൾ കിട്ടിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. പണ്ട് എം. എ. മലയാളം പഠിക്കുന്ന സമയത്ത് കോഴിക്കോട് ടൗണിലെ ഒരു പുസ്തകചന്തയിൽനിന്നും (more…)

മാതൃഭാഷാദിനത്തിൽ മലയാളം പഠിക്കാം

അന്തിയിരുട്ടില്‍, ദിക്കുതെറ്റിയ പെണ്‍പക്ഷി
തന്റെ കൂടിനെച്ചൊല്ലി, തന്റെ
കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചു കരയുന്നു.
എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം
എന്നാല്‍ എനിക്കതിന്റെ ഭാഷയറിയില്ലല്ലോ – ഏതോ ഒരു കവി

ഇന്ന് ഫെബ്രവരി 21 -ലോക മാതൃഭാഷാദിനം. ഭാഷയറിയാത്ത, നാം നമ്മെ അറിയാത്ത നിസ്സഹായമായ ഒരു നാളിൽ നിന്നും ഇന്നിന്റെ വളർച്ചയിലേക്ക് നമ്മെ ഓരോരുത്തരേയും കരകയറ്റിയ മാതൃഭാഷയുടെ ദിനം! ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റി ലോകമെന്തെന്നു കാണിച്ചു തന്നു നമ്മുടെ ഭാഷയുടെ ദിനം. മറ്റുള്ള ഭാഷകൾ കേവലം പോറ്റമ്മയായി മാത്രം കണ്ട് മർത്യസമൂഹം പെറ്റമ്മയ്ക്കുതുല്യം ആരാധിക്കുന്ന മാതൃഭാഷയുടെ സ്വന്തം ദിവസം. ഈ ദിവസം തന്നെയാവട്ടെ നമ്മുടെ കമ്പ്യൂട്ടറിൽ മാതൃഭാഷയിൽ തുടക്കം കുറിക്കാനുള്ള ദിവസവും! 1999 നവംബർ 17 – നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു. 2000 മുതല്‍ ഇതിനെ മാതൃഭാഷാദിനമായി ആചരിച്ചു പോരുന്നുണ്ട്. എങ്കിലും മലയാളത്തോട് മിക്കവർക്കും ഒരു പുച്ഛമാണെന്ന് പറയാതെ വയ്യ. മൊബൈലിലും മറ്റും കൃത്യമായി മലയാളം ടൈപ്പ് ചെയ്യാൻ പറ്റുമെന്നിരിക്കിലും ഇംഗ്ലീഷു ചെറുതാക്കി വൃത്തികെട്ടരൂപത്തിൽ മലയാളം കൂട്ടിച്ചേർത്ത് മംഗ്ലീഷ് എന്ന മാറാവ്യാധിയിലാണു മിക്കവരും ചാറ്റിങ് നടത്തുന്നത്. നമ്മുടെ സാംസ്കാരിക പൈതൃകം തന്നെയാണു മാതൃഭാഷ. ഭാഷകൾ അനവധിയുണ്ടല്ലോ, കൂടുതൽ ഭാഷകളെ പഠിച്ചിരിക്കുന്നതും നല്ലതാണ്… അതാത് സംസ്കാരങ്ങൾ അവരുടേതായ രീതിയിൽ തിരിച്ചറിയാനുള്ള നല്ല മാർഗമാണത്. കേവലം ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്നും അറിയേണ്ടതാണ്.

മലയാളികളിൽ ഒരു വലിയ സമൂഹം മലയാളത്തെ വെറുപ്പോടു കൂടി കാണാൻ പഠിച്ചനാൾ, മലയാളം മരിക്കുന്നു എന്ന് ചില വൃദ്ധപുംഗവൻമാർ അലമുറയിട്ടുകരയുമ്പോൾ ഓൺലൈനിൽ മലയാളം വിപ്ലവം രചിക്കുകയാണ്. ഇവിടെ മലയാളം എഴുതാനറിയാത്തവരും സിസ്റ്റത്തിൽ മലയാളം കോൺഫിഗർ ചെയ്യാനറിയാത്തവരും ഇനിയും ധാരാളമുണ്ടെന്നറിയാം. ചിലർക്കൊക്കെ മലയാളം വായിക്കാൻ കഴിയുന്നു; പക്ഷേ എഴുതാനുള്ള സങ്കേതം എന്തെന്നറിയില്ല. ചിലരുടെ കമ്പ്യൂട്ടറിൽ മലയാളം ചില്ലക്ഷരങ്ങൾ വരുന്നില്ല; ചിലർക്ക് കൂട്ടക്ഷരങ്ങൾ വിഘടിച്ച് ചന്ദ്രക്കലയുമായി കാണുന്നു. ഇതൊക്കെ ഒരഞ്ചുമിനിറ്റു സമയം കൊണ്ട് മാറ്റി എടുക്കാനാവുമെന്ന് ഇനിയും അറിയാത്ത ഒട്ടനവധിപ്പേർ മലയാളത്തെ കുറ്റം പറഞ്ഞു നടക്കുന്നതും കാണാറുണ്ട്. “കഴിഞ്ഞ ആഴ്ച വാങ്ങിച്ച കമ്പ്യൂട്ടറാണ് പക്ഷേ, മലയാളം നേരേ ചൊവ്വേ വായിക്കാൻ പറ്റില്ല. അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യവുമില്ല” എന്നൊരു സുഹൃത്ത് ഈയിടെ പരാതി പറഞ്ഞിരുന്നു.
malayalam-Inscript-key-layout
യുണികോഡ് ഫോണ്ട്
മലയാളം വായിക്കാനും എഴുതാനും വേണ്ട പ്രാഥമിക കാര്യങ്ങൾ എന്തെന്നു നോക്കാം. ഓൺലൈനിൽ മലയാളം വായിക്കാൻ നമ്മുടെ സിസ്റ്റത്തിൽ യുണികോഡ് ഫോണ്ട് അത്യാവശ്യമാണ്. (ചില സൈറ്റുകൾ  വെബ്ഫോണ്ടായി കൊടുത്തിരിക്കുന്നതിനാൽ ഫോണ്ടില്ലാതെയും വായിക്കാൻ പറ്റുന്നവയാണ് – ചായില്യം കൗമുദി ഫോണ്ട് വെബ്ഫോണ്ടായി ഉപയോഗിക്കുന്നുണ്ട്). രണ്ടുതരം മലയാളം ഫോണ്ടുകൾ ഇന്നു ലഭ്യമാണ്, ഒന്ന് ആസ്കിഫോണ്ടുകൾ രണ്ട് യുണികോഡ് ഫോണ്ടുകൾ. അഞ്ജലിഓൾഡ്‌ലിപി, മീര, രചന, കൗമുദി, തുടങ്ങി നിരവധി യുണികോഡ് ഫോണ്ടുകൾ ലഭ്യമാണ്. (കേരളകൗമുദിയുടെ ജേർണലിസ്റ്റും വിഷ്വലൈസറുമായ രാഹുൽ വിജയ് വികസിപ്പിച്ചെടുത്ത കൗമുദി എന്ന യുണികോഡ് ഫോണ്ട് ഡൗൺലോഡ് ചെയ്യുക) സാധാരണഗതിയിൽ ഫോണ്ട് ഡബിൾക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്താൽ അതിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള ബട്ടൻ കാണാവുന്നതാണ്. അതല്ലെങ്കിൽ ഫോണ്ട് സിസ്റ്റത്തിലെ C: ഡ്രൈവിൽ വിൻഡോസിൽ ഫോണ്ട്സ് എന്ന ഫോൾഡറിൽ (path: C:/windows/fonts/) കൊണ്ട് പോയി പേസ്റ്റ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നതിനു തുല്യമാണിത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ കൗമുദി എന്ന ഫോണ്ട് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു എന്നു പറയാം.

ഇതുകൊണ്ടുമാത്രം ആയില്ല, നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന ബ്രൗസറിന്റെ സെറ്റിങ്സിൽ ഒരല്പം മാറ്റം വരുത്തേണ്ടതുണ്ട്. പ്രധാനമായും മോസില്ല, ഗൂഗിൾ ക്രോം എന്നീ ബ്രൗസർ സെറ്റിങ്സിനെ പറ്റി പറയാം. ആദ്യം മോസില്ലയിൽ:

മോസില്ല
മോസില്ലയുടെ മെനുവിൽ ടൂൾസ് എന്നൊരു മെനുവുണ്ട്. അതിൽ Options എന്നൊരു മെനു(Menu: Tools-Options) ഐറ്റവും ഉണ്ട്. Alt + T പ്രസ് ചെയ്താൽ (ആൾട്ട് കീ അമർത്തിപിടിച്ച് T പ്രസ്സ് ചെയ്യുക – രണ്ടും ഒന്നിച്ച്) Tools മെനു ചാടിവിഴും അതിൽ മൗസ് കൊണ്ട്  Options ക്ലിക്ക് ചെയ്താൽ മതി. അപ്പോൾ ഓപ്ഷൻസ് വിൻഡോ തുറന്നു വരും. അതിൽ General, Tabs, Content, Aplications Privacy എന്നൊക്കെ പറഞ്ഞ് കുറേ ടാബുകൾ കാണും. മൂന്നാമത്തെ ടാബ്  Content ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്നിടത്ത് Font & Color എന്ന ബോക്സിൽ Default font: എന്നു കാണും. അവിടെ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സിസ്റ്റത്തിൽ ഉള്ള ഫോണ്ട്സ് ഒക്കെ കാണാവുന്നതാണ്. ആ ബോക്സിൽ ക്ലിക്ക് ചെയ്ത് K പ്രസ്സ് ചെയ്താൽ നേരത്തെ ഇൻസ്റ്റാൾ ചെയ്ത കൗമുദി ഫോണ്ട് കാണാവുന്നതാണ്. അത് സെലക്റ്റ് ചെയ്യുക.

how-write-malayalam-in-facebook

ഇതുകൊണ്ടുമാത്രം ആയില്ല; തൊട്ടടുത്തുള്ള Advanced… എന്ന ബട്ടൻ കണ്ടില്ലേ. അതു ക്ലിക്ക് ചെയ്തിട്ട് അഡ്വാൻസ് ഓപ്ഷൻസ്സിലേക്കു പോവുക. അവിടെയും ഉണ്ട് ചിലമാറ്റങ്ങൾ. ആദ്യം തന്നെ Font for: എന്ന ഇടത്തിലെ വെസ്റ്റേൺ മാറ്റി മലയാളം എന്നതു സെലക്റ്റ് ചെയ്യുക. പിന്നെ താഴെ കാണുന്ന Serif: Sans-serif: Monospace: ഒക്കെ കൗമുദിയാക്കി മാറ്റുക. അത്രയും ചെയ്തിട്ട് താഴെ Caracter Encoding: എന്ന ഭാഗത്തു വന്നിട്ട് Unicode (UTF-8) എന്നാക്കി മാറ്റുക. ഇനി എല്ലാം OK ബട്ടൻ അമർത്തി ക്ലോസ് ചെയ്തിട്ട് നിങ്ങളുടെ ബ്രൗസറിലെ മലയാളം എങ്ങനെയുണ്ടെന്നു കാണുക! സുന്ദരമായില്ലേ? ഇല്ലെങ്കിൽ അറിയിക്കാൻ മടിക്കരുത്. സെറ്റിങ്സിന്റെ ചിത്രം കാണുക:how-write-malayalam-in-internet

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരുടെ സെറ്റിങ്സ് നോക്കാം ഇനി
ഇതിലെ സെറ്റിങ്സ് പലപ്പോഴും മാറി മറിഞ്ഞു വരാറുണ്ട്. എന്തായാലും എന്തൊക്കെ മാറ്റേണ്ടതുണ്ട് എന്ന ഐഡിയ മുകളിലെ മോസില്ല കോൺഫിഗറേഷനിൽ നിന്നും കിട്ടിയല്ലോ. how-write-malayalam-in-chrome ക്രോം ബ്രൗസറിന്റെ വലതുവശത്ത് മൂലയിലായി മുകളിൽ മൂന്നു വരപോലെ കാണുന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ താഴെ സെറ്റിങ്സ് എന്നൊരു ഓപ്ഷൻ ഉണ്ട്. അതു ക്ലിക്ക് ചെയ്യുക. (ഇത് ക്രോമിൽ വായിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക chrome://settings/). ഇനി താഴോട്ട് സ്ക്രോൾ ചെയ്ത് ഏറ്റവും അടിയിലേക്ക് വരിക. അവിടെ Show advanced settings… എന്നൊരു ലിങ്ക് കാണും. അതു ക്ലിക്ക് ചെയ്യുക. ഇപ്പോൾ അതേ വിൻഡോ അല്പം താഴേക്ക് വളരും. അതിൽ Web content എന്നൊരു ചെറിയ ഹെഡിങ് കാണാവുന്നതാണ്. അതിൽ Customize എന്ന ബട്ടൻ അമർത്തുക. ഒരു പോപ്പ്അപ് വിൻഡോ തുറന്നുവരും. (മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യാത്തവർ ഈ ലിങ്ക് ക്ലിക്ക് chrome://settings/fonts ചെയ്താലും മതി – ഇത് ക്രോമിലാണു വായിക്കുന്നതെങ്കിൽ മാത്രമേ ക്ലിക്ക് ചെയ്യേണ്ടതുള്ളൂ). ഇപ്പോൾ തുറന്നു വന്ന വിൻഡോയിൽ Staandard font, Serif font, Sans-serif font, Fixed-width font എന്നൊക്കെയുള്ള എല്ലാ ഓപ്ഷൻസിലും Kaumudi ഫോണ്ട് തന്നെ സെലെക്റ്റ് ചെയ്തു കൊടുക്കുക. പിന്നെ താഴേക്ക് സ്ക്രോൾ ചെയ്തിട്ട് Encoding എന്ന ഭാഗത്ത് Unicode (UTF-8) എന്ന ഓപ്ഷൻ സെലെക്റ്റ് ചെയ്തു ഓക്കെ കൊടുക്കുക. ഇത്രേം ചെയ്താൽ മതിയാവും ക്രോമിൽ. ചിത്രം കാണുക:how-write-malayalam-in-mozilla-firefox

മലയാളം എഴുതാം
ഇനി മലയാളം എങ്ങനെ ഡയറക്റ്റായി gmail ലും ഫെയ്സ്ബുക്കിലും അതുപോലെ മറ്റ് സൈറ്റുകളിലും എഴുതാമെന്നുനോക്കാം. രണ്ട്  രീതിയിലുള്ള ടൈപ്പിങ് രീതികളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒന്നു മംഗ്ലീഷ് (മലയാളം ലിപിമാറ്റത്തിലൂടെ സാധ്യമാവുന്നത് – ഞാൻ ലേഖനം എഴുതുന്നത് ഈ മെതേഡിലൂടെയാണ്) രണ്ട് സ്റ്റാൻഡേർഡ് രീതിയായ മലയാളം ഇൻസ്ക്രിപ്റ്റ് രീതിയാണ്. ഇതല്പം പഠിക്കാനുണ്ട്.  ഒരാൾ അടുത്തിരുന്നു പറഞ്ഞുതന്നാൽ കേവലം 15 മിനിറ്റു കൊണ്ടിത് പഠിച്ചെടുക്കാനാവും. കീസ്ട്രോക്കുകൾ വളരെയധികം കുറവായതിനാൽ ഇത് പുതിയതായി പഠിക്കുന്നവർ ഇൻസ്ക്രിപ്റ്റ് രീതിതന്നെ ശീലിച്ചാൽ നല്ലതായിരിക്കും.

ഇടയ്ക്കൊന്നു പറഞ്ഞോട്ടെ: ഈ ആർട്ടിക്കിൾ ലക്ഷ്യമിടുന്നത് മലയാളം എങ്ങനെ കമ്പ്യൂട്ടറിൽ എനേബിൾ ചെയ്യാമെന്നറിയാതെ കൗതുകത്തോടെ ഉഴറിനടക്കുന്നവരെയാണ്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെ ബെയ്സ് ചെയ്തിട്ടാണ് ഈ ലേഖനം എഴുതിയത്. ചില ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ യുണിക്കോഡ് ഫോണ്ടുകൾ ഡിഫാൾട്ടായിട്ടുണ്ടാവും. അതുകൊണ്ടുതന്നെ അതിൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യണം എന്നില്ല. ആപ്പിൾ മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ രചനമാക് എന്ന യുണിക്കോഡ് ഫോണ്ട് ലഭ്യമാണ്.

എഴുത്തുപകരണം

നിലവിൽ എളുപ്പമായത് ഇൻകീ (InKey Mozhi) സോഫ്റ്റ്‌വെയറാണ്. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ബസ്ക്ലീനർ ബെല്ലടിക്കുന്നതുപോലെ രണ്ടുപ്രാവശ്യം കണ്ട്രോൾ കീ അമർത്തിയാൽ, പിന്നീടു ടൈപ്പ് ചെയ്യുന്നത് മലയാളത്തിൽ ആവുന്നു; തിരിച്ച് ഇംഗ്ലീഷാക്കാനും കണ്ട്രോൾ കീ തന്നെയാണു വേണ്ടത്. സോഫ്റ്റ്‌വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. മറ്റുള്ളവയെക്കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ളതും വായിക്കാം.

എഴുതാൻ എന്തായാലും ഒരു സോഫ്റ്റ്‌വെയർ ആവശ്യമാണ്. Typeit, Varamozhi, തുടങ്ങി ചില സോഫ്റ്റ്‌വെയറുകൾ ഇന്റ്ർനെറ്റിൽ ഇതിനായി മുമ്പുതന്നെ ലഭ്യമാണുതാനും. ഇതൊന്നും കൂടാതെ ഗൂഗിൾ തന്നെ ഇറക്കിയ എഴുത്തുപകരണവും ഉണ്ട്. എങ്കിലും ഞാനിവിടെ വിശദീകരിക്കുന്നത് കീമാജിക് എന്ന സോഫ്റ്റ്‌വെയറിനേ പറ്റിയാണ്. മലയാളം വിക്കിപീഡിയയിൽ നാരായം എന്ന എഴുത്തുപകരണം ഘടിപ്പിച്ച ജുനൈദ് കസ്റ്റമൈസ് ചെയ്തെടുത്ത മലയാളം ടൈപ്പിങ് സോഫ്റ്റ്‌വെയറാണ് കീമാജിക്. ഇവിടെ നിന്നും ഡയറക്റ്റായോ, ജുനൈദിന്റെ സൈറ്റിൽ നിന്നോ ഇത് ഡൗൺലോഡ് ചെയ്തെടുക്കാം. ജുനൈദിന്റെ സൈറ്റിൽ നിന്നും exe ഫയൽ ആണ് ഡുൺലോഡ് ചെയ്തതെങ്കിൽ അതിൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്തെടുക്കുക (Download – Right click on it – Extract). അപ്പോൾ കിട്ടുന്ന ഫോൾഡറിൽ keymagic എന്നൊരു ഫയൽ ഉണ്ട്, അത് ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക. കാണാൻ പ്രതേകിച്ചൊന്നും ഉണ്ടാവില്ല. നിങ്ങളുടെ കമ്പ്യൂട്ടറിൽ വലതുവശത്തു താഴെയായി സിസ്റ്റം ട്രേയിൽ (ടാസ്ക് ബാർ) ചെറിയൊരു ഐക്കൺ ഇപ്പോൾ വന്നു കാണും . അതു ക്ലിക്ക് ചെയ്താൽ ചിത്രത്തിൽ കാണുന്നതുപോലെ കാണാനാവും. വലതു വശത്തെ ചിത്രം നോക്കുക. malayalam-typing-on-internetഅതവിടെ കിടക്കട്ടെ – ഒന്നും ചെയ്യേണ്ടതില്ല. ഇനി ഗൂഗിൾ എടുത്തിട്ട് Ctrl + M (കണ്ട്രോൾ കീയും M എന്ന ലെറ്ററും ഒന്നിച്ച്) പ്രസ്സ് ചെയ്ത ശേഷം എന്തെങ്കിലുമൊക്കെ മംഗ്ലീഷിൽ ടൈപ്പ് ചെയ്തു നോക്കൂ!! തിരിച്ച് ഇംഗ്ലീഷിലേക്ക് മാറ്റാനും Ctrl + M തന്നെ.  സിസ്റ്റം ഓൺ ചെയ്ത ഉടനേ ഡൗൺലോഡ് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്തെടുത്ത ആ ഫോൾഡറിൽ പോയി KeyMagic ഓപ്പൺ ചെയ്തു വെയ്ക്കുക… Facebook, google, gmail തുടങ്ങിയുള്ള ഏത് സൈറ്റിലും അനായാസം മലയാളം ടൈപ്പ് ചെയ്യുക. ഇനി, ഇതൊന്നും സാധ്യമാവുന്നില്ല, പരീക്ഷിച്ചു പരീക്ഷിച്ച് മടുത്തുപോയെങ്കിൽ ഇതേ സൈറ്റിൽ ഒരു മലയാളം എഴുത്തുപകരണം കൊടുത്തിരിക്കുന്നതു കാണുക (https://chayilyam.com/stories/ml). ഇതിൽ ടൈപ്പുചെയ്ത ശേഷം കോപ്പിയെടുത്ത് നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് അതു പേസ്റ്റ് ചെയ്യാവുന്നതാണ്. മാതൃഭാഷാ ദിനത്തിൽ തന്നെയാവട്ടെ നിങ്ങളുടെ ഓൺലൈൻ വിദ്യാരംഭം!

മൊബൈലിൽ മലയാളം
ഇന്ത്യൻ ഭാഷകൾ കൃത്യമായി മൊബൈലിൽ ടൈപ്പുചെയ്യാൻ നല്ലത് ഇൻഡിക് കീബോർഡാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഇത് കാണുക. മലയാളം ടൈപ്പിങ് റെഡിയാക്കിയെടുക്കാൻ അല്പം ബുദ്ധിമുട്ടായി തോന്നിയേക്കും. തുടക്കം ബുദ്ധിമുട്ടായി തോന്നിയാലും എളുപ്പം തന്നെയാണെന്നർത്ഥം. കാര്യങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ വരും. ഇല്ലെങ്കിൽ മൊബൈൽ സെറ്റിങ്സിൽ language AND Input എന്ന ഓപ്ഷനിൽ പോയി ഡിഫാൾട്ട് ലാങ്വേജ് ഇൻഡിക് കീബോർഡ് ആക്കണം. മിക്ക ഇന്ത്യൻ ഭാഷകളും അതിൽ കാണാൻ പറ്റും. മലയാളത്തിന് മലയാളം ലിപ്യന്തരണം എന്ന ഓപ്ഷൻ ഏറ്റവും അടിയിലായി കാണാം. മുകളിലെ ഇംഗ്ലീഷും സെലെക്റ്റ് ചെയ്യാൻ മറക്കരുത്. ഇവ രണ്ടും മതിയാവും മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാൻ.

വാട്സാപ്പിലോ മറ്റോ വന്ന് നോക്കിയാൽ കീബോർഡ് ഇംഗ്ലീഷിൽ തന്നെ കാണാം.. സ്പേസ്ബാറിന്റെ ലെഫ്റ്റ് സൈഡിൽ ഒരു ഗ്ലോബിന്റെ സിമ്പൽ കാണും. അത് ക്ലിക്ക് ചെയ്താൽ ഇംഗ്ലീഷും മലയാളവും മാറിമാറി ഉപയോഗിക്കാനും ആവുന്നു. ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പറയാൻ മറക്കേണ്ട!

മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം – ഉപയോഗങ്ങൾ എന്ന വിഭാഗത്തിൽ ചോദിച്ച 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുന്നു. (more…)

തോന്ന്യാക്ഷരങ്ങള്‍

malayalam letters | മലയാളം അക്ഷരങ്ങള്‍

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്‌? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്‌ ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.

അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”

അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…

“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…

“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”

തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍‌മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍‌മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…

കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്‌. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍‌ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…

പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന്‌ തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…

പൊടുന്നനേ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലെ വരികള്‍ മനസ്സിലേക്കോടിയെത്തി:

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ –
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍‌മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!

അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍‌ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…

ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സം‌വൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍‌ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…

ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!

ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍‌ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്‌. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്‌. അവന്‍ മലയാളത്തെ സ്തുതിച്ചു…

പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

—————- * —————- * —————-

അല്പം അക്ഷരവിചാരം

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ്‌ ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.

സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ

  • അം
  • അഃ
  • സം‌വൃതോകാരം - ചന്ദ്രക്കല
  • മൊത്തം 19 എണ്ണം

വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ

  • ഖരം
  • അതിഖരം
  • മൃദു
  • ഘോഷം
  • അനുനാസികം
  • വര്‍ഗ്ഗം
  • കണ്ഠ്യം (കവര്‍ഗ്ഗം)
  • താലവ്യം (ചവര്‍ഗ്ഗം)
  • മൂര്‍ധന്യം (ടവര്‍ഗ്ഗം)
  • ദന്ത്യം (തവര്‍ഗ്ഗം)
  • ഓഷ്ഠ്യം (പവര്‍ഗ്ഗം)
  • മൊത്തം 25 എണ്ണം
  • മധ്യമം അഥവാ അന്തസ്ഥങ്ങള്‍
  • നാലെണ്ണം
  • ഊഷ്മാക്കള്‍
  • മൂന്നെണ്ണം
  • ദ്രാവിഡമധ്യമം
  • മൂന്നെണ്ണം
  • ഘോഷി
  • ഒരെണ്ണം
  • ല്‍
  • ന്‍
  • ണ്‍
  • ര്‍
  • ള്‍
  • ചില്ലക്ഷരങ്ങള്‍
  • അഞ്ചെണ്ണം
  • വിസര്‍ഗം
  • അനുസ്വാരം
  • വിരാമം
  • ി
  • ചിഹ്നങ്ങള്‍

ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന്‌ ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സം‌രക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.

കൂട്ടിവായിക്കാൻ

1) സ്വല്പം ലിപിചിന്തകൾ അഥവാ മലയാളം ലിപിവ്യവസ്ഥയുടെ ചരിത്രം

അവശേഷിപ്പുകള്‍‌

A Modern Artപുസ്തകങ്ങള്‍‌ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും‌ സ്വന്തമാക്കുക എന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍‌ കാര്യമായി ഒന്നും‌ വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍‌ കഴിഞ്ഞ് അഞ്ചാറു വര്‍‌ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍‌ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. (more…)
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights