അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി..

അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍
പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല…
പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളി പുഞ്ചിരി മായും പാവാടക്കാരീ…
നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ …

അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല
കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല..
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ…
കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ…
…. …. ….
Lyricist: പി ഭാസ്ക്കരൻ
Music: എം എസ് ബാബുരാജ്
Singer: കെ ജെ യേശുദാസ്
Film: പരീക്ഷ

സുഖമോ ദേവി

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി…..
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി…..
സുഖമോ സുഖമോ…

നിന്‍കഴല്‍ തൊടും മണ്‍‌തരികളും
മംഗലനീലാകാശവും
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ
കുളിര്‍‌പകരും പനിനീര്‍ക്കാറ്റും

അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും
അഴകില്‍ കോതിയ മുടിയില്‍ തിരുകീ
കളമൊഴികള്‍ കുശലം ചൊല്ലും

……. ……….. ………. ……

Lyricist:  ഒ എൻ വി കുറുപ്പ്
Music: രവീന്ദ്രൻ
Singer: കെ ജെ യേശുദാസ്
Raaga: ഭൈരവി
Year: 1986
Film: സുഖമോ ദേവി

 

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

അഗ്നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

“നിന്നാത്മനായകനിന്നു രാവില്‍
വന്നിടും വന്നാല്‍ നീയെന്തു ചെയ്യും?”

“കോണിലെങ്ങാനു മൊഴിഞ്ഞൊതുങ്ങി
ക്കാണാത്ത ഭാവത്തില്‍ ഞാനിരിക്കും!”


നിന്റെ ആത്മ നായകൻ ഇന്നുവരും; വന്നുചേർന്നാൽ നീ എന്താ ചെയ്യുക?
ഞാനാ മൂലയിലേക്കെങ്ങാനും മാറി കാണാത്ത ഭാവത്തിൽ ഇരിക്കും.

“ചാരുസ്മിതം തൂകിസ്സാദരം, നിന്‍ –
ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും?”

“ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും
ഞാനീര്‍ഷ്യഭാവിച്ചൊഴിഞ്ഞു മാറും!”


സുന്ദരമായ മന്ദഹാസത്തോടെ നിന്റെ അടുത്തേക്ക് വന്നാൽ പിന്നെ നീ എന്താ ചെയ്യുക?
ആനന്ദമൊക്കെ ഉള്ളിലുണ്ടെങ്കിലും അല്പം കോപമൊക്കെ കാണിച്ച് ഞാൻ മിണ്ടാതെ നിൽക്കും.

“ആ മദനോപമനക്ഷണ, ‘മെ-
ന്നോമനേ!’-യെന്നു വിളിച്ചു മന്ദം
നിന്‍ കൈ കടന്നു പിടിച്ചെടുത്താല്‍
സങ്കോചം കൊണ്ടു നീയെന്തു കാട്ടും?”


കാമദേവനെ പോലുള്ള അവൻ അപ്പോൾ “എന്റെ ഓമനേ..“ എന്നു പതുക്കെ വിളിച്ച് നിന്റെ കൈപിടിച്ചാൽ അല്പം ലജ്ജയൊക്കെ തോന്നുന്ന നീ എന്താ ചെയ്യുക?

“ഉല്‍ക്കടകോപം നടിച്ചുടന്‍ ഞാന്‍
തല്‍ക്കരം ദൂരത്തു തട്ടിമാറ്റും!”


അതിയായ കോപം അഭിനയിച്ച് ഞാനാ കൈയ്യുകൾ ദൂരേക്ക് തട്ടിക്കളയും.

“ആ നയകോവിദന്‍ പിന്മടങ്ങാ-
താ നിമേഷത്തില്‍ നിന്‍ പൂങ്കവിളില്‍
അന്‍പിലോരാനന്ദസാന്ദ്രമാകും-
ചുംബനം തന്നാല്‍ നീയെന്തു ചെയ്യും?”


പ്രിയങ്കരനായ വിദ്വാൻ മാറിനിൽക്കാതെ നിന്റെപൂങ്കവിളിൽ ആനന്ദം പകരുന്ന രീതിയിൽ സുന്ദരമായി ഒന്നുമ്മ വെച്ചാൽ പിന്നെ നീ എന്താ ചെയ്യുക?

“രോമഹര്‍ഷത്തി,ലെന്‍ ചിത്തഭൃംഗം
പ്രേമസംഗീതം മുഴക്കിയാലും
‘നാണമില്ലല്ലോ, ശകല!’-മെന്നായ്
ഞാനോതു, മല്‍പ്പം പരിഭവത്തില്‍!”


പുളകം കൊള്ളുന്ന എന്റെ മനസ്സാകുന്ന വണ്ട് പ്രേമസംഗീതം മൂളിയാൽ പോലും “ഈ മനുഷ്യനു അല്പംപോലും നാണമില്ലേ“ എന്നും പറഞ്ഞ് ഞാൻ പരിഭവം നടിക്കും.

“എന്നിട്ടു മെള്ളോളം കൂസലില്ലാ-
തന്നിലയില്‍ തന്നെ നിന്നു, വേഗം
ഇന്നവന്‍ കാമവികാരധീരന്‍
നിന്നെത്തന്‍ മാറോടു ചേര്‍ത്തണച്ചാല്‍
കോമളപ്പോര്‍മുലപ്പൊന്‍ കുടങ്ങള്‍
കോരിത്തരിക്കെ നീയെന്തു ചെയ്യും?”


എന്നിട്ടും എള്ളോളം പോലും കുലുക്കമില്ലാതെ അതേ നിലയിൽ തന്നെ നിന്ന് കാമവികാരത്താൽ ഉത്തേജിതനായി അവൻ നിന്നെ മാറോട് ചേർത്ത് കെട്ടിപ്പിടിക്കുമ്പോൾ നിന്റെ മാർദവമായ പോർ മുലകൾ കോരിത്തരിക്കുമല്ലോ… അപ്പോൾ നീ എന്തു ചെയ്യും? 🙂

“പോ തോഴി ! പോ; ഞാന്‍ പിന്നെന്തു ചെയ്യാന്‍ ?
പോരേ കളിപ്പിച്ചതെന്നെയൊട്ടും?
പിന്നെയിന്നെന്തു ഞാന്‍ ചെയ്യുമെന്നോ?-
പിന്നെ നീയാണെങ്കിലെന്തുചെയ്യും?


പോ പെണ്ണേ… നീ പോ… ഞാൻ പിന്നെ എന്താ ചെയ്യുക? നിനക്കെന്നെ ഇത്രേം നേരം കളിപ്പിച്ചതൊന്നും പോരേ? ഞാൻ പിന്നെ എന്തു ചെയ്യുമെന്ന് നിനക്കറിയണോ? അല്ലെങ്കിൽ നീയാണെങ്കിൽ അപ്പോൾ എന്താ ചെയ്യുക?


………….
കവിത: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള – കാമുകന്‍ വന്നാൽ


കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ

നാണം കൂട്ടിയ പൊന്നഴിക്കൂട്ടില്‍
നീയെന്തിനിയും മറയുന്നു
അവനായ്ക്കരുതിയ കതിര്‍മണിയിനിയും
ആത്മാവില്‍ നീയൊളിക്കുന്നു?

ദേഹം പാതി കുളിരും രാവില്‍
ദേവന്‍ കനിയാന്‍ വൈകുന്നു
വിരലില്‍ കനവില്‍ പാടിയ കൈകള്‍
വീണയ്ക്കായി വിതുമ്പുന്നു..

കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ..!!
…….. ……….. ……….. …..

സിനിമ: ഡെയ്ഞ്ചർ ബിസ്കറ്റ് (1969)
പാടിയത്: എസ് ജാനകിയും സംഘവും.
വരികൾ: ശ്രീകുമാരൻ തമ്പി
സംഗീതം: വി. ദക്ഷിണാമൂർത്തി.

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ

— ഒരു തമാശപ്പാട്ട് —

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്നമ്മഅമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ
അമ്മ വിളിയ്ക്കുന്നു കള്ളന്‍

കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍
എട്ടന്‍ വിളിച്ചു നീ കള്ളന്‍

അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ
പഠിക്കാന്‍ മിടുക്കനീ കള്ളന്‍

ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍
കൂട്ടുകാര്‍ വാഴ്ത്തി നീ കള്ളന്‍

കാമിനീമാരെ കമന്റടിക്കുന്നേരം
“നാണമില്ലല്ലോട കള്ളാ…”

കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു
ഞാന്‍ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍
പിന്നെ പറഞ്ഞു നീ കള്ളന്‍…

അത്താഴമൂണു കഴിഞ്ഞു ഞാ‍ന-
സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം
കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍
പിള്ളേരുറങ്ങീല കള്ളാ

കക്കാതെ, കവരാതെ, കളളം പറയാതെ
കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടേ…

കക്കാതെ കവരാതെ കള്ളം പറയാതെ
കള്ളനായ്‌ തന്നെ വളര്‍ന്നു…

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം…
തളരും തനുവോടെ… ഇടറും മനമോടെ…
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ….
ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി…
വര്‍ണ്ണരാജിനീട്ടും വസന്തം വര്‍ഷശോകമായി…
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി….
ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ……

പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍…
കാറ്റുമിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ…
നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം…
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ….

പാടുവാന്‍ മറന്നുപോയ്, സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…

പാടുവാന്‍ മറന്നുപോയ്…
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു…

അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി…
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
കരളില്‍ വിതുമ്പുമെന്‍
മൗന നൊമ്പരം ശ്രുതിയായ്….

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോകവീഥികളില്‍ വേണുവൂതുമാട്ടിടയന്‍…

എങ്കിലുമെന്‍ ഓമലാള്‍ക്കു താമസിയ്ക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാല്‍ ഞാനുയര്‍ത്താം..
മായാത്ത മധുരഗാന മാലിനിയുടെ കല്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം..

പൊന്തിവരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
ചന്തമേഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍..
സുന്ദര വസന്തരാവിന്‍ ഇന്ദ്രനീല മണ്ഡപത്തില്‍
എന്നുമെന്നും താമസിയ്ക്കാന്‍ എന്റെ കൂടെ പോരുമോ നീ..

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ

രാത്രി മഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതേ നിനച്ചു പോയീ…

ചില ആത്മീയവ്യഭിചാരങ്ങള്‍

ഈ അടുത്തകാലത്ത്, ഒരു കൂട്ടുകാരന്‍ എനിക്കൊരു മെയില്‍ അയച്ചു. ഒരു വീഡിയോ. കുറേനാള്‍ ഞാനാ വീഡിയോ ഓപ്പണ്‍ ചെയ്തതേയില്ല. ഒരിക്കല്‍ അല്പം സമയം കിട്ടിയപ്പോള്‍, ഇതുപോലെ തുറന്നുനോക്കാതെ മാറ്റിവെച്ച മെയിലുകള്‍ തുറന്നുനോക്കുമ്പോളാണിതു കണ്ടത്…! വീഡിയോ കണ്ടപ്പോള്‍ എന്തുപറയണം എന്നുപറയാനാവാത്ത അവസ്‌ഥ…!

നമ്മുടെ നാട്ടില്‍ ക്രിസ്‌ത്യന്‍‌മിഷണറിമാര്‍‌ക്കെതിരെ നടക്കുന്ന കൈയ്യേറ്റങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമൊക്കെ ഒരുപാടു ചര്‍ച്ചകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. ന്യൂനപക്ഷപീഢനമെന്നും തീവ്രഹിന്ദുത്വവാദികളുടെ ഹിഡണ്‍‌ അജണ്ടയെന്നുമൊക്കെ പല പേരില്‍ നമ്മളതിനെ വായിച്ചറിഞ്ഞു. എല്ലാ ചര്‍ച്ചകളിലും അധികം ഉയാരാതിരുന്ന ഒരു കാര്യമായിരുന്നു ഇവിടെ ക്രിസ്‌ത്യന്‍‌മിഷണറിമാര്‍‌ മാത്രമാണ് മതം‌മാറ്റത്തിന്റെപേരില്‍ കൊലചെയ്യപ്പെടുന്നത് എന്നുള്ളകാര്യം. ഒരു മുസ്ലീം‌മതത്തില്‍‌പെട്ടയാളോ അല്ലെങ്കില്‍ മറ്റുമതങ്ങളില്‍ പെട്ടയാളോ ഇതുവരെ മതം മാറ്റം എന്ന പേരില്‍ കല്ലെറിയപ്പെട്ടതായികേട്ടിട്ടില്ല.

ഇവിടെ ഈ വീഡിയോ നോക്കുക. നമ്മുടെ ബഹുമാനപ്പെട്ട ദേശീയപതാകയിലെ മുകളിലെ നിറം ആള്‍ബലംകൊണ്ടും കൈയൂക്കുകൊണ്ടും തോന്നിയതൊക്കെ നടപ്പാക്കുന്ന ഒരു വിഭാഗത്തെയും, താഴത്തെ നിറം (പച്ച) മറ്റൊരുകൂട്ടരുടെ ചെയ്തികളേയും സൂചിപ്പിക്കുന്നു എന്നും എന്നാല്‍ അധികാരത്തിന്റെ അശോകചക്രം നമ്മള്‍‌ക്കുതന്നെ എന്നും പ്രസ്‌താപിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ശോകം അകറ്റുന്ന (അശോക)ചക്രം നമുക്കുസ്വന്തമെന്നും മേല്‍‌പ്പറഞ്ഞകക്ഷികള്‍ അതിനായി തങ്ങളോടുചേരണമെന്നും വിശദീകരിക്കപ്പെടുന്നു. ഇതൊക്കെ ഇത്ര കൃത്യമായി ഡിസൈന്‍ ചെയ്തതിനു ദൈവത്തിനൊരു സ്‌തുതിയും പറയുന്നു ഈ മഹാന്‍.

മൂര്‍ഖന്റെ വിഷമിറങ്ങിയ ചിന്തയാണോ ദൈവമേ ഇതൊക്കെ എന്നൊരു സംശയമുണ്ടായിരുന്നു ആദ്യം… എന്നാലും ഇതുകേട്ടപ്പോള്‍ ഒരു വല്ലായ്‌മ തോന്നി. അറിവ്‌ ആയുധമാണ്‌. പുതിയ വ്യഖ്യാനങ്ങള്‍ മെനയാന്‍ ഉതകുമത്. അറിവുള്ളവന്‍ നാറിയാല്‍ അവന്‍ പരമനാറിയുമാവും കാരണം അവന്‍ അറിവുകള്‍ക്കു പുത്തന്‍ വ്യഖ്യാനങ്ങള്‍കൊടുത്ത്‌ അതിനെ വളച്ചൊടിക്കും. ശ്രീമത് ഭഗവത്‌ഗീതയേയും വിശുദ്ധ ഖുറാനേയും മറ്റും കൂട്ടുപിടിച്ച് അതില്‍ പറഞ്ഞിരിക്കുന്ന പലതും തങ്ങളെക്കുറിച്ചാണെന്നു തെരുവുപ്രസംഗം നടത്തിയ ഒരാളെ ഞാന്‍ പണ്ടു കോട്ടയം പട്ടണത്തില്‍ കണ്ടിരുന്നു. കാര്യകാരണസഹിതമുള്ള വിശദീകരണമായിരുന്നു…! പിഴച്ചനാക്കിനാല്‍ പടച്ചുവിടുന്ന ദുര്‍‌വാക്കുകളുടെ ഫലം പലപ്പോഴും നിരപരാധികള്‍ അനുഭവിക്കേണ്ടിവരുന്നു. ബഹുജനം പലവിധമെന്നു കേട്ടിട്ടില്ലേ എല്ലാവരും എല്ലാം കേട്ടിരുന്നുവെന്നു വരില്ല. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാടു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു; അതു നിത്യജീവിതത്തില്‍ ആയാല്‍ പോലും.

ഇനി നിങ്ങള്‍ ഈ വീഡിയോ കണ്ടിട്ടുപറയൂ; മൂര്‍ഖന്റെ വിഷചിന്തയില്‍ വല്ല കഴമ്പും ഉണ്ടോ എന്ന്‌. ഇല്ലെങ്കില്‍ തല്ലിക്കൊന്നോളൂ ഈ മൂര്‍ഖനെ.