അഭിനവ കോപ്പൻമാർ

അണ്ണാഹസാരേയ്‌ക്ക് പിന്തുണ കൊടുത്തു എന്നത് കൊണ്ട് ലോകത്ത് നടക്കുന്ന സകലമാന സമരങ്ങളോടും ഐക്യദാർഡ്യം പ്രകടിപ്പിക്കണം എന്നു പറയുന്നതിൽ എന്തു യുക്തിയാണാവോ ഉള്ളത്!! നമുക്ക് അറിയാവുന്ന/പരിചിതമായ ഒരു കാര്യത്തിൽ പ്രതികരിച്ചു എന്നു വരും… ചിലപ്പോൾ വളരെ ശക്തമായി തന്നെ പ്രതികരിക്കും – അത് അനുകൂലമാവാം പ്രതികൂലമാവാം… അതുകണ്ട് കലിതുള്ളി എല്ലാറ്റിനേയും അടച്ചാക്ഷേപിച്ചു നടന്നതുകൊണ്ട് ഇവർക്കു കിട്ടുന്ന സംതൃപ്തി എന്തായിരിക്കുംമോ എന്തോ!!

സമരം – പൊതുമുതൽ – നേതാവ്

പൊതുമുതൽ തീയിട്ട് നടത്തുന്ന സമരമാർഗങ്ങളിൽ നിന്നും അണികളെ നേതാക്കാൾ തന്നെ പിന്തിരിപ്പിക്കേണ്ടതാണ്…. അല്ലാത്ത പക്ഷം ആ നാശനഷ്ടത്തിന്റെ പൂർണ ഉത്തരവാദിത്വം നേതാവ് ഏറ്റെടുത്ത് നഷ്ടം നികത്തേണ്ടതുമാണ്…

വാഹനങ്ങൾ കത്തിച്ചു തന്നെ പ്രതിഷേധം പ്രകടിപ്പിക്കണം എന്നുള്ളവർ സ്വന്തം വാഹനത്തിനു തീയിട്ട് മാതൃക കാണിക്കണം… അല്ലെങ്കിൽ സ്വന്തം വീടിനു തീ കൊളുത്തട്ടെ… അതല്ലാതെ മറ്റെന്തിന്റെ പേരിലായാലും ഇത്തരം പരിപാടികളെ സധൂകരിക്കാൻ ആവില്ലതന്നെ. ഇന്നത്തെ മാതൃഭൂമി വാർത്ത കാണുക.

ചില സൂത്രപ്പണികൾ | Techies Tricks

ഒരു ഫോൾ‌ഡറിലുള്ള എല്ലാ ഫയലുകളുടേയും ഫോൾഡറുകളുടേയും ലിസ്റ്റ് എടുക്കണം എന്നുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ അതു സാധ്യമാക്കാനുള്ള ഒരു വിദ്യയാണു താഴെ കൊടുത്തിരിക്കുന്നത്. 
ഒരു ഫോൾഡറിൽ നിറയെ സിനിമകൾ ഉണ്ടെങ്കിൽ അവയുടെ ലിസ്റ്റ് എടുക്കുന്ന രീതി വെച്ചാണ് താഴെ ഈ സൂത്രപണി വിശദീകരിച്ചിരിക്കുന്നത്. നിങ്ങളുടെ കയ്യിലുള്ള PDF ഫയകുകളുടെ ലിസ്റ്റ്, പാട്ടുകളുടെ ലിസ്റ്റ് എന്നിങ്ങലെ ഏതു ഫയലുകളുടേയും പേരുകൾ ഇതുവഴി ലിസ്റ്റ് ചെയ്യാനാവും. 
ഇത് ഗൂഗിൾ ബസ്സിലും ഗൂഗിൾ പ്ലസ്സിലും അതുപോലെ ഫെയ്‌സ്ബുക്കിലും ഒക്കെയായി ഷെയർ ചെയ്തിട്ടുണ്ട്. അവിടെ കൊടുത്തിരിക്കുന്ന കമന്റുകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും കരുതുന്നു.
ട്രിക്കിതാണ്
എന്റെ കൈയിൽ ഒരു 1 TB യുടെ എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌ക്ക് ഉണ്ടെന്നു കരുതുക…
ഹാർഡ്‌ ഡിസ്‌ക്കിന്റെ Drive Letter F: ആണെന്നു കരുതുക
ഹാർഡ് ഡിസ്‌ക്കിൽ MalyalamFilms എന്നൊരു ഫോൾഡർ ഉണ്ടെന്നും കരുതുക
ആ ഫോൾഡറിൽ 482 മലയാളം സിനിമകൾ ഉണ്ടെന്നും ചുമ്മാതങ്ങ് കരുതുക

ഇനി
1. ഈ സിനിമയുടെ പേരുകളൊരു ലിസ്റ്റായി എടുക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ട് എന്നു കരുതുക

2. കൂട്ടുകാർക്ക് കാണിക്കാൻ വേണ്ടി നോട്പാഡിലോ മറ്റോ ഈ പേരൊക്കെ 1 ബൈ 1 ആയി എഴുതി വെയ്‌ക്കണം എന്നാഗ്രഹം ഉണ്ടെന്നു കരുതുക

3. ഇതൊക്കെ കുത്തിപ്പിടിച്ചിരുന്നു നോട്ട്പാടിലേക്ക് ടൈപ്പ് ചെയ്തെടുക്കാൻ നല്ല മടി ഉണ്ടെന്നു കരുതുക

എന്തു ചെയ്യണം
വിൻഡോസുപയോഗിക്കുന്നവർക്ക് ഒരു മന്ത്രം ഡോസേ ശരണം ഗച്ചാമി!

1. Start – ഇൽ ക്ലിക്ക് ചെയ്തിട്ട് XP ക്കാർ RUN ലും വിൻ7/വിസ്തക്കാർ Search Programs and Files എന്ന സ്ഥലത്തു ക്ലിക്ക് ചെയ്യുക
2. അവിടെ CMD എന്നു കൊടുത്ത് എന്റർ അടിച്ച്  കമാൻഡ്‌ പ്രോംപ്റ്റ് ഓപ്പൺ ചെയ്യുക…

ആ പഴയ കറുത്ത വിൻഡോ വന്നു!!
അതിൽ c:users ഇൽ ആയിരിക്കും നിങ്ങളിപ്പോൾ നിൽക്കുന്നത്.

ഓർക്കുക : Drive Letter F:, Folder Name MalyalamFilms ഇതിലാണു സിനിമകൾ!!

പണി ഇത്രേ ഉള്ളൂ

1. അങ്ങോട്ട് പോവാൻ കമാൻഡ്‌ പ്രോംപ്‌റ്റിൽ F: എന്നു ടൈപ്പ് ചെയ്തിട്ട് എന്റെർ അടിക്കുക
2. പിന്നെ CD  MalyalamFilms എന്നു കൂടി കൊടുക്കുക
3. ഇനി dir /b > %USERPROFILE%DesktopfilmNames.txt ഇങ്ങനെ കൂടി കൊടുക്കുക

സംഭവം ക്ലീൻ!!

ഇനി ഡസ്‌ക്‌ടോപ്പിൽ നോക്കൂ  filmNames.txt എന്ന ഫയൽ അവിടെ പുതിയതായി വന്നിരിക്കുന്നത് കാണാം. ആ ഫയൽ ഓപ്പൺ ചെയ്തു നോക്കൂ!!!

താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ

താലി മാല വാങ്ങിക്കുമ്പോൾ 5 പവനെങ്കിലും വേണ്ടേടാ എന്നമ്മ ചോദിക്കുന്നു… നീ ഒരു ഐറ്റിക്കാരനല്ലേ, ഇവിടെ കൂലിപ്പണിക്കാർ വരെ മൂന്നരപ്പവന്റെ മാലയിലാണു താലി കെട്ടുന്നത്! വെറുതേ ഒന്നു കൂട്ടിനോക്കിയപ്പോ തന്നെ തലയിൽ ഒരു വെള്ളിടി മിന്നി. ഒരുലക്ഷത്തിനു മേലെ വേണം സ്വർണത്തിനു തന്നെ – പണിക്കൂലി വേറെയും ഉണ്ടത്രേ… താലി നമുക്ക് നൂലിൽ കെട്ടിയാലോ അമ്മേ എന്നായി ഞാൻ. കെട്ടുന്നത് അങ്ങനെ മതി; പക്ഷേ, വീട്ടിൽ വന്നാൽ താലി മാലയിലേക്ക് മാറ്റണം എന്നായി അമ്മ… 5 പവൻ അപ്പോൾ നിർബന്ധം!!

അമ്മ വിട്ടുപിടിക്കുന്ന ലക്ഷണമില്ല. ആട്ടെ നടക്കട്ടെ. ഉണ്ടാക്കിയല്ലേ പറ്റൂ.
എടാ, അതുമാത്രം മതിയോ, ഈ അഞ്ചുപവൻ ഇട്ടോണ്ട് നടക്കാൻ പറ്റുമോ?
ഈ അമ്മ എന്താ പറയുന്നത്?പിന്നെന്തിനാണ് അഞ്ചുപവൻ!!
എടാ അഞ്ചുപവൻ കഴുത്തിൽ തൂക്കിയിട്ട് ഇപ്പോഴുള്ള പെൺകുട്ടികൾ നടക്കുമോ? ഒന്നുമില്ലെങ്കിൽ കഴുത്തുവേദനിക്കില്ലേ, വീട്ടിലും പുറത്തുപോകുമ്പോഴുമൊക്കെ താലി ഇടാൻ പറ്റുന്ന ഒരു ഒന്നര പവന്റെ ചെറിയൊരു മാല കൂടി വേണ്ടേ?
എന്റമ്മേ, എന്നാൽ പിന്നെ അതിൽ തന്നെയങ്ങ് കെട്ടിക്കൊടുത്താൽ പോരേ!! എന്തിനാ ഈ അഞ്ചുപവൻ വേറേ വാങ്ങിക്കുന്നത്?
നാട്ടുകാരെന്തു പറയും? അങ്ങനെയാ ഇപ്പോൾ നാട്ടുനടപ്പ്.
നാട്ടുകാരെന്തു പറയാൻ, വയറുമുട്ടെ തിന്നിട്ട് ഏമ്പക്കം വിട്ട് കുറ്റവും കുറിയും പറഞ്ഞ് അവരങ്ങുപോകും.
അതല്ലടാ, നിനക്കറിയാഞ്ഞിട്ടാ, ഇപ്പോൾ എല്ലാവരും ചെയ്യുന്നത് അങ്ങനെയാ..

ഒരു ദിവസത്തേക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒന്നേകാൽ ലക്ഷം മുടക്കി ഒരു സ്വർണമാല വാങ്ങിക്കണം 🙁 സ്വർണക്കടക്കാർ വാടകയ്‌ക്ക് തരുമായിരിക്കുമോ? സ്വേതാമേനോന് രതിനിർവേദത്തിൽ അഭിനയിക്കുമ്പോൾ ഏതോ സ്വർണക്കടക്കാർ പൊന്നരഞ്ഞാണം ഉണ്ടാക്കി കൊടുത്തത്രേ.. ചുമ്മാ ഒന്നഭിനയിക്കാൻ അവർക്കതുണ്ടാക്കി കൊടുത്തു, എനിക്കരഞ്ഞാണമൊന്നും വേണ്ടായിരുന്നു – ഒരു മാല മതി. ഇതൊരു പുതിയ ജീവിതത്തിന്റെ പ്രശ്നമാണ് അരെങ്കിലും സഹായിക്കുമായിരിക്കുമോ? അല്ലെങ്കിൽ വേണ്ട അതൊക്കെ ചീപ്പ് കേസാണ്. എങ്ങനെയായാലും ആറരപ്പവൻ കരുതേണ്ടിയിരിക്കുന്നു.

Thali maala, താലിമാല, മംഗല്യസൂത്രം HDFC ക്കാരൻ ലോൺ തരുമായിരിക്കും. ഒരുലക്ഷം ലോൺ എടുത്താൽ 3600 വെച്ച് മൂന്നു വർഷം മാസം തോറും അടച്ചാൽ തീർന്നോളും. മൂന്നുവർഷം മുമ്പ് ഒരെണ്ണം എടുത്തതാണ്. അത് അടുത്തമാസം തീരേണ്ടതാണ്. ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു, അതു തീരുകയാണല്ലോ എന്ന് :(. അപ്പോഴാണ് അമ്മ പുതിയ ആവശ്യവുമായി വന്നത്. ലോൺ എടുക്കുക തന്നെ. ഒരു ലക്ഷം എടുക്കുക ഒന്നേകാൽ ലക്ഷം തിരിച്ചടയ്ക്കുക.  കൊള്ള ലാഭമാണല്ലോ ബാങ്കുകാരാ നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടുന്നത്. ഇതുപോലെ എത്ര കസ്റ്റമേ‌ഴ്‌സ്  കാണും നിങ്ങൾക്ക്?

ആരായിരിക്കും കല്യാണത്തിന് താലികെട്ടൽ പരിപാടി കണ്ടു പിടിച്ച മഹാൻ! ആരായാലും അളിയാ കൊടും ചതിയായിപ്പോയി! ഒരു സിന്ദൂരത്തിലോ അതുപോലെ ചിലവില്ലാത്ത പരിപാടികളിലോ മറ്റോ ഒന്നൊതുക്കിപ്പിടിക്കാമായിരുന്നില്ലേ ഈ ചടങ്ങുകൾ… അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അമേരിക്ക വേൾഡ് ബാങ്കിനേയും ലോകത്തേയും പറ്റിച്ച് ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും മറ്റും യുദ്ധം ചെയ്യാൻ വേണ്ടി കള്ളക്കളി കളികുമെന്ന് നിങ്ങളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലല്ലോ. ലോകമലയാളികളെല്ലാം സ്വർണത്തൂക്കത്തിൽ മാറ്റുരച്ച് പരസ്പരം വിലയിരുത്തുന്ന ഒരു കാലം വരുമെന്ന് താങ്കൾ സ്വപ്നത്തിൽ കൂടി കരുതിയിരിക്കില്ലല്ലോ… ഇങ്ങനെയൊക്കെ ആയിപ്പോയി… ഇനി പറഞ്ഞിട്ടെന്താ കാര്യം, ഞാനൊന്നു HDFC ക്കാരനെ വിളിക്കട്ടെ…

അവർ ജീവിക്കട്ടെ!!

വർഷങ്ങൾ ഒത്തിരി കഴിഞ്ഞില്ലേ! ഇത്രയും കാലം ജയിലിൽ കിടക്കുകയും ചെയ്തു. ഇനി അവരെ തൂക്കിക്കൊല്ലണം എന്നു പറയുന്നതിൽ എന്തു ന്യായമാണാവോ ഉള്ളത്? കുറ്റക്കാരെ പെട്ടന്നു കണ്ടുപിടിക്കുകയും, ജനങ്ങൾ ആ കുറ്റകൃത്യത്തിന്റെ തീവ്രതയിൽ നിന്നും മുക്തരാവുന്നതിനു മുമ്പു തന്നെ വധശിക്ഷപോലുള്ള ശിക്ഷ നടപ്പാക്കുകയും ചെയ്യാത്ത പക്ഷം ഇത്തരത്തിൽ നടക്കുന്ന വധശിക്ഷകൾക്ക് സപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.

1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്. 20 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവില്‍ കഴിയിഞ്ഞു വരുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. നളിനിയെയും നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയതിനെ തുടര്‍ന്ന് ജീവപര്യന്തമാക്കി മാറ്റിയിരുന്നു. ഇവിടെ വെച്ച് മുരുകനും നളിനിക്കും ഒരു കുഞ്ഞുണ്ടവുകയും കുഞ്ഞിനിപ്പോൾ 19 വയസ്സാവുകയും ചെയ്തു.

ചില വാദഗതികളൊക്കെ കാണുമ്പോൾ ജുഡിഷ്യറിയോടു തന്നെ പുച്ഛം തോന്നുന്നു. ബാറ്ററി മേടിച്ചു കൊടുത്തവനു വരെയുണ്ട് ഇതിൽ വധശിക്ഷ!! ബാറ്ററി വാങ്ങിച്ചതിന്റെ ബില്ലു ചോദിച്ചപ്പോൾ അത് സബ്‌മിറ്റ് ചെയ്യാൻ പ്രതിക്കു കഴിയാതെ വന്നെന്നും മറ്റും കണ്ടപ്പോൾ ഒരു ഞെട്ടൽ തന്നെ ഫീൽ ചെയ്തു… നാടിനേയും നാട്ടുകാരേയും വഞ്ചിച്ചും ഇഞ്ചിഞ്ചായി കൊന്നും എത്രയെത്ര കുറ്റവാളികൾ പുറത്തും ജയിലകത്തെന്ന വ്യാജേന പഞ്ചനക്ഷത്ര ആശുപത്രികളിലും സ്വൈര്യവിഹാരം നടത്തുന്നു. വി.ഐ.പി ട്രിറ്റ്മെന്റിൽ കസബുമാർ സസുഖം വാഴുന്നുണ്ട് ഈ ഇന്ത്യാമഹാരാജ്യത്ത്!! നമ്മുടെ നിയമങ്ങളൊക്കെ എന്നാണു നന്നാവുക!

കുറ്റവാളികൾക്കു കൊടുക്കുന്ന ശിക്ഷകൾ ഇനി കുറ്റം ചെയ്യാൻ തയ്യാറെടുക്കുന്നവർക്കുള്ള നല്ലൊരു മുന്നറീയിപ്പായിരിക്കണം…  അവർക്കതൊരു പാഠമാവണം. അതിങ്ങനെ വലിച്ചുനീട്ടി പത്തിരുപതുവർഷങ്ങൾ കഴിഞ്ഞിട്ടാവരുത് നൽകേണ്ടത്. അതിന്റെ തീവ്രത കുറയും മുമ്പേ തന്നെ ശിക്ഷ നടപ്പാക്കിയാൽ മാത്രമേ എന്താണോ ആ ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത് അതു നടപ്പാവുകയുള്ളൂ – ഇല്ലെങ്കിൽ അതിനു നേരെ വിപരീതഫലം മാത്രമായിരിക്കും കിട്ടുക… പുതിയ പുതിയ മുരുകനും ശാന്തനും പേരറിവാളനും നളിനിയുമൊക്കെ ജനിച്ചു കൊണ്ടിരിക്കും. ഇവിടെ എന്തൊക്കെയാണു സംഭവിച്ചത്!! കുറ്റവാളികൾ ജയിലിൽ കിടന്നു കല്യാണം കഴിക്കുന്നു; കുട്ടികളുണ്ടാവുന്നു – എന്തൊക്കെ നാടകങ്ങൾ അരങ്ങേറി!! ഈ ശിക്ഷ നടപ്പാക്കിയാൽ ആ കുഞ്ഞിനോടെന്തു സമാധാനം പറയും ഇവർ?

NB: ഒരു ഇരുപതുവർഷം കഴിഞ്ഞാൽ ഒരുപക്ഷേ ഞാൻ അജ്മൽ കസബിനേയും ഇതുപോലെ സപ്പോർട്ട് ചെയ്തേക്കും!!

പ്രേമിക്കുന്നവർക്കും പ്രേമിക്കപ്പെടുന്നവർക്കും

സദാചാരപ്പൊലീസുകാർ നാടുചുറ്റും നടക്കുന്നുണ്ടെങ്കിലും നടക്കാനുള്ളതൊക്കെ കാലാകാലങ്ങളായി മുറപോലെ നടന്നു വരുന്നുണ്ട്. പ്രേമവും പ്രേമനൈരാശ്യവും ഒക്കെ അന്നെന്നപോലെ ഇന്നും ഉണ്ട് – എന്നും ഉണ്ടാവുകയും ചെയ്യും. പ്രേമിക്കാതെയും അല്ലാതെയും ലൈംഗീകബന്ധങ്ങളും നിർബാധം നടക്കുന്നുണ്ട്. പ്രേമത്തെ ദിവ്യമായും ഉദാത്തമായും ചിലർ കാണുമ്പോൾ മറ്റു ചിലർ അത് സെ‌ക്‌സിനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. ആണായാലും പെണ്ണായാലും ഈ മോഹവലയത്തില്‍ വീണുപോവുക എന്നത് തികച്ചും സാധാരണമാണ്. പരസ്പരം അറിയുക എന്നത് ചെറിയ കാര്യമല്ല. ഒരാളുടെ സംസാരത്തിലൂടെ, പ്രവൃത്തിയിലൂടെ അതു കണ്ടെത്തി അതിനനുസരിച്ച് ബന്ധം രൂപപ്പെടുത്തിയെടുക്കാനുള്ള മാനസികനിലയും അറിവും പലപ്പോഴും കാലക്രമത്തില്‍ വന്നുചേരേണ്ട ഒരു ഗുണമാണ്. അതിനുമുന്നേ പ്രേമം മനസില്‍ പെയ്‌തിറങ്ങുന്നു. പ്രേമോന്മത്തരായാല്‍ അവര്‍ക്ക് അവരുടേതായ പ്രപഞ്ചമാണ്. പ്രജകളില്ലാത്ത ആ രജ്യത്തെ രാജാവും രാജ്ഞിയുമായി അവരങ്ങനെ വാഴും. തെറ്റും ശരിയും ഒക്കെ അവര്‍ നിര്‍ണയിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ക്കവിടെ യാതൊരു വിലയും കിട്ടുകയില്ല – തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാനെത്തുന്ന ഏഴാം‌കൂലികളായെ അവരതിനെ കാണൂ – അത്തരം ശബ്‌ദങ്ങളെ അവർ തള്ളിക്കളയും ചെയ്യും.

പ്രേമം മൂത്തു തലയ്ക്കു പിടിച്ചാൽ പലതും തോന്നിപ്പോയേക്കും; കാമുകന്റെ സ്പർശം ദേവസ്പർശമായും  കാമകന്റെ വാക്കുകൾ വേദവാക്യമായും തോന്നിയേക്കാം… കാമുകകരവലയത്തിൽ വിരിഞ്ഞമർന്നില്ലാതാകുകയാണെന്റെ ജന്മലക്ഷ്യം എന്നൊക്കെ ഒരു നിമിഷം തോന്നിയേക്കാം…  തോന്നലുകൾ തോന്നലുകൾ മാത്രമായി അവശേഷിക്കുകയും ഒരുനാൾ കാമുകവേഷം വെടിഞ്ഞ് കൂടെ കിടന്നവൻ പോവുകയും ചെയ്താൽ അതു താങ്ങാനാവാതെ നിരാശയിലും മോഹഭംഗത്തിലകപ്പെട്ട് സകലതിനേയും വെറുത്ത്, വെറുപ്പിച്ച് ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായി തീര്‍ക്കുന്നവരാണു പലരും. അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു ചിലര്‍.

പ്രേമം പ്രേമത്തിന്റെ വഴിക്കുപോകട്ടെ. പക്ഷേ. പാവാടക്കെട്ടഴിക്കും മുമ്പ് പലതും ചിന്തിക്കേണ്ടതുണ്ട്. സെക്സിനെ പാപമായും ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ള എന്തോ അമൂല്യവസ്തുവായും കാണുന്നവര്‍ കുറവല്ല; അതെന്തുമാവട്ടെ – മാനസികനിലവാരവും സംസ്‌കാരവും ജീവിതപരിചയവും കൊണ്ട് ഓരോരുത്തരും എന്താണോ അതിനെപ്പറ്റി കരുതി വെച്ചിരിക്കുന്നത് അതുതന്നെ ചിന്തിച്ചിറുപ്പിക്കുക. നിങ്ങള്‍ എന്തു വിശ്വസിച്ചുറപ്പിച്ചുവെച്ചിരിക്കുന്നുവോ അതു തന്നെ ശരിയെന്നു കരുതി പോകാവുന്നതാണ്‌. പ്രായപൂര്‍ത്തിയായാല്‍ രണ്ടുപേരുടെ ബന്ധത്തെ ഇവിടെയാര്‍ക്കുംതന്നെ തടയാനുള്ള നിയമവ്യവസ്ഥയൊന്നുമില്ല. മാത്രമല്ല, അങ്ങനെ തടയുന്നവരുടെ മെക്കിട്ട്കേറാന്‍ കേരളത്തിലെ ബുദ്ധിജീവിസമൂഹം എന്നും കൂടെ ഉണ്ടാവുകയും ചെയ്യും. സെക്സ് പാപമോ കൊടിയ തെറ്റോ അല്ല എന്നു കരുതുന്നവർ അങ്ങനെ തന്ന് കരുതട്ടെ – ഇനി അതല്ല അതു ദിവ്യമായ ഒന്നാണ്; ഷെയർ ചെയ്യാൻ പറ്റാത്ത അമൂല്യമായ എന്തെങ്കിലുമൊക്കെയാണ് എന്നു കരുതുന്നവർ അങ്ങനെ കരുതട്ടെ… ആ വിശ്വാസവും തെറ്റാണെന്നാരും പറഞ്ഞു വരില്ല. നിങ്ങൾക്കത് ശരിയാണെന്നു തോന്നുന്നിടത്തോളം നിങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കണം. തെറ്റ് ചെയ്യാതിരിക്കാനും ശ്രമിക്കണം. പിന്നീട് കുറ്റബോധത്തിൽ അകപ്പെട്ട് നീറിപ്പുകയാതിരിക്കാനെങ്കിലും ആ വിശ്വാസം ഉപകരിക്കും.

സെക്സിനെ പ്രാക്റ്റിക്കൽ ജീവിതത്തിന്റെ ഭാഗമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുമാരീകുമാരന്മാർ നിരവധിയാണ്. ഇത്തരക്കാർക്കിടയിൽ, കൊടിപാറിച്ച പ്രേമത്തിനിടയില്‍ വന്നു ചേരുന്ന ക്യാമറകളും മൊബൈലുകളും ഇന്നു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ മുങ്കൂട്ടി കാണേണ്ടതുണ്ട്. അവിടെയാണു പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ഒരു രസത്തിനുവേണ്ടി പകര്‍ത്തുന്ന മുഹുര്‍‌ത്തങ്ങള്‍ വഴിതെറ്റിയോ അല്ലാതെയോ മറ്റുള്ളവരുടെ കയ്യിലേക്കും അവിടുന്ന് നെറ്റിലേക്കും എത്തി കമ്പ്യൂട്ടര്‍ വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഇതിനുള്ള കരുതല്‍ എടുക്കാന്‍ പ്രാപ്തരായിരിക്കണം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്ന പെണ്‍‌കുട്ടികള്‍. അതു പെൺകുട്ടികളുടെ കടമ തന്നെയായിരിക്കണം. അതല്ലാതെ കാമുകന്റെ മധുരവാഗ്‌ചാതുരിയില്‍ മയങ്ങി എല്ലാം പകര്‍ത്തി സായൂജ്യമടയുവാനാണു പ്ലാനെങ്കില്‍ തുടര്‍ന്നു വരുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ കൂടിയുള്ള മനശക്തി സമാഹരിച്ചു കൊള്ളുക. ചിത്രങ്ങളും വീഡിയോകളും പകർത്തപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധതന്നെ വേണ്ടതുണ്ട്. പിന്നീട് വിലപിച്ചതു കൊണ്ടൊന്നും നേടാനില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്നു തുറന്നു പറയാനുള്ള ആർജവം ഉണ്ടാവേണ്ടതാണ്.

ഇനി ഒരു വീഡിയോ കാണുക… തിഴിലാണെങ്കിലും തമിഴറിയാത്തവർക്കുകൂടി ഇതിലെ ആ ഫീലിംങ് മനസ്സിലാക്കാനാവുന്നതാണ്. അല്പമെങ്കിലും തമിഴ് അറിയുന്നവര്‍ ഇതൊന്നു രാണ്ടാവര്‍ത്തിയെങ്കിലും കേട്ടുനോക്കുക… ഒരു പ്രണയനൈരാശ്യമല്ല ഇത്. നുണകൾ പറഞ്ഞ് പർസ്‌പരം പങ്കുവെക്കുകയും അവസാനം എല്ലാം ഇട്ടെറിഞ്ഞുപോയ ഒരു കാമുകനെ ഇതിൽ കാണാം. സകല പരിശുദ്ധിയോടും കൂടി ഉള്ളതെല്ലാം സമർപ്പിച്ച് വിശ്വസിച്ച് സ്നേഹിച്ച ഒരു പെൺകുട്ടിയാണിത്. അവസാനം ഒരു മനോരോഗിയെപോലെ വിലപിക്കുന്നതു കണ്ടില്ലേ! ഇവൾക്ക് തെറ്റിയതെവിടെയാവും? അവൾ ചെയ്യുന്ന പ്രവൃത്തി നോക്കൂ… എങ്ങനെ ന്യായീകരിക്കും ഇതിനെ നമ്മൾ!!

ഇ – മെയിൽ തട്ടിപ്പുകൾ | email cheating

കള്ളത്തരങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണല്ലോ നമ്മുടേത്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നറുക്കിട്ടെടുത്ത് കോടികള്‍ നേടിയെന്നും ഈമെയിലൈഡികള്‍ നറുക്കിട്ട് ഡോളറുകള്‍ കിട്ടിയെന്നും ഒക്കെ പറഞ്ഞ് പലതരത്തിലുള്ള മെയിലുകള്‍ വന്ന് നമ്മുടെ ഇ-യുഗത്തിലും തട്ടിപ്പുകള്‍ ചുവടുറപ്പിച്ചു. അറിവും വിവേകവും ഉള്ള പലരും അറിയാതെ തന്നെ ഇത്തരം കെണിക്കുഴികളില്‍ അകപ്പെട്ട് പണം നഷ്ടമാക്കിയിട്ടും ഉണ്ട്. പലരും പിടിക്കപ്പെട്ടു. പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാലും തട്ടിപ്പിനോ തട്ടിപ്പിനിരയാവുന്നവര്‍ക്കോ യാതൊരു കുറവും കാണാറുമില്ല.

ഇതാ ഇന്നു കിട്ടിയ ഒരു മെയില്‍. പറയുന്നത് എന്റെ എ.ടി.എം. മാസ്‌റ്റര്‍‌കാര്‍ഡിന് ഏകദേശം 3 മില്യൺ ഡോളർ രൂപ കിട്ടിയിട്ടുണ്ടെന്നും അതിനായി ഞാൻ അത്യാവശ്യവിവരങ്ങളൊക്കെ ഫിൽ ചെയ്ത് അവരുമായി ബന്ധപ്പെടണമെന്നും ആണ്. ഇത്തരം മെയിലുകൾ പലർക്കും കിട്ടിയിരിക്കും, ചിലർ തമാശയ്‌ക്കെങ്കിലും ഇതൊന്നു ഫിൽ ചെയ്തയച്ചേക്കാം എന്നു കരുതും. അപകടമാണ്. വിശ്വസിനീയമായ പല കാരണങ്ങൾ നിങ്ങളുടെ മുമ്പിൽ നിരത്തി പിന്നീട് നിങ്ങളുടെ മാസ്റ്റർ‌ കാർഡ് ഡീറ്റൈൽസ് മോഷ്ടിക്കാൻ ഇവർക്കു പറ്റും. കള്ളത്തരത്തിൽ പിഎച്ച്ഡി എടുത്തിരിക്കുന്ന ഇക്കൂട്ടരുടെ വാഗ്‌സാമർത്ഥ്യത്തിനു മുമ്പിൽ ചിലപ്പോൾ നമ്മുടെ അറിവും ലോകപരിചയവും നിഷ്‌പ്രഭമായിപ്പോവാം. മെയിൽ നോക്കുക:

ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ഈ അടുത്താണ് ഒരു സുഹൃത്തിന്റെ അങ്കിൾ ഇതുപോലെ ഒരു ഓൺലൈൻ വഞ്ചനയിൽ പെട്ട് ഏകദേശം 80,000 -ത്തോളം രൂപ കളഞ്ഞത്. മൂന്നു തവണകളായി പല ആവശ്യങ്ങൾക്കായിട്ടാണിതു വാങ്ങിച്ചത്. പിന്നീട് കിട്ടാൻ പോകുന്ന പണത്തിന്റെ ടാക്സ് ജനീവയിൽ അടയ്‌ക്കണമെന്നും അതിനായി രണ്ടര ലക്ഷത്തോളം രൂപ വേണമെന്നും അവർ ആവശ്യപ്പെട്ടപ്പോൾ ചെറിയൊരു വിമ്മിട്ടം പുള്ളിക്കാരനു തോന്നുകയും ഞങ്ങളോട് പറയുകയും ചെയ്യുകയായിരുന്നു. തട്ടിപ്പാണെന്ന് എത്ര പറാഞ്ഞിട്ടും പുള്ളിയത് വിശ്വ്വാസിക്കാൻ കൂട്ടാക്കിയില്ല. ഞങ്ങളിതു തട്ടിപ്പാണെന്നു പറയുന്നതൊക്കെ കേട്ടിരുന്ന്ശേഷവും പുള്ളിക്കാരൻ പറഞ്ഞതിങ്ങനെയാണ് ബാക്കി കൂടി അടച്ചേക്കാം അല്ലെങ്കിൽ അടച്ചതു കൂടി പോവില്ലേ എന്ന്!! എനിക്കിത്തരം മെയിലുകൾ എന്റെ യാഹൂ ഐഡിയിലേക്ക് സ്ഥിരമായി വരാറുണ്ടായിരുന്നു, പിന്നീട് അവയൊക്കെ പുള്ളിയെ കാണിക്കുകയും, ഇതുമായി ബന്ധപ്പെട്ട് വന്ന പത്ര വാർത്തകൾ കാണിക്കുകയും ഒക്കെ ചെയ്തിട്ടും അദ്ദേഹത്തിനു ഞങ്ങളെ വിശ്വസിക്കാൻ ചെറിയ വിഷമമായിരുന്നു. ജനീവയിൽ നിന്നെന്നും പറഞ്ഞു വിളിച്ച അതിന്റെ ഒരു റപ്രസെന്റേറ്റിവിനോട് എന്റെ കൂട്ടുകാരൻ ഇദ്ദേഹത്തിന്റെ മുമ്പിൽ നിന്ന് സംസാരിക്കുകയും ചെയ്തു. ഞങ്ങൾ ഇടപെട്ട ശേഷം അവർ ബന്ധപ്പെടുകയോ, മെയിൽ അയക്കുകയോ ചെയ്തിട്ടില്ലാത്രേ!

ഈ തട്ടിപ്പിൽ ഞാൻ പെട്ട കാര്യം ഇനി വേറൊരാൾ അറിയരുത് എന്ന ധാരണയിൽ ഒപ്പുവെപ്പിച്ച ശേഷമാണ് പിന്നെ ആ ചേട്ടൻ ഞങ്ങളെ വിട്ടത്. കമ്പ്യൂട്ടർ കൂടുതൽ ജനകീയമായ ഇന്ന് പലരും ഇന്റർനെറ്റിന്റെ മായികാലോകത്തേക്ക് കടന്നു വരുന്നുണ്ട്. നെറ്റിൽ വിരിയുന്ന വിസ്‌മയങ്ങളിൽ മയങ്ങിവീഴുന്ന ഇവർക്ക് പലപ്പോഴും ചതിക്കുഴികൾ മനസ്സിലാക്കിയെടുക്കാൻ താമസം വരും. അതുകൊണ്ട് ഇത്തരം മെയിലുകൾ നിങ്ങളുടെ ഇൻബോക്സിലേക്കു വരുന്നുണ്ടെങ്കിൽ മറിച്ചൊന്നും ചിന്തിക്കേണ്ടതില്ല ഡിലീറ്റ് ചെയ്തേക്ക്.

ആരാണ് അണ്ണാ ഹസാരേ?

Anna Hazare Lokpal Bill Movementആരാണ് അണ്ണാ ഹസാരേ?
കിഷൻ ബാപ്പത് ബാബുറാവു ഹസാരെ എന്നു മുഴുവൻ പേര്. 1940 -ഇൽ ജനുവരി 15 ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ഭിംഗർ ഗ്രാമത്തിൽ ജനനം. ഒരു പാവപ്പെട്ട തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്നു. ഏഴാം ക്ലാസ് വരെ മാത്രമേ ജീവിതസാഹചര്യം അദ്ദേഹത്തെ പഠിക്കാൻ അനുവദിച്ചിട്ടുള്ളൂ. 1962 -ലെ ഇന്ത്യ-ചൈനാ യുദ്ധവേളയിൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. 1965 -ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ത്യാഗോജ്വലമായ സേവനം അനുഷ്‌ഠിച്ചു. ഗാന്ധിജി, വിവേകാനന്ദസ്വാമി, ആചാര്യ വിനോബാഭാവെ എന്നിവരുടെ എഴുത്തുകളിൽ പ്രചോദിതനായി പ്രവർത്തിക്കുന്ന ഒരു രു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ ഹസാരെ. തികഞ്ഞ ഗാന്ധിയനായി ജീവിതം തന്നെ ജനസേവനമാക്കിമാറ്റിയ ഒരു 71 വയസ്സുകാരൻ.

Anna Hazareശരി, ഇയാൾക്കെന്താണിത്ര പ്രത്യേകത?
1990 -ഇൽ ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1992 അദ്ദേഹത്തിനു പത്മഭൂഷൺ ലഭിച്ചു. കൂടാതെ സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരമടക്കം നിരവധി അംഗീകരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വെറും ഏഴാംക്ലാസ് വിദ്യാഭാസം മാത്രമുള്ള ഹസാരെയെ ദിണ്ടിഗൽ ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് ആദരിച്ചു. ജനഹൃദയങ്ങളിൽ കോടികളുടെ ജ്യേഷ്ഠസഹോദരനായി അണ്ണനെന്ന് അറിയപ്പെടുന്നു.

അതിന്? ഇതൊക്കെ ആർക്കും കിട്ടാവുന്നതല്ലേ? പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്!!
പ്രത്യേകതകൾ ഉണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റൈൽഗാൻ സിദ്ധി (Ralegaon Siddhi) എന്ന ഗ്രാമത്തെ അദ്ദേഹം ഒരു മാതൃക ഗ്രാമമാക്കി. ഗ്രാമങ്ങൾ സ്വയംപര്യാപ്തരാവണം എന്ന ആശയം അദ്ദേഹം വിജയകരമായി അവിടെ നിറവേറ്റി. അവിടെ നിലനിന്നിരുന്ന ദാരിദ്ര്യവും വരൾച്ചയും അദ്ദേഹം മാറ്റിയെടുത്തു അവർക്കുവേണ്ടിവരുന്ന പച്ചക്കറികൾ, ഇന്ധനം, വൈദ്യുതി, വസ്ത്രങ്ങൾ മുതലായവയൊക്കെ സാധ്യമായ രീതിയിൽ ഗ്രാമത്തിൽ തന്നെ ഉണ്ടാക്കിയെടുത്തു. ആളുകളെ ഒന്നടങ്കം മദ്യപാനത്തിൽ നിന്നും മുക്തമാക്കി ഗ്രാമം മദ്യവിമുക്തമാക്കി. ജനതയെ വേർതിരിച്ചു നിർത്തുന്ന അയിത്തമെന്ന ദുരാചാരത്തെ ജനമനസ്സുകളിൽ നിന്ന് അദ്ദേഹം വേരോടെ പിഴുതെടുത്ത് നീക്കം ചെയ്തു. ആരോഗ്യപരമായ ചുറ്റുപാടുകൾക്കൊപ്പം ആരോഗ്യപരമായ മനസ്സും വാർത്തെടുക്കുന്നതിൽ ഹസാരെ വിജയിച്ചു. വ്യക്തമായ ആസൂത്രണത്തിലൂടെ 1975 -ഇൽ ആ ഗ്രാമം ദാരിദ്ര്യത്തെ നിർമാർജനം ചെയ്ത് മാതൃകാഗ്രാമമായി. ഇന്നു നല്ലൊരു സമ്പന്നഗ്രാമമായി നമുക്കു മുന്നിൽ റൈൽഗാൻ സിദ്ധി തല ഉയർത്തി നിൽക്കുന്നു.

 

corruption in indiaശരി, ഇപ്പോൾ ഇയാൾക്കെന്താ കുഴപ്പം? എന്തിനാണ് ഈ ബഹളമൊക്കെ?
അഴിമതി, അഴിമതിതന്നെയാണു പ്രശ്നം. പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്നവരിൽ പ്രമുഖനാണു ഹസാരെ. സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം എന്നറിയപ്പെടുന്നത്. മഹാരാഷ്ട്ര സർക്കാരിനെ വിവരാവകാശ നിയമം നിർമ്മിക്കാൻ നിർബന്ധിതമാക്കിയ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് അണ്ണാ ഹസാരെയാണ്. പൊതുജീവിതത്തിലെ അഴിമതി തടയാൻ പറ്റുന്നവിധത്തിൽ ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും പറഞ്ഞാണ് ഹസാരെയുടെ ഇപ്പോഴത്തെ സമരം.

ഓഹോ, എന്താണപ്പോൾ ഈ ലോക്പാൽ ബിൽ?
അഴിമതി പരിഹരിക്കുന്നതിന്, സ്വതന്ത്ര അധികാരവ്യവസ്ഥ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ കരടു നിയമമാണ് ജന ലോക്പാൽ (The Citizen Ombudsman Bill). തെരഞ്ഞെടപ്പ്‌ കമ്മീഷനെപ്പോലെ സ്വതന്ത്ര അധികാരമുള്ള ഈ വ്യവസ്ഥക്ക്, സർക്കാരിന്റെ അനുമതി കൂടാതെ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടായിരിക്കണം എന്ന് ഈ ബിൽ അനുശാസിക്കുന്നു. കേന്ദ്രത്തിൽ ലോക്പാലും, സംസ്ഥാനങ്ങളിൽ ലോകായുക്തയും ആണ് വിവക്ഷിച്ചിട്ടുള്ളത്. ഈ ബിൽ ഈ അടുത്തൊന്നും ഉണ്ടായ ഒന്നല്ല, മറിച്ച്, 42 വർഷങ്ങൾക്ക് മുൻപുതന്നെ 1972 -ഇൽ അന്നത്തെ നിയമ മന്ത്രിയായിരുന്ന ശാന്തിഭൂഷൻ തയ്യാറാക്കിയതായിരുന്നു ലോക്പാൽ കരടു നിയമം. പക്ഷേ ഇതന്നു പാസ്സാക്കിയെടുക്കുവാൻ രാജ്യസഭക്ക് കഴിഞ്ഞിട്ടില്ല. 1969 ലെ നാലാം ലോകസഭ ലോക്പാൽ നിയമം പാസ്സാക്കിയെങ്കിലും നടപ്പാക്കാനായില്ല; കാരണം രാജ്യസഭ അതു പാസ്സാക്കാൻ കൂട്ടാക്കിയില്ല. പലതവണ ഇതു പാസ്സാക്കിയെടുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു.

അതായത് അഴിമതിക്കാരെ ശിക്ഷിക്കാൻ ജനങ്ങൾക്ക് അധികാരം കിട്ടുമെന്ന് അല്ലേ? അതു രാഷ്‌ട്രീയ സ്ഥിരതയ്‌ക്ക് യോജിച്ചതാണോ?
അതിന് ഇതിൽ ജനങ്ങൾ മാത്രമല്ല ഉള്ളത് ഗവൺമെന്റിന്റെ പ്രാതിനിധ്യം ഉറപ്പിക്കാൻ രാഷ്ട്രീയക്കാർ ഉൾപ്പെട്ടവർക്ക് 50% വും ബാക്കി 50% പൊതുജനത്തിനും ആണുള്ളത്.

അപ്പോൾ ഈ ബില്ല് പാസാക്കാതെ ഇങ്ങനെ ഉരുട്ടിക്കൊണ്ടുപോവാൻ കാരണമെന്താണ്?
ഓരോ സംസ്ഥാനത്തും ലോകായുക്‌ത എന്ന പേരിൽ സംഭവം സ്ട്രോങ്ങായി വന്നാൽ പിന്നെ അഴിമതിക്കാരെ പിടിച്ച് ശിക്ഷിക്കാൻ മാക്സിമം 2 വർഷമേ എടുക്കുകയുള്ളൂ. 25 ഉം 30 വർഷങ്ങൾ കേസുനടത്തി നീട്ടിക്കൊണ്ടുപോകുന്ന ഒരവസ്ഥ ഇവിടെ ഉണ്ടാവില്ല. ബോഫേഴ്‌സ് കേസും ഭോപ്പാൽ ദുരന്തത്തിന്റെ കേസും എന്തിനേറെ നമ്മുടെ പാമോയിലും ലാവ്‌ലിനും ഒക്കെ നീണ്ട് നീണ്ട് പോകുന്നതു കണ്ടില്ലേ. ഈ ഒരവസ്ഥ ഈ നിയമം മൂലം ഇല്ലാതാവും.

അഴിമതിക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള അധികാരം പബ്ലിക്കിനു കിട്ടുന്നു എന്നതു തന്നെ രാഷ്ട്രീയക്കാരന്റേയും അവന്റെ വാലാട്ടി ഉദ്യോസ്ഥന്റേയും ഉറക്കം കെടുത്തുന്നുണ്ട്. കൊടിപിടിച്ച ജഡ്‌ജിയെവരെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനും ഈ ബിൽ വഴിയൊരുക്കുന്നു. Chief Justice of India യുടെ അനുമതിയോടെ മാത്രമേ നിലവിൽ ഇതൊക്കെ സാധിക്കൂ. അന്വേഷണ റിപ്പോർട്ടുകളൊന്നും തന്നെ എവിടേയും മൂടിവെയ്ക്കുന്നില്ല, എല്ലാം തുറന്നപുസ്തകമായി ജനങ്ങളുടെ മുന്നിൽ എത്തിക്കും. ഗവൺമെന്റ് മാറിവരുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനമാരെ മാറ്റിയും തങ്ങൾക്കിഷ്ടപ്പെട്ടവരെ അന്വേഷണം ഏൽപ്പിച്ചും ഒക്കെ പലരും തടി തപ്പുന്നത് നമ്മുടെ നാട്ടിൽ സുപരിചിതമാണല്ലോ. ഇവിടെ ലോകായുക്‌തയുടേയോ ലോക്‌പാലിന്റേയോ രാഷ്ട്രിയക്കാർക്ക് നിർദ്ദേശിക്കാനോ നിയമിക്കാനോ സ്ഥലംന്മാറ്റാനോ പറ്റില്ല. അഴിമതികാണിച്ച് പിടിച്ചാൽ തന്നെ ഇപ്പോൾ മാക്സിമം 7 വർഷം ജയിലിൽ കിടന്ന് ഒരു രാഷ്ട്രീയക്കാരനു പുറത്തുവരാം. അവൻ അഴിമതി കാണിച്ചുണ്ടാക്കിയ പണം കണ്ട്കെട്ടാൻ ഇന്നു യാതൊരു നിയമവും ഇല്ല. എന്നാൽ ലോക്‌പാലിൽ മിനിമം ശിക്ഷ 6 വർഷവും മാക്സിമം എന്നത് ജീവപര്യന്തവും ആണ്. മാത്രമല്ല അയാൾ ഗവണ്മെന്റിനു നഷ്ടമാക്കി തുക അയാളിൽ നിന്നും തന്നെ കണ്ടു കെട്ടും.

ഇതൊക്കെ ശക്തമായി നടപ്പാക്കിയാൽ ഇന്നത്തെ ഭൂരിപക്ഷം പേരും അഴി എണ്ണും എന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വം ഈ ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു.

I am also a Gandhian - prime minister of indiaഅപ്പോൾ എന്താണിപ്പോൾ ഗവണ്മെന്റ് പറയുന്നത്?
കഴിഞ്ഞ ദിവസം ആഗസ്‌ത് 15 – നു ഇന്ത്യൻ ദേശിയപതാകയിൽ കൈവെച്ച് ചെങ്കോട്ടയില്‍ നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിളംബരം ചെയ്യുകയുണ്ടായി, നിരാഹാരവും സത്യാഗ്രവും കൊണ്ട് രാജ്യത്തെ അഴിമതി തടയാമെന്നാരും വ്യാമോഹിക്കേണ്ടാ എന്ന്. അദ്ദേഹം ഉദ്ദേശിച്ചത് അണ്ണാഹസാരെയെ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തികഞ്ഞ ഗാന്ധിയനായ അദ്ദേഹത്തിനെതിരെ ഇങ്ങനെയൊരു അഭിപ്രായം പ്രധാനമന്ത്രി നടത്തിയതിൽ നിന്നും നമുക്കു മനസ്സിലാക്കാനാവുന്നത് നിരാഹാരവും സത്യാഗ്രഹമൊക്കെ അങ്ങ് ബ്രിട്ടീഷുകാരോടു മതി, ഞങ്ങളിതുകൊണ്ടൊന്നും നന്നാവാൻ ഉദ്ദേശിച്ചിട്ടില്ല എന്നുതന്നെയാണ്. അഴിമതിക്കാർക്കെതിരെ ശബ്ദമുയർത്തുവാൻ ആരെയും അനുവദിക്കില്ലെന്നാണ് അണ്ണാ ഹസാരെയെ അറസ്റ്റു ചെയ്തതിലൂടെ പിന്നീട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, അണ്ണാ ഹസാരെയെ തേജോവധം ചെയ്യാൻ കോൺഗ്രസ് പാർട്ടി കച്ചകെട്ടി ഇറങ്ങിയെന്നതും ഈ സമയത്ത് കൂട്ടിവായിക്കാവുന്നതാണ്.

71 പിന്നിട്ട ഈ വയസൻമൂപ്പർക്കിത് മുന്നോട്ട് കൊണ്ടുപോകുവാൻ പറ്റുമോ?
ഹസാരെ ഒറ്റയ്‌ക്കല്ല ഈ സമരമുഖത്തുള്ളത് കിരൺ ബേഡി, ശാന്തി ഭൂഷൻ, ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ടെ, അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൻ, മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ ജെ.എം. ലിംഗ്ധോ, “ആഴിമതിക്കെതിരെ ഇന്ത്യ” എന്ന സംഘടന തുടങ്ങിയവർ മുൻനിരയിൽ നിൽക്കുമ്പോൾ ഇന്ത്യാമഹാരാജ്യത്തെ വിദ്യാർത്ഥി സമൂഹം, ഓൺലൈൻ സമൂഹം, വിവിധ സന്നദ്ധസംഘടനകൾ, സമൂഹ്യസംഘടനകൾ, വനിതാ സംഘടനകൾ തുടങ്ങി നിരവധിപേരുടെ സമ്പൂർണ പിന്തുണയും അണ്ണാ ഹസാരെയ്‌ക്കുണ്ട്.

ഓക്കെ, എനിക്കെന്തു ചെയ്യാൻ പറ്റും ഇപ്പോൾ?
ഹസാരെ ലക്ഷ്യമിടുന്ന അഴിമതിരഹിത ഭാരതം തന്നെയാണു നമ്മുടെ ലക്ഷ്യമെങ്കിൽ, അദ്ദേഹം പറയുന്നതിൽ കാര്യമായതെന്തൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടെങ്കിൽ നമുക്കും ഹസാരെയ്ക്ക് ധാർമ്മിക പിന്തുണ നൽകാം. രാജ്യത്തെ ദരിദ്ര്യനാരായണന്മാരുടെ നികുതിപ്പണം പിരിച്ച് സ്വിസ്‌ബാങ്കിലും മറ്റും ഇട്ട് സുഖലോലുപതയുടെ പട്ടുമെത്തയിലിരുന്നു നമ്മളെ ഭരിച്ചു മുടിച്ചവർക്കിനിയും മാപ്പുകൊടുക്കരുത്. രാജമാരും ബാലകൃഷ്‌ണപ്പിള്ളമാരും അല്ല നമുക്കാവശ്യം നാളെയെ സ്വപ്‌നം കാണുന്ന ആർജവമുള്ള രാഷ്ട്രീയക്കാരനെയാണ്. അവന്റെ പൊതുജീവിതം സംശുദ്ധമാവണം. അതിനായി ഹസാരെയെ നമുക്കിപ്പോൾ സപ്പോർട്ട് ചെയ്യാം. അതിനായി സ്വയം പ്രചാരകരാവാം. അഴിമതിക്കെതിരെ തിളച്ചുമറിയട്ടെ ഇന്ത്യൻ യൗവനങ്ങൾ. ഹസാരെയെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ മെസേജുകളും നമുക്കു കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനായി റീഷെയർ ചെയ്യാം… മുന്നിൽ നെടുംതൂണയി നിൽക്കാൻ ഹസാരെയുടെ ആരോഗ്യം അദ്ദേഹത്തെ അനുവദിക്കട്ടെ എന്നു പ്രത്യാശിക്കാം.

14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

മൊബൈൽ ഫോൺ കൊണ്ടുവരുന്ന ചതിക്കുഴികൾ!!രണ്ടു ദിവസം മുമ്പ് വീടിനടുത്ത് ഒരു സംഭവം നടന്നു. നാട്ടിൽ അല്ലറച്ചില്ലറ തല്ലിപ്പൊളി പരിപാടികൾ (മോഷണം തന്നെ മുഖ്യമായിട്ടുണ്ടായിരുന്നത്) ഒക്കെ ആയി നടന്ന ഒരു പയ്യൻസ്, പാലാക്കാട് നിന്നൊരു പൊലീസ് ഒഫീസറുടെ മകളെ അടിച്ചുമാറ്റി സ്ഥലം വിട്ടു. പയ്യൻസ് എന്നു പറഞ്ഞാൽ, ഏകദേശം ഒരു 18 വയസ്സു പ്രായം വരും. സ്‌കൂളിലൊന്നും അധികകാലം പോയിട്ടില്ല, പാൻപരാഗും റാക്കും കറക്കവുമായി കാലം കഴിക്കലാണു പ്രധാന പണി. എങ്കിലും ഇടയ്‌ക്കിടയ്ക്ക് നാടന്‍‌ പണികള്‍ എടുത്തു കാശുണ്ടാക്കുകയും ചെയ്യും. നല്ല കുടുംബത്തില്‍ നിന്നേ നല്ല ജന്മങ്ങള്‍ ഉണ്ടാവൂ എന്ന് വല്യമ്മ പറയാറുണ്ട്. ഇവിടെ അത് അക്ഷരാര്‍‌ത്ഥത്തില്‍ ശരിയാണ്. അവന്റെ നാളിതുവരെ ഉള്ള സകല തോന്ന്യവാസങ്ങള്‍‌ക്കും കാരണം അവന്റെ കുടുംബം തന്നെ. അരക്ഷിതമായ അന്തരീക്ഷത്തില്‍, എന്നും കലഹവും മറ്റു കുന്നായ്‌മകളുമായി നാട്ടുകാരെ മുഴുവന്‍ വെറുപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ഉല്പന്നം ഇതല്ലാതെ മറ്റെന്താവാന്‍. അതു വിട്; പയ്യൻസിന് റാൻഡം ബെയ്‌സിൽ മൊബൈൽ നമ്പർ ഡയൽ ചെയ്തു കിട്ടിയ ഇരയാണത്രേ പെണ്ണ്. ചുമ്മാ 10 നമ്പര്‍ അടിച്ച് ഡയല്‍ചെയ്തപ്പോള്‍ അങ്ങേത്തലയ്‌ക്കലെ കിളിശബ്‌ദം കേട്ട് ആകൃഷ്‌ടനായതാണ്. പിന്നെ മെസേജിങിലൂടെ അതു വളര്‍ന്നു പന്തലിച്ചു. ചൂടുള്ള വികാരവിചാരങ്ങള്‍ അവര്‍ പച്ചയായി കൈമാറ്റം ചെയ്തു. അതിര്‍‌വരമ്പുകളില്ലാത്ത ലോകത്തേക്കവര്‍ ക്രമേണ വിലയം പ്രാപിച്ചു.

പെൺകുട്ടികൾ അസ്വസ്തരാവുന്നതെന്തു കൊണ്ട്?പെണ്ണിനു വയസ് 14 ആണ്. സുന്ദരിയാണത്രേ! നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ പെണ്‍‌തരി. അച്ഛന്‍ പൊലീസില്‍ എസ്.പി. ആണത്രേ! ഒന്നിനും ഒരു കുറവുമില്ലെന്ന് സാരം. അല്ലെങ്കില്‍ അവളുടെ കുറവു തിരിച്ചറിയാന്‍ എസ്.പി. സാറിനും ഭാര്യയ്‌ക്കും പറ്റാതെ പോയി. എന്തായാലും പെണ്ണു ചാടി. പെണ്ണ് ചാടിയതറിഞ്ഞ ഉടനേ പൊലീസും ചാടിപ്പുറപ്പെട്ടു. എറണാകുളത്തേക്കു പോകും വഴി തൃശ്ശൂരിൽ നിന്നും മിഥുനങ്ങളെ പിടികൂടി. അവിടെതന്നെ ജയിലിട്ടു സത്കരിച്ചു. എസ്.പി.യുടെ മകളായിരുന്നല്ലോ പെണ്ണ് പൊലീസുകാർ അറിഞ്ഞുതന്നെ പയ്യൻസിനെ സത്കരിച്ചിരിക്കണം. തിരിച്ചു വന്ന പയ്യന്‍സ് ആകെ ക്ഷീണിതനായിരുന്നു. വീട്ടുകാർ പോയിട്ടുമാത്രമേ പയ്യന്‍സിനെ വിടൂ എന്ന് പൊലീസുകാര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എന്തായാലും അമ്മാവനും അളിയനും പോയി പയ്യൻസിനെ ഇറക്കിക്കൊണ്ടു വന്നു.

നിങ്ങളുടെ കുട്ടികളുടെ മൊബൈൽ നിങ്ങൾ പരിശോദനാ വിധേയമാക്കാറുണ്ടോ?പൊലീസുകാരന്റ് മകളായതിനാൽ പത്രക്കാരിൽ എത്താതെ, കേസില്ലാതെ പയ്യൻസ് രക്ഷപ്പെട്ടു. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും സംഗതി അങ്ങനെയൊക്കെയാണല്ലോ. 2 വർഷഞ്ഞളോളം ആയത്രേ ഇവർ തമ്മിൽ ലൗ. ഇടയ്‌ക്കെപ്പോഴോ പയ്യൻസ് അവളെ പോയി കണ്ടിട്ടും ഉണ്ടത്രേ… നാട്ടുകാരെല്ലാവരും പയ്യൻസിനെ കുറ്റപ്പെടുത്തുന്നു… “ആ ചെക്കനതു പോരാ..” എന്നതാണു പൊതുവേ ഉള്ള അഭിപ്രായം… ഇവിടെ കുറ്റം പയ്യന്‍‌സിനു മാത്രം ചാര്‍ത്താവുന്നതാണോ? പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്‌ക്കും ഒഴിഞ്ഞുമാറാനാവുന്നതാണോ ഈ കുറ്റത്തില്‍ നിന്നും?

ഇതുപോലെ എത്രയെത്ര റാൻഡം നമ്പറുകൾ നമുക്കു ചുറ്റും കറങ്ങി നടക്കുന്നുണ്ടാവും?
ശരീരവളർച കണ്ട് ഞാനൊരു പെണ്ണായല്ലോ എന്നാഹ്ലാദിച്ച് എത്രയെത്ര 14 വയസ്സുകാരികൾ വീണടിയുന്നുണ്ടാവും!!
വാശിപ്പുറത്ത് ചോദിക്കുന്നതൊക്കെ ലോഭം കൂടാതെ കൊടുക്കുന്ന എത്ര പിതാക്കള്‍ കണ്ണീരുണങ്ങാതെ ഇരിക്കുന്നുണ്ടാവും?

നല്ല ബന്ധങ്ങൾക്കു മൊബൈൽ ഒരു വിനയായി മാറുന്നില്ലേ?ഇവിടെ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി. കുട്ടികൾക്ക് മൊബൈൽ ഏൽപ്പിക്കുമ്പോൾ ദിവസേന അതിലെ കോൾ ലിസ്റ്റും മെസേജസും പരിശോദിച്ചാൽ തന്നെ ഇത്തരത്തിലുള്ള പകുതി പ്രശ്‌നങ്ങൾക്ക് ശമനമുണ്ടാവും. രാത്രി 9 മണിക്കു ശേഷം കുട്ടികളിൽ (ആണായാലും പെണ്ണായാലും) നിന്നും അതു വാങ്ങിച്ച് ഒരു കോമൺസ്ഥലത്ത് സൂക്ഷിക്കുന്നതും നല്ലതു തന്നെ. കിടപ്പറയിലേക്കുള്ള ജാരസഞ്ചാരം നിയന്ത്രിക്കാൻ ഇതുമൂലം പറ്റിയേക്കും. ഇല്ലെങ്കില്‍ ഏതെങ്കിലും അഴുക്കുചാലില്‍ വീണടിയാനാവും കുരുന്നുകളുടെ യോഗം.

പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ

chora thudikkum cheru kayyukale peruka vannee - panthangal

കവിത കേൾക്കുക

[ca_audio url=”https://chayilyam.com/stories/poem/panthangal.mp3″ width=”290″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറയേന്തിയ പാരിൻ
വാരൊളി മംഗള കന്ദങ്ങൾ Continue reading