
Year: 2012
പാതിരി നൽകിയ പാഠം!

നമ്മുടെ ഗവണ്‍മെന്റിനെ സ്വാധീനിക്കാന്‍ ഒരു പാതിരിക്ക് പറ്റും എന്നു പറഞ്ഞപ്പോള്‍ ഇത്ര ഞെട്ടിത്തെറിക്കാന്‍ ഒന്നുമില്ല! കേരളം ഭരിക്കുന്നതുതന്നെ ക്രിസ്ത്യാനിയും മുസ്ലീമും നായരും നാടാരും ഈഴവനും ദളിതനുമൊക്കെയല്ലേ!! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീതം വെച്ച് കലഹിച്ചത് ഇത്രപെട്ടന്നെല്ലാവരും മറന്നോ? തന്റെ ജാതിയുടെ പേരുപറഞ്ഞ് മന്ത്രി സ്ഥാനം തട്ടിയെടുത്ത വിരുതനും ഒരു സീറ്റുകൂടി തന്നില്ലെങ്കില്‍ ബാക്കിയുള്ള തങ്ങളുടെ എം.എൽ. എ മാരേയും പിൻവലിക്കും എന്നു പറഞ്ഞവരും ഒക്കെ ഭരിക്കുന്ന നമ്മുടെ ഗവൺമെന്റിന്റെ ജനഹിതം ഊഹിക്കാവുന്നതേ ഉള്ളൂ.
നമ്മുടെ യഥാർത്ഥ പ്രശ്നം ഇങ്ങനെ വർഗം തിരിങ്ങുള്ള പക്ഷപാതം തന്നെയല്ലേ, ക്രിസ്ത്യാനിയെന്നും മുസ്ലീമെന്നും നായരെന്നും ഈഴവനെന്നുമൊക്കെ പറഞ്ഞ് ഭിന്നിച്ചു നിൽക്കുന്നതല്ലേ ശരിക്കും പ്രശ്നം? ഇതിൽ നിന്നുള്ള ഒരു മോചനം ഇനി സാധ്യമാവുമോ? സാധ്യമാവാൻ എന്തെങ്കിലും മാർഗമുണ്ടോ? ഗവണ്മെന്റ് തന്നെയാണ് അതിനായി ആദ്യചുവട് വെയ്ക്കേണ്ടത്.
ഇതിനായി
- SSLC, PSC പരീക്ഷകൾ, ജോലി തുടങ്ങിയവയെ ജാതി/മത വിമുക്തമാക്കുക,
- ജാതിയുടെ/മതത്തിന്റെ പേരിലുള്ള സകലവിധ സംവരണങ്ങളും നിർത്തലാക്കുക; പകരം സാമ്പത്തികനില നോക്കിയുള്ള സംവരണം കൊണ്ടുവരിക,
- പേരിൽ ജാതി സൂചിപ്പിക്കുന്നവരെ ഗവണ്മെന്റ് ജോലികളിൽ നിന്നും മാറ്റി നിർത്തുകയോ കുറഞ്ഞ പരിഗണന നൽകുകയോ ചെയ്യുക, ചിന്തിച്ചാൽ ഇതുപോലെ നിരവധി മാർഗങ്ങൾ തെളിഞ്ഞുവരും.
ഇങ്ങനെ ഇപ്പോൾ ചെയ്താൽ ഒരു തലമുറ കഴിയുമ്പോൾ തന്നെ അതിന്റെ ഫലം കണ്ടുതുടങ്ങുമെന്നു കരുതുന്നു. ജാതിമതങ്ങൾക്കതീതരായ് ഒന്നാണെന്ന ബോധം കേരളീയർക്കെങ്കിലും കിട്ടുമായിരുന്നു 🙁
പ്രവാചകന്റെ മുടിയും ചുട്ട കോഴിയും!!

പ്രവാചകന്റെ വചനങ്ങൾക്കാണോ അതോ പ്രവാചകന്റെ രോമത്തിനാണോ പ്രസക്തി? പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ മതനേതാക്കളും രാഷ്‌ട്രീയക്കാരും ഡയലോഗ് മഹാമഹം നടത്തി വരികയാണല്ലോ!
വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലും മതങ്ങൾ അവരുടെ വിശ്വാസപ്രമാണങ്ങൾ കാറ്റിൽ പറത്തി ഇടപെടുകയും അനധികൃതമായി സ്വത്തും പണവും സമ്പാദിക്കുകയും ചെയ്യുന്നു. ആരും ചോദ്യം ചെയ്യാനില്ലാതെ ടാക്‌സ്പോലും അടക്കേണ്ടാത്ത വിധത്തില്‍ വിദേശപ്പണകൊണ്ട് മതനേതാക്കള്‍ തടിച്ചുകൊഴുക്കുന്നു. സുഖലോലുപതയുടെ അമൃതാനന്ദകരമായ ആലസ്യത്തിലവര്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥവൃന്ഥത്തേയും നിയന്ത്രിക്കുന്നു… അവര്‍ക്ക് എന്തുമാവാം!!
രാഷ്ട്രീയക്കാർക്കും സാമാന്യജനങ്ങൾക്കും മതകാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു മതത്തിന്റെ ഭാഗമായി നിന്നാലേ അതില്‍ നടക്കുന്ന അനാചാരത്തിനെതിരെ ശബ്ദിക്കാവൂ എന്നാണോ? ചുട്ടകോഴിയെ പറപ്പിക്കുമെന്നും പറഞ്ഞു നടക്കുന്ന ഒരു മന്ത്രവാദിയുണ്ടായിരുന്നു പണ്ട് നാട്ടിൽ. മുടിയുടെ പ്രശ്നം അറിഞ്ഞനാൾ മുതൽ എന്റെ മനസ്സിൽ കാന്തപുരവും ആ മന്ത്രവാദിയും ഒന്നായതുപോലെ!!
തങ്ങളെ ചോദ്യം ചെയ്യാനും തങ്ങളുടെ തോന്ന്യവാസങ്ങളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനും പാടില്ല എന്നവർ ആഗ്രഹിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? സാമാന്യബുദ്ധിക്ക് നിരക്കാത്ത പലതും മതങ്ങളിലും മറ്റു വിശ്വാസങ്ങളിലും കാണും – സത്യം തന്നെ! എന്നാലും അതിനുവേണ്ടി ഈ നൂറ്റാണ്ടില്‍ ഇത്രയും പണം കളയുകയും വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞൂറ്റി അവന്റെ കഞ്ഞിയില്‍ കൈയിട്ടുവാരാനും മത നേതാക്കള്‍ തുനിയുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്. ശുദ്ധതട്ടിപ്പാണെന്നു കണ്ട കാര്യത്തിൽ ഒരു പാർട്ടീനേതാവ് പ്രതികരിച്ചു എന്നു പറയുമ്പോഴേക്കും തകർന്നു വീഴുന്നതല്ല കാലാതിവർത്തിയായി നിലനിന്നു വന്നഇസ്ലാം മതം! അതിത്രയും കാലം ഭൂമുഖത്ത് നിലനിന്നതുതന്നെ അതിന്റെ വലുതായ പ്രാധാന്യത്തേയും പ്രവാചക വചനങ്ങളുടെ നന്മയും കൊണ്ടുതന്നെ.
പണത്തിനുവേണ്ടി ഒരു മതത്തെ തന്നെ നാറ്റിക്കുന്ന മതനേതാക്കന്മാരെ തിരിച്ചറിയാൻ മതാനുയായികൾ എന്നാണിനി തയ്യാറാവുക. മത രാഷ്ട്രീയഭേദം മറന്ന് പ്രതികരിക്കണം. കടിച്ചുകീറണം ഇവരുടെ തൊലിഞ്ഞ ലോജിക്!
ഗൂഗിൾ പ്ലസ്സിൽ ഒരാൾ പറഞ്ഞതോർക്കുന്നു: മുടിപ്പള്ളി വിവാദം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പത്രകടലാസിലെങ്കിലും സത്യമായി കാണുന്ന പ്രബുദ്ധ കേരളത്തിന്റെ വിഷയം കൂടിയാണിത്. നാല്പതു കോടി നിക്ഷേപമെന്നത് പൊതുസമൂഹത്തിന്റെ കൂടെ പ്രശ്നമാണ്. മുസ്ലിം സമുദായം, മുഖ്യധാരയിൽ ഉള്ളടുത്തോളം കാലം ഇത്തരം അഭ്യാസങ്ങൾക്ക് മറുപടി പറയേണ്ടത് പൊതുസമൂഹം കൂടിയാണ്. ഇതിൽ മതത്തിന്റെ മാത്രം വിഷയമെന്നുള്ളത് ഇരുട്ടിനെ കൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ദർഗയും, ഉറൂസും, ചന്ദനക്കുടവും, ഉറുക്കും, മഷിയെഴുത്തും, നീക്കലും, കൂടലും, ഒഴിപ്പിക്കലും, മന്ത്രിച്ച് ഊതലും, രക്ഷകെട്ടലും, പറപ്പിക്കലും, പിഴപ്പിക്കലും നടത്തുന്ന പ്രബലമായ ഒരു സുന്നി വിഭാഗത്തിന്റെ അമരക്കാരന് ബിസിനെസ്സ് വ്യാപിപ്പിക്കാനുള്ള പുതിയ മേഖലയാണ് മുടിപ്പള്ളി. ഇതിനെതിരെ പ്രതികരിക്കുക എന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള ഏതൊരു പൗരന്റെയും കടമയാണ്. നിങ്ങളുടെ ആവിഷ്ക്കാര / അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടാൻ ഏത് മതശക്തിയേയും അനുവദിക്കരുത്. ശക്തമായി, വ്യക്തമായി അഭിപ്രായങ്ങൾ പറയുക തന്നെ വേണം!
ലോകമാതൃഭാഷാദിനം
ഭാഷയെ സ്നേഹിക്കുന്ന, മലയാളിത്തത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദ്യമായ അശംസകൾ!!
എല്ലാവരും മലയാളം വിക്കിപീഡിയയിൽ ചേർന്ന് ഇതാഘോഷിക്കുക!!
പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

മലയാളം വിക്കിമീഡിയ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുടേയും മലയാളം വിക്കിമീഡിയയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരുടേയും വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം. ഇവർക്ക്, പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ, കമ്പ്യൂട്ടർ വിദഗ്ദർ, സ്വതന്ത്ര -സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകൾക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇതൊരവസരമാണ്.

മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം നഗരമാണ്. ഏപ്രിൽ 21, 22 (അല്ലെങ്കിൽ ഏപ്രിൽ 27,28) തീയതികളിൽ 2 ദിവസമായാണു് പരിപാടി നടക്കുന്നത്. തീയതി, പരിപാടി നടക്കുന്ന കൃത്യമായ സ്ഥലം എന്നിവയെകുറിച്ചുള്ള അറിയിപ്പ് അടുത്ത ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ വരുന്നതാണ്)
ഈ പ്രഥമ വിക്കിസംഗമോത്സവം വിവിധ മലയാളം വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാർഷിക വിശകനങ്ങൾ, ചർച്ചകകൾ എന്നിവയ്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങൾ, പാനൽ ചർച്ചകൾ, ക്ലാസ്സുകൾ, ശില്പശാലകൾ, പൊതുചർച്ചകൾ, പ്രഭാഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾക്ക് വേദി ആവുകയാണ്. അതിന്റെ ഭാഗമാകാൻ മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും ക്ഷണിക്കുന്നു.
നിങ്ങൾക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അപേക്ഷകൾ സമർപ്പിക്കാം.
പ്രധാന തിയതികൾ
- പ്രബന്ധങ്ങൾ സ്വീകരിക്കാൻ തുടങ്ങുന്നത് 21 ഫെബ്രുവരി 2012
- പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി 21 മാർച്ച് 2012
- തിരഞ്ഞെടുത്ത പ്രബന്ധങ്ങളെ പറ്റിയുള്ള അറിയിപ്പ് 31 മാർച്ച് 2012
- സമൂഹം ( Community)
- ടെക്നോളജി (Technology)
- അറിവ് (Knowledge)
- പ്രചാരണം ( Outreach)
വിക്കിപീഡിയ:വിക്കിസംഗമോത്സവം – 2012/അപേക്ഷകൾ
നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ
അങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന് കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ് എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും.
അങ്ങനെ ഞാന്‍ ഒരിക്കല്‍ കുറേ വയറിങ് മെറ്റീരിയല്‍സ് ബാംഗ്ലൂരിലെ കെ. ആര്‍. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചു. ബസ്സുകാരോട് ചോദിച്ചപ്പോള്‍ 30 kg വരെ കൊണ്ടുപോകാന്‍ 150 രൂപ ആവും എന്നവര്‍ പറഞ്ഞു. സ്വിച്ചും ബോര്‍ഡും വയറുകളും ഒക്കെ കൂടി ഏകദേശം അത്രയുണ്ടായിരുന്നു. 150 രൂപയ്ക്ക് സംഭവം കാഞ്ഞങ്ങാട് സ്റ്റാന്‍ഡിനു സമീപം കോഹിനൂര്‍ (സഫർ) ബസ്സിന്റെ ഓഫീസിനു മുന്നില്‍ ഇറക്കിവെച്ചു. ഞാന്‍ തന്നെ അവയൊക്കെ എടുത്ത് റോഡ് സൈഡിലേക്ക് മാറ്റിവെച്ച് ഒരു ഓട്ടോ റിക്ഷ കിട്ടുമോ എന്നും നോക്കി നില്‍ക്കാന്‍ തുടങ്ങി. സമയം രാവിലെ എട്ടുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന് ഒരു ഓട്ടോക്കാരന്‍ അടുത്തു വന്നു കിലോമീറ്ററിന് 10 രൂപ 50 പൈസ തന്നാല്‍ കൊണ്ടുപോകാം എന്നയാള്‍ പറഞ്ഞു. പതിനൊന്നു രൂപയാണത്രേ സ്റ്റാന്‍ഡില്‍ എല്ലാവരും കിലോമീറ്ററിനു ചാര്‍ജ് വാങ്ങിക്കാറുള്ളത്. 10 രൂപ 50 പൈസ വെച്ച് ഞാന്‍ വീടുവെയ്ക്കുന്ന സ്ഥലം വരെ 15 കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. ആകെ 300 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും സാധനം വീട്ടിലെത്തുമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കെ. ആർ. മർക്കറ്റിൽ നിന്നും ബാംഗ്ലൂരിലെ ബലന്തൂരുള്ള എന്റെ താമസസ്ഥലത്തേക്ക് ഓട്ടോക്കാരൻ പറഞ്ഞത് 450 രൂപയായിരുന്നു!! ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഓർത്തുകൊണ്ട് വഴിയോരത്ത് ഞാൻ നിൽക്കുകയായിരുന്നു.
അപ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാള്‍ അവിടെ എത്തി. തൊട്ടുപുറകേ സഫര്‍ ട്രാവല്‍സിലെ ഞാന്‍ സ്ഥിരം കാണുന്ന ഒരാളും ഉണ്ട്. ആദ്യം വന്നയാൾ എന്നോടു ചോദിച്ചു എന്താണ് പാക്കറ്റിനകത്ത് എന്ന്.
“വയറിങ് മെറ്റീരിയല്‍സാണ്” – ഞാന്‍ പറഞ്ഞു.
“ഒരു അമ്പതു രൂപ വേണം.” – അയാൾ
“എന്തിന്” എനിക്കു കൗതുകം. “ബസ്സിന്റെ ചാർജു ഞാൻ ബാംഗ്ലൂരിൽ കൊടുത്തതാണ്, അതിന്റെ ബില്ലും ഉണ്ട്” – ഞാൻ പോക്കറ്റിൽ തപ്പി.
“ഇത് ചുമട്ടുകൂലിയാണ്” – അയാൾ പറഞ്ഞു.
“ചുമട്ടുകൂലിയോ?” ബസ്സിന്റെ അടിത്തട്ടിൽ നിന്നും ബസ്സിലെ ക്ലീനർ എടുത്തു പുറത്തുവെച്ചു, ഞാനത് എടുത്ത് ആദ്യം ഓഫീസിന്റെ മുന്നിലേക്കും പിന്നീട് റോഡ് സൈഡിലേക്കും മാറ്റിവെച്ചു. ഇപ്പോൾ ഓട്ടോ ഡ്രൈവറും ഞാനും കൂടി അത് എടുത്ത് ഓട്ടോയിൽ കേറ്റി വെച്ചു… ഇതിൽ എവിടെയാണു ചുമട്ടുകൂലിയുടെ പ്രശ്‌നം വരുന്നത്?
അയാൾ വിശദീകരിച്ചു. ഇത് ചുമടെടുക്കുന്നവർക്ക് കൊടുക്കാനുള്ളതാണ്. ഇവിടെ ചുമട്ടുകാർക്ക് യൂണിയൻ ഉണ്ട്. അവരാണ് സാധാരണ ഇതു ചെയ്യുക. അവർ സമയം കിട്ടുമ്പോൾ വന്നിട്ട് സഫർ (കോഹിനൂർ – കാഞ്ഞങ്ങാട്) ഓഫീസിൽ നിന്നും ബില്ലൊക്കെ പരിശോദിക്കും എന്നിട്ട് അവരോട് അന്നിറക്കിയ സാധനങ്ങൾക്കുള്ള ചുമട്ടുകൂലി ആവശ്യപ്പെടുമത്രേ!! അയാളുടെ കൂടെവന്ന സഫറിലെ ആ സുഹൃത്തും അയാളെ സഹായിച്ചു. എനിക്കത്ഭുതം തോന്നി! ഞാനേതോ വെള്ളരിക്കാപ്പട്ടണത്തിൽ നിൽക്കുന്നതുപോലെ!! ചെയ്യാത്ത പണിക്ക് പണം വാങ്ങിക്കുന്ന ദരിദ്ര്യവാസികളാണോ ഈ യൂണിയൻകാർ!!
ഞാൻ പറഞ്ഞു പണിയെടുക്കാതെ കൂലിവാങ്ങിക്കാൻ വരുമ്പോൾ നിങ്ങളെന്തിനാ കൂട്ടു നിൽക്കുന്നത്? ഞാൻ അഞ്ചുപൈസ തരില്ല. നിങ്ങൾ തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടി വരും എന്നായി സഫറിലെ ആ സുഹൃത്ത്. എനിക്കെന്തോ ആത്മരോഷം അണപൊട്ടിയൊഴുകി. ഏതുവിധേനയും ആ സാഹചര്യത്തെ ഉൾക്കൊള്ളാൻ എനിക്കായില്ല. പണിയെടുക്കാത്തവർക്ക് ഒരഞ്ചുപൈസ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല.
അയാൾ വിടുന്ന ലക്ഷണമില്ല. മുപ്പതുരൂപ തന്നാൽ മതിയെന്നായി പിന്നീട്. ഒരു കെട്ടിനു പത്തുരൂപ വെച്ച് മൂന്നുകെട്ടിനു മുപ്പതുരൂപ. മുപ്പതല്ല ഒരു രൂപ പോലും ആ പേരിൽ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല. തരില്ലെന്ന് ഞാൻ അറുത്തുമുറിച്ചു പറഞ്ഞു. അയാളുടെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഭീഷണിയുടെ സ്വരം എവിടെയൊക്കെയോ നിഴലിക്കാൻ തുടങ്ങി. എന്റെ നമ്പറും അഡ്രസ്സും തരാം, അവർ പണം വാങ്ങാൻ വരുമ്പോൾ എന്നെ വിളിക്കാൻ പറ; ഞാൻ വന്നു കൊടുത്തോളാം എന്നായി ഞാൻ. ഏതു മാന്യനാണ് അങ്ങനെ തടിയനങ്ങാതെ കൂലിവാങ്ങിക്കാൻ വരുന്നതെന്നറിയണമല്ലോ. അതും അവർക്ക് സമ്മതമല്ല. മംഗലാപുരം വിട്ട ശേഷം ഓരോ സ്റ്റോപ്പിലും ലെഗേജുകൾ ഇറക്കിക്കൊണ്ടായിരുന്നു അന്നാ ബസ്സ് വന്നതുതന്നെ. അന്നേരം ഒന്നും ആരും അവിടെ വന്ന് ലഗേജിറക്കിയതിനു കൂലി ആവശ്യപ്പെടുന്നത് ഞാൻ കണ്ടില്ല. അതൊക്കെ തന്നെ ഞാൻ കൊണ്ടുവന്ന ലെഗേജുകളേക്കാൾ എത്രയോ ഏറെയായിരുന്നു; എത്രയോ ഇരട്ടി വിലമതിക്കുന്നതായിരുന്നു. അതിന്റെ ബില്ലുനോക്കി ഇവർ പണം ചോദിച്ചാൽ ഇയാൾ കൊടുക്കുമോ? അവർക്കൊന്നും ഇല്ലാത്ത ചാർജ് എനിക്കുമാത്രം എങ്ങനെ ബാധകമാവും. ഇല്ല; ഒരഞ്ചു പൈസ പോലും എനിക്കു കൊടുക്കാൻ വയ്യ എന്ന് ഞാനുറപ്പിച്ചു.
അയാൾ വന്ന് ഓട്ടോയിൽ കയറ്റിവെച്ച പാക്കറ്റിൽ പിടിമുറുക്കി. അതവിടെ നിന്നും ഇറക്കിവെക്കാനാണു പരിപാടിയെന്നു മനസ്സിലായി. ഞാൻ കൈതട്ടിമാറ്റി. എന്നെയറിയാവുന്ന സഫറിലെ സുഹൃത്ത് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഓട്ടോക്കാരൻ ഒന്നും പറയാതെ മാറി നിന്നു. സഫറിലെ സുഹൃത്തു പറഞ്ഞു സാരമില്ല 30 രൂപ ഞാൻ കൊടുത്തോളാം നിങ്ങൾ വണ്ടി വിട്ടോ എന്ന്. പക്ഷേ, കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളികളുടെ പ്രതിനിധിയായി വന്ന ആ കശ്‌മലൻ അതിനും തയ്യാറല്ല്ല. 30 രൂപ കൊടുക്കാതെ ഓട്ടോ വിടാൻ പറ്റില്ലെന്നയാൾ വാശിപിടിച്ചു.
30 രൂപ കൊടുക്കുകയല്ലാതെ വേറെ രക്ഷയില്ലെന്ന ഗതിയിൽ ഞാനെത്തി. ബില്ലു തരാമെങ്കിൽ 30 രൂപ തരാം എന്നു ഞാനെന്റെ മനസ്സിനെ വഞ്ചിച്ചുകൊണ്ടു പറഞ്ഞു. പിന്നെ, ബില്ലെഴുതി ഒപ്പിട്ടുതരാം – അയാൾ പുച്ഛിക്കുന്നു. കടുത്ത ആത്മരോഷത്തിൽ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. എനിക്കവിടെ നിൽക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. കാരണം 8:50 നു മംഗലാപുരത്തു നിന്നും മൈസൂറിനു പോകുന്ന കെ. എസ്. ആർ.ടി.സി. ബസ്സിൽ ഇതൊക്കെ വീട്ടിലെത്തിച്ച് എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് വരേണ്ടതുമാണ്. ഓട്ടോക്കാരൻ മെല്ലെ അടുത്തുവന്നു. അയാൾ പറഞ്ഞു കൊടുത്തേക്ക്, അല്ലാതെ ഇയാൾ വിടുമെന്നു തോന്നുന്നില്ല. മുപ്പതുരൂപയയുടെ പ്രശ്നമല്ല; ഇതു പിടിച്ചുപറിയാണ് – ശുദ്ധമായ കാടത്തം. ഞാൻ പത്തുരൂപയുടെ മൂന്നു നോട്ടുകൾ എടുത്ത് അയാളുടെ മുഖത്തേക്കിട്ടിട്ട് ഓട്ടോയിൽ കേറി.
പിന്നീടുള്ള രണ്ടുമൂന്നു ദിവസം എനിക്കു നേരാംവണ്ണം ഉറങ്ങാനായില്ല. കടുത്ത ആത്മരോഷവും എന്നോടുതന്നെ ഒരുതരം അവജ്ഞയും തോന്നി. മാർക്കറ്റിൽ നിന്നും അതു വാങ്ങിച്ചിട്ട് ഗാന്ധിനഗറിൽ ഉള്ള ബസ്‌സ്റ്റാന്റിൽ എത്തിച്ച ഓട്ടോക്കാരൻ 30 രൂപ ചോദിച്ചപ്പോൾ അയാൾക്ക് 50 രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെയാണു ഞാൻ വന്നത്. മാർക്കറ്റിൽ നിന്നും അവ ഓട്ടോയിൽ കയറ്റാനും, പിന്നിട് ബസ്സിലേക്ക് എടുത്തുവെയ്ക്കാനും ഞാൻ പറയാതെ തന്നെ ആ കന്നടക്കാരൻ ഡ്രൈവർ എന്നെ സഹായിച്ചിരുന്നു. അതെനിക്ക് അതിയായ സന്തോഷവും ഉണ്ടാക്കിയിരുന്നു. പക്ഷേ, ഈ ഒരു സംഭവം എന്നെ കൂറേ ദിവസം വിടാതെ വേട്ടയാടി. ഇപ്പോഴും ആ സംഭവം മനസ്സിലെത്തുമ്പോൾ ഇപ്പോഴും എന്റെ ഉള്ളം എരിയുകയാണ്. സംഘടനയുടെ പിൻബലമുള്ളതിന്റെ അഹന്തയോ, പണിയെടുക്കാതെ അന്യന്റെ മുതലിൽ കൈയിട്ട് വാരി ശീലിച്ച അയാളുടെ ഗുണവിശേഷമോ എന്തോ ആവട്ടെ… കാഞ്ഞങ്ങാടുള്ള ചുമട്ടുതൊഴിലാളികൾക്കൊക്കെ നാണക്കേടാണ് ഈ കാപാലികൻ. അവൻ വെള്ളം കിട്ടാതെ മരിക്കട്ടെ!!
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു!!

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2011 എപ്രിൽ 02 മുതൽ 25 വരെയുള്ള കാലയളവിൽ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. ഈ പദ്ധതിയിലൂടെ 2155 സ്വതന്ത്രചിത്രങ്ങൾ വിക്കികോമൺസിൽ നമ്മുടെ വകയായി ചേർക്കാൻ നമുക്കായി. 2011 ലെ പദ്ധതിചിത്രങ്ങൾ ഇവിടെ കാണാം.
ഈ പദ്ധതിയുടെ രണ്ടാം ഭാഗം മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നപേരിൽ ഇന്നുമുതൽ രണ്ട് മാസത്തെ സമയ പരിധിവെച്ച് തുടങ്ങുകയാണ്.
ഈ പദ്ധതിയുടെ ഭാഗമാവാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൈവശമുള്ള താങ്കൾ എടുത്ത മനോഹരചിത്രങ്ങളെ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുക. പദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇവിടെ വിക്കിപേജിൽ കൊടുത്തിട്ടുണ്ട്. അതേ പേജിൽ പങ്കെടുക്കുന്നവർ എന്ന ഭാഗത്തായി താങ്കളുടെ പേരെഴുതി പദ്ധതിയുടെ ഭാഗമാവാൻ അഭ്യർത്ഥിക്കുന്നു. ആവശ്യമായ സഹായങ്ങൾക്ക് അതേ പേജിന്റെ സംവാദം പേജിലോ അതിൽ പങ്കെടുക്കുന്ന ഏതെങ്കിലും വിക്കിപീഡിയനെയോടോ എഴുതി ചോദിക്കാവുന്നതാണ്.
വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ
പെടുന്നവയാണ്.
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
- ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ
(ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)
എല്ലാവരേയും ഈ വിക്കിപദ്ധതിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു. സഹായം ആവശ്യയമുണ്ടങ്കിൽ help at mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ പേജിൽ വന്ന് സംശയങ്ങൾ ചോദിക്കുകയോ ആവാം.
പ്രണയം

[ca_audio url=”https://chayilyam.com/stories/poem/pranayam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പ്രണയം… അനാദിയാം അഗ്നിനാളം…
പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
ആത്മാവിലാത്മാവ് പകരുന്ന പുണ്യം
പ്രണയം…!
തമസ്സിനെ പൂനിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യമാക്കും (2)
താരങ്ങളായ് സ്വപ്നരാഗങ്ങളായ്
ഋതുതാളങ്ങളാല്‍ ആത്മദാനങ്ങളാല്‍
അനന്തതയെ പോലും മധുമയമാക്കുമ്പോള്‍
പ്രണയം അമൃതമാകുന്നു…
പ്രപഞ്ചം മനോജ്ഞാമാകുന്നു…
പ്രണയം…!
ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ (2)
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു…
വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു…
പ്രപഞ്ചം അശാന്തമാകുന്നു…
പ്രണയം… അനാഥമാകുന്നു…
പ്രപഞ്ചം… അശാന്തമാകുന്നു…
മധുസൂദനന്‍നായര്‍
ചില പ്രണയദിന ചിന്തകൾ!!
വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാക്ക് വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാല്‍ മടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേ പറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ “കൂടി” വേണം… പറ്റുമെങ്കില്‍ കയറിക്കോ 🙂
ഏർപ്പ് ഉത്സവം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമോദാഹരണമായ ഒരു ഗ്രാമീണ ആഘോഷമാണ് ഏർപ്പുത്സവം. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്നൊരു ഉത്സവമാണിത്. കഴിഞ്ഞകാലങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഉത്സവം കൂടിയാണിത് മകരം 28 നാണ് ഏർപ്പ്. പ്രകൃതിയെ ലോകമാതാവായി കണ്ടിരുന്ന പഴയകാല സമൂഹത്തിൽ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവതുല്യവുമായിരുന്നു. ഇതിൽ ഏറെ പ്രാധാന്യം ഭൂമിക്കായിരുന്നു. അക്കാലത്ത് മണ്ണിൽ വിത്തിറക്കുമ്പോൾപോലും മനുഷ്യൻ ഭൂമീദേവിയുടെ അനുഗ്രഹം തേടി.
ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍. ഏർപ്പു ദിനത്തിൽ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. ഏർപ്പ് വെരൽ എന്നാണിതറിയപ്പെടുന്നത്. നവധാന്യങ്ങളിൽപ്പെട്ട തുവര, പയർ, കടല എന്നിവയിൽ ഏതെങ്കിലുമൊരു ധാന്യം ചേർത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നേദിക്കുന്നതാണ് ഏർപ്പിലെ പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയിൽ ചിലയിടങ്ങളിൽ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിൻെറ ഉത്തമ മാതൃകകൾ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. ത്രീനി അഹാനിരജസ്വലാ ബീജം ന വ്യാപയേത് അത്ര, ജനാഃ പാപത് വിനശ്യതി എന്നു പരാശഹോരയിൽ പറഞ്ഞിരിക്കുന്നത് രജസ്വലയായ മണ്ണോ പെണ്ണോ ആവട്ടെ, പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നുതന്നെയാണ്
രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം.
വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്.
വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക തെയ്യങ്ങളുടേയും നിര്‍വഹണത്തിന്റെ ഭാഗമായി കുരുസി ( ഗുരുതി) യുണ്ട്. ഓരോ കൃഷിയും ഭൂമിയെ ക്ഷീണിപ്പിക്കും എന്ന ധാരണയില്‍ ഭൂമിക്ക് നവജീവന്‍ കൊടുക്കുന്നതിനാണ് ഈ അര്‍പ്പണം. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു സ്ത്രീക്കു നല്‍കുന്ന ചികിത്സക്കും കരുതലിനും സമാനമാണിത്.
അതുകൊണ്ടുതന്നെ ഈ ദിനത്തിൽ ആയുധങ്ങൾപോലും ഭൂമിയിൽ ഇറക്കിയിരുന്നില്ല. വെള്ളം നനയ്ക്കാതെ, മുറ്റമടിക്കാതെ, നിലമുഴാതെ ഭൂമിയെ നോവിക്കാതെയാണ് ഏർപ്പുദിനം ആഘോഷിച്ചിരുന്നത്. വിളവെടുപ്പു കഴിഞ്ഞ്, ധാന്യങ്ങൾ പത്തായപ്പുരകളിലെത്തിച്ചശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്ക്കും മുൻപു ഏർപ്പു ദിനത്തിൽ ഭൂമിയെ മനുഷ്യൻ മധുരം നൽകി ആദരിച്ചിരുന്നത്. ഈ ഭൂമി പൂജയ്ക്കു ശേഷം മാത്രമായിരുന്നു അക്കാലത്ത് മണ്ണിൽ പുത്തൻ നാമ്പുകൾ മുളപൊട്ടിയിരുന്നത്. ഊർവരതയുടെ ഭാഗമായി പോയകാലത്തു നടത്തിയിരുന്ന ഏർപ്പു കളിയാട്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഈ ആഘോഷത്തിന്റെ ബാക്കിപത്രം. കീഴ്മാല എരഞ്ഞിക്കൽ ചാമുണ്ഡേശ്വരി മുണ്ഡ്യക്കാവ്, പയ്യന്നൂർ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂർത്തി മുണ്ഡ്യക്കാവ്, പൊതാവൂർ തറവാട് എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ദിനത്തിൽ ഏർപ്പു കളിയാട്ടങ്ങൾ നടക്കാറുണ്ട്.
മകരം അവസാനത്തോടെ വേനലിന്റെ വരവറിയിച്ച് കാറ്റിന് ശക്തി കൂടും. ഇങ്ങനെ പ്രകൃതിയിലെ മാറ്റങ്ങളും ഏര്‍പ്പ് ഉത്സവത്തിന്റെ ചടങ്ങുകളില്‍ പ്രതിഫലിക്കും. പട്ടം പറത്തിയാണ് ഈ ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത്. പ്രകൃതിയുടെ ഭാവമാറ്റത്തിൽ പിലിക്കോട് ഏർപ്പുഴയിലും പനക്കാപ്പുഴയിലും ധരാളം മീനുകളെത്തും. കുത്തൂടും വലയുമായി കൂട്ടത്തോടെ ആളുകളെത്തി മീൻപിടിത്തവും ആഘോഷമാക്കും. എന്നാൽ പുതു തലമുറയ്ക്ക് ഇതെല്ലാം കൗതുക കാഴ്ച മാത്രമായി. വിവിധ ക്ലബുകളിലും മറ്റും കുട്ടികൾ കൂട്ടം ചേർന്ന് പട്ടം പറത്തിയും മറ്റും ഏർപ്പുകാറ്റിനെ വരവേൽക്കാറുണ്ട്
വേലിയേറ്റ വേലിയിറക്കങ്ങളിലുള്‍പ്പടെ മാറ്റമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കാലം മാറിയെങ്കിലും ഭൂമി ഋതുമതിയാകുന്നതിന്റെ ആഘോഷം ഇന്നും വടക്കിന്റെ ഗ്രാമീണക്കാഴ്ചയായി തുടരുന്നു. മനുഷ്യനോടൊപ്പം മറ്റു ജീവജാലങ്ങളുടേയും സുരക്ഷിതമായ ആവാസസ്ഥാനമെന്ന നിലയില്‍ പ്രകൃതിയെ കാണുന്ന ഉദാത്ത സങ്കല്‍പ്പങ്ങളാണ് നാടന്‍ അറിവുകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൊടുക്കുന്നത്.
ആത്മികയുടെ ജന്മദിനം

കഴിഞ്ഞിട്ട് 6 ദിവസങ്ങൾ ആയി!