ബാംഗ്ലൂർ വലിയൊരു തൊഴിൽശാല മാത്രമാണെന്നു കരുതിയ നാളുകൾ ഉണ്ടായിരുന്നു. എങ്ങോട്ടു നോക്കിയാലും തൊഴിലാളികൾ, തൊഴിലന്വേഷകൾ, കമ്പനി കൈവിട്ട് നിരാശരായി മടങ്ങിവരുന്നവർ, അങ്ങനെ പലപല ഭാവങ്ങളിൽ ഒത്തിരി രൂപങ്ങൾ… പരിഭവങ്ങളിലും പരാതികളിലും മേലുദ്യോഗസ്ഥരും സഹവർക്കന്മാരും മാത്രം കേൾവിപ്പുറത്തെത്തിയ കാലം. പിന്നീട് അതൊക്കെ മാറി വരുന്നതു കണ്ടു.
ഇതുപോലെ വിവിധ വേഷങ്ങൾ കാണാനിടയായെങ്കിലും അതൊന്നും എന്നെ തൊടുന്നവയല്ലല്ലോ എന്നു കരുതി ഞാൻ മാറി നടന്നിരുന്നു, ചിലതൊക്കെ അല്പസമയം വേദനയുണ്ടാക്കി കടന്നു പോവും. അങ്ങനെയങ്ങനെ കാലത്തേയും ദേശത്തേയും അറിയുന്ന ഒരു കാലം മഞ്ജുവിന്റെ അമ്മാവൻ കൂട്ടുകാരനേയും കൂട്ടി മാർക്കറ്റ് കാണാനൊരുനാളിറങ്ങി.
മഡിവാളയ്ക്കടുത്ത് സെന്റ് ജോൺസ് ആശുപത്രിക്കു സമീപമാണു കാഞ്ഞങ്ങാടു നിന്നും വരുന്ന ബസ്സു നിർത്താറുള്ളത്. എന്റെ താമസം ബൊമ്മനഹള്ളിയിലും. രാവിലെ ആറുമണിയോടെ അന്നേരം ബസ്സെത്തുമായിരുന്നു. വരുന്നതാരാണെങ്കിലും കാമണിക്കൂർ മുമ്പേ ഞാനവിടെ പോയി കാത്തിരിക്കും.
ഇവരന്നു വരാൻ അല്പം വൈകി. ഞാൻ അടുത്തുള്ള ഒരു കൂടുപീട്യയിൽ നിന്നും ചായ വാങ്ങിച്ചു, കൂടെ ഒരു ബന്നും (BUN) വാങ്ങിച്ചു. പത്തോളം വയസ്സു വരുന്ന ഒരു പയ്യൻ വെറുതേ എന്നെ നോക്കിയിരിക്കുന്നതു കണ്ടു. ഞാൻ അധികമൊന്നും ചിന്തിച്ചില്ല, പീട്യക്കാരന്റെ മകനാവും, ഇത്ര രാവിലെ ഇവിടെ നിൽക്കാൻ തരമില്ലല്ലോ എന്നു തോന്നിയിരിക്കണം.
ആ പയ്യൻ കാലിന്റെ മുക്കാൽ ഭാഗത്തോളം വരുന്ന ഒരു പാന്റാണിട്ടിരുന്നത്. നോട്ടത്തിൽ എന്തോ ദയനീയത തോന്നിയിരുന്നു. വാങ്ങിയ ബന്നിൽ ഞാൻ ഒന്നോ രണ്ടോ പ്രാവശ്യം കടിച്ചിരിക്കണം. ചായയ്ക്ക് നല്ല ചൂടുണ്ട്. ആ ചൂടും ആസ്വദിച്ച് ബസ്സു വരുന്നുണ്ടോ എന്ന് പെട്രോൾ പമ്പിനു നേരെ ഇടയ്ക്കിടെ നോക്കി ഞാനങ്ങനെ ഇരുന്നു. എന്നേ പോലെ ചിലരൊക്കെയും ആരെയോ കാത്തിരിപ്പിണ്ട്.
പെട്ടന്ന്, ഒരു മിന്നായം പോലെ ആ പയ്യൻ എന്റെ കൈയ്യിൽ നിന്നും ബന്നും തട്ടിപ്പറിച്ച് ഒറ്റയോട്ടം! നേരെ സെന്റ് ജോൺസ് ആശുപത്രിക്കു നേരെയുള്ള പോക്കറ്റ് റോഡിലൂടെ ആയിരുന്നു ആ കുഞ്ഞിന്റെ ഓട്ടം. ഓടുമ്പോൾ അവനാ ബന്നു കടിച്ചു തിന്നുന്നുണ്ട്. അടുത്തു നിന്നൊരു തെലുങ്കൻ കണ്ടിരുന്നു, അയാൾ ചോദിച്ചു പേഴ്സാണോ കൊണ്ടുപോയത് എന്ന്. അല്ല ബന്നാണെന്നു പറഞ്ഞു ഞാനാ ബാക്കിയുള്ള ചായ ഒറ്റ വലിക്കങ്ങ് തീർത്തു.
ആരായിരിക്കും അവൻ? രാത്രിയിൽ ഒന്നും കഴിക്കാതെ ആവില്ലേ അവൻ ഉറങ്ങിയത്? അന്നവനു വയസ്സ് പത്താണെങ്കിൽ ഇന്നവനു പത്തൊമ്പതോ ഇരുപതോ വയസ്സു കാണും? എവിടെയായിരിക്കും അവൻ? എന്തായിരിക്കും അവൻ ചെയ്യുന്നുണ്ടാവുക!! ആ ചായ പീട്യ ഇന്നും അവിടുണ്ട്. സെന്റ് ജോൺസിനു മുന്നിലൂടെ പോകുമ്പോൾ എന്നും എനിക്കാ രംഗം ഓർമ്മ വരും! ജീവിതം എങ്ങനെയൊക്കെയാണല്ലേ നീങ്ങുന്നത്!