Skip to main content

അവർ ജീവിക്കട്ടെ!!

വർഷങ്ങൾ ഒത്തിരി കഴിഞ്ഞില്ലേ! ഇത്രയും കാലം ജയിലിൽ കിടക്കുകയും ചെയ്തു. ഇനി അവരെ തൂക്കിക്കൊല്ലണം എന്നു പറയുന്നതിൽ എന്തു ന്യായമാണാവോ ഉള്ളത്? കുറ്റക്കാരെ പെട്ടന്നു കണ്ടുപിടിക്കുകയും, ജനങ്ങൾ ആ കുറ്റകൃത്യത്തിന്റെ തീവ്രതയിൽ നിന്നും മുക്തരാവുന്നതിനു മുമ്പു തന്നെ വധശിക്ഷപോലുള്ള ശിക്ഷ നടപ്പാക്കുകയും ചെയ്യാത്ത പക്ഷം ഇത്തരത്തിൽ നടക്കുന്ന വധശിക്ഷകൾക്ക് സപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.

1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്. 20 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവില്‍ കഴിയിഞ്ഞു വരുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. നളിനിയെയും നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയതിനെ തുടര്‍ന്ന് ജീവപര്യന്തമാക്കി മാറ്റിയിരുന്നു. ഇവിടെ വെച്ച് മുരുകനും നളിനിക്കും ഒരു കുഞ്ഞുണ്ടവുകയും കുഞ്ഞിനിപ്പോൾ 19 വയസ്സാവുകയും ചെയ്തു.

ചില വാദഗതികളൊക്കെ കാണുമ്പോൾ ജുഡിഷ്യറിയോടു തന്നെ പുച്ഛം തോന്നുന്നു. ബാറ്ററി മേടിച്ചു കൊടുത്തവനു വരെയുണ്ട് ഇതിൽ വധശിക്ഷ!! ബാറ്ററി വാങ്ങിച്ചതിന്റെ ബില്ലു ചോദിച്ചപ്പോൾ അത് സബ്‌മിറ്റ് ചെയ്യാൻ പ്രതിക്കു കഴിയാതെ വന്നെന്നും മറ്റും കണ്ടപ്പോൾ ഒരു ഞെട്ടൽ തന്നെ ഫീൽ ചെയ്തു… നാടിനേയും നാട്ടുകാരേയും വഞ്ചിച്ചും ഇഞ്ചിഞ്ചായി കൊന്നും എത്രയെത്ര കുറ്റവാളികൾ പുറത്തും ജയിലകത്തെന്ന വ്യാജേന പഞ്ചനക്ഷത്ര ആശുപത്രികളിലും സ്വൈര്യവിഹാരം നടത്തുന്നു. വി.ഐ.പി ട്രിറ്റ്മെന്റിൽ കസബുമാർ സസുഖം വാഴുന്നുണ്ട് ഈ ഇന്ത്യാമഹാരാജ്യത്ത്!! നമ്മുടെ നിയമങ്ങളൊക്കെ എന്നാണു നന്നാവുക!

കുറ്റവാളികൾക്കു കൊടുക്കുന്ന ശിക്ഷകൾ ഇനി കുറ്റം ചെയ്യാൻ തയ്യാറെടുക്കുന്നവർക്കുള്ള നല്ലൊരു മുന്നറീയിപ്പായിരിക്കണം…  അവർക്കതൊരു പാഠമാവണം. അതിങ്ങനെ വലിച്ചുനീട്ടി പത്തിരുപതുവർഷങ്ങൾ കഴിഞ്ഞിട്ടാവരുത് നൽകേണ്ടത്. അതിന്റെ തീവ്രത കുറയും മുമ്പേ തന്നെ ശിക്ഷ നടപ്പാക്കിയാൽ മാത്രമേ എന്താണോ ആ ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത് അതു നടപ്പാവുകയുള്ളൂ – ഇല്ലെങ്കിൽ അതിനു നേരെ വിപരീതഫലം മാത്രമായിരിക്കും കിട്ടുക… പുതിയ പുതിയ മുരുകനും ശാന്തനും പേരറിവാളനും നളിനിയുമൊക്കെ ജനിച്ചു കൊണ്ടിരിക്കും. ഇവിടെ എന്തൊക്കെയാണു സംഭവിച്ചത്!! കുറ്റവാളികൾ ജയിലിൽ കിടന്നു കല്യാണം കഴിക്കുന്നു; കുട്ടികളുണ്ടാവുന്നു – എന്തൊക്കെ നാടകങ്ങൾ അരങ്ങേറി!! ഈ ശിക്ഷ നടപ്പാക്കിയാൽ ആ കുഞ്ഞിനോടെന്തു സമാധാനം പറയും ഇവർ?

NB: ഒരു ഇരുപതുവർഷം കഴിഞ്ഞാൽ ഒരുപക്ഷേ ഞാൻ അജ്മൽ കസബിനേയും ഇതുപോലെ സപ്പോർട്ട് ചെയ്തേക്കും!!

പ്രേമിക്കുന്നവർക്കും പ്രേമിക്കപ്പെടുന്നവർക്കും

സദാചാരപ്പൊലീസുകാർ നാടുചുറ്റും നടക്കുന്നുണ്ടെങ്കിലും നടക്കാനുള്ളതൊക്കെ കാലാകാലങ്ങളായി മുറപോലെ നടന്നു വരുന്നുണ്ട്. പ്രേമവും പ്രേമനൈരാശ്യവും ഒക്കെ അന്നെന്നപോലെ ഇന്നും ഉണ്ട് – എന്നും ഉണ്ടാവുകയും ചെയ്യും. പ്രേമിക്കാതെയും അല്ലാതെയും ലൈംഗീകബന്ധങ്ങളും നിർബാധം നടക്കുന്നുണ്ട്. പ്രേമത്തെ ദിവ്യമായും ഉദാത്തമായും ചിലർ കാണുമ്പോൾ മറ്റു ചിലർ അത് സെ‌ക്‌സിനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. ആണായാലും പെണ്ണായാലും ഈ മോഹവലയത്തില്‍ വീണുപോവുക എന്നത് തികച്ചും സാധാരണമാണ്. പരസ്പരം അറിയുക എന്നത് ചെറിയ കാര്യമല്ല. ഒരാളുടെ സംസാരത്തിലൂടെ, പ്രവൃത്തിയിലൂടെ അതു കണ്ടെത്തി അതിനനുസരിച്ച് ബന്ധം രൂപപ്പെടുത്തിയെടുക്കാനുള്ള മാനസികനിലയും അറിവും പലപ്പോഴും കാലക്രമത്തില്‍ വന്നുചേരേണ്ട ഒരു ഗുണമാണ്. അതിനുമുന്നേ പ്രേമം മനസില്‍ പെയ്‌തിറങ്ങുന്നു. പ്രേമോന്മത്തരായാല്‍ അവര്‍ക്ക് അവരുടേതായ പ്രപഞ്ചമാണ്. പ്രജകളില്ലാത്ത ആ രജ്യത്തെ രാജാവും രാജ്ഞിയുമായി അവരങ്ങനെ വാഴും. തെറ്റും ശരിയും ഒക്കെ അവര്‍ നിര്‍ണയിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ക്കവിടെ യാതൊരു വിലയും കിട്ടുകയില്ല – തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാനെത്തുന്ന ഏഴാം‌കൂലികളായെ അവരതിനെ കാണൂ – അത്തരം ശബ്‌ദങ്ങളെ അവർ തള്ളിക്കളയും ചെയ്യും.

പ്രേമം മൂത്തു തലയ്ക്കു പിടിച്ചാൽ പലതും തോന്നിപ്പോയേക്കും; കാമുകന്റെ സ്പർശം ദേവസ്പർശമായും  കാമകന്റെ വാക്കുകൾ വേദവാക്യമായും തോന്നിയേക്കാം… കാമുകകരവലയത്തിൽ വിരിഞ്ഞമർന്നില്ലാതാകുകയാണെന്റെ ജന്മലക്ഷ്യം എന്നൊക്കെ ഒരു നിമിഷം തോന്നിയേക്കാം…  തോന്നലുകൾ തോന്നലുകൾ മാത്രമായി അവശേഷിക്കുകയും ഒരുനാൾ കാമുകവേഷം വെടിഞ്ഞ് കൂടെ കിടന്നവൻ പോവുകയും ചെയ്താൽ അതു താങ്ങാനാവാതെ നിരാശയിലും മോഹഭംഗത്തിലകപ്പെട്ട് സകലതിനേയും വെറുത്ത്, വെറുപ്പിച്ച് ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായി തീര്‍ക്കുന്നവരാണു പലരും. അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു ചിലര്‍.

പ്രേമം പ്രേമത്തിന്റെ വഴിക്കുപോകട്ടെ. പക്ഷേ. പാവാടക്കെട്ടഴിക്കും മുമ്പ് പലതും ചിന്തിക്കേണ്ടതുണ്ട്. സെക്സിനെ പാപമായും ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ള എന്തോ അമൂല്യവസ്തുവായും കാണുന്നവര്‍ കുറവല്ല; അതെന്തുമാവട്ടെ – മാനസികനിലവാരവും സംസ്‌കാരവും ജീവിതപരിചയവും കൊണ്ട് ഓരോരുത്തരും എന്താണോ അതിനെപ്പറ്റി കരുതി വെച്ചിരിക്കുന്നത് അതുതന്നെ ചിന്തിച്ചിറുപ്പിക്കുക. നിങ്ങള്‍ എന്തു വിശ്വസിച്ചുറപ്പിച്ചുവെച്ചിരിക്കുന്നുവോ അതു തന്നെ ശരിയെന്നു കരുതി പോകാവുന്നതാണ്‌. പ്രായപൂര്‍ത്തിയായാല്‍ രണ്ടുപേരുടെ ബന്ധത്തെ ഇവിടെയാര്‍ക്കുംതന്നെ തടയാനുള്ള നിയമവ്യവസ്ഥയൊന്നുമില്ല. മാത്രമല്ല, അങ്ങനെ തടയുന്നവരുടെ മെക്കിട്ട്കേറാന്‍ കേരളത്തിലെ ബുദ്ധിജീവിസമൂഹം എന്നും കൂടെ ഉണ്ടാവുകയും ചെയ്യും. സെക്സ് പാപമോ കൊടിയ തെറ്റോ അല്ല എന്നു കരുതുന്നവർ അങ്ങനെ തന്ന് കരുതട്ടെ – ഇനി അതല്ല അതു ദിവ്യമായ ഒന്നാണ്; ഷെയർ ചെയ്യാൻ പറ്റാത്ത അമൂല്യമായ എന്തെങ്കിലുമൊക്കെയാണ് എന്നു കരുതുന്നവർ അങ്ങനെ കരുതട്ടെ… ആ വിശ്വാസവും തെറ്റാണെന്നാരും പറഞ്ഞു വരില്ല. നിങ്ങൾക്കത് ശരിയാണെന്നു തോന്നുന്നിടത്തോളം നിങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കണം. തെറ്റ് ചെയ്യാതിരിക്കാനും ശ്രമിക്കണം. പിന്നീട് കുറ്റബോധത്തിൽ അകപ്പെട്ട് നീറിപ്പുകയാതിരിക്കാനെങ്കിലും ആ വിശ്വാസം ഉപകരിക്കും.

സെക്സിനെ പ്രാക്റ്റിക്കൽ ജീവിതത്തിന്റെ ഭാഗമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുമാരീകുമാരന്മാർ നിരവധിയാണ്. ഇത്തരക്കാർക്കിടയിൽ, കൊടിപാറിച്ച പ്രേമത്തിനിടയില്‍ വന്നു ചേരുന്ന ക്യാമറകളും മൊബൈലുകളും ഇന്നു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ മുങ്കൂട്ടി കാണേണ്ടതുണ്ട്. അവിടെയാണു പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ഒരു രസത്തിനുവേണ്ടി പകര്‍ത്തുന്ന മുഹുര്‍‌ത്തങ്ങള്‍ വഴിതെറ്റിയോ അല്ലാതെയോ മറ്റുള്ളവരുടെ കയ്യിലേക്കും അവിടുന്ന് നെറ്റിലേക്കും എത്തി കമ്പ്യൂട്ടര്‍ വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഇതിനുള്ള കരുതല്‍ എടുക്കാന്‍ പ്രാപ്തരായിരിക്കണം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്ന പെണ്‍‌കുട്ടികള്‍. അതു പെൺകുട്ടികളുടെ കടമ തന്നെയായിരിക്കണം. അതല്ലാതെ കാമുകന്റെ മധുരവാഗ്‌ചാതുരിയില്‍ മയങ്ങി എല്ലാം പകര്‍ത്തി സായൂജ്യമടയുവാനാണു പ്ലാനെങ്കില്‍ തുടര്‍ന്നു വരുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ കൂടിയുള്ള മനശക്തി സമാഹരിച്ചു കൊള്ളുക. ചിത്രങ്ങളും വീഡിയോകളും പകർത്തപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധതന്നെ വേണ്ടതുണ്ട്. പിന്നീട് വിലപിച്ചതു കൊണ്ടൊന്നും നേടാനില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്നു തുറന്നു പറയാനുള്ള ആർജവം ഉണ്ടാവേണ്ടതാണ്.

ഇനി ഒരു വീഡിയോ കാണുക… തിഴിലാണെങ്കിലും തമിഴറിയാത്തവർക്കുകൂടി ഇതിലെ ആ ഫീലിംങ് മനസ്സിലാക്കാനാവുന്നതാണ്. അല്പമെങ്കിലും തമിഴ് അറിയുന്നവര്‍ ഇതൊന്നു രാണ്ടാവര്‍ത്തിയെങ്കിലും കേട്ടുനോക്കുക… ഒരു പ്രണയനൈരാശ്യമല്ല ഇത്. നുണകൾ പറഞ്ഞ് പർസ്‌പരം പങ്കുവെക്കുകയും അവസാനം എല്ലാം ഇട്ടെറിഞ്ഞുപോയ ഒരു കാമുകനെ ഇതിൽ കാണാം. സകല പരിശുദ്ധിയോടും കൂടി ഉള്ളതെല്ലാം സമർപ്പിച്ച് വിശ്വസിച്ച് സ്നേഹിച്ച ഒരു പെൺകുട്ടിയാണിത്. അവസാനം ഒരു മനോരോഗിയെപോലെ വിലപിക്കുന്നതു കണ്ടില്ലേ! ഇവൾക്ക് തെറ്റിയതെവിടെയാവും? അവൾ ചെയ്യുന്ന പ്രവൃത്തി നോക്കൂ… എങ്ങനെ ന്യായീകരിക്കും ഇതിനെ നമ്മൾ!!

ഇ – മെയിൽ തട്ടിപ്പുകൾ | email cheating

കള്ളത്തരങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണല്ലോ നമ്മുടേത്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നറുക്കിട്ടെടുത്ത് കോടികള്‍ നേടിയെന്നും ഈമെയിലൈഡികള്‍ നറുക്കിട്ട് ഡോളറുകള്‍ കിട്ടിയെന്നും ഒക്കെ പറഞ്ഞ് പലതരത്തിലുള്ള മെയിലുകള്‍ വന്ന് നമ്മുടെ ഇ-യുഗത്തിലും തട്ടിപ്പുകള്‍ ചുവടുറപ്പിച്ചു. അറിവും വിവേകവും ഉള്ള പലരും അറിയാതെ തന്നെ ഇത്തരം കെണിക്കുഴികളില്‍ അകപ്പെട്ട് പണം നഷ്ടമാക്കിയിട്ടും ഉണ്ട്. പലരും പിടിക്കപ്പെട്ടു. പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാലും തട്ടിപ്പിനോ തട്ടിപ്പിനിരയാവുന്നവര്‍ക്കോ യാതൊരു കുറവും കാണാറുമില്ല.

ഇതാ ഇന്നു കിട്ടിയ ഒരു മെയില്‍. പറയുന്നത് എന്റെ എ.ടി.എം. മാസ്‌റ്റര്‍‌കാര്‍ഡിന് ഏകദേശം 3 മില്യൺ ഡോളർ രൂപ കിട്ടിയിട്ടുണ്ടെന്നും അതിനായി ഞാൻ അത്യാവശ്യവിവരങ്ങളൊക്കെ ഫിൽ ചെയ്ത് അവരുമായി ബന്ധപ്പെടണമെന്നും ആണ്. ഇത്തരം മെയിലുകൾ പലർക്കും കിട്ടിയിരിക്കും, ചിലർ തമാശയ്‌ക്കെങ്കിലും ഇതൊന്നു ഫിൽ ചെയ്തയച്ചേക്കാം എന്നു കരുതും. അപകടമാണ്. വിശ്വസിനീയമായ പല കാരണങ്ങൾ നിങ്ങളുടെ മുമ്പിൽ നിരത്തി പിന്നീട് നിങ്ങളുടെ മാസ്റ്റർ‌ കാർഡ് ഡീറ്റൈൽസ് മോഷ്ടിക്കാൻ ഇവർക്കു പറ്റും. കള്ളത്തരത്തിൽ പിഎച്ച്ഡി എടുത്തിരിക്കുന്ന ഇക്കൂട്ടരുടെ വാഗ്‌സാമർത്ഥ്യത്തിനു മുമ്പിൽ ചിലപ്പോൾ നമ്മുടെ അറിവും ലോകപരിചയവും നിഷ്‌പ്രഭമായിപ്പോവാം. മെയിൽ നോക്കുക:

ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ഈ അടുത്താണ് ഒരു സുഹൃത്തിന്റെ അങ്കിൾ ഇതുപോലെ ഒരു ഓൺലൈൻ വഞ്ചനയിൽ പെട്ട് ഏകദേശം 80,000 -ത്തോളം രൂപ കളഞ്ഞത്. മൂന്നു തവണകളായി പല ആവശ്യങ്ങൾക്കായിട്ടാണിതു വാങ്ങിച്ചത്. പിന്നീട് കിട്ടാൻ പോകുന്ന പണത്തിന്റെ ടാക്സ് ജനീവയിൽ അടയ്‌ക്കണമെന്നും അതിനായി രണ്ടര ലക്ഷത്തോളം രൂപ വേണമെന്നും അവർ ആവശ്യപ്പെട്ടപ്പോൾ ചെറിയൊരു വിമ്മിട്ടം പുള്ളിക്കാരനു തോന്നുകയും ഞങ്ങളോട് പറയുകയും ചെയ്യുകയായിരുന്നു. തട്ടിപ്പാണെന്ന് എത്ര പറാഞ്ഞിട്ടും പുള്ളിയത് വിശ്വ്വാസിക്കാൻ കൂട്ടാക്കിയില്ല. ഞങ്ങളിതു തട്ടിപ്പാണെന്നു പറയുന്നതൊക്കെ കേട്ടിരുന്ന്ശേഷവും പുള്ളിക്കാരൻ പറഞ്ഞതിങ്ങനെയാണ് ബാക്കി കൂടി അടച്ചേക്കാം അല്ലെങ്കിൽ അടച്ചതു കൂടി പോവില്ലേ എന്ന്!! എനിക്കിത്തരം മെയിലുകൾ എന്റെ യാഹൂ ഐഡിയിലേക്ക് സ്ഥിരമായി വരാറുണ്ടായിരുന്നു, പിന്നീട് അവയൊക്കെ പുള്ളിയെ കാണിക്കുകയും, ഇതുമായി ബന്ധപ്പെട്ട് വന്ന പത്ര വാർത്തകൾ കാണിക്കുകയും ഒക്കെ ചെയ്തിട്ടും അദ്ദേഹത്തിനു ഞങ്ങളെ വിശ്വസിക്കാൻ ചെറിയ വിഷമമായിരുന്നു. ജനീവയിൽ നിന്നെന്നും പറഞ്ഞു വിളിച്ച അതിന്റെ ഒരു റപ്രസെന്റേറ്റിവിനോട് എന്റെ കൂട്ടുകാരൻ ഇദ്ദേഹത്തിന്റെ മുമ്പിൽ നിന്ന് സംസാരിക്കുകയും ചെയ്തു. ഞങ്ങൾ ഇടപെട്ട ശേഷം അവർ ബന്ധപ്പെടുകയോ, മെയിൽ അയക്കുകയോ ചെയ്തിട്ടില്ലാത്രേ!

ഈ തട്ടിപ്പിൽ ഞാൻ പെട്ട കാര്യം ഇനി വേറൊരാൾ അറിയരുത് എന്ന ധാരണയിൽ ഒപ്പുവെപ്പിച്ച ശേഷമാണ് പിന്നെ ആ ചേട്ടൻ ഞങ്ങളെ വിട്ടത്. കമ്പ്യൂട്ടർ കൂടുതൽ ജനകീയമായ ഇന്ന് പലരും ഇന്റർനെറ്റിന്റെ മായികാലോകത്തേക്ക് കടന്നു വരുന്നുണ്ട്. നെറ്റിൽ വിരിയുന്ന വിസ്‌മയങ്ങളിൽ മയങ്ങിവീഴുന്ന ഇവർക്ക് പലപ്പോഴും ചതിക്കുഴികൾ മനസ്സിലാക്കിയെടുക്കാൻ താമസം വരും. അതുകൊണ്ട് ഇത്തരം മെയിലുകൾ നിങ്ങളുടെ ഇൻബോക്സിലേക്കു വരുന്നുണ്ടെങ്കിൽ മറിച്ചൊന്നും ചിന്തിക്കേണ്ടതില്ല ഡിലീറ്റ് ചെയ്തേക്ക്.

ഇത്രയ്ക്കങ്ങോട്ട് ഓപ്പണാവണോ!!

കാര്യമൊക്കെ ശരി തന്നെ. ഫെയ്സ്‌ബുക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ. സമ്മതിച്ചു! അതില്‍ പലതരത്തിലുള്ള പോസ്റ്റിങ്സ് വരും ഫോട്ടോസ് വരും വീഡിയോസും വരും. നമുക്ക് വേണ്ടത് എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. ഇഷ്ടപ്പെട്ടെങ്കില്‍ നമുക്കു ലൈക്ക് ചെയ്യാം; റീഷെയര്‍ ചെയ്യാം… അതാതിനു പറഞ്ഞിരിക്കുന്ന ഫീഡ് ചാനലിലൂടെ ഓരോ അപ്‌ഡേറ്റ്സും മാറിമറിഞ്ഞ് നമ്മളെ ശല്യം ചെയ്യാതെ പോകും. ഈ ഒരു തത്ത്വം അംഗീകരിക്കുന്നവന്‍ ഇതില്‍ കേറി പണിതാല്‍ മതി. അതാണതിന്റെ ന്യായം!

എന്നാല്‍ നമുക്ക് പ്രൈവറ്റാക്കി വെയ്ക്കാന്‍ പറ്റുന്ന ചില കാര്യങ്ങളൊക്കെ പ്രൈവറ്റാക്കി തന്നെ വെയ്ക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. എല്ലാം തുറന്നുകാട്ടലില്‍ ഹരം കൊള്ളുന്നവര്‍ കാണും. രണ്ടു വ്യക്തികള്‍ തമ്മില്‍ പോകുന്നതും വരുന്നതും ഒക്കെ വിശദീകരിക്കുന്ന പ്രൈവറ്റ് ചാറ്റൊക്കെ പബ്ലിക്കായി നടത്തുക എന്നത് മോശമായ ഒരു കാര്യമല്ലേ! ഫീഡസ് ചാനലിലൂടെ അപ്‌ഡേറ്റ്സ് വരുന്നതു പോലെയല്ല ഫെയ്‌സ്ബുക്ക് ചാറ്റ് വിന്‍ഡോ പൊങ്ങി വരുന്നത്, ഞാനാണെങ്കില്‍ ഫെയ്സ്‌ബുക്കിനെ യാഹു മെസഞ്ചറുമായി കണക്‌റ്റ് ചെയ്തിരിക്കുന്നതിനാല്‍ ആരെങ്കില്‍ ഒന്നു hi പറഞ്ഞാല്‍ വലിയ ബഹളത്തില്‍ മെസഞ്ചറിന്റെ വിന്‍ഡോ ചാടി വീഴും. ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാറ്റ് ചെയ്യാം. അവരുടെ ചാറ്റ് ഞാന്‍ കാണാതെ പോകരുത് എന്ന ആഗ്രഹം ഉള്ളതിനാല്‍ തന്നെയാണ് മെസഞ്ചറുമായി കണക്റ്റ് ചെയ്തതും കണക്റ്റ് ചെയ്തപ്പോള്‍ മെസഞ്ചറിന്റെ സൗണ്ട് കൂടി എനേബിള്‍ ചെയ്തു വെച്ചതും. പൊതുവേ ഞാന്‍ ചാറ്റിംങിനോട് അല്പം വിമുഖതയുള്ള ആളാണ്. അനാവശ്യമായി, അങ്ങോട്ട് കേറി ആരോടും ചാറ്റ് ചെയ്യാറില്ല – വളരെ അത്യാവശ്യത്തിനു മാത്രമേ ഞാന്‍ അതുപയോഗിക്കാറും ഉള്ളൂ. എന്നാല്‍ ഇങ്ങോട്ട് ചാറ്റിങിനു വരുന്നവരെ നിരാശപ്പെടുത്താറുമില്ല. അവര്‍ക്കു മതിയാവും വരെ ചാറ്റ് ചെയ്യാറുണ്ട്.

സംഗതി ഇങ്ങനെയൊക്കെയാനെങ്കിലും രണ്ടുമൂന്നു ദിവസമായി ഒരു ഫെയ്സ്‌ബുക്ക് ഗ്രൂപ്പ്-ചാറ്റില്‍ ഒരു ചെക്കനും പെണ്ണും സ്ഥിരമായി ചാറ്റ് ചെയ്യുന്നു. അവര്‍ക്ക് പ്രൈവറ്റ് ചാറ്റിംങ് ഉപയോഗിക്കാവുന്നതേ ഉള്ളൂ. ആ ഗ്രൂപ്പില്‍ ഞാനും അംഗമായതിനാല്‍ ഗ്രൂപ്പ്ചാറ്റിന്റെ അപ്ഡേറ്റ്സ് കൃത്യമായി എന്റെ മെസഞ്ചറില്‍ ബ്ലും എന്ന വലിയ ശബ്ദത്തില്‍ വന്നുകൊണ്ടിരുന്നു. ഗ്രൂപ്പിലാണെങ്കില്‍ 150 ഓളം മെമ്പേഴ്‌സ് ഉണ്ട്. പഴയ സ്കൂളിന്റെ ഗ്രൂപ്പായതു കൊണ്ട് ഒഴിഞ്ഞു പോരാനും മനസ്സുവന്നില്ല. രണ്ടു ദിവസം ഞാന്‍ ക്ഷമിച്ചു. അവരോട് മാന്യമായ ഭാഷയില്‍ ഒന്നു പറഞ്ഞു. രണ്ട്പേര്‍ മാത്രമാണ്. പറയുന്നതു മുഴുവന്‍ ഒരുവക…! അങ്ങനെയൊക്കെയാവുമ്പോള്‍ പ്രൈവറ്റ് ചാറ്റ് ഉപയോഗിക്കുന്നതാണു നല്ലത് എന്നൊക്കെ. ചിലപ്പോള്‍ പുതിയ പിള്ളേരല്ലേ, അറിയാന്‍ പാടില്ലാത്തതിനാല്‍ ആയിരിക്കും എന്നു കരുതി. എന്നാല്‍ കാര്യങ്ങള്‍ളറിഞ്ഞിട്ടും ഇവര്‍ക്കൊരു കുലുക്കവും ഇല്ല; ചാറ്റിങ് നിര്‍ബാധം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഞാന്‍ ആ ഗ്രൂപ്പില്‍ പോയി ഒരു പോസ്റ്റിട്ടു. രണ്ടുപേര്‍ മാത്രമുള്ള പേര്‍സണല്‍ കാര്യങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റിനേക്കാള്‍ നല്ലത് പ്രൈവറ്റ് ചാറ്റാണെന്നൊക്കെ! എവിടെ!! ചാറ്റില്‍ ഹരം പിടിച്ച ഈ യുവഹൃദയങ്ങള്‍ ഉണ്ടോ ഇതു വല്ലതു ശ്രദ്ധിക്കുന്നു. നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ കണ്ണടച്ചോ എന്നായി അതിലെ ആണ്‍തരി!!

ദാ ആ ഗ്രൂപ്പ് ചാറ്റിലെ അവസ്സാനഭാഗം!!

  • ചെക്കന്‍: NEED ** 4 SPEED
  • പെണ്ണ്: kkk
  • ചെക്കന്‍: a friend with weed is a friend indeed
  • പെണ്ണ് : good codes…..
  • ചെക്കന്‍: hehe..
                  ne thinnan poyathano
  • പെണ്ണ് : poda kallikalla
  • ചെക്കന്‍: ideykku vellam kudikkane
  • പെണ്ണ് : da ninta photoyikku manappitham pidicho
  • ചെക്കന്‍: njan nokikollam
  • പെണ്ണ് : jacky u went to knanaya teens
  • ചെക്കന്‍: ninak manjapitham ayathukondu thonnunnatha
  • പെണ്ണ് : da cum to kanaya teens am gug there may i wil get gud life jacky also went
  • ഞാന്‍: നിങ്ങള്‍ക്ക് പ്രൈവറ്റ് ചാറ്റ് ഉപയോഗിച്ചുകൂടെ? ഇതെല്ലാവരും കാണില്ലേ!!  << ഇടയ്ക്ക് കേറിയുള്ള എന്റെ ഇടപെടല്‍.>>
  • ചെക്കന്‍: kaanadacho.. << കണ്ണടച്ചോളാന്‍ എന്നോട് >>
  • പെണ്ണ് : no me arun and jacky are so close << ഇതും എനിക്കുള്ള മറുപടി തന്നെ >>
    daaaaaaaa
  • ഞാന്‍: കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോടാണോ? << എനിക്കാദ്യം കത്തിയില്ല>>
  • ചെക്കന്‍: athe…malayaali <<എന്റെ മലയാളം ചാറ്റ് കണ്ട് അവനെന്നെ ഒന്ന് ആക്കിയതാ, അതേ മലയാളീന്ന് – മലയാളത്തോടവനു പുച്ഛം!!>>
  • പെണ്ണ് : athe, we r like ths <<കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോട് തന്നെയെന്ന്!! പെണ്‍കൊച്ചിന്റെ സപ്പോര്‍ട്ട്!! >>
  • ഞാന്‍: Only u two people are chating, but all the gruop members are getting this damm updates, either please stop this bloody chatting or use private chat – തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട് എന്നു പറഞ്ഞതു പോലെ!!
  • വേറൊരുത്തന്‍: ohhhhhh << ഇതൊക്കെ കണ്ടും കേട്ടും നിന്ന മറ്റൊരുവന്റെ ആത്മഗതം - ഇവന്‍ എന്റെ ഫ്രണ്ടാണ്.>>

ഇതോടെ അവരുടെ പബ്ലിക് ചാറ്റിങ്ങ് നിന്നു.. എന്നെ തെറി വിളിച്ച് പാവങ്ങള്‍ പ്രൈവറ്റ് ചാറ്റിലേക്ക് പോയിക്കാണണം!!

ഗ്രൂപ്പചാറ്റിങിന്റെ സാധ്യതകള്‍
പലപ്പോഴും ഗ്രൂപ്പ് ചാറ്റിങ് അത്യാവശ്യമാണ്. ഇതുപോലുള്ള ഒരു സ്കൂളിന്റെ ഗ്രൂപ്പൊക്കെ ആവുമ്പോള്‍ ആ സ്കൂളുമായി ബന്ധപ്പെട്ടതോ, അതല്ലെങ്കില്‍ ഗ്രൂപ്പിലെ എല്ലാവര്‍ക്കും ബാധകമായ പൊതുകാര്യങ്ങളെ കുറിച്ചോ ഒക്കെ ചര്‍ച്ചകള്‍ ആവാം. പൊതു താല്പര്യത്തെ മുന്‍നിര്‍ത്തിയാണെങ്കിൽ പരസ്പരം കൂട്ടുകാർ അല്ലെങ്കില്‍കൂടി ആ ഗ്രൂപ്പിലെ മെമ്പേഴ്‌സ് അതുമായി സഹകരിക്കും.

ഫെയ്സ്‌ബുക്കില്‍ ഗ്രൂപ്പുണ്ടാക്കാന്‍ വലിയ പണിയൊന്നും ഇല്ല. എത്ര ഗ്രൂപ്പുകള്‍ വേണമെങ്കിലും ഉണ്ടാക്കുകയും ചെയ്യാം. ഒരു ക്ലാസ്സില്‍ പഠിച്ചവര്‍. ഒരു വര്‍ഷം ഒന്നിച്ച് പാസൊഔട്ട് ആയവര്‍, ഒരു കോളേജില്‍ പഠിച്ചവര്‍, ഏതെങ്കിലും ഫിലിംസ്റ്റാറിനെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍, ഒരേ ടേസ്റ്റുള്ളവര്‍, ഒരേ ജോലി ചെയ്യുന്നവര്‍ അങ്ങനെ നീണ്ടുപോകുന്നു ഗ്രൂപ്പുകളുടെ സാധ്യതകള്‍…

വിദേശത്തൊരു പെണ്‍കൊച്ച് തന്റെ ജന്മദിനം ആര്‍ഭാടപൂര്‍വം ആഘോഷിക്കുന്നു എന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ ഒരു ഇവന്റിട്ടതും കണ്ടവര്‍ കണ്ടവര്‍ അത് റീഷെയര്‍ ചെയ്ത് അന്നേ ദിവസം ആയിരക്കണക്കിനാളുകള്‍ കുട്ടിയുടെ വീടിനു മുന്നില്‍ ആശംസകളുമായി തടിച്ചുകൂടി പൊതുജീവിതം സ്തംഭിച്ചതുമായ വാര്‍ത്ത ഈ അടുത്താണു നമ്മള്‍ കേട്ടത്… അവസാനം വീട്ടുകാര്‍ പെണ്‍കുട്ടിയെ രായ്ക്കുരാമാനം അവിടെ നിന്നും കടത്തുകയും പൊലീസെത്തി ആളുകളെ ഓടിച്ചുവിടുകയുമൊക്കെ ചെയ്യേണ്ടിവന്നു..

നമ്മള്‍ കണക്കുകൂട്ടുന്നതിനും അപ്പുറത്താണ് ഒരു സോഷ്യല്‍ മീഡിയയുടെ കിടപ്പ്! അതറിയാതെ തന്റെ പോക്കുവരവുകളും മറ്റും പബ്ലിക്കാക്കി പണി പാഴ്‌സലായി ഇരന്നു വാങ്ങിക്കുന്നതിലും ഭേദം സംഗതികളെ കണ്ടറിഞ്ഞ് വേണ്ടതു മാത്രം പബ്ലിക്കാക്കി ആ മീഡിയയുടെ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ്.

ഇരുപത്തിയഞ്ചു പൈസ ഓർമ്മയാവുന്നു


അകാലമൃത്യു വരിക്കാൻ പോകുന്ന ഇരുപത്തിയഞ്ചു പൈസയ്ക്ക് ആത്മശാന്തി നേരുന്നു 🙁

പണ്ട് ഒത്തിരി മിഠായികൾ നീ കാരണം നുണഞ്ഞിറക്കിയ ആ മധുരസ്മരണയിൽ എന്നും ഞങ്ങൾ നിന്നെ ഓർക്കും. ഇനി കേവലം പതിഞ്ചുനാൾ കൂടി കഴിഞ്ഞാൽ പിന്നെ നിന്റെയാ മധുരസ്മരണകൾ മാത്രമാണു ഞങ്ങൾക്കു തുണ..

പണ്ടു നിന്നെ ഉപയോഗച്ച് വാങ്ങിച്ച പല്ലിമിഠായിയും ഓറഞ്ചുമിഠായിയും കടലയും പാലൈസും കോലൈസും ഒക്കെ ഇന്നു വിസ്മൃതിയിലേക്കു നീങ്ങിക്കഴിഞ്ഞു, സഹചാരികളിൽ മിക്കവരും എന്നേ കാലയവനികയ്ക്കുള്ളിലേക്കു വിലയം പ്രാപിച്ചു. നീ മാത്രം ഇങ്ങനെ മൃതപ്രായയായി ഇനിയെത്രനാൾ എന്നുമെണ്ണി കാലം കഴിച്ചുവരികയാണെന്നറിയാം. വേണ്ടപ്പെട്ടവരിതാ നിനക്കു ദയാവധം കനിഞ്ഞനുവദിച്ചിരിക്കുന്നു. ജൂലൈ ഒന്നു മുതൽ നീ വെറും ഓർമ്മ മാത്രമാവും. എങ്കിലും ജൂലൈ 30 വരെ നിനക്കീ ലോകത്തിന്റെ ശ്വാസം ശ്വസിക്കാം. നിന്നെ നൽകിയാൽ റിസർവ്‌ബാങ്ക് പുതിയ പൈസ തന്നു സഹായിക്കുമത്രേ!

വല്യമ്മയുടെ കോന്തലക്കെട്ടിൽ നിന്നും അമ്മയുടെ പേഴ്‌സിൽ നിന്നും അനിയത്തിയുടെ ഭണ്ഡാരപാത്രത്തിൽ നിന്നുമൊക്കെയായി എത്രയെത്ര ഇരുപത്തിയഞ്ചുപൈസകളെയാണ് അടിച്ചുമാറ്റിയിട്ടുള്ളത്. സ്കൂൾകാലത്തിന്റെ അവസാനത്തിൽ അധികപങ്കും യാത്ര ചെയ്തത് നിന്റെ കാരുണ്യം കൊണ്ടു മാത്രമായിരുന്നു. കാലമാറിയപ്പോൾ നിനക്കുള്ള വില ആളുകൾ തരാതായി. വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ആരും നിന്നെ എടുക്കാതെയായി. ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്നവർ പോലും നിന്നെ പുച്ഛഭാവത്തിൽ തള്ളിക്കളഞ്ഞു. ഇന്നിപ്പോൾ നിന്നെ അടിച്ചിറക്കാൻ നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ പണം ആവശ്യമാണത്രേ!! പൈസയുടെ വിലയേക്കാൾ അതുണ്ടാക്കാനുള്ള ലോഹത്തിനു വിലയേറിയത്രേ… (4 ഇരുപത്തിയഞ്ചുപൈസ തൂക്കിവിറ്റാൽ 10 രൂപ കിട്ടുമായിരുന്നു!! ) എന്നിട്ടുപോലും അവഗണനമാത്രമല്ലേ നിനക്കു മിച്ചം 🙁 എങ്കിലും സകല അവഗണനകളും സഹിച്ച് നീ ഇത്രയും കാലം ഞങ്ങളെ സേവിച്ചു…

ഇടയ്ക്കെന്നോ സ്വർണവർണമാർന്ന് നീ വന്നപ്പോൾ കൗതുകമായിരുന്നു, മിഠായി പോലും വാങ്ങിക്കാതെ അന്നതു സൂക്ഷിച്ചുവെച്ചത് ഇന്നുമോർക്കുന്നു. ഓർമ്മപ്പെരുക്കങ്ങളിൽ നീ എന്നുമുണ്ടാവും. 1835 – ഇൽ വില്യം നാലാമന്റെ ഭരണക്കാലത്താണു 1/4 രൂപ വെള്ളിനാണയം ആദ്യമായി പുറത്തിറക്കിയത്. എങ്കിലും ഇരുപത്തിയഞ്ചുപൈസ എന്ന പദവികിട്ടാൻ 1957-60 കാലം വരെ കാത്തിരിക്കേണ്ടിവന്നു. കോപ്പറും- നിക്കലും ഒക്കെ കൂട്ടിക്കലർത്തിയായിരുന്നു ആദ്യം നിന്റെ രൂപം വാർത്തെടുത്തത്. പിന്നീടത് നല്ല പത്തരമാറ്റുള്ള സ്റ്റെയിന്‍ലസ്‌ സ്റ്റീലിലേക്കു മാറ്റി. ഒരു കാണ്ടാമൃഗത്തിന്റെ മുദ്രയോടെ സുന്ദരിയും പ്രൗഢഗംഭീരയുമായിട്ടാണു നിന്നെ അവസാനമയി കണ്ടതെന്നോർക്കുന്നു.

നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ നിന്റെ ശരീരത്തിനു മൂല്യമേറിയത് പല വിടന്മാരേയും നിന്നിലേക്ക് ആകർഷിപ്പിച്ചിരുന്നു. ആരാധാനാലയങ്ങളിലെ ഗുണ്ഡികകളിൽ നിന്നും നിന്നെ ശേഖരിച്ച് തൂക്കിവിറ്റവർ പണക്കാരായി. LTT പോലുള്ള ചീത്ത സംഘടനകൾ വെടിയുണ്ടയുണ്ടാക്കാൻ വേണ്ടി നിന്റെ ശരീരം ഉരുക്കിവാർത്തിരുന്നത് ഒരു പഴംകഥ! ഇപ്പോൾ നിന്റെ ചേട്ടൻ അമ്പതുപൈസയും ഈ പ്രശ്നങ്ങളൊക്കെ നേരിടുന്നുണ്ട്. ഒരു പക്ഷേ സമീപഭാവിയിൽ നിനക്കുകൂട്ടായി ചേട്ടനും എത്തുമായിരിക്കും.

ബാല്യത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന പ്രിയ നാണയമേ നിനക്കെന്റെ യാത്രാമംഗളങ്ങൾ!!

പെരുമഴക്കാലം

thick rainy season , പെരുമഴ

വൗ മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു… എന്തു രസമായിരുന്നു അന്ന്!

ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരുവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം… മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം – ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!!

എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും… ഓരോ വർഷവും വൻ‌ നാശനഷ്ടങ്ങളൂണ്ടാക്കിയാണു മഴ പിൻ‌ വാങ്ങാറുള്ളത്, മഴകൂടി പ്രളയമായാൽ, അത് ഗ്രാമങ്ങളെ വിഴുങ്ങും, മലയിടിഞ്ഞ് കുത്തൊഴുക്കിൽ ജീവിതങ്ങൾ ഒലിച്ചുപോകും… മഴകൊണ്ടുവരുന്ന പകർച്ചവ്യാധികൾ വേറെ… ദുരിതമേറെ ബാക്കിയാക്കി ഒന്നുമറിയാത്തതു പോലെ അവസാനം മഴ നടന്നകലും. എങ്കിലും നമ്മൾ പിന്നേയും മഴയെ സ്നേഹിക്കുന്നു…
മഴ ഒരു പ്രണയിനിയെ പോലെയാണ്. കാതരയായി അവൾ എന്തൊക്കൊയോ നമ്മോടു പിറുപിറുക്കുന്നു. ചുടുള്ള നിശ്വാസമായി നമുക്കവളെ അനുഭവവേദ്യമാവുന്നു… നനുനനുത്ത മഴത്തുള്ളികൾ അനിർവചനീയമായ എന്തൊക്കെയോ ആയി മനസ്സിൽ പെയ്തിറങ്ങുന്നു. മഴ ഒരു മന്ത്രമാണ്!

വരണ്ടുണങ്ങുന്ന പ്രവാസമനസ്സിനെ തഴുകിത്തലോടുന്നുണ്ട് ഈ മഴ… ജീവനറ്റു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണീ മഴ… മഴ പെയ്യുന്നതിപ്പോൾ മനസ്സിലാണ്. വിഹ്വലതകൾ നിറഞ്ഞ ഹൃദയത്തിനു പുത്തനുണർവായി, പുതുജീവനായി അതു പെയ്യട്ടെ!! നിറഞ്ഞു പെയ്യട്ടെ!!

സഹയാത്രിക

ബസ്സില്‍
അവള്‍ : ചേട്ടാ ഈ ബസ്സ് അഗര ജംങ്‌ഷനില്‍ പോകുമോ?
ഞാന്‍ : ഇല്ലല്ലോ. അതിനു മുമ്പുള്ള ലഫ്റ്റിലൂടെ അകത്തോട്ടു പോകും.
അവള്‍ : ചേട്ടനെവിടെയാ ഇറങ്ങേണ്ടത്?
ഞാന്‍ : എച്ച് എസ് ആറില്‍ ഇറങ്ങണം, ബലന്തൂരാണു പോകേണ്ടത്.
അവള്‍ : എനിക്കു മാര്‍ത്തഹള്ളിക്കു പോകാനാ
ഞാന്‍ : എന്റെ കൂടെ ഇറങ്ങിക്കോളൂ….

ബസ്സ്‌ സ്റ്റോപ്പില്‍

അവള്‍ : ചേട്ടനെവിടെയാ വര്‍ക്ക് ചെയ്യുന്നത്.
ഞാന്‍ : അവിടെ അടുത്തു തന്നെയാണ് . <<കമ്പനിയുടെ പേരു പറഞ്ഞുകൊടുക്കുന്നു.>> നീയോ?
അവള്‍ : <<കമ്പനിയുടെ പേരു പറയുന്നു.>> ഡവലപ്പ്മെന്റാണ്.
ഞാന്‍ : 🙁 കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ല. എന്താണു ഡൊമൈന്‍?
അവള്‍ : പി എച്ച് പി, ഫ്ലക്‌സ്
ഞാന്‍ : ഓക്കേ, നീ കാസര്‍‌ഗോഡു നിന്നാണോ കയറിയത്?
അവള്‍ : അല്ല, കാഞ്ഞങ്ങാടു നിന്നു.. ഞാന്‍ ചേട്ടനെ കണ്ടിരുന്നു. അവിടുന്നല്ലേ കയറിയത്… എന്റെ വീട് അവിടെ അടുത്തു തന്നെയാണ് – നിത്യാനന്ദസ്വാമീ ടെമ്പിളിന്റെ അടുത്തായിട്ട്…
ഞാന്‍ : എന്താ പേര്?
അവള്‍ : സൗമ്യ. ചേട്ടന്റെ പേരെന്താ?
ഞാന്‍ : രാജേഷ്.
സൗമ്യ : ചേട്ടാ അവിടെ പി എച്ച് പി-യില്‍ ഒഴിവു വല്ലതും ഉണ്ടാവുമോ?
ഞാന്‍ : ഇടയ്‌ക്കുണ്ടാവാറുണ്ട്. എത്ര വര്‍ഷമായി ഇവിടെ വര്‍ക്ക് ചെയ്യുന്നു?
സൗമ്യ: ഒന്നര വര്‍ഷമായി – മഡിവാളയായിരുന്നു മുമ്പ് താമസ്സിച്ചത്. ഇപ്പോള്‍ അങ്ങോട്ടു മാറിയിട്ട് കുറച്ചായി. രാവിലെ ബുദ്ധിമുട്ടുതന്നെ.
ഞാന്‍ : ശരിയാ. രണ്ടു ബസ്സു കയറേണ്ടി വരുന്നു.
സൗമ്യ : ചേട്ടന്റെ മെയിലൈഡി തരുമോ?
ഞാന്‍ : അതിനെന്താ.. << ഞാന്‍ മെയില്‍‌ ഐഡി കൊടുക്കുന്നു>>
സൗമ്യ മൊബൈലിലേക്ക് അതു ഫീഡ് ചെയ്യുന്നു.
ഞാന്‍ : ബസ്സു വരുന്നുണ്ട്. പോകാം.
സൗമ്യ: വാ പോകാം

ഓഫീസില്‍
ചായ കുടിച്ചു വന്ന് ഗൂഗിള്‍ ബസ്സു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈലില്‍ ഒരു മെസേജു വന്നു. ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :Soumya R has requested to add you as a friend on Facebook. You have 4 friends in common. Reply “add” to add, or “info” to get profile.
ചുണ്ടില്‍ നിന്നും ചെറിയൊരു ചിരി പടര്‍ന്നു കയറി, ഫെയ്‌സ്‌ബുക്ക് ഓപ്പണ്‍ ചെയ്യാനുള്ള ടൈം പോലും കൊടുക്കാതെ മറുപടി കൊടുത്തു : add
വീണ്ടും ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :You are now friends with Soumya R. Reply “sub”to subscribe to Soumya’s Status.

സൗഹൃദം

പെണ്ണിന്റെ സൗഹൃദം!
ഒരു രാത്രിയില്‍ അവള്‍ വീട്ടിലേക്കു വന്നില്ല;
അതിരാവിലെ എത്തിയ അവളോട് അവന്‍ ചോദിച്ചു “ഇന്നലെ നീഎവിടെ പോയി?
ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!”
അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവന്‍ അന്വേഷിച്ചു…
ആര്‍ക്കും അതിനേക്കുറിച്ചറിയില്ലായിരുന്നു…!

ആണിന്റെ സൗഹൃദം!
ഒരു രാത്രിയില്‍ അവന്‍ വീട്ടിലേക്കു വന്നില്ല;
അതിരാവിലെ എത്തിയ അവനോട് അവള്‍ ചോദിച്ചു “ഇന്നലെ രാത്രിയില്‍ എവിടെ പോയി?
ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!
അവന്റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവള്‍ അന്വേഷിച്ചു…
പത്തില്‍ എട്ടുപേരും പറഞ്ഞു ‘അവനിന്നലെ എന്റെ വീട്ടിലായിരുന്നു‘ എന്ന്! രണ്ടുപേര്‍ പറഞ്ഞത് ‘അവനിപ്പോഴും വീട്ടില്‍ തന്നെ ഉണ്ട് – എണീറ്റിട്ടില്ല‘ എന്നും!!

അവശേഷിപ്പുകള്‍‌

A Modern Artപുസ്തകങ്ങള്‍‌ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും‌ സ്വന്തമാക്കുക എന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍‌ കാര്യമായി ഒന്നും‌ വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍‌ കഴിഞ്ഞ് അഞ്ചാറു വര്‍‌ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍‌ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. (more…)

ഒരു മെയിലിന്റെ വഴിയേ..!

  • കമ്പനിയിലെ ഉച്ചതിരിഞ്ഞുള്ള വിരസമായ സമയത്തെ അതിജീവിക്കാന്‍‌‌, ഒരു ഗ്ലാസ്‌ ബദാം‌മില്‍‌ക്കുമായി സല്ലപിച്ചിരിക്കുമ്പോഴാണ്‌ “വിക്കിപീഡിയ സം‌രംഭത്തില്‍ നിന്നുള്ള ഇമെയില്‍” എന്ന തലക്കെട്ടോടെ എനിക്കൊരു മെയില്‍‌ വന്നത്‌. വിക്കിപീഡിയയില്‍‌ നിന്നുള്ള മെയിലിനെയെല്ലാം‌ “വിക്കിപീഡിയ” എന്ന പ്രത്യേക ലേബലൊട്ടിച്ച്‌ മെയില്‍‌ബോക്സിന്റെ ലെഫ്‌റ്റ്‌സൈഡില്‍‌ ഭദ്രമായി വെച്ചിട്ടുള്ളതിനാല്‍‌ അവയൊന്നും‌ തന്നെ ഇന്‍‌ബോക്സില്‍‌ വന്നു നില്‍ക്കാറില്ലായിരുന്നു.
  • പതിവുതെറ്റിച്ച്‌ എന്റെ ഇന്‍‌ബോക്സിലെത്തിയ മെയിലിനെ‌ അല്പം‌ കൗതുകത്തോടുകൂടി തന്നെ തുറന്നു നോക്കി. ആ കൂട്ടുകാരന്റെ പേരു ഞാന്‍‌ തല്‍‌ക്കാലമൊന്നു മറച്ചുപിടിച്ചോട്ടേ.‌. അദ്ദേഹം‌ അന്നു വായിച്ച വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിലും‌, തുടര്‍‌ന്നുള്ള വരികളാണെന്നില്‍‌ അതീവ കൗതുകമുണര്‍‌ത്തിയത്‌. ഒട്ടൊന്നു ആലോചിച്ചു നോക്കി. എന്തിനായിരിക്കാം‌ മൂപ്പരിക്കാര്യങ്ങള്‍‌ എന്നോട്‌ പറഞ്ഞത്? ഞാനെന്റെ പ്രൊഫൈല്‍‌ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കി. അദ്ദേഹത്തെ ഇങ്ങനെ എഴുതാന്‍‌ പ്രേരിപ്പിക്കാന്‍‌ മാത്രം‌ അതിലൊന്നും‌ ഇല്ലായെന്നു തന്നെ ബുദ്ധി പറഞ്ഞു. ആ അജ്ഞാതകൂട്ടുകാരനെ ഒന്നു നുള്ളിനോക്കമെന്നു തന്നെ നിനച്ചു. അങ്ങനെ ഒരു മറുപടിയും‌ കൊടുത്തു. ആങ്ങോട്ടിമിങ്ങോട്ടുമായി ആറെഴുത്തുകള്‍‌..! അതിനിടയില്‍‌ ആരെന്നോ എന്തെന്നോ ചോദിക്കാന്‍‌ വിട്ടുപോയി. അദ്ദേഹം‌ ഇപ്പോള്‍‌ എന്തു കരുതുന്നുണ്ടാവുമോ എന്തോ?
  • വിഷയം‌ അല്പം‌ ഗഹനമാണെന്നു തന്നെ കരുതാം‌. മതങ്ങളും‌ ദൈവങ്ങളും ഒക്കെ കൂടി തെരുവില്‍‌ കിടന്നു മനുഷ്യരെ ചുട്ടെരിക്കുമ്പോള്‍‌ സ്നേഹത്തേയും‌ ധര്‍മ്മത്തേയും നന്മയേയുമൊക്കെ അളന്നു തിട്ടപ്പെടുത്താന്‍‌ അളവുകോലിനായി പരക്കം‌ പായുകയാണ് ഓരോരുത്തര്‍‌! എങ്ങനെ അളന്നു തിട്ടപ്പെടുത്തും‌ ഇതൊക്കെ? അമ്മയോടുള്ള സ്നേഹം‌ പത്തു കിലോ! അതോ നൂറു മീറ്റര്‍‌? ദു:ഖമനുഭവിക്കുന്നവനോടുള്ള അനുകമ്പ ഒന്നരക്കിലോ..! സഹാനുഭൂതി 25cm… രസമായിരിക്കുന്നു..!!
  • “ലേബലുകളില്ലാത്ത മനുഷ്യനായി തീരുക” എന്നു പണ്ട്‌ കുഞ്ഞുണ്ണിമാഷ്‌ തൃച്ചമ്പരം‌ അമ്പലത്തില്‍‌ വെച്ച്‌ ഓട്ടോഗ്രാഫ്‌ എഴുതി തന്നതിന്റെ അര്‍‌ത്ഥം‌ അന്നെനിക്കു മനസ്സിലാക്കാനായിരുന്നില്ല. ഇന്നു ഞാനതറിയുന്നു. ഒരു പ്രത്യേക frame-ല്‍‌ ഒതുങ്ങി നില്‍‌ക്കാതെ, ഒരു ലേബലും‌ നെറ്റിയില്‍‌ പതിക്കാതെ, പച്ചമനുഷ്യനായി ജീവിച്ചാല്‍‌ എന്താണു ഛേദം? മറ്റുള്ളവരെ നന്നാക്കല്‍‌ നടക്കില്ല… പറഞ്ഞാല്‍‌ പറഞ്ഞ അര്‍‌ത്ഥത്തിലായിരിക്കില്ല അവരതെടുക്കുക.. ഒരേയൊരു രക്ഷ സ്വയം‌ നന്നാവുക എന്നതാണ്. മതത്തിന്റെ പേരില്‍‌ ഞാന്‍‌ ഹിന്ദുവെന്നും‌ കൃസ്ത്യനെന്നും‌ മുസ്ലീമെന്നും‌ പറഞ്ഞ് വീരവാദം‌ മുഴക്കുന്ന ചിലരെ കണ്ടിട്ടുണ്ട്..! മൗനം‌ ഭൂഷണമായി കരുതി മിണ്ടാതിരിക്കുക തന്നെ കാമ്യം.ഇനി ആ അജ്ഞാതസുഹൃത്തിന്റെ ഇ‌മെയിലിലൂടെ നിങ്ങളൊന്നു പോയിനോക്കൂ. ആദ്യത്തെ മെയിലില്‍‌ പറഞ്ഞിരിക്കുന്ന “എന്നേക്കുറിച്ച്” എന്നത്‌ വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈല്‍‌ ആണ്.
  • ആദ്യത്തേ മെയില്‍‌
  • അതിനുള്ള എന്റെ മറുപടി 🙂
  • മറുപടിയില്‍‌ സന്തോഷം‌ പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടുകാരന്റെ മറുപടി
  • വീണ്ടും‌ ഞാന്‍‌
  • കൂട്ടുകാരന്‍‌ വിട്ടില്ല…
  • വീണ്ടും‌ ഞാന്‍‌
  • ആ കൂട്ടുകാരന്‍‌ ഇവിടം കൊണ്ട്‌ നിര്‍ത്തിക്കളഞ്ഞു. എങ്കിലും‌ ആ സുഹൃത്ത്‌ എന്നെ എന്തൊക്കെയോ ഇപ്പോള്‍‌ ചിന്തിക്കാന്‍‌ പ്രേരിപ്പിക്കുന്നു. നന്ദി സുഹൃത്തേ..എന്റെ അറിവു വളരെ പരിമിതമാണ്‌, അത്രയൊന്നും‌ ആലോചിച്ചിട്ടല്ല, ഇതൊന്നും‌ എഴുതിയതും‌. അപ്പോ തോന്നിയത്‌ എഴുതി എന്നു മാത്രം‌. കൂടുതല്‍‌ അറിവുള്ളവര്‍‌ ഇവിടെയുണ്ട്‌. താല്‍‌പര്യമുള്ളവര്‍‌ ഇവിടെ കുറിച്ചിടട്ടെ.
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights