ബാംഗ്ലൂരിൽ ഇന്ദിരാനഗറിൽ നിന്നും ഞാൻ ഇടയ്ക്കിടെ കാണുന്നതാണിത്. ചിത്രത്തിൽ കാണുന്ന വ്യക്തിയുടെ പുറത്തു ബാഗ് പോലെയുള്ളത് പരസ്യബോർഡാണ്. രാവിലെ മുതൽ ഈ നിൽപ്പാണ്. ഒരു ദിവസം എത്ര രൂപ കിട്ടുമായിരിക്കും അയാൾക്ക്!! അടുത്ത് ആൾക്കൂട്ടം കണ്ടാൽ അയാൾ ആ ഭാഗത്തേക്കു മാറും; മറ്റൊന്നും ശ്രദ്ധിക്കാതെ വാട്സാപ്പും നോക്കി അവർക്കു മുന്നിലൂടെ നടക്കും, അങ്ങനെ തലങ്ങും വിലങ്ങും നടന്ന് ഒരു ദിവസം തീർക്കുന്നു പാവം!
വഴിയിൽ ഒരു ഭ്രാന്തനേയും നിത്യേന കാണാറുണ്ട്. അയാൾ എന്നോടു വെറുതേ ചിരിക്കാറുണ്ട്. അടുത്താരും ഇല്ലെങ്കിൽ ഞാനും ചിരിക്കും. വൈകുന്നേരങ്ങളിൽ ആരോ അയാൾക്ക് സ്ഥിരമായി ഒരു പൊതിച്ചോറു കൊടുക്കാറുണ്ട്. ഒരു ചിന്തയുമില്ലാതെ വെറുതേ ചിരിച്ചും പറഞ്ഞും അലക്ഷ്യമായി നടക്കുന്നതു കാണാം അയാളെ. വിശപ്പിന്റെ വിളി ആയിരിക്കണം കൃത്യമായി അയാൾ പാർക്കിനരികിലേക്ക് എന്നും എത്തിക്കുന്നത്… രാത്രിയിൽ കിടപ്പും അവിടെ തന്നെ!! ഭ്രാന്തിനെ എനിക്കു പേടിയാണ്. ഞാൻ ഭ്രാന്തന്മാരെ കണ്ടാൽ നോട്ടം മാറ്റിക്കളയും – എനിക്കവരെയും ഭയമാണ്! ആ അംഗവിക്ഷേപങ്ങൾ എനിക്കുതന്നെ അനുകരിക്കാൻ തോന്നിയേക്കുമോ എന്നു ഭയക്കും! പ്രതീക്ഷയറ്റ, പ്രത്യാശറ്റ നോട്ടം, വിശപ്പിന്റെ ദൈന്യത, ആരൊക്കെയോ ഉടുപ്പിച്ചു വിടുന്ന വേഷവിധാനത്തിലെ നിസാരത… ഒക്കെ ഭീതിയോടെ, ഉൾക്കിടിലത്തോടെ ഓർമ്മയിൽ തള്ളിവരും. എന്നെ പിന്നെയുമത് പിന്തുടരുന്നതുപോലെ തോന്നും!! നാളെ ഞാനും ഒരു ഭ്രാന്തനായി വഴിയിലൂടെ അലയേണ്ടി വരുമോ എന്നു വെറുതേ ഭയക്കും!! സത്യമാണ്!! ഭ്രാന്തെന്നത് എനിക്കു മരണമാണ്. മരണത്തിന്റെ മുഖമാണ് ഓരോ ഭ്രാന്തനും! അവർ വെറുതേ ചിരിക്കും, വെറുതേ കരയും, വെറുതേ പുലമ്പും!!
വിൽക്കുവാൻ വെച്ചിരിക്കുന്ന പൂക്കൾ!
ഇന്ദിരാനഗറിൽ നിന്നും കണ്ട മറ്റൊരു കാഴ്ചയാണിത്. കുട്ടിത്തം മാറാതെ അവൾ അവളുടേതായ ലോകത്ത് കളിച്ചു കൊണ്ടിരിക്കുകയാണ്. തൊട്ടപ്പുറം നല്ല ഒന്നുരണ്ടു പാർക്കുണ്ട്. വൈകുന്നേരം ആവുമ്പോൾ സിഗരറ്റും പുകച്ചും പരസ്പരം കുറ്റികൾ ഷെയർ ചെയ്തും യുവമിഥുനങ്ങളെ തോൽപ്പിക്കും മട്ടിൽ കാമുകീകാമുകർ എത്തിച്ചേരാറുണ്ടിവിടം. പൂക്കളുമായി കുഞ്ഞ് അവരെ കാത്തിരിക്കുന്നതാവണം. പ്രണയത്തിന്റെ ലാസ്യഭാവങ്ങൾക്ക് മധുരം പകരുന്നതാണല്ലോ പൂവുകൾ…
ഞാൻ അല്പം മാറി നിന്ന് അവളുടെ കുട്ടിത്തം മാറാത്ത കളികൾ നോക്കി നിന്നു. എന്റെ ഓർമ്മയിലപ്പോൾ ആമിയായിരുന്നു. അവളുടെ കാത്തിരിപ്പ് കുഞ്ഞുകുഞ്ഞു കളികളിലൂടെ പുരോഗമിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു പയ്യൻ വന്ന് വില ചോദിച്ചതാവണം, അവൾ പിടഞ്ഞുണർന്ന്, സൂക്ഷ്മതയോടെ ഒരെണ്ണം അവനു നൽകി. എന്തോ ആ പയ്യനതു വാങ്ങിയില്ല. തിരികെ കൊടുത്ത് അവൻ നടന്നകന്നു. ഒരു ഭാവവ്യത്യാസവും കൂടാതെ അവൾ വീണ്ടും കളികൾ തുടർന്നു.
ബാംഗ്ലൂരിൽ ഹാഷ് കണക്റ്റിൽ വർക്കു ചെയ്യുമ്പോൾ ആണിതൊക്കെ കാണാൻ ഇടവന്നത്. ഇന്ദിരാനഗറിലായിരുന്നു താമസം – ഒരു പിജിയിൽ. ഇതുപോലെ എതൊക്കെ കാര്യങ്ങൾ ചേർന്നതാണല്ലേ ജീവിതം. മക്കളെ കൊല്ലുന്ന അമ്മമാർ, കമിതാവിനു വേണ്ടി പങ്കാളിയെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കുന്നവർ, അമിതമായ ധനസമ്പാദ്യത്തിനായി മാലമാലയായി കൊലപാതകപരമ്പര നടത്തുന്നവർ, രാജ്യത്തെ ചെറുജീവനുകളെ മുച്ചൂടും മുടിക്കാനായി ഗവണ്മെന്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് മാഫിയ നടത്തുന്നവർ… ശരീരം പങ്കുവെച്ച് പുരുഷപ്രജകളെ മയക്കിക്കിടത്തിയുള്ള ദുർമാർഗവ്യഭിചാരിണികളുടെ ആസുരതാണ്ഡവം. ഭീകരവും ആണു നമ്മുടെ ചുറ്റുപാടുകൾ!