Skip to main content

മെന്‍സ്ട്രുവല്‍ കപ്പ്

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation
ആരോടും പറായാതെ അടക്കിവെയ്ക്കുന്ന വികാരങ്ങൾ അനവധിയാണ്. ഇന്നേവരെയുള്ള ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ കാര്യങ്ങൾ താഴെ പറയാം:
1) ഷേവ് ചെയ്യുക,
2) ചെരിപ്പു കഴുകുക,
3) ഇസ്തിരിയിടുക എന്നതൊക്കെയാണ്… ഇങ്ങനെ പോകുന്ന സംഗതികൾ മാത്രമേ എന്റെ വിഷയത്തിൽ വന്നിരുന്നുള്ളൂ; വരുന്നവയുമുള്ളൂ. മടി എന്ന കാര്യം കൂടെപ്പിറപ്പായി പുറകേയുള്ളത് വല്യൊരു ബാധ്യതകൂടിയാണ്.

1) ഇതിൽ ഷേവ് ചെയ്യുക എന്നത് ഞായറാഴ്ചകളിൽ മാത്രമായി ഒതുക്കിവെയ്ക്കുന്നു, ഞായറാഴ്ച ആയാൽ പോലും എനിക്ക് ഈ സംഗതി മടിയാണ്. ഞാനിത് മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിച്ച് കൂളായിട്ട് ഇരുന്നുകൊടുക്കും; അല്ലെങ്കിൽ അടുത്തുള്ള ബാർബർ ഷോപ്പിലേക്ക് ഓടും!!
ഒരു രക്ഷയും ഇല്ലാത്ത പണ്ടാരപരിപാടി ആയിപ്പോയി ഇത്!!

2) ഷൂ ഇടാറേ ഇല്ല; കാരണം അതിന്റെ പരിപാലനം എന്റെ മടിജീവിതത്തിനു തീരെ ചേരില്ല. ചെരിപ്പാണെങ്കിൽ, കുളിക്കുമ്പോൾ ബാത്ത്‌റൂമിൽ ഇട്ടാൽ മതി; കുളിച്ച് കഴിയുമ്പോൾ നാലു ചവിട്ടും കൊടുക്കാം!!

3) ഡ്രസ്സുകൾ ഇസ്തിരിയിടുന്ന പരിപാടി പണ്ടേ ഇല്ല; ഇന്നുമില്ല! ഒഴിവാക്കാൻ ഈസിയായിട്ട് സാധിക്കുന്ന സംഗതി ഇതാണ്.

പറഞ്ഞുവരുന്നത്, ആൺജീവിതം പരമസുഖം തന്നെയാണ്. നാല്പതോളം വർഷങ്ങളിൽ മെൻസസാവുന്ന പെൺജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയതൊക്കെ കുറച്ചു കാലം മുമ്പായിരുന്നു! ഒരു മാസമുറക്കാലത്ത് നാപ്കിന്‍ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയോളമാകും. ഏതാണ്ട് 40 വര്‍ഷക്കാലം അര ലക്ഷത്തോളം രൂപയാണ് ഈ ഒറ്റക്കാര്യത്തിന് ഒരാള്‍ ചെലവഴിക്കുന്നത്.

ഒരു മെന്‍സ്ട്രുവല്‍ കപ്പ് കുറഞ്ഞത് 9 വര്‍ഷം ഉപയോഗിക്കാം. 1000 രൂപ മുതല്‍ മുകളിലേക്കാണ് ഷോപ്പുകളിൽ വില എങ്കിലും online Site കളില്‍ offer ല്‍ ഇതിലും കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലത്ത് മൂന്നോ നാലോ കപ്പുകള്‍ കൊണ്ട് സാമ്പത്തികമായും പാരിസ്ഥിതികമായും നാം ചില്ലറ നേട്ടമല്ല ഉണ്ടാക്കുന്നത്.

സ്‌ക്കൂളുകളിലും കോളേജുകളിലും നാപ്കിന്‍ കില്ലറുകള്‍ വെയ്ക്കുന്നതിനു പകരം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഒക്കെ ഓരോ വകുപ്പുകളായി കൈകാര്യം ചെയ്യുന്ന നമ്മുടെ ഭരണകൂടങ്ങൾ ഇതിനൊക്കെ ഒരു മാർഗം ഇത്തരത്തിൽ കൊടുക്കേണ്ടതുണ്ട്…

സ്റ്റേഫ്രീയോ മറ്റോ വാങ്ങിക്കാനായി കടയിലേക്ക് പോയാൽ ഒരു പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടിത്തരികയാണു പതിവ്. ബാക്കി സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറിൽ ഇട്ടുമാത്രമാവും തരിക!! ഇതുമാത്രം പത്രക്കടലാസിൽ പൊതിഞ്ഞ് വിരിഞ്ഞുമുറുക്കിക്കെട്ടിത്തരുന്നു!! എന്തോ വല്യ കള്ളത്തരം കാണിക്കുന്നതുപോലെയോ നാണക്കേട് കാണിക്കുന്നതു പോലെയോ ഒരു വികാരം എവിടെയോ പതിയിരിക്കുന്നുണ്ട്!

ഓഫീസിലും ഉണ്ട് അനുബന്ധ കഥകൾ! അവിടെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മെൻസസാവാത്ത പെൺകുട്ടികൾ ഉണ്ടെങ്കിലായി എന്നേ ഉള്ളൂ, മിക്കവരും ബാത്ത്രൂമിലേക്ക് പോകുമ്പോൾ കൈയ്യിൽ സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൊണ്ടുപോകുന്നത് കാണാം!! ആരെങ്കിലും അതുമാത്രം ശ്രദ്ധിച്ചിരിക്കുന്നതോ, അതിനെ പറ്റി കമന്റ് പറയുന്നതോ കണ്ടിട്ടില്ല!!

മിക്ക കുട്ടികളും ബാഗും കൊണ്ടാണു ബാത്ത്രൂമിലേക്ക് പോകാറുള്ളത്!! ഇത് ആ കുട്ടിക്ക് മേൽ പറഞ്ഞ പീട്യക്കാരന്റെ വികാരം ഉള്ളിൽ ഉറങ്ങിക്കിടക്കുന്നതു കൊണ്ടു തോന്നുന്ന വികാരമായിരിക്കണം! അല്ലെങ്കിൽ ബാഗ് അവൾ ഇരിക്കുന്ന സ്ഥലത്ത് വെച്ചിട്ടാണല്ലോ ഫുഡടിക്കാനും ചായ കുടിക്കാനും ഒക്കെ പോവുന്നത്, ഈ ബാത്ത്രൂമിൽ പോകുമ്പോൾ മാത്രമെന്തിനാ ബാഗ് കരുതുന്നത് എന്ന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്!! ഒരു ചെറുചിരിയാൽ സംസാരവും ഉണ്ടാവുന്നു. പക്ഷേ, സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൈഇയിൽ വെച്ച് പോകുന്നവർക്ക് ഒരു പ്രശ്നക്കാരിയോ പരിഹാസപാത്രമോ ആയി ആൺകാഴ്ചകളിൽ നിറയുന്നത് കണ്ടിട്ടില്ല.

എന്തായാലും ഉപയോഗിക്കാൻ പ്രാപ്തിയുള്ളവർക്ക് ശ്രമിക്കാവുന്നതാണിത്.
…………….
ഓൺലൈനിൽ വാങ്ങിക്കാൻ: goo.gl/QKHLEf
അനുബന്ധവായന: goo.gl/NVSAVU
വിക്കിപീഡിയയിൽ: https://en.wikipedia.org/wiki/Menstrual_cup

—അപ്ഡേഷൻ—-
വിവിധ തരത്തിലുള്ളതും വിവിധ രാജ്യങ്ങളിൽ ഉള്ളതുമായ സംഗതികളെ മനസ്സിലാക്കാൻ പറ്റിയ ഒരു സൈറ്റ്:
https://menstrualcupreviews.net/comparison/?company_name=ASC

ഇതേകാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റിയപ്പോൾ ഒരു ഫ്രണ്ട് വന്നു ചോദിച്ച കാര്യത്തിന് ഉത്തരം കൊടുത്തതുകൂടി ഒരു തമാശയ്ക്കായി ചേർക്കുന്നു. 🙂
ചോദ്യമിതായിരുന്നു: എല്ലാം മനാസിലായി. ചെരുപ്പിനു നാലു ചവിട്ടു കൊടുക്കുന്നതെന്തിനാണെന്നൊഴിച്ച്…
ഇതിന് എന്റെ ഉത്തരമാണു താഴെ ഉള്ളത്: ചവിട്ടിക്കഴുകൽ എന്നു പറയും… കാലിൽ വന്നു കെണിഞ്ഞ് ദിവസേന ബുദ്ധിമുട്ടിക്കുന്നതിലുള്ള ശിക്ഷ!

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation

 

മൂന്നു പെണ്ണുങ്ങള്‍

മൂന്നു പെണ്ണുങ്ങള്‍
യാദൃശ്ചികങ്ങളായി നമ്മുടെ ജീവിതത്തിലേക്ക് പലതും കടന്നു വരാറുണ്ട്. പലപ്പോഴും അല്പം കൗതുകം മാത്രം ബാക്കിവെച്ചുകൊണ്ടവ വിസ്‌മൃതിയിലേക്കു മറഞ്ഞുപോവുകയും ചെയ്യും. (more…)

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights