Skip to main content

ഗൗരിയമ്മ

1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 – 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു.

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

വി. എസ്. അച്യുതാനന്ദൻ

കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ് വി എസ്.

1980-92 കാലഘട്ടത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി.[6] അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന്‌ കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന്‌ ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു. തന്റെ വലംകൈ ആയിരുന്ന കണ്ണൂരിലെ ശക്തനായ നേതാവ് പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷം ആണ് വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി. എസും വിരുദ്ധ ചേരികളിലായി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി ആധിപത്യം ഉറപ്പിച്ചു. പിന്നീട് നടന്ന കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിൽ അതാവർത്തിച്ചു.ആലപ്പുഴ എത്തിയപ്പോൾ അത് പൂർണമായി.വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.

പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ “ചില തന്തയില്ലാത്തവർ അങ്ങനെയും പറയും”എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.

പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി

സമരത്തിന് ഇടവേളകളില്ല, കേരള വികസന സങ്കല്‍പ്പങ്ങള്‍, ഇടപെടലുകള്‍ക്ക് അവസാനമില്ല തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

വിക്കിപീഡിയയിൽ…

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്നേക്കു 100 വർഷങ്ങൾ പൂർത്തിയാക്കുന്നു. 1920 ഒക്ടോബർ 17-ന് സോവിയറ്റ് യൂണിയനിലെ (ഇന്ന് ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്നു) താഷ്കന്റിൽ വെച്ച് രൂപീകൃതമായത് മുതൽ, 1964 ഒക്ടോബർ 31-ലെ സി.പി.ഐ. (എം) രൂപീകരണത്തിന് ഇടയാക്കിയ പിളർപ്പ് വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷിയെ വിശേഷിപ്പിക്കുവാൻ ഇന്നുപയോഗിക്കുന്ന നാമമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത്.  അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ തീയതിയെ കുറിച്ച് പലവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സി.പി.ഐ.-യുടെ നിലപാട് പ്രകാരം 1925-ൽ കാൺപൂരിൽ വെച്ചാണ് അവിഭക്ത സി.പി.ഐ. രൂപീകൃതമായത് എന്നാണ്. എന്നാൽ സി.പി.ഐ.(എം)-ന്റെ നിലപാടാകട്ടെ, 1920-ൽ താഷ്കന്റിൽ വെച്ചാണ് സംഘടന രൂപീകരിച്ചതെന്നും.

ചരിത്രയാത്ര
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 ന്. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കൻ്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33)

പാർട്ടി കേരളത്തിലും
1939 ഒക്ടോബർ 13 ന് പിണറായി പാറപ്രം സമ്മേളനത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു.

പുന്നപ്ര-വയലാർ സമരം
1946 ഒക്ടോബർ 24-27 ദിവാൻ്റെ പട്ടാളവും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. വെടിവെയ്പ്പുകളിൽ നിരവധിപ്പേർ മരണപ്പെട്ടു.

ലോക്സഭയിലെ മുഖ്യപ്രതിപക്ഷം
1952 ഏപ്രിൽ 17 ഒന്നാം ലോക്സഭയിലെ മുഖ്യപ്രതിപക്ഷം സിപിഐ. എ.കെ.ഗോപാലൻ ലോക്സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്

ബാലറ്റിലൂടെ ഭരണത്തിൽ
1957 ഏപ്രിൽ 5 ന് ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരമേറ്റു. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു
1964 ഏപ്രിൽ 11 കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഐ(എം) രൂപീകരിച്ചു.

അച്യുതമേനോൻ കേരള മുഖ്യമന്ത്രി
1969 നവംബർ ഒന്ന് കോൺഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രി. തുടർച്ചയായി 7 വർഷം മുഖ്യമന്ത്രി പദത്തിൽ.

ബംഗാളിൽ ചരിത്രവിജയം
1977 ജൂൺ 21 പശ്ചിമ ബംഗാളിൽ സിപിഎം ഭരണം പിടിച്ചു. ജ്യോതി ബസു മുഖ്യമന്ത്രി.

ത്രിപുരയിലും ഭരണം
1978 ജനുവരി 5 ത്രിപുരയിലും സിപിഎം അധികാരത്തിൽ. നൃപൻ ചക്രവർത്തി മുഖ്യമന്ത്രി.

ഗൗരിയമ്മയെ പുറത്താക്കി
1994 ജനുവരി ഒന്ന് കെ.ആർ.ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കി.

ചരിത്രപരമായ മണ്ടത്തരം(സി പി എം)
1996 ൽ ഇന്ത്യൻ പ്രധാനമന്ത്രി പദം ജ്യോതി ബസുവിന് ക്ഷണം. വാഗ്ദാനം പാർട്ടി നിരസിച്ചു. ചരിത്രപരമായ മണ്ടത്തരം എന്നാണ് പിന്നീട് ഈ തീരുമാനത്തെ വ്യാഖ്യാനിച്ചത്.

ബംഗാളിൽ അധികാരത്തിൽ നിന്ന് പുറത്തായി
2011 മേയ് 13 പശ്ചിമബംഗാളിൽ സിപിഎം അധികാരത്തിൽ നിന്ന് പുറത്തായി. തുടർച്ചയായ 34 വർഷത്തെ സിപിഎം ഭരണത്തിനു വിരാമം.

വിസ്മയ വിലാപം

Vismaya Kannur CPIM BJP കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ –
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ,
കൊന്നുവോ നിങ്ങളെൻ ജീവിതത്തൂണിനെ?

കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ?
കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ
കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം-
മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ?
കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ?

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?


കണ്ണൂനീർ വിലാപം

ഇതൊരു കവിതയാണ്. സംസ്ഥാന സ്കൂൾ കലോത്സവസമയത്ത് കണ്ണൂരിൽ രാഷ്ട്രീയകാര്യങ്ങളാൽ ഒരാൾ കൊലചെയ്യപ്പെട്ട സമയത്ത് മകൾക്ക് സമൂഹത്തോടു പറയാനുള്ളത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിച്ചതാണിത്. ഇതുപോലുള്ള എത്രയെത്ര കുഞ്ഞുങ്ങളുടെ കണ്ണീരിനാൽ തപ്തമായതാണിവിടുള്ള രക്തക്കൊടികൾ ഒക്കെയും!! പാർട്ടിപ്രവർത്തകരെല്ലാവരും തന്നെ ഇരുട്ടിനെ മറയാക്കി നീങ്ങുന്ന രാക്ഷസജന്മങ്ങൾ മാത്രമാണിന്ന് പറയേണ്ടിവരുന്നു. രക്തവിപ്ലവത്തിലൂടെ നിലനിർത്താവുന്നതാണോ ഇന്നത്തെ ഭരണവ്യവസ്ഥ!! ഒക്കെ മാറിയത് അറിഞ്ഞില്ലെന്നാണോ കരുതേണ്ടത്. കവിത ആരെഴുതിയതാണെന്നറിയില്ല. ഇതെഴുതാൻ മാത്രം കാവ്യശേഷി ആ കുഞ്ഞുമോൾക്കുണ്ടോ എന്നും അറിയില്ല 🙁 അവിടെ കാര്യങ്ങൾ ഇത്രേ ഉള്ളൂ; ഒരാളെ കൊന്നു, പതിവുപോലെ എതിർപാർട്ടിയെ എല്ലാവരും പറഞ്ഞു; അവരതു നിഷേധിച്ചു – പിൻബലത്തിനായി കള്ളക്കഥകളും നിരത്തി – ഞങ്ങളല്ല, കലോത്സവസമയമയതിനാൽ ഞങ്ങളെ കുറ്റപ്പെടുത്താൻ അവർതന്നെ അവരിൽ ഒരാളെ കൊന്നതെന്ന ന്യായമായിരുന്നു പ്രധാനം. പക്ഷേ, ഒളിവിലായ രണ്ടുപേരെ ഒഴിച്ച് എട്ടുപേരിൽ ബാക്കി ആറുപേരെ പൊലീസ് ഉടനേ പിടിച്ചു; കാര്യങ്ങൾ തെളിയിച്ചു. എന്നും നടക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നു… പക്ഷേ, ആളുകൾ ഇതൊക്കെയും കണ്ടിട്ടും ഒന്നും തന്നെ മാറിച്ചിന്തിക്കുന്നില്ല എന്നതും പറയേണ്ടി വരുന്നു.

രാഷ്ട്രീയം ഇന്നൊരു ജ്വരം പോലെയാണു മിക്കവർക്കും. തന്റെ സ്വഭാവമോ ഗുണമോ എന്തൊക്കെയോ ആണെന്നൊരു വിശ്വാസം പോലെ. ഇന്നു കാണുന്ന രാഷ്ട്രീയങ്ങൾ ഇങ്ങനെയാണ്.. 1) ഒരു വിശ്വാസം പോലെ ശക്തമായ വികാരമാണ് ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയം, 2) ഒരു ജന്മവികാരം പോലെ കാഠിന്യമാണു പലർക്കും പാർട്ടികൾ – ചെയ്യുന്നത് തെറ്റോ ശരിയോ ആവട്ടെ ന്യായീകരിക്കലാണ് ഇവർക്കു മുഖ്യം, 3) അന്യായമായ രീതിയിൽ പണം സമ്പാദിക്കാനുള്ള ഒരു ഉപാധിയാണു പാർട്ടികൾ, സ്വജനക്ഷേമമോ, വായ്പ്പകളോ ഒക്കെ ഏറ്റെടുത്ത് നടത്താനെന്ന പേരിൽ കോടികൾ പോക്കറ്റിലാക്കുന്ന ഇവർ പാർട്ടിയോടൊപ്പം തന്നെ കാണുമെങ്കിലും മുകളിൽ പറഞ്ഞ വിശ്വാസമോ വികാരമോ ഒന്നും ഇവർക്കുണ്ടാവില്ല. ഇതൊക്കെ തെളിവുസഹിതം നിരത്തി മാറ്റങ്ങൾ വേണമെന്ന് പറഞ്ഞു കാര്യങ്ങളൊക്കെ ഒരാളെപോളും മനസ്സിലാക്കാൻ പറ്റില്ല. നിങ്ങളുടെ നാട്ടിൽ അങ്ങനെയൊക്കെ ആണെങ്കിൽ ഞങ്ങളുടെ നാട് അങ്ങനെയല്ല എന്നും പറഞ്ഞ് തിരികെ വന്നാൽ വായടച്ചു നിൽക്കുകയല്ലാതെ എന്തു ചെയ്യാനാവും. എല്ലാവർക്കും സ്വയം ഒന്നു ചിന്തിക്കാൻ നോക്കാൻ പര്യാപ്തമാണ് ഇത്തരം കവിതകൾ എന്നേ ഉള്ളൂ. മരിക്കുന്നവർക്കും വേണ്ടപ്പെട്ടവരുണ്ട്; എല്ലാർക്കുമെന്നപോലെ തന്നെ – പിതാക്കളും സഹോദരങ്ങളും മക്കളും പങ്കാളികളും സൗഹൃദവലയവും ഒക്കെ കാണും. പാർട്ടികളോട് വിടപറഞ്ഞ് മാറി നിൽക്കാമെന്നല്ലാതെ ഇന്ന പാർട്ടിയാണു നല്ലതെന്നു പറയാൻ ഏതുപാർട്ടിയാണ് ഇന്നുള്ളത്. ഒരാളെ കൊന്നുകഴിഞ്ഞാൽ അത് ചെയ്തത് ഞങ്ങളല്ല; ഞങ്ങളെ പഴിപറയിക്കാൻ കലോത്സവദിവസം തന്നെനോക്കി അവർതന്നെ ചെയ്തതാണെന്നുള്ള നർമ്മസല്ലാപങ്ങളും കൊലയാളികൾ നടത്തുന്നു. ദയനീയം എന്നേ പറയേണ്ടതുള്ളൂ.

മാറ്റങ്ങളൊക്കെ ഓരോ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. പഴമയാണു മുഖ്യം; പാരമ്പര്യമാണു പ്രധാനം എന്നൊക്കെ പറഞ്ഞ് പഴമയെ തിരികെ കൊണ്ടുവരാനും പറഞ്ഞ് ചിലരൊക്കെ രംഗത്തുണ്ട്! ക്ഷേത്രങ്ങൾക്ക് പേരുമാറ്റി പഴമയെ ഒളിപ്പിക്കുന്നു; പുതുമയുടെ വേഷവിധാനങ്ങളെ അമ്പലങ്ങളിൽ നിന്നും മാറ്റി നിർത്തുന്നു ഇങ്ങനെയൊക്കെ തുടങ്ങുന്നു അത്. ഏതു പഴമയാണവരൊക്കെ ഉദ്ദേശിക്കുന്നത് എന്ന് വെറുതേ ഓർത്തുനോക്കാം – വെറുതേ മാത്രം! ബ്രാഹ്മണമതത്തിന്റേയോ ദ്രാവിഡരുടേയോ ബുദ്ധമതമോ ജൈനമതമോ അതോ അതിനൊക്കെ മുമ്പുള്ള പ്രാകൃതസംഗതികളോ!! ജാതിയും മതവും വർഗവും ഇല്ലാതെ നാണം മറയ്ക്കാൻ തുണിപോലും ഉടുക്കാതെ വനാന്തരങ്ങളിൽ ഭക്ഷണത്തിനായി അലഞ്ഞു തിരിഞ്ഞാ പഴയ പാര്യമ്പര്യം… അതായിരിക്കുമോ ഇനി സുന്ദരപാരമ്പര്യം? കാര്യമില്ലാത്ത ചിന്തകളാണതൊക്കെയും. രാഷ്ട്രീയപാർട്ടികളും ഇങ്ങനെയൊക്കെ തന്നെ. സ്വാതന്ത്ര്യം നേടുന്നതിൽ കോൺഗ്രസ് പാർട്ടി വഹിച്ച പങ്ക് നിസ്തുലമാണ്. സ്വാതന്ത്യം കിട്ടിയ ശേഷം ഗാന്ധിജി തന്നെ നേരിട്ട് അത് പിരിച്ചു വിടണം എന്നും പറഞ്ഞു. കേരളത്തിൽ കമ്മ്യൂണിറ്റുപാർട്ടിയും ഇങ്ങനെ നല്ലൊരു പരിശ്രമത്തിലൂടെ വളർന്നുവന്നതായിരുന്നു. നാരായണഗുരു വിളയിച്ചെടുത്ത ഒരു ഭൂമി അവർക്കുകിട്ടി എന്നതുമാത്രമേ മുഖ്യമായുള്ളൂ. പക്ഷേ, ആ പഴമകളൊക്കെ ഇപ്പോൾ പറഞ്ഞുനടന്ന് വോട്ടിനായി മാത്രം ആളുകളെ പിടിക്കുന്നത് പഴമവേണം, പാരമ്പര്യം വേണം, അതിലെ മൂല്യങ്ങൾ വേണം എന്നു ശഠിക്കുന്നതുപോലെ മണ്ടത്തരം മാത്രമാണ്. ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നല്ലൊരു ജനത കാര്യക്ഷമമായി തന്നെ മാറിചിന്തിക്കും. പരസ്പരം കൊന്നുകൊണ്ടു ശക്തിതെളിയിച്ചു നടക്കുന്ന കപടരാഷ്ട്രീയതയല്ല ഇന്നിന്റെ ആവശ്യം. ശോകമൂകമായി നമുക്കല്പസമയം കണ്ടിരിക്കാം; മുകളിൽ കൊടുത്തതു പോലുള്ള കവിതകൾ വായിച്ചു കണ്ണീർ വാർക്കാം… ഒരു മാറ്റം എന്നത് തനിയെ ഉണ്ടാവുന്നതല്ല – വന്നുകൊണ്ടിരിക്കുന്നതാണ്. അതു വരും. നമ്മുടെ മക്കളെങ്കിലും ഇവിടെ നല്ലൊരു സംസ്കാരത്തിൽ ജീവിക്കാൻ പ്രാപ്തരാകണം.

മുകളിലെ കവിതയോടൊപ്പം തന്നെ പ്രചരിച്ച മറ്റൊരു സംഗതി താഴെകൊടുക്കുന്നു. മലയാല പദാവലികളെ സരസവുമായി സമർതഥവുമായുപയോഗിച്ച് അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്ത കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകവിത വായിക്കുന്ന രീതിയിൽ തന്നെ വായിച്ചാൽ ഇതിലെ സങ്കടാവസ്ഥ ഹൃദയത്തിൽ തറയ്ക്കും. നാട്യവും നടനവും കഥകളിയുമൊക്കെ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അരങ്ങുകളിൽ നിറഞ്ഞാടുന്ന വേളയാണല്ലോ ഇത്; കൂടെ കലോത്സവം നടക്കുന്ന അതേ നാട്ടിൽ തന്നെ സാമൂഹ്യദ്രോഹികൾ അഭിനയവും തകർത്താടുന്നു.
cpm murders in kannur BJP
നാട്യം കണ്ടു നടനം കണ്ടു
കഥകളി കണ്ടു കോൽക്കളി കണ്ടു

വെട്ടി നുറുക്കിയ ദേഹം കണ്ടു
പിഞ്ചുകിടാവിൻ കണ്ണീർ കണ്ടു

കലയും കേമം കൊലയും കേമം
കലയും കേമം കൊലയും കേമം

കൊല ചെയ്തിട്ടു പുലമ്പീടുന്നൊരു
കള്ളക്കഥയാണതിലും കേമം
കള്ളക്കഥയാണതിലും കേമം…

അവനവനു തോന്നുന്നത് ചെയ്യാമെന്നേ ഉള്ളൂ. ജീവൻ ബലികഴിച്ചല്ല പാർട്ടി വളർത്തേണ്ടത്. ജീവനെടുക്കാനോ ജീവൻ കൊടുക്കാനോ ഒരു പാർട്ടിയുടേയും മൂക്കുകയർ ആവശ്യമില്ലെന്നു കരുതുന്നതാണു നല്ലത്. നമുക്കു തോന്നുന്നു പാർട്ടികളെ എതിർക്കാനൊന്നും പോകേണ്ടതില്ല; പക്ഷേ നമുക്കു മാറി നിൽക്കാനാവും. ഇതുമാതിരി ഒരിക്കലെങ്കിലും നിങ്ങൾക്കു തോന്നിയാൽ ഇത്തരം പാർട്ടികളോട് വിടചൊല്ലാം. വിടപറയാൻ മനസ്സനുവദിച്ചാലോ അല്ലെങ്കിൽ മൗനമായി കണ്ടിരിക്കാൻ പ്രേരിപ്പിച്ചാലോ അതൊക്കെയാവും ഇന്ന് നല്ലത്. ഒന്നും കാണാതിരിക്കുകയല്ല വേണ്ടത്, എല്ലാം കണ്ടുകൊണ്ടുതന്നെ മൗനിയാവാം. നമ്മുടെ പാത പിന്തുടരുന്ന ചിലരൊക്കെ വരും. വരും തലമുറയെ അവരാണു നയിക്കേണ്ടത്. നല്ലവഴി കാണിക്കേണ്ടവർ നമ്മളല്ലാതെ വേറാരാണ്. മുകളിലെ കവിത ഇതൊക്കെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.

മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇനി പുതിയ പ്രത്യയശാസ്ത്രം!!

മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പാർട്ടിലും മാറ്റങ്ങൽ വരുത്താൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറ്റയൊരുക്കം തുടങ്ങി. പാട്ടിയുടെ പ്രത്യയശാസ്ത്രം തന്നെ തിരന്ത്തിക്കൊണ്ടാവും ഇത്.

എന്താണു പ്രത്യയശാസ്ത്രം? പാർട്ടിയുടെ ലക്ഷ്യങ്ങളേയും, പ്രതീക്ഷകളേയും, പ്രവർത്തനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം ആശയങ്ങളുടെ സംഹിതയാണു പ്രത്യയശാസ്ത്രം എന്നു ചുരുക്കി പറയാം. ഒരേ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ മാർഗരേഖ! തൊഴിലാളിവർഗസർവാധിപത്യം ഉറപ്പു നൽകുന്ന ജനകീയ ജനാധിപത്യവിപ്ലവം എന്ന ആശയമായിരുന്നു പാർട്ടിയുടെ ഇത്രനാളത്തെ മുഖ്യ അജണ്ട. അതിനനുസരിച്ച് കാലാകാലങ്ങളിൽ പാർട്ടി ചില നയങ്ങൾ എടുത്തു വന്നിരുന്നു. പ്രഖ്യാപിതനയത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി ഇടയ്‌ക്കു കൈക്കൊള്ളുന്ന ഈ കുറുക്കുവഴികളെ അടവുനയം എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്നു… എന്തായാലും മാറുകയാണ് എല്ലാം. പുതിയ ലക്ഷ്യവും മാർഗവും ഒക്കെ മാറ്റി ഡിഫൈൻ ചെയ്യുമ്പോൾ പാർട്ടിയുടെ പേരും മാറ്റുമോ എന്തോ!! കണ്ടറിയാം.

എന്നാലും ഒരു കുഞ്ഞു സശയം ബാക്കി നിൽക്കുന്നു: ശരിക്കും കാലത്തിന്റെ മാറ്റമായിരിക്കുമോ അതോ സഖാക്കളുടെ സുഖാന്വേഷണ ജീവിതരീതിയിലും ചിന്താഗതിയിലും വന്ന മാറ്റമായിരുക്കുമോ പാർട്ടിയുടെ പ്രത്യയശാസ്ത്രം പുതുക്കിപ്പണിയാൻ പ്രേരിപ്പിച്ച ഘടകം?  

തെളിച്ച വഴിയേ പോയില്ലെങ്കിൽ പോവുന്ന വഴിയേ തെളിക്കുക എന്നു പറഞ്ഞുകേട്ടിട്ടുണ്ട്…!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights