Skip to main content

നാം ജീവിക്കുന്ന സമൂഹം

കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സംഘടന വിദ്യാഭ്യാസ ഉപസമിതി നടത്തിയ ശാത്രക്ലാസ് പരമ്പരയിൽ രണ്ടാമതായി കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ആയിരുന്ന ഡോ: എം. ടി. നാരായണൻ നടത്തിയ പ്രഭഷണത്തിന്റെ രത്നച്ചുരുക്കം അണിവിടെ കൊടുത്തിരിക്കുന്നത്. നാം ജീവിക്കുന്ന ലോകം; നാം ജീവിക്കുന്ന കാലം എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത് ക്ലാസ് ആയിരുന്ന നാം ജീവിക്കുന്ന സമൂഹം എന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചതായിരുന്നു ഇത്. ഡിസംബർ 9 2021 രാത്രി 8 മണിക്കായിരുന്നു ഈ പ്രഭാഷനം നടന്നത്. പ്രഭാഷണം കേട്ടപ്പോൾ കുറിച്ചിട്ട നോട്ടുകളാണിവിടെ കൊടുക്കുന്നത്.

പൂർവ്വകാലം

Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans എന്നു തുടങ്ങി മനുഷ്യ ഗണത്തിൽ പെട്ട പലതരം ജീവികൾ അന്നുണ്ടായിരുന്നു. പക്ഷേ, ചരിത്രത്തിൽ അവശേഷിച്ചത് ഹോമോ സാപ്പിയൻസ് മാത്രമായിരുന്നു.ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് പിടിച്ചു നിന്നു. സമൂഹമായി കൂട്ടം ചേർന്ന് അതിജീവനത്തിന്റെ പാതയിൽ അവർ ഒന്നിച്ചു എന്നു വേണം കരുതാൻ. നമ്മുടെ പൂർവ്വികർ അനാദികാലം മുതലേ ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്നു എന്നൊരു സങ്കല്പം ഉണ്ടായിരുന്നു. ആ അനാദികാലം എന്നത് അത്രപുരാതനമല്ലെന്നും 65000 വർഷങ്ങൾ പുറകോട്ടു നടന്നാൽ നമുക്ക് നമ്മുടെ വംശപൈതൃകത്തിന്റെ കഥയറിയാമെന്നും പറഞ്ഞ്, ആഫ്രിക്കയിൽ നിന്നും ഹോമോസാപ്പിയൻസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്ന കഥ പറയുന്ന ടോണി ജോസഫ് എന്ന പത്രപ്രവർത്തകന്റെ പുസ്തകമാണ് ആദിമ ഇന്ത്യക്കാർ എന്ന Early Indians. നാലു കുടിയേറ്റങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു എന്നവിടെ വിശദീകരിക്കുന്നു. ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്.

നവീനശിലായുഗം

സാപ്പിയൻസ് ഉള്ള ഹോമോസ് തുടക്കം മുതലേതന്നെ കൂട്ടം ചേർന്നു ജീവിച്ചു വന്നിരുന്നു. സമൂഹം എന്നത് ഉപജീവനത്തിനുള്ള മാർഗവുമായി മാറുകയായിരുന്നു. കൂട്ടം ചേർന്നവർ നിത്യജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരായി. ഏകദേശം ക്രി. മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെ മനുഷ്യസമൂഹത്തിൽ രൂപം പൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു – നവീനശിലായുഗം. നവീനശിലായുഗത്തിൽ കാർഷിക വൃത്തിയിലേക്ക് സമൂഹം എത്തി ചേർന്നു. കൃഷിയുടെ കണ്ടു പിടുത്തവും വ്യാപനവും നവീന ശിലായുഗത്തിൽ ആരംഭിച്ചത് സമൂഹത്തെ വൻതോതിൽ മാറ്റിയെടുത്തിരുന്നു. ബാക്കിവന്ന ചോറാണു സംസ്കാരം (എം. എൻ. വിജയൻ മാഷ്). കൃഷി നവീനശിലായുഗ വിപ്ലവത്തിന്ന് കാരണമായി എന്നു പറയാം. തുടർന്ന് വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ (ചാൽക്കോലിത്തിക്ക്) , വെങ്കലയുഗ സംസ്കാരങ്ങളിലോ നേരിട്ട് അയോയുഗ സംസ്കാരത്തിലോ ലോഹ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു. ഒന്നിൽക്കൂടുതൽ മനുഷ്യ വർഗ്ഗങ്ങൾ നിലനിന്ന പ്രാചീന ശിലായുഗത്തിൽ നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വർഗ്ഗമേ (ഹോമോ സാപിയൻസ് സാപിയൻസ്) എത്തിയുള്ളൂ. അതോടൊപ്പം നദീതട സംസ്കാരം ഉടലെടുത്തു. വെങ്കലയുഗ നാഗരികത വളർന്നു വന്നു. മെസെപ്പെട്ടോമിയൻ നാഗരികത ഇതായിരുന്നു. 5000 വർഷം മുമ്പുള്ള നാഗരികത ആയിരുന്നു അത്.

മെസെപ്പെട്ടോമിയ

മെസെപ്പെട്ടോമിയ എന്നാൽ നദികൾക്കിടയിലെ പ്രദേശം. യൂഫ്രട്ടീസ് – ടൈഗ്രീസ് നദി തീരങ്ങളിൽ വന്ന മെസെപ്പെട്ടോമിയൻസ് നാഗരികതയിലാണ് 60 തിനെ അടിസ്ഥാന യൂണിറ്റാക്കിയാണ്, വാച്ചിലെ 60 സെക്കന്റും 60 മിനിറ്റും ഒക്കെ വന്നതും അതുവഴിയാണ്. എഴുത്തിവിദ്യയുടെ ആവിർഭാവവും അന്നായിരുന്നു. അയ്യായിരം കൊല്ലങ്ങൾക്ക് മുന്നേ സുമേറിയൻ ജനതയിൽ ഒരു വിഭാഗം ഇവിടെ ജീവിക്കാൻ തുടങ്ങിയിരുന്നു.

ഇരുമ്പുയുഗം

മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം എന്നറിയപ്പെടുന്ന ഇരുമ്പുയുഗം. ഇരുമ്പിന്റെ കണ്ടു പിടുത്തവും അതിന്റെ വ്യാപനവും ആണു പിന്നെ വന്നൊരു നേട്ടം. കൃഷിയുടെ വ്യാപനത്തിന് അതുപകരിച്ചു. ഇന്ത്യയിൽ ഇരുമ്പുയുഗം എന്നാണ് തുടങ്ങിയതെന്നു നിശ്ചയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇന്നേവരെ കിട്ടിയിട്ടില്ല. മോഹഞ്ജൊദരോ, ഹാരപ്പാ, തക്ഷശില മുതലായ കേന്ദ്രങ്ങളിൽ നടത്തിയ ഉത്ഖനനങ്ങൾ ഇന്ത്യയിലെ അയോയുഗത്തെ സംബന്ധിച്ച പല തെളിവുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബി.സി. 1000-നും 200-നും മധ്യേയാണ് ഇന്ത്യയിൽ അയോയുഗം തുടങ്ങിയതെന്നാണ് പൊതുവേയുള്ള ധാരണ.

മഗധ

ഇന്നത്തെ ഇന്ത്യ 16 ജനപഥങ്ങളായി വന്നത് ആ സമയത്തായിരുന്നു. കാംബോജം, ഗാന്ധാരം, കുരു, പാഞ്ചാലം, കോസലം, മഗധ, മല്ല, കാശി, വജ്ജി അഥവാ വൃജ്ജി, അംഗ, ശൂരസേന, വത്സ അഥവാ വംശ, മത്സ്യരാജവംശം (അഥവാ മച്ഛ), അവന്തി, ചെട്ടിയ, അസ്സാക എന്നിവയാണവ. പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ ഒന്നാണ് മഗധ. കൃഷി വ്യാപിക്കുന്നതോടു കൂടി, മഗത സംസ്കാരമാണ് മറ്റു 15 ജനപഥങ്ങളേയും തളർത്തി വളർന്നു വന്ന ജനപഥം. മറ്റു ജനപദങ്ങൾ ആക്രമിച്ചു കീഴടക്കി ഇവർ മഗധയുടെ അതിർത്തി വികസിപ്പിക്കുകയായിരുന്നു എന്നു പറയാം. ഇന്ത്യൻ ചരിത്രത്തിൽ മധ്യകാലഘട്ടമാണിത്. ഫ്യൂഡലിസം നിലനിന്നിരുന്ന ജനപഥമായിരുന്നു അത്. തന്റെ സുരക്ഷയ്ക്കായി അപ്രമാധിത്വമുള്ള ഒരു വിശ്വാസത്തിനു കീഴിൽ ആൾക്കാർ അണിനിരന്നു. ഇരുണ്ടകാലഘട്ടം എന്നും ഇക്കാലത്തെ വിളിക്കാറുണ്ട്. ഏകദേശം 200 വർഷങ്ങൾ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപദമായി വളർച്ചപ്രാപിച്ചത്. ഇരുമ്പ് യുഗത്തിൽ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ മേന്മകൾ, ഭൂമിയുടെ ഫലഭൂയിഷ്ഠത, സൈന്യസംഘടനത്തിന്റെ തുടക്കം, മഗധയിലെ സമൂഹത്തിന്റെ ഫ്യൂഡലിസ്റ്റ് യാഥാസ്ഥികമല്ലാത്ത സ്വഭാവം ഇങ്ങനെ എടുത്തു പറയാൻ പല കാര്യങ്ങൾ ഈ സംസ്കാരത്തിൽ ഉണ്ട്. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു. തുടർന്ന് മൗര്യൻ കാലഘട്ടമായിരുന്നു.

ഇന്നത്തെ ഇന്ത്യാ ഭൂഖണ്ഡം മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് മൗര്യകാലഘട്ടത്തിലാണ്. ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ള ഭരണമായിരുന്നു മൗര്യന്മാരുടേത്. മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാർഗ്ഗം. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം. ലോകപ്രശസ്ത്മായ സർവ്വകലാശാല അവിടെ നില നിന്നിരുന്നു. കലിംഗയുദ്ധത്തിലെത്തിനിന്ന തുടർച്ചയായ യുദ്ധങ്ങളിലൂടെ വളർത്തപ്പെട്ട മൗര്യ സാമ്രാജ്യം 232ബി സി യിൽ അശോകന്റെ വിടവാങ്ങലിനു ശേഷം തകർന്നു തുടങ്ങി.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ വിശ്വാസികളുടെ ദൈവതുല്യനും ആയിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ അപ്പച്ചൻ. ഇദ്ദേഹം ചെറുപ്പകാലത്തുതന്നെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും ക്രിസ്തീയ സമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ മൂലം 1908-ൽ ഇതിൽ നിന്നും പിന്മാറുകയുണ്ടായി. അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ സഭയുടെ വിവേചനം അയിത്തജാതികളെ സംഘടിപ്പിച്ച് ജാതിവ്യവസ്ഥക്കെതിരെ കലാപം തുടരാൻ അദ്ദേഹത്തിന് പ്രചോദനമായി. 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചു. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേരിൽ പൊയ്കയിൽ ശ്രീകുമാരഗുരു സ്ഥാപിച്ച സഭ ഒരു മതം പോലെ തന്നെയായിരുന്നു. മരിച്ചു കഴിഞ്ഞല്ല ജീവിതം, പ്രത്യക്ഷ ജീവിതത്തിലുള്ള മുന്നേറ്റം തന്നെയാണതു എന്നണിവരുടെ പ്രമാണം. സ്ത്രീസമത്വത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. നവോദ്ധാനകാലം വന്നതു പിന്നെയാണ്. ഇറ്റലിയിൽ 14 ആം നൂറ്റാണ്ടിൽ ഇതാദ്യമായി ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ബംഗാളിൽ 19 ആം നൂറ്റാണ്ടിലെ ആദ്യ സമയത്തും കേരളത്തിൽ 19 ആം നൂറ്റാണ്ടിന്റെ അവസാനവും ആയിരുന്നു നവോദ്ധാനകാലം കടന്നുവന്നത്.

നവോദ്ധാനകാലം

മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇറ്റലിയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്ന, ഏകദേശം 14-ആം നൂറ്റാണ്ടു മുതൽ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരികപ്രസ്ഥാനമായിരുന്നു. മാനവികതയ്ക്കായിരുന്നു ഇവിടെ പ്രാധാന്യം. യുക്തിക്ക് നിരക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി ജനാധിപത്യ ബോധത്തോടെയുള്ള ഇടപെടലാണിത്. നവോദ്ധാനകാലഘടത്തിലാണിത് ഈ ചിന്തകൾ പ്രബലമായി വന്നത്. 1888 ഇൽ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങി 10 വർഷം നീണ്ടു നിന്ന നവോദ്ധാന ഉണർവ് ശ്രദ്ധേയമാണ്. ബൌദ്ധിക മേഖലകളിൽ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. നവോത്ഥാനത്തിന്റെ ആദ്യചുവടുവയ്പുകൾ നടത്തിയത് ബംഗാളിലെ നവവരേണ്യവിഭാഗമായിരുന്നു. രാജാറാം മോഹൻ റോയ് ആയിരുന്നു ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യസാരഥി. . യുക്തിഹീനമായ ആചാരാനുഷ്ഠാനങ്ങളെ അദ്ദേഹം എതിർത്തു. ഇംഗ്ളീഷ് വിദ്യാഭ്യാസവും ശാസ്ത്രപഠനവും സാമൂഹികമുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. വിഗ്രഹാരാധനയെ ശക്തമായി എതിർക്കുകയും, സതിനിരോധനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1828-ൽ അദ്ദേഹം ‘ബ്രഹ്മസമാജം’ സ്ഥാപിച്ചു. ശ്രീമൂല പ്രജാസഭയും മനോരമ പത്രവും ഇന്ദുലേഖ എന്ന മലയാളത്തിലെ ആദ്യ നോവലും മലയാളി മെമ്മോറിയൽ എന്ന പേരിൽ തിരുവിതാം കൂറിൽ തൊഴിലിനു വേണ്ടിയുള്ള സമരരൂപങ്ങൾ വന്നതും ഒക്കെ ഈ സമയത്തു വന്നതായിരുന്നു. അന്വേഷണതൃഷ്ണ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, സാഹിത്യാഭിരുചി തുടങ്ങി ഒരുകൂട്ടം കാര്യങ്ങളിലൂടെ സൈന്റിഫിക് റവലൂഷനിലേക്ക് വരികയായിരുന്നു മാനവികത. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് ഉതകും വഴി, അന്ധവിശ്വാസത്തിനെതിരായി പ്രവർത്തിക്കുന്ന മാർഗദർശിയായി മാറി.

സയൻസ് ദശകം

നാരായണഗുരു ദൈവദശകം രചിച്ചപ്പോൾ അതിന് മറുപടിയായി സഹോദരൻ അയ്യപ്പൻ രചിച്ച കവിതയാണ് സയൻസ് ദശകം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് നാരായണ ഗുരു ഒപ്പമുള്ളവരെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് പാഠഭേദം സൃഷ്ടിച്ചയാളായിരുന്നു സഹോദരൻ അയ്യപ്പൻ. 1916 ലാണ് ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ദൈവദശകത്തിന്റെ രചനാസ്വരൂപത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു സയൻസ് ദശകംവും. ‘കോടിസൂര്യനുദിച്ചാലുമൊഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ’ എന്നതാണതിന്റെ ആദ്യ വരികൾ. ശാസ്ത്രത്തിന്റെ പ്രാമാണികത വിളിച്ചു പറയുന്ന ഈ രചനയിൽ; പുരോഹിതന്മാരെ ഇരുട്ടുകൊണ്ടു കച്ചടവടം നടത്തുന്നവരെന്നാണ് വിശേഷിപ്പിക്കുന്നത്. തികഞ്ഞ നാസ്തികനായ അയ്യപ്പൻ പ്രകൃതി രഹസ്യങ്ങളെന്തെന്ന് വെളിപ്പെടുത്താൻ ആത്മീയതയ്ക്കു സാധ്യമാവില്ലെന്ന് ആഴത്തിൽ വിശ്വസിച്ചു. ശാസ്ത്രത്തിനു മാത്രമേ അത് സാധ്യമാക്കാൻ കഴിയൂ. തന്റെ പ്രവർത്തനങ്ങളിലൂടേയും രചനകളിലൂടേയും ഇക്കാര്യം പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

ആഗോളവത്കരണം

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആഗോളവത്കരണം. കച്ചവ്ടത്തിന്റെ ആഗോളവത്കരണം നടത്തി വലിയൊരു മാറ്റം യൂറോപ്പിൽ 14 ആം നൂറ്റാണ്ടിൽ തന്നെ തുടങ്ങിയിരുന്നു. വ്യാവസായിക വിപ്ലവം മുതലാളിത്തത്തിന്റെ തലം മാറ്റുന്ന തരത്തിൽ വളർന്നുവന്നു. മാനവ ചരിത്രത്തിൽ വലിയൊരു മാറ്റമാണ് വ്യവസായ മുന്നേറ്റം. ലോകം മുഴുവൻ ഒന്നെന്ന നിലയിൽ കഴിഞ്ഞ 30 വർഷങ്ങളിലൂടെ നടത്തിവരുന്ന മുതലാളിത്ത വ്യാപനത്തിന്റെ പ്രകടമായ ദോഷവശങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട്. കൂടാതെ മുതലാളി തൊഴിലാളി ബന്ധങ്ങളിലും കാര്യമായ മാറ്റങ്ങൾ പ്രകടമായി.മുതലാളിമാർ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി കൂടുതൽ സമയം പണിയെടുപ്പിക്കുന്ന അവസ്ഥയും സംജ്ഞാതമായി. പണത്തെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന കാഴ്ചപ്പാടിലേക്ക് മാറിയിട്ടുണ്ട്. മനുഷ്യന്റെ ഏതൊരു കഴിവിനേയും പണത്തിന്റെ മൂല്യത്തിൽ വിപണനം ചെയ്യാൻ തുടങ്ങിയത് ആഗോളവത്കരണത്തിന്റെ കാലത്താണ്. ലക്ഷങ്ങളും കോടികളും സമ്മാനത്തുക നിശ്ചയിച്ച് ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ പലതരം വിപണനതന്ത്രങ്ങൾ നമ്മൾ നിത്യേന കാണുന്നു. ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണ്ണിലൂടെ മാത്രം കാര്യങ്ങളെ കാണാൻ പുതു തലമുറ പഠിച്ച്കിരിക്കുന്നു. കർഷകർ ഒക്കെ ആത്മഹത്യയിലേക്ക് വഴിമാറുന്നു. മുമ്പൊക്കെയും ഒന്നിട്ടിറങ്ങി കാർഷിക വിപ്ലവത്തിലൂടെ പിടിച്ചു നിൽക്കാനായി പൊരുതിയവർ ഇന്ന് ആത്മഹത്യയിൽ അഭയം തേടുന്നു. മാനവികതയെ മാറ്റി നിർത്തുന്ന ഏതൊരു ഇസത്തിനും അധിക കാലം നിലനിൽക്കാനാവില്ല എന്നു ചരിത്രം പറയുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും ചെയ്യുന്നു. പരിസ്ഥിതിയുടെ തകർച്ചയാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തികപ്രവർത്തനങ്ങൾ പ്രകൃതിക്കും പരിസ്ഥിതിക്കും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ല. എന്നാൽ വികസ്വരരാജ്യങ്ങളാണു പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് എന്നു സ്ഥാപിക്കാനാണു സമ്പന്നരാജ്യങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങൾ അവർ ആഗ്രഹിക്കുന്നതരത്തിലുള്ള വികസനം പരിസ്ഥിതിനാശം ഉണ്ടാക്കും എന്ന കാരണത്താൽ നടത്താൻ പാടില്ലായെന്നുവരെ സമ്പന്നരാജ്യങ്ങൾ വാദിച്ചുതുടങ്ങിയിരിക്കുന്നു.

നിലവിലെ രീതി

ശാസ്ത്രചിന്തയുടെ പ്രാധാന്യം ഏറെയുള്ളൊരു കാലമാണിത്. കാരണം, അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തിരഹിതമായ ചിന്തകളിലൂടെ, പലതരം ദോഷങ്ങളുടെ വ്യാപനമാണു നടക്കുന്നത്. പണത്തിന്റെ മൂല്യത്തിലൂടെ മാത്രം ചുറ്റുപാടുകളെ കാണുന്ന സമൂഹം വളർന്നു വരുന്നുണ്ട് നിലവിലുള്ള ദോഷവശങ്ങളെ കൂട്ടുന്നു. കൃത്യമായ ശാസ്ത്രപഠനമാതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി തന്നെ, കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ സമൂഹം മാറേണ്ടതാണ്; അതിനായി ഓരോരുത്തരും പ്രവർത്തിക്കേണ്ടതുണ്ട്.

വാൽകഷ്ണം

വിശ്വസംസ്കാരപാലകരാകും
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാർക്കു നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ
സ്നേഹസുന്ദര പാതയിലൂടെ?
വേഗമാകട്ടെ,വേഗമാകട്ടെ!

കുടിയൊഴിക്കൽ – വൈലോപ്പിള്ളി

സ്റ്റീഫൻ ഹോക്കിംങ്ങ്

Stephen Hawking

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Galileo Galilei
Galileo Galilei
ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ചായിരുന്നു ഹോക്കിങ് നീങ്ങിയത്!

Albert Einstein
Albert Einstein
1963 ൽ 23 വയസ്സായിരുന്നപ്പോഴാണ് ഹോക്കിംങ്ങിന് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (Amyotrophic Lateral Sclerosis)എന്ന തരത്തിൽപെട്ടതും ഇപ്പോഴത്തെ വൈദ്യശാസ്ത്ര അറിവുകൾ വച്ച് ചികിത്സിച്ച് ഭേദപ്പെടുത്താൻ അസാധ്യവുമായ മോട്ടോർ ന്യൂറോൺ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ രണ്ട് വർഷം കൂടി മാത്രമേ ഹോക്കിംങ് ജീവിച്ചിരിക്കാൻ സാധ്യതയുള്ളു എന്നാണ് കരുതിയത്. എന്നാൽ രോഗത്തെ ഭയപ്പെടാതെ ജീവിതം തുടർന്ന ഗവേഷണത്തിൽ മുഴുകിയ ഹോക്കിങ്ങ് രണ്ട് തവണ വിവാഹം കഴിച്ചു.

ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്നു കുട്ടികളുമുണ്ട്. ഇതിനിടെ പ്രപഞ്ചശാസ്ത്രത്തിലും (Cosmology) സൈദ്ധാന്തിക ഭൌതികത്തിലും (Theoretical Physics) മൌലിക സംഭാവനകൾ നൽകി അദ്ദേഹം ശാസ്ത്ര ഗവേഷണ സ്ഥാപങ്ങളിലെ ഉന്നത പദവികൾ കൈവരിച്ചു. നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തി. മരണസമയത്ത് അദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു.

മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി വഹിച്ചിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് (Black Holes) ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഹോക്കിങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഗവേഷണ പ്രബന്ധങ്ങൾ രചിക്കുന്നതിന് പുറമേ ജനകീയ ശാസ്ത്രസാഹിത്യ (Popular Literature ) രചനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം) (A Brief History of Time: 1988) എന്ന പ്രശസ്തമായ ശാസ്ത്രസാഹിത്യ ഗ്രന്ഥം ഒരു കോടി കോപ്പിയാണ് വിറ്റഴിയപ്പെട്ടത്.

മലയാളമടക്കം 30 ഭാഷകളിലേക്ക് ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം തുടങ്ങിയവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ശ്രമമാണ്‌ ഈ പുസ്തത്തിലൂടെ ഹോക്കിങ് വിജയകരമായി നടത്തുന്നത്. തമോഗർത്തവും ശൈശവ പ്രപഞ്ചവും (Black Holes and Baby Universes 1993) അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ ഗ്രന്ഥമാണ്.  ഡോക്ടർമാർ പ്രവചിച്ചപോലെ ഹോംക്കിങ് മരണത്തിന് കീഴ് പ്പെട്ടില്ലെങ്കിലും രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെതുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു.

തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായതിനെ തുടർന്ന് ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കമ്പൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിക്കുന്നത്.

ഏത്ര മാരക രോഗം ബാധിച്ചാലും ഇശ്ചാശക്തിയും പ്രതിബദ്ധതയും നഷ്ടപ്പെടാതിരുന്നാൽ തുടർന്നും സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി മാറുകയായിരുന്നു ഹോക്കിങ്. മരണത്തെ പരാജയപ്പെടുത്തി ലോകമെമ്പാടുമുള്ള രോഗബാധിതരെ പ്രചോദിപ്പിച്ച് കൊണ്ട് ഹോക്കിംഗ് തന്റെ ശാസ്ത്രസപര്യ തുടർന്നു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഹോക്കിങ് തന്റെ ആത്മകഥ എന്റെ സംക്ഷിപ്ത ചരിത്രം എന്ന പേരിൽ (മൈ ബ്രീഫ് ഹിസ്റ്ററി) (My Brief History: 2015) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ..

ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളായിരുന്നു ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights