Skip to main content

പലവഴി ദുരിതങ്ങൾ!!

HDFC-CreditCart-Hack

ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ കർശനനിർദ്ദേശം ഉണ്ടായിരുന്നു. നിലനിൽക്കുന്ന ഓർമ്മയിൽ, ഷിജു അലക്സായിരുന്നു (Shiju Alex) അപ്രകാരം പറഞ്ഞവരിൽ മുമ്പന്തിയിൽ എന്നു തോന്നുന്നു; കാരണം ആക്സിഡന്റ് സമയത്തുള്ള എന്റെ ക്രഡിറ്റ് കാർഡ് കടബാധ്യത നന്നായി അറിഞ്ഞവരിൽ ഒരാളായിരുന്നു അവൻ.

ഇടയിലെന്നോ വന്നുചേർന്ന ദുരിതങ്ങൾ കാരണം, ആരോടും പറയാതെ, ചെറിയ തുകയുടെ ക്രഡിറ്റ്കാർഡ് ഒരെണ്ണം സ്വന്തമാക്കി. അതീവ രഹസ്യമായിരുന്നുവത്!! അപ്രതീക്ഷിതമായി, ഇന്നലെ ഒരു മെസേജ് മൊബൈലിലേക്കു വന്നു: “Rs.3409.01 was spent on ur HDFCBank CREDIT Card ending 1228 on 2018-09-25:13:43:12 at DR MYCOMMERCE IRELAND.Avl bal – Rs.37496.99, curr o/s – Rs.12503.01”

ഞാനിങ്ങനെ ഒന്നും വാങ്ങിയിട്ടില്ലെന്ന കാര്യം അപ്പോൾ തന്നെ ബാങ്കിനെ വിളിച്ചറിയിച്ചു; കലാപരിപാടി രജിസ്റ്റർ ചെയ്യാം, ഇപ്പോൾ കാശു പോവുമെങ്കിലും, ഉടനേ തന്നെ പോയ കാശ് റിട്ടേൺ കിട്ടുമെന്നും ബാങ്ക് പറഞ്ഞു!! അപ്പോൾ തന്നെ അവരാ കാർഡ് ബ്ലോക്ക് ചെയ്തു, “HDFCBank Cr Card ending 1228 is blocked as requested.Incase of any misuse on card, pl file police complaint and send the Dispute Form. Visit hdfcbank.com

കാർഡിന്റെ പിന്നോ മറ്റോ എവിടേയും ഓൺലൈനിൽ സേവ് ചെയ്തു വെച്ചിട്ടില്ല; അതേ സമയം നമ്പർ സേവ് ചെയ്തിട്ടുണ്ട്; അത് ഫ്രീചാർജ് പോലുള്ള ആപ്പുകളിലാണ്. കാരണം ഇടയ്ക്കൊക്കെ ആ ആപ്പ് ഉപയേഗിക്കേണ്ടതുണ്ട്. ഇത്ര ദീർഘമായ നമ്പർ നോക്കി ടൈപ്പ് ചെയ്യാനുള്ള മടിയുമുണ്ട്. എന്തായാലും അരമണിക്കൂറിനുള്ളിൽ ഇന്നലെ സംഭവം തീർത്തു…!

എന്നാലും സംശയം പലമാതിരി ബാക്കി കിടക്കുന്നുണ്ട്!! എന്തുകൊണ്ട്? എങ്ങനെ? ആര്?

പലവഴി ദുരിതങ്ങൾ!! #HDFC #CreditCart #Hack ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ…

Posted by Rajesh Odayanchal on Tuesday, 25 September 2018

അക്ഷയത്രിതീയ

അക്ഷയ ത്രിതീയ - സ്വർണവ്യാപാരത്തിന്റെ തട്ടിപ്പുകഥകൾകുറച്ചു വർഷങ്ങളായി കേട്ടുവരുന്ന ഒരു മഹാ സംഭവമാണ് അക്ഷയത്രിതീയ! ഹിന്ദുക്കളുടെ മറ്റൊരു പുണ്യദിനമായി ഇത് കലണ്ടറിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു! ഈ വർഷത്തെ അക്ഷയത്രിതീയ മെയ് രണ്ട്, അതായത് ഇന്നാണ്! മേടമാസത്തിലെ കറുത്ത വാവിനു ശേഷം വരുന്ന ദിവസത്തോടെ ചാന്ദ്രരീതി പ്രകാരമുള്ള വൈശാഖമാസം ആരംഭിക്കുന്നു. (more…)

കോടികൾ പ്രസവിക്കുന്ന വിശുദ്ധമല!!

ശബരിമലയിലെ കരാറുകൾ തൊട്ടതിലൊക്കെ തട്ടിപ്പാണല്ലോ!!

  1. വാഹനങ്ങൾക്ക് പാർക്കിങ് ഒരുക്കുന്ന കരാർ ലക്ഷങ്ങൾ കുറച്ചു കൊടുത്തു
  2. താൽകാലിക കടകൾ ഉണ്ടാക്കുന്നതിന് വ്യാപാരികൾക്ക് സ്ഥലങ്ങൾ കൊടുത്തതിൽ വൻ ക്രമക്കേട്
  3. വെടി വഴിപാട് കരാർ കാരന് കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിക്കൊടുക്കാൻ വ്യവസ്ഥയുണ്ടായിട്ടും ലക്ഷങ്ങൾ കുറച്ചു കൊടുത്തു…
     വെടിവെക്കുന്നതാവട്ടെ 15 പേർ വഴിപാട് നടത്തുമ്പോൾ ഒന്നുവെച്ചും… 5 രൂപയിൽ കൂടുതൽ ഒരു വഴിപാടിനു വാങ്ങിക്കരുത് എന്ന വ്യവസ്ഥ കാറ്റിൽ പറത്തി 15 രൂപ വരെ വാങ്ങിക്കുന്നു.
  4. പടിപൂജ ചെയ്തു കിട്ടുന്ന തേങ്ങകൾ ശേഖരിക്കാനും വിൽക്കാനും മറ്റും കരാർ കൊടുത്തതിലും ലക്ഷങ്ങളുടെ കുറവ്!
  5. അരവണയെ കുറിച്ചും പരാതി. ഗുണമേന്മയില്ലാത്ത അരവണയിൽ പൂപ്പൽ.കരാറുകാൽ സുരക്ഷാ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്നു, നിയങ്ങളെ നോക്കുകുത്തിയാക്കുന്നു, ഇതിനൊക്കെ ഒത്താശയോടെ ദേവസ്വം ബോർഡ്.
  6. മിക്ക കരാറുകൾക്കും പിന്നിൽ കോൺഗ്രസ്സിലെ സചിവോത്തമ ബന്ധുക്കൾ തന്നെ!!
ഇത്ര വലിയ തട്ടിപ്പുക്കൾ കണ്ട് മൂകസാക്ഷിയായി അയ്യപ്പൻ മലമുകളിൽ നിന്നും പൊട്ടിക്കരയുന്നുണ്ടാവണം. പണ്ട്, പന്തളരാജാവോ ശിവനോ മറ്റോ കെട്ടിയ ആ ബെൽറ്റ് പൊട്ടിച്ചു കിട്ടിയാൽ മാളികപുറത്തമ്മയേയും കൂട്ടി പുള്ളിക്കാരൻ മലയിറങ്ങി രക്ഷപ്പെട്ടേനെ!!

ബാങ്കിങ് തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ

മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയുക മാത്രമാണു ചെയ്തത്. കഴിഞ്ഞ വർഷം ഗൾഫിലുള്ള ഒരു സുഹൃത്ത് പറഞ്ഞു അവൻ ഈ തട്ടിപ്പിനിരയായി എന്ന്! വിദ്യാഭ്യാസവും നല്ല ജോലിയും ലോക പരിചയവും ഉണ്ടായിട്ടും അവൻ ഇവരുടെ ഫിഷിങിൽ വീണുപോയി. RBI യുടെ പേരിൽ അവരുടെ വെബ്‌സൈറ്റ് അഡ്രസ്സും ഇമെയിൽ ഐഡിയും ഒക്കെ ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്ന് എനിക്ക് ആ മെയിൽ മറ്റൊരു ഫോർമാറ്റിൽ വീണ്ടും വരികയുണ്ടായി. മെയിൽ പ്രിന്റ് സ്ക്രീൻ എടുത്ത് അതേ പടി താഴെ കൊടുക്കുന്നു. ചിത്രം ക്ലിക്ക് ചെയ്താൽ വലുതായി കാണാനാവും.

ഇതിൽ പറഞ്ഞിരിക്കുന്ന RBI യുടെ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പോയുന്നത് ആ സൈറ്റിലേക്കല്ല, പകരം ഇങ്ങനെ http://abstractpaintingsserge.com/rss-token/rss-token/token-initiated/index.htm ഒരു ലിങ്കിലേക്കാണ്. അവിടെ നിങ്ങൾക്ക് ഏല്ലാ ബാങ്കുകളുടേയും ലോഗിൻ പേജുകൾ തുറക്കാനാവും. എന്നാൽ ഇവയൊക്കെ തന്നെയും അതാതു ബാങ്കുകളുടെ ലോഗിൻ പേജുകളെ അതേ പോലെ കോപ്പിയടിച്ചുണ്ടാക്കിയ ഫിഷിങ് സൈറ്റുകളാണ്. ഡിസൈൻ മാത്രമേ അതുപോലെ കാണൂ, പുറകിലെ പ്രോഗ്രാം നമ്മളെ ചതിക്കും. യഥാർത്ഥ ബാങ്കിന്റെ ലോഗിൻ പേജുകൾ കണ്ട് പരിചയമുള്ള നമ്മൾ യാതൊരു സംശയവും കൂടാതെ അതിൽ നെറ്റ് ബാങ്കിങിന്റെ യൂസർ ഐഡിയും പാസ്‌വേഡും പിന്നെ അവർ ചോദിക്കുന്ന സകല വിവരങ്ങളും നൽകും. ഈ വിവരങ്ങളൊക്കെ പോകുന്നത്, നിങ്ങൾക്കു മെയിൽ അയച്ചിട്ട് റസ്പോൺസ് കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആ കഴുകന്റെ കമ്പ്യൂട്ടറിലേക്കായിരിക്കും. അവൻ ഒട്ടും സമയം കളയാതെ തന്നെ നിങ്ങളുടെ നെറ്റ് ബാങ്കിങിലൂടെ അതിലുള്ള ക്യാഷ് അവന്റെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ മറ്റെന്തെങ്കിലും സംവിധാനം ഉപയോഗിച്ച് അകൗണ്ടിലേ ക്യാഷ് പിൻവലിക്കുകയോ ചെയ്യും.

തട്ടിപ്പിനിരയായി എന്നു മനസ്സിലാക്കി, നമ്മൾ ബാങ്കിനെ സമീപിച്ച് ഇതു സ്ഥിതീകരിക്കുമ്പോഴേക്കും ബാലൻസ് 0 ആയിരിക്കും. ഇത്തരം ഫിഷിങ് പലമേഖലയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് വളരെ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിതെന്ന് അറിയുക. സെക്യൂരിറ്റി ആവശ്യമുള്ള ഒരു കാര്യം നെറ്റിൽ ചെയ്യുമ്പോൾ അവയുടെ യു.ആർ.എൽ ശ്രദ്ധിച്ചിരിക്കണം. അതിൽ എന്തെങ്കിലും മാറ്റം തോന്നുന്നുവെങ്കിൽ അതുപയോഗിക്കുന്ന മറ്റു ഫ്രണ്ട്സിനോടോ സർവീസ് പ്രൊവൈഡറെ തന്നെയോ സമീപിച്ച് സംഗതി മനസ്സിലാക്കി വെയ്ക്കേണ്ടതാണ്. ബാങ്കിങ് സൈറ്റുകൾ അവരുടെ മെയിൽ സൈറ്റിലൂടെ തന്നെ കയറി ലോഗിൻ ചെയ്യണം.

ഫിഷിങിനെ പറ്റി RBI അവരുടെ സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. കാണുക. കൂടെകൂടെ നെറ്റ് ബാങ്കിങിനെ ആശ്രയിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. കൂടുതൽ വിവരങ്ങൾ അറിയാനായി നിങ്ങളുടെ ബാങ്കിന്റെ സൈറ്റിലുള്ള സഹായപേജുകളിൽ ഇതിനെ പറ്റി കൊടുത്തിരിക്കുന്നതു വായിക്കുക.

പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ

കെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!!
ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു… ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക്  കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു.

അകത്തേക്ക് കയറാൻ 30 രൂപ… അതുകഴിഞ്ഞ് ഉള്ളിൽ കുറച്ച് ഫോട്ടോസ് വെച്ചിരിക്കുന്നത് കാണാൻ 20 രൂപ, ഓരോ മുക്കിലും മൂലയിലും (ഏകദേശം 25 ഓളം പേർ) കൈ ഇല്ലാത്ത കുഞ്ഞിന്റേയും കാലില്ലാത്ത കുഞ്ഞിന്റേയും ചിത്രങ്ങളും മറ്റും വെച്ച് ചാരിറ്റി എന്നും പറഞ്ഞ് പണം പിരിക്കാൻ ആൾക്കാരെ നിർത്തിയിരിക്കുന്നു… പണം പിരിക്കാൻ വലിയ രണ്ട് പ്രതിമയും വെച്ച് വലവിരിച്ചിരിക്കുകയാണിവിടെ ഒരു കൂട്ടം ആൾക്കാർ! ഇസ്‌കോണിന്റെ മാതൃകയിൽ ശിവ പ്രതിമ വെച്ച് വലിയൊരു ബിസിനസ് സ്ഥാപനം!

ഉള്ളിലേക്ക് കയറാൻ രണ്ട് ടിക്കറ്റ് എടുത്തിട്ട് 100 രൂപകൊടുത്ത എനിക്ക്  ബാക്കി നാല്പതു രൂപ കിട്ടിയത് ഏകദേശം മുഴുവനായും നെടുകേ കീറിയ നോട്ടുകളായിരുന്നു. അതു വേണ്ടെന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്കുന്ന പെണ്ണു പറഞ്ഞത്  ഇത് ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല ഭക്തർ തന്നതാണ് എന്ന്! അവിടെ തുടങ്ങി എന്റെ കലിപ്പ്!

വിജയദശമി ദിവസമായതിനാലോ എന്തോ, നല്ല തിരക്കായിരുന്നു അവിടെ. ഇവരീ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും എത്ര ശതമാനം അവർ ചിത്രങ്ങളാക്കി അവിടവിടങ്ങളിൽ കെട്ടിത്തൂക്കി വെച്ച് പാവങ്ങൾക്ക് കിട്ടുന്നുണ്ടാവും?  ഇതിനു ടാക്സും മറ്റും ബാധകമായിരിക്കുമോ?  ആർ. വി. എം. ഫൗണ്ടേഷന്റെ സ്ഥാപകൻ മിസ്റ്റർ. ആർ.വി.എം (പേരെന്താണോ എന്തോ!!) -ന്റെ ബഹുവർണ ചിത്രങ്ങളും ലോഗോയും അങ്ങിങ്ങായിട്ടുണ്ട്!

നാട്ടിൽ നിന്നും ബാഗ്ലൂർ വിസിറ്റിനെത്തുന്നവരെ കാണിച്ചുകൊടുക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. പക്ഷേ, അവിടേക്ക് പോകുമ്പോൾ ഒരുകെട്ട് നോട്ടുകളുമായി പോകേണ്ടി വരും എന്നതാണു പ്രശ്നം! അല്ലെങ്കിൽ അവരിൽ ചിലരുടെ പുച്ഛം നിറഞ്ഞ നോട്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വരും 🙁

വനിത – വനിതകളുടെ വഴികാട്ടി!!


വനിത – വനിതകളുടെ വഴികാട്ടിയെന്നു പരസ്യത്തിൽ പറയുന്നു! പക്ഷേ, ഇവർ കാണിച്ചുകൊടുക്കുന്ന വഴി എങ്ങോട്ട് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ആദ്യമായൊരു വനിത വാങ്ങിച്ചതിന്റെ ചൊരുക്ക് എത്രതന്നെയായാലും തീരുന്നില്ല.

ഇന്നലെ ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി മഞ്ജു വിളിച്ചിട്ട് ഒരു വനിത വാങ്ങിക്കുമോ എന്നു ചോദിച്ചു. ജോലി തപ്പി മടുത്ത മഞ്ജു വീട്ടിലിരുന്ന് ഒരുവിധം മുഷിഞ്ഞതുകൊണ്ടാവും എന്തെങ്കിലും വായിക്കാമല്ലോ എന്നു കരുതി വനിത വാങ്ങിക്കാൻ പറഞ്ഞത്. എവിടെയോ കെട്ടിപ്പൂട്ടിവെച്ച സഞ്ജയകൃതികൾ മുഴുവൻ ഉണ്ട് വീട്ടിൽ, പോയിട്ട് എടുത്തുകൊടുക്കാം എന്നൊക്കെ കരുതി നടക്കുമ്പോൾ വഴിവക്കിൽ തന്നെ നിറയെ മലയാളം വാരികകളും മറ്റും വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. വനിതയും ഉണ്ട് അക്കൂട്ടത്തിൽ. ഏതായലും ഒന്നു വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു. 20 രൂപ.

വീട്ടിലെത്തി അതൊന്നു മറിച്ചുനോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി! മുഴുവൻ പരസ്യം! ആകെ 140 പേജുകൾ ആണുള്ളത്. അതിൽ 70 പേജ് ഫുൾസൈസ് പരസ്യങ്ങൾ! നേരെ പകുതി തന്നെ. അതുകൂടാതെ പകുതി പേജായും ഒരു പേജിന്റെ സൈഡ് ബാറിൽ മുകളിൽ നിന്നും താഴെവരെ ആയും പേജിന്റെ 1/4, 1/8 എന്നീ അളവുകളിലൊക്കെയായി നിരവധി പരസ്യങ്ങൾ നിരന്നിരിക്കുന്നു. ഫുൾ പേജ് സൈസിലുള്ള പരസ്യങ്ങൾ മാത്രം എണ്ണിയെടുത്തു…

ഇനിയതിലെ ഉള്ളടക്കമാണെങ്കിലോ! ഒന്നുരണ്ടു നടന്മാരുമായുള്ള മുഖാമുഖം, പിന്നെ മുഴുവൻ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുറേ ചോദ്യോത്തര പരിപാടികളും! 20 രൂപ മാസാമാസം കൊടുത്ത് ഈ പരസ്യങ്ങൾ വാങ്ങുന്ന വീട്ടമ്മമാരെ നമിക്കണം!

വിശ്വമലയാളം

മലയാളത്തെ ഉദ്ധരിക്കുന്ന സർക്കാർ പരിപാടിയുടെ വെബ് സൈറ്റ് ഇംഗ്ലീഷിൽ! ലോഗോ മാത്രമുണ്ട് മലയാളത്തിൽ. ഇതിന്റെ ഒരു മലയാളം വേർഷൻ കൂടി അതിൽ കൊടുക്കേണ്ടതായിരുന്നു. സൈറ്റ് തീരെ പോരാ. മെനുവിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നത് എറർ മെസ്സേജാണ്. ബാക്ക്ഗ്രൗണ്ട് ഇമേജ് ഫോട്ടോഷോപ്പിൽ സെലക്റ്റ് ചെയ്ത അടയാളം അതേപടി കിടപ്പുണ്ട്! ഇതൊക്കെ ഒന്നു ടെസ്റ്റ് ചെയ്തിട്ട് അപ്ലോഡ് ചെയ്താൽ പോരായിരുന്നോ എന്തോ!! വിശ്വമലയാളികളെ നാറ്റിച്ചേ അടങ്ങൂന്നാണോ? ലോഗോ കാണാൻ ഒരു എടുപ്പൊക്കെ ഉണ്ട്. ആ കളർ തീമെങ്കിലും സൈറ്റിൽ ഉപയോഗിക്കാമായിരുന്നു!
സൈറ്റ്: http://www.viswamalayalam.com/

പടന്നക്കാട് മേൽപ്പാലം – ഉദ്ഘാടനം

പത്തുവർഷത്തിനു മേലെ ആയെന്നു തോന്നുന്നു ഇതിന്റെ പണി തുടങ്ങിയിട്ട്. ഇന്നു രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി ശ്രി. ഉമ്മൻ ചാണ്ടി ഇതിന്റെ ഉദ്ഘാടനം നടത്തിയത്രേ. അല്പം വൈകിയിട്ടാണെങ്കിലും ആ പണി തീർത്തല്ലോ… നന്നായി! കാക്കത്തീട്ടത്തിന്റെ മണം ഇനി ബസ്സ് യാത്രക്കാർ സഹിക്കേണ്ടി വരില്ല എന്ന ആശ്വാസവും ആയി.

മലബാറിലെ ഏറ്റവും നീളം കൂടിയ പാലമാണത്രേ പടന്നക്കാട്ടെ മേൽപ്പാലം.  1200 മീറ്റര്‍ നീളമുണ്ട് ഇതിന്. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ മേൽപ്പാലം കൂടിയാണ്. ആദ്യത്തേത് ബേക്കലം കോട്ടയ്ക്കടുത്തായി പള്ളിക്കരയിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ പണിയും ഏതാണ്ട് പത്തുവർഷമെടുത്തുകാണും എന്നു തോന്നുന്നു.

ചെറുപ്രായത്തിൽ പടന്നക്കാട് റെയിൽവേ ഗേറ്റിനരികെ ട്രൈൻ പോകാനായി കാത്തിരിക്കുന്നത് ഒരു കൗതുകമായിരുന്നു. വളർന്നു വന്നപ്പോൾ വല്ലാത്ത വിരസതയായി അതു മാറി. കൂടാതെ സമീപത്തുള്ള അരയാൽ മരങ്ങളിൽ നിറയെ കാക്കക്കൂടുകളാണ്. കാക്കകളുടെ കലപിലശബ്ദം ഗേറ്റ് തുറക്കുവോളം സഹിക്കണം. അതിലേറെ അസ്സഹനീയമാണ് കാക്കത്തീട്ടത്തിന്റെ മണം!

ആ റെയിൽവേ ഗേറ്റ് ഓർമ്മയിൽ കൊണ്ടുവരുന്ന മറ്റൊരു കാര്യമുണ്ട്. പ്രി-ഡിഗ്രി പ്രൈവറ്റായി എഴുതുന്ന കാലം. പരീക്ഷ നെഹ്റു കോളേജിൽ വെച്ചായിരുന്നു. കാഞ്ഞങ്ങാട് നിന്ന് പോകുന്ന ബസ്സിൽ കൂട്ടുകാരോടൊപ്പം ഞാനും ഉണ്ട്. ഞങ്ങൾ ഒരു സീറ്റിൽ മടിയിലായി ഇരിക്കുന്നു. ബസ്സ് പടന്നക്കാട് ഗേറ്റിൽ എത്തി. ഗേറ്റ് തുറന്നതേ ഉള്ളൂ. പെട്ടന്ന് ഒരുവൻ പറഞ്ഞു അതാഡാ ആ ബസ്സിൽ ഒരു ചരക്ക്. എതിരേ വരുന്ന ബസ്സിൽ അലസചിന്തകളുമായി ഒരു സുന്ദരി! ഞങ്ങൾ നോക്കി. കൂടെയുള്ള രമേശൻ അവളെ കണ്ട ഉടനേ കുറേ ഫ്ലൈയിങ് കിസ്സും സൈറ്റടികളും പാസാക്കി കഴിഞ്ഞു. ബസ്സുകൾ തമ്മിൽ അടുത്തെത്തി. കൃത്യം പാളത്തിനു മുകളിൽ, രണ്ടുസീറ്റുകളും തൊട്ടടുത്ത്… ബസ്സുകൾ അവിടെ അങ്ങോട്ടുമല്ല ഇങ്ങോട്ടുമല്ല എന്ന രീതിയിൽ ഉടക്കി നിന്നു. എലിയേ പോലെയിരുന്ന ആ പെൺകുട്ടി സിംഹത്തെ പോലെ അലറി; എണിറ്റിരുന്ന് ആഞ്ഞടിച്ചു!! രമേശൻ മാറിയതിനാൽ അവളുടെ കൈ ബസ്സിന്റെ വിൻഡോയിൽ തട്ടി; കുപ്പിവളകൾ പൊട്ടിത്തകർന്നു, അവളുടെ കൈകൾ മുറിഞ്ഞിരിക്കണം… അവളുടെ കൂടെ മൂന്നാലു പെൺ കുട്ടികൾ ചീറ്റിത്തകർക്കുന്നു!! കാര്യമറിഞ്ഞില്ലെങ്കിലും ചില ആണുങ്ങളും ആ ബസ്സിൽ നിന്നും തെറിയഭിഷേകം ചെയ്യുന്നു! ഭാഗ്യത്തിന് അപ്പോൾ തന്നെ ബ്ലോക്ക് ഒഴിവായി; ബസ്സ് നീങ്ങി!!

ഇവർക്ക് എത്രനാൾ ഓടാനാവും?

എമേർജിങ് കേരളയുടെ വകയായി രണ്ടരലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത്  എന്ന് കെ. എം. മാണി….
എന്നാൽ എല്ലാം കൂടി നാൽപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത് എന്ന് മുഖ്യമന്ത്രി.

എല്ലാം കഴിഞ്ഞ് പത്രക്കാർക്ക് കൊടുത്ത എമേർജിങ് കേരളാ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന പ്രോജക്റ്റുകൾ എല്ലാം വളരെ മുമ്പുതന്നെ വർക്ക് തുടങ്ങിയവയത്രേ… ഇതേകുറിച്ച് പത്രക്കാരുടെ ചോദ്യങ്ങൾ കൂടിവന്നപ്പോൾ പത്രക്കാർക്ക് വ്യക്തമായ മറുപടി നൽകാതെ കുഞ്ഞാലിക്കുട്ടിയും ഉമ്മച്ചനും ഓടിക്കളഞ്ഞു!!

#ശുംഭന്മാർ

എമേർജിങ് കേരളം! – ഉച്ചക്കഞ്ഞിക്ക് 5 രൂപ!!

പാവപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നതിനായി നീക്കിവെച്ചിരിക്കുന്ന തുക ഒരു കുഞ്ഞിന് 5 രൂപയാണത്രേ!!

ചോറിനും പയറിനും പുറമേ ഇതിൽ നിന്നും മിച്ചം പിടിച്ച് കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും കൂടി കൊടുക്കണമത്രേ!!  ഭക്ഷണം തയ്യാറാക്കനുള്ള പാചകവാതകം കൂടി ഇന്നത്തെ നിലയ്ക്ക് ഈ തുകകൊണ്ട് വാങ്ങിക്കാവതല്ല എന്നിരിക്കെ സംസ്ഥാനസർക്കാർ ഭൂമി വിദേശിയനും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും തീറെഴുതിക്കൊടുത്ത് കേരളത്തെ ഉദ്ധരിക്കാൻ പോകുന്നു! ഇപ്പോൾ തന്നെ അദ്ധ്യാപകർ അവർക്കു കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചാണു പലയിടത്തും ഉച്ചക്കഞ്ഞി സമ്പ്രദായം നിലനിർത്തിപ്പോരുന്നത്. അവർക്ക് അവരുടെ ജോലിസ്ഥിരത കുടി നോക്കണമല്ലോ, ഇല്ലെങ്കിൽ നാളെ പഠിക്കാൻ കുട്ടികളില്ല എന്നും പറഞ്ഞ് സർക്കാർ ആ സ്കൂൾ എടുത്തു കളയില്ലേ!

ഒരു പക്ഷേ കേരളം എമേർജ് ചെയ്യുമ്പോൾ ഒക്കെ ശരിയാവുമായിരിക്കും… കാത്തിരുന്നു കാണാം..

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights