ഇറാനുമായി അമേരിക്കയും ഇസ്രായേലും യുദ്ധം ചെയ്യുകയാണിപ്പോൾ. മറ്റൊരു രാജ്യം ഒരു രാജ്യത്തുകേറിവന്ന് പ്രധാനിയെ കൊന്നുകളയുന്നത് നല്ലതന്നെന്നും പറഞ്ഞ് ഇന്ത്യയുമായി താരതമ്യപ്പെടുത്തി പല ചർച്ചകൾ കണ്ടു. ഭാരതം ഒരു സെക്കുലർ ഡെമോക്രസി ആണ്. ഇവിടെ നിയമം നിർമ്മിക്കുന്നത് ജനപ്രതിനിധികളാണ്, അല്ലാതെ മതഗ്രന്ഥങ്ങളല്ല. എല്ലാ മതവിഭാഗങ്ങൾക്കും ഒരേ അവകാശങ്ങൾ ഭരണഘടന ഉറപ്പുനൽകുന്നു. മറുവശത്ത്, ഇറാൻ ഒരു ഇസ്‌ലാമിക് റിപ്പബ്ലിക് ആണ്. അവിടെ പരമാധികാരം ‘സുപ്രീം ലീഡർ‘ എന്ന മതമേധാവിക്കാണ്. മതനിയമങ്ങൾ (ശരിയത്ത്) പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഹിജാബ് പ്രക്ഷോഭങ്ങൾ സൂചിപ്പിക്കുന്നത് ഈ മതപരമായ അടിച്ചമർത്തലിനെതിരെയുള്ള ജനങ്ങളുടെ രോഷമാണ്.
വൈവിധ്യമാണ് നമ്മുടെ കരുത്ത്. വ്യത്യസ്ത വിശ്വാസങ്ങൾ നിലനിൽക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് തടസ്സമായി നാം കാണുന്നില്ല. അതുകൊണ്ടാണ് പാഴ്സികളെപ്പോലെയുള്ള ഒരു ചെറിയ ന്യൂനപക്ഷത്തിന് ഇന്ത്യയുടെ സാമ്പത്തിക രംഗം ഭരിക്കാൻ കഴിഞ്ഞത്. ഇറാനിൽ, അവിടെ ഏകശിലാത്മകമായ (Monolithic) ഒരു വിശ്വാസ സംഹിത നിലനിർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഷിയാ ഇസ്‌ലാമിൽ നിന്ന് വ്യതിചലിക്കുന്നവരെയും, വസ്ത്രധാരണത്തിൽ മാറ്റം വരുത്തുന്നവരെയും രാജ്യദ്രോഹികളായി കാണുന്നു. ഇസ്രായേൽ ഭൂപടത്തിൽ നിന്നും തുടച്ചുനീക്കപ്പെടും എന്നു നിത്യേന പറയുന്നയാളായിരുന്നു പ്രധാനി.
ഒരുപക്ഷേ നാളെ യോഗിയോ മറ്റോ നമ്മുടെ പ്രധാനിയായാൽ വൈദിക-സംഘി ഭരണത്തിലേക്ക് ഇറാനെപ്പോലെ ഇന്ത്യയും മാറിയേക്കും എന്ന ഭയപ്പാടുണ്ടെനിക്ക്. ഏതൊരു ദേശത്തും ആത്മീയതയിൽ ജനാധിപത്യം അനിവാര്യമാണ്. “ഞാൻ വിശ്വസിക്കുന്നത് മാത്രമേ മറ്റുള്ളവരും വിശ്വസിക്കാവൂ” എന്ന കടുംപിടുത്തം സംഘർഷത്തിലേക്കേ നയിക്കൂ. ഇറാനിലെ കത്തിയെരിയുന്ന തെരുവുകൾ നൽകുന്ന പാഠം ഇതാണ്. ആത്മീയതയിൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പ്രത്യയശാസ്ത്രങ്ങൾ ഒടുവിൽ സ്വയം തകർച്ചയിലേക്ക് നീങ്ങും.
രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെ കേവലം ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ പ്രശ്നമായി മാത്രം കാണാനാവില്ല. ചരിത്രപരമായ മുറിവുകൾ, സാംസ്കാരികമായ അധിനിവേശങ്ങൾ, മതപരമായ വിഭാഗീയത എന്നിവയുടെയെല്ലാം തുടർച്ചയായിട്ടാണതു വരുന്നത്. ചരിത്രത്തിൽ ഒരു ജനത അനുഭവിച്ച വിവേചനങ്ങളോ സാംസ്കാരികമായ തകർച്ചയോ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാറുണ്ട്. പേർഷ്യൻ സാമ്രാജ്യം ഇസ്‌ലാമികവൽക്കരിക്കപ്പെട്ടപ്പോൾ അവിടുത്തെ തനത് സംസ്കാരം അടിച്ചമർത്തപ്പെട്ടു. ഇത്തരം ചരിത്രപരമായ മാറ്റങ്ങൾ ആ ജനതയുടെ ഉപബോധമനസ്സിൽ ഒരു ‘പ്രതിരോധം‘ എപ്പോഴും ബാക്കിവെക്കുന്നു.
ഇറാനെതിരെയുള്ള നീക്കങ്ങളെ കേവലം “നന്മയും തിന്മയും” തമ്മിലുള്ള പോരാട്ടമായി കാണുന്നത് ലളിതവൽക്കരണമാകും. ഇതിന് പിന്നിൽ സങ്കീർണ്ണമായ പല കാരണങ്ങളുണ്ട്. സുന്നി ഭൂരിപക്ഷമുള്ള രാജ്യങ്ങളും ഷിയാ ഭൂരിപക്ഷമുള്ള ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് മതപരമായ അടിത്തറയുണ്ട്. മക്കയുടെയും മദീനയുടെയും സംരക്ഷണം തങ്ങൾക്കാണെന്ന് ഷിയാക്കൾ കരുതുമ്പോൾ സുന്നി വിഭാഗം അതിനെ എതിർക്കുന്നു. അതിനാൽ പല യുദ്ധങ്ങളും ഒരു വിഭാഗം മറ്റൊന്നിനെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളാണ്.
ഇറാന്റെ ആണവപദ്ധതികളും പശ്ചിമേഷ്യയിലെ സ്വാധീനവും തടയാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നു. ഇത് പലപ്പോഴും “ജനാധിപത്യ സംരക്ഷണം” അല്ലെങ്കിൽ “മനുഷ്യാവകാശ സംരക്ഷണം” എന്ന ലേബലിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇറാനിലെ സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങളും ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളും അവിടുത്തെ മതമൗലികവാദ ഭരണകൂടത്തിനെതിരെയുള്ളതാണ്. ഇതിനെ തനത് പേർഷ്യൻ സംസ്കാരത്തിലേക്കുള്ള മടങ്ങിപ്പോക്കായി ചില നിരീക്ഷകർ കാണുന്നു.
ഏതൊരു യുദ്ധത്തിലും “തിന്മ” എന്നത് ആപേക്ഷികമാണ്. തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് അധിനിവേശക്കാർ തിന്മയാണ്. സ്ത്രീസമത്വത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്നവർക്ക് മതമൗലികവാദം തിന്മയാണ്. ഇറാനിൽ ഇന്ന് നടക്കുന്ന അശാന്തി കേവലം ഒരു രാജ്യത്തിന്റെ പ്രശ്നമല്ല; മറിച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ആ മണ്ണിൽ വിതയ്ക്കപ്പെട്ട അസഹിഷ്ണുതയുടെയും, സാംസ്കാരിക വൈവിധ്യങ്ങളെ തച്ചുടച്ചതിന്റെയും സ്വാഭാവികമായ പ്രതിഫലനമാണ്. തനത് വേരുകൾ അറുത്തുമാറ്റപ്പെട്ട ഒരു ജനത തങ്ങളുടെ സ്വത്വം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ അവിടെ സംഘർഷങ്ങൾ അനിവാര്യമായി മാറുന്നു.
ബൗദ്ധചിന്തകളുടെ ശേഷപത്രമായി എല്ലാം ഒന്നെന്ന നൈതികതയിലായിരുന്നു ഇന്നത്തെ ഇന്ത്യൻ സംസ്കാരം രൂപീകരിക്കപ്പെട്ടത്. ഈ ചിന്താഗതി ഉള്ളതുകൊണ്ടാണ് ക്രിസ്ത്യാനികൾക്കും, മുസ്ലീങ്ങൾക്കും, പാഴ്സികൾക്കും, ജൂതന്മാർക്കും ഭാരതത്തിൽ തനത് സ്വത്വം നിലനിർത്തിക്കൊണ്ട് തന്നെ ജീവിക്കാൻ സാധിച്ചത്.
എന്നാൽ ഇറാനിൽ സംഭവിച്ചത് മറ്റൊന്നാണ്. അവിടെ ഇസ്‌ലാമിക പടയോട്ടം നടന്നപ്പോൾ, നിലവിലുണ്ടായിരുന്ന സൗരാഷ്ട്രീയ (Zoroastrian) സംസ്കാരത്തെ പൂർണ്ണമായും നിഷ്കാസനം ചെയ്യാനാണ് ശ്രമമുണ്ടായത്. ഒരു സംസ്‌കാരത്തെ അതിന്റെ വേരുകളിൽ നിന്ന് അറുത്തുമാറ്റി മറ്റൊരു വിദേശ ചിന്താഗതി പ്രതിഷ്ഠിക്കുമ്പോൾ അവിടെ ആഭ്യന്തര സംഘർഷങ്ങൾ വിട്ടുമാറാതെ നിലനിൽക്കുന്നു. (സൗരാഷ്ട്രർ ഇന്ന് ഇന്ത്യയിൽ ശക്തിപ്രാപിച്ച സംഘിമതത്തിന്റെ പൂർവ്വരൂപമായ വൈദികമതവുമായി ബന്ധപ്പെട്ടതാണ്. ടും ഒന്നിന്റെ ശാഖകൾന്നെ. അഗ്നിദേവനെ ആരാധിക്കുന്നവരാണു സൗരാഷ്ട്രർ). ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്‘ എന്ന ഇറാന്റെ യുദ്ധതന്ത്രം പശ്ചിമേഷ്യയുടെ ഭൂപടത്തിൽ സ്വന്തം അതിർത്തികൾക്ക് പുറത്ത് ഇറാൻ കെട്ടിപ്പടുത്ത സായുധ സാമ്രാജ്യമാണ് ‘ആക്സിസ് ഓഫ് റെസിസ്റ്റൻസ്’ (Axis of Resistance). ഒരു പരമാധികാര രാഷ്ട്രം എന്നതിലുപരി, മേഖലയിലുടനീളം സമാന്തര സൈന്യങ്ങളെ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുന്ന ഇറാന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. സ്വന്തം സമ്പദ്‌വ്യവസ്ഥ ഉപരോധങ്ങളിൽ തകർന്നു നിൽക്കുമ്പോഴും, ഈ ‘നിഴൽ സൈന്യങ്ങൾക്കായി’ ശതകോടിക്കണക്കിന് ഡോളറാണ് ഇറാൻ വർഷം തോറും ഒഴുക്കുന്നത്.
ഹിസ്ബുള്ള
ഇറാന്റെ ഏറ്റവും വിശ്വസ്തരും കരുത്തരുമായ പ്രോക്സി ഗ്രൂപ്പാണ് ലെബനനിലെ ഹിസ്ബുള്ള. 1982-ൽ ഇസ്രായേൽ വിരുദ്ധ പോരാട്ടത്തിനായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) രൂപീകരിച്ച ഈ സംഘടന ഇന്ന് ഒരു രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തേക്കാൾ ശക്തിയാർജ്ജിച്ചിരിക്കുന്നു. .ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഷിയാ മുസ്ലിം രാഷ്ട്രീയ പാർട്ടിയും അതേസമയം തന്നെ അതിശക്തമായ ഒരു സായുധ സംഘടനയുമാണ് ഹിസ്ബുള്ള (Hezbollah). ‘ദൈവത്തിന്റെ പാർട്ടി‘ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഇസ്‌ലാമിക ചരിത്രത്തിലെയും പശ്ചിമേഷ്യയിലെയും ഭൗമരാഷ്ട്രീയത്തിൽ (Geopolitics) ഈ സംഘടനയ്ക്ക് വലിയ പങ്കുണ്ട്. . ഇറാന്റെ ഇസ്‌ലാമിക വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനത്തിലും ഇറാന്റെ നേരിട്ടുള്ള സാമ്പത്തിക-സൈനിക സഹായത്തിലുമാണ് ഈ സംഘടന വളർന്നത്. ഇറാന്റെയും സിറിയയുടെയും സഹായത്തോടെ അത്യാധുനിക മിസൈലുകളും ആയുധങ്ങളും കൈവശമുള്ള ഒരു സമാന്തര സൈന്യമായി ഇവർ പ്രവർത്തിക്കുന്നു. പല രാജ്യങ്ങളും ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 1,00,000 പോരാളികളും ഇസ്രായേലിന്റെ ഏതു ഭാഗത്തും കൃത്യമായി പതിപ്പിക്കാൻ ശേഷിയുള്ള ഒന്നര ലക്ഷത്തിലധികം അത്യാധുനിക മിസൈലുകളും ഇവരുടെ പക്കലുണ്ട്. അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം 700 മില്യൺ ഡോളറിലധികം ഇറാൻ ഇവർക്കായി ചിലവഴിക്കുന്നു.
ഹമാസ്
പ്രത്യയശാസ്ത്രപരമായി സുന്നി വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും ഇസ്രായേൽ വിരുദ്ധത എന്ന പൊതുലക്ഷ്യത്തിൽ ഇറാൻ ഇവരെ സാമ്പത്തികമായും സൈനികമായും വഴിവിട്ട് സഹായിക്കുന്നു. ഹമാസ് (Hamas – Harakat al-Muqawama al-Islamiya) 1987-ൽ, ഇസ്രായേൽ അധിനിവേശത്തിനെതിരായ പാലസ്തീനികളുടെ ഒന്നാം ഇൻതിഫാദയുടെ (ഉയർത്തെഴുന്നേൽപ്പ്) സമയത്താണ് രൂപം കൊണ്ടത്. മുസ്ലിം ബ്രദർഹുഡ് എന്ന സുന്നി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പാലസ്തീൻ ശാഖയായിട്ടാണ് ഇതിന്റെ തുടക്കം.. ഇസ്രായേലിനെ ഇല്ലാതാക്കി ഒരു സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. യെമനിലെ വടക്കൻ മേഖലയിൽ നിന്നുള്ള ഒരു സായുധ സംഘമാണു ഹൂതികൾ. ഷിയാ വിഭാഗത്തിലെ ‘സൈദി’ എന്ന ഉപവിഭാഗത്തിൽപ്പെട്ടവരാണിവർ. യെമനിൽ തങ്ങളുടെ ഭരണം ഉറപ്പിക്കുക, അമേരിക്കയുടെയും ഇസ്രായേലിന്റെയും സ്വാധീനം മേഖലയിൽ ഇല്ലാതാക്കുക. സൗദി അറേബ്യയെ നിയന്ത്രിച്ചു നിർത്തുക എന്നതാണിവരുടെ ലക്ഷ്യം. ഇവർ തീവ്രവാദസംഘടനല്ലേ? ആണ്… നല്ല കാര്യങ്ങൾ ഇവർ ചെയ്തത് എന്തുണ്ട്? ഇത്തരം മേൽ കാണിച്ച എല്ലാ സംഘടനകളുടെയും പ്രധാന സ്പോൺസർ ഇറാൻ ആണ്. ഇറാൻ നേതൃത്വം നൽകുന്ന “ആക്സിസ് ഓഫ് റെസിസ്റ്റൻസ്” (Axis of Resistance) അഥവാ പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്ന സഖ്യത്തിലെ പ്രധാനികളാണിവർ. ഹിസ്ബുള്ളയും ഹമാസും വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളും പ്രവർത്തനമേഖലകളും ഉള്ളവരാണ്. ചുരുക്കത്തിൽ, ഹിസ്ബുള്ളയും ഹമാസും പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നവരാണ്. ഇവർ തമ്മിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും, ഇസ്രായേൽ വിരുദ്ധത എന്ന പൊതു ലക്ഷ്യത്തിലും ഇറാന്റെയും മറ്റ് സഖ്യകക്ഷികളുടെയും സഹായത്തിലും ഇവർ പലപ്പോഴും ഒരുമിച്ച് നിൽക്കുന്നു. പ്രതിവർഷം 100 മില്യൺ ഡോളറിലധികം ഗാസയിലെ സായുധ പ്രവർത്തനങ്ങൾക്കായി ഇറാൻ നൽകുന്നു. ഗാസയിലെ പടുകൂറ്റൻ തുരങ്ക ശൃംഖലകൾക്കും മിസൈൽ നിർമ്മാണ സാങ്കേതികവിദ്യയ്ക്കും പിന്നിൽ ഇറാന്റെ വിദഗ്ദ്ധ പരിശീലനമുണ്ട്.
ഹൂതികൾ
യെമനിലെ വടക്കൻ മലനിരകളിൽ താമസിക്കുന്ന ഷിയാ മുസ്ലിം വിഭാഗത്തിലെ ‘സൈദി’ (Zaydi) ഉപവിഭാഗത്തിൽപ്പെട്ടവരാണിവർ. യെമനിലെ ജനസംഖ്യയുടെ ഏതാണ്ട് 35 ശതമാനത്തോളം വരുന്ന വിഭാഗമാണ് സൈദികൾ. 1990-കളിൽ സയിദ് ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതിനാലാണ് ഇവർ ‘ഹൂതികൾ’ എന്നറിയപ്പെടുന്നത്. യെമൻ ഭരണകൂടത്തിന്റെ അഴിമതിക്കും, രാജ്യത്ത് വർദ്ധിച്ചുവരുന്ന സൗദി അറേബ്യയുടെയും അമേരിക്കയുടെയും സ്വാധീനത്തിനുമെതിരെയാണ് ഇവർ സംഘടിച്ചത്. 2014-ൽ യെമനിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് ഇവർ തലസ്ഥാനമായ സന (Sanaa) പിടിച്ചെടുക്കുകയും അന്നത്തെ സർക്കാരിനെ പുറത്താക്കുകയും ചെയ്തു. നിലവിൽ യെമന്റെ വടക്കൻ ഭാഗവും പ്രധാന തുറമുഖങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്. ഹൂതികളുടെ പതാകയിലെ മുദ്രാവാക്യം (Sarkha) അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു: “അള്ളാഹു അക്ബർ, അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, ജൂതന്മാർക്ക് ശാപം, ഇസ്‌ലാമിന് വിജയം.” യെമനിലെ വടക്കൻ മേഖലകൾ നിയന്ത്രിക്കുന്ന ഹൂതികൾ ഇന്ന് അന്താരാഷ്ട്ര വ്യാപാര പാതകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ഇറാന്റെ സഹായത്തോടെ നിർമ്മിച്ച ബാലിസ്റ്റിക് മിസൈലുകളും ‘ഷാഹേദ്’ ഡ്രോണുകളും ഉപയോഗിച്ച് ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കുന്നതിലൂടെ ലോക സാമ്പത്തിക ക്രമത്തെ സമ്മർദ്ദത്തിലാക്കുകയാണ് ഇവരുടെ ലക്ഷ്യം. സൗദി അറേബ്യയെയും ഇസ്രായേലിനെയും ഒരുപോലെ ലക്ഷ്യം വെച്ചുകൊണ്ട് പശ്ചിമേഷ്യയിൽ ഇറാന്റെ ഷിയാ മേധാവിത്വം ഉറപ്പിക്കുക.
ഹിസ്ബുള്ളയെയും ഹമാസിനെയും പോലെ ഇറാന്റെ ‘ആക്സിസ് ഓഫ് റെസിസ്റ്റൻസ്’ (Axis of Resistance) എന്ന സഖ്യത്തിലെ പ്രധാനികളാണ് ഹൂതികളും. ഇറാനിൽ നിന്ന് അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും ഇവർക്ക് ലഭിക്കുന്നുണ്ട്. സൗദി അറേബ്യയുടെ ശത്രുക്കളായതിനാൽ, ഹൂതികളെ സഹായിക്കുന്നതിലൂടെ സൗദിയെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ ശ്രമിക്കുന്നു. യെമനിലെ ഒരു ഗോത്രവർഗ്ഗ പ്രസ്ഥാനമായി തുടങ്ങി, ഇന്ന് ഇറാന്റെ സഹായത്തോടെ ലോകശക്തികളെപ്പോലും വെല്ലുവിളിക്കുന്ന ഒരു സൈനിക ശക്തിയായി ഹൂതികൾ മാറിയിരിക്കുന്നു. മതപരമായ സ്വത്വവും രാഷ്ട്രീയ അധികാരവും ഒരേപോലെ മുൻനിർത്തിയാണ് ഇവരുടെ പോരാട്ടം. ഇറാൻ ഇവർക്ക് അത്യാധുനിക മിസൈലുകൾ, ഡ്രോണുകൾ, സാമ്പത്തിക സഹായം, സൈനിക പരിശീലനം എന്നിവ നൽകുന്നു. പശ്ചിമേഷ്യയിൽ തങ്ങളുടെ ഷിയാ സ്വാധീനം വർദ്ധിപ്പിക്കാനും ശത്രുരാജ്യമായ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാനും ഇറാൻ ഈ സംഘടനകളെ ഉപയോഗിക്കുന്നു. തങ്ങളുടെ സ്വാധീനമേഖലകളിൽ മതപരമായ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുക എന്നതല്ലേ ഇവരുടെ നയം? ഇതത്ര വലിയ കാര്യമായാണോ തോന്നുന്നത്? ഇന്ത്യ യോഗി ആദിത്യനാഥിന്റെ മേൽനോട്ടത്തിൽ ഒരു തീവ്രസംഘിരാജ്യമായി മാറണമെന്നാണോ ഇയാളുടെ ആഗ്രഹം? അതാണോ ജനകീയത? ജനാധിപത്യം?
ഇറാഖിലെ ഷിയാ മിലിഷ്യകൾ (PMF)
ഇറാഖിലെ അമേരിക്കൻ സാന്നിധ്യം ഇല്ലാതാക്കുക എന്നതാണ് ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ ഗ്രൂപ്പുകളുടെ പ്രധാന ദൗത്യം. കതൈബ് ഹിസ്ബുള്ള, ഹരാകത്ത് അൽ-നുജബ എന്നിവ ഇതിൽ പ്രമുഖമാണ്. ഇറാഖ് ഔദ്യോഗിക സൈന്യത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുമ്പോഴും ഇവരെ നേരിട്ട് നിയന്ത്രിക്കുന്നത് ഇറാന്റെ ഖുദ്‌സ് ഫോഴ്‌സാണ്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ അസദ് ഭരണകൂടത്തെ സംരക്ഷിക്കാൻ അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഷിയാ പോരാളികളെ ഇറാൻ വിന്യസിച്ചിട്ടുണ്ട്. അതുപോലെ, ലിവാ ഫാത്തിമിയൂൺ (അഫ്ഗാൻ), ലിവാ സൈനബിയൂൺ (പാകിസ്ഥാൻ) എന്നിങ്ങനെ ഒട്ടനവധി ചെറു ഗ്രൂപ്പുകൾ വേറെയും ഉണ്ട്. മതപരമായ വികാരങ്ങളെ ചൂഷണം ചെയ്ത് രൂപീകരിച്ച ഈ സംഘങ്ങൾ സിറിയയിലെ ഇറാന്റെ സ്വാധീനം ഉറപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇവരുടെ, സാമ്പത്തിക പ്രത്യാഘാതങ്ങളും ആഗോള ആശങ്കകളും ലോകരാഷ്ട്രങ്ങൾ നന്നായി ശ്രദ്ധിക്കുന്നുണ്ട് എന്നു വേണം ഈ യുദ്ധത്തിലൂടെ മനസ്സിലാക്കാൻ. സ്വന്തം മണ്ണിൽ യുദ്ധം വരാതെ അയൽരാജ്യങ്ങളുടെ അതിർത്തികളിൽ നിത്യയുദ്ധം നിലനിർത്തുക എന്നതാണ് ഇറാന്റെ പ്രധാന തന്ത്രം. കഴിഞ്ഞ ഒരു ദശകത്തിനിടെ ഏകദേശം 16 ബില്യൺ ഡോളറിലധികം ഇത്തരം സായുധ പ്രവർത്തനങ്ങൾക്കായി ഇറാൻ ചിലവഴിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ്റെ നേതൃത്വത്തിൽ മേഖലയിലെ സുന്നി രാഷ്ട്രങ്ങളുടെ (പ്രത്യേകിച്ച് സൗദി അറേബ്യ) സ്വാധീനം കുറച്ച് ഷിയാ രാഷ്ട്രീയ മേധാവിത്വം ഉറപ്പിച്ചാൽ അവിടം ശുദ്ധമാവുമെന്നാണോ കരുതുന്നത്? ഇറാൻ ഇറാഖ് യുദ്ധം എന്തിനായിരുന്നു? ഷാറ്റ് അൽ അറബ് (അറബ്യൻ ഗൾഫിലെ നദീതീരം) നിയന്ത്രണത്തെക്കുറിച്ചുള്ള ദീർഘകാല തർക്കമായിരുന്നു പ്രധാനം. 1975-ലെ അൽജീയർസ് ഉടമ്പടി ഇറാഖിന് അപമാനകരമായിരുന്നു; സദ്ദാം ഹുസൈൻ ഇത് റദ്ദാക്കി പ്രദേശങ്ങൾ തിരികെ പിടിക്കാൻ ശ്രമിച്ചു. 979-ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തോടെ ഷാഹിന്റെ ഭരണം തകർന്നു; പുതിയ ഭരണകൂടത്തിന്റെ ദുർബലതയെ ഇറാഖ് പ്രയോജനപ്പെടുത്തി. ഖുമൈനി ഇറാഖിലെ ഷിയാ-കുർദ് വിപ്ലവങ്ങൾ പ്രോത്സാഹിപ്പിച്ചത് സദ്ദാമിനെ ഭയപ്പെടുത്തി. ഇറാന്റെ എണ്ണസമ്പന്നമായ ഖുസിസ്താൻ പ്രവിശ്യ കീഴടക്കാനും അറബ് ലോകത്ത് നേതൃത്വം സ്ഥാപിക്കാനുമായിരുന്നു സദ്ദാമിന്റെ ലക്ഷ്യം. ഇത് ഇറാഖിന്റെ സാമ്പത്തിക ശക്തി വർധിപ്പിക്കുമായിരുന്നു. ഇതൊക്കെയായിരുന്നു പ്രധാനകാരണങ്ങൾ.
സ്വന്തം രാജ്യങ്ങളിലെ പ്രാദേശിക വിഷയങ്ങളിൽ ഇടപെടുന്നതോടൊപ്പം തന്നെ, ഇറാന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു വലിയ ശൃംഖലയുടെ ഭാഗമാണ് ഇറാന്റെ പാലുകുടിച്ചു തൊഴുക്കുന്ന ആ സകല വിഭാഗങ്ങളും എന്നാണു ഞാൻ കരുതി വെച്ചിരിക്കുന്നത്. ഇങ്ങനെ യുദ്ധം മുന്നോട്ട് പോയാൽ മുമ്പേത്തെ ഇറാഖിനേ പോലെ ഗാസയെ പോലെ തന്നെയാവില്ലേ ഇറാന്റെ അവസ്ഥയും? മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തെ വെറും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയല്ല എന്ന വാദത്തോട് യോജിക്കുന്നു. എന്നാൽ ചരിത്രപരമായ വസ്‌തുതകളെ വിശകലനം ചെയ്യുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്.
അമേരിക്കയും എണ്ണയും: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ഇടപെടൽ എണ്ണയ്ക്ക് വേണ്ടിയാണെന്ന വാദം ഇന്ന് പ്രസക്തമല്ല. അമേരിക്ക നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരും കയറ്റുമതിക്കാരുമാണ്. അവരുടെ താല്പര്യം എണ്ണയിലല്ല, മറിച്ച് തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും ആഗോള വ്യാപാര പാതകളിൽ (പ്രത്യേകിച്ച് ചെങ്കടൽ) മേധാവിത്വം നിലനിർത്തുന്നതിലുമാണ്.
ഇറാനും തീവ്രവാദവും: ഐസിസിനും അൽഖ്വയ്ദയ്ക്കുമെതിരെ ഇറാൻ പോരാടി എന്നത് സത്യമാണ്. എന്നാൽ, സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പരസ്യമായ സൈനിക-സാമ്പത്തിക സഹായത്തെ തള്ളിക്കളയാനാവില്ല. സത്യമാണത്. ഇതിനെ ‘പ്രതിരോധം’ എന്ന് വിളിക്കുമ്പോഴും മേഖലയിലെ അസ്ഥിരതയ്ക്ക് ഇത് കാരണമാകുന്നുണ്ട്.
സയണിസവും ഹമാസും: ഇസ്രായേൽ കുടിയേറ്റവും പലസ്തീൻ ജനതയുടെ ദുരിതവും തർക്കമില്ലാത്ത വസ്‌തുതകളാണ്. എന്നാൽ ഗാസയിൽ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നു എന്നതുകൊണ്ട് ഹമാസ് ഒക്ടോബർ 7-ന് നടത്തിയ കൂട്ടക്കൊലയെ ന്യായീകരിക്കാനാവില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുപരി ഒരു സായുധ മിലീഷ്യയായി അവർ മാറിയതാണ് പ്രശ്നം സങ്കീർണ്ണമാക്കിയത്.
മതവും രാഷ്ട്രീയവും: ഇറാനിലെ 1979-ലെ വിപ്ലവം വെറുമൊരു രാഷ്ട്രീയ മാറ്റമായിരുന്നില്ല, മറിച്ച് ഒരു തിയോക്രസി (മതഭരണം) സ്ഥാപിക്കലായിരുന്നു. ഇന്ന് ഇറാനിലെ സ്ത്രീകൾ തെരുവിലിറങ്ങുന്നത് ഈ മതപരമായ അടിച്ചമർത്തലിനെതിരെയാണ്. അതിനാൽ രാഷ്ട്രീയത്തിനൊപ്പം മതം അവിടെ വലിയൊരു ഘടകമാണ്.
ചരിത്രപരമായ കാരണങ്ങൾ ഉണ്ടെങ്കിലും, സമാന്തര സൈനിക ഗ്രൂപ്പുകളെ വളർത്തുന്നതും (Proxy Warfare) മതനിയമങ്ങൾ പൗരന്മാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതും ആധുനിക ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. ഭാരതത്തെപ്പോലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ മാതൃകയാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും ആവശ്യം. അതിനുവേണ്ടിയുള്ള പരിപാടിയായിതു കാണരുതോ?
ഇറാൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ നിലപാടുകളെ കണ്ണടച്ച് ന്യായീകരിക്കുന്നവർ പലപ്പോഴും വിസ്മരിക്കുന്ന അല്ലെങ്കിൽ കാണാതെ പോകുന്ന ഒരു നഗ്നസത്യമുണ്ട്. ടെഹ്‌റാനിലെ പാലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഭീമാകാരമായ ക്ലോക്ക് ആ സത്യത്തെ ലോകത്തിന് മുന്നിൽ വിളിച്ചുപറയുന്നു.
മറ്റൊരു രാജ്യത്തിന്റെ നാശം ആഘോഷമാക്കുന്ന ഒരു കലണ്ടർ
“نابودی اسرائیل تا ۲۵ سال آینده” — പേർഷ്യൻ ഭാഷയിലുള്ള ഈ വാചകത്തിന്റെ അർത്ഥം ഭീകരതയുടെ ആഴം വ്യക്തമാക്കുന്നതാണ്: “അടുത്ത 25 വർഷത്തിനുള്ളിൽ ഇസ്രായേൽ നശിപ്പിക്കപ്പെടും.” ഇതൊരു രഹസ്യരേഖയല്ല, മറിച്ച് ഇറാൻ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പരസ്യമായി പ്രദർശിപ്പിച്ചിരിക്കുന്ന ഒന്നാണ്. ഇസ്രായേലികൾക്ക് വായിച്ചു മനസ്സിലാക്കാൻ വേണ്ടി ഹീബ്രു ഭാഷയിലും ഇത് അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു രാജ്യം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകാൻ ഇനി എത്ര ദിവസങ്ങളും മണിക്കൂറുകളും സെക്കൻഡുകളും ബാക്കിയുണ്ട് എന്ന് കൃത്യമായി കാണിക്കുന്ന ഒരു ഡിജിറ്റൽ കൗണ്ട്ഡൗൺ ടൈമർ (Doomsday Clock) ഇതിന്റെ ഭാഗമാണ്. 2040-ഓടെ ഇസ്രായേൽ ഇല്ലാതാകുമെന്ന ലക്ഷ്യത്തിലേക്കാണ് ഈ ക്ലോക്ക് പിന്നിലേക്ക് ഓടിക്കൊണ്ടിരിക്കുന്നത്.
ഖൊമേനിയുടെ പ്രഖ്യാപനവും അതിന്റെ പ്രത്യാഘാതങ്ങളും
2015-ലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഈ വിവാദപരമായ പ്രഖ്യാപനം നടത്തിയത്. “ദൈവഹിതമനുസരിച്ച്, അടുത്ത 25 വർഷത്തിനുള്ളിൽ സയണിസ്റ്റ് ഭരണകൂടം എന്നൊന്ന് ഈ ഭൂമിയിൽ അവശേഷിക്കില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആ ക്ലോക്കിന് സമീപം വലിയ ബോർഡുകളിൽ ഇന്നും പ്രദർശിപ്പിച്ചിരിക്കുന്നു.
ലോകത്ത് ഏതെങ്കിലും ഒരു രാജ്യം, മറ്റൊരു പരമാധികാര രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതിന്റെ നാശത്തിനായി ക്ലോക്ക് സ്ഥാപിക്കുകയും ചെയ്യുന്നത് ഇറാന്റെ ചരിത്രത്തിൽ മാത്രമായിരിക്കും.
പ്രതിരോധം അനിവാര്യമാകുന്ന സാഹചര്യം
ഇറാൻ ഇത് കേവലം വാക്കുകളിൽ മാത്രം ഒതുക്കുകയല്ല ചെയ്യുന്നത്. തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി അവർ അണുബോംബ് നിർമ്മാണത്തിലേക്ക് അതിവേഗം നീങ്ങുകയും, ഇസ്രായേലിനെ ചുറ്റിവരിഞ്ഞ് ആക്രമിക്കാൻ ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ സായുധ സംഘങ്ങൾക്ക് ആയുധവും പണവും നൽകുകയും ചെയ്യുന്നു.
തങ്ങളെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആയുധമണിയുന്ന ഒരു രാജ്യത്തിന് മുന്നിൽ, ഇസ്രായേലിന് എങ്ങനെയാണ് വെറുതെ നോക്കിനിൽക്കാൻ കഴിയുക? സ്വന്തം നിലനിൽപ്പിനായി അവർ നടത്തുന്ന നീക്കങ്ങളെ ഈ പശ്ചാത്തലത്തിൽ കൂടി വേണം വിലയിരുത്താൻ. ഏതൊരു രാഷ്ട്രത്തിനും സ്വന്തം ജനതയെ സംരക്ഷിക്കാൻ അവകാശമുണ്ട്. മറ്റൊരു രാജ്യത്തിന്റെ സമ്പൂർണ്ണ നാശം ലക്ഷ്യമിടുന്ന ഇത്തരം പ്രവണതകൾ ലോകസമാധാനത്തിന് എന്നും ഒരു ഭീഷണി തന്നെയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കാലശേഷം, നിയന്ത്രണം നഷ്ടപ്പെട്ട ഈ സായുധ ഗ്രൂപ്പുകൾ ഒരേസമയം ആക്രമണം നടത്തിയാൽ മേഖല ഒരു മഹാദുരന്തത്തിലേക്ക് നീങ്ങുമെന്ന് ലോകരാജ്യങ്ങൾ ഭയപ്പെടുന്നു. വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഇത്തരം മതമൗലികവാദ സൈന്യങ്ങൾ ഒടുവിൽ സ്വയം തകർച്ചയിലേക്കും മേഖലയുടെ അസ്ഥിരതയിലേക്കും മാത്രമേ നയിക്കൂ എന്ന യാഥാർത്ഥ്യമാണ് ഇറാനിലെ കത്തിയെരിയുന്ന തെരുവുകൾ നമുക്ക് നൽകുന്ന പാഠം.
