Change Language

Select your language

ഹോമോ സാപിയൻസ്

Human evolution

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഇന്നത്തെപ്പോലെ ആയിരുന്നില്ല. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ആഫ്രിക്കൻ വൻകരയിൽ മനുഷ്യന്റെ പൂർവ്വികരായ ‘ഹോമിനിഡുകൾ’ (Hominids) പരിണമിച്ചു തുടങ്ങി. കുരങ്ങുകളിൽ നിന്നും വ്യത്യസ്തമായി, രണ്ട് കാലുകളിൽ നിവർന്നു നടക്കാൻ പഠിച്ച ജീവികളായിരുന്നു അവർ. എന്നാൽ ഈ പരിണാമം വളരെ മന്ദഗതിയിലായിരുന്നു. പ്രകൃതിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ അവർക്ക് ലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നു.

ഒരു കല്ല് പൊട്ടിച്ച് മൂർച്ചയുള്ള ഒരു ആയുധമാക്കാൻ, അല്ലെങ്കിൽ തീ ഉപയോഗിക്കാൻ അവർക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പരിശീലനം ആവശ്യമായിരുന്നു. ജീവശാസ്ത്രപരമായ പരിണാമം അത്രമേൽ സാവധാനത്തിലായിരുന്നു അന്ന് നടന്നിരുന്നത്.

മനുഷ്യകുടുംബത്തിലെ വൈവിധ്യങ്ങൾ

‘മനുഷ്യൻ’ എന്ന് കേൾക്കുമ്പോൾ നാം ഇന്ന് നമ്മളെ (ഹോമോ സാപ്പിയൻസ്) മാത്രമാണ് ഓർക്കാറുള്ളത്. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ പലതരം മനുഷ്യർ ഒരേസമയം ജീവിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. ‘ഹോമോ’ (Homo) എന്ന പദത്തിനർത്ഥം തന്നെ മനുഷ്യൻ എന്നാണ്. സസ്തനികളിൽ ഒരേ കുടുംബത്തിൽ പെടുന്ന വ്യത്യസ്ത സ്പീഷീസുകളായിരുന്നു ഇവർ. ഇവരിൽ പ്രധാനികൾ താഴെ പറയുന്നവരാണ്:

  • ഓസ്ട്രലോപിത്തേക്കസ് സ്പീഷീസുകൾ (Australopithecus africanus & sediba): ആഫ്രിക്കയിൽ ജീവിച്ചിരുന്ന ആദ്യകാല ഹോമിനിഡുകൾ. ഇവർക്ക് മരങ്ങളിൽ കയറാനും എന്നാൽ നിവർന്നു നടക്കാനും കഴിഞ്ഞിരുന്നു.

  • ഹോമോ ഹാബിലിസ് (Homo habilis): ‘കൈവിരുതുള്ള മനുഷ്യൻ’ എന്നാണ് ഈ പേരിനർത്ഥം. ആദ്യമായി കല്ലുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിച്ചത് ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു.

  • ഹോമോ ഇരക്റ്റസ് (Homo erectus): പൂർണ്ണമായും നിവർന്നു നടന്ന ആദ്യ മനുഷ്യൻ. ഏതാണ്ട് 20 ലക്ഷം വർഷത്തോളം ഭൂമിയിൽ അതിജീവിച്ച, തീ നിയന്ത്രിക്കാൻ പഠിച്ച അതികായന്മാരായിരുന്നു ഇവർ.

  • ഹോമോ ഫ്ലോറെസിയെൻസിസ് (Homo floresiensis): ഇന്തോനേഷ്യയിലെ ഒരു ദ്വീപിൽ ജീവിച്ചിരുന്ന ഇവർക്ക് വെറും മൂന്നടി മാത്രമായിരുന്നു ഉയരം. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർ ഇവരെ ‘ഹോബിറ്റുകൾ’ (Hobbits) എന്ന് വിളിക്കുന്നു.

  • ഡെനിസോവനുകൾ (Denisovans): ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന, നിയാണ്ടർത്തലുകളോട് സാമ്യമുള്ള മറ്റൊരു മനുഷ്യ വർഗ്ഗം. മഞ്ഞുമൂടിയ സൈബീരിയൻ ഗുഹകളിൽ നിന്നുമാണ് ഇവരുടെ ഫോസിലുകൾ കണ്ടെത്തിയത്.

നിയാണ്ടർത്തലുകൾ: കരുത്തരായ സഹോദരങ്ങൾ

ഹോമോ സാപ്പിയൻസുകൾ ഭൂമിയിൽ എത്തുന്നതിന് മുൻപ് തന്നെ അതിശക്തരായ ഒരു മനുഷ്യവർഗ്ഗം ഇവിടെയുണ്ടായിരുന്നു—അതാണ് നിയാണ്ടർത്തലുകൾ (Homo neanderthalensis). ആഫ്രിക്കയിൽ നിന്നും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് യൂറോപ്പിലേക്കും ഏഷ്യയിലേക്കും കുടിയേറിയ പൂർവ്വികരിൽ നിന്നുമാണ് ഇവർ ഉണ്ടായത്. മഞ്ഞുമൂടിയ, അതിശൈത്യമുള്ള യൂറോപ്യൻ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ പാകത്തിലായിരുന്നു ഇവരുടെ ശരീരപ്രകൃതി.

  • അഞ്ച് മുതൽ ആറടി വരെ ഉയരം.

  • തണുപ്പിനെ പ്രതിരോധിക്കാൻ തടിച്ച, ബലമുള്ള അസ്ഥികളും പേശികളും.

  • വിശാലമായ നെഞ്ചും, കരുത്തുറ്റ തോളുകളും.

  • തലച്ചോറ്: ആധുനിക മനുഷ്യനേക്കാൾ അല്പം കൂടി വലിയ തലച്ചോറായിരുന്നു നിയാണ്ടർത്തലുകൾക്ക് ഉണ്ടായിരുന്നത്. അവർക്ക് അവരുടേതായ ഭാഷയും ഉപകരണങ്ങളും വേട്ടയാടൽ രീതികളുമുണ്ടായിരുന്നു. അവർ മരിച്ചവരെ ആദരവോടെ അടക്കം ചെയ്തിരുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

ഹോമോ സാപ്പിയൻസിന്റെ വരവും സാംസ്കാരിക വിപ്ലവവും

ഏതാണ്ട് 3 ലക്ഷം വർഷങ്ങൾക്ക് മുൻപാണ് ആഫ്രിക്കയിൽ ‘ഹോമോ സാപ്പിയൻസ്‘ (ബുദ്ധിയുള്ള മനുഷ്യൻ) എന്ന നമ്മുടെ സ്പീഷീസ് രൂപം കൊള്ളുന്നത്. ആദ്യകാലത്ത് സാപ്പിയൻസുകൾ മറ്റ് മനുഷ്യവർഗ്ഗങ്ങളെപ്പോലെ തന്നെ സാധാരണക്കാരായിരുന്നു. നമ്മുടെ ശരീരവലിപ്പവും തലച്ചോറിന്റെ ഘടനയും അവരിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നും കാണിച്ചിരുന്നില്ല. എന്നാൽ, ഏകദേശം 70,000 വർഷങ്ങൾക്ക് മുൻപ് ചരിത്രത്തെ തിരുത്തിക്കുറിച്ച ഒരു വലിയ സംഭവം നടന്നു. ശാസ്ത്രജ്ഞർ ഇതിനെ “കോഗ്നിറ്റീവ് വിപ്ലവം” (Cognitive Revolution) എന്ന് വിളിക്കുന്നു. ഹോമോ സാപ്പിയൻസുകളുടെ തലച്ചോറിലെ കണക്ഷനുകളിൽ വന്ന ചില മാറ്റങ്ങൾ അവർക്ക് അത്ഭുതകരമായ കഴിവുകൾ നൽകി. ഈ വിപ്ലവത്തോടെ മനുഷ്യന്റെ മുന്നേറ്റത്തിന്റെ വേഗത ഗണ്യമായി വർദ്ധിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്കു പകരം നൂറുവർഷങ്ങൾക്കുള്ളിൽ വലിയ സാങ്കേതിക വിദ്യകൾ അവർ വികസിപ്പിച്ചു.

എന്തായിരുന്നു സാപ്പിയൻസിന്റെ പ്രത്യേകത?

  1. സങ്കൽപ്പിക്കാനുള്ള കഴിവ്: ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും വിശ്വസിക്കാനുമുള്ള കഴിവ് സാപ്പിയൻസിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈവങ്ങൾ, രാജ്യങ്ങൾ, പണം, നിയമങ്ങൾ എന്നിവയൊക്കെ ഈ സങ്കൽപ്പങ്ങളിൽ നിന്നും ഉണ്ടായതാണ്.

  2. സങ്കീർണ്ണമായ ഭാഷ: അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മാത്രമല്ല, പരദൂഷണം പറയാനും കൂട്ടായ്മകൾ ഉണ്ടാക്കാനും അവരുടെ ഭാഷ സഹായിച്ചു.

  3. സംഘടിക്കാനുള്ള കഴിവ്: ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് നിർത്താൻ അവരുടെ വിശ്വാസങ്ങൾക്കും സങ്കല്പങ്ങൾക്കും കഴിഞ്ഞു. ഇത് അവരെ അജയ്യരാക്കി.

ഇതായിരുന്നു  ‘സംസ്കാരം’ എന്ന വിപുലമായ ഘടനയുടെ തുടക്കം. കല, മതം, രാഷ്ട്രീയം, വ്യാപാരം എന്നിവയെല്ലാം രൂപംകൊണ്ടത് ഈ സമയത്താണ്.

ആഫ്രിക്കയിൽ നിന്നുള്ള മഹാപ്രയാണം (Out of Africa)

ഏതാണ്ട് 70,000 വർഷങ്ങൾക്ക് മുൻപ്, പൂർവ്വ ആഫ്രിക്കയിൽ നിന്നും ഹോമോ സാപ്പിയൻസുകൾ വലിയ കൂട്ടങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദേശാടനം ആരംഭിച്ചു. അവർ അറേബ്യൻ ഉപദ്വീപിലേക്കും, അവിടെ നിന്ന് ഏഷ്യയിലേക്കും യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും വ്യാപിച്ചു. അവർ യൂറോപ്പിലും ഏഷ്യയിലും എത്തുമ്പോൾ അവിടെ നിയാണ്ടർത്തലുകളും ഡെനിസോവനുകളും ഉണ്ടായിരുന്നു. എന്നാൽ സാപ്പിയൻസുകളുടെ മികച്ച സംഘാടനശേഷിയും, പുതിയ ആയുധങ്ങളും, ആശയവിനിമയ പാടവവും മുൻപിൽ പിടിച്ചുനിൽക്കാൻ മറ്റ് സ്പീഷീസുകൾക്ക് കഴിഞ്ഞില്ല.

മറ്റ് സ്പീഷീസുകളുടെ തിരോധാനം

ഏതാണ്ട് 30,000 മുതൽ 40,000 വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തോടെ നിയാണ്ടർത്തലുകൾ ഉൾപ്പെടെ ഭൂമിയിലുണ്ടായിരുന്ന മറ്റ് സകല മനുഷ്യ സ്പീഷീസുകൾക്കും വംശനാശം സംഭവിച്ചു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്:

  1. മാറ്റിസ്ഥാപിക്കൽ (Replacement Theory): സാപ്പിയൻസുകൾ മറ്റ് മനുഷ്യവർഗ്ഗങ്ങളുമായി യുദ്ധം ചെയ്തും, അവരുടെ ഭക്ഷണസ്രോതസ്സുകൾ കയ്യടക്കിയും അവരെ ഇല്ലാതാക്കി.

  2. സങ്കലനം (Interbreeding Theory): സാപ്പിയൻസുകൾ മറ്റ് സ്പീഷീസുകളുമായി ഇണചേർന്നു. ഇന്നത്തെ യൂറോപ്യന്മാരുടെ ഡി.എൻ.എ-യിൽ 1% മുതൽ 2% വരെ നിയാണ്ടർത്തൽ ജീനുകൾ ഉണ്ടെന്നത് ഇതിന് തെളിവാണ്.

എന്തായാലും, ഒരു കാലത്ത് നിരവധി തരം മനുഷ്യർ ജീവിച്ചിരുന്ന ഈ ഭൂമിയിൽ, ഒടുവിൽ അവശേഷിച്ചത് സങ്കൽപ്പിക്കാനും കഥകൾ മെനയാനും കഴിവുള്ള ‘ഹോമോ സാപ്പിയൻസ്’ എന്ന ഒറ്റ സ്പീഷീസ് മാത്രമായി. ആ സാപ്പിയൻസുകളുടെ തലമുറകളാണ് ഇന്ന് ഈ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നമ്മൾ.

അതായത്, മനുഷ്യ ജനുസിൽ, സമാനമായ അനേകം സ്പീഷിസുകൾ അന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട ചിലത് Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans, Homo habilis, homo rudolfensis, homo heidelbergensis, homo floresiensis, homo naledi, and homo luzonensis ഇവയൊക്കെയാണ്. അവരെയൊക്കെ ഒറ്റ പേരാണ് വിളിക്കുക ‘മനുഷ്യൻ’. ഇവരൊക്കെ വ്യത്യസ്ത species ആണ്, എന്നാൽ അവർ ഒരേ ഫാമിലിയിൽ പെടുന്നതാണ്. ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് ശേഷിച്ചു. ഇന്നുകാണുന്ന നമ്മളോളം ശരീര വലിപ്പവും, തലച്ചോറിന്റെ വലിപ്പവും അല്ലാതെ മറ്റു സ്പീഷീസുകളിൽ നിന്നും വേർതിരിച്ചു നിർത്താൻ മാത്രം മറ്റൊന്നും അന്നിവർക്കുണ്ടായിരുന്നില്ല. 70,000 വർഷങ്ങൾക്ക് മുമ്പോടെ ഹോമോ സാപിയൻസ് സ്പീഷ്യസിൽ പെടുന്ന ജീവികൾ സംസ്കാരം എന്ന് ഇന്നറിയപ്പെടുന്ന വിപുലവും വൈവിധ്യം നിറഞ്ഞതുമായ ഒരു ഘടനയ്ക്ക് രൂപം നൽകിയിരുന്നു എന്ന് അനുമാനിക്കുന്നു. ഇതിന്റെ വികാസ പരിണാമങ്ങളാണു നമ്മൾ പിന്നീട് ചരിത്രമെന്ന പേരിൽ രേഖപ്പെടുത്തി വെച്ചത്. ആ സമയത്തു തന്നെ പൂർവ്വ ആഫ്രിക്കൻ ദേശത്തു നിന്നും ഹോമോസാപ്പിയൻസ് അറേബ്യൻ ഭൂപ്രദേശത്തേക്ക് പടരുകയും അവിടെ നിന്നും യൂറോപ്പില്ലേക്ക് വ്യാപിക്കുകയും ചെയ്തു എന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.

പിന്നീട് സാപ്പിയൻസ് നിയാണ്ടർത്താലുകളുമായും ഡെനിസോവിയൻസുമായും എറെക്ടസ്സുകളുമായും ഇണ ചേർന്ന് കൂടിക്കലർന്നാണ് വിവിധ ദേശങ്ങളിലായി ഇന്നുകാണുന്ന നമ്മളൊക്കെയും ഉണ്ടായത് എന്നൊരു കണ്ടെത്തലും, എന്നാൽ അന്നുണ്ടായിരുന്ന മറ്റു മനുഷ്യ സ്പീഷിസുകളെ മൊത്തം കൊന്നൊടുക്കിയും പ്രകൃതിയോടു പിടിച്ചു നിൽക്കാനാവാതെ പലതും സ്വയമൊടുങ്ങിയും തീർന്നപ്പോൾ അവിടെ പിടിച്ചു നിന്ന ഏകവർഗം സാപ്പിയൻസ് മാത്രമെന്നുമുള്ള വാദമുഖങ്ങളും ഉണ്ടായിരുന്നു. രണ്ടാം വാദമായിരുന്നു ശരിയെങ്കിൽ നമ്മുടെയൊക്കെ പൈതൃകം പൂർവ്വ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഉണ്ടായിരുന്ന ആ സാപിയൻസ് തന്നെയ ആവുമായിരുന്നു. എന്നാൽ 2010 ഇൽ നിയണ്ടർത്താൽ ജീനുകളെ പറ്റിയുള്ള പഠനത്തിൽ സമകാലീന മനുഷ്യരിലെ DNA കളുമായി താരതമ്യം ചെയ്യുക വഴി കാതലായ ചില പൊരുത്തങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തിനു കഴിഞ്ഞു. പൂർവ്വ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളിലെ DNA യിൽ 1 മുതൽ 4 ശതമാനം വരെ നിയാണ്ടർത്താൽ DNA തന്നെയാണുള്ളത് എന്ന് കണ്ടെത്തി. ഇതു നൽകുന്ന സൂചന, അന്നത്തെ ഹോമോസ് പരസ്പരം ഉണചേർന്നിരുന്നു എന്നും അവർ പുതിയ സന്തതി പരമ്പരകൾ ഉണ്ടാക്കിയിരുന്നു എന്നും തന്നെയാണ്. നിലവിൽ നമുക്ക് പുതിയൊരു നിയാണ്ടർത്താൽ കുട്ടിയെ സാപിയൻ മാതാവിലൂടെ പുനർജ്ജനിപ്പിക്കാൻ സാധ്യമാണ് എന്നതാണു വസ്തുത.

[ലോവർ, മിഡിൽ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന പുരാതന മനുഷ്യന്റെ വംശനാശം സംഭവിച്ച ഒരു ജീവിവർഗമാണ് ഡെനിസോവൻസ് അല്ലെങ്കിൽ ഡെനിസോവ ഹോമിനിൻസ്. കുറച്ച് അവശിഷ്ടങ്ങളിൽ നിന്നാണ് ഡെനിസോവൻ അറിയപ്പെടുന്നത്, തൽഫലമായി, അവയെക്കുറിച്ച് അറിയപ്പെടുന്ന മിക്കതും ഡിഎൻ‌എ തെളിവുകളിൽ നിന്നാണ്.]

സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പറ്റുന്ന അപ്രധാനികളായിരുന്ന കേവലമൊരു മൃഗം മാത്രമായിരുന്നു എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന ഹോമോ സാപിയൻസ്. പിന്നീടു വന്ന സഹസ്രാബ്ദങ്ങളിലൂടെ ഭൂമുഖത്താകെ പടർന്ന്, ലോകത്തിന്റെ തന്നെ യജമാനന്മാരായിട്ടവർ മാറി. ദൈവം എന്ന വാക്കിനു പകരം വെയ്ക്കുന്ന തരത്തിലേക്ക് സാപിയൻസ് ഉയർന്നിരിക്കുന്നു. ചുറ്റുപാടുകളെ കീഴടക്കി, ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ച്, നാഗരികതകളും സാമ്രാജ്യങ്ങളും പണിത്, വ്യാപാര ശൃംഖലകൾ തീർത്ത്, മറ്റു ജീവജാലങ്ങൾക്ക് അറുതി വരുത്തി മുന്നേറുകയാണിന്നിവർ.

ആയിടത്തേക്ക്, ഇന്ന് സൂക്ഷ്മാണുവായ കേവലമൊരു കൊറോണവൈറസ് വന്ന് സാപിയൻസിനെ മൊത്തം വീടിനകത്ത് തളച്ചിട്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. യുഗങ്ങൾ ഇനിയും ഏറെ വരാനുണ്ട്. ഹോമോ സാപിയൻസ് നശിപ്പിച്ചു കളഞ്ഞ മനുജാതികൾ നിരവധിയുണ്ട്, നിലവിൽ കേവലമൊരു ബന്ധുവായി കാണാൻ പറ്റുന്നത് ചിമ്പാൻസിയെ മാത്രമാണ്. അല്പം അകന്നാണെങ്കിലും ഗോറില്ലകളും ഒറാങ് ഊട്ടാനുകളും ഉണ്ടെന്നല്ലാതെ മനുജാതിയിൽ പെട്ട ഒന്നിനേ പോലും ഹോമോ സാപിയൻസ് നിലനിർത്തിയിരുന്നില്ല.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments